2013, ഏപ്രിൽ 13, ശനിയാഴ്‌ച

അശോകവനം - പത്ത്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം, അഞ്ചാം ഭാഗം, ആറാം ഭാഗം, ഏഴാം ഭാഗം, എട്ടാം ഭാഗം, ഒൻപതാം ഭാഗം

കൊളംബോയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള  ശ്രീലങ്കയുടെ തെക്കൻ തീരദേശപട്ടണമായ ഗോളിലേക്ക് (Galle) ഞങ്ങൾ സഞ്ചരിച്ചത് സതേണ്‍ എക്സ്പ്രസ് വേ  എന്നറിയപ്പെടുന്ന പുതിയ നാലുവരി പാതയിലൂടെയാണ്. പഴയ റോഡിലൂടെ സഞ്ചരിച്ചാൽ എടുക്കാവുന്ന മൂന്നര-നാല് മണിക്കൂർ യാത്രാസമയം ഈ പാത വന്നതോടെ ഒന്നര മണിക്കൂറായി കുറഞ്ഞു. ഏതു ലോകോത്തര ഹൈവേകളോടും കിടപിടിക്കത്തക്ക രീതിയിൽ വളരെ ശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന ഒന്നാന്തരം റോഡ് .

സതേണ്‍ എക്സ്പ്രസ് വേ  
വർഷങ്ങൾക്ക് മുൻപ് എം. കെ. മുനീർ വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ കേരളത്തിൽ ഒരു എക്സ്പ്രസ് വേ നിർമ്മിക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടതും നമുക്കറിയാം. അന്ന് അദ്ദേഹം നിരാശനായി പറഞ്ഞത് ഓർക്കുന്നു. നമ്മുടെ പൊട്ടിപൊളിഞ്ഞ നിരത്തുകൾ കണ്ടും എക്സ്പ്രസ് വേയ്ക്ക്  തടസ്സവാദമായി ഉയർത്തിയ കാരണങ്ങൾ കേട്ടും ചിരിക്കുക വിദേശികളല്ല മറിച്ച് ലോകത്തിന്റെ മുക്കിലും മൂലയിലും പോയി ജീവിക്കുന്ന മലയാളികൾ തന്നെയായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്ക് പുറത്ത് ഏതാനും ചില രാജ്യങ്ങളിലെ വിവിധതരം റോഡുകളിലൂടെ സഞ്ചരിക്കാൻ സാധിച്ചിട്ടുള്ള ആളെന്ന നിലയ്ക്ക് കേരളത്തിലെ റോഡുകൾ കാണുമ്പോൾ ചിരിയല്ല വരുക, സങ്കടമാണ്. മറ്റെല്ലാ മേഖലകളിലും മലയാളികളെക്കാൾ പത്തുനാല്പത് കൊല്ലം പിറകിൽ ജീവിക്കുന്ന ശ്രീലങ്കയിൽ പോലും ഇത്തരത്തിലൊരു നിരത്ത് കണ്ടപ്പോൾ ശരിക്കും സങ്കടവും അമർഷവുമൊക്കെ തോന്നി.

ഗോൾകോട്ടയിലൂടെ കൊളോണിയൽ ഭാഗത്തേയ്ക്കുള്ള  പ്രവേശനഭാഗം 
അതുപോട്ടെ, ഗോളിലേയ്ക്ക് വരാം. ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതമായ ഒരു സ്ഥലമാണ് ഗോൾ. ഇപ്പോൾ ശ്രീലങ്കയിൽ ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ നടത്തപ്പെടുന്ന ഒരു പ്രധാന സ്ഥലമാണ് ഗോൾ ഇന്റർനാഷണൽ സ്റ്റേഡിയം. 1984 - ൽ ആണ് ഇവിടെ ആദ്യമായി ഒരു ഫസ്റ്റ്ക്ലാസ് മത്സരം സംഘടിപ്പിക്കപ്പെട്ടത് - ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിൽ. പിന്നീട് എല്ലാക്കാലത്തും ഇവിടെ മത്സരങ്ങൾ നടന്നുകൊണ്ടിരുന്നു, 2004 - ൽ സുനാമി സ്റ്റേഡിയത്തെ തൂത്തുവാരിക്കൊണ്ട് പോകുന്നതുവരെ. 2007-ൽ പുനർനിർമ്മാണം കഴിഞ്ഞ് പുതിയ മുഖഭാവത്തോടെ കളിക്കളം വീണ്ടും മത്സരങ്ങൾക്കായി തുറന്നുകൊടുത്തു. ഞങ്ങൾ എത്തുന്നതിന് രണ്ടു ദിവസം മുൻപ് ഇന്ത്യൻ ടീം ഇവിടെ കളിച്ചു പോയതേ ഉണ്ടായിരുന്നുള്ളൂ.

ഗോൾ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം - ഗോൾ കോട്ടയ്ക്ക് മുകളിൽ നിന്ന് കാണുമ്പോൾ 
പുതുച്ചേരിയോ ഫോർട്ട്‌ കൊച്ചിയോ ഒക്കെ പോലെ, ഒരുപക്ഷെ അതിനെക്കാളേറെ, കൊളോണിയൽ പരിസരങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു പ്രദേശമാണ് ഗോൾ. ഭൂമിശാസ്ത്രപരമായി  ഇന്ത്യൻ ഉപഭൂകണ്‍ഡത്തിലെ ഏറ്റവും തെക്കുള്ള, തുറമുഖ ലഭ്യമായ സ്ഥലം എന്ന നിലയ്ക്ക് വിദൂരചരിത്രകാലം മുതൽ സഞ്ചാരികൾ വന്നുപോയികൊണ്ടിരുന്ന ഒരു സ്ഥലമാണ് ഗോൾ. ഇബിൻബത്തൂത്തയുടെ കുറിപ്പുകളിൽ ക്വാളെ എന്ന പേരിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത് ഈ പ്രദേശമാണെന്ന് അനുമാനിക്കുന്നു. അതിനും മുൻപ് സോളമന്റെ കാലം മുതൽ തന്നെ അറേബ്യയിലേക്കും പേർഷ്യയിലേക്കും അവിടുത്തെ കൊട്ടാരങ്ങളും പ്രഭുഗൃഹങ്ങളും അലങ്കരിക്കാനുള്ള ആനക്കൊമ്പുകളും മയിലുകളും പത്തേമാരി കയറിപോയത് ഈ തുറമുഖത്ത് നിന്നുകൂടിയാണെന്ന് കരുതപ്പെടുന്നു.

ഗോൾ തുറമുഖത്തു നിന്നും എതോ വിദൂരദേശങ്ങൾ തേടിപോകുന്ന പുതിയകാലത്തെ കടൽനൗക
ഗോളിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് എ. ഡി. 1505-ൽ ഒരു പറങ്കി കപ്പൽ കടൽക്ഷോഭത്തിൽ പെട്ട് ഇവിടെ നങ്കൂരമിടുന്നതോടെയാണ്. പിന്നീട് ലന്തക്കാരിലൂടെയും ബ്രിട്ടീഷുകാരിലൂടെയും ഈ കൊളോണിയൽ അധിനിവേശം തുടർന്നു. 1640-ൽ ഈ പ്രദേശം പറങ്കികളിൽ നിന്ന് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തു. 1796-ൽ അവരിൽ നിന്നും ബ്രിട്ടീഷുകാരും.

ഗോൾകോട്ട
കടലിലേക്ക് തള്ളിനിൽക്കുന്ന ഗോൾമുനമ്പിനെ മുഴുവനായി ഉൾക്കൊള്ളുന്ന ഗോൾകോട്ടയുടെ നിർമ്മാണമാണ് ഈ പ്രദേശത്തിന്റെ സമഗ്രമായ വ്യത്യാസത്തിന് കാരണമായി തീർന്നത്. പറങ്കികൾ അവരുടെ അധിനിവേശകാലത്ത് വളരെ ചെറിയ ഒരു കോട്ട നിർമ്മിച്ചിരുന്നുവെങ്കിലും ഇന്ന് കാണുന്ന നിലയ്ക്ക്, അക്കാലത്തെ ഗോൾ പ്രദേശത്തെ മുഴുവൻ ഉൾക്കൊള്ളും വിധം അതിവ്യാപ്തിയിൽ കോട്ടയുടെ നിർമ്മാണം ആരംഭിക്കുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഡച്ചുകാരുടെ സമയത്താണ്.

ഗോൾകോട്ട - മറ്റൊരു കാഴ്ച
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രിട്ടീഷുകാർ ഗോൾകോട്ട പിടിച്ചടക്കി. ബ്രിട്ടീഷുകാർ അവരുടെ ഇഷ്ടതുറമുഖമായി കൊളംബോയെ മാറ്റിയെടുത്തപ്പോൾ ഗോളിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെയാവും ഇന്നും ഡച്ച് മുദ്രകൾ പതിഞ്ഞ ഒരു സ്ഥലമായി ഈ പ്രദേശം അവശേഷിക്കുന്നത്.

ഗോൾകോട്ടയുടെ ഭാഗമായുള്ള ക്ലോക്ക്ടവർ 
ചരിത്രപിൻബലമുള്ള കേരളത്തിലെ വലിയ കടൽത്തീര കോട്ടകളായ ബേക്കൽ കോട്ടയും കണ്ണൂർ കോട്ടയും ഒന്നും ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. ജനിച്ചുവളർന്ന സ്ഥലത്തുനിന്നും അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് കോട്ടയ്ക്ക് അകത്തേയ്ക്കും ഇതുവരെ കയറിയിട്ടില്ല. ഒരു കൂട്ടുകാരന്റെ വീട് ഈ കോട്ടയോട് ചേർന്നായിരുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും ഈ കോട്ടമതിലിൽ ചാരിനില്ക്കുകവരെ ചെയ്തിട്ടുണ്ട്. വലിയ താഴിട്ടുപൂട്ടിയ കോട്ടവാതിൽ തുറന്ന് അകത്തേയ്ക്ക് കടക്കാൻ വഴിവല്ലതുമുണ്ടോ എന്ന് പക്ഷെ ഒരിക്കലും അന്വേഷിച്ചിട്ടില്ല. എന്നാലിപ്പോഴിതാ മറ്റേതോ ദേശത്ത് ഒരു കോട്ടമതിലിന് മുകളിൽ നിന്ന് ആഴിയുടെ നീലിമയിലേക്ക് നോക്കി ചരിത്രത്തിന്റെ വിചിത്രപാതകൾ നിനയ്ക്കുന്നു, ജീവിതവഴിയുടെ നിയോഗാവിചാരിതങ്ങൾ പോലെ തന്നെ...

ഗോളിലെ കടൽ
കോട്ടവാതിൽ കടന്ന് അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ പ്രകടമായ വ്യത്യാസങ്ങൾ അറിയാൻ സാധിക്കും. ഓടുപാകിയ ചെറിയ റോഡുകൾ. ചിത്രങ്ങളിലും മറ്റും കണ്ടു പരിചയമുള്ള ചില യൂറോപ്യൻ നിരത്തുകളെ ഓർമ്മിപ്പിക്കുന്നതാണ് പരിസരം. ഇരുഭാഗത്തും കൊളോണിയലും തദ്ദേശിയവുമായ വാസ്തുസമ്മിശ്രതയോടെ ചരിത്രത്തെ നിലനിർത്തുന്ന കെട്ടിടങ്ങൾ.

ഗോളിലെ ഒരു തെരുവ്
വിദേശികളായ വിനോദസഞ്ചാരികളും അത്രയും തന്നെ തദ്ദേശീയരായ സന്ദർശകരും സായാഹ്നം ആസ്വദിച്ച് കോട്ടയ്ക്ക് മുകളിലൂടെ അലസം നടക്കുന്നുണ്ടായിരുന്നു. ഇരുണ്ട നിറത്തിലുള്ള ശ്രീലങ്കക്കാരായ പുരുഷന്മാരും സ്ത്രീകളും പൊതുവെ കാണാൻ ഭംഗിയുള്ളവരല്ല. സ്ത്രീകൾ കൂടുതലായി ധരിച്ചുകണ്ട അരപ്പാവാടയും ബ്ലൌസും അത്ര ആകർഷകമായി അനുഭവപ്പെട്ടതുമില്ല. അവരുടെ സാരിധാരണം ശരീരം മറയ്ക്കാൻ എന്നതിനേക്കാൾ അനാവൃതമായിരിക്കാനാണ് ഉപയുക്തമാകുന്നത് എന്നുമാത്രമല്ല അത് ചലനസ്വാതന്ത്ര്യത്തെ വല്ലാതെ തടസ്സപെടുത്തുന്നു എന്നും കാണാം. ശ്രീലങ്കയിലൂടെ തെക്ക് വടക്ക് ഒരുപാട് ദൂരം ഒരാഴ്ചകൊണ്ട് യാത്രചെയ്തുവെങ്കിലും ജനങ്ങളുടെ രൂപഭാവങ്ങളിലുള്ള വൈവിധ്യരാഹിത്യം കൂടുതൽ അനുഭവപ്പെട്ടത്‌ ഒരുപക്ഷെ സാധാരണക്കാരായ ആൾക്കാരുമായി ഇടപഴകാനുള്ള അവസരം അധികം ലഭിക്കാത്തതിനാൽ കൂടിയാവും.

ഗോൾകോട്ട-മറ്റൊരു ഭാഗത്ത് നിന്നുള്ള കാഴ്ച
ദേശങ്ങളുടെ സാംസ്കാരികവും രാഷ്ട്രീയവും ആയ ഉൾവഴികളിലൂടെ, അവിടങ്ങളിലെ സാധാരണജീവിതങ്ങളുടെയും പ്രകൃതിയുടെയും ആഴപ്രവാഹങ്ങളിലൂടെ ചിന്ത രവിയേയോ രാജൻ കാക്കനാടനേയോ ഒക്കെപോലെ ഭിക്ഷുരൂപനായി അലഞ്ഞുനടക്കുന്ന യാത്രയുടെ മറ്റൊരു വഴിയുണ്ട്. എസ്. കെ. പൊറ്റകാടിനെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ആഷാമേനോൻ ഇങ്ങിനെ എഴുതുന്നു: "യാദൃശ്ചികതയുടെ മൂലകമില്ലെങ്കിൽ, ഒരു സഞ്ചാരവും ഈടുറ്റതാവുന്നില്ല. അപ്രതിക്ഷിതമായ പരിതോവസ്ഥകൾ-അപ്രതീക്ഷിതമായ അരക്ഷിതത്വങ്ങൾ, ചിലപ്പോഴൊക്കെ തിരിച്ചടികളും-അവയാണ് സഞ്ചാരത്തെ നിശ്ചിതമായ കാലത്തിനും ദേശത്തിനും അപ്പുറം കൊണ്ടുപോവുക" ('സരിംഗറ്റിയിലെ സിംഹങ്ങൾ', മാതൃഭൂമി ആഴ്ചപ്പതിപ്പ്, മേയ് 26, 2013). കാല്പനികമായ അതിന്റെ സർഗാത്മകത ഉൾക്കൊള്ളുമ്പോൾ തന്നെ അതൊരിക്കലും എന്റെ വഴിയല്ലെന്നും അറിയുന്നുണ്ട്. അത്തരം അവധൂതഭാവങ്ങളൊന്നും സ്വഭാവത്തിലില്ല. കുടുംബത്തോടെയല്ലാതെ ഒറ്റയ്ക്കുള്ള യാത്രകൾ തീരെയില്ല എന്നുതന്നെ പറയാം. വളരെനാളുകൾക്ക് മുൻപേ യാത്രാപഥം ആസൂത്രണംചെയ്ത്, തരക്കേടില്ലാത്ത സുരക്ഷിതമായ താമസസ്ഥലങ്ങൾ മുൻകൂട്ടി ബുക്ക്ചെയ്ത് നടത്തുന്ന യാത്രകളിൽ അവിചാരിതാത്ഭുതങ്ങളൊന്നും അധികം സംഭവിക്കാറില്ല. ഉറങ്ങിയെണീക്കുമ്പോൾ തോന്നുന്ന ഉൾവിളിയിൽ ഭാണ്ഡവും പാഥേയവുമെടുത്ത് അജ്ഞാതമായ ഏതോ ഭൂമിയിലേക്ക്‌ യാത്ര തുടങ്ങുന്ന ഒരു ദിവസം വിദൂരമായ ഏതെങ്കിലും സ്വപ്നത്തിൽ ബാക്കിയുണ്ടോ ആവോ...!  

ഗോൾകോട്ടയുടെ മറ്റൊരു ഭാഗത്തുള്ള വിളക്കുമാടം
ഗോൾകോട്ടയോട് ചേർന്നും അതിന്റെ പരിസരങ്ങളിലുമായി ചരിത്രപ്രാധാന്യമുള്ളതും വ്യതിരക്തവുമായ ഒരുപാട് നിർമ്മിതികൾ കാണാം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കോട്ടയുടെ ഒരു ഭാഗത്തായി കാണുന്ന വിളക്കുമരം. ഇപ്പോൾ കാണുന്ന വിളക്കുമരം അത്ര പഴയ ഒരു നിർമ്മിതിയല്ല.  പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിക്കപ്പെട്ട ശ്രീലങ്കയിലെ ഏറ്റവും പഴയ വിളക്കുമരം ഇതേ സ്ഥാനത്ത് തന്നെയാണ് നിന്നിരുന്നത്. എന്നാൽ 1934-ൽ ഉണ്ടായ ഒരു അഗ്നിബാധയിൽ അത് നശിച്ചുപോയി. അതിനുശേഷം നിർമ്മിച്ചതാണ് ഇപ്പോൾ കാണുന്ന വിളക്കുമാടം. ബിരുദപഠനകാലത്തെ പല സായാഹ്നങ്ങളും അപഹരിച്ച തങ്കശേരിയിലെ വിളക്കുമാടത്തേയും, അതിനുതാഴെ കടൽത്തീരത്തെ പാറയിൽ ഒപ്പമിരുന്ന കൂട്ടുകാരെയും, തിരമാലകളിൽ ചിതറിയ യൗവ്വനസ്വപ്നങ്ങളുടെ വളപ്പൊട്ടുകളെയും ഇവിടെ നിൽക്കുമ്പോൾ ഓർക്കാതിരിക്കുന്നതെങ്ങനെ...         

വിളക്കുമാടത്തിന് താഴെയായുള്ള ബീച്ച് 
എനിക്ക് അതിതാല്പര്യം തോന്നാറില്ലെങ്കിലും, ശ്രീലങ്കയിലേക്ക് ഒരുപാട് വിദേശസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകം കടൽത്തീരങ്ങളാണ്. ശ്രീലങ്കയിൽ മനോഹരമായ കടൽത്തീരങ്ങൾ ലഭ്യമാണെന്നതിന് തർമുണ്ടാവും എന്ന് തോന്നുന്നില്ല. ഗോളിലും അത്തരം ബീച്ചുകൾക്ക് കുറവൊന്നുമില്ല. ഇവയെ വ്യത്യസ്തമാക്കുന്നത്  കടലിലേക്ക് ഇറങ്ങിനിൽക്കുന്ന പാറകൂട്ടങ്ങളും, എന്നാൽ തീരത്തായുള്ള ശുദ്ധമായ മണൽപരപ്പുമാണ്. പാറകൂട്ടങ്ങൾ വൻതിരകളെ തടുത്തുനിർത്തി തീരത്തെ തടാക സമാനമാക്കുന്നു. ഗോൾകോട്ടയുടെ പരിസരത്തുള്ളതും ഞങ്ങൾ താമസിച്ച ഹോട്ടലിനോട് ചേർള്ള സ്വകാര്യ കടൽത്തീരവും ഒക്കെ വൃത്തിയുള്ള, ജനസാന്ദ്രത കുറഞ്ഞ കന്യാതീരങ്ങളായിരുന്നു.

ഗോളിലെ മറ്റൊരു കടൽത്തീരം
കോട്ടയ്ക്കുള്ളിലെ കൊളോണിയൽ സ്പർശമുള്ള പരിസരത്ത് കാലം ഘനീഭവിച്ച ഒരുപാട് വാസ്തുമുദ്രകൾ കാണാം. ഡച്ച് പള്ളി (Dutch Reformed Church) ഇതിലൊന്നാണ്. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പറങ്കികളായ ഈശോസഭക്കാരാണ് ആദ്യമായി ഈ ഭാഗത്ത് ഒരു ആശ്രമം സ്ഥാപിക്കുന്നത്. ഇപ്പോൾ കാണുന്ന പള്ളിക്കെട്ടിടം, അതേ സ്ഥാനത്ത് ഒരു ശതകം കൂടി കഴിഞ്ഞ് 1755-ൽ ലന്തക്കാരാൽ നിർമ്മാണം പൂർത്തിയാക്കിയതാണ്.

ഡച്ച് പള്ളി
ചരിത്രഗന്ധിയായ മറ്റൊരു ക്രിസ്ത്യൻ പള്ളികൂടി കോട്ടയ്ക്കകത്തുണ്ട്. നിയോ-ഗോതിക് വാസ്തുരീതിയിൽ നിർമ്മിച്ച ആംഗ്ലിക്കൻ പള്ളിയാണത്. അധിനിവേശത്തിന്റെ ആ നിലയ്ക്കുള്ള വിമാനുഷികത മാറ്റിനിർത്തിയാൽ അവർ ചെന്നെത്തിയ ഇടങ്ങളിൽ അനുവർത്തിച്ച സാംസ്കാരിക വ്യവഹാരങ്ങൾ തള്ളികളയാവുന്നതല്ല. ഓൾസെയിന്റ്സ് പള്ളിയുടെ വാസ്തുനിർമ്മാണരീതിയുടെ പ്രത്യേകത നോക്കിനിൽക്കുമ്പോൾ അത് ഓർമ്മവരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നിർമ്മിക്കപ്പെട്ട ഈ പള്ളി അക്കാലത്ത് ഇംഗ്ലണ്ടിലും തുടർന്ന് യൂറോപ്പിലും പ്രചരിച്ചിരുന്ന നിയോ-ഗോതിക് വാസ്തുകല കടൽകടത്തി കൊണ്ടുവന്നാണ് സക്ഷാത്കരിച്ചിരിക്കുന്നത് എന്നത് അവർ കോളനികളിലും സമകാലികതയെ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു എന്ന് തെളിവുതരും. ഇംഗ്ലണ്ടിലെ നാട്ടിൻപുറങ്ങളിൽ ഇന്നും കാണപ്പെടുന്ന പള്ളികളും ഇതുമായി യാതൊരു വ്യത്യാസവും തോന്നില്ല.

ഓൾസെയിന്റ്സ് ആംഗ്ലിക്കൻ പള്ളി
കിഴക്കൻദേശങ്ങളിലേയ്ക്ക് ആദ്യമായി കച്ചവടത്തിനെത്തിയത് അറബികളായ വണിക്കുകളായിരുന്നുവല്ലോ. ഗോളും ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. കൊളോണിയൽ കാലഘട്ടത്തിന് മുൻപും, അധിനിവേശ കാലത്തും ഗോളിൽ അറബികൾ താമസമാക്കിയിരുന്നു. അറബ് സെക്ടർ എന്നൊരു ഭാഗം തന്നെ ഇവിടെയുണ്ട്. ഗോൾകോട്ടയുടെ നിർമ്മാണത്തിനായി ഇന്തോനേഷ്യയിൽ നിന്നും പണിക്കാരുടെ വലിയ കൂട്ടങ്ങളെ കൊണ്ടുവന്നിരുന്നതായി അനുമാനിക്കുന്നു. ഇത്തരത്തിൽ സമ്മിശ്ര പൂർവ്വികത്വമുള്ള ചെറുതല്ലാത്ത സമൂഹം ഇസ്ലാംമതവിശ്വാസികൾ ഗോളിൽ താമസിക്കുന്നു.

മീരാൻ ജുമാമസ്ജിദ് 
മീരാൻ ജുമാമസ്ജിദ് എന്ന് പേരുള്ള ഗോളിലെ പ്രശസ്തമായ മുസ്ലീംപള്ളി പക്ഷെ അതിന്റെ വാസ്തുകലയിൽ അതിശയകരമാംവിധം വ്യത്യസ്ഥത പുലർത്തുന്നു. മീനാരത്തിലെ ചന്ദ്രക്കലാശില്പങ്ങൾ ശ്രദ്ധിക്കാതെ പോയാൽ ഇതൊരു പഴയകാല ക്രിസ്ത്യൻ പള്ളിയായി തെറ്റിദ്ധരിച്ചേക്കും. 1904-ൽ നിർമ്മിക്കപ്പെട്ട ഈ പള്ളി പ്രദേശത്തെ മറ്റ് കെട്ടിടങ്ങളോട് തന്മയഭാവം പുലർത്തുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അത്ഭുതപ്പെടുത്തുക ബ്രിട്ടീഷ് അധിനിവേശകാലത്ത് നിർമ്മിക്കപ്പെട്ട ഈ പള്ളി പക്ഷെ ആംഗ്ലിക്കനായ അഭിരുചികളൊന്നും അതിന്റെ വാസ്‌തുരീതിയിൽ പ്രകടിപ്പിക്കുന്നില്ല എന്നതാണ്. എന്നാലോ അതിന് മുൻപുള്ള ഡച്ച്, പോർച്ചുഗീസ് രീതിയുടെ പ്രകടമായ പ്രതിഭലനം കാണുകയുംചെയ്യാം. പറങ്കിപാരമ്പര്യം ഉൾപ്പേറുന്നു എന്ന് കരുതപ്പെടുന്ന ജന്മഗ്രാമത്തിലെ, എന്റെ കുട്ടിക്കാലത്ത് പൊളിച്ചുകളഞ്ഞ പഴയപള്ളിയോട് ഈ മസ്ജിദ് പ്രകടിപ്പിക്കുന്ന അസാമാന്യമായ സാമ്യം കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തുക. നാട്ടിലെ പഴയപള്ളിയുടെ രൂപം ബാല്യകാല ഓർമ്മയിൽ നിന്ന് പുനർസൃഷ്ടിച്ചതാണ്. ഇന്ന് നാട്ടിലുള്ള കൂറ്റൻപള്ളി സാംസ്കാരികമായും വാസ്തുരൂപപരമായും അനുഭവപരമായും എന്താണ് പ്രകാശിപ്പിക്കുന്നത് എന്നറിയില്ല.

ഗോൾ-മറ്റൊരു ഭാഗം
ചരിത്രത്തിന്റെ നീക്കിയിരിപ്പുകൾ നിരക്കുന്ന ഗലികളിലൂടെ കൌതുകോണർച്ചയോടെ നടന്നുതീർക്കാനാവുന്ന പകലും, ഉപ്പുനനവാർന്ന കടൽക്കാറ്റുകൊണ്ട് കോട്ടയ്ക്ക് മുകളിലൂടെ അലസസഞ്ചാരം ചെയ്യാനാവുന്ന സായാഹ്നാവും ചേർന്ന് ഒരു മുഴുദിവസത്തിന്റെ ആകർഷണം ഗോൾ പ്രദാനംചെയ്യും, സമയത്തിന്റെ അത്രയും ആർഭാടം ഞങ്ങൾക്കുണ്ടായിരുന്നില്ലെങ്കിൽ കൂടി.

- തുടരും -

3 അഭിപ്രായങ്ങൾ:

  1. വളരെ ഇഷ്ടപ്പെടുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013, ഏപ്രിൽ 14 6:50 PM

    നന്നായിരിക്കുന്നു യാത്രാവിവരണം. വീണ്ടും വായിക്കാനെത്തും.

    മറുപടിഇല്ലാതാക്കൂ
  3. അജിത്ത്, ഇടവഴി,
    സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി!

    മറുപടിഇല്ലാതാക്കൂ