2018, ജനുവരി 1, തിങ്കളാഴ്‌ച

വിദർഭയുടെ പച്ചഭൂമിയിൽ ഒരു അരയാൽമരം

രണ്ട് അന്താരാഷ്ട്രവിമാനങ്ങൾ മാത്രമാണ് നാഗ്‌പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്നത്. അതിലൊന്നിൽ - ഖത്തർ എയർവെയ്‌സിൽ - അവിടെ ചെന്നിറങ്ങുമ്പോൾ നേരംവെളുക്കാൻ ഇനിയും ഏറെ സമയമുണ്ടായിരുന്നു. വിമാനത്തിൽ വന്നവരിൽ പലരും എയർപോർട്ടിനുള്ളിൽ തന്നെ വിശ്രമിക്കുന്നതാണ് കണ്ടത്. അതിനുള്ള  കാരണം മനസ്സിലായത് പുറത്തിറങ്ങിയപ്പോഴാണ്. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടാവേണ്ട സജ്ജീകരണങ്ങൾ ഒന്നും അവിടെയില്ല. മഞ്ഞിന്റെ നേർത്ത ആവരണത്തിൽ ഏതാനും തെരുവുവിളക്കുകൾ മങ്ങിക്കത്തുന്നുണ്ട്. എങ്കിലും അതിനെ തോല്പിച്ച് എല്ലാ മൂലകളിൽ നിന്നും ഇരുട്ട് പടർന്നുകയറുന്നു. തെരുവുപട്ടികളുടെ വലിയ സംഘങ്ങൾ ഉലാത്തുകയും കടിപിടികൂടുകയും ചെയ്യുന്നു. ടാക്സി പോയിട്ട് ഒരു വാഹനം പോലും കൺവെട്ടത്തില്ല. നേരംവെളുത്തതിന്നു ശേഷം  പുറത്തിറങ്ങിയിട്ടേ കാര്യമുള്ളൂ എന്നറിയുന്ന സ്ഥിരം യാത്രികരാണ് വിമാനത്താവളത്തിനുള്ളിൽ വിശ്രമിക്കുന്നതെന്ന് മനസ്സിലായി. ഇവിടേയ്ക്ക് ആദ്യമായി വരുന്ന ഞങ്ങളോ, പുറത്ത്, തെരുവുപട്ടികളോടൊപ്പം ഇരുട്ടിലേയ്ക്ക് നോക്കിനിന്നു.

എന്തുചെയ്യണം എന്നറിയാതെ നിൽക്കേ, അകലെ, ഗേറ്റുകടന്ന്  ഒരു കാറിന്റെ വെട്ടം..., അത് ഞങ്ങളുടെ അടുത്ത് വന്നുനിന്നു. ആ കാറ്  ആരെയെങ്കിലും കൊണ്ടുവന്നതാണോ, ആരെയെങ്കിലും എടുക്കാൻ വന്നതാണോ എന്നൊക്കെ  മനസ്സിലാക്കിയതിനു ശേഷം, ഓട്ടംപോകുമോ എന്നന്വേഷിക്കാം എന്നുകരുതി. പക്ഷെ അപ്പോഴേയ്ക്കും എവിടെനിന്നോ ഒരാൾ പ്രത്യക്ഷപ്പെടുകയും ആ ടാക്സിക്കാരനുമായി യാത്ര പറഞ്ഞുറപ്പിച്ച് ബാഗുകൾ എടുത്ത് ബൂട്ടിൽ വയ്ക്കുകയും ചെയ്തു. കാത്തുനിന്ന ഞങ്ങൾ ഖിന്നരായി. എന്നാൽ, അപ്പോഴേയ്ക്കും ആ ഡ്രൈവർ ഞങ്ങളെ കണ്ടു. അയാൾ പതുക്കെ അടുത്തുവന്ന് എവിടേയ്ക്കാണ് പോകേണ്ടതെന്നു ചോദിച്ചു. വർധ  എന്നുപറഞ്ഞപ്പോൾ കയറിക്കോളാൻ ആവശ്യപ്പെട്ടു. മറ്റൊരാളോടൊപ്പം യാത്രചെയ്യാൻ ആഗ്രഹിക്കുന്നില്ല, അടുത്ത ടാക്സിയെടുത്തോളാം എന്ന് ഞങ്ങൾ ഒഴിഞ്ഞുമാറി. വേറാരുമില്ല നിങ്ങൾ മാത്രമേയുള്ള എന്നുപറഞ്ഞ് ഡ്രൈവർ മറ്റേ യാത്രക്കാരന്റെ സാമാനങ്ങൾ ബൂട്ടിൽ നിന്നും ഇറക്കി താഴെവച്ചു. അവർ തമ്മിൽ തർക്കമായി. "നിങ്ങളുടെ വലിയ ഓട്ടം കിട്ടിയപ്പോൾ ഇയാൾ എന്നെ ഒഴിവാക്കുകയാണ്" എന്ന് ആ യാത്രക്കാരൻ ഞങ്ങളോട് നീരസത്തോടെ പറഞ്ഞു. അതൊന്നും കാര്യമാക്കാതെ ഡ്രൈവർ ഞങ്ങളുടെ പെട്ടികൾ എടുത്ത് അകത്തുവച്ച് ഞങ്ങളോട് വന്നു കയറാൻ ആവശ്യപ്പെട്ടു...

എന്തായാലും ആ ബഹളത്തിനിടയിലൂടെ പഴയ ടാറ്റാ ഇൻഡിക്ക ഞങ്ങളെയും കൊണ്ട് ഇരുട്ടിലേയ്ക്ക് ഊളിയിട്ടു...

വർധയിലേയ്ക്ക്...
നാഗ്‌പൂർ വിമാനത്താവളത്തിൽ (ഡോ. ബാബാസാഹെബ് അംബേദ്‌കർ അന്താരാഷ്‌ട്ര വിമാനത്താവളം) നിന്നും ഏകദേശം എഴുപത് കിലോമീറ്റർ അകലെയാണ് വർധ. തെക്കുപടിഞ്ഞാറൻ ദിശയിലേയ്ക്കാണ് പോകേണ്ടത്. ഹൈദരാബാദിലേയ്ക്കുള്ള ഹൈവേയിലൂടെ കുറച്ചുദൂരം സഞ്ചരിച്ചതിനു ശേഷം, വലത്തേയ്ക്ക് തിരിയണം. വർധ വഴി ഔറംഗബാദിലേയ്ക്കും (അജന്ത, എല്ലോറ) ലത്തൂറിലേയ്ക്കും (1993 - ഭൂകമ്പദുരന്തം) ഒക്കെ പോകാം.

ഹൈദരാബാദ് ഹൈവേയിൽ നിന്നും തിരിഞ്ഞപ്പോഴും നേരംവെളുത്തിട്ടില്ല. ചെറിയ മഴയുമുണ്ട്. ഇരുട്ടത്ത് കാഴ്ച വ്യക്തമല്ല. റോഡിലൂടെ ഇടതടവില്ലാതെ കടന്നുപോകുന്ന ട്രക്കുകൾ. അവയുടെ ഹെഡ്‍ലൈറ്റ് വെട്ടം ഉണ്ടാക്കുന്ന അലോസരം ചാറ്റൽമഴയത്ത്  ഡ്രൈവറുടെ ജോലി ആയാസകരമാക്കി. കാറിന്റെ വൈപ്പർ നല്ലപോലെ ജോലിയും ചെയ്യുന്നുണ്ടായിരുന്നില്ല. അയാൾ ഇടയ്ക്കിടയ്ക്ക് വണ്ടിനിർത്തി പുറത്തിറങ്ങി മുന്നിലെ ചില്ല്  തുടയ്ക്കുന്നുണ്ടായിരുന്നു. ട്രക്കുകളുടെ ബാഹുല്യം മാറ്റിനിർത്തിയാൽ റോഡ് വിജനമാണ്. പുറത്തെ ഇരിട്ടിലേയ്ക്ക് നോക്കിയിരിക്കുമ്പോൾ വനനടുവിലെ വഴിയിലൂടെയാണ് പോകുന്നതെന്ന് തോന്നി.

നേരം വെളുത്തുവരാൻ തുടങ്ങിയപ്പോൾ, ഇരുട്ടത്തു തോന്നിയതുപോലെ വനസമാനമല്ല വഴിയെന്ന് മനസ്സിലായി. റോഡിനിരുവശവും മരങ്ങളുണ്ട്. എന്നാൽ അതിനപ്പുറം പുൽമേടുകളും പരുത്തി തോട്ടങ്ങളുമാണ്...

കുറച്ചു നാളുകൾക്ക് മുൻപ് മഹാരാഷ്ട്രയുടെ മധ്യ-തെക്കൻ ദേശങ്ങളിലൂടെ സഞ്ചരിച്ചിരുന്നു - ഡെക്കാന്റെ ഹൃദയഭൂവിലൂടെ. നദീതീരങ്ങൾ ഒഴിച്ചുനിർത്തിയാൽ അവിടം വരണ്ട ചുമന്നഭൂമിയാണ്. എന്നാൽ വിന്ധ്യപർവ്വതനിരയിൽ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന ഈ വിദർഭദേശത്തിന്റെ ഭൂപ്രകൃതി തുലോം വ്യത്യസ്തമാണ്. ഊഷരമായ ഭൂപ്രതലം കാണാനേയില്ല. വെറുതേ കിടക്കുന്നയിടങ്ങൾ പൊതുവേ പുൽമേടുകളായി പരിണമിച്ചിരിക്കുന്നു. ഇവിടുത്തെ കാലാവസ്ഥ കൂടുതൽ സമയങ്ങളിലും കടുത്ത ചൂടാണ് എന്നത് മറ്റൊരുകാര്യം. നാല്പത്തിയഞ്ച് ഡിഗ്രി വരെയൊക്കെയാണ് ഏറ്റവും ചൂടുള്ള മാസങ്ങളിലെ താപനില. എന്നാൽ ഡിസംബർ, ജനുവരി മാസങ്ങളിൽ താപനില പത്തു ഡിഗ്രിക്കും താഴേയ്ക്ക് പോകുന്നു.

വർധയിലെ ഭൂപ്രകൃതി - താമസസ്ഥലത്തിന്റെ പിൻജാലകത്തിലൂടെ...
വർധ എന്നൊരു നദിയുണ്ട്. വിദർഭയിലെ ഏറ്റവും വലിയ നദിയാണ്. പക്ഷെ ഈ നദി, വർധ പട്ടണത്തോട് ചേർന്നല്ല ഒഴുകുന്നത്. പട്ടണത്തിൽ നിന്നും മുപ്പത് കിലോമീറ്റർ അകലമുണ്ട് നദിയുടെ ഏറ്റവും അടുത്തുള്ള ഭാഗത്തേയ്ക്ക്. അതിനെക്കാളും വർധയോട് ചേർന്നൊഴുകുന്നത് ധാം നദിയാണ്. ധാം, വർധയുടെ കൈവഴി തന്നെ. യശോദ, ബോർ തുടങ്ങി മറ്റു ചില നദികളും ഈ ഭാഗത്തുകൂടി ഒഴുകുന്നുണ്ട്. ഭൂമിയെ ഊർവ്വരമാക്കി നിർത്താൻ ഈ നദികൾ സഹായിക്കുന്നുണ്ടാവാം. അവയുടെ കുറുകേ ഒരുപാട് അണക്കെട്ടുകളും തടയണകളും ഉള്ളതുകൊണ്ടാവാം, കാഴ്ചയിൽ വന്ന നദികളിൽ പലതിലും ഒഴുക്ക് ശുഷ്കമായി കാണപ്പെട്ടു.

ഇന്ത്യയുടെ ഓറഞ്ച് തലസ്ഥാനം എന്നാണ് നാഗ്‌പൂരും പരിസരങ്ങളും അറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ ഓറഞ്ച് വിളയുന്ന സ്ഥലമത്രേ ഇവിടം. പക്ഷെ യാത്രാവഴിയിലെവിടെയും ഓറഞ്ചുതോട്ടങ്ങൾ കാണാനായില്ല. എന്നുമാത്രമല്ല ഓറഞ്ച് ക്യാപിറ്റലിൽ നിന്നും ഒരു ഓറഞ്ചുജ്യൂസ് പോലും കുടിക്കാനുമായില്ല. ഏതു പീടികയിൽ ചോദിച്ചാലും സീസണല്ല എന്നാണു മറുപടികിട്ടുക. ഇനിയൊരു മധുരനാരങ്ങാക്കാലത്ത് ഇതുവഴി വരുകയുണ്ടാവുമോ?

വഴിയോരത്ത് കണ്ടതത്രയും പരുത്തിത്തോട്ടങ്ങളാണ്. പരുത്തിത്തോട്ടം കണ്ടുപരിചയമില്ല. ഡ്രൈവർ പറഞ്ഞുതന്നതുകൊണ്ടാണ് മനസ്സിലാക്കാനായത്. മഹാരാഷ്ട്രയുടെ മധ്യ-തെക്കൻ ഭാഗങ്ങളിൽ അന്ന് കൂടുതലായും കണ്ടത് കരിമ്പിൻ തോട്ടങ്ങളായിരുന്നുവല്ലോ എന്നോർത്തു. പട്ടിന്റെ ഉത്പാദനവും ഇവിടുത്തെ ജനങ്ങളുടെ പ്രമുഖമായ ജീവിതവൃത്തിയത്രേ. ഈയടുത്തായി ഈന്തപ്പന കൃഷിയും വ്യാപകമാവുകയാണ്.

വരണ്ട നദീപഥം...
1947 ആഗസ്ത് 15 - ന്റെ രാത്രിയിൽ ഡൽഹിയിൽ ഇന്ത്യ എന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നു. രാഷ്ട്രം പുതിയ വെളിച്ചത്തിന്റെ ആഘോഷങ്ങളിലേയ്ക്ക് കടക്കുമ്പോൾ, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഏറ്റവും വലിയ ചാലകശക്തിയും രൂപകവുമായിരുന്ന ഗാന്ധിജി ഡൽഹിയിലോ ആഘോഷങ്ങളിലോ ഉണ്ടായിരുന്നില്ല എന്ന് നമുക്കറിയാം. വിഭജനത്തിന്റെ രക്തംവീണതുകൊണ്ടിരുന്ന വംഗനാട്ടിലായിരുന്നു അദ്ദേഹം. ബംഗാൾ രണ്ടായി വിഭജിക്കപ്പെടുന്നതിന്റെ വേദനയുമായാണ്, പ്രാർത്ഥനയും ഉപവാസവുമായി ഗാന്ധിജി കൽക്കട്ടയിൽ ആ രാത്രി  കഴിഞ്ഞത്...

അദ്ദേഹം ജനിച്ചത് ഗുജറാത്തിലെ പോർബന്ദറിലും, കൊല്ലപ്പെട്ടത് ഡൽഹിയിലെ  ബിർളാഹൌസിലുമാണ്. ഗാന്ധിജിയുടെ ജീവചരിത്രം നോക്കുമ്പോൾ നമുക്കറിയാം, ഇന്ത്യ മുഴുവൻ തന്റെ വീടായാണ് അദ്ദേഹം കരുതിയിരുന്നത്. പാകിസ്ഥാനും ബംഗ്ളാദേശും ഒക്കെ ഉൾപ്പെടുന്ന വിശാലമായ ഇന്ത്യ. അങ്ങനെയൊരു സ്വപ്നംകണ്ടു എന്നതും അതിന്റെ മോചനത്തിനായി അസാധാരണമായ സമരമുറകൾ ആവിഷ്കരിച്ചു എന്നതുമാണ് ഗാന്ധിജിയെ മഹാത്മാവാകുന്നത്. വിശാല ഇന്ത്യയായിരുന്നു അദ്ദേഹത്തിന്റെ ആത്മഭവനം!

എങ്കിലും, തന്റെ ജീവിതത്തിന്റെ ഏറ്റവും ചലനാത്മല്കമായ കർമ്മകാണ്ഡത്തിൽ ഗാന്ധിജിയുടെ സ്ഥിരതാമസം എവിടെയായിരുന്നു? ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എവിടെയിരുന്നാണ് അദ്ദേഹം നയിച്ചത്? ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടുന്ന സമയത്ത് ഏതായിരുന്നു അദ്ദേഹത്തിന്റെ ഭവനം?

അവിടെയാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്!

വർധപട്ടണത്തോട് ചേർന്നുള്ള സേവാഗ്രാം എന്ന മദ്ധ്യേന്ത്യൻ ദേശത്ത്. ഗാന്ധിസ്മരണകൾ ഇന്നും സജീവമായി തുടിക്കുന്ന ലളിതപ്രകൃതിയിൽ...

സേവാഗ്രാം
സേവാഗ്രാം എന്നും വർധയെന്നും ഒക്കെ ഗാന്ധിജിയെ പ്രതി നമ്മൾ പാഠപുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. (വാർധ എന്നാണു നമ്മൾ ഉച്ചരിച്ച് ശീലിച്ചിരിക്കുന്നതെങ്കിലും പ്രദേശവാസികൾ വർധ എന്നാണ് പറയുക). വർധ പട്ടണത്തിൽ നിന്നും ആറ് കിലോമീറ്റർ അകലെയായാണ് സേവാഗ്രാം. പ്രദേശത്തിന് ചെറിയൊരു അങ്ങാടി സ്വഭാവമാണെങ്കിലും ഗാന്ധിജിയുമായി ബന്ധപ്പെട്ട വലിയ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം താമസിച്ചിരുന്ന ഇടം കൂടാതെ, ആശുപത്രിയും മെഡിക്കൽ കലാലയവും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും ഖാദി അനുബന്ധ കച്ചവടകേന്ദ്രങ്ങളും ഉണ്ട്. ഗാന്ധിജിയുടെ ദർശനത്തിൽ അധിഷ്ഠിതമായാണ് അവയൊക്കെ തന്നെയും പ്രവർത്തിക്കുന്നത്.

സേവാഗ്രാമിന്റെ വേലിക്കെട്ടിനകത്തേയ്ക്ക് കടക്കുന്നതിനു മുൻപ്, അങ്ങാടിയിലേയ്ക്ക് എത്തുമ്പോൾ തന്നെ പരിസരം വ്യത്യസ്‍തമാണല്ലോ എന്നനുഭവപ്പെടും. കുറച്ചുകൂടി ലാളിത്യം, കുറച്ചുകൂടി വൃത്തി, കുറച്ചുകൂടി സുതാര്യത... ഒരുപക്ഷെ, അതൊരു തോന്നൽ മാത്രമാവും. ഓർമ്മയുള്ള കാലംമുതൽ, പലവിധ ഭാവങ്ങളിൽ, മനോനിലയിൽ, ആശയനിർമ്മിതിയിൽ, ജീവിതാവബോധത്തിൽ ഒക്കെ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യന്റെ കർമ്മമേഖലയിലേയ്ക്കാണ് പ്രവേശിക്കുന്നത് എന്ന അബോധമായ തോന്നൽ ഉളവാക്കുന്ന വിഭ്രമവും ആയിരിക്കാം...

ഗാന്ധിജി പ്രാർത്ഥനായോഗവും പ്രഭാഷണവും നടത്തിയിരുന്ന മുറ്റം 
സേവാഗ്രാമിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഓർമ്മവന്നത് പണ്ട് സ്‌കൂളുകളിൽ നടത്തിയിരുന്ന സേവനവാരം എന്ന ശുചീകരണയജ്ഞമാണ്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടത്തിയിരുന്ന അഞ്ചുദിവസം നീളുന്ന പരിപാടി. സ്‌കൂളിൽ ഒരുത്സവം പോലെയായിരുന്നു ആ ദിവസങ്ങൾ. പഠിത്തം ഇല്ല എന്നതായിരുന്നു ആ സന്തോഷത്തിന്റെ പ്രധാനകാരണമെങ്കിലും, മണ്ണിനെ അറിയാനുള്ള അവസരം കൂടിയായിരുന്നു ആ ദിവസങ്ങൾ. പ്രാഥമികമായി കൃഷീവലസമൂഹം അല്ലാത്ത ഞങ്ങളുടെ പരിസരത്ത്, തൂമ്പയും മൺവെട്ടിയുമൊക്കെയായി പ്രദേശങ്ങളിൽ കറങ്ങിനടന്ന് പുല്ലുചെത്തുന്നതും കളപറിക്കുന്നതും വ്യതിരിക്തമായ  വിനോദമായിരുന്നു...

സേവനവാരം ഇപ്പോൾ നിന്നുപോയി എന്നുതോന്നുന്നു. വിദ്യാഭ്യാസത്തിന്റെ അക്കാദമികതലം അതീവ പ്രാധാന്യത്തോടെ മുന്നിലേയ്ക്ക് വന്ന സമകാലസാഹചര്യത്തിൽ, അഞ്ചു ദിവസം പുല്ലുപറിക്കാൻ നഷ്ടപ്പെടുത്തുക എന്നത് സ്‌കൂളുകൾക്ക് അചിന്ത്യമായ കാര്യമായി മാറിയിരിക്കുന്നു. അതിനെ സ്വാഭാവികമായ പരിണാമമായി മനസ്സിലാക്കണം. ഗാന്ധിജിയുടെ ജീവിതവും ആശയവും ഏറെക്കൂറെ ഔപചാരികമായ ഓർമ്മയാകുന്നിടത്ത് സേവനവാരം വിസ്മൃതമാകുന്നതിൽ ആശ്ചര്യമില്ല...

എന്നാൽ അങ്ങനെയായിരുന്നില്ല വേണ്ടിയിരുന്നത്. സേവനവാരത്തെ ഗുണാത്മകമായി പരിവർത്തിപ്പിച്ച്, കൂടുതൽ സർഗാത്മകമായി നിലനിർത്തേണ്ടതായിരുന്നു. പരിസരശുചീകരണം എന്ന നിലയിൽ ഈ പദ്ധതി ആവിഷ്കരിക്കുന്ന കാലത്ത് 'പരിസ്ഥിതി' എന്നൊരു വാക്ക് നമുക്ക് സുപരിചിതമല്ല. പരിസ്ഥിതിപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി സേവനവാരം കൂടുതൽ ക്രിയാത്മകമായി ഉപയോഗിക്കാമായിരുന്നു. കുട്ടികളെ പ്രകൃതിയെ അറിയാനും, പ്രകൃതിയെ സ്നേഹിക്കാനും പഠിപ്പിക്കാമായിരുന്നു. തദ്വാര ഭൂമിസംരക്ഷണത്തിനുള്ള  ത്വരവളർത്താനുള്ള ഒരാഴ്ചയായി സേവനവാരത്തെ പരിവർത്തിപ്പിക്കാമായിരുന്നു...

സേവനവാരം കഴിഞ്ഞ് വൃത്തിയും വെടിപ്പുമായി കിടക്കുന്ന സ്‌കൂൾ പരിസരത്തെ  ഓർമ്മപ്പെടുത്തും സേവാഗ്രാമിന്റെ ഭൂമി - ലളിതസുതാര്യമായ പരിസരം!

ഗാന്ധിജി നട്ട അരയാൽ
ആന്തരികമായി ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനും, ഒരുപക്ഷെ, ലോകത്തിലെ തന്നെ പലരും, ഗാന്ധിജിയുടെ ജീവിതം, ആശയം അഭിമുഖീകരിച്ചിട്ടുണ്ടാവും. വ്യത്യസ്തമായ തലങ്ങളിലും സന്ദർഭങ്ങളിലും, ആഴത്തിലും ഉപരിപ്ലവതയിലും, സ്നേഹത്തോടെയും വെറുപ്പോടെയും...

ഗാന്ധിജിയുടെ ജീവിതാഭിമുഖീകരണത്തെ, ആശയജീവിതത്തെ ഒരുസമയത്ത് നിശിതമായി വിമർശിച്ചിട്ടുണ്ട് അരുന്ധതി റോയി. അവരുടെ ബൗദ്ധികജീവിതത്തിന്റെ കൗമാരമായിരുന്നു അതെന്ന് അനുമാനിക്കാം. ഇപ്പോഴവർ ഗാന്ധിജിയെന്ന സമഗ്രതയെ മറ്റൊരുതരത്തിൽ മനസ്സിലാക്കുന്നുണ്ട്.

ഇന്നോർക്കുമ്പോൾ കുറച്ചൊക്കെ ബാലിശമെന്ന് തോന്നാവുന്ന കലാലയരാഷ്ട്രീയകാലത്തെ കമ്യൂണിസ്റ്റ് അനുഭാവവും, തുടർന്ന് ഒരുപാടുകാലം ഉൾപ്പേറിയ അബോധമായ ഇടതുപാക്ഷികതയും ഗാന്ധിജിയുടെ ആത്മീയതയെ, സങ്കീർണ്ണമായ ജീവിതാവബോധത്തെ, ഇന്ത്യൻ യാഥാർത്ഥ്യത്തിലേക്ക് ആ ആശയത്തെ കടത്തിവിട്ട അതിനെക്കാൾ സങ്കീർണമായ പ്രയോഗത്തെ വേണ്ടരീതിയിൽ അറിയാൻ എന്നെയും പ്രാപ്തനാക്കിയിരുന്നില്ല. വരേണ്യമായ ഒരുപാട് പ്രതിലോമതകൾ ആ ജീവിതപുസ്തകത്തിൽ വായിച്ചു. അനുബന്ധവേദികളിൽ അത് പരസ്യമായി പറയാനും മടിച്ചിരുന്നില്ല. ഗാന്ധിജിയെ മുൻനിർത്തി ഏതു വിമർശനവും എക്കാലത്തും നിർഭയം സാധ്യമായിരുന്നുവല്ലോ. ക്ഷിപ്രമായ ധാർമികരോഷങ്ങളുടെ, ഉപാധിപൂർണ്ണമായ എതിർപ്പുകളുടെ, ക്രിയാത്മകാലോപമായ ആ ഘട്ടം കഴിഞ്ഞുപോകുമ്പോഴും ഗാന്ധിജി അവശേഷിക്കുന്നു. വിമർശിക്കാനായാലും താദാത്മ്യംപ്രാപിക്കാനായാലും നിർമ്മമതയോടെ ഗാന്ധിജി ബാക്കിയാവുന്നു. അത്യധികം പ്രസക്തമാകുന്നു!

മറ്റൊരു ഭാഗം...
ഉപ്പുസത്യാഗ്രഹം കഴിഞ്ഞപ്പോൾ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഇനി സബർമതിയിലേയ്ക്ക് മടങ്ങുന്നില്ല എന്ന് ഗാന്ധിജി തീരുമാനിച്ചു. ചൂടുപിടിച്ച ദേശീയപ്രസ്ഥാനത്തിന്റെ ഉപോല്പന്നമായ അക്കാലത്തെ ഇന്ത്യൻ സൈക്കിയിൽ ഗാന്ധിജി ഇത്തരം ചില നാടകീയശാഠ്യങ്ങൾ എറിഞ്ഞുകൊടുത്തിരുന്നു. ലക്ഷ്യപ്രാപ്തിക്കായുള്ള വാശി, കഴിവതും അഹിംസാരഹിതമായി, വൈവിധ്യസാന്ദ്രമായ ജനസമൂഹങ്ങളിൽ ത്രസിപ്പിച്ചു നിർത്താൻ ഇവ്വിധമുള്ള പ്രവർത്തികളിലൂടെ അദ്ദേഹത്തിന് സാധിച്ചിരുന്നു. മറ്റൊരു കാലത്ത്, രാഷ്ട്രം നൽകുന്ന സുരക്ഷിതമായ സ്വാതന്ത്രമനുഭവിച്ചിരുന്ന് വിചാരത്തിലേർപ്പെടുമ്പോൾ ഗാന്ധിജിയുടെ രീതികൾ പലയിടങ്ങളിലും അലോസരമുണ്ടാക്കും. ചരിത്രത്തെ വായിക്കുമ്പോൾ, അതിന്റെ അടരുകളിൽ പൊതിഞ്ഞിരിക്കുന്ന അനുവാചകന്റെ സമകാലീനമായ  വൈയക്തികാനുഭവപടം അയാൾ പൊഴിച്ചുകളയേണ്ടതുണ്ട്. ആ ബാധ്യത, ചരിത്രത്തിന്റെയോ ചരിത്രവ്യക്തികളുടെയോ അല്ല, അനുവാചകന്റെയാണ്!

ഉപ്പുസത്യാഗ്രഹത്തെ തുടർന്ന് രണ്ടുവർഷത്തോളം തടവിലായിരുന്ന ഗാന്ധിജി, അതിനുശേഷം താമസിക്കാനായി തിരഞ്ഞെടുത്തത് ഇന്ത്യയുടെ ഒത്ത നടുവിലായി, വർധ എന്ന ചെറുജനപഥത്തോട് ചേർന്നുകിടക്കുന്ന വിദർഭയിലെ ഈ ഗ്രാമപ്രദേശമാണ്. അദ്ദേഹത്തിന്റെ അനുയായിയും സ്വാതന്ത്ര്യസമരസേനാനിയും വർത്തകപ്രമുഖനുമായ ജംനലാൽ ബജാജാണ് ഗാന്ധിജിയെ ഇവിടേയ്ക്ക് ക്ഷണിച്ചുകൊണ്ടുവരുന്നത്. (ബജാജ് എന്ന പേര് ആർക്കും അറിയാതിരിക്കില്ലല്ലോ. ആ വലിയ പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് ജംനലാൽ.) അദ്ദേഹമാണ് ഏതാണ്ട് മുന്നൂറേക്കർ സ്ഥലം ഗാന്ധിജിക്കായി ഇവിടെ നൽകിയത്. ദേശീയപ്രസ്ഥാനത്തിന്റെ അടരുകളിൽ എന്തെന്തൊക്കെ സംഭവങ്ങൾ, എന്തെന്തൊക്കെ ഗതിവിഗതികൾ...!

1936 - ൽ കസ്തൂർബയോടൊപ്പം ഗാന്ധിജി ഇവിടെ താമസമാക്കി. അന്ന് അദ്ദേഹത്തിന് അറുപത്തിയേഴ്‌ വയസ്സുണ്ട്. പക്ഷെ ഇന്ത്യയുടെ സ്വാതന്ത്ര്യം അപ്പോഴും ഒരു പതിറ്റാണ്ടിന് അകലെയായിരുന്നു എന്നോർക്കണം. 1948 - ൽ, മരണംവരെ ഗാന്ധിജി താമസിച്ചിരുന്നത് സേവാഗ്രാമിലാണ്.

സേവാഗ്രാമിലെ ഖാദിനിർമ്മാണം
ഗാന്ധിജി, പ്രഭാഷണവും പ്രാർത്ഥനായോഗവും നടത്തിയിരുന്ന ചെറിയൊരു മൈതാനം പറമ്പിന്റെ നടുവിലായി കാണാം. അതിനോട് ചേർന്ന് അദ്ദേഹം നട്ട ഒരു അരയാൽമരം. തലയുയർത്തി ഞാനതിന്റെ മുകൾകൊമ്പുകളിലേയ്ക്ക് നോക്കി. അവ ആകാശത്തേയ്ക്ക് ആഞ്ഞുനിൽക്കുന്നു. മരം, ജ്ഞാനത്തിന്റെയും ആത്മസ്വാതന്ത്ര്യത്തിന്റെയും ബിംബമാണ്. അതിനപ്പുറം ജീവന്റെ ഉറവിടം. ബുദ്ധനെപ്പോലെ ഗാന്ധിജിയും വൃക്ഷജൈവതയെ തൊട്ടു...

അതിനപ്പുറം, ഓടുമേഞ്ഞ ചെറിയ വീട്. വശങ്ങളിൽ ഓലത്തൊങ്ങലുകൾ. ഖദർസാരി ചുറ്റിയ ഒരു മദ്ധ്യവയസ്ക, അതിന്റെ മുറ്റത്ത് പുസ്തകംവായിച്ചിരിക്കുന്നു. എന്തുകൊണ്ടോ, ആ ഭവനത്തിലേയ്ക്ക് നോക്കിനിൽക്കേ ഇവിടെയായിരിക്കാം ഗാന്ധിജി താമസിച്ചിരുന്നത് എന്നുതോന്നി. അത് ശരിയായിരുന്നു. ഗാന്ധിജി എന്തായിരുന്നു എന്നതിന്റെ രൂപകമാണ് ആ വീട്. അല്ലെങ്കിൽ, തന്റെ ജീവിതപരിണാമത്തിൽ അദ്ദേഹം പിൽക്കാലത്ത് എത്തിച്ചേർന്ന ലളിതമായ, നിർമ്മമമായ അവബോധത്തിന്റെ പ്രത്യക്ഷബിംബം പോലെയായിരുന്നു അത്.

ചുമരിന് ഉയരമില്ലാത്ത, കൈനീട്ടി തൊടാനാവുന്ന മച്ചുള്ള, വീടുകൾക്കുള്ളിൽ  ഇരുട്ടുണ്ടാവും. വാതിലും ജനലും തുറന്നിട്ടാലും മൂലകളിൽ ഇരുട്ട് പോകാൻ മടിച്ചുനിൽക്കും. എന്നോ പെയ്തൊഴിഞ്ഞ മഴക്കാലത്തിന്റെ ഓർമ്മ പോലെ നേർത്ത ഈർപ്പം മണക്കും...

ഒരാൾക്ക് മാത്രം കിടക്കാനാവുന്ന ഒരു കട്ടിൽ, കോസറി വിരിച്ച ഒരിരിപ്പിടം തുടങ്ങി ഏതാനും ചില സാമഗ്രികൾ മാത്രമേ ഗാന്ധിജി ഉപയോഗിച്ചിരുന്നുള്ളു. അവ വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു.

വിനയാന്വതയുടെ ആമഗ്നതയിൽ അണുരൂപിയായി, ആ വീടിനു മുന്നിൽ, ഞാൻ നിന്നു...!

എങ്കിലും ഞാൻ ഓർക്കുകയായിരുന്നു; എന്റെ ആസക്തിയുടെ തീയിൽ ഈ കാഴ്ച, ഈ അനുഭവം, എല്ലാം സാവധാനം വെന്തുമറയും. മഹായനങ്ങളെ പിന്തുടരാനുള്ള ത്വരകെടുത്തി കാമനയുടെ ജലജ്വാലകൾ കാത്തിരിപ്പുണ്ട്, നാഗരികദൈനംദിനങ്ങളിൽ. സാധാരണക്കാരന്റെ, അത്രയും സാധാരണമായ ജീവിതായനം, എത്ര ക്ഷിപ്രമായ ഉണർച്ചകളാണ് അനുവദിക്കുക...

ഗാന്ധിജി താമസിച്ചിരുന്ന വീട്
ഗാന്ധിജിയുടെ ഓഫിസ് മുറിയിൽ സവിശേഷമായി കണ്ടത് ഒന്നുരണ്ട് ടൈപ്പ്‌റൈറ്ററുകളും ഒരു ഫോണുമാണ്. സ്വാതന്ത്ര്യസമരം അത്യധികം ചലനാത്മകമായിരുന്ന വർഷങ്ങളിൽ അദ്ദേഹത്തിന്റെ ആർഭാടങ്ങൾ, ഏറ്റവും അത്യാവശ്യം വേണ്ടിയിരുന്ന ഈ രണ്ട് ഉപകരണങ്ങൾ മാത്രമായിരുന്നുവത്രെ. തന്റെ ലക്ഷ്യത്തെ പ്രതി ലേഖനങ്ങളായും കത്തുകളായും ഗാന്ധിജി എഴുതിയത് കുറച്ചൊന്നുമല്ലല്ലോ. അത്തരത്തിൽ നിതാന്ത താഢനമേറ്റ ഈ എഴുത്തുപകരണങ്ങൾ, പിൽക്കാലത്ത് ജനസഹസ്രങ്ങൾ തീർത്ഥാടനത്തിനെത്തുന്ന ഒരിടത്തെ ചരിത്രവസ്തുക്കളായി മാറുമെന്ന് സ്വയം  കരുതിയിട്ടുണ്ടാവില്ല. ഇന്ത്യയുടെ പല ഭാഗങ്ങളിലായുള്ള സമരനേതാക്കളുമായി ബന്ധപ്പെടാൻ ഗാന്ധിജിക്ക്  ഫോൺ ആവശ്യമായിരുന്നു. ഡൽഹിയിൽ, നെഹ്‌റുവുമായും മറ്റും സംസാരിക്കാൻ ഇവിടെനിന്നും ഹോട്ട്-ലൈൻ സംവിധാനം ഉണ്ടായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ടാക്സി ഡ്രൈവർ പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും ക്രിയാത്മകമായ അവസാനത്തെ ചുവടുവയ്പ്പ് സംഭവിക്കുന്നത് ഇവിടെയാണ്. ഇന്ത്യയ്ക്ക് സമ്പൂർണ്ണസ്വാതന്ത്ര്യം എന്ന ആവശ്യവുമായി, 1942 ജൂലൈ 14 - ന് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം കോൺഗ്രസ്സ് വർക്കിങ്ങ് കമ്മിറ്റിയെടുക്കുന്നു. നിസ്സഹകരണപ്രസ്ഥാനം ഒരാവേശമായി പടരുന്നത് ഈ തീരുമാനത്തോടെയാണ്.

ഈയവസരത്തിൽ, അല്പം ഫലിതത്തോടെ മറ്റൊരുകാര്യം ഓർക്കാം: കോൺഗ്രസ്സിന്റെ ക്വിറ്റ് ഇന്ത്യ തീരുമാനത്തെ എതിർത്തുകൊണ്ട് ഉടൻതന്നെ രംഗത്തുവന്നത് ബ്രിട്ടീഷുകാരായിരുന്നില്ല. ഇന്ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ, ജനാധിപത്യത്തിന്റെ  പ്രമുഖവക്താക്കളായി വേഷംധരിച്ചിരിക്കുന്ന ഹിന്ദുമഹാസഭയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായിരുന്നു. അവർ കോൺഗ്രസ്സ്മുക്ത ഭാരതത്തിനായി  പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണത്രേ...

കോൺഗ്രസ്സ് പാസ്സാക്കിയ ഈ പ്രമേയത്തെ പ്രതിയാണ് 1942 ആഗസ്ത് 8 - ന് മുംബയിൽ വച്ച് ഗാന്ധിജി തന്റെ പ്രസംഗത്തിലൂടെ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെടുന്നതും നിസ്സഹകരണപ്രസ്ഥാനം ഔദ്യോഗികമായി ആരംഭിക്കുന്നതും. അന്നുതന്നെ ഗാന്ധിജിയും കസ്തൂർബയും മറ്റ് പ്രമുഖ നേതാക്കളും തടവിലായി. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ ഗാന്ധിജി പൂനയിലെ ആഗാഖാൻ പാലസിൽ വീട്ടുതടവിലായിരുന്നു. ഒപ്പമുണ്ടായിരുന്ന കസ്തൂർബാ അവിടെവച്ച് മരണപ്പെടുകയും ചെയ്തു.

ടൈപ്പ്‌റൈറ്ററുകൾ
പുസ്തകങ്ങളിൽ ചരിത്രമുണ്ട്. ഏതുതരം എഴുത്തിൽ നിന്നും, ഏറ്റക്കുറച്ചിലുകളോടെ, അത് പ്രതിനിധാനം ചെയ്യുന്ന ചരിത്രഭൂമികയെ കണ്ടെടുക്കാനാവും. ചലച്ചിത്രങ്ങളും ചരിത്രത്തെ സാഷാത്കരിച്ചിട്ടുണ്ട്. ഇങ്ങനെ ചരിത്രത്തെ അറിയാൻ പല വഴികളുണ്ട്. സങ്കീർണമായും ക്രിയാത്മകമായും, ഇത്തരം ഉറവിടങ്ങളിൽ നിന്നും, ചരിത്രത്തെ സ്വാംശീകരിക്കുകയും അപനിർമ്മിക്കുകയും ഒക്കെ ചെയ്യാനാവും. അങ്ങനെയാണ് ചരിത്രം സജീവമായ ഒരു ജ്ഞാനപദ്ധതി എന്ന നിലയ്ക്ക് അസ്തിത്വംനേടുന്നതും പരിണമിക്കുന്നതും.

എന്നാൽ ചരിത്രത്തിനു മറ്റൊരു ജൈവതലമുണ്ട്. അത് ചരിത്രഭൂമികളിൽ ചെന്നുനിൽകുമ്പോൾ ലഭ്യമാവുന്ന അനുഭവത്തിന്റെ ഉന്മാദമാണ്. ചരിത്രപുസ്തകങ്ങളിൽ ടിപ്പുസുൽത്താനെ വ്യത്യസ്തമായ അനേകം തൊങ്ങലുകളോടെ വായിക്കാറുണ്ട്. എന്നാൽ അദ്ദേഹം വെടിയേറ്റുവീണ കാവേരിതീരത്ത് നിൽക്കുമ്പോൾ ചരിത്രം സവിശേഷമായ ഒരനുഭവമായി ഭാവമാറ്റം നേടുന്നു. മദ്ധ്യാഹ്നത്തിന്റെ നദീനനവുമായി, ഇലമണം പേറിവന്ന്, നിങ്ങളെ പൊതിയുന്ന കാറ്റുപോലും അപ്പോൾ ചരിത്രമാകുന്നു. ആ നേരത്ത് ചരിത്രം എന്ന ജ്ഞാനശാഖയല്ല ഉണ്മയിൽ; ചരിത്രം എന്ന അനുഭവമാണ്.

ചരിത്രം അറിയാൻ യാത്രചെയ്യണമെന്നില്ല; ചരിത്രം അനുഭവിക്കാൻ യാത്രചെയ്യണം.

ഇവിടെ സേവാഗ്രാമിന്റെ, വലിയമരങ്ങൾ നിഴൽവീഴ്‌ത്തുന്ന ലളിതഭൂമിയിലൂടെ, തിരിച്ചുനടക്കുമ്പോൾ, അതറിയുന്നു. ഗാന്ധിജിയെ വായിച്ചതും മനസ്സിലാക്കിയതും അഭിമുഖീകരിച്ചതും ഒക്കെ അതിന്റെ സ്ഥൂലതയിൽ എക്കാലത്തുമുണ്ടാവും. എന്നാൽ ഇന്നുമുതൽ, സൂക്ഷ്മമായ, വ്യക്തിനിഷ്ഠമായ ഒരനുഭതലം കൂടി അതിൽ വിലയിതമാകുന്നു.

ചരിത്രസ്ഥലിയിലേക്കുള്ള യാത്ര അർത്ഥവ്യാപ്തിയുള്ള തീർത്ഥാടനമാണ്!

- അവസാനിച്ചു -