2012, ഫെബ്രുവരി 29, ബുധനാഴ്‌ച

കബനിയുടെ കരയില്‍ - എട്ട്

ഒന്നാം ഭാഗം

കേരളത്തിലെ ഏറ്റവും വൃത്തിയുള്ള സ്ഥലങ്ങളില്‍ ഒന്നാണെന്ന് തോന്നുന്നു വയനാട്. കല്‍പ്പറ്റയും സുല്‍ത്താന്‍ബത്തേരിയും മാനന്തവാടിയും ഒക്കെ പോലെയുള്ള പട്ടണങ്ങളില്‍ അതിന്റേതായ മലിനീകരണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മൂന്നാര്‍ പട്ടണത്തെയോ കുമളി പട്ടണത്തെയോ പോലെ എന്തായാലും അനുഭവപ്പെടില്ല. പ്രാന്തപ്രദേശങ്ങളും ഗ്രാമങ്ങളുമൊക്കെ താരതമ്യേന മലിനീകരിക്കപെടാതെ നില്‍ക്കുന്നുണ്ട്. വഴികളില്‍ കൊണ്ടുതള്ളുന്ന ചവറുകളോ നിരത്തിലേക്ക് ഇറങ്ങിനില്‍ക്കുന്ന മാടകടകളോ ഒക്കെ തുലോം കുറവായി കാണപ്പെട്ടു. പ്രകൃത്യാ വയനാടിന് ലഭിച്ചിരിക്കുന്ന ഹരിതഭംഗിയും ജനസാന്ദ്രതയുടെ കുറവും ഒക്കെ ഇതിലേക്ക് സംഭാവന ചെയ്തിരിക്കാം. ഈ വാദത്തെ സാധൂകരിക്കാന്‍ ഉതകും പൂക്കോട് തടാകം.

പൂക്കോട് തടാകം
പൂക്കോടിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിനെ ആവരണം ചെയ്തു നില്‍ക്കുന്ന നിബിഡമായ വനഭംഗി തന്നെ. അടുക്കടുക്കുകളായി ഉയര്‍ന്നുപോകുന്ന ഹരിതതിരശ്ശീലകള്‍ . തുഴവള്ളത്തില്‍ ഞങ്ങളെ തടാകത്തിലൂടെ കൊണ്ടുപോയ തോണിക്കാരന്‍ പറഞ്ഞത് പച്ചനിറത്തിന്റെ 1200 - ഓളം  വകഭേദങ്ങള്‍ ഈ മരക്കൂട്ടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവും എന്നാണ്. എണ്ണം എത്രയായാലും ഹരിതവര്‍ണ്ണത്തിന്റെ അനേകം അടരുകള്‍ വ്യക്തമായും കാണാം. പിന്നീട് പല കൈവഴികൾ ചേർന്ന് തിടംവയ്ക്കുന്ന കബനിയുടെ പ്രഭവജലസ്രോതസ്സിന്റെ മുഖ്യ ഉറവിടം പൂക്കോട് തടാകമാണ്. പനമരംനദിയായി അതിവിടെ നിന്നും യാത്രതുടങ്ങുന്നു.

തടാകകരയിൽ ഹരിതാഭയുടെ വർണ്ണഭേദം
പൂക്കോട് തടാകത്തില്‍ യന്ത്രബോട്ടുകള്‍ അനുവദിച്ചിട്ടില്ല. ജലം മലിനീകരിക്കപ്പെടാതിരിക്കാനാണ് ഇത്. ഒപ്പം ശബ്ദമലിനീകരണവും ഒഴിവായിക്കിട്ടും എന്നത് തുഴവള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് മനസ്സിലാവും. പക്ഷികളുടെ ആരവപ്രതിധ്വനികള്‍ തടാകത്തിനു നടുവിലും കേള്‍ക്കാം. വയനാട് ടൂറിസം കൌണ്‍സിലിന്റെ ഈ ശ്രദ്ധ പ്രശംസനീയം. ആഴ്ച്ചാവസാനങ്ങളിലെ വൈകുന്നേരങ്ങള്‍ ചിലവിടാന്‍ ഇടയ്ക്കൊക്കെ ചെന്ന് ഇരിക്കാറുണ്ടായിരുന്ന, വീടിനടുത്തുള്ള, വേളി കായലില്‍ നിന്നും തുലോം വത്യസ്ഥമാണ്‌ പൂക്കോട് തടാകം. വെള്ളത്തില്‍ യന്ത്രബോട്ടും ജെറ്റ്സ്കീയും കരയില്‍ കുതിരസവാരിയും ജയന്റ് വീലും ഒക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന അസഹ്യമായ പരിസരമാണ് വേളിയില്‍ . ഒപ്പം കാനായി കുഞ്ഞിരാമന്റെ പരിസരത്തിന് ഇണങ്ങാത്ത കുറേ കോണ്‍ക്രീറ്റ് രൂപങ്ങളും.

മീൻകാത്ത് ഒരു പൊന്മാൻ
ദേശീയപാതയില്‍ നിന്ന് അധികം അകലയല്ലാത്തതിനാല്‍ , കോഴിക്കോട് നിന്നുള്ളവര്‍ക്ക് പോലും ദൈനംദിനങ്ങളുടെ തിരക്കില്‍ നിന്നും മാറി ഒരു ദിവസത്തേയ്ക്ക്  ചുരം കയറിവന്ന്  ആസ്വദിച്ചുപോകാന്‍ പറ്റുന്ന ഒരിടമാവും പൂക്കോട് തടാകം. തടാകത്തിനെ ചുറ്റി ഒരു നടപ്പാതയുണ്ട്. സസ്യവൈവിധ്യത്തിന്റെ നിബിഡതയിലൂടെ അലസസഞ്ചാരം ചെയ്യാന്‍ പറ്റിയ ഇടം. സമയകുറവുണ്ടായിരുന്നത് കൊണ്ട്, തടാകം മുഴുവന്‍ വഞ്ചിയില്‍ കറങ്ങിയത് പോലെ, നടന്ന് മുഴുവന്‍ വൃത്തവും പൂര്‍ത്തിയാക്കാനുള്ള അവസരം ഉണ്ടായില്ല.

തടാകകരയിലെ മറ്റൊരു കാഴ്ച
വയനാട് വിടുന്നതിനുമുന്‍പ് ഒരു സ്ഥലത്തെ കുറിച്ചുകൂടി പരാമര്‍ശിക്കേണ്ടതുണ്ട്. അഞ്ചു ദിവസം ഞങ്ങള്‍ക്ക് ആതിഥ്യം നല്‍കിയ 'ബാണാസുര ഐലന്ഡ് റിട്രീറ്റ്' എന്ന റിസോര്‍ട്ടിനെ കുറിച്ചാണത്. ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്നും മൂന്നാല് കിലോമീറ്റര്‍ ഉള്ളില്‍, അര്‍ദ്ധവനപ്രകൃതിയില്‍ , കായല്‍ കരയിലായാണ് ഈ റിസോര്‍ട്ട്. വളരെ ഇടുങ്ങിയതും വശങ്ങളില്‍ കുത്തനെ കൊല്ലികളുള്ളതുമായ ഗാട്ട് റോഡിലൂടെ അവസാനത്തെ കുറച്ചു ദൂരം വണ്ടിയോടിക്കുന്നതിന്റെ അപകടസാധ്യത ഒഴുവാക്കിയാല്‍ വളരെ എക്സോട്ടിക്ക് ആയിട്ടുള്ള സ്ഥലം. ഇത്തരം വനപ്രദേശങ്ങളില്‍ റിസോര്‍ട്ടുകള്‍ വരുന്നതെങ്ങിനെയെന്ന ഈയടുത്ത് വളരെ ചര്‍ച്ചചെയ്യപ്പെട്ട വിഷയം ബാക്കിനില്‍ക്കെ തന്നെ, ഈ സ്ഥലത്ത് കുറച്ചു ദിവസം താമസിക്കുന്നതിന്റെ അപൂര്‍വമായ അനുഭവം, പ്രകൃതിയുടെ ഏകാന്തനേരങ്ങളെ അഭിലഷിക്കുന്ന ആര്‍ക്കും അതുല്യമായി തോന്നാതിരിക്കില്ല.

റിസോർട്ടിൽ നിന്നും ബാണാസുരസാഗർ റിസർവോയറിലേയ്ക്ക് ഒരു മഴക്കാഴ്ച
പ്രശസ്ത കവിയായ ഒളപ്പമണ്ണയുടെ പുത്രന്‍ രാകേഷിന്റെയും അദേഹത്തിന്റെ പത്നി പാര്‍വ്വതിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. അവരും മറ്റു ജോലിക്കാരും വളരെ ഊഷ്മളവും ഉപചാരപൂര്‍വ്വവുമായ രീതിയിലാണ്, അവിടെ താമസിച്ച ദിവസങ്ങളിലെല്ലാം, ഞങ്ങളോട് പെരുമാറിയത്. വയനാട് കാണാന്‍ ഇറങ്ങുന്നവരെക്കാള്‍ ഈ സ്ഥലം ഉപയുക്തമാവുക, പട്ടണത്തിന്റെയും ജീവിതത്തിന്റെയും വ്യഗ്രതകളില്‍ നിന്നുമാറി കുറച്ചു ദിവസം പ്രകൃതിയുടെ മടിയില്‍ ഏകാന്തമായി ആമഗ്നമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായിരിക്കും.

റിസോർട്ടിന്റെ മുറ്റത്തേയ്ക്കുള്ള മറ്റൊരു കാഴ്ച
നാലുകെട്ട് മാതൃകയില്‍ ഉള്ള പ്രധാന കെട്ടിടത്തിന്റെ വിശാലമായ ബാല്‍ക്കണിയില്‍ കായലിലേക്കും വയനാടന്‍ മലമടക്കുകളിലേക്കും നോക്കി എത്രനേരം വേണമെങ്കിലുമിരിക്കാം. അപ്പോള്‍ നേരിയ ഇരമ്പത്തോടെ, ചക്രവാളത്തെ കറുപ്പിച്ച മേഘവന്യതയില്‍ നിന്നും  മലയിറങ്ങി മഴവരും. മലയുടെ അടരുകളില്‍ വര്‍ണ്ണഭേദം സൃഷ്ടിച്ചു മഴ ഒഴുകിവരുന്നത് വ്യക്തമായും കാണാം. പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ ആത്മാവിന്റെ സിരകളെ തഴുകി  രാത്രിമഴയിലേക്ക്‌ തിമിര്‍ക്കും...

വയനാട് വിടുകയാണ്. ഇനിയും കാണാന്‍ ബാക്കിയുള്ള ഇടങ്ങളിലൂടെ സഞ്ചരിക്കാനായി എന്നെങ്കിലും മടങ്ങിവരാം എന്ന പ്രതീക്ഷയോടെ!

(അവസാനിച്ചു) 

2012, ഫെബ്രുവരി 8, ബുധനാഴ്‌ച

കബനിയുടെ കരയില്‍ - ഏഴ്

മുന്‍പ് ഇടയ്ക്കല്‍ ഗുഹയുടെ താഴെ വരെ ജീപ്പുകള്‍ സര്‍വീസ് നടത്തിയിരുന്നത്രേ. ഇപ്പോള്‍ അതില്ലാത്തത് കൊണ്ട് നടന്നുതന്നെ കയറണം. ഒരു കിലോമീറ്ററിലധികം റോഡിലൂടെ ക്രമമായ ആരോഹണമാണ്. ചുറ്റും നിബിഡമായ വനപ്രകൃതി. വഴിയിലേയ്ക്ക് ആഞ്ഞുനിൽക്കുന്ന കുറ്റിച്ചെടികൾ. അവയിലെ കാട്ടുപൂക്കൾ...

പച്ചയുടെ അനസ്യൂതതയെ ഹനിച്ച്‌ ചെറിയ മാടക്കടകള്‍ പാതയുടെ ഇരുവശവും ഇടവിട്ട്‌ കാണാം. അത്യാവശ്യം ക്ഷീണമകറ്റാന്‍ കരിക്കിന്‍വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ഇവിടെ ലഭിക്കും.

റോഡിലൂടെയുള്ള കയറ്റം കഴിയുന്നിടത്താണ് ടിക്കറ്റ് കൌണ്ടറും മറ്റും. പ്ലാസ്റ്റിക് അതിനപ്പുറത്തേയ്ക്ക് അനുവദിച്ചിട്ടില്ല. അവിടുന്നാണ് ഗുഹയിലേക്ക് കുത്തനെയുള്ള, പാറയിലൂടെ ചവിട്ടിയും അള്ളിപിടിച്ചുമൊക്കെയുള്ള കയറ്റത്തിന്റെ രണ്ടാം ഭാഗം. സന്ദര്‍ശകര്‍ ആവശ്യത്തിനുണ്ട്. ഞങ്ങള്‍ കയറാന്‍ തുടങ്ങുമ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു കൂട്ടം കോളേജുവിദ്യാര്‍ഥികള്‍ വിനോദയാത്ര നല്‍കിയ പ്രസരിപ്പില്‍ തിരിച്ചിറങ്ങുന്നുണ്ടായിരുന്നു. മടക്കയാത്രയിലുള്ള മറ്റാരുടേയും മുഖത്ത് പക്ഷെ അത്രയും പ്രസരിപ്പ് കണ്ടില്ല.  രണ്ടു മണിക്കൂറിലധികം നീളുന്ന കയറ്റിറക്കത്തിന്റെ ആയാസം ഇടയ്ക്കല്‍ ഗുഹ കണ്ടിറങ്ങിയപ്പോഴേ ഞങ്ങള്‍ക്കും മനസ്സിലായുള്ളൂ. വഴിക്കുള്ള 'ഇടയ്ക്കല്‍ ഹെര്‍മിറ്റെജ് ' എന്ന റിസോര്‍ട്ടില്‍ 'ഗുഹയ്ക്കുള്ളിലെ ഡിന്നര്‍ ' ബുക്കുചെയ്യാം എന്നുകരുതി ചെന്നപ്പോള്‍ അവിടെ ഒരു ഉത്സവത്തിന്റെ ആള്‍ക്കൂട്ടം. അതൊഴിവാക്കി.  

ഇടയ്‌ക്കൽ ഗുഹയിലേയ്ക്കുള്ള വഴി 
ഇടയ്ക്കല്‍ ഗുഹ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒരു ഗുഹയാണെന്ന് പറയാന്‍ വയ്യ. ആദ്യം ഒരു ചെറിയ ഗുഹാമുഖത്തിലൂടെ അകത്തേക്ക് കയറണം. അതൊരു പൂമുഖപടി മാത്രം. അതിന്റെ മറുഭാഗത്തെ വിടവിലൂടെ വീണ്ടും കുത്തനെ കയറിയാലാണ് മുഖ്യസ്ഥലത്ത് എത്തുക. പറയാന്‍ എളുപ്പം, പക്ഷെ മലകയറിയും സ്ഥിരമായി ട്രെക്കിംഗ് നടത്തിയും പരിചയമില്ലാത്തവര്‍ക്ക് ഇത് ആയാസകരമായ ഒരു വ്യായാമം തന്നെ. അതല്ലെങ്കില്‍ താഴെ വച്ച് കണ്ട യുവാക്കളെപോലെ എന്തിലേക്കും എടുത്തുചാടുന്ന പ്രായവും മാനസികാവസ്ഥയും ആയിരിക്കണം.

ഒരു സാധാരണ വിനോദസഞ്ചാരസ്ഥലം കാണാൻ വരുന്ന  ലാഘവത്തിൽ ഇടയ്ക്കലിലേയ്ക്ക് വരരുത്. അത്തരത്തിലുള്ള ഒന്നും ഇവിടെയില്ല. അത് ആശയതലം. അതിനപ്പുറം ഉടുത്തൊരുങ്ങി വന്ന് കാണാൻ പറ്റുന്ന ഒരിടമല്ല ഇവിടം. മലകയറ്റത്തിന് അത്യാവശ്യം ഉപയുക്തമായ വസ്ത്രങ്ങളെങ്കിലും ധരിച്ചു വേണം ഇവിടേയ്ക്ക് വരാൻ. സാരിയും ഫ്രോക്കും ധരിച്ചെത്തിയ ചില സ്ത്രീകൾ മലകയറാൻ വളരെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. 

മലകയറ്റം
ആദ്യം കയറിയെത്തുന്ന ഗുഹാമുഖത്തു നിന്നും ഏതാനും പടവുകള്‍ ഇറങ്ങി വേണം രണ്ടാമത്തെ ഗുഹയിലേക്ക് പ്രവേശിക്കാന്‍. അവിടേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ, സന്ദര്‍ശകരുടെ തിരക്കിനിടയ്ക്കും, പെട്ടെന്ന് സമയത്തിന്റെ പുഴയിലൂടെ പിന്നിലേയ്ക്ക് സഞ്ചരിച്ച്, പ്രകൃതിയുടെ വന്യകാമനകളില്‍ ആമഗ്നനായി മനുഷ്യന്‍ ആവസിച്ചിരുന്ന ഒരിടത്ത് എത്തപ്പെടുന്നത് അനുഭവിക്കാനാവും. മുകളില്‍ നിന്നും പാളിവീഴുന്ന സൂര്യപ്രകാശത്തില്‍ ചുമരില്‍ പടര്‍ന്നുകിടക്കുന്ന അപൂര്‍വ്വമായ കലാമോഹങ്ങളുടെ ആദിമവിന്യാസങ്ങള്‍. കല്ലുകൊണ്ടുള്ള പണിയായുധങ്ങള്‍ മാത്രം ലഭ്യമായിരുന്ന അതിവിദൂരമായ ഒരു ഭൂതകാലത്ത് അജ്ഞാതരായ ചില കലാപ്രതിഭകള്‍ സൃഷ്‌ടിച്ച മനോഹരമായ ആവിഷ്കാരങ്ങള്‍ പായല്‍പിടിച്ച പാറയുടെ പ്രതലത്തില്‍ നിവര്‍ന്നു കിടക്കുന്നു. ഇത് ഒരു സമയത്ത്, ഒരാള്‍ ചെയ്തതാണെന്ന് കരുതാന്‍ ഒട്ടും നിര്‍വാഹമില്ല തന്നെ. അനേകം ചിത്രകാരന്മാര്‍ നീണ്ട കാലയളവിനിടയ്ക്കു നിര്‍മ്മിച്ചെടുത്തതാവണം ഈ ചുമര്‍ചിത്ര സമുച്ചയം. ഈ ഗുഹ, ഈ പ്രദേശം, ആ ആദിമനിവാസികളുടെ ആവാസസ്ഥലം തന്നെ ആയിരുന്നിരിക്കണം. ഒരു നിമിഷം കണ്ണടച്ചുനിന്നാല്‍ , ഒരു ചലച്ചിത്രത്തിലെന്നപോലെ, പത്തേഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മനുഷ്യര്‍ വിചിത്രമായ വേഷഭൂഷാദികളോടെ ഇതുവഴി നടക്കുന്നത് കാണാം, അവര്‍ ശിലയില്‍ കൊത്തുപണികള്‍ ചെയ്യുന്നത് കാണാം, നമുക്കജ്ഞാതമായ ഏതോ ഭാഷയില്‍ സംസാരിക്കുന്നത് കേള്‍ക്കാം...

വയനാടിനെ, കേരളത്തെ തന്നെയും, ലോകഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഉപയുക്തമാകും വിധം പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ഇടയ്ക്കല്‍ ഗുഹ. ബി. സി 6000 - ത്തിന് മുൻപായി ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യര്‍ പാറകളില്‍ കൊത്തിവച്ചത് എന്നു കരുതപ്പെടുന്ന ഈ ചിത്രങ്ങളും ലിപികളുമാണ് അതിനെ പ്രത്യേകതയുള്ളതാക്കുക. പ്രാചീനശിലായുഗകാലത്ത് കേരളത്തിൽ ജനവാസമുണ്ടായിരുന്നു എന്ന് തെളിയിക്കാനുതകുന്ന കാര്യമായ കണ്ടുപിടിത്തങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ നവീനശിലായുഗത്തിലെ ഈ ചുമർചിത്രസമുച്ചയം കേരള ചരിത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതും നിർണ്ണായകവുമാണ്. ഈ കാലഘട്ടം കഴിഞ്ഞ് തൊട്ടുവരുന്ന മഹാശിലായുഗത്തിന്റെ ശേഷപത്രമായി കരുതപ്പെടുന്ന മറയൂരിലെ മുനിയറകളും, ഇടയ്ക്കൽ ഗുഹയോടൊപ്പം ചേർത്ത് വളരെ കരുതലോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവയൊക്കെ കേരളപൈതൃകത്തിന്റെ ഏറ്റവും പുരാതനമായ നീക്കിയിരിപ്പുകളാണ്.

ഗുഹാചുമരിലെ കൊത്തുചിത്രങ്ങൾ
മലബാറിലെ ബ്രിട്ടീഷ് പോലിസ് ഉദ്യോഗസ്ഥനായിരുന്ന ഫ്രെഡ് ഫോസെത്താണ് ഈ ചരിത്രപ്രാധാന്യമുള്ള സ്ഥലം വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത്. അമ്പുകുത്തിമലയുടെ മുകളില്‍ , സമുദ്രനിരപ്പില്‍ നിന്നും 1200  മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗുഹയ്ക്കുള്ളില്‍ മറഞ്ഞിരുന്ന ഈ അപൂര്‍വ്വത  കണ്ടെത്താന്‍ ഫോസെത്തിന് തീര്‍ച്ചയായും പ്രദേശവാസികളായ ആദിവാസികളുടെയോ മറ്റാരുടെയെങ്കിലുമോ സഹായം ലഭിച്ചിരിക്കാം എന്നത് തീര്‍ച്ചയാണ്. അതിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കാനുള്ള സാംസ്ക്കാരികസാക്ഷരത പക്ഷേ ആ ബ്രിട്ടീഷുകാരനായിരുന്നു എന്നതാവും ചുരുക്കെഴുത്ത്. 1901 - ൽ ‘ഇന്ത്യൻ ആന്റിക്വാറി‘യുടെ മുപ്പതാം വാല്യത്തിലാണ് ഫൊസെത്ത് ചിത്രങ്ങളടക്കം ഇടയ്ക്കൽ ഗുഹയെകുറിച്ചുള്ള തന്റെ ലേഖനം പ്രസിദ്ധപ്പെടുത്തുന്നത്. മലയാളത്തിൽ ഇടയ്ക്കൽ ഗുഹയെക്കുറിച്ച് ആദ്യമായി ആധികാരികമായി എഴുതുന്നത് കേസരി ബാലകൃഷണപിള്ളയാണ്. മലയാളികളെ ശാസ്ത്ര/ചരിത്ര അവബോധമുള്ള ജനതയായി മാറ്റിയെടുക്കാൻ ആയുസ്സുഴിഞ്ഞുവച്ച കേസരിയാണ് ഇടയ്ക്കൽ ഗുഹയെക്കുറിച്ച് ആദ്യമായി എഴുതിയത് എന്നുള്ളത് ഒരനിവാര്യത മാത്രം. 1938 - ലെ മാതൃഭൂമി വിശേഷാൽപ്രതിയിലാണ് കേസരിയുടെ ‘കേരളം എണ്ണായിരം വർഷങ്ങൾക്ക് മുൻപ് അഥവാ എടക്കൽ ഗുഹ’ എന്ന ലേഖനം പ്രത്യക്ഷപ്പെടുന്നത്.

ദക്ഷിണേന്ത്യയിൽ നവീനശിലായുഗകാലമായി വിന്യസിക്കപെട്ടിരിക്കുന്നത് ബി. സി. 10000 മുതൽ ബി. സി. 4000 വരെയാണ്. കേസരിയുടെ നിഗമനം ഇടയ്ക്കൽ ഗുഹയിലെ ആദ്യചിത്രങ്ങൾ കോറപ്പെട്ടിരിക്കുക ബി. സി 7000 ത്തിനും ബി. സി 6000 നും ഇടയ്ക്കായിരിക്കും എന്നാണ്. ഇടയ്ക്കൽ ഗുഹയിൽ നിന്നു ഫോസെത്ത് കണ്ടെത്തിയ കല്ലുളികൾ പോലുള്ള ഭൌതീകവസ്തുക്കളും, ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും ഇതേകാലയളവിൽ കോറിവരയപ്പെട്ട ചുമർചിത്രങ്ങളുമായുള്ള താരതമ്യവും, പൂർവ്വപണ്ഡിതമതങ്ങളും തന്റെ ഈ കാലഗണനയ്ക്കായി കേസരി ഉപയോഗപ്പെടുത്തുന്നുണ്ട്. ചിത്രങ്ങളുടെ പ്രത്യേകതയെകുറിച്ച് കേസരി ഇങ്ങിനെ എഴുതുന്നു: “... പ്രാചീന ശിലായുഗചിത്രങ്ങൾ മനുഷരെ മുഖമൂടുപടങ്ങളോടുകൂടി നൃത്തംചെയ്യുന്ന ഭാവത്തിൽ വരച്ചിരിക്കുന്നതുപോലെ, എടക്കൽ ഗുഹയിലെ കൊത്തു ചിത്രങ്ങളും മനുഷരെ മുഖമൂടുപടങ്ങളോടും ഉഷ്ണീഷ വിശേഷങ്ങളോടും കൂടി നൃത്തം ചെയ്യുന്ന ഭാവത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രാചീനശിലായുഗ ചിത്രങ്ങളിൽ കാണുന്ന ഈ നൃത്തഭാവം മതസംബന്ധിയായ നൃത്തത്തെയാണ് ചിത്രീകരിക്കുന്നതെന്ന് വിദഗ്ധന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ എടക്കൽ കൊത്തുചിത്രങ്ങളും മതസംബന്ധിയായ കോലം തുള്ളലുകളേയും ദൈവം തുള്ളലുകളേയും ചിത്രീകരിക്കുന്നു എന്നു വിചാരിക്കാം. ഈ കൊത്തു ചിത്രങ്ങൾ പാളയും കുരുത്തോലയും വച്ചുകെട്ടി തുള്ളാറുള്ള വേലന്മാരുടേയും മറ്റും കോലം തുള്ളലുകളെ സ്മരിപ്പിക്കുന്നു. ഒരു തെങ്ങിൻമടലോ പനമടലോ ഓലകളഞ്ഞ് പിടിച്ചുകൊണ്ട് മുഖം മൂടിയോടും ഉഷ്ണീഷത്തോടും കൂടി തുള്ളുന്ന ഒരു മനുഷ്യന്റെ ചിത്രവും എടക്കൽ ഗുഹയിൽ കൊത്തിയിട്ടൂണ്ട്”.

മനുഷ്യരൂപം
കേസരിയുടെ അഭിപ്രായം ദ്രാവിഡരുടേയും ആര്യരുടേയും വരവിനു മുൻപുതന്നെ ഇന്ത്യയിൽ ഉണ്ടായിരുന്ന ആസ്ത്രലോവേടർ എന്ന നരവംശത്തിൽ പെട്ടവരായിരുന്നിരിക്കണം ഇടയ്ക്കൽഗുഹയിലെ ശിലാചിത്രങ്ങൾ വരച്ചിരിക്കുക എന്നാണ്. കേരളത്തിലെ മലവേടൻ, മുള്ളുകുറുമ്പൻ, പണിയൻ, ചെറുമൻ എന്നീ ഗിരിവർഗ്ഗ സമൂഹങ്ങൾ ഈ വിഭാഗത്തിൽ പെടുന്നു. ഇതിൽ തന്നെ ഇടയ്ക്കൽ ഗുഹയുടെ പരിസരത്ത് ഇന്നും കാണുന്ന, ആ മലയെ അരാധിക്കുന്ന മുള്ളുകുറുമ്പൻ വർഗ്ഗത്തിൽ പെട്ടവരായിരിക്കണം ഈ കൊത്തുചിത്രങ്ങളുടെ ഉടമസ്ഥർ എന്ന് കേസരി നിരീക്ഷിക്കുന്നു.

കൊത്തുചിത്രങ്ങളുടെ അതേ കാലഗണന പക്ഷെ ഇടയ്ക്കൽ ഗുഹയിൽ കാണുന്ന എഴുത്തുകൾക്ക്/അക്ഷരങ്ങൾക്ക് ബാധകമാവില്ല എന്നു പൊതുവേ അംഗീകരിക്കപെട്ടിട്ടുണ്ട്. ഈ ലേഖനങ്ങളിലെ എഴുത്തുരീതി അശോകചക്രവർത്തിയുടെ കാലത്തെ ശിലാലിഖിതങ്ങളോട് അസാമാന്യമായ സാദൃശ്യം പുലർത്തുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ലിപി അശോകന് തൊട്ടുശേഷം ഉണ്ടായ. ‘കേവ്’ എന്ന് ലിപിവിദഗ്ധൻമാർ പേരുവിളിക്കുന്ന ഒരു ബ്രാഹ്മിലിപിയത്രെ. ബി. സി 242 - ൽ മരിച്ച അശോകന്റെ കാലവുമായി ഇവ എഴുതപ്പെട്ടകാലത്തിന് വലിയ അന്തരമില്ലെന്നാണ് അനുമാനിക്കപ്പെടുന്നത്. കേസരി ഇതിൽ ഒരു ലേഖനത്തെ വായിച്ചെടുക്കുന്നത് “ബുദ്ധന്റെ ആരാധനയ്ക്കുള്ള ഗുഹയായി ദാനം ചെയ്യപ്പെട്ടിരിക്കുന്നു” എന്നാണ്. അശോകന്റെ കാലത്ത് മൌര്യസാമ്രാജ്യം മൈസൂരിന്റെ വടക്കൻപ്രദേശങ്ങൾ വരെ നിലനിന്നിരുന്നു. അതിനും തെക്കോട്ട് ഭിക്ഷുക്കളെ ബുദ്ധമത പ്രചരണാർത്ഥം അശോകൻ അയച്ചിരുന്നു എന്നത് നിസ്തർക്കമാണ്. ബി. സി. രണ്ടാം ദശകത്തിൽ തന്നെ, ഇന്നത്തെ കേരളമുൾപ്പെടുന്ന പശ്ചിമേന്ത്യയിൽ ബുദ്ധമതം സാർവത്രികമായിതന്നെ പ്രചരിച്ചിരുന്നു എന്നും കരുതപ്പെടുന്നു. അതിനാൽ ബി. സി. 150 - നും ബി. സി. 200 - നും മധ്യേ, ബുദ്ധഭിക്ഷുക്കൾ മതപ്രചരണം മുൻനിർത്തി ഈ ഗുഹയിൽ താമസിച്ചിരിക്കാമെന്നും, അവർ കൊത്തിയതാവാം ഈ ലേഖനമെന്നും കേസരി കരുതുന്നു. അതായത് ചിത്രങ്ങൾക്കും ഈ അക്ഷരങ്ങൾക്കും തമ്മിൽ കുറഞ്ഞത് 6000 വർഷത്തിന്റെയെങ്കിലും ഇടവേളയുണ്ട് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഈ അക്ഷരങ്ങളോട് സാമ്യമില്ലാത്ത മറ്റു ലിപികളും ഇടയ്ക്കൽ ഗുഹയുടെ ചുമരുകളിൽ കാണുന്നുണ്ട്. ക്രിസ്താബ്ദം 500 വരെയുള്ള കാലത്തിനിടയ്ക്ക് പലപ്പോഴായി എഴുതപ്പെട്ടവയാവും ഇവ എന്ന് കേസരി സമർത്ഥിക്കുന്നു.   

കേസരിയുടെ ലേഖനത്തിലെവിടെയും അമ്പുകുത്തിമല എന്ന പേര് കാണുന്നില്ല. ‘ബത്തറി റോക്ക്’ എന്നാണ് പരാമർശിക്കപ്പെടുന്നത്. ഫോസെത്ത് ഉപയോഗിച്ച പേര് അദ്ദേഹവും അതേപടി പ്രയോജനപ്പെടുത്തുകയായിരുന്നിരിക്കാം. കൌതുകകരമായി തോന്നുക, ഫോസെത്തിന്റെ റിപ്പോർട്ടിൽ നിന്നും ചിത്രങ്ങളിൽ നിന്നും മാത്രമായാണ് കേസരി തന്റെ നിഗമനങ്ങളിലേക്ക് എത്തിചേർന്നിട്ടുള്ളത് എന്നതാണ്. അദ്ദേഹം നേരിട്ട് ഇടയ്ക്കൽഗുഹ സന്ദർശിച്ചിരുന്നു എന്ന് വിശ്വസിക്കാനുതകുന്ന പരാമർശങ്ങളൊന്നും ലേഖനത്തിലില്ല. ആതുകൊണ്ട് തന്നെ അമ്പുകുത്തിമല എന്ന പ്രാദേശിക നാമം അറിയാതെ പോയതാവാം. അതിനുമപ്പുറം, ഏഴ് പതിറ്റാണ്ടുകൾക്ക് മുൻപ്, ഇന്ത്യയൊരു സ്വതന്ത്രരാജ്യമാവുന്നതിന് മുൻപ്, കേരളം എന്നൊരു സംസ്ഥാനം അതിന്റെ ഗർഭാവസ്ഥയിൽ പോലും സന്നിഹിതവുമല്ലാതിരുന്ന കാലത്ത്, വെറും കാട്ടുപ്രദേശമായിരുന്ന ഈ ഭൂവിഭാഗത്തിന് അമ്പുകുത്തിമല എന്നൊരു പേര് വ്യാപകമായി ഉപയോഗിച്ചിരുന്നില്ല എന്നതും കാരണമാവാം. 

ഗുഹാമുഖത്തു നിന്നും  കാണുമ്പോൾ
പ്രശസ്ത ചലച്ചിത്രകാരനായ ഹെര്‍സോഗിന്റെ (Werner Herzog) ഒരു ഡോക്യുമെന്‍ററി ചിത്രമാണ് 'Cave of Forgotten Dreams'. ഫ്രാന്‍സിന്റെ തെക്കന്‍ പ്രവിശ്യയിലുള്ള ഷോവെഗുഹയിലെ (Chauvet Cave) ചുമര്‍ചിത്രങ്ങളെ കുറിച്ചാണ് സിനിമ. ഈ ഗുഹയിലെ ചിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ഇടയ്ക്കല്‍ഗുഹയിലവയെക്കാളും പഴക്കമുണ്ട്. വെറും പഴക്കമല്ല - ഏതാണ്ട് 30000 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ടവയാണ് ആ ചിത്രങ്ങള്‍ . ഒരു പക്ഷെ ഇന്ന് ലഭ്യമായിരിക്കുന്ന ഏറ്റവും പഴക്കമുള്ള ചുമര്‍ചിത്രങ്ങള്‍ . ഇടയ്ക്കലിലേതുപോലെ പാറയില്‍ വെറുതെ കൊത്തിയവയല്ല അവ, നിറച്ചാര്‍ത്തുകളോടെ വരച്ചവ തന്നെ. ഈ ഗുഹയിലേക്ക് സന്ദര്‍ശകരെ അനുവദിക്കാറില്ല. ഹെര്‍സോഗിന് പോലും ഫ്രെഞ്ച് സര്‍ക്കാരിന്റെ ഒരുപാട് നിബന്ധനകളോടെയുള്ള പ്രത്യേക അനുമതി വേണ്ടിവന്നു അകത്തു പ്രവേശിക്കാന്‍ . അതും അദ്ദേഹമുള്‍പ്പെടെ മൂന്നാലുപേര്‍ക്ക് മാത്രം. ചിത്രങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടി പ്രത്യേക ലൈറ്റുകളും ക്യാമറകളും ഹെര്‍സോഗിന് നിര്‍മ്മിക്കേണ്ടിയും വന്നു. നമ്മളെ സംബന്ധിച്ച് പാശ്ചാത്യര്‍ ക്യാപിറ്റലിസ്റ്റ് ഇരപ്പാളികളാണ്. അതുകൊണ്ടാവുമോ അവര്‍ ചരിത്രത്തിന്റെ അവശിഷ്ടങ്ങളെ നിധിപോലെ സൂക്ഷിക്കുന്നത്. അതുകൊണ്ടാവുമോ അവരിലെ ഒരു കലാകാരന്‍ സാങ്കേതികത അനുവദിക്കുന്ന അതിര്‍ത്തിവരെ പോയി, ആ ചിത്രങ്ങള്‍ പകര്‍ത്തി മറ്റൊരു സര്‍ഗ്ഗാനുഭവമായി ലോകത്തിനു മുന്നിലേയ്ക്കുവച്ചത്. ഒരു ഉത്സവത്തില്‍ പങ്കെടുക്കുന്ന പ്രതീതിയില്‍ വലിയൊരു ജനക്കൂട്ടം ഇടയ്ക്കല്‍ ഗുഹയില്‍ ചവിട്ടിമെതിച്ച് നടക്കുന്നത് കണ്ടപ്പോള്‍ ഹെര്‍സോഗിന്റെ ചിത്രവും അതിന്റെ വായിച്ചറിഞ്ഞ നിര്‍മ്മാണചരിത്രവും എന്തോ ഓര്‍മ്മയിലേയ്ക്ക് വന്നു. 

ഏഴുപതിറ്റാണ്ടുകൾക്ക് മുൻപ്, പിൽക്കാലത്തുണ്ടാവാനിരിക്കുന്ന വിനോദസഞ്ചാരികളുടെ ബാഹുല്യത്തെക്കുറിച്ച് കേസരിക്ക് അറിവുണ്ടായിരുന്നില്ല എങ്കിൽകൂടിയും, മറ്റൊരു തരത്തിലുള്ള നിരാശ അദ്ദേഹവും പങ്കുവയ്ക്കുന്നുണ്ട്: “അവസാനമായി എടക്കൽ ഗുഹയിലെ കൊത്തുചിത്രങ്ങളെ കുറിച്ച് രണ്ടുവാക്ക് പറഞ്ഞുകൊള്ളട്ടെ, ഇന്ത്യാ ഗവണ്മെന്റിന്റേയും മദ്രാസ് ഗവണ്മെന്റിന്റേയും ആർക്കിയോളജി വകുപ്പുകൾ കൃത്യാന്തരബാഹുല്യത്താൽ കേരളത്തിലെ പ്രാചീന ലേഖനങ്ങളുടേയും സ്മാരകങ്ങളുടേയും കണ്ടുപിടിത്തത്തിലും സംരക്ഷണത്തിലും അധികം ശ്രദ്ധപതിപ്പിക്കാറില്ല. കൊച്ചിയിലേയും തിരുവിതാംകൂറിലേയും ഗവണ്മെന്റുകൾ ഇപ്പോൾ കേരളത്തിലെ മധ്യകാലചിത്രങ്ങൾ ശേഖരിക്കുവാൻ തുടങ്ങിയിരിക്കുന്ന സ്ഥിതിക്ക് അവരെങ്കിലും എണ്ണായിരത്തോളം വർഷങ്ങൾക്ക് മുമ്പുള്ള കേരളചിത്രകലയുടെ, അഥവാ കേരള കൊത്തുപണിക്കലയുടെ മാതൃകകളായ എടക്കൽ കൊത്തുചിത്രങ്ങൾ മുഴുവൻ പകർത്തി തങ്ങളുടെ ചിത്രശാലകളിലിൽ സൂക്ഷിച്ചുവെക്കേണ്ടതാണ്”.   

ഇട-കൽ
രണ്ട് കല്‍പാളികള്‍ക്കിടയില്‍ കുടുങ്ങിയ ഒരു പാറ മേല്‍ക്കൂര തീര്‍ത്ത ഗുഹയായതിനാലത്രേ ഇട-കല്‍ ഗുഹ എന്ന പേര് വന്നത്. മറ്റൊരു വശത്ത്‌, നെടുകേപിളര്‍ന്ന പാറയിലെ നീണ്ട വിടവിലൂടെ താഴ്വാരങ്ങള്‍ കാണുകയും ചെയ്യാം. പ്രകൃതിയുടെയും മനുഷ്യന്റെയും ഒരുപാട് കരവിരുതുകള്‍ ഈ ചെറിയ ഗുഹയ്ക്കുള്ളില്‍ സുലഭം.

അമ്പുകുത്തിമലയുടെ മുകളില്‍ നിന്നുള്ള വയനാടന്‍ താഴ്വാരത്തിന്റെ ദൃശ്യം മനോഹരമാണ് - മലമുകളില്‍ നിന്ന് താഴേക്കുള്ള ഏതു കാഴ്ച്ചയേയും പോലെതന്നെ. ഇടയ്ക്കലിന്റെ ഗുഹാമുഖം അമ്പുകുത്തിമലയുടെ നെറുകയല്ല. ഇവിടെനിന്നു ഇനിയും മുകളിലേക്ക് കയറാനുണ്ടത്രേ ശൈലാഗ്രത്തിലെത്താന്‍. എന്തായാലും മഴക്കാലമായതിനാല്‍ അതിനുള്ള സാധ്യതകള്‍ വിനോദസഞ്ചാര വകുപ്പു തന്നെ അടച്ചിരിക്കുന്നു - അത്രയും വ്യയം ഒഴിവായികിട്ടി.