2015, ജനുവരി 12, തിങ്കളാഴ്‌ച

തെക്ക് നിന്നൊരു കാറ്റ് പറഞ്ഞു... - നാല്

ഉദയഗിരികോട്ടയിൽ നിന്നും ഏതു നിലയ്ക്കും അടുത്തതായി പോകാൻ ഉചിതമായ സ്ഥലം പത്മനാഭപുരം കൊട്ടാരം തന്നെയാവും. പ്രധാന പാതകളിലേയ്ക്കൊന്നും കയറാതെ നാഞ്ചിനാടിന്റെ ഒരു ഉൾവഴി പാതയിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പത്മനാഭപുരം കൊട്ടാരത്തിൽ എത്താം. ചെറിയ നിരത്തിന്റെ ഇരുപുറവും പച്ചപിടിച്ച നാഞ്ചിനാടിന്റെ കൃഷിഭൂമികൾ. പെയ്തൊഴിഞ്ഞ മഴയുടെ പ്രസരിപ്പിൽ കാറ്റത്തുലയുന്ന വയലേലകളും  വൃക്ഷശിഖരങ്ങളും...

പത്മനാഭപുരം കൊട്ടാരത്തിന്റെ പ്രവേശനഭാഗം
അന്ന്, മാർത്താണ്ഡവർമ്മയുടെ കാലത്ത്, ഡില്ലനോയിയുടെ കാലത്ത്, ഈ പാത ഇതിനെക്കാളും വിശാലമായിരുന്നിരിക്കും. രാജകൊട്ടാരത്തിൽ നിന്നും സൈനികാസ്ഥാനത്തേയ്ക്കും അവിടുന്ന് തിരിച്ചും പാഞ്ഞുപോകുന്ന കുതിരകുളമ്പടികളാൽ ഈ വഴി മുഖരിതമായിരുന്നിരിക്കാം. പഴയ പ്രേംനസീർ സിനിമകളിലെ ആ കുതിരസഞ്ചാരവും കാറ്റത്തങ്ങനെ പറക്കുന്ന വർണ്ണപ്പകിട്ടുള്ള പട്ടാളവേഷങ്ങളും ഒക്കെ ഞാൻ ഈ വഴിയിൽ കാണുന്നു. (ഒറ്റ തോർത്തുടുത്ത നായർ പടയാളിയുടെ രൂപം, അതിൽ എത്ര വാസ്തവം ഉണ്ടെങ്കിലും, ഞാൻ കാര്യമാക്കുന്നില്ല.) അങ്ങനെ പാഞ്ഞുപോകുന്ന പടയാളിയുടെ മനസ്സിലേയ്ക്ക് മോഹമെറിഞ്ഞ്, നോക്കെത്താദൂരം നീളുന്ന വയൽവരമ്പിന്റെ അങ്ങേ തലയ്ക്കൽ, ജയഭാരതിയുടേത് പോലുള്ള ഒരു കടമിഴി തുടിക്കുന്നുണ്ടാവാം.

കൊട്ടാരത്തിന്റെ പ്രവേശനഭാഗത്തോട് ചേർന്നുള്ള ക്ലോക്ക്ടവർ
കൊട്ടാരത്തിനടുത്തേയ്ക്കെത്തുമ്പോൾ നിരത്ത് ചെറുതാവുകയും ഇരുവശവും ഇടതിങ്ങിയ കടമുറികളും അതിനു പിറകിലായി വീടുകളും ദൃശ്യമാവാൻ തുടങ്ങി. ഒരാൾ പെട്ടെന്ന് വണ്ടിക്ക് മുന്നിലേയ്ക്ക് ചാടിവീണ് പാർക്കിങ്ങിനെന്ന പേരിൽ ഒരു രശീത്‌ കീറിത്തരുകയും കാശ് വാങ്ങുകയും ചെയ്തു. എന്നാൽ ആ പരിസരത്തെവിടെയും വണ്ടിയിടാനുള്ള സൗകര്യമൊന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. വലിയ ടൂറിസ്റ്റ് ബസ്സുകൾ ഉൾപ്പെടെ എല്ലാ വണ്ടികളും നിരത്തോരത്തായിരുന്നു പാർക്ക് ചെയ്തിരുന്നത്. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ആവശ്യമായ തുക ഈടാക്കണം എന്ന പക്ഷക്കരാനാണ് ഞാൻ. ഈടാക്കുന്ന തുകയ്ക്ക് ആനുപാതികമായ സേവനം പക്ഷേ ഉറപ്പാക്കണം. ആരോഗ്യകരമായ പൊതുസംവിധാനത്തിന്റെ മാനദണ്ഡമാണത്.  പത്മനാഭപുരം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും കേരള സർക്കാർ ആണെന്നാണ്‌ മനസ്സിലാക്കിയിട്ടുള്ളത്. ഈ സേവനമില്ലാ രശീതും അവരുടെ വകയാണോ എന്നറിയില്ല...

പൂമുഖം
പരാമർശങ്ങൾ കണ്ടിട്ടുള്ളത് തിരുവിതാംകൂർ രാജവംശംത്തിന്റെ ഏറ്റവും വിദൂരപൂർവ്വികത്വം ആയ് വംശവുമായാണ്‌ എന്നാണ്. ആയ് വംശം ഗുജറാത്തിലെ യാദവവരുടെ കൈവഴിയാണെന്നാണ് അനുമാനിക്കപ്പെടുന്നത്. ക്രിസ്താബ്ദത്തിന് മുൻപ് വിജയപുരം (വിഴിഞ്ഞം) തുറമുഖം കേന്ദ്രമാക്കി ഗുജറാത്തി വണിക്കുകൾ അറബ്, പേർഷ്യൻ, തുർക്കി തുടങ്ങിയ ദേശങ്ങളുമായി സമുദ്രവ്യാപാരം നടത്തിയിരുന്നു. ('ശ്രേഷ്ഠികൾ' എന്ന് അറിയപ്പെട്ടിരുന്ന അവരാണ് പിൽക്കാലത്ത് 'ചെട്ടിയാർ' എന്ന വിഭാഗമായത് എന്ന് അനുമാനിക്കപ്പെടുന്നു.) ശ്രീലങ്കയിലെ തെക്കേ മുനമ്പിലുള്ള ഗോൾ തുറമുഖവും വിജയപുരവും ഒക്കെ കേന്ദ്രമാക്കി കിഴക്കിലേയ്ക്കും പടിഞ്ഞാറേയ്ക്കും ചരക്കുകപ്പലുകളുടെ വലിയ യാത്രകൾ അക്കാലത്ത് ഉണ്ടായിരുന്നുവത്രേ. ചെട്ടികൾ തങ്ങളുടെ കച്ചവടതാല്പര്യങ്ങളുടെ സംരക്ഷകരായി ഗുജറാത്തിൽ നിന്നും കൊണ്ടുവന്ന് വിജയപുരത്തും തെക്കോട്ടും ഉള്ള പ്രദേശങ്ങളുടെ മേൽനോട്ടം ഏൽപ്പിച്ചു കൊടുത്ത യാദവപോരാളികളുടെ കുടുംബങ്ങളിലാണ് തിരുവിതാംകൂർ രാജവംശത്തിന്റെ അങ്ങേ അറ്റത്തെ പൂർവ്വികത്വം കിടക്കുന്നത് എന്നാണ് ഒരു വാദം.

മറ്റൊരു കാഴ്ച
എന്നാൽ ആയ്കൾ മറ്റൊരു ദ്രാവിഡവംശം മാത്രമാണെന്നും ഈ പറഞ്ഞ പ്രദേശങ്ങളിൽ മാത്രമല്ല, ഇന്നത്തെ മധ്യതിരുവിതാംകൂർ മുതൽ കന്യാകുമാരി വരെ ഉൾപ്പെടുന്ന പ്രദേശം ഒരു അയഞ്ഞ ഘടനയിൽ ആണെങ്കിൽപ്പോലും അവരുടെ കീഴിൽ ആയിരുന്നുവെന്നും മറ്റൊരു വാദമുണ്ട്. പിൽക്കാലത്ത് ചേര, ചോള, പാണ്ഡ്യ വംശങ്ങളുടെ ഉയർച്ചയിൽ വരെ ചെറിയ സാമന്തരൂപമായി നാഞ്ചിനാട് ഭാഗത്തേയ്ക്ക് ഈ രാജകുടുംബം ഒതുങ്ങി പോവുകയായിരുന്നുവത്രേ.

സിംഹാസനത്തിന് സിനിമകളിൽ കാണാറുള്ള പകിട്ടില്ല...
അക്കാലത്ത് തിരുവിതാംകൂറിന്റെ, തെക്കുംകൂർ എന്നറിയപ്പെട്ടിരുന്ന തമിഴ് സംസാരിക്കുന്ന ഇന്നത്തെ കന്യാകുമാരി ജില്ലയിൽപ്പെട്ട ഭാഗത്തായിരുന്നു ആ രാജവംശം നിലനിന്നതും പിന്നീട് അവിടെ നിന്നാണ് വീണ്ടും പ്രാമുഖ്യത്തിലേയ്ക്ക് വരുന്നതും. തക്കലയ്ക്ക് പടിഞ്ഞാറ് കിടക്കുന്ന തിരുവിതാംകോട് എന്ന സ്ഥലത്തായിരുന്നു ഈ പിൽക്കാല തിരുവിതാംകൂർ രാജവംശത്തിന്റെ ആസ്ഥാനം (തിരുവിതാംകൂർ എന്ന പേര് രാജ്യത്തിന്‌ വന്നതും ഈ സ്ഥലനാമത്തിൽ നിന്നാണ് എന്ന് അനുമാനിക്കപ്പെടുന്നു). അവിടനിന്നും ആസ്ഥാനം ഇരണിയലിലേയ്ക്കും. തുടർന്ന് പത്മനാഭപുരത്തേയ്ക്കും മാറുകയായിരുന്നു.

കൊട്ടാരത്തിന്റെ മറ്റൊരു ഭാഗം
തിരുവിതാംകൂറിന്റെ ആയ് പാരമ്പര്യത്തിന്റെ നിദാനമായി ചൂണ്ടികാണിക്കപ്പെടുന്ന ഒരു സംഭവം രാജപുത്രന്മാരായ പപ്പുതമ്പിയുടെയും സഹോദരങ്ങളുടെയും രാജാവകാശവാദമാണ്. ചേരവംശം ശിഥിലമായതിന് ശേഷം ഉയർന്നുവന്ന ആ പാരമ്പര്യമുള്ള ചെറു നാട്ടുരാജ്യങ്ങളുമായി വിവാഹം വഴിയും ദത്തെടുക്കലിലൂടെയും മറ്റും പലതരത്തിലും വംശീയമായി തന്നെ തെക്കുംകൂർ ബന്ധപ്പെടുക്കയും അങ്ങനെ മരുമക്കത്തായ രീതി നിലവിൽ വരുകയും ചെയ്തു. എന്നാൽ അതിനു മുൻപ് ആയ്കൾ മക്കാത്തായ രീതി പിന്തുടരുന്നവർ ആയിരുന്നുവത്രേ. അത്തരത്തിലുള്ള ആയ് വ്യവസ്ഥിതി ഉയർത്തിക്കാട്ടിയാണ് പപ്പുതമ്പി രാജാവകാശം ആവശ്യപ്പെട്ടതും, ആ വാദത്തിൽ ന്യായമുണ്ടെന്ന് തോന്നിയ എട്ടുവീട്ടിൽ പിള്ളമാർ അതിൽ കക്ഷിയായതും. മാർത്താണ്ഡവർമ്മ, രാജപുത്രന്മാരെയും എട്ടുവീട്ടിൽ പിള്ളമാരെയും ഉന്മൂലനം ചെയ്ത് അവരുടെ ആസ്ഥാനങ്ങൾ കുളംതോണ്ടിയതോടെ തിരുവിതാംകൂർ അവരുടെ ആയ് പാരമ്പര്യത്തെ കൂടി മൃതമാക്കുകയായിരുന്നു എന്ന് കരുതാം.      

ഊട്ടുപുര
നെടുനീളത്തിൽ കാണപ്പെടുന്ന ഊട്ടുപുരയിൽ സന്ദർശകർക്കായി ഇങ്ങനെ എഴുതിവച്ചിരിക്കുന്നത് കാണാം: "തിരുവിതാംകൂർ മഹാരാജാക്കന്മാർ ധർമ്മിഷ്ഠരായിരുന്നു. ദിനംപ്രതി രണ്ടായിരം ആളുകൾക്ക് സദ്യ നൽകിയിരുന്നത് ഈ ഊട്ടുപുരയിൽ വച്ചായിരിന്നു. രണ്ടു നിലകളുള്ള ഈ ഊട്ടുപുരയുടെ രണ്ട് നിലകളിലും ആയിരം പേർക്ക് വീതം സദ്യയുണ്ണാൻ സൗകര്യമുണ്ട്. താഴത്തെ നിലയിൽ, സദ്യയ്ക്ക് വിളമ്പിയിരുന്ന അച്ചാറുകൾ സൂക്ഷിച്ചിരുന്ന വലിയ ചീനഭരണികൾ പ്രദർശിപ്പിച്ചിരിക്കുന്നു."

ഊട്ടുപുരയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചീനഭരണികൾ
കൊട്ടാരത്തിന്റെ രണ്ടാം നിലയിൽ ഒരു വശത്തായി നീണ്ട ഇടനാഴി പോലെ, പുറത്തെ നിരത്തിനെ അഭിമുഖീകരിച്ചിരിക്കുന്ന ഒരു ബാൽക്കണിയുണ്ട്. അല്പംമാറി അതുപോലെ തന്നെ നിരത്തിലേയ്ക്ക് നോട്ടം സാധ്യമാവുന്ന തരത്തിൽ, എന്നാൽ പുറത്തു നിന്നും അകത്തേയ്ക്ക് നോട്ടമെത്താത്ത രീതിയിൽ, കൊട്ടാരത്തിലെ റാണിമാർക്കും രാജകുമാരികൾക്കും തോഴികൾക്കുമായി കിളിവാതിലുകളും.  ഇപ്പോഴുള്ള നിരത്തും അതിനപ്പുറമുള്ള വീടുകളും ഈ ബാൽക്കണിക്ക് വളരെ അടുത്താണ്. രാജഭരണ കാലത്തും ഇങ്ങനെ തന്നെയായിരുന്നോ എന്നറിയില്ല. എന്തായാലും കൊട്ടാരത്തിലെ ദന്തഗോപുരവാസികളായ രാജാംഗങ്ങൾക്ക് പുറത്തെ അനിതസാധാരണ നിത്യജീവിതത്തിന്റെ ഒരു ചീന്ത് നോട്ടം ഇവിടെ നിന്നാൽ പ്രാപ്യമായിരുന്നു എന്ന് അനുമാനിക്കാം.

കിളിവാതിലിലൂടെ...
ആ നീളൻ ബാൽക്കണിയിൽ നിന്നാൽ കൊട്ടാരത്തിന് പിറകിൽ അധികം അകലയല്ലാതെയുള്ള വേളിമല കാണാം. ഉച്ചതിരിഞ്ഞ നേരത്താണ് ഞങ്ങൾ ആ ഇടനാഴിയിൽ ചെന്നുനിന്നത്. മഴക്കാലമാണ്, എങ്കിലും മദ്ധ്യാഹ്നത്തിന്റെ വെയിൽമണവുമായി ഒരു കാറ്റ് മലയടിവാരത്തിൽ നിന്നും ഒഴുകിയെത്തുന്നു. ആ കാറ്റിനും കാഴ്ചയ്ക്കും സർഗ്ഗസുരഭിലമായ വശ്യത...! സ്വാതിതിരുന്നാൾ ഇവിടെ വേളിമലയിലേയ്ക്ക്‌ നോക്കിയിരുന്ന് തന്റെ സംഗീതമോഹത്തിന്റെ ശീലുകൾ മനസ്സിൽ കോർത്തെടുത്തിരിക്കുമോ? സ്വാതിതിരുന്നാൾ ജനിക്കുന്നതിനും രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് രാജതാമസം തിരുവനന്തപുരത്തേയ്ക്ക് മാറിക്കഴിഞ്ഞിരുന്നു. എങ്കിലും ഇടക്കാല രാജവസതിയായി തുടർന്ന ഇവിടെ, ഈ വരാന്തയിൽ ആദ്ദേഹം തന്റെ സർഗോന്മാദങ്ങളുമായി വല്ലപ്പോഴുമൊക്കെ വന്നുനിന്നിരിക്കാം എന്ന് വെറുതേയെങ്കിലും ആലോചിക്കുന്നതിൽ ഒരു സുഖമുണ്ട്.

കൊട്ടാരത്തിന്റെ മറ്റൊരു കാഴ്ച. പിറകിൽ വേളിമലയും കാണാം. 
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായി എന്തുകൊണ്ടും കരുതാനാവുന്നത് അനിഴംതിരുന്നാൾ മാർത്താണ്ഡവർമ്മയെ (1706-1758) തന്നെയാവും. പേരിനുവേണ്ടി ഒരു നാട്ടുരാജ്യമായി തുടർന്ന തിരുവിതാംകൂറിനെ, വെറും അഞ്ചു പതിറ്റാണ്ടു കാലത്തെ ജീവിതത്തിനിടയ്ക്ക്, ഇന്നത്തെ കേരളത്തിന്റെ ഏതാണ്ട് പകുതിയോളം വലിപ്പം വരുന്ന ഒരു രാജ്യമാക്കി മാറ്റിയത് അദ്ദേഹമാണ്. ഒരുപാട് യാദൃശ്ചികതകൾ ഇതിലേയ്ക്ക് സംഭാവന നൽകിയെന്നത് അദ്ദേഹത്തിന്റെ അസാമാന്യമായ നേത്രുപാടവത്തെയും ഭരണതന്ത്രജ്ഞതേയും കുറച്ചുകാണാനുള്ള കാരണമാകുന്നില്ല.

മച്ചിലെ ചിത്രപ്പണികൾ
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇരവിവർമ്മ കുലശേഖര പെരുമാൾ എന്നൊരു രാജാവാണ് പത്മനാഭപുരം കൊട്ടാരത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടതെങ്കിലും, ഇന്ന് കാണുന്ന നിലയ്ക്ക്, ശാഖോപശാഖകളയായി പടർന്നുപോകുന്ന അതിവിപുലമായ കൊട്ടാരമായി അത് മാറുന്നത് ഒന്നര നൂറ്റാണ്ടിലധികം കഴിഞ്ഞ് 1750 - ൽ മാർത്താണ്ഡവർമ്മയുടെ കാലത്താണ്. തിരുവിതാംകൂറിന്റെ ചരിത്രത്തെ ചലനാത്മകമാക്കിയ ഒരുപാട് സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച പത്മനാഭപുരം കൊട്ടാരം 1795 - ൽ, രാജ്യതലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറിയതോടെ, നിയോഗപൂർത്തിശേഷം മുഖ്യധാരയിൽ നിന്നും വിസ്മൃതമായി.

കൊട്ടാരത്തിനുള്ളിൽ വിവിധ തലങ്ങളിലുള്ള പ്രതലവിന്യാസവും പടവുകളും
മുഖ്യധാര മലയാള സിനിമയിലെ വലിയ ചിത്രങ്ങളിലൊന്നായ 'മണിച്ചിത്രത്താഴി'ന്റെ പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഈ കൊട്ടാരത്തിലാണ്. നൃത്തങ്ങളും മറ്റും അരങ്ങേറുന്ന ഒറ്റക്കൽ മണ്ഡപം കാണുന്ന നേരത്ത് മണിച്ചിത്രത്താഴിലെ അവസാന ഭാഗത്തെ നൃത്തരംഗം ഓർമ്മവന്നു.

സ്വാതിതിരുനാളിനെ സവിശേഷമായി എടുത്തു പറയാമെങ്കിലും, തിരുവിതാംകൂർ രാജാക്കന്മാർ പൊതുവേ തന്നെ കലാസ്വാദകരും പരിപോഷകരും ആയിരുന്നു എന്ന് പറയപ്പെടുന്നു. ഉണ്ണായിവാര്യരും കുഞ്ചൻനമ്പ്യാരുമൊക്കെ മാർത്താണ്ഡവർമ്മയുടെ സമകാലീനരും തിരുവിതാംകൂർ കൊട്ടാരത്തേയും പത്മനാഭസ്വാമി ക്ഷേത്രത്തെയും ബന്ധപ്പെട്ട് ജീവിച്ചിരുന്നവരുമാണ്.

ഒറ്റക്കൽ മണ്ഡപം
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കൊട്ടാരമേതാണ് എന്ന് ചോദിച്ചാൽ, മൈസൂർ കൊട്ടാരം എന്നായിരിക്കും ഉത്തരം. മൈസൂർ കൊട്ടാരത്തിന്റെ ദൂരക്കാഴ്ച ഉളവാക്കുന്ന സവിശേഷമായ വാസ്തുഭംഗിയും രാത്രികളിലെ ദീപാലങ്കാരവും മുന്നിലെ ദസറ നടക്കുന്ന വിശാലമായ മൈതാനവും ഒക്കെ ചേർന്നുള്ള അതിന്റെ കാഴ്ച മനോഹരം തന്നെയാണ്. എന്നാൽ ഉള്ളിൽ ആ കൊട്ടാരം വലിപ്പത്തിലോ ഗാംഭീര്യത്തിലോ സവിശേഷമായി അനുഭപ്പെട്ടില്ല എന്നതാണ് വാസ്തവം. കൊട്ടാരക്കെട്ടുകൾക്കപ്പുറം കൊട്ടാരക്കെട്ടുകളും ഇടനാഴികൾക്കപ്പുറം ഇടനാഴികളും പടവുകൾക്കപ്പുറം പടവുകളും വൈവിധ്യമാർന്ന രൂപത്തിലുള്ള അനേകം മുറികളും ഊട്ടുപുരകളും അന്ത:പുരങ്ങളും പാചകശാലകളും കുളിമുറികളും കുളങ്ങളും ഒക്കെയായി വിശാലമായി നീണ്ടുകിടക്കുന്ന പത്മനാഭപുരം കൊട്ടാരത്തിന്റെ സങ്കീർണ്ണമായ വാസ്തുരീതിയോടും നിർമ്മാണ വലിപ്പത്തിനോടും കിടപിടിക്കാനാവില്ല മൈസൂർ കൊട്ടാരത്തിന്.

ഒറ്റക്കൽ മണ്ഡപത്തിലെ ഒരു നർത്തകീശില്പം
തെക്കേ ഇന്ത്യയിലെ കെട്ടിടനിർമ്മാണ രീതികളിൽ നിന്നും ഏറെക്കൂറെ മുഴുവനായി തന്നെ വിഘടിച്ചുനിൽക്കുന്ന തച്ചുശാസ്ത്രമാണ് കേരളത്തിന്റേത്. കേരളത്തിൽ ഈ വ്യതിരിക്തതയ്ക്ക് കാരണമായത് മറ്റ് ഇന്ത്യൻ പ്രദേശങ്ങളിൽ നിന്നുള്ള വാസ്തു സംബന്ധിയായ സ്വാധീനത്തെ പശ്ചിമഘട്ട മലനിരകൾ ഒരു പരിധിവരെ തടഞ്ഞുനിർത്തി എന്നതാണ്. അതേ സമയം കടൽവഴി വിദേശസമൂഹങ്ങളുടെ പോക്കുവരവുകൾ ഉണ്ടാവുകയും ചെയ്തു. ഇത് തദ്ദേശിയമായ ഒരു നിർമ്മാണരീതി വികസിപ്പിച്ചെടുക്കാൻ കേരളത്തെ നിർബന്ധിതമാക്കുകയും പര്യാപ്തമാക്കുകയും ചെയ്തു.

കൊട്ടാരകുളം
എല്ലാ ജനപദങ്ങളിലും എന്നതുപോലെ കേരളത്തിലെ വാസ്തുകലയും, ആരംഭിച്ചതും അതിന്റെ വ്യത്യസ്തമായ വഴികൾ കണ്ടെത്തിയതും ആരാധനാലയ നിർമ്മാണത്തിൽ നിന്നാണ്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം പ്രകാശിപ്പിക്കുന്ന പൊതുവായ ദ്രാവിഡ വാസ്തുകലയുടെ ഒരു ഉദാഹരണം മാറ്റിനിർത്തിയാൽ, കേരളത്തിലെ പ്രധാന ക്ഷേത്രനിർമ്മാണങ്ങൾ ഒന്നും മറ്റ് തെക്കേയിന്ത്യൻ ക്ഷേത്രനിർമ്മാണ രീതികളോട് സാമ്യം പ്രകടിപ്പിക്കുന്നില്ല എന്ന് ഒറ്റ നോട്ടത്തിൽ അറിയാവുന്നതാണ്. കുത്തനേ ഉയർന്നുപോകുന്ന ഗോപുരങ്ങളുടെ അഭാവവും ചരിച്ചു കെട്ടിയ മേൽക്കൂരകളും, മഴയും ഇടിമിന്നലും നിറഞ്ഞ കേരളത്തിലെ കാലാവസ്ഥയെ അറിഞ്ഞുണ്ടായിവന്ന രീതിയാണെന്ന് മനസ്സിലാക്കാം. സ്വജാതമായ ക്ഷേത്രനിർമ്മാണവും കൊട്ടാരനിർമ്മാണവും കേരളത്തിലെ വളരെ ഗൗരവതരമായ ഒരു വാസ്തുകലാ പ്രക്രിയ തന്നെയായിരുന്നു, മുൻകാലത്ത്, എന്നതിന്റെ ദൃഷ്ടാന്തമായി പെരുന്തച്ചന്റെ ചരിത്രമോ ഐതീഹ്യമോ നമ്മുടെ സാംസ്കാരിക ബോധത്തിന്റെ സജീവധാരയായി തുടരുന്നതിൽ നിന്നും വെളിപ്പെടുന്നുണ്ട്.

ഒന്നിനു പിറകേ ഒന്നായി തുറന്നുകിടക്കുന്ന വാതിലുകളും മുറികളും...
കേരളത്തിലെ സാധാരണ ജനങ്ങൾ അടച്ചുറപ്പുള്ള വീടുകളിൽ താമസിക്കാൻ തുടങ്ങിയിട്ട് അധിക കാലമൊന്നുമായിട്ടില്ല. ആരാധനാലയങ്ങളും കൊട്ടാരങ്ങളും പ്രഭുഗൃഹങ്ങളുമാണ് അന്ന് കെട്ടിടങ്ങൾ എന്ന നിലയ്ക്ക് ഉണ്ടായിരുന്നത്. ബാക്കിയൊക്കെ കുടിലുകളായിരുന്നു. മാത്രവുമല്ല സാധാരണക്കാരൻ നല്ല മേൽക്കൂരയുള്ള ഒരു വീട് ഉണ്ടാക്കണമെങ്കിൽ സർക്കാരിന് കപ്പം കൊടുക്കേണ്ടിയിരുന്നുവത്രേ.

കൊട്ടാരത്തിലെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരിടനാഴി
പിൽക്കാലത്ത് സാധാരണ ജനങ്ങളും ഗൃഹനിർമ്മാണം ആരംഭിച്ചപ്പോൾ സ്വാഭാവികമായും അത് ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും മിനിയേച്ചർ രൂപം തന്നെയായി മാറി. കഴിഞ്ഞ മൂന്നാല് പതിറ്റാണ്ടിനിടയ്ക്ക് കേരളത്തിന്റെ ഗൃഹനിർമ്മാണരീതി വിസ്ഫോടകമായ മാറ്റങ്ങൾക്ക് വിധേയമായി. എങ്കിൽകൂടിയും, ആധുനികവും സങ്കീർണ്ണവുമായ വ്യാപ്തിയിൽ കോണ്‍ക്രീറ്റ് നിർമ്മാണങ്ങൾ നടത്തുമ്പോഴും മേൽക്കൂര ചരിച്ചും അതിനു മുകളിൽ ഓടുപാകിയും നാലുകെട്ടുകളും എട്ടുകെട്ടുകളും ഒക്കെ നിലനിർത്തുന്ന രീതി ഇന്നും വ്യാപകമാണ്.

ഇപ്പോൾ കേരളത്തിന്റെ അതിർത്തിക്കുള്ളിലല്ലെങ്കിലും പരമ്പരാഗത കേരള വാസ്തുകലയുടെ എല്ലാ ഘടകങ്ങളും സൗന്ദര്യവും സങ്കീർണ്ണതയും കാണാനാവുന്ന ഒരു നിർമ്മിതിയാണ്‌ പത്മനാഭപുരം കൊട്ടാരം.

കൊട്ടാരം - മറ്റൊരു ഭാഗത്തെ കാഴ്ച
ഈ നിമിഷം തൊട്ടടുത്ത നിമിഷത്തിന്റെ ചരിത്രമാണ്. ഇന്നലത്തെ ചരിത്രമെന്നും ഹിമയുഗത്തിന്റെ ചരിത്രമെന്നും ഒക്കെ ആ ഭൂമികയങ്ങനെ അപാരതയിലേയ്ക്ക് നീണ്ടുകിടക്കുന്നു. ആ നിലയ്ക്ക് എല്ലാ ദേശങ്ങൾക്കും ചരിത്രമുണ്ടാവും - നീണ്ടതും കുറുകിയതുമായ ചരിത്രങ്ങൾ. നമ്മുടെ വീട്ടുമുറ്റത്തിനും ചരിത്രമുണ്ടാവും. എന്നാൽ ചരിത്രം എന്ന് പൊതുവേ വ്യവഹിരിച്ചുവരുന്ന അമൂർത്തയ്ക്ക് അളവുകൾ നൽക്കുന്ന വസ്തുപ്രതിരൂപങ്ങൾ ചില സ്ഥലങ്ങളെ സവിശേഷമാക്കുന്നു. പോയകാലത്തിന്റെ ചില ജീവിതസന്ധികളെ അവ മുന്നിലേയ്ക്ക് വയ്ക്കും. അത്തരത്തിൽ ചരിത്രത്തെ തൊട്ടനുഭവിക്കാൻ പറ്റുന്ന, ചരിത്രഭാവനകൾക്ക് രൂപം കൊടുക്കാൻ സാധിക്കുന്ന ഒരിടമാണ് പത്മനാഭപുരം കൊട്ടാരം.

മടങ്ങുമ്പോൾ, ഈ പ്രദേശങ്ങളുടെ ചരിത്രം, തെക്കൻ തിരുവിതാംകൂറിന്റെ ചരിത്രം, നാഞ്ചിനാടിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല എന്നറിയാമായിരുന്നു. ഈ ചെറിയ യാത്രയിൽ സാധ്യമാവുന്ന മറ്റു ചില ചരിത്രസ്ഥലങ്ങൾ കൂടി തിരക്കി ഞങ്ങൾ പടിഞ്ഞാറേയ്ക്ക് യാത്ര തുടർന്നു...


തിരുവനന്തപുരത്തു നിന്നും ദേശീയപാത 47 - ലൂടെ കന്യാകുമാരി ഭാഗത്തേയ്ക്ക് സഞ്ചരിച്ചാൽ തക്കലയ്ക്ക് എകദേശം 60 കിലോമീറ്റർ ദൂരം കാണും. തക്കല ഹൈസ്കൂൾ ജംഗ്ഷനിൽ, ഇടത്തേയ്ക്ക് തിരിയണം. ഇവിടെ വലതു വശത്ത് സർക്കാർ ഹൈസ്കൂൾ ഉള്ളതുകൊണ്ട്, അത് ശ്രദ്ധിച്ചാൽ, വഴി തെറ്റില്ല. ആ വഴിയിലൂടെ 1.5 കിലോമീറ്റർ പോയാൽ പത്മനാഭപുരം കൊട്ടാരത്തിന്റെ മുന്നിലെത്തും.

4 അഭിപ്രായങ്ങൾ:

  1. അറിവുകള്‍ പകര്‍ന്നു കൊടുത്തുകൊണ്ട് ചരിത്രവഴികളിലൂടെ യാത്ര തുടരുക..

    മറുപടിഇല്ലാതാക്കൂ
  2. പറയാതെ വയ്യ പ്രൌഢമായ ലേഖനം...നന്നേ കുട്ടിക്കാലം മുതൽ പലതവണ പോയിട്ടുണ്ട് പദ്മനാഭപുരം കൊട്ടാരത്തിൽ...ഒരോ യാത്രയും പുതിയ അനുഭവമായിരുന്നു...കുട്ടിക്കാലത്തൊരിക്കൽ പോയപ്പോൾ മാർത്താണ്ഡവർമ്മയുടെ ഔഷധക്കട്ടിലിൽ ഞെളിഞ്ഞു കിടന്നതും പ്രദർശനത്തിനു വച്ചിരുന്ന വാളെടുത്തു വീശിയതുമൊക്കെ ഓർക്കുന്നു...പ്രദർശന വസ്തുക്കളുടെ ദുര്യുപയോഗം തടയാൻ ആരുമുണ്ടായിരുന്നില്ല.... അങ്ങനെയൊക്കെയാണ് നമ്മളുടെ പൈതൃകസമ്പത്തിന്റെ സംരക്ഷണം.
    പിന്നെ പടങ്ങൾ അല്പം over exposed ആയിപ്പോയെന്ന് തോന്നുന്നു.

    നാഞ്ചിനാടിന്റെ ബാക്കി കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പല മുറികളിലും സൂക്ഷിപ്പുകാരെ കണ്ടു. ഇപ്പോൾ കുറച്ചൊക്കെ മാറിയിട്ടുണ്ടെന്ന് തോന്നുന്നു. ചിത്രങ്ങൾ - അത്ര പിടിപാടുള്ള കാര്യമല്ല. നന്നാക്കാൻ ശ്രമിക്കുന്നുണ്ട്.

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

      ഇല്ലാതാക്കൂ