2014, നവംബർ 27, വ്യാഴാഴ്‌ച

തെക്ക് നിന്നൊരു കാറ്റ് പറഞ്ഞു... - മൂന്ന്

ഉള്ളിലെ മൃഗശാലയിൽ നിന്നും ഒരു പുള്ളിമാൻ ചാടിപ്പോയ വാർത്തയും കേട്ടുകൊണ്ടാണ് ഞങ്ങൾ ഉദയഗിരിക്കോട്ടയിൽ ചെന്നിറങ്ങിയത്. സമയം പത്തുമണി അടുപ്പിച്ച് ആയിരുന്നുവെങ്കിലും ആ 'ഭയങ്കര' സംഭവത്തെ പ്രതി കോട്ട തുറന്നിട്ടില്ലെന്നും അകത്ത് ജീവനക്കാർ മാനിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും അറിയാൻ കഴിഞ്ഞു. ഒരു കാമുകനും കാമുകിയും, സ്കൂളിൽ നിന്നും ചാടിവന്ന ഒന്നുരണ്ട് കുട്ടികളും പ്രവേശനഭാഗത്ത് അകത്തേയ്ക്ക് കടക്കാനാവാതെ വിഷണ്ണരായി ചുറ്റിതിരിഞ്ഞു നിൽപുണ്ടായിരുന്നു.

ഞങ്ങളും കൂടി എത്തിയപ്പോൾ സന്ദർശകരുടെ എണ്ണം കൂടുന്നത് കണ്ടിട്ടായിരിക്കാം ഈ കഥയൊക്കെ പറഞ്ഞുതന്ന, അവിടുത്തെ ജീവനക്കാരിയെന്ന് തോന്നിച്ച സ്ത്രീ ആരെയോ തന്റെ മൊബൈലിൽ നിന്ന് വിളിക്കുകയും ഏതാനും നിമിഷങ്ങൾക്കകം കോട്ടവാതിൽ ഉള്ളിൽ നിന്ന് തുറക്കപ്പെടുകയും ചെയ്തു. പുള്ളിമാനോ പോയി, ഇനി സമയത്തിന് സന്ദർശകരെ അനുവദിച്ചില്ല എന്നത് മറ്റൊരു പ്രശ്നമാകേണ്ട എന്ന് കരുതിയിട്ടുണ്ടാവും.

തന്റെ കൂട്ടുകാരനോ കൂട്ടുകാരിയോ ചാടിപോയതിനാലാവും വിഷാദത്തോടെ നിൽക്കുന്ന ഉദയഗിരിക്കോട്ടയിലെ പുള്ളിമാൻ
തിരുവനന്തപുരം - കന്യാകുമാരി വഴിയിൽ തക്കല കഴിഞ്ഞാൽ തൊട്ടടുത്ത കവല പുലിയൂർക്കുറിശ്ശിയാണ്. ഇവിടെ ദേശീയപാതയുടെ ഇടതുവശം ചേർന്നാണ് ഉദയഗിരിക്കോട്ട. പുലിയൂർക്കുറിശ്ശി അങ്ങനെ ശ്രദ്ധിക്കപ്പെടുന്ന ഒരു കവല അല്ലാത്തതിനാലും തൊട്ടുചേർന്ന് ഇത്തരത്തിൽ ഒരു ചരിത്രസ്ഥലം സ്ഥിതിചെയ്യുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങൾ ഒന്നും റോഡിൽ നിന്ന് ദൃശ്യമല്ലാത്തതിനാലും പ്രത്യേകമായി ഇവിടം അന്വേഷിച്ച് വരാത്തവർ സ്ഥലം അറിയാതെ കടന്നുപോകാൻ സാധ്യത കൂടുതലാണ്.

പുലിയൂർകുറിശ്ശിയിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞുവെങ്കിലും വഴിതെറ്റി കുറച്ചുദൂരം പത്മനാഭപുരം ഭാഗത്തേയ്ക്ക് സഞ്ചരിച്ചു. സാധ്യമാവുന്ന സ്ഥലങ്ങളിലെല്ലാം സ്വന്തമായി വണ്ടിയോടിച്ചു പോവുകയാണ് പതിവ് എന്നതുകൊണ്ട് തന്നെ ഇടയ്ക്കൊക്കെ വഴിതെറ്റാറുണ്ട്. അതിനെ ഒരു തെറ്റ് എന്ന നിലയ്ക്കല്ല, ഇതുവരെ കാണാനാവാത്ത മറ്റൊരു ഭൂഭാഗം കൂടി കാണാനായ അവിചാരിതശരിയായാണ് എടുക്കാറ്.

ഉദയഗിരികോട്ട - ഒരു പാർശ്വകാഴ്ച
തിരുവിതാംകൂറിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ഉദയഗിരി. പിൽക്കാലത്ത് തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറുന്നതിനു മുൻപ്, ആദ്യം തിരുവിതാംകോടും പിന്നീട് പത്മനാഭപുരവുമായിരുന്നു  തെക്കൻ സ്വരൂപത്തിന്റെ ആസ്ഥാനം. പത്മനാഭപുരം തലസ്ഥാനമാവുന്നതോടെയാണ് ഉദയഗിരി ചരിത്രത്തിലേയ്ക്ക് കടന്നുവരുന്നത്.

ഉദയഗിരികോട്ടയുടെ ആദ്യത്തെ നിർമ്മാണ കാലഘട്ടം എന്ന് കരുതപ്പെടുന്ന പതിനേഴാം നൂറ്റാണ്ട് വൈദേശിക ശക്തികളുടെ നിശിതമായ സാന്നിധ്യം ഇന്ത്യയിൽ ഉറച്ചുവരുന്ന കാലംകൂടിയാണ്. തിരുവിതാംകൂറിന്റെ അക്കാലത്തെ പ്രശസ്ത തുറമുഖമായ കൊളച്ചലിൽ കച്ചവടത്തിനും സൈനിക ആവശ്യങ്ങൾക്കുമായി ഒരുപാട് കപ്പലുകൾ നങ്കൂരമിട്ടിരുന്നു. കൊളച്ചലിൽ നിന്നും പത്മനാഭപുരം കൊട്ടാരത്തിലേയ്ക്കുള്ള വഴിയിലാണ് ഉദയഗിരിക്കുന്ന് എന്നത് സൈനികമായി അത് വളരെ തന്ത്രപ്രധാനമായ ഒരിടമായി മാറാൻ കാരണമായി. കുന്നിനു മുകളിൽ നിന്നുള്ള സൈനീകനിരീക്ഷണം, കേവലം രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള പത്മനാഭാപുരം കൊട്ടാരത്തെ കടൽ, കര ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാനുള്ള ഒരു കവചമായി രൂപാന്തരപ്പെട്ടു. അങ്ങനെയാണ് പതിനേഴാം നൂറ്റാണ്ടിൽ കുന്നിനു താഴെയായി ഒരു ചെറിയ കോട്ട ഉയരുന്നതും അവിടം സൈനികതാവളമായി മാറുന്നതും.

കോട്ടയിലേയ്ക്കുള്ള സ്വീകരണ ഫലകം
പതിനെട്ടാം നൂറ്റാണ്ടിൽ, മാർത്താണ്ഡവർമ്മയുടെ കാലത്തോടെയാണ് പക്ഷേ ഉദയഗിരിയിൽ വളരെ വിപുലമായ രീതിയിൽ കോട്ട നിർമ്മാണവും സൈനിക താവളവും സാക്ഷാത്കരിക്കപ്പെടുന്നത്‌. ഇതിനു നേതൃത്വം കൊടുത്തത് അക്കാലത്ത്  മാർത്താണ്ഡവർമ്മയുടെ സൈന്യാധിപനായിരുന്ന ഡില്ലനോയ് (Eustachius De Lannoy) ആണ്. (ഡില്ലനോയ് എന്ന ഉച്ചാരണം ശരിയാണോ എന്ന് സംശയമുണ്ട്‌. എങ്കിലും പൊതുവേ ഉപയോഗിച്ചുവരുന്നത് പിന്തുടരുന്നു.) മാർത്താണ്ഡവർമ്മയുടെ കാലത്തെ തിരുവിതാംകൂറിന്റെ സമഗ്രമായ അഭിവൃദ്ധിക്കും വലിയ അതിർത്തി വിപുലീകരണത്തിനും ഒക്കെ നിദാനമായത് കൊളച്ചൽ യുദ്ധവും ഡിലനോയ് എന്ന ലന്തൻ പട്ടാളക്കാരന്റെ കീഴടങ്ങലും കൂറുമാറ്റവും,  തുടർന്ന് അദ്ദേഹം തിരുവിതാംകൂർ രാജ്യത്തിന്‌ നൽകിയ സൈനികമായ നിസ്തുലസേവനങ്ങളുമായിരുന്നു.

ഡില്ലനോയ് ജീവിച്ചതും മരിച്ചതും അടക്കംചെയ്യപ്പെട്ടതും ഉദയഗിരികോട്ടയ്ക്കുള്ളിലാണ്...

ഡില്ലനോയിയുടെ ശവകുടീരത്തിലേയ്ക്കുള്ള വഴി
ഡില്ലനോയിയുടെ ശവകുടീരത്തിലേയ്ക്ക് ഒരു ചെറിയ കോണ്‍ക്രീറ്റ് വഴി നിർമ്മിച്ചിട്ടുണ്ട്. ഞങ്ങൾ അങ്ങോട്ടേയ്ക്ക് നടന്നു. വഴികാട്ടിയായി ഒരു പട്ടി ഞങ്ങൾക്ക് മുന്നേ നടന്നു. വഴി പൂർണ്ണമായും വിജനമാണ്. അധികം സഞ്ചാരമുള്ള വഴിയല്ലെന്ന് സ്പഷ്ടം. നടക്കുംതോറും വൃക്ഷനിബിഡത കൂടിക്കൂടി വന്നു. വഴിയിലേയ്ക്കു വീണുകിടക്കുന്ന കരിയിലകൾ... കുറച്ചു ചെന്നപ്പോൾ മുൻപിൽ നടക്കുകയായിരുന്ന പട്ടി ഇനി ഞാനില്ല എന്ന ഭാവത്തിൽ ഒരു വശത്തേയ്ക്ക് മാറിക്കിടന്ന് മയങ്ങാൻ തുടങ്ങി. നാടൻ പട്ടികൾ കാടിലേയ്ക്ക് കടക്കില്ല എന്ന് കേട്ടിട്ടുള്ളത് അപ്പോൾ ഓർത്തു.

ഡില്ലനോയിയുടെയും കുടുംബത്തിന്റെയും ശവകുടീരം ഈ പള്ളിയുടെ അകത്തു കാണാം
ഡില്ലനോയ് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ നാവികസേനയിൽ കമാൻഡറായിരുന്നു. മുഖ്യമായും പീരങ്കിനിർമ്മാണം, കോട്ടനിർമ്മാണം തുടങ്ങിയ സാങ്കേതിക ജോലികളുമായി ബന്ധപെട്ട വിഭാഗങ്ങളുടെ മേൽനോട്ടമാണ് അദ്ദേഹം നിർവ്വഹിച്ചിരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അക്കാലത്തെ അവരുടെ പ്രധാന താവളം സിലോണിലെ ഗോൾ ആയിരുന്നു. ഡില്ലനോയിയുടെ താവളവും ഗോളായിരുന്നു. അതേസമയം, കേരളത്തിലെ പല നാട്ടുരാജക്കന്മാരുമായും ലന്തക്കാർ നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. കേരളത്തിൽ അവരുടെ താവളങ്ങളും സാന്നിധ്യവും ശക്തമായിരുന്നു. കൊച്ചി, കായംകുളം തുടങ്ങിയ പല നാട്ടുരാജ്യങ്ങളും ലന്തക്കാരുടെ സംരക്ഷണത്തിലും അധീനതയിലുമായിരുന്നു എന്നുതന്നെ പറയാം. ഫോർട്ട്‌ കൊച്ചിയിലെ ഡച്ച് കൊട്ടാരവും മറ്റും ഈ അവസരത്തിൽ ഓർക്കുകയും ചെയ്യാം.

തിരുവിതാംകൂർ മാത്രം പല കാരണങ്ങൾ കൊണ്ടും അവരുമായി രസത്തിലായിരുന്നില്ല. എന്നാൽ ലന്തക്കാരുമായി തിരുവിതാംകൂർ നിശിതമായി നേർക്കുനേർ വരുന്നത്, ഇളയടത്ത് സ്വരൂപം (കൊട്ടാരക്കര) എന്ന ചെറുപ്രദേശം, അവിടുത്തെ രാജ്ഞിയെ ഒഴിവാക്കി സ്വന്തം അധീനതയിലാക്കുന്നതോടെയാണ്. കൊട്ടാരക്കര ഒരുപാട് മല/വന മേഖലകൾ ഉൾപ്പെടുന്ന പ്രദേശവും അതുകൊണ്ട് തന്നെ ഡച്ചുകാർക്ക് കുരുമുളകിന്റെ വ്യാപാരതാല്പര്യമുള്ള സ്ഥലവുമായിരുന്നു. ലന്തക്കാരുടെ മറ്റൊരു സിൽബന്ധിയായിരുന്ന കായംകുളം രാജാവും തിരുവിതാംകൂറിനെ ഭയപ്പെടുകയും ഡച്ച് സഹായം ആവശ്യപ്പെടുകയും ചെയ്തു. കൊട്ടാരക്കര തിരിച്ചുനൽകാൻ ഡച്ച് അധികാരികൾ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയോട് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് വഴങ്ങിയില്ല എന്നതോ പോട്ടേ, തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടാൽ ഡച്ച് സാമ്രാജ്യത്തെ ആ മണ്ണിൽ ചെന്ന് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അഭിമാനത്തിനേറ്റ ക്ഷതവുമായാണ്, തിരുവിതാംകൂറിനെ ഇനി നിലവിട്ട് പോകാൻ അനുവദിക്കില്ല എന്ന വാശിയിൽ ഗോളിൽ നിന്നും ലന്തക്കാരുടെ പട്ടാളം തിരുവിതാംകൂർ ആസ്ഥാനത്തിന് ഏറ്റവും അടുത്തുള്ള കൊളച്ചൽ തുറമുഖത്ത് ഡില്ലനോയിയുടെ സൈനികനേതൃത്വത്തിൽ 1741 ആഗസ്ത് മാസത്തിൽ വന്നിറങ്ങുന്നത്.

ഡില്ലനോയിയുടെയും ഭാര്യയുടെയും മകന്റെയും ശവകുടീരങ്ങൾ
വിശകലനത്തിൽ ഡച്ച് സാമ്രാജ്യത്തിനും തിരുവിതാംകൂറിനും ഒരുപോലെ പ്രാധാന്യമുള്ളതായി ഭവിച്ച ഒരു യുദ്ധമായിരുന്നു കൊളച്ചലിലേത് എന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. 1741 അഗസ്ത് മാസം പത്താം തിയതി മാർത്താണ്ഡവർമ്മയുടെ നായർ പട്ടാളം ഡില്ലനോയിയുടെ ലന്തൻ പട്ടാളത്തെ പരാജയപ്പെടുത്തി. ഡില്ലനോയി ഉൾപ്പെടെ ഒരുപാട് ഡച്ച് പട്ടാളക്കാരെ തിരുവിതാംകൂർ സൈന്യം തടവുകാരായി പിടിച്ചു. മലബാർ പ്രദേശത്ത്‌ ലന്തക്കാരുടെ സ്വാധീനം വല്ലാതെ പരുങ്ങളിലാക്കുകയും ബ്രിട്ടീഷുകാരുടെ ഇടപെടൽ വർദ്ധിപ്പിക്കയും ചെയ്ത, ഡച്ചുകാരെ സംബന്ധിച്ച് അവരുടെ അധിനിവേശമോഹങ്ങളുടെ മേൽ നിപതിച്ച ഒരു അശനിപാതമായിരുന്നു ഈ യുദ്ധപരാജയം. തിരുവിതാംകൂർ കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഏകകമായി വ്യക്തവും മൂർത്തവുമായി അവരോധിതമാകുന്നതും ഈ യുദ്ധവിജയത്തോടെയാണ്.

മാർത്താണ്ഡവർമ്മയുടെ ഏറ്റവും വലിയ യുദ്ധവിജയമായാണ് കൊളച്ചൽ കണക്കാക്കപ്പെടുന്നത്. ഉയരങ്ങളിലെ രാഷ്ട്രീയ സങ്കീർണ്ണതകകളുടെ സൂക്ഷ്മതലങ്ങൾ അന്നും ഇന്നും സാധാരണക്കാരെ സംബന്ധിച്ച് അജ്ഞാതമോ വക്രീകൃതമോ ആണ്. കൊളച്ചൽ യുദ്ധത്തെ കുറിച്ച് അത്രയൊന്നും പ്രചാരത്തിലില്ലാത്ത മറ്റൊരു ഭാഷ്യവുമുണ്ട് എന്നതും അതിനാൽ പരാമർശ്യയോഗ്യമായേയ്ക്കും. അന്നത്തെ ഡച്ച് സാമ്രാജ്യമെന്നത് ഇന്നത്തെ നെതർലാൻഡ്സ് മാത്രം ഉൾപ്പെടുന്ന ഒരു ദേശമായിരുന്നില്ല. വംശീയമായി ഒരുപാട് ധാരകൾ ഉൾപ്പേറുന്ന അതിവിശാലമായ യൂറോപ്പ്യൻ പ്രദേശമായിരുന്നു അന്നത്തെ ലന്തൻ സാമ്രാജ്യം. അതിൽ ഒരു തെക്കൻ പ്രവിശ്യയായിരുന്നു ഡില്ലനോയിയുടെ മാതൃദേശം.  ഇന്ന് ഈ ഭാഗം ബെൽജിയം എന്ന മറ്റൊരു രാജ്യമാണ്. അതുകൊണ്ട് തന്നെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക വിഭാഗത്തിൽ വംശീയമായ വേർതിരിവുകൾ ആഴത്തിൽ ഉണ്ടായിരുന്നുവെന്നും ഡില്ലനോയിയെപ്പോലുള്ള മുഖ്യ ഡച്ച് പ്രദേശത്തു നിന്നും അല്ലാത്തവർ തികച്ചും അസംതൃപ്തർ ആയിരുന്നുവെന്നും പറയപ്പെടുന്നു. അതിന്റെ പ്രതിസ്ഫുരണമെന്നനിലയ്ക്ക് വലിയ യുദ്ധത്തിനൊന്നും നിൽക്കാതെ, മാർത്താണ്ഡവർമ്മയുടെ ഉപാധികൾ സ്വീകരിച്ച് ഡില്ലനോയിയും കൂട്ടരും കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കൂറുമാറുകയായിരുന്നുവത്രേ.           

പള്ളിയുടെ മുഖപ്പ്, ഉള്ളിൽ നിന്നും കാണുമ്പോൾ
അതെന്തായാലും, തിരുവിതാംകൂർ പട്ടാളം ആധുനികമാവുന്നത് ഡില്ലനോയി മേധാവിയാകുന്നതോടെയാണ്. ഇഞ്ചിനീറിംഗ് വിദഗ്ധനായ ഡില്ലനോയിയുടെ ഏറ്റവും വലിയ സംഭാവനകൾ പീരങ്കി നിർമ്മാണത്തിലും കോട്ട നിർമ്മാണത്തിലുമായിരുന്നു. ഉദയഗിരികോട്ടയുടെ വിപുലീകരണവും വട്ടക്കോട്ടയുടെ (കന്യാകുമാരിക്ക് അടുത്ത്, കിഴക്കൻ തീരത്ത്‌) നിർമ്മാണവും ഓർക്കാം. ഉദയഗിരികോട്ടയ്ക്കുള്ളിലായിരുന്നു ഡില്ലനോയി താമസിച്ചിരുന്നത്. അവിടെയായിരുന്നു തിരുവിതാംകൂർ സൈന്യത്തിന്റെ ആസ്ഥാനവും വെടിക്കോപ്പ് നിർമ്മാണവും ഒക്കെ.

മാർത്താണ്ഡവർമ്മയുടെ മരണശേഷം ധർമ്മരാജയുടെ കാലത്താണ് പക്ഷേ ഡില്ലനോയി കേരളത്തിലെ ഏറ്റവും വലിയ കോട്ടയുടെ നിർമ്മാണപ്രവർത്തനം ഏറ്റെടുക്കുന്നത്. കൊടുങ്ങല്ലൂരിൽ നിന്നും കിഴക്കോട്ടേയ്ക്ക് ചാലക്കുടിയാറിന്റെ കരയിലൂടെ ആനമല വരെ ഏതാണ്ട് അൻപത് കിലോമീറ്റർ നീളത്തിൽ നിർമ്മിക്കപ്പെട്ട നെടുംകോട്ട എന്നറിയപ്പെട്ടിരിന്ന ഒരു കൂറ്റൻ നിർമ്മാണ പ്രവർത്തനമായിരുന്നു അത്. കൊച്ചിരാജാവിന്റെ ഒത്താശയോടെ, സാമൂതിരിയുടെ കടന്നുകയറ്റങ്ങൾക്ക് തടയിടുക എന്ന ആശയത്തിൽ നിർമ്മിക്കപ്പെട്ടതാണെങ്കിലും പിൽക്കാലത്ത് ടിപ്പു സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ വളരെയധികം ഉപയുക്തമായി ഈ നിർമ്മിതി.

നെടുംകോട്ട ഇന്നില്ല. ടിപ്പുവിന്റെ സൈന്യം അത് മണ്ണോടുമണ്ണ് ഇടിച്ചുനിരപ്പാക്കി. കേരളത്തിനോട് ടിപ്പു ചെയ്ത വലിയ ധ്വംസനങ്ങളിൽ ഒന്നായിരുന്നു അത്. ഇന്നുണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ മദ്ധ്യധമനിയിലൂടെ കിഴക്കുപടിഞ്ഞാറ് നിവർന്നുകിടക്കുമായിരുന്ന ആ നെടുംകോട്ട നമ്മുടെ പൈതൃകത്തിന്റെ ഏറ്റവും വിഭ്രംജിതമായ നീക്കിയിരിപ്പായേനേ, ചൈനയ്ക്ക് വന്മതിൽ എന്നതുപോലെ...

പരിസരം വൃക്ഷനിബിഡമാണ്
ചരിത്രസ്പർശമുള്ള ഒരു സ്ഥലത്ത് ചെന്നുനിൽക്കുമ്പോൾ, സങ്കല്പഭൂതകാലത്തിന്റെ ഇടവഴികളിൽ വിചിത്രഗന്ധങ്ങളിൽ മഗ്നമായി നിൽക്കുമ്പോൾ, ഒരുതരം വിവശത തോന്നാറുണ്ട്. സമയവാഹനത്തിൽ കയറി പിറകിലേയ്ക്ക് സഞ്ചരിച്ചുപോകാൻ അദമ്യമായ ആഗ്രഹം തോന്നും - എങ്ങനെയായിരുന്നിരിക്കും ആന്ന് ഈ പരിസരം? തിരുവിതാംകൂറിന്റെ നായർ പട്ടാളത്തെക്കൊണ്ട് മുഖരിതം, പീരങ്കികളും മറ്റ് വെടിക്കോപ്പുകളും ഉണ്ടാകുന്ന ഫാക്റ്ററികളും അവ സൂക്ഷിക്കുന്ന ഗുദാമുകളും, അവിടെ വന്നുപോകുന്ന ജോലിക്കാരുടെ തിക്കുംതിരക്കും, അതിനിടയിൽ മേൽനോട്ടം വഹിച്ചുകൊണ്ട് ആ സായിപ്പ്. അയാൾക്ക്‌ വേണ്ടി മാത്രമായി നിർമ്മിച്ച പള്ളിയും പരിസരങ്ങളും. ഇപ്പോൾ ആ പള്ളിയുടെ നടുവിൽ ആ സായിപ്പിന്റെ ശവകുടീരത്തിനു മുന്നിൽ നിൽക്കുമ്പോൾ വൃക്ഷനിബിഡമായ പരിസരത്തിന്റെ ശുദ്ധസുഷിരങ്ങളിലൂടെ ഒഴുകിയെത്തുന്ന കാറ്റിൽ ആ ചരിത്രത്തിന്റെ വിചിത്രഗന്ധമാണ്...

മഹാസമുദ്രങ്ങൾക്ക് അപ്പുറത്ത് നിന്നും കപ്പൽ കയറി ഏതൊക്കെയോ വിദൂരദേശങ്ങളിൽ ചെന്നിറങ്ങി, ജനിച്ചുവളർന്ന സ്വദേശത്തേയ്ക്ക്, ബന്ധുമിത്രാദികളുടെ അടുത്തേയ്ക്ക് ഇനിയൊരു മടക്കയാത്രയുണ്ടാവില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ, അതിൽ ഒരു സ്ഥലത്ത് സ്ഥിരതാമസമാക്കിയ ആ സൈനികന്റെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും. വിദേശ സാന്നിധ്യം സജീവമായിരുന്ന അക്കാലത്ത് ഇതുപക്ഷെ ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്ന് മനസ്സിലാക്കാം. മലബാർ തീരത്ത്‌ വന്നിറങ്ങിയ എല്ലാ വൈദേശിക സമൂഹങ്ങളിൽ നിന്നുമുള്ളവർ, അവസാനമായി യൂറോപ്പ്യൻമാരും, സ്വദേശി സ്ത്രീകളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും ഇവിടുത്തെ സമൂഹവുമായി ഇഴുകിചേർന്ന് ജീവിക്കുകയും ചെയ്യുന്നത് വിരളമായിരുന്നില്ല. വില്ല്യം ലോഗന്റെയും സാമ്യൂൽ മെറ്റീറിന്റെയും ഒക്കെ പുസ്തകത്തിൽ നിന്നും ഈ വസ്തുതകൾ കുറച്ചൊക്കെ വായിച്ചെടുക്കാം. പോഞ്ഞിക്കര റാഫിയുടെ ഗംഭീര നോവലായ 'ഓരാ പ്രോ നോബിസി'ലെ നായകന്റെ അമ്മയായ വെളുത്തറോസ, സ്വദേശി സുറിയാനി പെണ്ണിൽ ഒരു ജൂതനു പിറന്ന മകളാണല്ലോ.

ഡില്ലനോയിയുടെ സ്വകാര്യജീവിതം വ്യക്തമായി അടയാളപ്പെടുത്തിയിട്ടില്ലെങ്കിലും കൊല്ലം ഭാഗത്തു നിന്നുള്ള ഒരു സുറിയാനി സ്ത്രീയെയാണ് അദ്ദേഹവും ഭാര്യയാക്കിയത് എന്ന് കരുതപ്പെടുന്നു. ഒരു മകൻ ഉണ്ടായിരുന്നത് തിരുവിതാംകൂർ സൈന്യത്തിൽ ജോലിചെയ്യുകയും, ഡില്ലനോയിയുടെ മരണത്തിന് മുൻപുതന്നെ, ഒരു യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തുവത്രേ. 1777 - ൽ ഡില്ലനോയി മരിച്ചു. അദ്ദേഹത്തിന്റെ ശവക്കല്ലറയുടെ ഇരുവശങ്ങളിലുമായി ഭാര്യയുടെയും മകന്റെയും കല്ലറകളും കാണാം.

പച്ചില പോലെ പൂമ്പാറ്റകൾ എമ്പാടും...
ഡില്ലനോയിയുടെ ശവക്കല്ലറയുടെ ഭാഗത്തേയ്ക്കുള്ള ചെറിയ വഴി ഒഴിച്ചുനിർത്തിയാൽ ആ പരിസരമാകെ ഒരു കാടുപോലെ തന്നെ അനുഭവപ്പെടും. ചുറ്റും വലിയ മരങ്ങളും വള്ളിപടർപ്പുകളും അടിക്കാടുമൊക്കെയായി വശ്യതയാർന്ന ഹരിതവന്യത. ചുറ്റും ചിത്രശലഭങ്ങളുടെ മേളം. പലതിനും അടിക്കാടായി വളരുന്ന കാട്ടുചെടികളുടെ ഇലനിറം തന്നെ. ഹരിതപത്രങ്ങൾ പറന്നുനടക്കുന്നതു പോലെ തോന്നും. ഇലകളോട് ചേർന്നിരിക്കുന്നവയെ വേർതിരിച്ചറിയാൻ പറ്റാത്ത വർണ്ണജാലം. നടവഴിയിൽ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ചെറിയ ഇഴജീവികളും പ്രാണികളും. അവയെ ചവിട്ടാതെ നടക്കാൻ നന്നായി സൂക്ഷിക്കേണ്ടി വന്നു.

വഴിത്താരയിലെ ചെറുജീവികളെ ചവിട്ടാതെ നടക്കാൻ പാടുപെട്ടു...
തമിഴ്നാട് വനംവകുപ്പിന്റെ കീഴിൽ ജൈവവൈവിദ്ധ്യ ഉദ്യാനമായാണ് തൊണ്ണൂറ് ഏക്കർ വരുന്ന ഉദയഗിരിക്കുന്നും പരിസരങ്ങളും കോട്ടയ്ക്കുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒരു ചെറിയ മൃഗശാലയും തടാകവും പുഷ്പച്ചെടികളും ഒക്കെ ഉള്ള കുറച്ചുഭാഗം മാറ്റി നിർത്തിയാൽ ബാക്കിയുള്ള ഇടമത്രയും ട്രോപ്പിക്കൽ വനത്തിന്റെ തുരുത്തായി തന്നെ അനുഭവപ്പെടും. വലിയ മൃഗങ്ങൾ ഒന്നും ഇല്ലെങ്കിലും മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മഴക്കാടുകളിൽ കാണുന്ന പോലെ ഇവിടെയും വളരെ സജീവവും സൂക്ഷ്മവുമായ ജൈവലോകം നിലവിലുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സഹ്യപർവ്വതനിരയുടെ ഏറ്റവും തെക്കുഭാഗത്തെ ചിതറിയ കുന്നുകളുടെ ഭാഗമായി കരുതാമെങ്കിലും ചുറ്റും ജനവാസസ്ഥലങ്ങൾ നിറഞ്ഞ ഒരു തുരുത്തായി മാറിയിരിക്കുന്നു ഉദയഗിരി. അതുകൊണ്ട് തന്നെ പാരിസ്ഥിതികമായി ഏറെ ലോലമായ ഈ ഹരിതദ്വീപ് സവിശേഷ സംരക്ഷണം ആവശ്യപ്പെടുന്ന ഒരു സ്ഥലമാണ്. ഒരുതരത്തിൽ പ്രകൃതിസംരക്ഷണമെന്നത് ആ പ്രദേശത്ത്‌ മനുഷ്യൻ ഒന്നും ചെയ്യാതിരിക്കുക എന്നതാണ്; ആ ആവാസവ്യവസ്ഥയെ അതിന്റെ സ്വാഭാവിക വളർച്ചയ്ക്കും പരിണാമത്തിനും വിട്ടുകൊടുക്കുക...
   
ഉദ്യാനഭാഗത്തെ മുളങ്കാട്‌
ചരിത്രഗന്ധിയായ ഭാഗത്തു നിന്നും തിരിച്ചു നടന്ന് ഞങ്ങൾ സമകാലത്തിലേയ്ക്ക്, ഉദ്യാനത്തിന്റെ ഭാഗത്തേയ്ക്ക് വന്നു. ഒരു പാർക്ക് പോലെയാണ് അവിടം. കുട്ടികൾക്ക് കളിക്കാനുള്ള കോപ്പുകളും സൈക്കിൾ ചവിട്ടാനുള്ള വഴിയും ഒക്കെ ഒരുക്കിയിട്ടുണ്ട്. സൈക്കിളുകളും വാടകയ്ക്ക് ലഭ്യമാണ്. ഒപ്പം കുറച്ചു മാനുകളേയും ഒരു തുറന്ന കൂടിനുള്ളിൽ കാണാം. അതിലൊന്നായിരിക്കാം ചാടിപ്പോയിരിക്കുക. കുറച്ചു സന്ദർശകരെ അവിടെ ഉണ്ടായിരുന്നുള്ളൂ. അവരൊക്കെ തന്നെയും പാർക്കിൽ സമയം ചെലവഴിക്കാൻ എത്തിയവരാണ് എന്നുവേണം കരുതാൻ. ഈ കോട്ടയുടെ ചരിത്രപ്രാധാന്യത്തെ കുറിച്ച് ആരും ബോധവാന്മാരാണെന്നു തോന്നിയില്ല - ഡില്ലനോയിയുടെ ശവകുടീരത്തിലേയ്ക്കുള്ള വഴി വിജനമായി കിടക്കുന്നു!


തിരുവനന്തപുരത്തു നിന്നും ദേശീയപാത 47 - ലൂടെ ഏകദേശം 60 കിലോമീറ്റർ കന്യാകുമാരി വഴിയിലേയ്ക്ക് സഞ്ചരിച്ചാൽ തക്കലയിൽ എത്താം. ഇവിടെ നിന്നും അതേ വഴിയിൽ ഒരു 1.5 കിലോമീറ്റർ കൂടി യാത്ര തുടർന്നാൽ പുലിയൂർക്കുറിശ്ശി എന്ന കവലയിലെത്തും. അവിടെനിന്നും ഏതാനും വാര അകലെ ഇടതുവശത്തായാണ് ഉദയഗിരിക്കോട്ട. പുലിയൂർക്കുറിശ്ശി ശ്രദ്ധിക്കപ്പെടാൻ പാകത്തിലുള്ള ഒരു കവല അല്ലാത്തതിനാലും കോട്ട, ദേശീയപാതയിൽ നിന്ന് കാണാൻ പറ്റാത്തതിനാലും ശ്രദ്ധിച്ചില്ലെങ്കിൽ കടന്നുപോകാൻ ഇടയുണ്ട്.  


2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

തെക്ക് നിന്നൊരു കാറ്റ് പറഞ്ഞു... - രണ്ട്

ഒരു നദിയെ കൊണ്ടുള്ള പ്രയോജനമെന്ത്?, അഥവാ, ഒരു നദിയെ എങ്ങനെ കൊല്ലാം എന്ന ശീർഷകത്തിന് കീഴെ പ്രദർശിപ്പിക്കാൻ എന്തുകൊണ്ടും യോഗ്യമായ ഒരു നദിയാണ് നാഞ്ചിനാട്ടിലൂടെ ഒഴുകുന്ന കോതയാർ. മുണ്ടൻതുറ കടുവാസങ്കേതത്തിന്റെ ഉള്ളിൽ വരുന്ന സഹ്യന്റെ തെക്കൻ ശിലാഗ്രത്തിൽ നിന്നുമാണ് കോതയാർ ഉത്ഭവിച്ച് പടിഞ്ഞാറൻ സമതലങ്ങളിലേയ്ക്ക് ഒഴുകിയിറങ്ങുന്നത്. പ്രഭവസ്ഥാനത്തു നിന്നും അധികം താഴേയ്ക്ക് എത്തുന്നതിന് മുൻപ് കോതയാറിന് കുറുകനെ അപ്പർ ഡാം ഉയരുന്നു. അത് കഴിഞ്ഞ് അല്പം കൂടി സഞ്ചരിച്ചു കഴിയുമ്പോൾ ലോവർ ഡാം. അതുകഴിഞ്ഞ് അല്പതുടിപ്പുമായി ഒഴുകിയെത്തുന്ന കോതയാറിനെ വീണ്ടും തടഞ്ഞ് പേച്ചിപ്പാറ അണക്കെട്ട് നിൽക്കുന്നു. ഇടനാടിലൂടെയും സമതലത്തിലൂടെയും ഉള്ള കോതയാറിന്റെ യാത്ര ആരംഭിക്കുന്നത് പേച്ചിപ്പാറ അണക്കെട്ടിൽ നിന്നാണെന്ന് പറയാം. അവിടെ നിന്നും തിരുവട്ടാർ വരെയുള്ള ദൂരം സഞ്ചരിച്ച് പറളിയാറുമായി ചേരുന്നതിനിടയ്ക്ക് വീണ്ടും അനേകം ചെറുതടയണകൾ ഈ നദിക്ക് കുറുകേ ഉണ്ട്. ഈ അണക്കെട്ടുകളും തടയണകളും കോതയാറിൽ നിന്നും അക്ഷീണം ശേഖരിക്കുന്ന ജലമാണ് നാഞ്ചിനാടിനെ ഹരിതപുഷ്ടമാക്കി നിലനിർത്തുന്നത്.

കോതയാർ - തൃപ്പരപ്പ് ഭാഗത്തു നിന്നുള്ള കാഴ്ച 
മനുഷ്യന്റെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കുമായി എത്രത്തോളം സമ്മർദ്ദത്തിലാക്കിയാലും, പ്രകൃതി, അതൊക്കെ അതിജീവിക്കും. വളരെ ലളിതമായ ഒരു യുക്തിയാണത്. പ്രകൃതി എത്രത്തോളം ചൂഷണം ചെയ്യപ്പെടുന്നോ, അത്രയും വേഗം, അതിന്റെ വരുംവരായ്ക അനുഭവിക്കുന്ന മനുഷ്യൻ മരിച്ചുപോകും. ഭൂമിയുടെ മരണം ഒരു സാധാരണ മനുഷ്യന്റെ ചെറിയ ചിന്തയ്ക്ക് അപ്പുറത്ത് നിൽക്കുന്ന കാര്യവുമാണ്. മനുഷ്യവാസ്യമായ പ്രകൃതി മുഴുവൻ നഷ്ടമായി കഴിഞ്ഞ കാലത്ത്, അവസാനത്തെ മനുഷ്യനും പോയിക്കഴിയുമ്പോൾ ഭൂമി അതിന്റെ സ്വാഭാവികതകൾ വീണ്ടെടുത്ത് മറ്റേതെങ്കിലുമൊക്കെ ജീവജാലങ്ങൾക്ക് ശ്വാസംനൽകും. ശാസ്ത്രത്തിന് ചെന്നെത്താനായ അകലങ്ങൾ സൂചിപ്പിക്കുന്നത് അതാണ്‌...

ഈ മഴക്കാലത്തു പോലും അത്രയൊന്നും നിറഞ്ഞൊഴുകാത്ത കോതയാർ നോക്കിനിൽക്കുമ്പോൾ ഇങ്ങനെയൊക്കെ ആലോചിക്കാൻ തോന്നും. ഭൂമിയുടെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും പ്രാഥമികതയാണ് ഓരോ നദിയുടേയും സഞ്ചാരം. അത് യാത്രപോകുന്ന ദൂരങ്ങൾ, സ്ഥലങ്ങൾ, സംസ്കാരങ്ങൾ... നദി, ആദ്യം യാത്ര ആരംഭിക്കുകയായിരുന്നു. പിന്നെ ജനപഥങ്ങൾ ഉണ്ടായി, ഭാഷയുണ്ടായി, സംസ്ക്കാരങ്ങൾ ഉണ്ടായി. ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന തൃപ്പരപ്പ് എന്ന ചെറിയ ഇടനാടൻപട്ടണം ഉണ്ടാവുന്നതിനും എത്രയോ കാലങ്ങൾക്ക് മുൻപ് ഈ നദി അതുവഴി ഒഴുകുന്നുണ്ടായിരുന്നിരിക്കണം. തൃപ്പരപ്പിന്റെ കാലം ചെറിയ ബോധം കൊണ്ട് അളക്കാനാവും. എന്നാൽ കോതയാറിന്റെ കാലം മനുഷ്യബോധത്തിന്റെ അതിർത്തികളിൽ പെട്ടെന്ന് ഉൾക്കൊള്ളാനായി എന്ന് വരില്ല.

കോതയാർ - തൃപ്പരപ്പ് ഭാഗത്തുള്ള ഒരു തടയണ
ചിതറാളിൽ നിന്നും ഞങ്ങൾ പോയത് തൃപ്പരപ്പ് വെള്ളച്ചാട്ടം കാണാനാണ്. ചിതറാൾ ഭാഗത്തു നിന്നും കുറച്ചുകൂടി വടക്കോട്ട്‌ സഞ്ചരിച്ചു വേണം തൃപ്പരപ്പിൽ എത്താൻ. കേരളവുമായുള്ള ഒരു ഉൾനാടൻ അതിർത്തി ഇവിടെ നിന്നും അധികം ദൂരെയല്ല. ഈ ഭാഗത്തെ കേരളത്തിന്റെ അതിർത്തി പട്ടണമായ വെള്ളറടയിലേയ്ക്ക് ത്രിപ്പരപ്പിൽ നിന്നും കഷ്ടിച്ച് പത്തു കിലോമീറ്റർ ദൂരമേ ഉണ്ടാവൂ. ആ വഴിയിലൂടെ നെയ്യാർ ഡാമിലേയ്ക്കും പോകാം. ചിറ്റാർ, പേച്ചിപ്പാറ അണക്കെട്ടുകളും ഇവിടെ നിന്നും അധികം ദൂരത്തായല്ല. ഭൂപടം നോക്കുമ്പോൾ ഒരു കാര്യം ഓർമ്മവരും - അതിർത്തികൾ മനുഷ്യൻ വരച്ചതാണ്. ഭൂമിക്ക് അതിർത്തിയില്ല. മനുഷ്യനൊഴിച്ച് ഭൂമിയിലുള്ള മറ്റ് ചരാചരങ്ങൾക്കൊന്നും അതിർത്തിയില്ല. മനുഷ്യസംസ്കാരം, ഇന്നത്തെ നിലയ്ക്ക് നമ്മൾ വിവക്ഷിക്കുന്ന സംസ്കാരമായി ആവിഷ്കൃതമാവുന്നതു തന്നെ അവൻ സ്വന്തം ആവശ്യങ്ങൾക്കായി ഭൂമി അതിർത്തി തിരിച്ചെടുത്ത് ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷമാണല്ലോ.   

തൃപ്പരപ്പ് വെള്ളച്ചാട്ടം
ചിതറാൽ ജൈനക്ഷേത്രം ഏറെക്കൂറെ വിജനമായിരുന്നുവെങ്കിൽ തൃപ്പരപ്പിന്റെ പരിസരം ജനബഹുലമാണ്. ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ കാണുന്ന എല്ലാത്തരം തിരക്കുകളും ഇവിടെ കാണാൻ സാധിക്കും. വെള്ളചാട്ടത്തിനോടു ചേർന്നുള്ള സാമാന്യം വലിയ മഹാദേവർ ക്ഷേത്രത്തിലേയ്ക്ക് വരുന്നവർ ആരാധനയുടെ ഭാഗമായിക്കൂടി വെള്ളച്ചാട്ടത്തിലെ കുളിയെ കരുതുന്നതുകൊണ്ടാവുമോ ഇത്രയും തിരക്ക് എന്ന് സംശയിക്കാവുന്നതാണ്. വഴിവാണിഭക്കാരുടെ ബഹളമാണ് എമ്പാടും. എങ്കിലും കർണ്ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാണാറുള്ളതുപോലെ പിറകേ നടന്ന്‌ ശല്യപ്പെടുത്തുന്ന കച്ചവടക്കാരെ എവിടെയും കണ്ടില്ല എന്നത് ആശ്വാസം.

മഹാദേവർ ക്ഷേത്രം
തൃപ്പരപ്പ് വെള്ളച്ചാട്ടം ആരംഭിക്കുന്നതിനും ഏതാനും അടി ദൂരെയായി കോതയാറിന് കുറുകനേ ഒരു തടയണ കാണാം. ജലപ്രവാഹത്തിന്റെ തോതനുസരിച്ച് ഈ തടയണയ്ക്ക് മുകളിലൂടെ തുളുമ്പി വരുന്ന ജലമാണ് വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നത്. വെള്ളച്ചാട്ടം ആരംഭിക്കുന്ന പാറക്കൂട്ടത്തിന് മുകളിലും ജലപതനത്തെ ക്രമപ്പെടുത്താൻ ചില നിർമ്മിതികൾ നടത്തിയിട്ടുണ്ട് എന്നുവേണം അനുമാനിക്കാൻ. താഴെ കുളിക്കുന്ന ആളുകൾക്ക് ആലോസരമുണ്ടാക്കാതെ വളരെ കൃത്യമായും ക്രമമായും ജലം താഴേയ്ക്ക് വീഴുന്നു. പേച്ചിപ്പാറ അണക്കെട്ടിൽ നിന്നും ജലം ക്രമാതീതമായി തുറന്നുവിടുന്ന അവസരങ്ങളിൽ ഒരുപക്ഷേ ഈ ജലപാതവും വന്യഭാവം ആർജ്ജിച്ചേയ്ക്കാം. പക്ഷെ ഈ ഇടവപ്പാതി കാലത്ത് തൃപ്പരപ്പ് വെള്ളച്ചാട്ടം ലളിതഭാവത്തിലായിരുന്നു.

വെള്ളം നിപതിക്കുന്ന പ്രദേശത്തും ജനസൗകര്യപ്രദമായ രീതിയിലുള്ള ഒരുപാട് നിർമ്മിതികൾ കാണാം. വാട്ടർതീം പാർക്കിലെ ജലകേളികളുടെ സ്ഥലം പോലെയാണ് പൊതുവേ ഇവിടം അനുഭവപ്പെടുക. വെള്ളച്ചാട്ടം പോലും കൃത്രിമ നിർമ്മിതിപോലെ തോന്നും. അധികം നാളുകൾക്ക് മുൻപല്ലാതെ, തെക്കേ ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളായ അതിരപ്പള്ളിയും ശിവനസമുദ്രവും കണ്ടതുകൊണ്ട് കൂടിയായിരിക്കാം തൃപ്പരപ്പ് വെള്ളച്ചാട്ടം ഞങ്ങൾക്ക് വന്യവും നവ്യവുമായ ഒരു കാഴ്ച ആയതേയില്ല.

വെള്ളച്ചാട്ടത്തിന്റെ പ്രഭവപ്രദേശത്ത് കല്ലുകളടുക്കി ജലപ്രവാഹം ക്രമപ്പെടുത്തിയിരിക്കുന്നു
മഹാദേവർ ക്ഷേത്രത്തിന്റെ പിറകിൽ നദിക്കരയിലൂടെയായി നാട്ടുവഴികളുണ്ട്. വൻപാറകൾക്കിടയിലൂടെ നീർച്ചാലുകളായി പിരിഞ്ഞൊഴുകുന്ന കോതയാറിനെ കണ്ട് അതിലൂടെ നടക്കാം. അവിടുത്തെ ഗ്രാമീണജീവിതങ്ങൾ കേരളത്തിലേതിൽ നിന്നും അധികം വ്യത്യസ്തമല്ല. വഴിയരുകിൽ ഗോട്ടികളിക്കുന്ന കുട്ടികൾ, നദിക്കരയിൽ കുളിക്കാനും തുണിയലക്കാനുമായി വന്നിരിക്കുന്ന സ്ത്രീകളുടെ വെടിവട്ടം, പാറിനടക്കുന്ന പൂമ്പാറ്റകൾ, മേഘം മാറി വെയിൽനാമ്പുകളുടെ പ്രസരണം ഭൂമിയിലേയ്ക്ക് വീണതിനാലാവും പൊന്തയിൽ നിന്നും വഴിയിലേക്കിറങ്ങി വെയിൽകായാനിരിക്കുന്ന ഓന്ത്...

വഴിവക്കിൽ ഒരു തദ്ദേശവാസി
അങ്ങനെ കുറച്ചുദൂരം നടന്നാൽ കോതയാറിനെ മുറിച്ചുപോകുന്ന ഒരു നടപ്പാലത്തിൽ നമ്മൾ എത്തും. അതിലൂടെ അപ്പുറം കടന്നാൽ വിവിധതരം വിനോദങ്ങളുടെ മറ്റൊരു കേന്ദ്രത്തിലെത്താം. കുട്ടികൾക്കായുള്ള കളിസ്ഥലവും ബോട്ടുസഞ്ചാരത്തിനുള്ള വകുപ്പും ഇവിടെയുണ്ട്. ഈ പ്രദേശത്തെ വലിയ തടയണ ഇതിനടുത്തായി സ്ഥിതിചെയ്യുന്നു. ഈ തടയണയാണ് ഇവിടെനിന്നും തുടർന്നുള്ള കോതയാറിന്റെ പ്രവാഹത്തെ നീർച്ചാലുകളാക്കി മാറ്റുന്നത്. തടയണയുടെ മറുവശത്ത്‌ പക്ഷേ, നദി, പുഷ്ടിയോടെ, തടാകം പോലെ നിറവിശ്രമത്തിലാണ്. ഒഴുക്ക് ഏറെക്കൂറെ തടയപ്പെട്ട ഈ തടാകസമാന പുഴയിലൂടെയാണ് ജലസവാരി നടത്താൻ സൗകര്യം ഉണ്ടാക്കിയിരിക്കുന്നത്.

തടയണയ്ക്കപ്പുറം തടാകസമാനം കോതയാർ
അത്ര സുരക്ഷിതമായി തോന്നിയില്ല ബോട്ടുയാത്ര. തുഴകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് കയറാൻ പറ്റുന്നതായിരുന്നോ ആ യാനപാത്രം എന്ന് സംശയം. അശ്രദ്ധമായാണ് അയാൾ തുഴഞ്ഞിരുന്നതും. പുഴയുടെ നടുവിലെത്തിയപ്പോൾ ഇരുപത്തിയഞ്ച് അടിയോളം ആഴമുണ്ട് നദിയുടെ പല ഭാഗത്തും എന്നുംകൂടി അയാൾ പറഞ്ഞപ്പോൾ എനിക്ക് പേടിയായി. കൊളുത്തുകളും മറ്റും ഊരിപ്പോയ ലൈഫ് ജാക്കറ്റുകൾ വലിയ തുണയാവുമെന്ന് തോന്നാത്തതുകൊണ്ട് മടങ്ങിപ്പോകാം എന്ന് പറഞ്ഞു. "കേരളത്തിൽ നിന്ന് വരുന്നവർക്ക് അല്ലെങ്കിലും ഇവിടുത്തെ ബോട്ട് സവാരിയൊന്നും ഇഷ്ടപ്പെടില്ല. അവിടെ എത്ര വലിയ കായലും ഹൗസ്ബോട്ടും ഒക്കെയാണ് ഉള്ളത്." എന്റെ ഭയം അയാൾ മനസ്സിലാക്കിയില്ലല്ലോ എന്ന ആശ്വാസത്തിൽ ഞാൻ "അതേ അതേ" എന്ന് തലകുലുക്കി.
   
നദിക്കരയിലെ പാർക്കിൽ കുട്ടികളെ ആകർഷിക്കാൻ ഒരു ബഹുവർണ്ണ 'ദിനോസർ' 
കോതയാറിന്റെ അതേ ജന്മനിയോഗമുള്ള, പ്രദേശത്തെ, മറ്റൊരു നദിയാണ് പറളിയാർ. ഈ രണ്ടു നദികളും സമതലത്തിൽ വച്ച് കൈകോർത്ത് കുഴിത്തുറയാറായി തുടരുന്ന കാര്യം വിശദമായി കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നുവല്ലോ. പേച്ചിപ്പാറ അണക്കെട്ടിൽ നിന്നും ഒരല്പം തെക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന പെരുംചാണി അണക്കെട്ടിൽ നിന്നാണ് പറളിയാർ അതിന്റെ ഗമനം ആരംഭിക്കുന്നതെന്ന് സാമാന്യമായി പറയാം. പറളിയാറിന്റെ സഞ്ചാരപഥത്തിൽ ഒരിടത്തുവച്ച് നമ്മൾ മാത്തൂർ തൊട്ടിപ്പാലം കാണുന്നു.

പറളിയാർ - മാത്തൂർ തൊട്ടിപ്പാലത്തിൽ നിന്നും കാണുമ്പോൾ
Aqueduct എന്ന് ഇംഗ്ളീഷിൽ പറയുന്ന, ക്രമരഹിതമായി അനേകം ഉയർച്ചതാഴ്ച്ചകളുള്ള ഭൂപ്രദേശത്തിലൂടെ ഒരേ തലത്തിൽ ജലംകൊണ്ടുപോകാൻ ഉപയുക്തമാവുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന, ഉയരമുള്ള, വീതികുറഞ്ഞ പാലങ്ങളെ തമിഴിൽ തൊട്ടിപ്പാലം എന്ന് വിളിക്കുന്നു. ഇതിനു മലയാളത്തിൽ ഒരു പേരുണ്ടോ എന്ന് എനിക്കറിയില്ല. കേരളത്തിൽ എവിടെയെങ്കിലും aqueduct എന്ന നിർമ്മിതി ഉള്ളതായും അറിവില്ല. അതുകൊണ്ട് തന്നെ, ഒരു പക്ഷെ, ഇതിനുള്ള മലയാളം വാക്ക് ഇനിയും ഉരുത്തിരിഞ്ഞ്‌ വരാനിരിക്കുന്നതേയുള്ളൂ എന്ന് അനുമാനിക്കാം.

കേരളത്തിന്റെ പലഭാഗത്തും, വിശിഷ്യ തെക്കൻ കേരളത്തിൽ, കിണറിൽ നിന്നും വെള്ളം കോരാൻ ഉപയോഗിക്കുന്ന ഇരുമ്പ് ബക്കറ്റിനെ തൊട്ടി എന്നാണു പറയുക. ആ വാക്ക് തമിഴിലും അതേ അർത്ഥത്തിൽ ഉണ്ടെന്ന് വേണം കരുതാൻ. ജലം കോരാൻ ഉപയോഗിക്കുന്ന ഉപകരണം തൊട്ടിയാവുകയാൽ ജലം കൊണ്ടുപോകാൻ ഉപയുക്തമാകുന്ന പാലം തൊട്ടിപ്പാലമായതിൽ അർത്ഥഭംഗമില്ല തന്നെ. ഒരു കൂട്ടുകാരൻ 'പാലത്തോട്' എന്ന വാക്ക് നിർദ്ദേശിക്കുന്നു. രണ്ടിൽ ഏതായാലും അവ വൈദേശികമായി തോന്നില്ല എന്ന് മാത്രമല്ല ദ്രാവിഡ ചുവയുള്ള അനിതസാധാരണ പദം പോലെ അനുഭപ്പെടുകയും ചെയ്യും.

മാത്തൂർ തൊട്ടിപ്പാലം
തൃപ്പരപ്പിൽ നിന്നും കുലശേഖരം വഴി ഏകദേശം പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്തൂരിൽ എത്താം. കാമരാജ് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത്, 1966 - ലാണ് ഈ തൊട്ടിപ്പാലം നിർമ്മിക്കുന്നത്. വന്യനിമ്നോന്നമായ ഇവിടത്തെ ഭൂപ്രതലത്തിലൂടെ കൃഷി ആവശ്യങ്ങൾക്കായി വെള്ളം കടത്തിക്കൊണ്ടുപോവുക എന്നതായിരുന്നു നിർമ്മാണ കാരണം. നൂറ്റിപ്പതിനഞ്ച് അടിയാണ് നടുവിലായി ഇതിന്റെ ഉയരം. ഇരുപത്തിയെട്ട് തൂണുകളിലായാണ്, ഒരു കിലോമീറ്ററിനടുപ്പിച്ച് നീളമുള്ള ഈ പാലത്തിന്റെ പാളികൾ നിലയുറപ്പിച്ചിരിക്കുന്നത്.

ഓരോ ചെറിയ കാര്യങ്ങളേയും ആവുന്നത്ര പൊലിപ്പിച്ചെടുത്ത് അത് തദ്ദേശവാസികൾക്ക് കുറച്ചെങ്കിലുമൊക്കെ ആദായകരമാക്കി മാറ്റിയെടുക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ ശ്രമം ഉദാഹരിക്കാൻ ഉപയുക്തമാവും മാത്തൂർ തൊട്ടിപ്പാലവും. സാമാന്യം തരക്കേടില്ലാത്ത വിധം വിനോദസഞ്ചാരികളെ, കൂടുതലും തമിഴർ തന്നെ, ഇവിടെ കാണാനാവും. അതിന് അനുബന്ധമായി ഉയർന്നു വന്നിരിക്കുന്ന വഴിവാണിഭവും തകൃതി.

മാത്തൂർ തൊട്ടിപ്പാലം. ഇടതുവശത്ത്‌ കാണുന്ന ചാലിലൂടെയാണ് വെള്ളം കൊണ്ടുപോകുന്നത്.
ഞങ്ങൾ കാണുമ്പോൾ അതിൽ ജലമില്ല 
തൊട്ടിപ്പാലത്തിൽ ജലം കൊണ്ടുപോകുന്ന ചാലിന് സമാന്തരമായി നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്. ഇതിലൂടെ നടക്കുന്നത് ഒട്ടൊന്നു ഭയപ്പെടുത്തും. പാലം യോജിപ്പിക്കുന്ന രണ്ടു കുന്നുകൾക്ക് ഇടയിലായുള്ള പറളിയാറും താഴ്‌വാരവും അത്രയ്ക്ക് അഗാധമായാണ് പാലത്തിന് നടുവിൽ നിന്ന് നോക്കിയാൽ കാണപ്പെടുക. നദീതീരത്തേയ്ക്ക് ഇറങ്ങിപ്പോകാൻ പടവുകളും അതിന്റെ വശങ്ങളിലായി ഒരു പൂന്തോട്ടവും കാണാം.

കുറച്ചു നാളുകൾക്ക് മുൻപ് മൈസൂറിന്റെ പ്രാന്തങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പല സ്ഥലത്തു വച്ചും ഇതുപോലൊരു പാലം റോഡിന് കുറുകേയും സമാന്തരമായും കടന്നുപോകുന്നത് കണ്ടതായി ഞാൻ ഓർത്തു. അന്ന് പക്ഷെ അതത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ മാത്തൂർ തൊട്ടിപ്പാലത്തെ മുൻനിർത്തി ഇത്തരം നിർമ്മിതികളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അത് ഇന്ത്യയിലെ വലിയ തൊട്ടിപ്പാലങ്ങളിൽ ഒന്നാണെന്ന് മനസ്സിലാവുന്നു. വരുണാകനാലിലെ ജലം കൊണ്ടുപോകാനാണ് മൈസൂറിലെ ഈ തൊട്ടിപ്പാലം ഉപയുക്തമായിരിക്കുന്നത്.

പൂന്തോട്ടത്തിൽ നിന്ന്...
തൊട്ടിപ്പാലത്തിനരുകിൽ കരിക്കിൻ വെള്ളം കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു തമിഴൻ കുടുംബസമേതം വന്നു പരിചയപ്പെട്ടു. ഗൾഫിൽ ഞങ്ങളുടെ അടുത്തു താമസിക്കുന്ന ആളാണത്രേ. ഞങ്ങൾക്ക് പരസ്പരം അറിയില്ല. പക്ഷെ ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തമ്മിൽ അറിയാം. സ്വദേശം മാത്തൂരിൽ നിന്നും അധികം ദൂരെയല്ല എന്ന് പറഞ്ഞു. ബന്ധുപരിവാരങ്ങളുമായാണ് അദ്ദേഹം സഞ്ചാരത്തിന് ഇറങ്ങിയിരിക്കുന്നത്. ഞങ്ങളെ അവിടെവച്ച് കണ്ടത് അവരെ എല്ലാവരേയും സന്തോഷിപ്പിച്ചതു പോലെ തോന്നി. ഞങ്ങളെയും അത് സന്തോഷിപ്പിച്ചു.

ഇക്കൊല്ലത്തെ അവധിയും കഴിഞ്ഞ് മരുഭൂമിയിലെ താമസസ്ഥലത്തെത്തിയാൽ, എത്ര അടുത്താണെങ്കിലും പക്ഷേ, ഈ മനുഷ്യനെ ഇനി കാണും എന്ന് തോന്നുന്നില്ല. അത് മറ്റൊരു ലോകമാണ്, മറ്റൊരു ജീവിതമാണ്... ഇപ്പോൾ, ഇവിടെ അത് ഓർക്കാതിരിക്കാം!


തൃപ്പരപ്പ്: തിരുവനന്തപുരത്ത് നിന്നും കന്യാകുമാരി ഭാഗത്തേയ്ക്ക് ദേശീയപാത 47 - ലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് മാർത്താണ്ഡത്തെത്തുക. ജംഗ്ഷൻ കഴിഞ്ഞാൽ ഇടത്തേയ്ക്ക് കാണുന്ന റോഡിലേയ്ക്ക് തിരിയുക (സംസ്ഥാനപാത 90 - പേച്ചിപ്പാറ റോഡ്‌). ഇതുവഴി ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ കുലശേഖരത്ത് എത്താം. കുലശേഖരം കോണ്‍വെന്റ് ജംഗ്ഷനിൽ വീണ്ടും ഇടത്തേയ്ക്ക് തിരിയുക. ഇതുവഴി 5 കിലോമീറ്റർ പോയാൽ തൃപ്പരപ്പിൽ എത്തും.

മാത്തൂർ തൊട്ടിപ്പാലം: തിരുവനന്തപുരത്ത് നിന്നും കന്യാകുമാരി ഭാഗത്തേയ്ക്ക് ദേശീയപാത 47 - ലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് മാർത്താണ്ഡത്തെത്തുക. ജംഗ്ഷൻ കഴിഞ്ഞാൽ ഇടത്തേയ്ക്ക് കാണുന്ന റോഡിലേയ്ക്ക് തിരിയുക (സംസ്ഥാനപാത 90 - പേച്ചിപ്പാറ റോഡ്‌). ഇതുവഴി ഏകദേശം 7 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവട്ടാറിൽ എത്തും. തിരുവട്ടാർ പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് തിരിയുക. 3 കിലോമീറ്റർ ദൂരമാണ് ഈവഴി മാത്തൂർ തൊട്ടിപ്പാലത്തിലേയ്ക്ക് 
   

2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

തെക്ക് നിന്നൊരു കാറ്റ് പറഞ്ഞു... - ഒന്ന്

അത്ര ദൂരെത്തേയ്ക്കൊന്നുമല്ല..., ഞാൻ ജനിച്ചുവളർന്ന പട്ടണത്തിൽ നിന്നും കുറച്ചുനേരം തെക്കുദിശയിലേ യ്ക്ക് സഞ്ചരിച്ചാൽ എത്തുന്ന ദേശത്തേയ്ക്കാണ് ഈ യാത്ര - നാഞ്ചിനാട്ടിലേയ്ക്ക്. ഇന്ന് ഭൂപടത്തിൽ അങ്ങനെയൊരു സ്ഥലം കാണില്ല. സ്ഥലത്തെക്കാളുപരി, കുറച്ചുപേർക്കെങ്കിലും, ഗൃഹാതുരമായ ഒരു വികാരമാണ് ആ പേര്. വ്യക്തമായി അന്നും അതിർത്തി നിർണ്ണയിച്ചെടുക്കാൻ പറ്റില്ലായിരുന്നിരിക്കാമെങ്കിലും, രാജഭരണകാലത്ത് തിരുവിതാംകൂർ രാജ്യത്തിന്റെ തെക്കേ അതിർത്തി ദേശമായിരുന്നു നാഞ്ചിനാട് എന്ന് പൊതുവേ പറയാം. കേരളം ഉണ്ടായപ്പോൾ തിരുവിതാംകൂർ അതിന്റെ ഭാഗമായെങ്കിലും, നാഞ്ചിനാട് പ്രദേശം തമിഴ്നാടിന് പോയി. കന്യാകുമാരി ജില്ലയുടെ ഭാഗമാണ് ഇപ്പോൾ നാഞ്ചിനാട്.

നാഞ്ചിനാടിന്റെ ഭൂപ്രകൃതി
കേരളത്തെ പോലെ തന്നെ ഹരിതാഭവും ഫലഭൂയിഷ്ഠവുമാണ് നാഞ്ചിനാട്. തിരുവിതാംകൂറിന്റെ നെല്ലറ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശമാണ്. സഹ്യമലനിരകൾ അതിന്റെ അവസാന പാദത്തിലെ ഹരിത തുടിപ്പുകൾ പേറുന്നത് ഇവിടെയാണ്‌. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഏറ്റവും തെക്കുള്ള ചില നദികൾ ഒഴുകുന്നതും നാഞ്ചിനാടിനെ നനച്ചാണ്. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ പ്രധാനം കോതയാറും പറളി യാറുമാണ്. ഇവ തമ്മിൽ തിരുവട്ടാറിനടുത്തുവച്ച് ഒന്നായി, കുഴിത്തുറയാറെന്ന പേരിൽ സഞ്ചാരം തുടരുന്നു. ഈ മൂന്ന് നദികളേയും ചില ഭാഗങ്ങളിൽ താമ്രപർണ്ണി എന്ന പേരിൽ വ്യവഹരിച്ചു കാണുന്നുണ്ട്. അത് ശരിയല്ല എന്ന് വേണം കരുതാൻ. ഈ നദികളുടെ ഉത്ഭവസ്ഥാനത്തിനടുത്ത് നിന്നും തുടങ്ങി നേരെ എതിർഭാഗത്തേയ്ക്ക് ഒഴുകി, തിരുനെൽവേലി, തൂത്തുകുടി ജില്ലകളിലൂടെ യാത്രചെയ്ത് ബംഗാൾ ഉൾക്കടലിൽ ചേരുന്ന മറ്റൊരു വലിയ നദിയാണ് ശരിക്കുള്ള താമ്രപർണ്ണി. നാഞ്ചിനാട് വഴി പടിഞ്ഞാറോട്ടൊഴുകുന്ന കുഴിത്തുറയാറ് തേങ്ങാപട്ടണത്ത് വച്ച് അറബിക്കടലിലും ലയിക്കുന്നു.

കുഴിത്തുറയാർ - ചിതറാൽ കുന്നിൽ നിന്ന് കാണുമ്പോൾ
പഴയ തിരുവനന്തപുരത്തുകാർക്ക് നാഞ്ചിനാടിനോട് ഊഷ്മളമായ ഒരു മമതയുണ്ട്. ഇന്ന് തിരുവനന്തപുരം, പ്രത്യേകിച്ച് പട്ടണവും പ്രാന്തവും, തികച്ചും വ്യത്യസ്തമായ മറ്റൊരു സ്ഥലമായി അനുഭവപ്പെടും. തിരുവനന്തപുരത്തിന്റെ തനതായ വൈകാരികസ്വഭാവങ്ങൾ പലതും ഇന്നവിടെ പ്രത്യക്ഷമല്ല. അനിവാര്യമായ ഒരുതരം സാംസ്കാരിക അധിനിവേശം നടന്നുകഴിഞ്ഞിരിക്കുന്നു. ഇന്നത്തെ തിരുവനന്തപുരത്തിന് നാഞ്ചിനാട് മറ്റൊരു തമിഴ്ദേശം മാത്രമാണ്. ജയമോഹന്റെ ആത്മകഥനങ്ങളിൽ കാണുന്ന നാഞ്ചിനാടൻ ലോകത്തിന്റെ ചില അടരുകൾ അനുഭവിക്കാൻ പ്രാദേശിക ഭൂപ്രകൃതിയുടെയും ജീവിതവൃത്തിയുടെയും വൈകാരിക ഭൂമികയുടെയും മുന്നറിവുകൾ വേണ്ടിവരും. ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എന്നും മനോവൃക്ഷത്തിന്റെ ശിഖരങ്ങളിൽ അനുഭൂതിയുടെ കാറ്റുപിടിക്കുന്ന ഹൂങ്കാരശബ്ദം പകരുന്നത്, പഴയ തിരുവനന്തപുരത്തുകാരന്റെ, ഇന്നും കൊഴിഞ്ഞു പോകാത്ത അത്തരം മുന്നറിവുകളാലായിരിക്കാം...!

നാഞ്ചിനാട് ഭൂപ്രകൃതി - മറ്റൊരു കാഴ്ച
പത്മനാഭപുരം കൊട്ടാരം - ശുചീന്ദ്രം ക്ഷേത്രം - കന്യാകുമാരി, ഇങ്ങനെയാണ് പൊതുവേ തിരുവനന്തപുരത്തു നിന്നും തെക്കോട്ടേയ്ക്കുള്ള വിനോദയാത്രയുടെ ഒരു രീതി. അസംഖ്യം തവണ ഈ വഴിക്ക് പോയിട്ടുണ്ട്. കന്യാകുമാരി വല്ലാത്തൊരു വൈകാരികാനുഭവമായി, തരളമായ ഓർമ്മകളുടെ നനുഗന്ധവുമായി എന്നും കൂടെയുണ്ട്. യൗവ്വനാരംഭത്തിൽ രണ്ടു തവണ കൂടുകാരുമായി സൈക്കിൾ ചവിട്ടിയും കന്യാകുമാരിയിലേയ്ക്ക് പോയിട്ടുണ്ട്. പിന്നെ പ്രണയകാലത്ത്, വിവാഹത്തിനു ശേഷം ആദ്യമായി യാത്രപോയതും ഈ വഴി സാഗരസംഗമതീരത്തേയ്ക്കാണ്. എങ്കിലും ഇത്തവണ ആ നേർരേഖയിലുള്ള പോക്ക് ഉപേക്ഷിച്ച് കുറച്ച് ഉൾപ്രദേശങ്ങളിലേയ്ക്ക് കൂടി സഞ്ചരിക്കാം എന്ന് കരുതി, കന്യാകുമാരിയുടെ ജില്ലാ ആസ്ഥാനമായ നാഗർകോവിലിന് അപ്പുറത്തേയ്ക്ക് പോകാതെ. ഒഴിവാക്കാനാവാത്ത അനേകം തിരക്കുകൾ വന്നുഭവിച്ച ഒരു അവധിക്കാലമായിരുന്നതിനാൽ സമയപരിമിതിയും ഒരു കാരണമായിരുന്നു.

ചിതറാൾ കുന്നിനു മുകളിലേയ്ക്കുള്ള നടപ്പാത        
ചിതറാൾ കുന്നിലേയ്ക്കാണ് ആദ്യം പോയത്. ദേശീയപാതയിൽ, മാർത്താണ്ഡത്തു നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് കുലശേഖരത്തേയ്ക്കുള്ള വഴിയിലൂടെ ഏകദേശം എട്ടു കിലോമീറ്റർ യാത്രചെയ്താലാണ് ചിതറാളിൽ എത്തുക. കുന്നിനു മുകളിലെ ജൈനക്ഷേത്രമാണ് ഈ പ്രദേശത്തെ സവിശേഷമാക്കുന്നത്. ഈ പ്രദേശത്ത്‌ 'മലൈക്കോവിൽ' എന്ന പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നതും, വഴിപ്പലകകളിലെ എഴുത്തുകളിൽ കാണുന്നതും. അതുകൊണ്ട് തന്നെ ജൈനക്ഷേത്രത്തിലേയ്ക്കുള്ള വഴിചോദിച്ചാൽ നാട്ടുകാർക്ക് മനസ്സിലായി എന്ന് വരില്ല. മാത്രവുമല്ല, ക്ഷേത്രത്തിന്റെ ജൈനമത സംബന്ധിയായ അസ്തിത്വം ഏറെ പഴകിയതും തുടർകാലങ്ങളിലെ മറ്റുള്ള സങ്കീർണ്ണ വ്യവഹാരങ്ങളാൽ സന്ദേഹാസ്പദമായി തീർന്നതുമാണ്.

കുന്നുകയറുമ്പോൾ ഒരു പാർശ്വകാഴ്ച 
വണ്ടി ഒതുക്കിയിട്ട് ഇറങ്ങുമ്പോൾ സ്വാഗതം ചെയ്തുകൊണ്ട് മഴപെയ്തു. വന്നതുപോലെ തന്നെ അത് പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. അവിടെ ആരും ഉണ്ടായിരുന്നില്ല. ഞങ്ങളെ കണ്ടതും എവിടെ നിന്നോ ഒരാൾ ബൈക്കിൽ പാഞ്ഞുവന്ന് കയ്യിലെ ക്യാമറയ്ക്ക് സ്റ്റാൻഡുണ്ടോ [ട്രൈപോഡ്] എന്ന് തിരക്കി. ഇല്ലെന്നു പറഞ്ഞപ്പോൾ അയാൾ വന്ന വഴിയിലൂടെ അപ്രത്യക്ഷമായി. ആരാണെന്ന് അറിയില്ല, ഞങ്ങൾ ചോദിച്ചതുമില്ല. ആ ചോദ്യത്തിന്റെ സാംഗത്യവും അപ്പോൾ തീരെ മനസ്സിലായില്ല. ട്രൈപോഡ്‌ ഉണ്ടെങ്കിൽ മാത്രം ടിക്കറ്റെടുക്കേണ്ടി വരുന്ന ഒരു സഞ്ചാരകേന്ദ്രം ഉണ്ടാവുമോ എന്ന് ആശ്ചര്യം തോന്നി.

ബദാംമരങ്ങൾ തണലിടുന്ന വഴിയിലൂടെയായിരുന്നു കുന്നുകയറ്റം
വൃത്തിയായി കല്ലുകൾ പാകിയ ഒരു നടപ്പാത മുകളിലേയ്ക്ക് പോകുന്നു. ഇരുവശവും നിരയായി വച്ചുപിടിപ്പിച്ച ബദാംമരങ്ങൾ. വലിയ ഹരിതപത്രങ്ങൾ നിറഞ്ഞ അവ നൽകുന്ന തണൽ വേനൽക്കാലത്ത് കുന്നുകയറുന്നവർക്ക് വല്ലാത്തൊരു ആശ്വാസമാവും. പക്ഷെ ഇപ്പോൾ അന്തരീക്ഷം മേഘാവൃതമാണ്. അല്പം മുൻപ് പെയ്ത മഴയുടെ കുസൃതിയിൽ ഞങ്ങളുടെ നെറ്റിയിലേയ്ക്ക് ജലകണങ്ങൾ ഉതിർത്ത്‌ കാറ്റത്തുലഞ്ഞ് അവ. ഞെട്ടറ്റുവീണ കടുംചുവപ്പൻ ഇലകൾ കൽവഴിയെ നിറംപിടിപ്പിച്ചിരിക്കുന്നു. ബദാമിന്റെ വേലിയ്ക്കപ്പുറം കരിമ്പാറക്കൂട്ടങ്ങൾ. അവയ്ക്കിടയിൽ തഴച്ചുവളർന്ന് നിൽക്കുന്ന വിവിധതരം മരങ്ങളും അടിക്കാടിന്റെ പച്ചനിബിഡതയും. കുന്നിൻചരുവിൽ കൂടുതൽ കാണപ്പെട്ടത് ചെറിയ ഹരിതദ്വീപുകൾ പോലെ നിൽക്കുന്ന പറങ്കിമരങ്ങൾ തന്നെ.

വഴിയിൽ ഒരു കരിമ്പാറ, ആനയുടെ സറിയലിസ്റ്റിക്ക് ചിത്രം പോലെ...
കുന്നുകയറ്റത്തിന്റെ പല തട്ടുകളിൽ വിവിധതരം കാഴ്ചകൾ... മഴനനഞ്ഞെത്തുന്ന തെക്കൻകാറ്റിന്റെ കുളിര്, വിജനതയിൽ തിമിർക്കുന്ന കിളികളുടെ മൃദുശബ്ദ കോലാഹലം, നാഞ്ചിനാടൻ ഭൂപ്രകൃതിയുടെ വൈവിധ്യമാർന്ന ദൂരക്കാഴ്ചകൾ, അകലെയല്ലാതെയുള്ള നാഗരികതയെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഇടയ്ക്കിടയ്ക്ക് താഴ് വാരത്തിൽ നിന്നും പാറക്കെട്ടുകളിൽ പ്രതിധ്വനിച്ചെത്തുന്ന ഏതോ വാഹനത്തിന്റെ നേർത്ത മുരളൽ... അരമണിക്കൂറിലധികമെടുക്കും, സാവകാശം കയറിയാൽ, കുന്നിന്റെ നെറുകയിലെത്താൻ. വിശാലമായ പാറയുടെ പ്രതലത്തിലെ കുഴികളിൽ മഴ ഉണ്ടാക്കിയ ചെറുകുളങ്ങൾ ഇടയ്ക്ക് കാണാം. ഉറവകളാണെന്ന് തോന്നുന്നില്ല. മഴവെള്ളം കെട്ടിനിൽക്കുന്നതാണ് എന്നുതന്നെ വേണം കരുതാൻ. വേനൽക്കാലത്ത് ഒരുപക്ഷേ ഇവ അപ്രത്യക്ഷമാവുമായിരിക്കും, അറിയില്ല...

കുന്നിൻമുകളിലെ കുളം
മുകളിലെ പുരാതനക്ഷേത്രത്തിന്റെ ജൈനമത സംബന്ധിയായ ചരിത്രസ്പർശമാണ് ഈ കുന്നിനെ സവിശേഷമാക്കുക. ഇന്ന് തെക്കേ ഇന്ത്യയിൽ ജൈനമതത്തിന്റെ വ്യവഹാരങ്ങൾ കുറവാണ്. ബുദ്ധ, ജൈന മതങ്ങൾ അതിശക്തമായ ഒരു സ്വാധീനമായി, മദ്ധ്യ - വടക്കേ ഇന്ത്യയുടെ പ്രദേശങ്ങളിൽ ഉണ്ടായിരുന്നതു പോലെ, തെക്കേ ഇന്ത്യയിലും പ്രചരിച്ചിരുന്നു എന്നാണ് അഭിജ്ഞമതം. ഇതിന്റെ ഏറ്റവും പഴയ ചരിത്രനിരീക്ഷണമായി ഉന്നയിക്കുന്നത് ചന്ദ്രഗുപ്തമൗര്യൻ ജൈനമത പ്രചാരണാർത്ഥം തെക്കോട്ട് നടത്തിയ യാത്രയാണ്. ആ യാത്രയുടെ കാലം ക്രിസ്താബ്ദത്തിനും മൂന്നു നൂറ്റാണ്ടോളം മുൻപാണ്. ചന്ദ്രഗുപ്തമൗര്യയും അദ്ദേഹത്തിന്റെ ഗുരുവായ ജൈനമുനി ഭദ്രബാഹുവും ആ സഞ്ചാരം കർണ്ണാടകയിലെ ശ്രാവണബേലഗോളയിൽ അവസാനിപ്പിച്ചുവെങ്കിലും അവരുടെ ഒപ്പമുണ്ടായിരുന്ന രണ്ടായിരത്തിലധികം വരുന്ന ജൈനഭിക്ഷുക്കൾ വീണ്ടും തെക്കോട്ട്‌ സഞ്ചരിച്ച് ജൈനമതത്തിന്റെ വ്യപനം നടത്തി എന്നാണ് കരുതപ്പെടുന്നത്.

ഈ കൽക്കവാടത്തിലൂടെ വേണം ക്ഷേത്രഭാഗത്തേയ്ക്ക് കടക്കാൻ...
മെയ്ൻലാൻഡ് ഇന്ത്യയുടെ ഏറ്റവും തെക്കുള്ള ജില്ല കന്യാകുമാരി ആയതിനാൽ തന്നെ ജൈനന്മാർ ഏറ്റവും തെക്ക് സ്ഥാപിച്ച ആരാധനാലയങ്ങളിൽ ഒന്നായി ചിതറാളിനെ കാണേണ്ടി വരും. ചരിത്രപരമായി ജൈനസ്പർശം പേറുന്ന മറ്റൊരു സ്മാരകം ഇതിനും തെക്കായി ഉണ്ടോ എന്നറിയില്ല. പുരാവസ്തു വിശാരദന്മാർ ഇതിന്റെ ജൈനമത സംബന്ധിയായ പ്രത്യേകതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില തീർത്ഥങ്കര പ്രതിമകളോ മറ്റോ അവ്യക്തമായി തിരിച്ചറിയാനായേക്കുമെങ്കിലും സാധാരണ സഞ്ചാരികൾക്ക് പൊതുവിൽ ഇത്തരം വിഭജനങ്ങൾ എളുപ്പത്തിൽ കണ്ടുമനസ്സിലാക്കാൻ പറ്റിയെന്ന് വരില്ല, ചുമരിൽ കൊത്തിയ ശില്പത്തിന്റെ വ്യതിരക്തസ്വഭാവങ്ങളിൽ നിന്നും. എന്നാൽ, ബുദ്ധ, ജൈന ഭിക്ഷുക്കൾ അവരുടെ ആരാധനാലയങ്ങൾ നിർമ്മിച്ചത് സാധാരണക്കാർക്ക് എളുപ്പം പ്രാപ്യമാവാത്ത വലിയ കുന്നുകൾക്ക് മുകളിലാണ് എന്നത് ഇത്തരം സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ആർക്കും, വളരെ മൂർത്തമായ ഒരു വസ്തുതയായി, പക്ഷേ മനസ്സിലാക്കാനാവും.   

കുന്നിനു മുകളിലെ ക്ഷേത്രം
അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയ്ക്കാണ് തെക്കേ ഇന്ത്യയിലേയ്ക്ക്, പുനർജ്ജീവിപ്പിക്കപ്പെട്ടുകയോ വ്യവസ്ഥാപിതരൂപം ആർജ്ജിക്കുകയോ ചെയ്ത ഹിന്ദുമതം ശക്തമായി കടന്നുവരുന്നത്‌ എന്നാണ് അനുമാനിക്കപ്പെടുന്നത്. അക്കാലത്ത് തെക്കോട്ടേയ്ക്ക് വ്യാപിച്ച ആര്യവൽക്കരണത്തിന്റെ ഭാഗമായിട്ടത്രേ അത് സംഭവിക്കുന്നത്‌. ഇപ്പറയുന്ന ആര്യവൽക്കരണം വക്രീകരിച്ച കൊളോണിയൽ ചരിത്രപാഠം മാത്രമാണെന്ന് ഇന്ന് ചില ചരിത്രകാരന്മാരെങ്കിലും വിശ്വസിക്കുന്നു. അതെന്തായാലും ഈ കാലഘട്ടത്തിലാണ് ബുദ്ധ, ജൈനമതങ്ങൾ ഇന്ത്യയിൽ നിന്നും, വിശിഷ്യാ തെക്കേ ഇന്ത്യയിൽ നിന്നും ഏറെക്കൂറെ പൂർണ്ണമായി തന്നെ പിൻവാങ്ങുന്നത്‌. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഈ കാലം, അതായത് ഒന്നാം ചേര കാലഘട്ടത്തിനും രണ്ടാം ചേര കാലഘട്ടത്തിനും ഇടയ്ക്കുള്ള അഞ്ചാറു നൂറ്റാണ്ടുകൾ, തികച്ചും ശൂന്യമാണെന്നു കാണാം. എന്ത് സംഭവിച്ചു എന്നത് തികച്ചും ഗോപ്യമായ ഈ ശൂന്യതയിലൂടെയാണ് ഇവിടെ നിന്നും ബുദ്ധ, ജൈന മതങ്ങൾ അപ്രത്യക്ഷമായതും സനാതന ഹിന്ദുധർമ്മം വ്യാപകമായതും. തദ്വാര, ചിതറാൽ ക്ഷേത്രവും ഒൻപതാം നൂറ്റാണ്ടോട് അടുപ്പിച്ച് ഹിന്ദുക്ഷേത്രമായി പരിവർത്തനം ചെയ്യപ്പെട്ടുവത്രേ.

ക്ഷേത്രത്തിലെ ഒരു ചുമർശിൽപം
മഴജലം ശേഖരിക്കപ്പെടുന്ന ഒരു ചെറുതടാകത്തിനെ അഭിമുഖീകരിച്ച് കുറച്ചു ഉയരത്തിലായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കരിങ്കൽ തൂണുകളും പാളികളുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുത്ത പ്രത്യേകതരം കരിങ്കല്ലുകളുടെ ഉപയോഗം അക്കാലത്തെ ജൈനക്ഷേത്രങ്ങളുടെ മുഖമുദ്രയാണ്. ശില്പങ്ങൾ കൊത്താനുള്ള എന്തോ ഗുണഗണങ്ങൾ ഈ കല്ലുകൾ ഉൾകൊള്ളുന്നുണ്ടാവണം. അതേസമയം കാലത്തേയും കാലാവസ്ഥയേയും അതിജീവിക്കാനുള്ള ക്ഷമാശക്തിയും. ക്ഷേത്രത്തിനുള്ളിൽ പാറയുടെ ഉള്ളിലേയ്ക്ക് തുരന്നും ചില പ്രതിഷ്ഠസ്ഥാനങ്ങൾ കാണാം. അത് ജൈനമത സംബന്ധിയാണോ ഹിന്ദു ആരാധനനയുടെ ഭാഗമായി ഉണ്ടാക്കിയതാണോ എന്ന് സംശയനിവർത്തി വരുത്താനായില്ല.

ക്ഷേത്രം ഇരിക്കുന്ന പാറയ്ക്ക് മുകളിൽ ഗോപുരം പോലെ കാണപ്പെടുന്ന മറ്റൊരു നിർമ്മിതി
കുന്നിൻനെറുകയും ഞങ്ങളെത്തുമ്പോൾ വിജനമായിരുന്നു. കുറേനേരം അവിടെയൊക്കെ ആവശ്യാനുസരണം നടന്ന് കണ്ടുകഴിഞ്ഞപ്പോഴാണ് പരിസരത്ത് ചില ആളനക്കങ്ങൾ ഒക്കെ ഉണ്ടായത്. അതിൽ പ്രധാനി പുരാവസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥനായ ക്ഷേത്രം സൂക്ഷിപ്പുകാരനായിരുന്നു. പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഇപ്പോൾ ഈ ക്ഷേത്രവും പരിസരങ്ങളും. തെറ്റുപറയാനില്ലാത്ത വിധം വൃത്തിയായി സംരക്ഷണം നടക്കുന്നുണ്ടെന്ന് കാണാം, ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിനു മുന്നിൽ വീട്ടുമുറ്റത്തെന്നതുപോലെ വച്ചുപിടിപ്പിച്ച ഇലച്ചെടി പൂന്തോട്ടത്തിലേയ്ക്കൊന്നും അധികം ശ്രദ്ധകൊടുക്കാതിരുന്നാൽ.

ക്ഷേത്രമുറ്റം - ഒരു പാർശ്വകാഴ്ച
ജീവിതത്തിൽ ഒരിക്കൽ മാത്രമോ മറ്റോ ഇവിടെ വന്നുപോകുന്ന വിനോദസഞ്ചാരിക്ക് ഈ മലകയറ്റം അയാസമോ വിരസമോ ആയി തോന്നിയേക്കില്ല. എന്നാൽ എല്ലാ ദിവസവും ജോലിയുടെ ഭാഗമായി ഈ കുന്നുകയറിയെത്തുക എന്നത് മടുപ്പിക്കും. അതുകൊണ്ടുമാവാം ആ സൂക്ഷിപ്പുകാരൻ എത്താൻ ഇത്രയും വൈകിയത്. അയാൾ വന്നത് നന്നായി - ക്ഷേത്രം തുറക്കുകയും അതിനകത്തേയ്ക്ക് കയറാൻ സാധിക്കുകയും ചെയ്തു. ക്യാമറ കണ്ടപ്പോൾ, താഴെവച്ച് ഉണ്ടായതുപോലെ തന്നെ, ആശ്ചര്യപ്പെടുത്തി കൊണ്ട്, സ്റ്റാൻഡു ഇല്ല എന്ന് ഇയാളും ചോദിച്ചു ഉറപ്പുവരുത്തി. പിന്നീട് ക്ഷേത്രചുമരിലെ ശില്പങ്ങളുടെ അനേകം ചിത്രങ്ങൾ എടുക്കുന്നതു കണ്ടപ്പോൾ ഒരല്പം മടിയോടെ ആണെങ്കിലും പത്രപ്രവർത്തകൻ ആണോ എന്നയാൾ തിരക്കി. തുടർന്ന് സാരിച്ചപ്പോഴാണ്, ഇവിടുത്തെ സംരക്ഷണത്തെ കുറിച്ചും മറ്റും ചില വിരുദ്ധ പത്രവാർത്തകൾ ഈയടുത്തായി വരുകയുണ്ടായ കാര്യം അയാൾ പറഞ്ഞത്. പത്രപ്രവർത്തകരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികാരികൾ നിർദ്ദേശിച്ചിട്ടുണ്ടാവാം. ട്രൈപോഡുള്ള ക്യാമറയുമായി വരുന്നവർ പത്രക്കാരാവും എന്ന ധാരണയാവും ആശ്ചര്യകരമായ ആ ചോദ്യത്തിന്റെ ഹേതു. പൊറ്റക്കാടിന്റെ ശ്രീധരൻ പറയുന്നതു പോലെ "കൗതുകവസ്തുക്കൾ തിരക്കിനടക്കുന്ന വെറും പരദേശികളാണ്" എന്ന് ഉറപ്പായതിനു ശേഷമാണ് അയാളൊന്ന് അയഞ്ഞത്.

മറ്റൊരു ചുമർശിൽപം
കുന്നിന് മുകളിൽ നിന്നാൽ നാഞ്ചിനാടൻ പ്രദേശത്തിന്റെ നാലുഭാഗത്തേയ്ക്കുമുള്ള കാഴ്ച വ്യക്തമായി ലഭിക്കും. സഹ്യന്റെ തെക്കൻ മുനമ്പിലെ അത്ര വലുതല്ലാത്ത നീലമലമടക്കുകൾ, ഹരിതനിബിഡമായ താഴ്‌വാരങ്ങൾ, ഊർവ്വരമായ കൃഷിയിടങ്ങൾ, വൃക്ഷത്തലപ്പുകൾക്കിടയിലൂടെ അവിടവിടെ പ്രത്യക്ഷമാകുന്ന കെട്ടിടങ്ങളുടെ മേൽക്കൂരകൾ.

സന്യാസികൾ മലമുകളിൽ പാർത്തതിന് പല കാരണങ്ങൾ ഉണ്ടാവാം. എങ്കിലും പ്രധാനമായി എനിക്ക് തോന്നിയിട്ടുള്ളത് ഭൂമിയുടെ ദൂരക്കാഴ്ച നൽകുന്ന ഒരുതരം ആത്മബോധത്തിന്റെ വശ്യതയാവാം. പ്രകൃതിയുടെ അപാരതയും മനുഷ്യന്റെ നിസ്സാരതയും അത് അനുഭവിപ്പിക്കും. ഒരു അഗർബത്തിയുടെ പരസ്യത്തിൽ പറയുന്നതുപോലെ - ദൈവം ഉണ്ട്! - എന്ന് നമ്മൾ അറിയും.
    
ക്ഷേത്രപരിസരത്തെ കാട്ടുകൈത പടർപ്പ്
പ്ളാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കൽ, കടലാസിന്റെ അമിതോപയോഗം കുറയ്ക്കൽ തുടങ്ങി വ്യക്തിനിഷ്ഠമായ തലത്തിൽ ജീവിതദർശനമെന്ന നിലയ്ക്ക് പ്രതിബദ്ധതയോടെ അനുശീലിക്കാൻ സാധ്യമാവുന്ന കാര്യങ്ങളിൽ പോലും അധികം ബദ്ധപ്പെട്ടിട്ടില്ലാത്ത ഒരാളാവുകയാൽ പ്രകൃതിസംരക്ഷണത്തേയും മറ്റും കുറിച്ച് ഉറക്കെ സംസാരിക്കുന്നത് കാപട്യമായിപ്പോയേയ്ക്കും എന്നറിയാം. മനുഷ്യശരീരത്തിലെന്നതു പോലെ രക്തം കിനിയുന്ന മുറിവുകൾ ഭൂമിയുടെ ശരീരത്തിലും വ്യക്തമായി കാണുമ്പോൾ പക്ഷെ അറിയാതെ സങ്കടം തോന്നാറുണ്ട്. ഞങ്ങൾ നിൽക്കുന്ന കുന്നിനോട് ചേർന്നുള്ള മറ്റൊരു ചെറുശൈലത്തിൽ, ഭൂമിയുടെ ഹരിതചർമ്മം കീറിമുറിച്ച് പാറ ഖനനം ചെയ്യുന്നത് കാണാമായിരുന്നു.

പാറമട ലോബി, മണൽ മാഫിയ, റിയൽ എസ്റ്റേറ്റ് മാഫിയ തുടങ്ങിയ വാക്കുകളൊക്കെ ഇപ്പോൾ മലയാളത്തിൽ തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെടുന്നുണ്ട്. അന്യഗ്രഹജീവികളാണ് എന്നപോലെയാണ് പൊതുജനം ഈ വർഗ്ഗങ്ങളെ വ്യവഹരിക്കുന്നത്. എന്നാൽ നമ്മളൊക്കെ തന്നെയാണ് ഈ മാഫിയകൾ. നമുക്ക് പുതിയ വീടു വേണം, നല്ല റോഡ്‌ വേണം, മെട്രോ വേണം..., ആവശ്യങ്ങൾ നീണ്ടു പോകുന്നു. അവിടെ നിന്നാണ് ഈ പറയുന്ന മാഫിയകളുടെ നീളിച്ച ആരംഭിക്കുന്നത്. ഇത്തരം ആവശ്യങ്ങളുടെ ആഘാതം മുഴുവൻ അനുഭവിക്കാൻ ഭൂമിയും. ഈ ദൂഷിതവൃത്തം വളരെ സങ്കീർണ്ണവും ഇന്നത്തെ നിലയ്ക്ക് ഏറെക്കൂറെ അപരിഹാര്യവുമാണ്.      

തൊട്ടപ്പുറത്തെ കുന്നിലെ പാറഖനനം
മടങ്ങുമ്പോൾ, കുന്നിൻചെരുവിൽ, സമുദ്രസംഗമതീരത്തെ ഈറനുമായി തെക്കൻകാറ്റ് ഉലഞ്ഞുകൊണ്ടിരുന്നു. ചുറ്റിലും നിബിഡമായ വൃക്ഷത്തലപ്പുകളിൽ ചേക്കേറി ഹൂങ്കാരശബ്ദത്തിൽ അതെന്തോ പറയുന്നുണ്ട്. നാഞ്ചിനാടിന്റെ നിമ്ന്നോതകളിൽ അലസം വിശ്രമിക്കുന്ന ചില കാഴ്ചകളുടെ, ചില സാംസ്കാരിക ഗുപ്തഗമനങ്ങളുടെ ഓർമ്മപ്പെടുത്തലാവാം അത്...

ആവുംവിധം അതെന്തെന്നറിയാനുള്ള വിചാരവേഗത്തിൽ ഞങ്ങൾ കുന്നിറങ്ങി...

- തുടരും -

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ജലവന്യം

ശിവനസമുദ്രം വെള്ളച്ചാട്ടത്തെ കുറിച്ചുള്ള കഴിഞ്ഞൊരു കുറിപ്പിൽ ഞാൻ ഇങ്ങിനെ എഴുതിയിരുന്നു:
"മലയാളി എന്ന നിലയ്ക്കും കിട്ടുന്ന അവസരങ്ങളിൽ യാത്രചെയ്യാൻ ശ്രമിക്കുന്ന ആളെന്ന നിലയ്ക്കും അല്പം നാണക്കേടോടെ ഒരുകാര്യം സൂചിപിച്ചുകൊണ്ടേ ഏതൊരു വെള്ളചാട്ടത്തെക്കുറിച്ചും സംസാരിക്കാൻ പറ്റുകയുള്ളൂ. ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നും കേരളത്തിന്റെ സ്വന്തം പ്രകൃതിപ്രതിഭാസവുമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതുവരെ കാണാനായിട്ടില്ല എന്നതാണ് അത്. പല യാത്രികരും ആവർത്തിച്ചു പറയുന്നൊരു സംഗതിയുണ്ട്; നമ്മൾ സ്ഥലങ്ങൾ കാണാൻ പോവുകയല്ല, സ്ഥലങ്ങൾ നമ്മളെ കാണാൻ തീരുമാനിക്കുകയാണ്. എത്രയൊക്കെ അദമ്യമായി ആഗ്രഹിച്ചാലും, ശ്രമിച്ചാലും, പ്രസ്തുത സ്ഥലം വളരെ അടുത്താണെങ്കിൽ കൂടിയും പലവിധ കാരണങ്ങളാൽ - പലപ്പോഴും സാമാന്യയുക്തിക്ക് നിരക്കാത്ത - നമുക്കവിടെ ചെന്നെത്താൻ സാധിക്കാതെ വരുന്നു. എന്നാൽ എന്നെങ്കിലുമൊരിക്കൽ അവിചാരിതമായി ആ സ്ഥലം നമ്മളെ വിളിച്ചുവരുത്തും..., പ്രതീക്ഷയോടെ കാത്തിരിക്കുക!"

അന്ന് പ്രതീക്ഷയർപ്പിച്ചതു പോലെ, അധികം താമസിയാതെ അതിരപ്പള്ളി വെള്ളച്ചാട്ടം വിളിച്ചു വരുത്തുകയായിരുന്നു, ഇക്കഴിഞ്ഞ അവധിക്കാലത്ത്...

അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേയ്ക്ക് ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴ 
ഒരു കൂട്ടുകാരനെ കാണാൻ അങ്കമാലിയിലുള്ള അയാളുടെ വീട്ടിൽ എത്തിയതായിരുന്നു. അവരുടെകൂടി ആഗ്രഹപ്രകാരം ഉച്ചയ്ക്കുശേഷം എല്ലാവരുമായി അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണാനായി പോയി. അയാളുടെ വീട് അങ്കമാലിക്ക് കിഴക്കുള്ള മഞ്ഞപ്ര എന്ന സ്ഥലത്തായിരുന്നതിനാൽ, ചെറിയ ചില ഇടവഴികളിലൂടെ കുറേദൂരം സഞ്ചരിച്ചതിന് ശേഷമാണ് വെറ്റിലപ്പാറ എന്ന സ്ഥലത്തു ചെന്ന്, ചാലക്കുടിപ്പുഴയ്ക്ക് കുറുകനേയുള്ള വലിയ പാലം കടന്ന് ചാലക്കുടി - മലക്കപ്പാറ പ്രധാനപാതയിലേയ്ക്കു പ്രവേശിച്ചത്‌. ഇവിടെയാണ്‌ 'സിൽവർ സ്റ്റോം' എന്ന തീംപാർക്കുള്ളത്. അതുവരെയുള്ള യാത്ര ഏറിയ ഭാഗവും കേരള സർക്കാർ വക 'കാലടി പ്ളാന്റെഷനി'ലൂടെയായിരുന്നു. കേരളത്തിൽ എണ്ണപ്പനകൾ വളർത്തുന്ന ഒരു തോട്ടം ആദ്യമായി കാണുകയാണ്. പെട്ടെന്ന്, മലേഷ്യയിലെ എണ്ണപ്പനതോട്ടങ്ങൾ നിറഞ്ഞ കൗമാരകാല ഓർമ്മകൾ സജീവമായി...

അതിരപ്പള്ളി വെള്ളച്ചാട്ടം
ചാലക്കുടിപ്പുഴയിലാണ് അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ. സമതലത്തിൽ നിന്ന് മുകളിലേയ്ക്ക് കയറുമ്പോൾ ആദ്യം അതിരപ്പള്ളിയിലും പിന്നീട് വാഴച്ചാലിലും എത്തുന്നു. ചാലക്കുടിയിൽ നിന്നുള്ള പ്രധാനപാതയുടെ വശത്തായി തന്നെയാണ് രണ്ട് സ്ഥലങ്ങളും. ഇങ്ങനെയുള്ള പല സ്ഥലങ്ങളിലും എന്നതുപോലെ, ഇവിടെയും പുഴയുടെ അരികുചേർന്നാണ് പാതയുടെ നിർമ്മാണം നടന്നിരിക്കുന്നതെന്ന് ചുരുക്കം. ഈ വഴിക്ക് പോകുമ്പോൾ മലക്കപ്പാറയത്രേ കേരളത്തിന്റെ അതിർത്തിയിലെ ചെറുപട്ടണം (അതുവഴി പോയിട്ടില്ല). അവിടം കഴിഞ്ഞാൽ തമിഴ്നാടിലെ മനോഹര മലമുകൾ പട്ടണമായ വാൾപ്പാറയിൽ എത്തുന്നു. അതിനുശേഷം മറുഭാഗത്തേയ്ക്ക് മലയിറങ്ങി ആളിയാർ വഴി പൊള്ളാച്ചിയിലെത്താം. വാൾപ്പാറയിൽ നിന്നും ആളിയാറിലേയ്ക്കുള്ള മലയിറക്കം മല/വനയാത്രകൾ ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുംവിധം അനേകം ഹെയർപിൻ വളവുകളാലും മറ്റും മുഖരിതമത്രേ.

വെള്ളച്ചാട്ടം - മറ്റൊരു കാഴ്ച
സഹ്യന്റെ ഷോളയാർ, പറമ്പിക്കുളം മേഖലയിലെ മലമടക്കുകളിൽ നിന്നും ഉത്ഭവിക്കുന്ന നീർച്ചോലകളാണ് ചാലക്കുടിപ്പുഴയുടെ ജലസ്ത്രോതസെന്ന് പൊതുവായി പറയാം. പക്ഷെ ഈ പ്രദേശത്തെ നദീപ്രവാഹങ്ങളിൽ അനേകം അണക്കെട്ടുകൾ നിർമ്മിക്കപ്പെടുകയും, അതിനെ തുടർന്ന് ഇവിടങ്ങളിലെ ജലപ്രവാഹങ്ങളുടെ പ്രഭവവും പാതകളുമൊക്കെ സ്വാഭാവികത നഷ്ടപ്പെട്ട് തമ്മിൽപിണഞ്ഞ് ഏറെ സങ്കീർണ്ണമാവുകയും ചെയ്തിട്ടുണ്ട്. പറമ്പിക്കുളം, അപ്പർ ഷോളയാർ, ലോവർ ഷോളയാർ, ഇടമലയാർ, പെരിങ്ങൽക്കുത്ത് തുടങ്ങിയ ഡാമുകളൊക്കെ ഈ വനമേഖലയിലാണ്. ഇന്നത്തെ അവസ്ഥയിൽ, ലളിതമായി പറഞ്ഞാൽ, ചാലക്കുടിപ്പുഴ ഉത്ഭവിക്കുന്നത് പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നാണ്.

ജലപതന ധൂളിയിൽ വൃക്ഷനിബിഡത
റംസാന്റെ അവധി ദിവസങ്ങളിൽ ഒന്നിലാണ് അതിരപ്പള്ളിയിൽ എത്തുന്നത്. മഴയുടെ അകമ്പടി ഉണ്ടായിട്ടും വെള്ളച്ചാട്ടത്തിന്റെ പരിസരം ഒരു ഉത്സവപ്പറമ്പു പോലെ ജനബഹുലം. ഇത്രയും സന്ദർശകരെത്തുന്ന സ്ഥലമാണ് ഇവിടം എന്ന് തീരെ കരുതിയിരുന്നില്ല. അതെന്നെ ഒട്ടു നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. ഒരു പൊതുസ്ഥലം, അതും ഇത്രയും പ്രകൃതിവന്യമായ ഒരു സ്ഥലം, എനിക്കു മാത്രമായി കിട്ടണം എന്ന ആഗ്രഹം അഹങ്കാരമാണ് എന്നറിയായ്കയല്ല. ഒരു ചരിത്രസ്മാരകത്തിനു മുന്നിലോ, വാസ്തുഗംഭീര നഗരത്തിലോ ജനക്കൂട്ടത്തിന്റെ കൂടെനിന്ന് ആ പരിസരം ആസ്വദിക്കാനും അറിയാനും സാധിക്കും. അതാണതിന്റെ സ്വാഭാവികത. എന്നാൽ വനനിബിഡവും ജലവന്യവുമായ ഒരു പ്രകൃതിപ്രതിഭാസത്തിന് മുന്നിൽ നിൽക്കുമ്പോൾ ഏകാന്തത ആവശ്യമാണ്. ഏകാന്തത മാത്രമേ ആ പരിസരത്തിന്റെ സ്വാഭാവികത അനുഭവിപ്പിക്കൂ. മദ്യംമണക്കുന്ന ജനക്കൂട്ടം തിക്കിതിരക്കുന്നതിനിടയ്ക്ക് പ്രകൃതിയെ ആഗ്രഹിക്കാനാവുന്ന മാനസികാവസ്ഥ സംജാതമാവില്ല.

വെള്ളചാട്ടത്തിന്റെ പരിസരത്തെ വഴിവാണിഭം
മൂന്നു തലങ്ങളിൽ നിന്ന് അതിരപ്പള്ളി വെള്ളച്ചാട്ടം വീക്ഷിക്കാം. മുകളിലേയ്ക്ക് കയറിവരുമ്പോൾ, നിരത്തോരത്തായി ഒരു ഭാഗത്ത് നിന്നാൽ വെള്ളച്ചാട്ടത്തിന്റെ ബാഹ്യഭംഗി മുഴുവൻ പകർന്നുകിട്ടുന്ന ദൂരക്കാഴ്ച ലഭ്യമാവും. വീണ്ടും അല്പം മുകളിലേയ്ക്ക് കയറിയാൽ സർക്കാർ വക ടിക്കറ്റെടുത്ത് അവരുടെ കവാടം കടന്ന് വെള്ളച്ചാട്ടത്തിന്റെ പ്രഭവ പ്രദേശത്തേയ്ക്ക് ചെല്ലാം. ചാലക്കുടിപ്പുഴ ഒഴുകി വന്ന് അഗാധതയിലേയ്ക്ക് നിപതിക്കുന്നത് ഇവിടെ നിന്നാൽ കാണുകയും ആ പ്രവാഹപതനത്തിന്റെ വന്യശക്തി അത്ഭുതത്തോടെ അനുഭവിക്കുകയും ചെയ്യാം. വീണ്ടും ഒരു ചെറിയ വഴിയിലൂടെ താഴേയ്ക്കിറങ്ങിയാൽ ജലം നിപതിക്കുന്ന ഭാഗത്തെത്താം. ഇവിടെ, ധൂളീപ്രഹരത്താൽ നിങ്ങൾ നനഞ്ഞുകുളിക്കും, ക്യാമറ പുറത്തെടുക്കാൻ ആവില്ല.

വെള്ളച്ചാട്ടം - മറ്റൊരു കാഴ്ച
"ഇത്രയും കാലത്തിനിടയ്ക്ക് ഈ പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയിട്ടുണ്ടാവും" - എന്ന് നമ്മൾ കാലത്തെയും പുഴയും ചേർത്തുള്ള ഒരു പരികല്പന പറയുന്നത് പതിവാണ്. അത് അപാരതയെക്കുറിച്ചുള്ള ബോധമാണ്. കാലം അമൂർത്തമായിരിക്കുമ്പോൾ അപാരതയുടെ മൂർത്തരൂപമാണ് നദികൾ. ഇന്നു ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനും കാണാത്ത ഏതൊക്കെ കാലങ്ങളിലൂടെ ഈ നദി ഒഴുകിയിരിക്കുന്നു. കേരളമെന്ന് ഇപ്പോൾ പേരുപറയുന്ന ഭൂഭാഗത്ത് മനുഷ്യൻ എത്തുന്നതിനുമൊക്കെ എത്രയോ കാലങ്ങൾക്ക് മുൻപ് ഈ പുഴ ഇവിടെയുണ്ടായിരുന്നു. തന്റെ കരയിൽ ഗർവ്വോടെ നിൽക്കുന്ന മനുഷ്യനെ കാണുമ്പോൾ, ഇവിടെയൊക്കെ മദിച്ചുനടന്ന, നമുക്കറിഞ്ഞുകൂടാത്ത, ഇന്ന് ഫോസിൽസായി മാറിക്കഴിഞ്ഞ ചില ജീവജാലങ്ങളെ കുറിച്ച് ഓർക്കുകയും മനുഷ്യന്റെ നിസ്സാരമായ ചരിത്രത്തെ സഹതാപത്തോടെ നോക്കികാണുകയുമായിരിക്കാം ഈ നദി.

ജലപതനത്തിനു ശേഷം നദി യാത്ര തുടരുന്നു...
അതിരപ്പള്ളിയിൽ നിന്നും ഏതാനും കിലോമീറ്റർ മുകളിലേയ്ക്ക് കയറണം വാഴച്ചാലിൽ എത്താൻ. ഇതിനിടയ്ക്ക് റോഡരികിലായി മറ്റൊരു ചെറിയ ജലപാതം കാണാം - ചർപ്പ വെള്ളച്ചാട്ടം. ഇതിന് കാരണഭൂതമാകുന്ന ചർപ്പത്തോട്, നിരത്തിനടിയിലെ കലുങ്കിലൂടെ റോഡ്‌ മുറിച്ചുകടന്ന് മറുഭാഗത്തു കൂടി ഒഴുകുന്ന ചാലക്കുടിപ്പുഴയിൽ ലയിക്കുന്നു. താഴ് വാരത്തു നിന്നും സഹ്യന്റെ മുകളിലേയ്ക്ക് കയറുന്ന നിരത്തുകളിലെല്ലാം ഇത്തരത്തിൽ കുറുകനേ തുള്ളിപ്പോകുന്ന കുറുമ്പികളായ ശുഭ്രകന്യകകളെ കാണാം. താമരശ്ശേരിയിൽ നിന്നും വയനാടിലേയ്ക്ക് കയറുമ്പോഴും നേര്യമംഗലത്തു നിന്നും മൂന്നാറിലേയ്ക്ക് കയറുമ്പോഴും മുണ്ടക്കയത്തു നിന്ന് കുട്ടിക്കാനത്തേയ്ക്ക് കയറുമ്പോഴും എല്ലാം ഒരുപോലിരിക്കുന്ന ജലപാതങ്ങൾ കാണാം. വേനൽക്കാലത്ത് നൂൽവലിപ്പത്തിൽ ഉറവകൾ പോലെ തോന്നിപ്പിക്കുന്ന ഈ പ്രവാഹങ്ങൾ മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ രൂപഭാവങ്ങൾ ആർജ്ജിക്കുന്നു.

ചർപ്പ ജലപാതം
വീണ്ടും കുറച്ചുകൂടി മുകളിലേയ്ക്ക് കയറി വാഴച്ചാലിൽ എത്തുമ്പോൾ വൈകുന്നേരമായിരുന്നു. മഴക്കാലമായതിനാൽ പരിസരത്ത് മേഘാവൃതമായ ആകാശത്തിന്റെ കാളിമ പടർന്നിരുന്നു. വഴി, മലക്കപ്പാറയിലേയ്ക്ക് നീളുകയാണ്. രാത്രി ആ ഭാഗത്തേയ്ക്ക് യാത്രാനിയന്ത്രണമുണ്ടെന്ന് തോന്നുന്നു. അവിടെയുള്ള ചെക്ക് പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാവണം, ചില വാഹങ്ങൾ തടഞ്ഞുനിർത്തി അതിലെ യാത്രക്കാരോട് സംസാരിക്കുന്നത് കാണാമായിരുന്നു. ഒരു പാതിരാത്രി, കുടുംബസമേതം, അവിചാരിതമായി വാൾപ്പാറയിൽ നിന്നും മലയിറങ്ങേണ്ടി വന്ന ഒരു സുഹൃത്ത് ഭയചകിതമായ ആ യാത്രയെക്കുറിച്ച് പറഞ്ഞത് അപ്പോൾ ഞാൻ ഓർത്തു. ഞങ്ങൾ വശത്തുള്ള കമാനം കടന്ന് വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേയ്ക്ക് നടന്നു...

വാഴച്ചാൽ വെള്ളച്ചാട്ടം
രൂപഭാവങ്ങളിൽ വെള്ളച്ചാട്ടങ്ങൾ തുലോം വ്യത്യസ്തമാണ്. നയാഗ്രാ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായിരിക്കുന്നത് അതിലൂടെ കടന്നുപോകുന്ന വെള്ളത്തിന്റെ തോത് കണക്കാക്കിയിട്ടാണത്രേ. അതുകൂടാതെ, ജലസഞ്ചാരത്തിന്റെ വിസ്തൃതി, നിപതിക്കുന്നതിന്റെ ആഴം ഇങ്ങനെ പലതും ഇത്തരം നിർണ്ണയങ്ങളിൽ പരിഗണിക്കുമെന്നതിനാൽ വെള്ളച്ചാട്ടങ്ങളുടെ വലിപ്പ-ചെറുപ്പ നിജപ്പെടുത്തലുകൾ സങ്കീർണ്ണമാണ്. അതിരപ്പള്ളിയും - വാഴച്ചാലും അല്പ സമയത്തിന്റെ ഇടവേളയിൽ കാണാനാവുമ്പോൾ ഈ വ്യത്യാസം നമുക്ക് വ്യക്തമായും മനസ്സിലാവും. ജലപതനം അതിരപ്പള്ളിയോളം ആഴത്തിലല്ല വാഴച്ചാലിൽ. ക്രമാനുഗതമായ ഒരു ഇറക്കത്തിലേയ്ക്ക് വന്യതയോടെ പാഞ്ഞുപോവുകയാണ് പുഴ. കുറെ വർഷങ്ങൾക്ക് മുൻപ് സന്ദർശിച്ച പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിനോട് നല്ല സാമ്യമുണ്ട്‌ വാഴച്ചാലിന്. വളരെ മുകളിൽ നിന്ന് നിപതിക്കാത്തതിനാൽ തന്നെ, ചില സാഹസിക സഞ്ചാരികൾ അശ്രദ്ധമായി പുഴയിലേക്ക് ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയും ചെയ്യാറുണ്ടത്രേ. അതിരപ്പള്ളിയെക്കാൾ അപകടങ്ങൾ ഉണ്ടാകുന്നത് വാഴച്ചാൽ ഭാഗത്താണ് എന്ന് അറിയുന്നു.

യാത്രാസംഘം മടങ്ങുന്നു...
കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി വിചാരിച്ചാൽ വലിപ്പം കൊണ്ട് പ്രധാനപ്പെട്ട ഈ ഭാഗത്തെ വെള്ളച്ചാട്ടങ്ങൾ കർണ്ണാടകയിലെ ജോഗ്ഫാൾസും ശിവനസമുദ്രവും തമിഴ്നാട്ടിലെ ഹൊഗനക്കലും കേരളത്തിലെ അതിരപ്പള്ളിയുമാണ് എന്ന് തോന്നുന്നു. ജോഗ്ഫാൾസും ഹൊഗനക്കലും ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.

വാഴച്ചാൽ വിടുമ്പോൾ മൂവന്തി കടന്നുവരാൻ തുടങ്ങുകയായിരുന്നു. അങ്കമാലിക്കാരനായ കൂട്ടുകാരനോടും കുടുംബത്തോടും പകുതിവഴിയിൽ വച്ച് യാത്രപറഞ്ഞ്‌ പിരിഞ്ഞു. മെട്രോറെയിലിന് വേണ്ടി പൊളിച്ചിട്ട റോഡിലൂടെ എറണാകുളം നഗരഹൃദയത്തിലെ ഇടത്താവളത്തിൽ രാത്രിഭക്ഷണത്തിനു സമയമായപ്പോഴേയ്ക്കും എത്തിച്ചേർന്നു.

- അവസാനിച്ചു - 

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ചാമുണ്ഡീ താഴ്‌വാരം; കാവേരീ ഭരിതം - ഏഴ്

ഈ കുന്നിനു മുകളിൽ, ക്ഷേത്രത്തിന്റെ പിന്നിലായി, അതിനും പിറകിൽ സൂര്യനുദിക്കുമ്പോൾ, താഴെ പ്രഭാതത്തിന്റെ മിനുസ്സമായ മഞ്ഞിൻതിരശ്ശീല നീക്കി പട്ടണം തെളിഞ്ഞുവരുന്ന അസുലഭമായ കാഴ്ച നോക്കിയിരുന്ന നാലഞ്ച് നവ യുവതിയുവാക്കളെ എനിക്കറിയാം. മല കയറുമ്പോൾ എന്റെ ഓർമ്മകളിൽ നിന്നും ഞാനവരെ ഒരിക്കൽ കൂടി വീണ്ടെടുക്കുകയായിരുന്നു. കലാലയകാലത്തെ ഒരു വിനോദയാത്രയുടെ ഏറ്റവും തരളമായ നേരങ്ങളായിരുന്നു അത്. ഇപ്പോൾ പുനരവതരിപ്പിക്കാൻ ശ്രമിച്ചാൽ അതികാല്പനികവും വ്യക്തിനിഷ്ഠവുമായിപ്പോയേക്കാവുന്ന യൗവ്വനാരംഭത്തിലെ അനുഭൂതിദായകമായ ഒരുപാട് അനുഭവങ്ങൾ...

മൈസൂർ പട്ടണത്തിൽ മൂന്നാല് ദിവസം താമസിച്ച് നൂറു കിലോമീറ്റർ ചുറ്റുവട്ടത്തിനുള്ളിലുള്ള സാധ്യമായ സ്ഥലങ്ങൾ കാണുക എന്നതായിരുന്നു പരിപാടി. മുൻ കുറിപ്പുകളിൽ വിവരിച്ച, നഗരപ്രാന്തത്തിലുള്ള പ്രദേശങ്ങളിലേയ്ക്കാണ് ആദ്യം പോയത്. അതിനാൽ  തന്നെ പട്ടണവൃത്തത്തിനുള്ളിലുള്ള സവിശേഷ സ്ഥലങ്ങളിലേയ്ക്ക് പോകാൻ സാധിച്ചത് അവസാനമായിട്ടാണ്. അതിൽ ആദ്യമായി പറയേണ്ടത് ചാമുണ്ഡിമലയേയും ക്ഷേത്രത്തേയും കുറിച്ചു തന്നെയാവും.

ചാമുണ്ഡി ക്ഷേത്രത്തിലേയ്ക്കുള്ള വഴി
തികച്ചും അകാല്പനികമായിരുന്നു പക്ഷേ ഈ പ്രഭാതത്തിലെ ചാമുണ്ഡി. കഴിഞ്ഞ രാത്രി പെയ്ത മഴയിൽ പരിസരമാകെ ചതുപ്പുപോലെ കുഴഞ്ഞുകിടക്കുന്നു. അതിലൂടെ വാഹനങ്ങളുടെയും ജനബാഹുല്യത്തിന്റെയും ക്രമരഹിതമായ ഒഴുക്ക്. ഇന്നോർക്കുമ്പോൾ മോഹനമായി തോന്നുന്ന ആ പഴയകാലത്തും ഈ പരിസരം, ഒരു പക്ഷേ, ഇങ്ങനെയൊക്കെ തന്നെ ആയിരുന്നിരിക്കാം. യൗവ്വനം എല്ലാ അവസ്ഥകളെയും സഹനീയമാക്കുന്നു, ആയുക്തമായ സ്വപ്നങ്ങളുടെ തൊങ്ങലുകൾ കൊണ്ട് അവയെ അലങ്കരിക്കുന്നു. മാറിയത് ചാമുണ്ഡിമലയാവില്ല, ഞാനാവും.

ക്ഷേത്രഗോപുരം
മൈസൂറിന്റെ തെക്കുകിഴക്കൻ അതിരിൽ പട്ടണത്തിന്റെ കാവൽക്കാരിയായി ചാമുണ്ഡി നിൽക്കുന്നു. 3300 അടി ഉയരമുള്ള മലയുടെ മുകളിലേയ്ക്ക് ഇപ്പോൾ ഒന്നിലധികം വഴികളും റോഡുകളും ഉണ്ട്. ഏതാണ്ട് ആയിരത്തിലധികം പടികൾ കയറിയെത്തനാവുന്ന ഒരു വഴിയുമുണ്ടത്രേ. വാഹനസഞ്ചാരയോഗ്യമായ നല്ല റോഡുകൾ ഉള്ളതിനാൽ പടവുകളും കാട്ടുവഴികളും ട്രെക്കിങ്ങിലും മറ്റും താല്പര്യമുള്ളവർ മാത്രമേ ഇപ്പോൾ ഉപയോഗിക്കാറുള്ളൂ. ആ വഴികളിലൂടെ വന്നാൽ ഒരുപക്ഷെ ഏതൊരു മലയും നൽകാൻ സാധ്യതയുള്ള വന്യത കുറച്ചെങ്കിലുമൊക്കെ അനുഭവിക്കാൻ ആവുമായിരിക്കും. മല മുകളിലേയ്ക്കുള്ള പ്രധാനനിരത്ത് പക്ഷെ ഏതൊരു നഗരപാതയും പോലെ സഞ്ചാരികളെയും ഭക്തരേയും കൊണ്ടുപോകുന്ന വാഹനങ്ങളുടെ അനുസ്യൂതമായ ഒഴുക്കിനാൽ മുഖരിതമാണ്.

ചാമുണ്ഡി ക്ഷേത്രമുറ്റത്തു നിന്നും...
ശക്തനായ ഒരു രാജാവിന്റെ പേരിൽ നഗരം അറിയപ്പെടുക. അതേസമയം പ്രാദേശിക പുരാവൃത്തത്തിൽ ആ രാജാവ് ഏറ്റവും പ്രതിലോമമായി ചിത്രീകരിക്കപ്പെടുക. അദ്ദേഹത്തെ വധിച്ചു എന്ന് കരുതപ്പെടുന്ന ദേവത ആ ദേശത്തിന്റെയും രാജകുടുംബത്തിന്റെയും കുലദൈവം ആവുക. മഹിഷാസുരനാണ് വൈരുധ്യങ്ങൾ നിറഞ്ഞ ഈ ചരിത്രത്തിനോ പുരാവൃത്തത്തിനോ ഹേതുഭൂതനായ രാജാവ്. മഹിഷാസുരൻ ഭരിച്ചിരുന്ന നാട് എന്ന നിലയ്ക്കാണ് ഈ പ്രദേശത്തിന് മൈസൂർ (മഹിഷന്റെ ഊര്) എന്ന പേരു ലഭിക്കുന്നതും ഇന്നും അറിയപ്പെടുന്നതും. എന്നാൽ ചാമുണ്ഡി എന്ന സർവ്വശക്തയും സംഹാരരുദ്രയുമായ ഒരു ദേവതയാൽ കൊല്ലപ്പെട്ട അസുരരാജാവ് എന്ന പതിതനിയോഗമാണ് മഹിഷാസുരനായി കാലം നീക്കിവച്ചിരുന്നത്.

മൈസൂർ എന്ന പേരിനു പിന്നിലെ പുരാവൃത്തം തിരഞ്ഞുപോയാൽ ഒരുപക്ഷേ മഹിഷാസുരന്റെ പാർശ്വനോട്ടം കിട്ടിയേക്കും. അതിനുമപ്പുറം മൈസൂർ ചാമുണ്ഡിയുടെയാണ്. ഇവിടെ ഈ കുന്നിനു മുകളിൽ നാടിനെ സംരക്ഷിച്ചുകൊണ്ട് ആ ദേവത കുടികൊള്ളുന്നു.

എന്നാൽ മഹിഷാസുരൻ പൂർണ്ണമായും വിസ്മൃതമായിട്ടില്ല എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ക്ഷേത്രത്തിലേയ്ക്കുള്ള നടപ്പാത ആരംഭിക്കുന്ന ഭാഗത്ത്, കടുംവർണ്ണങ്ങൾ വാരിപ്പൂശിയ ഒരു മഹിഷാസുരശില്പവും കാണാം. ചാമുണ്ഡിയെ ദർശിക്കാൻ മലകയറി എത്തുന്ന യാത്രികർക്കും തീർഥാടകർക്കും പൊതുവേ ഈ പ്രതിമ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നറിയില്ലെങ്കിലും...

മഹിഷാസുര പ്രതിമ
ചാമുണ്ഡി ക്ഷേത്രത്തിന്റെ പൗരാണിക വസ്തുതകൾ അവ്യക്തമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹൊയ്സാല രാജാക്കൻമാരുടെ കാലത്തു തന്നെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതായി കരുതുന്നുവെങ്കിലും വിജയനഗര സാമ്രാജ്യ കാലത്താണ് മലമുകളിലെ ആരാധനാലയം പ്രശസ്തിയാർജ്ജിക്കുന്നതും ഇന്നു കാണുന്ന ഗോപുരത്തിന്റെ നിർമ്മിതി നടക്കുന്നതും എന്ന് അനുമാനിക്കപ്പെടുന്നു. പ്രതിഷ്ഠ സ്വർണ്ണനിർമ്മിതിയും അവിടേയ്ക്കുള്ള വാതിൽ വെള്ളി കൊണ്ടുമാണത്രേ.

ക്ഷേത്രഗോപുരം. മറ്റൊരു പാർശ്വവീക്ഷണം
ഒരു യാത്രയും രണ്ടു തവണ ചെയ്യാനാവില്ല. ആദ്യത്തെ സന്ദർശനം മാത്രമാണ് ഒരു യാത്ര ആഗ്രഹിക്കുന്ന ജിജ്ഞാസയും വിസ്മയങ്ങളും ആവിചാരിതങ്ങളുടെ ആഹ്ളാദ നിരാശകളും നൽകുക. അതേ സ്ഥലത്തേയ്ക്ക് പിന്നീട് നടത്തുന്ന എല്ലാ യാത്രകളും ഓർമ്മകളിലേയ്ക്കുള്ള സഞ്ചാരം മാത്രമാണ്. അന്നില്ലാതിരുന്ന പുതിയ കാഴ്ചകളുടെ പിന്നണിയിലും പഴയതിനെ ആനയിക്കുന്ന ഓർമ്മകളുടെ വെഞ്ചാമരം വീശുന്നുണ്ടാവും.

അന്ന് പ്രഭാതത്തിൽ ആ ചെറുപ്പക്കാർ മൈസൂർ പട്ടണം നോക്കിയിരുന്ന, ക്ഷേത്രത്തിനു പിറകിലെ മുനമ്പിൽ ഭാര്യയും മക്കളുമായി ചെന്നുനിൽക്കുമ്പോൾ എന്നിൽ ഓർമ്മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാഴ്ചകൾ ഉണ്ടായിരുന്നില്ല.

മൈസൂർ പട്ടണം, ചാമുണ്ഡി മലയുടെ മുകളിൽ നിന്ന് 
മലയിറങ്ങുമ്പോഴാണ്‌ ശിവവാഹനമായ നന്ദിയുടെ മുന്നിൽ എത്തുക. (മല, കയറുന്ന വഴിക്കല്ല തിരിച്ചിറങ്ങേണ്ടത്). പ്രദേശത്ത്‌ ലഭ്യമായ പാറയിൽ പതിനേഴാം നൂറ്റാണ്ടിൽ കൊത്തിയുണ്ടാക്കിയതത്രേ ഈ വിശുദ്ധകാളയുടെ കറുത്ത പ്രതിമ. വിശ്രമരൂപത്തിലുള്ള ഈ ശില്പത്തിന്റെ ചാരുതമായ അഴകളവുകൾ ഭക്തരുടെ പുഷ്പതോരണങ്ങളാലും വർണ്ണച്ചരടുകളാലും നിറംപൂശലുകളാലും വികൃതമാക്കപ്പെട്ടിരിക്കുന്നു. കണ്ണിന്റെ കൃഷ്ണമണിയിലും പല്ലിലും ഒക്കെ വെള്ള പെയിന്റടിച്ച് ആ കൽരൂപത്തെ 'സുന്ദര'മാക്കാൻ ശ്രമിച്ച അഭാസവും വ്യക്തമാണ്.

ചിലപ്പോൾ അങ്ങനെ ഒരു ചരിത്രകുതുകിയുടെ നിലയ്ക്കുമാത്രം കാലത്തിന്റെ എല്ലാ നീക്കിയിരിപ്പുകളെയും നോക്കികാണാൻ ശ്രമിക്കുന്നതിലും യുക്തിയില്ലായ്മകൾ ഉണ്ടായേക്കാം. സാക്ഷാത്കരിക്കപ്പെട്ട കാലത്തുതന്നെ തുടങ്ങിയതും, അന്നുമുതൽ ഇന്നുവരെ കാര്യമായ ഇടതടവുകളൊന്നുമില്ലാതെ തുടരുന്നതുമാണ് നന്ദിയിലെ മതപരമായ ആരാധന. ആ ശില്പത്തിന്റെ അസ്തിത്വം ഏതു നിലയ്ക്കും മതപരമാണ്‌. നൂറ്റാണ്ടുകൾ മൂന്നാല് കഴിഞ്ഞു എന്നത് അതിനെ റദ്ദാക്കാൻ ഉതകുന്ന കാരണമാവില്ല.

ഒരു സാധാരാണ യാത്രക്കാരന്റെ സാധ്യമായ പാരമ്യവിശകലനരീതി സമകാല അവസ്ഥകളുടെ വൈവിധ്യങ്ങളെ ആയിരിക്കുന്ന രീതിയിൽ ഉൾക്കൊള്ളുക എന്നതു മാത്രമായിരിക്കും. ആർജ്ജിത ജ്ഞാനസഞ്ചയം ഉണ്ടാക്കിയെടുത്തിരിക്കുന്ന രൂഡമൂലമായ പൂർവ്വാശയങ്ങളെ ശിഥിലമാകാൻ അനുവദിച്ചുകൊണ്ടേ അത് സാധ്യമാവുകയുള്ളൂ. അതിനും ക്രിയാത്മകവും ലാവണ്യാത്മകവുമായ ഒരു ആന്തരികതലമുണ്ടെന്ന് ഇടയ്ക്കെങ്കിലും സമ്മതിക്കേണ്ടി വരും.

നന്ദി ശില്പം
മൈസൂറിനെ കുറിച്ച് ആലോചിക്കുമ്പോഴും പറയുമ്പോഴും ഒക്കെ ആദ്യം പരാമർശിക്കപ്പെടുന്നത് മൈസൂർ കൊട്ടാരം എന്ന് പൊതുവേ അറിയപ്പെടുന്ന അംബവിലാസം കൊട്ടാരമാണ്. പട്ടണമദ്ധ്യത്തിൽ തന്നെയാണ് മൈസൂർ കൊട്ടാരം. താജ്മഹൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന സ്ഥലങ്ങളിൽ ഒന്നത്രേ മൈസൂർ കൊട്ടാരം. കൊട്ടാരമുറ്റത്ത് നടക്കുന്ന ദസറ എന്ന അതിവിപുലമായ വാർഷികോത്സവവും ഈ കണക്കിലേയ്ക്ക് സംഭാവന നൽകുന്നു.

ഞങ്ങളവിടെ എത്തുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. ചാമുണ്ഡിയിലെപ്പോലെ തന്നെ ഇവിടെയും സന്ദർശകരുടെ ആധിക്യം, വഴിവാണിഭക്കാരുടെ ശല്യവും. എല്ലാം കൂടി അത്ര സുഖകരമായി അനുഭവപ്പെട്ടില്ല പരിസരം.

മൈസൂർ കൊട്ടാരം
സംസ്ഥാന സർക്കാരിന്റെ കയ്യിലാണ് ഇപ്പോൾ കൊട്ടാരമെങ്കിലും പഴയ ഉടമകളായ വോഡയാർ രാജകുടുംബം ഇപ്പോഴും കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് താമസിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിൽ ആരംഭിച്ച ഒരു രാജവംശമാണ്‌ വോഡയാർമാരുടെത്. ഇന്നത്തെ മൈസൂർ പട്ടണത്തിന്റെ കേന്ദ്രഭാഗത്തെ മാത്രം ഉൾക്കൊള്ളുന്ന ചെറിയ രീതിയിലുള്ള ഒരു നാടുവാഴി പ്രദേശമായിരുന്നു അത്. വിജയനഗര സാമ്രാജ്യത്തിന്റെ കീഴിൽ ഒരുതരം സാമന്തഭരണമാണ് അക്കാലത്ത് വോഡയാർ രാജാക്കന്മാർ നടത്തിയിരുന്നത്.

വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന് പതിനാറാം നൂറ്റാണ്ടോടയാണ് മൈസൂർ ഒരു സ്വതന്ത്രരാജ്യമായി മാറുന്നത്. ഇന്നത്തെ മൈസൂർ പട്ടണത്തെ മാത്രം ഉൾക്കൊണ്ടിരുന്ന നാടുവാഴി പ്രദേശം അതിർത്തി വിപുലീകരണത്തിലൂടെ വലിയൊരു സ്വതന്ത്രരാഷ്ട്രമായി മാറുന്നത് ഇക്കാലഘട്ടത്തിലാണ്. അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന രാജ വോഡയാർ, സുരക്ഷാകാരണങ്ങളാൽ രാജ്യതലസ്ഥാനം കാവേരീദ്വീപായ ശ്രീരംഗപട്ടണത്തിലേയ്ക്ക് മാറ്റിക്കൊണ്ടുപോവുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ വോഡയാർ രാജാക്കന്മാരുടെ കീഴിൽ മൈസൂർ രാജ്യത്തിന്‌ ക്രമാനുഗതമായ വളർച്ചയാണുണ്ടായത്.

പക്ഷെ പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഹൈദരലി എന്ന പടനായകൻ ഭരണത്തിലേയ്ക്ക് ഉയർന്നുവരുകയും വോഡയാർ രാജകുടുംബം അധികാരത്തിന്റെ അരികുകളിലേയ്ക്ക് മാറ്റിനിർത്തപ്പെടുകയും ചെയ്തു. ഇത് പക്ഷേ കഷ്ടിച്ച്‌ അഞ്ച് പതിറ്റാണ്ട് മാത്രം നീണ്ടുനിന്ന ഒരു പ്രതിഭാസമായിരുന്നു. 1799 - ൽ ഹൈദരലിയുടെ പുത്രനായ ടിപ്പുവിനെ ശ്രീരംഗപട്ടണത്തിൽ വച്ച് ബ്രിട്ടീഷ് പട പരാജയപ്പെടുത്തുകയും ഭരണം വോഡയാർമാരിലേയ്ക്ക് തിരിച്ചത്തുകയും ചെയ്തു, ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിലായിരുന്നു ഭരണം എങ്കിൽക്കൂടി. ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതുവരെ, ശീമാക്കാരുമായി ചേർന്നുള്ള ഭരണത്തിന്റെ സാങ്കേതികതകൾ പലപ്പോഴും മാറിയും തിരിഞ്ഞും ഒക്കെ വന്നുവെങ്കിലും, വോഡയാർമാർ ഏറെക്കൂറെ സമഗ്രാധികാരമുള്ള രാജാക്കന്മാരായി തുടർന്നു.

കൊട്ടാരത്തിനു മുന്നിലെ സിംഹരൂപം
1912 - ലാണ് ഇന്ന് കാണുന്ന നിലയ്ക്കുള്ള കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. വോഡയാർ രാജകുടുംബത്തിന്റെ ഗൃഹം എല്ലാ കാലത്തും ഇവിടെ തന്നെയായിരുന്നു (ശ്രീരംഗപട്ടണത്തിലേയ്ക്ക് തലസ്ഥാനം മാറിയപ്പോഴും ഇവിടം ഉപേക്ഷിക്കപ്പെട്ടിരുന്നില്ല). കാലകാലങ്ങളിൽ കെട്ടിടം നവീകരിക്കുകയോ പുനർനിർമ്മിക്കുകയോ ഒക്കെ ചെയ്തുകൊണ്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിലവിലുണ്ടായിരുന്ന കൊട്ടാരം തീപിടിത്തത്തിൽ നശിച്ചപ്പോഴാണ് അന്നത്തെ ഭരണാധികാരിയായിരുന്ന റീജന്റ് അമ്മമഹാറാണി വാണീവിലാസ് സന്നിധാന, ബ്രിട്ടീഷ് വാസ്തു വിദഗ്ധനായ ഹെൻറി ഇർവിന്റെ മേൽനോട്ടത്തിൽ ഈ കൊട്ടാരം നിർമ്മിക്കാൻ ഏർപ്പാടാക്കുന്നത്.

നവരാത്രി / വിജയദശമി ദിവസങ്ങളിൽ നടക്കുന്ന പ്രശസ്തമായ ദസറ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ അരങ്ങേറുന്നത് ഈ കൊട്ടാരത്തിനു മുന്നിലെ വിശാലമായ മുറ്റത്താണ്. വിജയനഗര രാജാക്കന്മാർ ആഘോഷിച്ചിരുന്ന ദസറ അവരുടെ പ്രഭാവനഷ്ടത്തിനു ശേഷം വോഡയാർ രാജാക്കന്മാർ ഏറ്റെടുത്തു നടത്തുകയായിരുന്നു. വോഡയാർമാരുടെ മേൽനോട്ടത്തിൽ ഇതാരംഭിക്കുമ്പോൾ അവരുടെ തലസ്ഥാനം ശ്രീരംഗപട്ടണമായിരുന്നതിനാൽ അവിടെയാണ് ചടങ്ങുകൾ നടന്നിരുന്നത്. ഈ ഭാഗത്തേയ്ക്ക് തലസ്ഥാനം മാറ്റിയപ്പോൾ ഉത്സവവും കൂടെപോന്നു.

തിന്മയ്ക്കെതിരെ നന്മ നേടുന്ന വിജയം എന്ന പരമ്പരാഗത പരികല്പന തന്നെയാണ് ഈ ഉത്സവത്തിന്റെയും ആശയതലം. എന്നാൽ മൈസൂറിന്റെ പ്രാദേശികതയിൽ അത് മഹിഷാസുരനു മേൽ ചാമുണ്ഡി നേടിയ വിജയമെന്ന് പരാവർത്തം ചെയ്യപ്പെടുന്നുണ്ട്. പുരാവൃത്തത്തിലാണെങ്കിൽ പോലും മഹിഷാസുരന്റെ വിധി കഠിനം തന്നെ. തന്റെ നാമം പേറുന്ന സ്വരാജ്യത്തെ പ്രജകൾ തന്റെ വധത്തെ ദുഷ്ടനിഗ്രഹമായി കരുതുകയും അത് വലിയ വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

കൊട്ടാര പറമ്പിലേയ്ക്കുള്ള പ്രധാന കവാടം
നഗരമദ്ധ്യത്തിൽ തന്നെയുള്ള മറ്റൊരു വാസ്തു വിസ്മയമാണ് സെയ്ന്റ് ഫിലോമീനാസ് പള്ളി. പള്ളിയുടെ പരിസരത്തിലേയ്ക്ക് കയറുമ്പോൾ, ചരിത്രഗന്ധമുള്ള വാസ്തു നിർമ്മിതികളിൽ കൗതുകമുള്ള ഒരാൾ ആഹ്ളാദചിത്തനാവും. ചിത്രങ്ങളിൽ കാണുമ്പോൾ അനുഭവിക്കാനാവുന്നതിനെക്കാൾ പതിന്മടങ്ങായ ഉയരവൈചിത്ര്യം അതിന്റെ താഴെ ചെന്നുനിൽക്കുമ്പോൾ തോന്നുകയും അത്രയും അത് മനോന്മത്തത ഉളവാക്കുകയും ചെയ്യും.

ഗോപുരത്തിന്റെ ഉയരം, ഉയരത്തെ പ്രതി ആശ്ചര്യപ്പെടുത്തുന്നു എന്ന് പറയാനല്ല ഉദ്ദേശിച്ചത്. ദുബായിലെ ബുർജ്ഖലിഫയുമായി ഈ പള്ളിയുടെ പൊക്കം താരതമ്യപ്പെടുത്തുന്നതിന്റെ മാതിരിയുള്ള സാംഗത്യക്കേട്‌ അപ്പോൾ വന്നുചേരുമല്ലോ. നിയോ-ഗോത്തിക്ക് വാസ്തുരീതി തന്നെയാണ് ഈ നിർമ്മിതിയുടെ ഗംഭീര്യത്തെ അനുഭവപ്പെടുത്തുക എന്നതിൽ സംശയമൊന്നുമില്ല.

മദ്ധ്യകാലത്ത് യൂറോപ്പിൽ നിലനിന്ന ഗോത്തിക്ക് വാസ്തുനിർമ്മാണ രീതികളിൽ നിന്നും പ്രചോദനം നേടി പതിനെട്ടാം നൂറ്റാണ്ടിനെ അവസാനപകുതിയിൽ പ്രമുഖ്യത്തിലേയ്ക്ക് വന്ന ഒരു നിർമ്മാണ രീതിശാസ്ത്രത്തെയാണ് നിയോ-ഗോത്തിക്ക് എന്ന സംജ്ഞയിൽ വ്യവഹരിക്കുന്നത്. ലളിതമായി നോക്കുമ്പോൾ, പുതിയ സാങ്കേതികതകളുടെ വരവോടെ, കലയുടെയും ആശയത്തിന്റെയും സ്ഫോടനാത്മകമായ ഉണർവ്വോടെ, വലിപ്പവും സങ്കീർന്നതയും വർദ്ധിപ്പിച്ചെടുത്ത ഗോത്തിക്ക് ശൈലി തന്നെയാണിത്. ഇവ തമ്മിൽ വേർതിരിച്ചു മനസ്സിലാക്കാൻ വൈദഗ്ദ്ധ്യം ആവശ്യമാണ്‌.

സെയ്ന്റ് ഫിലോമീനാസ് പള്ളി
കോളേജിൽ നിന്ന് ഒരിക്കൽ വിനോദയാത്ര വന്നപ്പോൾ ഈ പള്ളിയോട് ചേർന്നുള്ള സ്കൂളിലാണ് അന്തിയുറക്കം തരപ്പെടുത്തിയിരുന്നത്. ഉറക്കംവരാത്ത കാല്പനികരാത്രികൾ. ഭീമാകാരമായ ഒരു പ്രേതകൊട്ടാരം പോലെ, ഇരുട്ടിൽ, ഈ പള്ളി നിന്നത് ഓർക്കുന്നു. അടച്ചിട്ട പള്ളിയുടെ പിൻവാതിലിനടുത്തുള്ള പടവുകളിൽ ഞങ്ങൾ ഇരുന്നു. വാതിലിനും തറയ്ക്കും ഇടയിലുള്ള വിടവിലൂടെ ഒരു ചീള് പ്രകാശം അകത്തു നിന്നും പാളിവീഴുന്നു. ഏതോ ദൈവരൂപത്തിന് മുന്നിൽ അണയാതെ കത്തിനിൽക്കുന്ന വിളക്കിൽ നിന്നുള്ളതാവും. ഉറക്കം ശല്ല്യപ്പെടുത്തുന്നതിലുള്ള പ്രതിഷേധമാവാം, ഞങ്ങളുടെ അടക്കിയ സംസാരത്തിന് മുകളിലേയ്ക്ക് ഇടവിട്ട്‌ പ്രാവുകൾ കുറുകികൊണ്ടിരുന്നു...

ഓർമ്മകൾ വെറും ഓർമ്മകളല്ല. അവ സമകാലത്തേയ്ക്ക് നമ്മളെ വിമലീകരിക്കുന്നു...!

പള്ളി - മറ്റൊരു കാഴ്ച
യാത്രചെയ്യാനുള്ള സ്ഥലം തീരുമാനിച്ചു കഴിഞ്ഞാൽ തുടർന്നുള്ള ഒരുക്കങ്ങൾ ഒക്കെ നടത്തുന്നത് ഭാര്യയാണ്. ആവശ്യമുണ്ടെങ്കിൽ ടൂർകമ്പനികളെ ബന്ധപ്പെടുന്നതും യാത്രാടിക്കറ്റുകൾ എടുക്കുന്നതും സ്ഥലവിവരങ്ങൾ ശേഖരിക്കുന്നതും താമസസ്ഥലം ബുക്ക് ചെയ്യുന്നതും ഒക്കെ അവളാണ്. യാത്രയോടുള്ള പാഷൻ പങ്കാളിയും പങ്കുവയ്ക്കുന്നില്ലെങ്കിൽ സകുടുംബയാത്ര രസകരമാവണമെന്നില്ല. ആ നിലയ്ക്ക് അവൾ എന്നോട് കടപ്പെട്ടിരിക്കുന്നു - എന്നെക്കാൾ വലിയ യാത്രാകൗതുകങ്ങൾ അവൾക്കാകയാൽ.

കലാലയ കാലത്തെ ഒരു ചാമുണ്ഡി യാത്രയിൽ, മലകയറുമ്പോൾ, താഴ്‌വാരത്തിൽ ഒരു കൊട്ടാരം കണ്ടിരുന്നു. വൈറ്റ്ഹൗസ് പോലെ തോന്നിച്ച വെണ്മയുള്ള ആ കൊട്ടാരം അപൂർവ്വമായ ഒരു കാഴ്ചയായി മരങ്ങൾക്കിടയിലൂടെ പെട്ടെന്ന് ദൂരെ പ്രത്യക്ഷപ്പെടുകയായിരുന്നു, ആ പ്രഭാതത്തിൽ. നിരന്തരം ഈ ഭാഗത്തുകൂടി വണ്ടിയോടിക്കുന്ന ഞങ്ങളുടെ ടൂറിസ്റ്റ്ബസ്സിന്റെ ഡ്രൈവറാണ് ആ പഴയ കൊട്ടാരം ഇപ്പോഴൊരു ഹോട്ടലാണ് എന്ന് പറഞ്ഞത്. അതികാല്പനികമായ ഒരു കാഴ്ചയായി രാജാക്കന്മാർ ഒഴിഞ്ഞുപോയ ആ കൊട്ടാരം എന്റെ ഓർമ്മയിൽ എന്നും കുടുങ്ങിക്കിടന്നു.

മൈസൂറിനെ കുറിച്ച് സംസാരിച്ചപ്പോൾ എപ്പോഴോ ഇത് ഞാൻ ഭാര്യയോട് പറഞ്ഞിരിക്കണം. കൗമാര, നവയൗവ്വന കാലത്തെ തരളമായ ഓർമ്മകളെ, അക്ഷരങ്ങൾക്ക് പുറത്ത്, പുനരാനയിക്കാൻ ഒരിക്കലും അമിതാവേശം കാണിക്കാത്ത ആളാണെന്നറിയാമായിട്ടും അവൾ എന്തിനാണ് ഈ മൈസൂർ സന്ദർശനകാലത്തെ താമസം ലളിതമഹൽ പാലസ് ഹോട്ടലിൽ ഏർപ്പാടാക്കിയത് എന്നറിയില്ല. ഒരുപാടുകാലത്തെ സഹായാത്രികൻ എന്ന നിലയ്ക്ക് എന്റെ വൈകാരികതയ്ക്ക് നല്കിയ മറ്റൊരു പരിഗണനയാവാം...

ലളിതമഹൽ കൊട്ടാരം
നമുക്ക് ലളിതമഹൽ കൊട്ടാരത്തിന്റെ വിശേഷങ്ങളിലേയ്ക്ക് വരാം...

ആദ്യമായി ഈ കൊട്ടാരം കാണുന്ന നേരത്ത് വൈറ്റ്ഹൗസ് പോലെയാണ് എനിക്ക് തോന്നിയതെങ്കിലും, യഥാർത്ഥത്തിൽ ലളിതമഹൽ കൊട്ടാരത്തിന്റെ നിർമ്മിതിക്ക് മാതൃകയാക്കിയിരിക്കുന്നത്‌ ലണ്ടനിലെ സെയിന്റ് പോൾ കത്തീഡ്രലാണ്. മൈസൂർ കൊട്ടാരം കഴിഞ്ഞാൽ വലിപ്പത്തിൽ രണ്ടാമതാണെങ്കിലും, ഞാൻ വിചാരിച്ചതിന് വിപരീതമായി, ഇവിടെ ഒരിക്കലും ഒരു രാജാവും താമസിച്ചിട്ടില്ല. കൃഷ്ണരാജ വോഡയാറുടെ കാലത്ത് മൈസൂർ മഹാരാജ്യം സന്ദർശിക്കാൻ എത്തിയ വൈസ്രോയ്ക്ക് താമസിക്കാൻ വേണ്ടിയാണ് 1921 - ൽ ഈ കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. അത് കഴിഞ്ഞ് മഹാരാജാവിന്റെ യൂറോപ്യൻ സന്ദർശകർക്കായുള്ള അതിഥിമന്ദിരമായാണ് ഇത് ഉപയോഗിച്ചിരുന്നത്. 1974 മുതൽ ഐ. റ്റി. ഡി. സിയുടെ കീഴിൽ ഹോട്ടലായും പ്രവർത്തിക്കുന്നു.

കൊട്ടാരത്തിന്റെ ഇടനാഴിയിൽ
മൈസൂറിലേയ്ക്ക് വന്നത് നിലമ്പൂർ, ഗൂഡല്ലൂർ വഴിയാണെങ്കിൽ മടക്കയാത്ര സത്യമംഗലം കാട്ടിലൂടെ കോയമ്പത്തൂർ വഴിയാക്കാം എന്ന് കരുതി. സത്യമംഗലം കാട്ടിലൂടെയോ ധിംബം ചുരത്തിലൂടെയോ ഇതിനു മുൻപ് സഞ്ചരിച്ചിട്ടുണ്ടായിരുന്നില്ല. വീരപ്പൻ മരിക്കുന്നതിന് മുൻപായിരുന്നെങ്കിൽ ഇങ്ങിനെയൊരു ചിന്ത മനസ്സിൽ പോലും വരില്ലായിരുന്നു എന്നത് മറ്റൊരു കാര്യം.

ചാമരാജനഗറിൽ വച്ച് ബംഗളൂരു - ദിണ്ടിഗൽ ഹൈവേയിലേയ്ക്ക് കയറി. ചാമരാജനഗർ വിട്ട് ഏതാനും കിലോമീറ്റർ സഞ്ചരിച്ചു കഴിയുമ്പോൾ തന്നെ വനമേഖല ആരംഭിക്കുന്നു. ഇതിനിടയ്ക്ക് എവിടെയോ ആണ് കർണ്ണാടക - തമിഴ്നാട് അതിർത്തി. ധിംബം എന്ന ചെറിയ കവല കഴിയുമ്പോൾ സത്യമംഗലം പട്ടണത്തിലേയ്ക്ക് ഇറങ്ങുന്ന ചുരം തുടങ്ങുകയാണ്. പ്രദേശത്തെ പ്രശസ്തമായ ഒരു അമ്മൻകോവിലുള്ള ബന്നാരി എന്ന സ്ഥലത്തു വച്ചാണ് റോഡ്‌ സമതലത്തെ സ്പർശിക്കുന്നത്.

സത്യമംഗലം കാടിലൂടെയുള്ള വഴി
സത്യമംഗലം കാടിലൂടെയുള്ള വഴി ഏറെക്കൂറെ വിജനമായിരുന്നു. വല്ലപ്പോഴും മാത്രമേ എതിർദിശയിൽ നിന്നുപോലും വാഹനങ്ങൾ വരുന്നുള്ളൂ. വണ്ടി നിർത്തി ഇറങ്ങുമ്പോൾ പേടിപ്പെടുത്തുന്ന ഒരുതരം നിശബ്ദത ആവരണം ചെയ്യും. ഒരല്പസമയം കൂടി മഗ്നമായി നിന്നാൽ അത് നിശബ്ദതയല്ല എന്ന് മനസ്സിലാവും. നമുക്ക് പരിചിതമായ ശബ്ദങ്ങളുടെ അഭാവം മാത്രമാണത്. ശ്രദ്ധിച്ചാൽ, മറ്റൊരു തരം ശബ്ദസഞ്ചയം പതുക്കെ ശ്രവ്യമാവാൻ തുടങ്ങും. കാട്ടിൽ കാറ്റുപിടിക്കുന്നതിന്റെ, കാറ്റിൽ കരിയിലകളിലേയ്ക്ക് മരംപെയ്യുന്നതിന്റെ, ചിലച്ചുകൊണ്ട് ഒരു കിളി പറന്നുപോകുന്നതിന്റെ, കാണാമറയത്ത് രണ്ട് കുരങ്ങന്മാർ എന്തോ പറഞ്ഞു തർക്കിക്കുന്നതിന്റെ...

ധിംബം ചുരത്തിൽ നിന്നും..., താഴെ സത്യമംഗലം പട്ടണത്തിന്റെ അവ്യക്ത കാഴ്ചകൾ 
ഒരിക്കലും പോയിട്ടിലാത്ത സ്ഥലങ്ങളെ സങ്കല്പത്തിൽ കാണാൻ ശ്രമിക്കാറുണ്ട്. ചിത്രങ്ങളിലൂടെയും വായനയിലൂടെയും സിനിമകളിലൂടെയും ഒക്കെ മനസ്സിലാക്കാനും പഠിക്കാനും സമയം നീക്കിവയ്ക്കാറുണ്ട്. അങ്ങനെ ആ സ്ഥലത്തെക്കുറിച്ച് മനസ്സിൽ നിർമ്മിച്ചെടുക്കുന്ന ഒരു രൂപമുണ്ടാവും. പുതിയ പുതിയ അറിവിടങ്ങൾ വ്യതിയാനം വരുത്തിക്കൊണ്ടിരിക്കുന്ന ഒരു രൂപം. അതേ സ്ഥലത്ത് എന്നെങ്കിലും ചെന്നെത്തപ്പെടാൻ ആവുമ്പോൾ, പലപ്പോഴും ആ സങ്കല്പരൂപം ആകെക്കൂടെ കടപുഴകുന്നു. മനസ്സിൽ കരുതിയതിനെക്കാൾ എത്രയോ വ്യത്യസ്തമായ പരിസരമായിരിക്കും നമ്മൾ അവിടെ കാണുകയും അനുഭവിക്കുകയും ചെയ്യുക. അതാണ്‌ യാത്രയുടെ കൗതുകവും ഭ്രമവും. ഈ അനിശ്ചിതത്വമാണ് വീണ്ടും വീണ്ടും യാത്രകളിലേയ്ക്ക് ത്വരിതപ്പെടുത്തുക.

കോയമ്പത്തൂർ പട്ടണം ഒഴിവാക്കി, ബൈപ്പാസിലൂടെ സഞ്ചരിച്ച്, മഴചാറുന്ന പാലക്കാടൻ പകലിലൂടെ കേരളത്തിലേയ്ക്ക് കടക്കുമ്പോൾ മറ്റൊരു യാത്രകൂടി അവസാനിക്കുകയാണ്. ദൈനംദിനങ്ങളുടെ അനിത സാധാരണത്വത്തിലേയ്ക്ക്, വരാനിരിക്കുന്ന യാത്രകളുടെ അനിശ്ചിത സങ്കല്പങ്ങളിലേയ്ക്ക്...!

- അവസാനിച്ചു -