2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

തെക്ക് നിന്നൊരു കാറ്റ് പറഞ്ഞു... - ആറ്

വിശുദ്ധതോമാ കേരളത്തിൽ വന്നിരുന്നോ എന്ന ചോദ്യം ചോദിച്ചാൽ അപ്പോൾ തന്നെ രണ്ടു വിഭാഗവും ചേരിതിരിഞ്ഞ് അടിതുടങ്ങും. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ എം. ജി. എസ്സിനെ പോലുള്ള ചരിത്രകാരന്മാർ വിശുദ്ധതോമായുടെ ഇന്ത്യൻ സന്ദർശനം എന്ന വാദത്തെ അംഗീകരിക്കുന്നില്ല. 'ട്രാവൻകൂർ സ്റ്റേറ്റ് മാന്വലി'ൽ ടി. കെ. വേലുപ്പിള്ള പക്ഷേ ഇങ്ങനെ എഴുതുന്നു: "സർക്കാരിന്റെ കൈവശമുള്ള തെളിവുകൾ മുൻനിർത്തി വേണം വിശുദ്ധതോമായുടെ സന്ദർശനം തെളിയിക്കേണ്ടത് എന്ന വാദത്തിന് സാംഗത്യമില്ല. മാത്രവുമല്ല ആ സന്ദർശനം നടന്നിട്ടുണ്ടെങ്കിൽ അത് കല്ലിലോ ചെമ്പിലോ കൊത്തിവച്ചു തന്നെയാവണം എന്ന് നിർബന്ധം പിടിക്കാനുമാവില്ല. വിശുദ്ധതോമാ ഇന്ത്യയിൽ വന്നത് ക്രിസ്തുമതം പ്രചരിപ്പിക്കാനാണ്; അല്ലാതെ ചരിത്രതെളിവുകൾ ഉണ്ടാക്കാനല്ല..." (ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ, വാല്യം ഒന്ന്, 1940, സദസ്യതിലകം ടി. കെ. വേലുപ്പിള്ള). പ്രസ്തുത തർക്കം ഈ കുറിപ്പിന്റെ വിഷയമോ താല്പര്യമോ അല്ല. എന്നാൽ ആമുഖമായി ഇതൊന്ന് സൂചിപ്പിച്ചാൽ മാത്രമേ തിരുവിതാംകോടിനെ കുറിച്ചുള്ള ഈ കുറിപ്പിന്റെ പശ്ചാത്തലം സജ്ജമാവുകയുള്ളൂ...

തിരുവിതാംകോട് അരപ്പള്ളി അഥവാ തോമയാർ കോവിൽ
അരപ്പള്ളിയെന്നും തോമയാർകോവിൽ എന്നുമൊക്കെ വിളിക്കപ്പെടുന്ന തിരുവിതാംകോട് സെയ്ന്റ്. മേരീസ് ഓർത്തഡോക്സ് പള്ളിയുടെ വളപ്പിലേയ്ക്ക് കയറുമ്പോൾ പക്ഷെ ഞാൻ ഓർത്തത് കുറച്ച്നാളുകൾക്ക് മുൻപ്, കടലുകൾക്കപ്പുറത്ത് നടന്ന ആ രാത്രിസദസ്സിനെ കുറിച്ചാണ്. അന്നാണ് ഒരു കൂട്ടുകാരൻ ഈ പള്ളിയെ കുറിച്ച് പറയുന്നത്. വിശുദ്ധതോമാ സ്ഥാപിച്ച ഏഴരപ്പള്ളികളെ കുറിച്ചൊക്കെ കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും അതിലെ അരപ്പള്ളിയെന്ന് പൊതുവേ കരുതിവരുന്ന ഒരെണ്ണം, ഒരുപക്ഷേ ക്രിസ്താബ്ദത്തിന്റെ തുടക്കത്തിൽ നിർമ്മിക്കപ്പെടുകയും ഇതുവരെ മാറ്റിപണിയുകയും ചെയ്തിട്ടില്ലാത്ത ഇന്ത്യയിലെ ഏക പള്ളി, ഈ തക്കല ഭാഗത്ത് ഉണ്ടെന്ന് ഞാൻ അന്ന് ആദ്യമായി അറിയുകയായിരുന്നു. കൂട്ടുകാരന്റെ ഒരു പ്രപിതാമഹൻ നെയ്യൂർ മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്ക് വരുകയും അവിടെ വച്ച് മരണപ്പെടുകയും, അക്കാലത്തെ പതിവുരീതിയിൽ അടുത്തുള്ള തിരുവിതാംകോട് പള്ളിയിൽ അടക്കംചെയ്യുകയും ചെയ്തു. കൂട്ടുകാരനും കുടുംബവും പിന്നീട് ഈ പൂർവ്വികന്റെ കല്ലറ തിരക്കി അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല.

ഈ വിഷയം ഒരു ചരിത്രപുസ്തകത്തിൽ ഇങ്ങനെ വായിക്കാം: "തെക്കൻ തിരുവിതാംകൂറിൽ സുവിശേഷ പ്രവർത്തനം നടത്തിയ പ്രൊട്ടസ്റ്റന്റ് മിഷനറിമാരായ ലണ്ടൻ മിഷൻ സൊസൈറ്റിയുടെ മുഖ്യ സേവനമേഖല ആതുരശുശ്രൂഷയായിരുന്നു. 1838 - ൽ അവർ സ്ഥാപിച്ച സ്കോട്സ് മിഷൻ ഹോസ്പിറ്റൽ എന്ന നെയ്യൂർ ആശുപത്രി അക്കാലത്ത് തിരുവിതാംകൂറിലെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖ ആശുപത്രിയായി മാറി. പിൽക്കാലത്ത് ദൈവവചന പ്രചോദിതരായി നിഷ്കാമകർമ്മം അനുഷ്ഠിച്ച ഡോ. സോമർവെല്ലിനെ പോലുള്ള ഭിഷഗ്വരന്മാർ നെയ്യൂർ ആശുപതിയുടെ പെരുമ നാടെങ്ങും പരത്തി. തിരുവിതാംകോട് പള്ളിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള നെയ്യൂർ ആശുപത്രിയിൽ ചികിത്സയും ശസ്ത്രക്രിയയും തേടിയെത്തിയവരിൽ അനേകം നസ്രാണികളും ഉണ്ടായിരുന്നു. ഇവർക്ക് ആത്മീയ ദിഷ്ടിതികൾക്കായി സമീപിക്കാവുന്ന ഏക കേന്ദ്രം തിരുവിതാംകോട് പള്ളി മാത്രമായിരുന്നു. ഇവരിൽ പലരും അവിടെ വച്ച് മരിച്ച് തിരുവിതാംകോട് പള്ളിയിൽ അടക്കപ്പെട്ടു." (തോമയാർ കോവിൽ: തിരുവിതാം കോട് അരചപ്പള്ളി, ഡോ. എം. കുര്യൻ തോമസ്‌).

അന്ന് രാത്രിയിൽ ആ കൂട്ടുകാരനിൽ നിന്നും ലഭിച്ച അറിവിൻ പ്രകാരമാണ് തോമയാർകോവിലിനെക്കുറിച്ച് കുറച്ചുകൂടി മനസ്സിലാക്കാൻ ശ്രമിച്ചതും തുടർന്ന് ഈ നാഞ്ചിനാടൻ യാത്രയിൽ അവിടെ ചെന്നെത്തിയതും...

പള്ളിയുടെ മുൻഭാഗം
ഞങ്ങൾ ചെല്ലുമ്പോൾ പരിസരം ഏറെക്കൂറെ വിജനമായിരുന്നു. മുറ്റത്ത് എന്തോ പണിചെയ്തുകൊണ്ട് നിൽക്കുകയായിരുന്ന ചെറുപ്പക്കാരൻ ഞങ്ങളെ കണ്ടതും വേഗം അടുത്തുള്ള ഒരു കെട്ടിടത്തിനകത്തേയ്ക്ക് പോയി വസ്ത്രംമാറിവന്ന് ഉപചാരപൂർവ്വം സ്വീകരിച്ചു. അത് മാത്രമല്ല തുടർന്ന് ലഭിച്ച സ്വീകരണവും ഒരു സാധാരണ ക്രിസ്ത്യൻ പള്ളിയിൽ ലഭിക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ഇടവക വികാരിയും വർഷങ്ങളായി ഈ പള്ളിയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കുമായി പരിശ്രമിക്കയും ചെയ്യുന്ന ബർസ്ലീബി റമ്പാച്ചനും അദ്ദേഹത്തിൻറെ ഓഫീസിലേയ്ക്ക് ഞങ്ങളെ സ്വീകരിക്കുകയും ശീതളപാനീയങ്ങൾ നൽകുകയും പള്ളിയുടെ ചരിത്രത്തേയും നിലവിലെ കാര്യങ്ങളെ കുറിച്ചും ഒക്കെ സംസാരിക്കുകയും ചെയ്തു.

മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന വ്യവഹാരഭൂമിയായി (heartland) കരുതുന്ന കേരളത്തിനുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രദേശത്തെയത്രേ. അതിനു പുറത്തുള്ള ഇടവകകളേയും വിശ്വാസ സമൂഹത്തേയും ഔട്ട്സ്റ്റേഷനുകൾ എന്ന നിലയ്ക്കാണ് കണ്ടുവരുന്നത്. ഇന്ത്യയിലെ മറ്റ് വലിയ പട്ടണങ്ങളിലും അമേരിക്ക, യൂറോപ്പ്, മദ്ധ്യപൂർവ്വദേശങ്ങൾ തുടങ്ങിയിടങ്ങളിലും ഉള്ള ഓർത്തഡോക്സ് ഇടവകകൾ ഇന്ന് വളരെ വലിയവകളായി മാറിയിട്ടുണ്ടെങ്കിലും, ചരിത്രപരമായ പ്രാധാന്യം മാറ്റിനിർത്തിയാൽ, മലങ്കര ഓർത്തഡോക്സ് ജനസമൂഹം വളരെ ശുഷ്കമായ പ്രദേശമാണ് തിരുവിതാംകോട് ഇടവകയും പള്ളിയും. കേരളത്തിൽ നിന്നുള്ള, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂർ ഭാഗത്ത് നിന്നുള്ള വ്യക്തികളാൽ പരിപാലിച്ചുവരുന്ന പള്ളിയിൽ അപൂർവ്വമായി എത്തുന്ന മറ്റ് മലയാളികളെ സ്വീകരിക്കുക എന്നത് അവിടുത്തെ എണ്ണിയെടുക്കാവുന്ന അന്തേവാസികൾക്ക് സന്തോഷവും ആശ്വാസവും നൽകുന്ന സംഗതികൂടിയായിരിക്കും എന്നുതോന്നി.

പുരാതന ദേവാലയത്തിന്റെ കവാടം ഇതാണെന്ന് കരുതപ്പെടുന്നു
വിശുദ്ധതോമ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് കൊല്ലപ്പെട്ടു എന്നാണല്ലോ കരുതപ്പെടുന്നത്. ചോളന്മാരുടെ അധീനതയിലായിരുന്നു ആ പ്രദേശം അക്കാലത്ത്. വിശുദ്ധതോമ അവിടെ നടത്തിയ മതപരിവർത്തന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിലേയ്ക്ക് നയിച്ചത് എന്നാണ് വിശ്വാസം. അദ്ദേഹം നേരിട്ട് ക്രിസ്തുമതത്തിലേയ്ക്ക് ചേർത്ത ചെട്ടി വിഭാഗത്തിൽപ്പെട്ട ഒരുകൂട്ടം വണിക്കുകൾ പ്രാദേശിക ഭരണകൂടത്തിന്റെ അക്രമങ്ങൾക്ക് വിധേയരാവുകയും തുടർന്ന് വിശുദ്ധതോമായുടെ നേതൃത്വത്തിൽ നാടുവിടുകയും ചെയ്തു. ആരുവാമൊഴിചുരം കടന്നുവന്ന അവർക്ക് തിരുവിതാംകോട് ആസ്ഥാനമായി നാടുവാണിരുന്ന ആയ് അരചൻ അഭയം കൊടുത്തു എന്നാണ് പറയപ്പെടുന്നത്‌. അവർ തരിസായ്ക്കൾ അല്ലെങ്കിൽ തരിസാചെട്ടികൾ എന്ന വിഭാഗമായി അറിയപ്പെട്ടു. ('ഓർത്തഡോക്സ്' എന്നതിന്റെ അക്കാല മൊഴിമാറ്റമാണ് 'തരിസാ' എന്ന് കരുതപ്പെടുന്നു - 'വചനം നേരെയാക്കപ്പെട്ടവർ' എന്ന് അർത്ഥം.)

നിശിതമായ ചരിത്രവാസ്തവികതായി കാണാനാവില്ലെങ്കിലും തികച്ചും ഐതീഹ്യമായി ഉപേക്ഷിക്കാനുമാവില്ല ഇതിനെ - രസകരമായ ചില വസ്തുതകൾ ചേർന്നുവരുന്നുമുണ്ട്. സംഘകാലം ചോള, പാണ്ഡ്യ, ചേര കാലഘട്ടമാണല്ലോ. അവയുടെ ഏറ്റക്കുറച്ചിലുകളുടെ ഇടയ്ക്കും സ്വതന്ത്രമായും സാമന്തമായും ഒക്കെ പിടിച്ചുനിന്ന ഒരു നാടുവാഴി സ്വരൂപമാണ് ആയ്കൾ. അവരെക്കുറിച്ചും അവരുടെ ആസ്ഥാനത്തെക്കുറിച്ചും ഒക്കെ ഏറ്റവും പുരാതനമായ ഒരു വിവരം ലഭിക്കുക തരിസായ്ക്കളുടെ ഈ വാമൊഴിപാരമ്പര്യത്തിലാണ്. അക്കാലത്തെ പ്രശസ്ത തുറമുഖങ്ങളായ വിജയപുരം (വിഴിഞ്ഞം), കുളച്ചൽ, മുട്ടം തുടങ്ങിയവയൊക്കെ ഈ ഭാഗത്തായിരുന്നതിനാൽ ആയ് രാജ്യം പടിഞ്ഞാറേയ്ക്കുള്ള കടൽവ്യാപാരം വഴി കുറച്ചൊക്കെ സമ്പന്നമായിരുന്നു എന്ന് അനുമാനിക്കണം. എ. ഡി. ഒന്നാം നൂറ്റാണ്ട് ഇന്ത്യയെ സംബന്ധിച്ച് റോമൻ വണിക്കുകളുമായി ഏറ്റവും ചലനാത്മകമായ ബന്ധം നിലനിർത്തിയിരുന്ന കാലംകൂടിയാണെന്ന് റൊമിലാ താപ്പറെപ്പോലുള്ളവർ വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്.

പള്ളിമുറ്റത്ത് കണ്ട അത്തിമരം
പൊതുവായുള്ള ദക്ഷിണേന്ത്യയുടെ ചരിത്രം പരിശോധിക്കുമ്പോൾ, ഒരു പ്രബലധാര പറയുന്നത് ആയ്കൾ ഗുജറാത്ത് ഭാഗത്തു നിന്നുള്ള യാദവപടയാളികളാണ് എന്നാണ്. ക്രിസ്താബ്ദത്തിനും മുൻപ് ഇന്ത്യൻ തീരങ്ങളിലെ കച്ചവടത്തിൽ പ്രമുഖ സ്ഥാനമുണ്ടായിരുന്ന ഗുജറാത്തി വണിക്കുകൾ അവരുടെ തുറമുഖങ്ങൾ സംരക്ഷിക്കാനായി കൊണ്ടുവന്ന് പാർപ്പിച്ചവരാണ് ആയ്കൾ. ഗുജറാത്തി വ്യാപാരികളുടെ സിൽബന്ധികൾ ആയിരിക്കുമ്പോൾ തന്നെ, സജീവമായ ഏതാനും തുറമുഖങ്ങളുടെ സംരക്ഷകരെന്ന നിലയ്ക്ക് അവർക്ക് സ്വതന്ത്രമായി ഒരു നാടുവാഴിത്ത അസ്തിത്വം ഉണ്ടായി വന്നതിൽ അത്ഭുതപ്പെടാനില്ല. ധനികരായ ഗുജറാത്തി വർത്തകർ ഈ ഭാഗത്ത് അറിയപ്പെട്ടിരുന്നത് 'ശ്രേഷ്ഠികൾ' എന്ന പൊതുനാമത്തിലത്രേ ('ചെട്ടികൾ' എന്ന് പ്രാദേശികമായ ലോപരൂപം).

ആയ്നാട്ടരചൻ മൈലാപ്പൂർ ഭാഗത്ത് നിന്നെത്തിയ ചെട്ടികളെ സ്വീകരിച്ച് രാജഭവനത്തിന്റെ തൊട്ടടുത്ത് തന്നെ താമസസൗകര്യം കൊടുത്ത് ഉയർന്ന നിലയിൽ പാർപ്പിച്ചതിന്റെ കാരണം വ്യക്തമാണ്. സാമൂഹിക ശ്രേണിയിൽ ആയ് നാടുവാഴിയെക്കാളും മുകളിലായിരുന്നു സമുദ്രവ്യാപാരികളായ ചെട്ടികളുടെ സ്ഥാനം. അവരുടെ കച്ചവട താല്പര്യങ്ങളുടെ സംരക്ഷകർ മാത്രമായിരുന്നു ആയ്കൾ. സമ്പത്തിന്റെ ഉറവിടം ചെട്ടികളുടെ കച്ചവടമായിരുന്നു. (ചോളരാജ്യത്ത് അതായിരുന്നിരിക്കില്ല സ്ഥിതി.) അന്ന് തിരുവിതാംകോട് എത്തിയ തരിസാചെട്ടികൾക്ക് വേണ്ടി നാടുവാഴിയുടെ ഒത്താശയോടെ വിശുദ്ധതോമാ നിർമ്മിച്ച അതേ പള്ളിയുടെ ഭാഗമാണ് ഇന്നും അവിടെ ഉള്ളതത്രേ. ആര് നിർമ്മിച്ചതായാലും അക്കാല ആരാധനാലയങ്ങളുടെ നിർമ്മാണരീതിയായ കരിങ്കൽപാളികളുടെ ഉപയോഗം വ്യക്തമായി കാണാമെന്നതിനാൽ ആ കാലഗണനയെ കുറിച്ചുള്ള അവകാശവാദം എടുത്തപാടേ തള്ളികളയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

പള്ളിയുടെ അൾത്താര ഭാഗം
ഈ വാമൊഴി പാരമ്പര്യം ആയ്കളുടെ പുരാതന ആസ്ഥാനം തിരുവിതാംകോടായിരുന്നു എന്ന വാദത്തിന് ബലം നൽകുന്നുണ്ട്. ഒപ്പം ആയ്കളും ഗുജറാത്തി വണിക്കുകളും തമ്മിലുള്ള ബന്ധത്തിന്റെ അസ്തിത്വവും ഇവിടെ സൂചിതമാവുന്നു. അല്ലെങ്കിൽ ചോളരാജ്യത്ത് നിന്നും നിഷ്കാസിതരായി എത്തിയ തരിസാചെട്ടികളെ ബഹുമാനത്തോടെ സ്വീകരിക്കേണ്ട ഒരു ആവശ്യകത ആയ് നാടുവാഴിക്ക് ഉണ്ടാവേണ്ടതില്ലല്ലോ. എങ്കിലും ഇതൊന്നും നിശിതമായ ചരിത്രതീർപ്പുകളായി കാണേണ്ടതില്ല. ഇതേ കാലഘട്ടത്തിൽ, എഴുതി വയ്ക്കപ്പെട്ടതും അല്ലാത്തതുമായ ചരിത്രഹേതുക്കൾ എത്രയോ അധികം ലഭ്യമായ മദ്ധ്യപൂർവ്വദേശത്ത്‌ ജീവിച്ചിരിക്കുകയും പിൽക്കാലത്ത് ഒരു മതസ്ഥാപകനായി അവരോധിക്കപ്പെടുകയും ചെയ്ത ക്രിസ്തുവിന്റെ അസ്തിത്വം പോലും സംശയരഹിതമായ ചരിത്രവസ്തുതയായി മാറുന്നില്ലെന്നിരിക്കേ, പ്രത്യേകിച്ച് തെളിവുകളൊന്നും ഇല്ലാത്ത നമ്മുടെ ഭാഗത്തെ അക്കാല ചരിത്രം കൃത്യമായിരിക്കണം എന്ന് ശഠിക്കാനാവില്ലല്ലോ.

ഒരു ഉദാഹരണം പറയാമെങ്കിൽ, ആയ്കൾ ഗുജറാത്ത് തീരത്ത്‌ നിന്ന് എത്തിയ യാദവ കുലജാതരല്ലെന്നും, ചേരന്മാരെയോ പാണ്ഡ്യന്മാരെയോ ഒക്കെ പോലെ ഏറെക്കൂറെ തദ്ദേശിയമായി ഉയർന്നുവന്ന നാടുവാഴി സ്വരൂപമാണെന്ന പാഠഭേദവുമുണ്ട്‌. അത് മുഖവിലയ്ക്കെടുത്താൽ മുകളിൽ പറഞ്ഞുവന്ന വാദങ്ങളൊക്കെ റദ്ദായി പോവും. തരിസായ്ക്കളുടെ തിരുവിതാംകോട് അഗമനത്തിനും ഏതാനുംനൂറ്റാണ്ടുകൾക്ക് ശേഷം ഹിന്ദുധർമ്മം വ്യവസ്ഥാപിതമായി തെക്കേ ഇന്ത്യയിൽ വ്യാപിച്ച കാലത്ത്, ജൈനമതാനുയായികളായി തുടർന്ന ആയ് രാജ്യത്തേയ്ക്ക് പാണ്ഡ്യപടയോട്ടം ഉണ്ടാവുകയും, ഹിന്ദുവരവിന്റെ കാലത്ത് ഉണ്ടായി എന്ന് കരുതപ്പെടുന്ന ഏറ്റവും വലിയ മതാനുബന്ധ രക്തചൊരിച്ചിലായ ഏതാനും ആയിരം ജൈനസന്യാസിമാരുടെ വധം ഉണ്ടാവുകയും ചെയ്തുവത്രേ. ഈ സംഭവത്തിൽ പരാമർശിച്ചു കാണുന്ന ആയ് ആസ്ഥാനം തുറമുഖമായ വിജയപുരമാണ് (വിഴിഞ്ഞം). തിരുവിതാംകോട് ആയകളുടെ ഏക ആസ്ഥാനമായിരുന്നു എന്ന് അങ്ങനെ ഉറപ്പിക്കാനാവാതെ പോവുകയും ചെയ്യും.  

ഈ മാമോദീസാ ജലസംഭരണിക്ക് പള്ളിയോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു 
സ്ഥാപിതമായത് ആരാലായാലും, ക്രിസ്തുസഭയുടെ തുടക്കകാലം മുതൽ തന്നെ പൗരസ്ത്യസഭയുടെ ഭാഗമായി കേരളത്തിൽ ക്രിസ്ത്യാനികൾ, മലങ്കര നസ്രാണികൾ എന്ന പേരിൽ നിലന്നിന്നിരുന്നു. മറ്റു പൗരസ്ത്യ ക്രിസ്ത്യൻ സമൂഹങ്ങളുമായി അവർ നിരന്തരബന്ധവും  നിലനിർത്തിയിരുന്നു. ഇത് ആദ്ധ്യാത്മികമായും ആചാരപരമായും ക്രിസ്തുസഭയിൽ കാലാകാലങ്ങളിൽ ഉണ്ടായി വന്ന മാറ്റങ്ങളേയും മറ്റും ഉൾക്കൊള്ളാൻ സഹായിച്ചു. എന്നാൽ മലങ്കര നസ്രാണി സഭയുടെ വ്യവഹാരഭൂമിക്ക് പുറത്തുകിടന്ന തിരുവിതാംകോട് തരിസായ്ക്കൾ ഒറ്റപ്പെട്ട് പോവുകയും, അചാരപരമായ നവീകരണങ്ങളൊന്നും സംഭവിക്കാതെ തുടരുകയും ചെയ്തു.

മതപരമായ ആചാരാനുഷ്ഠാനങ്ങൾ ശോചനീയമായെങ്കിലും വ്യതിരിക്തമായ ഒരു മതസമൂഹമെന്ന നിലയിലും സമുദായമെന്ന നിലയിലും നൂറ്റാണ്ടുകളോളം തരിസായ്ക്കൾ പിടിച്ചുനിൽക്കാനുള്ള കാരണം അവരുടെ നാടുവാഴിബന്ധവും സാമൂഹികശ്രേണിയിലുള്ള ഉന്നതമായ സ്ഥാനവുമാണ് എന്ന് അനുമാനിക്കേണ്ടി വരും. ആയ് രാജധാനി തിരുവിതാംകോട് നിന്നും ഇരണിയലിലേയ്ക്കും പത്മനാഭപുരത്തേയ്ക്കും തിരുവനന്തപുരത്തേയ്ക്കും മാറിയപ്പോൾ ആണ് തരിസായ്ക്കൾ സാവധാനം അപ്രസക്തമാവാൻ തുടങ്ങിയത്. മറ്റു പല സങ്കീർണ്ണമായ കാരണങ്ങളും കൂടി അതിലേയ്ക്ക് സംഭാവന നൽകുകയുണ്ടായി. വ്യവസ്ഥാപിത ഹിന്ദുമതം ശക്തമായ മധ്യകാലത്ത്, അത് ഏറ്റവും അവസാനം എത്തിയ ഇന്ത്യൻ പെനിൻസുലയുടെ തെക്കൻ അറ്റത്ത്‌ തരിസായ്ക്കൾ മാത്രം അതിനെ ചെറുത്തുനിന്നു എന്ന് കരുതാനാവില്ല. കുറച്ചു തരിസായ്ക്കൾ അക്കാലത്ത് ഹിന്ദുമതം സ്വീകരിച്ചു എന്ന് അനുമാനിക്കപ്പെടുന്നു. തുടർന്ന് കൊളോണിയൽ കാലത്ത് കേരളത്തിന്റെ മറ്റു പല ഭാഗത്തും സംഭവിച്ചതു പോലെ പുരാതന പൗരസ്ത്യ ക്രിസ്ത്യൻ സഭയിലെ വലിയൊരു വിഭാഗം റോമാ ആസ്ഥാനമായുള്ള കത്തോലിക്കാ വിഭാഗത്തിലേയ്ക്ക് ലയിച്ചു. ഇന്ന് തക്കല ഭാഗത്ത് താമസിക്കുന്ന, തരിസായ്ക്കളുടെ നേർപരമ്പര എന്ന് അവകാശപ്പെടുന്ന ഏതാനും കുടുംബങ്ങൾ കത്തോലിക്കാ വിശ്വാസികളാണ്.

പള്ളിക്കുള്ളിലെ മാറ്റരു പുരാതന നീക്കിയിരിപ്പ്
കൊളോണിയൽ കാലത്ത്, തിരുവിതാംകോട് തരിസായ്ക്കളുടെ മാറിക്കിടക്കുന്ന അസ്തിത്വം മലങ്കര ഓർത്തഡോക്സ് സഭയുടെ ശ്രദ്ധയിൽ വരുകയും അവർ ആ സമൂഹത്തെ ഒപ്പം നിർത്താനും തോമയാർ കോവിലിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ടുപോകാതെ നിലനിർത്താനും ഉത്സാഹപ്പെട്ടു. എന്നാൽ തിരുവിതാംകൂർ പ്രമുഖമായൊരു രാജ്യമായി മാറുകയും തലസ്ഥാനം തിരുവനന്തപുരം ആവുകയും ചെയ്തപ്പോൾ തിരുവിതാംകോടിൽ ബാക്കിയായ തരിസായ്ക്കളിലെ വലിയൊരു വിഭാഗം അവരുടെ കച്ചവടതാല്പര്യങ്ങളുമായി തിരുവനന്തപുരത്തേയ്ക്ക് വരുകയും, അവിടുത്തെ വലിയ ചന്തയായ ചാലയിൽ താമസമാക്കുകയും ചെയ്യുകയാണ് ഉണ്ടായത്. തരിസായ്ക്കൾക്കായി നിർമ്മിച്ച ഒരു ഓർത്തഡോക്സ് പള്ളി ഏതാണ്ട് നൂറു കൊല്ലം മുൻപുവരെ ചാലയിൽ ഉണ്ടായിരുന്നുവത്രേ.

തിരുവനന്തപുരം വാസം തരിസായ്ക്കളെ മലങ്കര ഓർത്തഡോക്സ്സഭയുടെ മുഖ്യ വ്യവഹാരമേഖലയുമായി അടുപ്പിച്ചു. അതേസമയം തിരുവിതാംകൂർ രാജകുടുംബം അപ്പോഴേയ്ക്കും അവരുടെ ആയ് പാരമ്പര്യം, പല സങ്കീർണ്ണ കാരണങ്ങളാലും, ഉപേക്ഷിക്കുകയും അടിമുടി തദ്ദേശിയമായ സ്വരൂപമായി മാറുകയും ചെയ്തു. ഈ രാഷ്ട്രീയ മാറ്റങ്ങൾക്കിടയ്ക്ക് ഏറെക്കൂറെ സമൂഹത്തിന്റെ അരികിലേയ്ക്ക് മാറിപ്പോയ, വിജാതിയരായ തരിസായ്ക്കൾക്ക് പ്രത്യേക രാജപരിഗണനയൊന്നും തിരുവനന്തപുരത്ത് ലഭിച്ചതുമില്ല. ഇത് മതപരമായ അവരുടെ സംഘബോധത്തിനു കുറച്ചുകൂടി ത്വരകമാവുകയും, ആ കുടുംബങ്ങൾ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ കൂടുതലുള്ള കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് കുടിയേറിപ്പോവുകയും ചെയ്തതായി കരുതപ്പെടുന്നു. കൊല്ലം ജില്ലയിലെ കുണ്ടറയിലും പരിസരങ്ങളിലും സാന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഓർത്തഡോക്സ് സമൂഹത്തിന്റെ ഒരു വിഭാഗം തിരുവിതാംകോട് തരിസായ്ക്കളുടെ പരമ്പരയാണെന്ന പ്രബലമായ വിശ്വാസം നിലനിൽക്കുന്നു.

ഈ കിണറും വിശുദ്ധതോമയോളം പുരാതനമാത്രേ. എന്തായാലും പുറമേ നവീകരണം നടന്നിട്ടുണ്ട് എന്ന് വ്യക്തം
പള്ളിയും അതിനോട് ചേർന്നുള്ള ചെറിയൊരു മ്യൂസിയവും സമയമെടുത്ത് കണ്ടതിനു ശേഷം ഞങ്ങൾ മടങ്ങി. ചരിത്രത്തിന്റെ തലോടൽ പോലെ, മധ്യാഹ്നത്തിന്റെ മണമുള്ള തെക്കൻകാറ്റിലൂടെ തോമയാർ കോവിലിന്റെ പരിസരംവിട്ട്, ഈ യാത്രയുടെ അവസാനപാദവും കടന്ന് തിരുവനന്തപുരം പട്ടണത്തിന്റെ പരിചിത സായാഹ്നത്തിലേയ്ക്ക് ഞങ്ങളുടെ വണ്ടിയോടി...

നാഞ്ചിനാടിന്റെ ഭാഗങ്ങളിലേയ്ക്ക് ഞങ്ങളീ യാത്ര നടത്തിയത് അഞ്ചാറ് മാസങ്ങൾക്ക് മുൻപാണ്. ഇപ്പോൾ ഈ അവസാന ഭാഗം എഴുതുന്നത് ഒരു അറേബ്യൻ പട്ടണത്തിൽ, ഒരു കെട്ടിടത്തിന്റെ ഇരുപത്തിയഞ്ചാമാത്തെ നിലയിലിരുന്നാണ്. അടുത്തായി ഉയരമുള്ള മറ്റു ചില കെട്ടിടങ്ങളുടെ വിവിധ നിറമുള്ള കണ്ണാടിച്ചില്ലുകളിൽ വൈവിധ്യത്തോടെ സൂര്യൻ ചിതറുന്നതിന്റെ  ജാലകക്കാഴ്ച. തവിടൻ മണൽഭൂമിയിൽ ചരലുകൾ വാരിവിതറിയത്‌ പോലുള്ള ഉയരം കുറഞ്ഞ കെട്ടിടങ്ങൾ ഒരു നൂതന ജനപദത്തിന്റെ ആവേഗങ്ങളുമായി, അതിനുമപ്പുറം, പൊടിനിറഞ്ഞ ചാരച്ചക്രവാളത്തിൽ ലയിക്കുന്നു. അകലെ, വിമാനത്താവളത്തിൽ നിന്നും, ഏതൊക്കെയോ വിദൂരമാനസങ്ങൾ തേടി പറന്നുയർന്നു പോകുന്ന വിമാനങ്ങളുടെ നിര കാണാം. മറുഭാഗത്ത് ഉൾക്കടലിന്റെ അതിർത്തിയിലൂടെ സാവധാനം നീങ്ങുന്ന ചരക്കുകപ്പലിന്റെ അവ്യക്തരൂപവും.

എന്നും കാണുന്നതു കൊണ്ട് വിരസമാണ് ഈ കാഴചകൾ.

എന്നാൽ യാത്രകൾ എഴുതാനിരിക്കുമ്പോൾ, ആ ഓർമ്മകളിലേയ്ക്ക് തിരിച്ചു പോകുമ്പോൾ, ചുറ്റുപാടും മനോപരിസരവും മാറുന്നു. കണ്മുന്നിലുള്ള പട്ടണം മറഞ്ഞുപോകുന്നു. ദക്ഷിണസഹ്യന്റെ ഇലമണവുമായി തെക്കൻകാറ്റ് മുറിയിൽ പതിഞ്ഞ വേഗത്തിൽ വീശുന്നു. യാത്രകൾ നൽകുന്ന അതുല്ല്യമായ, ആഹ്ല്ലാദജന്യമായ അനുഭൂതിതലമാണത്..., അതുകൊണ്ടുകൂടി ഈ യാത്രയെഴുത്തുകൾ!

- അവസാനിച്ചു - 

9 അഭിപ്രായങ്ങൾ:

  1. ഇതില്‍ പറയുന്ന പല നിഗമനങ്ങളോടും യോജിക്കാന്‍ പറ്റുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  2. വിജ്ഞാനപ്രദമായ ഒരു യാത്രാവിവരണം. ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടവും കൂടെയാണിത്. നല്ല ഭാഷയും. ഞാന്‍ മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ ഇത്രയും നല്ല ഇന്‍ഫോര്‍മെറ്റിവ് പോസ്റ്റുകള്‍ വായിക്കാന്‍ ബ്ലോഗില്‍ ആളുകള്‍ കുറയുന്നത് സങ്കടപ്പെടുത്തുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിജ്ഞാനപ്രദം എന്നാൽ ലളിത വായനക്കാർക്ക് വിരസം എന്നും കൂടിയാണെന്ന് തോന്നുന്നു :-) . താങ്കളുടെ മുടങ്ങാതുള്ള വായനയും അഭിപ്രായവും പ്രോത്സാഹജനകം.

      ഇല്ലാതാക്കൂ
  3. അറിയാത്ത കാര്യങ്ങളാണ് പങ്കുവെച്ചത്. വിവരണം നന്നായി ഇഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  4. ക്ലാസുകളിൽ പഠിപ്പിക്കാനുള്ള ആവശ്യംകൊണ്ടും, വ്യക്തിപരമായ താൽപ്പര്യംകൊണ്ടും സമൂഹങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഗവേഷണബുദ്ധിയോടെയുള്ള വസ്തു നിഷ്ഠമായ അന്വേഷണങ്ങൾ നടത്തുന്ന ഇത്തരം ബ്ലോഗുകൾ മലയാളത്തിൽ അപൂർവ്വമാണ്. യാത്രകളിലൂടെ താങ്കൾ നടത്തുന്ന ഇത്തരം അന്വേഷണങ്ങൾ എന്നെപ്പോലെയുള്ളവർക്ക് പ്രയോജനകരമാവുന്നത് ഇതുകൊണ്ടാണ്.....

    തന്റെ അന്വേഷണങ്ങളുടേയും കാഴ്ചപ്പാടുകളുടേയും വെളിച്ചത്തിൽ എം.ജി.എസ് പറഞ്ഞു എന്നതുകൊണ്ട് അത് നാം സ്വീകരിക്കേണ്ടതില്ല. സെന്റ് തോമസിന്റെയും, തുടർന്നുള്ള കൃസ്തീയ മുന്നേറ്റത്തിന്റേയും ചരിത്രത്തെ തിരുവിതാംകോടുമായി ബ്ന്ധിപ്പിച്ച് അറിയുന്നത് ആദ്യമായാണ്. തരിസായ്ക്കളെക്കുറിച്ചും, മലങ്കര ഓർത്തഡോക്സ് സഭയെക്കുറിച്ചും വളരെ വ്യത്യസ്ഥമായ വസ്തുനിഷ്ഠമായ ഒരു പഠനമാണ് താങ്കൾ അവതരിപ്പിച്ചത്....

    പുതിയ കാഴ്ചപ്പാടുകൾ തന്നതിന് നന്ദി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സമഗ്രവായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി!

      ഇല്ലാതാക്കൂ
  5. എത്തിപ്പെടാന്‍ വൈകിപ്പോയി.... അവസാന ഭാഗമാണ് വായിച്ചതെങ്കിലും ....ഉടനെ ആദ്യ ഭാഗങ്ങൾ വായിക്കും.....
    പുതിയത്തനറിവുകള്‍ ലളിത ഭാഷയിൽ ഭംഗിയായി അവതരിപ്പിച്ചു......ചരിത്രത്തിലേക്കുള്ള എത്തിനോട്ടം സഞ്ചാര വിവരണത്തിനു മാറ്റുകൂട്ടി....ഭാവുകങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ