എഴുപതുകളിലും എണ്‍പതുകളിലുമായി ബാല്യ, കൌമാര, യൌവ്വനാരംഭങ്ങള്‍ ജീവിച്ച അഭ്യസ്തവിദ്യനായ മലയാളിക്ക് കബനി കാല്പനീകമായ ഒരു ആവേശമാണ്. കബനിയുടെ കരയിലാണ് അക്കാലത്ത് തീവ്രവിപ്ലവത്തിന്റെ പ്രയോഗങ്ങള്‍ ഏറെയും നടന്നത്. പുല്‍പ്പള്ളി പോലിസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പിറ്റേന്നാണ് എന്റെ നാട്ടുകാരന്‍ ആന്‍ഡ്രൂസ് നക്സലൈറ്റായതായി സ്വയം പ്രഖ്യാപിച്ചത്. തിരുനെല്ലി കാടുകളിലേക്ക് വണ്ടി പിടിക്കാനും അജിതയോടൊപ്പം മറ്റു പോലിസ് സ്റ്റേഷനുകള്‍ ആക്രമിക്കാനും പല ചെറുപ്പക്കാരെയും പോലെ അയാളും ആഗ്രഹിച്ചു. എന്നാല്‍ ഒരു തെക്കന്‍ തിരുവിതാംകൂറുകാരന് തിരുനെല്ലി നക്സല്‍ബാരി പോലെ തന്നെ അതിവിദൂരമായ ദേശമായിരുന്നു അക്കാലത്ത്. ഒരു പക്ഷെ അത് മാത്രമായിരുന്നില്ല കാരണം എന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലാവുന്നുണ്ട്. വിപ്ലവങ്ങള്‍ എക്കാലത്തും കാല്പനികമായ സ്വപ്നങ്ങളാണ്. അവയുടെ പ്രയോഗം ജീവിതത്തോളം, അല്ലെങ്കില്‍ മരണത്തോളം പ്രതിബദ്ധമാണെന്ന് വര്‍ഗ്ഗീസും രാജനുമൊക്കെ ഉദാഹരിക്കും. അതിനുമപ്പുറം, വിപ്ലവം കൊണ്ടുവരുന്ന സമത്വരാജ്യത്തിന്റെ അസ്തിത്വം തന്നെ യുട്ടോപ്പിയയാണെന്നു തകര്‍ന്നുപോകുന്ന വിപ്ലവഫലങ്ങള്‍ നമ്മോടു പറയും. കാരണങ്ങള്‍ എന്തായാലും ആന്‍ഡ്രൂസ് ഞങ്ങളുടെ ഗ്രാമം വിട്ട് പുറത്തുപോയില്ല. ഒപ്പം സ്വപ്നംകണ്ടവരൊക്കെ അവയുപേക്ഷിച്ച് എണ്ണപാടത്തേക്ക് കപ്പല്‍ കയറിയപ്പോഴും തകര്‍ന്ന സ്വപ്നങ്ങളുടെ ഇടവഴികളിലൂടെ അയാളൊരു മദ്യപാനിയായി നടന്നു. ആ കാലത്തിന്റെ അനിവാര്യത പോലെ വഴിയില്‍ കിടന്നു മരിച്ചു!
കാലം മാറി. ജീവിതത്തിന്റെ വേഗം കൂടുന്നതിനനുസരിച്ച് സ്ഥലങ്ങളുടെ ദൂരം കുറഞ്ഞു വന്നു. താമരശ്ശേരി ചുരം കയറുന്ന ഓരോ വട്ടവും ഞാന്‍ ആന്‍ഡ്രൂസിനെ ഓര്‍ത്തു. അയാള്‍ യാത്രചെയ്ത് എത്താത്ത സ്വപ്നങ്ങളുടെ ദൂരമോര്‍ത്തു. ഒരുവേള, ഞാന്‍ എന്റെ തന്നെ കാല്പനീകകാലം ഓര്‍ക്കുകയായിരുന്നിരിക്കാം. അതേ സ്വപ്‌നങ്ങള്‍ പങ്കുവച്ചിരുന്ന മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞ ഫലിതവും ഓര്‍മ്മ വരും - "തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകയാണെങ്കില്‍ സഖാവ് വര്‍ഗ്ഗീസിന് കൂടി ഒരു ബലിയിട്ടേക്ക് ".
 |
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം |
പതിവുപോലെ ഒരു ഇടത്താവളത്തില്‍ നിന്നാണ് ഇത്തവണയും യാത്ര ആരംഭിച്ചത് -
വടക്കുംനാഥന്റെ മുന്നില്‍ നിന്നും. തൃശ്ശൂരില്‍ നേരത്തെ എത്തി ചേര്‍ന്നിരുന്നു. ഗള്‍ഫു നല്‍കിയ പല നന്മകളില്‍ ഒന്നാണ് കേരളത്തിന്റെ, ഇന്ത്യയുടെ, ലോകത്തിന്റെ തന്നെ പല ഭാഗത്ത് നിന്നുമുള്ള കൂട്ടുകാരും പരിചയക്കാരും. ഏതു സ്ഥലത്തേക്കുള്ള യാത്ര ആരംഭിക്കുമ്പോഴും കടന്നുപോകുന്ന വഴികളില്‍ നിന്നുള്ള സൌഹൃദങ്ങള്‍ ഓര്‍മ്മ വരും. ഒരു പക്ഷെ ഇനി ഒരിക്കലും കാണാന്‍ സാധ്യതയില്ല എന്നുകരുതി പിരിഞ്ഞുപോയവരും അക്കൂട്ടത്തില്‍ കണ്ടേക്കും. യാത്രാവഴിയില്‍ നിന്നും ഒരു ഇടറോഡു കയറി അഞ്ചു കിലോമീറ്റര്‍ മാറി സഞ്ചരിക്കുന്നതിന്റെ ത്യാഗം. അല്ലെങ്കില്‍ ഉറങ്ങി കഴിഞ്ഞുപോകാവുന്ന ഒരു മണിക്കൂറിന്റെ നഷ്ടം. അതിനു തയ്യാറാണെങ്കില്‍ ഈ സൌഹൃദങ്ങളുടെ വീട്ടുമുറ്റത്ത് നമുക്ക് ചെന്നുനില്‍ക്കാം. ഊഷ്മളമായ മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ പ്രാര്‍ഥന എന്നറിയുന്ന ആര്‍ക്കും ഈ വികാരം മനസ്സിലാവും. തൃശ്ശൂരിലെ പഴയ ചില പരിചയക്കാരെയൊക്കെ കണ്ടു ഒരു രാത്രി അവിടെ തങ്ങിയതിനുശേഷമാണ് നേരംവെളുക്കുന്നതിനു മുന്‍പേ വയനാടിലേക്ക് യാത്ര തുടങ്ങിയത്.
നന്നായി.. തുടരൂ....സസ്നേഹം
മറുപടിഇല്ലാതാക്കൂthudarooo...ashamsakal :)
മറുപടിഇല്ലാതാക്കൂoru yathrikan, jabir malabari,
മറുപടിഇല്ലാതാക്കൂthanks for the visit and comment.