2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

പൗരാണികതയുടെ ചെറുനീക്കിയിരിപ്പ്

പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയ്ക്കടുത്ത് കവിയൂരിൽ പുരാതനമായൊരു ഗുഹാക്ഷേത്രമുണ്ടെന്ന് കുറച്ചുനാളായി കേട്ടറിവുണ്ട് - കേരളത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നായി കരുതാവുന്ന കവിയൂര്‍ തൃക്കകുടി ഗുഹാക്ഷേത്രം! പത്തനതിട്ടയുടെ മരുമകനായതിനു ശേഷം തിരുവല്ല - പത്തനതിട്ട വഴിയിലൂടെ, അവധിക്കാലനാളുകളിൽ, നിരന്തരം യാത്രചെയ്യാറുണ്ട്. അതൊക്കെ തന്നെ പലവിധ ആവശ്യങ്ങൾക്കായി തിരക്കുപിടിച്ച് നടത്തുന്ന യാത്രകളായതിനാൽ ഒരിക്കൽപോലും വഴിതിരിഞ്ഞ് അധികം ദൂരെയല്ലാത്ത കവിയൂരിലേയ്ക്ക് പോകാൻ സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ എന്തായാലും അതിനുള്ള സാവകാശം ലഭിക്കുക തന്നെ ചെയ്തു.

കവിയൂർ. ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്ന പാറ ദൂരെ കാണാം
മഴപെയ്ത് തോർന്ന ഉച്ചതിരിഞ്ഞ നേരത്താണ് ഞങ്ങൾ അവിടെ എത്തിയത്. പ്രധാനപാതയിൽ നിന്നുതന്നെ ഗുഹാക്ഷേത്രമിരിക്കുന്ന പാറക്കെട്ട് കാണാം. അവിടേയ്ക്കുള്ള നാട്ടുവഴി മഴവെള്ളം നിറഞ്ഞ് ചതുപ്പുനിലം പോലെയായിട്ടുണ്ട്. പാറയുടെ വശങ്ങളിലായുള്ള ഒന്നുരണ്ട് ചെറുവീടുകളിലെ കുട്ടികൾ കളിച്ചുനടക്കുന്നത് കണ്ടതൊഴിച്ചാൽ പരിസരം വിജനവും ഉപേക്ഷിക്കപ്പെട്ട നിലയിലുമാണ്.

പാറയുടെ മറ്റൊരു പാർശ്വക്കാഴ്ച 
പാറയുടെ താഴ് വശത്തും ഗുഹയിലേയ്ക്കുള്ള പടവുകളിലും ആകമാനം പുൽക്കാടുകൾ പടർന്നുകിടക്കുകയാണ്. ഈ പച്ചപടർപ്പും മഴമേഘങ്ങൾ സൃഷ്‌ടിച്ച നിഴൽവീണ അന്തരീക്ഷവും കൂടി ഒരുതരം അഭൗമവും നിഗൂഡവുമായ ഭാവം ആ പ്രദേശത്തിന് പ്രദാനം ചെയ്യുന്നുണ്ടായിരുന്നു.

ക്ഷേത്രത്തിലേയ്ക്കുള്ള കാടുപിടിച്ച പടവുകൾ
ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ ഗുഹാക്ഷേത്രം ഒരു പാറമുഖം കൊത്തിയെടുത്ത് സാക്ഷാത്കരിച്ചതാണ്. അതേ പാറയിൽ തന്നെ കൊത്തിയതാണ് ഉള്ളിലെ ശിവലിംഗവും വശങ്ങളിലെ ദ്വാരപാലകശില്പങ്ങളും. ശിവലിംഗത്തിന് പിന്നിലായി കാണുന്ന പുഷ്പാകൃതിയിലുള്ള കണ്ണാടി ഒരു പിൽക്കാല നിർമ്മിതിയാവാനാണ് സാധ്യത.

ഗുഹാക്ഷേത്രം
ഈ കാലഗണനയ്ക്ക് നിദാനമായ കാരണങ്ങളിൽ പ്രധാനം ഈ ഗുഹാക്ഷേത്രത്തിന്റെ നിർമ്മാണരീതികൾ അക്കാലത്ത് തെക്കേയിന്ത്യയിൽ പ്രബലമായിരുന്ന പല്ലവ വാസ്തുസൃഷ്ടികളോട് അടുത്ത സാമ്യം പുലർത്തുന്നു എന്നതാണ്. പല്ലവ സാമ്രാജ്യത്തിൽ കേരളത്തിന്റെ ഈ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നതായി കരുതനാവില്ലെങ്കിലും അക്കാലത്തെ വാസ്തുനിർമ്മിതികളൊക്കെയും തെക്കേയിന്ത്യയിൽ ആകമാനം സാമാന്യമായ ഒരു രീതിശാസ്ത്രം പിന്തുടന്നിരുന്നതായി ന്യായമായും അനുമാനിക്കാം - കലാവൃത്തിക്ക് ദേശാതിരുകൾ ഇല്ലല്ലോ.

ക്ഷേത്രത്തിനുള്ളിലെ ശിവലിംഗവും ദ്വരപാലക ശില്പവും
മാമല്ലപുരത്തും (മാഹാബലിപുരം) പരിസരങ്ങളിലുമുള്ള പല്ലവ ക്ഷേത്ര, ശില്പ സമുച്ചയങ്ങളോട് ഈ ക്ഷേത്രം പ്രകടിപ്പിക്കുന്ന മമത ഒട്ടും കുറവല്ല. പ്രവേശനഭാഗത്ത് പാറയിൽ കൊത്തിനിർമ്മിച്ചിരിക്കുന്ന ദ്വാരപാലകരുടെ ശില്പങ്ങൾക്ക് പല്ലവകാലത്ത് പണി കഴിപ്പിക്കപ്പെട്ട ക്ഷേത്രശില്പങ്ങളോട് അസാമാന്യമായ സാമ്യമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ക്ഷേത്രനടയിലെ മരം
1967 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത ഈ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. അത് പറയുമ്പോൾ കുറച്ചു് സബ്ജെക്റ്റീവ് ആവാതെ തരമില്ല എന്നാവുന്നു. പുരാവസ്തു വകുപ്പ് ഇവിടെ സംരക്ഷിക്കുന്നത് എന്താണെന്ന് സന്ദർശകർ അത്ഭുതപ്പെടാതിരിക്കില്ല. അത്രയ്ക്ക് അവഗണിക്കപ്പെട്ടിരിക്കുന്നു ഈ ക്ഷേത്രവും പരിസരവും. പ്രകൃത്യാലഭ്യമായിരുന്ന പാറയിൽ കൊത്തിയുണ്ടാക്കിയത് കൊണ്ടുമാത്രമാണ് ചരിത്രത്തിന്റെ ഈ തുണ്ട് ഇന്നും നിലനിൽക്കുന്നത് തന്നെ. ചരിത്ര സംബന്ധിയായ അവബോധമില്ലാത്ത ഒരു ജനതയാവുകയാണോ മലയാളികളും? ഏതു നിലയ്ക്കും ഏറെ പ്രാധാന്യമുള്ള ഈ ഗുഹാക്ഷേത്രം പോലുള്ള പൈതൃകശേഷിപ്പുകൾ കാടുപിടിച്ച് സന്ദർശനയോഗ്യം അല്ലാതായി പൊടിഞ്ഞുനശിക്കുമ്പോൾ അങ്ങ് ദൂരെ അഫ്ഗാനിസ്ഥാനിൽ ബുദ്ധപ്രതിമകൾ തകരുന്നതിൽ ധാർമ്മികരോഷം കൊള്ളുന്നതിന്റെ കാപട്യം നമ്മൾ സ്വയം തിരിച്ചറിയേണ്ടതുണ്ട്.

മറ്റൊരു ദ്വാരപാലക ശിൽപം
മൂന്ന് തലത്തിലായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന തദ്ദേശ്ശഭരണസ്ഥാപനങ്ങളിൽ എതെങ്കിലുമൊന്ന് ഒരു കാവൽക്കാരനെയെങ്കിലും ഏർപ്പെടുത്തി പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് നന്നായിരിക്കും. അധികം അകലെയല്ലാതെ കുട്ടനാട് ഭാഗത്ത് കൊഴുക്കുന്ന കായൽ വിനോദസഞ്ചാരത്തിനോട് ബന്ധപ്പെടുത്തി ഈ ഗുഹാക്ഷേത്രവും അമ്പലപ്പുഴയിലെ കരുമാടികുട്ടനുമൊക്കെ കുറച്ചുകൂടി വെട്ടത്തിലേയ്ക്ക് കൊണ്ടുവരാൻ വിനോദസഞ്ചാര വകുപ്പ് കൂടി മുൻകൈ എടുത്തെങ്കിൽ എന്ന് തോന്നിപോകുന്നു, അങ്ങിനെയെങ്കിലും അതൊരു സംരക്ഷണമാകുമെങ്കിൽ. ദേവസ്വത്തിനും ഇതുപോലുള്ള മൗലികമായ പുരാതന ആരാധനാലയങ്ങളിൽ, ചരിത്രബോധത്തോടെയുള്ള അല്പം ശ്രദ്ധ കൊടുക്കാവുന്നതാണ്. ഈ അവഗണന ഒറ്റപ്പെട്ടതാണെന്ന് കരുതുന്നില്ല. സർക്കാരും പുരാവസ്തു വകുപ്പും ഏറ്റെടുത്ത പല സ്മാരകങ്ങളും ഇതുപോലെ നാശോന്മുഖമായി ക്കൊണ്ടിരിക്കുന്നു എന്ന് ഓരോ യാത്രയും തെളിവു തരുന്നുണ്ട്.

ഇങ്ങനെയൊരു ഫലകവും അവിടെ കണ്ടു
ഈ പ്രദേശത്തെ കുറിച്ചുള്ള കുറച്ചുകൂടി വിശദമായ വിവരണം കവിയൂർകാരാൻ കൂടിയായ സുഹൃത്ത് ഷിബു ഫിലിപ്പിന്റെ ബ്ലോഗില്‍ കാണാം - http://ezhuthintelokam.blogspot.com/2011/09/blog-post.html 

00 

4 അഭിപ്രായങ്ങൾ:

  1. കേട്ടിട്ടുപോലുമില്ലാത്ത ഒരു പുരാതന ക്ഷേത്രം/സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി.

    ഏറെ പ്രാധാന്യമുള്ള ഈ ഗുഹാക്ഷേത്രം പോലുള്ള ചരിത്രശേഷിപ്പുകള്‍ കാടുപിടിച്ച് സന്ദര്‍ശനയോഗ്യം അല്ലാതായി പൊടിഞ്ഞുനശിക്കുമ്പോള്‍ അങ്ങ് ദൂരെ അഫ്ഗാനിസ്ഥാനില്‍ ബുദ്ധപ്രതിമകള്‍ തകരുന്നതില്‍ ധാര്‍മ്മികരോഷം കൊള്ളുന്നതിന്റെ കാപട്യം നമ്മള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്.

    ആ പറഞ്ഞതിന് ഒരു കൈയ്യടി.

    മറുപടിഇല്ലാതാക്കൂ
  2. നല്ല പോസ്റ്റ്‌. നല്ല ചിത്രങ്ങള്‍ .....സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  3. ഷിബുവിന്റെ ബ്ലോഗിൽ വായിച്ചിരുന്നു..പരിചയപ്പെടുത്തലിനു നന്ദി ..

    മറുപടിഇല്ലാതാക്കൂ
  4. നിരക്ഷരന്‍, ഒരു യാത്രികന്‍, പഥികന്‍,

    സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി...

    സസ്നേഹം
    ലാസര്‍

    മറുപടിഇല്ലാതാക്കൂ