2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - ഏഴ്

"നൗ ഐ നോ ഹൂ ഈസ്‌ ദി ബോസ് ഇൻ യുവർ ഫാമിലി"
ഭാര്യ, ബാഗിൽ നിന്നും കാശെടുത്ത് ഭക്ഷണപാനീയങ്ങളുടെ ബില്ല് പേ ചെയ്യുമ്പോൾ, ഉല്ലാസനൗകയിലെ ചെറുപ്പക്കാരനായ പരിചാരകൻ മക്കളോടായി തമാശപറഞ്ഞു. ഞാൻ എന്തു തിരിച്ചുപറയും എന്നാലോചിക്കാൻ തുടങ്ങേ "താങ്കൾ മറുപടി ആലോചിച്ച് ബുദ്ധിമുട്ടേണ്ട കാര്യമില്ല. ഇതൊരു ഫലിതം മാത്രമാണ്" എന്ന് കുസൃതിനിറഞ്ഞ ഗൗരവത്തോടെ പറഞ്ഞ്, കാശും വാങ്ങി, ഞാൻ ഒഴിച്ചുള്ളവരുടെ ചിരിയിലൂടെ അയാൾ നടന്നുപോയി.

സൂറിക്ക് തടാകത്തിലൂടെ ഒരു ജലയാത്രയിലായിരുന്നു ഞങ്ങൾ.

ഇന്റർലേക്കനിൽ വച്ച് തുൺ തടാകത്തിലൂടെ ഒരു ബോട്ടുയാത്ര നടത്തണമെന്ന് ആഗ്രഹിച്ചെങ്കിലും, സമയം ഒത്തുവരാത്തതിനാൽ അതിനു കഴിഞ്ഞിരുന്നില്ല. സൂറിക്കിൽ അതുകൊണ്ട് ഒരു തടാകയാത്ര നടത്തിയാവണം എന്ന് ഉറപ്പിച്ചിരുന്നു. അതിനു വേണ്ടുന്ന സൗകര്യങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ വഴി മുൻ‌കൂർ ഏർപ്പാടാക്കിയിരുന്നു.

സൂറിക്കിൽ നിന്നും ഞങ്ങൾ വീണ്ടും അൽപ്സിന്റെ മലമടക്കുകളിലേയ്ക്ക് മടങ്ങാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പ്രശസ്തമായ സ്വിസ്സ്തടാകങ്ങളെ പേറുന്ന സമതലങ്ങളിൽ നിന്നും അകലെയാണവ. അതുകൊണ്ട്‌ മറ്റൊരു സ്ഥലത്ത്, മറ്റൊരു തടാകത്തിൽ ജലയാത്ര നടത്താൻ സൗകര്യം കിട്ടിയെന്നിരിക്കില്ല.

സൂറിക്ക് തടാകത്തിലെ ഉല്ലാസബോട്ട്
സൂറിക്ക് പട്ടണമദ്ധ്യത്തിൽ നിന്നും പത്തു കിലോമീറ്റർ അകലെയുള്ള കിൽഷ്ബെർഗ് (Kilchberg) എന്ന സ്ഥലത്തു നിന്നുമാണ് ഞങ്ങൾ ബോട്ടിൽ കയറിയത്. പെരുവഴിയിൽ നിന്നും കുറച്ചുദൂരം നടക്കേണ്ടതുണ്ട് ബോട്ടുജെട്ടിയിലേയ്ക്ക്. സൂറിക്ക് ഏതൊരു യൂറോപ്യൻ പട്ടണത്തേയും പോലെ നാഗരികതയുടെ എല്ലാ വർണ്ണപ്പകർച്ചയുമുള്ള സ്ഥലമാണ്. അവിടെ നിന്നും ഒരല്പം മാറി പട്ടണോപാന്തങ്ങളിലെത്തുമ്പോൾ പക്ഷേ, ഭൂപ്രകൃതിയും പരിസരരീതികളും പ്രകടമായും മാറുന്നു.

ഇന്ത്യയിൽ നിന്നും പോകുന്നവർക്ക്, ഇത്തരം പട്ടണോപഗ്രഹഭാഗങ്ങളിൽ പ്രഥമമായി അനുഭവിക്കാനാവുക ആൾക്കൂട്ടത്തിന്റെ അഭാവം തന്നെയായിരിക്കും. ബോട്ടുയാത്രയ്ക്കായി ഞങ്ങളോടൊപ്പം ഏതാനും ആളുകൾ ഉണ്ടായിരുന്നു. തീരത്തേയ്ക്കുള്ള നടപ്പാതയിൽ അവരും ഞങ്ങളുമല്ലാതെ മറ്റൊരു മനുഷ്യനെ പോലും കാണാനായില്ല. ആളുകളൊഴിഞ്ഞു പോയ പ്രേതഭൂമിയോ, വനഗഹ്വരത്തിലെ നടവഴിയോ പോലെ തോന്നിച്ചു...

കിൽഷ്ബെർഗ് തീരത്തേയ്ക്കുള്ള നടവഴി
ആ വഴി തടാകതീരത്തുള്ള ഒരുദ്യാനത്തിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. ചെറുതും വലുതുമായ മരങ്ങൾ. തടാകത്തിൽ നിന്നും ഉള്ളിലേയ്ക്ക് ചാലുകീറി കൊണ്ടുപോയിരിക്കുന്ന ചെറിയ അരുവികൾ. അവയ്ക്കുമുകളിൽ തടികൊണ്ടുള്ള കുഞ്ഞുപാലങ്ങൾ. അരുവിയിലേയ്ക്ക് ചാഞ്ഞ് പൂത്തുകിടക്കുന്ന കാട്ടുചെടികൾ, അലസം നീന്തുന്ന അരയന്നങ്ങളും താറാവുകളും...

തടാകതീരങ്ങളിൽ ഇമ്മാതിരിയുള്ള ഉദ്യാനങ്ങൾ ഒരുപാട് ഉണ്ടാകുമായിരിക്കാം. എങ്കിലും ഇവിടുത്തെ പ്രശാന്തലാവണ്യം അതീവ ഹൃദ്യമായി തോന്നി. ശൈത്യകാലത്ത് എങ്ങനെയാണെന്നറിയില്ല, പക്ഷേ ഇപ്പോൾ സ്വിസ്സ് വേനലിന്റെ സുഖകരമായ തെളിമ. ഇളം തണുപ്പിന്റെ മാരുതതലോടൽ. ഹ്യുമിഡിറ്റിയും പൊടിപടലങ്ങളും ഇല്ലാത്ത അന്തരീക്ഷ സുതാര്യത. മരങ്ങളിൽ കലപിലകൂട്ടുന്ന കിളികൾ മാത്രമേ എന്തെങ്കിലും ശബ്ദമുണ്ടാക്കുന്നുള്ളൂ. അധികം അകലെയല്ലാതെയുള്ള നിരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഇരമ്പൽ പോലും ഇങ്ങെത്തുന്നില്ല...

തടാകതീരത്തെ ഉദ്യാനത്തിൽ...
ബോട്ടുവരാൻ കുറച്ചുനേരം കൂടിയുണ്ട്. ഭാര്യയും ഞാനും വാർഫിലെ ബെഞ്ചിൽ തടാകത്തിലേയ്ക്കും തടാകതീരത്തേയ്ക്കും നോക്കിയിരുന്നു. മക്കൾ, കാലുനനയ്ക്കാൻ തടാകത്തിലേയ്ക്കിറങ്ങി...

ഞങ്ങളത് നോക്കിയിരിക്കേ ഉദ്യാനത്തിന്റെ വിജനതയിലൂടെ ഒരു യുവതി നടന്നുവന്നു.. തടാകതീരത്ത്, ധ്യാനത്തിലെന്നോണം അവർ കുറച്ചുസമയമിരുന്നു. പിന്നീട്, എണീറ്റ് വസ്ത്രങ്ങൾ മാറി, നീന്തൽവസ്ത്രങ്ങൾ ധരിച്ച് തടാകത്തിലേയ്ക്കിറങ്ങി, അരയന്നങ്ങൾക്കൊപ്പം എങ്ങോട്ടോ നീന്തിപ്പോയി...

എന്തൊരു സൗന്ദര്യം...,

യുവതിക്കല്ല, നിർവ്യാജസ്വാതന്ത്ര്യത്തിന്റെ ഈ പരിസരത്തിന്!

സ്ത്രീകളനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അബോധമായ പ്രസരണമാണ് സമൂഹത്തിന്റെ ഏറ്റവും പ്രധാനമായ ആരോഗ്യമാപിനി എന്നുതന്നെ തോന്നും.

തടാകതീരം
അധികം താമസിയാതെ ഞങ്ങൾക്ക് കയറേണ്ട ഉല്ലാസബോട്ടെത്തി. അറ്റ്ലാന്റിക്കിലൂടെയോ പസഫിക്കിലൂടെയോ ഒഴുകുന്ന കൂറ്റൻ ഉല്ലാസനൗകകളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. അകത്തും മുകൾത്തട്ടിലുമായിരുന്ന് തടാകത്തിലേയും തീരത്തേയും കാഴ്ചകൾ കണ്ട് അലസം സഞ്ചരിക്കാവുന്ന, ഒരു ഇടത്തരം ബോട്ടാണ് ഞങ്ങൾ കയറിയ യാനപാത്രം. ചെറിയ ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.

തണുത്തകാറ്റ് ആലോസരമുണ്ടാക്കും വിധം വീശുന്നുണ്ടായിരുന്നെങ്കിലും അതു കാര്യമാക്കാതെ ഞങ്ങൾ തട്ടിനുമുകളിൽ തന്നെ ഒരു മേശയ്ക്കു ചുറ്റുമായി ഇരിപ്പിടം കണ്ടെത്തി.

തടാകം
ഏതാണ്ട് തൊണ്ണൂറ് ചതുരശ്രകിലോമീറ്റർ വലിപ്പമുണ്ട് സൂറിക്ക് തടാകത്തിന്. വടക്കൻ അതിർത്തിയായ സൂറിക്ക് പട്ടണത്തിൽ നിന്നും ഏകദേശം നാല്പത് കിലോമീറ്റർ നീളത്തിൽ തെക്കോട്ട്‌ വ്യാപിച്ച് കിടക്കുന്നു ഈ നീലജലാശയം.

സ്വിറ്റ്സർലാൻഡിലെ പല പട്ടണങ്ങളും ഉണ്ടായിവന്നിരിക്കുന്നത് ഇതുപോലുള്ള വലിയ തടാകങ്ങളുടെ കരയിലാണ്. അതുകൂടാതെ ഒരുപാട് ചെറുപട്ടണങ്ങളും ഗ്രാമങ്ങളും വികസിച്ച് വന്നിരിക്കുന്നതും തടാകതീരങ്ങളിൽ തന്നെയാണ്. സൂറിക്ക് തടാകത്തിന്റെ പുറംചുറ്റളവിനോട്‌ ചേർന്ന് ഇത്തരത്തിലുള്ള മുപ്പത്തിയഞ്ചോളം ജനപദങ്ങൾ നിലനിൽക്കുന്നുവത്രേ.

തടാകതീരത്തു നിന്നും ഒരു കാഴ്ച...
ഞങ്ങൾ ബോട്ടിലേയ്ക്ക് കയറിയ തീരം തടാകത്തിന്റെ വടക്കുഭാഗത്താണ്. തീരത്തു നിന്നും അധികം അകലേയ്ക്ക് പോകാതെ, തടാകത്തിലേയും തടാകതീരത്തേയും കാഴ്ചകൾ കണ്ട് നീങ്ങുന്ന നൗക ഏതാനും കിലോമീറ്ററുകൾ കഴിയുമ്പോൾ തടാകത്തിന് കുറുകേ സഞ്ചരിച്ച് മറുതീരത്തെത്തുന്നു. അവിടെ നിന്നും സൂറിക്ക് പട്ടണത്തിലേയ്ക്ക് മടക്കയാത്രയാരംഭിക്കുന്നു...

യാത്ര പുരോഗമിക്കുമ്പോൾ ഒരുകാര്യം വ്യക്തമാവും, തടാകതീരം ജനസാന്ദ്രമാണ്, ഏറ്റവും കുറഞ്ഞത് ഞങ്ങൾ സഞ്ചരിച്ച ഭാഗമെങ്കിലും. കെട്ടിടങ്ങൾ വരിവരിയായി നിൽക്കുന്ന കായലോരം. നങ്കൂരമിട്ട് കിടക്കുന്ന ചെറുബോട്ടുകൾ. കരയിലെ നടപ്പാതകളിലൂടെ അലസം നടക്കുന്നവർ. അവരെ അനുസരണയോടെ അനുഗമിക്കുന്ന സുന്ദരശ്വാനൻമാർ...

ജനപദസാന്ദ്രം തടാകതീരം
തിരയിളക്കമില്ലാത്ത നീലജലാശയത്തിലൂടെ യാനപാത്രം ഒഴുകുന്നു. തീരത്തു നിന്നും പതുക്കെ മുകളിലേയ്ക്ക് ഉയർന്നുപോകുന്ന പച്ചപടർന്ന ഭൂപ്രകൃതിയിൽ ഭംഗിയും വൃത്തിയുമുള്ള വീടുകൾ. കുളിരുകോരുന്ന തണുത്ത കാറ്റ്... അങ്ങനെ ആ ജലപേടകത്തിന്റെ മുകൾത്തട്ടിലിരിക്കുമ്പോൾ സുഖകരമായ ഒരാലസ്യം ശരീരത്തിലും മനസ്സിലും പടരുന്നതറിയും. ഭൂമിയിൽ ജീവിച്ചിരിക്കുക അതീവ സന്തോഷകരം തന്നെ എന്നുതോന്നും...!

എന്തുകൊണ്ടോ പക്ഷേ അപ്പോൾ 'ലഘുയോഗാവസിഷ്ഠ'ത്തിൽ പറയുന്ന "ആപത്തിലും ഊന്നി വിചാരിക്കണം" എന്ന ശകലം മനസ്സിലേയ്ക്ക് വന്നു. അതിങ്ങനെ കൂടി വായിക്കാം എന്നുതോന്നി; "സന്തോഷത്തിലും ഊന്നി വിചാരിക്കണം". ഏതവസ്ഥയിലും ചിന്താസരണി ശക്തമായിരിക്കണം. ആപത്ത് ആപത്തല്ലെന്നും, സന്തോഷം സന്തോഷമല്ലെന്നും അതോർമ്മപ്പെടുത്തും. ഏത് സന്തോഷവും ഏത് ആപത്തും മാഞ്ഞുപോകും. ക്ഷണികഭേദങ്ങളുടെ ചാക്രികാനസ്യൂതിയാണത്. അപ്പോഴും ജീവിതയാനം ശൂന്യതയുടെ ആ മറുകരയിലേയ്ക്കാണ് തുഴഞ്ഞുകൊണ്ടിരിക്കുക...

തടാകക്കരയിലെ വിരുന്നുസല്ക്കാരം
ഞങ്ങൾ നേരത്തേ കാണുകയും മറ്റൊരദ്ധ്യായത്തിൽ വിശദമായി എഴുതുകയും ചെയ്ത മെയ്സൺ ക്യേയ് ഫാക്ടറിയിൽ ഉണ്ടാക്കുന്ന ചോക്ലേറ്റുകൾ യൂറോപ്പിന് പുറത്ത് ലഭിക്കുന്നതോ അറിയുന്നതോ ആയ ഒന്നല്ല. എന്നാൽ ലിന്റ് അങ്ങനെയല്ല. ലോകം മുഴുവൻ വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന ചോക്ലേറ്റാണത്. ഗൾഫ് മേഖലയിൽ കൂടുതൽ വിപണം ചെയ്യപ്പെടുന്ന ബ്രാൻഡുകളിൽ ഒന്നുമാവണം.

സൂറിക്ക് തടാകത്തിന്റെ കരയിലാണ് ലിന്റിന്റെ ആസ്ഥാനവും ഒരു ഫാക്ടറിയും (ലോകത്തിന്റെ മറ്റു പല ഭാഗത്തും ഈ വ്യവസായ സംരംഭത്തിന് നിർമ്മാണശാലകളുണ്ട്). ഞങ്ങൾ ബോട്ടിലേയ്ക്ക് കയറിയ തീരത്തു നിന്നും അകലെയല്ല ഈ ഉത്പാദനശാല. ബോട്ടുയാത്ര ആരംഭിക്കുന്നതിന് മുൻപ് അവിടുത്തെ വില്പനശാലയിൽ നിന്ന് കുറച്ച് ചോക്ലേറ്റുകൾ വാങ്ങിയിരുന്നു. ഒരു ചോക്ലേറ്റ് നിർമ്മാണകേന്ദ്രം കണ്ടുകഴിഞ്ഞിരുന്നതിനാൽ ഫാക്ടറി സന്ദർശനത്തിനു പക്ഷേ തുനിഞ്ഞില്ല.

ലിന്റ് ആസ്ഥാനം
സ്വിറ്റ്സർലാൻഡിനെ പ്രതിയുള്ള, ഹിമസാന്ദ്രമായ ആൽപൈൻ ചിത്രങ്ങളിൽ അവയുടെ പ്രതിഭലനം പേറുന്ന തടാകങ്ങളും മിക്കവാറും ഉണ്ടാവും. ആൽപ്സിനെ പോലെ ആ രാജ്യത്തിന്റെ അന്ത:സത്തയിൽ അത്രയും ഉൾചേർന്നിരിക്കുന്ന ഒന്നാണ്‌ തടാകങ്ങളും. അവിശ്വസനീയമായി തോന്നാമെങ്കിലും, ചെറുതും വലുതുമായ, പ്രകൃത്യായുള്ളതും മനുഷ്യനിർമ്മിതവുമായ എകദേശം എഴായിരത്തോളം തടാകങ്ങൾ സ്വിറ്റ്സർലാൻഡിൽ ഉണ്ടത്രേ. ഇത് ആയിരം കിലോമീറ്റർ നീളുന്ന തീരം രാജ്യത്തിന്‌ നൽകുന്നു.

ജെനീവ തടാകമാണ്‌ കൂട്ടത്തിൽ എറ്റവും വലുതെങ്കിലും ഇതിന്റെ ഭാഗങ്ങൾ മറ്റൊരു രാജ്യത്തിലേയ്ക്ക് - ഫ്രാൻസ് - കൂടി വ്യാപിച്ച് കിടക്കയാൽ, സ്വിറ്റ്സർലാൻഡിലെ ഏറ്റവും വലിയ തടാകമായി കണക്കാക്കാറില്ല. രണ്ടാമത്തെ വലിയ തടാകമായ കോൺസ്റ്റാൻസിന്റെ (Lake Constance) കാര്യവും തഥൈവ തന്നെയാണ്‌ - ഓസ്ട്രിയയിലേയ്ക്കും ജെർമ്മനിയിലേയ്ക്കുമാണ്‌ ഇത് കയറിക്കിടക്കുന്നത്. മുഴുവനായും രാജ്യത്തിനകത്തുള്ള എറ്റവും വലിയ തടാകം നൂഷുറ്റെൽ (Lake Neuchâtel) ആണ്‌. അത്തരത്തിൽ നാലാംസ്ഥാനത്ത് വരുന്നതാണ്‌ സൂറിക്ക് തടാകം.

ബോട്ടിലെ 'മധുര'നേരം
തടാകത്തിന്റെ കരയിൽ ജീവിതം തെഴുക്കുന്നതു പോലെ, ഒരുപക്ഷേ അതിനെക്കാളുമേറെ, മനുഷ്യസാന്ദ്രത കാണാനാവും ജലോപരിതലത്തിൽ. ഞങ്ങൾ സഞ്ചരിക്കുന്നതുമാതിരിയുള്ള അല്പം വലിയ നൗകകൾ അനേകം കറങ്ങിനടക്കുന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ കാണുക തടാകത്തിലാകമാനം നിറയുന്ന ചെറുപായ് വഞ്ചികളാണ്‌. നീലജലത്തിന്റെ വിശാലതയിലൂടെ അവ അലസമൊഴുകുന്നു. അത്തരം പായ് വഞ്ചികൾ ഇറക്കി കായലിന്റെ നടുവിൽവന്ന് വെറുതെ സംസാരിച്ചിരിക്കുന്നവർ, ദത്തശ്രദ്ധയോടെ എങ്ങോട്ടോ തുഴഞ്ഞുപോകുന്ന മറ്റുചിലർ. അവയിൽ നിന്നും ജലത്തിലേയ്ക്ക് എടുത്തുചാടി നീന്തുന്നവരും കുറവല്ല.

കണ്ടു പരിചയമില്ലാത്ത ചില ചെറുജലവാഹനങ്ങളും കൂട്ടത്തിൽ കണ്ടു. സർഫ്ബോർഡ് പോലുള്ള ഒരു സാധനത്തിൽ തുഴഞ്ഞുനടക്കുന്ന ഒന്നുരണ്ടുപേരേയും കണ്ടു. തിരയില്ലാത്ത ഈ കാല്പനിക ജലാശയത്തിൽ, ഏറെക്കൂറെ വന്യമായി അനുഭവപ്പെടുന്ന ആ കടൽ വിനോദോപാധിയുടെ സാംഗത്യം മനസ്സിലായില്ല. ഇത്തരം ജലകേളികളിൽ അധികം പരിചയമോ താല്പര്യമോ ഇല്ലാത്തതിനാൽ എനിക്ക് ആകെക്കൂടി അപരിചിതത്വം തോന്നിയതുമാവാം.

എന്നാൽ സൂചനാർഹമായ മറ്റൊരുകാര്യം അതിവേഗത്തിൽ പാഞ്ഞുപോകുന്ന സ്പീഡ്ബോട്ടുകളോ ജെറ്റ്സ്കീകളോ കാണാനുണ്ടായിരുന്നില്ല എന്നതാണ്‌. കുറച്ചുകൂടി അലസവും അവധാനതാപൂർണ്ണവുമായ വിനോദങ്ങളോടാണ് ഈ ദേശത്തെ ജലജീവികൾക്ക് താല്പര്യമെന്നു തോന്നുന്നു.

നീലജലാശയത്തിലെ പായ് വഞ്ചികൾ
ഒരുപാട് കായലുകളുള്ള നാടാണ്‌ നമ്മുടേതും. അതുകൊണ്ട് തന്നെ ഇത്തരം തടാകങ്ങൾ നമ്മളെ വല്ലാതെ മോഹിപ്പിക്കേണ്ട കാര്യമില്ല. എന്നാൽ രണ്ട് പരിസരങ്ങളും തുലോം വ്യത്യസ്തമാണ്‌. ആദ്യമായി അനുഭവവേദ്യമാവുക നിറങ്ങളിലെ വ്യത്യാസമാണ്‌. ഇവിടെ നീലയും നാട്ടിൽ പച്ചയുമാണ്‌. ഭൂപ്രകൃതിയുടെ വ്യതിരിക്തപ്രതിഫലനമാവാം. നമ്മുടെ ട്രോപ്പിക്കൽ പ്രകൃതി പച്ചയെ ഒഴിച്ച് ബാക്കി എല്ലാ നിറങ്ങളേയും നിഷ്പ്രഭമമാക്കുന്നു. (കായലുകൾക്ക് പച്ചനിറം നൽകുന്നത് ആൽഗയത്രേ. അത്രയും സൂക്ഷ്മമായ ശാസ്ത്രഹേതുക്കളിലേയ്ക്ക് പോകുന്നില്ല.) ആൽപൈൻ ഭൂപ്രകൃതിയുടെ ശുഭ്രപടർച്ചയാവാം ഈ തടാകങ്ങളെ ഇളംനീലനിറത്തിലാക്കുക. ഒപ്പം പറയാനാവുന്നൊരു കാര്യം നമ്മുടെ കായലുകളെ മുച്ചൂടും മൂടുന്ന ആഫ്രിക്കൻ പായലിന്റേയും മാലിന്യങ്ങളുടേയും അഭാവമാണ്‌.

പ്രകടമായ വ്യതിയാനം അനുഭവപ്പെടുത്തുന്ന മറ്റൊരു സംഗതി കാലാവസ്ഥയാണ്‌. കേരളത്തിലെ കാലാവസ്ഥ നല്ലതാണ്‌ എന്ന്‌ പൊതുവേ നമ്മൾ കരുതിയിരുന്നു. സാമ്പാർ നല്ല ഭക്ഷവിഭവമാണെന്ന് കരുതുന്നതുപോലെയേയുള്ളുവത് - ശീലത്തിന്റെ ഉപോല്പന്നം. മറ്റ് പല നാട്ടുകാർക്കും കേരളത്തിലെ പുഴുക്കലുള്ള ഉഷ്ണമേഖലാകാലാവസ്ഥ സുഖകരമായിരിക്കും എന്നു കരുതാനാവില്ല. കേരളത്തിൽ സ്ഥിരതാമസമുള്ളവർക്കു പോലും ഇപ്പോൾ കാലാവസ്ഥയെ പ്രതി ജീവിതം ദുസ്സഹമാവുന്നു എന്നാണ് അറിയുന്നത്. ആൽപ്സിന്റെ മുകളിലേയ്ക്കുള്ള യാത്രയിൽ ഈ ദേശത്തെ ശൈത്യകാലത്തിന്റെ രൂക്ഷത എങ്ങനെയായിരിക്കാം എന്നൊരു സൂചനകിട്ടുകയുണ്ടായി. എങ്കിൽക്കൂടിയും ഈ വേനൽക്കാലത്ത്, ഈ സ്വിസ്സ് സമതലത്തിൽ, ഈ തടാകത്തിലൂടെ സഞ്ചരിക്കുമ്പോൾ ശുദ്ധമായ കാലവസ്ഥ എന്നാൽ എന്താണത് തൊട്ടറിയാമെന്നപോലെ... നമ്മുടെ ട്രോപ്പിക്കൽ ഭൂഭാഗത്ത് ഇത്രയും ശുദ്ധസുതാര്യമായ കാലാവസ്ഥ ലഭ്യമാവും എന്നു കരുതാൻവയ്യ.

മറ്റൊരു വ്യത്യാസം ജലനൗകകൾ തന്നെയാണ്‌. ഇവിടെ കാണുന്ന ജലവാഹങ്ങൾ നമ്മുടെ കായലുകളിൽ സുപരിചിതമല്ല. എന്താവാം അതിനുള്ള കാരണം? നാട്ടിലെ സമ്പന്നർക്കോ ഉപരിമദ്ധ്യവർഗ്ഗത്തിനോ അപ്രാപ്യമായ സംഗതിയൊന്നുമല്ല ഇത്തരം നൗകകളും ജലകേളികളും. എന്നാൽ ഇമ്മാതിരി വിനോദങ്ങൾ ഉരുത്തിരിഞ്ഞുവരാനുള്ള പൊതുസാമൂഹ്യസാഹചര്യം വികസ്വരരാജ്യങ്ങളിൽ ആയിട്ടില്ല എന്നതാവാം കാരണം. വിനോദം എന്ന ജീവിതാവസ്ഥയെ അതിന്റെ അർത്ഥവൈവിധ്യത്തിൽ നിർവ്വചിക്കാനോ വ്യവഹരിക്കാനോ സാധ്യമാവുന്ന സമൂഹമായി നമ്മളിനിയും മാറേണ്ടതുണ്ട്.

ഇതിനെ രണ്ടു വ്യത്യസ്ത ലോകങ്ങളിലെ സ്വഭാവികമായ രീതി എന്ന നിലയ്ക്ക് കണ്ടാൽ മതിയാവും. പുതിയൊരു കാഴ്ചയുടെ നവ്യത അനുഭപ്പെടുമെങ്കിലും, കുട്ടനാട്ടിലെ കായൽപ്പരപ്പിലൂടെ അഫ്രിക്കൻ പായൽ വകഞ്ഞ്, താറാക്കൂട്ടങ്ങൾക്കിടയിലൂടെ തുഴവഞ്ചിയിൽ ഒഴുകുന്നതിന്റെ അത്രയും കാല്പനികസുഭഗത ഈ നീലജലാശയത്തിലെ തടാകയാത്ര നൽകില്ല.

തടാകത്തിൽ നിന്നും മറ്റൊരു കാഴ്ച
കറക്കം കഴിഞ്ഞ് ബോട്ട് സൂറിക്ക് പട്ടണത്തിലേയ്ക്ക് അടുക്കുമ്പോൾ, പട്ടണോപാന്ത കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി നാഗരികമായ രീതികൾ തീരക്കാഴ്ചകളിൽ വിസ്തൃതമാവുന്നു. പ്രധാനമായും കായൽത്തീരത്തെ വീടുകളുടെ നിർമ്മാണരീതിയിലെ വ്യതിരിക്തതയാണ്‌ ശ്രദ്ധിക്കപ്പെടുക. പൊതുവേ സ്വിസ്സ് ഭവനനിർമ്മാണരീതിയിൽ തടിയുടെ ഉപയോഗം അധികമായി കാണാം. ചരിഞ്ഞ ഓടുപാകിയ മേൽക്കൂരകളോട് കൂടിയവ. ഇവയ്ക്കൊരു എകമാനതയുണ്ട്. കടുംതവിട്ടു നിറത്തിൽ കാണപ്പെടുന്ന ഇത്തരം ഭവനങ്ങൾ സ്വിസ്സ് ഭൂപ്രകൃതിക്ക് നൽകുന്ന ചാരുത പക്ഷേ വലുതാണ്‌. തോന്നുംപടി വീടുകൾ നിർമ്മിക്കാൻ ഇവിടെ നിയന്ത്രണങ്ങൾ ഉണ്ടാവും എന്നുവേണം ഇതിൽനിന്നും അനുമാനിക്കാൻ. നിമ്നോന്നമായ ഭൂപ്രതലത്തിൽ വികൃതമായ കോൺക്രീറ്റ് നിർമ്മാണങ്ങൾ ഉണ്ടാക്കാവുന്ന ലാവണ്യപരവും പാരിസ്ഥിതികവുമായ പ്രതിലോമത ഇവർ കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നു.

എന്നാൽ സൂറിക്ക് പട്ടണത്തോടടുക്കുമ്പോൾ കെട്ടിടങ്ങളുടെ നിർമ്മാണരീതി വ്യത്യസ്തമാവുന്നത് അറിയാനാവും. സമകാലികം എന്ന് പൊതുവേ വിവക്ഷിക്കുന്ന വാസ്തുരീതി പ്രകടമാവും. തടിയുടെ ഉപയോഗം തീരെ കുറഞ്ഞിരിക്കുന്ന കോൺക്രീറ്റ് നിർമ്മിതികളാണവ. തീരങ്ങളിൽ നിരന്നുനിൽക്കുന്ന ധനികഭവനങ്ങളായിരിക്കും അവയെന്ന് വ്യക്തം. അങ്ങനെയാണെങ്കിൽക്കൂടി പാരമ്പര്യത്തെ അപ്പാടെ ഉപേക്ഷിക്കാതെ മേൽക്കൂര ചരിച്ചുകെട്ടി, കോൺക്രീറ്റിന്‌ മുകളിൽ ഓടുപാകി ഭംഗിവരുത്തിയിരിക്കുന്നത് കാണാം. അവ കാണുമ്പോൾ കേരളത്തിലെ ഇക്കാലത്തെ ധനികവീടുകൾ ഓർമ്മയിൽ വരാതിരിക്കില്ല.

തടാകതീരത്തെ നഗരവീടുകൾ
തുടക്കത്തിൽ സൂചിപ്പിച്ച ആ തമാശയും പറഞ്ഞ്‌ ബോട്ടിലെ സുമുഖനായ പരിചാരകൻ പോയപ്പോൾ ഞാനൊരുകാര്യം അലോചിക്കുകയായിരുന്നു. ഒരുകൂട്ടം യൂറോപ്പുകാരുടെ ഇടയിൽ നിന്നും ഒരു സ്വിറ്റ്സർലാൻഡ് സ്വദേശിയെ വേർതിരിച്ചറിയാൻ എനിക്കു സാധിക്കുമോ? എതാനും ദിവസത്തെ പരിചയംകൊണ്ട് അത് സാധ്യമാവണമെന്നില്ല. ഒരു പ്രദേശത്തുള്ള, വ്യത്യസ്തമായ വംശീയജനിതകം പേറുന്ന ജനങ്ങളുടെ ശരീരസവിശേഷതകൾ കുറച്ചൊക്കെ വേർതിരിച്ച് മനസ്സിലാക്കിയെടുക്കാൻ കുറേനാളത്തെ പരിചയംകൊണ്ട് സാധിക്കുമായിരിക്കണം.

സ്വിറ്റ്സർലാൻഡുകാരിലും, മദ്ധ്യയൂറോപ്യൻ ജനതതിയുടെ പൊതുവായ ‘സൗന്ദര്യം’ കാണാനാവുമെങ്കിലും അതിനെ സവിശേഷം എന്നുപറയാനാവില്ല. കേരളത്തിലോ ഇൻഡ്യയിലോ നന്നായി സ്വീകരിക്കപ്പെടാൻ സാധ്യതയുള്ള ഒട്ടൊന്ന്‌ മാംസളമായ, വെയിലേൽക്കാത്ത ‘നിഷ്കളങ്ക’ സുഭഗതയാണ്‌ ഇവിടുത്തെ പുരുഷ, സ്ത്രീ ശരീരങ്ങളിൽ ദർശിക്കാനാവുക. പിന്നീട് ഇറ്റലിയിൽ എത്തിയപ്പോഴാണ്‌ അതിനെ വ്യവച്ഛേദിച്ച് മനസ്സിലാക്കാൻ സാധിച്ചിത്. കാരണം ഇറ്റലിക്കാർ തികച്ചും വ്യത്യസ്തമായ മറ്റൊരു ജെനുസ്സാണ്‌ - വെറുതെയാവില്ല ചരിത്രം ഒരുപാടുകാലം അവർക്ക് ചുറ്റും കറങ്ങിക്കൊണ്ടിരുന്നത്!

സൂറിക്ക് പട്ടണം
അപ്പോഴേയ്ക്കും ബോട്ട് സൂറിക്ക് പട്ടണമദ്ധ്യത്തെ ജെട്ടിയിലേയ്ക്കടുത്തു. കരയിലേയ്ക്കെത്തുമ്പോൾ നഗരത്തിന്റെ ചലനവേഗം തെളിഞ്ഞുവരുന്നു. കായലിന്റെ കരയിലായി ഉരുത്തിരിഞ്ഞുവന്ന ചരിത്രവഴിയിൽ നൂറ്റാണ്ടുകൾ നീളുന്ന ജനപദത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ പൗരാണിക നിർമ്മിതികൾ, സമകാലത്തെ കെട്ടിടസമുച്ചയങ്ങൾ, ആകാശത്തേയ്ക്ക് കുത്തനേ ഉയർന്നുപോകുന്ന പള്ളിഗോപുരങ്ങൾ, തീരത്തിനു സമാന്തരമായി നീളുന്ന നഗരനിരത്തിലൂടെ നിരയായി നീങ്ങുന്ന വഹനങ്ങൾ, പട്ടണോപാന്തങ്ങളിൽ കണ്ടതിനു വിപരീതമായി എങ്ങോട്ടേയ്ക്കൊക്കെയോ തിരക്കിട്ട് പോകുന്ന ആളുകൾ...

അലസമായ ജലയാത്രയ്ക്കു ശേഷം ഇരമ്പുന്ന നഗരധമനികളിലേയ്ക്ക് ഞങ്ങളിറങ്ങിനടന്നു...

- തുടരും -