2016, ജൂൺ 1, ബുധനാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - എട്ട്

എസ്. കെ. പൊറ്റക്കാട്ടോ രാജൻകാക്കനാടനോ രവീന്ദ്രനോ അഷാമേനോനോ അല്ല അക്കാര്യത്തിൽ ഒരു ദിശാബോധം നല്കിയത് - പട്ടണങ്ങൾ നടന്നുതന്നെ കാണണം എന്ന് മനസ്സിലാക്കിയത് സന്തോഷ് ജോർജ്ജ് കുളങ്ങരയിൽ നിന്നാണ്‌. നടന്നു സഞ്ചരിക്കുന്ന ഒരുപാടുപേരുണ്ട്. ഇന്ത്യയുടെ അധികഭാഗവും നടന്നു പോയ മൈത്രേയൻ പരിചയക്കാരനാണ്‌. മലകളും കാനനപാതകളും ജന്മനിയോഗം പോലെ താണ്ടുന്ന പലരേയും വായിച്ചും കേട്ടും അറിയാം. അവരിൽ പലരും അവധൂതമനോനിലയുള്ളവരാണ്‌. ഒരു സാധാരണ സഞ്ചാരിക്ക് സാധ്യമാവുന്ന യാത്രാവഴിയല്ലത്. അവിടെയാണ്‌ സന്തോഷ് ജോർജ്ജ് കൂളങ്ങര ചൂണ്ടുപലകയാവുക. അദ്ദേഹം വലിയ മലകൾ നടന്നുകയറിയതായോ കാനനഗഹ്വരങ്ങളിൽ അലഞ്ഞതായോ കണ്ടിട്ടില്ല. എന്നാൽ ഏതു വിദേശപട്ടണത്തിൽ ചെന്നാലും തന്റെ ക്യാമറയും പിടിച്ച് രാവിലേ മുതൽ രാത്രി വരെ കിലോമീറ്ററുകൾ നടക്കുന്നത് കാണാം, പലപ്പോഴും നീണ്ട വിമാനയത്രകൾക്ക് ശേഷം വിശ്രമിക്കാൻ ഒട്ടും തുനിയാതെ. തന്റെ ജോലി കൂടിയായതിനാലാവാം ആ തിടുക്കം. അത്തരം വിശ്രമമില്ലാത്ത അലച്ചിൽ സാധ്യമല്ലെങ്കിലും, നഗരങ്ങളുടെ മുക്കിലും മൂലയിലും ചെന്നെത്തി ആ കാഴ്ചകൾ തന്റെ ക്യാമറയിൽ പകർത്തുന്ന സന്തോഷ് ജോർജ്ജ് കുളങ്ങര, വിദൂരനഗരങ്ങളിൽ നടക്കാനിറങ്ങുമ്പോൾ പ്രചോദനമാണ്‌.

സൂറിക്ക് പട്ടണത്തിന്റെ ജീവധമനികളായി കെട്ടുപിണഞ്ഞു നീളുന്ന നിരത്തിന്റെ ഓടുപാകിയ ഓരങ്ങളിലൂടെ, വിദൂരനഗരങ്ങളിൽ ചെന്നെത്തുന്ന സഞ്ചാരികൾക്ക് മാത്രം അനുഭവിക്കാനാവുന്ന അനിശ്ചിതോന്മാദത്തിന്റെ കൗതുകവുമായി ഞങ്ങളും നടന്നു...

സൂറിക്ക് പട്ടണം - സൂറിക്ക് തടാകത്തിൽ നിന്നും കാണുമ്പോൾ
നദികൾ മലമുകളിൽ ജനിച്ച് താഴേയ്ക്ക് ഒഴുകുന്നു - അങ്ങനെയാണ് പൊതുവേയുള്ള പരികല്പന. അങ്ങനെല്ലാതെ ഉത്ഭവിക്കുന്ന നദികളുമുണ്ട്. സൂറിക്ക് തടാകത്തിൽ ജന്മമെടുത്ത് സൂറിക്ക് പട്ടണത്തെ രണ്ടായി പകുത്ത് കടന്നുപോകുന്ന നദിയാണ് ലിമ്മെറ്റ് (Limmat). പട്ടണത്തെ പകുത്തുപോകുന്നു എന്നൊക്കെ ആലങ്കാരികമായി പറയാം എന്നുമാത്രം. ഇവിടെയൊരു ജനപദം ഉരുത്തിരിയുന്നതിനും എത്രയോ കാലങ്ങൾക്ക് മുൻപുതന്നെ ഈ നദി ഇവിടെയുണ്ടായിരുന്നിരിക്കും. ഏതോ പുരാതനകാലത്ത് നദിയുടെ ഇരുകരകളിലുമായി പട്ടണം വളർന്നുവരുകയായിരുന്നിരിക്കണം - അതാണതിന്റെ സ്വാഭാവിക പരിണാമവഴി.

സൂറിക്ക് പട്ടണത്തിലൂടെ നടക്കുമ്പോൾ ലിമ്മെറ്റ് മിക്കവാറും കാഴ്ചയിലേയ്ക്ക് വന്നുപൊയ്ക്കൊണ്ടിരിക്കും. നിറവുള്ള പുഴയാണ്. ചാരുതയോടെ അതൊഴുകുന്നു. സുതാര്യലളിതമായ ഹരിതനദിയുടെ ഇരുകരകളോടും ചേർന്ന് പട്ടണഗേഹങ്ങൾ നിരനിരയായി ഉയരുന്നു. അവയിൽ നിന്നും മാലിന്യക്കുഴലുകളൊന്നും നദിയിലേയ്ക്ക് നീളുന്നതായി കാണുന്നില്ല. ചപ്പുചവറുകൾ വലിച്ചെറിയപ്പെടുന്നില്ല... അതുപോട്ടെ, സങ്കീർണ്ണവികസിതമായ ഒരവബോധത്തിന്റെ ഭാഗമാണത്. അതിനെ മുൻനിർത്തിയുള്ള താരതമ്യങ്ങൾ ലളിതമാക്കുന്നത് നീതീകരിക്കാനാവില്ല.

പട്ടണത്തിനു നടുവിലൂടെയൊഴുകുന്ന ലിമ്മെറ്റ് നദി
തന്റെ യാത്രാവഴിയിൽ ചെറുതും വലുതുമായ അനേകം ജനവാസകേന്ദ്രങ്ങളെ നനച്ച്, സൂറിക്കിൽ നിന്നും നാല്പത് കിലോമീറ്റർ ദൂരം വടക്കുപടിഞ്ഞാറായി സഞ്ചരിച്ച് ലിമ്മെറ്റ്, ആരെ (Aare) നദിയോട് ചേരുന്നു. ആ നദിയോ താമസിയാതെ, കഴിഞ്ഞൊരദ്ധ്യായത്തിൽ വിശദമായി വിവരിച്ച, റൈൻ നദിയിൽ വിലയിക്കുകയും ചെയ്യുന്നു.

ഒരുകാലത്ത് ലിമ്മെറ്റ് വളരെ സജീവമായ ജലഗതാഗത വഴിയായിരുന്നു. സൂറിക്ക് പുരാതനകാലം മുതൽതന്നെ പ്രദേശത്തെ ജനസാന്ദ്രമായ പട്ടണമാവുകയാൽ മദ്ധ്യകാലത്തിന്റെ അവസാനഘട്ടത്തിലും മറ്റും അനേകം ചരക്കുവഞ്ചികൾ ഈ നദിയെ മുഖരിതമാക്കിയിരുന്നുവത്രേ. പതിനഞ്ചാം നൂറ്റാണ്ടിൽ, ഈ ഭാഗത്തിന്റെ അധിപനായിരുന്ന റോമാചക്രവർത്തി ഫ്രെഡെറിക് മൂന്നാമൻ ലിമ്മെറ്റ് വഴിയുള്ള ചരക്കുനീക്കത്തിന് ചുങ്കം ഒഴിവാക്കിക്കൊടുത്തിരുന്നതായുള്ള രേഖകൾ ലഭ്യമാണ്. എന്നാൽ പിന്നീട് ജലവൈദ്യുതപദ്ധതികളും തടയണകളും മറ്റും ഉണ്ടായിവന്നപ്പോൾ വലിയ യാനപാത്രങ്ങളുടെ ദീർഘദൂരസഞ്ചാരങ്ങൾ തടയപ്പെട്ടു.

ലിമ്മെറ്റിലെ താറാവ്
വഴികൾക്ക് പ്രചോദനം പുഴകളാണ്. വിമാനത്തിലിരുന്നു കാണുമ്പോൾ പുഴകളും വഴികളും ഏതാണ്ട് ഒരേ രൂപഭാവങ്ങളിൽ ഭൂമിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നതു കാണാം. അതിനുമപ്പുറം വഴികൾക്ക് പുഴകളോട് നല്ല കടപ്പാടുണ്ട്. നദീതടങ്ങളിൽ താവളമുറപ്പിച്ച ആദിമമനുഷ്യർ നടന്നതൊക്കെയും നദീതീരങ്ങളിലൂടെയാണ്. ഒരു ഗോത്രം രണ്ടായപ്പോൾ, നദിയുടെ മറ്റൊരു ഭാഗത്ത് അതിലൊന്ന് താവളമുറപ്പിച്ചപ്പോൾ, ജീവിതവിനിമയങ്ങളുടെ ആദ്യത്തെ പാത നദീതീരത്ത് പിറവിയെടുത്തു. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേയ്ക്ക് സഞ്ചരിക്കൂ, ചാലക്കുടിപ്പുഴ കൂടെയുണ്ടാവും. സൂറിക്കിൽ നിന്നും ബേദനിലേയ്ക്ക് വണ്ടിയോടിക്കൂ, ലിമ്മെറ്റും ഒപ്പംവരും.

ആധുനിക കാലത്ത് അതീവ സങ്കീർണ്ണമായിക്കഴിഞ്ഞ റോഡുകളെക്കാൾ കുഴമറിഞ്ഞതാണ് പലപ്പോഴും നദീപഥങ്ങൾ. സൂറിക്ക് നഗരമദ്ധ്യത്തിൽ വച്ച് മറ്റൊരു നദികൂടി ലിമ്മെറ്റിനോട് ചേരുന്നുണ്ട് എന്ന് കണ്ടപ്പോൾ ഞാനവയുടെ വിചിത്ര ജീവിതങ്ങൾ ആലോചിക്കുകയായിരുന്നു. ലിമ്മെറ്റിനെക്കാൾ നീളമുള്ള നദിയാണ് സിൽ (Sihl). സൂറിക്കിന് ഏറ്റവും അടുത്തായിവരുന്ന അൽപ്സിന്റെ വടക്കൻ ചരിവിൽ ഉത്ഭവിച്ച് താഴേയ്ക്ക് ഒഴുകുമ്പോൾ സ്വാഭാവികമായും പല നദികൾക്കും സംഭവിക്കുന്നത്‌ പോലെ സില്ലിനു കുറുകേയും അണക്കെട്ടുയരുകയും അത് സിൽസീ എന്ന റിസർവോയറിനു ഹേതുവാവുകയും ചെയ്യുന്നു. സൂറിക്ക് തടാകത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുനിന്നും ഏറെ അകലെയല്ല സിൽസീ. അതിനാൽതന്നെ റിസർവോയറിൽ നിന്നും പ്രവാഹം തുടരുന്ന സിൽ, പട്ടണത്തിലെത്തി ലിമ്മെറ്റിൽ ചേരുന്നത് സൂറിക്ക് തടാകത്തിനു സമാന്തരമായി ഒഴുകിയാണ്.

ലിമ്മെറ്റിലേയ്ക്ക് വിലയിക്കുന്നതിനു തൊട്ടുമുൻപായി ഒരു വലിയ സംരംഭം സില്ലിനു മുകളിലായി ഒരു പാലം പോലെ നിർമ്മിക്കപ്പെട്ടിട്ടുണ്ട് - സൂറിക്ക് തീവണ്ടിനിലയം!

സൂറിക്ക് തീവണ്ടിനിലയം
എവിടെ നിന്നെങ്കിലും വന്ന് സൂറിക്ക് തീവണ്ടിനിലയത്തിൽ ഇറങ്ങുകയോ, ഇവിടെ നിന്ന് ഒരു തീവണ്ടിയിൽ കയറി എങ്ങോട്ടെങ്കിലും പോവുകയോ ഉണ്ടായില്ല. എങ്കിലും അതിനു മുന്നിലൂടെ നടക്കുമ്പോൾ വെറുതേ അകത്തുകയറി ഒന്ന് വട്ടംചുറ്റി. യൂറോപ്പിന്റെ പല ഭാഗങ്ങളിലേയ്ക്കും പോകാനായി കാത്തുകിടക്കുന്ന ട്രെയിനുകളുടെ ബോർഡുകൾ വായിച്ച്, ആ നഗരപരിഛേദത്തിന്റെ അലകളിൽ അൽപമലഞ്ഞു.

1847 - ൽ ആദ്യത്തെ തീവണ്ടിയോടിയ ഈ സ്റ്റേഷൻ സ്വിറ്റ്സർലാൻഡിലെ ഏറ്റവും വലിയ തീവണ്ടിനിലയവും യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ വണ്ടികൾ കടന്നുപോകുന്നതുമായ ഒന്നാണ്. മുന്നിലെ പ്രധാന കെട്ടിടത്തിന് പൗരാണികഭാവമുണ്ടെങ്കിലും അകത്തുകയറി പ്ലാറ്റ് ഫോമിന്റെ ഭാഗത്തേയ്ക്ക് ചെല്ലുമ്പോൾ കാണാൻ ഭംഗിയുള്ള ചില തീവണ്ടികൾ നിരന്നു കിടപ്പുണ്ടെങ്കിലും അത്ഭുതകരമായ ഒന്നുംതന്നെ കാഴ്ചയിൽ പതിഞ്ഞില്ല. ആസ്ത്രേലിയ എന്ന രാജ്യത്തിന്റെ മൊത്തം ജനസംഖ്യയെ ഒരുദിവസം കൊണ്ട്  തന്റെ സർപ്പോദരത്തിൽ വഹിച്ച് ലക്ഷ്യത്തിലെത്തിക്കുന്ന ഇൻഡ്യൻ റെയിൽവേയ്ക്ക് ഭംഗിപോരാ എന്ന് ഇവിടെ കിടക്കുന്ന തീവണ്ടികളെയോ പരിസരത്തെയോ പ്രതി താരതമ്യം ചെയ്യുന്നത് അതിനെക്കാളേറെ അഭംഗിയുളവാക്കുന്ന സംഗതിയാവും.

തീവണ്ടിനിലയത്തിനു മുന്നിലെ ശില്പവും ഘടികാരവും
തീവണ്ടിനിലയത്തിൽ നിന്നും ഇറങ്ങുമ്പോൾ വലതുവശത്തായി കാണുന്ന സവിശേഷ നിർമ്മിതി സ്വിസ്സ് നാഷണൽ മ്യൂസിയമാണ്. ലിമ്മെറ്റും സില്ലും ചേരുന്ന മുനമ്പിലാണ് മ്യൂസിയം കെട്ടിടം നിൽക്കുന്നത്. പഴയ സൂറിക്ക് നഗരത്തിന്റെ ലാൻഡ് മാർക്കാണ് ഈ കെട്ടിടം എന്നുപറയാം. തീവണ്ടിനിലയത്തിൽ നിന്നും ഇറങ്ങി ലിമ്മെറ്റിനു കുറുകേയുള്ള പാലം കടന്ന് മറ്റ് നഗരഭാഗങ്ങളിലേയ്ക്ക് നടക്കുമ്പോൾ നദീതീരത്തായി ഈ പൗരാണിക കെട്ടിടം അതിന്റെ അനേകം ഗോപുരങ്ങളുമായി വിസ്തൃതമാവുന്നു.

1898 - ൽ നിർമ്മാണം പൂർത്തിയായ കെട്ടിടമാണിത്. പ്രധാനമായും ഫ്രാൻസിനെ മുൻനിർത്തി വ്യവഹരിക്കുന്ന നവോത്ഥാന വാസ്തുരീതിയിൽ ഉയർന്നുവന്ന പ്രഭുഗൃഹങ്ങളുടെ മാതൃകയിലാണ് ഈ കാഴ്ചബംഗ്ലാവ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഫ്രെഞ്ച് നവോത്ഥാനകാലം പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടുവരെയാണ് പ്രഭാവം രേഖപ്പെടുത്തിയതെങ്കിലും അത് സംഭാവനചെയ്ത സർഗ്ഗചലനങ്ങൾ പിന്നീട് എത്രയോ വർഷങ്ങൾ തുടർന്നു എന്നതിന് നിദർശനമാണ് ഈ കെട്ടിടം.

സ്വിസ്സ് നാഷണൽ മ്യൂസിയം
മ്യൂസിയങ്ങൾ മറ്റൊരു ലോകമാണ്. സഞ്ചാരവഴിയിൽ അരമണിക്കൂർ നേരംകൊണ്ട് കണ്ടുപോകാനുള്ള കാഴ്ചയല്ല അതിനുള്ളിലുള്ളത്, ഈ മ്യൂസിയത്തിലെന്നല്ല, എവിടെയും. ബാല്യത്തിൽ തന്നെ, കൃത്യമായ ഒരാശയമെന്ന നിലയ്ക്കല്ലെങ്കിലും, അങ്ങനെ മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതിന് നിദാനമായത് തിരുവനന്തപുരം മ്യൂസിയം വളപ്പിലെ രണ്ട് ചിത്രശാലകലാണ് - കൂടുതലും രാജാരവിവർമ്മയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ശ്രീചിത്രാ ആർട്ട് ഗാലറിയും കെ. സി. എസ്സിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ പേരിലുള്ള ചിത്രശാലയും. മ്യൂസിയം വളപ്പിലെ പ്രധാന കാഴ്ചബംഗ്ലാവ് കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് കടക്കുന്ന പുരാവസ്തുശേഖരമുള്ള നാപിയർ മ്യൂസിയമാണെങ്കിലും എന്നെ അക്കാലത്ത് കൂടുതൽ ആകർഷിച്ചത് ആദ്യം സൂചിപ്പിച്ച ചിത്രശാലകളാണ്.

കുട്ടിക്കാലത്ത് സ്കൂളിൽ നിന്നും മൃഗശാല കാണാൻ കൊണ്ടുവന്ന കൂട്ടത്തിലാണ് അടുത്തുള്ള ഈ ചിത്രശാലകളിലേയ്ക്കും ആദ്യമായി ഒരു ഓട്ടപ്രദിക്ഷണം സാധ്യമാകുന്നത്. അബോധമായി അന്ന് അവിടുത്തെ ചിത്രങ്ങൾ ഉൾചലനമുണ്ടാക്കിയിരുന്നിരിക്കണം എന്നിപ്പോൾ തോന്നുന്നു. കാരണം ഹൈസ്കൂൾ കാലത്ത്, അതിനടുത്തൊരു സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ഞാൻ പലപ്പോഴും ആ ചിത്രശാലകളിലേയ്ക്ക് മടങ്ങിപ്പോയി ഒരുപാട് സമയം അവിടെ ചിലവഴിച്ചിരുന്നു. രാജാരവിവർമ്മയോ കെ.സി. എസോ അല്ല ആ ഗാലറികളിലേയ്ക്ക് എന്നെ വീണ്ടും വീണ്ടും കൊണ്ടുപോയത് - നിക്കൊളാസ് റേറിക്ക് ആയിരുന്നു. ശ്രീചിത്രയിലെ ഇരുണ്ടവെട്ടത്തിൽ അദ്ദേഹത്തിന്റെ വിചിത്രമായ ഭൂപ്രകൃതീചിത്രങ്ങൾ മഗ്നമായി കണ്ടുനിന്ന അഭൗമാനുഭവം പകർത്താവതല്ല.

സവിശേഷമായ താല്പര്യങ്ങളില്ലെങ്കിൽ യാത്രാവഴിയിൽ വന്നുപെടുന്ന മ്യൂസിയങ്ങളിൽ സമയംകൊല്ലാനായി കയറാറില്ല...

ലിമ്മെറ്റിന്റെ കരയിലൂടെ അലസം നടക്കുന്ന ഗൾപക്ഷികൾ 
മ്യൂസിയത്തിന്റെ ഒരു വശത്തെ നടപ്പാതയിലൂടെ, ലിമ്മെറ്റിന്റെ അരികുപറ്റി പിറകിലേയ്ക്ക് നടക്കാം. നദിയിൽ നീന്തുന്ന തിളങ്ങുന്ന നിറമുള്ള താറാവുകളും അരയന്നങ്ങളും, തീരത്തെ തട്ടുകളിൽ വെയിൽകാഞ്ഞിരിക്കുന്ന മറ്റു ജലപക്ഷികൾ. അവിടെ, കാഴ്ചബംഗ്ലാവിന്റെ പിറകിലാണ് ലിമ്മെറ്റും സില്ലും സംയോജിക്കുന്ന മുനമ്പ്. ഹരിതനിബിഡമായ ഒരുദ്യാനമാണ് അവിടം. നദീതീരത്തെ മുനമ്പിലായതുകൊണ്ട് നീഡിൽപാർക്ക് എന്ന് വിളിപ്പേര്. ഇപ്പോൾ മനോഹരമായും ഏറെക്കൂറെ വിജനമായും കാണപ്പെടുന്ന ഈ ഉദ്യാനം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വിചിത്രമായ രീതിയിൽ കുപ്രസിദ്ധിനേടുകയുണ്ടായി...

എഴുപതുകളിലും എൺപതുകളിളിലും യൂറോപ്പിലെ യുവജനം വളരെ വ്യാപകമായി മയക്കുമരുന്ന് ഉപയോഗത്തിലേയ്ക്ക് പോയിരുന്നു. ആ രാജ്യങ്ങൾ പലതും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കൈവരിച്ച സാമൂഹ്യാഭിവൃദ്ധിയുടേയും സ്വാതന്ത്ര്യത്തിന്റെയും ഉപോൽപന്നമായിരുന്നു ആ അവസ്ഥ. സൂറിക്കും ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. മുനമ്പിന്റെ ഇരുഭാഗവും നദിയും, നഗരത്തിലേയ്ക്ക് തുറന്നുകിടക്കേണ്ട ഭാഗത്ത് കോട്ടപോലെ ഉയർന്നുനിൽക്കുന്ന മ്യൂസിയം കെട്ടിടവും ആയപ്പോൾ, വിഘടിതസ്വരൂപമാർജ്ജിച്ച നീഡിൽപാർക്ക് ലഹരിയുപാസകരുടെ പൂരപ്പറമ്പായി മാറി.

വിചിത്രമെന്നു പറയട്ടെ, 1887 - ൽ സർക്കാർ ആ ഉദ്യാനത്തെ ലഹരിയുപയോഗിക്കുന്നവർക്കും കച്ചവടം നടത്തുന്നവർക്കും ഒക്കെയായി നിയമാനുസൃതം തുറന്നുകൊടുത്തു. പോലീസ് അതിനകത്ത് പ്രവേശിക്കുന്നത് വിലക്കി. ലഹരിയനുബന്ധ കുറ്റകൃത്യങ്ങൾ പട്ടണത്തിന്റെ മറ്റുഭാഗങ്ങളെ ബാധിക്കുന്നതിന് തടയിടുക എന്ന ഉദ്ദേശത്തിലായിരുന്നുവത്രേ ആ നടപടി.

പക്ഷേ അതൊരു കടന്ന നടപടിയായിപ്പോയെന്ന് താമസിയാതെ സർക്കാരിന് മനസ്സിലായി. യൂറോപ്പിന്റെ പല ഭാഗത്തു നിന്നും ലഹരിയടിമകളും മയക്കുമരുന്ന് കച്ചവടക്കാരും ഇവിടെ തമ്പടിച്ചു. ഒരേസമയം ഏതാണ്ട് ഇരുപതിനായിരത്തോളം പേർ ഈ ചെറിയ ചുറ്റളവിൽ സന്നിഹിതമായിരുന്നു. മരണവും കൊലപാതകവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വർദ്ധിക്കുകയും, അവയുടെ ബഹിർസ്ഫുരണം ഉദ്യാനത്തെ കവിഞ്ഞ് പട്ടണത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കാൻ തുടങ്ങുകയും ചെയ്തു. പാർക്കിനടുത്തുള്ള പ്രദേശങ്ങളിൽ, ലഹരിയടിമകളാൽ നടത്തപ്പെടുന്ന മോഷണങ്ങളും പതിവായി...

അങ്ങനെ 1992 -ൽ വിപുലമായ ഒരു പോലീസ് നടപടിയിലൂടെ സർക്കാർ ഉദ്യാനത്തെ വീണ്ടെടുക്കുകയും, പുനരുദ്ധരിച്ച് വീണ്ടും സാധാരണ ജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

നടവഴിയുടെ ഓരത്തായി പാർക്കുചെയ്തിരിക്കുന്ന സൂറിക്കിലെ പ്രധാനമായ ഒരു ഗതാഗതമാധ്യമത്തിന്റെ നിര...
സാങ്കേതികമായി സംസാരിച്ചാൽ, അതിപുരാതനത്വം അവകാശപ്പെടാനാവുന്ന ഈ രാജ്യത്തെ പ്രധാന പട്ടണങ്ങളിലൊന്നാണ് സൂറിക്ക്. നവീനശിലായുഗകാലം മുതൽ ഈ ഭാഗത്ത്, സൂറിക്ക് തടാകത്തിന്റെ തീരത്തായി, ജനവാസമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് ഈ പട്ടണനിരത്തുകളിലൂടെ നടക്കുമ്പോൾ പക്ഷേ, നവീനശിലായുഗത്തെക്കുറിച്ചോ, തുടർന്നുവന്ന ചെമ്പുയുഗത്തെക്കുറിച്ചോ ഓർമ്മയിൽ വരുകയില്ല. എന്നാൽ, നമുക്ക് കുറച്ചുകൂടി പരിചിതമായ ദുബായ് പോലുള്ള ആധുനിക നഗരങ്ങളുമായി സൂറിക്കിനെ, യൂറോപ്പിലെ നഗരങ്ങളെ, താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്ന് മനസ്സിലാവും. എന്നാൽ ക്രിസ്താബ്ദത്തിനു ശേഷം ഉണ്ടായിവന്ന വിവിധങ്ങളായ നാഗരികതുടർച്ചകളുടെ സ്പർശം ഇപ്പോഴും ഇവിടങ്ങളിൽ അനുഭവിക്കാനാവും. ഒരു മുപ്പത്തിനാല് നില കെട്ടിടം ചൂണ്ടിക്കാണിച്ച്, ഇതാണ് ഈ നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന് ഒരു സ്വദേശി പറയുമ്പോൾ, ഏതാണ്ട് അത്രയും ഉയരത്തിലിരുന്ന് നിത്യവൃത്തിക്കായുള്ള ജോലിചെയ്യുന്ന എന്നെ അത് അത്ഭുതപ്പെടുത്തേണ്ടതില്ലല്ലോ (ഉയരമുള്ള കെട്ടിടങ്ങൾ ഉണ്ടാക്കാൻ ഇവിടെ വിലക്കുണ്ടത്രേ). അതേസമയം മദ്ധ്യകാലം മുതൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള വിവിധങ്ങളായ വാസ്തുനിർമ്മിതികളുടെ സവിശേഷ വിന്യാസം ഞങ്ങളുടെ നീണ്ട നടത്തത്തെ സാധൂകരിച്ചുകൊണ്ടിരുന്നു.

സൂറിക്ക് പട്ടണം - മറ്റൊരു കാഴ്ച
ഈ വിദൂരപട്ടണത്തിന്റെ ഒരിക്കലും കണ്ടിട്ടില്ലാത്ത നിരത്തുകളിലൂടെ ഞങ്ങൾ ലക്ഷ്യമില്ലാതെ അലസം നടന്നുകൊണ്ടിരുന്നു. യൂറോപ്പിലെ പ്രമുഖപട്ടണങ്ങൾ ഇന്നത്തെ ഒരു മലയാളി സഞ്ചാരിക്ക് വലിയ ആശ്ചര്യം ഉണ്ടാക്കാനിടയില്ല. പൊറ്റക്കാട്ടിന്റെ കാലത്തെ കേരളത്തിൽ നിന്നല്ല ഇന്നത്തെ മലയാളി യാത്രികൻ യാത്ര തുടങ്ങുക എന്നതുതന്നെയാണ് അതിന്റെ പ്രധാന കാരണം.

ശരിയാണ്, റോഡിൽ വൃത്തിയുള്ള ട്രാമുകളോടുന്നുണ്ട്, നിരയൊത്തു നീങ്ങുന്ന മറ്റു വാഹനങ്ങളുണ്ട്, അൽപവസ്ത്രധാരിണികളായ സ്ത്രീജനങ്ങളുണ്ട്‌... എങ്കിലും ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യസാഹചര്യം, നമ്മുടെ പൊതുജീവിതം ലോകത്തിലേയ്ക്ക് തുറന്നുവച്ചിരിക്കുന്ന വാതായനത്തിന്റെ വ്യാപ്തി, ഈ ചെറിയ വ്യത്യാസങ്ങളുടെ പുളപ്പ് പെട്ടെന്നുതന്നെ മായിച്ചുകളയും. വലിയ അപ്രതീക്ഷിതങ്ങളൊന്നും ഈ നിരത്തുകൾ മുന്നിലേയ്ക്ക് വയ്ക്കില്ല...

അധികം ചൂടില്ലാത്ത വെയിൽവീണ ഭൂമി...

നടന്നു നടന്ന് ഞങ്ങൾ ഒരു കച്ചവടത്തെരുവിലെത്തി. ഓടുപാകിയ ചെറിയ വഴി. പാതയുടെ ഇരുവശത്തും ചെറുകിട കച്ചവടസ്ഥാപനങ്ങൾ. തീൻശാലകളിൽ നിന്നും മുറ്റത്തേയ്ക്ക് വലിച്ചിട്ടിരിക്കുന്ന ഇരിപ്പിടങ്ങൾ... ഹൈസ്ട്രീറ്റുകൾ എന്ന് വിളിപ്പേരുള്ള ഇത്തരം കച്ചവടനിരത്തുകൾ പ്രാദേശികമായ ചെറിയ വ്യത്യാസങ്ങളോടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാം. കോഴിക്കോട്ടെ മിഠായിത്തെരുവു പോലെയോ തിരുവനന്തപുരത്തെ ചാല കമ്പോളം പോലെയോ ഒക്കെ...

വലിയ തിരക്കില്ലെങ്കിലും നിരത്ത് വിജനമാണ് എന്നുപറയാനാവില്ല. ഭക്ഷണശാലകളിൽ അലസം ബിയറും നുണഞ്ഞിരിക്കുന്ന മദ്ധ്യവയസ്കരെ ഈ ഉച്ചനേരത്തും കാണാം. അടുത്തുള്ള ഓഫീസുകളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഇടത്തരക്കാരാവാം, മറ്റു ചിലരും ദത്തശ്രദ്ധയോടെ ആഹരിക്കുന്നതിൽ വ്യാപൃതരായിരിപ്പുണ്ട്. കടകളിൽ കയറിയിറങ്ങി നടക്കുന്ന പലവിധ ജനങ്ങൾ - അധികം പ്രായമായവരെ കണ്ടു. പല ചെറുകടകളുടെയും പ്രദർശനഭാഗത്ത് ലോകപ്രശസ്ത ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ നിരന്നിരിക്കുന്നു. ഇത്തരം ചെറുകടകളിലും അവ ലഭ്യമാണ് എന്നതാണോ അതോ ഇവിടെയും സജീവമായ ഒരു ഗ്രേ മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട് എന്നതാണോ യാഥാർത്ഥ്യം എന്ന സംശയം ബാക്കിയായി...

സൂറിക്കിലെ ഒരു കച്ചവടത്തെരുവിൽ നിന്നും...
സ്വിറ്റ്സർലാൻഡിലെ ഏറ്റവും വലിയ നഗരമായ സൂറിക്ക് താരതമ്യത്തിൽ പല കാര്യങ്ങളിലും മറ്റനേകം പ്രശസ്ത ലോകനഗരങ്ങളെക്കാളും മുന്നിലത്രേ. സമ്പന്നനഗരം എന്നതിനൊപ്പം, ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ വസിക്കുന്ന പ്രദേശവുമത്രേ സൂറിക്ക്. ചില നിശ്ചിത മാനദണ്ഡങ്ങളുപയോഗിച്ചാണ് ഇത്തരം തിരഞ്ഞെടുപ്പുകൾ നടത്തുക എന്നതുകൊണ്ടു തന്നെ 'സന്തുഷ്ടി' എന്നു വിവക്ഷിക്കുന്ന വളരെ സങ്കീർണ്ണവും അഗോചരവുമായ മനുഷ്യാവസ്ഥയെ ഇവ്വിഥം അക്കമിട്ട് നിർവ്വചിക്കുന്നതിൽ അർത്ഥശൂന്യതയില്ലാതില്ല.

വാദത്തിന് അത് മുഖവിലക്കെടുത്താൽ കൂടി അതിന്റെ പ്രത്യക്ഷവത്കരണം ഈ നഗരജീവിതങ്ങളിൽ ഒരു ലളിതസഞ്ചാരിയ്ക്ക് എങ്ങനെ കാണാനും അനുഭവിക്കാനുമാവും എന്നതും മറ്റൊരു പ്രശ്നം. കണ്ടിട്ടുള്ള ഏത് പാശ്ചാത്യനഗരങ്ങളിലേയും പോലെ തീവണ്ടിനിലയത്തിൽ വന്നിറങ്ങി ഒന്നും ശ്രദ്ധിക്കാതെ അതിവേഗം നടന്നുപോകുന്ന ഉദ്യോഗസ്ഥർ, മൊബൈലിൽ ദത്തശ്രദ്ധരായി ട്രാംസ്റേഷനുകളിൽ വണ്ടികാത്തിരിക്കുന്നവർ, കൈകോർത്തു പിടിച്ച് പ്രണയാർദ്രരായി കടന്നുപോകുന്ന നവയുവാക്കൾ, പാതയോരത്തെ പ്രത്യേക വഴികളിലൂടെ സൈക്കിൾ ചവിട്ടിപ്പോകുന്ന മറ്റൊരു കൂട്ടർ, സൂപ്പർ മാർക്കറ്റിൽ നിന്നും സാധനവും വാങ്ങി നടപ്പാതയിലേയ്ക്കിറങ്ങി ചൂടില്ലാത്ത വെയിലേറ്റുനിന്ന് സാധനവും ബില്ലും ഒത്തുനോക്കുന്ന വൃദ്ധദമ്പതികൾ...

ശരിയായിരിക്കാം, അവരൊക്കെ സന്തുഷ്ടരായിരിക്കാം...!

മറ്റൊരു പട്ടണക്കാഴ്ച...
സൂറിക്ക് പോലൊരു വലിയ പാശ്ചാത്യനഗരം ആകമാനം ഒറ്റയടിക്ക് നടന്നുകാണാം എന്നത് വ്യാമോഹമാണ്. ഞങ്ങൾ താമസിക്കാൻ തിരഞ്ഞെടുത്ത നഗരഭാഗത്തു നിന്നും കുറച്ചകലെയാണ് പ്രധാന തീവണ്ടിനിലയവും മറ്റും. ആ ഭാഗത്തായാണ്‌ ഞങ്ങൾ നടന്നുകൊണ്ടിരുന്നത്...

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ്സിൽ കയറി ഞങ്ങൾ മറ്റൊരു പ്രദേശത്ത് ചെന്നിറങ്ങി. മുൻകാലത്ത് ഈ ഭാഗം നഗരത്തിന്റെ വ്യവസായശാലകൾ നിന്നിരുന്ന സ്ഥലമായിരുന്നത്രേ. ഇന്ന് അവയിൽ പലതും പൂട്ടിപ്പോയിരിക്കുന്നു. നാഗരവ്യാപ്തി വർദ്ധിക്കുകയും വ്യവസായശാലകളൊക്കെ നഗരമദ്ധ്യത്തിൽ ആയിത്തീരുകയും ചെയ്തപ്പോഴാണ്, പട്ടണത്തിലെ ജനസംഖ്യ കുറയ്ക്കാനായിക്കൂടി അവയിൽ പലതും പ്രാന്തങ്ങളിലേയ്ക്ക് മാറ്റിസ്ഥാപിക്കപ്പെട്ടത്. 1962 - ൽ ഏതാണ്ട് നാലരലക്ഷം ജനങ്ങളുണ്ടായിരുന്ന സൂറിക്ക് നഗരത്തിൽ 2008 ആവുമ്പോഴേയ്ക്കും ജനസംഖ്യ മൂന്നുലക്ഷത്തി എൺപതിനായിരമായി കുറഞ്ഞിരുന്നു. നഗരത്തെ ജനസാന്ദ്രമാക്കാതെ ആളുകളെ പട്ടണോപാന്തങ്ങളിലേയ്ക്ക് മാറ്റിപാർക്കാനുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഭാഗമായാണ് നഗരാതിർത്തിക്കുള്ളിലെ ജനസംഖ്യ ക്രമാനുഗതമായി കുറഞ്ഞുവന്നത്.

ഒരു സൂറിക്ക് നഗരവാസിയെ നമ്മുടെ ഏതെങ്കിലുമൊരു ഇടത്തരം അങ്ങാടിയിൽ കൊണ്ടുനിർത്തിയാൽ അവിടുത്തെ ജനബാഹുല്യം കണ്ട് അയാൾ പകച്ചുപോകും എന്നതിന് സംശയമില്ല. അതേസമയം സൂറിക്ക് ഈ രാജ്യത്തെ ഏറ്റവും തിരക്കുള്ള പട്ടണമാണ് എന്നതും ഓർക്കണം.

പൂട്ടിപ്പോയ ഒരു വ്യവസായശാലയുടെ പുകക്കുഴൽ അകലെ കാണാം...
പൂട്ടിപ്പോയ വ്യവസായശാലകൾ നിന്നിരുന്ന കെട്ടിടങ്ങൾ പലതും പക്ഷേ ഇപ്പോഴും അവിടെത്തന്നെയുണ്ട്. ചിലത് അടഞ്ഞുകിടക്കുകയാണെങ്കിൽ മറ്റു പലതും രൂപാന്തരീകരണം നേടി പുനർജനിച്ചിരിക്കുന്നു. അടഞ്ഞുകിടക്കുന്നവയും പരിണാമത്തിന്റെ ഘട്ടത്തിലാണ് എന്ന് തോന്നുംവിധം ചില നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടു.

ഇത്തരത്തിൽ രൂപപരിണാമം സംഭവിച്ച ഒന്ന് രണ്ട് ഫാക്ടറി കെട്ടിടങ്ങളിൽ  ഞങ്ങൾ കയറുകയുണ്ടായി. അവ മുൻപ് എന്തുതരം നിർമ്മാണശാലകളായിന്നു എന്ന് അറിയില്ല - പക്ഷെ ഇന്ന് അതിലൊന്ന് അവാൻഗാഡ് കലാവിഷ്കാരങ്ങൾ പ്രദർശിപ്പിക്കുന്ന, അരങ്ങേറുന്ന ഒരു പ്രദർശനശാലയും തിയേറ്ററുമായി മാറിയിരിക്കുന്നു. മാറ്റൊരെണ്ണം ഒരിടത്തരം ഷോപ്പിംഗ്‌ കോംപ്ലക്സായി പരകായപ്രവേശം നടത്തിയിരിക്കുന്നു. പൊടിഞ്ഞു നശിക്കാതെ ഇത്തരം കെട്ടിടങ്ങളെ എങ്ങനെ പുനരുപയോഗിക്കാം എന്നും അതുവഴി എങ്ങനെ  പൊതുസമ്പത്തിന്റെ ചോർച്ച കഴിവതും തടയാനാവും എന്നുള്ളതിന്റെയും നല്ല ദൃഷ്ടാന്തങ്ങളായി അവ.

ഷോപ്പിംഗ്‌ കോംപ്ലക്സായി മാറിയ പഴയ ഒരു ഫാക്ടറി 
വഴിനീളെ ഒട്ടിച്ചു വച്ചിരിക്കുന്ന സിനിമാപോസ്റ്ററുകൾ, ഏതു വളവിലും ഭീമാകാരമായി നിൽക്കുന്ന ഇടിവെട്ട് പരസ്യഹോഡിങ്ങുകൾ, സംസ്ഥാന സമ്മേളനങ്ങളുടെ വർണ്ണച്ചുമരെഴുത്തുകൾ, രാഷ്ട്രീയക്കാരുടെയും എ-പ്ലെസ്സുകാരുടെയും ഫ്ലെക്സുകൾ... നമ്മുടെ നഗരതെരുവുകൾ ഇത്തരത്തിൽ വർണ്ണചിത്രാക്ഷര മുഖരിതമാണ്. സ്ഥായിയായ അവസ്ഥയായതുകൊണ്ട് അത് വൃത്തികേടാണെന്നും നഗരചാരുതയെ (അങ്ങനെയൊന്നുണ്ടെങ്കിൽ) നശിപ്പിക്കുന്നതാണെന്നും ജനങ്ങൾക്ക് മനസ്സിലാക്കാനാവാതെ പോവുകയുംചെയ്യുന്നു. നഗരഭംഗി എന്നത് മുൻഗണനയുള്ള സാമൂഹ്യാനിവാര്യതായി നമ്മുടെ നാട്ടിൽ ഉരുത്തിരിഞ്ഞു വന്നിട്ടില്ല എന്നതും ഒരടിസ്ഥാനപ്രശ്നമാണ്.

നഗരകാഴ്ചകളുടെ ചിത്രമെടുപ്പ് ആഗ്രഹിക്കുന്ന എന്നെപ്പോലുള്ളവരെ നമ്മുടെ നാട്ടിൽ ഏറ്റവും അലോസരപ്പെടുത്തുന്ന മറ്റൊന്ന് തലയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പോകുന്ന വൈദ്യുതക്കമ്പികളുടെ ബാഹുല്യമാണ്. ഭംഗിയുള്ള ഒരു വാസ്തുനിർമ്മിതിയുടെ ചാരുത ഫോട്ടോയിൽ നിന്നും അപ്പാടെ ചോർത്തികളയാൻ അത് മതിയാവും (ഫോട്ടോഷോപ്പിൽ എന്തും സാധ്യമാവും എന്നിരിക്കെ, ആ സാങ്കേതികതയിൽ പ്രാവിണ്യമുള്ളവർക്ക് ഈ കമ്പികളെ ചിത്രത്തിൽ നിന്നും മായ്ച്ചുകളയാൻ പ്രയാസമുണ്ടാവില്ലത്രേ).

വിദേശനഗരങ്ങളിൽ ഇത്തരത്തിലുള്ള ചുമരെഴുത്ത് / പരസ്യ കോലാഹലങ്ങളും ചിലന്തിവല പോലെയുള്ള വൈദ്യുതക്കമ്പികളും പൊതുവേ കാണാനാവില്ല. എന്നാൽ അവയുടെ വകഭേദങ്ങൾ ഇല്ലാതില്ല...

നഗരത്തിലെ ട്രാമുകൾ, അവയുടെ സഞ്ചാരവഴിക്ക് മുകളിലൂടെ നീളുന്ന വൈദ്യുതക്കമ്പികളുടെ ബലത്തിലാണ് ഓടുന്നത്. നഗരകേന്ദ്രത്തിൽ പലയിടത്തും വാസ്തുസംബന്ധിയായ പട്ടണക്കാഴ്ചകൾക്ക് പോറലേൽപ്പിച്ചുകൊണ്ട് ഇത്തരം ട്രാം വൈദുതക്കമ്പികൾ കാണാം. ട്രാം ഓടുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഈ ആലോസരമുള്ളത് എന്നതും ഓർക്കാം.

പട്ടണമദ്ധ്യത്തെ പള്ളിഗോപുരം...
പ്രധാനനിരത്തുകൾ വിട്ട് ചില ഇടവഴികളിലൂടെ കടന്നുപോകുമ്പോൾ, നഗരത്തിന്റെ അത്രയൊന്നും പൊലിമയില്ലാത്ത പിന്നാമ്പുറങ്ങളിൽ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ ചുമരുകളിൽ എമ്പാടും ഗ്രാഫിറ്റികൾ... - അധോതുറകളിലെ ലാവണ്യപൂർണ്ണമായ ആവിഷ്കാരം! യൂറോപ്പിലെ തീവണ്ടിനിലയങ്ങളോട് ചേർന്നുള്ള മതിലുകളിലും മറ്റും തീവണ്ടിയാത്ര നടത്തുന്ന സമയത്ത് ഇത്തരം ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അതിപുരാതനത്വം അവകാശപ്പെടാനാവുന്ന ഒരു കലാധാരയാണ് ഗ്രാഫിറ്റി. വ്യവസ്ഥാപിത ചിത്രകലയ്ക്ക് പുറത്ത്, അത്തരം പ്രകാശനസാധ്യതകൾ അന്യമായ ഇടങ്ങളിൽ, കിട്ടിയ ചുമരുകളിൽ, കിട്ടിയ സങ്കേതങ്ങൾ ഉപയോഗിച്ച് ചിത്രരചന നടത്തുന്ന അജ്ഞാതരായ കലാകാരന്മാർ...

തോന്നുന്ന ചുമരുകളിൽ അനുവാദമില്ലാതെ വരച്ചുവയ്ക്കുന്നു എന്നതിനാൽ ഗ്രാഫിറ്റിക്ക് പലപ്പോഴും നിയമലംഘനത്തിന്റെ ഒരു തലമുണ്ട്‌. എന്നാൽ ഇന്ന് മുഖ്യധാരയിൽ ഏറെക്കൂറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു ഈ കലാവഴി. നമ്മുടെ നാട്ടിൽ തന്നെ ബിയന്നാലെയുമായിട്ട് ബന്ധപ്പെട്ട്, പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടു കിടന്ന പല ചുമരുകളും ഗ്രാഫിറ്റികളാൽ നിറയുന്നത് കണ്ടിരുന്നുവല്ലോ...

നഗരത്തിന്റെ ചുമരുകളെ, ഇരുളിന്റെ മറവിൽ വികൃതമാക്കുന്നു എന്നൊക്കെ സാങ്കേതികമായി പറയാമെങ്കിലും, സിനിമാ പോസ്റ്ററുകളുടെയും രാഷ്ട്രീയ ചുമരെഴുത്തുകളുടെയും പരസ്യഹോഡിങ്ങുകളുടെയും ഒക്കെ വ്യവസ്ഥയില്ലാത്ത നഗരമലിനീകരണത്തിൽ നിന്നും ഏറെ ഉയരെയാണ് ഇത്തരം കലാവിഷ്കാരങ്ങൾ എന്നത് നിസ്തർക്കം.

ഗ്രാഫിറ്റി
നേരമിരുട്ടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ താമസസ്ഥലത്തേയ്ക്ക് മടങ്ങി. പകൽ മുഴുവൻ നീണ്ട അലച്ചിലിന്റെ ക്ഷീണം ഇളം ചൂടുജലത്തിന്റെ നീരാവിയിൽ അലിയിച്ചു...

ഈ രാത്രി ഇരുണ്ടുവെളുക്കുമ്പോൾ ഞങ്ങൾക്കീ പട്ടണം വിടേണ്ടതുണ്ട്. ഒരിടവേളയ്ക്ക് ശേഷം അടുത്ത നീണ്ട ഡ്രൈവിംഗിന്റെ പകലാണ്‌ എന്നെ കാത്തിരിക്കുന്നത്. അതിനുമുൻപ് കുറച്ചുനേരം കൂടി, ഇനിയൊരിക്കലും കാണാൻ ഇടയില്ലാത്ത ഈ നഗരത്തിന്റെ രാത്രിധമനികളിലൂടെ, ഞങ്ങൾ അലസം നടന്നു...

എത്തപ്പെട്ടത് ഒരു മെക്സിക്കൻ തീൻശാലയിലാണ്. ഒരു ചെറുകിട ഭക്ഷണശാല. ഇരുണ്ട ചുമന്ന വെട്ടത്തിൽ, മായൻ സംസ്കൃതിയുടെ മുഖമുദ്രയായി കാണാറുള്ള ചില മുഖാവരണങ്ങളും ആഭരണങ്ങളും വർണ്ണശീലകളും ചുമരിനെ അലങ്കരിച്ചുകൊണ്ട് തൂങ്ങിക്കിടക്കുന്നു, കേരളത്തിലെ റിസോർട്ടുകളിൽ പതിച്ചുവച്ചിരിക്കുന്ന കഥകളി മുഖങ്ങൾ എന്നപോലെ...

കഴിക്കാൻ വന്നവർ വളരെ കുറവ്. ബാർമേശയിൽ മാത്രം ഒന്നുരണ്ട് പേർ മദ്യപിച്ചുകൊണ്ടുണ്ട്. കഴിക്കാൻ സാധിക്കും എന്നു തോന്നിയ ഏതാനും വിഭവങ്ങൾ മാത്രം മെനുകാർഡിലെ ചിത്രങ്ങൾ നോക്കി ഓർഡർചെയ്തു...

മെക്സിക്കൻ ഭോജനശാലയിൽ...
ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഹോട്ടൽ മുറിയിലെ ജാലകത്തിരശ്ശീല നീക്കി മുന്നിലെ നിരത്തിലേയ്ക്ക് നോക്കി കുറച്ചുനേരം നിന്നു. വഴിവിളക്കുകളുടെ ഹാലോജെൻ മഞ്ഞയിൽ കുളിച്ചുകിടക്കുന്ന വിജനമായ നിരത്ത്. അവസാനത്തെ ട്രിപ്പ്‌ ആണെന്ന് തോന്നുന്നു, പ്രകാശത്തിന്റെ ജാലകത്തുരുത്തുകളുമായി ഒരു ട്രാം ഇഴഞ്ഞുനീങ്ങുന്നു. 

ഞാനിതെവിടെയാണ്‌? അപരിചിതമായ ആ രാത്രിയിലേയ്ക്ക് നോക്കിനിൽക്കേ വിഘടിതമായ ഒരാത്മസ്വത്വം ഉള്ളിൽ നിന്നും ചോദിച്ചു. കടലും മേടും ജനപദങ്ങളും താണ്ടി എന്തിനാണിങ്ങനെ യാത്രചെയ്യുന്നത്? അങ്ങനെ ആലോചിക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ഒരുപാട് വാതിലുകൾ ഒന്നിനു  പിറകിൽ ഒന്നായുള്ള ഒരു നീണ്ട ഇടനാഴിയുടെ ചിത്രമാണ്. ഓരോ വാതിലുകൾ തുറക്കുമ്പോഴും വിചിത്രമായ ഒരു ലോകം വിസ്തൃതമാവുന്നു. യാത്രികൻ അപൂർവ്വാനുഭൂതിയുടെ പുണ്യഘട്ടുകളിൽ സ്നാനംചെയ്യപ്പെടുന്നു...

പല ആവശ്യങ്ങൾക്കായി ലോകം മുഴുവൻ യാത്രചെയ്യുന്നുവരുണ്ട്. അവരൊക്കെയും വിചിത്രമായ ഈ ഇടനാഴിയിലൂടെ, പാപമോചിനിയായ സ്നാനഘട്ടിലൂടെ കടന്നുപോകുന്നില്ല. ജനിതകത്തിന്റെ ഏതോ ഒരടരിൽ പ്രകൃതിരാശിയുടെ തൂവൽ കൊണ്ട് ദൈവം സ്പർശിക്കുന്നവർക്ക് മാത്രമേ യാത്രയുടെ അത്മാനന്ദങ്ങൾ സാധ്യമാവുകയുള്ളൂ. അവർക്ക് ഒരുപക്ഷേ ദേശാന്തരയാത്രകൾ തന്നെ വേണമെന്നില്ല - മുറ്റത്തെ പുൽത്തുമ്പിലും പുൽച്ചാടിയിലും യാത്രാനുഭവത്തിന്റെ വലിയ ലോകങ്ങൾ നിവർന്നുകിടക്കും...!

- തുടരും - 

6 അഭിപ്രായങ്ങൾ:

  1. തുടരൂ...കാത്തിരിക്കുന്നു. അടുത്ത ഭാഗത്തിനായി.. സ്നേഹം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്തവണ ഒരു ഗ്യാപ് വന്നു... മുടങ്ങാതെ തുടരണം എന്ന് ആഗ്രഹം...

      ഇല്ലാതാക്കൂ
  2. വിവരണം നന്നായിട്ടുണ്ട് ലാസര്‍.. അധികം വൈകാതെ അടുത്ത ഭാഗവും എഴുതുമല്ലോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നെഴുതി അവസാനിപ്പിക്കാൻ പറ്റും എന്നതാണ് മറ്റൊരു പ്രശനം... :-)

      ഇല്ലാതാക്കൂ
  3. ജനിതകത്തിന്റെ ഏതോ ഒരടരിൽ
    പ്രകൃതിരാശിയുടെ തൂവൽ കൊണ്ട് ദൈവം
    സ്പർശിക്കുന്നവർക്ക് മാത്രമേ യാത്രയുടെ അത്മാനന്ദങ്ങൾ
    സാധ്യമാവുകയുള്ളൂ. അവർക്ക് ഒരുപക്ഷേ ദേശാന്തരയാത്രകൾ
    തന്നെ വേണമെന്നില്ല - മുറ്റത്തെ പുൽത്തുമ്പിലും പുൽച്ചാടിയിലും
    യാത്രാനുഭവത്തിന്റെ വലിയ ലോകങ്ങൾ നിവർന്നുകിടക്കും...!


    മറുപടിഇല്ലാതാക്കൂ