2017, ഡിസംബർ 1, വെള്ളിയാഴ്‌ച

മങ്കയംകാട്ടിൽ മഴപെയ്യുന്നു...

നിബിഡമായ വനപ്രകൃതിയിൽ വിലയിച്ച്, ഇടവപ്പാതിയുടെ പെരുമഴയിൽ നനഞ്ഞുനിന്ന് ഒരു വെള്ളച്ചാട്ടം കാണുക. മഴ, കാടിനെ അത്രയധികം ഇരുണ്ടതാക്കിയിരിക്കുന്നു. ഇടതിങ്ങിയ മരങ്ങളുടെ ആകാശമോഹങ്ങളെ വകഞ്ഞ്, അകലെ, പതഞ്ഞു നിപതിക്കുന്ന ജലപാതം. അഭൗമമായ ഒരു ചിത്രത്തിന്റെ ക്യാൻവാസിൽ നമ്മളും അലിഞ്ഞുപോയതുപോലെ...

പ്രകൃതിയുടെ വന്യവും സുഭഗവുമായ കലാവിഷ്കാരമായിരുന്നു 'പണ്ടോര'. 'അവതാർ' എന്ന സിനിമയിൽ ജെയിംസ് കാമറൂൺ ഭാവനചെയ്ത വിചിത്രഭൂമി. ഇവിടെ, മഴപെയ്യുന്ന മങ്കയംകാട്ടിൽ, ആ വർഷപാതത്തിനപ്പുറം പതഞ്ഞുവീഴുന്ന ചെറുവെള്ളച്ചാട്ടം നോക്കിനിൽക്കുമ്പോൾ പണ്ടോര ഓർമ്മവന്നു. ട്രോപ്പിക്കൽ വനഭംഗിയുടെ ഭൗമസാദൃശ്യത്തിൽ നിന്നാണ് കാമറൂണിന് അത്തരമൊരു ഭൂമിക വിഭാവനചെയ്യാനായത് എന്ന് ഇവിടെ നിൽക്കുമ്പോൾ തോന്നും.

മങ്കയം വെള്ളച്ചാട്ടം
കുറച്ചു മുൻപ് ബ്രൈമൂർ എസ്റ്റേറ്റിന്റെ കവാടത്തിൽ നിന്നും മങ്കയം വെള്ളച്ചാട്ടം കാണാൻ, കാട്ടിലേയ്ക്ക് കടക്കുമ്പോൾ ഇത് പ്രതീക്ഷിച്ചതല്ല. മഴക്കാലമാണെങ്കിലും മഴയൊഴിഞ്ഞൊരു പകലായിരുന്നു. വനംവകുപ്പിന്റെ ചെക്‌പോസ്റ്റിൽ നിന്നും ടിക്കറ്റെടുത്ത് കാട്ടിലേയ്ക്ക് കടക്കുമ്പോൾ, എന്നാൽ, പൊന്മുടി മലയുടെ ചരുവിൽ, കയ്യെത്തി തൊടാവുന്ന അത്രയും മാത്രം ഉയരത്തിൽ, ഒരു കരിമേഘം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. ആ മേഘപകർച്ച ചൂണ്ടി അവിടുത്തെ ജീവനക്കാരി മുന്നറിയിപ്പ് തന്നു: "നല്ലൊരു മഴ വരുന്നുണ്ട്. വേഗം പോയി വെള്ളച്ചാട്ടം കണ്ടിട്ട് വന്നോളൂ."

പോയിവരുന്നതിനു മുൻപ് മഴ ഞങ്ങളേയും കാടിനേയും ശക്തമായ ജലദംശനം കൊണ്ട് ആഴത്തിൽ കോറുമെന്ന് അവർക്ക് അറിയാമായിരുന്നിരിക്കണം. നഗരവാസിക്ക് അത് നൽകുന്ന വന്യമായ വിശ്രാന്തി അവരുടെ ഉൾക്കാഴ്ചയിലുണ്ടാരുന്നിരിക്കാം. അല്ലെങ്കിൽ, ഏതാനും മിനിറ്റുകൾ മാത്രം അതിശക്തമായി പെയ്ത ആ മഴയുടെ പോക്കുവരവുകൾ അറിയുന്ന അവർ ഞങ്ങളോട് മഴകഴിഞ്ഞ് കാടുകയറിയാൽ മതിയെന്ന് പറയുമായിരുന്നല്ലോ...

കാടും അരുവിയും
ഞങ്ങളുടെ യാത്രകളുടെ സാങ്കേതികത്വം മൂന്നു തരത്തിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത് എന്നുതോന്നാറുണ്ട്. പ്രധാനമായും, നല്ല തയ്യാറെടുപ്പുകളോടെ, ആസൂത്രണംചെയ്തു നടത്തുന്ന നീണ്ടയാത്രകൾ. മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി ഒരു സ്ഥലത്തേയ്ക്ക് പോകേണ്ടിവരുക. അതിനിടയ്ക്ക് സമയം കണ്ടെത്തി, ആ പരിസരത്തെ സവിശേഷമായ കാഴ്ചകളിലേയ്ക്ക് ക്ഷിപ്രസഞ്ചാരം. അതാണ് യാത്രാസാങ്കേതികത്വത്തിന്റെ മറ്റൊരടര്. ഇനിയും മറ്റൊരുതരം യാത്രയുണ്ട്. താമസസ്ഥലത്തിന് അടുത്തുള്ള സ്ഥലങ്ങളിലേയ്ക്ക്. ഏതാനും മണിക്കൂറുകൾകൊണ്ട്, ഒരു പകൽകൊണ്ടോ പോയിവരാനാവുന്ന ഒറ്റപ്പെട്ട യാത്രകൾ. ഒട്ടും കുറച്ചുകാണേണ്ട യാത്രാവഴിയല്ല അത് എന്നാണ് എന്റെ പക്ഷം. ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയാൽ എന്തുകാര്യം എന്ന ബൈബിൾ വചനത്തിലേതുപോലുള്ള ഒരു ആത്മീയതലം അത്തരം യാത്രകൾക്കുണ്ട്. ജനിച്ചുവളർന്ന നാടിന്റെ ചുറ്റുവട്ടത്തെ പ്രകൃതിയും ജീവിതവും സംസ്കാരവും അറിയാൻ മുതിരാതെ ലോകകാഴ്ചകളിലേയ്ക്ക് പറക്കുന്നതിൽ ആത്മനഷ്ടത്തിന്റെ തലമുണ്ട്. ഈ ബ്രൈമൂർ - പാലോട് യാത്ര അത്തരത്തിൽ ചുറ്റുവട്ടം അറിയാനായിരുന്നു.

അടൂരിൽ നിന്നും ഭാര്യാസഹോദരിയും കുടുംബവും ഞങ്ങളെ കാണാനെത്തിയിരുന്നു. അവരും നിരന്തരം യാത്രകൾ നടത്തുന്നവരാണ്. അങ്ങനെയാണ്, അപ്പോൾ തന്നെ ഞങ്ങൾ ബ്രൈമൂറിലേയ്ക്ക് പുറപ്പെട്ടത്. അധികം ദൂരത്തുള്ള സ്ഥലമല്ല. തിരഞ്ഞെടുപ്പ് എന്റേതായിരുന്നു. തിരുവനന്തപുരത്തുകാരനായിട്ടും മങ്കയം വെള്ളച്ചാട്ടവും പാലോട് സസ്യോദ്യാനവും ഇതുവരെ കാണാനായിട്ടില്ല എന്നത് എന്റെ അപകർഷതയായിരുന്നുവല്ലോ...

മഴമേഘം കാളിമപടർത്തിയ കാടിന്റെ വഴികളിൽ...
തിരുവനന്തപുരം പട്ടണത്തിൽ നിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് ബ്രൈമൂർ. തിരുവനന്തപുരം - തെന്മല റോഡിലൂടെ സഞ്ചരിക്കണം. പാലോട് കുശവൂർ അങ്ങാടിക്കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ ബ്രൈമൂറിലേക്കുള്ള പാതയായി. പത്തുപന്ത്രണ്ട് കിലോമീറ്റർ ഉണ്ടാവും ഈ ദൂരം. ആദ്യം ഗ്രാമീണവും പിന്നീട് വനസമാനവുമായ വഴിയിലൂടെയാണ് യാത്ര. ഏറെക്കൂറെ വിജനമാണ് വനപ്രകൃതിയിലൂടെയുള്ള ഈ അവസാന ഖണ്ഡം. സഞ്ചാരവഴിയിൽ, മേഘച്ചേലചുറ്റിയ പൊന്മുടിമലനിര കാഴ്ച്ചയിൽ കുടുങ്ങിക്കിടക്കും. ഇടയ്ക്ക്, കൂറ്റൻ തടികൾ കയറ്റിയ ഒന്നുരണ്ട് ലോറികൾ കടന്നുപോകുന്നതു കണ്ടു, കാടിന്റെ ശവമഞ്ചം പോലെ...

വനംവകുപ്പിന്റെ ടിക്കറ്റെടുത്ത്, വെള്ളച്ചാട്ടത്തിലേക്കുള്ള കാട്ടുവഴിയിലേയ്ക്ക് കടക്കുമ്പോൾ മഴമേഘവും കാടും കൂടി ഭൂമിയെ രാത്രിയോളം ഇരുണ്ടതാക്കിയിരുന്നു. വർഷകാലത്തിന്റെ നനഞ്ഞ വഴി. മഴ, കരിയിലകളെ മൃദുലമായ മെത്തപോലെയാക്കിയിരിക്കുന്നു. കാടിന്റെ നനവിൽ ഏറ്റവും പേടിപ്പെടുത്തുക അട്ടകളാണ്. ഭീകരജീവിയൊന്നുമല്ലെങ്കിലും മനുഷ്യരക്തം കുടിച്ചു വീർക്കുന്ന അട്ടകൾ എന്തുകൊണ്ടോ - നഗരജീവിതത്തിന്റെ ശേഷിപ്പാവാം - കടുവയെക്കാൾ ഭയമുണ്ടാക്കുന്നു. അങ്ങനെ അട്ടകളെ ഒഴിവാക്കാൻ, ഭൂമി നോക്കി നടക്കുമ്പോഴാണ് മുളയ്ക്കുന്ന വിത്തുകൾ കണ്ടത്. പ്രകൃതിയുടെ പുതുജീവിതങ്ങൾ മുളപൊട്ടുന്നു.

എത്ര ലളിതമായാണ് കിളികൾ ജീവിതം ആവിഷ്ക്കരിക്കുന്നത് എന്ന പി. പി. രാമചന്ദ്രന്റെ കവിതാവരി ഓർമ്മവന്നു. കവിഭാവനയ്ക്ക് പുറത്ത് അതെത്രത്തോളം ശരിയാവും എന്നും ഓർത്തു. മുളയ്ക്കുന്ന വിത്തിന്റെ കാഴ്ച ലളിതമാണ്. ഒരു വിത്തും, ഒരു നാമ്പും - കഴിഞ്ഞു. ആരും പറയാതെ, മുളച്ചുവരുന്ന ആ വിത്ത് ആവിഷ്കരിക്കുന്ന ജീവിതം പക്ഷെ  ലളിതമല്ല. മരത്തിലെ പൂവിൽ നിന്നും അടർന്നുവീണ വിത്ത്, പൂവിലേയ്ക്ക് പരാഗണം നടത്തിയ കിളികളും ചിത്രശലഭങ്ങളും, കിളികൾക്ക് തേനും പഴവും നൽകി ആകർഷിച്ച മരം, മരത്തിനു ജലം നൽകിയ മഴ, മഴയ്ക്ക് ജീവൻ കൊടുത്ത മല... ആ ചാക്രികത അതീവസങ്കീർണമായി നീളുകയാണ്. അതാലോചിക്കുമ്പോൾ ഒരു വിത്ത് ആവിഷ്കരിക്കുന്ന ജീവിതത്തിന്റെ മുന്നിൽ മനുഷ്യന്റെ ജീവിതാവിഷ്കാരം തുലോം നിസ്സാരമാണ്.

മുളയ്ക്കുന്ന വിത്ത്
ബ്രൈമൂർ, സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടമാണ് (Braemore Estate). ബ്രൈമോർ എന്ന് ഉച്ചാരണമുള്ള ഒരു ഗ്രാമം സ്‌കോട് ലാൻഡിൽ ഉണ്ടെന്നും, തോട്ടം സ്ഥാപിച്ച സായിപ്പ് അതിന്റെ ഓർമ്മയ്ക്കായാണ് ഈ പേര് നൽകിയതെന്നും പറയപ്പെടുന്നു. തോട്ടം, വിപുലവും സജീവമായിരുന്ന കാലത്ത്, അതിനുള്ളിലൂടെ പൊന്മുടിമല നെറുകയിലേയ്ക്ക് ഒരു കുതിരപ്പാതയുണ്ടായിരുന്നു. പിന്നീട് അത് കാടുമൂടിപ്പോവുകയായിരുന്നു. എങ്കിലും അടുത്തായി ഈ കാട്ടുപാതയിലൂടെ  ട്രെക്കിങ്ങ് നടത്തി പൊന്മുടിയിലെത്തുന്ന സാഹസികസഞ്ചാരികളുണ്ട്. ഏതാണ്ട് ആറ് കിലോമീറ്റർ മാത്രമാണ് ഈ വഴിയുടെ ദൈർഘ്യം. അതിൽ നിന്നുതന്നെ,  ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന ഭാഗം പൊന്മുടിമലയുടെ തൊട്ടുതാഴെയാണെന്നു മനസ്സിലാക്കാവുന്നതാണ്.

പതിവുപോലെ, ഈ വഴിക്കും വികസനം വരുകയാണ്. മൂടിപ്പോയ കുതിരപ്പാത നവീകരിക്കാൻ സർക്കാർപദ്ധതി ആസൂത്രണഘട്ടത്തിലാണെന്നാണ് പത്രവാർത്തകൾ. ഏതാണ്ട് മുപ്പതുകോടിയോളം രൂപ, ബഡ്ജറ്റിൽ അതിനായി വകയിരുത്തിയിട്ടുണ്ടത്രേ.
അതായത്, നിലവിലുള്ള പാത കൂടാതെ പൊന്മുടിയിലേയ്ക്ക് മറ്റൊരു റോഡു കൂടി - താഴ്വാരത്ത് നിന്നും വളരെവേഗം പൊന്മുടിയിലെത്താനുള്ള വഴി വരുകയാണ്. താഴ്വാരത്തെ ജനവാസപ്രദേശങ്ങളും ഈ രണ്ടു റോഡുകളും കൂടി പൊന്മുടിമലനിരകളിൽ കാടിന്റെ ഒരു ദ്വീപ് സൃഷ്ടിക്കും. ഈ തുരുത്തിലാണ് വരയാട്ടുമൊട്ട (വരയാട് മൊട്ട) എന്ന പർവ്വതശിഖരം പെടുക.  ഇവിടെ വരയാടുകളുണ്ട്. നീലഗിരി താർ (Nilgiri Tahr) എന്നറിയപ്പെടുന്ന ഈ ആടുവർഗത്തിന്റെ ചെറിയൊരു സംഘം - ഒരുപക്ഷെ ഏറ്റവും തെക്കുള്ള സംഘം - ഇവിടെ ജീവിക്കുന്നു. ഇവയുടെ കുറച്ചുകൂടി വലിയ സംഘത്തെ ഇരവികുളം ദേശീയോദ്യാനത്തിൽ കാണാൻ സാധിക്കും.

ഇവ വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗമാണ്. ബ്രൈമൂർ - പൊന്മുടി പാത ഇവയെ വളരെ ചുരുങ്ങിയ വിസ്തീർണ്ണമുള്ള പ്രദേശത്തിലേയ്ക്ക് ഒതുക്കും. കാട്ടിലൂടെയുള്ള ചെറിയൊരു ഇടനാഴിയാണ് ഇതോടെ ഇല്ലാതാവുക. (വരയാടുകൾ ഒരു രൂപകമായി എടുത്തെന്നു മാത്രം. ഈ പ്രദേശത്തെ എല്ലാ മൃഗങ്ങളും ഇതോടെ ഈ കാനനത്തുരുത്തിൽ പുറംബന്ധം വിച്ഛേദിക്കപ്പെട്ട് ഒതുക്കപ്പെടും.) ഇപ്പോഴും വരയാടുകൾ ഈ ഭാഗത്ത് ഒറ്റപ്പെട്ടുനിൽക്കുന്നു എന്നത് വാസ്തവമാണ്. അതിനുള്ള കാരണം, റോഡുവരാനിരിക്കുന്ന ഈ ആറ് കിലോമീറ്റർ വിസ്‌തീർണ്ണം മാത്രമാണ് മറ്റ് കാടുകളിലേയ്ക്കുള്ള വരയാട്ടുമൊട്ടയുടെ തുറവ് എന്നതാണ്. റോഡ് വരുന്നതോടെ അതും ഇല്ലാതെയാവും. കാടുകൾക്ക് പേരുകളും അവയെ യോജിപ്പിക്കുന്ന ഇടനാഴികളും ഒക്കെ മനുഷ്യന്റെ ആശയമാണ്. കാട്ടിലെ ജീവികൾക്ക് അവയുടെ വംശം നിലനിർത്താൻ കാട് വേണം. കാടിന് വിസ്തൃതി വേണം. ഇല്ലെങ്കിൽ അവ വംശമറ്റുപോകും. ദ്വീപിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല കാട്ടുമൃഗങ്ങൾ...

വെള്ളച്ചാട്ടം - മറ്റൊരു കാഴ്ച
അതിവേഗംവന്ന് തിമിർത്തുപെയ്ത്, വന്നതുപോലെ മടങ്ങിയ മഴയിൽ കുതിർന്നാണ് ഞങ്ങൾ കാടിറങ്ങിയത്. പ്രവേശനഭാഗത്ത് തിരിച്ചെത്തിയപ്പോഴേയ്ക്കും മുഖംമിനുക്കി പ്രത്യക്ഷപ്പെട്ടു സൂര്യൻ. ആ കൃപയിൽ, വസ്ത്രങ്ങളുണങ്ങളാൻ ഞങ്ങൾ കുറച്ചുസമയം വെയിൽകാഞ്ഞു. അതിനുശേഷം പാലോട് സസ്യോദ്യാനത്തിലേയ്ക്ക് വണ്ടിവിട്ടു.

ബ്രൈമൂർ എസ്റ്റേറ്റിലേയ്ക്ക് കടക്കാമെന്നും അവിടെ ചെറിയൊരു തുക കൊടുത്താൽ  തേയിലത്തോട്ടവും ഫാക്ടറിയും കാണാൻ പറ്റുമെന്നും  പിന്നീടാണ് എവിടെയോ വായിച്ചത്. അങ്ങനെയൊരു സാധ്യതയെക്കുറിച്ച് അവിടെയുണ്ടായിരുന്ന ആരും വിവരംതന്നതുമില്ല. മുൻകൂട്ടി സ്ഥലപരിചയം വരുത്താതെ ഇറങ്ങിയാൽ ഇങ്ങനെയുള്ള ചില നഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. അടുത്താണെങ്കിലും ഇനിയൊരിക്കൽകൂടി ഈ ഭാഗത്തേയ്ക്ക് വരുമോ എന്നറിയില്ല. അതിനാൽതന്നെ, ഇവിടെവരെ വന്നസ്ഥിതിക്ക് ആ ഭാഗം കാണാനാവാതെപോയത് നിർഭാഗ്യകരമായി.

ബ്രൈമൂറിൽ നിന്നും പതിനഞ്ച് കിലോമീറ്ററുണ്ടാവും ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് (Jawaharlal Nehru Tropical Botanic Garden and Research Institute) എന്ന് ഔദ്യോഗിക നാമമുള്ള പാലോട് സസ്യോദ്യാനത്തിലേയ്ക്ക്. തിരുവനന്തപുരം - തെന്മല പാതയിലേയ്ക്ക് തിരിച്ചുവന്ന്, കുറച്ചുകൂടി വടക്കോട്ട്, തെന്മല ഭാഗത്തേയ്ക്ക്, സഞ്ചരിക്കുമ്പോൾ പ്രധാനപാതയുടെ വശത്തായി തന്നെ സസ്യോദ്യാനത്തിലേക്കുള്ള പ്രവേശനകവാടം കാണാനാവും.

പാലോട് സസ്യോദ്യാനത്തിൽ
വ്യത്യസ്ഥമായ രണ്ട് അഭുമുഖീകരണങ്ങൾ ഇവിടെ സൂചിപ്പിക്കാൻ തോന്നും. പാലോട് സസ്യോദ്യാനത്തിന്റെ കവാടത്തിലെത്തുമ്പോൾ ഉച്ച സമയമായിരുന്നു. ടിക്കറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥരായ സ്ത്രീകൾ ആ മുറിക്കുള്ളിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയാണ്. ഞങ്ങളോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. അടുത്തായി തന്നെ മറ്റൊരു മുറിയിൽ ചില പുരുഷന്മാർ ക്യാരംസ് കളിച്ചിരിക്കുന്നതും കണ്ടു. സ്ത്രീകൾ വെടിവട്ടത്തോടെ, സാവകാശം ഊണുകഴിച്ചു കഴിയുന്നതുവരെ, ഒരുമണിക്കൂറിലധികം ഞങ്ങൾക്ക് കാത്തുനിൽക്കേണ്ടി വന്നു. ഉച്ചയൂണ് സമയത്ത് സന്ദർശകർക്ക് വിലക്കുണ്ടെന്ന് കാണിക്കുന്ന ബോർഡൊന്നും അവിടെയുണ്ടായിരുന്നില്ല.അവരിലാർക്കെങ്കിലും ഞങ്ങൾക്ക് ടിക്കറ്റ് കീറിത്തരാമായിരുന്നു. ഒരു മിനിറ്റിലധികം നീളുന്ന  ജോലിയല്ല. എങ്കിൽ ഞങ്ങളുടെ ഒരു മണിക്കൂർ നഷ്ടപ്പെടുമായിരുന്നില്ല. സന്ദർശകരുടെ സമയം വിലപ്പെട്ടതാണെന്ന്, വിനോദസഞ്ചാരികൾ എത്തുന്ന ഇടങ്ങളിലെ ജീവനക്കാർ മനസ്സിലാക്കിയിരിക്കേണ്ടതാണ്.

എന്നാൽ ഇതിനു മുൻപ്, മങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ ഇടപാടുകൾ തികച്ചും വ്യത്യസ്ഥമായിരുന്നു. ഞങ്ങളുടെ കാറ് എത്തുന്നത് കണ്ടപ്പോൾ തന്നെ ടിക്കറ്റ് കൗണ്ടറിലിരുന്ന സ്ത്രീ ചിരിച്ചുകൊണ്ട് ഇറങ്ങിവന്ന് വണ്ടിയിടാനുള്ള സ്ഥലം കാണിച്ചുതരുകയും ഹൃദ്യമായി സ്വീകരിക്കുകയും ചെയ്തു. അവർക്ക് അതൊന്നും ആവശ്യമുള്ള കാര്യമല്ല. എങ്കിലും ആ ഉപചാരം, മങ്കയം സന്ദർശനത്തിന്റെ തുടക്കം സന്തോഷകരമാക്കി.

എന്തായിരിക്കാം ഇത്തരത്തിൽ വ്യത്യസ്ഥമായ രീതികൾക്ക് കാരണം? സഹജസ്വഭാവത്തിനപ്പുറം മറ്റു ചില കാരണങ്ങൾ കൂടിയുണ്ടാവാം എന്നുതോന്നി. പാലോട് സസ്യോദ്യാനം ഒരു സർക്കാർ സ്ഥാപനമാണ്. സർക്കാർ ഉദ്യോഗസ്ഥർ എന്നാൽ, നാട്ടുനടപ്പനുസരിച്ച് മുറപോലെ കാര്യങ്ങൾ നടത്തുന്നവരാണല്ലോ. എങ്ങനെയായാലും മാസാവസാനം ശമ്പളം കിട്ടും. (അടച്ചുപറഞ്ഞതിന് ഉത്തരവാദിത്വത്തോടെ പണിയെടുക്കുന്ന സർക്കാരുദ്യോഗസ്ഥർ ക്ഷമിക്കുക.) മങ്കയത്ത്  സ്ഥിതി അങ്ങനെയാവില്ല. വനംവകുപ്പിന്റെ കീഴിൽ, തദ്ദേശവാസികളാണ് താൽക്കാലിക ജീവനക്കാരായി അവിടെ പണിയെടുക്കുക. സന്ദർശകർ ഉണ്ടായിരിക്കുക എന്നതും, പരാതികൾ ഉണ്ടാവാതിരിക്കുക എന്നതും അവരെ സംബന്ധിച്ച് പ്രധാനമാണ്.

സസ്യോദ്യാനത്തെ അന്വർത്ഥമാക്കിക്കൊണ്ട്...
സസ്യോദ്യാനത്തിലേയ്ക്ക് പ്രവേശിച്ച്, ഉള്ളിലേയ്ക്ക് നടക്കുമ്പോൾ പക്ഷെ അത്തരം ചിന്തകളൊക്കെ ഒഴിഞ്ഞുപോകും. പൊന്മുടി മലനിരകളുടെ  താഴെ, ചിട്ടയോടെ വിന്യസിക്കപ്പെട്ടിരിക്കുന്ന ഹരിതഭൂമി. ആദ്യം ലളിതമായ ഒരുദ്യാനം പോലെ അനുഭവപ്പെടുന്ന ഭൂമി, ഉള്ളിലേയ്ക്ക് ചെല്ലുന്തോറും കുറച്ചുകൂടി വന്യമാവുന്നു. ഉഷ്ണമേഖലാമഴക്കാടിന്റെ ഭൂമികയിൽ, അവിടെ വളരുന്ന വലിയ മരങ്ങളുടെയും മറ്റു സസ്യങ്ങളുടെയും ജീവിതം കണ്ടുമനസ്സിലാക്കാനും പഠിക്കാനും സാധാരണക്കാർക്ക് ഉപയുക്തമാവുന്ന നല്ലൊരു സംരംഭം. പഠിക്കുക, മനസിലാക്കുക എന്നതൊക്കെ ആ നിലയ്ക്ക് താൽപര്യമുള്ളവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്. അതിനുപരി, ഇവിടുത്തെ  സസ്യലോകം, ജൈവപച്ചയെ പ്രണയിക്കുന്നവർക്ക് സവിശേഷമായ അനുഭവമായും മാറാതെയിരിക്കില്ല.

ഒരു ചെറുപ്പക്കാരൻ ഞങ്ങളോടൊപ്പം ഗൈഡായി വന്നത് ഉപകാരമായി. ഉദ്യാനത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും കൃത്യമായി എത്താനും കാര്യങ്ങൾ മനസ്സിലാക്കാനും അയാളുടെ സഹനടത്തം സഹായിച്ചു.

കാടിന്റെ വന്യതയെ അതിന്റെ തീവ്രതയോടെ അറിയുന്ന, കാടിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കുന്ന വനയാത്രികർക്ക് ഈ സ്ഥലം ഒരു കുട്ടിക്കളി പോലെ തോന്നിയേക്കാം. എങ്കിലും സാധാരണ സഞ്ചാരികൾക്ക് ഇവിടെ കുറച്ചുസമയം ചിലവഴിക്കുക  നല്ലൊരനുഭവമായിരിക്കും. തിരുവനന്തപുരത്തെ ബന്ധപ്പെടുത്തി യാത്രചെയ്യുന്നവർ, കുട്ടികൾകൂടി ഉണ്ടെങ്കിൽ, ഈ സ്ഥലത്തുവരുന്നത് എന്തുകൊണ്ടും അഭികാമ്യമായിരിക്കും. ഊട്ടിയിലെയും മറ്റും ജനബഹുലമായ സസ്യോദ്യാനത്തെക്കാളും നല്ലതായിരിക്കും ഒട്ടും തിരക്കനുഭവപ്പെടാത്ത ഈ പച്ചഭൂമി. ഞങ്ങൾ ഇവിടെയുള്ളപ്പോൾ, മറ്റു സന്ദർശകർ ആരും തന്നെയുണ്ടായിരുന്നില്ല. വിജനപ്രകൃതി, പ്രത്യേകമായൊരു അനുഭവപരിസരം സൃഷ്ടിച്ചു.

ഉദ്യാനശില്പത്തിന് മുന്നിൽ സഹയാത്രികർ
സന്ദർശകർക്ക് ഇതൊരു ഉദ്യാനമെന്നോ ലളിതമായ വനകാഴ്ചയെന്നോ ഒക്കെ വിചാരപ്പെട്ട് ആസ്വദിക്കാമെങ്കിലും, ഇവിടം പ്രധാനമായും വിഭാവനചെയ്യപ്പെട്ടിരിക്കുന്നത് ഒരു പഠന-ഗവേഷണകേന്ദ്രം എന്ന നിലയ്ക്കാണ്. ഉദ്യാനം, ആ വലിയ സംവിധാനത്തിന്റെ അനുബന്ധഭാഗം മാത്രമാണ്.

ഉഷ്ണമേഖലാ പ്രദേശത്തെ സസ്യങ്ങളെ കുറിച്ച് പഠിക്കാനും, ഗവേഷണത്തിനും, അവയുടെ സംരക്ഷണത്തിനും ഒക്കെയായി 1979 - ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ കേന്ദ്രം. കേരളത്തിലെ അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞനും അധ്യാപകനുമായ പ്രൊഫസർ എ. എബ്രഹാമിന്റെ ശ്രമഫലമായാണ് കേരളസർക്കാർ ഇത്തരത്തിലൊരു സ്ഥാപനത്തിന്റെ സാക്ഷാത് കാരത്തിലേയ്ക്ക് നീങ്ങുന്നത്. മുന്നൂറ് ഏക്കർ പ്രദേശത്താണ് കേന്ദ്രവും സസ്യോദ്യാനം വിന്യസിക്കപ്പെട്ടിരിക്കുന്നത്. പൊന്മുടിമലനിരകളോട് ചേർന്ന്, സ്വാഭാവികവനഭൂമിയിലാണ് ഇത് നിവർത്തിച്ചിരിക്കുന്നത്.  സസ്യശാസ്ത്രസംബന്ധിയായ ഒരുപാട് വിഷയങ്ങളിൽ ഇവിടെ ഗവേഷണങ്ങൾ നടക്കുന്നു. അതിനുപരിയായി കേരളത്തിന്റെ സമ്പദ്ഘടനയിൽ കാര്യമായി സ്വാധീനം ചെലുത്തുന്ന സസ്യങ്ങളെ കൂടുതൽ ഉപയുക്തമാക്കുക, കൂടുതൽ ഫലവത്താക്കുക എന്ന നിലയ്ക്കുള്ള പരിശ്രമങ്ങളും ഇവിടുത്തെ ഗവേഷണങ്ങളുടെ ഭാഗമത്രേ.

സസ്യോദ്യാനത്തിൽ നിന്നും ഒരു ആന്തൂറിയം കാഴ്ച...
1979 - ൽ, ജന്മനാട്ടിൽ നിന്നും വളരെയകലെയല്ലാതെ സ്ഥാപിതമായ ഈ സവിശേഷമായ പ്രകൃതികേന്ദ്രത്തിൽ ഞാനെത്തുന്നത് 2017 - ൽ മാത്രം - ഏതാണ്ട് നാല് ദശാബ്ദങ്ങൾക്ക് ശേഷം. സ്‌കൂളിൽ നിന്നുപോലും ഇവിടേയ്ക്ക് ഒരു വിനോദയാത്ര കൊണ്ടുവരാതിരുന്നതെന്തേ എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.

എന്നാൽ ഭാര്യയുടെ കാര്യം അങ്ങനെയല്ല. ജനിച്ചതും വളർന്നതുമൊക്കെ അകലെയാണെങ്കിലും, സ്‌കൂൾപഠനകാലത്തെന്നോ, പഠനയാത്രയുടെ ഭാഗമായി, അവളിവിടെ വന്നിട്ടുണ്ടത്രേ. ഈ സസ്യോദ്യാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, വളരെ വലിയ ഇലയുള്ള ഒരു ജലസസ്യത്തെ കണ്ടകാര്യം അവൾ ഓർത്തെടുക്കാറുണ്ടായിരുന്നു. ബാല്യത്തിൽ മനസ്സിൽ പതിഞ്ഞ ചില സവിശേഷമായ കാഴ്ചകൾ, ഒപ്പമുള്ളതെല്ലാം മറവിയിലായാലും, ഓർമ്മയുടെ ഉള്ളടരിലെവിടെയെങ്കിലും മാഞ്ഞുപോവാതെ കിടക്കാറുണ്ടല്ലോ...

ശരിയാണ്, ഇവിടെ അങ്ങനെയൊരു സസ്യമുണ്ട് - ആമസോൺ ലില്ലി (Victoria Amazonica). ആമസോൺ നദീതടങ്ങളിൽ കാണുന്ന ആമ്പലാണിത്. ഇതിന്റെ ഇലകൾ വളരെ വലിപ്പത്തിൽ വൃത്താകൃതിയിൽ വളരുന്നു. ശക്തിയുള്ള തണ്ടുകൾ കൂടി ഉള്ളതുകൊണ്ട് ഭാരമുള്ള വസ്തുക്കളെ താങ്ങാനാവുമത്രെ. മനുഷ്യൻവരെ അതിൽ കയറിയിരിക്കുന്ന ചിത്രീകരണങ്ങൾ കാണുകയുണ്ടായി. മൂന്നു മീറ്ററിലധികം വിസ്തീർണത്തിൽ വളരുമെങ്കിലും, ഇവിടെ കൃത്രിമതടാകത്തിൽ കണ്ട ചെടികളുടെ ഇലകൾക്ക് അത്രയും വലിപ്പമുണ്ടായിരുന്നില്ല. മുൻപുണ്ടായിരുന്നവയുടെ ഇലകൾ വലിപ്പമുള്ളവ ആയിരുന്നുവെന്നും, ഈ ടാങ്കിനുള്ളിൽ മാത്രമായി ഇതിന്റെ പരാഗണസാദ്ധ്യതകൾ ചുരുങ്ങിയപ്പോൾ, കാലംകഴിയുംതോറും വലിപ്പം കുറഞ്ഞുവരികയാണെന്നും ഗൈഡ് പറഞ്ഞു.

ആമസോൺ ലില്ലിയുടെ ഇല
ഉദ്യാനത്തിന്റെയും പുഷ്പസസ്യങ്ങളുടെയും ചില ഗ്രീൻഹൌസുകളുടെയും ഒക്കെ ഇടങ്ങൾ കഴിഞ്ഞാൽ കുറച്ചുകൂടി വനസമാനമായ ഭാഗത്തേയ്ക്ക് കടക്കുകയായി. വലിയ മരങ്ങളുടെ ഇടയ്ക്കായി ഒരു ചെറിയ വെള്ളച്ചാട്ടവും കാണാം.  അടുത്തെവിടെയെങ്കിലും തന്നെയുള്ള ഉറവയിൽ നിന്നും ഒഴുകിയിറങ്ങുന്ന അരുവിയാവാം. ജലപാതം കഴിഞ്ഞ്, നട്ടുവളർത്തിയ ഔഷധച്ചെടികളുടെ അരികുപറ്റി ഒഴുകിപോകുന്നു ഈ ശുദ്ധപ്രവാഹം.

ഇതിലേ നടക്കുമ്പോൾ, സ്ഥൂലതയിൽ ഈ കാഴ്ചകളൊക്കെ നവ്യമായ അനുഭവമാണ്. അതിൽ മഗ്നമായി നിൽക്കാം. നാഗരികത ഉടുപ്പിച്ച കമ്മീസകൾ അഴിച്ചുവച്ച് പ്രാകൃത്യശുദ്ധത്തിൽ നഗ്നമാവാം.

ഇവിടെ, പക്ഷേ അത് ഒരു വഴി മാത്രമാണ്. അതിനപ്പുറം, സസ്യങ്ങളുടെ സൂക്ഷ്മതയിൽ കൗതുകമുള്ളവർക്ക് ഓരോ ചെടിയേയും ഓരോ പുഷ്പത്തെയും ഓരോ ഇലയേയും ഓരോ മരത്തേയും ഓരോ ഫലത്തേയും വ്യവച്ഛേദിച്ച് മനസ്സിലാക്കാം. അവയുടെ വ്യതിരിക്ത ജീവിതങ്ങളിലൂടെ കടന്നുപോകാം. അതിന് ഞങ്ങൾക്കുള്ളത്രയും സമയവും അത്രയും താല്പര്യവും മാത്രം മതിയാവില്ല. അത്തരത്തിൽ ഗവേഷണം നടത്തുന്നവർക്ക് തീർച്ചയായും ഈ ഉദ്യാനം അസുലഭമായ അവസരം തന്നെയായിരിക്കും എന്നതിന് സംശയമില്ല.     

സസ്യോദ്യാനത്തിനുള്ളിലെ ജലപാതം
അങ്ങനെ നടന്നുനടന്ന് ഞാൻ ഒരു നാഗലിംഗവൃക്ഷത്തിന്റെ ചുവട്ടിൽ എത്തിനിന്നു. ഈ മരം ഇന്നും എന്റെ ഓർമ്മകളിൽ അലകളുണ്ടാകുന്ന ഒരു ചിത്രകാലത്തിന്റെ രൂപകമാണ്...

പട്ടണമദ്ധ്യത്തിലെ ഹോസ്റ്റലിലായിരുന്നു അന്നു ഞാൻ. രണ്ടാം നിലയിലെ മുറിയുടെ പിൻജാലകം തുറക്കുക, പക്ഷേ, നഗരവേഗങ്ങളെ മുഴുവൻ മായ്ച്ചുകളയുന്ന പച്ചഭൂമിയിലേയ്ക്കാണ്. തൊട്ടടുത്ത പറമ്പാണ്. അവിടെയൊരു ആശുപത്രിയാണ് പ്രവർത്തിച്ചിരുന്നത്. ഹോസ്റ്റൽ കെട്ടിടത്തോട് ചേർന്നുള്ള ആ പറമ്പിന്റെ ഭാഗം മുഴുവൻ വലിയ മരങ്ങളുണ്ടായിരുന്നു. ആശുപത്രിക്കെട്ടിടത്തെ വൃക്ഷനിബിഡതയുടെ ഹരിതതിരശ്ശീല മറച്ചുപിടിക്കും.

ജാലകത്തോട് ചേർത്താണ് കസേര ഇട്ടിരുന്നത്. ആ മരങ്ങളെ പരിലാളിച്ചു നടക്കുന്ന ഉദ്യാനപാലകനെ അവിടെയിരുന്നാൽ കാണാം. മദ്ധ്യവയസ്സ് കടന്ന ആളായിരുന്നു. ഞാനയാളെ പരിചയപ്പെടുകയുണ്ടായി. രൂപത്തിനും പ്രായത്തിനും ചേരാത്തത് എന്നു തോന്നിയ പേരായിരുന്നു അയാൾക്ക് - റോബിൻ.

അവിടെ, ആ ജനലിനോട് ചേർന്ന്, കൈനീട്ടി തൊടാവുന്ന അത്രയും അടുത്തേയ്ക്ക് ചാഞ്ഞുനിന്നത് ഒരു നാഗലിംഗമരമായിരുന്നു. ഏതാണ്ട് മൂന്നു വർഷത്തോളമാണ് ആ മരത്തോടൊപ്പം സഹവസിച്ചത്. സ്ഥൂലപ്രകൃതിയിലുള്ള മരം. ചുമപ്പിന്റെ വകഭേദങ്ങളിൽ വലിയ പൂവ്. കുടം പോലുള്ള കായകൾ. സർപ്പത്തെ പോലെ ഞാന്നുകിടക്കുന്ന ഏതോ ശിഖരഭാഗങ്ങൾ...

ഒരിക്കലും അടയ്ക്കാത്ത ജാലകത്തുറവിലൂടെ ആ മരം എനിക്ക് നിതാന്തമായ കുളിര് നൽകിക്കൊണ്ടിരുന്നു. മഴയായും വെയിലായും കാറ്റായും ഋതുക്കൾ കടന്നുപോയത് ആ മരത്തിന്റെ കൊമ്പുകളിലൂടെയാണ്. വൈകിയുണരാൻ അനുവദിക്കാതെ പ്രഭാതങ്ങളിൽ കിളികൾ വന്നു. അഞ്ചടി നടന്നാൽ തിളയ്ക്കുന്ന നഗരമാണെന്ന് ആ മുറി ഒരിക്കലും ഓർമ്മപ്പെടുത്തിയിരുന്നില്ല...

കാല്പനികസ്വപ്‍നസഞ്ചയം കൊണ്ട് ആ മുറി നിറഞ്ഞിരുന്നു...

ഇപ്പോൾ, ഈ നാഗലിംഗവൃക്ഷത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ ആ യൗവ്വനാരംഭകാലം പുനരനുഭവിക്കാൻ ആഗ്രഹിച്ചു. മൂന്നുപതിറ്റാണ്ടുകളുടെ കടലകലം, പക്ഷേ,  ഇന്നത്തെ കർമ്മകാമനകളുടെ നിർവ്വികാരവിപിനമാകുന്നു...!

നാഗലിംഗമരം 
അരുവിയുടെ കരയിലെ ചെറുവഴിയിലൂടെ നടന്നെത്തുക ഇട്ടി അച്ച്യുതന്റെ വീട്ടിലാണ്. വനസമാനമായ പ്രകൃതിയുടെ നടുവിൽ ഇത്തരത്തിൽ ഒരു സ്മാരകം ഒട്ടും പ്രതീക്ഷിച്ചതല്ല. പഴയകാല വാസ്തുരീതിയിലുള്ള ചെറിയ വീട്. നീണ്ട പൂമുഖം. പൂമുഖത്തിരിക്കുന്ന ഇട്ടി അച്യുതന്റെ ലളിതശിൽപം. സർഗ്ഗമനോഹരമായ സ്മാരകം! ഓർമ്മകൾ പുനരാവിഷ്കരിക്കുക ഇങ്ങനെയായിരിക്കണം. ഒരു നിരത്തോരത്ത്  പൂർണ്ണകായപ്രതിമ ഉണ്ടാക്കിവച്ച് അനാഥമാക്കുന്നതിനെക്കാളും എന്തുകൊണ്ടും അഭികാമ്യമായ രീതി. സസ്യലോകത്തോട് എന്തെങ്കിലുമൊക്കെ തരത്തിൽ അഭിമുഖ്യമുള്ളവരായിരിക്കുമല്ലോ കൂടുതലും ഇവിടെയെത്തുക. അവർക്കല്ലാതെ മറ്റാർക്കാണ് ഇട്ടി അച്യുതനിൽ താല്പര്യം...

ഇട്ടി അച്യുതൻ കേരളത്തിന്റെ പൊതുസമൂഹത്തിൽ ഇന്നും അത്രയൊന്നും അറിയപ്പെടുന്നുണ്ടെന്ന് കരുതാൻ വയ്യ.  ഒരുപക്ഷെ കെ. എസ്. മണിലാൽ ഒരു ജീവിതവ്രതംപോലെ 'ഹോർത്തുസ് മലബാറിക്കുസി'ന്റെ (Hortus Mlabaricus) പുനരവതരണം സാധ്യമാക്കിയിരുന്നില്ലെങ്കിൽ ഇട്ടി അച്യുതൻ തികച്ചും വിസ്മൃതമായിപ്പോയേനേ. കൊച്ചിയിലെ ലന്തൻ ഗവർണറായിരുന്ന ഹെൻഡ്രിക് വാൻറീഡാണ് ഈ പുസ്തകത്തിന്റെ സംയോജകൻ. മലബാറിലെ 742 എണ്ണം ഔഷധസസ്യങ്ങളെ കുറിച്ചുള്ള വിശദമായ വിവരമാണ് ഈ പുസ്തകത്തിലുള്ളത്. അതിൽ 588 ചെടികളെ സംബന്ധിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കിയിട്ടുള്ളത് ഇട്ടി അച്യുതനാണ്.

ചേർത്തലയിലെ കടക്കരപ്പള്ളി എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ആയുർവേദ വൈദ്യകുടുംബത്തിലായിരുന്നു ജനനം. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാണ് ജീവിതകാലഘട്ടം. ജനന-മരണങ്ങളുടെ വർഷം കൃത്യമായി നിർണ്ണയിക്കാനായിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പരാമർശമുള്ളത് ഹോർത്തുസ് മലബാറിക്കുസിൽ മാത്രമാണ്.

സമഗ്രവും വിഷയസാന്ദ്രവുമായ ഒരു സസ്യശാസ്ത്രഗ്രന്ഥം മാത്രമായി 'മലബാർ ഉദ്യാന'ത്തെ കുറച്ചുകാണാനാവില്ല. പതിനേഴാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹ്യപരിസരവും ഏറെക്കൂറെ മനസിലാക്കിയെടുക്കാൻ ഉപകാരപ്പെടുന്ന ഒരു പുസ്തകമത്രെ അത്. (കെ. എസ്. മണിലാൽ ഇംഗ്ലീഷിലേയ്‌ക്കും മലയാളത്തിലേയ്ക്കും ഈ പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കേരളസർവകലാശാലയാണ് പ്രസാധകർ. പുസ്തകം വായിക്കാനായിട്ടില്ല.) അത്തരത്തിലൊരു പുസ്തകത്തിന്റെ മുഖ്യരചയിതാവ് എന്ന നിലയ്ക്ക് ഇട്ടി അച്യുതൻ ചരിത്രകേരളത്തിൽ കുറച്ചുകൂടി പ്രമുഖമായ സ്ഥാനം അർഹിക്കുന്നുണ്ട്.

ആ സ്മാരകത്തിന്റെ മുറ്റത്ത്, പൂമുഖത്തിന്റെ അരമതിലിലും അരുവിയുടെ കരയിലുമായൊക്കെയായി ഞങ്ങൾ കുറച്ചുസമയമിരുന്നു. ചുറ്റും ഔഷധച്ചെടികളാണ്. അവയുടെ ഹരിതപത്രമുതിർക്കുന്ന സുഗന്ധമുള്ള കാറ്റാണ്... ഹോർത്തുസ് മലബാറിക്കുസിൽ പ്രതിപാദിച്ചിരിക്കുന്ന ചെടികളാണ് ഇവിടെ നട്ടുവളർത്തുന്നത്. ഏറ്റവും ഉചിതവും നീതിപൂർവ്വകവുമായ സ്മാരകനിർമ്മിതി തന്നെ.                        

ഇട്ടി അച്യുതന്റെ സ്മാരകം
വളരെ സന്തോഷകരവും ഫലവത്തുമായി അനുഭവപ്പെട്ട ദിവസത്തെ ചെറുയാത്ര അവസാനിപ്പിച്ച് മടങ്ങാൻ തുടങ്ങുമ്പോൾ ഞാൻ മറ്റൊരുകാര്യം ആലോചിക്കുകയായിരുന്നു: യാത്രകളുടെ ഇടയ്ക്ക് പലയിടങ്ങളിലും  ഗൈഡഡ് ടൂറുകൾ എടുത്തിട്ടുണ്ട്. ഒരു ഗൈഡുമായ് ദിവസങ്ങളോളം സഞ്ചരിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കുവേണ്ടി മാത്രമായുള്ള ഗൈഡുകളുടെ ഒപ്പവും നടന്നിട്ടുണ്ട്. ഗൈഡിനുള്ള തുകകൂടി ഉൾപ്പെടുത്തിയായിരിക്കും അത്തരം പാക്കേജുകൾ ഉണ്ടാവുക. എങ്കിലും, യാത്രചെയ്യുന്നവർക്കറിയാം, അവസാനം എല്ലാ വഴികാട്ടികളും ഒരു സംഭാവന യാത്രികരിൽ നിന്നും പ്രതീക്ഷിക്കുന്നു. ഒരുപക്ഷെ ആ പ്രലോഭനമാണ് അവരെ യാത്രയിലുടനീളം ഉത്സാഹഭരിതരാക്കി നിർത്തുക. സമ്പന്നരാജ്യമായ സ്വിറ്റ്സർലാൻഡിൽ പോലും ആ തുകയ്ക്കായി വിനീതരായി നിൽക്കുന്ന ഗൈഡുകളെ കാണാം.

എന്നാൽ ഇവിടെ, മടങ്ങാൻ സമയം, ഒപ്പം വന്ന ഗൈഡിന് നൽകിയ സംഭാവന അയാൾ വിനയത്തോടെ നിരസിച്ചു. നിർബന്ധിച്ചപ്പോൾ അയാൾ അത്രയും തന്നെ നിർബന്ധത്തോടെ നിരസിച്ചു. ഞാൻ ഇളിഭ്യനായെങ്കിലും, ആ ചെറുപ്പക്കാരന്റെ ആത്മാഭിമാനം എന്നെ സന്തോഷവാനാക്കി. ഇവിടേയ്ക്ക് പ്രവേശിക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിലോമരീതി അല്പം നിരാശപ്പെടുത്തിയെങ്കിലും ഈ ജീവനക്കാരന്റെ അഭിജാത്യമുള്ള പെരുമാറ്റം, ഒന്നിനും സാമാന്യവത്കരണമില്ല എന്ന് പറയുകയായിരുന്നു.

- അവസാനിച്ചു - 

2017, മാർച്ച് 1, ബുധനാഴ്‌ച

ഗുഹാക്ഷേത്രവും പടിഞ്ഞാറൻകാറ്റും

രാജ്യങ്ങൾക്കും സമുദ്രങ്ങൾക്കും ഇപ്പുറമിരിക്കുമ്പോൾ ഒരു ദിവസം ഭാര്യയാണ് ഏതോ ആഴ്ചപ്പതിൽ വന്ന ആ ചെറിയ കുറിപ്പ് കാണിച്ചുതന്നത്; നാട്ടിൽ ഞങ്ങൾ താമസിക്കുന്നതിനടുത്തായി സന്ദർശനയോഗ്യമായ ഒരു കുന്നുണ്ടത്രേ. കൗമാര, യൗവ്വനാരംഭ കാലത്ത് ഒട്ടൊക്കെ കറങ്ങിനടന്ന പ്രദേശമാണെങ്കിലും അങ്ങനെയൊരു കുന്നിനെക്കുറിച്ച് കേട്ടിരുന്നില്ല. 

കഴക്കൂട്ടം പരിസരത്ത് എനിക്കറിയാവുന്ന ഒരിടം വൈദ്യൻകുന്നായിരുന്നു. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിനോട് ചേർന്ന് പറങ്കിക്കാടുകൾ നിറഞ്ഞ വിജനപ്രദേശം. അതിന്റെ നെറുകയിലേക്ക് കയറിയാൽ അസുലഭമായ സമതലക്കാഴ്ച കിട്ടുമായിരുന്നു, അറബിക്കടലിന്റെ വിശാലതയോളം നീളുന്ന വിഹഗവീക്ഷണം.

കൂട്ടുകാരുമായി വല്ലപ്പോഴുമൊക്കെ പോയിരിക്കാറുണ്ടായിരുന്ന അവിടം കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് അന്യമായിപ്പോയത്. വേലികെട്ടിത്തിരിച്ച് തോക്കേന്തിയ കാവൽക്കാരുമൊക്കെയായി സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത അവിടം പക്ഷെ ഇപ്പോൾ ലോകപ്രശസ്തമാണ് - ടെക്‌നോപാർക്ക് എന്നത്രേ പുതിയ പേര്. കാലത്തിന്റെ അനിവാര്യമായ പരിണാമം പോലെ വൈദ്യൻകുന്ന് എന്ന പേര് വിസ്മൃതമായിരിക്കുന്നു...!


മടവൂർപ്പാറ ഗുഹാക്ഷേത്രം - പ്രവേശനഭാഗം
അങ്ങനെ ഒരു അവധികാലത്ത്, അന്യമായിക്കഴിഞ്ഞ വൈദ്യൻകുന്നിനെ മറക്കാൻ വിട്ട്, ഈ പരിസരത്തെ മറ്റൊരു കുന്നായ മടവൂർപ്പാറ കാണാനായി ഞങ്ങൾ പോയി. തിരുവനന്തപുരം പട്ടണത്തിൽ നിന്നാണ് വരുന്നതെങ്കിൽ ദേശിയപാതയിലൂടെ കൊല്ലം ഭാഗത്തേയ്ക്ക് സഞ്ചരിച്ച് ശ്രീകാര്യം എന്ന സ്ഥലത്തു നിന്നും വലത്തേയ്ക്കു തിരിഞ്ഞ് മടവൂർപ്പാറയിലേക്ക് പോകാം. ശ്രീകാര്യം - പോത്തൻകോട് വഴിയിലാണ് ഈ സ്ഥലം. തമ്പാനൂരിൽ നിന്നും ഇരുപത് കിലോമീറ്ററിലധികം ഉണ്ടാവില്ല ഇവിടേയ്ക്ക്.

ഒരു ആഴ്ചാന്ത്യ ദിവസം വൈകുന്നേരത്താണ് ഞങ്ങൾ മടവൂർപ്പാറയിലെത്തുന്നത്. മുഖ്യപാതയിൽ നിന്നും അല്പം തിരിഞ്ഞുപോകണം അവിടേയ്ക്ക്. അങ്ങോട്ട് തിരിയുന്ന വഴിയെക്കുറിച്ച് സംശയമുണ്ടായപ്പോൾ, വഴിയരുകിൽ സ്വന്തം വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന സ്ത്രീയോട് സംശയനിവർത്തി വരുത്തി. ഭാവത്തിലും സംസാരത്തിലും അദ്ധ്യാപികയെപ്പോലെ തോന്നിച്ച ആ പ്രൗഡവനിത കൃത്യമായി വഴി പറഞ്ഞുതരുക മാത്രമല്ല, ആ സ്ഥലത്തിന്റെ പ്രത്യേകതകൾ ഏതാനും വാക്കുകളിൽ വിവരിച്ചുതരുകയും ചെയ്തു. പ്രാദേശികമായ വിനോദസഞ്ചാര വികസനത്തിന് പ്രദേശവാസികളുടെ സൗമനസ്യപൂർണ്ണമായ ഇടപെടലുകൾ, എത്ര ചെറുതായാലും, വലിയ പ്രതിധ്വാനികളുണ്ടാക്കും.


ഗുഹാക്ഷേത്രത്തിലേക്കുള്ള പടവുകൾ
അങ്ങോട്ടേയ്ക്ക് വണ്ടിയോടിക്കുമ്പോൾ കുറച്ചു ദൂരെ നിന്നുതന്നെ മരക്കൂട്ടങ്ങൾക്ക് മുകളിലായി ഉയർന്നു നിൽക്കുന്ന ഭീമാകാരമായ കരിമ്പാറയുടെ പാർശ്വകാഴ്ച ലഭ്യമാവും...

മടവൂർപ്പാറയ്ക്ക് രണ്ടു ഭാഗങ്ങളുണ്ടെന്ന് പൊതുവായി പറയാം. ഒന്ന് ഗുഹാക്ഷേത്രവും മറ്റൊന്ന് സായാഹ്നം ആസ്വദിക്കാനെത്തുന്നവർക്ക് കുന്നുകയറി മുകളിലെത്തി വിദൂരകാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പറ്റുന്ന ഒരു പാറപ്പുറവും. കുന്ന് ഒന്നാണെങ്കിലും ഈ രണ്ടു ഭാഗങ്ങളിലേയ്ക്കും കയറിത്തുടങ്ങേണ്ടത് അല്പം വിട്ടുമാറിയുള്ള ഇടങ്ങളിലൂടെയാണ്.

കരിമ്പാറയിലേക്ക് ചായുന്ന പച്ച...
ഞങ്ങളാദ്യം ഗുഹാക്ഷേത്രമിരിക്കുന്ന ഭാഗത്തേയ്ക്കാണ് പോയത്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹാക്ഷേത്രം എന്നാണ് വായിച്ചറിഞ്ഞിരുന്നത്. എന്നാൽ ഗുഹാക്ഷേത്രത്തിലേക്കുള്ള പടവുകൾ ആരംഭിക്കുന്നിടത്ത് എത്തിയപ്പോൾ തന്നെ, അത്തരം ചരിത്രസംബന്ധിയായ പൗരാണികബോധം നിലനിർത്തുന്ന ഒരു പ്രദേശമല്ല ഇതെന്ന സൂചന വ്യക്തമായിരുന്നു.

പുരാവസ്തു വകുപ്പിന്റെ ചെറിയ ഫലകം ഒരു വശത്തേയ്ക്ക് മാറ്റിവച്ച് പ്രവേശനകവാടത്തിൽ ശിവരാത്രി ഉത്സവത്തിന്റെ വർണ്ണകമാനം ഉയർന്നിരിക്കുന്നു. മുകളിലേയ്ക്ക് പോകുന്ന പടവുകളും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. വളരെ സജീവമായി ആരാധന നടക്കുന്ന ഒരമ്പലമാണ് ഇതെന്ന് വ്യക്തമാക്കും വിധമായിരുന്നു സംഗതികൾ.

പുരാവസ്തു വകുപ്പിന്റെ കീഴിലാണെങ്കിലും, ഈ ഗുഹാക്ഷേത്രത്തെക്കുറിച്ച് കൃത്യമായ കാലഗണന നടത്താൻ പറ്റുന്ന വിവരങ്ങൾ ലഭ്യമായില്ല. ആയിരം വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണെന്ന് പറയപ്പെടുന്നു...

പടവുകൾ കയറുന്ന ഭക്തർ...
ഞങ്ങൾക്ക് മുന്നിലായി ഏതാനും ഭക്തർ പടവുകൾ കയറിപ്പോകുന്നുണ്ടായിരുന്നു. ഗുഹാക്ഷേത്രമെന്ന് കേട്ടപ്പോൾ ഇത്ര സജീവമായി ആരാധന നടക്കുന്ന സ്ഥലമാണെന്ന് കരുതിയിരുന്നില്ല. മനസ്സിലുണ്ടായിരുന്നത് പത്തനംതിട്ട ജില്ലയിലെ കവിയൂർ തൃക്കാകുടി ഗുഹാക്ഷേത്രവും കന്യാകുമാരി ജില്ലയിലെ ചിതറാൾ ജൈനക്ഷേത്രവുമാണ്. അവ രണ്ടും വ്യത്യസ്തമായ രീതിയിൽ അനുഭവപ്പെടുന്ന ഗുഹാക്ഷേത്രങ്ങളായിരുന്നുവെങ്കിലും ഇവിടുത്തെപ്പോലെ സജീവമായി പൂജാദികർമ്മങ്ങൾ നടക്കുന്ന സ്ഥലങ്ങളാണെന്ന് തോന്നിയിരുന്നില്ല. ഒരുപക്ഷെ, ഈ ശിവരാത്രി സമയത്ത് ഞങ്ങളിവിടെ കാലംതെറ്റി എത്തിയതുമാവാം.

വന്യമല്ലെങ്കിലും വൃക്ഷനിബിഡമാണ് പടവുകളുടെ ഇരുഭാഗവും. അതുകൊണ്ടു തന്നെ ചെറിയ കയറ്റം ഒട്ടും ആയാസകരമല്ല. ഭക്തർ, പടവുകളിൽ ഒരുഭാഗത്ത് ചെരുപ്പുകൾ ഉപേക്ഷിച്ച് നഗ്നപാദരായി നടന്നുകയറുന്നത് കണ്ടു. ഹൈന്ദവക്ഷേത്രങ്ങളിലെ ആചാരോപചാരങ്ങളെ കുറിച്ച് കാര്യമായ പിടിപാടില്ലാത്തതിനാൽ, ഇനി അതിനാൽ ഗുഹാക്ഷേത്രം കാണാൻ സാധിക്കാതെ വരേണ്ട എന്നുകരുതി ഞങ്ങളും പാദരക്ഷകൾ അഴിച്ചുവച്ചു. വർഷങ്ങളായി തുടരുന്ന നാഗരികമായ ജീവിതരീതി, നഗ്നപാദത്തിലുള്ള നടത്തം, അല്പദൂരത്തേയ്ക്കാണെങ്കിൽ പോലും, ശ്രമകരമാക്കി മാറ്റിയിരിക്കുന്നു എന്നത് ലജ്‌ജാകരമായ വാസ്തവമാണ്.

ക്ഷേത്രകവാടം
മുകളിലെത്തിയപ്പോൾ കാഴ്ചകൾ മുഴുവൻ നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യമായി കണ്ടത് ഫോട്ടോഗ്രാഫി നിരോധിച്ചു കൊണ്ടുള്ള ഫലകമാണ്. ഇത് പുരാവസ്തു വകുപ്പിന്റെയാണോ അമ്പല കമ്മിറ്റിയുടേതാണോ എന്ന് മനസ്സിലായില്ല. ഞങ്ങൾക്ക് മുൻപേ അമ്പലമുറ്റത്തെത്തിയ ചെറുപ്പക്കാരായ അന്യസംസ്ഥാന തൊഴിലാളികളാരോ മൊബൈലിൽ പരിസരത്തിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്ന പൂജാരിയെപ്പോലെ തോന്നിച്ച ഒരാൾ അവരോടു കയർക്കുന്നതു കൂടി കണ്ടപ്പോൾ ഞാൻ ക്യാമറ ബാഗിനകത്ത് ഭദ്രമായി പൂട്ടിവച്ചു. (ഇതിൽ കാണുന്ന ക്ഷേത്രപരിസരത്തിന്റെ ചിത്രങ്ങൾ ദൂരെനിന്ന് സൂംലെൻസ് ഉപയോഗിച്ച് പകർത്തിയതാണ്.)

അടുത്ത നിരാശ കുറച്ചുകൂടി വലുതായിരുന്നു. മെടഞ്ഞ ഓലകൊണ്ട് ചായ്പ്പ് പോലെ മേൽക്കൂരകെട്ടിയ ഗുഹാക്ഷേത്രത്തിന്റെ മുന്നിൽ ഭക്തജനങ്ങൾ തിക്കിത്തിരക്കുന്നു. അകത്തെന്തോ പൂജ നടക്കുന്നുണ്ടെന്ന് സ്പഷ്ടം. അതിന്റെ ദർശനത്തിനോ പ്രസാദത്തിനോ മറ്റോ ആവണം ഗുഹാക്ഷേത്രത്തിന്റെ കവാടം മുഴുവൻ അവർ നിറഞ്ഞുനിൽക്കുന്നു. ആ ശരീരങ്ങൾക്കിടയിലെ നേരിയ വിടവിലൂടെ അകത്തെ ഇരുട്ടിൽ എന്താണ് നടക്കുന്നതെന്നോ, എന്താണുള്ളതെന്നോ സ്പഷ്ടമായില്ല. എന്തു ചെയ്യണമെന്നറിയാതെ ആ പരിസരത്ത് കുറച്ചുനേരം ചുറ്റിപറ്റി നിന്നതിനു ശേഷം ഇളിഭ്യരായി ഞങ്ങൾ തിരിച്ചിറങ്ങി.

കുന്നിന്റെ നെറുകയിലേക്ക് 
എന്നാൽ പൈതൃകത്തെക്കുറിച്ചുള്ള മറ്റു ചില വാദങ്ങൾ ഇന്ന് ഉയർന്നുവരുന്നുണ്ട്. പൈതൃകനിർമ്മിതിയിൽ അടങ്ങിയിരിക്കുന്ന മൂലധനമോഹങ്ങളെക്കുറിച്ചാണ് ഭൗതികതലത്തിൽ ആ വിചാരധാര കൂടുതൽ ആകുലപ്പെടുന്നതെങ്കിലും, അതിനുമുപരിയായി, പൈതൃകം എന്ന സംജ്ഞയും അനുഭവവും നിർമ്മിച്ചെടുക്കുന്ന വരേണ്യമായ ഒരുതരം ഗൃഹാതുരത്വത്തെക്കുറിച്ച് ആശയതലത്തിൽ ഉത്കണ്ഠകൾ പുലർത്തുന്നുമുണ്ട്. ചരിത്രത്തിലെ ഒരു സവിശേഷ കാലത്തെ / രൂപത്തെ പൊലിപ്പിച്ചെടുക്കുക വഴി പ്രത്യേകമായ ആശയങ്ങൾ അത് പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നു. സമകാലത്തിന്റെ നവീനമായ ആവിഷ്കാരങ്ങൾക്ക് അരുനിൽക്കുന്നതോ, സമകാല മനുഷ്യന്റെ ആവാസത്തിന് ത്വരകമാവാൻ കഴിയുന്നതോ അല്ലാത്ത ഇത്തരം പൈതൃകനിർമ്മിതികൾ ആശയതലത്തിലും ഭൗതികതലത്തിലും വിചിന്തനങ്ങൾ ആവശ്യപ്പെടും എന്നാകും ആ വാദം. മുസിരിസ് പൈതൃകപദ്ധതിയെ പ്രതിയുള്ള സംവാദങ്ങൾ ഇപ്പോൾ ആ ദിശയിലേക്ക് നീങ്ങുന്നത് കാണാം. ആഴത്തിൽ വരയപ്പെട്ട ചില ഉൾക്കൊളളലുകളെ പൊളിക്കുക എന്നത് പ്രയാസമായതിനാൽ കൂടിയാവാം, സങ്കീർണ്ണമായ ഈ ആശയരീതിയോട് പൂർണ്ണമായും മമതയില്ല. എങ്കിലും ആ നിലയ്ക്ക് നോക്കുമ്പോൾ, ഇന്നും ആരാധന തുടരുന്ന ഈ പൗരാണികസ്ഥാനം, പൈതൃകം എന്നതുകൊണ്ട് പ്രസ്തുത ആശയം മുന്നോട്ടു വയ്ക്കുന്ന പ്രതിലോമതയെ പ്രതിരോധിക്കുന്നുണ്ട് എന്ന് കാണാം.

എന്തായാലും, പുരാതനമായ ഒരു ഗുഹാക്ഷേത്രം തിരക്കിവന്ന ഞങ്ങൾ സമകാലത്തിന്റെ മതസാന്ദ്രമായ അമ്പലപരിസരം കണ്ട് മടങ്ങി...

മുകളിൽ നിന്നും കാണുമ്പോൾ
ക്ഷേത്രത്തിലേയ്ക്കുള്ള പടവുകളാരംഭിക്കുന്നിടത്തു നിന്നും അല്പം മാറിയാണ് കുന്നിന്റെ നെറുകയിലേക്കുള്ള കയറ്റം തുടങ്ങുന്നത്. സാങ്കേതികമായി ഇതിനെ കുന്ന് എന്ന് പറയാനാവില്ല. പേര് സൂചിപ്പിക്കുന്നതു പോലെ ഭീമാകാരമായ ഒരു പാറയാണിത്. അതിന്റെ വിടവുകളിലും ചരിവുകളിലുമൊക്കെ വൃക്ഷലതാദികൾ വളർന്നുനിൽക്കുന്നു.

ഒരു വിടവിലൂടെയുള്ള സ്വാഭാവികചാലിലൂടെ കുറച്ചുദൂരം നടന്നുകയറിക്കഴിഞ്ഞാൽ പിന്നെ വൃക്ഷരഹിതമായ കരിമ്പാറയുടെ ചരിഞ്ഞ പ്രതലമാണ്. അവിടെ ചില ഭാഗങ്ങളിൽ കാലുതെറ്റാതെ പിടിച്ചുനടക്കാക്കാനായി കയറ് വലിച്ചുകെട്ടിയിട്ടുണ്ട്. എന്നാൽ കൂടുതൽ ഭാഗവും അത്ര കുത്തനേയുള്ള ചരിവല്ലാത്തതിനാൽ സഹായമില്ലാതെ നടന്നുകയറാനാവും.

അവധിദിവസത്തെ സായാഹ്നമായതിനാലാവും, പാറയുടെ നെറുകയിൽ, പരന്നപ്രതലത്തിൽ കുറച്ചധികമാളുകൾ താഴ്വാരത്തിന്റെ കാഴ്ചകൾ കണ്ടും കാറ്റേറ്റും ഇരിപ്പുണ്ടായിരുന്നു.

അവധി സായാഹ്നത്തിന്റെ കാറ്റേറ്റിരിക്കാനെത്തിയവർ...
ഉയരങ്ങളിലെവിടെയും എന്നതുപോലെ ഇവിടെയും കാറ്റിന്റെ മേളം നല്ലതുപോലെയുണ്ട്. ഞങ്ങളും വിശാലമായ പാറപ്പുറത്തിന്റെ ഒരു ഭാഗത്തിരുന്നു. സവിശേഷമായ ഓരോ സ്ഥലത്ത് എത്തുമ്പോഴും അതിനോട് സാമ്യമുള്ള മറ്റൊരു സ്ഥലം ഓർമ്മവരും. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതുപോലെ കുന്നുകയറിപ്പോയി കാറ്റേറ്റ് പാറപ്പുറത്തിരുന്ന, പത്തനംതിട്ട പട്ടണത്തോട് ചേർന്നുകിടക്കുന്ന ചുട്ടിപ്പാറയാണ് ഇവിടെയിരിക്കുമ്പോൾ ഓർമ്മവരുന്നത്. ചുട്ടിപ്പാറയ്ക്ക് ഉയരം കൂടും. അവിടെ നിന്നുള്ള കാഴ്ചകൾ കുറച്ചുകൂടി ആഴമുള്ളതും വിസ്തൃതവുമായിരുന്നു.

ഇവിടെ പടിഞ്ഞാറോട്ടാണ് മുഖ്യമായും കാഴ്ച. ഹരിതമേലാപ്പിന്റെ മുകളിലൂടെ കാണുന്ന ആ ദേശങ്ങളൊക്കെയും സുപരിചിതമാണ്. എങ്കിലും മുകളിൽ നിന്നുള്ള കാഴ്ച വ്യത്യസ്തമാണ്. ഞങ്ങളുടെ താമസസ്ഥലം ഉൾക്കൊള്ളുന്ന ഫ്‌ളാറ്റ് സമുച്ചയം തന്നെ നോക്കുക: മരക്കൂട്ടങ്ങൾക്ക് മുകളിലേയ്ക്ക് ഉയർന്നുനിൽക്കുന്ന ചുമന്ന മേൽക്കൂരയുള്ള കെട്ടിടങ്ങളുടെ ദൃശ്യം എത്ര അപരിചിതമായാണ് ഇവിടെനിന്ന് കാണുമ്പോൾ അനുഭവപ്പെടുക. അതിന്റെ ഉള്ളിലെ ഒരു കുടുസ്സ് ചതുരത്തിനുള്ളിലാണ് ഞങ്ങളുടെ അവധിക്കാല ദൈനംദിനങ്ങൾ കഴിഞ്ഞുപോകുന്നതെന്ന വരണ്ട യാഥാർത്ഥ്യത്തോട് അരുനിൽക്കുന്നതല്ല പച്ചയുടെ പടർപ്പിനു മുകളിലേയ്ക്ക് ഉയർന്നുനിൽക്കുന്ന, ദൂരത്തിന്റെ മങ്ങലേറ്റ, ഒട്ടൊന്ന് കാല്പനികമായ ഈ കാഴ്ച. അതിന്റെ പരിസരങ്ങളിലിപ്പോൾ ജീവിതവ്യഗ്രതയോടെ തലങ്ങും വിലങ്ങും പോകുന്ന നാഗരിക ജനതതിയെ എനിക്കിപ്പോൾ ആലോചിച്ചെടുക്കാം. പക്ഷെ ഇവിടെ നിന്നുള്ള, പ്രാകൃത്യസ്പർശമുള്ള കാഴ്ചയോട് ആ സത്യം യോജിക്കുന്നില്ലെന്നു മാത്രം.

ഞങ്ങളുടെ താമസസ്ഥലം ഉൾപ്പെടുന്ന ഫ്‌ളാറ്റ് സമുച്ചയം - മടവൂർപ്പാറയിൽ നിന്ന് കാണുമ്പോൾ... 
മരങ്ങൾക്ക് മുകളിലേയ്ക്ക് ഉയർന്നുകാണുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ പലതും കഴക്കൂട്ടം ഭാഗത്തുള്ളതാണ്. കഴിഞ്ഞ രണ്ടുരണ്ടര പതിറ്റാണ്ടിനിടയ്ക്കു കേരളം കടന്നുപോയ സ്ഫോടനാത്മകമായ ഒരു വികസനപ്രക്രിയയുടെ നെടുകേയുള്ള പരിച്ഛേദമാണ് കഴക്കൂട്ടം. അവിടെ ഉയർന്നുവന്ന ടെക്‌നോപാർക്കും, അവിടെ നിന്നും ആരംഭിക്കുന്ന കഴക്കൂട്ടം - കളിയിക്കാവിള ബൈപ്പാസുമാണ് ഈ ക്ഷിപ്രവളർച്ചയ്ക്ക് കാരണമായത്. കാൽനൂറ്റാണ്ടിന് മുൻപ് ജോലിതേടി പുറപ്പെട്ടുപോകുമ്പോൾ ഒരു ചെറിയ അങ്ങാടിയായിരുന്ന കഴക്കൂട്ടം ഇന്ന് എനിക്ക് തികച്ചും അന്യമായ ഒരു ചെറുപട്ടണമായി മാറിയിരിക്കുന്നു. ദേശപരിണാമത്തിന്റെ ഭൂപടം മാറ്റിവരയ്ക്കാനാവാത്തത് വല്ലാത്തൊരു വ്യസനമാവും, ആർദ്രമായ ചില നേരങ്ങളിൽ.

ടെക്‌നോപാർക്കും അനുബന്ധ നിർമ്മിതികളും
കുടുംബമായെത്തിയവരും ഒറ്റയ്‌ക്കെത്തിയവരും കൂട്ടുകാരുടെ കൂട്ടങ്ങളും ഒക്കെയായി സമൂഹത്തിന്റെ ഒരു ചെറിയ കഷ്ണം പാറപ്പുറത്തുണ്ടായിരുന്നു. പിറകിൽ അല്പംമാറി വാർദ്ധക്യത്തിലേയ്ക്ക് കടക്കാനായുന്ന ഏതാനും പുരുഷന്മാർ വളരെ ആഹ്ലാദചിത്തരായി സംസാരിച്ചിരിക്കുന്നതും കണ്ടു. അവരുടെ പൊട്ടിച്ചിരികൾ, എതിർഭാഗത്തേയ്ക്ക് വീശുന്ന കാറ്റിന്റെ ശക്തിയെ തോല്പിച്ച് ഇടയ്ക്കിടയ്ക്ക് മുഴങ്ങി...

മകൾ ചിത്രങ്ങളെടുക്കാനും മറ്റു ഭാഗങ്ങളിലെ കാഴ്ചകൾ കാണാനുമായി അകലേക്ക് നടന്നുപോയപ്പോൾ ഭാര്യയും ഞാനും പാറയുടെ ഒത്ത നടുവിലായി താഴ്വാരത്തിലേയ്ക്ക് നോക്കിയിരുന്നു. അകലെ, മരങ്ങൾക്കിടയിലൂടെ ശ്രീകാര്യം - പോത്തൻകോട് റോഡിന്റെ ചെറിയൊരു ഭാഗം കാണാം. അതിലൂടെയാണ് ഞങ്ങൾ അവധിക്കാലങ്ങളിൽ അവളുടെ ജന്മനാടായ ആ മലയോരപട്ടണത്തിലേയ്ക്ക് രണ്ടും മൂന്നും തവണ പോവുക. കഴിഞ്ഞ ഇരുപത്തിയഞ്ചുവർഷമായി ഞങ്ങൾ തലങ്ങും വിലങ്ങും, സമീപദേശങ്ങളിലേയ്ക്കും വിദൂരദേശങ്ങളിലേയ്ക്കും ഒന്നിച്ച് യാത്രചെയ്തുകൊണ്ടിരിക്കുന്നു. ചെറുതും വലുതുമായ ഒരുപാട് മലകൾ കയറിയിരിക്കുന്നു, താഴ്വാരങ്ങൾ ഇറങ്ങിയിരിക്കുന്നു. ഇവിടെ ഈ കുന്നിനു മുകളിൽ പടിഞ്ഞാറൻ കാറ്റേറ്റിരിക്കുമ്പോൾ, എവിടെയോ ജനിച്ച് എവിടെയോ വച്ച് കണ്ടുമുട്ടിയ ഞങ്ങളുടെ കാൽനൂറ്റാണ്ട് നീളുന്ന സഹയാത്രയുടെ കയറ്റിറക്കങ്ങൾ നിനവിലെത്തുന്നു...!

മടവൂർപ്പാറയ്ക്ക് മുകളിൽ...
കുന്നിനുമുകളിലായി ഉയർത്തിക്കെട്ടിയ ഒരു നടവഴിയുള്ളതായി വായിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ അറ്റകുറ്റ പണികൾ നടക്കുന്നതായാണ് കാണുന്നത്. മറ്റൊരുഭാഗത്ത് കുട്ടികൾക്ക് കളിക്കാനുള്ള ചില സംവിധാനങ്ങളും കാണാം. ആഴ്ചാവധിദിവസങ്ങളിൽ സകുടുംബം വന്നിരുന്ന് പ്രകൃതിയെ അറിഞ്ഞ് കുറച്ചുസമയം ക്രിയാത്മകമായി ഉപയോഗിക്കാനാവുന്ന ഒരിടം തന്നെയാണ് മടവൂർപ്പാറ. വൈകുന്നേരങ്ങളെ  യാന്ത്രികമാക്കുന്ന സ്ഥിരം ടെലിവിഷൻ പരിപാടികളിൽ നിന്നും നല്ലൊരു വിടുതലായിരിക്കും കുട്ടികൾക്കും മുതിർന്നവർക്കും ഈ ഉയരങ്ങൾ.

ചായുന്ന സൂര്യൻ...
വിലോലമായ കുറച്ചുസമയം ആ കുന്നിൻമുകളിൽ കഴിഞ്ഞതിനുശേഷം ഞങ്ങൾ പാറയുടെ ചരിവിലൂടെ താഴേയ്ക്കിറങ്ങി. അടുത്തദിവസം പരദേശവാസത്തിന്റെ ചാക്രികമായ ദൈനംദിനങ്ങളിലേയ്ക്ക് മടങ്ങേണ്ടതുണ്ട്. മുൻകാലത്തെപ്പോലെ, ആ മടക്കയാത്ര, ഇപ്പോൾ അത്രയൊന്നും വിഷാദം കൊണ്ടുവരാറില്ല. പരദേശവാസം സാവധാനം വേരുകളെ ശിഥിലമാക്കുന്നു. ഗൃഹാതുരത്വത്തിന്റെ കാല്പനികഭാവം ഒഴിഞ്ഞുപോയിരിക്കുന്നു. സാധാരണക്കാരനെപ്പോലും ഫിലോസഫറാക്കും വിധം നിരർത്ഥതയുടെ സമസ്യകൾ നിസ്സംഗത പടർത്തും...!

- അവസാനിച്ചു -

2017, ഫെബ്രുവരി 1, ബുധനാഴ്‌ച

ഹരിതമാദകം, കന്യാപാതം

മീൻമുട്ടി എന്ന പേരിൽ കേരളത്തിൽ പല വെള്ളച്ചാട്ടങ്ങൾ ഉണ്ട്. വയനാടിലേത് പ്രശസ്തമാണ്. തിരുവനന്തപുരം ജില്ലയിലും അതേ പേരിൽ ഒരെണ്ണമുണ്ട്. ഇതുകൂടാതെ പ്രാദേശികമായി അറിയപ്പെടുന്ന വേറേയും മീൻമുട്ടികളുണ്ടെന്ന് മനസ്സിലാക്കുന്നു. രസകരമായ ഈ പേരുവന്നതിന് കാരണമായി പറയപ്പെടുന്നത് ഇതാണ്: എല്ലാ നദികളിലും മീനുകളുണ്ടല്ലോ. ഇവയിൽ ചിലവ നദികളുടെ പ്രഭവം തേടി ഒഴുക്കിനെതിരേ യാത്രയാവുമത്രേ. അങ്ങനെയുള്ള മീൻസഞ്ചാരങ്ങൾ ചെന്ന് വഴിമുട്ടി നിൽക്കുക വെള്ളച്ചാട്ടങ്ങളിലാണല്ലോ. അതിനാലത്രേ പല വെള്ളച്ചാട്ടങ്ങൾക്കും മീൻമുട്ടി എന്ന പേര് വന്നത്.

സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ പല സ്ഥലങ്ങൾക്കും ഇതുപോലെ വിചിത്രവും കൗതുകകരവുമായ പേരുകൾ ശ്രദ്ധിച്ചിട്ടിണ്ട്; ഇലവിഴാപൂഞ്ചിറ, പാണിയേലിപ്പോര്, കോലാഹലമേട്...

വെള്ളച്ചാട്ടത്തിലേയ്ക്കുള്ള നടപ്പാത
ഒരു ഇരുണ്ട മഴമേഘം ഭൂമിയിൽ കാളിമ പടർത്തിയ നേരത്താണ് ഞങ്ങൾ തിരുവനന്തപുരം ജില്ലയിലെ കല്ലാറിനടുത്തുള്ള മീൻമുട്ടി വെള്ളച്ചാട്ടം കാണാനെത്തിയത്. കല്ലാർ എന്നത് ഒരു നദിയുടേയും ആ നദീതീരത്തുള്ള ചെറിയൊരു ഗ്രാമത്തിന്റേയും പേരാണ്. പൊന്മുടി മലനിരകളുടെ വനനിഗൂഡതകളിലെവിടെയോ ആണ് കല്ലാർ ഉത്ഭവിക്കുന്നത്. മലയിറങ്ങി അടിവാരത്തെത്തുമ്പോൾ ആ നദി കാണുന്ന ആദ്യത്തെ ഗ്രാമത്തിന്റെ പേരും കല്ലാർ എന്നുതന്നെ. ഈ നദീസഞ്ചാരത്തിനിടയ്ക്കെവിടെയോ ആണ് മീൻമുട്ടി വെള്ളച്ചാട്ടം.

കല്ലാർ
വിതുരയിൽ നിന്നും പൊന്മുടി ഭാഗത്തേയ്ക്ക് സഞ്ചരിക്കുമ്പോൾ കല്ലാർ പാലം കടക്കുന്നതിന് തൊട്ടുമുൻപായി വലതുവശത്തേയ്ക്ക് മീൻമുട്ടിയിലേയ്ക്കുള്ള വഴിയും വനംവകുപ്പിന്റെ ചൂണ്ടുപലകയും കാണാം. ആ വഴിയിലേയ്ക്ക് കയറുമ്പോൾ തന്നെ വെള്ളച്ചാട്ടത്തിലേയ്ക്കുള്ള വനംവകുപ്പിന്റെ പ്രവേശന കവാടവും ടിക്കറ്റ്കൌണ്ടറും ഒക്കെ കാണാനാവും. അവിടെ നിന്നും കുറച്ചുദൂരം കൂടി വണ്ടിയിൽ സഞ്ചരിക്കാം. അതിനു ശേഷം ഏതാണ്ട് രണ്ടു കിലോമീറ്റർ വനവഴിയിലൂടെ നടക്കണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ.

മഴക്കാടിന്റെ പച്ച...
കാട്ടുവഴിയുടെ ഇരുപുറവും മഴക്കാടിന്റെ ഇരുണ്ട പച്ച. മരങ്ങളുടെ ഒരു നിരയ്ക്കപ്പുറം ഇടതുവശത്ത് അല്പം താഴത്തായി കല്ലാറൊഴുകുന്നത് ഹരിതനിബിഡതയുടെ വിടവുകളിലൂടെ കാണാം. പല വലിപ്പത്തിലുള്ള മിനുസമാർന്ന ഉരുളൻ പാറക്കല്ലുകളിൽ തട്ടിത്തെറിച്ച് ഹൂങ്കാരശബ്ദമുയർത്തി പതഞ്ഞൊഴുകുന്ന സ്പടിക ജലമാർന്ന കല്ലാർ!

വണ്ടി പാർക്ക് ചെയ്യുന്ന ഭാഗത്ത്, കാട്ടിടവഴിയിലൂടെ താഴേക്കിറങ്ങി, മലമുകളിലെ മേഘങ്ങളുടേയും കാടിന്റേയും കുളിരും മണവും രുചിയുമായി പതഞ്ഞെത്തുന്ന നദീജലത്തിൽ കുളിക്കാം. സ്ത്രീകൾക്ക് കുളികഴിഞ്ഞ് വസ്ത്രം മാറാനും മറ്റുമുള്ള സൗകര്യങ്ങൾ ഇവിടെ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

കല്ലാർ - മറ്റൊരു ഭാഗം
യാത്രകൾക്കെല്ലാം ലക്ഷ്യമുണ്ട്. ഒരു ലക്ഷ്യവുമില്ലാത്ത യാത്ര എന്നത് അതികാല്പനികമായ പരികല്പനയാണ്. എങ്ങോട്ടെന്ന് തിട്ടമില്ലാതെ ഒരാൾ നടക്കാൻ തുടങ്ങിയാലും വേഗം തന്നെ അതൊരു ലക്‌ഷ്യം ആഗ്രഹിക്കാൻ തുടങ്ങും - ഒന്നിരിക്കാൻ ഒരു തണൽ, വെള്ളംകുടിക്കാൻ ഒരു കിണർ..., അങ്ങനെ പ്രജ്ഞയുള്ള ഏത് യാത്രയിലും ലക്ഷ്യങ്ങൾ അബോധമായി തന്നെ സന്നിഹിതമാവുന്നു. എന്നാൽ യാത്രകൾ രസകരമാവുന്നത് ലക്ഷ്യങ്ങളുടെ അപൂർവ്വത കൊണ്ടോ ചാരുത കൊണ്ടോ മാത്രമല്ല. വലിയൊരു അളവുവരെ യാത്രയുടെ സൗന്ദര്യസാക്ഷാത്കാരം സംഭവിക്കുന്നത്‌ വഴികളിലാണ്...

കല്ലാറിന്റെ പ്രവാഹശബ്ദം മുഖരിതമാക്കുന്ന പൊന്മുടിക്കാടിന്റെ ഇരുണ്ട ഉള്ളറകളിലേയ്ക്ക് കാട്ടുപാത നീളുമ്പോൾ, വഴി തന്നെ ലക്ഷ്യമായി മാറുന്നതറിഞ്ഞു...    

ആകാശം തൊടാനായുന്ന മരങ്ങൾ
പാത വെട്ടിയുണ്ടാക്കിയിട്ടുണ്ടെങ്കിലും മുന്നിലേയ്ക്ക് ചെല്ലുംതോറും വഴിയുടെ നനവുള്ള പ്രതലങ്ങളെ ഇരുണ്ടതാക്കി കാട് നിബിഡമായി മാറിക്കൊണ്ടിരുന്നു. ഇരുപുറവും വലിയ മരങ്ങൾ മനുഷ്യന്റെ നിസ്സാരതയുടെ ആഴം ബോധ്യപ്പെടുത്തികൊണ്ട് ഭീമാകാരമായി വളർന്നുനിൽക്കുന്നു. അവയിൽ നിന്നും ഞാന്നുവീണ് അവ്യക്തമായ വഴികളിൽ സർപ്പരൂപങ്ങൾ സൃഷ്ടിക്കുന്ന വേരുകൾ. പന്നലുകളും പേരറിയാത്ത അനേകം ചെടികളും വളർന്ന് പച്ചയെ ഇരുട്ടാക്കുന്ന അടിക്കാടുകളുടെ വന്യഭാവം. ക്രമാനുഗതമായ ആരോഹണാവരോഹണങ്ങളിലേയ്ക്ക് നീങ്ങുന്ന ചീവിടുകളുടെ സംഗീത സദസ്സ്...

കുറച്ചു മുൻപ് പെയ്തൊരു മഴയുടെ ഓർമ്മയിൽ വൃക്ഷപത്രങ്ങൾ ഇപ്പോഴും ജലകണങ്ങൾ ഉതിർക്കുന്നുണ്ട്. അടിക്കാടിന്റെ ഇലകളിൽ നിന്നും കരിയിലകളിലേയ്ക്ക്‌ ഇറ്റുവീഴുന്ന വെള്ളത്തുള്ളികളുടെ മർമ്മരവീചികൾ. വലിയ മരങ്ങളുടെ തായ്ത്തണ്ടിലൂടെ നനവ്‌ ഒലിച്ചിറങ്ങുന്നുണ്ട്. തൊലി വിണ്ട മരത്തിന്റെ നനഞ്ഞ പ്രതലത്തിലൂടെ കയ്യോടിക്കുമ്പോൾ പ്രാക്തനമായ ഗോത്രാനുഭവത്തിന്റെ വനജീവിതകാമനകൾ ജന്മാന്തരങ്ങളുടെ വർഷത്തിരശ്ശീലകൾ വകയുന്നത് അബോധമായി പകർന്നുവരും.

വേരുകളുടെ സർപ്പരൂപം
വെട്ടിയിട്ട വഴിയിൽ നിന്നും മാറി, മരങ്ങളെ സ്പർശിച്ചും പാദങ്ങളിലും കണങ്കാലുകളിലും അടിക്കാടിന്റെ ഉരുമ്മലേറ്റും അധികനേരം നിൽക്കാനാവില്ല - കാടിന്റെ കാവലാളായ അട്ടകൾ പൊതിയും. നാഗരികതയുടെ കുടഞ്ഞുകളയാനാവാത്ത വിഹ്വലതയായി ഇത്തരം പേടികൾ കാടിലൂടെ സഞ്ചരിക്കുമ്പോൾ എപ്പോഴും ബാക്കിയാവുന്നു. ആനയും കടുവയും പുലിയും പോലുള്ള വലിയ വന്യമൃഗങ്ങൾ അത്രയൊന്നും ചിന്തയിൽ വരാറില്ല. അവ പൊതുവേ മനുഷ്യരെ ഒഴിവാക്കും എന്നാണു കേട്ടിട്ടുള്ളത്. എന്നാൽ ഉരഗങ്ങളും ചെറുജീവികളും അങ്ങനെയല്ല. പാമ്പുകളും വലിയ വിഷമുള്ള ചിലന്തികളും രക്തദാഹികളായ അട്ടകളും എന്തുകൊണ്ടോ കാനനയാത്രകളിൽ അബോധമായ ഭയമായി കൂടെയുണ്ടാവും. അപൂർവ്വമായി കാടിലേയ്ക്കിറങ്ങുന്ന നഗരവാസിയുടെ പേടികൾ എന്നാൽ കാടിന്റെ ബാധ്യതയല്ല തന്നെ...!

കാട്ടുവഴി നീളുന്നു
അപ്രതീക്ഷിതമായിരുന്നില്ല, മഴ തുടങ്ങി. ആദ്യം, മുകളിൽ കാടൊരുക്കിയ ഹരിതമേലാപ്പിൽ ജലപതന ശബ്ദം. പിന്നെ കഠിനപാതം ഇലകളെ വകഞ്ഞ് ഭൂമിയിലേയ്ക്ക് വീഴാൻ തുടങ്ങി. കുറച്ച് മുന്നിലേയ്ക്ക് നടന്നപ്പോൾ മഴനനയാതെ കയറിനിൽക്കാൻ പ്രകൃതിയൊരുക്കിയ, ഒരു പാറമുഖത്തിന്റെ മുകൾഭാഗം മേൽക്കൂര പോലെ വളഞ്ഞ, സുരക്ഷിത താവളം കണ്ടു. ക്യാമറ ഉള്ളതുകൊണ്ട് പെരുമഴ നനയുക എന്നത് അല്പം സാഹസികമായിപ്പോവും എന്നറിയാമായിരുന്നു.

ആ പാറവിടവിൽ മഴനനയാതെ ഒതുങ്ങിനിൽക്കുമ്പോൾ വർഷംപെയ്തിറങ്ങുന്ന അടിക്കാട് ശ്രദ്ധിക്കുകയായിരുന്നു. പേരറിഞ്ഞുകൂടാത്ത ചെടികളുടെ സാന്ദ്രസങ്കലനം. ഇത്തരം ചെടികളിൽ ചിലതൊക്കെ ഔഷധഗുണമുള്ളതാവും, ഒരുപാടെണ്ണം അങ്ങനെ അല്ലാത്തവയും. ഔഷധഗുണമില്ലാത്തവയെ പാഴ്ചെടികൾ എന്ന് പൊതുവേ പറയാം. എന്നാൽ കുറേ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവയിൽ ഒരു ചെടിയും ഔഷധഗുണമുള്ളതായിരുന്നില്ല. കാരണം അവയ്ക്ക് ഔഷധഗുണമുണ്ടെന്ന് കണ്ടുപിടിക്കാനുള്ള കഴിവ് മനുഷ്യനുണ്ടായിരുന്നില്ല. അതുകൊണ്ട്, ഇന്നത്തെ പാഴ്ച്ചെടികൾ അങ്ങനെയായിരിക്കുന്നത് മനുഷ്യന്റെ ബുദ്ധിക്കുറവ് കൊണ്ടാണ്, അല്ലാതെ അവയുടെ സ്വത്വഗുണം കൊണ്ടല്ല.

മഴപെയ്യുമ്പോൾ നനയാതെ നിൽക്കാം...
ഒരു പത്തുമിനിട്ട് നന്നായി പെയ്ത മഴ അടങ്ങിയപ്പോൾ ഞങ്ങൾ വീണ്ടും നടത്തം തുടർന്നു...

വെള്ളച്ചാട്ടം എത്തുന്നതിനു കുറച്ചു മുൻപായി കല്ലാർ മുറിച്ചു കടക്കേണ്ടതുണ്ട്. ജലപാതത്തിലേയ്ക്കുള്ള വഴി തുടരുന്നത് മറുകരയിൽ നിന്നാണ്. ആഴംകുറഞ്ഞ ഒരു ഭാഗത്തു കൂടിയാണ് നദി കടക്കേണ്ടത്. പാറകളിലും, വനംവകുപ്പ് ഇട്ടിരിക്കുന്ന മണൽ ചാക്കുകളിലും ചവിട്ടി, കുളിരുള്ള പ്രവാഹത്തിന്റെ സ്പർശം അനുഭവിച്ച് അപ്പുറം പോകാം. കമ്പുകൾ നാട്ടി അതിൽ കയറുപിടിപ്പിച്ചിട്ടുണ്ട്. അതിൽ പിടിച്ചുനടന്നാൽ പാറയിൽ തെന്നിവീഴാതെ കഴിക്കാം.

രണ്ടു ദിവസം മുൻപ് വരെ വെള്ളച്ചാട്ടത്തിലേയ്ക്കുള്ള യാത്ര അനുവദിക്കുന്നുണ്ടായിരുന്നില്ല എന്ന് കവാടത്തിൽ വച്ച് വനംവകുപ്പിലെ ജോലിക്കാർ ആരോ പറഞ്ഞിരുന്നു. മുൻപത്തെ ആഴ്ച്ച വൃഷ്ടി പ്രദേശത്ത്‌ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് കല്ലാർ ശക്തമായി ഒഴുകുകയായിരുന്നു. അതുകൊണ്ടു തന്നെ സന്ദർശകർ ഈ ഭാഗത്ത് നദി മുറിച്ചുകടക്കുന്നത് അപകടകരമായി മാറുകയായിരുന്നു. ഒരുപാട് ജീവനുകൾ പൊലിഞ്ഞ സ്ഥലമാണ് കല്ലാർ - മീൻമുട്ടി പ്രദേശം. അതുകൊണ്ട് മുൻകരുതലുകൾ നല്ലതുതന്നെ.

ഒരുഭാഗത്ത് നദി കടന്നുവേണം വെള്ളച്ചാട്ടത്തിലേയ്ക്ക് പോവാൻ...
മീൻമുട്ടി വെള്ളച്ചാട്ടത്തിനും കിഴക്കായി മലമുകളിലെ കന്യാവനങ്ങളിലെവിടെയോ കല്ലാർ ഉറവയെടുക്കുന്നു. മലയുടെ ഉരുളൻ പാറകളിൽ തട്ടിത്തെറിച്ച് കാട്ടിലെ ഹരിതലോകത്തിന് നനവേകി അത് സമതലത്തിലേയ്ക്ക് കടക്കുന്നു. യാത്ര തുടരവേ, കല്ലാറിന് വാമനപുരം നദി എന്ന് പേരുമാറ്റം സംഭവിക്കുന്നു. മദ്ധ്യ-തെക്കൻ കേരളത്തിന്റെ നടുവിലൂടെ തെക്ക്-വടക്ക് പോകുന്ന എം. സി റോഡിനെ ഈ നദി കുറുകനേ കടക്കുക വാമനപുരം എന്ന സ്ഥലത്തുവച്ചാണ് - അതിനാൽ ഈ പേര്. വീണ്ടും പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ആറ്റിങ്ങലിൽ വച്ച് ദേശീയപാതയേയും മുറിച്ചുകടന്ന് അറബിക്കടൽ തേടി യാത്രതുടരുന്നു. വടക്ക് താഴംപള്ളിയും തെക്ക് പെരുമാതുറയും അതിർത്തിയിടുന്ന മുതലപ്പൊഴിയിലൂടെ ഈ നദി കടൽ കണ്ടെത്തുന്നു.

മുതലപ്പൊഴി എന്ന അഴിമുഖം രണ്ട് കായലുകൾക്കും പ്രഭവമാകുന്നുണ്ട്. വടക്കുഭാഗത്ത് അഞ്ചുതെങ്ങ് കായലും തെക്ക് കഠിനംകുളം കായലും. എന്റെ വീടിന്റെ പിറകിലൂടെ ഒഴുകുന്ന പാർവ്വതീ പുത്തനാർ എന്ന കനാലിലൂടെ രണ്ടു മൂന്നു കിലോമീറ്റർ പോയാൽ കഠിനംകുളം കായലിലെത്താം. അങ്ങനെ നോക്കുമ്പോൾ വീട്ടുമുറ്റത്ത് നിന്നും ഒരു വഞ്ചിതുഴഞ്ഞ് കഠിനംകുളം കായലിലെത്തുകയും അവിട നിന്ന് വാമനപുരം നദി പിടിക്കുകയും ചെയ്‌താൽ, കരതൊടാതെ ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന കല്ലാർ പ്രദേശത്ത്‌ എത്താം, തത്വത്തിൽ.

മീൻമുട്ടി വെള്ളച്ചാട്ടം
കല്ലാറിന് കുറുകനേ കടക്കുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാരേയും ആട്ടിത്തെളിച്ചുകൊണ്ട് എതിർഭാഗത്തു നിന്നും വനംവകുപ്പിന്റെ ഒരു വാച്ചർ വരുന്നുണ്ടായിരുന്നു. "മഴ പെയ്തതുകൊണ്ട് അങ്ങോട്ട്‌ പോകാൻ സമ്മതിക്കുന്നില്ല. തിരിച്ച് പൊയ്ക്കോളൂ..." അതിൽ ഒരു പയ്യൻ ഞങ്ങളോടായി പറഞ്ഞു. എന്നാൽ ഞങ്ങളോട് മടങ്ങിപോകാൻ പറയാതെ വാച്ചർ ചെറുപ്പക്കാരുടെ ആ കൂട്ടത്തെ നദികടത്തി മടക്കിയയയച്ചു.

കല്ലാർ കടന്ന് ഒരു നേർത്ത കാട്ടുവഴിയിലൂടെ കുറച്ചുകൂടി നടന്നപ്പോൾ, മരങ്ങളുടെ വിടവിലൂടെ പെട്ടെന്ന് പ്രത്യക്ഷപെട്ട തുറസ്സിൽ വെള്ളച്ചാട്ടം ദൃശ്യമായി...

ഇതിന് മുൻപ് കണ്ടിട്ടുള്ള വലിയ വെള്ളച്ചാട്ടങ്ങളായ ശിവനസമുദ്രവും അതിരപ്പള്ളിയും വച്ച് മീൻമുട്ടിയെ താരതമ്യം ചെയ്യുന്നത് അർത്ഥശൂന്യമാണ്. മഴക്കാലത്ത് സന്ദർശിച്ചിട്ടുള്ള തെക്കൻ കേരളത്തിലെ ചെറിയ വെള്ളച്ചാട്ടങ്ങളായ പാലരുവിയും ഗവിയും ഒക്കെ ആയി തട്ടിച്ചുനോക്കിയാൽ പോലും മീൻമുട്ടി അതിലും ചെറിയ വെള്ളച്ചാട്ടമാണ്.

വെള്ളച്ചാട്ടം - മറ്റൊരു ദൃശ്യം
ഓരോ യാത്രയും മറ്റുചില ഓർമ്മകൾ കൊണ്ടുവരും. ഈ വനവിജനതയിൽ, ഗിരിമുകളിലെ ഉറവകളിൽ എവിടെനിന്നോ നിർമ്മലമനവുമായി ഒഴുകിയിറങ്ങി കന്യാശുദ്ധമായി നിപതിക്കുന്ന കല്ലാറിനെ നോക്കിനിൽക്കുമ്പോൾ, ഗവിയിലെ വെള്ളച്ചാട്ടം കാണാൻ മഴചാറിവീഴുന്ന തടാകത്തിലൂടെ തോണി തുഴഞ്ഞുപോയ ആ പ്രഭാതം ഓർത്തു. അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ്, കലാലയ പഠനകാലത്ത്, തീവണ്ടിനിലയത്തിൽ എത്താൻ വൈകിപ്പോയതിനാൽ കൂട്ടുകാരോടൊപ്പം യാത്രതിരിക്കാനാവാതെ ബസ്സിൽ തനിച്ച് വച്ചുപിടിച്ചതും, ആര്യങ്കാവിൽ നിന്നും പാലരുവിവരെയുള്ള കാട്ടുപാതയിലൂടെ (ഇന്നത്തെ വഴിയല്ല കാൽ നൂറ്റാണ്ടിന് മുൻപ്) ഏകനായി നടന്ന്, വെള്ളച്ചാട്ടത്തിൽ എത്തുമ്പോൾ കൂട്ടുകാർ ഇതുവരെ എത്തിയിട്ടില്ലെന്നറിഞ്ഞ്, സൂര്യമുഖത്തു നിന്നും നിപതിക്കുന്ന ശുഭ്രജലപ്രവാഹത്തിൽ അവരേയും കാത്ത്, പ്രകൃതിയും മനുഷ്യനും ഒന്നെന്ന യൗവ്വനചോദനയിൽ മഗ്നമായി ഒറ്റയ്ക്ക് നിന്നതും....

മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ജലപതനഭാഗം ഒറ്റനോട്ടത്തിൽ അഴമുള്ളതായി തോന്നുകയില്ലെങ്കിലും ഒറ്റപ്പെട്ട അപകടകരമായ കയങ്ങൾ ആ ഭാഗങ്ങളിൽ ഉണ്ടത്രേ. പതിമ്മൂന്ന് പേരാണ് ഈ ഭാഗത്ത് മരിച്ചതെന്ന് എഴുതിവച്ച ഒരു പലക വനംവകുപ്പ് അവിടെ സ്ഥാപിച്ചിട്ടുണ്ട്. മഴപെയ്തു വഴുക്കുന്ന പാറകളുള്ള ആ ഭാഗത്തേയ്ക്ക് പോകാനനുവദിക്കാതെ ചെറുപ്പക്കാരെ വാച്ചർ മടക്കിവിട്ടതിന്റെ കാരണം അപ്പോഴാണ് മനസ്സിലായത്‌. ജീവനെക്കാൾ വലുതല്ല ചെറുപ്പത്തിന്റെ സാഹസങ്ങൾ എന്ന്, അതിൽ ചില മരണങ്ങൾക്കെങ്കിലും സാക്ഷിയാവേണ്ടി വന്ന ആ വാച്ചർ മനസ്സിലാക്കിയിരുന്നിരിക്കണം.

വഴി തന്നെ ലക്‌ഷ്യം!
ഒരു ചെറിയ അവസരം ഒത്തുവന്നാൽ എങ്ങോട്ടേയ്ക്കെങ്കിലും യാത്ര പോകുന്നവരാണ് ഞങ്ങൾ. ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരുകാര്യം, ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. ഉദ്ദേശിക്കുന്നത് ലോകത്തിന്റെ വിദൂരഭാഗങ്ങളിൽ കാണാൻ കിടക്കുന്ന സ്ഥലങ്ങളെ കുറിച്ചല്ല. അതിന് ഒരു ജന്മം എന്തായാലും മതിയാവില്ല. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങളെ കുറിച്ചാണ് ഉദ്ദേശിച്ചത്. അത് ഇപ്പോൾ ഓർക്കാൻ കാരണം, ജനനം മുതൽ ഈ പരിസരത്തൊക്കെ തന്നെയുണ്ടായിരുന്ന ഞാൻ, ഇതിനടുത്തുള്ള സ്ഥലങ്ങളിലൂടെ അനേകം തവണ സഞ്ചരിച്ചിട്ടുള്ള ഞാൻ, മീൻമുട്ടിയിലേയ്ക്ക് വരുന്നത് ആദ്യമായിട്ടാണ് എന്നതിനാലാണ്.

ഇവിടെയെവിടെയെങ്കിലുമൊക്കെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ, യാത്രികന്റെ ആ നിലയ്ക്കുള്ള അസംതൃപ്തമായ ഉള്ളവുമായി, കാടും നാട്ടിൻപുറവും കടന്ന് തിരുവനന്തപുരം നഗരത്തിലേയ്ക്ക് വണ്ടിയോടി...

- അവസാനിച്ചു - 

2017, ജനുവരി 17, ചൊവ്വാഴ്ച

ആൽപൈൻ കലൈഡെസ്കോപ് - പതിമൂന്ന്

ദൂരെ, ഹിമാവൃതമായ ശൈലാഗ്രം സൂര്യവെട്ടത്തിൽ തിളങ്ങുന്നു.

ആൽപ്സിൽ നിന്നും അകലേക്ക്‌ പോയ രണ്ടു ദിവസത്തിനു ശേഷം അതിന്റെ പരിസരങ്ങളിലേയ്ക്ക് മടങ്ങിവന്നിരിക്കുകയാണ് ഞങ്ങൾ.

അതിരാവിലെ മിലാനിൽ നിന്നും ആരംഭിച്ച യാത്രയാണ്. ഒരു വൃത്തം പൂർത്തിയാക്കി, ഈ സഞ്ചാരം ആരംഭിച്ച ജനീവയിലേയ്ക്ക് തന്നെയുള്ള മടങ്ങിപോക്കിലാണ് ഞങ്ങൾ. അവിടെ നിന്നാണ്, നാളെ, മടക്കയാത്രയ്ക്കുള്ള വിമാനം പിടിക്കേണ്ടത്.

ഇപ്പോൾ മോണ്ട്-ബ്ലാങ്ക് തുരങ്കം കടന്ന് ഞങ്ങൾ ഫ്രാൻസിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മിലാനിൽ നിന്നും ജനീവയിലേക്കുള്ള പെരുവഴി ഫ്രാൻസിലൂടെ കയറിയിറങ്ങി പോകുന്നു. ഫ്രാൻസുമായി അതിർത്തി പങ്കിടുന്ന സ്വിസ്സ് പട്ടണമാണല്ലോ ജനീവ.

ഫ്രാൻസിന്റെ വശത്തു നിന്നുള്ള മോണ്ട്-ബ്ളാങ്ക് തുരങ്കത്തിന്റെ പ്രവേശനഭാഗം
ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റർ നീളമുണ്ട്‌ മോണ്ട്-ബ്ളാങ്ക് തുരങ്കത്തിന്. ഈ യാത്രയിൽ തന്നെ, ഏതാനും ദിവസം മുൻപ്, ഇതിനേക്കാൾ നീളമുള്ള ഗോത്താഡ് തുരങ്കത്തിലൂടെ വണ്ടിയോടിച്ചു പോയതുകൊണ്ട്, നീളവലിപ്പം ഒരത്ഭുതമായി ഇവിടെ കുറിയ്ക്കുന്നില്ല. എങ്കിലും പണിപൂർത്തിയായ 1965 - ൽ ഇത് ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കമായിരുന്നു എന്നത് മറക്കാവുന്നതല്ല. ഇറ്റലിയുടെ വ്യാപാരമേഖലയെ ചലനാത്മകമാക്കിയ ഒരു നിർമ്മിതിയാണിത്. ആൽപ്സിന് തെക്ക് ഒരു ദ്വീപുപോലെ, മുഖ്യയൂറോപ്പിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണല്ലോ ഇറ്റലി. അതിനാൽ തന്നെ റോഡുമാർഗം ചരക്കുകൾ മദ്ധ്യ-വടക്കൻ യൂറോപ്പിലേക്ക് കുറഞ്ഞ സമയംകൊണ്ട് എത്തിക്കാൻ ആൽപ്സിനു കുറുകനേയുള്ള ഈ തുരങ്കത്തിന്റെ സാക്ഷാത്‍കാരം വളരെയധികം ഉതകി.

ഈ തുരങ്കം മറ്റൊരു തരത്തിൽകൂടി ശ്രദ്ധയിലേക്ക് വരികയുണ്ടായി - 38 യാത്രക്കാരുടെ ദാരുണമായ മരണത്തിനിടയാക്കിയ ഒരു തീപിടുത്തത്തിലൂടെ. 1999 - ലായിരുന്നു ആ സംഭവം. ഇതിലൂടെ കടന്നുപോവുകയായിരുന്ന ഒരു ട്രക്കിന് തീപിടിക്കുകയും, ആ സമയത്ത് ഇതുവഴി സഞ്ചരിക്കുകയായിരുന്ന ഏതാനും വാഹനങ്ങളിലെ യാത്രക്കാർ പുകയിലും വിഷവാതകത്തിലും കുടുങ്ങി മരണപ്പെടും ചെയ്തു.

ഇതിലൂടെ വണ്ടിയോടിക്കുമ്പോൾ, എതിർഭാഗത്തു നിന്നും നിരന്തരം വന്നുകൊണ്ടിരുന്ന ട്രക്കുകൾ പ്രസ്തുത അപകടവാർത്തയെ ബോധത്തിൽ സജീവമാക്കി നിർത്താൻ യാത്രയിലുടനീളം ഉതകി.

ദുരന്തത്തിൽ മരിച്ചവർക്കുള്ള ഓർമ്മശില്പം
മോണ്ട്-ബ്ളാങ്ക് തുരങ്കം പിന്നിട്ട് കുറച്ചുദൂരം ചെന്നപ്പോൾ വണ്ടി ഒരു ഭാഗത്തേയ്ക്ക് ഒതുക്കി ഞങ്ങൾ ഫ്രാൻസിന്റെ മണ്ണിൽ, ദേവദാരുകൾ പച്ചപടർത്തിയ മലഞ്ചരിവിൽ, ഇത്തിരി സമയം വെറുതേ നടന്നു, ചിത്രങ്ങൾ പിടിച്ചു...

ഞങ്ങൾക്ക് പിറകിൽ ആൽപ്സ് പർവ്വതപംക്തിയുടെ മോണ്ട്-ബ്ളാങ്ക് (Mont-Blanc) കൊടുമുടികൾ... (ഈ വാക്കിന്റെ ഫ്രഞ്ച് ഉച്ചാരണം 'മോ-ബ്ളാ' എന്നും ഇറ്റാലിയൻ ഉച്ചാരണം 'മോണ്ടേ-ബ്ളാങ്കോ' എന്നുമത്രേ. അതിനാൽ അധികം സങ്കീർണ്ണമാക്കാതെ ഇംഗ്ലീഷിൽ വായിക്കുന്നതു മാതിരി ഈ കുറിപ്പിൽ പ്രയോഗിക്കുന്നു.) മോണ്ട്-ബ്ളാങ്ക് എന്ന വാക്കിന്റെ അർഥം 'വെളുത്ത മല' എന്നാണ്. ആൽപ്സിന്റെ ഒരു പ്രത്യേക പ്രദേശത്തിനു മാത്രമായി അങ്ങനെയൊരു പേര് വരുന്നതിൽ വലിയ അർത്ഥസമ്പുഷ്ടതയില്ല എന്ന് തോന്നും - അല്ലെങ്കിലും ഏത് ശൈലാഗ്രമാണ് ഇവിടെ വെളുത്തു കാണപ്പെടാത്തത്...!

ആൽപ്സിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് മോണ്ട്-ബ്ളാങ്ക്. ഏകദേശം പതിനാറായിരം അടി ഉയരത്തിൽ നിൽക്കുന്നു ഈ ശൈലശിഖരം. എങ്കിലും ഇരുപത്തിരണ്ടായിരം അടി ഉയരമുള്ള കൈലാസപംക്തിയുടെ പരിസരങ്ങളിൽ നമ്മുടെ സാധാരണ തീർത്ഥാടകർ എത്തുന്നതാലോചിക്കുമ്പോൾ, ഈ ഉയരവലിപ്പം, ആ നിലയ്ക്ക്, ആശ്ചര്യകരമല്ല.

മോണ്ട്-ബ്ളാങ്ക്
ഈ യാത്രാക്കുറിപ്പ് എഴുതിത്തുടങ്ങുന്ന സമയത്ത് ഞാൻ സൂചിപ്പിച്ചിരുന്നു; സഞ്ചാരത്തിന്റെ തീമാറ്റിക്കായ പരിസരം ആൽപ്സ് പർവ്വതപ്രദേശങ്ങളായിരിക്കുമെന്ന്. അങ്ങനെയൊരു തീരുമാനമെടുത്ത് യാത്രയാരംഭിക്കുമ്പോൾ ഈ ദേശത്തെക്കുറിച്ച് വായിച്ചുള്ള അറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ യാത്രയുടെ അവസാനപാദത്തിലേയ്ക്ക് കടക്കുമ്പോൾ, പ്രാതിനിധ്യ സ്വഭാവമുള്ള ഒരുപാട് ആൽപൈൻ പ്രദേശങ്ങൾ കണ്ടുകഴിഞ്ഞിരിക്കുന്നു എന്നത് അതീവ സന്തോഷകരം - ഉയരമുള്ള ഒന്നിലേറെ ശൈലശിഖരങ്ങളിൽ ചെന്നെത്തിയിരുന്നു..., ശക്തമായ മഞ്ഞുപെയ്ത്തിലൂടെ നടന്നിരുന്നു..., മഞ്ഞുമൂടിയ ചുരങ്ങളിലൂടെ വണ്ടിയോടിച്ച് പർവ്വതഞൊറികൾ കയറിയിറങ്ങിയിരുന്നു..., മലമടക്കിലുറങ്ങുന്ന ഗ്രാമത്തിൽ അന്തിയുറങ്ങിയിരുന്നു..., ആൽപൈൻ ഹൃദ്ത്തടം തുരന്നുണ്ടാക്കിയ തുരങ്കങ്ങളിലൂടെ കടന്നുപോയിരുന്നു...

എന്നാൽ ജനീവയുടെ സമതലങ്ങളിലേയ്ക്ക് അവസാനമായി മലയിറങ്ങുമ്പോൾ, ആൽപ്സിൽ കാണാനും അനുഭവിക്കാനും ഇനിയൊന്നും ബാക്കിയില്ല എന്ന് വിജ്രംഭിതനാവുന്നതിന്റെ അർത്ഥശൂന്യത അറിയാതിരുന്നില്ല. ജനിച്ചുവളർന്ന ദേശത്തിന്റെ തന്നെ എത്രയോ സവിശേഷഭാഗങ്ങൾ ഇനിയും കണ്ടുതീർക്കാനിരിക്കേ, ഏതാനും ദിവസത്തിനുള്ളിൽ ഓട്ടപ്രദക്ഷിണം നടത്തിയ, അനേകം രാജ്യങ്ങളിലൂടെ ആയിരത്തിയിരുന്നൂറു കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന, അപൂർവ്വ പ്രതിഭാസമായ ആൽപ്സ് കണ്ടുതീർത്തു എന്ന് കരുതിപ്പോയാൽ അത് ശുദ്ധമൗഢ്യമല്ലാതെ മറ്റൊന്നല്ല...

മോണ്ട്-ബ്ളാങ്കിലെ ആൽപൈൻ ചരിവുകൾ
ജനീവയിലെത്തിയപ്പോൾ ആദ്യം ചെയ്തത്, കഴിഞ്ഞ ഒരാഴ്ചയിലധികം ഞങ്ങളുടെ സന്തതസഹചാരിയായി കൂടെക്കൂടിയ ഫോക്സ് വാഗന്റെ ക്രോസ്സോവർ അതിന്റെ ഉടമസ്ഥരായ 'യൂറോപ് കാർ' കമ്പനിക്കാരുടെ കൗണ്ടറിൽ കൊണ്ട് തിരിച്ചേൽപ്പിക്കുക എന്നതായിരുന്നു. അപരിചിതമായ ഒരു പ്രദേശത്ത് വണ്ടിയോടിക്കുന്നത് അത്ര വലിയൊരു പ്രശ്നമായി എടുക്കാത്തവർ സ്വന്തമായി ഒരു കാർ വാടകയ്‌ക്കെടുത്ത് സഞ്ചരിക്കുന്നതാണ്, യൂറോപ്പിൽ, പല കാരണങ്ങൾ കൊണ്ടും സൗകര്യപ്രദം. ദീർഘദൂര പൊതുഗതാഗതം വളരെ വിലകൂടിയ സംഗതിയാണ് ഇവിടങ്ങളിൽ. അതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഞങ്ങൾ നാലുപേരുണ്ടായിരുന്നതിനാൽ, സന്ദർശിച്ച സ്ഥലങ്ങളുടെ വൈപുല്യം കൂടി ചേർത്തുനോക്കിയാൽ, കൊടുത്ത കാർവാടക കുറവായിരുന്നു എന്ന് കാണാം.

അതിപ്രധാനമായ വസ്തുത സ്വന്തമായി വണ്ടിയുള്ളത് യാത്രയെ വളരെയധികം സ്വതന്ത്രമാക്കും എന്നുള്ളതാണ്.

സാങ്കേതികവശം നോക്കിയാൽ, കാർ വാടകയ്‌ക്കെടുക്കുക എന്നത് വളരെ ലളിതമായിരുന്നു. ഞങ്ങൾ ഇന്റർനെറ്റ് വഴി ബുക്ക് ചെയ്തിരുന്നുവെങ്കിലും, യഥാർത്ഥത്തിൽ അതിന്റെ ആവശ്യമൊന്നുമില്ല. എല്ലാ വിമാനത്താവളത്തിലും ഇത്തരം വാഹനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന അന്താരാഷ്‌ട്ര കമ്പനികളുടെ കൗണ്ടറുകൾ ഉണ്ടാവും. അവിടെ നേരിട്ട് ചെന്നാൽ മതിയാവും. വണ്ടി കൈവശം വയ്ക്കാനുദ്ദേശിക്കുന്ന ദിവസങ്ങൾക്ക് വേണ്ടിവരുന്ന തുക നമ്മുടെ ക്രെഡിറ്റ് കാർഡിൽ ഉണ്ടായിരിക്കണം. ആ തുക അവർ ബ്ളോക് ചെയ്തിടും (ക്യാഷോ ഡെബിറ്റ് കാർഡോ അവർ സ്വീകരിക്കില്ല എന്നത് പ്രധാനമാണ്). ഇതിന് രണ്ടു മിനിറ്റ് നേരത്തിലധികം സമയമെടുക്കില്ല. അതിനുശേഷം കാറിന്റെ താക്കോലും പാർക്കിങ് ലോട്ടിൽ അത് കിടക്കുന്ന സ്ഥലവും പറഞ്ഞുതരും. തിരിച്ചേൽപ്പിക്കാനുള്ള സ്ഥലത്തിന്റെ (നമ്മൾക്ക് വേണ്ട സ്ഥലം തിരഞ്ഞെടുക്കാം) മാപ്പും തരും. മടക്കിനൽകുമ്പോൾ താക്കോൽ കൗണ്ടറിൽ കൊണ്ട് കൊടുത്താൽ മാത്രം മതിയാവും. വണ്ടിക്ക് എന്തെങ്കിലും പരുക്കോ മറ്റോ പറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെ അവർ സൗകര്യംപോലെ പരിശോധിച്ചിട്ട് വേണ്ട തുക ക്രെഡിറ്റ്കാർഡിൽ നിന്ന് പിന്നീട് വസൂലാക്കിക്കൊള്ളും.

യാത്രയിൽ സഹചാരിയായി കൂടിയ വാഹനത്തിനു ചാരെ വാമഭാഗം...
ഏതാനും ദിവസം മുൻപ് ജനീവയിൽ വന്നിറങ്ങിയപ്പോൾ താമസിച്ചിരുന്ന വിമാനത്താവളത്തിനടുത്തുള്ള അതേ ഹോട്ടലിൽ തന്നെയാണ് ഇത്തവണയും മുറി ഏർപ്പാടാക്കിയിരുന്നത്. അവിടെക്കയറി കുളിച്ച് വസ്ത്രംമാറിയതിനു ശേഷം ബസ്സിൽ കയറി ജനീവ പട്ടണത്തിലേക്ക് പോയി.

വന്നിറങ്ങിയത് ഇവിടെയായിരുന്നുവെങ്കിലും, അന്ന്, രാത്രിവാസത്തിനു ശേഷം രാവിലെ തന്നെ വിദൂരമായ മറ്റു ദേശങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നതിനാൽ ജനീവയിലെ ഒരു കാഴ്ചയിലേയ്ക്കും  പോയിരുന്നില്ല. ഇന്നും  പകലിന് കുറച്ചു ദൈർഘ്യം മാത്രമേ അവശേഷിക്കുന്നുളൂ. അതിനുള്ളിൽ പറ്റുന്ന കാഴ്ചകൾ കണ്ടുപോകാം എന്ന തികച്ചും ലക്ഷ്യമില്ലാത്ത, ആസൂത്രണമില്ലാത്ത ഒരു അലച്ചിൽ മുന്നിൽക്കണ്ടാണ് ഞങ്ങൾ പട്ടണത്തിൽ വന്നിറങ്ങിയത്.

നഗരമധ്യത്തിൽ ഞങ്ങളെയിറക്കി ബസ് കടന്നുപോയി... എങ്ങോട്ടേയ്ക്ക് നടക്കണം എന്ന സന്ദേഹത്തിൽ നിൽക്കുമ്പോഴാണ് ഡൽഹിക്കാരനായ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. ഔദ്യോഗികാവശ്യത്തിനായി ഇടയ്ക്കൊക്കെ ഇവിടം സന്ദർശിക്കുന്ന ആളാണ്. സ്ഥലങ്ങളൊക്കെ അത്യാവശ്യം പരിചയമുണ്ട്. നേരെ മുന്നിൽ കാണുന്ന, ഇറക്കമിറങ്ങി മറയുന്ന നിരത്തിലൂടെ മുന്നോട്ടുനടന്നാൽ ജനീവാതടാകത്തിന്റെ കരയിലെത്താമെന്നും, അവിടെമാണ് വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്നയിടമെന്നും, പട്ടണക്കാഴ്ചകളിലൂടെ ഓട്ടപ്രദക്ഷിണം നടത്താനാവുന്ന പലവിധ വാഹനസൗകര്യങ്ങൾ അവിടെ ലഭ്യമാണെന്നും അദ്ദേഹത്തിൽ നിന്നും മനസ്സിലാക്കി.

ജനീവ പട്ടണക്കാഴ്ച 
അങ്ങനെ നടന്നുനടന്ന് ഞങ്ങൾ ആ നീലത്തടാകത്തിന്റെ കരയിലെത്തി. വലിയ ജനത്തിരക്കൊന്നുമില്ലാത്ത തടാകതീരത്തിൽ സ്വച്ഛന്ദമായ കാറ്റും വെയിലും ഒന്നുചേരുന്നതിന്റെ ആർദ്രമായൊരു മണം തങ്ങിനിൽക്കുന്നു. നീളുന്ന തീരോദ്യാനത്തിലെ ഇലച്ചാർത്തുകളും വർണ്ണപുഷ്പങ്ങളും ഉതിർത്ത സസ്യഗന്ധവുമാവാം... പട്ടണഭാഗത്തെ തടാകത്തിന്റെ അരികുകൾ മുഴുവൻ, ജലനീലിമയുടെ വിശാലപുടവയിൽ പച്ചകൊണ്ട് തൊങ്ങൽ തുന്നിയപോലെ, ഉദ്യാനമാക്കി മാറ്റിയിരിക്കുന്നു.

എന്റെയൊക്കെ ചെറുപ്പകാലത്ത് പോസിറ്റിവ് എനർജി, നെഗറ്റിവ് എനർജി എന്നമാതിരിയുള്ള പരികല്പനകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പുറംചുറ്റുപാടുകൾ വ്യക്തിയിൽ സന്നിവേശിപ്പിക്കുന്ന മനോനിലയിലെ വ്യതിയാനങ്ങൾ ആ നിലയ്ക്ക് സ്വാംശീകരിക്കുന്നതിൽ ഇന്നും അപര്യാപ്തതയുണ്ട് - മനഃക്ഷോഭങ്ങളുടെ ദൈവം മനസ്സുതന്നെ എന്നാണത്. എങ്കിലും ഇപ്പോൾ ഈ ശുദ്ധസുതാര്യമായ കായലോരത്ത് നിൽക്കുമ്പോൾ എന്നെ പൊതിയുന്ന ആർദ്രതയെ ഒരുതരം പോസിറ്റീവ് എനർജിയായി മനസ്സിലാക്കാനാവുമായിരിക്കും. കാറ്റും കിളിയും വെയിലും ഇലയുമായി ദൈവം തന്റെ വിരൽനീട്ടി തൊടുന്നതാണ് എന്ന് കരുതാനാണ് എനിക്കു പക്ഷേ കൂടുതലിഷ്ടം...

തടാകതീരത്തെ ഉദ്യാനം
തടാകതീരത്ത് കുറച്ചുസമയം ഞങ്ങൾ വെറുതേ കാഴ്ചകൾ കണ്ടിരുന്നു...

സ്പടികജലത്തിൽ അരയന്നങ്ങൾ നീന്തുന്നു..., അവയുടെ ചന്തമാർന്ന സഞ്ചാരത്തിന് ഭംഗം വരുത്താതെ കുറച്ചുകൂടി ഉള്ളിലായി വിവിധ വലിപ്പത്തിലും നിറത്തിലും ആകൃതിയിലുമൊക്കെയുള്ള യാനപാത്രങ്ങൾ അലസഗമനം നടത്തുന്നു...

ഫ്രാൻസിലും സ്വിറ്റ്സർലാൻഡിലുമായി സ്ഥിതിചെയ്യുന്ന യൂറോപ്പിലെ വലിയ ജലാശയങ്ങളിലൊന്നാണ് ജനീവാ തടാകം. ആദ്യദിവസം, കുറച്ചുദൂരം, ഇതിന്റെ വടക്കൻ ചരിവിലൂടെ വണ്ടിയോടിച്ചതിനു ശേഷമാണ് ഗ്രൂയേസിലേയ്ക്കും ബ്രോക്കിലേയ്ക്കും മറ്റും തിരിഞ്ഞുപോയത്. തെക്കുഭാഗത്തുള്ള തീരഖണ്ഡം ഫ്രാൻസിലാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പശ്ചിമ-പൂർവ്വ ഭാഗങ്ങളിലേയ്ക്ക് നീളത്തിൽ കിടക്കുന്ന ഈ ജലാശയത്തിന്റെ ഒരു കരയിൽ ഫ്രാൻസും, മറുകരയിൽ സ്വിറ്റ്സർലാൻഡുമാണ്.

സൂറിക്ക് തടാകത്തിലൂടെ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു കായൽയാത്ര കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ നടത്തിയിരുന്നതിനാലും, സമയക്കുറവിനാലും ജനീവാ തടാകത്തിലൂടെ ഒഴുകിനീങ്ങുന്ന ഉല്ലാസനൗകകളിൽ ഒന്നിൽ കയറിപ്പറ്റാൻ ഞങ്ങൾ വ്യഗ്രത കാണിച്ചില്ല...

തടാകത്തിലെ അരയന്നങ്ങൾ
തടാകക്കരയിൽ നിൽക്കുമ്പോൾ എന്നല്ല, പട്ടണത്തിന്റെ തന്നെ മറ്റുപല ഭാഗങ്ങളിൽ നിന്നും കാണാൻ സാധിക്കുന്ന ഒരു സവിശേഷ സംഗതിയാണ് ജനീവാ തടാകത്തിലെ കൂറ്റൻ ജലധാര. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലധാരകളിൽ ഒന്നത്രേ ഇത് - വലുത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുകളിലേയ്ക്ക് ജലം തെറിച്ചെത്തുന്ന ഉയരമാണ്. ഏതാണ്ട് അഞ്ഞൂറടി ഉയരത്തിലേയ്ക്കാണ് ജലം പ്രവഹിക്കുന്നത്. ഒരു യാത്രാവിമാനം അതിന്റെ സാധാരണ ഉയരത്തിൽ ജനീവാ പട്ടണത്തിനു മുകളിലൂടെ പറക്കുമ്പോൾ ഈ ജലധാര കാണാനാവുമത്രേ (സാധാരണ ഉയരമായ 30000 - 35000 അടി ഉയരത്തിൽ വിമാനം അപ്പോൾ എത്തിയിരുന്നോ എന്ന് സംശയമാണെങ്കിലും, അടുത്ത ദിവസം രാവിലെ ഈ തടാകത്തിനു മുകളിലൂടെ പറക്കുമ്പോൾ ജലധാര കാണാനായി എന്നത് വാസ്തവം).

സ്വിറ്റ്സർലാൻഡ് അവരുടെ ടുറിസം ഭൂപടത്തിൽ ഈ ജലധാരയെ വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്. ജനീവാ പട്ടണത്തിന്റെ ഒരു ഐക്കോണിക്ക് ബിംബമായാണ് ഇതിനെ പൊലിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും വലിപ്പം ലാവണ്യലക്ഷണമല്ല എന്ന് ആർക്കെങ്കിലും തോന്നിപ്പോയാൽ കുറ്റംപറയാൻ ആവുകയുമില്ല.

ജലധാര
ബോട്ടുജെട്ടിയിൽ നിന്നും എങ്ങോട്ടേയ്‌ക്കൊക്കെയോ യാത്രയാവുന്ന യാനപാത്രങ്ങളും നോക്കിയിരിക്കുമ്പോൾ, ഒരു ആവിക്കപ്പലിൽ കയറി, യാത്രപോകാൻ വേണ്ടി ഇതുവഴി ബോട്ടുജെട്ടിയിലേയ്ക്ക് നടന്നുവരുകയായിരുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടു. വെറുമൊരു സ്ത്രീയല്ല, അതിപ്രബലമായ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയായ എലിസബത്ത് ഓവ് ഓസ്ട്രിയ ആണത്. എനിക്കത് കാണാനാവുന്നുണ്ടെങ്കിലും, അവർ ഇതുവഴി, തന്റെ തോഴിയുമായി, നടന്നുപോയത് ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1898 സെപ്തംബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.

അക്കാലത്തെ യൂറോപ്പിലെ ഏറ്റവും ശക്തമായ രാജകുടുംബങ്ങളിൽ ഒന്നിന്റെ ചക്രവർത്തിനിയായ അവർ പക്ഷേ പരിവാരസമേതം സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ലത്രേ. അതിനാൽ സിൽബന്ധികളെയൊക്കേ തീവണ്ടിയിൽ പറഞ്ഞുവിട്ടതിനു ശേഷം ഒരു തോഴിയോടൊപ്പം, തന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ചുവച്ച്, കാൽനടയായി കപ്പലിൽ കയറാനെത്തിയ അവർ കുത്തേറ്റുവീണ് മരിക്കുന്നത് ഇവിടെവച്ചാണ്.

ഒരു ഇറ്റാലിക്കാരൻ അരാജകവാദിയാണ് അവരെ കുത്തിവീഴ്‌ത്തിയത്. ('അരാജകവാദി' എന്ന വാക്ക് ഇവിടെ വാച്യാർത്ഥത്തിൽ തന്നെയെടുക്കുക. രാജഭരണത്തിനെതിരെ ഉണ്ടായിവന്ന തീവ്രാശയങ്ങളെ ഉൾക്കൊള്ളുന്ന ആൾ എന്ന നിലയ്ക്ക്; അല്ലാതെ കഞ്ചാവടിച്ച് നടക്കുന്നവൻ എന്ന അർത്ഥത്തിലല്ല.) ഏതെങ്കിലും ഒരു പ്രഭുകുടുംബാംഗത്തെ കൊല്ലുക എന്ന ഉദ്ദേശ്യം മാത്രമേ കൊലപാതകിക്ക് ഉണ്ടായിരുന്നുള്ളൂവത്രേ. ഒരു ഇടത്തരം പ്രഭ്വി എന്നതിനപ്പുറം താൻ കൊലപ്പെടുത്തുന്നത് ഒരു വലിയ സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയെയാണെന്ന അറിവ് അന്നേരം അയാൾക്ക് ഉണ്ടായിരുന്നില്ല എന്നും പറയപ്പെടുന്നു.

എന്തായാലും അക്കാലത്തെ യൂറോപ്യൻ രാജകീയവൃത്തങ്ങളിലെ ഏറ്റവും മനുഷ്യസ്നേഹിയും ജീവകാരുണ്യപ്രവർത്തനങ്ങളുടെ വലിയൊരു സ്രോതസുമായിരുന്ന ചക്രവർത്തിനി തന്നെയാണ് അന്നിവിടെ കൊലചെയ്യപ്പെട്ടത് എന്നത് മറ്റൊരു വിചിത്രവൈപരീത്യം.   

തടാകക്കരയിൽ ഒരു വിവാഹാനന്തര ഫോട്ടോഷൂട്ട്
ഇരിപ്പ് മതിയായപ്പോൾ, തടാകക്കരയിലുള്ള, ടൂറിസാനുബന്ധമായ കിയോസ്കിൽ നിന്നും നഗരപ്രദക്ഷിണം നടത്തുന്ന കളിത്തീവണ്ടിപോലുള്ള ഒരു ട്രെയ്‌ലർ ബസ്സിലേയ്ക്ക്, ടിക്കറ്റെടുത്ത് കയറിയിരുന്നു...

കാര്യവിവരം ഉണ്ടായ കാലം മുതൽ കേൾക്കുന്ന ഒരു നഗരനാമമാണല്ലോ ജനീവ - പല ലോകസംഘടനകളുടെയും ആസ്ഥാനം എന്ന നിലയ്ക്ക്. അതിനാൽ തന്നെ, ഇവിടെ വരെ വന്നിട്ട്, പട്ടണത്തിലൂടെ ആവുന്നമാതിരിയെങ്കിലും ഒന്ന് കറങ്ങിക്കാണാതെ മടങ്ങുന്നത് ബുദ്ധിമോശമാവുമല്ലോ എന്നുകരുതിയാണ് ഈയൊരു വഴി തിരഞ്ഞെടുത്തത്. നഗരത്തിന്റെ സവിശേഷ കാഴ്ചകളുള്ള ഭാഗങ്ങളിലൂടെയെല്ലാം ഈ വണ്ടി ആളുകളെ കൊണ്ടുപോകുമത്രേ... അത്തരത്തിൽ പൂർവ്വനിശ്ചിതമായി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്ന യാത്രകളിൽ സംഘംകൂടുന്നതിനോട് വലിയ മമതയില്ലെങ്കിലും, ചില അവസരങ്ങളിൽ അതാണ് അഭികാമ്യവും ലഭ്യവുമായി വന്നുഭവിക്കുക.     

ജനീവാ തടാകം
അത്തരം ലോകസംഘടനകളുടെ കൂട്ടത്തിൽ ഐക്യരാഷ്ടസഭയുടെ പ്രധാനപ്പെട്ട ഒരു കാര്യാലയം നിലകൊള്ളുന്നത് ജനീവയിലാണ്, ആ സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ന്യൂയോർക്ക് എന്ന അമേരിക്കൻ പട്ടണത്തിലാണെങ്കിലും.

ഐക്യരാഷ്ടരസഭയെ കുറിച്ച് പറയുമ്പോൾ രണ്ടാം ലോകമഹായുദ്ധം ഓർക്കാതിരിക്കാനാവില്ലല്ലോ. അതിന്റെ ഒരുപോല്പന്നമായാണല്ലോ ഈ സംഘടന ഉരുത്തിരിയുന്നത്. ലോകവ്യവഹാരങ്ങളിൽ ഈ സംഘടനയുടെ കാര്യക്ഷമതയെക്കുറിച്ച് ഇപ്പോൾ സന്ദേഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ കൂടിയും അതിന്റെ അസ്തിത്വം സമസ്തലോക സമാധാനത്തിന്റെ സന്ദേശവും സുരക്ഷിതത്വം താത്വികമായെങ്കിലും നൽകുന്നുണ്ട്.

യു.എൻ എന്ന ഏക ഘടകത്തിൽ ഊന്നി നിന്നല്ല അതിന്റെ പല മേഖലകളിലുമുള്ള പ്രവർത്തനം. അനുബന്ധമായി ഒരുപാട് സംഘടനകൾ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. അതിൽ പലതിന്റെയും ആസ്ഥാനം ജനീവയാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസഷൻ, വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ, ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ - തുടങ്ങിയവയൊക്കെ അതിൽ ചിലതു മാത്രം. യു. എൻ എന്നാൽ യുദ്ധകാലത്ത് സമാധാനശ്രമം നടത്തുന്ന ഒരു ലോകസംഘടന എന്ന ഏകലക്ഷ്യത്തിൽ നിന്നും മാറി, സമാധാനകാലത്തും, വിഘടിതമായി, ലോകനന്മയുടെ ഒരുപാട് ഇടങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് എന്നത് ഇത്തരം സംഘടനകളുടെ ബാഹുല്യത്തിൽ നിന്നും മനസ്സിലാക്കാം. ലോകാരോഗ്യസംഘടന പോലുള്ളവയുടെ പ്രവർത്തിവൈപുല്യം എത്രമാത്രമാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.

ഐക്യരാഷ്ട്രസഭയുടെ ജനീവ കാര്യാലയം
രണ്ടാം ലോകമഹായുദ്ധ കാലത്ത് ചേരിചേരാനയം സ്വീകരിച്ച്, ആ യുദ്ധഭൂമിയുടെ നടുവിലായിരുന്നിട്ടു പോലും അതിലിടപെടാതെ, ഒപ്പം ആ അസുരഭൂമിയുടെ മദ്ധ്യത്തിലെ ശാന്തപ്രദേശമായി, മാനവികതയുടെ തുരുത്തുപോലെ നിന്നു എന്നതാവാം ഭൂമിയുടെ നന്മയ്ക്കു വേണ്ടി ഉണ്ടാക്കപ്പെട്ട പല സംഘടനകളും സ്വിറ്റ്സർലാൻഡിന്റെ മണ്ണിൽ ആയതിനുള്ള കാരണം.

എന്നാൽ നിക്ഷ്പക്ഷമായ സാമൂഹിക സാഹചര്യത്തിലേയ്ക്ക് സ്വിറ്റ്സർലാൻഡ് പെട്ടെന്ന് എത്തിച്ചേരുകയായിരുന്നു, ആ യുദ്ധകാലത്ത്, എന്ന് കരുതാനാവില്ല. അതിന് മുൻപു തന്നെ പല ഘടകങ്ങൾ ആയതിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നു കാണാം. പ്രധാനമായും, ശക്തമായ യൂറോപ്യൻ രാജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന, സുന്ദരമായ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള ഇവിടം പ്രശ്നരഹിതമാക്കി, തങ്ങളുടെ ഒഴിവുകാല വസതിയാക്കി നിലനിർത്താൻ അത്തരം രാജ്യങ്ങളുടെ ഭരണാധികാരികൾ ആഗ്രഹിച്ചിരുന്നു. അതിനാൽ കൂടിയാവണം വലിയ രാഷ്ട്രീയ നാടകങ്ങളിലേയ്‌ക്കൊന്നും ഈ രാജ്യം അധികം വലിച്ചിഴയ്ക്കപ്പെടാത്തത്. ഇവിടുത്തെ ഭരണകൂടം അതിനനുസരിച്ച് എക്കാലത്തും നിഷ്പക്ഷമായ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടു പോവുകയും ചെയ്തു...

ഇത്തരത്തിൽ ഭൗതീകമായ കാരണങ്ങൾ കുറേയേറെ കണ്ടെത്താനാവുമെങ്കിലും അതിന്റെയൊക്കെ അടിസ്ഥാനമായി വർത്തിക്കുന്നത് ഈ പ്രദേശത്തെ ജനതയുടെ പൊതുവേയുള്ള സമാധാനപ്രിയത്വം തന്നെയാണെന്ന് തോന്നാൻ വേണ്ട കാരണങ്ങൾ ഈ ചെറിയയാത്രയിൽ തന്നെ അനുഭവിക്കാനാവുകയും ചെയ്തു.

ഒരു 'സ്വിസ് ബാങ്ക്'
ആഗോളതലത്തിൽ രാഷ്ട്രാതീതമായി, രാഷ്ട്രീയാതീതമായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളുടെ ആസ്ഥാനം ജനീവയായത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാവും എന്ന കണ്ടെത്തൽ അത്ര കൃത്യമായിക്കൊള്ളണമെന്നില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലോകത്തിലെ ഏറ്റവും വലിയ നോൺ-ഗവൺമെന്റൽ സംഘടനായ റെഡ് ക്രോസ്സ്/റെഡ് ക്രെസന്റ് സൊസൈറ്റി. ജനീവയിൽ ഈ സംഘടന സ്ഥാപിതമാവുന്നത് 1863 - ലാണ്.

അങ്ങനെയാണെങ്കിലും യുദ്ധത്തിലെ മാരകമായ ദുരന്തങ്ങൾ നേരിട്ട് കാണേണ്ടി വന്ന, രക്ഷാപ്രവർത്തനങ്ങളിൽ ഭാഗഭാക്കാവേണ്ടി വന്ന ഒരു വ്യക്തിയുടെ വ്യഥയിൽ നിന്നാണ് ഈ സംഘടന ഉണ്ടായതെന്ന വാസ്തവം മറക്കാവതല്ല. 1859 - ൽ ഒൻറി ഡനൻറ് (Henri Dunant) എന്ന ജനീവക്കാരൻ വണിക്ക് ഇറ്റലിയിലെ ഒരു യുദ്ധഭൂമിയിൽ എത്തുന്നതോടെയാണ് ഈ ബൃഹൃത്ത് സ്വപ്നത്തിന്റെ ബീജാവാപം നടക്കുന്നത്. കച്ചവടസംബന്ധമായി അവിടെയെത്തിയ അദ്ദേഹം സോൾഫറിനോ യുദ്ധം (Battle of Solferino) നടന്ന പ്രദേശത്തെത്തുകയും, യുദ്ധാനന്തരം മാരകമായ മുറിവുകളേറ്റ് മരണത്തിനും ജീവിതത്തിനും ഇടയിൽ ദൂരിതപൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന നാല്പത്തിനായിരത്തോളം മനുഷ്യരെ കാണുകയും ചെയ്തപ്പോൾ, തന്റെ കച്ചവടതാല്പര്യങ്ങൾ മുഴുവൻ ഉപേക്ഷിച്ച്  അവിടുത്തെ രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ആ ശ്രമമാണ് പിന്നീട് റെഡ് ക്രോസ് സംഘടനയായി മാറുന്നത്.

ഈ സംഘടനകളുടെ ആസ്ഥാന കെട്ടിടങ്ങളൊക്കെ, ഒരു ദൂരക്കാഴ്ചയായിക്കണ്ട്, അലസം വണ്ടിയിരിക്കുമ്പോൾ ഞാൻ വേറൊരു കാര്യമാലോചിക്കുകയായിരുന്നു: ഈ മന്ദിരങ്ങളൊക്കെ വളരെ മനോഹരവും പരിസരങ്ങൾ പ്രശാന്തവുമായി കാണപ്പെടുമ്പോൾ തന്നെ, ഇവയുടെ യഥാർത്ഥമായ പ്രവർത്തിപ്രദേശങ്ങൾ ഇവിടെയൊന്നുമല്ലല്ലോ... - ഇന്നും യുദ്ധം തകർത്തുകൊണ്ടിരിക്കുന്ന കഠിനപ്രദേശങ്ങളിൽ, ദാരിദ്ര്യവും പകർച്ചവ്യാധികളും തിമിർക്കുന്ന വിദൂരദേശങ്ങളിൽ, അവിടെയൊക്കെയാണല്ലോ ഈ സംഘടനകളുടെ സത്യമായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്, സന്നദ്ധസേവകരായി ആയിരക്കണക്കിനാളുകൾ മൃത്യുഭയം കാര്യമാക്കാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ചുമന്ന കുരിശിന്റെ ചിഹ്നമുള്ള യൂണിഫോം ധരിച്ച വോളന്റീസിനെ നമ്മുടെ പരിസരങ്ങളിൽ നമ്മൾ കണ്ടിട്ടില്ല. യു.എൻ എന്ന് ബോർഡു വച്ച കവചിതവാഹനങ്ങൾ നമ്മുടെ നിരത്തുകളിലൂടെ ഓടുന്നതും നമ്മൾ കണ്ടിട്ടില്ല. ലോകത്തിലെ ഏറ്റവും സമാധാനപൂർണ്ണമായ ഒരു ദേശത്ത് ഏറ്റവും സമാധാനപൂർണ്ണമായ ഒരു കാലത്താണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത് - നിരുപാധികം, നന്ദിപൂർവ്വം വിനയാന്വതരായിരിക്കേണ്ട ബാധ്യത നമുക്കുണ്ട്!

റെഡ് ക്രോസ്സിന്റെ ആസ്ഥാനം 
ശകടം സാവധാനം ഓടിക്കൊണ്ടിരുന്നു..., ഇത്തരം പ്രധാന സംഘടനകളുടെ ആസ്ഥാനമന്ദിരങ്ങൾ കാണത്തക്ക വിധത്തിൽ നഗര നിരത്തുകളിലൂടെ. അധികം തിരക്കില്ലാത്ത വഴികൾ, നിമ്‌നോന്നമാണ്. സ്വിസ് മുഖമുദ്രയായ, ലളിതവിന്യാസിത സസ്യലതാദികളും പൂച്ചെടികളും നിരത്തോരങ്ങളിൽ. സുഖകരമായ കാറ്റേറ്റ് ആ വണ്ടിയിൽ അലസമിരിക്കുമ്പോൾ എന്തുകൊണ്ടോ എനിക്ക് ഒലിവർ സാക്സിന്റെ 'ഓൺ ദ മൂവ് - എ ലൈഫ്' എന്ന പുസ്തകം ഓർമ്മവന്നു...

അതൊരു യാത്രാപുസ്തകമല്ല; ആത്മകഥയാണ്. എങ്കിൽക്കൂടിയും സാന്ദർഭികമായി, താൻ നടത്തിയ യാത്രകളെക്കുറിച്ചൊക്കെ അദ്ദേഹം അതിൽ സൂചിപ്പിക്കുന്നുണ്ട്. മറ്റു ചില ജീവിതസന്ദർഭങ്ങളെ ദ്യോതിപ്പിക്കാൻ വേണ്ടി അപ്രധാനമെന്ന മാതിരിയാണ് പല യാത്രകളെക്കുറിച്ചും പറഞ്ഞുപോവുക. നോർവെയിലെ നൂറുകണക്കിന് ഫ്യോഡുകളിൽ (fjord) ഒന്നിന്റെ വന്യവും ഏകാന്തവുമായ ഉൾഭാഗങ്ങളിലൂടെ ഒറ്റയ്ക്ക് തോണിതുഴഞ്ഞ് പോകുമ്പോൾ പങ്കായം നഷ്ടപ്പെട്ട് കരയടുക്കാനാവാതെ ആ ഉൾക്കടലിൽ ഒഴുകിനടന്നത്..., അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് സർഫ് ചെയ്യുമ്പോൾ, ചെറിയൊരു പിഴവിനാൽ രാക്ഷസതിരമാലയിൽ പെട്ടതും ഏതോ അപരിചിതന്റെ സഹായത്താൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടതും..., ഒരു വിദൂര മലഞ്ചരിവിലൂടെ ഏകനായി ട്രെക്ക് ചെയ്യുമ്പോൾ കാട്ടുപോത്ത് ആക്രമിച്ചതും മലയുടെ മുകളിൽ നിന്ന് താഴേയ്ക്കു വീണ് കാല് ഒടിഞ്ഞുതൂങ്ങിയതും, ആ കാൽ വലിച്ചിഴച്ച് കിലോമീറ്ററുകൾ ഇഴഞ്ഞുനീങ്ങി പ്രധാനനിരത്തിലേക്ക് എത്തിയതും... വളരെ സഹജമായ യാത്രാനുഭവങ്ങൾ എന്ന നിലയ്ക്ക് ഈ അവസരങ്ങളൊക്കെ അദ്ദേഹം ചെറുതായി സൂചിപ്പിച്ചു പോകുന്നതേയുള്ളു. പക്ഷെ ആ യാത്രകളുടെ ആഴവും വ്യാപ്തിയും ആലോചിക്കുമ്പോൾ, ഞങ്ങൾ നടത്തുന്ന ലളിതസ്വഭാവമുള്ള യാത്രകളുടെ സർഗ്ഗരാഹിത്യം കുറച്ചൊന്നുമല്ല എന്നെ ലജ്‌ജാലുവാക്കുക. എന്നിട്ട് അതിനെക്കുറിച്ച് പേജുകൾ എഴുതി നിറയ്ക്കുക എന്നതും മറ്റൊരു സാഹസം.

തൊഴിൽതേടിയുള്ള സഞ്ചാരങ്ങളിൽ ചരിത്രാതീതകാലം മുതൽ സാന്നിദ്ധ്യമറിയിച്ചിട്ടുള്ളവരാണ് മലയാളികളെങ്കിലും വിനോദയാത്ര എന്ന അനുഭവത്തിലേക്ക് നമ്മൾ കടന്നുനിൽക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. യാത്രയുടെ സർഗാത്മകതയ്ക്കും സാഹസികതയ്ക്കും ഒക്കെ ജനിതകത്തിന്റെ ഒരു ചെറുസ്പർശം കൂടി ആവശ്യമുണ്ട്. നമ്മുടെ ഇളമുറക്കാർ ഇപ്പോൾ, യൂറോപ്യൻ സഞ്ചാരികളോട് കിടപിടിക്കും വിധം, സങ്കീർണ്ണമായ യാത്രാപഥങ്ങളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടാൻ തുടങ്ങിയിട്ടുണ്ട് എന്നത് സന്തോഷത്തോടെ കാണുന്നു. അതേസമയം ഞാൻ ഉൾപ്പെടുന്ന തലമുറയുടെ ലളിതവും ഏകമാനവുമായ സഞ്ചാരങ്ങളെയും അതിന്റെ വിവരണങ്ങളെയും, ഒഴിവാക്കാനാവാത്ത പരാധീനതയായികണ്ട്, സദ്ദയം അനുവദിച്ചുതരുക എന്നേ പറയാനാവൂ.

യാത്രാസംഘം 
നേരംമയങ്ങവേ ആ നഗരപ്രദക്ഷിണം മതിയാക്കി ഞങ്ങൾ, മറ്റൊരു ബസ്സിൽ കയറി ഹോട്ടലിലേയ്ക്ക് മടങ്ങി. ബസിറങ്ങി ഹോട്ടലിലേയ്ക്ക് നടക്കവേ പരിസരം വിജനമായിക്കഴിഞ്ഞിരിക്കുന്നു. നഗരമദ്ധ്യങ്ങൾ ഒഴിവാക്കിയാൽ യൂറോപ്പിൽ എവിടെയും ഇങ്ങനെയാണെന്നാണ് തോന്നുന്നത്; നേരം ഇരുട്ടുന്നതിനുമുമ്പ് ഓഫിസും പീടികകളും അടച്ച് ആളുകൾ വീട്ടിൽ പോകും. അപൂർവ്വം വല്ല സൂപ്പർമാർക്കറ്റുകളും തുറന്നിരുന്നാൽ ഭാഗ്യം. 

അധിക ദിവസങ്ങൾ നീളുന്ന യാത്രകളുടെ ഇടയ്ക്ക്, പ്രാദേശികമായ ഭക്ഷണ വൈവിധ്യങ്ങളുടെ അപരിചിതമായ രുചികൾ അധികം അന്വേഷിക്കാറില്ല. രുചികളോടുള്ള താൽപര്യക്കുറവ് മാത്രമല്ല കാരണം, തുടർയാത്രയെ ബാധിക്കുംവിധം ദഹനക്കേടുണ്ടാകാൻ ആഗ്രഹിക്കാത്തതിനാൽ കൂടിയാണത്. എന്നാൽ ഗൾഫിൽ ഒരുപാട് കാലമായി താമസിക്കുന്ന ഒരാൾക്ക് യൂറോപ്പിലെ ഭക്ഷണങ്ങൾ അത്രയൊന്നും അന്യമായി തോന്നുകയില്ല, ചെറിയ രുചിഭേദം അനുഭവപ്പെട്ടേക്കാം എന്നതിനപ്പുറം.

എന്തായാലും അവസാന ദിവസമല്ലേ, ഏതെങ്കിലും വഴിയോരഭക്ഷണശാല കണ്ടെത്താം എന്നുകരുതി പുറത്തിറങ്ങി. പട്ടണത്തിൽ നിന്നും മാറി വിമാനത്താവളത്തിനടുത്തുള്ള സ്ഥലമാണ്; നിരത്തിൽ തുറന്നിരിക്കുന്ന കടകൾ പോയിട്ട് വഴിനടക്കുന്ന മനുഷ്യർ പോലുമില്ല. ഹോട്ടലിനടുത്തായി ഒരു ഫുഡ് ട്രക്കിൽ എന്തൊക്കെയോ ഉണ്ടാക്കി വിൽക്കുന്ന ദമ്പതികളുടെ ചെറിയ ഭക്ഷണശാലയാണ് ആ പരിസരത്ത് ആകെയുണ്ടായിരുന്നത്.

ചൈനീസ് നൂഡിൽസിൽ തന്റേതായ ചില സ്വിസ് ചേരുവകൾ ചേർത്തുള്ള വിഭവമാണ് എന്നുപറഞ്ഞ് അയാൾ പാചകംചെയ്തു തന്ന, പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഭക്ഷണത്തിൽ ഭാര്യയും ഞാനും അത്താഴമൊതുക്കിയപ്പോൾ കുട്ടികൾ അതിന് മുതിരാതെ ഹോട്ടലിലെ ന്യൂട്രൽ രുചിയിലേയ്ക്ക് മടങ്ങി.          

അതിരാവിലെയാണ് വിമാനം, അതിനാൽ കുറച്ചു നേരത്തേ കിടന്നുറങ്ങണം. എങ്കിലും ഹോട്ടൽ ലോബിയിൽ വച്ച് സഹതാമസക്കാരനായ ഒരു മാലി സ്വദേശിയെ പരിചയപ്പെടുകയും അയാളുമായി കുറച്ചുസമയം സംസാരിച്ചിരിക്കുകയും ചെയ്തു. മാലിയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണ്; അന്താരാഷ്ട്ര തൊഴിൽ സംഘടനയിൽ എന്തോ മീറ്റിങ്ങിനു വന്നതാണത്രേ. അയാൾക്ക് എന്നോടുള്ള താല്പര്യം, അല്ലെങ്കിൽ അയാളോട് എനിക്കുണ്ടായ താല്പര്യം അയാൾക്ക് എന്നെക്കാൾ കൂടുതൽ തിരുവനന്തപുരത്തെക്കുറിച്ച് അറിയാം എന്നതാണ്. വർഷത്തിൽ അനേക തവണ ചികിത്സയ്ക്കും മറ്റുമായി അയാൾ തിരുവനന്തപുരത്ത് എത്താറുണ്ടത്രേ. ഞാനോ വർഷത്തിൽ കഷ്ടിച്ച് ഒരു തവണയാണ് എന്റെ ജന്മദേശത്ത് എത്തുക, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികം കാലമായി.    

എട്ട് ദിവസം നീണ്ട യാത്രാപഥം
പിറ്റേന്ന് മടക്കയാത്രാ വിമാനത്തിലിരിക്കുമ്പോൾ എന്റെ ആലോചന മറ്റെങ്ങോട്ടോപോയി...

ജനിച്ചുവളർന്ന വീടിന്റെ പിന്നാമ്പുറത്തു കൂടിയാണ് പാർവ്വതീപുത്തനാർ ഒഴുകുന്നത്. ആറെന്നാണ് വിളിക്കുന്നതെങ്കിലും, മനുഷ്യനിർമ്മിതമായ ഒരു കനാലാണത്. ഒരുകാലത്ത്, കേരളത്തിന്റെ ജീവനാഡിയായിരുന്ന, തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ നീളുന്ന ജലപാതയുടെ (ടി. എസ്. കനാൽ) ഭാഗം. ഭൂപ്രതലത്തിന്റെ പഞ്ചാരമണലിൽ ഏതാണ്ട് ഇരുപത്തിയഞ്ച്-മുപ്പത് അടി കുഴിച്ചാണ് ഈ കനാൽ നിർമ്മിച്ചിരിക്കുന്നത്. ഇരുകരകളിലും കാട്ടുകൈതകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്, മണ്ണൊലിപ്പ് തടയാൻ. അന്ന്, കനാലിനു നടുക്ക് രണ്ടാൾ ആഴമുണ്ടായിരുന്നു. കെട്ടുവള്ളങ്ങളും തൊണ്ടുവള്ളങ്ങളും മണ്ണുമാന്തി കപ്പലുകളുമൊക്കെ അതുവഴി കടന്നുപോകുമായിരുന്നു...

കുട്ടിക്കാലത്ത് കളിച്ചുനടന്നിരുന്നത് ഈ കനാലിന്റെ കരയിലെ മണപ്പുറത്താണ്. കനാലിലേക്ക് ചരിഞ്ഞിറങ്ങുന്നതാണ് മണൽത്തീരം. മാനത്തുകണ്ണികളോടൊപ്പം ജലത്തിന്റെ ആഴമില്ലാത്ത ഭാഗത്ത് കിടക്കുമ്പോൾ ഇരുഭാഗത്തേയും തീരം മുകളിലേക്കുയർന്ന് വലിയ കുന്നുകൾ പോലെ അനുഭവപ്പെടും. കനാലിന്റെ മറുതീരത്തേയ്ക്ക് കുട്ടികൾ പോവാറില്ല. അവിടം വിജനമാണ്; കൈതക്കാട് പടർന്ന് നിഗൂഢമായിക്കിടക്കുന്ന വിജനത. അപ്രാപ്യമായ ലോകം.

നേരമിരുട്ടി, കളിനിർത്തി വീട്ടിലേയ്ക്ക് മടങ്ങാൻ തുടങ്ങുമ്പോൾ, ഞാൻ മറുകരയിലേയ്ക്ക് നോക്കും. കൈതക്കാട് നിരന്നുനിൽക്കുന്ന തീരത്തിനപ്പുറം, മൂവന്തിയുടെ രക്തകാളിമ പടർന്ന് ഉയർന്നുപോകുന്ന കുന്നിന്റെ മറവിനപ്പുറത്തേയ്ക്ക് എന്റെ കുഞ്ഞുകാഴ്ച നീളില്ല. എങ്കിലും അവിടേയ്ക്ക് നോക്കിനിൽക്കുമ്പോൾ ഓരോതവണയും ഞാൻ ആലോചിക്കും - ആ അജ്ഞാതലോകത്തുള്ളത് എന്തായിരിക്കും...?

അന്നത്തെ ജിജ്ഞാസയുടെ ശമനംതേടിയാവാം ഈ യാത്രകൾ...!

- അവസാനിച്ചു -