2011, ഡിസംബർ 29, വ്യാഴാഴ്‌ച

കബനിയുടെ കരയില്‍ - ആറ്

ഒന്നാം ഭാഗം
അഞ്ചാം ഭാഗം

"ഹൃദയത്തെ കുതിച്ചുചാടിക്കുന്ന ഒരു പ്രകൃതിദൃശ്യത്തിന് മുന്‍പിലെത്തിയാല്‍, ചുറ്റും നോക്കി "എന്താണിവിടെ?" എന്ന് ചോദിക്കുന്നവര്‍ ധാരാളമുണ്ട്. അതവരുടെ കുറ്റമല്ല. അവരുടെ മനസ്സില്‍ അങ്ങിനെയൊരു വാതില്‍ തുറന്നിട്ടില്ല - അത്രതന്നെ. അവരുടെ ജീവിതങ്ങള്‍ സന്തോഷകരമായി മുന്നോട്ടു പോവുകയും ചെയ്യും. പക്ഷെ, ആ വാതില്‍ തുറന്നു കിട്ടുന്നവരുടെ ജീവിതങ്ങള്‍ക്ക് ഒരു പ്രത്യേക ഐശ്വര്യം ലഭിക്കുന്നു"
- സക്കറിയ (മാതൃഭൂമി ആഴ്ചപതിപ്പ് - പുതുവത്സര പതിപ്പ്, 2012) 

മഴ പെയ്തു തോര്‍ന്ന പ്രഭാതങ്ങള്‍ക്ക് ഒരു മാസ്മരികതയുണ്ട്. നനവിന്റെ പച്ചയിലൂടെ ഊര്‍ന്നുവരുന്ന സുവര്‍ണ്ണ രശ്മികള്‍ വിരിച്ചിടുന്ന ഒരഭൌമ ലോകം. മുത്തങ്ങ വന്യജീവിസങ്കേതത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ രാവിലെ അവിടെ എത്തേണ്ടതുണ്ട്. മഴനനവുമാറാത്ത നിരത്തിലൂടെ, സുല്‍ത്താന്‍ ബത്തേരിയും കടന്നു ദേശീയപാതയിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. കോഴിക്കോട് - മൈസൂർ ദേശിയപാതയിൽ, സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റർ യാത്രചെയ്താൽ മുത്തങ്ങ സാങ്ച്വറിയുടെ കവാടത്തിലെത്താം. മുത്തങ്ങ എന്ന പേര് പൊതുസമൂഹത്തിന്റെ മുന്നില്‍ സുപരിചിതമാകുന്നത് ജാനുവിന്റെ സമരത്തോടെയാണ്. രണ്ടു പേരുടെ മരണത്തിനിടയാക്കിയ ആ ഭൂമി കയ്യേറ്റത്തിന്റെ ഏതാനും നാളുകളില്‍ ജാനുവും ഗീതാനന്ദനും മാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപെട്ടിരുന്നെങ്കിലും ഇന്ന് അവരെകുറിച്ച് കേള്‍ക്കാനില്ല. കേരളത്തിന്റെ സിവില്‍സമൂഹം, തങ്ങളെ നേരിട്ട് ബാധിക്കാത്ത, ഏതു വിപ്ലവത്തേയും വികടമന്ദഹാസത്തോടെ കവച്ചുകടക്കാന്‍ പര്യാപ്തമാംവിധം ഒരു സ്യൂഡോ ആധുനികതയുടെ ഇടക്കാല സുഖലോലുപതയിലൂടെ കടന്നുപോവുകയാണെന്ന് ആ ഒറ്റ സമരം കൊണ്ട് ജാനുവും മനസ്സിലാക്കിയിരിക്കുന്നു എന്ന് വേണം കരുതാന്‍.

പടിഞ്ഞാറത്തറയില്‍ നിന്നും മുത്തങ്ങയിലേക്ക് ഞങ്ങള്‍ ഓടിയെത്തുമ്പോഴേക്കും പ്രവേശനകവാടത്തില്‍ അത്യാവശ്യത്തിനു തിരക്കൊക്കെ ആയി കഴിഞ്ഞിരിക്കുന്നു. ടിക്കറ്റെടുത്ത്, ഒരു ജീപ്പും വാടകയ്ക്കെടുത്ത് ഞങ്ങള്‍ സങ്കേതത്തിനുള്ളിലേക്ക് കടന്നു. അവിടെ ലഭ്യമായ ജീപ്പില്‍, ഡ്രൈവറോടൊപ്പം മാത്രമേ അകത്തേക്ക് യാത്ര അനുവദിക്കുകയുള്ളു. അതെന്തായാലും നന്നായി, വനംവകുപ്പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഉള്ളിലെ റോഡിലൂടെ സ്വകാര്യ വാഹനവുമായി പോകുന്നത് വണ്ടിക്കും അതില്‍ സഞ്ചരിക്കുന്ന ആള്‍ക്കാര്‍ക്കും ആത്മഹത്യാപരമായിരിക്കും. യാത്ര തുടങ്ങുമ്പോള്‍ തന്നെ തൊട്ടുമുന്നില്‍ ഒരാന. ഇത്രയും ലഘവത്തോടെയോ കാട്ടാനകള്‍ ഇവിടെ വിഹരിക്കുന്നത് എന്ന് ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഡ്രൈവര്‍ പറഞ്ഞു "ഇതിവിടെ വളര്‍ത്തുന്ന നാട്ടാനയാണ്".



1973-ലാണ് മുത്തങ്ങവനമേഖല വന്യജീവിസങ്കേതമായി പരിണമിക്കുന്നത്. ഈ വനത്തിനുള്ളിലെവിടെയോ ആണ് കേരളം കര്‍ണ്ണാടകയുമായും തമിഴ്നാടുമായും ഒന്നിച്ച് അതിര്‍ത്തി പങ്കിടുന്നത്. തമിഴ്നാടിന്റെ മുതുമല സംരക്ഷിതവനമേഖലയും കര്‍ണ്ണാടകയുടെ ബന്ദിപ്പൂര്‍ വനമേഖലയും ഇവിടെ നിന്ന് ആരംഭിക്കുന്നു.

നിരത്തിലൂടെ സഞ്ചരിക്കുന്ന വണ്ടിയിലിരുന്നു വനത്തെ ആസ്വദിക്കുക എന്നത് ലളിതകാല്പനീകവും ഉപരിപ്ലവവുമായ ഒരനുഭവമായാണ് തോന്നുക. മുത്തങ്ങയുടെ നിരത്തോരകാഴ്ചകള്‍ ഒരു കൊടുംകാടിന്റെ വന്യതയൊന്നും നല്‍കുകയുമില്ല. ഹരിതവന്യതയുടെ ഉള്ളിടങ്ങളിലെ സൂക്ഷ്മജീവിതങ്ങളിലാണ് കാടുള്ളത്. നാഗരികതയുടെ സ്പര്‍ശമുള്ള ജീവിതരീതികളുമായി കാട് ഇണങ്ങുകയില്ല. കാടിന്റെ അന്തര്‍ലോകത്ത് ജീവിച്ച് പരിചയിച്ചതുകൊണ്ടല്ല ഈ ദ്വന്ദങ്ങളെ കുറിച്ചുള്ള വിചാരമുണ്ടാവുക. നാഷണല്‍ ജിയോഗ്രഫിക്കിന്റെ ലേഖകരോ നമ്മുടെ എന്‍. എ. നസീറോ ഒക്കെ അനുഭവിച്ച കാടിന്റെ ചിത്രവിവരണാത്മക കണ്ടും വായിച്ചും അറിഞ്ഞതൊന്നും എന്റെ പാര്‍ശ്വവീക്ഷണങ്ങളില്‍ വന്നുപെടുന്നില്ല എന്നതില്‍ നിന്നുമാണ് ഈ ചിന്തയുണ്ടാവുക. കാടിന്റെ വന്യഗര്‍ഭങ്ങളില്‍ ആമഗ്നനാവാനുള്ള ഊര്‍ജ്ജം ഇനി എന്നെങ്കിലും എന്നില്‍ ഉണ്ടാവുമെന്ന് കരുതാനും വയ്യ. ഈ കാട്ടില്‍ ആനയും പുലിയും കാട്ടുപോത്തും മയിലും മാനും മാത്രമല്ല ഉള്ളത്. ഒരു സാധാരണ വഴിയാത്രക്കാരന് കാണാന്‍ സാധിക്കാത്ത ഏതെല്ലാം സൂക്ഷ്മജീവികള്‍, ഇലകള്‍, പൂക്കള്‍, ഉരഗങ്ങള്‍, വള്ളികള്‍, മരംകൊത്തികള്‍ - എണ്ണിയാലൊടുങ്ങാത്ത ജൈവലോകം. ജീപ്പിലിരുന്നു ഞാന്‍ ഇതൊന്നും കണ്ടില്ല. കാടിന്റെ സ്ഥൂലമായ കാഴ്ചയിലൂടെ ജീപ്പ് ഒരു മണിക്കൂറിലധികം കറങ്ങി, കയറിയ സ്ഥലത്ത് തിരിച്ചെത്തി. ഏതാനും മയിലും മാനും മിന്നായം പോലെ നിരത്തുമുറിച്ച് പാഞ്ഞുപോയി. കുറച്ചകലെ കുറ്റികാടുകള്‍ക്ക് മുകളില്‍ ഏതാനും ആനകളുടെ മുകള്‍ ശരീരഭാഗം കണ്ടതായി ഭാര്യയും മക്കളും ഡ്രൈവറും പറഞ്ഞു. കണ്ണടയില്ലാത്താതുകൊണ്ടാവും എനിക്കാഭാഗത്ത് നിശബ്ദമായ കാടിന്റെ പച്ചിലകളും മരത്തണ്ടുകളും മാത്രമേ കാണാന്‍പറ്റിയുള്ളൂ.







വയനാട് ജില്ലയിലെ വലിയ പട്ടണമാണ് സുല്‍ത്താന്‍ബത്തേരി. ടിപ്പുസുല്‍ത്താന്‍ ഇവിടുത്തെ പ്രമുഖ ജൈനക്ഷേത്രം തന്റെ ആയുധപുരയായി ഉപയോഗിച്ചതിനാലാണ് ഈ പേര് വന്നതെന്നാണ് ചരിത്രമതം (sultan's battery). ബി. സി. മൂന്നാം നൂറ്റാണ്ടോടെയാണ്‌ ജൈനമതം ദക്ഷിണേന്ത്യയില്‍ എത്തുന്നത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഈ ഭാഗത്ത് ജൈനമതത്തിന് ഏറ്റവും വേരോട്ടമുണ്ടായിരുന്നത് കര്‍ണ്ണാടകത്തിലാണ്. ശ്രാവണബലഗോള ഇന്നും അതിനുള്ള ഉത്തമതെളിവായി ബാക്കിയാവും. പതിനാലാം നൂറ്റാണ്ടോടു കൂടി ജൈനമതത്തിന്റെ പ്രഭാവം ഏറെക്കൂറെ അസ്തമിച്ചു. ഹിന്ദുമതം അതിന്റെ വിവിധങ്ങളായ താത്വിക താര്‍ക്കിക ബലശിഖരങ്ങളോടെ ദക്ഷിണേന്ത്യയെ ഏറെക്കൂറെ അപ്പോഴേക്കും പൂര്‍ണ്ണമായി തന്നെ അധിനിവേശിച്ചു കഴിഞ്ഞിരുന്നു. ഇപ്പോള്‍ കര്‍ണ്ണാടകത്തിനോട് ഏറ്റവും അടുത്തുകിടക്കുന്നതും, ചരിത്രവഴിയിലെ പല രാജഭരണകാലങ്ങളിലും ഇന്ന് അതിര്‍ത്തിക്കപ്പുറത്തുള്ള സ്ഥലങ്ങങ്ങളുടെ ഭാഗവുമായിരുന്ന വയനാടന്‍ പ്രദേശങ്ങളില്‍ ജൈനക്ഷേത്രങ്ങളുടെ ശേഷപത്രങ്ങള്‍ ചിതറികിടക്കുന്നതില്‍ അത്ഭുതമില്ലതന്നെ.

സുല്‍ത്താന്‍ബത്തേരി പട്ടണത്തില്‍ തന്നെയുള്ള, ടിപ്പുസുല്‍ത്താന്‍ തന്റെ ആയുധപ്പുരയാക്കിയ ജൈനക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതുന്നു. മൈസൂറിൽ നിന്നും പശ്ചിമഘട്ടം താണ്ടി കേരളത്തിന്റെ സമതലങ്ങൾ പിടിച്ചടക്കാനിറങ്ങിയ ഹൈദരലിയും ടിപ്പുസുൽത്താനുമൊക്കെ മനുഷ്യമോഹത്തിന്റെ പാരമ്യത വെളിവാക്കും. ആ പടയോട്ടവഴി ആയിരുന്നിരിക്കാവുന്ന ഇന്നത്തെ മൈസൂർ - കോഴിക്കോട് ദേശിയപാതയിൽ നിന്നും ഏതാനും അടിമാത്രം അകലെയായാണ് ഈ ചരിത്രസ്മാരകം താരതമ്യേന ഭേദപ്പെട്ടരീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. എങ്കിലും വലിപ്പമുള്ള ഒരു ദിശാസൂചിക കൃത്യമായി കാണാനാവാത്തതുകൊണ്ട് അതിന്റെ തൊട്ടുമുന്നിൽ നിന്നൽ‌പ്പം ചുറ്റിതിരിഞ്ഞു. ഉച്ചതിരിഞ്ഞ് ഞങ്ങളവിടെ ചെല്ലുമ്പോള്‍ കോളേജു വിദ്യാര്‍ഥികളെന്നു കരുതാവുന്ന ഒരാണ്‍കട്ടിയും പെണ്‍കുട്ടിയും അപ്പുറത്തെ മൂലയ്ക്ക് സല്ലപിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു. അവസരം കാത്തിരുന്നത് പോലെ, ഞങ്ങളെ കണ്ടതും സ്മാരകംസൂക്ഷിപ്പുകാരന്‍ അവരെ അവിടെനിന്നും പറഞ്ഞയച്ചു. സ്വൈര്യസല്ലാപം തടസ്സപ്പെടുത്തിയ ഞങ്ങളെ അവജ്ഞയോടെ നോക്കി കമിതാക്കള്‍ പുറത്തേക്ക് പോയി. ഈ അവധികാലത്ത് വിമാനം പിടിച്ച് നാട്ടിലെത്തിയതിന്റെ മുഖ്യപ്രലോഭനങ്ങളിലൊന്നു വയനാട് കാണുക എന്നതുതന്നെയായിരുന്നു - അതിനാല്‍ യുവസുഹൃത്തുക്കളെ ശല്ല്യമായത് ക്ഷമിക്കുക!










4 അഭിപ്രായങ്ങൾ:

  1. ലാസർ...ഇത്തവണ വിവരണത്തിന്റെ ശൈലിയ്ക്ക് മാറ്റം വന്നതുപോലെ തോന്നുന്നു. പഴയ വിവരണങ്ങളിൽനിന്നും ഏറെ മനോഹരമായിരിക്കുന്നു.

    മുത്തങ്ങ സന്ദർശിക്കുന്ന പലരും പറയുന്നത് വളരെയേറെ മൃഗങ്ങളെ കണ്ടു എന്നൊക്കെയാണല്ലോ...പലപ്പോഴും മൃഗങ്ങളെ കാണുക എന്നത് നമ്മുടെ ഭാഗ്യം പോലിരിക്കും..

    ജൈനക്ഷേത്രത്തെക്കുറിച്ച് അല്പംകൂടി വിവരണം ആകാമായിരുന്നു. ചിത്രങ്ങൾ ഏറെ മനോഹരം..

    ആശംസകൾ.

    നേഹപൂർവ്വം ഷിബു തോവാള.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്..ഇപ്പൊഴാ ഇതുവഴി വന്നത്.

    മറുപടിഇല്ലാതാക്കൂ
  3. ഷിബു, മുല്ല, ഫിയോനിക്സ്,
    സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി!

    മറുപടിഇല്ലാതാക്കൂ