2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

ആൽപൈൻ കലൈഡെസ്കോപ് - അഞ്ച്

ഹിമാലയം ഒരിക്കലെങ്കിലും കാണുക എന്നത് എല്ലാ ഇൻഡ്യാക്കാരുടെയും ആഗ്രഹമാണെന്ന് നമ്മൾ പറയാറുണ്ട്‌. അങ്ങനെയുള്ള എകമാനതയൊന്നും ഇത്തരം കാര്യങ്ങൾക്കില്ലെങ്കിലും, ഹിമാലയം ഇൻഡ്യൻ സംസ്കൃതിയുടെ ഭാഗമായി എന്നുമുണ്ട്. ഹിന്ദുപുരാണങ്ങളിലെ പല പരാമർശിത പ്രദേശങ്ങളും തീർഥാടനസ്ഥലങ്ങളും ഹിമാലയസാനുക്കളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാവാം ഇതിനുള്ള പ്രധാനകാരണം. മലയാളികളെ സംബന്ധിച്ച് ഹിമാലയം വളരെ അകലെയാണ്. എങ്കിൽക്കൂടിയും പുരാതനകാലം മുതൽ ഹിമാലയത്തിൽ ചെന്നെത്തിയ മലയാളികൾ അനവധിയുണ്ട്. ഇപ്പോഴാണെങ്കിൽ ഹിമാലയം സാധാരണക്കാർക്കും പ്രാപ്യമാവും വിധം സൗകര്യങ്ങളായിരിക്കുന്നു. അതിന്റെ പ്രത്യക്ഷവത്കരണമെന്നോണം ഹിമാലയ സംബന്ധിയായ അനവധി യാത്രാവിവരണ പുസ്തകങ്ങൾ ഭാഷയിൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.

ഡൽഹിക്ക് വടക്കോട്ട്‌ സഞ്ചരിച്ചിട്ടില്ലാത്ത എനിക്ക് ഹിമാലയത്തിന്റെ ഹിമാസാന്ദ്രമായ ഏതെങ്കിലുമൊരു മൂലയിൽ എന്നെങ്കിലും ചെന്നെത്തണമെന്ന അദമ്യമായ ആഗ്രഹമുണ്ട്. പല യാത്രികരും പറഞ്ഞിട്ടുള്ളതും, ഞാൻ തന്നെ മുൻപ് എടുത്തെഴുതിയിട്ടുള്ളതുമായ ഒരു സംഗതിയുണ്ട്. യാത്രകൾ പലപ്പോഴും നമ്മളിലേയ്ക്ക് വന്നുചേരുകയാണ് ചെയ്യുന്നത്, ആഗ്രഹാതീതമായി. വിചാരിക്കുന്ന യാത്രകളോ നടക്കാതെ പോവുകയും ചെയ്യുന്നു. ജീവിതത്തെ എന്നപോലെ യാത്രകളെയും രസദായകമാക്കുന്നതിൽ അവിചാരിതങ്ങൾക്കുള്ള പങ്ക് ചെറുതല്ല...

ആൽപ്സ് മലനിരകളിലെ ഒരു പ്രധാന കൊടുമുടിയായ യൂങ്ങ്ഫ്രോവിന്റെ (Jungfrau) മഞ്ഞുമൂടിയ ശൈലാഗ്രത്ത് നിൽക്കുമ്പോൾ ഞാൻ ഹിമാലയത്തെ ഓർക്കുന്നു. യാത്രകളുടെ വിചിത്രനിയോഗങ്ങൾ ഓർക്കുന്നു...

ഇന്റർലേക്കൻ ഈസ്റ്റ് തീവണ്ടിനിലയം
രാവിലെ എട്ടുമണിക്ക് തന്നെ ഇന്റർലേക്കൻ ഈസ്റ്റിൽ നിന്നും ഞങ്ങൾ യൂങ്ങ്ഫ്രോവിലേയ്ക്കുള്ള തീവണ്ടി പിടിച്ചിരുന്നു. ഈ തീവണ്ടി നിലയത്തിൽ നിന്നാണ് 'ടോപ്‌ ഓഫ് യൂറോപ്പ്' എന്നുകൂടി വ്യാപകമായി അറിയപ്പെടുകയും പരസ്യംചെയ്യപ്പെടുകയും ചെയ്യുന്ന യൂങ്ങ്ഫ്രോവിലേയ്ക്കുള്ള തീവണ്ടി പുറപ്പെടുന്നത്. ഏറ്റവും ഉയരത്തിൽ തീവണ്ടിയെത്തുന്ന യൂറോപ്പിലെ സ്ഥലം എന്നതുമാത്രമാണ് ടോപ്‌ ഓഫ് യൂറോപ്പ് എന്ന സംജ്ഞകൊണ്ട് അർത്ഥമാക്കുന്നത്. ഇത് അല്പം തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ വയ്യ. ഈ സ്ഥലങ്ങളെക്കുറിച്ചൊക്കെ ആദ്യം അന്വേഷിക്കുന്ന സമയത്ത് കരുതിയിരുന്നത് ഇത് യൂറോപ്പിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് എന്നാണ്.

രാവിലെയാണങ്കിലും തീവണ്ടിയിൽ അത്യാവശ്യം യാത്രക്കാരുണ്ട്. മിക്കവാറും എല്ലാവരും തന്നെ യൂങ്ങ്ഫ്രോ, അല്ലെങ്കിൽ അതിനിടയ്ക്കുള്ള മറ്റ് ആൽപൈൻ ഗ്രാമങ്ങൾ, സന്ദർശിക്കാൻ പോകുന്ന വിനോദസഞ്ചാരികൾ തന്നെയാണ്. ഇടയ്ക്ക് രണ്ട് സ്ഥലങ്ങളിൽ ഇറങ്ങി വണ്ടി മാറിക്കയറണം. വ്യത്യസ്തമായ ഭൂഭാഗങ്ങളിലൂടെ വ്യത്യസ്ത സാങ്കേതികത ഉപയോഗിച്ചോടുന്ന തീവണ്ടികൾ ആയതുകൊണ്ടാണ്‌ ഇത്തരത്തിൽ മൂന്ന് വണ്ടികളിൽ സഞ്ചരിക്കേണ്ടി വരുന്നത്.

യൂങ്ങ്ഫ്രോവിലേയ്ക്കുള്ള തീവണ്ടിയിൽ...
ലൂറ്റർബ്രെണ്ണൻ (Lauterbrunnen) എന്ന ചെറിയൊരു പട്ടണം വരെ സൗമ്യമായ അവരോഹണക്രമത്തിൽ സ്വിസ്സ് ഇടനാടുകളിലൂടെയാണ് തീവണ്ടിയോടുക. കാറിൽ യാത്രചെയ്യുമ്പോൾ കണ്ടിരുന്ന പട്ടാണോപാന്ത, ഗ്രാമീണക്കാഴ്ചകൾ തന്നെ...

ഇന്റർലേക്കന്റെയും അതിനോട് ചേർന്നുവരുന്ന ലൂറ്റർബ്രെണ്ണൻ പോലെയുള്ള സ്വിസ്സ് ഇടനാടുകളുടെയും മലയോരങ്ങളുടെയും ചരിത്രം തിരക്കിപ്പോകുമ്പോൾ ലേശം ആശ്ചര്യംതോന്നാതിരിക്കില്ല. കുറച്ചെങ്കിലും വ്യക്തമായി വായിച്ചെടുക്കാവുന്ന സംഘകാലം, തുടർന്നുള്ള ഒന്നാം ചേരസാമ്രാജ്യവും രണ്ടാം ചേരസാമ്രാജ്യവും, ചോള - പാണ്ഡ്യൻമാരുടെ പോക്കുവരവുകൾ, ബ്രാഹമണവത്കരണം, വിദേശാധിപത്യം തുടങ്ങി മൂർത്തമായ ചരിത്രസന്ധികളിലൂടെ കടന്നുപോയിട്ടുള്ള, ചെറിയ ചുറ്റളവിൽ ജീവിക്കുന്ന കേരളീയർക്ക് ഈ സ്വിസ്സ്പ്രദേശങ്ങളൊക്കെ എത്രമാത്രം ചരിത്രരഹിതമാണ് എന്നത്, യൂറോപ്പിനോട് സമഗ്രമായി വച്ചുപുലർത്തുന്ന ഏകമുഖമനോഭാവത്തിൽ കുറച്ചൊക്കെ മാറ്റംവരുത്തേണ്ടതുണ്ട് എന്ന സൂചനതരും. ഗ്രീക്ക്, റോമൻ ചരിത്രങ്ങളിലൂടെ മദ്ധ്യകാലത്തെ മഹാസംഭവങ്ങളിലേയ്ക്കും, തുടർന്ന് ലോകംകീഴടക്കാനുള്ള കപ്പലോട്ടങ്ങളുടെ അധിനിവേശത്വരകളിലൂടെയും ഒക്കെ നമ്മൾ മനസ്സിലാക്കിയിട്ടുള്ള പ്രൗഡമായ യൂറോപ്യൻ ചരിത്രത്തിന്റെ താളുകളിൽപ്പെടാതെ കിടന്ന വിദൂരവും ദരിദ്രവുമായ ദേശങ്ങളുടെ വ്യാപ്തി വളരെ വലുതായിരുന്നു ഇവിടങ്ങളിൽ.

തീവണ്ടിനിലയത്തിൽ നിന്നും കാണുമ്പോൾ വൃത്തിയും വെടിപ്പുമുള്ള ലളിതഭംഗിയാർന്ന ചെറുപട്ടണമാണ് ലൂറ്റർബ്രെണ്ണൻ. നിരത്തിനും കെട്ടിടങ്ങൾക്കും വഴിയോരത്തെ പുൽത്തകിടിക്കും ഒക്കെ ഈ മനോഹാരിതയുണ്ട്. പിന്നണിയിൽ ആൽപ്സിന്റെ ചില ഭാഗങ്ങൾ കൂടിയാവുമ്പോൾ കൃത്യമായും ഒരു ലാൻഡ്സ്കേപ് കലണ്ടർ ചിത്രം പോലെ... എന്നാൽ ഈ കാണുന്നതു പോലെയൊക്കെത്തന്നെയാണ് ഈ പ്രദേശത്തിന്റെ, ഇതുപോലുള്ള എല്ലാ അല്പൈൻ താഴ്‌വാരങ്ങളുടെയും, ചരിത്രവും. മുൻപിവിടെ തീരെ ജനവാസം ഉണ്ടായിരുന്നില്ല എന്നല്ല, കൃഷീവല സമൂഹങ്ങൾ വന്നുംപോയുമൊക്കെ ഇരുന്നിരിക്കാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ആൽപ്സ് മലകയറ്റം വികസിത യൂറോപ്പ്യൻദേശങ്ങളുടെ ഹരമായി മാറിയപ്പോഴാണ് ഇവിടമൊക്കെ സജീവമാവാൻ തുടങ്ങിയത്. വലിയ കാലയളവിലേയ്ക്ക് നീണ്ടുകിടക്കുന്ന ചരിത്രത്തിന്റെ കയറ്റിറക്കങ്ങളല്ല ഇവിടങ്ങളിലുള്ളത്, ചെറിയ കാലത്തിന്റെ ക്രമാനുഗതമായ ആരോഹണം മാത്രം...!

ലൂറ്റർബ്രെണ്ണൻ - തീവണ്ടിനിലയത്തിൽ നിന്നും കാണുമ്പോൾ 
ഇവിടം കഴിയുമ്പോൾ തീവണ്ടി കുറച്ചുകൂടി കുത്തനേ മലകയറാൻ തുടങ്ങുകയാണ്. ഇത് ശൈലാവരോഹണത്തിന്റെ അടുത്ത ഭാഗമാണ്. ശബ്ദകോലാഹലമോ വലിയ കുലുക്കമോ ഒന്നുമില്ലാതെ തീവണ്ടി പതുക്കെ മലകയറുമ്പോൾ, സാവധാനം അടുത്തേയ്ക്ക് നീങ്ങിവരുന്ന ഹിമാവൃതമായ പർവ്വതപംക്തികളെ നോക്കി അങ്ങനെയിരിക്കുമ്പോൾ, നാട്ടിൽവച്ച് നടക്കാതെ പോയ രണ്ട് മലമുകൾ തീവണ്ടിയാത്രകൾ ഓർമ്മയിൽ വരുന്നുണ്ട്...

മധുവിധു കാലത്ത്, രാത്രി മുഴുവൻ ഏന്തിവലിഞ്ഞ് ഓടിയ ഒരു കെ. എസ്. ആർ. ടി. സി ശകടത്തിൽ ഞാനും ഭാര്യയും സമയംതെറ്റി മേട്ടുപ്പാളയത്ത് എത്തുകയും, ഓടിക്കിതച്ച് തീവണ്ടിനിലയത്തിൽ ചെല്ലുമ്പോൾ ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ, ഞങ്ങൾക്ക് മുന്നിലൂടെ പ്രശസ്തമായ നീലഗിരി മൗന്റിൻ ട്രെയിൻ കാടുകയറി മറയുന്നത് നിരാശയോടെ കണ്ടുനിൽക്കേണ്ടി വരുകയും ചെയ്തു. അതിനുശേഷം ഇതുവരെയും മേട്ടുപ്പാളയം, ഊട്ടി ഭാഗത്തേയ്ക്ക് സഞ്ചരിക്കാൻ സാധിച്ചിട്ടില്ല...

വളരെയകലെയല്ലാത്ത ഭൂതകാലത്ത്, പെരുമഴയിൽ ഒലിച്ചുപോയ ഒരു മുംബൈ സന്ദർശനമാണ് മറ്റൊന്ന്. ടോയിട്രെയിനിൽ മലകയറി മതേരനിലേയ്ക്ക് പോകണമെന്നൊക്കെ കരുതിയിരുന്നു. എന്നാൽ നിർത്താതെ പെയ്ത മഴ മുംബൈയെ ആകമാനം ഒരു ചതുപ്പുനിലമാക്കുകയും ഞങ്ങളുടെ എല്ലാ പദ്ധതികളെയും നിലംപരിശാക്കുകയും ചെയ്തു. യാത്രാസംബന്ധിയായി ഒന്നും ചെയ്യാനാവാതെ പോയ ആ സന്ദർശനമുപേക്ഷിച്ച് അപ്പോൾ തന്നെ ഞങ്ങൾ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു...

യാത്ര കാഴ്ചകളാണ്, അനുഭവങ്ങളാണ്, ഒപ്പം ഓർമ്മകളുമാണ്. യാത്രയുടെ ദിനസരിയിലൂടെ ഓർമ്മകളുടെ നീലനദി അനസ്യൂതമൊഴുകുന്നു...

തീവണ്ടി മലകയറുന്നു...
തീവണ്ടിജനലിലൂടെ നോക്കിയിരിക്കെ, മലകയറ്റം ഏറുന്തോറും, ഭൂപ്രകൃതി പ്രകടമായും മാറിവരുന്നത് കാണായി. മലമുകളിൽ നിന്നും പുൽപ്പരപ്പിലേയ്ക്ക് ചാലുകളായി ഒഴുകിയിറങ്ങിയതു പോലെയായിരുന്നു ആദ്യം ഹിമധവളിമ ജാലകത്തിന് തൊട്ടപ്പുറം കണ്ടുതുടങ്ങിയത്. സൂര്യവെട്ടത്തിൽ ആ ശുഭ്രചാലുകൾ തിളങ്ങുന്നു. ചലച്ചിത്രങ്ങളിലും ചിത്രങ്ങളിലും ഒക്കെ കണ്ടു പരിചിതമാണെങ്കിലും ആദ്യമായിട്ടാണ് പെയ്തുകിടക്കുന്ന മഞ്ഞുപാളികൾ നേരിട്ടുകാണുന്നത്. പരോക്ഷകാഴ്കളിൽ നിന്നും തുലോം വ്യത്യസ്തമാണ് നേരിട്ടുള്ള ഓരോ അനുഭവവും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

മഞ്ഞുമലകൾ അടുത്ത് ദൃശ്യമാവാൻ തുടങ്ങിയതോടെ അലസമിരുന്നവരൊക്കെ ജനാലകളുടെ അടുത്ത് തിക്കിതിരക്കാൻ തുടങ്ങി. ക്യാമറാഷട്ടറുകൾ തുറന്നടയുന്ന ശബ്ദങ്ങൾ തുരുതുരാ...

ഭൂമിവൈവിധ്യത്തിന്റെ മറ്റൊരടരിലേയ്ക്കാണ് കടക്കുന്നതെന്ന് പെട്ടെന്നുതന്നെ മനസ്സിലാവും. നാട്ടിലെ സുപരിചിതമായ ഉഷ്ണമേഖലാ ഭൂപ്രകൃതിയിൽ നിന്നും, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ജീവിക്കുന്ന മരുഭൂപ്രദേശത്തിന്റെ വെയിൽമഞ്ഞയിൽ നിന്നും തികച്ചും വ്യത്യസ്തമായ, ഹരിതതാഴ്‌വാരം വകഞ്ഞ് ഹിമശുഭ്രതയുടെ ശൈലലോകത്തേയ്ക്ക് ചരിഞ്ഞുപോകുന്ന അപരിചിത ഭൂഭാഗത്തിന്റെ നിമ്നോന്നമായ കാഴ്ചകൾ.

കുറച്ചുകൂടി അടുത്തേയ്ക്കെത്തുന്ന ഹിമലോകം
ഞങ്ങൾക്ക് യാത്രചെയ്യാനാവാതെ പോയ നീലഗിരി മൗന്റിൻട്രെയിനിലും മതേരാനിലെ ടോയിട്രെയിനിലും എന്നതുപോലെ പൽച്ചക്രങ്ങൾ കൂടി ഉപയോഗിച്ചുള്ള സാങ്കേതികതയിലാണ് ഇവിടുത്തെ തീവണ്ടികളും ആൽപ്സ്താണ്ടിയോടുന്നത്. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലും ഇത്തരത്തിലുള്ള തീവണ്ടി സർവീസ്‌ ഉണ്ടെന്നാണറിവ്. എന്നാൽ കാഴ്ചയിൽ തന്നെ ഇവ തമ്മിലുള്ള വ്യത്യാസം അറിയാനാവും. ഈ ഭാഗത്ത് ഇവ ഏറെ ആധുനികവൽക്കരിക്കപ്പെട്ട് സാധാരണ തീവണ്ടികളുടെ രൂപഭാവങ്ങൾ നേടിയിരിക്കുന്നു. 'കിലുക്ക'ത്തിൽ രേവതിയും മോഹൻലാലും ജഗതിയും ആടിപ്പാടുന്ന "ഊട്ടിപട്ടണം..." തീവണ്ടിയുടെ തീപ്പെട്ടിക്കൂട് രൂപത്തിൽ നിന്നും വ്യത്യസ്തമാണിവ, ഇൻഡ്യയിലെ പൽച്ചക്ര തീവണ്ടികളുടെ (Cog Railway) കാല്പനികഭാവം ഒട്ടുമില്ലാത്തവ.

പൽച്ചക്രമുപയോഗിച്ച് പാളത്തിലൂടെ നീങ്ങുന്ന വാഹനം ആദ്യം നിർമ്മിച്ചത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടണിലാണെങ്കിലും ഈ സാങ്കേതിക മലകയറാനായി ആദ്യം ഉപയുക്തമാവുന്നത് അമേരിക്കൻ ഐക്യനാടുകളിലാണ്. 1869 - ൽ, ഉത്തര-കിഴക്കൻ യു. എസ്സിലെ ഒരു മലയായ മൗണ്ട് വാഷിങ്ങ്ടന് മുകളിലേയ്ക്കാണ് യാത്രക്കാരെയും കൊണ്ടുള്ള ആദ്യത്തെ പൽച്ചക്ര തീവണ്ടിയോടിയത്.

മഞ്ഞുരുകിയ നീലത്തടാകകങ്ങൾ യാത്രയിലുടനീളം കാണാം...
ആൽപ്സിന്റെ ഒരു കൊടുമുടിനെറുകയിലേയ്ക്കുള്ള ഈ തീവണ്ടിയാത്രയുടെ രണ്ടാം ഭാഗം എന്നുപറയാവുന്ന അവരോഹണം അവസാനിക്കുക ക്ലെയിൻ ഷെയ്ഡെഗ് (Kleine Scheidegg) എന്ന ചുരത്തിലാണ്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് ഏഴായിരം അടി ഉയരത്തിലാണ് ഈ പ്രദേശം. ലൂറ്റർബ്രെണ്ണനും  ക്ലെയിൻ ഷെയ്ഡെഗും ഒക്കെ  ഉൾക്കൊള്ളുന്ന സ്വിസ്സ് മലമ്പ്രദേശം ബേൺ സംസ്ഥാനത്തിലെ ബേണീസ്‌ ഒബെർലാൻഡ് ജില്ലയുടെ ഭാഗമാണ്.

പുരാതനകാലത്ത്‌ വടക്കുനിന്നും ആൽപ്സ് കടന്ന് ഇറ്റലിയിലേയ്ക്കുള്ള കാൽനടയാത്രയ്ക്ക് ഈ ചുരത്തിലൂടെയുള്ള വഴിയും ഉപയോഗിക്കപ്പെട്ടിരുന്നത്രേ. ഇന്നും വേനൽക്കാലത്ത് സ്വിസ്സ് അൽപ്സുമായി ബന്ധപ്പെട്ട് ഈ ഭാഗങ്ങളിൽ സജീവമായി നടക്കുന്ന ട്രെക്കിങ്ങുകളുടെ താവളം ക്ലെയിൻ ഷെയ്ഡെഗാണ്. തീവണ്ടിയിലിരിക്കുമ്പോൾ അകലെയായി കാണുന്ന ചെറുവഴികളിലൂടെ ഒറ്റയ്ക്കും തെറ്റയ്ക്കും വടിയുംകുത്തി തോളിൽ സഞ്ചിതൂക്കിയ സഞ്ചാരികൾ സാവധാനം മലകയറിപ്പോകുന്നത് കാണാമായിരുന്നു. ശൈത്യകാലത്തോ സ്കീയിംഗ് ചെയ്യാനെത്തുന്നവരുടെ ഇഷ്ടഗ്രാമമായും ഇവിടം മാറുന്നു.

ഭൂഗർഭതീവണ്ടിനിലയം
ക്ലെയിൻ ഷെയ്ഡെഗിൽ നിന്നും ആരംഭിക്കുന്ന ഈ തീവണ്ടിയാത്രയുടെ അവസാനഭാഗത്തെ ഒൻപതു കിലോമീറ്റർ ദൂരം പൂർണ്ണമായും തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ഭാഗത്ത് പൊതുവെ കാഴ്ചകൾ ഒന്നും തന്നെയില്ല. എന്നാൽ ഇടയ്ക്ക് ചിലഭാഗങ്ങളിൽ നിർത്തുന്ന തീവണ്ടിയിൽ നിന്നും ഇറങ്ങി, പാറമുഖത്ത് പുറത്തേയ്ക്ക് കൊത്തിയ വിശാലമായ ജനാലവിടവിലൂടെ താഴ്‌വാരം കാണാനാവും. കാഴ്ചയുടെ വിചിത്രമായ വീക്ഷണകോൺ. താഴ്‌വാരത്തിൽ നിന്ന് മല കണ്ടിട്ടുണ്ട്. മലയുടെ മുകളിൽ നിന്ന് താഴ്‌വാരം കണ്ടിട്ടുണ്ട്. എന്നാൽ മലയുടെ ഉള്ളിലിരുന്ന് ചെറുദ്വാരത്തിലൂടെ പുറത്തേയ്ക്ക് നോക്കുന്നത് ആദ്യമായിട്ടാണ്.

യൂറോപ്പിൽ ഏറ്റവും ഉയരത്തിലുള്ള യൂങ്ങ്ഫ്രോ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നതും ഈ തുരങ്കത്തിനുള്ളിൽ തന്നെയാണ്. ഏകദേശം പതിനൊന്നായിരം അടി ഉയരത്തിലാണ് ഈ തീവണ്ടിനിലയം ഉള്ളത് (ഊട്ടി സ്ഥിതിചെയ്യുന്നത് ഏഴായിരത്തിമുന്നൂറ് അടി ഉയരത്തിലാണ്). തീവണ്ടിയിൽ നിന്നും ഇറങ്ങി അതിവേഗ ലിഫ്റ്റിൽ മുകളിലേയ്ക്ക് സഞ്ചരിച്ചുവേണം തുരങ്കത്തിൽ നിന്നും യൂങ്ങ്ഫ്രോവിന്റെ നെറുകയിലേയ്ക്ക് ഇറങ്ങാൻ.

പാറയിൽ കൊത്തിയ ജാലകദ്വാരത്തിലൂടെയുള്ള കാഴ്ച - ഐഗർവാൻഡിൽ നിന്നും
യൂങ്ങ്ഫ്രോവിലെത്തുന്നതിനു മുൻപ് ഐഗർവാൻഡ് (Eigerwand), ഐസ്മീർ (Eismeer) എന്നീ രണ്ടു തീവണ്ടിനിലയങ്ങളിൽ ഇറങ്ങിയാണ്‌ പാറപ്പൊത്തിൽ നിന്നും തല വെളിയിലിട്ട്‌ കിളികൾക്ക് സാധ്യമാവുന്നപോലെ ഭൂമി കാണാനാവുക. സ്റ്റെഷനുകളിൽ നിന്നും തുരങ്കത്തിലൂടെ അല്പം നടന്നാൽ ഈ കിളിവാതിലുകളിൽ എത്തുന്നു. ഐഗർവാൻഡിൽ നിന്നും ലഭിക്കുക താഴ്‌വാരത്തിന്റെയും കുറച്ചുകൂടി ഉയരംകുറഞ്ഞ മലമടക്കുകളുടെയും വിഗഹവീക്ഷണമാണ്. അല്പംമുൻപ് തുറസ്സിലൂടെ യാത്രചെയ്യുമ്പോൾ കണ്ട സ്ഥലങ്ങൾ ഏറെ വിശാലമായി കാണാം ഇവിടെനിന്നും.

വീണ്ടും തീവണ്ടിയിൽ കയറി കുറച്ചുകൂടി ദൂരം യാത്രാവരോഹണം നടത്തി അടുത്ത താവളമായ ഐസ്മീറിലെ തുരങ്കജാലകത്തിലൂടെ നോക്കുമ്പോൾ, പെട്ടെന്ന്, ഒരു സ്ഥലജലവിഭ്രാന്തി അനുഭവപ്പെടും. ഹിമാവൃതമായ മലനിരകൾക്കിടയിൽ മഞ്ഞിന്റെ പാൽക്കടൽ. ഇതുവരെക്കണ്ട കാഴ്ചകളെ അസാധുവാക്കുന്ന തികച്ചും വ്യത്യസ്തമായ, ധവളിമയുടെ അനസ്യൂതവിന്യാസം. ഉഷ്ണമേഖലയുടെ, മരുഭൂവിന്റെ വൈവിധ്യനിറങ്ങളോട് ഇണങ്ങിയ കണ്ണ് ഈ കാഴ്ച്ചയുടെ തിളക്കത്തിനോട് താദാത്മ്യംകൊള്ളാൻ അല്പനേരമെടുത്തു.

അങ്ങനെ നോക്കിനിൽക്കേ എന്തുകൊണ്ടെന്നറിയാത്ത ഒരു തോന്നലുണ്ടായി; കൈലാസവും ഇങ്ങനെയായിരിക്കും!

ഐസ്മീറിലെ കാഴ്ച
തുരങ്കത്തിലൂടെ സഞ്ചരിച്ച് യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള ഈ തീവണ്ടിനിലയത്തിൽ എത്തുമ്പോൾ ഓർക്കേണ്ടത്, ശ്രമകരദൗത്യമായ ഈ ഭൂഗർഭറെയിൽവേ സാധ്യമാക്കിയ അഡോൾഫ് ഗുയർ-സെല്ലറെയാണ് (Adolf Guyer-Zeller). പല ഘട്ടങ്ങളിലായാണ് തുരങ്കത്തിലൂടെയുള്ള പൽച്ചക്രപാളത്തിന്റെ നിർമ്മാണം സാക്ഷാത്കരിക്കുന്നത്. 1896 - ൽ ആരംഭിച്ച നിർമ്മാണം പൂർത്തിയാവുന്നത് 1912 - ലാണ്. ഈ പദ്ധതി വിഭാവനചെയ്തതും നിർമ്മാണത്തിന്റെ ചുമതല ഏറ്റെടുത്തതും തുടക്കകാലത്ത്‌ മേൽനോട്ടം നിർവഹിച്ചതും ഗുയർ-സെല്ലറായിരുന്നുവെങ്കിലും, 1899-ൽ തന്നെ അദ്ദേഹം മരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ കമ്പനിയാണ് ഈ വലിയ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കിയത്. ഒരുപാട് തൊഴിലാളികളുടെ ജീവൻ ഇതിന്റെ നിർമ്മാണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്.

വലിയപദ്ധതി എന്ന് ഉദ്ദേശിച്ചത് നിർമ്മാണം നടക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായാണ് എന്നതിനാൽ. അന്ന് സാങ്കേതികവിദ്യകൾ ഇന്നത്തെപോലെ ആധുനികമായിരുന്നില്ലല്ലോ. ഇ. ശ്രീധരൻ നേതൃത്വം കൊടുത്ത കൊങ്കൺറെയിൽവേയുടെ വൈപുല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഒൻപതു കിലോമീറ്റർ ദൂരം വളരെ ശുഷ്കമായി അനുഭവപ്പെടും.       

അഡോൾഫ് ഗുയർ-സെല്ലറുടെ പ്രതിമ - യൂങ്ങ്ഫ്രോ മ്യൂസിയത്തിൽ
യൂങ്ങ്ഫ്രോ തീവണ്ടിനിലയത്തിൽ നിന്നും ലിഫ്റ്റിൽ കയറി ശൈലമുടിയിൽ എത്തുമ്പോൾ പല തീമുകളിലായാണ് ഇവിടുത്തെ കാഴ്ചകൾ സജ്ജീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാവും. ഇവിടേയ്ക്കുള്ള ട്രെയിൻടിക്കറ്റിൽ അത്തരം കാഴ്ചകളിലേയ്ക്കുള്ള സന്ദർശനത്തിനുള്ള തുകയുംകൂടി ഈടാക്കി ഒരു പാക്കേജ് പാസ് ആണ് തരുന്നത്. ചൂണ്ടുപലക നോക്കി നടന്നാൽ മതി; ഒരു കാഴ്ച്ചയിൽ നിന്നും മറ്റൊന്നിലേയ്ക്ക് വഴിതെറ്റാതെ എത്തിക്കോളും.

ഇവിടേയ്ക്കുള്ള തീവണ്ടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദമാക്കുന്ന മ്യൂസിയം അതിലൊന്നാണ്. നിർമ്മാണ സമയത്തെ ചിത്രങ്ങളും മറ്റും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. മഞ്ഞുകൂനയ്ക്ക് മുകളിലേയ്ക്ക് ഉയർന്നുനിൽകുന്ന രീതിയിൽ ഗുയർ-സെല്ലറുടെ ഒരു വെങ്കല പ്രതിമ പ്രാധാന്യത്തോടെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഭോജനശാലകളും കൗതുകവസ്തുക്കൾ വില്പനയ്ക് വച്ചിരിക്കുന്ന കടകളും കൂട്ടത്തിൽ കാണാം. ഐസ്-വേൾഡ് എന്ന പേരിൽ സാക്ഷാത്കരിച്ചിരിക്കുന്ന ഐസ്ശില്പങ്ങളുടെ പ്രദർശനമാണ് മറ്റൊന്ന്. ചുമരുകളും ഇടനാഴികളും ഒക്കെ ഐസിൽ തന്നെ...

കാഴ്ചകളൊക്കെ പുതുമയുള്ളതു തന്നെ. പക്ഷേ യൂങ്ങ്ഫ്രോവിലേയ്ക്ക് വരുന്ന സന്ദർശകർ തുറന്ന അന്തരീക്ഷത്തിലെ ഹിമലോകത്തെത്താൻ അക്ഷമയുള്ളവരെപ്പോലെ കാണപെട്ടു. ഹിമാവൃതമായ ഒരു കൊടുമുടിയിലേയ്ക്ക് തീവണ്ടിയിൽ കയറി അലസമിരുന്നെത്തുക എല്ലായിടത്തും സാധിക്കുന്ന കാര്യമല്ല. ശ്രമകരമായ യാത്ര ആവശ്യമുണ്ട് പലയിടത്തും അതിന്, ഇന്ത്യൻ ഹിമാലയത്തിലും. അതുകൊണ്ട് ഇവിടെയുള്ള സഞ്ചാരികൾ ലളിതയാത്രകൾ ചെയ്യുന്ന സാഹസികപ്രിയരല്ലാത്തവരാണെന്ന് പൊതുവേ ഉറപ്പാക്കാം, അവരുടെ അക്ഷമ ന്യായീകരിക്കത്തക്കതും.

ഐസ് ഇടനാഴി
ഈ കാഴ്ചകൾ കണ്ട ശേഷം യൂങ്ങ്ഫ്രോവിന്റെ ഹിമപ്രകൃതിയിലേയ്ക്കു നേരിട്ട് പ്രവേശിക്കുക 1937 - ൽ സ്ഥാപിതമായ വാനനിരീക്ഷണകേന്ദ്രത്തിന്റെ പ്ലാറ്റ്ഫോമിലേയ്ക്ക് കടക്കുമ്പോഴാണ്. ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒബ്സർവേറ്ററികളിൽ ഒന്നാണ് ഇവിടെയുള്ളത് (Spinx Observatory). വാനനിരീക്ഷണവും കാലാവസ്ഥാപഠനവും ഒക്കെ നടക്കുന്ന സജീവമായ ഒരു പരീക്ഷണശാല തന്നെയത്രേ ഇത് - ഒരു സന്ദർശകന് മലനിരകൾ കാണാനുള്ള തട്ട് മാത്രം. ക്രിഷ് എന്ന ഹിന്ദി സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഈ വാനനിരീക്ഷണകേന്ദ്രത്തിലും അതിനു ചുറ്റുമായുമാണ്. അതിന്റെ ചില ചിത്രങ്ങളും മറ്റും പ്രാധാന്യത്തോടെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

അവിടെ നിൽക്കുമ്പോൾ അടുക്കടുക്കായി നീണ്ടുപോകുന്ന മലനിരകളുടെ അസുലഭമായ കാഴ്ച ലഭ്യമാവും. ആ തട്ടിലേയ്ക്കിറങ്ങുമ്പോൾ തന്നെ വീശിയടിക്കുന്ന കാറ്റിന്റെ അതിരൂക്ഷമായ തണുപ്പ് കമ്പിളിവസ്ത്രങ്ങളേയും വകഞ്ഞ് ശരീരം വിറപ്പിക്കും. അൽപനേരമെടുത്തു കാലാവസ്ഥയുടെ ആ രൂക്ഷതയോട് പൊരുത്തപ്പെടാൻ. അതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. കുറച്ചുനേരത്തേയ്ക്ക്, സഞ്ചാരിയുടെ കൗതുകവുമായി വന്നുപോകുന്ന എന്നെപ്പോലൊരാൾക്ക്‌ ഈ സ്ഥലം വ്യതിരിക്തമായ കാഴ്ചയും അനുഭവും ഒക്കെയാവുന്നുണ്ട്. എന്നാൽ ഈ വേനൽക്കാലത്തുപോലും ഇത്രയും പരുഷമായ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ സ്ഥിരമായി ജീവിക്കുന്ന, ഉപജീവനാർത്ഥം നിരന്തരം ജോലിചെയ്യേണ്ടി വരുന്നവരുടെയൊക്കെ അവസ്ഥ അത്ര സുഖകരമായിരിക്കാൻ വഴിയില്ല. യൂങ്ങ്ഫ്രോപോലുള്ളിടത്ത് ആധുനികമായ സൗകര്യങ്ങൾ ഉണ്ടെന്നെങ്കിലും പറയാം. എന്നാൽ ഇതുപോലുള്ള ഹിമാലയൻ കാലാവസ്ഥയിൽ ജീവിക്കുന്ന ഇന്ത്യയിലേയും നേപ്പാളിലെയും ഭൂട്ടാനിലെയും ചൈനയിലെയും ഒക്കെ സാധാരണക്കാരുടെ ജീവിതം ദുരിതതരം തന്നെയാവും.

വാനനിരീക്ഷണകേന്ദ്രം
അവസാനമായാണ് വാതായനം മഞ്ഞുമലയിലേയ്ക്ക്‌ തുറക്കുക. നീലാകാശത്തിന്റെ പിൻതിരശ്ശീലയക്ക് കീഴെ ധവളിമയാർന്ന ദേവഭൂമി. പ്ലെയ്റ്റോ (Plateau) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മഞ്ഞുപാടം കടൽനിരപ്പിൽ നിന്നും കൃത്യം 11401 അടി ഉയരത്തിലാണെന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫലകം പറയുന്നു. കാശ്മീരിലെ പ്രശസ്ത ഹിമാലയൻ പ്രദേശമായ ലഡാക്കിന്റെ ഉയരം 9800 അടിയാണ് എന്നോർക്കുക. അതിനും ഉയരത്തിലേയ്ക്കാണ് സുഖമായി ഒരു തീവണ്ടിയിലിരുന്ന് എത്തിയിരിക്കുന്നത്.

മഞ്ഞിൻപാടത്ത് ഓടിക്കളിക്കുകയും കിടന്നുരുളുകയും ചിത്രങ്ങൾ പിടിക്കുകയും ചെയ്യുന്ന വിവിധ ദേശക്കാരായ യാത്രികരുടെ തിരക്ക്. കുറച്ചുദൂരം ആ മഞ്ഞിൽ നടന്നുകയറാം. അതിനപ്പുറത്തേയ്ക്കുള്ള ചരിവിലേയ്ക്ക് ഇറങ്ങാനാവാത്തവിധം വേലികെട്ടിയിട്ടുണ്ട്. അവിടെവരെ നടന്നുചെന്ന് വേലിക്കമ്പിൽ പിടിച്ച് ആ കാഴ്ച്ചകളിലേയ്ക്ക് നോക്കി കുറച്ചുസമയം നിൽക്കാം. ഉയർച്ചതാഴ്ചകളുടെ ധവളിമയായി ആൽപ്സിന്റെ കൊടുമുടികൾ നോട്ടമെത്തുന്നിടത്തോളം നീണ്ടുകിടക്കുന്നു. അതിനുമപ്പുറം ആൽപൈൻ വേനലിൽ തിളങ്ങുന്ന നീലച്ചക്രവാളം...

ജീവിതത്തിലാദ്യമായി എത്തിയ തികച്ചും വ്യതിരിക്തമായ ഭൂപ്രകൃതിയിൽ ഭാര്യയും മക്കളും ജനത്തിരക്കിലലിഞ്ഞ് മഞ്ഞു വാരിയെറിഞ്ഞുകളിക്കേ, ആഹ്ലാദത്തോടെ ചിത്രങ്ങൾ പിടിക്കേ, ഞാൻ ആ ബഹളത്തിനിടയിലൂടെ അല്പം മുകളിലേയ്ക്ക് കയറി അതിർത്തിതിരിക്കുന്ന വേലിയിൽ പിടിച്ചുനിന്ന് പ്രകൃതിയുടെ അവസാനിക്കാത്ത അത്ഭുതങ്ങളിൽ ഒരല്പനേരം മഗ്നനായി. അങ്ങനെ കുറച്ചുസമയം നിൽക്കേ കാൽപ്പാദം മഞ്ഞിൽ പുതഞ്ഞിരിക്കുന്നത് അറിഞ്ഞു. പാദുകത്തിന്റെ സുഷിരങ്ങളിലൂടെ തണുപ്പ് ശരീരത്തിലേയ്ക്കു കടന്ന് അതുവരെ അനുഭവിച്ചിട്ടില്ലാത്ത  ഒരുതരം അഭാവത്തിന്റെ ലാഘവത്വം പടർത്തുന്നു. വേലിക്കമ്പ് ഐസുപോലെ തണുത്തിരിക്കുന്നതും അതിൽ പിടിച്ചിരിക്കുന്ന എന്റെ വിരലുകളും അത്രയുംതന്നെ തണുത്ത് അവയിലെ സ്പർശബോധം നഷ്ടമാവുന്നതും അറിഞ്ഞു. ചുറ്റിലുമുള്ള ജനവും ആരവവും, ശിശിരമരത്തിലെ ഇലകൾ കാറ്റത്ത് പൊഴിയുംപോലെ ബോധത്തിൽ നിന്നും സാവധാനം അഴിഞ്ഞുപോയി. മഞ്ഞുമൂടിയ മലനിരകളുടെ അനസ്യൂതതയും തീക്ഷ്ണമായ തണുപ്പും മാത്രം നഗ്നപ്രജ്ഞയിൽ ബാക്കിയായി. മരണത്തെ തൊട്ടുനിൽക്കുന്നതുപോലെ തോന്നി, അത്രയും തണുപ്പ്...!

മഞ്ഞുപാടത്ത് ഭാര്യയും മക്കളും
ഹിമാലയത്തിൽ കാക്കകൾ ഉണ്ടാവുമോ? ഹിമാലയത്തിന്റെ കാര്യം എന്തായാലും ആൽപ്സിൽ ഉണ്ട്. മഞ്ഞിൽ നിന്നും എന്തോ കൊത്തിപ്പെറുക്കി പറന്നുനടക്കുന്ന രണ്ടു കാക്കകളെ കുറച്ചകലെയായി കണ്ടു. ധവളിമയുടെ കണ്ണുഞ്ചിപ്പോകുന്ന പൊലിമയിൽ കറുത്തശരങ്ങൾ പായുന്നപോലെ അവയുടെ ചലനാവേഗം. കാക്കയുടെ തന്നെ കുടുംബത്തിൽപ്പെട്ട ആൽപൈൻ ചഫ് (Alpine Chough) എന്ന പക്ഷിയാണത്. ഉയരങ്ങളിൽ ജീവിക്കുന്ന കാക്ക. എന്റെ കയ്യിലുള്ള ക്യാമറാലെൻസിന്റെ പരിധിയിൽ വ്യക്തമായി കിട്ടാൻ സാധിക്കുന്നതിനേക്കാൾ അകലെയാണവ എന്നറിയാമായിരുന്നതിനാൽ അതിനു ബുദ്ധിമുട്ടിയില്ല. ഒരു പുല്ലുപോലും മുളയ്ക്കാത്ത ഈ മഞ്ഞുഭൂമിയിൽ നിന്നും അവ എന്താവും കൊത്തിത്തിന്നുന്നത്. അവ പറന്നുനടക്കുന്ന മലയുടെ കയറ്റിറക്കങ്ങളിൽ മഞ്ഞിന്റെ വിടവില്ലാത്ത പാളിയല്ലാതെ മറ്റൊന്നും കാണാനാവുന്നുണ്ടായിരുന്നില്ല. എങ്കിലും ഊഷരമെന്ന് തോന്നിക്കുന്ന ഹിമപ്രതലത്തിന്റെ ഏകമാനതയിൽ ഒരു പക്ഷിയുടെ അനക്കം പോലും സന്തോഷകരം.

ഒരു സാധാരണ സഞ്ചാരിക്ക് ഇത്തരം ചെറിയ ആഹ്ലാദങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. പല തട്ടുകളിൽ കിടക്കുന്ന ആൽപൈൻ മേഖല ജൈവസമ്പന്നം തന്നെയാണ്. പക്ഷേ ഒരു തീവണ്ടിയിൽ കയറി മലമുകളിലെത്തുന്ന അനിതസാധാരണ യാത്രകളിൽ ജീവിലോകത്തിന്റെ വൈവിധ്യം അറിയാനോ അനുഭവിക്കാനോ ആവില്ല. അതിന് അവധാനതയോടെ, പ്രതിബദ്ധതയോടെ സാവധാനം നടത്തുന്ന മറ്റൊരുതരം സഞ്ചാരം അനുവർത്തിക്കേണ്ടതുണ്ട്. തീവണ്ടിയിലിരിക്കുമ്പോൾ മലഞ്ചരിവിന്റെ ഊടുവഴികളിലൂടെ ട്രെക്ക്ചെയ്ത് മലകയറുകയും ഇറങ്ങുകയും ചെയ്യുന്ന ആളുകളെ കണ്ടിരുന്നു. പ്രകൃതിയുടെ വൈവിധ്യഭരിതമായ നിറപ്പകർച്ചകൾ അവർക്കുള്ളതാകുന്നു! 

ഗ്രിൻഡെവാൾഡ് പരിസരത്തെ ഗ്രാമക്കാഴ്ച
മഞ്ഞുമലയിലെ ആദ്യാനുഭവം വേണ്ടത്രയായപ്പോൾ ഞങ്ങൾ മടങ്ങി. ലഘുഭക്ഷണശാലയിൽ നിന്നും ചൂടുള്ള ഓരോ കാപ്പി കുടിച്ചു. വിശപ്പ്‌, രുചി എന്നിവയ്ക്കൊക്കെ ഉപരിയായി ഒരു പാനീയം ചില കാലാവസ്ഥകളിൽ മറ്റൊരുതരം ആശ്വാസത്തിന് കരണീയമാവുന്നതറിഞ്ഞു. യൂങ്ങ്ഫ്രോവിൽ വന്നിരുന്നു എന്നതിന്റെ ഓർമ്മയ്ക്കായി ഒന്നുരണ്ട് കൗതുകവസ്തുക്കൾ കൂടി വാങ്ങിയതിനുശേഷം മലയിറങ്ങാനുള്ള തീവണ്ടി പിടിച്ചു.

തുരങ്കയാത്ര അവസാനിക്കുന്ന ക്ലെയിൻ ഷെയ്ഡെഗിൽ നിന്നും, മുകളിലേയ്ക് വന്ന വഴിയിലൂടെയല്ല തീവണ്ടി താഴ്‌വാരത്തിലേയ്ക്കിറങ്ങുക. ഗ്രിൻഡെവാൾഡ് (Grindelwald) എന്ന ചെറുപട്ടണത്തിലൂടെയും അതിന്റെ പ്രാന്തത്തിലുള്ള ഗ്രാമക്കാഴ്ച കളിലൂടെയും ഒക്കെയാണ് അത് ഇന്റർലേക്കനിലേയ്ക്ക് യാത്രതുടരുക...

താഴ്‌വാര സത്രത്തിത്തിലെത്തി, സാധങ്ങൾ എടുത്ത്, ഈ യൂങ്ങ്ഫ്രോ തീവണ്ടിയേയും ഇന്റർലേക്കൻ പട്ടണത്തെയും ഒക്കെ ഓർമ്മയുടെ സജീവതയിലേയ്ക്ക് ഉൾച്ചേർത്ത്, മറ്റൊരു വിദൂര സ്വിസ്പ്രദേശത്തേയ്ക്കുള്ള സഞ്ചാരം ഞങ്ങൾക്ക് ഇനിയും തുടരേണ്ടതുണ്ട്...

- തുടരും -  

8 അഭിപ്രായങ്ങൾ:

  1. സഞ്ചാരവും എഴുത്തും തുടരുക, ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. വായിച്ച് കൊതിക്കുന്നു..
    ഇവിടെയൊക്കെ വന്നു കാണാനുള്ള ആഗ്രഹം മൂത്ത് മുരടിച്ച് തുടങ്ങി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിലാത്തിപട്ടണത്തിൽ നിന്നും ഒരു തീവണ്ടി പിടിക്കാനുള്ള ദൂരമല്ലേയുള്ളൂ... :-)

      ഇല്ലാതാക്കൂ
  3. മഞ്ഞുമലയിലേക്ക് ട്രക്കിംഗ് ചെയ്‌താല്‍ എങ്ങിനെയാവുമെന്നാണ് ഞാന്‍ ആലോചിച്ചത്.എല്ലാം കണ്ടു... ആസ്വദിച്ചു! യാത്ര തുടരട്ടെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മഞ്ഞിലൂടെ നിങ്ങൾ ട്രെക്ക്ചെയ്യുന്ന ചിത്രങ്ങൾ കണ്ടതായി ഓർക്കുന്നുണ്ട്. ഉത്തരധ്രുവത്തിനടുത്ത് ജീവിക്കുന്ന നിങ്ങൾക്ക് ഈ മഞ്ഞൊന്നും ഒരു മഞ്ഞാവാൻ വഴിയില്ലെന്നറിയാം... :-)

      ഇല്ലാതാക്കൂ
  4. അടുത്തതിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ