2014, മാർച്ച് 29, ശനിയാഴ്‌ച

ചാമുണ്ഡീ താഴ് വാരം; കാവേരീ ഭരിതം - മൂന്ന്

ഭാഗം ഒന്ന്, ഭാഗം രണ്ട്

"ഫ്ട്ടി ഹൈദരുടെ കഠാര അതിന്റെ ഉറയിൽ നിന്നും പുറത്തായി. അതു കണ്ട് പല്ലുകൾ കാട്ടിതന്നെ ചിരിച്ചുതുടങ്ങിയ സാവിത്രിയുടെ മുഷ്ടിയിൽ അതിലും ഭയങ്കരതരമായുള്ള ഒരു കഠാര ആ സന്ധ്യാ സമയത്തും ഒരു വജ്രശലാകപോലെ തിളങ്ങി.
ഫ്ട്ടി ഹൈദർ: "ആഹാ! സ്വൈരിണീ! നീ ഈ ആയുധം മോഷ്ടിച്ചതല്ലേ? അതു നിന്റെ മനോഹരാംഗുലികളെ വിരൂപമാക്കും. ദൂരത്തെറിയുക.
.......................................................................................
സാവിത്രി: " രാജകുമാരാ, ക്ഷമിച്ചു കേൾക്കുക. അങ്ങ് ആയുധവിദഗ്ദ്ധൻ. ഞാൻ സാമാന്യബാലിക എന്ന് ഭ്രമിച്ച് നേർക്കരുത്‌. എന്റെ ദത്തുമാതുലൻ വഞ്ചിരാജ്യ സേനാനിയായിരുന്നു. അച്ഛന്റെ പൂർവ്വിക പരമ്പരകളും ഒരു രാജകുടുംബത്തെ ആശ്രയിച്ചു തത്തുല്യസ്ഥാനങ്ങൾ വഹിച്ചിരുന്നു. എന്റെ ബാല്യവിഹാരം ആയുധകളരിയിൽ. ഇങ്ങോട്ടു താക്കിയാൽ അങ്ങോട്ടു കൊണ്ടുപോയേക്കും. അസ്ത്രീത്വം എന്ന് ഇതിനെ പരിഹസിക്കരുത്.അങ്ങേ അമ്മയായ ബീഗംസാഹിബ് ഈ വിധമല്ലാതെ പ്രവർത്തിച്ചാൽ..."

പെട്ടെന്നുണ്ടായ ഒരു പൊട്ടിച്ചിരി ഈ ചോദ്യത്തിന്റെ പരിപൂരണത്തെ വിഘാതപ്പെടുത്തി. "യുദ്ധരംഗത്തിലേക്ക് ഈ മാത്രയിൽ" എന്നുണ്ടായ ആജ്ഞകൾ ഫ്ട്ടി ഹൈദരെ രംഗത്തിൽ നിന്നും ശലഭതുല്യം പറപ്പിച്ചു. വടി ഊന്നി അതിവിഷമതയോടെ സഞ്ചാരത്തെ വീണ്ടും പരിശീലിക്കുന്നതിനിടയ്ക്ക് ആ സന്ധിയിൽ എത്തിയ ടിപ്പു സുൽത്താൻ കന്യകയുടെ സമീപത്തണഞ്ഞ് കോപലാഞ്ചനം ഒന്നുംകൂടാതെ, സസ്മേരം മൃദുലവചനങ്ങളാൽ ഇങ്ങനെ ഒരു സാന്ത്വനാമൃതത്തെ വർഷിച്ചു: "അപരന്റെ അക്രമത്തിൽ ഫ്ട്ടി ഹൈദരുടെ മാതാവ്, മഹാൾ, സാവിത്രികന്യകയുടെ വീര്യശുദ്ധിയോടെ പ്രവർത്തിച്ചില്ലെങ്കിൽ ആ ക്ഷണത്തിൽ അവളുടെ കണ്ഠം നമ്മുടെ കഠാരയാൽ നികൃത്തമാകും. മിത്രമായ അജിതസിംഹപ്രഭു തന്ന ഈ ആയുധത്തെ നമ്മുടെ അനുഗ്രഹത്തോടുകൂടി ചാരിത്രത്തിന്റെ രക്ഷായുധമായി ധരിച്ചുകൊൾക." അനന്തരം സുൽത്താൻ വിനോദഭാഷണത്തിനു നിൽക്കാതെ നടന്നു."

ദാരിയ ദൗലത് കൊട്ടാരം - ടിപ്പു സുൽത്താന്റെ വേനൽക്കാല വസതി
സി. വി. രാമൻ പിള്ളയുടെ 'രാമരാജാബഹദൂറിൽ' നിന്നുള്ള ഒരു ഭാഗമാണ് മുകളിൽ എടുത്തു ചേർത്തത്. സങ്കീർണ്ണമായ കഥാവിഗതികളിലൂടെ കഥാനായികയായ സാവിത്രി ടിപ്പു സുൽത്താന്റെ സങ്കേതത്തിൽ എത്തപ്പെട്ട സന്ദർഭം (കഥാനായിക എന്ന വിശേഷണം സാവിത്രിക്കു മാത്രമായി ചേരുമോ എന്നറിയില്ല. സാവിത്രിയുടെ മാതാവായ മീനാക്ഷിയമ്മ ഉൾപ്പെടെ ഏറെ കഥാപാത്രങ്ങൾ മിഴിവോടെ എത്തുന്ന നോവലിൽ പ്രത്യേകമായി ഒരു കഥാനായികയെയോ, നായകനെപ്പോലുമോ തീർച്ചപ്പെടുത്തുക പ്രയാസം). ടിപ്പുവിന്റെ മൂത്ത പുത്രനായ ഫ്ട്ടി ഹൈദർ (Fateh Haidar) ആക്രമണോത്സുകതയോടെ തന്റെ പ്രണയും സാവിത്രിയോട് വെളിപ്പെടുത്തുന്നതും, അതിനെ എതിർക്കുന്ന സാവിത്രിയുടെ രക്ഷയ്ക്ക് ടിപ്പു തന്നെ നേരിട്ടെത്തുന്നതുമാണ് കഥാസന്ദർഭം. തിരുവിതാംകൂർ രാജകുടുംബത്തോട് ആഴത്തിൽ വിധേയത്വം കാണിച്ചിരുന്ന സി. വി. പക്ഷെ ആ രാജകുടുംബത്തിന്റെ ശത്രുവായ ടിപ്പുവിനെ ഈ ഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നത് വളരെ ശ്രേഷ്ഠതയോടെ, വിനയഭാവങ്ങളുള്ള ഒരു സാധാരണ മനുഷ്യനായാണ് എന്നത് ഒരല്പം ആശ്ചര്യം ഉണ്ടാക്കാതിരിക്കില്ല.

തിരുവിതാംകൂർ ആക്രമിക്കാനെത്തിയ ടിപ്പുവിന്റെ താവളത്തിലാണ് സാവിത്രി എത്തപ്പെടുന്നത്. ടിപ്പുവിന്റെ ജീവചരിത്രം ഓടിച്ചുനോക്കിയാൽ തന്നെ മനസ്സിലാവും ശ്രീരംഗപട്ടണത്തിൽ താമസിച്ചിട്ടുള്ളതിനെക്കാൾ ടിപ്പു കഴിഞ്ഞിട്ടുള്ളത് പടയോട്ടങ്ങൾക്കായി അതാതു പ്രദേശങ്ങളിൽ നിർമ്മിച്ചെടുത്ത താൽക്കാലിക സങ്കേതങ്ങളിലാണെന്ന്. ശ്രീരംഗപട്ടണത്തിലെ ടിപ്പുവിന്റെ പ്രധാന കൊട്ടാരം ലാൽമഹൽ ആയിരുന്നുവത്രേ. ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് ഏതാണ്ട് എതിർവശത്തായി സ്ഥിതിചെയ്തിരുന്ന ഈ കൊട്ടാരത്തിന്റെ അവശിഷ്ടമായ തറയുടെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ. ടിപ്പുവിന്റെ മരണത്തിൽ കലാശിച്ച നാലാം ആംഗ്ലോ - മൈസൂർ യുദ്ധം നയിച്ചവരിൽ ബ്രിട്ടീഷ് ഭാഗത്തെ പ്രധാനിയും, യുദ്ധശേഷം മൈസൂർ ഗവർണ്ണറുമായ ആർതർ വെല്ലസ്ലി ലാൽമഹൽ കൊട്ടാരം ഇടിച്ചുകളഞ്ഞു എന്നാണ് പറയപ്പെടുന്നത്‌.

പിടിച്ചടക്കുന്ന സ്ഥലങ്ങളിലെ കൊട്ടാരങ്ങളും മറ്റു നിർമ്മിതികളും ഇടിച്ചുനിരത്തുന്ന പ്രവണത ബ്രിട്ടീഷ് സൈന്യത്തിന്റെ പൊതുവായ രീതിയായിരുന്നില്ല. അതിലേയ്ക്ക് നയിച്ചതിൽ മറ്റ് എന്തെങ്കിലും കാരണങ്ങളും ഉണ്ടാവുമായിരിക്കും എന്നും അനുമാനിക്കാം. കീഴടക്കുന്ന സ്ഥലങ്ങളിൽ നടത്തുന്ന ഭൗതികധ്വംസനങ്ങൾ ടിപ്പു സുൽത്താനിൽ ഏറെ ആരോപിക്കപ്പെട്ടിട്ടുണ്ട്. അതിനുള്ള തിരിച്ചടിയെന്ന നിലയ്ക്ക്, അക്കാലത്ത് മുപ്പതു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന വെല്ലസ്ലി അമിതാവേശം കാണിച്ചതുമാവാം.    

ദാരിയ ദൗലത് ബാഗ് - പ്രവേശനകവാടം
എന്നാൽ ശ്രീരംഗപട്ടണത്തിൽ ഹൈദർ / ടിപ്പു കാലത്ത് നിന്നും ഇന്നിലേയ്ക്ക് സംരക്ഷിക്കപ്പെട്ടിരിക്കുന്ന കൊട്ടാരമാണ് 'ദാരിയ ദൗലത്' എന്ന വേനൽക്കാല കൊട്ടാരം. വേനൽക്കാല കൊട്ടാരം എന്ന് പറയുന്നതിലെ സാംഗത്യം പക്ഷെ മനസ്സിലാവുന്നില്ല. വേനൽ മാസങ്ങളിൽ പ്രധാന കൊട്ടാരത്തിലെ അസുഖകരമായ കാലാവസ്ഥയിൽ നിന്നും മാറി തണുപ്പ് പ്രദേശങ്ങളിൽ പോയി സുഖവസിക്കാൻ രാജാക്കന്മാരും മറ്റും ഉണ്ടാക്കിയിരുന്ന വിദൂര വസതികളെയാണല്ലോ സാധാരണ അങ്ങിനെ വിശേഷിപ്പിക്കുക (തിരുവിതാംകൂർ രാജകുടുംബത്തിന് ഹൈറേഞ്ച് പ്രദേശമായ കുട്ടിക്കാനത്ത് വേനൽക്കാല വസതി ഉണ്ടായിരുന്നതു പോലെ). ഇവിടെ ടിപ്പുവിന്റെ പ്രധാന കൊട്ടാരമായ ലാൽമഹലും വേനൽക്കാല കൊട്ടാരമായ ദാരിയ ദൗലത്തും തമ്മിൽ ഏകദേശം മൂന്നു കിലോമീറ്ററിന്റെ അകലമേയുള്ളൂ.

ഒരു ഉദ്യാനത്തിന്റെ നടുവിലായാണ് കൊട്ടാരം. പച്ച പുല്ലുവിരിച്ച ഈ ഉദ്യാനത്തിൽ, പ്രവേശന കവാടത്തിൽ നിന്നും കൊട്ടാരത്തിലേയ്ക്കുള്ള നടപ്പാതയ്ക്ക് ഇരുവശത്തും, അവിടവിടെ ചില വലിയ മരങ്ങൾ കാണാം എന്നതിനപ്പുറം നിബിഡമായ പുഷ്പസസ്യങ്ങളൊന്നുമില്ല. എന്നാൽ കൊട്ടാരത്തിന് മുന്നിലെ ഈ ഒഴിഞ്ഞ വിസ്തൃത പ്രദേശത്തിന്റെ അതിർത്തിയിലായി വന്മരങ്ങളുടെ ചെറുവനമേഖല ആരംഭിക്കുന്നത് കാണാം. ഇവയ്ക്കപ്പുറം അധികം അകലെയായല്ല കാവേരി ഒഴുകുന്നത്‌.

പുറത്തു നിന്ന് നോക്കുമ്പോൾ പച്ച നിറത്തിലുള്ള കൊട്ടാരമായാണ് തോന്നുക. കെട്ടിടത്തിന്റെ നാലുചുറ്റിനുമുള്ള ഇടനാഴിയെ മറച്ചിരിക്കുന്ന പച്ച ചായമടിച്ച മുളച്ചീളുകൾ കൊണ്ടുള്ള തിരശ്ശീലയാണ് അതിനുള്ള കാരണം. വാസ്തുഭംഗിയുടെ കാര്യത്തിൽ കാര്യമായൊന്നും പറയാനില്ലാത്ത ഈ കെട്ടിടത്തിന് പച്ച തിരശ്ശീലകൾ മാത്രമാണ് ഒരു സവിശേഷത നൽകുന്നത്. കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ പഴയ കൊട്ടാരങ്ങളുടെ (സന്ദർശകർക്ക് പ്രവേശനമുള്ള തക്കലയിലെ പത്മനാഭപുരം കൊട്ടാരം പോലുള്ളവ) സങ്കീർണ വാസ്തുരീതികളുമായി ഒത്തുനോക്കുമ്പോൾ ഈ കൊട്ടാരം തികച്ചും ശുഷ്കമാണ്.

ദാരിയ ദൗലത് - മറ്റൊരു കാഴ്ച
ഈ കെട്ടിട നിർമ്മിതി ഇൻഡോ - സറാസെനിക് രീതിയിലാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. ഇത്തരം വ്യത്യസ്തമായ നിർമ്മാണരീതികളുടെ സ്വഭാവം എന്താണ് എന്നത് ഒരു സാധാരണ കാഴ്ചക്കാരന് വേർതിരിച്ചെടുക്കുക പ്രയാസകരമാണ്. ഇന്ത്യൻ വിഭവങ്ങളുപയോഗിച്ച് ഇസ്ലാമിക രീതിയിൽ യൂറോപ്യൻ വാസ്തുശീലങ്ങളോട് ചേർത്ത് നിർമ്മിച്ച കെട്ടിടങ്ങളെ ഇത്തരത്തിൽ അഭിസംബോധന ചെയ്യാമെന്ന് മനസ്സിലാക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി, ഇന്ത്യയിലെ ബ്രിട്ടീഷ് അധിപത്യകാലത്ത്, ഇത്തരം വാസ്തുനിർമ്മിതികൾ അനേകമുണ്ടായി. ഈ കെട്ടിടത്തെ സംബന്ധിച്ച്, ഇതിന്റെ വാസ്തു സവിശേഷതകൾ പുറത്തു നിന്നും മനസ്സിലാക്കുന്നതിന് തടസ്സമാണ് ഈ തിരശ്ശീലകൾ. പച്ച പർദ്ദ ധരിപ്പിച്ചതുപോലെ അത് ദാരിയ ദൗലത്തിന്റെ നിർമ്മാണ ചാരുതകൾ ഏറെക്കൂറെ മുഴുവനായും മറച്ചുപിടിച്ചിരിക്കുന്നു.

മുഖ്യമായും തേക്കിന്റെ തടിയാണ് രണ്ടു നിലകളിലായുള്ള ദാരിയാ ദൗലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 1784 - ആണ് ഇതിന്റെ നിർമ്മാണ കാലം എന്ന് കരുതപ്പെടുന്നു. ഉള്ളിലെ ചുമർചിത്രങ്ങളാണ് ഈ കൊട്ടാരത്തിന്റെ ഏറ്റവും വിശേഷപ്പെട്ട പ്രത്യേകത. അക്കാലത്തെ പ്രധാനപ്പെട്ട സംഭവങ്ങളുടെ ചിത്രീകരണമായാണ് അവ വരയപ്പെട്ടിരിക്കുന്നത്. ഇവിടെ ക്യാമറ ഉപയോഗിക്കാൻ അനുവാദമില്ല. ക്യാമറ ഫ്ളാഷുകൾ ചുമർചിത്രങ്ങളുടെ കാലാന്തരേണയുള്ള നാശത്തിന് വഴിവെയ്ക്കും എന്നതാവും അത്തരം വിലക്കിനുള്ള കാരണം. ഫ്ളാഷ് ഉപയോഗിക്കാതെ ചിത്രങ്ങൾ എടുക്കാൻ അനുവദിച്ചിരുന്നെങ്കിൽ എന്ന് ഇത്തരത്തിൽ വിലക്കുള്ള പല സ്ഥലങ്ങളിൽ ചെല്ലുമ്പോഴും തോന്നിയിട്ടുണ്ട്. ഫ്ളാഷ് ഉപയോഗിക്കരുതെന്നുള്ള നിർദ്ദേശം അലസസഞ്ചാരികൾ കാര്യമാക്കില്ല എന്നതിനാലാവും ഈ മുൻകരുതൽ. ചരിത്രത്തിന്റെ മൂർത്തരൂപങ്ങൾ സംരക്ഷിക്കാനുള്ള കരുതൽ നല്ലതുതന്നെ, ഒരു യാത്രികനുണ്ടാവുന്ന ഏതാനും ചിത്രങ്ങളുടെ നഷ്ടം അതിനേക്കാൾ വലുതല്ല.

ദാരിയ ദൗലത് - ഒരു പാർശ്വവീക്ഷണം
1799 മേയ് 4 - നാണ് ടിപ്പു സുൽത്താൻ കൊല്ലപ്പെടുന്നത്. ബ്രിട്ടീഷ് / ബ്രിട്ടീഷ് ഇന്ത്യൻ പടയാളികളോടൊപ്പം നൈസാമിന്റെ പട്ടാളക്കാരും മറാത്താ പടയാളികളും ഒക്കെ ചേർന്ന് ഏതാണ്ട് അൻപതിനായിരത്തോളം വരുന്ന സന്നാഹസജ്ജമായ വൻസൈന്യമാണ്‌ 'നാലാം മൈസൂർ യുദ്ധം' എന്നറിയപ്പെടുന്ന ആ വലിയ പടയോട്ടത്തിൽ ടിപ്പുവിനെതിരെ അണിനിരന്നത്. തൽക്കാലം ശ്രീരംഗപട്ടണം ഉപേക്ഷിച്ച് രക്ഷപ്പെടാനും മറ്റൊരവസരത്തിൽ തിരിച്ചടിക്കാനുമുള്ള ഫ്രെഞ്ചുകാരുടെ സന്ദേശം "ആയിരം വർഷങ്ങൾ ഒരു നരിയെപ്പോലെ കഴിയുന്നതിനേക്കാൾ ഒരു ദിവസം കടുവയെപ്പോലെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്" എന്ന് മറുപടി കൊടുത്ത് ടിപ്പു നിരാകരിച്ചു എന്നാണ് പറയപ്പെടുന്നത്.

ആ ഉച്ചതിരിഞ്ഞ നേരത്ത്, പിറകിൽ നിന്നും വെടിവച്ചിട്ട ബ്രിട്ടീഷ് പട്ടാളക്കാരന് പക്ഷെ അത് ടിപ്പുവാണെന്ന് അന്നേരം മനസ്സിലായിരുന്നില്ല. പിന്നീട് ഒരുപാട് ശവങ്ങൾക്കിടയിൽ നിന്ന് തിരിച്ചറിയുകയായിരുന്നു. വെല്ലസ്ലി നേരിട്ട് ടിപ്പുവിന്റെ പൾസ് പരിശോധിച്ച് മരണം ഉറപ്പു വരുത്തുകയായിരുന്നുവത്രേ. അതിനു ശേഷം ആ പ്രത്യേക സ്ഥലത്ത് അടയാളത്തിനായി ഒരു കല്ലും കൂടി അദ്ദേഹം സ്ഥാപിച്ചു. അതുകൊണ്ടാവും ഇത്ര കൃത്യമായി ഒരു സ്മാരകശില അവിടെ ഉയർത്താനായത്.

ലാൽ മഹൽ കൊട്ടാരത്തിനും കാവേരിയ്ക്കും ഇടയ്ക്കുള്ള ഒരു പ്രദേശത്താണ് ടിപ്പു മരിച്ചുവീണ സ്ഥലം. ഒരു ചെറിയ മതിൽകെട്ടി പുൽത്തകിടി പിടിപ്പിച്ച് അവിടം സംരക്ഷിച്ചിരിക്കുന്നു. അതിന്റെ സംരക്ഷകരാകാം, രണ്ട് ഗ്രാമീണസ്ത്രീകൾ ആ പുൽത്തകിടിയിൽ അലസം സംസാരിച്ചിരിക്കുന്നു. പിറകിൽ കാവേരിയിൽ നിന്നും അടിച്ചുവരുന്ന കാറ്റിൽ ലാസ്യമുലയുന്ന ഏതാനും തെങ്ങുകൾ. അതിനും പിറകിൽ മധ്യാഹ്നത്തിന്റെ വിളറിയ ആകാശം. വളരെ ലളിതമായ ആ സ്മാരകം ഇഷ്ടപ്പെട്ടു. പക്ഷെ പൊതുബോധത്തിലേയ്ക്കു മാറിനിന്ന് ചിന്തിക്കുമ്പോൾ, ധീരദേശാഭിമാനിയെന്നൊക്കെ ഘോഷിക്കപ്പെടുന്ന ഒരാളുടെ മരണസ്ഥലം, നമ്മുടെ സാദാരാഷ്ട്രീയക്കാരുടെയും മറ്റും സ്മാരകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, തുലോം ശുഷ്കമായിപ്പോയി എന്ന് തോന്നാം. എന്തായാലും അങ്ങിനെ തന്നെ തുടരട്ടെ...

ടിപ്പു സുൽത്താൻ കൊല്ലപ്പെട്ട സ്ഥലം
ആ സ്മാരകശിലയോട് ചേർന്ന് പാകിയിരിക്കുന്ന കല്ലുകളിൽ കയറിനിന്ന് ചിത്രം പിടിക്കാൻ കൂടെയുണ്ടായിരുന്ന ഗൈഡ് നിർബന്ധിച്ചപ്പോൾ ഒരുതരം വല്ലായ്മ അനുഭവപ്പെട്ടു. സത്യത്തിൽ അങ്ങിനെയൊന്നും തോന്നേണ്ട കാര്യമില്ല. യുക്തിപൂർവ്വം ചിന്തിച്ചാൽ അതിലൊക്കെ എന്തിരിക്കുന്നു? രാജാവും ഭിക്ഷക്കാരനും പാമരനും പണ്ഡിതനും ഒക്കെ മരിക്കുന്നു. ഏതാനും ദിവസങ്ങൾക്കകം മണ്ണിൽ പൊടിഞ്ഞുചേർന്ന്  അപ്രത്യക്ഷമാകുന്നു. അതൊരു നിതാന്ത ചാക്രികതയാണ്. എങ്കിലും ഒരു ചരിത്രകുതുകി ചില സ്ഥലങ്ങളിൽ എത്തുമ്പോൾ അബോധമായി തന്നെ അവാച്യമായ വൈകാരികതകളിൽ മഗ്നനാകുന്നു. ചരിത്രത്തിന്റെ താളുകളിൽ ഏറെ കുറിച്ചുവയ്ക്കപ്പെട്ട ഒരു സവിശേഷ വ്യക്തിത്വം മരിച്ചുവീണ സ്ഥലമാണ്. അവിടെ പാദങ്ങൾ അമർത്തി ചവിട്ടാൻ വയ്യ. തോന്നുന്ന പോലെ കയറിനിന്ന് ചിത്രം പിടിക്കാൻ വയ്യ. ഇനിയും മരിച്ചിട്ടില്ലാത്തവർ ലോകത്തിന്റെ വിചിത്ര പ്രതിഭാസങ്ങളോട് പുലർത്തേണ്ടുന്ന ബഹുമാനവും അവനവനിൽ ഉളവാവുന്ന വിമലീകരണത്തിന്റെ വിനയാന്വതങ്ങളുമാണത്.

അല്ലെങ്കിലും ആ ഗൈഡിന്റെ ഇടപെടൽ അത്ര സുഖകരമായി തോന്നിയില്ല. തനിക്കാവുന്ന ആംഗലേയത്തിൽ അറിയാവുന്ന പൊതുചരിത്രം അയാൾ പറഞ്ഞു തരുന്നുണ്ടായിരുന്നുവെങ്കിലും ശ്രീരംഗപട്ടണത്തോടും അതിന്റെ സാന്ദ്രമായ ഭൂതകാലത്തോടും എന്തോ അവജ്ഞയുള്ളതു പോലെയാണ് അയാൾ സംസാരിച്ചതും പെരുമാറിയതും ഒക്കെ. ഇടയ്ക്കെപ്പോഴോ അയാൾ താൻ പാരമ്പര്യവഴി നോക്കിയാൽ ഒരു മറാത്തിയാണെന്നും ഏതാനും തലമുറകൾക്ക് മുൻപ് ശ്രീരംഗപട്ടണത്തിൽ വന്ന് താമസമായതാണെന്നും പറയുന്നുണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറും അനൗദ്യോഗിക ഗൈഡും ഒക്കെയായി നിത്യവൃത്തികഴിക്കുന്ന അയാളും ഒരുപക്ഷെ ജനിതകമായി പകർന്നുവന്ന പഴയ വൈര്യം കൊണ്ടുനടക്കുന്നുണ്ടാവുമോ?

മനുഷ്യപരിണാമവും അവന്റെ ചരിത്രവും മനശ്ശാസ്ത്രവുമൊക്കെ സാമാന്യമായി മനസിലാക്കാൻ ശ്രമിക്കുമ്പോൾ അറിയുന്ന ഒരു കാര്യമുണ്ട് - വംശീയതയാണ് മനുഷ്യസമൂഹങ്ങളെ എന്നും നയിച്ചിട്ടുള്ളത്. വ്യക്ത്യാതിഷ്ഠിതവും യുക്തിഭദ്രവുമായ ധൈഷണികതലത്തിൽ വിചാരം നടത്തുമ്പോൾ വംശീയതയുടെ പ്രതിലോമത മനസ്സിലാവുമെങ്കിലും ജനക്കൂട്ടത്തെ, സമൂഹങ്ങളെ ഏറ്റവും അടിസ്ഥാനത്തിൽ ചലനാത്മകമാക്കുന്നത്, ചരിത്രദശാസന്ധികളിൽ ആവേഗത്വരകമായത് വംശീയതയാണെന്ന് സമ്മതിക്കേണ്ടിവരും. മറാത്തികളുടെ നിതാന്ത ശത്രുവായിരുന്നു ടിപ്പു. മറാത്തികളുടെ വിഭ്രംജിത വംശീയത ടിപ്പുവിനെ ഒരിക്കലും അംഗീകരിക്കില്ല. ഒരുപക്ഷെ, ഈ ഗൈഡും അയാൾ അവകാശപ്പെടുന്നതു പോലെ ഒരു മറാത്തി തന്നെയായിരിക്കാം...!  

ടിപ്പു മരിച്ചുവീണ സ്ഥലത്ത് നാട്ടിയിരിക്കുന്ന സ്മാരകശില
യാത്രകളിൽ ചെന്നെത്തുന്ന പ്രധാന നഗരത്തിലെ ഹൃദയനിരത്തുകളിലൂടെ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ അലഞ്ഞു നടക്കാനോ അവിടത്തെ വഴിയോര കച്ചവടക്കാരിൽ നിന്നും കൗതുകവസ്തുക്കൾ വല്ലതും വാങ്ങാനോ ഒന്നും ഇപ്പോൾ സാധാരണ കഴിയാറില്ല, ആഗ്രഹമുണ്ടെങ്കിലും. പ്രത്യേകം തിരഞ്ഞെടുത്ത ഒരു സവിശേഷ സ്ഥലത്തേയ്ക്ക് രാവിലേ തന്നെ യാത്ര തിരിക്കും. വളരെ വൈകിയായിരിക്കും ഹോട്ടലിൽ തിരിച്ചെത്തുക. അടുത്ത ദിവസവും ഇതുപോലുള്ള സഞ്ചാരം പ്ളാൻ ചെയ്തിട്ടുണ്ടാവുമെന്നതിനാൽ നേരത്തേ കിടന്നുറങ്ങുകയും ചെയ്യും. അതുകൊണ്ട് തന്നെ, സന്ദർശിക്കുന്ന ടൂറിസ്റ്റ് സ്പോട്ടുകളിൽ എവിടെയെങ്കിലും തരക്കേടില്ലാത്ത കടകൾ  കണ്ടാൽ പെട്ടെന്നൊന്ന് അവിടെ കയറി തന്റെ ഷോപ്പിംഗ്‌ അവസാനിപ്പിക്കുകയാണ് ഭാര്യയുടെ പതിവ്.

ടിപ്പുസുൽത്താന്റെയും ഹൈദരലിയുടെയും ശവക്കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായി ഒരു കടയിൽ അങ്ങിനെയാണ് കയറിയത്. മൈസൂറിൽ എത്തുമ്പോൾ ഓർമ്മയ്ക്കായി വാങ്ങാനാവുക മൈസൂർ പട്ടിന്റെയും മൈസൂർ സാൻഡലിന്റെയും ഉൽപ്പന്നങ്ങൾ തന്നെയാവുമല്ലോ. സഞ്ചാരികൾ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിൽ ഉയർന്നവിലയും കബളിപ്പിക്കളും ഒക്കെ പതിവാണ് എന്നാണല്ലോ. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിന്റെ ലോബിയിൽ കണ്ട ബൊത്തിക്കിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ അത്ര വിലയുള്ളതായി തോന്നിയില്ല. ഒരുപക്ഷെ, ഗുണനിലവാരത്തിൽ വ്യത്യാസം ഉണ്ടാവുമായിരിക്കും...

പട്ടിനെ കുറിച്ച് ഇതെഴുതുന്ന സമയത്ത് സാന്ദർഭികമായാണ് എഴുത്തുകാരനും കൂട്ടുകാരനുമായ റാംമോഹൻ പാലിയത്തിന്റെ ചിന്തോദീപ്തവും ഫലിതാത്മകവുമായ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചത്: "പട്ടുസാരി നോണ്‍-വെജണ്. ആയിരക്കണക്കിന് പട്ടുനൂൽപുഴുക്കളെ ജീവനോടെ ചൂടുവെള്ളത്തിലിടുന്നതാണ് പട്ടുനൂൽ നിർമ്മാണത്തിന്റെ ആദ്യപടി. ബീഫ് കറിയൊന്നും അത്രത്തോളം വരില്ല സാറന്മാരെ. അതുകൊണ്ട് "ഞാൻ വെജിറ്റേറിയനാണ്" എന്ന് ഒരു 'പട്ടത്തിയും' 'പട്ടനും' ഞെളിയരുത്." ശരിയാണ്, മനുഷ്യന്റെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമായി എത്രമാത്രം ജീവജാലങ്ങലാണ് ജീവൻ കളയുന്നത്. നമ്മുടെ വർദ്ധിക്കുന്ന ഉപഭോഗതൃഷ്ണ പ്രകൃതിയെ അത്രയും വർദ്ധിതമായി സമ്മർദ്ദത്തിലാക്കുന്നു. പറയാൻ എന്തെളുപ്പം...!

ഗുംബസ് - ടിപ്പുവിന്റെയും ഹൈദരലിയുടെയും ശവക്കല്ലറ ഇതിനകത്ത് സ്ഥിതി ചെയ്യുന്നു
അതെന്തായാലും പറയാൻ വന്നത് അതല്ല - ടിപ്പുവിന്റെയും ഹൈദരലിയുടെയും ശവക്കല്ലറകൾ സ്ഥിതിചെയ്യുന്ന ഗുംബസ് എന്ന വാസ്തുനിർമ്മിതിയെ കുറിച്ചാണ്. മകുടം എന്ന് അർത്ഥം വരുന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതത്രേ ഗുംബസ് എന്ന വാക്ക്. ഈ കെട്ടിടത്തെ പ്രതി തികച്ചും അന്വർത്ഥമായ ഒരു വാക്ക് തന്നെ. ഈ നിർമ്മിതിയുടെ ഏറ്റവും പ്രധാനവും ആകർഷണീയവുമായ ഭാഗം, ചെറിയ മീനാരങ്ങൾക്ക് നടുവിലായി ഉയർന്നു കാണപ്പെടുന്ന അതിന്റെ മകുടം തന്നെ.

ഹൈദരലിയുടെ ശവകുടീരമായി ടിപ്പു വിഭാവന ചെയ്തതാണ് ഗുംബസ്. 1782 - ലാണ് ഹൈദരലി മരിക്കുന്നത്. ക്യാൻസറായിരുന്നിരിക്കാം മരണകാരണം എന്ന് കരുതപ്പെടുന്നു. മരണമാണ് പലപ്പോഴും പലരുടെയും ചരിത്രജാതകം തിരുത്തുന്നത്. ടിപ്പുവിനെക്കാൾ പ്രഗൽഭനായ ഭരണതന്ത്രജ്ഞനും പടയാളിയുമായിരുന്നു ഹൈദരലി. ഒന്നുമില്ലായ്മയിൽ നിന്നും തെക്കേയിന്ത്യയിലെ അക്കാലത്തെ ശക്തമായ ഒരു സാമ്രാജ്യം നിർമ്മിച്ച് ടിപ്പുവിന് കൈമാറുകയായിരുന്നു ഹൈദരലി. കാരണവും സാമൂഹികസാഹചര്യവും എന്തുതന്നെയായാലും ടിപ്പുവിന് അത് അധികകാലം കൊണ്ടുനടക്കാനായില്ല. എന്നാൽ ചരിത്രം കൂടുതൽ വർണ്ണാഭയോടെ മുന്നിലേയ്ക്ക് വയ്ക്കുന്നത് ടിപ്പുവിനെയാണ്. അതിനുള്ള കാരണം ടിപ്പുവിന്റെ പടക്കളത്തിലെ മരണമാണ് എന്ന് തോന്നും. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ടിപ്പുവിന്റെ ജീവിതം കാല്പനികമായ ഒരു ഏടായി ചരിത്രവൽക്കരിക്കപ്പെടാൻ കൂടുതൽ ഇടയാക്കി.

ഗുംബസ് നിൽക്കുന്ന ഉദ്യാനത്തിലേയ്ക്കുള്ള പ്രവേശനഭാഗം
കമാനാകൃതിയിലുള്ള കവാടം കടന്ന് ഗുംബസ് സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കടക്കുമ്പോൾ വഴിയുടെ ഇരുവശത്തുമായി പച്ചപരവതാനി വിരിച്ചതുപോലുള്ള പുൽതകിടിയുള്ള ഉദ്യാനം കാണാം. അതിൽ ചില അലങ്കാരസസ്യങ്ങളും ഏതാനും മരങ്ങളും വളർത്തി സംരക്ഷിച്ചിരിക്കുന്നു. നല്ല വെടിപ്പോടെയാണ് ഇതൊക്കെ ചെയ്തിരിക്കുന്നതും സംരക്ഷിച്ചിരിക്കുന്നതും. ഗുംബസ് തന്നെ പുതിയതായി ചായം പൂശിയതു പോലെ കാണപ്പെടുന്നു. ഇത്തരം ഇസ്ലാമിക വാസ്തു നിർമ്മിതികൾ അപൂർവ്വമൊന്നുമല്ല. ഇപ്പോഴും ഇത്തരം നിർമ്മാണങ്ങൾ ലോകത്തിന്റെ പലഭാഗത്തും ഉണ്ടായിവരുന്നുമുണ്ട്. ചതുരാകൃതിയിലുള്ള തറയുടെ നാലുഭാഗത്തുമുള്ള വരാന്തയിൽ കാണുന്ന കറുത്ത ഗ്രാനൈറ്റ് തൂണുകൾ വ്യത്യസ്തമായി തോന്നി.

ഹൈദരലിയുടെ മരണാനന്തരം നിർമ്മാണമാരംഭിച്ച ഗുംബസ് ഏതാണ്ട് രണ്ട് വർഷത്തിനകം പൂർത്തിയായി. ടിപ്പുവിന്റെ അമ്മ ബീഗം ഫാത്തിമ ഫക്രുനിസയുടെയും ശവക്കല്ലറ ഇതിനകത്തു തന്നെ. മാതാപിതാക്കൾക്കായി നിർമ്മിച്ച ഈ സ്മാരകത്തിലേയ്ക്ക് പതിനഞ്ച് വർഷത്തിനുള്ളിൽ തന്നെ ടിപ്പുവുമെത്തി.

ഗുംബസിന് മുന്നിലെ ഉദ്യാനം
ഫോട്ടോ എടുക്കാൻ താൽപ്പര്യപ്പെടുന്നവരെ ഇത്തരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുഴയ്ക്കുന്ന ഒരു പ്രശ്നം ആൾക്കൂട്ടമാണ്. അവരെ ഒഴിവാക്കി നമുക്കാവശ്യമുള്ള വസ്തുവിന്റെയോ കെട്ടിടത്തിന്റെയോ ചിത്രമെടുക്കുക ഏറെകൂറെ അസംഭവ്യമായ കാര്യമാണ്. ആരെങ്കിലുമൊക്കെ ഉറപ്പായും ഫ്രെയ്മിലേയ്ക്ക് കയറിവരും. അനാവശ്യമായ സംഗതികൾ ഒഴിവാക്കി ചിത്രമെടുക്കാൻ പറ്റുന്ന സാങ്കേതികതയൊക്കെ ഇപ്പോൾ ലഭ്യമത്രെ. പ്രാഥമികമായ നിലയിൽ മാത്രം ചിത്രമെടുക്കാൻ അറിയുന്ന എന്നെപോലുള്ളവർക്ക് കഴിവതും തിരക്കൊഴിയുന്നതുവരെ കാത്തുനിൽക്കുക എന്ന സാങ്കേതികത മാത്രമേ വശമുള്ളൂ താനും.

ഹൈദരലിയുടെയും ടിപ്പുവിന്റെയും ടിപ്പുവിന്റെ മാതാവിന്റെയും ശവകുടീരങ്ങളാണ് ഗുംബസിനകത്തുള്ളതെങ്കിൽ ചില ബന്ധുക്കളുടേത് പരിസരത്തായി കാണാം. അതുപോലെ അടുത്തായി കാണുന്ന മറ്റൊരു  നിർമ്മിതിയാണ്‌ മസ്ജിദ് - ഇ - ആക്സ എന്ന പള്ളി. അച്ഛന്റെയും അമ്മയുടെയും ശവകുടീരം സന്ദർശിക്കാനെത്തുമ്പോൾ പ്രാർത്ഥന നടത്താനായി ടിപ്പു തന്നെ നിർമ്മിച്ചതാണ് ഈ ആരാധാനാലയം.

മസ്ജിദ് - ഇ - ആക്സ
ശ്രീരംഗപട്ടണത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുമ്പോൾ പല ഭാഗത്തും ചരിത്രാവശിഷ്ഠങ്ങൾ ചിതറികിടക്കുന്നത് കാണാമായിരുന്നു. അവയൊക്കെ എന്താണെന്ന് തിരക്കാൻ പോലും സാധിക്കാതെ മടക്കയാത്ര തുടരുമ്പോൾ, പലപ്പോഴും തോന്നുന്ന ഒരു വിവശത അപ്പോഴും ഉണ്ടായി. ഇങ്ങനെയാണോ യാത്ര ചെയ്യേണ്ടത്? പല പ്രശസ്ത സഞ്ചാരികളും രണ്ടുതരം യാത്രകളെക്കുറിച്ച് പറയുന്നുണ്ട്. ഒന്ന് വിനോദസഞ്ചാരികളുടെ യാത്ര. മറ്റൊന്ന് യാത്രികരുടെ യാത്ര. കൃത്യമായ പ്ളാനോടെ സ്ഥലങ്ങളും ദിവസങ്ങളും ഒക്കെ മുൻകൂട്ടി ക്രമപ്പെടുത്തി യാത്രയ്ക്കിറങ്ങുന്നവർ വിനോദസഞ്ചാരികൾ. തിരഞ്ഞെടുക്കുന്ന പ്രദേശത്തേയ്ക്ക്, ഒരുപക്ഷെ അതുപോലും ഇല്ലാതെ, പ്രത്യേക നിജപ്പെടുത്തലുകളൊക്കെയും ഉപേക്ഷിച്ച് ഏതെങ്കിലുമൊരു ദേശത്തിന്റെ, സംസ്കാരത്തിന്റെ മജ്ജയിലൂടെ, അതിന്റെ ഓരോ കണികയിലും സ്പർശിച്ചും തലോടിയും തോന്നുംപടി അലഞ്ഞുനടക്കുന്നവർ യാത്രികർ.

ഞാനിതിൽ ആദ്യത്തെ വിഭാഗത്തിൽപ്പെടുന്നു എന്നതിന് സംശയമൊന്നുമില്ല. വിനോദസഞ്ചാരിയുടെ യാത്ര ഭാഗികയാത്ര മാത്രമാണ്. അനുവദനീയമായ സമയത്തിനുള്ളിൽ അനുവദനീയമായ കാഴ്ചകൾ മാത്രം അവൻ അനുഭവിക്കുന്നു. അതിന്റെ ആഹ്ളാദങ്ങളിൽ മാത്രം ആമഗ്നനാകുന്നു. അതിനപ്പുറമുള്ള, യാത്രികന്റെ അവധൂതഭാവം മറ്റൊരു മനോനില കൂടി ആവശ്യപ്പെടുന്നുണ്ട്. അത് കഠിനമായതും ഉന്മാദഭാവനകളുടേതുമായ മറ്റൊരു ലോകമാണ്. രാത്രി വൈകുന്നതിനു മുൻപ് ഹോട്ടൽമുറിയിലെത്താനുള്ള വ്യഗ്രതയോടെ, ചരിത്രദേശമായ ശ്രീരംഗപട്ടണം വിട്ട് ബംഗളൂരു - മൈസൂർ ഹൈവേയിലൂടെയുള്ള ഈ മടക്കയാത്ര ഒരു യാത്രികന്റെ വ്യഥയേ ആവാൻ വഴിയില്ല...!

- തുടരും - 

5 അഭിപ്രായങ്ങൾ:

  1. ഈ ലക്കവും വളരെ മനോഹരമായി
    ശക്തമായ എഴുത്താണ് ഈ ബ്ലോഗിലെ പ്രത്യേകത
    തുടരുക, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2014, മേയ് 26 2:10 PM

    ടിപ്പുവിനോടുള്ള ആരാധന മൂത്ത് പി. കെ. ബാലകൃഷ്ണന്റെ ടിപ്പു ബയോയും വായിച്ച് പിന്നെയും തപ്പി ഇവിടെ വന്നപ്പോൾ ഇതിലും ഞാൻ. ദൈവമേ, ഈ പത്രക്കാരെക്കൊണ്ട് തോറ്റു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉജ്ജ്വലം.. സവിസ്തരം.. കണ്ട കാഴ്ചകൾ വീണ്ടും മനസ്സിൽ തെളിഞ്ഞു കണ്ടു..

      ഇല്ലാതാക്കൂ