2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

കബനിയുടെ കരയില്‍ - മൂന്ന്

ഒന്നാം ഭാഗം
രണ്ടാം ഭാഗം

കോഴിക്കോട് ജില്ലയുടെയും കണ്ണൂര്‍ ജില്ലയുടെയും ഭാഗങ്ങള്‍ സംയോജിപ്പിച്ച് 1980 - ല്‍ രൂപികരിച്ചതാണ് വയനാട് ജില്ല. തമിഴ്നാടുമായും കര്‍ണ്ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല എന്ന പ്രത്യേകത വയനാടിനുണ്ട്. 'മായക്ഷേത്രം' എന്ന പുരാതനമായ പേര് 'മായനാടെന്നും' പിന്നീട് 'വയനാടെ'ന്നും പരിണമിച്ചു എന്നതാണ് സ്ഥലനാമത്തെ കുറിച്ചുള്ള ഒരു വിശദീകരണം. വയലുകളുടെ നാട് എന്ന അര്‍ത്ഥത്തില്‍ വയനാട് എന്നതും ലളിതമായ മറ്റൊരു വിശദീകരണമാവുന്നു. ക്രിസ്തുവിനു 5000 വര്‍ഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന നവീനശിലായുഗത്തിലെ ഗോത്രസമൂഹങ്ങളുടെ ലിഖിതങ്ങള്‍ ഈ മണ്ണില്‍ ചരിത്രകാരന്‍ കണ്ടെത്തിയിട്ടുണ്ടത്രേ. ഹൊയ്സാല, വേദാര്‍ രാജാക്കന്മാരില്‍ തുടങ്ങി കോട്ടയം, കുറുംബ്രനാട്, മലബാര്‍ രാജാക്കന്മാരുടെ അധീനതയിലൂടെ വയനാടിന്റെ ചരിത്രം സമകാലത്തിലേക്കെത്തുന്നു. ടിപ്പുവിന്റെ അധിനിവേശ നാളുകളില്‍ കുറുംബ്രനാട് ബ്രിട്ടീഷുകാരോടൊപ്പം നിന്നു. ടിപ്പുവിന്റെ പതനാനന്തരം വയനാട് ശീമക്കാരുടെ കയ്യിലായപ്പോള്‍ അതില്‍ വിയോജിച്ച കേരളവര്‍മ്മ പഴശ്ശിരാജയുടെ വിപ്ലവകഥ അനേകം സാഹിത്യ കലാ സംപൂരണങ്ങളിലൂടെ ഇന്നൊരു മിത്തായി മാറിയിട്ടുണ്ട്.

മാനന്തവാടി - കാട്ടികുളം വഴിയാവും കുറുവ ദ്വീപിലേക്ക് പോകാന്‍ നല്ല റോഡുള്ളതെന്ന മുന്നറിവു കിട്ടിയിരുന്നെങ്കിലും, ആ വഴിക്ക് മുന്‍പ് സഞ്ചരിച്ചിട്ടുള്ളതിനാല്‍ പനമരത്ത് നിന്നും തിരിഞ്ഞ് ദസനക്കര വഴി പോകാമെന്ന് തീരുമാനിച്ചു - ഗൂഗിള്‍ എര്‍ത്തിന് നന്ദി. വിചാരിച്ചതിനേക്കാള്‍ മോശമായിരുന്നു വഴി എന്നത് വേറെ കാര്യം. സമയബന്ധിതമായി മുന്‍കൂട്ടി പദ്ധതിചെയ്ത് യാത്രപോകുമ്പോള്‍ മോശം റോഡുകളില്‍ നഷ്ടപ്പെടുന്ന സമയം വിഷമിപ്പിക്കാറുണ്ട്. എങ്കിലും ഇതുവഴി വന്നതുകൊണ്ട് വളരെ ആള്‍താമസം കുറഞ്ഞ വയനാടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാനായി. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല വയനാടാണെന്ന് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ കണക്കുകളുടെ ആവശ്യമൊന്നും ഇല്ലതന്നെ. പനമരത്ത് നിന്നും അധികം അകലയല്ലാതെ പുഞ്ചവയല്‍ എന്ന സ്ഥലത്ത്, റോഡരികില്‍ ഉപേക്ഷിക്കപ്പെട്ടത് പോലൊരു ജൈനക്ഷേത്രം അവിചാരിതമായി കാണുകയുണ്ടായി. ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന സമയത്തിനിടയ്ക്ക് ആ റോഡിലൂടെ ഏതെങ്കിലും വാഹനം കടന്നുപോവുകയോ ആ പ്രദേശത്തേക്ക് ആരെങ്കിലും വരുകയോ ഉണ്ടായില്ല. ഞങ്ങള്‍ക്ക് വേണ്ടി മാത്രമെന്നതുപോലെ ആ പുരാതന ശിലാസമുച്ചയം വിജനതയില്‍ തനിച്ചുനിന്നു. ഈ പൈതൃകസ്മാരകം അവഗണിക്കപ്പെട്ടു കിടക്കുന്നതിനെ കുറിച്ച് ഞാന്‍ പരാതി പറയുന്നില്ല. ഉപേക്ഷിക്കപ്പെട്ട ചരിത്രസ്മാരകങ്ങളെ കുറിച്ച് നിരക്ഷരനെ പോലുള്ള നിരന്തരയാത്രികര്‍ ഒരു പാട് മഷി കളഞ്ഞിട്ടുണ്ട്. എന്നിട്ടോ? നമ്മള്‍ നന്നാവില്ല - അത്ര തന്നെ!

 




വയനാടിലൂടെ തലങ്ങും വിലങ്ങും ഉള്ള യാത്രക്കിടയില്‍ കബനിയേയും അതിന്റെ കൈവഴികളേയും പലയിടത്തുംവച്ച് പിന്തുടരുകയും മുറിച്ചുകടക്കുകയും ഒക്കെ ചെയ്തു. എങ്കിലും കബനിയെ അടുത്തറിയാന്‍ ഏറ്റവും നല്ലത് കുറുവദ്വീപ് തന്നെയാവും എന്നതിന് തര്‍ക്കമുണ്ടാവില്ല. തന്റെ ജലഗര്‍ഭത്തില്‍ ഉരവംകൊണ്ട ഈ ദ്വീപിന്റെ തീരങ്ങളിലാവുമല്ലോ കബനി പൂര്‍ണ്ണരൂപിണിയാവുക. ഒരു നദിക്കു നടുവിലുള്ള ദ്വീപ് ഇതിനു മുന്‍പ് കണ്ടിട്ടുള്ളത്‌ കാവേരിയിലെ നിസര്‍ഗദാമയാണ്. 

ഏകദേശം നാല് ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന കുറുവദ്വീപ് ജനവാസമില്ലാത്തതിനാല്‍ തന്നെ അപൂര്‍വ്വയിനം വൃക്ഷലതാദികളുടെയും പക്ഷിമൃഗങ്ങളുടെയും ആവാസസ്ഥലം കൂടിയത്രേ. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഇതൊന്നും കാണാനും അനുഭവിക്കാനും പറ്റാതെപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. മഴക്കാലത്ത് കുറുവദ്വീപിലേക്ക് പ്രവേശനം ഇല്ലത്രെ. അങ്ങിനെയൊരു നിയമം നിലവിലുള്ളതിനു മതിയായ കാരണം അതുണ്ടാക്കിയവര്‍ക്ക് കാണുമായിരിക്കും. എങ്കിലും മണ്‍സൂണ്‍ വിനോദസഞ്ചാരത്തെ കുറിച്ച് സംസാരിക്കുന്ന ടൂറിസംവിഭാഗത്തിന് ഒരു പുനരാലോചന ആവാം എന്നുതോന്നുന്നു. നദി കവിഞ്ഞ് ഒഴുകുന്നതാണ് കാരണമെങ്കില്‍, അത്തരത്തിലുള്ള കുത്തൊഴുക്കൊന്നും കണ്ടില്ലെന്നതാണ് വാസ്തവം. ദുബാരെ ആനവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് കുതിച്ചുപായുന്ന കാവേരിക്ക് കുറുകനെയാണ് രണ്ടുവര്‍ഷം മുന്‍പത്തെ മണ്‍സൂണ്‍ കാലത്ത് സഞ്ചരിച്ചത്. ആ ഒഴുക്ക് മുതലെടുത്ത്‌ കര്‍ണാടക ടൂറിസം സാഹസികസഞ്ചാരികള്‍ക്കായി റാഫ്റ്റിങ്ങും അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ അപകടങ്ങള്‍ ഏറ്റവും കുറയ്ക്കുക എന്ന ഉദ്ദേശ്യശുദ്ധിയോടുകൂടി ചെയ്ത കാര്യമാവുകയാല്‍ എന്റെ നഷ്ടത്തിന് സാംഗത്യമില്ല. ഇനിയൊരിക്കലാവാം എന്ന വിശ്വാസത്തില്‍ ഇക്കരെനിന്ന് ദ്വീപിന്റെയും നദിയുടേയും പാര്‍ശ്വകാഴ്ചകള്‍ കണ്ടുമടങ്ങി.





മടങ്ങുമ്പോള്‍ അടുത്തായി തന്നെ 'വാല്‍മീകം' എന്ന പേരില്‍ ആകര്‍ഷണീയമായ ഒരു നിര്‍മ്മിതി കണ്ടു. സൊവനീറുകളും മറ്റും വില്‍ക്കുന്ന ഒരു കടയും, മണല്‍ശില്‍പങ്ങളുടെ ഒരു തുറന്ന പ്രദര്‍ശനശാലയും, ഒരു ചെറിയ മ്യൂസിയവുമാണ് അവിടെ ഉണ്ടായിരുന്നത്. സ്വകാര്യസ്ഥാപനം ആണെന്ന് അനുമാനിക്കുന്നു. ആധുനികതയുടെ സ്പര്‍ശമുള്ള ശില്‍പ്പങ്ങളെ അങ്ങിനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ സാംഗത്യം വ്യക്തമായില്ലെങ്കിലും സമയമുണ്ടായിരുന്നതുകൊണ്ട് നടന്നുകണ്ടു. 'ഗാന്ധിഗ്രാമം' പോലുള്ള വയനാടിന്റെ തനതു(?)വ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന പല കടകളും വിനോദസഞ്ചാരികള്‍ എത്താറുള്ള ഇടങ്ങളില്‍ ഇപ്പോള്‍ അധികമായി കാണുന്നുണ്ട്. ആദിവാസികളുടെ ജീവിതവുമായി ഇവയെ ബന്ധിപ്പിച്ചുചെയ്യുന്ന കച്ചവടവിദ്യകളുടെ നിജസ്ഥിതി അവയുടെ ബാഹുല്യം കൊണ്ടുതന്നെ സംശയാസ്പദമാണ്. എങ്കിലും 'ഗാന്ധിഗ്രാമ'ത്തിലെ നാടന്‍ വ്യഞ്ജനങ്ങള്‍ ഭാര്യയുടെ ഒബ്സെഷനാണ്. രാമച്ചത്തിന്റെയും ചന്ദനത്തിന്റെയും സമ്മിശ്രമായ സുഗന്ധലേപനം ഓരോ തവണയും ശരീരത്തില്‍ പുരട്ടുമ്പോള്‍, കാല്പനീകമായ മൂവന്തിയുടെ  ചുമപ്പുവീണ നാട്ടിടവഴികളിലൂടെ നടക്കുന്നനേരത്ത് ശരീരത്തെ ത്രസിപ്പിച്ചിരുന്ന ഇലമണങ്ങളുടെ കൌമാരകാല ഓര്‍മ്മകള്‍ ഉണരും...






2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

കബനിയുടെ കരയില്‍ - രണ്ട്

യാത്രയിലുടനീളം തെറ്റിയും തെറിച്ചും മഴപെയ്തുകൊണ്ടിരുന്നു. ഇടവപ്പാതിയുടെ മദ്ധ്യത്തിലാണ് പലപ്പോഴും നാട്ടിലേക്കുള്ള അവധിയാത്രകള്‍. മക്കള്‍ സ്കൂള്‍വിദ്യാര്‍ഥികള്‍ ആയിരിക്കുന്ന കാലത്തോളം ഈ പതിവ് തെറ്റിക്കാനാവുമെന്നു തോന്നുന്നില്ല. ഗള്‍ഫ് പ്രദേശത്തെ സ്കൂളുകള്‍ക്ക് വേനലവധി ജൂണ്‍-ജൂലായി-ആഗസ്ത് മാസങ്ങളിലാവുകയാല്‍ ആ സമയത്തേയ്ക്ക് മാത്രമേ നാട്ടിലേക്കുള്ള യാത്രകള്‍ നിജപ്പെടുത്താന്‍ സാധിക്കാറുള്ളൂ. സഞ്ചാരത്തിന് നേരിയ തടസ്സങ്ങള്‍ ഉണ്ടായേക്കുമെങ്കിലും നാട്ടിലായിരിക്കാന്‍ ആഗ്രഹിക്കുക മഴക്കാലത്ത് തന്നെയാണ്. മരുഭൂമിയിലിരുന്നു നാടിനെ ഓര്‍ക്കുമ്പോള്‍ ഒക്കെയും മഴനനഞ്ഞുനില്‍ക്കുന്ന പച്ചയുടെ ഓര്‍മ്മകള്‍ മാത്രമേ തെളിയാറുള്ളൂ . തെങ്ങിന്‍ തലപ്പുകള്‍ക്കപ്പുറം, ചക്രവാളസീമയില്‍ കാളക്കൂറ്റന്മാരെപ്പോലെ കരിമേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിന്റെ കാഴ്ച, ഹരിതമണവുമായി എത്തുന്ന നനഞ്ഞ കാറ്റിന്റെ കുളിരുള്ള തഴുകലായി കടലുകള്‍ കടന്നും ശരീരത്തില്‍ പടരും.

മഴപെയ്യുന്ന വയനാടൻ മലനിരകൾ
ബാണാസുരസാഗര്‍ അണക്കെട്ട് കാണുക എന്നതായിരുന്നു വയനാടിലെ ആദ്യ പരിപാടി. കോഴിക്കോട് നിന്ന് വരുകയാണെങ്കില്‍ വൈത്തിരിയില്‍ ഇടത്തേയ്ക്കു തിരിഞ്ഞ് തരുവണയ്ക്കുള്ള വഴിയിലൂടെ ഏതാണ്ട് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാണാസുരസാഗര്‍ അണക്കെട്ടില്‍ എത്താം. പടിഞ്ഞാറത്തറയാണ് അടുത്തുള്ള പ്രമുഖ സ്ഥലം. ഇന്ത്യയിലെ ഏറ്റവും വലിയ മണല്‍ചിറയത്രേ (earth dam) ബാണാസുരസാഗര്‍. മറ്റു അണക്കെട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം വ്യത്യസ്ഥമാണ്‌ കാഴ്ചയില്‍ തന്നെ ഈ ഡാം. ഒരു വശത്തുനിന്ന് ചെളിമണല്‍ ഭീമാകാരമായ രീതിയില്‍ ഉയര്‍ത്തിപ്പൊക്കി നദിയുടെ സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ് ഇവിടെ. കബനിയുടെ കൈവഴിയായ കരമനത്തോട് പുഴയ്ക്കാണ് ഇവിടെവച്ച് അതിന്റെ സ്വാഭാവിക സഞ്ചാരം അവസാനിപ്പിക്കേണ്ടി വന്നത്. കക്കയം ജലവൈദ്യുത പദ്ധതിക്കും ജലസേചനത്തിനും ഒക്കെ ഇവിടെ നിന്നുള്ള വെള്ളം ഉപയുക്തമാകുന്നുണ്ടത്രേ. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ഒഴിവാക്കി ഭൂമിയില്‍ വെട്ടിയ സ്വാഭാവിക ചാലുകളിലൂടെയാണ് ഇവിടെ നിന്നുള്ള ജലം കൊണ്ടുപോകുന്നത്. സാധാരണ അണക്കെട്ടുകളില്‍ കാണുന്ന വലിയ കോണ്‍ക്രീറ്റ് പാളികള്‍ ഒഴിവാക്കിയും പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ഉപയോഗിക്കാതെയും കുറച്ചൊക്കെ പരിസ്ഥിതി സൌഹൃദമായ നിര്‍മ്മാണപ്രവര്‍ത്തനമാണ് ഈ അണക്കെട്ടിന്റേത് എന്ന് ആശ്വസിക്കാം. എന്നാല്‍ അണക്കെട്ടില്‍ നിന്നും അല്‍പ്പംമാറി സ്ഥിതിചെയ്യുന്ന ഷട്ടറുകളുടെ ഭാഗത്ത് കോണ്‍ക്രീറ്റ് എടുപ്പുകള്‍ കാണാം.

ബാണാസുരസാഗർ അണക്കെട്ട് - ഷട്ടർ 
പക്ഷെ അത്തരം ആശ്വാസങ്ങളൊക്കെ ഒരുപാട് പുനര്‍വിചിന്തനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. തീവ്രവാദസ്വഭാവമുള്ള പരിസ്ഥിതിവാദം അഭികാമ്യമല്ലാതിരിക്കുമ്പോള്‍ തന്നെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള അനിയന്ത്രിതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അനുവദിച്ചുകൊടുക്കാവുന്നതല്ല. ഇവ തമ്മിലുള്ള അതിര്‍ത്തി എവിടെയാണ്? സാമൂഹികമായി ചിന്തിക്കുന്ന ഒരു സാധാരണക്കാരനെ കുഴയ്ക്കുന്ന പ്രശ്നപ്രദേശം തന്നെയാണത്. ജലവൈദ്യുതി പദ്ധതികളെ ഒന്നടങ്കം തള്ളികളയാന്‍ ഇതെഴുതികൊണ്ടിരിക്കുന്ന ഈ നിമിഷത്തിന്റെ ആവേശത്തിലും സാധ്യമാവില്ല. ഈ കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ തെളിയാന്‍ വൈദ്യുതി വേണം തന്നെ. സാമൂഹികമായ ഒരു അവബോധത്തിന്റെ വ്യക്തിപരമായ പ്രതിബദ്ധതയില്‍ വിശ്വസിക്കുക എന്നതാണ് പലപ്പോഴും ബാക്കിയാവുന്ന പോംവഴി - എഴുതി കഴിയുന്ന ആ നിമിഷത്തില്‍ തന്നെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുക എന്നതുമാതിരിയുള്ള ചെറിയ ചില വീണ്ടുവിചാരങ്ങള്‍. അത്തരം ചെറിയ പ്രവൃത്തികള്‍ ലോകത്തെ വലിയരീതിയില്‍ സഹനീയമാക്കും എന്ന് കരുതാനാണ്‌ എനിക്കിഷ്ട്ടം.

ബാണാസുരസാഗർ അണക്കെട്ട്
ഡാമിന് താഴെ ഒന്ന് രണ്ടു പെട്ടികടകള്‍ . പലയിടത്തും തേനില്‍ ചാലിച്ച നെല്ലിക്ക കണ്ണാടികുപ്പികള്‍ക്കുള്ളില്‍ കണ്ടു. ഈ ഭാഗത്ത് മാത്രമുള്ളതാണോ, അതോ കേരളത്തിന്റെ ദൈനംദിനങ്ങളില്‍നിന്ന് ഞാന്‍ മാറിപ്പോയതിനുശേഷം ഉണ്ടായിവന്ന തെരുവോര ഭക്ഷണരീതികളില്‍ ഒന്നാണോ എന്നറിയില്ല. പണ്ട്, പറമ്പില്‍ തേങ്ങയിടുമ്പോഴാണ് കരിക്ക് ഒരാഘോഷമാക്കുന്നത്. ഇപ്പോള്‍ ഏതു നിരത്തുവക്കിലും കരിക്കുവില്‍പ്പന തകൃതിയായി നടക്കുന്നത് കാണാം.  ഇളനീരുകൊണ്ട് ദാഹംതീര്‍ക്കുക യാത്രകളിലെ പതിവാണിപ്പോള്‍. നഗരജീവിതത്തിന്റെ രുചിഭേദങ്ങളില്‍ കുട്ടികള്‍ ഇളനീരിനോട് താല്‍പ്പര്യം കാണിക്കാറില്ല. ശീലങ്ങള്‍ രുചിയെ നിര്‍വചിക്കുന്നുണ്ട്. അതില്‍ കാല്പനീകമാകുന്നതില്‍ അര്‍ത്ഥമില്ലെന്നുതോന്നും കുട്ടികള്‍ ഇളനീര്‍ ഒഴിവാക്കി പെപ്സി കുടിക്കുന്നത് കാണുമ്പോള്‍ .

അണക്കെട്ടിൽ നിന്നുള്ള വയനാടൻ മലകളുടെ ദൃശ്യം
ആ കടകള്‍ക്കടുത്തായി അണക്കെട്ടിലേക്കുള്ള പ്രവേശനടിക്കറ്റ് കൊടുക്കുന്ന സ്ഥലം. വേണമെങ്കില്‍ അണക്കെട്ടിന്റെ വശത്തുള്ള പടവുകളിലൂടെ മുകളിലേക്ക് നടന്നുകയറാം. അതിനു പ്രയാസമുള്ളവര്‍ക്ക് മറ്റൊരു വഴിയിലൂടെ ജീപ്പിലും പോകാം, പ്രത്യേകം ടിക്കറ്റ് എടുക്കണമെന്ന് മാത്രം. മഴചാറുകയായിരുന്നതിനാല്‍ ഞങ്ങള്‍ ജീപ്പിലാക്കി യാത്ര. അണക്കെട്ടിനു മുകളിലൂടെ സഞ്ചരിച്ച് അത് നമ്മളെ മറുകരയില്‍ എത്തിക്കുന്നു. അവിടെ ചെറിയ പാര്‍ക്കോ പൂന്തോട്ടമോ എന്നപോലെ ചില നിര്‍മ്മതികള്‍ കണ്ടു. മഴക്കാലം ആയതിനാലാവും അധികം സന്ദര്‍ശകരൊന്നും ആ ഭാഗത്ത് ഉണ്ടായിരുന്നില്ല. അതിനുമപ്പുറം ബോട്ടുജെട്ടി. ഞങ്ങള്‍ക്ക് മുന്‍പേ ജീപ്പില്‍ അവിടെയെത്തിയ കര്‍ണ്ണാടക സംഘം ബോട്ടില്‍ കയറിപോകുന്നത് കണ്ടു. രണ്ട് സ്പീഡ് ബോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരെണ്ണം മാത്രമേ അന്ന് യാത്ര നടത്തുന്നുണ്ടായിരുന്നുള്ളൂ. അതിനാല്‍ പോയ ബോട്ട് മടങ്ങിവരാന്‍വേണ്ടി അരമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു, പൊട്ടിപൊളിഞ്ഞ് വേണ്ടുവോളം അഴുക്കുപിടിച്ച ലൈഫ് ജാക്കറ്റും ധരിച്ച്. (ഇവിടെ ലൈഫ് ജാക്കറ്റ് ലഭിച്ചു എന്ന് ആശ്വസിക്കാം. കൊച്ചിയില്‍ വേമ്പനാട് കായലില്‍ ഒരു ബോട്ടുസവാരിക്ക് മുന്‍പ് അതിന്റെ നടത്തിപ്പുകാരനോട് ലൈഫ് ജാക്കറ്റ് ആവശ്യപെട്ടപ്പോള്‍ പുച്ഛം പടര്‍ന്ന ചിരിയായിരുന്നു മറുപടി.)

അണക്കെട്ട് - മറ്റൊരു കാഴ്ച
ചാറ്റല്‍ മഴയിലൂടെ സ്പീഡ് ബോട്ടിലുള്ള സഞ്ചാരം ത്രസിപ്പിക്കുന്നതായിരുന്നു. കായികമായി സാഹസികത ആവശ്യപ്പെടുന്ന ഒന്നിലും രസംപിടിക്കുന്ന സ്വഭാവം ഇല്ല. വേഗതയുടെ സാഹസികതയെക്കാളുപരി ആകര്‍ഷിച്ചത് നേര്‍ത്ത മഴയുടെ ആവരണത്തിനപ്പുറം ഉയര്‍ന്നുതാഴുന്ന വയനാടന്‍ മലനിരകളുടെ ഹരിതമായ നിമ്നോന്നതകള്‍ തന്നെ. അതിനും മുകളില്‍ മഴമേഘങ്ങളുടെ മഷിപടര്‍ന്ന ആകാശം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ബോട്ടുജെട്ടിയും തീരവും അകലെയായി. ജലാശയത്തിന്റെ പ്രതലത്തെ പിളര്‍ന്നു, ചെറുദ്വീപുകളുടെ ഇടയിലൂടെ ബോട്ട് അകലേക്ക്‌ അകലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരുന്നു, ചുറ്റും മലകള്‍ നിറഞ്ഞ കായലിന് നടുവില്‍ മനുഷ്യമണമുള്ള ഏകാന്തമായ ഒരു തുരുത്ത് പോലെ. ബോട്ടിന്റെ മുരളിച്ച മാത്രം മലകളില്‍ തട്ടി പ്രതിധ്വനിക്കുന്നു...

തടാകത്തിലെ ബോട്ടുസവാരി
അണക്കെട്ട് വരുന്നതിനു മുന്‍പ് ഇവിടം കരയായിരുന്നു. മനുഷ്യനും മൃഗങ്ങളും കിളികളും ഇവിടെ  ജീവിച്ചിരുന്നു. അവരുടെ കൂടുകള്‍ ഉണ്ടായിരുന്നു. അവരുടെ വിളനിലങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ഒരു ദിവസം അവയെല്ലാം ജലമെടുത്തു. കുട്ടിക്കാലത്ത് താന്‍ ഓടിക്കളിച്ചിരുന്ന, നാരങ്ങാമിഠായി വാങ്ങിക്കാന്‍ വന്നിരുന്ന കവലയെ കുറിച്ച് ഗൃഹാതുരതയോടെ ഒരു നാട്ടുകാരന്‍ ഓര്‍ത്തു. ആ ജനപഥമിപ്പോള്‍ ഈ ജലാശത്തിനടിയിലെവിടെയോയാണ്. ഒരുപക്ഷെ മത്സ്യക്കുഞ്ഞുങ്ങള്‍ അവിടെ ഓടികളിക്കുന്നുണ്ടാവും, ജലസസ്യങ്ങള്‍ക്കിടയില്‍ നിന്ന് നാരങ്ങാമിഠായികള്‍ പെറുക്കി തിന്നുന്നുണ്ടാവും...