2014, ഏപ്രിൽ 30, ബുധനാഴ്‌ച

ചാമുണ്ഡീ താഴ് വാരം; കാവേരി ഭരിതം - നാല്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം 

വൃന്ദാവനത്തിന്റെ കവാടത്തിനടുത്തായി വൃദ്ധയായ ഒരു ഭിക്ഷക്കാരി കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു. ചാറ്റൽമഴ നനയാതിരിക്കനെന്നവണ്ണം ഒരു മുഷിഞ്ഞ തുണിയും പുതച്ചിരുന്ന അവർ ഞങ്ങളെ കണ്ടതും എന്തൊക്കെയോ അവ്യക്തമായി പറഞ്ഞുകൊണ്ട് കൈനീട്ടി. ഭാര്യയുടെ ദക്ഷിണ സവിശേഷമായി ഇഷ്ടപ്പെട്ടിട്ടാണോ അതോ പതിവുരീതിയാണോ എന്നറിയില്ല, ഞങ്ങൾ കണ്ണിൽനിന്ന് മറയുന്നതുവരെ അവർ കൈകളുയർത്തി പിടിച്ച് അനുഗ്രഹിക്കുന്നതുമാതിരിയുള്ള ശബ്ദഭാവവിഹ്വാദികൾ കാണിച്ചുകൊണ്ടിരുന്നു, ഞങ്ങളെ വല്ലാതെ ചൂളിപ്പിച്ചുകൊണ്ട്...

മൈസൂറിലെ വൃന്ദാവനം ഉദ്യാനം
കൃഷ്ണലീലയുടെ വിളനിലമാണ് വൃന്ദാവനം. മഹാഭാരത സംബന്ധിയായ കൃഷ്ണകൗമാരത്തിന്റെ വികൃതിയുന്മാദങ്ങൾ ഏറ്റെടുത്ത വൃന്ദാവനം പക്ഷെ ഇതല്ല, അതങ്ങ് വടക്ക് ദൽഹിക്കടുത്തുള്ള മധുരയിലാണ്. വൃന്ദ എന്നാൽ തുളസി. തുളസിച്ചെടികളാൽ നിബിഡമായ ആ അർദ്ധവനപ്രകൃതിയിലാണ് ഏതോ കാലത്ത് കൃഷ്ണൻ ഓടികളിച്ചിരുന്നത്. എല്ലാ തുളസീവനങ്ങളും കൃഷണനെന്ന കുമാരകാമുകനെയും രാധാസമാന കാമുകിമാരെയും ഓർമ്മപ്പെടുത്തുന്നു. അല്ലെങ്കിൽ തന്നെയും ഹരിതപുഷ്പോദ്യാനങ്ങൾ കാല്പനികമായ പ്രണയത്തിന്റെ വർണ്ണാഭമായ പിൻതിരശ്ശീലയാണ്. ചില സിനിമകളിലെ പാട്ടുസീനുകൾ പോലെ, യഥാർത്ഥജീവിതവുമായി അത്രയും അകലംപാലിച്ചുകൊണ്ട്‌...

വൃന്ദാവനത്തിൽ കണ്ട കൃഷ്ണ-രാധ ശിൽപം
മൈസൂറിലെത്തുന്നവരാരും വൃന്ദാവനം കാണാതെ പോകുന്നില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ പൂന്തോട്ടങ്ങളിലൊന്നാണ് വൃന്ദാവനം. കൃഷ്ണരാജസാഗര ഡാമിനോട് ചേർന്ന് ഉണ്ടാക്കിയിരിക്കുന്ന ഈ ഉദ്യാനം വളരെ വലുതും നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നതുമാണ് എന്നതിൽ തർക്കമില്ല. ഏതാണ്ട് അറുപത് ഏക്കറിൽ കിടക്കുന്ന ഈ ഉദ്യാനത്തിൽ പല തരത്തിലുള്ള ജലവിതാനങ്ങളും പുഷ്പസസ്യങ്ങളുമൊക്കെ ഭംഗിയായി വിന്യസിക്കപ്പെട്ടിരിക്കുന്നു. 1932 - ൽ പണിതീർന്ന ഈ ഉദ്യാനത്തിൽ ഇപ്പോൾ പ്രതിവർഷം ഏതാണ്ട് ഇരുപത് ലക്ഷത്തോളം സന്ദർശകർ എത്തുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

വൃന്ദാവനത്തിലെ ഒരു അലങ്കാരസസ്യം
രണ്ടു ഭാഗങ്ങളായാണ് ഉദ്യാനമുള്ളത്. സസ്യസമൃദ്ധമായ പ്രധാനഭാഗം ഒരു വശത്തും വർണ്ണാഭമായ വാട്ടർഫൌന്റനൊക്കെയുള്ള മറ്റൊരു ഭാഗവും. ഇതിനു നടുവിലായി വിശാലമായ തടാകവും. തടാകത്തിലൂടെ ഒരു പാലമുണ്ട് ഇരുകരയിലേയ്ക്കും പോകാൻ. ആദ്യഭാഗത്തെ ഹരിതാഭയിലൂടെ അലസം നടക്കാം. തട്ടുതട്ടുകളായി ഭൂപ്രതലം ഉയർന്നുപോകുന്നു. ഏറ്റവും മുകളിൽ ചെന്നുനിന്ന് തിരിഞ്ഞുനോക്കിയാൽ പൂന്തോട്ടത്തിന്റെ വിസ്തൃതിയും ഭംഗിയും വ്യക്തമായി കാണാനാവും.

ഉദ്യാനത്തിൽ തന്നെ കാണുന്ന ഒരു ഹോട്ടൽ
ബിരുദപഠനകാലത്താണ് ഇവിടെ അവസാനമായി വരുന്നത്. (കലാലയ കാലത്തു തന്നെ, അതിനുമുൻപ്‌, അടിപ്പിച്ചടുപ്പിച്ച് ഒന്നുരണ്ട് തവണ വൃന്ദാവനത്തിൽ വന്നിരുന്നു.) അന്ന് ഉദ്യാനത്തെക്കാൾ കൂടുതൽ ആകർഷകമായി അനുഭവപ്പെട്ടത്, കാവേരിയുടെ അതിവിസ്തൃതമായ അപാരതയും കണ്ടുകൊണ്ട് വൻനിർമ്മിതിയായ കൃഷ്ണരാജസാഗർ അണക്കെട്ടിന് മുകളിലൂടെയുള്ള നടത്തമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ സന്ദർശനം നിരാശപ്പെടുത്തി - അണക്കെട്ടിന് മുകളിലേയ്ക്ക് കയറുന്നത് നിരോധിച്ചിരിക്കുകയാണ്. (കേരളത്തിൽ ഇടുക്കി അണക്കെട്ടിലും പ്രവേശനത്തിന് ഇപ്പോൾ നിരോധനമുണ്ടല്ലോ.) കാവേരിജലവുമായി ബന്ധപ്പെട്ടു കർണ്ണാടകയും തമിഴ്നാടുമായി ഉടലെടുത്ത തർക്കകാലത്ത് സുരക്ഷാഭീഷണി കണക്കിലെടുത്ത് അടച്ചതാണത്രേ ഇവിടേയ്ക്കുള്ള പ്രവേശനം. യൗവ്വനാരംഭകാലത്ത് ഇവിടെയെത്തിയപ്പോൾ, ഡാമിന് മുകളിൽ കയറിനിന്ന് നോക്കുമ്പോൾ അപ്പുറത്ത് കാണപ്പെട്ട, തെക്കേഇന്ത്യയിലെ ഏറ്റവും വലിയൊരു നദിയുടെ അപാരശാന്തമായ കിടപ്പ് സന്നിവേശിപ്പിച്ച അസുലഭമായ കാഴ്ചാനുഭവത്തിന്റെ ഓർമ്മകൂടിയാണ് ഈ പ്രദേശത്തേയ്ക്കുള്ള യാത്രയ്ക്ക് ത്വരകമായത്. ആസുരമായ സമകാലത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ, സാധാരണക്കാരുടെ ചെറിയ ചെറിയ സന്തോഷങ്ങൾ പോലും എത്ര പെട്ടെന്നാണ് അണഞ്ഞുപോകുന്നത്...

കൃഷ്ണരാജസാഗർ അണക്കെട്ട്
കർണ്ണാടകയിലെയും തമിഴ്നാടിലെയും ഭൂമിശാസ്ത്രത്തെ കുറിച്ച്, അല്ല മനുഷ്യജീവിതത്തെ കുറിച്ചു തന്നെ സംസാരിക്കുമ്പോൾ കാവേരിയെ സ്പർശിക്കാതെ പോകാൻ പറ്റില്ല. അത്രയ്ക്ക് ഈ രണ്ടു സംസ്ഥാനങ്ങളുടെയും ജീവിതവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു കാവേരിയുടെ യാത്രാപഥം. വടക്കൻ കേരളത്തിന്റെ കർണ്ണാടക അതിർത്തിയായി വരുന്ന ബ്രഹ്മഗിരിയുടെ മുകളിലെ തലക്കാവേരിയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി കിഴക്കു തെക്കായി സഞ്ചരിച്ച്, ഈ രണ്ടു സംസ്ഥാനങ്ങളുടെയും ഒരുപാട് പ്രദേശങ്ങൾക്ക് ഊർവ്വരത നൽകി, തമിഴ്നാടിന്റെ ചിദംബരത്തിനടുത്ത് പഴയാർ എന്ന സ്ഥലത്തുവച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്നു. സമുദ്രതീരത്തിനോട് അടുക്കുമ്പോൾ കാവേരിക്ക് ചില ചെറുകൈവഴികൾ രൂപംകൊള്ളുകയും അവ സമീപപ്രദേശങ്ങളിലൂടെ കടന്നുപോയി പലയിടത്തായി കടലിൽ വീഴുകയും ചെയ്യുന്നുണ്ട്.

അണക്കെട്ടിന്റെ ഒരു ഭാഗത്തായുള്ള ചതുപ്പിൽ ഇരതേടുന്ന വെള്ളകൊക്ക്
ബ്രഹ്മഗിരിയിൽ നിന്നും കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ ഒഴുകിവരുന്ന കാവേരിക്ക് കുറുകനേ ഉയരുന്ന ആദ്യത്തെ മനുഷ്യനിർമ്മിത തടയണ കൃഷ്ണരാജസാഗർ അണക്കെട്ടിൽ നിന്നും ഏകദേശം നാൽപ്പത് കിലോമീറ്റർ അകലെയുള്ള ചാമരാജേന്ദ്ര ചിറയാണ്‌. എങ്കിൽ തന്നെയും പൂർണ്ണരൂപത്തിലുള്ള ആദ്യ അണക്കെട്ടെന്ന് പറയാവുന്നത് കൃഷ്ണരാജസാഗർ എന്ന അതിവിപുലമായ ഈ നിർമ്മിതി തന്നെയാണ്. ഈ ജലശേഖരം ഏതാണ്ട് 125 ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്നു (തേക്കടി റിസർവോയറിന്റെ വിസ്തീർണ്ണം 30 ചതുരശ കിലോമീറ്ററിന് താഴെയാണ്). മൈസൂർ, ബംഗലൂരു പട്ടണങ്ങൾക്ക് കുടിവെള്ളം പോകുന്നത് ഇവിടെ നിന്നാണ്. അതിനുപരിയായി മാൻഡ്യ, മൈസൂർ ജില്ലകൾ കൃഷിയാവശ്യങ്ങൾക്ക് ഏതാണ്ട് മുഴുവനായും ആശ്രയിക്കുന്നത് ഇവിടെ ശേഖരിക്കുന്ന കാവേരി ജലമാണ്.

ആഹാരംതേടി മറ്റു ചില ജീവിതങ്ങളും - അണകെട്ടിന്റെ വേറൊരു ഭാഗത്തുനിന്നുള്ള കാഴ്ച
1924 - ലാണ് ഈ വൻനിർമ്മിതി പൂർത്തിയാവുന്നത്. അന്നോ അതിനു മുൻപോ ഇന്ത്യ എന്നൊരു രാഷ്ട്രം ഇന്ന് കാണുന്ന നിലയ്ക്ക് നിലവിലില്ലായിരുന്നുവെങ്കിലും മദ്രാസും മൈസൂറും തമ്മിലുള്ള കാവേരീ നദീജല തർക്കം അപ്പോൾതന്നെ ഉടലെടുത്തിരുന്നു. കാവേരി ജലത്തിന്റെ കാര്യത്തിലായാലും മുല്ലപ്പെരിയാർ ജലത്തിന്റെ കാര്യത്തിലായാലും നിലവിലെ സ്ഥിതിയിൽ സംഗതികൾ ഗുണകരമായിരിക്കുന്നത്‌ തമിഴ്നാടിനാണ്. തൽസ്ഥിതി തുടരണം എന്നാണ് തമിഴ്നാടിന്റെ ആവശ്യം. ജലദൗർലഭ്യം വല്ലാതെയനുഭവിക്കുന്ന വിസ്തൃതമായ ഒരു ഭൂപ്രദേശമാണ് തമിഴ്നാട് എന്നതും അവർക്ക് ആവശ്യമായ ജലം കൊടുക്കേണ്ടത് ഇന്ത്യൻ ഫെഡറൽ ഘടനയിൽ മറ്റ് സംസ്ഥാനങ്ങളുടെ ബാധ്യതകൂടിയാണ് എന്നതും വസ്തുതകളായി നിൽക്കുമ്പോൾ തന്നെ ഒരുകാര്യം കൂടി വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. ഈ കരാറുകളെല്ലാം ഉണ്ടാക്കിയിരിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. അന്ന് മൈസൂറും തിരുവിതാംകൂറുമൊക്കെ ബ്രിട്ടീഷ് മേധാവിത്വം അംഗീകരിച്ച സാമന്തപ്രദേശങ്ങളായിരുന്നു, മദ്രാസ് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലും. സാമന്തരാജ്യങ്ങളിൽ അണക്കെട്ട് നിർമ്മിച്ചപ്പോൾ നേരിട്ട് തങ്ങളുടെ അധീനതയിലുള്ള പ്രദേശത്തിന് ഗുണകരമാവും വിധം ബ്രിട്ടീഷുകാർ കരാറുണ്ടാക്കി എന്നതിൽ അത്ഭുതമൊന്നുമില്ല. സാമന്തദേശങ്ങൾക്ക് അത് അംഗീകരിക്കുക എന്നതിനപ്പുറം മറ്റൊന്നും സാധ്യമായിരുന്നില്ല. ഈ കരാറുകൾ സ്വാതന്ത്ര ഇന്ത്യയിലും റദ്ദാവാതെ നിൽക്കുന്നു എന്നത് പക്ഷെ അത്ഭുതകരം തന്നെ.

ചതുപ്പിലെ കുറ്റിക്കാടിൽ ഒളിച്ചിരിക്കുന്ന മറ്റൊരാൾ - നീലക്കോഴി
കൃഷ്ണരാജസാഗർ ഡാമിൽ കാവേരിയുടെ സ്വാഭാവിക പ്രവാഹം തടസ്സപ്പെടുന്നുണ്ടെങ്കിലും ഇവിടെ നിന്നും വലിയൊരു നദിയായി തന്നെ അത് വീണ്ടും തുടരുന്നുണ്ട്, തൊട്ടപ്പുറത്ത് രംഗനത്തിട്ടും ശ്രീരംഗപട്ടണവും പോലുള്ള ദ്വീപുകളൊക്കെ സൃഷ്ടിച്ചുകൊണ്ട്. കാവേരിയുടെ തുടർയാത്രയിലാണ് കേരളത്തിൽ നിന്നു വരുന്ന കബനീനദി കാവേരിയോട് ചേരുന്നതും അതിനുശേഷം ഇന്ത്യയിലെ തന്നെ രണ്ടു വലിയ വെള്ളച്ചാട്ടങ്ങളായ ശിവനസമുദ്രവും ഹൊഗെനക്കലും കാവേരിയിൽ സംഭവിക്കുന്നതും. കാവേരിയിൽ കർണ്ണാടകയുടെ ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നത് ശിവനസമുദ്ര വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ടാണ്. ഹൊഗെനക്കലിൽ വച്ച് കാവേരി തമിഴ്നാടിലേയ്ക്ക് കടക്കുകയാണ്. ഇവിടെ നിന്നും അധികം സഞ്ചരിക്കുന്നതിന് മുൻപ് കാവേരിക്ക് കുറുകേ തമിഴ്നാടിന്റെ അതിവിപുലമായ മേട്ടൂർ അണക്കെട്ട് ഉയരുന്നു.

ഇന്ത്യയുടെ വൈവിധ്യ സംസ്കൃതിയുടെ പ്രതിഭലനമായി കാണണോ തമാശയായി എടുക്കണോ
എന്നറിയില്ല, അണക്കെട്ടിൽ തന്നെ അതിന്റെ രക്ഷയ്ക്കായി ഒരു റെസിഡന്റ് ദൈവം
പൂന്തോട്ടത്തിന്റെ ഭാഗത്തു നിന്നും വാട്ടർ ഫൌണ്ടനും മറ്റുമുള്ള ഭാഗത്തേയ്ക്ക് ഒരു നടപ്പാലം കടന്നുവേണം പോകാൻ. ഈ പാലത്തിനും അണക്കെട്ടിനും ഇടയിലായി ബോട്ട് യാത്രയ്ക്ക് സൗകര്യമുള്ള തടാകമാണ്. പാലത്തിന്റെ മറുഭാഗം തണ്ണീർതടവും ചതുപ്പുമാണ്. മുൻപ് വന്നപ്പോഴൊന്നും ഈ തണ്ണീർതട പ്രദേശം ശ്രദ്ധിച്ചിരുന്നില്ല. അക്കാലത്ത് മുൻഗണന മറ്റുപലതിനുമായിരുന്നുവല്ലോ. കിളികളും അവയുടെ ആവാസവ്യവസ്ഥകളും അക്കാലത്ത് ചെറിയ രീതിയിലുള്ള കൗതുകമായി പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരു പക്ഷിനിരീക്ഷകനായി എന്ന് ഇതിന് അർത്ഥമില്ല. ആ വിഷയത്തിൽ കൗതുകമുള്ള ഒരാൾ എന്നുമാത്രമേ ഉദ്ദേശിച്ചുള്ളൂ. ഏതൊരു ജലഭരിത പ്രദേശത്തും കാണുന്നതുപോലെയുള്ള കൊക്ക് വർഗ്ഗത്തിൽപ്പെട്ട കിളികളുടെ ഒറ്റപെട്ട ദർശനങ്ങൾ ഇവിടെയും സാധ്യമായി. ഒരു നീലക്കോഴിയെ (Purple Swamphen) ഞാൻ ആദ്യമായി ശ്രദ്ധിക്കുകയായിരുന്നു. കേരളത്തിന്റെ സമതലങ്ങളിലെ ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന ഇവ പക്ഷെ മധ്യകേരളത്തിലും വിശിഷ്യ തൃശൂരിലെ കോൾനിലങ്ങളിലുമാണ് അധികമുള്ളത് എന്നതിനാലാവണം പ്രത്യേകമായി ഈ പക്ഷിയെ ഇതിനു മുൻപ് ശ്രദ്ധിച്ചിരുന്നില്ല. അതുപോലെ ജലാശയത്തിൽ, കൊട്ടവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന അനേകം ഗ്രാമീണരെയും കാണാനായി.

ജലാശയത്തിനടുത്തെ കുറ്റിക്കാടുകളിൽ സ്ഥിരവാസിയായ കുളക്കൊക്ക് ഇവിടെയും
നേരം ഇരുട്ടാൻ ഇനിയും ഒരുപാട് മണിക്കൂറുകൾ ബാക്കികിടക്കുന്നു. അത്രയും നിന്നാലേ നൃത്തംചെയ്യുന്ന ജലധാര കാണാൻ പറ്റൂ. ചാറ്റൽ മഴയിൽ, അത്രയും സമയം കളയാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനെ ഞങ്ങൾ വൃന്ദാവനം വിട്ട് മൈസൂർ പട്ടണത്തിലേയ്ക്കു മടങ്ങാൻ തീരുമാനിച്ചു.

കാർപാർക്കിലേയ്ക്ക് പോകുമ്പോൾ കവാടത്തിൽ വൃദ്ധയായ ആ ഭിക്ഷക്കാരിയെ വീണ്ടും കണ്ടുമുട്ടി. ചാറ്റൽമഴയിൽ പുതച്ചുമൂടി അവരിരിക്കുന്നു. അവർ പുതച്ചിരിക്കുന്ന ആ പഴംതുണിക്ക് നനവിനെയോ തണുപ്പിനെയോ തടുക്കാനാവുമോ? രാത്രികളിൽ മടങ്ങിപോകാൻ അവർക്കൊരു വീടുണ്ടാവുമോ? എങ്കിൽ, ഈ വാർദ്ധക്യത്തിൽ അവരെ നോക്കാൻ മക്കളൊന്നും ഉണ്ടാവില്ലേ ആ വീട്ടിൽ? അതോ രാത്രിയും ഇവിടെ എവിടെയെങ്കിലും തന്നെ ചുരുണ്ടുകൂടുമോ? ഒരു പക്ഷെ സന്ദർശകർ ഒക്കെ ഒഴിഞ്ഞുകഴിയുമ്പോൾ, കിട്ടിയ കാശെല്ലാം വാരിക്കെട്ടി, ഒരു പരിഹാസചിരിയും ചിരിച്ച് അവർ എണീറ്റുപോകുമോ?

- തുടരും -