2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

ഭാദ്രപാദത്തിൽ, മറാത്തയെ തൊട്ടുതൊട്ട്... - നാല്

ഭാനുപ്രിയ എന്ന ചലച്ചിത്രനടി മലയാളസിനിമകളിൽ നായികാവേഷത്തിൽ അഭിനയിച്ച് പ്രശസ്തയായിരിക്കുന്ന കാലത്ത് ഒരിക്കൽ ദുബായിൽ വച്ച്, ഒരു വാഹനത്തിൽ എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്നത് അവരാണെന്ന് മനസ്സിലായത് മറ്റാരോ പറഞ്ഞപ്പോഴാണ്. ചില ചിത്രങ്ങൾ, വിവരങ്ങൾ നമ്മുടെ ഭാവനയെ വാസ്തവികതയ്ക്ക് ഉപരിയായി പൊലിപ്പിക്കുന്നു...

അതുപോലെ, സ്വപ്നനഷ്ടമെന്നോ മോഹഭംഗമെന്നോ പറയാവുന്ന ഒരവസ്ഥയിലാണ് ഞാനിപ്പോൾ. ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഒരുപാട് കണ്ടിരിക്കുന്ന, അനേകം വിവരണങ്ങളിലൂടെ സങ്കല്പത്തിൽ അതിരുകൾ കവിഞ്ഞ രൂപവിപുലതയോടെ വരയപ്പെട്ട, രാജ്യത്തിന്റെ ഐക്കണിക് ബിംബമായ 'ഗേറ്റ് വേ ഒവ് ഇന്ത്യ' എന്ന അതിപ്രശസ്ത നിർമ്മിതിക്ക് മുന്നിൽ നിൽക്കുമ്പോൾ പക്ഷെ മനസ്സിൽ ഇത്രയുംകാലം വരഞ്ഞിട്ടിരുന്ന ഗാംഭീര്യം അതിന് അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം.

തുള്ളിക്കൊരുകുടം പെരുജനം എന്ന നിലയ്ക്കാണ് ഗേറ്റ് വേ ഒവ് ഇന്ത്യയുടെ പരിസരം. 'ശുഭയാത്ര' എന്ന സിനിമയിൽ ജയറാമും പാർവ്വതിയും കൈപിടിച്ചോടുന്ന ആ ദൃശ്യവും ഇപ്പോൾ ഞാൻ കാണുന്ന ഈ പരിസരവുമായി വലിയ വ്യത്യാസമുണ്ട്. എന്തായാലും ജനക്കൂട്ടത്തിന്റെ ഇടയിലൂടെ മെറ്റൽഡിറ്റക്ടർ പരിശോധനയൊക്കെ ഇടിച്ചുതള്ളി കഴിച്ച്, ആ ക്ഷീണത്തിൽ ഞങ്ങൾ കുറച്ചുസമയം ഒരു അരമതിലിൽ ജനക്കൂട്ടത്തെയും അതിനപ്പുറമുള്ള സ്മാരകത്തേയും നോക്കിയിരുന്നു...

ഗേറ്റ് വേ ഒവ് ഇന്ത്യ
കുതിരപ്പുറത്തിരിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് ചുവട്ടിലാണ് ഞങ്ങളിരിക്കുന്നത്. മുന്നിൽ ഗേറ്റ് വേ ഒവ് ഇന്ത്യ. പിന്നിൽ മുംബൈയിലെ മറ്റൊരു സവിശേഷ വാസ്തുനിർമ്മിതിയായ താജ് ഹോട്ടലിന്റെ താഴികക്കുടാങ്കിതമായ കെട്ടിടം...

ശിവജി പ്രതിമയുടെ അടുത്തിരിക്കുമ്പോൾ അറിയില്ലായിരുന്നുവെങ്കിലും, പിന്നീടാണ് ഇത്തരം പ്രതിമകളെക്കുറിച്ച് കൗതുകകരമായ ഒരു വിവരം വായിക്കുകയുണ്ടായത്. ധീരയോദ്ധാക്കൾ കുതിരപ്പുറത്തിരിക്കുന്ന ശില്പങ്ങൾ രണ്ടു തരത്തിലാണത്രേ നിർമ്മിക്കപ്പെടുക. ഇരുകാലും ഉയർത്തിപ്പിടിച്ച കുതിരയുടെ മുകളിലാണ് ഇരിക്കുന്നതെങ്കിൽ, ആ വ്യക്തി യുദ്ധഭൂമിയിൽ കൊല്ലപ്പെട്ട ആളാവും. കുതിര ഒരു കാൽ മാത്രം പൊക്കിയാണ് നിൽക്കുന്നതെങ്കിൽ അതിനു മുകളിലിരിക്കുന്ന ആൾ യുദ്ധമുഖത്ത് മരിച്ചതല്ല എന്നത്രേ സൂചന. ശിവജി യുദ്ധമുഖത്തല്ല, മറിച്ച് അസുഖബാധിതനായി (ഭാര്യമാരിൽ ഒരാൾ വിഷം നല്കിയതാണെന്നും ഭാഷ്യമുണ്ട്) മരണപ്പെട്ടതിനാലാണ് അദ്ദേഹത്തിന്റെ ശില്പങ്ങളിലെ കുതിര ഒരുകാൽ മാത്രം ഉയർത്തി നിൽക്കുന്നത്. താൻസി റാണിയുടെ ചിത്രീകരണങ്ങൾ ഇരുകാലും ഉയർത്തിനിൽക്കുന്ന കുതിരയോടൊപ്പമത്രേ.

ശിവജി മറാത്താദേശീയതയുടെ വിഭ്രംജിതബിംബമാണ്. സംഘടിതമായ ഹൈന്ദവ മതബോധത്തിന്റെ രൂപകമായും അദ്ദേഹം ഇന്ത്യയുടെ സമകാല രാഷ്ട്രീയവ്യവഹാരങ്ങളിൽ ഉയർന്നുവരുന്നുണ്ട്. അത് ചരിത്രയാഥാർത്ഥ്യത്തോട് അത്രയൊന്നും നീതിപുലർത്തുന്ന സംഗതിയല്ല. മുഗൾസാമ്രാജ്യം പോലുള്ള വലിയൊരു രാഷ്ട്രീയസംവിധാനത്തോട് ചെറുത്തുനിൽക്കാൻ ശ്രമിച്ച, കൊങ്കൺ മേഖലയിലെ പശ്ചിമഘട്ടമലനിരകൾ കേന്ദ്രീകരിച്ച് ഒളിയുദ്ധങ്ങളും മറ്റും നടത്തിവന്നിരുന്ന, ചെറിയൊരു നാടുവാഴി മാത്രമായിരുന്നു ശിവജി. അദ്ദേഹത്തെ ഒരു മഹാചക്രവർത്തി സമാനമായി അവതരിപ്പിക്കുന്നതിന്റെ രാഷ്ട്രീയ, മത, വംശീയ ശ്രമങ്ങൾ പ്രതിലോമമാണ്. 

ഛത്രപതി ശിവജിയുടെ പ്രതിമ - ഗേറ്റ് വേ ഒവ് ഇന്ത്യയുടെ മുന്നിൽ നിന്ന്...
പിറകിൽ താജ് ഹോട്ടലാണ്. 'താജ് മഹൽ പാലസ് ഹോട്ടൽ' എന്ന് മുഴുവൻ പേര്. താജിനെ പ്രതിയുള്ള ഏറ്റവും പഴയ ഓർമ്മ, ചേട്ടന്മാരിൽ ഒരാൾ ബോംബെയിലേയ്ക്ക് നടത്തിയ ഒറ്റയ്ക്കുള്ള യാത്രയാണ്. ഗൾഫ് അർത്ഥികളായി അന്ന് ഞങ്ങളുടെ നാട്ടിൽ നിന്നും കുറച്ചാളുകൾ ബോംബെയിൽ കഴിയുന്നുണ്ടായിരുന്നു. അവരുടെ ഒപ്പം താജ് ഹോട്ടലിന്റെ മുന്നിൽ നിന്ന് ചേട്ടൻ എടുത്ത ഒരു ചിത്രം ബോംബെയുടെ ആകെത്തുകയായി ഒരുപാടുകാലം എന്റെ ഓർമ്മയിലുണ്ടായിരുന്നു. പിന്നീട് ചിത്രങ്ങളായും ചലച്ചിത്രങ്ങളായും ഈ മകുടനിർമ്മിതി അനുഭവത്തിലൂടെ ഏറെ കടന്നുപോയി. യാത്രാമോഹങ്ങളുടെ മുൻഗണനാ പട്ടികയിൽ മുംബൈ അത്രയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, എന്തായാലും ഇപ്പോഴിതാ താജിന് മുന്നിലും വന്നെത്തിയിരിക്കുന്നു.

ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് 1903 - ൽ ഉത്‌ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനം. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജെംഷെഡ്ജി ടാറ്റയെ യൂറോപ്യന്മാർക്ക് മാത്രമായുള്ള മുംബൈയിലെ പ്രശസ്തമായ ഒരു ഹോട്ടലിൽ പ്രവേശിക്കാൻ ഒരിക്കൽ അനുവദിച്ചില്ലത്രേ. അതിനുള്ള മറുപടിയാണത്രേ ഈ ഹോട്ടൽ. ഇത്തരം ഒരുപാട് നിറംപിടിപ്പിച്ച കഥകൾ സ്വാതന്ത്ര്യപൂർവ്വ കാലത്തു തന്നെ ഇന്ത്യൻ സൈക്കിയിൽ ഒരു ആശ്വാസമായി ഉണ്ടായിരുന്നിരിക്കണം. വ്യവസായിയായ ടാറ്റ, സവിശേഷമായ മറ്റൊരു സ്ഥാപനം സാക്ഷാത്കരിച്ചു എന്നതിനപ്പുറം ഈ ഹോട്ടലിന്റെ നിർമ്മാണത്തിൽ വലിയ നാടകീയതകൾ  ഉണ്ടായിരുന്നിരിക്കാൻ വഴിയില്ലെന്ന് നിക്ഷ്പക്ഷരായ  ചരിത്രകാരന്മാർ അനുമാനിക്കുന്നു.

ഗേറ്റ്‌വേ ഒവ് ഇന്ത്യയുടെ അനുബന്ധമായി ചിത്രങ്ങളിൽ തെളിഞ്ഞുവരുന്ന വ്യത്യസ്തമായ ഈ വസ്തുശിൽപം നിർമ്മിക്കപ്പെടുന്ന കാലത്ത് എന്നാൽ ഇവിടെ ഗേറ്റ്‌വേ ഒവ് ഇന്ത്യ ഉണ്ടായിരുന്നില്ല എന്നത് ഇന്നോർക്കുമ്പോൾ കൗതുകകരമായി തോന്നും. 1924 - ൽ മാത്രമാണ് ഗേറ്റ്‌വേ ഒവ് ഇന്ത്യയുടെ നിർമ്മാണം പൂർത്തിയാവുന്നത്.

താജ് ഹോട്ടലിന്റെ സവിശേഷമായ മകുടങ്ങൾ
ഇരിക്കുന്നിടത്തു നിന്നും എണീറ്റ് ജനക്കൂട്ടത്തെവകഞ്ഞ് ഞങ്ങൾ ഗേറ്റ്‌വേ ഒവ് ഇന്ത്യയുടെ അടുത്തേയ്ക്ക് നടന്നു. ഇന്ത്യയുടെ, മുംബൈയുടെ, മറ്റൊരു മുദ്രയായി കണക്കാക്കപ്പെടുന്ന ആ ചരിത്രകമാനത്തെ ഒരുതവണയൊന്ന്, സാവധാനം, വിശാലമായി വലംവച്ചു. പല കോണുകളിൽ നിന്നും ചിത്രം പിടിച്ചു. ഓരോ സ്ഥലത്തും ചെന്നെത്തുമ്പോൾ, അവിടെ നിന്നും മടങ്ങുമ്പോൾ, ചിന്തയിൽ ആദ്യമുണരുക ഇനിയൊരിക്കൽ ഇവിടേയ്ക്ക് വരികയുണ്ടാവുമോ എന്ന ചോദ്യമാണ്. അത് നേരിയ വിഷമം ഉളവാക്കും. മനസ്സിലും ക്യാമറയിലും ഒരുപാട് ചിത്രങ്ങൾ പകർത്തും. ഒരുപക്ഷെ ഇനി ഒരിക്കലും വന്നെത്തപ്പെടാൻ സാധ്യതയില്ലാത്ത ഇടങ്ങളെ, അങ്ങനെ ഓർമ്മയുടെ സജീവതയിൽ നിലനിർത്താൻ ആവുമല്ലോ എന്ന് ആശ്വസിക്കും...

ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ഇന്ത്യയിലേയ്ക്കുള്ള വരവ് പ്രമാണിച്ച്, ഒരു സ്മാരകമെന്നുള്ള നിലയ്ക്കാണ് ഗേറ്റ്‌വേ ഒവ് ഇന്ത്യയുടെ നിർമ്മാണം ആരംഭിക്കുന്നത്. നിർമ്മാണകാരണം ഇതാണെങ്കിലും പ്രസ്തുത രാജാവിന് തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ വേളയിൽ ഈ സ്മാരകം കാണാൻ സാധിച്ചിരുന്നില്ല. തറക്കല്ലിടാൻ പോലും സാധിക്കുകയുണ്ടായില്ല. അദ്ദേഹം എത്തുന്ന സമയത്ത് ഇത് നിർമ്മിക്കാൻ തിരഞ്ഞെടുത്തിരുന്ന സ്ഥലം കടലായിരുന്നു. കടലിൽ കല്ലിടാൻ ഒരുപക്ഷേ രാജാവ് ആഗ്രഹിച്ചിട്ടുമുണ്ടാവില്ല. 1915 - ലാണ് ഈ ഭാഗത്തെ കടൽ ഈ ആവശ്യത്തിനായി നികത്താൻ തുടങ്ങിയത്. ഒൻപത് വർഷങ്ങൾക്ക് ശേഷം 1924 - ൽ ഗേറ്റ്‌വേ ഒവ് ഇന്ത്യയുടെ നിർമ്മാണം കഴിയുകയും ചെയ്തു.

ജോർജ്ജ് അഞ്ചാമൻ രാജാവ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നിട്ട് എന്ത് പ്രയോജനം. ഞങ്ങൾക്ക് പോലും കാണാനായ ഈ സവിശേഷ വാസ്തുനിർമ്മിതി അദ്ദേഹത്തിന് കാണാനായില്ലല്ലോ. എല്ലാ ചക്രവർത്തിമാരും കടന്നുപോകും, അചേതനമായ കല്ലുകൾ പക്ഷെ കാലത്തിന്റെ ശേഷപത്രമാവും. അതിനു മുന്നിൽ, വലുതും ചെറുതുമായ ആളുകൾ, കറുത്തതും വെളുത്തതുമായ ആളുകൾ, അത്ഭുതത്തോടെ വന്നുനിൽക്കും. അതിനെ പ്രതി വൈവിധ്യമാർന്ന ചരിത്രങ്ങൾ എഴുതപ്പെടും... അനശ്വരത ചക്രവർത്തിമാർക്കല്ല, കല്ലുകൾക്കാണ്!

അപ്പോളോബന്തറിൽ നിന്നും സഞ്ചാരികളുമായി ഒരു ബോട്ട് യാത്രതുടങ്ങുന്നു... 
ഈ ഭാഗത്തേയ്ക്ക് വരുമ്പോൾ പ്രധാനമായും കരുതിയിരുന്നത് എലെഫന്റാ ദ്വീപിലേയ്ക്ക് പോകാനാണ്. ഗേറ്റ് വേ ഒവ് ഇന്ത്യയുടെ ഒരുഭാഗത്തുള്ള ഉൾക്കടൽ തീരത്തു നിന്നാണ് എലെഫെന്റാ ദ്വീപിലേക്കുള്ള ബോട്ടുകൾ പുറപ്പെടുന്നത്. അപ്പോളോബന്തർ എന്നും വെല്ലിങ്ടൺ ജെട്ടിയെന്നുമൊക്കെ ഈ ഭാഗം മുൻപ് അറിയപ്പെട്ടിരുന്നു. മറ്റു പല സ്ഥലങ്ങളിലേയ്ക്കും ഇവിടെ നിന്നും ബോട്ടുകൾ പുറപ്പെടുന്നുണ്ടെന്ന് തോന്നുന്നു. ഉൾക്കടലിലൂടെ സഞ്ചാരികളെയും കൊണ്ട് വെറുതേ കറങ്ങിവരുന്നവയുമുണ്ട്. അനേകം ബോട്ടുകൾ തീരത്ത് തിക്കിതിരക്കുന്നത് കാണാം. ടിക്കറ്റ് കൗണ്ടർ ഒന്നുമില്ല. ജനക്കൂട്ടത്തിനിടയിലൂടെ ഒന്നുരണ്ടുപേർ ടിക്കറ്റ് വിറ്റുനടക്കുന്നു. ആകെക്കൂടി വ്യവസ്ഥാരഹിതമായ അന്തരീക്ഷം. പ്രതീക്ഷകളെ അസ്ഥാനത്താക്കുക എന്നതാണല്ലോ സഞ്ചാരങ്ങളെ ഏറ്റവും കൗതുകകരമാക്കുന്ന സംഗതി.

എന്തായാലും ഞങ്ങളും നാല് ടിക്കറ്റെടുത്ത് ആൾക്കൂട്ടത്തിനിടയിലൂടെ എലെഫെന്റാ ദ്വീപിലേയ്ക്കുള്ള ഒരു ബോട്ടിൽ കയറിപ്പറ്റി. അതിന്റെ മുകൾ തട്ടിലേയ്ക്ക് പോകാൻ, പത്തുരൂപയോ മറ്റോ വീണ്ടും കൊടുക്കേണ്ടി വന്നു.

ഗണേശോത്സവത്തിന്റെ ആമോദങ്ങളിൽ നഗരക്കാഴ്ചകൾ കാണാൻ മുംബൈയുടെ പ്രാന്തങ്ങളിൽ നിന്നുമെത്തിയ ഇടത്തരക്കാരായ ചെറുപ്പക്കാരാവണം ബോട്ടിൽ അധികവുമുള്ളത്. ഇക്കഴിഞ്ഞ രാത്രികളിൽ മുംബൈയിലെ ചില മുന്തിയ തീൻശാലകളിൽ എത്തപ്പെട്ടിരുന്നു. അത്തരം ഇടങ്ങളിൽ കണ്ടുമുട്ടിയ മുംബൈയുടെ ബോളിവുഡ് സംസ്കാരത്തിന്റെ തിളക്കത്തിൽ നിന്നും തുലോം വ്യത്യസ്ഥമായ സമൂഹത്തിന്റെ പരിച്ഛേദമാണ് ഈ ബോട്ടിനു മുകളിൽ കാണുന്നത്. അഞ്ചു രൂപ കൊണ്ടും അൻപതിനായിരം രൂപകൊണ്ടും ഒരുനേരത്തെ ഭക്ഷണം കഴിക്കാനാവുന്ന പട്ടണമാണ് മുംബൈ എന്ന് പറയാറുണ്ടല്ലോ. ഇന്നിപ്പോൾ ഇന്ത്യയിലെ ഏതു പട്ടണത്തെക്കുറിച്ചും അങ്ങനെയൊക്കെ പറയാൻ സാധിക്കുമെങ്കിലും മുംബൈയുടെ അസാമാന്യമായ വൈവിദ്ധ്യം അടയാളപ്പെടുത്താൻ ഉതകും ഇത്തരം രൂപകങ്ങൾ.

മുംബൈ ഉൾക്കടലിൽ ബോട്ടിനു മുകളിൽ...
ഉൾക്കടലിന്റെ ആഴങ്ങളിലേയ്ക്ക് യാനപാത്രം സഞ്ചരിക്കവേ പിറകിൽ ഇന്ത്യയുടെ കവാടം അകലാൻ തുടങ്ങി. അതിനും പിറകിൽ ഹോട്ടൽ താജിന്റെ സവിശേഷമായ ചുമപ്പ് മകുടങ്ങളും, കടലലകളുടെ ആന്തോളനങ്ങളിൽ തെന്നിയകലുന്നതു പോലെ...

നീലാകാശത്തിന്റെ പിൻതിരശ്ശീലയിൽ വിന്യാസിതമാവുന്ന, ബോട്ടിന്റെ വേഗത്തിനനുസരിച്ച് ചെറുതായി പരിണമിക്കുന്ന ആ കാഴ്ചയിൽ മഗ്നമായി നിൽക്കുമ്പോഴാണ്, ആ നേരം അനുഭവിച്ചുകൊണ്ടിരുന്ന പ്രാപഞ്ചികമായ ശാന്തതയെ ഹനിക്കുന്ന ഒരു വിചാരശകലം ഉള്ളിനെ നേർത്ത പ്രഷുബ്ധതയിലേയ്ക്ക് ഉന്തിയിട്ടത്...

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ഈ ജലപ്പരപ്പിന്റെ രാത്രിയോളങ്ങളിലൂടെ വഞ്ചിതുഴഞ്ഞ് വന്നാണ് അജ്മൽ കസബും കൂട്ടാളികളും മുംബൈയുടെ നടുത്തളത്തിൽ രക്തരൂക്ഷിതമായ ആക്രമണം അഴിച്ചുവിട്ടത്. ഗേറ്റ് വേ ഒവ് ഇന്ത്യയുടെ പിറകിൽ ചുമന്ന താഴികക്കുടങ്ങളുമായി നിൽക്കുന്ന താജ് ഹോട്ടലിന്റെ വിവിധഭാഗങ്ങളിൽ തീകത്തിപ്പടരുന്ന കാഴ്ച അന്ന് തത്സമയം വിഹ്വലതയോടേ കണ്ടിരുന്നത് മറന്നിട്ടില്ല. 2008 നവംബർ 26 രാത്രിമുതൽ 29 വരെ നീണ്ടുപോയ ആ ഭീകരാക്രമണത്തിൽ 164 പേരാണ് നിർദ്ദയം വധിക്കപ്പെട്ടത്.

ഗേറ്റ് വേ ഒവ് ഇന്ത്യ - ബോട്ടിൽ നിന്ന് കാണുമ്പോൾ. പിറകിൽ താജ് ഹോട്ടൽ
ഇപ്പോൾ ഞങ്ങൾ കടന്നുപോകുന്ന ഈ ഉൾക്കടൽ പ്രദേശത്തിലൂടെയാണ് അജ്മൽ കസബും സംഘവും ആ കാണുന്ന തീരത്ത് എത്തിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ അതിപ്രധാനമായ ഒരു ഉൾക്കടൽ തീരത്ത് ആർക്കും അങ്ങനെ ബോട്ടോടിച്ച് വന്നുകയറാൻ സാധിക്കുന്നതെങ്ങനെയെന്ന് അക്കാലത്ത് ഞാൻ ആശ്ചര്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ നിൽക്കുബോൾ ആ സംശയം മാറിക്കിട്ടി. പുറംകടലിലേക്കുള്ള വാതായനമായ വിശാലമായ അഴിമുഖത്തും ഉൾക്കടലിലുമൊക്കെ പരദശം ബോട്ടുകളും കപ്പലുകളും തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. അതിനിടയിൽ നിന്നും ഒരു ബോട്ടിനെ ആർക്കെങ്കിലും വേർതിരിച്ച് ശ്രദ്ധിക്കാൻ സാധിക്കുക, അതും രാത്രിയിൽ, വളരെ ശ്രമകരമായിരിക്കും എന്നുതന്നെ തോന്നും.

അതുതന്നെയാവും മുംബൈ എന്ന വലിയ നഗരത്തിന്റെ പ്രത്യേകതയെന്ന്, അനേകം ജലനൗകകൾ, അനേകം ലക്ഷ്യങ്ങളുമായി, തോന്നുംപടിയൊക്കെ പാഞ്ഞുപോകുന്ന ഈ ഉൾക്കടലിന്റെ നടുവിൽ നിന്ന്, അകലെ നീണ്ടുപോകുന്ന തീരഭാഗത്തെ വൈവിധ്യമാർന്ന എടുപ്പുകൾ നോക്കിനിൽക്കുമ്പോൾ തോന്നി. മുംബൈ ആരെയും ശ്രദ്ധിക്കുന്നില്ല! ഭീകരവാദിയും അഹിംസാവാദിയും, പണ്ഡിതനും പാമരനും, സമ്പന്നനും ദരിദ്രനും ആരാലും ശ്രദ്ധിക്കപ്പെടാതെ ഇതുവഴി കടന്നുപോകുന്നു. മുംബൈ എല്ലാവർക്കും അവരവർക്കാവശ്യമായ സ്‌പേസ് നൽകുന്നു. അങ്ങനെ 'മഹാനഗരം' എന്ന ഏകകമായി അത് പരിണമിക്കുന്നു.

ഉൾക്കടലിൽ അസംഖ്യം ജലനൗകകൾ...
ഈ ഉൾക്കടലാണ് മുംബൈ എന്ന വലിയ പട്ടണത്തെ ഉണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും അഭികാമ്യമായ, പ്രകൃതിജന്യമായ തുറമുഖമാണിത്. പുറംകടലിൽ നിന്നും നൗകകളെ യാതൊരു ചാഞ്ചാട്ടവുമില്ലാതെ തുഴഞ്ഞുകൊണ്ടുവന്ന് കയറ്റാം ഇവിടെ. പുറംകടലും ഉൾക്കടലും തമ്മിലുള്ള വിഭജനം അറിയുകകൂടിയില്ല. ഉൾക്കടലിലേയ്ക്ക് പ്രവേശിച്ചുകഴിഞ്ഞാൽ, കപ്പലുകൾക്കും ചെറുബോട്ടുകൾക്കും കരയടുപ്പിക്കാൻ പാകത്തിന് അനേകം തീരങ്ങളും മുനമ്പുകളും തുരുത്തുകളും ചാലുകളും. യന്ത്രവേധയാനപാത്രങ്ങൾ ഇല്ലാതിരുന്ന കാലത്ത് ഇവിടം സമുദ്രസഞ്ചാരികളുടെ ഇഷ്ടദേശമായതിൽ ആശ്ചര്യമില്ല. കപ്പലുകളെത്തുന്നിടമാണ് എന്നും മഹാനഗരങ്ങൾക്ക് പ്രഭവമാവുന്ന പ്രദേശം. കപ്പലുകളിൽ ചരക്കുകൾ മാത്രമല്ല വിനിമയം ചെയ്യപ്പെടുന്നത്, സംസ്‌കാരങ്ങൾ കൂടിയാണല്ലോ...

കൊച്ചി തുറമുഖവുമായി മുംബൈയെ താരതമ്യം ചെയ്യാൻ പറ്റില്ല. ഭൂമിശാസ്ത്രപരമായി തുലോം വ്യത്യസ്തമാണ് രണ്ടിടങ്ങളും. കൊച്ചിയിൽ അഴിമുഖത്തിന്റെ ചെറുവിസ്തൃതിയിലൂടെ കപ്പലുകൾ വേമ്പനാട് കായലിലേയ്ക്ക് കടക്കുകയാണ് ചെയ്യുന്നത്. ഇവിടെ കപ്പലുകൾ കരയിലേയ്ക്ക് അടുക്കുന്നത്, കടലിന്റെ തന്നെ ഭാഗമായ, ഭൂമിയിലേയ്ക്ക് അതിവിശാലമായി കയറിക്കിടക്കുന്ന ഉൾക്കടൽ ജലവിതാനത്തിലൂടെയാണ്. ബോട്ടിന്റെ മുകൾനിലയിൽ, പുറംകടലിലേയ്ക്ക് തുറക്കുന്ന ജലവാതായനമെവിടെ എന്നുനോക്കി നിരാശപ്പെട്ടു നിൽക്കുമ്പോൾ എനിക്കാ വ്യത്യാസം നന്നായി മനസ്സിലായി.

രക്ഷാദൗത്യത്തിനുള്ള ബോട്ട്...
ശദാബ്ദങ്ങൾക്ക് മുൻപ് കടലകലങ്ങളിൽ നിന്നും ചരക്കുകൾ കയറ്റിവന്നിരുന്ന, വിദൂരദേശങ്ങളിലേയ്ക്ക് ചരക്കുകൾ കയറ്റിപ്പോകാൻ വന്നിരുന്ന പായ്ക്കപ്പലുകളുടെ ചെറുകൂട്ടങ്ങളെ സ്വീകരിക്കുന്ന തുറമുഖം എന്ന ഏകമാനതയിൽ ഒതുങ്ങുന്നതല്ല ഇന്ന് മുംബൈ ഉൾക്കടലും അതിന്റെ വിശാലമായ തീരങ്ങളും. കാഴ്ചയിൽ സങ്കീർണമായി തോന്നുന്ന ഒരുപാട് കൂറ്റൻ കപ്പലുകളെ ജലോപരിതലത്തിൽ കാണാം. കണ്ടൈനറുകളുടെ സഞ്ചയം അടുക്കിവച്ചുപോകുന്ന സാധാരണ ചരക്കുകപ്പലിനേയും കണ്ടുപരിചയിച്ചിട്ടുള്ള എണ്ണക്കപ്പലിനേയും തിരിച്ചറിയാനാവും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ, സവിശേഷ രൂപമുള്ള മറ്റനേകം ലോഹനൗകകളും ഉൾക്കടലിന്റെ കായൽസമാന ജലപ്പരപ്പിലൂടെ പുറംകടലിന്റെ വിശാലതതേടി തുഴയുന്നത് കാണാനാവുമായിരുന്നു. കാറും കോളും ഒഴിഞ്ഞുപോയ, കടൽക്കൊള്ളക്കാരുടെ നോട്ടമെത്താത്ത സമുദ്രപാതകളിലൂടെ അവയെല്ലാം ലക്ഷ്യ തുറമുഖങ്ങളിലെത്തട്ടേ എന്ന ആശംസ കടൽക്കാറ്റിന്റെ ഉപ്പുനനവിലേയ്ക്ക് പ്രാർത്ഥനാപൂർവ്വം തിരുകിവിട്ടൂ...

ഉൾക്കടലിനെക്കാളും പതിന്മടങ്ങ് സങ്കീർണ്ണമാണ് അതിന്റെ തീരം. കടൽ കയറിയും ഇറങ്ങിയും കിടക്കുന്ന കിലോമീറ്ററുകൾ നീളുന്ന തീരത്ത് മുഴുവനും വ്യവസായശാലകളും അനുബന്ധമായ തുറമുഖങ്ങളുമാണ്. പ്രധാനപ്പെട്ട ചരക്ക് തുറമുഖമായ ജവാഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് അപ്പോളബന്ദറിന്റെ മറുകരയിലാണ് - നവിമുംബയിൽ. അപ്പോളോബന്ദറിൽ നിന്നും ബോട്ടിൽ കയറി ഉൾക്കടലിനു കുറുകേ രണ്ടുമണിക്കൂറിലധികം സഞ്ചരിച്ചാൽ മാത്രമേ ഈ പോർട്ടിൽ എത്താൻ സാധികയുള്ളൂ. ഉൾക്കടൽ തീരത്തിന്റെ വിസ്തൃതി എത്രയുണ്ടെന്ന് അതിൽ നിന്നുതന്നെ മനസ്സിലാക്കാനാവും.

ട്രോംബെയിലെ ഭാഭാ ആറ്റോമിക് റിസേർച്ച് സെന്റർ ഈ തീരത്താണ്. അതുകൂടാതെ ഓ. എൻ. ജി. സിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും എണ്ണശേഖരണ യൂണിറ്റുകളും അതിനാവശ്യമായ തുറമുഖ സജ്ജീകരണങ്ങളും. ബുച്ചർ ഐലൻഡ് എന്നറിയപ്പെടുന്ന, ഉൾക്കടലിലെ  ഒരു ചെറുദ്വീപ്, എണ്ണക്കപ്പലുകൾ അടുക്കാൻ മാത്രമായുള്ള തുറമുഖമായി പരിണമിച്ചിരിക്കുന്നു...

മുംബൈ ഇന്ത്യയുടെ വാണിജ്യതലസ്ഥാനമാണെങ്കിൽ മുംബൈയുടെ വാണിജ്യഹൃദയമാണ് ഈ ഉൾക്കടലും അതിന്റെ തീരവും...!

ഉൾക്കടൽത്തീരം - ട്രോംബേ
ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിന്റെ തുറമുഖത്തു നിന്നും അധികം ദൂരത്തായല്ല എലെഫെന്റാ ദ്വീപിന്റെ സ്ഥാനം. എന്നാൽ ഇവിടേയ്ക്ക് ബോട്ടുകൾ യാത്രതുടങ്ങുന്നത് അപ്പോളോബന്തറിൽ നിന്നാണ്. മുംബൈ ഉൾക്കടലിന്റെ വൈവിധ്യമാർന്ന സ്വഭാവവിശേഷങ്ങളുടെ പാർശ്വകാഴ്ചകളിലൂടെ ഒന്നര മണിക്കൂറിലധികം നീളുന്ന ജലയാത്ര. ഈ യാത്രാസമയം ഒട്ടും വിരസമാവില്ല. ബഹുലമായ ഉൾക്കടൽ ദൃശ്യങ്ങൾ. കടൽധൂളികളുടെ സുതാര്യതിരശ്ശീലയ്ക്കപ്പുറം തെളിയുന്ന തീരത്തെ നാഗരികകാഴ്ചകളുടെ സവിശേഷതകൾ...

ഇത്തരം വ്യതിരിക്തമായ കാഴ്ചകൾ കണ്ടുകൊണ്ട്, പ്രാദേശികമായ വിദൂരചരിത്രത്തിന്റെ മറ്റൊരു ഭൂമികയായ എലെഫെന്റാ ദ്വീപിലേയ്ക്ക് എത്തുന്നതും പ്രതീക്ഷിച്ച്, ബോട്ടിന്റെ മുകൾനിലയിൽ, പടിഞ്ഞാറു നിന്നും വീശുന്ന കാറ്റേറ്റ്, ഞങ്ങൾ നിന്നു...

- തുടരും -