2018, മേയ് 1, ചൊവ്വാഴ്ച

മണൽഭൂമിയുടെ നഗരന്യൂക്ലിയസിൽ...! - മൂന്ന്

അറേബ്യൻ മുനമ്പിന്റെ പടിഞ്ഞാറൻ തീരത്തുകൂടി ഓടിയ വണ്ടിയിപ്പോൾ മരുഭൂമി മുറിച്ചുകടക്കുകയാണ്. ലക്‌ഷ്യം കിഴക്കൻ തീരമാണ്. ദുബായിൽ നിന്നും യാത്രതുടങ്ങിയിട്ട് ഏറെ നേരമായിരിക്കുന്നു. ഇപ്പോൾ റാസൽഖൈമയിലെ മണൽഭൂമിയിലൂടെ കടന്നുപോവുകയാണ്. അതോ, ഉമൽഖ്വയിനിലൂടെയോ? അല്ലെങ്കിൽതന്നെ, മരുഭൂമിയിൽ, അതിർത്തികൾക്ക് എന്തു പ്രസക്തി...?!

മരുഭൂമി വേഗം കഴിഞ്ഞുപോയി. അപ്പോഴേയ്ക്കും അറേബ്യയിലെ സവിശേഷ ഭൂഭാഗമായ ഹജാർ മലനിരകൾ കാണാൻ തുടങ്ങി. അതിന്റെ ഉയരംകുറഞ്ഞ ചുരച്ചെരിവുകളിൽ  ചെത്തിയുണ്ടാക്കിയ പാതയിലൂടെയാണ് യാത്ര. മരങ്ങളില്ലാത്ത കറുത്ത മലനിര. അതിനെ മുറിച്ചുകടന്നു വേണം അറേബ്യൻ പെനിൻസുലയുടെ കിഴക്കൻ തീരത്തെ എമിറേറ്റായ ഫ്യുജൈറയിലെത്താൻ. ആ എമിറേറ്റിന്റെ വടക്കൻ പട്ടണമാണ് ഡിബ്ബ. അവിടേയ്ക്കാണ് യാത്രയുടെ ആദ്യപാദം. 

അഞ്ചുവർഷങ്ങൾക്ക് മുൻപ് ഡിബ്ബയിൽ വന്നിട്ടുണ്ട്. അവിടെനിന്നും കടൽത്തീരപാതയിലൂടെ യു. എ. ഇയുടെ തെക്കൻ അതിർത്തിയായ കൽബ വരെ സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ യാത്രാപദ്ധതി മറ്റൊന്നാണ്. ഡിബ്ബയിൽ നിന്നും വടക്കോട്ട്. അതിർത്തികടന്ന് ഒമാന്റെ പ്രവിശ്യയായ മുസൻഡത്തിലേയ്ക്ക് ഒരു കടൽസഞ്ചാരം.

ഡിബ്ബ തീരത്തുനിന്നും ഹജ്ജാർ മലനിരകൾ കാണുമ്പോൾ... 
ഒരു ടൂർ ഓപ്പറേറ്റർ വഴിയാണ് ഈ യാത്ര ആസൂത്രണം ചെയ്തത്. ഒമാനിലേയ്ക്ക് പ്രവേശിക്കണമെന്നതിനാൽ പ്രത്യേകം അനുമതിപത്രം ആവശ്യമുണ്ട്. അത്തരം കടലാസുകൾ അവർ ശരിയാക്കിക്കൊള്ളും എന്നതിനാലാണ് ആ വഴി തിരഞ്ഞെടുത്തത്. അവർ തന്നെ ഏർപ്പാടാക്കിയ മിനിബസിലാണ് ദുബായിൽ നിന്നും യാത്രയാരംഭിച്ചത്...

ഇരുപതിനടുപ്പിച്ച് ആളുകൾ യാത്രാസംഘത്തിലുണ്ടായിരുന്നു. നാലഞ്ചു പേരടങ്ങുന്ന മലയാളികളായ ചെറുപ്പക്കാരുടെ ഒരു കൂട്ടം. അവരെക്കൂടാതെ ഒന്നുരണ്ട് ഉത്തരേന്ത്യൻ യുവമിഥുനങ്ങൾ. ഒരു സായിപ്പും മദാമ്മയും. പിന്നെയുണ്ടായിരുന്നത് അമേരിക്കയിൽ നിന്നോ യൂറോപ്പിൽ നിന്നോ എത്തിയ രണ്ട് ശ്രീലങ്കൻ കുടുംബവും ഏതോ പൂർവ്വേഷ്യൻ രാജ്യത്തു നിന്നും എത്തിയ കുടുംബവുമാണ്. ബസിലും തുടർന്ന് ബോട്ടിലും ഈ സംഘം ഒന്നിച്ചുകഴിഞ്ഞു. എവിടെ നിന്നൊക്കെയോ വന്ന്, ഒരു പകൽ, ഒരേ ലക്ഷ്യത്തിലേയ്ക്ക് പോയവർ. നേരമിരുട്ടിയപ്പോൾ യാത്രയവസാനിപ്പിച്ച് ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാതെ പിരിഞ്ഞുപോയവർ...

പണ്ടൊക്കെ, ക്ഷണനേരത്തേയ്ക്ക് സഹയാത്രികരാവുന്നവർ പിന്നീട് ഓർമ്മകളിൽ മാത്രം ബാക്കിയാവുകയാണ് പതിവ്. കാലം കഴിയുന്തോറും അനിവാര്യമായ മറവിയുടെ രാത്രിയിൽ ആ മുഖങ്ങൾ അലിഞ്ഞുപോകും. എന്നാൽ ഇന്നത്തെ ഡിജിറ്റൽ കാലം എല്ലാവർക്കും വിരൽത്തുമ്പിൽ ക്യാമറകൾ നൽകിയിരിക്കുന്നു. നേർത്ത പരിചയങ്ങൾ പോലും, ചെറിയ സമയത്തിനിടയ്ക്ക്, അറിഞ്ഞും അറിയാതെയും, ഒരുപാട് ചിത്രങ്ങളിൽ കയറിനിൽക്കുന്നു. ഘനീഭവിച്ച കാലത്തിന്റെ ഒരു തുണ്ട് എല്ലാവരുടെയും പക്കൽ ബാക്കിയാവുന്നു. ആ ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ, എത്ര വർഷങ്ങൾ കഴിഞ്ഞാലും, ആ രൂപങ്ങൾ, പിന്നണിയിലെ സംഭവങ്ങളുടെ മിഴിവുമായി കടന്നുവരുന്നു, മറവിയുടെ വേഗസഞ്ചാരങ്ങൾക്ക് വിഘാതമാകുന്നു...!

ഡിബ്ബ തുറമുഖം
അറേബ്യൻ മരുഭൂമിയിലൂടെയും ഹജാർ മലനിരകളിലൂടെയും രണ്ടു മണിക്കൂറിലധികം നീളുന്നതാണ് ഡിബ്ബയിലേയ്ക്കുള്ള ബസ് യാത്ര. കടൽസഞ്ചാരം കരുതിവന്നവരെ ഇത്രയും നീണ്ട കരയാത്ര അല്പം മുഷിപ്പിച്ചെന്ന് തോന്നുന്നു. എന്നാൽ സവിശേഷമായ മണൽഭൂമിയുടെയും മലനിരകളുടെയും കാഴ്ച എന്റെ നേരത്തെ സർഗാത്മകമാക്കുകയാണ് ചെയ്തത്. അതിർത്തിയിൽ എമിഗ്രേഷൻ പരിശോധനകൾക്കായി കുറേനേരം കിടക്കേണ്ടിവന്നപ്പോൾ മാത്രമാണ് മടുപ്പനുഭവപ്പെട്ടത്.

ഡിബ്ബ, രണ്ടു രാജ്യങ്ങളിലായി കിടക്കുന്ന ചെറുപട്ടണമാണ് - യു. എ. ഇയിലും ഒമാനിലും. യു. എ. ഇ ഭാഗത്തെ ഡിബ്ബയിൽ നിന്നും ഒമാൻ ഭാഗത്തേയ്ക്ക് കടന്ന്, അവിടുത്തെ തുറമുഖത്തു നിന്നുമാണ് സമുദ്രായനം ആരംഭിക്കേണ്ടത്. ഇതു പറയുമ്പോൾ ഒരുകാര്യം പ്രത്യേകമായ പരാമർശം അർഹിക്കും. ഒമാന്റെ മുഖ്യദേശത്തു നിന്നും വേർപെട്ട് കിടക്കുന്ന, ആ രാജ്യത്തിന്റെ ഒരു പ്രവിശ്യയാണ് മുസൻഡം. അറേബ്യൻ മുനമ്പിന്റെ വടക്കേയറ്റം. മുഖ്യഒമാനെയും മുസൻഡത്തെയും വേർതിരിച്ചുകൊണ്ട് യു. എ. ഇ യുടെ എമിറേറ്റുകളായ ഫ്യുജൈറയും ഷാർജയുടെ ഭാഗവും സ്ഥിതിചെയ്യുന്നു.

ഡിബ്ബ തുറമുഖത്തെത്തുമ്പോൾ ആകാശം മേഘാവൃതമാണ്. ഭൂമിയിലും കടലിലും ചാരനിരത്തിന്റെ കാളിമ. തീരത്തെ മണൽത്തിട്ടയിൽ വെറുതെയിരിക്കുന്ന കടൽപ്പക്ഷികളിലും പ്രകൃതിയുടെ വിഷാദഛായ പകർന്നതുപോലെ...

കടൽസഞ്ചാരം തുടങ്ങുന്നു...
തുറമുഖത്ത് ഞങ്ങൾക്കായി ഒരുക്കിനിർത്തിയിരിക്കുകയായിരുന്ന  ഉരുവിലേയ്ക്ക് ചെന്നുകയറി. Dhow - എന്ന് ഇംഗ്ലീഷിൽ പറയുന്ന ജലയാനമാവും ഉരു എന്ന് കരുതുന്നു. പത്തേമാരി കുറച്ചുകൂടി വലിയ സംവിധാനമാണെന്ന് അനുമാനിക്കുന്നു. എന്തായാലും തടിയിലുണ്ടാക്കിയ, അല്ലെങ്കിൽ അങ്ങനെ തോന്നിക്കുന്ന, ഉരുവിന്റെ രൂപഭാവങ്ങളുള്ള ഒന്നിൽ കയറി, ഇടയ്ക്കിടയ്ക്ക് മഴത്തുള്ളികൾ ചിതറുന്ന കടലിലേയ്ക്ക് യാത്രയാരംഭിച്ചു. ഇരുനിലകളുള്ള യന്ത്രവൽകൃത യാനമാണ്. കൊടിമരമോ പായയോ ഒന്നും ഇല്ല. തുറമുഖം വിട്ടതും അത് വേഗതയോടെ പായാൻ തുടങ്ങി.

ഹജാർ മലനിരകൾ കാഴ്ച്ചയിൽ നിന്നും മാഞ്ഞുപോകാത്ത ദൂരത്തിൽ വടക്കോട്ടാണ് സഞ്ചാരം. ഈ കടൽ വിശാലമാണ്. ഇടുങ്ങിയ ഉൾക്കടലിന്റെ മറുപുറത്തുള്ള അനന്തമായ അറേബ്യൻ സമുദ്രത്തിന്റെ പാർശ്വം. ഒന്ന് ദിശമാറി കിഴക്കോട്ട് സഞ്ചരിച്ചാൽ, ഒന്നുരണ്ട് ദിവസത്തിനുള്ളിൽ ഗുജറാത്ത് തീരത്ത് ചെന്നടുക്കാം. ആ സാമീപ്യം കൊണ്ടായിരിക്കണം എന്നില്ലെങ്കിലും, ഉരുവിലെ ജീവനക്കാർ രണ്ടുപേരും - അവർ തന്നെയാണ് കപ്പിത്താന്മാരും - ഗുജറാത്തികളായിരുന്നു.

കടലും മലയും
മുസൻഡം ഒരു മുനമ്പാണ്. ഈ ഭൂപ്രദേശം മലനിരകളാൽ നിറഞ്ഞിരിക്കുന്നു. അറേബ്യൻ മരുഭൂമിയുടെ സവിശേഷതയായ ഹജാർ മല തുടങ്ങുന്നത് ഈ മുനമ്പിൽ നിന്നാണ്. ഇവിടെ നിന്നും തെക്കോട്ട് നീണ്ട് യു. എ. ഇ കയറിയിറങ്ങി ഒമാന്റെ കിഴക്കൻ തീരത്തുകൂടി പോകുന്നു ഈ പർവ്വതം. ഏതാണ്ട് 750 കിലോമീറ്ററിലധികം നീളത്തിൽ ഒമാന്റെ മദ്ധ്യ-കിഴക്കൻ പട്ടണമായ സൂർ വരെ ഈ മലനിര നീളുന്നു. ബോട്ടിൽ സഞ്ചരിക്കുമ്പോൾ, മുസൻഡം ഭാഗത്തെ ഈ മലനിരയുടെ വിശാലപംക്തിയാണ്, കടലിനപ്പുറം കാഴ്ചയിൽ നിറയുക...

ബോട്ട്, കടലിൽ കാറ്റ് സൃഷ്ടിക്കുന്ന ചെറിയ ഓളങ്ങളെ പകുത്ത് ഓടിക്കൊണ്ടിരുന്നു.  ഞാൻ പിറലേയ്ക്ക് വന്നു. അവിടെ ഒരുഭാഗത്തേയ്ക്ക് മാറിനിന്ന് ചെറുപ്പക്കാരായ മലയാളികൾ സെവൻ-അപ്പ് കഴിക്കുന്നു. അതിനുശേഷമുള്ള അവരുടെ പ്രകടനം കണ്ടപ്പോൾ, ആ കുപ്പിക്കുള്ളിലെ പാനീയം എന്തായിരുന്നു എന്ന് മനസിലാക്കാൻ പ്രയാസമുണ്ടായില്ല.

പിറകിൽ ഒരു ചെറിയ ബോട്ടിനെ കൂടി കെട്ടിവലിച്ച് കൊണ്ടുവരുന്നുണ്ട്. മുസൻഡം ഭാഗത്ത്, ഞങ്ങൾക്ക് പോകാനാവുന്ന തീരത്തേയ്ക്ക് ഉരുവിനെ അടുപ്പിക്കാൻ പാകത്തിനുള്ള ജെട്ടികളില്ല. അതിൽ നിന്നും ഈ ബോട്ടിലേയ്ക്ക് കയറിവേണം തീരത്തേയ്ക്ക് പോകാൻ. അത് ഞാൻ മനസ്സിലാക്കിയത് പക്ഷെ പിന്നീട്, അവിടെയെത്തിയപ്പോഴാണ് 

യാനപാത്രത്തിന്റെ പിറകിൽ നിന്ന് കാണുമ്പോൾ...
അല്പം കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാർ മുന്നിലേയ്ക്ക് പോയി. പിറകിൽ ഞാൻ മാത്രമായി. ഡിബ്ബ തുറമുഖം കാഴ്ചയിൽ നിന്നും നേരത്തേ മറഞ്ഞുകഴിഞ്ഞിരിക്കുന്നു. മഴമേഘങ്ങൾ കാളിമ പടർത്തിയ ആകാശത്തേയ്ക്ക് ആഞ്ഞുനിൽക്കുന്ന ഹജാർ മലനിരകൾ ഒരു ഭാഗത്ത്. അനന്തവും വിജനവുമായ അറബിക്കടൽ മറുഭാഗത്ത്. യാനപാത്രത്തിന്റെ യന്ത്രമുരളൽ സ്ഥായീശബ്ദമായിരിക്കുന്നു. എവിടെനിന്നോ പ്രത്യക്ഷപ്പെട്ട് ഇടയ്ക്കിടയ്ക്ക് ബോട്ടിനെ പിന്തുടരുന്ന കടൽപ്പറവയുടെ കരച്ചിൽ മാത്രമാണ് മറ്റൊരു ശബ്ദമായി കേൾക്കാനുള്ളത്. ആകെക്കൂടി അപാരതയുടെ ആഴം അനുഭവിക്കുന്നു, ബോട്ടിന്റെ പിറകിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ.

ഭൂമിയിൽ ഏകനാവുന്ന ചില നേരങ്ങളുണ്ട്. ചുറ്റും ആളുകൾ ഉണ്ടെന്ന അറിവ് ബോധത്തിൽ നിന്നും മാഞ്ഞുപോകും. പ്രകൃതിയും നമ്മളും മാത്രം. ഒരു നിമിഷം ബുദ്ധനാവും. നിർമ്മമമായ അലൗകിക ജ്ഞാനത്തിന്റെ വെളിപാടുണ്ടാവും. ബോധിയുടെ ചില്ലകളും ഇലകളും കാണും. ബോധോദയം പ്രകൃതിയാണ്.

അറബിക്കടലും ഹജാർ മലയും
ഇക്കാണുന്ന മലനിരകളുടെ വടക്ക് അറ്റം അവസാനിക്കുക ഹോർമുസ് കടലിടുക്കിലാണ്. അവിടേയ്ക്ക് അധികം ദൂരമില്ല. എന്നാൽ ഈ ബോട്ട് അവിടെവരെ പോകുന്നുണ്ടാവില്ല. അതിനു കുറച്ചുമുൻപായി എവിടെയെങ്കിലും നങ്കൂരമിടാനാണ് സാധ്യത.

ഹോർമുസ് കടലിടുക്ക് വളരെ രാഷ്ട്രീയപ്രാധാന്യമുള്ള പ്രദേശമാണ്. അറബിക്കടലിൽ നിന്നും അറേബ്യൻ ഉൾക്കടിലേയ്ക്കുള്ള നേർത്ത വാതായനമാണത്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പല തുറമുഖങ്ങളും ഈ ഉൾക്കടലിലാണ്. ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ ഇരുപത് ശതമാനത്തിലധികം നടക്കുന്നത് ഈ തുറമുഖങ്ങളുമായി ബന്ധപ്പെട്ടാണ്. അതിനാൽ തന്നെ ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും ഇടതടവില്ലാതെ കടന്നുപോകുന്നു...

ഹോർമുസ് കടലിടുക്കിന്റെ രാഷ്ട്രീയം പ്രധാനമാകുന്നത്, ഇത്രയും ചലനാത്മകമായ കടൽവഴിയുടെ ഒരു ഭാഗത്ത് ഗൾഫ് രാഷ്ട്രങ്ങളും മറുഭാഗത്ത്, അവരുമായി അത്രയൊന്നും മമത പുലർത്താത്ത ഇറാനുമാണ് എന്നുള്ളതാണ്. മുസൻഡം മുനമ്പിന്റെ അറ്റത്തു നിന്നും ഇറാനിലേക്കുള്ള കടൽദൂരം വെറും അൻപത് കിലോമീറ്ററാണ്. ഈ ചെറിയ വിടവിലാണ്  പ്രദേശത്തെ കച്ചവടത്തിന്റെ സാധ്യതകൾ മുഴുവൻ കിടക്കുന്നത്. യഥാർത്ഥത്തിൽ ഗൾഫ് രാഷ്‌ട്രങ്ങളല്ല ഇറാന്റെ മറുപുറത്തുള്ളത്; ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ നിക്ഷിപ്തതാല്പര്യങ്ങളുള്ള അമേരിക്കയാണ്. ഹോർമുസ് കടലിടുക്കിന്റെ പേരിൽ ഇറാനും അമേരിക്കയും തമ്മിൽ രൂക്ഷമായ തർക്കങ്ങൾ ഉടലെടുക്കകയുണ്ടായിട്ടുണ്ട്. അമേരിക്കയോ ഇസ്രയേലോ ഏതെങ്കിലും തരത്തിൽ ആക്രമിക്കാൻ മുതിർന്നാൽ, ഇറാൻ ആദ്യം ചെയ്യുക ഹോർമുസ് കടലിടുക്ക് ഉപരോധിക്കുക എന്നതായിരിക്കും. ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ, ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഇറാക്ക് എന്നീ ദേശങ്ങളുടെ എല്ലാ തുറമുഖങ്ങളും ഉപയോഗശൂന്യമാവും.

മറ്റൊരു കാഴ്ച
അന്താരാഷ്‌ട്രബന്ധങ്ങൾ, അനുബന്ധരാഷ്ട്രീയം, സംഘർഷം, യുദ്ധം - ഇതൊന്നും ഒരു സാധാരണക്കാരന്റെ വരുതിയിലുള്ള കാര്യങ്ങളല്ല, അതിന്റെ കെടുതിയിൽപ്പെടുന്നത് അവനാണെങ്കിലും. എന്ത് കാര്യമായാലും സംഭവിക്കുമ്പോൾ അനുഭവിക്കുക, അതിജീവനത്തിനായി പിടയുക, എന്നതുമാത്രമേ അവന് കരണീയമായുള്ളൂ.

അതിനാൽ, പ്രതിലോമ ചിന്തകൾ മാറ്റി, ഞാൻ മറ്റു ചില കാര്യങ്ങൾ മനോവിചാരം ചെയ്തു...

ഭൂമിയോടും ഭൂമിശാസ്ത്രത്തോടും അദമ്യമായ അഭിവാഞ്ചയുള്ള ഒരാളെന്ന നിലയ്ക്ക്, ഈ കിഴക്കൻ തീരത്തുനിന്നും ഇതുപോലൊരു യാനപാത്രത്തിൽ കയറി ഹോർമുസ് കടലിടുക്കിലൂടെ, അറേബ്യൻ മുനമ്പ് ചുറ്റി, ഏതെങ്കിലുമൊരു പടിഞ്ഞാറൻ തുറമുഖത്ത് ചെന്നെത്താൻ ഞാൻ ആഗ്രഹിച്ചു. അല്പംകൂടി സാഹസികതയും ഇച്ഛയുമുള്ള ഒരാൾക്ക് ഇത് വലിയ ആഗ്രഹമല്ല. എങ്കിലും എനിക്ക് നടക്കുമെന്ന് തോന്നുന്നില്ല.  ആഗ്രഹങ്ങൾ അധികം; വ്യയസന്നദ്ധതയും ജീവിതവും കുറവും...

മലയടിവാരത്തിലെ ചെറുതീരത്ത് നങ്കൂരമിട്ട യാനപാത്രം
അങ്ങനെ നിൽക്കെ ഞങ്ങളുടെ യാനപാത്രം, മലവിടവിൽ കടൽ കയറിക്കിടക്കുന്ന ഒരു ഭാഗത്തേയ്ക്ക്, തീരത്ത് നിന്നും കുറച്ചു ദൂരെയായി നങ്കൂരമിട്ടു. അവിടെ, മലയടിവാരത്തിൽ ഒരു ചെറിയ തീരം കാണാം. ഞങ്ങൾക്ക് മുൻപേ എത്തിയ ചില ബോട്ടുകളും അവിടെയുണ്ട്. കടൽ സഞ്ചാരത്തിന്റെ മുന്നോട്ടുള്ള വഴി ഇവിടെ അവസാനിക്കുകയാണ്. ഇവിടെ നിന്നും ഹോർമുസ് മുനമ്പിലേയ്ക്ക് ഇനി എത്ര ദൂരമുണ്ടാവും...?

പച്ചജലത്തിന്റെ നേർത്ത വിടവിനപ്പുറം, ചുണ്ണാമ്പുകല്ലുകളുടെ ഹജാർ മലനിര ഉയർന്നുപോകുന്നു. മലഞ്ചരിവിലെ വരണ്ട മണൽഭാഗങ്ങളിൽ അവിടവിടെ ഇലയുണങ്ങിയ മരങ്ങൾ ഒറ്റപ്പെട്ട് നിൽക്കുന്നു. അതിജീവനത്തിന്റെ തീക്ഷണമോഹമാണ് മരുഭൂമിയിലെ മരം. മരുഭൂമിയിലെ പാറകളിൽ വളരുന്നവയോ, അതിലും തീവ്രം...!

അതിനു കീഴെ നങ്കൂരമിട്ട ബോട്ടുകൾ, അണുമാത്രരൂപികൾ. സവിശേഷമായ ഭൂപ്രകൃതി, സവിശേഷമായ കാഴ്ച...!

ഭൂമിയുടെ ഈ നരച്ചനിറം എനിക്ക് അപരിചിതമല്ല. മരുഭൂമിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളാവുന്നു. പക്ഷെ, ഞാൻ കഴിയുന്ന ദേശത്ത് മലകളില്ല. മണൽക്കുന്നുകളുണ്ട്. നരച്ചഭൂമിയിൽ ഇത്രയും വർഷം ജീവിച്ചിട്ടും എന്റെ സ്വപ്നങ്ങളിൽ ഒരിക്കലും മരുഭൂമി വന്നിട്ടില്ല. സ്വപ്നയാനം ബാല്യത്തിന്റെ പച്ചത്തടാകത്തിൽ നങ്കൂരമിട്ട് കിടക്കുകയാണിപ്പോഴും. അബോധങ്ങളെ കാക്കുന്ന ദേവത, കിനാവുകളിൽ ഒരുതുണ്ട് പച്ചഭൂമി മാത്രമേ എനിക്കനുവദിച്ചിട്ടുള്ളുവല്ലോ എന്നിപ്പോൾ ഓർക്കുന്നു.

സായിപ്പ് കടലിൽ...
യാത്ര നിലച്ച ബോട്ടിലിപ്പോൾ ആരവമുയരുന്നു. ജലവിനോദങ്ങളിൽ ഏർപ്പെടാനുള്ള തയ്യാറെടുപ്പിലാണെല്ലാവരും. പലരും സമുദ്രസ്നാനത്തിനുള്ള വസ്ത്രങ്ങളിലേയ്ക്ക് മാറിക്കഴിഞ്ഞു. മദാമ്മയും സായിപ്പും ആദ്യംതന്നെ കടലിലെ പച്ചജലത്തിലേയ്ക്ക് എടുത്തുചാടി നീന്തിത്തുടങ്ങി. മലയാളി പയ്യന്മാർക്ക് മധുസേവയുടെ ആവേശം. എങ്കിലും ലൈഫ്-വെസ്റ്റുമായി വെള്ളത്തിലിറങ്ങിയാൽ മതിയെന്ന ബോധം ബാക്കിയുണ്ട്.

കുറച്ചകലെ, ചുണ്ണാമ്പുമലയുടെ അടിവാരത്തിലായി ഒരു ചെറിയ തീരം. ഉരുവിന്റെ പിറകിൽ കെട്ടിവലിച്ചു കൊണ്ടുവന്ന സ്പീഡ്ബോട്ടിൽ കയറി ആ തീരത്തേയ്ക്ക് പോകാം. അവിടെ നിന്ന്, ഹജാറിന്റെ ഉയരങ്ങളിലേയ്ക്ക് മലർന്നുനോക്കാം. പച്ചപ്പില്ലാത്ത, ഊഷരമായ, പാറക്കല്ലുകളാൽ ആവിഷ്‌കൃതമായ പർവ്വതപംക്തിയിലേയ്ക്ക് നോക്കിനിൽക്കുമ്പോൾ ആദ്യമുളവാകുന്ന വിചാരം മനുഷ്യന്റെ നിസ്സാരതയെ കുറിച്ചുള്ള ബോധമാണ്. നിസ്സാരതയുടെ ആത്മബോധം ഉളവാക്കുന്ന ഒരുതരം വിശ്രാന്തിയുണ്ട്. ഭൂമിക്ക് മാത്രം നല്കാനാവുന്ന ഒന്ന്. കാമനയുടെ ഉടുപ്പുകൾ അഴിഞ്ഞുപോകും. മജ്ജയോളം നഗ്നമായി നിൽക്കും. ക്ഷണികമാണ് ഈ ഉണർച്ച. എങ്കിലും നിത്യദൈനംദിനങ്ങളുടെ ചാക്രികാവേഗങ്ങളെ സന്തുലനം ചെയ്യാനുതകുന്ന പുണ്യപാഥേയമാണ് ഇത്തരം ക്ഷണനേരങ്ങൾ.

ആ ചെറിയ തീരമൊഴിച്ചാൽ, ബാക്കിയിടങ്ങളിലെല്ലാം മല കടലിലേയ്ക്ക് ഇറങ്ങിപ്പോവുകയാണ്. ബോട്ടിൽ കയറി, ആ പർവ്വതമുഖത്തോട് ചേർന്ന്, പാറകളിൽ തൊട്ടുതൊടാതെ ജലയാനംചെയ്യാം. ഞാനാ ചുണ്ണാമ്പുപാറയുടെ വന്യതയിലേയ്ക്ക് നോക്കിയിരുന്നു. അതിപുരാതന കാലത്ത്, ഒരുപക്ഷെ, ജീവൻ നാമ്പെടുക്കുന്നതിനും മുൻപ്, ഭൂമിയുടെ ഏതോ അധോതലപാളികൾ തമ്മിലുരസി ഉയർന്നുവന്ന പ്രതിഭാസം. ഭൂമിയുടെ ഓരോ കണികയിലും ലീനമായിരിക്കുന്ന പ്രപഞ്ചാത്ഭുതത്തിന്റെ മൈക്രോഖണ്ഡം. വീണ്ടും ലക്ഷം വർഷങ്ങൾ കഴിഞ്ഞ് ഇതുവഴി ചിറകുള്ള ദിനോസറുകൾ പറന്നുനടന്നിരിക്കാം...!

ഹജാറിന്റെ പാറമുഖം
മറ്റൊരു വിനോദം ബനാനറൈഡാണ്. വലിയ വാഴപ്പഴം പോലിരിക്കുന്ന, കാറ്റുനിറച്ച, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു സംവിധാനം. അതിൽ കയറിയിരിക്കാം. സ്പീഡ്ബോട്ട് അതിനെയും കെട്ടിവലിച്ച് അതിവേഗത്തിൽ പായും. വീതിയില്ലാത്ത, നീളത്തിലുള്ള വസ്തുവായതിനാൽ കുറച്ചു ദൂരം സഞ്ചരിച്ചുകഴിയുമ്പോൾ അത് മറിയും. അതിലുള്ളവരെല്ലാം തെറിച്ചു  കടലിൽ വീഴും. ലൈഫ്-വെസ്റ്റ് ഇട്ടിട്ടുള്ളതിനാൽ മുങ്ങിപ്പോകുമെന്ന പേടിവേണ്ട. ഓടിക്കുന്നയാൾ സ്പീഡ്ബോട്ട് വെട്ടിക്കുകയും മറ്റും ചെയ്യുന്നുണ്ട്. അങ്ങനെ മറിഞ്ഞു വെള്ളത്തിൽ വീഴുന്നതാണ് അതിന്റെ വിനോദം.

ആക്റ്റിവിറ്റികളാണ് ഇത്തരം കണ്ടക്റ്റഡ് ടൂറിന്റെ ഒരു പ്രധാനഭാഗം. സ്ഥലംകാണുക എന്നത് മാത്രമല്ല. ഇത്തരം വിനോദങ്ങളിൽ അധികം താല്പര്യമുള്ള ഒരാളല്ല ഇപ്പോൾ ഞാൻ. എന്നാൽ അതിനെ ഒട്ടും നിരാകരിക്കാനും തയ്യാറല്ല. ചെന്നെത്തുന്ന ഇടങ്ങളിലെ വിനോദങ്ങളിൽ ആവുംവിധം അഭിരമിക്കുക ഉന്മേഷദായകമാണ്. അതിലുപരി, അതൊരു അനുഭവമാണ്. ഏതനുഭവവും ആ പ്രദേശത്തെ കൂടുതൽ ആഴത്തിൽ സ്വാംശീകരിക്കാൻ ഉതകും. ഓർമ്മയിൽ ആവാഹിക്കാൻ ഉതകും.

ജലവിനോദം
ജലകേളികൾ കഴിഞ്ഞപ്പോൾ ആഹാരത്തിനുള്ള സമയമായി. ഉച്ചഭക്ഷണം ടൂർ നടത്തിപ്പുകാർ കരുതിയിരുന്നു. ഉരുവിൽ അതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടായിരുന്നു. ഷാമിയാനയിലെ മാതിരിയുള്ള ഇരിപ്പിടങ്ങളാണ് ബോട്ടിൽ. ഇരിക്കുകയും കിടക്കുകയും ചെയ്യാം. ആഹാരത്തിനു ശേഷം യാത്രികരിൽ പലരും  അറേബ്യൻ കോസറികളിൽ വിശ്രമിക്കാനും മയങ്ങാനും തുടങ്ങി. കുറേനേരം വെള്ളത്തിൽ കിടന്ന് തിമിർത്തത്തിന്റെ ക്ഷീണം പലർക്കും ഉണ്ടായിരുന്നിരിക്കണം. നഗരദൈനംദിനത്തിൽ ഇതൊന്നും പതിവുള്ളതായിരിക്കില്ലല്ലോ.

അപ്പോഴേയ്ക്കും കപ്പിത്താൻ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. നങ്കൂരമൂരി, ബോട്ട് സാവധാനം മുന്നോട്ട് നീങ്ങാൻ തുടങ്ങി. യന്ത്രത്തിന്റെ മുരളിച്ച ഉച്ചസ്ഥായിലായി. ബോട്ട് ഉൾക്കടലിലേയ്ക്ക് പായുകയാണ്. ആ വേഗം കടൽപ്രതലത്തിൽ സൃഷ്ടിക്കുന്ന വിടവ് ഒരു വെളുത്ത വരെയായി ബോട്ടിനെ പിന്തുടരുന്നു...

മലനിരകൾ ദൂരെയായി...

വന്നവഴിയല്ല മടങ്ങുന്നതെന്ന് തോന്നി. വരുമ്പോൾ, യാത്രയിലുടനീളം, മലനിരകൾ കുറച്ചുകൂടി അടുത്തായിരുന്നു. ഇപ്പോൾ ബോട്ട് ഉൾക്കടലിലാണ്. ഹജാർ ഒരു വിദൂരദൃശ്യമായിരിക്കുന്നു. മലയ്ക്ക് മുകളിൽ, ആകാശത്തിന് ചാരക്കംബളം പുതപ്പിച്ച് മഴമേഘങ്ങൾ ഇപ്പോഴുമുണ്ട്...

വിശ്രമനേരം
അപ്പോഴാണ് ബോട്ടിലെ ജീവനക്കാർ മറ്റൊരു വിനോദത്തിനുള്ള സാമഗ്രികൾ തയ്യാറാക്കുന്നത് കണ്ടത്. ചൂണ്ടയും നൂലുമാണ്. മീൻപിടിത്തത്തിനുള്ള വട്ടക്കൂട്ടാണ്‌. അതു കണ്ടപ്പോഴേയ്ക്കും യാത്രികരും ആലസ്യംവിട്ടുണർന്നു...

ചൂണ്ടയും നൂലും കിട്ടിയവർ കടലിലേയ്ക്ക് ചൂണ്ടയെറിഞ്ഞു. കുറച്ചുനേരം എല്ലാവർക്കും നിരാശയായിരുന്നു ഫലം. എങ്കിലും അല്പം കഴിഞ്ഞപ്പോൾ ആരുടെയൊക്കെയോ ചൂണ്ടയിൽ മീനുകൾ കൊത്താൻ തുടങ്ങി. വലിയ ആരവത്തോടെയാണ് ആദ്യത്തെ മീനിനെ ബോട്ടിലേക്കുയർത്തിയത്. കടും വയലറ്റ് നിറത്തിലുള്ള ഒരു മീൻ! ആഹരിക്കാൻ പറ്റുന്നതല്ല എന്നുപറഞ്ഞ്, ബോട്ടുജീവനക്കാരൻ ആ മത്സ്യത്തെ കടലിലേയ്ക്ക് തിരിച്ചുവിട്ടു. ചൂണ്ട കൊരുത്ത മുറിവുമായി അത് സമുദ്രാഴത്തിലേയ്ക്ക് മറഞ്ഞു. ആ മുറിവുമായി അത് മരണത്തെ അതിജീവിക്കും എന്നെനിക്ക് തോന്നിയില്ല.

എന്നാൽ പിന്നീട് കിട്ടിയ മീനുകളെല്ലാം ഉപയോഗിക്കാൻ പറ്റുന്നതാവുകയാൽ ജീവനക്കാർ അവയെ ഒരു പാത്രത്തിൽ ശേഖരിച്ചു. അതിൽ കിടന്ന് കുറച്ചുസമയം പിടഞ്ഞതിനു ശേഷം അവ നിശ്ചലമായി. ആ മീനുകളുടെ ജീവിതം ഞങ്ങളുടെ വിനോദത്തിലാവസാനിച്ചു.

ഹതഭാഗ്യൻ
അധികം താമസിയാതെ ഡിബ്ബ തുറമുഖം കാഴ്ചയിലെത്തി. പശ്ചാത്തലത്തിൽ ഹജാർ, നീളത്തിലും ഉയരത്തിലും... ടൂറിസ്റ്റുകളുമായി മുസൻഡത്തിലേയ്ക്ക് പോയ മറ്റ് ബോട്ടുകളും ഞങ്ങൾക്ക് മുൻപിലും പിമ്പിലുമായി തിരിച്ചെത്തുന്നുണ്ട്.

മറ്റൊരു യാത്ര കൂടി അവസാനിക്കുകയാണ്...!

മുസൻഡത്തിലേയ്ക്കുള്ളത് മാത്രമല്ല. ഇത്തവണത്തെ യു. എ. ഇ. താമസവും ഈ രാത്രി കൂടിയേ ഉള്ളൂ. നാളെ രാവിലെ മടങ്ങുകയാണ്. ബോട്ടിറങ്ങി, ദുബായിലേയ്ക്കുള്ള ബസ്സിൽ, സാന്ധ്യവെട്ടത്തിൽ അനന്തമായി കിടക്കുന്ന മരുഭൂമിയിലേയ്ക്ക് നോക്കിയിരിക്കുമ്പോൾ, എല്ലാ മടക്കയാത്രകളും നൽകുന്ന വിഷാദത്തിന്റെ നേർത്ത ആവരണം, ഒരു മഴമേഘമായി, ചായുന്ന സൂര്യനു ചുറ്റും കറുത്തുകിടക്കുന്നത് ഞാൻ കണ്ടു!

- അവസാനിച്ചു -

4 അഭിപ്രായങ്ങൾ:

  1. "പച്ചപ്പില്ലാത്ത, ഊഷരമായ, പാറക്കല്ലുകളാൽ ആവിഷ്‌കൃതമായ പർവ്വതപംക്തിയിലേയ്ക്ക് നോക്കിനിൽക്കുമ്പോൾ ആദ്യമുളവാകുന്ന വിചാരം മനുഷ്യന്റെ നിസ്സാരതയെ കുറിച്ചുള്ള ബോധമാണ്." പലപ്പോഴും തോന്നിയിട്ടുള്ളതാണ്... ജലമാര്‍ഗ്ഗമുള്ള ഇത്തരം യാത്രകള്‍ വളരെ വിരളമായെ വായിച്ചിട്ടുള്ളൂ. നല്ലൊരു വായനാനുഭവമായിരുന്നു!

    മറുപടിഇല്ലാതാക്കൂ
  2. ഡിബ്ബ'യെ ഇതിൽ കൂടുതൽ എങ്ങിനെ പരിചയപ്പെടുത്തുവാൻ പറ്റും ...
    ഒപ്പം അറബിക്കടലിലെ ഉൾക്കടലുകളിൽ കൂടിയുള്ള ഒരു യാന സഞ്ചാരമടക്കം
    അസ്സലൊരു യാത്രാവലോകനങ്ങളാണിത് കേട്ടോ ലാസർ ഭായ് ..കിടുക്കൻ ..!

    മറുപടിഇല്ലാതാക്കൂ