2012, ഫെബ്രുവരി 29, ബുധനാഴ്‌ച

കബനിയുടെ കരയില്‍ - എട്ട്

ഒന്നാം ഭാഗം

കേരളത്തിലെ ഏറ്റവും വൃത്തിയുള്ള സ്ഥലങ്ങളില്‍ ഒന്നാണെന്ന് തോന്നുന്നു വയനാട്. കല്‍പ്പറ്റയും സുല്‍ത്താന്‍ബത്തേരിയും മാനന്തവാടിയും ഒക്കെ പോലെയുള്ള പട്ടണങ്ങളില്‍ അതിന്റേതായ മലിനീകരണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മൂന്നാര്‍ പട്ടണത്തെയോ കുമളി പട്ടണത്തെയോ പോലെ എന്തായാലും അനുഭവപ്പെടില്ല. പ്രാന്തപ്രദേശങ്ങളും ഗ്രാമങ്ങളുമൊക്കെ താരതമ്യേന മലിനീകരിക്കപെടാതെ നില്‍ക്കുന്നുണ്ട്. വഴികളില്‍ കൊണ്ടുതള്ളുന്ന ചവറുകളോ നിരത്തിലേക്ക് ഇറങ്ങിനില്‍ക്കുന്ന മാടകടകളോ ഒക്കെ തുലോം കുറവായി കാണപ്പെട്ടു. പ്രകൃത്യാ വയനാടിന് ലഭിച്ചിരിക്കുന്ന ഹരിതഭംഗിയും ജനസാന്ദ്രതയുടെ കുറവും ഒക്കെ ഇതിലേക്ക് സംഭാവന ചെയ്തിരിക്കാം. ഈ വാദത്തെ സാധൂകരിക്കാന്‍ ഉതകും പൂക്കോട് തടാകം.

പൂക്കോട് തടാകം
പൂക്കോടിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിനെ ആവരണം ചെയ്തു നില്‍ക്കുന്ന നിബിഡമായ വനഭംഗി തന്നെ. അടുക്കടുക്കുകളായി ഉയര്‍ന്നുപോകുന്ന ഹരിതതിരശ്ശീലകള്‍ . തുഴവള്ളത്തില്‍ ഞങ്ങളെ തടാകത്തിലൂടെ കൊണ്ടുപോയ തോണിക്കാരന്‍ പറഞ്ഞത് പച്ചനിറത്തിന്റെ 1200 - ഓളം  വകഭേദങ്ങള്‍ ഈ മരക്കൂട്ടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവും എന്നാണ്. എണ്ണം എത്രയായാലും ഹരിതവര്‍ണ്ണത്തിന്റെ അനേകം അടരുകള്‍ വ്യക്തമായും കാണാം. പിന്നീട് പല കൈവഴികൾ ചേർന്ന് തിടംവയ്ക്കുന്ന കബനിയുടെ പ്രഭവജലസ്രോതസ്സിന്റെ മുഖ്യ ഉറവിടം പൂക്കോട് തടാകമാണ്. പനമരംനദിയായി അതിവിടെ നിന്നും യാത്രതുടങ്ങുന്നു.

തടാകകരയിൽ ഹരിതാഭയുടെ വർണ്ണഭേദം
പൂക്കോട് തടാകത്തില്‍ യന്ത്രബോട്ടുകള്‍ അനുവദിച്ചിട്ടില്ല. ജലം മലിനീകരിക്കപ്പെടാതിരിക്കാനാണ് ഇത്. ഒപ്പം ശബ്ദമലിനീകരണവും ഒഴിവായിക്കിട്ടും എന്നത് തുഴവള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് മനസ്സിലാവും. പക്ഷികളുടെ ആരവപ്രതിധ്വനികള്‍ തടാകത്തിനു നടുവിലും കേള്‍ക്കാം. വയനാട് ടൂറിസം കൌണ്‍സിലിന്റെ ഈ ശ്രദ്ധ പ്രശംസനീയം. ആഴ്ച്ചാവസാനങ്ങളിലെ വൈകുന്നേരങ്ങള്‍ ചിലവിടാന്‍ ഇടയ്ക്കൊക്കെ ചെന്ന് ഇരിക്കാറുണ്ടായിരുന്ന, വീടിനടുത്തുള്ള, വേളി കായലില്‍ നിന്നും തുലോം വത്യസ്ഥമാണ്‌ പൂക്കോട് തടാകം. വെള്ളത്തില്‍ യന്ത്രബോട്ടും ജെറ്റ്സ്കീയും കരയില്‍ കുതിരസവാരിയും ജയന്റ് വീലും ഒക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന അസഹ്യമായ പരിസരമാണ് വേളിയില്‍ . ഒപ്പം കാനായി കുഞ്ഞിരാമന്റെ പരിസരത്തിന് ഇണങ്ങാത്ത കുറേ കോണ്‍ക്രീറ്റ് രൂപങ്ങളും.

മീൻകാത്ത് ഒരു പൊന്മാൻ
ദേശീയപാതയില്‍ നിന്ന് അധികം അകലയല്ലാത്തതിനാല്‍ , കോഴിക്കോട് നിന്നുള്ളവര്‍ക്ക് പോലും ദൈനംദിനങ്ങളുടെ തിരക്കില്‍ നിന്നും മാറി ഒരു ദിവസത്തേയ്ക്ക്  ചുരം കയറിവന്ന്  ആസ്വദിച്ചുപോകാന്‍ പറ്റുന്ന ഒരിടമാവും പൂക്കോട് തടാകം. തടാകത്തിനെ ചുറ്റി ഒരു നടപ്പാതയുണ്ട്. സസ്യവൈവിധ്യത്തിന്റെ നിബിഡതയിലൂടെ അലസസഞ്ചാരം ചെയ്യാന്‍ പറ്റിയ ഇടം. സമയകുറവുണ്ടായിരുന്നത് കൊണ്ട്, തടാകം മുഴുവന്‍ വഞ്ചിയില്‍ കറങ്ങിയത് പോലെ, നടന്ന് മുഴുവന്‍ വൃത്തവും പൂര്‍ത്തിയാക്കാനുള്ള അവസരം ഉണ്ടായില്ല.

തടാകകരയിലെ മറ്റൊരു കാഴ്ച
വയനാട് വിടുന്നതിനുമുന്‍പ് ഒരു സ്ഥലത്തെ കുറിച്ചുകൂടി പരാമര്‍ശിക്കേണ്ടതുണ്ട്. അഞ്ചു ദിവസം ഞങ്ങള്‍ക്ക് ആതിഥ്യം നല്‍കിയ 'ബാണാസുര ഐലന്ഡ് റിട്രീറ്റ്' എന്ന റിസോര്‍ട്ടിനെ കുറിച്ചാണത്. ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്നും മൂന്നാല് കിലോമീറ്റര്‍ ഉള്ളില്‍, അര്‍ദ്ധവനപ്രകൃതിയില്‍ , കായല്‍ കരയിലായാണ് ഈ റിസോര്‍ട്ട്. വളരെ ഇടുങ്ങിയതും വശങ്ങളില്‍ കുത്തനെ കൊല്ലികളുള്ളതുമായ ഗാട്ട് റോഡിലൂടെ അവസാനത്തെ കുറച്ചു ദൂരം വണ്ടിയോടിക്കുന്നതിന്റെ അപകടസാധ്യത ഒഴുവാക്കിയാല്‍ വളരെ എക്സോട്ടിക്ക് ആയിട്ടുള്ള സ്ഥലം. ഇത്തരം വനപ്രദേശങ്ങളില്‍ റിസോര്‍ട്ടുകള്‍ വരുന്നതെങ്ങിനെയെന്ന ഈയടുത്ത് വളരെ ചര്‍ച്ചചെയ്യപ്പെട്ട വിഷയം ബാക്കിനില്‍ക്കെ തന്നെ, ഈ സ്ഥലത്ത് കുറച്ചു ദിവസം താമസിക്കുന്നതിന്റെ അപൂര്‍വമായ അനുഭവം, പ്രകൃതിയുടെ ഏകാന്തനേരങ്ങളെ അഭിലഷിക്കുന്ന ആര്‍ക്കും അതുല്യമായി തോന്നാതിരിക്കില്ല.

റിസോർട്ടിൽ നിന്നും ബാണാസുരസാഗർ റിസർവോയറിലേയ്ക്ക് ഒരു മഴക്കാഴ്ച
പ്രശസ്ത കവിയായ ഒളപ്പമണ്ണയുടെ പുത്രന്‍ രാകേഷിന്റെയും അദേഹത്തിന്റെ പത്നി പാര്‍വ്വതിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. അവരും മറ്റു ജോലിക്കാരും വളരെ ഊഷ്മളവും ഉപചാരപൂര്‍വ്വവുമായ രീതിയിലാണ്, അവിടെ താമസിച്ച ദിവസങ്ങളിലെല്ലാം, ഞങ്ങളോട് പെരുമാറിയത്. വയനാട് കാണാന്‍ ഇറങ്ങുന്നവരെക്കാള്‍ ഈ സ്ഥലം ഉപയുക്തമാവുക, പട്ടണത്തിന്റെയും ജീവിതത്തിന്റെയും വ്യഗ്രതകളില്‍ നിന്നുമാറി കുറച്ചു ദിവസം പ്രകൃതിയുടെ മടിയില്‍ ഏകാന്തമായി ആമഗ്നമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായിരിക്കും.

റിസോർട്ടിന്റെ മുറ്റത്തേയ്ക്കുള്ള മറ്റൊരു കാഴ്ച
നാലുകെട്ട് മാതൃകയില്‍ ഉള്ള പ്രധാന കെട്ടിടത്തിന്റെ വിശാലമായ ബാല്‍ക്കണിയില്‍ കായലിലേക്കും വയനാടന്‍ മലമടക്കുകളിലേക്കും നോക്കി എത്രനേരം വേണമെങ്കിലുമിരിക്കാം. അപ്പോള്‍ നേരിയ ഇരമ്പത്തോടെ, ചക്രവാളത്തെ കറുപ്പിച്ച മേഘവന്യതയില്‍ നിന്നും  മലയിറങ്ങി മഴവരും. മലയുടെ അടരുകളില്‍ വര്‍ണ്ണഭേദം സൃഷ്ടിച്ചു മഴ ഒഴുകിവരുന്നത് വ്യക്തമായും കാണാം. പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ ആത്മാവിന്റെ സിരകളെ തഴുകി  രാത്രിമഴയിലേക്ക്‌ തിമിര്‍ക്കും...

വയനാട് വിടുകയാണ്. ഇനിയും കാണാന്‍ ബാക്കിയുള്ള ഇടങ്ങളിലൂടെ സഞ്ചരിക്കാനായി എന്നെങ്കിലും മടങ്ങിവരാം എന്ന പ്രതീക്ഷയോടെ!

(അവസാനിച്ചു) 

3 അഭിപ്രായങ്ങൾ:

  1. ലാസർ...അങ്ങനെ വയനാടൻ യാത്രകൾ അവസാനിച്ചു അല്ലേ..?എല്ലാ യാത്രകളും വളരെ നന്നായി അവതരിപ്പിച്ചു.ഇത്തവണ ചിത്രങ്ങളും ഏറെയുണ്ടല്ലോ. ഇനി എങ്ങോട്ടാണ് യാത്ര....? കൂറ്റുതൽ നല്ല യാത്രകൾ ആശംസിയ്ക്കുന്നു. സ്നേഹപൂർവ്വം ഷിബു തോവാള.

    മറുപടിഇല്ലാതാക്കൂ
  2. വയനാടന്‍ കാഴ്ചകള്‍ മനോഹരം...

    മറുപടിഇല്ലാതാക്കൂ