2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - പത്ത്

ജാലകവിടവിലൂടെ അരിച്ചെത്തിയ, കുട്ടികളുടെ കലപില ശബ്ദമാണ് ഉറക്കത്തിൽ നിന്നും ഉണർത്തിയത്. വാതിൽ തുറന്ന് ഹോട്ടൽ മുറിയുടെ ബാൽക്കണിയിലേക്കിറങ്ങി. അതിപ്രഭാതത്തിന്റെ രൂക്ഷശീതം മുറിക്കുള്ളിലേയ്ക് ഇരച്ചുകയറി. ഇരുണ്ട പ്രഭാതമാണ്. അകലങ്ങളിൽ മലനിരകൾ മങ്ങി കാണപ്പെടുന്നു. ഒരല്പനേരമെടുത്തു എവിടെയാണ് നില്കുന്നത് എന്ന അറിവ് പ്രജ്ഞയിലെത്താൻ...

അതിരാവിലെ തന്നെ ഗ്രാമവീടുകളിൽ നിന്നും കുട്ടികളൊക്കെ സ്‌കൂളിൽ പോകാൻ ഇറങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികളാണ്. മലയടിവാരത്തിലെ വീടുകളിൽ നിന്നും സൈക്കിൾ ചവിട്ടി വന്ന് തീവണ്ടി നിലയത്തിന്റെ മുറ്റത്ത് അവ പാർക്ക് ചെയ്യുന്ന തിരക്കിലാണവർ. ഞാൻ നിൽക്കുന്ന ബാൽക്കണിയുടെ തൊട്ടടുത്തല്ല തീവണ്ടിനിലയം. എങ്കിലും മറ്റുനിലയ്ക്ക് ശബ്ദരഹിതമായ പരിസരത്തിൽ കുട്ടികളുടെ ചിലമ്പിയ ശബ്ദം മുഴക്കത്തോടെ പ്രസരിച്ചു. ആലസ്യത്തിന്റെ പ്രഭാതത്തിന് അത് നിഷ്കളങ്കമായ ഊർജ്ജം പകർന്നു...!

സ്‌കൂളിൽ പോകാൻ റെയിൽവേ സ്റ്റേഷനിലെത്തുന്ന കുട്ടികൾ
കുട്ടികൾ ഇറങ്ങിയിട്ടുണ്ടെങ്കിലും പ്രഭാതം ഇപ്പോഴും നരച്ചു തന്നെ കാണപ്പെടുന്നു. മഞ്ഞവെയിലായിട്ടില്ല. എല്ലാ ഭാഗങ്ങളിലും മലകളായതുകൊണ്ടാവാം പ്രഭാതത്തിന് ഈ അലസവർണ്ണം. ഹിമസാന്ദ്രമായ കൊടുമുടികൾ ഉദയസൂര്യന്റെ വെട്ടത്തെ ചാരനിറത്തിലാക്കിയാണ് ഭൂമിയിലേയ്ക്ക് പ്രതിഫലിപ്പിക്കുന്നതെന്നു തോന്നുന്നു.

പ്രകൃതിയുടെ ഭാവങ്ങൾ കുട്ടികളുടെ മനോനിലയെ, ഭാവമോഹങ്ങളെ ബാധിക്കാറില്ല. എന്നാൽ മുതിർന്നവരുടെ കാര്യം അങ്ങനെയല്ല. ശീതരാജ്യങ്ങളിലെ മനുഷ്യർ സൂര്യപ്രകാശത്തെ വല്ലാതെ ആഗ്രഹിക്കുന്നത് എന്തിനെന്ന് ഈ ആൽപൈൻ ഗ്രാമത്തിൽ നേരം വെളുക്കുന്നതും നോക്കിനിൽക്കുമ്പോൾ മനസ്സിലാവുന്നുണ്ട്. നരച്ചപ്രഭാതം ഭൂമിയേയും മനുഷ്യനേയും വിഷാദാർദ്രമാക്കുന്നു. 'ബ്ലൂസ്' എന്ന മാനസികാവസ്ഥയെക്കുറിച്ച് പാശ്ചാത്യസംഗീതം ഏറെ പാടുന്നതിന്റെ കാരണം പ്രകൃതിയുടെ ഈ ഭാവം അവരുടെ മനസ്സിലേയ്ക്ക് പകരുന്നതു കൊണ്ടാവാം...

പ്രകൃതിയുടെ ഭാവഭേദങ്ങളിൽ ആമഗ്നമാവാനുള്ള അവസരമല്ലിത്. യാത്ര തുടരേണ്ടതുണ്ട്, ആൽപ്സിന്റെ മറ്റൊരു ശൈലശിഖരത്തിലേയ്ക്...

പ്രഭാതത്തിന്റെ വിഷാദനിറം
റ്റാഷിൽ നിന്നും തീവണ്ടിയിൽ കയറി വീണ്ടും മലമുകളിലേയ്ക്ക് പോയാൽ എത്തുന്നത് സെർമാത്തിലാണ് (Zermatt). റ്റാഷ് പോലെ മലമടക്കുകളിൽ ഉറങ്ങിക്കിടക്കുന്ന ഗ്രാമമല്ല സെർമാത്ത്, വിനോദസഞ്ചാരികളെക്കൊണ്ട് സജീവമായ മലമുകൾ പട്ടണമാണ്. വിമൂകമായ റ്റാഷിൽ നിന്നും തീവണ്ടി പിടിച്ച് സെർമാത്തിൽ എത്തിയപ്പോൾ അവിടുത്തെ തിരക്കിൽ ആദ്യം അല്പം വിഭ്രമമനുഭവപ്പെട്ടു.

ജനമിരമ്പുന്ന ഒരു നിരത്തോരത്ത് ഞങ്ങൾ നിന്നു. സ്വിസ്സ് വാസ്തുവിഭാവനയുടെ കൃത്യമായ നിർമ്മാണചാരുതയുള്ള മരക്കെട്ടിടങ്ങളാണ് ഇരുഭാഗത്തും. രണ്ടും മൂന്നും നിലകളുള്ളവ. താഴത്തെ നിലയോട് ചേർന്ന് പീടികകളും ഭക്ഷണശാലകളും. മുകളിലത്തെ നിലകളിൽ ചെറുകിട സത്രങ്ങളും ഭവനങ്ങളും. പട്ടണഹൃദയത്തെ കവിഞ്ഞ് മലഞ്ചരിവുകളിലേയ്ക്ക് കയറിപ്പോകുന്നു കെട്ടിടങ്ങൾ...

അതിനപ്പുറം, പട്ടണത്തിന്റെ നാല് സീമകളിലും പുൽമേടുകളും പൈൻമരങ്ങളും സമന്വയിക്കുന്ന കുന്നിൻപുറങ്ങൾ കാണാം..., അതിന് പിന്നണിയായി ഹിമാവൃത ശൈലപംക്തികൾ, ആകാശത്തിൽ മേഘങ്ങൾ കൂട്ടംകൂടി നിൽക്കുന്നതിനാൽ, സുഷിര കാഴ്ചയാവുന്നു . കൊടുമുടികൾ അതിരിടുന്ന ആ ജനപദത്തിന്റെ ആരവങ്ങൾക്ക് നടുവിൽ, വിലോലമനസ്കനായി നിൽക്കുമ്പോൾ തോന്നി; ഓരോ നാടും ഓരോ മനോഭാവമാണ്!

സെർമാത്തിലെ തെരുവ്...
ബിരുദത്തിന് പഠിക്കുമ്പോൾ, ഒൾഡസ് ഹക്സ്ലിയുടെ ഒരു ലേഖനത്തിൽ സ്നോബുകളായ വിനോദസഞ്ചാരികളെ കുറിച്ച് സൂചിപ്പിച്ചിരുന്നത് ഓർക്കുന്നു. യാത്രകൾ അവർക്ക് ആവേശമൊന്നുമല്ല. എന്നാൽ തങ്ങളുടെ സാമൂഹ്യനിലവാരം നിലനിർത്താനും മറ്റും അവർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്തമായ വിനോദസഞ്ചാര മേഖലകളിലൊക്കെ അവരെത്തുന്നു. സൂക്ഷ്മമായി ശ്രദ്ധിച്ചാൽ അവരെ തിരിച്ചറിയാൻ സാധിക്കും. തങ്ങൾ എത്തിയിരിക്കുന്ന സ്ഥലത്തെ പ്രതിയുള്ള അജ്ഞതയും രസരാഹിത്യവും ക്ഷീണവുമൊക്കെ അവരുടെ മുഖത്തു നിന്ന് വായിക്കിച്ചെടുക്കാനാവുമത്രേ.

ആ ഉപന്യാസത്തിന്റെ ആശയസൂചകം ഇന്ന് വ്യക്തമായി ഓർത്തെടുക്കാനാവുന്നില്ലെങ്കിലും യാത്രാസംബന്ധിയായി ഇതൊരു പതിതാവസ്ഥയായി കരുതേണ്ടതില്ല എന്ന് തോന്നും. യാത്രകൾ പലർക്കും പലതരം ആഹ്ലാദങ്ങളാണല്ലോ. യാത്രകൾ തങ്ങളുടെ ജീവിതനിലവാരത്തെ പൊലിപ്പിക്കുന്നു എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അതും സഞ്ചാരത്തിന്റെ ഒരടരായ മനുഷ്യാനുഭവമായി കണ്ടാൽ മതിയാവും.

സെർമാത്ത് പോലുള്ള ജനസാന്ദ്രമായ വിനോദസഞ്ചാര പ്രദേശങ്ങളിൽ എത്തുമ്പോൾ ഞാൻ അത്തരം യാത്രക്കാർക്കായി പരതാറുണ്ട്. മുഖം നോക്കി ഭാവവിശേഷം മനസ്സിലാക്കാനുള്ള കെൽപ് കുറവായതിനാലാണോ, ഹക്സിലിയുടെ കാലം കഴിഞ്ഞുപോയതിനാലാണോ എന്നറിയില്ല, യാത്രികരിലെ അത്തരം തിരിവുകൾ കണ്ടെത്താനായിട്ടില്ല.

മലഞ്ചരിവിലേയ്ക്ക് നീളുന്ന സെർമാത്ത്
ജനക്കൂട്ടം ഒഴുകുന്ന ഏത് മലമുകൾ പട്ടണത്തിലെത്തിയാലും ഓർമ്മവരുക ഊട്ടിയാണ്. ദക്ഷിണേൻഡ്യയിലെ അറിയപ്പെടുന്ന ഹിൽസ്റേഷനുകളായ കൊടൈക്കനാലും മൂന്നാറും മടിക്കേരിയും തുടങ്ങി മറ്റൊന്നുരണ്ടിടങ്ങൾ കൂടി സന്ദർശിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ഊട്ടി തന്നെയാണ് ആദ്യം ഓർമ്മയിൽ വരുക. അവിടം നൽകിയ കൗമാരകാല്പനികമായ അനുഭവങ്ങൾ തന്നെയാവാം കാരണം.

ഉഷ്ണമേഖലാ കാലാവസ്ഥയുള്ള സഹ്യമലനിരകളിലെ ശൈലോപരിപട്ടണങ്ങളുമായി സെർമാത്തുപോലുള്ള ആൽപൈൻ ജനപദങ്ങളെ താരതമ്മ്യപ്പെടുത്താനാവില്ല. തികച്ചും വ്യത്യസ്തമായ ഭൂപ്രദേശങ്ങളാണിവ എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും. നീലഗിരിയുടെ മലമടക്കുകൾ ആവിഷ്കരിക്കുന്ന വന്യഹരിതാഭയൊന്നും സെർമാത്തിനെ അതിരിട്ടുനിൽക്കുന്ന മലഞ്ചരിവുകളിൽ കാണാനാവില്ല. പുൽമേടുകളും ദേവദാരുക്കളും പാറക്കെട്ടുകളും വിന്യസിക്കപ്പെട്ടിരിക്കുന്ന സെർമാത്തിനോട് ചേർത്തുവയ്ക്കാൻ ഉതകുക ഉത്തരേന്ത്യയിലെ ഹിമാലയൻ പട്ടണങ്ങളായ സിംലയും കുളുവും മണാലിയുമൊക്കെയായിരിക്കും എന്നു തോന്നുന്നു (ഹിമാലയത്തിന്റെ പരിസരങ്ങൾ ഇതുവരെയും അകലെയാണ് ). ഹിമാലയമടക്കുകളിലെ പല പ്രദേശങ്ങളും ഇൻഡ്യയിലെ സ്വിറ്റസർലാൻഡ് എന്നറിയപ്പെടുന്നത് ഈ പ്രകൃതിസാദൃശ്യം കൊണ്ടാവാം.

തെരുവിൽ നിന്നും...
ആൽപ്സിന്റെ പ്രധാനപ്പെട്ട കൊടുമുടികളിൽ ഒന്നായ മറ്റെർഹോർണിന്റെ (Matterhorn) അടിവാരമാണ് സെർമാത്ത്. കുട്ടികളുടെ പ്രകൃതിചിത്രങ്ങളിൽ പിരമിഡിന്റെ ആകൃതിയിൽ കാണപ്പെടുന്ന കൊടുമുടികൾ പോലെ ആകൃതിയൊത്ത ശൈലശിഖരമത്രേ മറ്റെർഹോൺ. സ്വിറ്റസർലാൻഡിനേയും ഇറ്റലിയേയും അതിരിട്ടുനിൽക്കുന്ന ഈ കൊടുമുടിയുടെ മുകളറ്റം ഏതാണ്ട് പതിനയ്യായിരം അടി ഉയരത്തിലാണ്. കൃത്യമായ രൂപത്തിൽ കുത്തനെ കയറിപ്പോകുന്ന മലയായതുകൊണ്ടാവാം ഇതിനെ കീഴടക്കുക അത്രയെളുപ്പമായിരുന്നില്ല. ആൽപ്സിന്റെ ഇതിനെക്കാൾ ഉയരമുള്ള പല കൊടുമുടികളിലും മനുഷ്യൻ കാലുകുത്തിയിട്ടും, മലകയറ്റത്തിന്റെ സുവർണ്ണകാലം എന്നു പറയാവുന്ന പത്തൊൻപതാം നൂറ്റാണ്ടിലും - അതിന്റെ രണ്ടാംപകുതി വരെ - മറ്റെർഹോൺ അപ്രാപ്യമായി നിന്നു. 1865 - ൽ ഒരുകൂട്ടം പർവ്വതാരോഹകർ ഈ ശൈലം കീഴടക്കിയെങ്കിലും ആൽപൈൻ മലകയറ്റത്തിന്റെ എക്കാലത്തും ഓർക്കപ്പെടുന്ന, നാല് സംഘാംഗങ്ങളുടെ ദാരുണമായ മരണത്തിൽ അവസാനിച്ച സംഭവമായി അത് മാറുകയാണുണ്ടായത്. അതുവരെ വളരെ ചലനാത്മകമായി തുടർന്ന ആൽപൈൻ മലകയറ്റത്തിന്റെ യുഗാന്ത്യമായി ഈ സംഭവം അടയാളപ്പെടുന്നു.

പട്ടണവശങ്ങളിലിൽ അതിരിട്ടു നിൽക്കുന്ന മലകളുടെ മുകൾഭാഗം, മേഘാവൃതമായ ഈ പ്രഭാതത്തിൽ, ഏറെക്കൂറെ മറയപ്പെട്ടിരിക്കുന്നു. പ്രസ്തുത  പ്രശസ്തകൊടുമുടി എവിടെയാണെന്ന് മനസ്സിലാക്കാനായില്ല. ആകാശത്തിൽ ദിക്ക് നഷ്ട്ടപ്പെട്ടവന്റെ വ്യസനം.

വഴിവാണിഭം
സെർമാത്തിന്റെ തിരക്കിലൂടെ നടക്കുമ്പോൾ, ചുറ്റുമുള്ള ചലനാത്മകയുടെ ഊർജ്ജം നമ്മളിലേയ്ക്കും എത്തുന്നതായി അനുഭവപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവർ, പല പ്രായക്കാർ, കുടുംബം, ഇണകൾ, ഒറ്റയാന്മാർ... അലസം നടക്കുന്നവർ, കടകളിൽ കയറിയിറങ്ങുന്നവർ, കുട്ടികളുമായി വഴിവാണിഭക്കാരിൽ നിന്നും ഐസ്ക്രീം വാങ്ങി നുണയുന്നവർ, വലിയ തോൾസഞ്ചികളും തൂക്കി മലകയറ്റത്തിന് തയ്യാറായിപ്പോകുന്നവർ. പ്രമുഖമായ പല സ്വിസ് നഗരങ്ങളിലും കണ്ടതിനെക്കാൾ ജനത്തിരക്ക് ഈ ചെറിയ മലമുകൾ പട്ടണത്തിലുണ്ട്.

വാഹനങ്ങൾ ഒഴിഞ്ഞു പോയ നിരത്തിലൂടെ നടക്കുമ്പോൾ ഒട്ടും ആയാസം തോന്നില്ല. ലളിതസുന്ദരമായ വർണ്ണക്കാഴ്ചകളുടെ പട്ടണനിരത്തുകളോ പിന്നണിയിലെ പർവ്വതശുഭ്രതയോ മാത്രമല്ല കാരണം എന്ന് തോന്നും; കാലാവസ്ഥയുടെ സുഭഗതകൂടിയാണത്. തണുപ്പുണ്ടെങ്കിലും, അസഹ്യമല്ല. സുഖകരമായ കുളിര്. പൊടി മുഴുവനായും ഒഴിഞ്ഞുപോയ സുതാര്യമായ അന്തരീക്ഷത്തിന്റെ നവ്യത തൊട്ടറിയാം എന്നപോലെ...

സെർമാത്തിലെ കിന്നരിത്തലപ്പാവ് വച്ച കുതിരയും കുതിരക്കാരനും
സെർമാത്ത് പട്ടണത്തിന്റെ നടുവിലൂടെ ഒഴുകിപ്പോകുന്ന ഒരു ചെറുനദിയുണ്ട് - മാത്തെർ വിസ്‌പാ. മലനിരകളിലെ മഞ്ഞുരുകിയുണ്ടാവുന്ന പ്രദേശത്തെ അനേകം അരുവികളിൽ ഒന്ന്. റ്റാഷിൽ നിന്നും മുകളിലേയ്ക്ക് തീവണ്ടി കയറിവരുമ്പോൾ ഒരുവശത്ത് ഈ അരുവിയുണ്ടായിരുന്നു. താഴ്വാരത്തിൽ നിന്നും റ്റാഷിലേയ്ക്ക് വണ്ടിയോടിച്ച് വന്നതും ഈ നദിയുടെ തീരത്തുകൂടിയാണ്. നിമ്‌നോന്ന ഭൂപ്രകൃതിയിൽ ഏറ്റവും എളുപ്പമായ പ്രതലത്തിലൂടെ ആദ്യം വഴി കണ്ടെത്തുന്നത് നദികളാണ്. മനുഷ്യൻ പിന്നീട് ആ നദീതീരത്തിലൂടെ ടാറിടുന്നു.

സെർമാത്തിൽ നിന്നും റ്റാഷ് വഴി താഴേക്കൊഴുകുന്ന മാത്തെർ വിസ്‌പാ വഴിക്കുനിന്ന് തന്നെപ്പോലെയുള്ള ചെറിയ അരുവികളെ ഒപ്പം കൂട്ടുന്നു. താഴ്വാരപട്ടണമായ വിസ്‌പിൽ വച്ച് ഈ പ്രവാഹം പ്രദേശത്തെ പ്രമുഖ നദിയായ റോണിൽ വിലയിക്കുന്നു.

മാത്തെർ വിസ്‌പാ
കൃത്യമായി കെട്ടിയുയർത്തിയ സംരക്ഷണഭിത്തിക്ക് നടുവിലൂടെ ഒരു തോടുപോലെയാണ് പട്ടണമദ്ധ്യത്തിലൂടെ മാത്തെർ വിസ്‌പാ ഒഴുകുന്നതെങ്കിലും മറ്റു ഭാഗങ്ങളിൽ ഒട്ടൊന്ന് വന്യതയോടെ പാറപ്പരപ്പുകളിൽ തട്ടിത്തെറിച്ച് പായുന്നത് കണ്ടിരുന്നു. മഞ്ഞുരുകി ഉണ്ടാവുന്നതുകൊണ്ടാവാം പരിചിതമല്ലാത്ത ഒരുതരം വെളുത്ത നിറമാണ് ജലത്തിന്. നാട്ടിലെ മലമ്പ്രദേശങ്ങളിലെ നീരൊഴുക്കുകൾക്കുള്ള സുതാര്യതയിതിനില്ല. പാറക്കെട്ടുകളിലൂടെ കുത്തിയൊഴുകുന്ന ജലപ്രവാഹങ്ങളിൽ നടത്തപ്പെടുന്ന സാഹസിക ജലയാനവിനോദങ്ങൾക്ക് വൈറ്റ് വാട്ടർ റാഫ്റ്റിംഗ് എന്ന പേരുവന്നത് എന്തുകൊണ്ടാവും എന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. (പാറക്കെട്ടുകളിൽ തട്ടി ജലം പതയുന്നതുകൊണ്ടുണ്ടായ പേരാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിലും തർക്കമൊന്നുമില്ല.)

നദീതടങ്ങളിലാണ് സംസ്കാരങ്ങൾ ഉരുവംകൊണ്ടത് എന്ന് കാര്യമായ മമതയൊന്നുമില്ലാതെ പ്രൈമറിക്ളാസുകൾ മുതൽ ചരിത്രപുസ്തകങ്ങളിൽ പഠിക്കുന്നുണ്ട്. പക്ഷെ മനുഷ്യന്റെ പരിണാമചരിത്രത്തെ മുൻനിർത്തിയുള്ള ഏറ്റവും ജൈവമായ ഒരു പ്രസ്താവമാണതെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നദീപാതകളിൽ ചെന്നുനിൽക്കുമ്പോൾ മനസ്സിലാക്കിയിട്ടുണ്ട്. ഈ ആൽപൈൻ പ്രദേശത്തെ ചെറുഗ്രാമങ്ങൾ പോലും പ്രഭവപരിണാമം തേടിയിരിക്കുന്നത് ഒരു കുഞ്ഞുനദിയുടെ കരയിലാണല്ലോ. ഹൈന്ദവ മതസംസ്കൃതിയിൽ ചില പുണ്യനദികളുണ്ട്. എന്നാൽ നദീപഥങ്ങളിലൂടെ നടന്നാൽ, മാനവസംസ്കാരത്തെ പ്രതി ഒരു ബോധം തെളിഞ്ഞുവരും; എല്ലാ നദികളും പുണ്യനദികളാണ്!

സെർമാത്തിലെ ഇലക്‌ട്രിക്‌ വാഹനം 
കാർ-ഫ്രീ സോണാണ് സെർമാത്ത്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ വേണ്ടിയാണ് അത്തരമൊരു നടപടി. ഇവിടുത്തെ പരിമിതമായ യാത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വൈദ്യതി വാഹനങ്ങളാണ്. തീവണ്ടിനിലയത്തിൽ വന്നിറങ്ങുമ്പോൾ, സഞ്ചാരികളെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു കുതിരവണ്ടിയേയും അതിന്റെ കിന്നരിത്തലപ്പാവു വച്ച കുതിരയേയും കുതിരക്കാരനേയും കണ്ടിരുന്നു. ചെറിയ വാൻ പോലുള്ള ഇലക്ട്രിക് വാഹങ്ങൾ ടാക്സിയായും മറ്റും ഓടുന്നുണ്ട്. അടുത്തുള്ള ഹോട്ടലുകളിൽ നിന്നും അത്തരം വാഹനങ്ങളിൽ ആളുകൾ തീവണ്ടിനിലയത്തിൽ വന്നിറങ്ങുന്നത് കാണാമായിരുന്നു.

ഇവിടേയ്ക്ക് കാറോടിച്ച് വരാൻ സാധിക്കാത്തതുകൊണ്ടാണ്, ഈ വഴിക്ക് വണ്ടികൾ എത്തുന്ന അവസാന സ്ഥലമായ റ്റാഷിൽ അന്തിയുറങ്ങാൻ തീരുമാനിച്ചത്. അങ്ങനെയൊരു ആസൂത്രണം നടത്തുമ്പോൾ റ്റാഷോ സെർമാത്തോ എത്തരത്തിലുള്ള പ്രദേശങ്ങളാണെന്ന് അറിയുമായിരുന്നില്ല. സ്വിറ്റസർലാൻഡിന്റെ സഞ്ചാരഭൂപടത്തിൽ വലിയ സ്ഥാനമുള്ള സെർമാത്തിനെ ഒഴിവാക്കി, രാത്രി കഴിയാൻ റ്റാഷ് തിരഞ്ഞെടുത്തത് അബദ്ധമായിത്തീരുമോ എന്നും സംശയിച്ചിരുന്നു. എന്നാൽ സ്വിസ്സ്താമസത്തിനിടയിലെ അതീവസുന്ദരമായ സായാഹ്നവും രാത്രിയുമായിരുന്നു റ്റാഷെന്ന ചെറുഗ്രാമം നൽകിയത്. സെർമാത്ത് എന്ന പട്ടണം അതിനു പകരമാവില്ല.

ദേവദാരുതാഴ്വാരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ഹോട്ടൽ കെട്ടിടം
മറ്റെർഹോൺ കൊടുമുടി കയറുക എന്ന ആഗ്രഹവുമായി സെർമാത്തിൽ എത്തിയ പർവ്വതാരോഹകരൊന്നുമല്ലല്ലോ ഞങ്ങൾ. അതിനാൽ പട്ടണക്കാഴ്ചകൾ അവസാനിച്ചപ്പോൾ ഞങ്ങൾ ഗോർനെർഗ്രാറ്റ് (Gornergrat) എന്ന പർവ്വതശിഖരം കയറാനായി പോയി. അതാവുമ്പോൾ വലിയ ആയാസമൊന്നുമില്ല. ഒരു തീവണ്ടിയിൽ കയറിയിരുന്നാൽ മതി. മലകയറുന്ന ജോലി ആ വാഹനം നിർവ്വഹിച്ചോളും.

പതിവുപോലെ തീവണ്ടിയിൽ കൂടുതലും ചൈനക്കാരായിരുന്നു. ചൈനാക്കാരുള്ളപ്പോൾ കലപിലബഹളം ഒഴിവാക്കാവതല്ല. അവർ എപ്പോഴും അവരുടെ ലോകത്ത് ജീവിക്കുന്നു - ആൽപ്സിലെന്നല്ല അന്റാർട്ടിക്കയിലായാലും.

തീവണ്ടി മലകയറിത്തുടങ്ങുമ്പോൾ സെർമാത്ത് പട്ടണത്തോട് ചേർന്നുനിൽക്കുന്ന കുന്നുകളിലെ പാറമുഖങ്ങളിൽ തട്ടുതട്ടായി തടകൾ ഉണ്ടാക്കിവച്ചിരിക്കുന്നത് കാണാം. ശൈത്യകാലത്ത് കുന്നിൻചെരുവിലെ കെട്ടിടങ്ങളിലേയ്ക്ക് മഞ്ഞുപാളികൾ അടർന്നുവീഴാതിരിക്കാനുള്ള സംവിധാനമാണെന്ന്‌ അനുമാനിക്കാം. ഈ വേനൽക്കാലത്ത് അതുപക്ഷേ ആ പാറക്കുന്നുകൾക്ക്, പട്ടണം സംരക്ഷിക്കാനായി കെട്ടിപ്പൊക്കിയ ഒരു കോട്ടയുടെ രൂപം നല്കുന്നുണ്ടായിരുന്നു.

കോട്ടപോലെ കാണുന്ന ചെറുമലകൾ
ആൽപ്സിന്റെ പരിസരങ്ങളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതിനു ശേഷം മൂന്നാം തവണയാണ് ഒരു ശൈലാഗ്രത്തിലേയ്ക്ക് കയറുന്നത്. യൂങ്‌ഫ്രോയിലൂടെയും നുഫെനെനിലൂടെയും കഴിഞ്ഞ ദിവസങ്ങളിൽ കടന്നുപോയിരുന്നു. സ്വന്തമായി വണ്ടിയോടിച്ച് പോയതു കൊണ്ടാവാം നുഫെനെൻ വഴിയുള്ള യാത്ര വ്യത്യസ്തമായിരുന്നു. എന്നാൽ ഗോർനെർഗ്രാറ്റിലേയ്ക്ക് തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ സ്വാഭാവികമായും മറ്റൊരു തീവണ്ടിയിൽ യൂങ്‌ഫ്രോയിലേയ്ക്ക് പോയതുപോലെ തന്നെ ഏറെക്കൂറെ അനുഭവപ്പെട്ടു.

ചെറിയ വ്യത്യാസങ്ങൾ ഇല്ലാതില്ല. യൂങ്‌ഫ്രോയിലേക്കുള്ള തീവണ്ടി അതിന്റെ അവസാനപാദം മുഴുവനായിത്തന്നെ ഒരു തുരങ്കത്തിനുള്ളിലൂടെയാണ് മലതാണ്ടുന്നത്. എന്നാൽ ഇവിടെ യാത്ര മുഴുവനും മലയുടെ പ്രതലത്തിലൂടെ തന്നെയാണ്. തീവണ്ടിയെത്തുന്ന യൂറോപ്പിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് യൂങ്‌ഫ്രോയെങ്കിൽ, ഭൂപ്രതലത്തിലൂടെ തീവണ്ടിയോടിയെത്തുന്ന യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള പ്രദേശമാണ് ഗോർനെർഗ്രാറ്റ്.

ഗോർനെർഗ്രാറ്റിലെ ഹിമ-മേഘ സംഗമം 
1898 - ലാണ് ഗോർനെർഗ്രാറ്റിലേയ്ക്ക് പൽച്ചക്ര തീവണ്ടിലൈൻ ആരംഭിക്കുന്നത്. ഉയരത്തിന്റെ കാര്യത്തിൽ യൂറോപ്പിലെ രണ്ടാമത്തെ തീവണ്ടിനിലയമാണെങ്കിലും, ഭൂപ്രതലത്തിലൂടെ സഞ്ചരിക്കുന്ന തീവണ്ടി എന്ന നിലയ്ക്ക് സഞ്ചാരക്കാഴ്ചകൾക്ക് കുറച്ചുകൂടി പൊലിമയുണ്ടാവേണ്ടതാണ്. എങ്കിൽ തന്നെയും യൂങ്‌ഫ്രോയിൽ കണ്ടത്ര ഹിമസാന്ദ്രത വഴിയിലുണ്ടായിരുന്നില്ല എന്നതിനാൽ, ആൽപ്സിന്റെ അത്തരം കാഴ്ച്ചകൾ തിരക്കിവരുന്നവരെ വേണ്ടത്രേ തൃപ്തിപ്പെടുത്തില്ല തീവണ്ടിയുടെ ജാലകക്കാഴ്ച ഈ വേനൽക്കാലത്ത് എന്നുതോന്നും. മഞ്ഞിന്റെ ആവരണമില്ലെങ്കിൽ ഒട്ടും സൗന്ദര്യമില്ലാത്ത കറുത്ത പാറക്കൂട്ടങ്ങളാണ് ആൽപ്സ്.

ഒറ്റപെട്ടു നിൽക്കുന്ന ഒരു കൊടുമുടിയല്ല ഗോർനെർഗ്രാറ്റ്. ഉയരത്തിന്റെ കാര്യത്തിൽ നേരിയ വ്യത്യാസങ്ങളോടെ സ്ഥിതിചെയ്യുന്ന ഒന്നിലധികം ശൈലശിഖരങ്ങൾ ഉൾക്കൊള്ളുന്ന പർവ്വതപംക്തിയിലെ ഒരു ഭാഗം മാത്രമാണത്. അതിനാൽ ഇവിടം പർവ്വതാരോഹകരുടെ ആകർഷണ സ്ഥലമാണ്. മലകൾ കയറാനെത്തുന്ന പർവ്വതാരോഹകർ ഈ തീവണ്ടിയും വളരെയധികം പ്രയോജനപ്പെടുത്തുന്നു. പക്ഷേ പർവ്വതാരോഹണത്തിന്റെ സീസൺ മഞ്ഞുകാലമത്രേ.

ഹോട്ടലും വാനനിരീക്ഷണ കേന്ദ്രവും ചേർന്ന കെട്ടിടം
യൂങ്‌ഫ്രോയിലേതു പോലെ തന്നെ ഇവിടെയും ഒരു വാനനിരീക്ഷണകേന്ദ്രമുണ്ട്. വളരെ പഴയൊരു ഹോട്ടൽ കൂടിയാണത്. ഇവിടെ തീവണ്ടിയെത്തുന്നതിനും മുൻപു തന്നെ, മലകയറിയെത്തുന്നവർക്കായി ചെറിയൊരു സത്രം നിലവിലുണ്ടായിരുന്നു. എന്നാൽ തീവണ്ടി സാക്ഷാത്കരിക്കപ്പെടുകയും യാത്രികരുടെ എണ്ണം കൂടുകയും ചെയ്തപ്പോൾ 1907 - ലാണ് ഇന്നുകാണുന്ന രീതിയിലുള്ള കെട്ടിടം നിർമ്മിക്കപ്പെടുന്നത്.

ഹോട്ടലിന്റെ ഇരുഭാഗങ്ങളിലുമായി ഓരോ ഗോപുരങ്ങളുയർത്തി ഒരു വാനനിരീക്ഷണകേന്ദ്രം കൂടി ഇതിനോടൊപ്പം ചേർക്കുന്നത് അടുത്ത ഭൂതകാലത്താണ് - 1996 - ൽ. ജർമ്മനിയിലെ ശാസ്ത്രജ്ഞന്മാരുടെ സാങ്കേതിക സഹായത്താലും മേൽനോട്ടത്തിലുമാണ് ഈ ശാസ്ത്രകേന്ദ്രം പ്രവർത്തിക്കുന്നത്. ഇതുകൂടാതെ ആ കെട്ടിടത്തിൽ ഒന്നുരണ്ട് ഭക്ഷണശാലകളും സുവനീർ കടകളും കാണുകയുണ്ടായി.

മഞ്ഞുമൂടിയ മലകളെ പശ്ചാത്തലമാക്കി ഒറ്റപ്പെട്ട് കാണപ്പെടുന്ന തവിട്ടു നിറത്തിലുള്ള ആ കരിങ്കൽ നിർമ്മിതി, അല്പം മാറിനിന്ന് നോക്കുമ്പോൾ അഭൗമമായ കാഴ്ചയാവുന്നു...

ഗോർനെർഗ്രാറ്റിന്റെ ശൈലാഗ്രത്ത്...
പ്രദേശത്തെ കൊടുമുടികൾ കാണാനുതകുന്ന തരത്തിൽ ഉണ്ടാക്കിവച്ച തട്ടിൽ ദിക്ക് നഷ്ടപ്പെട്ടവനായി ഞാൻ നിന്നു. ഇവിടെ ഒരു ദിക്കെന്നോ അറിവെന്നോ ഒക്കെ വിളിക്കാവുന്ന വിധത്തിലുള്ള ഒന്ന്, ചിത്രങ്ങളിൽ കണ്ടു പരിചയമുള്ള, ഇവിടെ നിന്നാൽ കാണാൻ പറ്റുമെന്നറിയാവുന്ന മറ്റെർഹോൺ കൊടുമുടിയാണ്. പക്ഷെ ചാരമേഘങ്ങൾ മലനിരകളുടെ മുകൾഭാഗം അപ്പാടെ മറച്ചുകൊണ്ട് അധികം ദൂരെയല്ലാതെ പതഞ്ഞുകിടക്കുന്നു. അതിനിടയിലെവിടെയോ മറ്റെർ ഹോൺ മറഞ്ഞിരിക്കുന്നു.

തട്ടിൽ നിന്നിറങ്ങി ഞങ്ങൾ പാറകളിലൂടെ കുറച്ചുകൂടി മുകളിലേയ്ക്ക് നടന്നു. എല്ലായിടത്തും മഞ്ഞില്ല. കുത്തനേയുള്ള പാറകളിൽ നിന്നും ഒലിച്ചിറങ്ങി അവ പരന്നപ്രതലങ്ങളെ മാത്രം ശുഭ്രതരമാക്കുന്നു. കുട്ടികൾ വീണ്ടും മുകളിലേയ്ക്ക് കയറിപ്പോയി. ഒരു ചെറിയ ശൈലത്തിന്റെ മുനമ്പിൽ കയറിനിന്ന് എവറസ്റ്റ് കീഴടക്കിയവരെപ്പോലെ ആമോദിച്ചു. സാധാരണത്വത്തിന്റെ ചെറിയ ആഹ്ലാദങ്ങളെ ആഘോഷിക്കുക, ചെറിയ ജീവിതങ്ങളെ അസാധാരണമാം വിധം പ്രകാശമാനമാക്കുന്നു.

സമുദ്രനിരപ്പിൽ നിന്നും 10000 - ത്തിലധികം അടി ഉയരത്തിലാണ് ഗോർനെർഗ്രാറ്റ് (3100 മീറ്റർ)
ഇവിടെ ഒരു ചെറിയ പള്ളിയുമുണ്ട്. മണിഗോപുരവും കമാനാകൃതിയിലുള്ള വാതിലുമൊക്കെയായി ഇരുണ്ടനിറത്തിൽ ഒരെണ്ണം. വിശുദ്ധ ബെർണാർഡിന്റെ നാമധേയത്തിലുള്ള പള്ളിയാണ്. 1950 - ലാണ് പള്ളി നിർമ്മിക്കുന്നത്. മഞ്ഞുമൂടിക്കിടക്കുമ്പോൾ ഈ പള്ളി ഉറപ്പായും അടുത്തുള്ള മറ്റൊരു ചെറു പർവ്വതശിഖരമായി തോന്നിയേക്കാം. കറുത്ത പുറംചുമരുകളുള്ള ഇത് ഹിമരഹിതമായ ഒരു ആൽപൈൻ ശൈലത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്, ഇപ്പോഴും.

തടിയിൽ കൊത്തിയെടുത്ത കമാനാകൃതിയിലുള്ള ഒരു ശില്പമാണ് അൾത്താരയെ വ്യതിരിക്തമാക്കുക. ക്രൂശിതനായ ക്രിസ്തുരൂപത്തിന് പിന്നിലായി ഏതാനും വിശുദ്ധന്മാരെ കാണാം. നടുവിലുള്ളത് വിശുദ്ധ ബെർണാഡ് ആയിരിക്കും എന്ന് അനുമാനിക്കാം.

തടിയിൽ തീർത്തതാണ് മച്ച്. കല്ലുപാകിയ തറയും. മെഴുകുതിരികൾ കത്തിച്ചു വയ്ക്കുകയത്രേ ഇവിടുത്തെ നേർച്ച. ഒരുപാട് ഭക്തർ ഈ പള്ളിയിൽ എത്താറുണ്ടെന്നു പറയുന്നു. മലകയറിയെത്തുന്ന സഞ്ചാരികളെ മുഴുവൻ ഭക്തരുടെ കണക്കിൽ പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ഞങ്ങൾ ചെല്ലുമ്പോൾ പള്ളിയുടെ ഉള്ളിൽ മറ്റാരുമുണ്ടായിരുന്നില്ല.

പള്ളിയുടെ അൾത്താര
ഇതുപോലെ മലമുകളിൽ ചില പള്ളികൾ കാണാമെങ്കിലും, ചില കൊടുമുടികൾക്ക്, തിരിച്ചറിയാൻ വേണ്ടി, വിശുദ്ധന്മാരുടെ പേരുകൾ നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പക്ഷേ പർവ്വതങ്ങളെ ആദ്ധ്യാത്മികതയുമായി ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക പരിസരം ഉണ്ടാക്കിയിട്ടില്ല, ഇവിടങ്ങളിൽ. ഹൈന്ദവ സംസ്കൃതിയുടെ ഭാഗമായി ഹിമാലയവും ഇൻഡ്യയിലെ മറ്റു പല പർവ്വതങ്ങളും നിലനിർത്തുന്ന ആദ്ധ്യാത്മിക പരിവേഷം ഇവിടെയില്ലാത്തത്, സെമറ്റിക് മതങ്ങളും നോൺ-സെമറ്റിക് മതങ്ങളും അതിന്റെ പ്രഭവപരിണാമങ്ങളിൽ ഏറ്റെടുത്ത വ്യത്യസ്തമായ സാംസ്കാരികധാരകളുടെ പ്രതിഫലനമായി മനസിലാക്കാം.

നിലനിന്നിരുന്ന വിജാതീയമായ (Pagan) ആരാധനാരീതികളിൽ നിന്നും ഒരു പാരഡൈം ഷിഫ്റ്റ് എന്ന നിലയ്ക്ക് ഉണ്ടായിവന്ന ഒരു മതമല്ലല്ലോ ഹിന്ദുമതം. വിജാതീയ മതധാരയുടെ പ്രകൃതിസംബന്ധമായ ആരാധനാക്രമങ്ങളും മനോഭാവവും ഹൈന്ദവസംസ്കൃതിയുടെ അവ്യവസ്ഥാപിത രീതികളിൽ പ്രകാശിപ്പിക്കപ്പെടുന്നതിന്റെ പ്രത്യക്ഷതയാണ് പർവ്വതങ്ങളും നദികളും മറ്റ് പ്രകൃതിബിംബങ്ങളും ഒക്കെ പുണ്യസ്ഥലങ്ങളായിരിക്കുന്നതിന്റെ കാരണം.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ്, ക്രിസ്തുമതം വിഹരിക്കുന്ന ആൽപൈൻ പരിസരം. വിജാതീയമായ മതങ്ങളോടും അവരുടെ ആരാധനാ ക്രമങ്ങളോടും യുദ്ധംചെയ്തും അവയെ ശത്രുപക്ഷത്തു നിർത്തിയുമാണ് ക്രിസ്തുമതം വളർന്നത്. അതുകൊണ്ടു തന്നെയാവും ക്രിസ്തുമതത്തിന്റെ അടരുകളിൽ നിന്നും പ്രകൃത്യാരാധനയുടെ സചേതനകൾ നഷ്ടപ്പെട്ടുപോയത്.

ഇപ്പോൾ പെയ്ത മഞ്ഞിൽ...
ഞങ്ങൾ പള്ളിയിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ, ഏതോ ഗഗനവാതിൽ തുറന്ന് ദൈവങ്ങൾ പഞ്ഞിത്തൂവലുകൾ വാരിവിതറുന്നതുപോലെ മഞ്ഞുപെയ്യാൻ ആരംഭിച്ചു. ആൽപൈൻ ഭൂപ്രദേശത്തെ കാലാവസ്ഥാ പ്രത്യേകതകളിൽ അനുഭവിക്കാൻ ബാക്കിയുണ്ടായിരുന്ന ഒന്ന് ഈ മഞ്ഞുവീഴ്ചയാണ്. കഠിനമായ ആലിപ്പഴവർഷത്തിൽ കുടുങ്ങിക്കിടന്ന സെന്റ്. ബിയാത്തുസ് ഗുഹയിലേക്കുള്ള യാത്ര കഴിഞ്ഞൊരു ഭാഗത്ത് പറഞ്ഞിരുന്നുവല്ലോ. ഈ വേനൽക്കാലത്ത്, ഇത്തരത്തിലുള്ള മഞ്ഞുവീഴ്ച അനുഭവിക്കാനാവും എന്ന് കരുതിയിരുന്നതല്ല.

നോക്കിനിൽക്കേ മഞ്ഞുപെയ്ത്ത് വർദ്ധിച്ചു. ആദ്യം താഴെവീണ് അലിഞ്ഞു പൊയ്ക്കൊണ്ടിരുന്ന മഞ്ഞുകണങ്ങൾ പിന്നീട് ഭൂപ്രതലത്തിൽ ശുഭ്രതയുടെ ആവരണം തീർക്കാൻ തുടങ്ങി. ദിവസങ്ങളോളം കിടന്ന് ഉറഞ്ഞുപോയ, നിറവ്യത്യാസം വന്ന, മഞ്ഞുപ്രതലത്തെ പോലെയായിരുന്നില്ല ശുഭ്രശുദ്ധമായ, മൃദുത്വമാർന്ന പുത്തൻ മഞ്ഞുപാളി...

മഴനനയുക എന്നത് നമുക്ക് പുതുമയുള്ള കാര്യമല്ലല്ലോ. എന്നാൽ മഞ്ഞുനനയുന്നത് ആദ്യമായിട്ടാണ്. നമ്മുടെ ഋതുവിൽ ഇത്തരത്തിലുള്ള മഞ്ഞുകാലം ഇല്ലാത്തത്തിനാൽ ഭാഷയിൽ അതിനുതകുന്ന വാക്കുകളും ഉരുത്തിരിഞ്ഞുവന്നിട്ടില്ല. Snow, fog, dew തുടങ്ങി അർത്ഥവ്യത്യാസമുള്ള എല്ലാ വാക്കുകൾക്കും, അവസ്ഥകൾക്കും കൂടി നമ്മൾ മഞ്ഞെന്ന ഒരു വാക്ക് തന്നെ ഉപയോഗിക്കുന്നു.

പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞിലൂടെ, ഗോർനെർഗ്രാറ്റ് വിട്ട് തീവണ്ടി താഴേയ്ക്ക് ഇറങ്ങാൻ തുടങ്ങി. മഞ്ഞുപെയ്ത്തിൽ അന്തരീക്ഷമാകെ അപരിചിതമായ വെളുത്തനിറത്തിൽ കാണപ്പെട്ടു. എന്തുകൊണ്ടോ അപ്പോൾ ഞാൻ ഹിമയുഗത്തെക്കുറിച്ച് ഓർത്തു; ഭൂമി മുഴുവൻ മഞ്ഞുമൂടിക്കിടന്ന ഒരു കാലം. തീവണ്ടി കടന്നുപോകുന്ന ഈ വഴിയിലൂടെ അന്ന് മാമത്തുകൾ നടന്നിരിക്കാം...
- തുടരും -