2013, ജൂൺ 1, ശനിയാഴ്‌ച

അശോകവനം - പന്ത്രണ്ട്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം, അഞ്ചാം ഭാഗം, ആറാം ഭാഗം, ഏഴാം ഭാഗം, എട്ടാം ഭാഗം, ഒൻപതാം ഭാഗം, പത്താം ഭാഗം, പതിനൊന്നാം ഭാഗം

ഏത് സാധാരണ ശ്രീലങ്കക്കാരനോട് ചോദിച്ചാലും രാജ്യതലസ്ഥാനം കൊളംബോ എന്നേ പറയൂ. അപ്പോൾ പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനില്ലല്ലോ. എന്നാൽ ഇത് പൂർണ്ണമായും ശരിയായ വസ്തുതയല്ല. ശ്രീലങ്കയുടെ ഔദ്യോഗിക തലസ്ഥാനം 'കോട്ടെ' എന്ന വിളിപ്പേരിലറിയപ്പെടുന്ന ശ്രീജയവർദ്ധനപുര കോട്ടെ ആണ്. കൊളംബോയോട് ചേർന്നുകിടന്നിരുന്ന ഈ ചെറുപട്ടണത്തെ കൊളംബോ നഗരത്തിന്റെ വളർച്ച അതിന്റെ വൃത്തത്തിനുള്ളിലേയ്ക്ക് ആവാഹിക്കുകയായിരുന്നു. പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ രാജ്യതലസ്ഥാനത്തിന്റെ പല ഔദ്യോഗിക കാര്യാലയങ്ങളും സ്ഥിതിചെയ്യുന്നത് കോട്ടെയിലാണ്. ശ്രീലങ്കയുടെ വ്യാപാരതലസ്ഥാനമായി ഇന്നും കൊളംബോ തുടരുകയും ചെയ്യുന്നു.

കൊളംബോയിലെ ഒരു റെസിഡെൻഷ്യൽ തെരുവ്
വിമാനമിറങ്ങിയ ആദ്യദിവസം, കൊളംബോപട്ടണത്തിലേയ്ക്ക് പ്രവേശിക്കാതെ ശ്രീലങ്കയുടെ വിദൂരദേശങ്ങളിലേയ്ക്ക് പോവുകയായിരുന്നു ഞങ്ങൾ. ഒരാഴ്ചയ്ക്ക് ശേഷം, മടക്കയാത്രയുടെ തൊട്ടുമുൻപത്തെ ദിവസമാണ്, കൊളംബോയിലേയ്ക്ക് തിരിച്ചുവന്നത്. പെട്ടെന്ന് പെയ്ത പെരുമഴയുടെ തിരശ്ശീല വകഞ്ഞാണ് കൊളംബോയിലേയ്ക്ക് പ്രവേശിച്ചത്. ഇരച്ചുവന്നതുപോലെ തന്നെ മഴ പെട്ടെന്ന് മടങ്ങുകയും ചെയ്തു.

മഴപെയ്യുന്ന കൊളംബോപട്ടണത്തിലൂടെ...
പ്രകൃത്യാ നിർമ്മിതമായ നല്ലൊരു തുറമുഖമുള്ളതിനാൽ കപ്പലോട്ടങ്ങളുടെ കാലം മുതൽ കൊളംബോ ചരിത്രത്തിലേക്ക് കയറി നിൽക്കുന്നു. ഇപ്പോഴും നമ്മുടെ കൊച്ചിതുറമുഖം മത്സരിക്കുന്നത് കൊളംബോയോടാണ് എന്ന വസ്തുത അവിടുത്തെ തുറമുഖത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തും. കൊളംബോയോട് മത്സരിച്ച് ജയിക്കാൻ കൊച്ചിക്കാവുമോ എന്ന കാര്യത്തിൽ ന്യായമായും സംശയം തോന്നാം. അത് അടിസ്ഥാനസൗകര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടതല്ല. ജനങ്ങളുടെ മനോഘടനയുമായി ഇഴചേർന്നിരിക്കുന്ന സംഗതികൂടിയാണ്. കേരളത്തെ അപേക്ഷിച്ച് ഏറെ വ്യാപാരസൗഹൃദമായ പരിസരമാവും ശ്രീലങ്കയിൽ ഉള്ളത് എന്നാണ് അനുമാനിക്കാനാവുക. സാമ്പത്തിക വിധേയത്വം കാണിക്കുന്ന ശ്രീലങ്കൻ ജനതയുടെ മനോനില ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ മറ്റൊരു പ്രശ്നപ്രദേശമാണ് - വ്യാപാരത്തിന് അത് അനുഗുണമാവുക തന്നെ ചെയ്യും.

കൊളംബോ തുറമുഖം - ഹോട്ടൽ മുറിയിൽ  നിന്നും ഒരു ദൂരകാഴ്ച
കോളനിവത്കരണത്തിന് തൊട്ടുമുൻപ് ശ്രീലങ്കയിലെ പ്രധാനരാജ്യം കാൻഡി ആസ്ഥാനമാക്കിയായിരുന്നുവല്ലോ. അപ്പോഴും അതിനുമുൻപും ഒരു തുറമുഖം എന്നതിനപ്പുറം കൊളംബോയ്ക്ക് ശ്രീലങ്കയുടെ അസ്തിത്വത്തിൽ പ്രാധാന്യമുണ്ടായിരുന്നില്ല. കോളനിവത്കരണത്തിന്റെ പ്രഭവപ്രയോക്താക്കളായ പറങ്കികളും അവരെ തുടർന്നുവന്ന ലന്തക്കാരും ആസ്ഥാനമാക്കിയിരുന്നത് തെക്കൻ തുറമുഖപട്ടണമായ ഗോൾ ആയിരുന്നു. അവരുടെ കാലത്ത് കൊളംബോ ഒരു പട്ടാള ഔട്ട്പോസ്റ്റായി മാത്രം നിലനിന്നു. തുടർന്നുവന്ന ബ്രിട്ടീഷുകാരുടെ കാലത്താണ് കൊളംബോയുടെ വളർച്ച തുടങ്ങുന്നത്. 1796-ൽ ബ്രിട്ടീഷുകാർ കൊളംബോ പിടിച്ചടക്കി. കാൻഡി കൂടി വരുതിയിലാക്കിയതിനു ശേഷം 1815-ൽ അവർ കൊളംബോയെ ബ്രിട്ടീഷ് സിലോണിന്റെ തലസ്ഥാനമാക്കി.

ഇന്റിപെൻഡൻസ് മെമ്മോറിയൽ ഹാളും അതിനു മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമയും 
അധിനിവേശത്തിന്റെ തുടക്കകാലം മുതൽക്കുതന്നെ ചെറുത്തുനിൽപ്പുകളും സമരങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലെന്നപോലെ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയോട് പിടിച്ചുനിൽക്കാനാവാതെ നാടുവിടുകയായിരുന്നില്ല ബ്രിട്ടീഷുകാർ ശ്രീലങ്കയിൽ നിന്നും. ഇന്ത്യ നഷ്ടപ്പെടുകയും, ശ്രീലങ്കയിൽ സമരങ്ങൾ രൂക്ഷമായിവരുകയും ചെയ്ത സാഹചര്യത്തിൽ ഒരു സ്വദേശിസർക്കാരിന് സ്വയംഭരണാനുമതി നൽകി 1948-ൽ ബ്രിട്ടീഷുകാർ സമാധാനപൂർവ്വം കപ്പൽകയറി. ഡോണ്‍ സ്റ്റീഫൻ സേനാനായക പ്രധാനമന്ത്രിയായി അവരോധിതനായി. എങ്കിലും അതിനുശേഷം രണ്ട് പതിറ്റാണ്ടിലധികം ഔദ്യോഗികമായി ദ്വീപ് ബ്രിട്ടന്റെ അധീനതയിൽ തന്നെയായിരുന്നു. 1972-ലാണ് ശ്രീലങ്ക സമ്പൂർണ്ണ റിപബ്ലിക്കായി മാറുന്നത്. ആദ്യത്തെ പ്രധാനമന്ത്രിയായ സേനാനായകയെ ആണ് ശ്രീലങ്ക രാഷ്ട്രപിതാവായി ആദരിക്കുന്നത്. അന്ന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സ്ഥലത്ത് ഇന്റിപെൻഡൻസ് മെമ്മോറിയൽ ഹാൾ എന്ന പേരിൽ ഒരു സ്മാരകവും അതിനുമുന്നിലായി സേനാനായകയുടെ പൂർണ്ണകായപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

കൊളംബോ പട്ടണത്തിലെ തിരക്കാർന്ന ഒരു നിരത്ത്
ഈയടുത്ത കാലത്ത് തമിഴ് പുലികളെ പൂർണ്ണമായും ഉന്മൂലനം ചെയ്ത ശ്രീലങ്കൻ പട്ടാളത്തിന്റെ മുന്നേറ്റത്തിൽ നിർണ്ണായക ശക്തിസ്വാധീനമായി പ്രവർത്തിച്ചത് ചൈനയാണെന്ന് പറയപ്പെടുന്നു. അതോടുകൂടി ശ്രീലങ്കയും ചൈനയുമായുള്ള ബന്ധം മറ്റൊരു തലത്തിലേയ്ക്ക് കടന്നതായി നിരീക്ഷിക്കപ്പെടുന്നു. എന്നാൽ ശ്രീലങ്കയും ചൈനയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ തികച്ചും പുതിയതല്ലെന്നതിനുള്ള തെളിവാണ് കൊളംബോ പട്ടണത്തിലെ ഒരു പ്രധാന ലാൻഡ്മാർക്കായ, ചൈനയുടെ പൂർണ്ണ സാമ്പത്തിക സഹായത്തോടെ 1973-ൽ പൂർത്തിയാക്കിയ, ബന്ദാരനായകെ മെമ്മോറിയൽ ഇന്റർനാഷണൽ കോണ്‍ഫറൻസ് ഹാൾ.

ബന്ദാരനായകെ മെമ്മോറിയൽ ഇന്റർനാഷണൽ കോണ്‍ഫെറൻസ് ഹാൾ  
കൊളംബോപട്ടണത്തിന്റെ കടൽത്തീരത്തുകൂടിയുള്ള പ്രധാനപാതയിലൂടെ സഞ്ചരിക്കുമ്പോൾ കണ്ണിൽപ്പെടാതെ പോകാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു വാസ്തുനിർമ്മിതിയാണ്‌ പഴയ പാർലമെന്റ് കെട്ടിടം. ബ്രിട്ടീഷുകാരുടെ കാലത്ത് 1930-ലാണ് നിയോ-ബറോക് വാസ്തുശൈലിയിലുള്ള ഈ മന്ദിരം ഉത്ഘാടനം ചെയ്യപ്പെടുന്നത്. അന്നുമുതൽ 1983-ൽ കോട്ടയിലെ പുതിയ പാർലെമെന്റ് കെട്ടിടത്തിലേയ്ക്ക് മാറുന്നതുവരെ ബ്രിട്ടീഷ് സിലോണിന്റേയും തുടർന്നുവന്ന സ്വയംഭരണാവകാശമുള്ള സിലോണിന്റേയും ശ്രീലങ്കൻ റിപബ്ലിക്കിന്റേയും പരമോന്നത ഭരണസഭ ഇവിടെയാണ്‌ സമ്മേളിച്ചിരുന്നത്.    

പഴയ പാർലെമെന്റ് മന്ദിരം 
തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് നിർമ്മിതിയോട് വിദൂരസാമ്യം കാണിക്കുന്ന ഒരു കെട്ടിടവും കൊളംബോയിൽ കാണാം - ടൌണ്‍ഹാളാണത്. റോമൻ വാസ്തുകലയോട് മമത കാണിക്കുന്ന ഈ കെട്ടിടത്തിന്റെ പണിതീരുന്നത് 1927-ലാണ്. അതായത് സെക്രട്ടറിയേറ്റിന്റെ നിർമ്മാണം കഴിഞ്ഞ് ആറ് പതിറ്റാണ്ടുകൾക്ക് ശേഷം. മുകളിൽ സൂചിപ്പിച്ച പാർലെമെന്റ് കെട്ടിടവും ഇതും ഏതാണ്ട് ഒരേകാലത്താണ് നിർമ്മാണം പൂർത്തീകരിച്ചത് എന്നതിൽ നിന്നും ആ കാലഘട്ടത്തിൽ ശീമക്കാർ ഈ പ്രദേശങ്ങളിൽ വലിയ നിർമ്മാണപ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് മനസ്സിലാക്കാം. രണ്ട് ദശാബ്ദത്തിന് ശേഷം തങ്ങൾക്ക് ഇതൊക്കെ ഉപേക്ഷിച്ച്‌ പോവേണ്ടി വരും എന്നവർ കരുതിയിരുന്നില്ല എന്നുതന്നെ വേണം അനുമാനിക്കാൻ. ഇന്ന് കൊളംബോ നഗരസഭയുടെ ആസ്ഥാനമായും മേയറുടെ ഓഫീസായും ഈ കെട്ടിടം പ്രവർത്തിക്കുന്നു.   

ടൌണ്‍ ഹാൾ
നഗരങ്ങളുടെ ചരിത്രം സങ്കീർണ്ണവും സജീവവുമാണ്. നഗരം അങ്ങിനെയായിരിക്കുന്നതു തന്നെ ചരിത്രത്തിന്റെ പിൻബലത്തിലാണ്.  ചരിത്രമില്ലെങ്കിൽ നഗരങ്ങളില്ല. ഏതു നഗരത്തേയും പോലെ കൊളംബോയിലും ചരിത്രത്തിന്റെ പ്രതിരൂപങ്ങൾ ചിതറി കിടക്കുന്നു. നഗരത്തെ ആകമാനം ഗ്രസിച്ചുപോകുന്ന നീലധമനികൾ പോലെയുള്ള നഗരനിരത്തുകളിലൂടെ യാത്ര ചെയ്യുമ്പോൾ ചരിത്രം വാസ്തുരൂപങ്ങളായി പ്രത്യക്ഷപ്പെടും. ഒരു നഗരത്തെയും ഓട്ടപ്രദിക്ഷണത്തിൽ കണ്ടുതീർക്കാനാവില്ല. തൊട്ടു മുൻപത്തെ ദിവസങ്ങളിൽ ചെയ്തിരുന്നതു പോലെ, ചില ഇടങ്ങളെ സവിശേഷമായി തിരഞ്ഞെടുത്ത് വിശദമായി കാണാനുള്ള സമയം ഇല്ലായിരുന്നതിനാൽ കൊളംബോ നഗരത്തിലൂടെ കുറച്ചുദൂരം അലക്ഷ്യം സഞ്ചരിച്ച് ഒരു ഏകദേശ സന്ദർശന പ്രതീതിയുണ്ടാക്കിയെടുക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് പറയേണ്ടി വരും.

കൊളംബോയിലെ സർക്കാർ ബസ്സ്
ഇന്ത്യൻ പട്ടണങ്ങളെ അപേക്ഷിച്ച് കൊളംബോയ്ക്ക് കുറച്ചുകൂടി വൃത്തിയും വെടിപ്പുമുണ്ടെന്നത് നിസ്തർക്കമാണ്. അത് പരിസരത്തിന്റെ മാത്രമല്ല വ്യക്തികളുടെ കൂടിയാണ്. മുഷിഞ്ഞ വസ്ത്രം ധരിച്ച ആൾക്കാരെ കാണാൻ പ്രയാസം തന്നെയാണ്. വെളുത്ത നിറത്തിലുള്ള ഉടുപ്പുകൾ പോലും നല്ല തിളക്കത്തോടെയല്ലാതെ കാണാൻ കിട്ടില്ല. ട്രാൻസ്പോർട്ട് ബസ്സ് തുടങ്ങിയ സർക്കാർ വാഹനങ്ങളുൾപ്പെടെ എല്ലാ വാഹനങ്ങളും തരക്കേടില്ലാത്ത വിധം കഴുകിതുടച്ച രീതിയിലാണ് നിരത്തിൽ കണ്ടത്. ഞങ്ങൾ ശ്രീലങ്ക മുഴുവൻ സഞ്ചരിച്ചത് ഒരു ടൊയോട്ട വാനിലാണ്. എല്ലാ ദിവസവും രാവിലെ ഡ്രൈവർ അകംപുറം വൃത്തിയാക്കി സുഗന്ധത്തോടെ വാഹനം തുറന്നുതരുമ്പോൾ തന്നെ ഒരു ഊർജ്ജം തോന്നും. ഒരിക്കൽ ഇന്ത്യാക്കാരായ ഒരു സംഘം വിനോദയാത്രികർ വാഹനത്തിൽ കയറി അതിനുള്ളിൽ ആകെ മുറുക്കിതുപ്പി നശിപ്പിച്ചത് ഞങ്ങൾക്കുള്ള മുന്നറിയിപ്പ് പോലെ യാത്രയുടെ തുടക്കത്തിൽ തന്നെ അയാൾ പറയുകയും ഉണ്ടായി.

ശ്രീലങ്കയിൽ ഇവ 'ടുക്ടുക്' എന്നറിയപ്പെടുന്നു 
യാത്രാവിവരണത്തെ, അല്ല, യാത്രയെതന്നെ രസകരവും സർഗ്ഗാത്മകവും ആക്കുന്ന പല ഘടകങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നത്രേ, ചെന്നെത്തുന്ന ദേശത്തിന്റെ ഭക്ഷണത്തേയും ഭക്ഷണരീതികളേയും കുറിച്ചുള്ള മനസ്സിലാക്കലുകൾ. പന്ത്രണ്ട് ഭാഗങ്ങളായി കിടക്കുന്ന ഈ കുറിപ്പിൽ തീരെ പരാമർശിക്കാതെ പോയ ഒരു വിഷയം അതാണെന്നറിയാം. പല കാര്യങ്ങളിലും എന്നതുപോലെ തന്നെ ഭക്ഷണകാര്യത്തിലും ഞാൻ സാഹസികനല്ല, ഭക്ഷണപ്രിയൻ കൂടിയല്ല. രുചിവ്യതിയാനങ്ങളെ കണിശമായി വേർതിരിച്ചു മനസ്സിലാക്കാൻ പ്രയാസം ഉണ്ടെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊരു വിഘാതമായി നിൽക്കേ തന്നെ അതിനെക്കാളുപരിയായി, യാത്രകളിലെ ഭക്ഷണം തരക്കേടില്ലാത്ത ഭോജനശാലകളിൽ ലഭ്യമാവുന്ന ഇന്റർനാഷണൽമെനുവിന്റെ പരിചിതമായ ലഘുരീതികളിൽ ഒതുക്കുന്നത് ഭക്ഷണസംബന്ധിയായ അസുഖങ്ങൾ യാത്രയെതന്നെ മുടക്കുന്ന നിലയിലേക്ക് വളരാതിരിക്കാൻ കൂടിയാണ്. കുറവുകൾക്ക് ന്യായീകരണങ്ങൾ കണ്ടത്തുക സുഖകരമായ രീതിയല്ലെന്നറിയാം, എങ്കിലും ഈ വിഷയത്തെ കുറിച്ച് ആലോചിച്ചപ്പോൾ ഒരൽപം സബ്ജെക്റ്റീവ് ആവാതെ തരമില്ലെന്നായി.

കൊളംബോ പട്ടണത്തിലെ എടുപ്പുകൾ - ഒരു ദൂരകാഴ്ച 
നഗരത്തിലൂടെയുള്ള യാത്രയിൽ കാഴ്ച്ചയിൽപ്പെടുന്ന നിരത്തോരത്തു തന്നെയുള്ള മറ്റൊരു വ്യതിരക്ത നിർമ്മിതിയാണ് ഡേവത്താഗാഹ പള്ളി (Dewatagaha Mosque). പല കാലങ്ങളിലായാണ് ഈ പള്ളിയുടെ ഐതീഹ്യവും ചരിത്രവും  കെട്ടുപിണഞ്ഞു കിടക്കുന്നത്. കൃത്യമായ കാലഗണന സാധ്യമായില്ലെങ്കിലും ഏതാണ്ട് നൂറ്റൻപത് കൊല്ലങ്ങൾക്ക് മുൻപാണ് ഇന്നുകാണുന്ന പള്ളിക്കെട്ടിടം നിർമ്മിച്ചത് എന്ന് അനുമാനിക്കപ്പെടുന്നു. ചില മുസ്ലിംകുടുംബങ്ങൾ താമസിച്ചിരുന്ന, ഇന്ന് പള്ളിയിരിക്കുന്ന പ്രദേശത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ചില അത്ഭുതങ്ങൾ നടക്കുന്നു. അതിനുശേഷം ഏതാണ്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞ്‌ മഗ്രെബ് (ഇറാക്കിലെ മഗ്രെബ് എന്ന സ്ഥലത്തെ കുറിച്ചാണ് സൂചന എന്ന് അനുമാനിക്കുന്നു) എന്ന സ്ഥലത്ത് നിന്നും ഒരു മുസ്ലിം സന്യാസ്യവര്യൻ കൊളംബോയിൽ എത്തുകയും ഈ അത്ഭുതങ്ങളെ കുറിച്ച് അറിയുകയും ചെയ്യുന്നു. ഈ അത്ഭുതങ്ങൾക്ക് കാരണമന്വേഷിച്ച സന്യാസി, അവയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് വളരെ കാലത്തിന് മുൻപ് അറേബ്യയിൽ നിന്നും ദ്വീപിലെത്തുകയും പ്രസ്തുത സ്ഥലത്തുവച്ച് മരിച്ച് അവിടെതന്നെ അടക്കംചെയ്യപ്പെടുകയും ചെയ്ത മറ്റൊരു സന്യാസിവര്യനായ സെയ്ദ് ഉസ്മാൻ സിദ്ദിക്ക് ഇബ്ൻ അബ്ദുറെഹ്മാൻ ആണെന്ന് മനസ്സിലാക്കുന്നു. അതിനെ തുടർന്നാണ്‌ ആ വിശുദ്ധന്റെ നാമത്തിൽ ഈ പള്ളി ഉയരുന്നത്.

ഡേവത്താഗാഹ പള്ളി
കൊളംബോയിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമായ പേട്ടയിലേക്കുള്ള പ്രവേശന ഭാഗത്താണ് 'ഖാൻ ക്ലോക്ക്ടവർ' കാണുക. ബ്രിട്ടീഷ് സിലോണിൽ വലിയ വ്യാപാര താൽപ്പര്യങ്ങൾ ഉണ്ടായിരുന്ന ബോംബെയിൽ നിന്നുള്ള ഒരു പാർസി കുടുംബമാണ് 1923 - ൽ ഈ ടവർ നിർമ്മിച്ചു നല്കിയത്. ഇന്ത്യൻ ബന്ധമുള്ളതു കൊണ്ടാണോ എന്നറിയില്ല കൊളംബോയിലെ ഏറ്റവും തിരക്കുപിടിച്ചതും താരതമ്യേന വൃത്തിഹീനവുമായ പരിസരമുള്ളത് പേട്ടയിലാണ്.

ഖാൻ ക്ലോക്ക്ടവർ
കൊളംബോ പട്ടണത്തിന്റെ മധ്യത്തു തന്നെയുള്ള ഗംഗാരമയ്യ ബുദ്ധക്ഷേത്രം മറ്റൊരു ആകർഷണമാണ്. കൊളംബോയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ആരാധനാകേന്ദ്രത്തിൽ ഒരുപാട് സഞ്ചാരികൾ വന്നുപോകുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ജീവകാരുണ്യ, സാമൂഹ്യപ്രവർത്തനങ്ങൾ ഒക്കെ നടക്കുന്നുണ്ടത്രേ.ഒരു കുളത്തിന്റെ കരയിലായുള്ള ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ വ്യതിരക്തമായ ഒരുപാട് കാഴ്ചകൾ കാണാനുണ്ടെന്ന് അറിയാമായിരുന്നെങ്കിലും സമയത്തിന്റെ അഭാവം മൂലം അകത്തുകയറാൻ സാധിച്ചില്ല.

ഗംഗാരമയ്യ ക്ഷേത്രം
ശ്രീലങ്കയിൽ സഞ്ചരിച്ച ദിവസങ്ങളിൽ ഒക്കെയും ഞങ്ങളുടെ ഗൈഡും ഡ്രൈവറുമായി ഒപ്പമുണ്ടായിരുന്നത് സാം എന്ന സിംഹളനാണ്. ഒരു മുതിർന്ന ആളായത് കൊണ്ട് പല  ഗുണങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഒപ്പം വലിയൊരു ദോഷവും ഉണ്ടായിരുന്നു. വണ്ടി ഓടിക്കുന്നതിലെ വേഗതക്കുറവായിരുന്നു അത്. ഞങ്ങളുടെ യാത്ര അപകടങ്ങളിലൊന്നും പെടാതെ  സുരക്ഷിതമായിരിക്കേണ്ടത് തന്റെ കടമയാണെന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞ് സാം ആ വേഗതക്കുറവിനെ ന്യായീകരിച്ചുകൊണ്ടിരുന്നു. അപ്പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ല. എന്നാൽ അതിനോടൊപ്പം തന്നെ ആ വേഗതക്കുറവിനുള്ള മറ്റൊരു കാരണം ഞങ്ങൾ സഞ്ചരിച്ച വാഹനമായിരുന്നു. ശ്രീലങ്കൻ നിലവാരത്തിൽ ആ പുതിയ ടൊയോട്ടാ വാൻ വളരെ വിലകൂടിയ ഒന്നായിരുന്നു. ടൂർകമ്പനിയുടെ ആ വാഹനം സംരക്ഷിക്കേണ്ടതും സാമിന്റെ വലിയൊരു ചുമതലയാണെന്ന് അയാളുമായുള്ള സംസാരത്തിൽ നിന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. കാരണം എന്തായാലും ചെന്നെത്തുന്ന ഇടങ്ങളിൽ സാവകാശത്തോടുകൂടി കാഴ്ചകൾ കണ്ടുമനസ്സിലാക്കാനുള്ള കുറെയേറെ സമയം റോഡിൽ നഷ്ടപ്പെട്ടു.

വഴിയോരത്തു കണ്ട ഒരു ഹിന്ദുക്ഷേത്രത്തിന്റെ ഗോപുരം
അറുപത്തിയഞ്ചുകാരനായ സാമിനെ ഒരു രൂപകമായി എടുത്താൽ ശ്രീലങ്കയുടെ സാമൂഹിക ജീവിതത്തിലേയ്ക്ക് ഒരു പാളിനോട്ടം സാധ്യമാവും. ഒരൽപം സായിപ്പിന്റെ ചുവയുള്ള നല്ല ഇംഗ്ലിഷ് സംസാരിക്കുന്ന ഉയർന്ന വിദ്യാഭ്യാസമുള്ള കൃഷിശാസ്ത്രവിശാരദനാണ് സാം. കൃഷിസംബന്ധമായ ഉപരിപഠനത്തിനായി ജപ്പാനിലൊക്കെ പോയിട്ടുള്ള ആൾ. ജാഫ്നയുൾപ്പെടെ ശ്രീലങ്കയുടെ പല ഭാഗങ്ങളിലും കൃഷിഓഫീസറായി സർക്കാർതലത്തിൽ ജോലിചെയ്തിരുന്ന മനുഷ്യൻ കൂടിയാണ്. ഈയാളെന്തിനാണ് ആ ജോലി കളഞ്ഞ് ഒരു ടൂറിസ്റ്റ് ഗൈഡായതെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. കൂടുതൽ സംസാരിച്ചുവരേ ടൂറിസം മുഖ്യവരുമാനമാർഗങ്ങളിൽ ഒന്നായ മറ്റുചില രാജ്യങ്ങളിലും ഉള്ളതായി വായിച്ചിട്ടുള്ള ഒരു പ്രത്യേകതരം സാമൂഹികാവസ്ഥയുടെ ഇരയാണ് സാമും എന്നുതോന്നി.

സാം
രണ്ടുതരം കറൻസികൾ നിലവിലുള്ള ക്യൂബയെ കുറിച്ച് ഈയടുത്ത് വായിച്ച ഒരു കുറിപ്പിൽ നിന്നും അറിയാനായ കാര്യം അവിടെ ഒരു ടൂറിസ്റ്റ്ഗൈഡിന്റെ വരുമാനം ഒരു ഡോക്ടറുടെ മാസശമ്പളത്തിനും വളരെ ഉയരയത്രേ. വളരെ വിപുലമായ ശ്രീലങ്കൻ ടൂറിസംമേഖലയിലും അമേരിക്കൻ ഡോളർ വളരെ വ്യാപകമായി ഉപയോഗിക്കുന്ന കറൻസിയാണ്‌ . അതുവച്ച് വിനോദസഞ്ചാരികളുമായി ഇടപാടുകൾ നടത്തുന്ന സാമിനെപ്പോലുളവർ പല വഴികളിൽ ലാഭമുണ്ടാക്കുന്നു. ഒരു സർക്കാർ കൃഷിഓഫീസറുടെ ജീവിതനിലവാരത്തേക്കാൾ മെച്ചപ്പെട്ട അവസ്ഥ അയാൾക്കുണ്ടായി വരുന്നു. സാമ്പത്തികമായി ഇത് ലളിതമായ ലോജിക്കാണ്. എന്നാൽ ഇതിനു അതീതമായ ചില സൂക്ഷ്മതലങ്ങൾ പ്രശ്നബാധിതമാവുന്നുണ്ട്. കൃഷിഓഫീസറെക്കാൾ വരുമാനം ടൂറിസ്റ്റ്ഗൈഡിന് ലഭിക്കുന്ന ദേശം ഒരു സസ്റ്റൈനബിൾ എക്കോണമിയുടെ ഉദാഹരണമാവാൻ തരമില്ല. അതിനെക്കാളുപരി, ഉത്പാദനമേഖലയിൽ രാജ്യത്തിന്‌ സംഭാവനകൾ നല്കാൻ സാധിക്കുമായിരുന്ന ഒരാളെ വേണ്ടരീതിയിലുള്ള ജീവിതസാഹചര്യം നൽകി ഉപയോഗിക്കാനാവാതെ സേവനമേഖലയുടെ ലോപമായ ഇടങ്ങളിലേയ്ക്ക് തള്ളിവിടുന്ന ഭരണരീതി ക്രിയാത്മകമായ ഒന്നാണ് എന്ന് കരുതാനുമാവില്ല.

കൊളംബോ കടൽത്തീരം-അകലെ കാണുന്നത് വേൾഡ് ട്രേഡ്സെന്റർ കെട്ടിടങ്ങൾ   
കൊളംബോ നിവാസികളുടെ സായാഹ്നങ്ങളെ ഉല്ലാസകരമാക്കുന്നത് ഇവിടുത്തെ ഗോൾഫേസ് കടൽത്തീരമാണ്. നഗരത്തിലെത്തുന്ന സഞ്ചാരികളും ഇവിടം സന്ദർശിക്കാതെ മടങ്ങാറില്ല. അരകിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന കടൽത്തീരം പക്ഷെ ശ്രീലങ്കയിലെ മറ്റു പല ബീച്ചുകളുടേയും അത്ര ഭംഗിയുള്ളതല്ല. ഗോളിൽ കണ്ട കടൽത്തീരങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നതുതന്നെ നന്നാവില്ല. ലഗൂണുകളായ മറ്റു പ്രശസ്ത ബീച്ചുകളിലെന്നപോലെയുള്ള ഒരു പരിസരമല്ല വലിയ തിരകളടിക്കുന്ന ഈ കടൽത്തീരത്തുള്ളത്. ലഗൂണ്‍ ബീച്ചുകളിലെത്തുന്ന ജലജീവികളായ, അൽപവസ്ത്രധാരികളായ വിദേശിയരുടെ കൂട്ടത്തെയൊന്നും ഇവിടെ കാണാനുമാവില്ല. സായാഹ്നത്തിൽ കുടുംബസമേതം വന്നിരുന്ന് കാറ്റുകൊണ്ടുപോകാനാഗ്രഹിക്കുന്ന സ്വദേശികളായ സന്ദർശകരാണ് ഇവിടെയത്തുന്നതിൽ അധികവും. കോഴിക്കോട് ബീച്ചോ ശംഖുംമുഖമോ ഒക്കെപോലെ ഒന്ന്.

കടൽത്തീരത്തെ ഗോൾഫേസ് ഗ്രീൻ എന്ന മൈതാനം. പിന്നിൽ കാണുന്നത് പ്രശസ്തമായ ഗോൾഫേസ് ഹോട്ടൽ 
ഇത്തരത്തിലെത്തുന്ന കുടുംബസന്ദർശകർക്കായി കടൽത്തീരത്തിന് സമാന്തരമായി നല്ല ഒരു മൈതാനം ഒരുക്കിയിട്ടുണ്ട്. ഗോൾഫേസ് ഗ്രീൻ (Galle Face Green) എന്ന് പേരുവിളിക്കുന്ന ഈ മൈതാനത്തിൽ പേരിനെ അന്വർഥമാക്കേണ്ട പച്ച പുൽത്തകിടി അത്രയ്ക്ക് നന്നായി സംരക്ഷിക്കപ്പെടുന്നില്ലെങ്കിലും കുട്ടികളുമായൊക്കെ വൈകുന്നേരത്ത് വന്നിരിക്കാൻ ഏറെ ഉപയുക്തം തന്നെ. കുട്ടികൾക്ക് ഓടികളിക്കാനും പട്ടംപറത്തി രസിക്കാനും മുതിർന്നവർക്കിരുന്ന് കാറ്റുകൊള്ളാനുമൊക്കെ നല്ല സ്ഥലം തന്നെയാണ്.

കടൽത്തീരം-മറ്റൊരു കാഴ്ച
വൈകുന്നേരത്ത് ഞങ്ങൾ എത്തുമ്പോൾ കടൽത്തീരം ഏറെക്കൂറെ ജനബഹുലമായി കഴിഞ്ഞിരുന്നു. മൈതാനത്ത് സംസാരിച്ചിരിക്കുന്ന കുടുംബങ്ങളും തിരകളിൽ കാലുനനയ്ക്കാൻ തിരക്കുകൂട്ടുന്ന ചെറുപ്പക്കാരും പട്ടംപറത്തി രസിക്കുന്ന കുട്ടികളും ഒക്കെയായി സംസാരചലനാത്മകതയുടെ ഒരു നേർകഷണം. സന്ദർശകരെ പ്രതീക്ഷിച്ച് വിവിധതരം ഭക്ഷണപാനീയങ്ങളും കൗതുകവസ്തുക്കളുമൊക്കെയായി വഴിവാണിഭക്കാരുടെ മറ്റൊരു സംഘം. ഈ കാഴ്ചകളൊക്കെ കണ്ട് കുറച്ചുസമയം അവിടെ ചിലവഴിച്ചതിനു ശേഷം, നഗരം സന്ധ്യയുടെ നിയോണ്‍വെട്ടത്തിലേക്ക് കടക്കേ ഈ ശ്രീലങ്കൻയാത്രയുടെ അവസാന രാത്രിയിലേക്ക് ഞങ്ങളും മടങ്ങി.

യാത്രാസംഘം
ഏതുയാത്രയും ഒടുവിൽ അദമ്യമായി അനുഭവിപ്പിക്കുന്ന ഒരു വികാരമുണ്ട്. അത് വീടിനേയും നാടിനേയും കുറിച്ചുള്ളതാണ്. ജിപ്സികളുടെ അത്തരത്തിലുള്ള സ്വപ്നങ്ങൾ എന്തായിരിക്കും? വിദൂരഭാവിയിലെങ്ങും മടങ്ങിവരവ് ആലോചിക്കാനാവാതെ പലായനം ചെയ്യിക്കപ്പെട്ട പലസ്തീനികളുടെ, കാശ്മീരിപണ്ഡിറ്റുകളുടെ, ശ്രീലങ്കൻതമിഴരുടെ ഒക്കെതന്നെ ദേശാഭിവാഞ്ചകൾ എങ്ങിനെയായിരിക്കും? അത്തരത്തിൽ ആലോചിക്കുമ്പോൾ ഉള്ളിൽ നിറയുന്ന ഭയംപുരണ്ട വിഹ്വലത വീണ്ടും വീണ്ടും മനസ്സിലാക്കിതരുന്ന ഒന്നുണ്ട്. നിങ്ങൾക്ക് ലോകത്തിന്റെ ഏതു കോണിലേക്കും സഞ്ചരിക്കാം, അവിടെ ജോലിചെയ്യാം, സ്ഥിരതാമസമാക്കാം, മരിക്കുകയും ചെയ്യാം. പക്ഷെ അതെല്ലാം അധികം നെഞ്ചിടിപ്പില്ലാതെ, നിമിഷേന അരിച്ചുകയറുന്ന അരക്ഷിതത്വം ഇല്ലാതെ സാധ്യമാവുന്നത് ഏതവസ്ഥയിലും ആവശ്യമെങ്കിൽ മടങ്ങിച്ചെന്ന് ഉറങ്ങാനാവുന്ന ഒരു നാട് സ്വന്തമായുണ്ടെന്ന അബോധജ്ഞാനമുള്ളതിനാലാണ്. തിരുവനന്തപുരത്തേയ്ക്കുള്ള വിമാനംകയറാൻ എത്തിയപ്പോൾ, ഓവർബുക്കിംഗ് ഉള്ളതിനാൽ വേണമെങ്കിൽ അവരുടെ ചിലവിൽ ഒരു ദിവസംകൂടി ശ്രീലങ്കയിൽ താമസിക്കാം എന്ന വിമാനകമ്പനിയുടെ ഓഫർ ഞങ്ങൾ നാലുപേരും ഒറ്റശ്വാസത്തിൽ തന്നെ തള്ളികളഞ്ഞു എന്നതിനുള്ള കാരണം അപ്പോഴേയ്ക്കും യാത്രയുടെ ആവേശത്തിന് മുകളിലേയ്ക്ക് നാടിന്റെ ഊഷ്മളതകൾ മടങ്ങിവന്നിരുന്നു എന്നതുതന്നെയാവാം.

- അവസാനിച്ചു -