2012, നവംബർ 1, വ്യാഴാഴ്‌ച

അശോകവനം - മൂന്ന്

ഒന്നാം ഭാഗം 
രണ്ടാം ഭാഗം


"അവര്‍ [വിദിശമഹാദേവി] ബുദ്ധന്റെ ശാക്യവംശത്തില്‍പ്പെട്ടവരാണ്. അശോകന്‍ ഈ പ്രദേശത്ത് (രാജപ്രതിനിധിയായി) ഉണ്ടായിരുന്നപ്പോള്‍ [അവരെ] വിവാഹം ചെയ്തു. പിതാവായ ബിന്ദുസാരന്‍ മരിച്ചതറിഞ്ഞ് അശോകന്‍ തിരികെപോയപ്പോള്‍ വിദിശമഹാദേവി കൂടെ പോകാന്‍ തയ്യാറായില്ല. അവര്‍ ഭിക്ഷുണിയായി മാറി. മഹേന്ദ്രനും സംഘമിത്രയും അവരുടെ മക്കളാണ്. ഇവരെയാണ് ശ്രീലങ്കയിലേക്ക് ബൌദ്ധതത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ അശോകന്‍ അയക്കുന്നത്"
- എം. ജി. എസ്. നാരായണന്‍, കല്ലെഴുത്തുകളിലെ കാലവും ദേശവും (അഭിമുഖം), മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്തംബര്‍ 30, 2012

അങ്ങിനെ ശ്രീലങ്കയിലേക്ക് പോയ മഹേന്ദ്രനാണ് ദ്വീപിന്റെ ലഭ്യമായ ചരിത്രത്തിന് പ്രഭവമേകിയത്. മഹേന്ദ്രന്‍ എന്ന പേര് ആധുനികവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ വകഭേദമായിരിക്കണം. മഹിന്ത എന്നാവും അതിന്റെ പൂര്‍വ്വരൂപം. മൗര്യസാമ്രാജ്യം അതിന്റെ എല്ലാ പ്രഭാവത്തോടെയും നില്‍ക്കുന്ന കാലത്താണ് അവിടെനിന്നും ഒരു രാജകുമാരനും രാജകുമാരിയും ബുദ്ധമതപ്രചരണാര്‍ത്ഥം ഭിക്ഷുക്കളായി നാടുവിട്ടുപോകുന്നത്. വെറുതേ മൗര്യസാമ്രാജ്യം എന്ന് പറഞ്ഞുപോയാല്‍ അതിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാനായി എന്നുവരില്ല. തെക്ക് കര്‍ണാടകം മുതല്‍ മുകളിലേക്ക് ഇറാന്‍ വരെ, ആസാം മുതല്‍ പടിഞ്ഞാറ് പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഇന്നത്തെ ഇന്ത്യയേക്കാള്‍ വലിയൊരു രാജ്യം. ഇന്ത്യ എന്ന നിലയ്ക്ക് രാഷ്ട്രീയമായൊരു അസ്തിത്വം ആദ്യമായി സ്ഥാപിതമാവുന്നത് ചന്ദ്രഗുപ്തന്റെ കാലത്താണ്. പത്തു രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയെ ഏകോപിപ്പിച്ചത് ബ്രിട്ടീഷുകാരാണ് എന്ന അവകാശവാദം ചരിത്രനിരാസമാണ്.

ഇന്ത്യയില്‍ മൗര്യസാമ്രാജ്യം കൈവയ്ക്കാത്ത പ്രദേശം കേരളവും തമിഴ്നാടുമാണ്. അശോകന്റെ കാലംവരെ, ശക്തമായ കലിംഗയും മൗര്യസാമ്രാജ്യത്തെ എതിര്‍ത്തുനിന്നു. എന്നാല്‍ അശോകന്‍ വലിയ അളവിൽ മനുഷ്യജീവൻ ഹനിച്ച്‌  കലിംഗയും തന്റെ രാജ്യത്തില്‍ ചേര്‍ത്തു എന്നത് ഇൻഡ്യൻ സൈക്കിയിലെ പോപ്പുലര്‍ ചരിത്രകഥയാണല്ലോ. മൗര്യസാമ്രാജ്യവുമായി ഏതെങ്കിലും തരത്തില്‍ ബലതന്ത്രങ്ങള്‍ താരതമ്യപ്പെടുത്താന്‍ സാധിക്കുംവിധം ശക്തമായ രാജഭരണങ്ങൾ അക്കാലത്ത് തെക്കേ ഇൻഡ്യയിലൊ ശ്രീലങ്കയിലോ  ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. അതുതന്നെയാവാം ഈ അപ്രസക്ത പ്രദേശത്തെ മൗര്യന്മാർ ഗൗനിക്കാതിരുന്നതിനും കാരണം. അഥവാ ഏതെങ്കിലും രാജസ്വരൂപങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അവരൊക്കെയും മൗര്യസാമ്രാജ്യത്തിന്റെ വിധേയസാമന്തന്മാര്‍ ആയിരുന്നിരിക്കാം എന്നതാണ്. എന്തായാലും ശ്രീലങ്കയിൽ അക്കാലത്ത് ഒരു രാജാവും രാജഭരണവും ഉണ്ടായിരുന്നു എന്നാണ് പുരാവൃത്ത സൂചന. ശ്രീലങ്കയിലേക്കുള്ള മഹിന്തയുടെയും സംഘമിത്രയുടെയും സഞ്ചാരം ഈ പാഠത്തിൽ കാണേണ്ടി വരും...

മിഹിന്തലയുടെ ഭൂപ്രകൃതി
ഇത്രയും വലിയൊരു സാമ്രാജ്യത്തിലെ രാജകുമാരനും രാജകുമാരിയും ഒരു വിദൂരദേശത്തേക്ക് മതപ്രചരണാര്‍ത്ഥം പോയതെന്തിന് എന്ന സമസ്യക്ക് ഉത്തരം അശോകന്റെ പൂര്‍വകാലജീവിതം കൂടിയായിരിക്കും. മഹിന്തയുടെയും സംഘമിത്രയുടെയും അമ്മയായ വിദിശമഹാദേവിയുടെ സ്ഥലം സാഞ്ചിയായിരുന്നു (മഹിന്തയും സംഘമിത്രയും ഇരട്ടകളായിരുന്നു എന്നും കരുതപ്പെടുന്നുണ്ട്). അശോകന്‍ രാജഭരണത്തിലേക്ക് എത്തുന്നതിന് മുന്‍പ്, സാഞ്ചിയിലെ (മധ്യപ്രദേശ്) രാജപ്രതിനിധിയായിരിക്കുന്ന കാലത്താണ് വിദിശമഹാദേവിയെ വിവാഹം കഴിക്കുന്നത്. അശോകന്‍ 500 - ഓളം സ്ത്രീകളെ ഒരേസമയം ഭാര്യമാരായി പാര്‍പ്പിച്ചിരുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്. അച്ഛനായ ബിന്ദുസാരന്റെ മരണശേഷം പാടലീപുത്രത്തിലേയ്ക്ക് മടങ്ങിയ അശോകനോടൊപ്പം, ബുദ്ധഭിക്ഷുണിയായ വിദിശമഹാദേവി പോയില്ല എന്നതിന് മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല - അശോകന്റെ അനേകം ഭാര്യമാരില്‍ ഒരാള്‍ മാത്രമായിരുന്നുവല്ലോ അവര്‍. മാത്രവുമല്ല ബിന്ദുസാരന്റെ മരണശേഷം പാടലീപുത്രത്തിലെ ഭരണമാറ്റം അത്ര എളുപ്പത്തിലല്ല നടന്നത്. അശോകന്‍, ബിന്ദുസാരന്റെ അനേക ഭാര്യമാരിലുള്ള അനേകം മക്കളില്‍ ഒരാള്‍ മാത്രമായിരുന്നു - ഏറ്റവും ഭരണനിപുണനും ക്രൂരനും യുദ്ധകൊതിയനും കൂടി. മക്കളില്‍, അശോകനെയല്ല ബിന്ദുസാരന്‍ തന്റെ പിന്‍ഗാമിയായി കണ്ടിരുന്നത്. അതിനാൽ, ഭരണംകയ്യേറാനായി, ഒരാളെയൊഴിച്ച് തന്റെ മറ്റ് സഹോദരങ്ങളെയെല്ലാം അശോകൻ കൊന്നുകളഞ്ഞുവത്രേ.

മലകയറ്റത്തിനിടയില്‍ കണ്ട ഒരു ബുദ്ധശില്‍പ്പം
അമ്മയോടൊപ്പം സാഞ്ചിയില്‍ ബുദ്ധമതതത്വങ്ങള്‍ ചെറുപ്പം മുതല്‍ പഠിച്ചായിരിക്കണം മഹിന്തയും സംഘമിത്രയും വളര്‍ന്നിരിക്കുക. വളരെ ദൂരെയുള്ള പാടലീപുത്രത്തിന്റെ രാജകീയസുഖങ്ങള്‍ അവരില്‍ നിന്നും അകലെയായിരുന്നിരിക്കണം. ബുദ്ധമതത്തിന്റെ വളര്‍ച്ചയുടെ കാലംകൂടിയാണത് - മറ്റൊരു വ്യവസ്ഥാപിത മതമായി മാറുന്നതിനു മുന്‍പുള്ള കാലം. മതപരമായ ജൈവതയും ലൗകികതയോടുള്ള വിമുഖതയും അമ്മയില്‍ നിന്നും ചെറുപ്പത്തില്‍ തന്നെ അവര്‍ക്ക് പകര്‍ന്നുകിട്ടിയിരിക്കണം. കലിംഗയുദ്ധത്തോടെ അശോകന്‍ പെട്ടെന്ന് ബുദ്ധമതം സ്വീകരിക്കുകയായിരുന്നു എന്നതിനെ ഏറെക്കൂറെ നിരാകരിക്കുന്നതാണ് അദ്ദേഹത്തിന്‍റെ വിദിശമഹാദേവിയുമായുള്ള ബന്ധം. വളരെ തീവ്രമായി ബുദ്ധമതതത്വങ്ങള്‍ തന്റെ രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയത് ഒരുപക്ഷെ യുദ്ധത്തിനു ശേഷമായിരുന്നിരിക്കാം എന്നുമാത്രം.

അര്‍ദ്ധതരിശ്ശു താഴ്വാരം 
അക്കാലത്തെ ശ്രീലങ്കയിലെ രാജാവായിരുന്ന ദേവനംപിയതിസ്സ തന്റെ തലസ്ഥാനമായ അനുരാധപുരത്തിന് അല്പം അകലെമാറി, ഒരു കുന്നിന്‍ചരുവില്‍ വേട്ടയാടികൊണ്ടിരിക്കെ അപരിചിതനായ ഒരു മനുഷ്യന്‍ അദ്ദേഹത്തോട് മൃഗങ്ങളെ കൊല്ലുന്നത് നിര്‍ത്താന്‍ ആജ്ഞാപിച്ചതായാണ് പ്രബലമായ ഒരു വാമൊഴിക്കഥ. അശോകനും തിസ്സയും പരസ്പരം അറിയാത്തവരല്ല. ചരിത്രത്തിന്റെ ലഭ്യതകള്‍ അവകാശപ്പെടുന്നതുപോലെ, തിസ്സ മൌര്യസാമ്രാജ്യത്തിന്റെ ഒരു സാമന്തന്‍ ആയിരുന്നിരിക്കണം. മഹിന്തയുടെ ശ്രീലങ്കന്‍ യാത്രയെകുറിച്ച് തിസ്സയ്ക്ക് ദൂതന്മാര്‍വഴി നേരത്തേതന്നെ അറിവുകിട്ടിയിരിക്കണം - യാത്രയുടെ ഉദ്ദേശത്തെ കുറിച്ചും. തന്നെ പേരെടുത്തു വിളിച്ച് ബുദ്ധതത്വത്തിന്റെ അടിസ്ഥാനമായ അഹിംസയെ കുറിച്ച് സംസാരിക്കുന്നത് ആരെന്നു മനസ്സിലാക്കാന്‍ തിസ്സയ്ക്ക് അധികസമയമൊന്നും വേണ്ടിവന്നിരിക്കില്ല. ആ അപരിചിതനെ വണങ്ങിസ്വീകരിക്കുക എന്നതിനപ്പുറം തിസ്സയ്ക്ക് മറ്റു വഴികളുണ്ടായിരുന്നില്ല എന്നതാവും ചുരുക്കെഴുത്ത്. തന്റെ അടുത്തുനില്‍ക്കുന്ന ഭിക്ഷുവിനു മുന്നില്‍ , അഥവാ അക്കാലത്ത് നിലവിലുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്നിന്റെ രാജകുമാരന് മുന്നില്‍ തിസ്സ തന്റെ നിസ്സഹായത തിരിച്ചറിഞ്ഞിരിക്കണം.


വെയില്‍മണം പരക്കുന്ന പാറയ്ക്കപ്പുറം എന്നാല്‍ പ്രകൃതിയുടെ പുഷ്പവേല
ദേവനംപിയതിസ്സ അന്ന് വേട്ടയാടാന്‍ തിരഞ്ഞെടുത്ത ആ കുന്നിന്‍ചരുവില്‍ - മിഹിന്തലയില്‍ - ഞങ്ങള്‍ എത്തുമ്പോള്‍ വെയില്‍ കത്തുകയായിരുന്നു. വിളറിയ ഹരിതപത്രങ്ങളുമായി വെയിലിനോട് പൊരുതിനില്‍ക്കാന്‍ ശ്രമിക്കുന്ന ചെറിയ മരക്കൂട്ടങ്ങള്‍ . മധ്യശ്രീലങ്കയില്‍ അവസാനിക്കുന്ന ഉയര്‍ന്നപ്രദേശങ്ങളില്‍ നിന്ന് വടക്കോട്ടേയ്ക്കുള്ള സമതലങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങുമ്പോള്‍ ഭൂപ്രകൃതിയും കാലാവസ്ഥയും മാറുന്നു. ഒറ്റപെട്ട മരക്കൂട്ടങ്ങളുമായി, ഇടയ്ക്കൊക്കെ ഏകാന്തമായി നില്‍ക്കുന്ന പാറകുന്നുകളുമായി, മരീചികകള്‍ സൃഷ്ടിച്ചു കിടക്കുന്ന അര്‍ദ്ധതരിശ്ശുഭൂമി തമിഴ്നാട്ടിലെ വെയിലുകൊണ്ട് ചുമന്ന ഭൂപ്രദേശങ്ങളെ ഉറപ്പായും ഓര്‍മ്മിപ്പിക്കും.


താഴ്വാരത്തിന്റെ മറ്റൊരു കാഴ്ച
തമിഴുമായി ശ്രീലങ്കയ്ക്കുള്ള പൌരാണികബന്ധത്തിലേക്ക് സൂചനനല്‍കുന്നതാണ് സ്ഥലനാമം. 'മഹിന്ത മലയ്' എന്നതാണ് മിഹിന്തലയിലേക്ക് ലോപിച്ചത് എന്ന് ന്യായമായും കരുതപ്പെടുന്നു. അനുരാധപുരത്ത് നിന്നും ട്രിങ്കോമാലിയിലേക്കുള്ള റോഡിലൂടെ ഏകദേശം പന്ത്രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മിഹിന്തലയില്‍ എത്താം. ആയിരം അടിയോളം ഉയരത്തിലുള്ള ഒരു ചെറിയ മലയാണ് മിഹിന്തല. ശ്രീലങ്കയിലെ ബുദ്ധമതത്തിന്റെ പ്രഭവസ്ഥലം എന്നതിനാല്‍ തന്നെ ഇവിടം ഇപ്പോള്‍ ഒരു സജീവ തീര്‍ഥാടനകേന്ദ്രമാണ്. മഹിന്തയെ തന്റെ കൊട്ടാരത്തിലേക്ക് വരാനും, അവിടെയിരുന്നു പ്രഭാഷണങ്ങള്‍ നടത്താനും തിസ്സ ക്ഷണിച്ചെങ്കിലും മഹിന്ത അതു നിരസിച്ച്, താനിരിക്കുന്ന സ്ഥലത്തേയ്ക്ക് വന്നു പ്രഭാഷണം കേള്‍ക്കാന്‍ രാജാവിനോട് ആവശ്യപ്പെട്ടുവത്രെ. മഹിന്തയുടെ താമസസ്ഥലം എന്നതിനാല്‍ തന്നെ അക്കാലംമുതല്‍ ഇവിടം ബുദ്ധഭിക്ഷുക്കളുടെ സജീവസാന്നിധ്യംകൊണ്ട് ചെറുതല്ലാത്ത ബുദ്ധവിഹാരമായി മാറിയിരുന്നു എന്ന് ചരിത്രാവശിഷ്ടങ്ങള്‍ തെളിവുതരും. മഹിന്ത ആദ്യമായി പ്രഭാഷണം നടത്തിയ ഇടം എന്ന് കരുതുന്ന ഉയരമുള്ള പാറ പ്രത്യേകമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയുടെ രണ്ടായിരത്തിലധികം വര്‍ഷം നീളുന്ന ബുദ്ധചരിത്രത്തിന്റെ ആദ്യ വിത്തുവീണ സ്ഥലം എന്ന നിലയ്ക്ക്, ആ രാജ്യത്തിന്റെ രാഷ്ട്രീയത്തിലും സംസ്കാരത്തിലും അക്കാലം മുതല്‍ ഇന്നുവരെ ബുദ്ധമതം ചെലുത്തുന്ന ക്രമാതീതമായ സ്വാധീനത്തെ കുറിച്ചുകൂടി ആലോചിക്കുമ്പോള്‍ മാത്രമേ ഈ പാറയുടെ പ്രധാന്യവ്യാപ്തി മനസ്സിലാവുകയുള്ളു.  


മഹിന്ത ആദ്യമായി പ്രഭാഷണം നടത്തിയത് എന്ന് കരുതപ്പെടുന്ന പാറ
ബുദ്ധമതത്തിന്റെ താത്വികസങ്കീര്‍ണതകളെ കുറിച്ച് കാര്യമായ വിവരം എനിക്കില്ല. സിദ്ധാര്‍ത്ഥന്റെ ജീവിതകഥ മുന്നോട്ടുവയ്ക്കുന്ന മാനവികതലം എല്ലാവരെയും പോലെ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നുമാത്രം. ബുദ്ധമതത്തിന്റെ പ്രതിരൂപമായി ഇന്ന് മുന്നിലുള്ളത് ദലൈലാമയാണ്. ദലൈലാമയുടെ അഥവാ തിബത്തന്‍ ബുദ്ധിസത്തിന്റെ സമകാലചരിത്രം പാലായനത്തിന്റെയും അഭയാര്‍ഥിത്വത്തിന്റേയുമാണ്. അത് നല്‍കിയ ഉള്‍ക്കാഴ്ച ദലൈലാമയുടെ ജീവിതവീക്ഷണത്തിലും തത്വചിന്തകളിലും കാണാം. ഇത് പൊതുവേ തിബത്തന്‍ ബുദ്ധിസത്തിന്റെ സമകാലിക മനോഘടനയില്‍ ദര്‍ശിക്കാനാവും എന്ന് തോന്നുന്നു. അറിയപ്പെടുന്ന ബുദ്ധസന്യാസിയായ ഖ്യെന്‍സെ നോര്‍ബുവിന്റെ ഭൂട്ടാനിസ് സിനിമ 'മജീഷ്യന്‍സ് ആന്‍ഡ് ട്രാവലേഴ്സ്', വ്യക്തിജീവിതം പ്രകാശിപ്പിക്കേണ്ട മാനുഷികതയിലേക്കെത്തുന്ന നിഗൂഡസ്ഥലികളെ കലാജൈവതയോടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കര്‍ണ്ണാടകയിലെ കുശാല്‍നഗറില്‍ തിബത്തന്‍ബുദ്ധിസത്തിന്റെ വ്യവസ്ഥാപിത മതരൂപം കുറേയൊക്കെ കാണാന്‍ സാധിക്കുമെങ്കിലും, പൊതുവേ ആ സ്ഥലം ഉണര്‍ത്തുന്ന വൈകാരികാനുഭവം മാനവികമാണ്. എന്നാല്‍ ഇതില്‍ നിന്നും തുലോം വ്യത്യസ്തവും ഏറെക്കൂറെ മൌലികമായ അടിയൊഴുക്കുകള്‍ ഉള്ളതുമാണ് ശ്രീലങ്കന്‍ബുദ്ധിസം എന്ന് ചെറിയ ദിവസങ്ങളുടെ പരിചയം തന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇത് ഒരു ദ്വീപിന്റെ പരിമിതിയായിക്കൂടി അറിയേണ്ടതുണ്ടാവും. ബുദ്ധമതം അനേക കൈവഴികളിലൂടെ, നൂറ്റാണ്ടുകളിലൂടെ, വികാസപരിണാമങ്ങള്‍ അഭിമുഖീകരിച്ച ലോകത്തിന്റെ മറ്റിടങ്ങളില്‍ നിന്നും കുറേയേറെ അകലെ ഒറ്റപ്പെട്ടുകിടന്ന ദ്വീപില്‍ വ്യത്യസ്തമായി ആ മതം വളര്‍ന്നത് സ്വാഭാവികമാണ്. ഭൂമിശാസ്ത്രപരമായ സങ്കുചിതത്വം മതഘടനയിലും മനോഘടനയിലും വേലിയേറുന്ന പ്രതിഭാസം ഓരോ ഇടപെടലുകളിലും അനുഭവിക്കാനാവും. വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും ബഹുലസങ്കീര്‍ണതയില്‍ അഭിരമിക്കുന്ന കര നല്‍കുന്ന ജീവിതവീക്ഷണം ഏകമാനമായ ക്ളിപ്തതയില്‍ കഴിയുന്ന ദ്വീപിനു സ്വായത്തമാവില്ല എന്നത് ആ സമൂഹത്തിന്റെ കുറ്റമാവില്ല, അതൊരു പരിമിതി തന്നെയാണെങ്കിലും.

ഭോജനശാലയുടെ അവശിഷ്ടങ്ങള്‍
മലമുകളിലേക്കുള്ള പടവുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ചില കല്‍നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍ കാണാം. ഇവിടം ബുദ്ധവിഹാരമായിരുന്ന കാലത്ത്, പാറയുടെ പല ഭാഗങ്ങളിലായ് താമസിച്ചിരുന്ന സന്യാസിമാര്‍ ആഹാരം കഴിക്കാന്‍ വന്നിരുന്ന ഭോജനശാലയായിരുന്നുവത്രേ അത്. ഭക്ഷണം, ഭക്തര്‍ നല്‍കുന്ന ഭിക്ഷയായിരുന്നു. അത്തരത്തില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ സൂക്ഷിക്കാനും മറ്റും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. മുകളിലുള്ള കുളത്തില്‍നിന്നും താഴെ തീന്‍മുറിയിലേക്കും പരിസരങ്ങളിലേക്കും ജലമെത്തിക്കാനുള്ള കല്‍വഴികളും സജ്ജമാക്കിയിരുന്നുവത്രേ. തരക്കേടില്ലാത്ത ഒരു ജനവാസകേന്ദ്രമായിരുന്നു മിഹിന്തല ഒരുപാടുകാലം എന്നുവേണം അനുമാനിക്കാന്‍ .


ഇതിനുള്ളിലത്രേ ഭക്തര്‍ ഭിക്ഷയായി നല്‍കുന്ന ആഹാരസാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്
കയറ്റത്തിന്റെ ആദ്യഘട്ടം കഴിയുമ്പോള്‍ തുറസ്സായ ഒരു സ്ഥലത്തെത്തുന്നു. ഇവിടെയാണ്‌ ടിക്കറ്റ്കൌണ്ടറും മറ്റും. തിസ്സ, മഹിന്തയെ ആദ്യമായി കണ്ടുമുട്ടിയ കൃത്യമായ സ്ഥലം ഇതത്രേ. ആ സ്ഥാനത്ത് താരതമ്യേന ഒരു ചെറിയ സ്തൂപം കാണാം (അംബസ്ഥല ഡഗാബ). അത് പുതുക്കി നിര്‍മ്മിച്ചിട്ടുണ്ട്. എങ്കിലും അതിനു മേല്‍ക്കൂര തീര്‍ത്തിരുന്ന കല്‍തൂണുകള്‍ പൌരാണികതയുടെ ഓര്‍മ്മകള്‍പേറി നില്‍ക്കുന്നു. മഹിന്തയുടെ തിരുശേഷിപ്പുകള്‍ വഹിക്കുന്ന സ്തൂപം എന്നതിനാല്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന ആരാധനാസ്ഥലം തന്നെയാണിത്. 


അംബസ്ഥല ഡഗാബ
ശ്രീലങ്കന്‍ ബുദ്ധിസത്തിന്റെ അടിസ്ഥാന ആരാധനാസ്ഥാനം ഇത്തരം സ്തൂപങ്ങളാണ്. അതിനെ സംരക്ഷിച്ചു കൊണ്ടോ, അതിനു ചുറ്റുമായോ ഒക്കെയാണ് അനുബന്ധനിര്‍മ്മിതികള്‍ ഉണ്ടാവുന്നത്. ഇത്തരം സ്തൂപങ്ങളുടെ പ്രത്യേകതയും ഉത്ഭവവും അതുള്‍ക്കൊള്ളുന്ന തിരുശേഷിപ്പുകളുമായി ബന്ധപ്പെട്ടാണ്. ബുദ്ധമതസംബന്ധിയായ വിശുദ്ധവ്യക്തികളുടെ പല്ലോ എല്ലിന്റെഭാഗങ്ങളോ ഒക്കെ തിരുശേഷിപ്പുകളായി ഇതിനുള്ളില്‍ നിക്ഷേപിച്ചതിനു ശേഷം പൂര്‍ണ്ണമായും കെട്ടിയടയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരം വസ്തുക്കളോടൊപ്പം സ്വര്‍ണ്ണംപോലുള്ള മറ്റ് വിലപിടിച്ച വസ്തുക്കളും വയ്ക്കാറുണ്ട്. വിശുദ്ധശേഷിപ്പുകളുടെ ലഭ്യതകുറവ് കൊണ്ടാവാം പുതിയ സ്തൂപങ്ങളില്‍ ഭക്തരില്‍ നിന്നും ലഭിക്കുന്ന വിലപിടിപ്പുള്ള ഭൌതികവസ്തുക്കളുടെ ശേഖരം മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കാറുള്ളൂ.


ടിക്കറ്റ് കൌണ്ടര്‍
മലകയറ്റത്തിന്റെ ഈ ഇടത്താവളത്തില്‍ നിന്നും പല വഴികള്‍ പിരിയുന്നു. ഒന്ന് നേരത്തേ സൂചിപ്പിച്ച, മഹിന്ത ആദ്യമായി പ്രഭാഷണം നടത്തിയ പാറയുടെ മുകളിലേക്ക് പോകുന്നു. എതിര്‍വശത്തായുള്ള പടവുകള്‍ നീളുന്നത് മറ്റൊരു വലിയ സ്തൂപത്തിലേക്കാണ്. മലയുടെ മുകളിലുള്ള ഈ സ്തൂപം (മഹാസ്തൂപ) ക്രിസ്തുവിന്റെ ജീവിതകാലത്തിന് തൊട്ടുശേഷം നിര്‍മ്മിച്ചതാണ് എന്ന് അനുമാനിക്കുന്നു. എ. ഡി. ഏഴു മുതല്‍ പത്തൊന്‍പതു വരെ അനുരാധപുരം ഭരിച്ചിരുന്ന മഹാദാതിക മഹാനാഗ രാജാവിന്റെ കാലത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. പക്ഷെ കണ്ടാല്‍ ഇന്നലെ നിര്‍മ്മിച്ചതു പോലെ തോന്നും - അത്ര പുതുപുത്തനായി വെള്ളനിറം പൂശി നില്‍ക്കുന്നു. 


അകലെ മഹാസ്തൂപയുടെ ഗോപുരം
ശ്രീലങ്കയില്‍ ഏതു ഭാഗത്തും കാണാന്‍ പറ്റുന്ന ഒരുതരം ആര്‍ക്കിയോളജിക്കല്‍ ദുരന്തത്തിന്റെ നല്ല ഉദാഹരണമാണ് ഈ സ്തൂപം. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള, നൂറ്റാണ്ടുകളോളം ഉപേക്ഷിക്കപ്പെട്ടുകിടന്ന,  ഇപ്പോള്‍ വെട്ടംകണ്ടുതുടങ്ങിയിരിക്കുന്ന ചരിത്രത്തിന്റെ ശേഷിപ്പുകള്‍ , അവ ലഭ്യമായ നിലയില്‍ സംരക്ഷിക്കുന്നതിനു പകരം പുനരുദ്ധാരണം ചെയ്ത് പുത്തനാക്കി മാറ്റുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഈ വിപര്യം കൂടുതലും നേരിടുന്നത് മതസംബന്ധിയായ ചരിത്രംപേറുന്ന ഇത്തരം സ്തൂപങ്ങളും മറ്റുമാണ്. പല സ്ഥലത്തും ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാണാന്‍ സാധിച്ചു. താമസിയാതെ ശ്രീലങ്കയില്‍ നൂറ്റാണ്ടുകളുടെ ചരിത്രമുദ്രകള്‍ പേറുന്ന ഒരു സ്തൂപവും ബാക്കിയുണ്ടാവില്ല - അവയൊക്കെ സമകാലിക വാസ്തുരൂപങ്ങളായി പരിണമിച്ചിട്ടുണ്ടാവും. അനുരാധപുരവും പരിസരങ്ങളും യുനസ്കോയുടെ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമത്രേ. അവരൊന്നും ഇവിടെ ചരിത്രത്തിന്റെ വസ്തുപ്രതിരൂപങ്ങള്‍ , അവയുടെ മുകളിലൂടെയുള്ള കോണ്‍ക്രീറ്റ് നിര്‍മ്മിതികളാല്‍ മൂടപ്പെടുന്നത് അറിയിന്നില്ലെന്നുണ്ടോ? യുനസ്കോയ്ക്ക് അങ്ങിനെയെന്തെങ്കിലും ബാധ്യതയുണ്ടോ ആവോ? ഇത്തരം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സഹായങ്ങള്‍ വരുന്നത് ബുദ്ധിസം സജീവമായ ജപ്പാന്‍, തായ്ലാന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് എന്നാണ്  അറിയാന്‍കഴിഞ്ഞത്. ശ്രീലങ്കയുടെ, മതസംബന്ധിയായ പൈതൃകവൈവിധ്യം പതുക്കെ തുടച്ചുനീക്കുക എന്നൊരു ഗൂഡപദ്ധതി ഇതിനു പിന്നിലുണ്ടോ എന്ന കാടുകയറിയ ചിന്തയും പ്രസക്തമല്ലാതാവുന്നില്ല.


മഹാസ്തൂപ
കുന്നിനു മുകളില്‍ നിന്നു നോക്കിയാല്‍ അധികം അകലയല്ലാതെ പുനരുദ്ധാരണം നടത്തിയിട്ടില്ലാത്ത മറ്റൊരു സ്തൂപം കാണാം. കന്തകസെത്തിയാ എന്നറിയപ്പെടുന്ന ഈ സ്തൂപം മുകളിലുള്ള മഹാസ്തൂപയെക്കാളും പഴക്കമുള്ള നിര്‍മ്മിതിയാണ് . ബി. സി. 119 നും 109 നും ഇടയ്ക്കാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത് എന്നാണ് കരുതപ്പെടുന്നത്. ഇത്തരം ചരിത്രനിഗമനങ്ങള്‍ക്കൊക്കെ അവലംബം 'മഹാവംശ' എന്ന പൌരാണിക ബൌദ്ധകൃതിയാണ്. ഇന്ത്യയിലെ ബുദ്ധചരിത്രത്തെ കുറിച്ച് പഠിക്കാനും എം. ജി. എസ്സിനെ പോലുള്ളവര്‍ ഈ ഗ്രന്ഥം ഉപയോഗിച്ചിരുന്നതായി കാണാം.


കന്തകസെത്തിയാ
കയറിയ വഴിയില്‍കൂടി തന്നെ തിരിച്ചിറങ്ങണമെന്നില്ല. കുറച്ചുകൂടി പഴക്കം തോന്നിക്കുന്ന ഹരിതാഭമായ മറ്റൊരു വിജനപാതയുണ്ട്. ആ വഴിക്കാണ് ഒരു പാറക്കെട്ടിന്റെ ഭാഗത്തായി കാണുന്ന 'നാഗപൊക്കുന' എന്ന ചെറിയ കുളം. ഇതൊരു ഉറവയല്ല, മഴവെള്ളം കെട്ടിനില്‍ക്കുന്ന സംഭരണിയാണ്. പ്രകൃത്യാ ഉണ്ടായിരുന്ന ഈ സംഭരണിയെ ആറാം നൂറ്റാണ്ടോടടുപ്പിച്ച് വിപുലപ്പെടുത്തകയായിരുന്നുവത്രേ. കുളത്തിന്റെ ജലസ്പര്‍ശം കൊണ്ടുകൂടിയാവണം വഴിത്താരയില്‍ പച്ചനിറം ഒരല്‍പ്പം കൂടുതല്‍ . ഈ സംഭരണിയില്‍ നിന്നാണ് താഴെ ഭോജനശാലയിലേക്കും മറ്റും കല്‍ചാലുകളിലൂടെ വെള്ളം എത്തിച്ചിരുന്നതെന്ന് കരുതുന്നു.


നാഗപൊക്കുന
- തുടരും - 

3 അഭിപ്രായങ്ങൾ:

  1. വിശദമായ വായനയ്ക്ക് അടയാളപ്പെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ
  2. ലാസറേട്ടാ.... ഇത്രയും മനോഹരമായി എഴുതുന്ന ലാസറേട്ടനാണ്, പലപ്പോഴും ചിത്രങ്ങൾക്കുമാത്രം പ്രാധാന്യമുള്ള പോസ്റ്റുകളിൽ വിവരണം അവസാനിപ്പിച്ചിരുന്നത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു കേട്ടോ.. :)മനോഹരമായ വിവരണം തന്നെ.. ചരിത്രം അധികമൊന്നും അറിയില്ലെങ്കിലും ആസ്വദിച്ചു വായിയ്ക്കുവാൻ പ്രേരിപ്പിയ്ക്കുന്ന രചനാശൈലി... ഒപ്പം മനോഹരമായ ചിത്രങ്ങളും... ചിത്രങ്ങളുടെ ഭംഗി ഒരിയ്ക്കൽകൂടി എടുത്തു പറയുന്നു... ശ്രീലങ്കൻ യാത്ര അവസാനിച്ചിട്ടില്ല എന്ന് കരുതുന്നു.. തുടരട്ടെ മനോഹരമായ യാത്രകൾ... ആശംസകൾ നേരുന്നു... സ്നേഹപൂർവ്വം ഷിബു തോവാള.

    മറുപടിഇല്ലാതാക്കൂ