2011, നവംബർ 22, ചൊവ്വാഴ്ച

കബനിയുടെ കരയില്‍ - അഞ്ച്

ഒന്നാം ഭാഗം
നാലാം ഭാഗം

കേരളത്തില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപെട്ടു നടന്നിട്ടുള്ള സമരങ്ങളില്‍ ആദ്യമായി ഉയര്‍ന്നുവരുന്ന പേരുകളില്‍ ഒന്നാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേത്. ബ്രിട്ടീഷുകാരോട് പൊരുതിമരിച്ച ധീരദേശാഭിമാനിയായാണ് പഴശ്ശിരാജ ഓര്‍മ്മിക്കപ്പെടുന്നത്. സര്‍ദാര്‍ കെ. എം. പണിക്കരുടെ 'കേരള സിംഹം' എന്ന നോവല്‍ പഴശ്ശിരാജയുടെ ജീവിതത്തെ അധാരമാക്കിയുണ്ടായ ഒരു കലാസൃഷ്ടിയാണ്. എം. ടി. വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'കേരളവര്‍മ്മ പഴശ്ശിരാജ' എന്ന സിനിമയും ഈ അടുത്തകാലത്ത് വെട്ടംകാണുകയുണ്ടായല്ലോ. പഴശ്ശിരാജയുടെ ചരിത്രത്തിന്റെ പൂര്‍വ്വഭാഗം പക്ഷെ ബ്രിട്ടീഷുകാരുമായുള്ള ചങ്ങാത്തത്തിന്റെ കൂടിയായിരുന്നു എന്നത് പലപ്പോഴും നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കാറുണ്ട്. സി. വി. രാമന്‍പിള്ളയുടെ ചരിത്രാഖ്യായികകള്‍ തിരുവിതാംകൂറിന്റെ ചരിത്രമായി പൊതുസമൂഹത്തിന്റെ ജാഗ്രത്തല്ലാത്ത ഇടങ്ങളില്‍, അവയുടെ പ്രസിദ്ധീകരണത്തിനുശേഷം എക്കാലത്തും നിലനിന്നുപോരുന്നുണ്ട്. ചരിത്രത്തോട് കാര്യമായ പ്രതിബദ്ധത പുലര്‍ത്താത്ത സര്‍ദാര്‍ കെ. എം. പണിക്കരും എം. ടി. വാസുദേവന്‍ നായരും അത്തരത്തില്‍ ഒരു വക്രീകരണം പഴശ്ശിരാജയുടെ കാര്യത്തിലും ബോധപൂര്‍വം ഉണ്ടാക്കിയെടുത്തു എന്നുവേണം അനുമാനിക്കാന്‍. അമാനുഷികമായ ബിംബങ്ങളെ സൃഷ്ടിക്കുക എന്നത് പോപ്പുലര്‍ കലാപ്രവര്‍ത്തനത്തിന്റെ ഭൂമിക കൂടിയാവും.

മാനന്തവാടിയിലെ പഴശ്ശി സ്മാരകം. ഇവിടെയാണ്‌ പഴശ്ശിയെ അടക്കിയിരിക്കുന്നത് 
ഏതെങ്കിലും തരത്തില്‍ പഴശ്ശിരാജയുടെ ജീവിതത്തെയും സമരത്തെയും ലോപമായി കാണുന്നു എന്നൊരു വിവക്ഷ ഈ പറഞ്ഞതിന് ഇല്ലതന്നെ. ഹൈദരലിയുടെ പടയോട്ടകാലത്ത്, രാജാക്കന്മാരും രാജകുടുംബങ്ങളും പ്രഭുക്കന്മാരുമൊക്കെ തിരുവിതാംകൂറിലേക്ക് പലായനം ചെയ്തപ്പോള്‍ നാടുവിട്ട് ഓടിപോകാതെ സാധാരണ ജനങ്ങളോടൊപ്പംനിന്ന്, ഇരുപത്തിയൊന്നാമത്തെ വയസ്സില്‍, അവര്‍ക്ക് നേതൃത്വം കൊടുത്ത ധീരനായിരുന്നു പഴശ്ശിരാജ. പില്‍ക്കാലത്ത് ബ്രിട്ടീഷുകാരെപ്പോലും അമ്പരപ്പിക്കും വിധം താഴേതട്ടിലുള്ള ജനവിഭാഗത്തിന്റെ ക്രമാതീതമായ പിന്തുണ പഴശ്ശിരാജയ്ക്ക് ലഭിച്ചതിന്റെ കാരണം ആപല്‍ഘട്ടത്തില്‍ അവരോടൊപ്പം നിന്ന് എല്ലാ ദുരന്തങ്ങളെയും നേരിടാനും അതിനെതിരെ സമരം ചെയ്യാനും കാണിച്ച ധൈര്യം തന്നെയായിരുന്നു. ടിപ്പുവിനെതിരെ പൊരുതാന്‍ ബ്രിട്ടീഷുകാരെ കൂട്ടുപിടിച്ച പഴശ്ശി (തിരിച്ചും) ടിപ്പുവിന്റെ കാലശേഷം അവര്‍ക്കെതിരെ തിരിയുന്നതിന്റെ വ്യക്തിപരവും സാമൂഹികവും ആയ അന്വേഷണങ്ങള്‍ ആഴത്തിലേക്ക് പോയിട്ടില്ല. യൌവ്വനാരംഭത്തില്‍ തന്നെ യുദ്ധത്തിലേക്കും ഒളിപ്പോരുകളിലേക്കും എടുത്തെറിയപ്പെട്ട പഴശ്ശിയുടെ ജീവിതം മുഴുവന്‍ ആ അവസ്ഥ തുടരുന്നത് കാണാം. ചെറിയ കാരണങ്ങള്‍കൊണ്ട് തന്നെ സമരരീതിയിലേക്ക് തിരിയുന്ന മാനസികാവസ്ഥ ഒരു war loard - ന്റെതാണ്. മൈസൂര്‍ പടയ്ക്കെതിരെ തങ്ങളോടൊപ്പം നിന്ന പഴശ്ശിക്കു യുദ്ധാനന്തരം അധികാരം നല്‍ക്കാതെ, അദ്ദേഹത്തിന്റെ അമ്മാവന് നല്‍കിയതില്‍ ബ്രിട്ടീഷുകാര്‍ക്ക് സാമൂഹികമായ ചില ന്യായവാദങ്ങള്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. വില്യം ലോഗന്‍ 'മലബാര്‍ മാന്വലി'ല്‍ കേരളത്തിലെ ശിക്ഷാരീതികളെ കുറിച്ച് എഴുതുന്നിടത്ത് ഇങ്ങിനെ പരാമര്‍ശിച്ചു കാണുന്നു: "ആളുകളെ ജീവനോടെ കഴുവില്‍ കയറ്റുന്നതും അപൂര്‍വ്വമായിരുന്നില്ല. 1795  ജൂണില്‍ ബ്രിട്ടീഷ് വിരുദ്ധ ലഹളകളുടെ തലവനായിരുന്ന പഴശ്ശി(പൈച്ചി)യുടെ ഉത്തരവിന്‍ പ്രകാരം, കോട്ടയം താലൂക്കില്‍ പെട്ട വെങ്ങോട് ഒരു നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുറ്റമാരോപിച്ചു, നാമമാത്രമായ വിചാരണ നടത്തി രണ്ടു മാപ്പിളമാരെ ഈ വിധത്തില്‍ കഴുവേറ്റുകയുണ്ടായി".

സ്മാരകത്തിൽ ആലേഖനം ചെയ്തിരിക്കുന്ന പഴശ്ശിയുടെ രൂപം
പുല്‍പ്പള്ളിക്കടുത്ത് മാവിലത്തോട്‌ എന്ന ചെറിയ നദിയുടെ കരയില്‍ വച്ചാണ് 1805 നവംബര്‍ 30-നു ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ്‌ പഴശ്ശിരാജ മരിക്കുന്നത്. പഴശ്ശിക്കെതിരെ പടനയിച്ച തോമസ്‌ ബാബര്‍ എന്ന പരന്ത്രീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്‍റെ ശവശരീരം മാനന്തവാടിയില്‍ കൊണ്ടുവന്ന് രാജകീയ ബഹുമതികളോടെ സംസ്കരിച്ചു. പഴശ്ശിയോടൊപ്പം ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ രോഗിണിയായ ഭാര്യയേയും ബാബര്‍ വേണ്ടുന്ന പരിഗണനകള്‍ നല്‍കിയാണ് ആനയിച്ചതെന്നു ചരിത്രം സൂചിപ്പിക്കുന്നു.  പഴശ്ശിരാജയുടെ ആദ്യഭാര്യയാണ് അപ്പോള്‍ കൂടെ ഉണ്ടായിരുന്നതെന്ന് പല ചരിത്രപരാമര്‍ശനങ്ങളും ഉണ്ടെങ്കിലും എം. ടി. യുടെ കഥയില്‍ അത് രണ്ടാം ഭാര്യയായ കൈതേരി മാക്കം ആയി മാറുന്നു.

പഴശ്ശിയെ സംസ്കരിച്ച സ്ഥലത്ത് നട്ട മരം നിന്നിരുന്ന ഭാഗം
മാനന്തവാടി പട്ടണത്തില്‍ തന്നെ ജില്ലാ ആശുപത്രിക്കടുത്തായി ഒരു ചെറിയ കുന്നിനു മുകളില്‍ പഴശ്ശിയെ സംസ്കരിച്ച സ്ഥലത്താണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്. പഴശ്ശിയെ സംസ്കരിച്ചിടത്ത് ഒരു മരംനട്ടിരുന്നുവത്രേ. ഇന്ന് ആ മരം ഇല്ല. ആ മരം നിന്ന ഭാഗം വെട്ടുകല്ലുകള്‍ കൊണ്ടുള്ള ഒരു വൃത്തനിര്‍മ്മിതിയില്‍ മണ്‍ഡപത്തിനകത്തായി സംരക്ഷിച്ചിരിക്കുന്നത് കാണാം, ചുറ്റും വൃത്തിയുള്ള ചെറിയൊരു ഉദ്യാനവും. മണ്‍ഡപത്തിന്റെ ചുമരില്‍ ആലേഖനം ചെയ്തിരിക്കുന്ന പഴശ്ശിരാജയുടെ ചിത്രത്തിന് പക്ഷെ യഥാര്‍ത്ഥ ചരിത്രവ്യക്തിയുമായി സാമ്യം ഉണ്ടോ എന്നത് സംശയാസ്പദമാണ്. മീശയും താടിയും വച്ച ഒരു കുറിയ മനുഷ്യനായാണ് പഴശ്ശിരാജയെ നേരിട്ട് കണ്ടിട്ടുള്ളവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മമ്മൂട്ടിയുടെ ആകാരസൌഷ്ടവത്തിലേക്ക് അതിനെ വിന്യസിപ്പിക്കാന്‍ വയ്യ.    

വീരക്കല്ല്
'കേരള സിംഹം' എന്ന നോവലില്‍ ഒരു ഭാഗത്ത് ഇങ്ങിനെ കാണാം: "വഴിയോ പകല്‍ തന്നെ വളരെ ആപല്‍ക്കരമായത്. രാത്രിയാണെങ്കില്‍ ചോദിക്കേണ്ടതുണ്ടോ? കയ്യില്‍കിട്ടുന്നവരെ പിടിച്ച് അടിമകളായി വില്‍ക്കുന്ന ഏര്‍പ്പാട് അക്കാലത്ത് നിലനിന്നിരുന്നു. കുഞ്ഞിക്കോയ എന്ന പ്രബലനായ മരയ്ക്കാരുടെ ആളുകള്‍ ഇതിലേയ്ക്കായി നാട്ടുംപുറങ്ങളില്‍ സഞ്ചരിച്ചു വിജനപ്രദേശങ്ങളിലോ രാത്രിയിലോ കാണുന്നവരെ പിടിച്ചുകൊണ്ട് പോകുന്ന ഭയങ്കര വൃത്താന്തം എല്ലാവര്‍ക്കും അറിയാവുന്നതായിരുന്നു". അക്കാലഘട്ടത്തിലെ വഴിയാത്രകള്‍ എത്തരത്തിലുള്ളതായിരുന്നു എന്ന് സൂചനതരും ഈ വരികള്‍. വിജനപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന യാത്രാസംഘങ്ങളെ ആയുധധാരികളായ നായര്‍പടയാളികള്‍ അനുഗമിച്ചിരുന്നു. യാത്രാമദ്ധ്യേ കൊള്ളക്കാരുമായുള്ള ഏറ്റുമുട്ടലുകള്‍ കുറവായിരുന്നില്ല. അത്തരം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന നായര്‍പടയാളികളുടെ സ്മരണാര്‍ത്ഥം ചെറിയ ശിലകള്‍ നാട്ടുമായിരുന്നത്രേ. അവയെ വീരക്കല്ലുകള്‍ എന്നാണ് പറഞ്ഞിരുന്നത് - നമ്മുടെ കാലത്തെ രക്തസാക്ഷിമണ്‍ഡപങ്ങളുടെ പൂര്‍വ്വരൂപങ്ങള്‍ എന്ന് പറയാന്‍ സാധിക്കുമായിരിക്കും. പഴശ്ശികുടീരത്തിന് താഴെയായി സജ്ജീക്കരിച്ചിട്ടുള്ള ചെറിയൊരു മ്യൂസിയത്തിനുള്ളില്‍ ഇത്തരം വീരകല്ലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

(തുടരും)

3 അഭിപ്രായങ്ങൾ:

  1. ലാസർ..വിജ്ഞാനപദമായ വിവരണം..താങ്കൾ പറഞ്ഞതുപോലെ ചരിത്രകാരന്മാരും, എഴുത്തുകാരും പലപ്പോഴും ചരിത്രത്തോട് പ്രതിബദ്ധത പുലർത്താതെ, എഴുതുന്നതായി എനിക്കും മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്..ഇവിടെ ഡൽഹിയിലെ പല സ്ഥലങ്ങളും സന്ദർശിക്കുമ്പോഴും ലഭ്യമാകുന്ന പല വിവരങ്ങളും, നമ്മൾ ചരിത്രപുസ്തകങ്ങളിൽ പഠിച്ചതിൽനിന്നും തികച്ചും വ്യത്യസ്തമാണ്.സ്വാതന്ത്ര്യസമരമെന്ന ലേബൽ ലഭിക്കുവാൻ യഥാർത്ഥമായ പല സത്യങ്ങളെയും ആ ചരിത്രങ്ങൾക്കുപിന്നിൽ മറച്ചുവച്ചിരിക്കുന്നു..എല്ലാ യുദ്ധങ്ങളും സ്വാതന്ത്ര്യസമരമായി വ്യാഖ്യാനിക്കപ്പെടുന്നു..ഏതാണ് സത്യം.. ഏതാണ് കള്ളം എന്ന് പലപ്പോഴും സാധാരണ ജനം തിരിച്ചറിയാതെ പോകുന്നു...പഴശ്ശിയുടെ ചരിത്രം പരിശോധിച്ചാലും ഈ വക്രത നമുക്ക് കാണുവാൻ സാധിക്കും..അറിയാവുന്ന വിവരങ്ങൾ തുറന്നെഴുതുക...ആശംസകൾ നേരുന്നു..സ്നേഹപൂർവ്വം ഷിബു തോവാള.

    മറുപടിഇല്ലാതാക്കൂ