2013, നവംബർ 30, ശനിയാഴ്‌ച

അലാവുദ്ദീന്റെ അത്ഭുതലോകം - ആറ്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം, അഞ്ചാം ഭാഗം

യു. എ. ഇയിലെ വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഡിബ്ബയിലെ ബിദിയ. യു. എ. ഇയിലെ ഏറ്റവും പുരാതനമായ മുസ്ലിംപള്ളി ഇവിടെ സ്ഥിതിചെയ്യുന്നു. ഡിബ്ബ പട്ടണത്തിൽ നിന്നും കടൽത്തീരത്ത് കൂടി തെക്കോട്ടേയ്ക്ക് യാത്രചെയ്യുമ്പോൾ നിരത്തിന്റെ വശത്തായി തന്നെ കല്ലും മണ്ണും കൊണ്ട് നിർമ്മിച്ച ഈ ചെറിയ പള്ളി  കാണാം. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലായാണ് ഈ പള്ളി ഉണ്ടാക്കിയിരിക്കുക എന്നാണ് ഏകദേശ നിഗമനം.

അൽ ബിദിയ പള്ളി
മുന്നിലൂടെ റോഡ്‌ വരുന്നതിന് മുൻപ് പള്ളി കടൽത്തീരത്തായിരുന്നു. പള്ളിയുടെ പിറകിലായി ചെറിയൊരു കുന്നുമുണ്ട്. അതായത് കടലിനും കുന്നിനുമിടയ്ക്ക് വളരെ സുരക്ഷിതമായ സ്ഥാനത്താണ് പള്ളിയിരിക്കുന്നത്. പള്ളിയുടെ നിർമ്മാണകാലത്ത് ബിദിയ സജീവമായ ജനപഥമായിരുന്നിരിക്കണം. ആ ജനതതിയുടെ മത/സാംസ്കാരിക കേന്ദ്രമായ പള്ളി പ്രദേശത്തെ ഏറ്റവും സുരക്ഷിതമായ സ്ഥാനത്ത് വന്നതിൽ അത്ഭുതമില്ല.

അൽ ബിദിയ പള്ളി - മറ്റൊരു കാഴ്ച
പെരുന്നാൾ അവധിദിവസം കൂടിയായതിനാലാവും ഞങ്ങൾ എത്തുമ്പോൾ സഞ്ചാരികളുടെ വലിയ കൂട്ടങ്ങളെ അവിടെ കാണാനായി. ഫ്യുജൈറ പുരാവസ്തു വകുപ്പ് ഒരു പള്ളിയെന്നതിന് ഉപരിയായി സഞ്ചാരികളുടെ പ്രധാനപ്പെട്ട ഒരാകർഷണ കേന്ദ്രം എന്ന നിലയ്ക്കാണ് ഇവിടം സംരക്ഷിച്ചിരിക്കുന്നത് എന്നതിൽ തർക്കമില്ല. ചരിത്രത്തിന്റെ ശേഷപത്രങ്ങൾ അധികമില്ലാത്ത മരുഭൂമിയുടെ ഈ ഭാഗത്ത് ലഭ്യമായ ഇത്തരം ഒറ്റപ്പെട്ട പൈതൃകങ്ങൾ യു. എ. ഇ സർക്കാർ കരുതലോടെ സംരക്ഷിക്കുന്നു.

കുന്നിന് മുകളിലെ കോട്ട
പള്ളിക്ക് പിറകിലെ കുന്നിന് മുകളിൽ അധികം കേടുപാടൊന്നും സംഭവിക്കാതെ ഒരു കോട്ടയും നിരീക്ഷണഗോപുരങ്ങളും കാണാം. കോട്ടയിലേയ്ക്ക് കയറാൻ പടവുകളുണ്ട്. ദുബായ് നിവാസികളായ സഹയാത്രികർ മുകളിലേയ്ക്ക് കയറാൻ ബുദ്ധിമുട്ടിയില്ല, ഇതിനുമുൻപ് പലപ്പോഴും ഇവിടെ വന്നിട്ടുള്ളതിനാൽ. ഞങ്ങൾ നാലുപേരും പള്ളിയുടെ മുറ്റത്തുനിന്നും ആരംഭിക്കുന്ന പടവുകളിലൂടെ കുന്നിന് മുകളിലേയ്ക്ക് കയറി...

കോട്ട - മറ്റൊരു കാഴ്ച
ഈ കോട്ട, ഇവിടെ നിലവിലുണ്ടായിരുന്ന പുരാതന പട്ടണത്തിന്റെ സാംഗത്യം കൂടുതൽ വെളിപ്പെടുത്തും. ഏതൊരു പ്രാക്തന ജനതതിയുടെയും സാംസ്കാരിക ജീവിതത്തിന്റെ പ്രധാനപെട്ട പ്രതിരൂപങ്ങളാണ് അവരുടെ ആരാധാനാലയവും സംരക്ഷണക്കോട്ടയും. ഇപ്പോൾ ഈ പള്ളിയുടെ ചുറ്റും കാര്യമായ ആൾതാമസം ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും മുകളിൽ നിന്ന് നോക്കുമ്പോൾ കുന്നിനു പിറകിലായി നല്ല വിസ്താരത്തിൽ പരന്നുകിടക്കുന്ന ഈന്തപ്പനത്തോട്ടങ്ങൾ കാണാം. അതിനുമപ്പുറം ഹജാർ മലനിരയുടെ നീണ്ടുപോകുന്ന അടുക്കുകൾ.

കുന്നിനു പിറകിലെ ഈന്തപ്പനതോട്ടവും അതിനപ്പുറം ഹജാർ മലനിരയും
കുന്നുകയറി മുകളിലെത്തിയ ഞങ്ങൾ കോട്ടയുടെ അരമതിലിലിരുന്ന് ക്ഷീണമകറ്റി. ഈന്തപ്പനത്തോട്ടത്തെ തഴുകിവരുന്ന കാറ്റ് വിയർത്ത ശരീരത്തിൽ ആശ്വാസമായി. അലസം നടക്കുന്ന വിനോദസഞ്ചാരികളുടെ വസ്ത്രരീതിയിലെ വ്യത്യാസം ഒഴിച്ചാൽ, അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഇവിടം എങ്ങിനെയായിരുന്നോ അതുപോലെയൊക്കെ തന്നെയാണ് പരിസരം ഇപ്പോഴും. മരുഭൂമി, ഈന്തപ്പനകൾ, ഹജാർ മലനിര..., ഇതൊക്കെ എത്രയോ ശതകങ്ങളായി ഇവിടെ ഉള്ളതായിരിക്കും. മാറിവരുന്നത് മനുഷ്യനും അവന്റെ ജീവിതരീതികളും മാത്രം.

കോട്ടമതിലും അതിലെ നിരീക്ഷണ ജാലകങ്ങളും 
മുകളിൽ കോട്ടയിൽ നിന്നും താഴേയ്ക്ക് നോക്കുമ്പോൾ പള്ളിയുടെ രൂപം കുറച്ചുകൂടി വ്യക്തമായി മനസ്സിലാവും. വ്യത്യസ്ത ആകൃതിയിലുള്ള നാല് മകുടങ്ങൾ കാണാം. വളരെ ലളിതമായ മണൽനിർമ്മിതി. അറ്റകുറ്റപണികൾ നടത്തിട്ടുണ്ടെന്ന് സ്പഷ്ടം. അകലെയല്ലാത്ത ഭൂതകാലം വരെ സജീവമായി നിലനിന്ന ഒരു പള്ളിയാണിത്‌ (ഇപ്പോഴും പ്രാർത്ഥനയുണ്ടിവിടെ). ഇതിനെയും രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് സമകാലത്ത് ഉയർന്ന ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഷേക്ക്‌ സായെദ് ഗ്രാൻഡ്‌ മോസ്കിനെയും താരതമ്യം ചെയ്യുമ്പോൾ, ഈ രാജ്യം കുറഞ്ഞ കാലയളവിനിടയ്ക്ക് നടത്തിയ അഭൂതപൂർവ്വമായ ഭൗതികവളർച്ചയും ചിന്തയിൽ വരാതിരിക്കില്ല.   

അൽ ബിദിയ പള്ളി - മുകളിൽ നിന്നുള്ള കാഴ്ച 
യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ബിദിയയിൽ നിന്നും തീരദേശം വിട്ട് ഞങ്ങൾ ഉൾപ്രദേശങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ തുടങ്ങി. അധികദൂരം എത്തുന്നതിന് മുൻപുതന്നെ നിരത്ത് ഹജാർമലനിരകളുടെ ഉള്ളിലേയ്ക്ക് പ്രവേശിച്ചു. യാത്ര ഇതിനിടയ്ക്കെവിടെയോ ഉള്ള വാഡി വുറയ്യ (Wadi Wurayah) എന്ന മഴക്കാല നദീതടം കാണാനാണ്.

ഹജാർ മലനിരയ്ക്ക് ഇടയിലൂടെ...
ചുണ്ണാമ്പ് മലയ്ക്കിടയിലൂടെ വെട്ടിയുണ്ടാക്കിയിരിക്കുന്ന ചെറുതെങ്കിലും വൃത്തിയുള്ള നിരത്തുകൾ. ഇരുവശത്തും ഉയർന്നുപോകുന്ന തവിട്ട് നിറമുള്ള ശൈലമുഖങ്ങൾക്കിടയിലൂടെയുള്ള യാത്ര വ്യത്യസ്ഥമായ ഒരനുഭവം പ്രദാനം ചെയ്തു. എങ്കിലും കഴിഞ്ഞ ദിവസം ജബേൽ ഹഫീത് മലകയറിയിരുന്നതിനാൽ തികച്ചും പുതിയ ഭൂവിഭാഗത്തിലൂടെയുള്ള യാത്രയെന്ന് പറയാനാവില്ല തന്നെ.

വാഡി വുറയ്യയിലേയ്ക്ക്...
നേരത്തെ സൂചിപ്പിച്ചതുപോലെ ഈ മലകൾക്കിടയിലൂടെ, മഴക്കാലത്ത് ചാലുകീറി ഒഴുകുന്ന ജലപ്രവാഹമത്രേ വാഡികൾ. ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാഡിയാണ് വുറയ്യ. ഭൂപ്രതലത്തിൽ നിന്നും വളരെ താഴേയ്ക്ക് കുത്തനെ ചാലുകീറിയിരിക്കുന്ന ഈ നദീതടത്തിലൂടെ ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ ഇതിന്റെ പ്രഭവസ്ഥാനമായ നീരുറവയിലേയ്ക്കും അവിടെയുള്ള ചെറിയ ജലപാതത്തിലേയ്ക്കും തടാകത്തിലേയ്ക്കുമൊക്കെ പോകാം. എന്നാൽ ഉരുളൻകല്ലുകളിലൂടെ സാഹസികമായി കയറിയിറങ്ങിപോകുന്ന ഒരു ഫോർവീൽഡ്രൈവ് ഇതിന് അത്യാവശ്യമാണ്. അല്ലെങ്കിൽ മുകളിൽനിന്ന് ഈ നദീതടം കാണുകയെ നിവൃത്തിയുള്ളൂ.

വാഡി വുറയ്യ
മസാഫി, ഖോർഫക്കാൻ, ബിദിയ എന്ന സ്ഥലങ്ങളിലായി ഏതാണ്ട് മുപ്പത്തിയൊന്നായിരം ഏക്കർ പ്രദേശത്തെ സ്പർശിച്ചുകിടക്കുന്നു ഈ തണ്ണീർതടം. ജലസ്പർശം കൊണ്ട് തന്നെ ഹജാർ മലനിരകളുടെ മറ്റ് പ്രദേശങ്ങളിൽ കാണുന്നതിൽ നിന്നും കുറച്ചൂകൂടി വൈവിധ്യമുള്ള സസ്യജാലങ്ങളെ ഇവിടങ്ങളിൽ കാണാനാവുമത്രെ.

വാഡി വുറയ്യ - മറ്റൊരു കാഴ്ച
ഗാംഭീര്യത്തിലും വലിപ്പത്തിലും വർണ്ണഭേദത്തിലും താരതമ്യം സാധിക്കില്ലായിരിക്കുമെങ്കിലും വാഡി വുറയ്യയുടെ ഇപ്പോൾ വെള്ളമില്ലാത്ത തടത്തിലേയ്ക്ക് നോക്കി നിൽക്കുമ്പോൾ അമേരിക്കയിലെ ഗ്രാൻഡ്‌ കാന്യൻ ഓർമ്മയിൽ വന്നു. ഗ്രാൻഡ്‌ കാന്യൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പല സിനിമകളിലും (ഡാനി ബോയിലിന്റെ '127 അവേർസ്' തുടങ്ങിയവ) കണ്ടു പരിചയിച്ചതിന്റെ ഒരു മിനിയേച്ചർ രൂപം പോലെ തോന്നി ഇവിടം.

വാഡി വുറയ്യ പ്രദേശം - മറ്റൊരു കാഴ്ച
വാഡി വുറയ്യയുടെ പരിസരങ്ങളിൽ കുറച്ചുസമയം ചിലവഴിച്ചതിന് ശേഷം ആ മലമടക്കുകൾ വിട്ട് ഞങ്ങൾ വീണ്ടും തീരപ്രദേശത്തേയ്ക്ക്, ഖോർഫക്കാൻ ബീച്ചിലേയ്ക്ക് വന്നു. എല്ലാ അതിർത്തികളും ഫുജൈറ എമിറേറ്റിനാൽ ചുറ്റപ്പെട്ട ഷാർജയുടെ ഭാഗമാണ് ഖോർഫക്കാൻ. ഇത്തരത്തിൽ മുഖ്യഭാഗത്ത് നിന്നും വിട്ടുകിടക്കുന്ന രണ്ടു തുരുത്തുകൾ ഷാർജയുടെതായി യു. എ. യിയുടെ കിഴക്കൻതീരത്തുണ്ട്. അതിലൊന്നാണ് ഖോർഫക്കാൻ.

ഖോർഫക്കാൻ കടൽത്തീരം
മനോഹരമാണ് ഖോർഫക്കാൻ കടൽത്തീരം. ശുദ്ധമായ മണൽത്തീരവും അതുപോലെ ശുദ്ധമായ വലിയ തിരകളടിക്കാത്ത നീലജലാശയവും. അവധിദിവസമായതിനാൽ കടലിൽ കുളിക്കാനെത്തിയവരുടെ ബാഹുല്യം. കരയിൽ അലസമിരിക്കുന്നവരും അനവധി. എങ്കിലും തിക്കുംതിരക്കും ഉണ്ടെന്ന് പറയാനാവില്ല. യു. എ. യിയുടെ കിഴക്കൻ തീരങ്ങളിൽ ഇത്തരം കന്യാശുദ്ധമായ തീരങ്ങൾ അനവധി നെടുനീളത്തിൽ ഉള്ളതിനാൽ തന്നെയാവും അനിതസാധാരണമായ തിരക്ക് അനുഭവപ്പെടാത്തത്.               

ഖോർഫക്കാൻ കടൽത്തീരം - മറ്റൊരു കാഴ്ച
തീരത്തുനിന്നാൽ ഖോർഫക്കാൻ തുറമുഖം കാണാം. നേരത്തെ സൂചിപ്പിച്ചതു പോലെ ഹോർമുസ് കടലിടുക്ക് കടക്കാതെ യു. എ. യിലേയ്ക്ക് കപ്പലുകൾക്ക് അടുക്കാൻ പറ്റുന്ന തുറമുഖമാണ് ഖോർഫക്കാൻ. ഇന്ന് ഗൾഫ് മേഖലയിലെ വലിയ തുറമുഖങ്ങൾ പലതും ഹോർമുസ് കടലിടുക്ക് കടന്നുള്ള അറേബ്യൻ ഉൾക്കടലിലാണ് സ്ഥിതിചെയ്യുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സുഖകരമല്ലാത്ത രാഷ്ട്രീയബന്ധങ്ങൾ ഹോർമുസ് കടലിടുക്കിനെ പ്രതി ഗൾഫ് പ്രദേശത്തെ എക്കാലത്തും അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്തെങ്കിലും കാരണത്താൽ ഹോർമുസ് പ്രശ്നമേഖലയായാൽ ഖോർഫക്കാൻ പോലെ കിഴക്കൻതീരത്തുള്ള തുറമുഖങ്ങൾ അമിതപ്രാധാന്യം നേടും എന്നതിന് തർക്കമില്ല.

ഖോർഫക്കാൻ തുറമുഖം
ഖോർഫക്കാൻ കടൽത്തീരത്തിന്റെ നേരെ എതിർഭാഗത്തായി ഒരു കുന്നും അതിനു മുകളിൽ ചില വലിയ കെട്ടിടനിർമ്മിതികളും കാണാം. ഷാർജയുടെ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ്‌ അൽ ഖസിമിയുടെ ഒരു കൊട്ടാരമത്രേ അത്. 1972 മുതൽ ഷെയ്ഖ് മുഹമ്മദ്‌ അൽ ഖസിമിയാണ് ഷാർജ ഭരിക്കുന്നത്. നിലവിൽ ഏറ്റവും ആധുനികമെന്ന് കരുതപ്പെടുന്ന ലോകവീക്ഷണം പുലർത്തുന്ന ദുബായിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണെങ്കിലും, ഇസ്ലാമിക നിയമങ്ങളും മൂല്യങ്ങളും കുറച്ചുകൂടി ശക്തമായി ആചരിക്കുന്ന എമിറേറ്റത്രേ ഷാർജ.

ഖോർഫക്കാൻ ബീച്ചിന് എതിർഭാഗത്തായി കാണുന്ന ഈ കുന്നിൻമുകളിലാണ് ഷാർജാ ഷെയ്ഖിന്റെ ഒരു കൊട്ടാരം 
ഖോർഫക്കാനിൽ നിന്നും ഫുജൈറ പട്ടണത്തിലെത്തി, അല്പം വൈകിയാണെങ്കിലും, ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും തെക്കോട്ടേയ്ക്ക്, യു. എ. യുടെ തെക്കുകിഴക്കൻ അതിർത്തിയായ കൽബയിലേയ്ക്കു യാത്രതിരിച്ചു. കൽബ കഴിഞ്ഞാൽ ഒമാനായി. ഇവിടുന്ന് എഴുപത്തിയഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഒമാനിലെ പ്രമുഖപട്ടണമായ സൊഹാറിലെത്താം.

കൽബയിലെ കായലും കണ്ടൽകാടും
കൽബയാണ് കിഴക്കൻ തീരത്ത് ഷാർജയുടെ അധീനതയിലുള്ള മറ്റൊരു പ്രദേശം. അൽ സാബി എന്ന ഗോത്രത്തിന് പ്രാമുഖ്യമുള്ള കൽബ പ്രദേശം ഒരുപാടുകാലം ഒരു സ്വതന്ത്രദേശമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ കുറച്ചുകാലം ഇവിടം പറങ്കികളുടെ അധീനതയിലുമായിരുന്നു. 1952 - ലാണ് കൽബ ഷാർജയുടെ ഭാഗമായി മാറുന്നത്.

കൽബയിലെ കണ്ടൽകാടിനപ്പുറം പള്ളിയും അതിനുമപ്പുറം ഹജാർ മലനിരകളും
അഴിമുഖവും കായലും കണ്ടൽകാടുമാണ് കൽബയുടെ പ്രത്യേകത. അറേബ്യൻ പ്രദേശത്തെ ഏറ്റവും പഴയ കണ്ടൽകാടുകളിലൊന്നാണ് കൽബയിലേത്. വംശനാശഭീഷണി നേരിടുന്ന ചില സസ്യങ്ങളും ഏതാനും അപൂർവ്വയിനം പക്ഷികളും (White Collared Kingfisher, Sykes's Warbler) ഈ കണ്ടൽപ്രദേശത്തിന്റെ പ്രത്യേകതയത്രേ.

കൽബയിലെ കായലിൽ നങ്കൂരമിട്ട ഒരു ബോട്ട്
കൈവഴികളായി പിരിഞ്ഞ് പല ഭാഗത്തേയ്ക്ക് പടർന്നുകിടക്കുന്ന കായലിന്റെ ഒരു ഭാഗം ഒമാനുമായുള്ള അതിർത്തിക്കപ്പുറത്തേയ്ക്കും പോകുന്നു. സ്വാഭാവിക നീർതടത്തിന്റെ തീരത്തൊക്കെയും കണ്ടൽകാട് സാമാന്യം സാന്ദ്രമായി തന്നെ വളർന്നുനിൽക്കുന്നു.

കൽബയിലെ കായൽത്തീരം - മറ്റൊരു കാഴ്ച
കായലിന്റെ ഒരു ഭാഗം സന്ദർശകരെ ആകർഷിക്കതക്ക വിധത്തിൽ ചെറുകിട ജലകേളികൾക്കും മറ്റുമായുള്ള സ്ഥലമായി മാറ്റിയെടുത്തിട്ടുണ്ട്. പെഡൽബോട്ടുകൾ തുടങ്ങിയ വിനോദോപാധികൾ ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. അവധിദിനമായിട്ടു പോലും പക്ഷെ ആളുകൾ തീരെക്കുറവ്.

കായലിൽ ഒരു ബോട്ടുസവാരി
യു. എ. യിയുടെ കീഴക്കൻ തീരത്തെ അവസാന സന്ദർശനസ്ഥലമായ കൽബയിലെ കായൽക്കരയിൽ കുറച്ചുസമയം ചിലവഴിച്ചതിന് ശേഷം ഞങ്ങൾ ദുബായിലേയ്ക്കുള്ള മടക്കയാത്ര ആരംഭിച്ചു. പ്രധാനപാതയിലേയ്ക്ക് കടക്കുമ്പോൾ തന്നെ അകലെ ഭീമാകാരമായി ഉയർന്നുനിൽക്കുന്ന ഹജാർ മലനിരകൾ കാണാം. അത് കടന്നുവേണം അറേബ്യൻ മുനമ്പിന്റെ മറുതീരത്തെത്താൻ.

കൽബയിൽ നിന്നും ഷാർജ / ദുബായ് ഭാഗത്തേയ്ക്കുള്ള പ്രധാനപാത
പിന്നിൽ കാണുന്ന ഹജാർ മലനിരകൾ കടന്നുവേണം അവിടേയ്ക്കെത്താൻ
കൽബയിൽ നിന്നും ദുബായ് / ഷാർജ ഭാഗത്തേയ്ക്കുള്ള യാത്ര ഇങ്ങോട്ട് വന്നതുപോലെ തന്നെ ഹജാർ മലനിരകൾക്ക് കുറുകനെയാണ്. ഈ വഴിക്കാണ് പ്രശസ്തമായ വാഡി അൽ ഹെലോ തുരങ്കം. ഏതാണ്ട് ഒന്നര കിലോമീറ്ററിലധികം നീളമുള്ള തുരങ്കം അപൂർവ്വമായ കാഴ്ചതന്നെ. സായാഹ്നത്തിന്റെ അവസാന നേരത്താണ് ഞങ്ങൾ അവിടെ എത്തിയത്. ഞങ്ങൾ അവിടെ ഇറങ്ങി കുറച്ചുസമയം മലനിരകളിൽ പോക്കുവെയിൽ വീഴുന്നതും നോക്കി നിന്നു.

വാഡി അൽ ഹെലോ തുരങ്കം
ഈ യു. എ. യി യാത്രയിൽ പരാമർശയോഗ്യമായി കാണുന്ന അവസാന സ്ഥലമാണ് വാഡി അൽ ഹെലോ. തുരങ്കം കടന്ന് ഹജാർ മലനിരകളെ പിന്നിലാക്കി ഞങ്ങൾ ദുബായ് ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങകലെ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുന്നതിന്റെ കുങ്കുമപകർച്ച...

യു. എ. യിലെ സൂര്യാസ്തമയം 
ഈ യാത്രയിലെ ഞങ്ങളുടെ അവസാന രാത്രിയാണ് കടന്നുവരുന്നത്. നാളെ മടക്കയാത്രയാണ്. ഒരു സന്ദർശനത്തിന് ശേഷവും ഒരിക്കൽകൂടി അതേ സ്ഥലത്തേയ്ക്ക് മടങ്ങിവരണം എന്ന ആഗ്രഹം കരുതാറില്ല. കാരണങ്ങൾ പലതാണ്. പ്രധാനമായും ജീവിതം ആകസ്മികതകളുടെ തുടർച്ചമാത്രമാണ് എന്ന മനസ്സിലാക്കലാണ്. അത്തരം ആകസ്മികതകളാണ് ജീവിതായനത്തെ രസകരവും സഹനീയവുമാക്കി തീർക്കുന്നത്. അതിന് വിനയാന്വതയോടെ നിന്നുകൊടുക്കുക...!

- അവസാനിച്ചു -

6 അഭിപ്രായങ്ങൾ:

  1. വായിക്കുന്നു. കേട്ടുകേള്‍വി മാത്രമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങള്‍ കാണാനായല്ലോ

    മറുപടിഇല്ലാതാക്കൂ
  2. Ithrayum nalla oru nalla yaathraa vivaranam sammaanichathinu valareyadhikam nandhi ..lazar bhai

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി റിയാസ്, മറ്റെന്തെങ്കിലുമായി താമസിയാതെ വീണ്ടും വരാനാവും എന്ന പ്രതീക്ഷയിൽ... :-)

      ഇല്ലാതാക്കൂ
  3. വന്ന ആദ്യ വര്ഷം മുന്‍പറഞ്ഞ സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. അന്ന് ബ്ലോഗിങ്ങ് തുടങ്ങിയിട്ടുണ്ടായിരുന്നില്ല, അത് കാരണം അന്നെടുത്ത ഫോട്ടോസ് ഒക്കെ എവിടെയോ പോയി. നല്ല വിവരണവും ചിത്രങ്ങളും. ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്, ബ്ലോഗിൽ എഴുതാൻ തുടങ്ങിയതിന് ശേഷമാണ് യാത്രകളുടെ വിവരങ്ങളും ചിത്രങ്ങളുമൊക്കെ കുറച്ചു ക്രമമായി ചെയ്യാൻ സാധ്യത കിട്ടിയത്. അതിനുമുൻപ് ചെയ്ത യാത്രകൾ ഇപ്പോൾ ഓർമ്മകളുടെ ഓളങ്ങൾ മാത്രം...
      സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി!

      ഇല്ലാതാക്കൂ