2013, ഡിസംബർ 30, തിങ്കളാഴ്‌ച

മണികണ്ഠാരണ്യം

ഐതീഹ്യങ്ങളും പുരാവൃത്തങ്ങളും ഏതൊരു ജനാവലിയുടെയും ആത്മബോധത്തെ ചലനാത്മകമാക്കുന്ന കൈവഴിത്താരയാണ്. ലോകത്തിൽ ഏറ്റവുമാദ്യം മനുഷ്യസംസ്കാരം ഉരുത്തിരിഞ്ഞുവന്ന പ്രദേശങ്ങളിലൊന്ന്; ഭാഷയെ അക്ഷരങ്ങളും, അക്ഷരങ്ങളെ എഴുത്തുപാധിയും, എഴുത്തിനെ സാഹിത്യവുമാക്കിയ ആദ്യത്തെ നാടുകളിലൊന്ന് എന്ന നിലയിൽ ഇന്ത്യ ഐതീഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും അപൂർവ്വഖനിശേഖരം കൂടിയാണ്. ഇത്തരം മിത്തുകൾ സ്വയംഭൂവല്ല. അവയിൽ പുരാതനജീവിതങ്ങളുടെ വളപ്പൊട്ടുകൾ പുതഞ്ഞുകിടപ്പുണ്ട്...

ഗവിയിലെ മലമടക്കുകൾ
ഗവിയിലെ കാടിലൂടെ യാത്രചെയ്യുമ്പോൾ ഒരു ഐതീഹ്യം ബോധത്തിന്റെ പിന്നാമ്പുറത്ത് നിഴൽകായുന്നുണ്ടായിരുന്നു. പമ്പാനദി നനച്ചൊഴുകുന്ന ഈ കാടിലൂടെ ഏതോ പുരാതനകാലത്ത് അജയ്യനായി വിഹരിച്ച മണികണ്ഠ രാജകുമാരന്റെ കഥ. പമ്പാനാഥനായി, ശാസ്താവായി, അയ്യപ്പനായി, പിൽക്കാലത്ത് ഈ ദേശത്തിന്റെ ദൈവമായി മാറിയ പന്തളം രാജ്യത്തെ രാജകുമാരന്റെ ചരിതം; സമകാലത്തെ വലിയ തീർത്ഥാടന സ്ഥലങ്ങലിലൊന്നായ ശബരിമലയുടെ പ്രഭവപുരാവൃത്തം.

മഴമേഘങ്ങൾ തൊട്ടുപോകുന്ന വനഗാഡശൈലങ്ങൾ
പത്തനംതിട്ട ജില്ലയിലാണ് ഗവി. പത്തനംതിട്ട പട്ടണത്തിൽ നിന്നും ചിറ്റാർ, കക്കി വഴി ഗവിയിലേയ്ക്ക് പോകുന്നതാണ് നിബിഡവനം അനുഭവിക്കാൻ ഏറ്റവും നല്ലത് എന്ന് കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ യാത്ര തയ്യാറാക്കിയ ഗവിയിലെ വനംവകുപ്പിന്റെ എക്കോടൂറിസം ജീവനക്കാർ ആ വഴി പോകുന്നതിനെ, ആദ്യം വിളിച്ചപ്പോൾ മുതൽ തന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ആ വഴിയിലെ മോശംറോഡ്‌ തടസ്സങ്ങൾ ഉണ്ടാക്കുമെന്നും, വഴിക്കുവച്ച് വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് ഉത്തരവാദിത്തമുണ്ടാവില്ലെന്നും പറഞ്ഞതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ച് അവർ പറഞ്ഞ വഴിയിലൂടെ പോകാൻ ഞങ്ങൾ തയ്യാറായി (പിന്നീട് അവരുടെ ജീപ്പിൽ ഈ വഴിയിൽ കുറച്ചുദൂരം സഞ്ചരിക്കുകയുണ്ടായി. അവരെ അനുസരിച്ചത് നന്നായെന്ന് തോന്നി - അതുവഴി വന്നിരുന്നെങ്കിൽ ഞങ്ങളുടെ ചെറിയ കാറുകൾ തുണ്ടുതുണ്ടുകളായി തിരിച്ചു കൊണ്ടുപോകേണ്ടി വന്നേനെ).

വനഗർഭത്തിൽ നിന്നുയരുന്ന കോടമഞ്ഞ്‌ 
അവർ പറഞ്ഞതനുസരിച്ച് വണ്ടിപെരിയാർ ഭാഗത്തുനിന്നും ഗവിയിലെത്താൻ ഞങ്ങൾ തീരുമാനിച്ചു. കോട്ടയം ഭാഗത്തുനിന്നും വരുമ്പോൾ മലയടിവാരത്തിലെ അവസാന പ്രമുഖപട്ടണം മുണ്ടക്കയമാണ്. ഇവിടെനിന്നും വണ്ടിപെരിയാറിലേയ്ക്ക് മലകയറാൻ തുടങ്ങുമ്പോൾ, അധികം അകലെയല്ലാതെ, അത്തരം മലകയറ്റങ്ങളിൽ പലയിടത്തും കാണാറുള്ളതുപോലെ ഈ വഴിയിലും റോഡരികിൽ തന്നെയായി ഒരു വെള്ളച്ചാട്ടമുണ്ട് - വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഈ വഴിക്കുള്ള സഞ്ചാരികളിൽ അധികവും പോകുന്നത് തേക്കടിയിലേയ്ക്കാണ്. അവരൊക്കെ ഒരല്പനേരത്തെ യാത്രാവിടുതലിനായി ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ചിലവഴിക്കാറുണ്ട്.

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
ഈ വഴി പോവുകയെന്നാൽ, കൊല്ലം - തേനി ദേശീയപാതയിലൂടെയാണ് സഞ്ചാരം. (ഈ പാതയുടെ കൊല്ലം - കോട്ടയം ഭാഗം ഏതുവഴിയാണ് പോകേണ്ടത് എന്നതുപോലും ഇതുവരെ സർക്കാർ/ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമായിട്ടില്ല. പിന്നെ വെറുതേയങ്ങ് ദേശീയപാത എന്നൊക്കെ പറയാമെന്നുമാത്രം.) ഇതുവഴി സഹ്യന്  കുറുകേപോകുമ്പോൾ ഏറ്റവും ഉയരത്തിലുള്ള പ്രദേശം കുട്ടിക്കാനമാണ്. കുട്ടിക്കാനം കഴിഞ്ഞാൽ വണ്ടിപെരിയാറും കുമിളിയുമൊക്കെ മറുഭാഗത്തേയ്ക്കുള്ള ചരിവിലാണ് സ്ഥിതിചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് കുട്ടിക്കാനത്തേത്. ഈ പ്രദേശം ഉൾപ്പെട്ടിരുന്ന ചങ്ങനാശേരി രാജ്യത്തെ 1756 - ൽ തിരുവിതാംകൂർ രാജാക്കന്മാർ കീഴടക്കി. താമസംവിനാ അവർ അവരുടെ സുഖവാസകൊട്ടാരം ഇവിടെ നിർമ്മിച്ചതിൽ, ഈ പ്രകൃതിസുഭഗത കൊണ്ടുതന്നെ, അത്ഭുതപ്പെടാൻ കാരണമില്ല.

കുട്ടിക്കാനത്തുനിന്നുള്ള  സഹ്യനിരകളുടെ കാഴ്ച 
വണ്ടിപെരിയാറിൽ വച്ച് ദേശീയപാത ഉപേക്ഷിച്ച് വലത്തേയ്ക്ക് തിരിയണം ഗവിയിലേയ്ക്ക് പോകാൻ. അവിടെനിന്നും വള്ളക്കടവ് ചെക്ക്പോസ്റ്റ്‌ വരെ, ചെറിയതോതിൽ ആണെങ്കിൽപ്പോലും, സാധാരണരീതിയിലുള്ള ജനവാസസ്ഥലങ്ങൾ കാണാം. എക്കോടൂറിസം ഓഫീസിൽ നിന്നും ഞങ്ങളുടെ വണ്ടി നമ്പരും മറ്റും ചെക്ക്പോസ്റ്റിൽ അറിയിച്ചിട്ടുണ്ടായിരുന്നതിനാൽ അധികം സമയമെടുക്കാതെ അവിടം കഴിഞ്ഞുകിട്ടി. മദ്യത്തിനും പ്ലാസ്റ്റിക്കിനുമായി പരിശോധനകൾ ഉണ്ടാവും എന്ന് കേട്ടിരുന്നുവെങ്കിലും, കുടുബസമേതമായതിനാൽ ആണോ എന്നറിയില്ല, ഒരു പരിശോധനയും എവിടെയും ഉണ്ടായില്ല. വനംവകുപ്പ് ഓഫീസിൽ ചെറുപ്പക്കാരും ഊർജ്ജസ്വലരുമായ ഉദ്യോഗസ്ഥരെയാണ് കണ്ടത്. വള്ളക്കടവ് കഴിഞ്ഞാൽ പിന്നെ പെരിയാർ കടുവാസങ്കേതത്തിലേയ്ക്ക് കടക്കുകയാണ്. ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മൊട്ടക്കുന്നുകളുടെ തുറസ്സ് ഒഴിവാക്കിയാൽ ഇവിടുന്ന് ഗവിവരെയും അതിനപ്പുറത്തെയ്ക്കും  നിബിഡവനമാണ്.

കാട്ടുപോത്തുകൾ മേയുന്ന മൊട്ടക്കുന്നുകൾ
ജലമാണ് ജീവന്റെ സ്ത്രോതസ്. അപൂർവ്വവും അസുലഭവുമായ ജൈവവൈവിധ്യം നിലനിൽക്കുന്ന പെരിയാർകാടിന്റെ ജീവബീജം ആ കാടിൽ നിന്നുതന്നെ ഉത്ഭവിക്കുന്ന പെരിയാറും പമ്പയാറുമാണ്. മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മാണത്തോടെ ഉണ്ടായിവന്ന തേക്കടിതടാകവും ഇതിന് പിൻബലമേകുന്നു. 1978 - ലാണ് ഈ പ്രദേശത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നത്. ഇടുക്കി ജില്ലയിലും പത്തനതിട്ട ജില്ലയിലുമായാണ് 1000 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം വരുന്ന കാട് പരന്നുകിടക്കുന്നത്. ഇടുക്കി ജില്ലയിൽ നിന്നും കടുവാസങ്കേതത്തിലേയ്ക്കുള്ള മുഖ്യപ്രവേശനകവാടം തേക്കടിയാണെങ്കിൽ പത്തനതിട്ട ജില്ലയിൽ അത് ഗവി പ്രദേശമാണ്.

വനഹൃദയത്തിലൂടെ ഒരു കാട്ടരുവി
ഗൾഫിൽ ഒരുപാടുകാലമായുള്ള കൂട്ടുകാരും അയൽക്കാരുമായ ഒരു കുടുംബവും ഗവിയാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഗവിയിലെ വനംവകുപ്പിന്റെ താമസസ്ഥലത്ത് മുറിയും മറ്റും നേരത്തേ തന്നെ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. വഴികാട്ടികളായും സഹായികളായും രണ്ട് ഗൈഡുകളും മുഴുവൻ നേരവും ഒപ്പമുണ്ടായിരുന്നു. അവധിക്കു വരുമ്പോൾ നാട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ടാവും. ആ തിരക്കിനിടയ്ക്ക് വീണുകിട്ടുന്ന ആശ്വാസമാണ് കൂട്ടുകാരോടൊപ്പമുള്ള ഇത്തരം ചെറുയാത്രകൾ. ഒരു പകലും രാത്രിയും സഹ്യമലനിരകളിലെ കാടറിഞ്ഞ്, കോടമഞ്ഞിറങ്ങുന്ന രാത്രിയിൽ പുതച്ചുറങ്ങി, മൊബൈൽ വിളികളിൽ നിന്നും ടെലിവിഷന്റെ ഒച്ചകളിൽ നിന്നും അകലെ...

പുൽമേടിനപ്പുറം കോടമഞ്ഞിന്റെ രസകേളി
ഗവിയിൽ റോഡ്‌ കടന്നുപോകുന്ന ഒരു ചെറിയ തടയണയുണ്ട്. അത് സൃഷ്‌ടിച്ച തടാകവും. ഈ തടാകത്തിന്റെ തീരത്തയാണ് എക്കോ ടൂറിസത്തിന്റെ ഓഫീസും അനുബന്ധകെട്ടിടങ്ങളും. വലിയ നിർമ്മിതികളൊന്നും ഇവിടെയില്ല. തടാകതീരത്തായി ഭക്ഷണശാലയും അതിന്  കുറച്ചുമുകളിലായി ഓഫീസും ഏതാനും മുറികൾ മാത്രമുള്ള താമസസ്ഥലവും. തടാകതീരത്തുള്ള, ചുറ്റും പൂന്തോട്ടമുള്ള ഭക്ഷണശാല കൊള്ളാം. തടാകവും അതിനപ്പുറത്ത് ആകാശത്തേയ്ക്ക് ഉയർന്നു പോകുന്ന ഹരിതവന്യതയും നോക്കിയിരുന്ന് ആഹാരം കഴിക്കാം. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് അഭയാർഥികൾ ഉൾപ്പെടെ കുറച്ചു് തോട്ടംതൊഴിലാളികളുടെ കുടുംബങ്ങൾ ഈ പരിസരങ്ങളിൽ താമസിക്കുന്നുണ്ട്. അക്കൂട്ടത്തിലെ ചില വീട്ടമ്മമാരാണ്, തനത് കൂട്ടുകൾ കൊണ്ട് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. ആ ഗുണകരമായ രുചിവ്യത്യാസം പെട്ടെന്ന് മനസ്സിലാവും.

ഗവിയിലെ തടയണ
വനംവകുപ്പിന്റെ ജീപ്പിൽ കുറേദൂരം കാടിലൂടെ സഞ്ചരിച്ചത് കൂടാതെ രണ്ട് പകലുകളിലായി കാട്ടിലേയ്ക്ക് രണ്ട് ചെറിയ കാൽനടസവാരികൾ കൂടി നടത്തി. അതിലൊരെണ്ണം അട്ടകടിയുടെ അസഹ്യത കൊണ്ട് അരസികമായി അവസാനിച്ചു. റോഡിൽ ഉടനീളം ചൂരുള്ള ആനപ്പിണ്ടങ്ങൾ കണ്ടെങ്കിലും ഒരാനെയെപ്പോലും അടുത്തു കാണാൻ കിട്ടിയില്ല. മുൻപ് ഗവിയിൽ പോയിട്ടുള്ള ഒരു കൂട്ടുകാരനും വഴിനീളെ കണ്ട ആനപ്പിണ്ടത്തിന്റെ കാര്യം പറഞ്ഞിരുന്നു - വിനോദസഞ്ചാരികളെ പറ്റിക്കാൻ വനംവകുപ്പുകാർ വണ്ടിയിൽ കൊണ്ടുവന്നിടുന്നതായിരിക്കുമോ എന്നൊരു ഫലിതസംശയവും അവൻ പ്രകടിപ്പിക്കാതിരുന്നില്ല. കാടിനുള്ളിലേയ്ക്ക് കയറി ഒരു മൊട്ടകുന്നിലെത്തിയപ്പോൾ വളരെ അകലെയായി മറ്റൊരു മലഞ്ചരിവിൽ ആനക്കൂട്ടം മേയുന്നത് അവ്യക്തമായി കണ്ടു.

ട്രെക്കിംഗ്
കൂട്ടത്തിൽ വന്ന സഹായികളിൽ വിജയകുമാർ ചെറുപ്പക്കാരനും കുറച്ചുകൂടി പരിചയസമ്പന്നനുമാണെന്ന് തോന്നി. കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയ ജിവികളുമായുള്ള തന്റെ അടുത്ത സമ്പർക്കങ്ങളെക്കുറിച്ചും അവയുടെ സ്വഭാവരീതികളെക്കുറിച്ചുമൊക്കെ വിജയകുമാറിന്റെ വക പ്രഭാഷണങ്ങൾ ഇടവിട്ടുണ്ടായിരുന്നു. എല്ലാ ദിവസവും കാടിലൂടെ സഞ്ചരിക്കുന്ന, അവിടെ തന്നെ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക് അപ്പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ല. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ആനകളുടെ സെൻസസ് എടുക്കുന്ന പരിപാടിയിലും മറ്റും ഉൾപ്പെട്ടിരുന്ന ആളുകൂടിയായതുകൊണ്ട് ആ വഴിക്കുള്ള അറിവുകളും വിവരങ്ങളും മറ്റും അയാൾക്കുണ്ടായിരുന്നു.

വിജയകുമാർ
ഒരു വിനോദസഞ്ചാരിക്കുള്ളതല്ല യഥാർത്ഥ വനയാത്ര എന്നറിയാം. ലോകത്തിൽ എല്ലായിടത്തും എന്നതുപോലെ കേരളത്തിലും, പല കാടുകളിലും, ജീപ്പിൽ കൊണ്ടുപോയി കാടിനേയും കാട്ടുജീവികളെയും കാണിക്കുന്ന ഏർപ്പാടുണ്ട്‌. ഞാൻ ഉൾപ്പെടെയുള്ള ചെറുകിട വനസ്നേഹികൾ ചെയ്യാറുള്ള ഇത്തരം യാത്രകളെ തികച്ചും പ്രതിലോമമായ ഒന്നായി കാണേണ്ടതുണ്ടാവുമോ? അത്തരം യാത്രകളെയും അതിനു തയ്യാറാവുന്ന മാനസികാവസ്ഥയേയും പറ്റുന്ന അവസരങ്ങളിലെല്ലാം അധിക്ഷേപിക്കുന്ന എൻ. എ. നസീറിനെപ്പോലുള്ള കടുത്ത വനസ്നേഹികളുടെ മൗലികപ്രവണതയുള്ള ആശയത്തെയോ ആവേശത്തെയോ എതിർക്കാൻ ഞാൻ മുതിരുന്നില്ല. കാടിന്റെ എന്നതുപോലെ തന്നെ മനുഷ്യജീവിതത്തിന്റെ വൈവിധ്യങ്ങളെയും സഹനീയമാക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു. സൂക്ഷ്മമായ മനസ്സിലാക്കലുകളുടെ അഭാവമറിയുമ്പോൾ തന്നെ, വിശാലതയിൽ കാടിന്റെ മഹാമൗനങ്ങളിൽ മഗ്നമാകാൻ ഈ യാത്രകൾ ഉതകാറുണ്ട്.

കാട്                         
മലഞ്ചരിവിലെ പുൽമേടിലൂടെയായിരുന്നു ട്രെക്കിംഗ് അധികവും. ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ഇടതൂർന്ന കാടുകൾ. മൃഗങ്ങളെ കാണാൻ സാധ്യതയുള്ള ചില പ്രത്യേക സ്ഥലങ്ങളിലേയ്ക്കാണ് വഴികാട്ടികൾ ഞങ്ങളെ നയിച്ചുകൊണ്ട് പോകുന്നത്. അത്തരം ലക്ഷ്യസ്ഥാനങ്ങൾ ഇത്തരം നടത്തങ്ങളിൽ അമിതസാംഗത്യമുള്ളവയല്ല. കാടിന്റെ നവ്യനിശ്വാസത്തിലൂടെയുള്ള സഞ്ചാരം തന്നെയാണ് പ്രധാനം. വന്യമായ കന്യാസൗന്ദര്യം പുളഞ്ഞുകിടക്കുന്ന നിബിഡമായ ഹരിതനിഗൂഡത, ഒരു മലമുകളിൽ നിന്നും മറ്റൊന്നിലേയ്ക്ക് ആകാശത്തിന്റെ മേഘകാളിമയിലൂടെ മിന്നൽപിണർ പോലെ പാഞ്ഞുപോകുന്ന വിചിത്രവർണ്ണത്തിലുള്ള കിളി, സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ അടിക്കാടിൽ നിന്നുയരുന്ന ചെറുപ്രാണികളുടെ കോലാഹലമർമ്മരം, ഇടയ്ക്ക് പരിസരം മുഴക്കികൊണ്ട് ഏതോ കാടൻകിളിയുടെ നിലവിളി...

ഒന്നിലധികം ജലവൈദ്യുത പദ്ധതികൾ സമീപങ്ങളിൽ ഉള്ളതുകൊണ്ടായിരിക്കാം
കാടിന് മുകളിലൂടെ തലങ്ങും വിലങ്ങും വൈദ്യുതകമ്പികൾ
അധികം അകലെയല്ലാതെ കുറച്ചു് കാട്ടുപോത്തുകൾ മേയുന്നുണ്ടായിരുന്നു. നമ്മുടെ കാടുകളിലൂടെ സഞ്ചരിക്കുമ്പോൾ മിക്കവാറും കാണാൻ സാധ്യതയുള്ള വലിയ മൃഗങ്ങളിലൊന്നാണ് കാട്ടുപോത്ത്. കൂട്ടത്തിൽ ഏറ്റവും അപകടകാരികൾ അവയാണെന്നാണ് പറയപ്പെടുന്നത്. കേരളം, തമിഴ്നാടുമായും കർണ്ണാടകവുമായും അതിർത്തി പങ്കിടുന്ന വലിയ കാടുകളായ മുതുമല, മുത്തങ്ങ, ബന്ദിപൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ റോഡിന്റെ വശങ്ങളിലായി ആനയെയും മാനിനെയും കാട്ടുപോത്തിനെയും മുടങ്ങാതെ കാണാൻ പറ്റാറുണ്ട്. ഗവിയിലെ ഈ കാട്ടുപോത്തുകളും മനുഷ്യപരിചയമില്ലാത്തവ അല്ല തന്നെ. ഒന്ന് മുഖമുയർത്തി നോക്കിയതിനുശേഷം ഞങ്ങളെ തീരെ ഗൗനിക്കാതെ അവ അലസം പുൽത്തീറ്റ തുടർന്നു.

കാട്ടുപോത്തുകൾ
ഒരു കുന്നിൻ മുകളിൽ നിന്നാൽ അങ്ങകലെ മറ്റൊരു കുന്നിന്റെ ചരുവിൽ ശബരിമലയും പൊന്നമ്പലമേടുമൊക്കെ കാണാനാവുമത്രെ. കാഴ്ചയുടെ ക്ഷീണംകൊണ്ടാണോ കോടയുടെ നേർത്ത ആവരണം ശുഭ്രതിരശ്ശീല പോലെ ഒഴുകി കളിച്ചുകൊണ്ടിരുന്നതിനാലാണോ എന്നറിയില്ല കാടും മലയും മഞ്ഞുമല്ലാതെ മറ്റൊന്നും വ്യക്തമായി കാണാൻ എനിക്കായില്ല.

കോടയുടെ കുളിരിൽ ചില മരങ്ങൾ
ട്രെക്കിങ്ങും അട്ടകടിയുമൊക്കെ കഴിഞ്ഞ് ഞങ്ങൾ തടാകകരയിലെത്തി. നേരത്തെ സൂചിപ്പിച്ച തടയണ കൂടാതെ ഈ തടാകത്തിന്റെ സൃഷ്ടിക്ക് കാരണമാവുന്ന മറ്റൊരു ചെറിയ ഡാം കൂടി ഗവിയുടെ ഉൾവനത്തിലുണ്ട്. അവിടെയ്ക്ക് സാധാരണക്കാർക്ക് പ്രവേശനമില്ല. വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേയ്ക്ക് വരുന്നവഴിയിൽ ഒരു പ്രത്യേക സ്ഥലത്തുനിന്നും തേക്കടിതടാകത്തിന്റെ ഒരു കരയിലേയ്ക്ക് ഒരു കിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂവെങ്കിലും ഗവിയിലെ ചെറിയ തടാകവും തേക്കടിയിലെ ബ്രഹ്മാണ്ടമായ റിസർവോയറും തമ്മിൽ ബന്ധമൊന്നുമില്ല.

ഗവിയിലെ തടാകം
തടാകത്തിലൂടെ ഒരു ബോട്ട് സവാരിക്ക് ഞങ്ങൾ തയ്യാറെടുത്തു. ഇവിടെ ഉള്ളതെല്ലാം തുഴവഞ്ചികളാണ്. ഗൈഡുകൾ തന്നെ ഞങ്ങളുടെ തുഴകാരുമായി. രണ്ട് ബോട്ടുകളിലായി ഞങ്ങൾ ജലസഞ്ചാരം ആരംഭിച്ചു. ഇടയ്ക്ക് വന്നുപോകുന്ന ചാറ്റൽ മഴ. കാടിന്റെ വർണോന്മാദം ഏറ്റെടുത്തു മയങ്ങുന്ന ഹരിതജലാശയം. കരയിൽ നിന്നും അകലുമ്പോൾ ഇരുവശത്ത്‌ നിന്നും വനവന്യത പതുക്കെ ആവരണം ചെയ്യുന്നതുപോലെ... വയനാട് പൂക്കോട് തടാകത്തിലൂടെ നടത്തിയ തുഴവള്ളയാത്ര ഓർത്തു അന്നേരം. പൂക്കോട് കുറച്ചുകൂടി ലളിതമായ തടാകവും ഇത്ര വന്യസാന്ദ്രമല്ലാത്ത പരിസരവുമാണ്.            

തടാകക്കരയിൽ ഏകാന്തമഗ്നനായിരിക്കുന്ന നീർക്കാക്ക
തടാകത്തിന്റെ ഉള്ളിലേയ്ക്ക്, വനാതിർത്തിയിലേയ്ക്ക് തുഴഞ്ഞുചെല്ലുമ്പോൾ ഒരു ഹൂങ്കാരശബ്ദം കേട്ടുതുടങ്ങി. മുഖ്യതടാകം വിട്ട് വഞ്ചി ഒരു ചെറിയ നദിപോലുള്ള ജലപാതയിലേയ്ക്ക് പ്രവേശിച്ചു. പെട്ടെന്ന്, അകലെയല്ലാതെ, വനപച്ചയുടെ നടുവിലായി ജലപതനശബ്ദത്തിന്റെ ഉറവിടമായ വെള്ളച്ചാട്ടം തെളിഞ്ഞുവന്നു. കാടിന്റെ നെറുകയിൽ നിന്നും ശരണാർത്ഥികൾക്ക് മുകളിലേയ്ക്ക് നിർമ്മലദായിനിയായി നിപതിക്കുന്ന സ്ഫടിക ജലഹർഷം. ചെറുതെങ്കിലും വനമദ്ധ്യത്തിലെ കന്യാശുദ്ധമായ ജലപാതം. ജലപാതത്തിനരുകിൽ ഞങ്ങൾ മാത്രം. വനസാന്ദ്രതയുടെ നിഗൂഡവിജനതയിൽ, അതിശുദ്ധമായ ഒരു വെള്ളച്ചാട്ടത്തിനു കീഴിൽ ഈയടുത്തൊന്നും ഇങ്ങിനെ നിന്നിട്ടില്ല. ഇതിനേക്കാൾ വലിയ വെള്ളച്ചാട്ടങ്ങൾ കണ്ടിരിക്കുന്നു, പക്ഷെ അവിടങ്ങളെല്ലാം ജനനിബിഡമായിരുന്നു. പ്രകൃതിവിലാസത്തിന്റെ മറ്റൊരു കാഴ്ച എന്നതിനപ്പുറം ഒരനുഭവമാകാൻ പരിസരത്തിന്റെ തിരക്കുകൾ അനുവദിച്ചിരുന്നില്ല.

ഗവിയിലെ വെള്ളച്ചാട്ടം
വളരെ വർഷങ്ങൾക്ക് മുൻപ് ബിരുദപഠനകാലത്ത് ഒരുകൂട്ടം കൂട്ടുകാരുമായി പാലരുവിയിലേയ്ക്ക് പോയി. അന്ന് പാലരുവി ഇന്നത്തെ പോലെ പ്രശസ്തമായിട്ടില്ല. ആര്യങ്കാവിൽ നിന്നും കാടിനുള്ളിലൂടെ ഒരു ചെറിയ നടപ്പാത മാത്രമേ പാലരുവിയിലേയ്ക്ക് ഉണ്ടായിരുന്നുള്ളൂ. കാട്ടുപാതയിലൂടെയുള്ള നടത്തയും അതിനുശേഷം കൂട്ടുകാരുമായി ഒരു പകൽ മുഴുവൻ തിമിർത്ത ആ ജലസ്നാനവും ഇന്നും അതികാല്പനികമായ ഒരോർമ്മയാണ്. അതേ പരിസരവും അതെ നിർമ്മലതയുമാണിവിടെയും. പക്ഷെ അന്നത്തെ കൗമാരത്തിന്റെ ആർദ്രവിചാരങ്ങൾ ഇന്നത്തെ മധ്യവയസ്സിന്റെ വിവശഗൃഹാതുരത മാത്രം...

യാത്രാസംഘത്തിലെ ഇളമുറക്കാർ ജലപാതത്തിന് കീഴിൽ
കാട്ടിലെ ഔഷധസസ്യങ്ങളുടെ സത്തയും ഉറവയുടെ ശുദ്ധതയുമായി പതഞ്ഞുവരുന്ന ഈ നീർപ്രവാഹം മനസ്സിനും ശരീരത്തിനും പാപമുക്തിയും ഉണർവ്വും നൽകും. സ്വപ്നസമാനമായ, അഭൗമമായ പരിസരം. കാടിന്റെ ഹരിതചാർത്തുകളും ജലപതനത്തിന്റെ ഹൂങ്കാരശബ്ദവും ഞങ്ങളും മാത്രം. പെട്ടെന്ന് ലോകത്തിന്റെ തികച്ചും അപരിചിതമായ ഏതോ മൂലയിൽ എത്തപ്പെട്ട പോലെ...

മടക്കം, അങ്ങേ മലഞ്ചെരുവിൽ മേയുന്ന ആനകളെയും കണ്ട്...
രണ്ടാം ദിവസത്തെ ഉച്ചഭക്ഷണ സമയംവരെ നിൽക്കാതെ ഞങ്ങൾ ഗവിയിൽ നിന്നും മടക്കയാത്ര ആരംഭിച്ചു, ആറുമണിക്ക് മുൻപ് തിരുവനന്തപുരത്ത് എത്തേണ്ട ആവശ്യമുണ്ടായിരുന്നു. കൂട്ടുകാരനും കുടുംബവും എതിർദിശയിലേയ്ക്ക്, കൊടൈകനാലിലേയ്ക്ക്, യാത്ര തുടർന്നു. നഗരത്തിന്റെ തിരക്കിൽ രാത്രിവൈകി ഒരു വിരുന്നുസൽക്കാരത്തിൽ പങ്കുകൊള്ളുമ്പോൾ, ആൾക്കൂട്ടത്തിനു നടുവിലും, ഞങ്ങൾ നാലുപേരും ഏറെക്കൂറെ നിശ്ശബ്ദരായിരുന്നു. വനമരശിഖങ്ങളിൽ നിന്നും മഞ്ഞും മഴയും പൊഴിച്ചുകൊണ്ട്, അപ്പോഴും ഞങ്ങളുടെയുള്ളിൽ ഒരു കാടുണ്ടായിരുന്നു...!

- അവസാനിച്ചു -

6 അഭിപ്രായങ്ങൾ: