2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

അശോകവനം - ഒന്ന്‍

ജീവിതത്തിലാദ്യമായി കേട്ട വിഷാദകാവ്യമേതാണെന്നു ചോദിച്ചാൽ, ബഹുഭൂരിപക്ഷം ഭാരതിയരും അത് ക്രൗഞ്ചപക്ഷികളിലൂടെ ചെന്നെത്തുന്ന സീതയുടെ കഥ എന്നായിരിക്കും ഉത്തരം തരുക. പരിത്യക്തയും എകാന്തയുമായ സീതയുടെ ദുരന്തങ്ങളിലൂടെ നമ്മുടെ ഓരോ ബാല്യവും വ്യഥയോടെ കടന്നുപോയിട്ടുണ്ട്. സ്കൂളിൽ ടീച്ചറുടെ ചിലമ്പിയ ശബ്ദത്തിലോ, മൂവന്തി കടന്നുപോകുന്ന നേരത്ത് മുത്തശ്ശി പറഞ്ഞുതന്നതായിട്ടോ, കർക്കിടമാസത്തിലെ രാമായണം വായനയിലോ ഒക്കെയായി  ആ സന്ദർഭം മുഖ്യധാരാസാഹിത്യത്തിന്റെ പൊതുവഴിയിൽ തന്നെ അനേക തവണ നമ്മൾ കണ്ടുമുട്ടിയിട്ടുണ്ട്.

ഹക്ഗാലാ ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്കുള്ള പ്രവേശനഭാഗം
ഭാരതസ്ത്രീയുടെ ഭാവശുദ്ധിയെ കുറിച്ചുള്ള പരികല്പന നമ്മുടെ സംസ്കൃതിയുടെ ഏറ്റവും നവീനമായ ധാരകളിലും അബോധമായെങ്കിലും ചാലകശക്തിയാവുന്നുണ്ട്. സദാചാരത്തെ പ്രതിയുള്ള അത്തരം കൃത്യതാബോധം ഉണ്ടാക്കിയത് കോളനിവത്കരണം കൊണ്ടുവന്ന ഒരുതരം പ്യൂരിറ്റൻ മനോഭാവത്തിന്റെ ഏറ്റെടുക്കലിലൂടെയാണെന്നും അതിനുമുൻപുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾ ഏറെക്കൂറെ വൈവിദ്ധ്യമുള്ളതായിരുന്നു എന്നുള്ള മറുവാദങ്ങളും ഇന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. ഇത്തരം എല്ലാ വാദങ്ങളുടെയും, ബോധത്തിന്റെ പോലും മൂലകമായി വർത്തിക്കുന്നത് സീതയുടെ ജീവിതമാണ്. സീത എന്നൊരു അളവുകോൽ ഉണ്ടായിരുന്നില്ലെങ്കിൽ ഈ സംവാദങ്ങളിൽ നമ്മൾ നിരായുധരായി നിന്നേനെ.

സീതയുടെ ജീവിതം നടകിയ മുഹൂർത്തങ്ങളുടെ പരമ്പരയാണ്. ജീവിതാനുഭവങ്ങളുടെ വൈവിധ്യവും പൂർണ്ണതയും. സീത കടന്നുപോകാത്ത പ്രശ്നപ്രഹേളികകളില്ല, വിചിത്രാനുഭവങ്ങളില്ലാത്ത ദിനസരികളില്ല. സീതയുടെ ജീവിതഗതി നിർണ്ണയിക്കുന്നതിൽ, രാമായണ കഥയുടെയും, ആ നിലയ്ക്ക് ഇന്ത്യൻ മനോഘടനയുടെയും കൂടി ജാതകമെഴുതുന്നതിൽ, വലിയ പങ്കുവഹിച്ച കാരണങ്ങളിലൊന്ന് രാവണന്റെ സീതാപഹരണവും സീതയുടെ അശോകവനത്തിലെ വിഷാദപർവ്വവും ആണ്.

ഹക്ഗാല ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
രാക്ഷസ രാജാവായിരുന്ന രാവണന്റെ ലങ്കാപുരിയിലെ മനോഹര ഉദ്യാനമാണല്ലോ അശോകവനം. എവിടെയാണീ ലങ്കാപുരിയും അശോകവനവുമൊക്കെ? നമ്മുടെ പോപ്പുലർ സംസ്കൃതിയിൽ അത് തീർച്ചയായും ശ്രീലങ്കയിലാണ്. എന്നാൽ ഇത് തീർത്തും തർക്കരഹിതമായ ചരിത്ര നിഗമനമല്ല്. എന്നുമാത്രമല്ല ലങ്കാപുരി ശ്രീലങ്കയാണെന്ന് നിജപ്പെടുത്താൻ ചരിത്രകാരന്മാരും ഭൂമിശാസ്ത്രവിദഗ്ദ്ധരും അധികം താല്പര്യപ്പെടുന്നില്ല എന്നതാണ് വാസ്തവം.

രാമായണത്തിൽ ലങ്കയുടെ സ്ഥാനത്തെക്കുറിച്ച് നേരിട്ടൊരു പരാമർശമുള്ളത് കരയിൽ നിന്നും നൂറു യോജനയോളം തെക്കുപടിഞ്ഞാറ് മാറി കിടക്കുന്ന ദ്വീപ് എന്നാണ്. നൂറ് യോജനയെന്നാൽ ഏകദേശം ആയിരത്തി മുന്നൂറ് കിലോമീറ്റർ വരും. ഇപ്പോഴത്തെ ഇന്ത്യയുടേയും ശ്രീലങ്കയുടെയും സ്ഥാനങ്ങൾ മുൻനിർത്തി നോക്കുമ്പോൾ ഭൂമിശാസ്ത്രപരമായി ഇത് തികച്ചും അസ്ഥാനത്തായി പോകും. ഈ ദൂരം കണക്കുകൂട്ടിയാൽ മാലദ്വീപ് സമൂഹത്തിനും അപ്പുറത്തായി സ്ഥിതിചെയ്യുന്ന സലമൊൻ, ഡീഗോഗാർഷ്യ തുടങ്ങിയ ബ്രിട്ടീഷ് ദ്വീപുകളോ മറ്റോ ആയി നിർണ്ണയിക്കേണ്ടി വരും ഈ സ്ഥലം. എന്നാൽ സേതുബന്ധന കഥയുമായി ചേർത്തു വായിക്കുമ്പോൾ ഈ ദൂരം ഒരുതരത്തിലും കൂട്ടിയോജിപ്പിക്കാൻ പറ്റാത്തതായും മാറും.

ഹക്ഗാലാ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ - മറ്റൊരുഭാഗം 
എന്നാൽ ഇതിന് വിപരീതമായ ഒരു വാദവും ചില ചരിത്രകാരന്മാർ ഉന്നയിക്കുന്നുണ്ട്‌. 'ദൂരെയുള്ള ഒരു സ്ഥലം' എന്ന് സൂചിപ്പിക്കാൻ വേണ്ടി അല്പം അതിശയോക്തിപരമായി നൂറു യോജന എന്ന് പൊതുവെ പറഞ്ഞുപോയതാവാം എന്നും, അതിനെ കൃത്യമായ ഒരു കണക്കായി എടുക്കേണ്ടതില്ല എന്നുമാണ് ആ വാദം. എന്നാൽ കോസലത്തിൽ നിന്നോ അതിന്റെ പരിസരങ്ങളിൽ നിന്നോ എത്തപ്പെടാൻ സാധിക്കുന്നതിനും വളരെ ദൂരെയാണ് ഇന്നത്തെ ശ്രീലങ്കയെന്നും, അക്കാലത്ത് നർമ്മദയുടെ നടുവിലുണ്ടായിരുന്ന ഏതോ ചെറിയ ദ്വീപ് / നാട്ടുരാജ്യമായിരുന്നിരിക്കണം ലങ്കാപുരിയെന്നുമാണ് മറ്റൊരു മതം.

പുഷ്പസമ്പുഷ്ടമാണ് ഉദ്യാത്തിന്റെ പല ഭാഗങ്ങളും
പക്ഷേ ഇതൊന്നും സാധാരണ യുക്തിക്ക് നിരക്കുന്നതല്ല. കോസലത്തിലും പരിസരങ്ങളിലും മാത്രമായല്ല രാമനും സീതയും ജീവിച്ചിരുന്നത് എന്നാണ് ഒരു സാംസ്കാരിക അവബോധമായി പൌരാണിക കൃതികളിലൂടെയും മറ്റും നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. വനവാസ കാലത്ത് രാമ ലക്ഷ്മണ ൻ മാരും സീതയും ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ചു എന്നു വേണം കരുതാൻ. അതിനുള്ള തെളിവായി കിഷ്കിന്ദ ചൂണ്ടി കാട്ടുകയുമാവാം. വാനരവംശ രാജാവായ ബാലിയുടെ കിഷ്കിന്ദ യില്ലെങ്കിൽ രാമ-രാവണ യുദ്ധ കഥ യില്ലല്ലോ.

ഇന്നത്തെ വടക്കന്‍ കര്‍ണ്ണാടകയിലെ ഹംപി എന്ന പട്ടണമാണ് ത്രേതായുഗകാലത്തെ കിഷ്കിന്ദ എന്നാണു അനുമാനിക്കപ്പെടുന്നത്. ഹനുമാനും ബാലിപുത്രനായ അംഗദനും സീതയെ തിരക്കി ഇവിടെനിന്നും തെക്കോട്ടാണ് യാത്രപോകുന്നത് (സാറാ ജോസഫിന്റെ 'ഊര് കാവല്‍ ' എന്ന നോവല്‍ പെട്ടെന്ന് ഓര്‍മ്മവരും. ഹനുമാന്റെയും അംഗദന്റെയും ഈ യാത്രയാണല്ലോ ആ നോവലിന്റെ ഇതിവൃത്തം). പ്രാദേശികമായ വായ്‌ / വരമൊഴികളിലൂടെ നൂറ്റാണ്ടുകള്‍ തുടര്‍ന്നുവരുന്ന പൈതൃകകഥകള്‍ , അവയുടെ യുക്തി / അത്യുക്തികളെ കുറിച്ച് വലിയ തര്‍ക്കങ്ങള്‍ക്കൊന്നും പോകാതെ വിശ്വസിക്കുക എന്നതാവും അഭികാമ്യം. ധനുഷ്കോടിയില്‍ നിന്നും തലൈമന്നാറിലേക്ക് നീണ്ടുപോകുന്ന പാറക്കൂട്ടങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ , സേതുബന്ധനകഥ ഓര്‍ത്തെടുക്കുന്നതിന്റെ മനോഹരമായ ആസ്വാദ്യത, അത് ശരിക്കും വാനരപ്പട നിര്‍മ്മിച്ച പാലം തന്നെയാണോ എന്ന് ഇഴകീറി പരിശോധിക്കുന്ന യുക്തിബോധത്തിനുണ്ടാവില്ല. യുക്തി സത്യത്തിന് പകരംവയ്ക്കാനാവുന്ന വാക്കോ അവസ്ഥയോ അല്ല. ചിലപ്പോഴെങ്കിലും യുക്ത്യാതീതമാണ് സത്യം. യുക്തിക്കപ്പുറത്തുള്ള വാസ്തവികതകളിലാണ് പുരാവൃത്തങ്ങള്‍ നില്‍ക്കുന്നത്. ശ്രീലങ്കയുടെ സാംസ്കാരികപുരാവൃത്തങ്ങളില്‍ സജീവമായ, സീതയുടെ വിഷാദപര്‍വ്വം അരങ്ങേറിയ അശോകവനത്തിലാണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്.


ഹരിതാഭയുടെ മേളം
ശ്രീലങ്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത് അശോകവനം കാണുക എന്നത് തന്നെയായിരുന്നു. കാരണം ശ്രീലങ്ക എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ കുട്ടിക്കാലം മുതല്‍ മനസ്സില്‍വരിക അശോകവനം എന്ന ബിംബമാണ്. ഒരുവേള, ശ്രീലങ്ക മുഴുവന്‍ ഒരു അശോകവനമായാണ് എന്റെ സങ്കല്‍പ്പത്തില്‍ അക്കാലങ്ങളില്‍ നിലനിന്നിരിക്കുക. ഇന്ന് അശോകവനത്തിന്റെ പേര് ഹക്ഗാല ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നാണ്. ശ്രീലങ്കയിലെ പ്രശസ്ത മലമുകള്‍ പട്ടണമായ നുവറഏലിയായുടെ പ്രാന്തപ്രദേശത്ത്, പട്ടണത്തില്‍ നിന്നും ഏതാണ്ട് പത്ത് കിലോമീറ്റര്‍ അകലെയായാണ് ഹക്ഗാല ഉദ്യാനം സ്ഥിതിചെയ്യുന്നത്. ഹക്ഗാലയോട് ചേര്‍ന്ന് തന്നെയാണ് സീതാഏലിയ എന്ന സ്ഥലവും പ്രശസ്തമായ സീതാക്ഷേത്രവും. ഇതെല്ലാം തന്നെ ഈ പ്രദേശത്തിന് സീതാകഥയുമായുള്ള ബന്ധം പരോക്ഷമായി സൂചിപ്പിക്കുന്ന കാരണങ്ങളായി കണ്ടെത്താം.

ഹക്ഗാലാ സംരക്ഷിത വനമേഖലയാണ് ഉദ്യാനത്തിന് പിന്നിലായ് 
ശ്രീലങ്കയിലെ മൂന്നു ബോട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഒന്നാണ് ഹക്ഗാലയില്‍ ഉള്ളത്. ഹക്ഗാല സംരക്ഷിതവനമേഖലയോട് ചേര്‍ന്നുകിടക്കുന്നു ഈ ഉദ്യാനം. കൊളോണിയല്‍ കാലഘട്ടത്തില്‍ പലപ്പോഴും പലതരത്തിലുള്ള നാണ്യവിളകളുടെ കൃഷി ഇവിടങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും, പിന്നീട് ഈ പ്രദേശത്തെ ജൈവവൈവിധ്യം മുന്‍നിര്‍ത്തി 1884 മുതല്‍ ഇവിടം ഏതാണ്ട് മുപ്പത് ഹെക്റ്റര്‍ വിസ്തീര്‍ണമുള്ള സര്‍ക്കാര്‍ ഉദ്യാനമായി സംരക്ഷിക്കപ്പെടുകയാണ്.   

ഉദ്യാനത്തിന്റെ മറ്റൊരു ഭാഗത്തെ പൂച്ചെടികള്‍
ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രത്തില്‍ , പ്രത്യേകിച്ച് ഉദ്യാനങ്ങളില്‍ , എത്ര രാവിലെ എത്തിയാലും അവിടെ സ്കൂള്‍കുട്ടികള്‍ ഉത്സാഹത്തോടെ സന്നിഹിതരായിരിക്കും, ലോകത്തെവിടെയാണെങ്കിലും. അതൊരു സന്തോഷം നല്‍കുന്ന കാഴ്ചയാണ്. ഒരുപാട് ഓര്‍മ്മകള്‍ , കൂട്ടുകാരുടെ കൈപിടിച്ച് അതികൌതുകത്തോടെ മൃഗശാലയും കാഴ്ചബംഗ്ലാവും ഒക്കെ കാണാന്‍പോയ സ്കൂള്‍ജീവിതകാലം പെട്ടെന്ന് മുന്നില്‍ തുറന്നുവരും. ഒരുപക്ഷെ, ജീവിതത്തിലിനി ഒരിക്കലും കാണാന്‍ പറ്റാത്ത തരത്തില്‍ , മുഖങ്ങള്‍ തന്നെ അവ്യക്തമായിപോയ ഒരുപാട് ബാല്യകാലസൌഹൃദങ്ങള്‍ ഒരുണര്‍ച്ചയായി മനസ്സിനെ കുതിച്ചുചാടിക്കും. പ്രായംമറന്ന് ആ കുട്ടികളുടെ ഉത്സാഹചടുലതകളിലേക്ക് അറിയാതെ കുറച്ചുനേരത്തേയ്ക്കെങ്കിലും നമ്മളും വഴുതിപ്പോകും. 


ഉദ്യാനം കാണാനെത്തിയ സ്കൂള്‍കുട്ടികള്‍ 
വളരെ സൂക്ഷമമായി കാഴ്ചകള്‍ കണ്ട് നടക്കാനാണെങ്കില്‍ ഒരു പകല്‍ എന്തായാലും വേണ്ടി വരും ഹക്ഗാല ഉദ്യാനത്തില്‍ . വളരെ വൃത്തിയോടെയും ഭംഗിയോടെയും നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികളും മരങ്ങളും. ഇതില്‍ ഏതു മരത്തിന്റെ തണലിലായിരിക്കാം സീത രാമന്റെ വരവുകാത്ത് ഇരുന്നിരിക്കുക? ശ്രീലങ്ക ഒരു വിനോദസഞ്ചാര രാജ്യമാണ്. എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണ് എന്ന് തോന്നുംവിധത്തിലാണ് പരിസരങ്ങളും കഥകളും ഒക്കെ വിന്യസിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഹക്ഗാലയെ സീതാപുരാവൃത്തവുമായി ബന്ധപ്പെടുത്തി വലിയൊരു വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള ശ്രമമൊന്നും വിനോദസഞ്ചാര വ്യവസായമേഖലയിലോ സര്‍ക്കാര്‍തലത്തിലോ കാണുന്നില്ല. വളരെ ഗോപ്യമായ ഒരു പരാമര്‍ശമായി മാത്രമേ ടൂറിസം ബ്രോഷ്വറുകളിലും മറ്റും സീതാകഥ കാണുന്നുള്ളൂ. ഹിന്ദുപുരാണത്തിലെ ഈ വലിയ പുരാവൃത്തത്തെ പൊലിപ്പിച്ചുകാണിക്കാന്‍ ശ്രീലങ്കയുടെ അബോധത്തില്‍ സന്നിഹിതമായ ഫണറ്റിക്കല്‍ ബുദ്ധിസം ഭയപ്പെടുന്നുണ്ട് എന്നുവേണം മനസ്സിലാക്കാന്‍ . അവരതിനെ മതപരമായ വിവക്ഷകളോടെയാണ് നോക്കികാണുന്നതെന്നുതോന്നുന്നു. ഇന്ത്യ അനുഭവിക്കുന്ന തരത്തിലുള്ള മതേതരമായ കാഴ്ചപ്പാടൊന്നും ശ്രീലങ്കയിലില്ല.

പന്നല്‍മരം
ശ്രീലങ്കയുടെ ജൈവസമ്പത്തിന്റെ വലിയൊരു ഭാഗം ഉള്‍ക്കൊള്ളുന്നത് ഹക്ഗാലയൊക്കെ പെടുന്ന മലമ്പ്രദേശങ്ങളാണ് . മധ്യശ്രീലങ്കയില്‍ ആരംഭിച്ച് തെക്കോട്ടേയ്ക്ക് ഒഴുകിയിറങ്ങുന്ന ഈ മലകളെ സഹ്യപര്‍വ്വതനിരകളുടെ ഒരു മിനിയേച്ചറായികാണാം. കേരളത്തിന്റെ കിഴക്കന്‍ ഭൂപ്രദേശങ്ങളുമായി അസാമാന്യസാദൃശ്യം അനുഭവപ്പെടും ഇവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ . ഹക്ഗാലയില്‍ കാണുന്ന വലിയ പന്നല്‍മരങ്ങള്‍ ഇവിടുത്തെപോലെ തന്നെ സഹ്യനിരകളുടേയും തനതുവൃക്ഷമത്രേ. വീട്ടുമുറ്റത്തും മറ്റും പന്നല്‍ചെടികള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ പന്നല്‍മരങ്ങള്‍ (tree ferns - cyathea crinita) കാണുന്നത് ആദ്യമായിട്ടാണ്. സഹ്യമലനിരയുടെ ഭാഗമായ ഇടക്കാടുകളിലൂടെ വല്ലപ്പോഴുമൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അവിടെയെങ്ങും ഇങ്ങിനെയൊന്ന്‍ കണ്ടിട്ടില്ല. ഇതുപോലെയുള്ള ഒരുദ്യാനത്തില്‍  പ്രത്യേകമായി പരിരക്ഷിച്ചു വളര്‍ത്തിയില്ലെങ്കില്‍ , ഉള്‍ക്കാടുകളത്രെ അവയുടെ ആവാസവ്യവസ്ഥ. ജീപ്പുപോകുന്ന കാട്ടുവഴികളില്‍ അവയെ കണ്ടെന്നു വരില്ല. ജീപ്പുപോകാത്ത കാട്ടുവഴികളിലൂടെ ഞാനിതുവരെ സഞ്ചരിച്ചിട്ടുമില്ല.

പന്നല്‍മരം
ഹക്ഗാല ഉദ്യാനത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും ഏറെ ദൂരെയായല്ല സീതാഅമ്മന്‍ കോവില്‍ . ഒരു ചെറിയ നദിയുടെ കരയിലായാണ് ഈ ക്ഷേത്രം. സീത തന്റെ അശോകവനകാലത്ത് ധ്യാനത്തിനായി തിരഞ്ഞെടുത്തിരുന്നത് ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലമാണെന്ന് ഇവിടുത്തെ ഹിന്ദുക്കള്‍ ചരിത്രമായി തന്നെ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു. ഇതേ നദിയിലാണ് സീത സ്നാനം ചെയ്തിരുന്നതെന്നും, ഹനുമാന്‍ സീതയെ കണ്ടുമുട്ടിയത് ഇവിടെവച്ചാണെന്നും അവര്‍ വിശ്വസിക്കുന്നു. നദിയുടെ നടുവിലായി പാറയില്‍ കാണുന്ന ചില അടയാളങ്ങള്‍ ഹനുമാന്റെ പാദസ്പര്‍ശം കൊണ്ടുണ്ടായതത്രേ. 


സീതാ അമ്മന്‍ കോവില്‍
കഥ ഇങ്ങിനെയൊക്കെയാണെങ്കിലും അതിനുചേര്‍ന്ന ഒരു വലിയ ക്ഷേത്രമൊന്നുമല്ല ഇവിടെ കാണുക. റോഡിന്റെ  ഓരത്തായി നില്‍ക്കുന്ന ഈ ക്ഷേത്രത്തെ, അതിഗംഭീര ക്ഷേത്രസമുച്ചയങ്ങളുടെ ഇന്ത്യയില്‍ നിന്നും വരുന്നവര്‍ , അതിന്റെ പുരാവൃത്ത പ്രാധാന്യത്തെ കുറിച്ച് മുന്‍ധാരണയില്ലെങ്കില്‍ ,  ശ്രദ്ധിച്ചു എന്നുതന്നെ വരില്ല.  


ക്ഷേത്രഗോപുരത്തിലെ രാമായണ കഥാപാത്ര ശില്പങ്ങള്‍ 
പ്രതിഷ്ഠയും ആരാധനാലയവും നേരത്തെ ഉണ്ടായിരുന്നിരിക്കാം എങ്കിലും ഇപ്പോള്‍ കാണുന്ന ക്ഷേത്രത്തിന് അധികം കാലപ്പഴക്കം തോന്നില്ല. രാവണന്റെ കൊട്ടാരവും ഈ പ്രദേശത്തായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ക്രിസ്തുവിനും 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാവണന്‍ എന്ന ചരിത്രകഥാപാത്രം ജീവിച്ചിരുന്നതായി അനുമാനിക്കുന്നത്. സീതാഏലിയായുടെ പരിസരത്തെ മണലിന്, ചുറ്റുമുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കറുത്തനിറമത്രേ. ഹനുമാന്‍ ലങ്ക ദഹിപ്പിച്ചതിന്റെ ബാക്കിപത്രം. 


ഹാനുമാന്റെ പാദസ്പര്‍ശമേറ്റ പാറ
എന്തൊക്കെ വസ്തുപ്രതിരൂപങ്ങളിലൂടെ, വിശ്വാസങ്ങളിലൂടെ, വിശ്വാസനിരാസങ്ങളിലൂടെ ഒക്കെയാണ് ഓരോ പുരാവൃത്തവും ജൈവമായിനില്‍ക്കുന്നത് എന്ന്  ആലോചിക്കുമ്പോള്‍ അത്ഭുതംതോന്നും.

- തുടരും - 



7 അഭിപ്രായങ്ങൾ:

  1. ലാസ്സറേട്ടാ.... മനോഹരമായിട്ടുണ്ട് ശ്രീലങ്കൻ യാത്രാവിവരണം... എങ്കിലും ആദ്യം ആശയസമ്പുഷ്ടമായി തുടങ്ങിയ എഴുത്ത്, അവസാനമെത്തിയപ്പോൾ ചിത്രങ്ങളിൽ മുങ്ങിപ്പോയതുപോലെ അനുഭവപ്പെട്ടു... അല്പം കൂടി വിശദമായ വിവരണവും, ചിത്രങ്ങൾക്ക് അടിക്കുറിപ്പുംകൂടി ആയാൽ വളരെ നന്നായിരിയ്ക്കും എന്ന് തോന്നുന്നു..

    ഉയരത്തിൽ വളരുന്ന പന്നൽച്ചെടികൾ നമുക്ക് കേരളത്തിലും കാണുവാൻ സാധിയ്ക്കും... മൂന്നാറിനോടും, പഴനിമലനിരകളോടും ചേർന്നുകിടക്കുന്ന ചില ചോലക്കാടുകളിൽ ഞാൻ ഇത്തരം പന്നൽചച്ചെടികൾ കണ്ടിട്ടുണ്ട്.. പക്ഷേ ഇത്രയും വലിപ്പമില്ലെന്നു മാത്രം..

    ബാക്കി വിവരണത്തിനായി കാത്തിരിയ്ക്കുന്നു..
    സ്നേഹപൂർവ്വം ഷിബു തോവാള.

    മറുപടിഇല്ലാതാക്കൂ
  2. ചിത്രങ്ങള്‍ക്കൊപ്പം വിവരണങ്ങളും ചേര്‍ത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാവില്ലേ ? ബാക്കിക്കായി കാക്കുന്നു :-)

    മറുപടിഇല്ലാതാക്കൂ
  3. പുരാണങ്ങളിലൂടെ ലങ്കയിലേക്ക് ഒരു ഊളിയിടൽ....നന്നായി..ബാക്കി വായിക്കൻ കാത്തിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  4. തുടക്കം നന്നായി. നല്ല ചിത്രങ്ങള്‍ . ബാക്കികൂടി പോരട്ടെ ........സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  5. തുടക്കം ഗംഭീരമായിട്ടുണ്ട് കേട്ടോ.ഇത്രയും വിശദമായ കാഴ്ചകള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. ഷിബു, അരുണ്‍ , പഥികന്‍ , ഒരു യാത്രികന്‍, കൃഷ്ണകുമാര്‍ ,
    സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി!
    സ്നേഹത്തോടെ,
    ലാസര്‍

    മറുപടിഇല്ലാതാക്കൂ
  7. ശ്രീലങ്കയും പോകണമെന്ന് കരുതുന്ന സ്ഥലങ്ങളിലൊന്നാണ്, വിശദമായി വായിക്കണം.. പോകുമ്പോള്‍ ഉപകാരപ്പെടുന്ന പോസ്റ്റ്. ( ഏതെങ്കിലും ട്രാവല്‍ ഏജന്‍സി വഴിയാണോ പോയത്. ഡീറ്റയില്‍സ് തരുമോ)

    മറുപടിഇല്ലാതാക്കൂ