2013, ജനുവരി 13, ഞായറാഴ്‌ച

അശോകവനം - ഏഴ്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം, അഞ്ചാം ഭാഗം, ആറാം ഭാഗം 

ശ്രീലങ്കയുടെ മദ്ധ്യമലനിരകള്‍ ഇറങ്ങി വടക്കോട്ട്‌ സഞ്ചരിച്ചാല്‍ അധികം ദൂരെയായല്ല ഡാംബുല്ല (Dambulla). കാന്‍ഡിയില്‍ നിന്നും ഏകദേശം എഴുപതു കിലോമീറ്റര്‍ അകലെ, രാജ്യത്തിന്റെ മദ്ധ്യഭാഗത്തായാണ്‌ ഈ സ്ഥലം. അനുരാധപുരം പോലുള്ള പ്രദേശങ്ങള്‍ക്ക് വിപരീതമായി, മലമ്പ്രദേശത്തോടുള്ള സാമിപ്യുംകൊണ്ട് കുറച്ചുകൂടി ഹരിതാഭമായ പാരിസ്ഥിതികസാന്ദ്രതയുള്ള സ്ഥലമാണ് ഡാംബുല്ല. ഇത്തരം ചില ജ്യോഗ്രഫിക്കല്‍ പ്രത്യേകതകള്‍ ഉള്ളതിനാല്‍ വാണിജ്യസംബന്ധമായി പ്രാധാന്യമുള്ള ഒരു വിപണകേന്ദ്രം കൂടിയാണ് ഇവിടം. രാജ്യത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത പച്ചക്കറി വിതരണകേന്ദ്രം ഉള്‍പ്പെടെ പല ഉല്‍പ്പന്നങ്ങളുടെയും ഏറ്റവും പ്രധാന വാണിജ്യവിതരണകേന്ദ്രമാണ് ഡാംബുല്ല. ഇന്ത്യയുടെ കൃത്യം മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന നാഗ്പൂര്‍ ഇത്തരത്തില്‍ വളരെ വിപുലമായ വിതരണസാമ്രാജ്യമാണെന്ന് കേട്ടിട്ടുണ്ട്.

ഡംബുല്ലയുടെ ഭൂപ്രകൃതി
ഡാംബുല്ലയുടെ വാണിജ്യപ്രത്യേകതകള്‍ തേടിയായിരുന്നില്ല ഞങ്ങള്‍ അവിടേയ്ക്കു പോയത് - ശ്രീലങ്കയുടെ ചരിത്രത്തില്‍ സവിശേഷമായ പ്രത്യേകതകള്‍ ഉള്‍പ്പേറുന്ന ആ ഗുഹാക്ഷേത്രം കാണാനായിരുന്നു. ഡാംബുല്ല പട്ടണത്തോട് ചേര്‍ന്നുതന്നെയാണ് ഈ ഗുഹാക്ഷേത്രവും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ , ബുദ്ധവിഹാരങ്ങള്‍ക്ക് സാമൂഹ്യഘടനയില്‍ അനിതസാധാരണമായ സ്വാധീനമുണ്ടായിരുന്ന ശ്രീലങ്കന്‍ ജീവിതരീതിയില്‍ പട്ടണങ്ങള്‍ വികസിച്ചതുതന്നെ ഡാംബുല്ല ഗുഹാക്ഷേത്രംപോലുള്ള വിഹാരങ്ങളോട് അനുബന്ധമായാണ്.

ഡംബുല്ലയിലെ സുവര്‍ണ്ണക്ഷേത്രം
ഡാംബുല്ലയിലെ ഗുഹാക്ഷേത്രവും സുവര്‍ണ്ണക്ഷേത്രവും ഒരേകകമായാണ് വ്യവഹരിച്ചുവരുന്നതെങ്കിലും പൂര്‍ണ്ണമായും അതങ്ങിനെയാണെന്ന് പറയാന്‍വയ്യ. പാറയുടെ മുകളിലെ ഗുഹാക്ഷേത്രത്തിലേക്കുള്ള പടവുകള്‍ ആരംഭിക്കുന്നിടത്ത് ആധുനികമായ ബുദ്ധക്ഷേത്രസമാന നിര്‍മ്മിതികളേയും അതിനു മുകളിലായി കാണുന്ന സ്വര്‍ണ്ണനിറത്തിലുള്ള ഭീമാകാര ബുദ്ധപ്രതിമയേയും അടുത്തുതന്നെയുള്ള മറ്റൊരു സുവര്‍ണ്ണ പഗോഡയേയും ഒക്കെ ചേര്‍ത്ത് സുവര്‍ണ്ണക്ഷേത്രമെന്നു പറയാമെങ്കിലും, മലമുകളിലുള്ള യഥാര്‍ത്ഥ ഗുഹാക്ഷേത്രത്തിന് സ്വര്‍ണ്ണവര്‍ണ്ണവുമായി ബന്ധപ്പെട്ട പേര് ഉചിതമാവില്ല തന്നെ.

സുവര്‍ണ്ണ സ്തൂപം
ലോകത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ള ബുദ്ധക്ഷേത്രങ്ങളോട് വാസ്തുരൂപസാമ്യം പ്രകടിപ്പിക്കുന്ന ഒരു നിര്‍മ്മിതിയായി ശ്രീലങ്കയില്‍ കണ്ടത് പ്രവേശനഭാഗത്ത് കണ്ട വര്‍ണ്ണബഹുലമായ ഈ സുവര്‍ണ്ണക്ഷേത്രം മാത്രമാണ്. മറ്റു പലയിടത്തുമുള്ള ബുദ്ധ ആരാധനാലയങ്ങള്‍ സ്വന്തം അസ്തിത്വമുള്ള വ്യതിരക്ത നിര്‍മ്മിതികളായാണ് അനുഭവപ്പെട്ടത്. അവ കൂടുതലും സാമ്യംപ്രകടിപ്പിക്കുക, മേല്‍ക്കൂരയായി ഓടുപാകിയ കേരളത്തിലെ അമ്പലങ്ങളോടാണ്. ഇപ്പോള്‍ ശ്രീലങ്കയിലെ മതപരമായ ഇത്തരം കാര്യങ്ങള്‍ക്ക് വന്‍തോതില്‍ സാമ്പത്തികസഹായം വരുന്നത് ബുദ്ധമതത്തിന് പ്രാമുഖ്യമുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നായതിനാല്‍ അവിടങ്ങളിലെ സ്വാധീനം ക്ഷേത്രനിര്‍മ്മാണകലകളിലും മറ്റും പ്രകടമാവുന്നത് സ്വാഭാവികം മാത്രം.

ബുദ്ധപ്രതിമയുടെ പിന്‍ഭാഗം
സുവര്‍ണ്ണക്ഷേത്ര കവാടത്തിന്റെ പിന്നില്‍നിന്നാണ് ഗുഹാക്ഷേത്രത്തിലേക്കുള്ള കയറ്റം ആരംഭിക്കുന്നത്. ഭൂനിരപ്പില്‍ നിന്നും ഏതാണ്ട് ഇരുന്നൂറു മീറ്റര്‍ കയറിയാലാണ് ഗുഹാക്ഷേത്രത്തിലെത്തുക. ഈ പ്രദേശത്തുള്ള യുനസ്കോയുടെ മറ്റൊരു പൈതൃകകേന്ദ്രമായതിനാല്‍ തന്നെ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള സന്ദര്‍ശകരെ ഇവിടെയും കാണാന്‍ സാധിക്കും.  

ഗുഹാക്ഷേത്രത്തിലേയ്ക്കുള്ള കയറ്റം
ബുദ്ധിസത്തിന്റെ ആഗമനത്തോടെയാണ് ഡാംബുല്ല ചരിത്രത്തിലേയ്ക്ക് കുറച്ചുകൂടി വ്യക്തമായി പ്രവേശിക്കുന്നതെങ്കിലും, ഈ പ്രദേശത്തെ പാറകളില്‍ കണ്ടുവരുന്ന ഗുഹകള്‍ ചരിത്രാതീതകാലം മുതല്‍ ആദിമമനുഷ്യരാല്‍ അധിവസിക്കപെട്ടിരുന്നു എന്ന അവ്യക്തസൂചനകള്‍ കിട്ടുന്നുണ്ട്‌ . ഡാംബുല്ലയുടെ പരിസരങ്ങളില്‍ കണ്ടെത്തിയ അതിപുരാതന ശവക്കല്ലറകളാണ് ഈ അനുമാനത്തിന് ഹേതുവാകുക.

ഉയരത്തില്‍ നിന്നുള്ള ഈ താഴ്വാരക്കാഴ്ച കേരളത്തെ ഓര്‍മ്മിപ്പിക്കും
ബി. സി. ഒന്നാം നൂറ്റാണ്ടില്‍ അനുരാധപുരം ആസ്ഥാനമാക്കി ദ്വീപ് ഭരിച്ചിരുന്ന വലഗംബ രാജാവ്, തെക്കേയിന്ത്യയില്‍ നിന്നുള്ള നിരന്തര ആക്രമണങ്ങളില്‍ ഭയചകിതനായി തലസ്ഥാനം വിട്ട് ഓടിപ്പോയ കഥ മറ്റൊരുഭാഗത്ത് വിശദീകരിച്ചിരുന്നുവല്ലോ. അന്ന് അദ്ദേഹത്തിന് ഡാംബുല്ലയിലെ ഗുഹകളില്‍ താമസിച്ചിരുന്ന സന്യാസസമൂഹം അഭയംനല്‍കുകയും അദ്ദേഹം ഇവിടെ ഒരുപാടുകാലം ഒളിവില്‍ താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് വലഗംബ തന്റെ രാജ്യം തിരിച്ചുപിടിച്ചപ്പോള്‍ ഡാംബുല്ല വലിയൊരു ബുദ്ധവിഹാരമായി വികസിപ്പിക്കപ്പെട്ടതിനുള്ള കാരണങ്ങള്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ലല്ലോ.

ഗുഹാക്ഷേത്രത്തിലേയ്ക്കുള്ള പടവില്‍ കണ്ട ഒരമ്മയും കുഞ്ഞും
തറ നിരപ്പില്‍ നിന്നും ഏതാനും അടി ഉയരത്തില്‍ , പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന മേല്‍ക്കൂരയുമായി സ്ഥിതിചെയ്യുന്ന ഒരു നീളന്‍ പാറയാണ്‌ ഈ ഗുഹാക്ഷേത്രത്തിന്റെ പ്രകൃതികവചം. പ്രകൃതിതീര്‍ത്ത ഈ വലിയ സുരക്ഷിതസ്ഥാനം കാലാകാലങ്ങളില്‍ താമസസ്ഥലമായി മനുഷ്യര്‍ ഉപയോഗിച്ചിരുന്നിരിക്കാം. ആദിമകാലങ്ങളില്‍ ഗുഹകളായിരുന്നുവല്ലോ മനുഷരുടെ താവളങ്ങള്‍ . കുറച്ചുകൂടി അടുത്ത ഭൂതകാലത്തിലേയ്ക്ക് വരുമ്പോള്‍ , ബൗദ്ധസാന്നിധ്യം എന്നും ഗുഹകളോട് ബന്ധപ്പെട്ടിരിക്കുന്നു എന്നും നമ്മള്‍ മനസ്സിലാക്കുന്നുണ്ട്.

ഡംബുല്ല ഗുഹാക്ഷേത്രം
ഇവിടെ പ്രധാനമായും അഞ്ച് ഗുഹകളാണുള്ളത്. ഗുഹയോട് ചേര്‍ന്നും അതിനെ അലങ്കരിച്ചുകൊണ്ടും നിര്‍മ്മിതികള്‍ മുന്‍കാലങ്ങള്‍ മുതല്‍തന്നെ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോള്‍ പുറത്തേയ്ക്ക് പ്രകടമായി നില്‍ക്കുന്ന കമാനങ്ങളോടെയുള്ള നീളന്‍ ഇടനാഴി ഇരുപതാംനൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധത്തില്‍ മാത്രം പണികഴിപ്പിക്കപ്പെട്ടതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, താഴെ കണ്ട സുവര്‍ണ്ണക്ഷേത്രത്തിന്റെ നിറപ്പകിട്ടിനോട് യാതൊരു ഇഴയടുപ്പവും തോന്നാത്ത വ്യതിരിക്തനിര്‍മ്മിതിയാണിത്.

ഡംബുല്ല ഗുഹാക്ഷേത്രം - മറ്റൊരു വശത്തുനിന്നുള്ള കാഴ്ച
ക്ഷേത്രത്തിന്റെ നീളന്‍ ഇടനാഴിയില്‍ നില്‍ക്കുമ്പോള്‍ , ഈ കെട്ടിടങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് പ്രകൃതി നിര്‍മ്മിച്ചുനല്‍കിയ പാറകൊണ്ടുള്ള മച്ചിന് കീഴില്‍ ജീവിച്ചിരുന്ന ആദിമജനതതിയുടെ അദൃശ്യചേതനകള്‍ ഉച്ചതിരിഞ്ഞ നേരത്തെ സാന്ദ്രമായ വായുവിലൂടെ സഞ്ചരിക്കുന്നതായി തോന്നി. ഇതേ പോലുള്ള വൈകാരികമായ ഉണര്‍ച്ച, കുറച്ചുകൂടി ഗാഡമായി, വയനാടിലെ ഇടയ്ക്കല്‍ ഗുഹയില്‍ ചെന്നുനിന്നപ്പോഴും തോന്നിയിരുന്നു. ജീവന്റെ പ്രകമ്പനങ്ങള്‍ കാലത്തിന്റെ തിരതുഴഞ്ഞ് യാത്ര ചെയ്യുന്നുണ്ടാവുമോ? ചിലപ്പോള്‍ അകാരണമായി അങ്ങിനെ ചില തോന്നലുകള്‍ ആരുടെ ആത്മാവ് വന്ന് സ്പര്‍ശിക്കുന്നതിനാലാവും?

ക്ഷേത്രത്തിന്റെ ഇടാഴി
പുറത്തെ ശുഭ്രനിറത്തിന് വിപരീതമായി ഉള്‍ഭാഗത്തെ മച്ചും ചുമരുകളും വര്‍ണ്ണചിത്രങ്ങളാല്‍ മുഖരിതമാണ്. പലകാലങ്ങളിലും മാറിമാറി വന്ന രാജഭരണങ്ങള്‍ ക്ഷേത്രത്തില്‍ ഉദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതിനാല്‍ ഇവയുടെ കാലഗണന നിശിതമായി അടയാളപ്പെടുത്തിയിട്ടില്ല. ബൗദ്ധചരിതവുമായി ബന്ധപ്പെട്ടുവരുന്ന ചിത്രങ്ങള്‍ മാത്രമല്ല രാജക്കന്മാരുടേയും ഹൈന്ദവപുരാണങ്ങളില്‍ നിന്ന് എന്നുതോന്നിക്കുന്നവയുമായ വര്‍ണ്ണവരകളും ഇവിടെ സുലഭം.

ചുമരില്‍ നിന്നുള്ള ചിത്രഭാഗം
അഞ്ചു ഗുഹകളിലുമായി ഒരുപാട് ബുദ്ധപ്രതിമകളും സ്തൂപങ്ങളും ഒക്കെ ഞെരുങ്ങിയിരിക്കുന്നു. പ്രാര്‍ഥന/ധ്യാന സംബന്ധമായ ഏന്തെങ്കിലുമൊരു അനുഭവം സൃഷ്ടിക്കാന്‍ ഉതകുംവിധം വിശാലതയോ സ്വസ്ഥതയോ രൂപനിര്‍മ്മിതികള്‍ കൊണ്ട് നിറഞ്ഞ ക്ഷേത്രത്തിന്റെ ഉള്‍ഭാഗങ്ങള്‍ക്കില്ല. അതിനെക്കാളുപരി ഇവിടം എക്കാലത്തും ഒരു തീര്‍ഥാടനസ്ഥലമായിരുന്നിരിക്കാനാണ് സാധ്യത. വ്യവസ്ഥാപിത തീര്‍ഥാടനസ്ഥലങ്ങള്‍ അവ പ്രതിനിധാനം ചെയുന്ന മതത്തിന്റെ അടിസ്ഥാന തത്വശീലങ്ങളോട് കാര്യമായ മമതകാണിക്കാറില്ല എന്നാവും അത്തരത്തിലുള്ള എവിടെ ചെന്നുനിന്നാലും തോന്നുക. ഒരുപക്ഷെ ആദ്ധ്യാത്മികമായ മനോവ്യാപാരത്തിന് ഭൌതീകപരിസരത്തിന്റെ സ്വസ്ഥതതേടുന്നത് വ്യക്ത്യാധിഷ്ടിതവും വയക്തികവുമായ ലോപമനോഗതിയുടെ പ്രതിസ്ഫുരണവുമാവാം.

ഗുഹാക്ഷേത്രത്തിനുള്ളിലെ പ്രതിമകള്‍        
വലഗംബയുടെ കാലം മുതല്‍ ഇങ്ങോട്ടുള്ള പ്രതിമകളും സ്തൂപങ്ങളും ചിത്രങ്ങളും ഗുഹയ്ക്കുള്ളില്‍ കാണാം. എന്നാല്‍ അവയിലെ പൌരാണികതയുടെ അന്ത:സത്ത, കാലാകാലങ്ങളില്‍ തത്വദീക്ഷയില്ലാതെ ചെയ്ത അറ്റകുറ്റപണികളാലും നിറംപൂശലുകളാലും നഷ്ടപ്പെട്ടിട്ടുള്ളതായി കാണാം. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് നിന്നുള്ള കലാനിര്‍മ്മിതികള്‍ എന്നനിലയ്ക്ക് ഈ പ്രതിമകളും ചിത്രങ്ങളുമൊക്കെ കലാപരമായ യാതൊരു അനുഭൂതിയും തരുന്നില്ല എന്നുമാത്രമല്ല, സമകാലികമായ ഒരു കെട്ടുകാഴ്ച പോലെയാണ് അനുഭവപ്പെടുകകൂടി.

ഗുഹാക്ഷേത്രത്തിനുള്‍വശം - മറ്റൊരു കാഴ്ച
ഗുഹാക്ഷേത്രത്തിന്റെ ഉള്‍വശത്തെ രൂപസാന്ദ്രതയ്ക്ക് വിപരീതമാണ് ഇടനാഴിയും മുറ്റവും. നല്ല വെയിലുള്ള ആ മദ്ധ്യാഹ്നത്തില്‍ , ക്ഷേത്രമുറ്റത്തെ ആല്‍മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ , മലകയറ്റത്തിന്റെ ആയാസത്തെ ആറ്റി സുഖകരമായ ഒരു കാറ്റ് ചുറ്റിനടക്കുന്നുണ്ടായിരുന്നു. നമ്മുടെ അമ്പലങ്ങളുടെ മുറ്റത്തെ ആല്‍ത്തറ പോലെ തോന്നിക്കുന്ന പരിസരം. ആല്‍ത്തറകള്‍ കണ്ടിട്ടുണ്ടെന്നതിനപ്പുറം അത് ദൈനംദിനത്തില്‍ കടന്നുവരത്തക്കതായ  ജീവിതപരിസരം ഉണ്ടായിട്ടില്ല. ഉച്ചതിരിഞ്ഞ നേരങ്ങളില്‍ ആല്‍ത്തറയിലെ തണലില്‍ മലര്‍ന്നുകിടന്നാല്‍ വായുവിലെ ഓക്സിജനെ സ്പര്‍ശിച്ചറിയാം എന്ന് ഒരു കൂട്ടുകാരന്‍ പറഞ്ഞിട്ടുള്ളത് അപ്പോള്‍ ഓര്‍മ്മയുംവന്നു.

ക്ഷേത്രകുളത്തിലെ ആമ്പല്‍ പൂവ് - ശ്രീലങ്കയുടെ ദേശിയപുഷ്പമാണ്‌ ആമ്പല്‍
അപ്പോഴാണ്‌ ആല്‍ത്തറയില്‍ ഞങ്ങള്‍ ഇരിക്കുന്നതിന്റെ മറുഭാഗത്തായി ഒരു ചെറിയ ഹൈന്ദവ ആരാധനാഘട്ടം കണ്ടത്. അതേ, ഈ പുരാതന ബുദ്ധക്ഷേത്രത്തിന്റെ നേരെ മുന്നിലെ ആല്‍മരച്ചുവട്ടില്‍ ഹിന്ദുക്കളും ആരാധന നടത്താറുണ്ടത്രേ. മതസഹിഷ്ണുതയുടെ ചെറിയ രൂപങ്ങള്‍ സന്തോഷം തരുന്നത് എന്തുകൊണ്ടായിരിക്കും? മതം, സഹിഷ്ണതയുടെ കോശങ്ങള്‍ ഉള്‍പ്പേറുന്നതായി തെളിവുതരുന്ന അനേകം ഉദാഹരണങ്ങള്‍ ഇല്ല എന്നതിനാൽ തന്നെയാവും. മറിച്ചുള്ള കാഴ്ചകള്‍  എമ്പാടും ഉണ്ടുതാനും.

ആല്‍മരച്ചുവട്ടില്‍ ഹൈന്ദവ ആരാധനയ്ക്കുള്ള സ്ഥലം 
ഒരു പ്രത്യേക പ്രദേശത്തേയ്ക്ക് ചെല്ലുന്ന യാത്രികനെ പ്രാഥമികമായി ആകര്‍ഷിക്കുന്നത് പ്രകൃതിയും ചരിത്രവുമായിരിക്കും. അതില്‍ പ്രകൃതിയുടെ അപാരത മനുഷ്യന്റെ ചെയ്തികളെ എന്നും മറികടക്കുന്നു. അവന്റെ കടന്നുകയറ്റങ്ങളെ പ്രകൃതി, ക്ഷോഭങ്ങള്‍ കൊണ്ട് നേരിടുന്നു. പല വന്‍നാഗരികതകളും തകര്‍ന്നടിഞ്ഞത് പ്രകൃതി അല്‍പ്പം കടത്തി തലോടിയപ്പോഴാണ്. നമ്മുടെ ജന്മത്തില്‍ തന്നെ ഒരു സുനാമി കൊയ്തെടുത്ത ദുരന്തം നമ്മള്‍ കണ്ടുകഴിഞ്ഞു. പ്രകൃതിയുടെ രീതികള്‍ക്ക് മുന്നില്‍ മനുഷന്‍ തികച്ചും അശക്തനാണ്.

ഡംബുല്ലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ , കഴിഞ്ഞ അദ്ധ്യായത്തില്‍ പ്രതിപാദിച്ച സിഗിരിയാ മലയും ദൂരെ കാണാം 
എന്നാല്‍ ചരിത്രം കുറച്ചുകൂടി മനുഷ്യന്റെ കയ്യിലാണ് - ഒരു പ്രയോക്താവും ബോധപൂര്‍വ്വം മുന്‍കൂട്ടി നിശ്ചയിച്ച് ചരിത്രം ഉണ്ടാക്കുന്നില്ലെങ്കില്‍ കൂടിയും. അറിയപെടുന്ന മനുഷ്യചരിത്രത്തിലെ വലിയൊരു ഭാഗം നിവര്‍ത്തിക്കപ്പെട്ടിരിക്കുന്നത് മതങ്ങളുമായി ബന്ധപ്പെട്ടാണ്. ഡാംബുല്ലയിലെ വലിയ ബൗദ്ധാരാധനാലയത്തിന് മുന്നിലെ ചെറിയ ഹൈന്ദവാരാധനാ സ്ഥലത്ത് നില്‍ക്കുമ്പോള്‍ ഈ രണ്ടു മതങ്ങളെ കുറിച്ചും ആലോചിക്കാതെ വയ്യ...

നോണ്‍സെമറ്റിക്കായ, സാംസ്കാരികഘടനയുള്ള ഹിന്ദുമതം, എന്നാല്‍ വ്യവസ്ഥാപിതമായ മതബോധം വളരെ മുന്‍പേ പ്രകടിപ്പിച്ചിരുന്നു എന്നതിന് തെളിവത്രേ ബുദ്ധമതം. ഹിന്ദുമതത്തിനുള്ളിലെ ഒരു തിരുത്തല്‍വാദമായാണ് ബുദ്ധമതം വ്യാപകമായത് എന്നാണ് പൊതുവേ സൂചിപ്പിക്കപ്പെടുന്നത്. രണ്ടിന്റേയും പ്രഭവം ഇന്ത്യയിലാണെങ്കിലും, പില്‍ക്കാല മതമായ ബുദ്ധിസം അതിരുകള്‍കടന്ന് ലോകംമുഴുവന്‍ വ്യാപിച്ചു, പ്രത്യേകിച്ച് ഇന്ത്യക്ക് കിഴക്കോട്ടും വടക്കോട്ടും. എന്നാല്‍ കാലാന്തരേണ ഇന്ത്യയില്‍ സനാതനഹിന്ദുധര്‍മ്മത്തിന്റെ കൈവഴികള്‍ വ്യാപകമായി മടങ്ങിവന്നുവെങ്കിലും അത് ഇന്ത്യക്ക് പുറത്തേയ്ക്ക് ശക്തമായ വ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

ശ്രീലങ്കയില്‍ കണ്ട ഏതൊരു സാധാരണ ബുദ്ധമതവിശ്വാസിയുടെയും അടങ്ങാത്ത ആഗ്രഹമാണ് ഒരു ബുദ്ധഗയാ യാത്ര. എന്നാല്‍ ഇന്ത്യയില്‍ ഇന്ന് അത്തരമൊരു യാത്ര ആഗ്രഹിക്കുന്ന വിശ്വാസികള്‍ കുറവായിരിക്കും എന്നുതോന്നുന്നു.

മലയിറക്കത്തിലെ ഒരിടത്താവളം
ശ്രീലങ്കയിലെ ഒരാഴ്ച്ചത്തെ താമസത്തിനിടയ്ക്ക് അല്‍പം തിരക്കൊഴിഞ്ഞൊരു വൈകുന്നേരം താമസസ്ഥലത്ത് കിട്ടിയത് ഡംബുല്ല കണ്ടിറങ്ങിയതിന് ശേഷമാണ്. ഡംബുല്ല പട്ടണത്തിന്റെ പ്രാന്തത്തിലുള്ള കണ്ടലാമ എന്ന തടാകകരയിലെ ഒരു ഹോട്ടലിലായിരുന്നു ഈ ഭാഗത്തെ താമസം. കണ്ടലാമയുടെ തീരത്ത് ഏക്കറുകണക്കിന് സ്ഥലം പിന്‍മുറ്റമായുള്ള ഒരു ഹോട്ടലായിരുന്നു അത്. മരങ്ങള്‍ വച്ചുപിടിപ്പിച്ച് ഹരിതാഭമാക്കിയ വൃത്തിയുള്ള പരിസരം.

സായാഹ്നവിശ്രമത്തിന് ഏറ്റവും അനുയോജ്യമായ, ഹോട്ടലിന്റെ തടാകകരയിലെ പിന്‍മുറ്റം 
പുല്‍ത്തകിടിയിലൂടെ ഓടികളിക്കുന്ന മുയലുകള്‍ . തടാകത്തിനപ്പുറം ഒരു ചെറുമല. നല്ല കുളിര്‍മയുള്ള കാറ്റ്. തടാകത്തിന്റെ കരയില്‍ ഗ്രാമീണജീവിതത്തിന്റെ ലളിതകാഴ്ചകള്‍ . കുറച്ചു ദിവസത്തെ നിരന്തരമായ സഞ്ചാരവും അലച്ചിലും ശരീരത്തിന് ഏല്പിച്ച ക്ഷീണത്തെ അലിയിപ്പിച്ചുകളയുന്ന മനോഹരമായ പ്രോപ്പര്‍ട്ടി.

ഗ്രാമീണജീവിതത്തിന്റെ സുഭഗമായ കാഴ്ചകള്‍ 
കണ്ടലാമ ഒരു മനുഷ്യനിര്‍മ്മിത തടാകമത്രേ. മദ്ധ്യവടക്കന്‍ശ്രീലങ്കയില്‍ ഇത്തരത്തില്‍ മനുഷ്യനിര്‍മ്മിതമായ തടാകങ്ങള്‍ , നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മ്മിച്ചവ, അനേകം കാണാം. കാലവര്‍ഷത്തിന്റെ ലഭ്യതകുറവ് മൂലം വര്‍ഷത്തിന്റെ നല്ലൊര ഭാഗവും വരള്‍ച്ചനേരിടുന്ന മദ്ധ്യശ്രീലങ്കയുടെ ജനജീവിതത്തില്‍ ഈ തടാകങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രകൃത്യാ ഉള്ളത് എന്ന് തോന്നിപ്പിക്കുന്ന ഈ തടാകങ്ങളില്‍ സംഭരിക്കപ്പെട്ടിരിക്കുന്നത് മഴവെള്ളമത്രേ. ഇത്തരം തടാക നിര്‍മ്മാണങ്ങളുടെ ഇഞ്ചിനീറിംഗ് സാങ്കേതികതയെ കുറിച്ച് എനിക്കറിവില്ലെങ്കിലും (പത്തു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്നത്തെയത്ര സങ്കീര്‍ണമായ സാങ്കേതികത ഉപയോഗിച്ചിരിക്കുമോ എന്നത് വേറെ കാര്യം), തമിഴ്നാട് പോലുള്ള, വരണ്ടഭൂമി ഏറെയും വെറുതേകിടക്കുന്ന പ്രദേശങ്ങളില്‍ ഇത്തരം തടാകങ്ങള്‍ പരീക്ഷിച്ചുകൂടേ എന്ന സംശയം ബാക്കിയാവുന്നു. വല്ലപ്പോഴും പെയ്യുന്ന മഴയില്‍ നിന്നായാല്‍പോലും ഉള്ള വെള്ളം ക്രിയാത്മകമായി ഉപയോഗിക്കാമല്ലോ.

പുല്‍ത്തകിടിയിലെ മുയല്‍
ഇന്നത്തെ കാലത്തെ നിലവാരം വച്ചുനോക്കിയാല്‍പോലും ഈ വന്‍തടാകനിര്‍മ്മാണങ്ങള്‍ വലിയ മനുഷ്യപ്രവര്‍ത്തനം തന്നെ. ബ്രിട്ടീഷുകാര്‍ ഈ തടാകങ്ങളെ, അവ മനുഷ്യനിര്‍മ്മിതമായതിനാല്‍ 'ടാങ്കുകള്‍ ' എന്ന് വിളിച്ചു. അതിനാല്‍ ഇന്ന് ശ്രീലങ്കക്കാര്‍ ഇത്തരം തടാകങ്ങളെ പരാമര്‍ശിക്കാന്‍ ടാങ്കുകള്‍ എന്ന പേര് തന്നെയാണ് ഉപയോഗിക്കുന്നത്. തീര്‍ച്ചയായും ഇത്തരം വലിയ തടാകങ്ങളോട് നീതിപുലര്‍ത്തുന്ന ഒരു വാഗ്പ്രയോഗമല്ല അത്. കുറച്ച് സമയമെടുത്തു, അവര്‍ ഈ തടാകങ്ങളെയാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ .                     

കണ്ടലാമതടാകവും പിറകിലെ ചെറുമലയും 
മദ്ധ്യവടക്കന്‍ പ്രദേശത്ത്, 'കള്‍ച്ചറല്‍ട്രയാങ്കിളി'ല്‍പ്പെടുന്ന ഒരു ചരിത്രസ്ഥലം കൂടിയുണ്ട് - പോളൊന്നാറുവ. അടുത്ത ഭാഗം അതിനെക്കുറിച്ചാവാം.

- തുടരും -

5 അഭിപ്രായങ്ങൾ:

  1. ഇഷ്ടത്തോടെ ഇതും വായിച്ചു. അസ്സല്‍ എഴുത്തും അസ്സല്‍ ഫോട്ടോകളും - കരുണാകരന്‍

    മറുപടിഇല്ലാതാക്കൂ
  2. മരതകദ്വീപ് കാണാന്‍ ഞാനും മുടങ്ങാതെ വരുന്നുണ്ട്
    മനോഹരചിത്രങ്ങളും വിവരണവും

    മറുപടിഇല്ലാതാക്കൂ
  3. സാധാരണ ശ്രീലങ്ക എന്നാല്‍ കൊളൊമ്പോ, കാന്‍ഡി, നുവാര ഈലിയ, പിന്നെ ബീച്ചുകള്‍, ഇത്രയുമാണ്‌ കാണാറുള്ളത്‌ . ഡാംബൂളയും സിഗിരിയയുമൊക്കെ ഇവിടെ കാണാനായതില്‍ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  4. വര്‍ഷ, സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി. ചരിത്രത്തോട് ഒരല്‍പം മമത കൂടുതലായതു കൊണ്ടാവാം, യാത്രകളില്‍ ഇത്തരം സ്ഥലങ്ങള്‍ കഴിവതും ഉള്‍പ്പെടുത്താന്‍ നോക്കാറുണ്ട്.

    മറുപടിഇല്ലാതാക്കൂ