2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

കബനിയുടെ കരയില്‍ - രണ്ട്

യാത്രയിലുടനീളം തെറ്റിയും തെറിച്ചും മഴപെയ്തുകൊണ്ടിരുന്നു. ഇടവപ്പാതിയുടെ മദ്ധ്യത്തിലാണ് പലപ്പോഴും നാട്ടിലേക്കുള്ള അവധിയാത്രകള്‍. മക്കള്‍ സ്കൂള്‍വിദ്യാര്‍ഥികള്‍ ആയിരിക്കുന്ന കാലത്തോളം ഈ പതിവ് തെറ്റിക്കാനാവുമെന്നു തോന്നുന്നില്ല. ഗള്‍ഫ് പ്രദേശത്തെ സ്കൂളുകള്‍ക്ക് വേനലവധി ജൂണ്‍-ജൂലായി-ആഗസ്ത് മാസങ്ങളിലാവുകയാല്‍ ആ സമയത്തേയ്ക്ക് മാത്രമേ നാട്ടിലേക്കുള്ള യാത്രകള്‍ നിജപ്പെടുത്താന്‍ സാധിക്കാറുള്ളൂ. സഞ്ചാരത്തിന് നേരിയ തടസ്സങ്ങള്‍ ഉണ്ടായേക്കുമെങ്കിലും നാട്ടിലായിരിക്കാന്‍ ആഗ്രഹിക്കുക മഴക്കാലത്ത് തന്നെയാണ്. മരുഭൂമിയിലിരുന്നു നാടിനെ ഓര്‍ക്കുമ്പോള്‍ ഒക്കെയും മഴനനഞ്ഞുനില്‍ക്കുന്ന പച്ചയുടെ ഓര്‍മ്മകള്‍ മാത്രമേ തെളിയാറുള്ളൂ . തെങ്ങിന്‍ തലപ്പുകള്‍ക്കപ്പുറം, ചക്രവാളസീമയില്‍ കാളക്കൂറ്റന്മാരെപ്പോലെ കരിമേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിന്റെ കാഴ്ച, ഹരിതമണവുമായി എത്തുന്ന നനഞ്ഞ കാറ്റിന്റെ കുളിരുള്ള തഴുകലായി കടലുകള്‍ കടന്നും ശരീരത്തില്‍ പടരും.

മഴപെയ്യുന്ന വയനാടൻ മലനിരകൾ
ബാണാസുരസാഗര്‍ അണക്കെട്ട് കാണുക എന്നതായിരുന്നു വയനാടിലെ ആദ്യ പരിപാടി. കോഴിക്കോട് നിന്ന് വരുകയാണെങ്കില്‍ വൈത്തിരിയില്‍ ഇടത്തേയ്ക്കു തിരിഞ്ഞ് തരുവണയ്ക്കുള്ള വഴിയിലൂടെ ഏതാണ്ട് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാണാസുരസാഗര്‍ അണക്കെട്ടില്‍ എത്താം. പടിഞ്ഞാറത്തറയാണ് അടുത്തുള്ള പ്രമുഖ സ്ഥലം. ഇന്ത്യയിലെ ഏറ്റവും വലിയ മണല്‍ചിറയത്രേ (earth dam) ബാണാസുരസാഗര്‍. മറ്റു അണക്കെട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം വ്യത്യസ്ഥമാണ്‌ കാഴ്ചയില്‍ തന്നെ ഈ ഡാം. ഒരു വശത്തുനിന്ന് ചെളിമണല്‍ ഭീമാകാരമായ രീതിയില്‍ ഉയര്‍ത്തിപ്പൊക്കി നദിയുടെ സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ് ഇവിടെ. കബനിയുടെ കൈവഴിയായ കരമനത്തോട് പുഴയ്ക്കാണ് ഇവിടെവച്ച് അതിന്റെ സ്വാഭാവിക സഞ്ചാരം അവസാനിപ്പിക്കേണ്ടി വന്നത്. കക്കയം ജലവൈദ്യുത പദ്ധതിക്കും ജലസേചനത്തിനും ഒക്കെ ഇവിടെ നിന്നുള്ള വെള്ളം ഉപയുക്തമാകുന്നുണ്ടത്രേ. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ഒഴിവാക്കി ഭൂമിയില്‍ വെട്ടിയ സ്വാഭാവിക ചാലുകളിലൂടെയാണ് ഇവിടെ നിന്നുള്ള ജലം കൊണ്ടുപോകുന്നത്. സാധാരണ അണക്കെട്ടുകളില്‍ കാണുന്ന വലിയ കോണ്‍ക്രീറ്റ് പാളികള്‍ ഒഴിവാക്കിയും പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ഉപയോഗിക്കാതെയും കുറച്ചൊക്കെ പരിസ്ഥിതി സൌഹൃദമായ നിര്‍മ്മാണപ്രവര്‍ത്തനമാണ് ഈ അണക്കെട്ടിന്റേത് എന്ന് ആശ്വസിക്കാം. എന്നാല്‍ അണക്കെട്ടില്‍ നിന്നും അല്‍പ്പംമാറി സ്ഥിതിചെയ്യുന്ന ഷട്ടറുകളുടെ ഭാഗത്ത് കോണ്‍ക്രീറ്റ് എടുപ്പുകള്‍ കാണാം.

ബാണാസുരസാഗർ അണക്കെട്ട് - ഷട്ടർ 
പക്ഷെ അത്തരം ആശ്വാസങ്ങളൊക്കെ ഒരുപാട് പുനര്‍വിചിന്തനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. തീവ്രവാദസ്വഭാവമുള്ള പരിസ്ഥിതിവാദം അഭികാമ്യമല്ലാതിരിക്കുമ്പോള്‍ തന്നെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള അനിയന്ത്രിതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അനുവദിച്ചുകൊടുക്കാവുന്നതല്ല. ഇവ തമ്മിലുള്ള അതിര്‍ത്തി എവിടെയാണ്? സാമൂഹികമായി ചിന്തിക്കുന്ന ഒരു സാധാരണക്കാരനെ കുഴയ്ക്കുന്ന പ്രശ്നപ്രദേശം തന്നെയാണത്. ജലവൈദ്യുതി പദ്ധതികളെ ഒന്നടങ്കം തള്ളികളയാന്‍ ഇതെഴുതികൊണ്ടിരിക്കുന്ന ഈ നിമിഷത്തിന്റെ ആവേശത്തിലും സാധ്യമാവില്ല. ഈ കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ തെളിയാന്‍ വൈദ്യുതി വേണം തന്നെ. സാമൂഹികമായ ഒരു അവബോധത്തിന്റെ വ്യക്തിപരമായ പ്രതിബദ്ധതയില്‍ വിശ്വസിക്കുക എന്നതാണ് പലപ്പോഴും ബാക്കിയാവുന്ന പോംവഴി - എഴുതി കഴിയുന്ന ആ നിമിഷത്തില്‍ തന്നെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുക എന്നതുമാതിരിയുള്ള ചെറിയ ചില വീണ്ടുവിചാരങ്ങള്‍. അത്തരം ചെറിയ പ്രവൃത്തികള്‍ ലോകത്തെ വലിയരീതിയില്‍ സഹനീയമാക്കും എന്ന് കരുതാനാണ്‌ എനിക്കിഷ്ട്ടം.

ബാണാസുരസാഗർ അണക്കെട്ട്
ഡാമിന് താഴെ ഒന്ന് രണ്ടു പെട്ടികടകള്‍ . പലയിടത്തും തേനില്‍ ചാലിച്ച നെല്ലിക്ക കണ്ണാടികുപ്പികള്‍ക്കുള്ളില്‍ കണ്ടു. ഈ ഭാഗത്ത് മാത്രമുള്ളതാണോ, അതോ കേരളത്തിന്റെ ദൈനംദിനങ്ങളില്‍നിന്ന് ഞാന്‍ മാറിപ്പോയതിനുശേഷം ഉണ്ടായിവന്ന തെരുവോര ഭക്ഷണരീതികളില്‍ ഒന്നാണോ എന്നറിയില്ല. പണ്ട്, പറമ്പില്‍ തേങ്ങയിടുമ്പോഴാണ് കരിക്ക് ഒരാഘോഷമാക്കുന്നത്. ഇപ്പോള്‍ ഏതു നിരത്തുവക്കിലും കരിക്കുവില്‍പ്പന തകൃതിയായി നടക്കുന്നത് കാണാം.  ഇളനീരുകൊണ്ട് ദാഹംതീര്‍ക്കുക യാത്രകളിലെ പതിവാണിപ്പോള്‍. നഗരജീവിതത്തിന്റെ രുചിഭേദങ്ങളില്‍ കുട്ടികള്‍ ഇളനീരിനോട് താല്‍പ്പര്യം കാണിക്കാറില്ല. ശീലങ്ങള്‍ രുചിയെ നിര്‍വചിക്കുന്നുണ്ട്. അതില്‍ കാല്പനീകമാകുന്നതില്‍ അര്‍ത്ഥമില്ലെന്നുതോന്നും കുട്ടികള്‍ ഇളനീര്‍ ഒഴിവാക്കി പെപ്സി കുടിക്കുന്നത് കാണുമ്പോള്‍ .

അണക്കെട്ടിൽ നിന്നുള്ള വയനാടൻ മലകളുടെ ദൃശ്യം
ആ കടകള്‍ക്കടുത്തായി അണക്കെട്ടിലേക്കുള്ള പ്രവേശനടിക്കറ്റ് കൊടുക്കുന്ന സ്ഥലം. വേണമെങ്കില്‍ അണക്കെട്ടിന്റെ വശത്തുള്ള പടവുകളിലൂടെ മുകളിലേക്ക് നടന്നുകയറാം. അതിനു പ്രയാസമുള്ളവര്‍ക്ക് മറ്റൊരു വഴിയിലൂടെ ജീപ്പിലും പോകാം, പ്രത്യേകം ടിക്കറ്റ് എടുക്കണമെന്ന് മാത്രം. മഴചാറുകയായിരുന്നതിനാല്‍ ഞങ്ങള്‍ ജീപ്പിലാക്കി യാത്ര. അണക്കെട്ടിനു മുകളിലൂടെ സഞ്ചരിച്ച് അത് നമ്മളെ മറുകരയില്‍ എത്തിക്കുന്നു. അവിടെ ചെറിയ പാര്‍ക്കോ പൂന്തോട്ടമോ എന്നപോലെ ചില നിര്‍മ്മതികള്‍ കണ്ടു. മഴക്കാലം ആയതിനാലാവും അധികം സന്ദര്‍ശകരൊന്നും ആ ഭാഗത്ത് ഉണ്ടായിരുന്നില്ല. അതിനുമപ്പുറം ബോട്ടുജെട്ടി. ഞങ്ങള്‍ക്ക് മുന്‍പേ ജീപ്പില്‍ അവിടെയെത്തിയ കര്‍ണ്ണാടക സംഘം ബോട്ടില്‍ കയറിപോകുന്നത് കണ്ടു. രണ്ട് സ്പീഡ് ബോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരെണ്ണം മാത്രമേ അന്ന് യാത്ര നടത്തുന്നുണ്ടായിരുന്നുള്ളൂ. അതിനാല്‍ പോയ ബോട്ട് മടങ്ങിവരാന്‍വേണ്ടി അരമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു, പൊട്ടിപൊളിഞ്ഞ് വേണ്ടുവോളം അഴുക്കുപിടിച്ച ലൈഫ് ജാക്കറ്റും ധരിച്ച്. (ഇവിടെ ലൈഫ് ജാക്കറ്റ് ലഭിച്ചു എന്ന് ആശ്വസിക്കാം. കൊച്ചിയില്‍ വേമ്പനാട് കായലില്‍ ഒരു ബോട്ടുസവാരിക്ക് മുന്‍പ് അതിന്റെ നടത്തിപ്പുകാരനോട് ലൈഫ് ജാക്കറ്റ് ആവശ്യപെട്ടപ്പോള്‍ പുച്ഛം പടര്‍ന്ന ചിരിയായിരുന്നു മറുപടി.)

അണക്കെട്ട് - മറ്റൊരു കാഴ്ച
ചാറ്റല്‍ മഴയിലൂടെ സ്പീഡ് ബോട്ടിലുള്ള സഞ്ചാരം ത്രസിപ്പിക്കുന്നതായിരുന്നു. കായികമായി സാഹസികത ആവശ്യപ്പെടുന്ന ഒന്നിലും രസംപിടിക്കുന്ന സ്വഭാവം ഇല്ല. വേഗതയുടെ സാഹസികതയെക്കാളുപരി ആകര്‍ഷിച്ചത് നേര്‍ത്ത മഴയുടെ ആവരണത്തിനപ്പുറം ഉയര്‍ന്നുതാഴുന്ന വയനാടന്‍ മലനിരകളുടെ ഹരിതമായ നിമ്നോന്നതകള്‍ തന്നെ. അതിനും മുകളില്‍ മഴമേഘങ്ങളുടെ മഷിപടര്‍ന്ന ആകാശം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ബോട്ടുജെട്ടിയും തീരവും അകലെയായി. ജലാശയത്തിന്റെ പ്രതലത്തെ പിളര്‍ന്നു, ചെറുദ്വീപുകളുടെ ഇടയിലൂടെ ബോട്ട് അകലേക്ക്‌ അകലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരുന്നു, ചുറ്റും മലകള്‍ നിറഞ്ഞ കായലിന് നടുവില്‍ മനുഷ്യമണമുള്ള ഏകാന്തമായ ഒരു തുരുത്ത് പോലെ. ബോട്ടിന്റെ മുരളിച്ച മാത്രം മലകളില്‍ തട്ടി പ്രതിധ്വനിക്കുന്നു...

തടാകത്തിലെ ബോട്ടുസവാരി
അണക്കെട്ട് വരുന്നതിനു മുന്‍പ് ഇവിടം കരയായിരുന്നു. മനുഷ്യനും മൃഗങ്ങളും കിളികളും ഇവിടെ  ജീവിച്ചിരുന്നു. അവരുടെ കൂടുകള്‍ ഉണ്ടായിരുന്നു. അവരുടെ വിളനിലങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ഒരു ദിവസം അവയെല്ലാം ജലമെടുത്തു. കുട്ടിക്കാലത്ത് താന്‍ ഓടിക്കളിച്ചിരുന്ന, നാരങ്ങാമിഠായി വാങ്ങിക്കാന്‍ വന്നിരുന്ന കവലയെ കുറിച്ച് ഗൃഹാതുരതയോടെ ഒരു നാട്ടുകാരന്‍ ഓര്‍ത്തു. ആ ജനപഥമിപ്പോള്‍ ഈ ജലാശത്തിനടിയിലെവിടെയോയാണ്. ഒരുപക്ഷെ മത്സ്യക്കുഞ്ഞുങ്ങള്‍ അവിടെ ഓടികളിക്കുന്നുണ്ടാവും, ജലസസ്യങ്ങള്‍ക്കിടയില്‍ നിന്ന് നാരങ്ങാമിഠായികള്‍ പെറുക്കി തിന്നുന്നുണ്ടാവും...

3 അഭിപ്രായങ്ങൾ:

  1. ലേസർ,വിവരണവും ചിത്രങ്ങളൂം വളരെ നന്നായിരിക്കുന്നു. ബാണാസുര സാഗർ അണക്കെട്ട് എന്ന് കേട്ടിട്ട് മാത്രമേ ഉള്ളു. ഇപ്പോഴാണ് അതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നത്.ഒരു വയനാട് യാത്ര മനസ്സിൽ കയറിക്കൂടിയിട്ട് നാളുകൾ ഏറെയായി..അതു നടക്കുകയാണെങ്കിൽ ഈ സ്ഥലവും ക്കൂടി സന്ദർശിക്കുമെന്ന് തീർച്ച. സമീപമുള്ള കൂടുതൽ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ ഇനിയുള്ള പോസ്റ്റുകളീൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. ബാണാസുരാസാഗർ ഡാം - എനിക്കെന്തോ വൈകാരികമായ അടുപ്പമുണ്ട് ആ പ്രദേശത്തോട് , ഓരോ തവണ അവിടെ പോകുമ്പോഴും ഞാൻ ആലോചിക്കാറുണ്ട്, എന്റെ ബാപ്പയും ഉപ്പാപ്പയും അവരുടെ പിതാക്കന്മാരുമൊക്കെ ഇവിടെ എങ്ങിനെയായിരിക്കും ജീവിച്ചിരുന്നത് എന്ന്!!!

    Read more....

    മറുപടിഇല്ലാതാക്കൂ