2017, ജൂൺ 1, വ്യാഴാഴ്‌ച

ഭാദ്രപാദത്തിൽ, മറാത്തയെ തൊട്ടുതൊട്ട്... - മൂന്ന്

ഒരു അമേരിക്കൻ സംരംഭം കൂടി ലോകത്തിന്റെ മുഖ്യധാരയിലെ അഭിഭാജ്യ ഘടകമാകുന്നു എന്നുവേണം 'ഊബർ ക്യാബു'കളുടെ പ്രചാരത്തിൽ നിന്നും മനസ്സിലാക്കാൻ. ഇന്ന് ഊബർ മാത്രമല്ല, ഇതേ ആശയം കടമെടുത്ത് ഇന്ത്യയിൽ 'ഒല ക്യാബ്‌സ്' എന്ന കമ്പനിയും ഈ മേഖലയിൽ സജീവമാവുകയാണ്. ഈ മുംബൈ യാത്രയിലാണ് ഇത്തരം ടാക്സികാറുകളെ വളരെയധികം പ്രയോജനപ്പെടുത്താനുള്ള അവസരം വന്നത്. ഇത്രയും സൗകര്യപ്രദവും, വളരെ വിലക്കുറവുമുള്ള ഈ സംവിധാനം നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലേയ്ക്കും വ്യാപിക്കാൻ അധിക കാലതാമസമുണ്ടാവും എന്നു തോന്നുന്നില്ല.

കേരളത്തിലായിരിക്കുമ്പോൾ കൂടുതലും സ്വന്തമായി വണ്ടിയോടിച്ച്  യാത്രചെയ്യുകയാണ് പതിവ്. അതിനാൽ ഇവയുടെ ഉപയുക്തത നേരിട്ട് പരീക്ഷിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും, അവരുടെ സ്ഥിരം ഡ്രൈവറായ ഞാനില്ലാതെ, ഭാര്യയും മക്കളും തിരുവനന്തപുരത്തും എറണാകുളത്തും ഉള്ളപ്പോൾ, യാത്രകൾക്ക് ആശ്രയിക്കുന്നത് ഈ കാറുകളെയാണ്. ആദ്യമൊക്കെ പരമ്പരാഗത ടാക്സിക്കാരുടെ ഇടയിൽനിന്നും രൂക്ഷമായ എതിർപ്പ് ഈ പുതുതലമുറ ടാക്സികൾക്ക് നേരെ ഉണ്ടായിരുന്നു എന്ന വാർത്തകൾ കേട്ടിരുന്നു. എന്നാൽ ഈ സംവിധാനത്തിന്റെ ഉപയുക്തതയുടെ അനിവാര്യതകൊണ്ടുതന്നെ ആ എതിർപ്പുകളെ മറികടന്ന് ഇത് കേരളത്തിലും മുംബയിലെപ്പോലെ വിജയിക്കും എന്നുതന്നെയാണ് തോന്നുന്നത്.

ഇടതുപാക്ഷികതയുടെ രൂഢമൂലത്വം കൊണ്ടാവും ഏതൊരു പുതിയ സംരംഭവും തുടക്കത്തിൽ തൊഴിലാളി വിരുദ്ധവും മുതലാളിത്ത മുതലെടുപ്പുമായി കരുതി നമ്മൾ വിമുഖരായി നിൽക്കാറുണ്ട്. സമകാലചരിത്രത്തിൽ അതിന് തെളിവുകളുണ്ട്. പക്ഷേ അത് സമൂഹത്തിന്റെ വലിയ വീഴ്ചയായി കാണേണ്ട കാര്യമുണ്ടാവില്ല. പരിഷ്കൃതിയിലേയ്ക്കുള്ള ഓരോ മാറ്റത്തിലും അന്തർലീനമായിരിക്കുന്ന സംഘർഷനിർഭരമായ സാമൂഹ്യപരീക്ഷണത്തിന്റെ ഘട്ടമായി അത്തരം എതിർപ്പുകളെ കരുതിയാൽ മതിയാവും. പരാജയപ്പെടുന്നവ നമുക്ക് ഉചിതമായവ അല്ലെന്നും, തുടരുന്നവ നമുക്ക് ആവശ്യം വേണ്ടതും എന്ന നിലയിലുള്ള ഒരു സമവാക്യമാവും നല്ലത്.

ഒരു 'ഒല ക്യാബി'ൽ മുംബൈയിലെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ മുന്നിൽ വന്നിറങ്ങിയപ്പോൾ പാഠഭേദമുള്ള ഈ വിഷയം ആമുഖമായി ഓർത്തു എന്നുമാത്രം...

സഞ്ജയ് ഗാന്ധി ദേശീയോദ്യാനം
മുംബൈ ഒരു മഹാനഗരമാണ്! - ഈ പ്രയോഗം നമ്മൾ പതിനായിരത്തിയെട്ട് തവണ കേട്ടുകഴിഞ്ഞിട്ടുണ്ട്. എന്നാൽ മുംബൈയുടെ പല ഭാഗങ്ങളും വളരെ ഹരിതാഭമാണെന്ന് ഇവിടെയെത്തുന്നതുവരെ എനിക്കറിയുമായിരുന്നില്ല. ഈ നഗരം വളർന്നുവന്നിരിക്കുന്നത് സമ്പുഷ്ടവും സങ്കീർണവുമായ പച്ചഭൂപ്രകൃതിയിലാണ്. ഡൽഹിയെപ്പോലെ ഊഷരമായ സമതലത്തിൽ കെട്ടിപ്പൊക്കിയ നഗരമല്ല മുംബൈ.

മുംബൈയുടെ ഏറ്റവും പ്രധാനമായ ഭൂസവിശേഷത ഉൾക്കടലാണ്. ഈ പ്രദേശത്തിന്റെ നാഗരിക വളർച്ചയ്ക്ക് തുടക്കമായതും ഈ ഉൾക്കടൽ തീർത്ത പ്രകൃതിജന്യമായ വിശാലതുറമുഖത്തിന്റെ ഉപസ്ഥിതിയാലാണ്. പശ്ചിമഘട്ടം ഈ മേഖലയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നത് കടലിൽ നിന്നും അധികം ദൂരെയായല്ലാതെയുള്ള ചിതറിയ മലനിരകളാലാണ്. അവയിൽ നിന്നും ഉത്ഭവിക്കുന്ന, താരതമ്യേന വലിപ്പമുള്ള മൂന്നുനാല് നദികളെങ്കിലും മുംബൈ ഉൾക്കടലിൽ വന്നുചേരുന്നുണ്ട്. അംബയും പത്തൽഗംഗയും ഉൽഹാസുമൊക്കെ ആ നദികളിൽ പ്രധാനപ്പെട്ടവയാണ്. ഇവയെക്കുറിച്ചൊന്നും ഇതുവരെ കേട്ടിരുന്നില്ല എന്നതിനാൽ, തികച്ചും വൃക്ഷരഹിതമായ ഒരു നഗരമായാണ് മുംബൈ എന്റെ സങ്കല്പചിത്രത്തിൽ  വരയപ്പെട്ടിരുന്നത്.

എന്നാൽ യഥാർത്ഥത്തിൽ മുംബൈ അങ്ങനെയല്ല. ഉൾക്കടലും മലനിരകളും നദികളും ഒക്കെക്കൂടി ഉണ്ടാക്കിയെടുത്തിരിക്കുന്ന ട്രോപ്പിക്കൽ കാലാവസ്ഥയുടെ ഹരിതഭൂമിയിൽ ഉയർന്ന നഗരമാണ് മുംബൈ. പട്ടണം എത്രയൊക്കെ വളർന്നാലും, അതിന്റെ മുക്കിനേയും മൂലയേയും ഇലച്ചാർത്തുകളാൽ, പ്രകൃതി ആവുംവിധം പച്ചചാലിക്കുന്ന ഒരിടംകൂടിയാണ് മുംബൈ.

മഹാനഗരത്തിൽ തന്നെയുള്ള സഞ്ജയ് ഗാന്ധി ദേശീയോദ്യാനം ഇതിനുള്ള ഏറ്റവും മൂർത്തമായ നിദർശനവും.

ദേശീയോദ്യാനത്തിലെ അടിക്കാടുകളുടെ പുഷ്പമേളം...
ഞങ്ങൾ ഒരുപാട് കാനനയാത്രകൾ നടത്തിയിട്ടില്ല. ആഴത്തിലുള്ള കാടനുഭവങ്ങളുമില്ല. തെക്കേയിന്ത്യയിലെ ചില കാടുകൾക്കുള്ളിലൂടെ കടന്നുപോകുന്ന പൊതുപാതയെ ചില അവസരങ്ങളിൽ ഉപയുക്തമാക്കിയിട്ടുണ്ട് എന്നുമാത്രം. ബന്ദിപ്പൂരിലൂടെയും മുതുമലയിലൂടെയും കടന്നുപോയിട്ടുണ്ട്. വീരപ്പന്റെ താവളമായിരുന്ന സത്യമംഗലം കാട്ടിലൂടെ, അയാളുടെ മരണശേഷം സംഭരിച്ച ധൈര്യത്തിൽ, സഞ്ചരിച്ചിട്ടുണ്ട്. എങ്കിലും ഒരു വന്യജീവി സങ്കേതത്തിൽ, അവിടം കാണാനായി യാത്രചെയ്തത് ആദ്യമായി മുത്തങ്ങയിലാണ്. പിന്നീട് ഗവിയിൽ താമസിച്ച് പെരിയാർ കടുവാസങ്കേതത്തിന്റെ കാട്ടിലേക്ക് നടത്തിയ ചെറുകിട ട്രെക്കിങ്ങുകളും ഓർമ്മവരുന്നു.

കാടിനെ വല്ലാതെ അനുഭവിപ്പിച്ചത് മഴയാണ്. ഒരിക്കൽ നിലബൂരിൽ നിന്നും ഗൂഡല്ലൂരിലേയ്ക്ക് നാടുകാണിച്ചുരം വണ്ടിയോടിച്ചു കയറുമ്പോൾ പെരുമഴ ഞങ്ങളെ മൂടി. തൊട്ടുമുന്നിൽ പോലും കാണാനാവാത്ത രീതിയിൽ മഴയും കാടും കൂടി ഞങ്ങളെ പൊതിഞ്ഞുകളഞ്ഞ വിജനയാത്ര. നേർത്ത ഭയമുളവാക്കിയ, എന്നാൽ അവാച്യമായ അനുഭവം സമ്മാനിച്ച ഒരു മഴക്കാടനുഭവമായിരുന്നു അത്.

മറ്റൊരിക്കൽ കല്ലാറിൽ നിന്നും മീൻമുട്ടി വെള്ളച്ചാട്ടത്തിലേയ്ക് നടക്കുമ്പോൾ ഒരല്പനേരത്തേയ്ക്ക് ഇടവപ്പാതി കോരിച്ചൊരിഞ്ഞു. മഴക്കാടിന്റെ നിബിഢതയിൽ ഒരു പാറവിടവിൽ കയറിയിരുന്ന്, മഴധൂളികളേറ്റ്, കാടും മഴയും തീർക്കുന്ന പ്രാകൃത്യമായ ഏതൊക്കെയോ ഉന്മാദാനുഭൂതികളിൽ ആമഗ്നനായതും ഓർമ്മവരുന്നു...

എങ്കിലും മുംബൈ നഗരത്തിൽ കാടുണ്ടാവും എന്ന് കരുതിയിരുന്നില്ല...

കാട്ടിൽ നിന്നും നഗരം കാണുമ്പോൾ... 
എത്രപേർക്ക് അറിയുമെന്നറിയില്ല, നമ്മുടെ കൊച്ചി പട്ടണമധ്യത്തിലും, തീരെ ചെറുതെങ്കിലും, ഒരു സംരക്ഷിത വനമേഖലയുണ്ട് - മംഗളവനം! അത് ഒരു പക്ഷിസങ്കേതമാണ്. നഗരവികസനം, ഏതാണ്ട് പൂർണ്ണമായിത്തന്നെ നശിപ്പിച്ചുകളഞ്ഞ ഒരു ജൈവപ്രദേശമാണത്. ഇന്നിപ്പോൾ ഏതാണ്ട് കാൽ ചതുരശ്രകിലോമീറ്റർ ചുറ്റളവിൽ മാത്രമേ ആ തുരുത്ത് ബാക്കിയുള്ളൂ. ഹൈക്കോർട്ടിന്റെ ഒരു വശത്തുള്ള ആ പ്രദേശം കൊച്ചികായലിലേയ്ക്കും തുടർന്ന് കടലിലേയ്ക്കും തുറന്നിരിക്കുന്ന, ചതുപ്പും കണ്ടൽകാടുകളും മറ്റു വൃക്ഷങ്ങളും ഒക്കെയാൽ സമ്പുഷ്ടമായിരുന്നു ഒരിക്കൽ. അഴിമുഖങ്ങളോട് ചേർന്നുള്ള ചതുപ്പും വനവും അത്യധികം പ്രാധാന്യമുള്ള ജൈവമേഖലയാണ്. ദേശാടപക്ഷികളുടെ അയനമോഹങ്ങളെ തളിർപ്പിക്കുന്ന ആരണ്യങ്ങളാണവ.

കൊച്ചി വികസിച്ചപ്പോൾ മംഗളവനം ചുരുങ്ങി. ഇന്ന് മംഗളവനത്തിനും കായലിനും ഇടയ്ക്കുള്ള ഭാഗങ്ങളിലെല്ലാം പടുകൂറ്റൻ ഫ്‌ളാറ്റ് സമുച്ചയങ്ങളും മറ്റ് കെട്ടിടങ്ങളും വന്നുകഴിഞ്ഞു. ഗോശ്രീപാലം ഈ ഭാഗത്തെ ശബ്ദമുഖരിതമാക്കി. ഒരിക്കൽ ദേശാടനക്കിളികൾ പറന്നിരുന്ന ആകാശത്ത്, ഫ്‌ളാറ്റിന്റെ ജാലകത്തിലൂടെ കായൽ നോക്കിയിരിക്കുന്നു മനുഷ്യനെ കാണാം. ഏതോ മുൻജന്മകാമനകളാൽ, ദേശങ്ങളും കടലുകളും കാലാവസ്ഥകളും താണ്ടി മംഗളവനം തേടിയെത്തുന്ന കിളികൾ, തങ്ങൾക്കു മുന്നിൽ വഴിമറച്ചു നിൽക്കുന്ന കോൺക്രീറ്റ് എടുപ്പുകളുടെ സങ്കീർണ്ണതയിൽ പരിഭ്രമിച്ച്, ദിക്കുതെറ്റി എവിടേയ്‌ക്കൊക്കെയോ വിഷാദത്തോടെ പറന്നുമറയുന്നു...

ഇത്തരം ഇടങ്ങളിൽ പതിവായി കാണുന്ന ആൾ...
ഇതിന് അനുസാരിയായി കുറിക്കട്ടെ; സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്  മുന്നിൽ ചെന്നിറങ്ങിയപ്പോഴും നിരാശാജനകമായ അനുഭവമാണ് ഉണ്ടായത്. ആകെക്കൂടി ഒരു കാർണിവൽ വളപ്പിലേയ്ക്ക് പ്രവേശിക്കുന്നതു മാതിരിയുള്ള സംവിധാനങ്ങൾ. സംരക്ഷിത വനമേഖലയിലെ കാട് കാണാനെത്തിയവർ ആയിരുന്നില്ല അവിടെയുണ്ടായിരുന്നത്, വർണ്ണവസ്ത്രവിഭൂഷിതരായി പൂരം കാണാനെത്തിയ ജനതതി. സ്വകാര്യവാഹനങ്ങൾക്കും ടിക്കറ്റെടുത്ത് അകത്തേയ്ക്ക് കയറാം. ആകെക്കൂടിയൊരു ജഗപൊക...!

ഇവിടെ, ഈ കവാടത്തിൽ നിൽക്കുമ്പോൾ തിരുവനന്തപുരത്തെ മ്യൂസിയം വളപ്പിലോ മറ്റോ എത്തിയ ഒരു പ്രതീതിയാണ് ഉണ്ടാവുക. മുത്തങ്ങയിലെയോ ഗവിയിലെയോ പോലെ ഒരു ജീപ്പിൽ കയറി വനയാത്രയ്ക്ക് പോകാനാവും എന്നുകരുതി വന്ന ഞങ്ങൾ നിരാശരായി.

ഇതിനുള്ളിൽ അഞ്ച് ചതുരശ്രകിലോമീറ്റർ വലിപ്പത്തിൽ വരുന്ന ഒരുഭാഗം വിനോദകേളികൾക്കുള്ള മേഖലയാക്കി മാറ്റിയിട്ടുണ്ട്. ചെറിയ മൃഗശാലയും, തടാകത്തിലൂടെയുള്ള ബോട്ടുയാത്രയും ഒക്കെയായി സായാഹ്‌നകാലത്തെ നേരമ്പോക്കിനുള്ള ഒരിടം.

ഗണേശോത്സവത്തിന്റെ ഈ ദിവസങ്ങളിൽ അവിടേക്കുള്ള വർണ്ണജനപ്രവാഹം, അതിനാൽ തന്നെ ന്യായീകരിക്കത്തക്കതും!

പക്ഷെ യാതൊരു കാരണവശാലും ഇതിനെ മംഗളവനവുമായി താരതമ്യം ചെയ്യരുത്. ഏതാണ്ട് നൂറ് ചതുരശ്രകിലോമീറ്റർ വലിപ്പത്തിൽ കിടക്കുന്ന ഒരു വനപ്രദേശമാണിത്.

ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന പാത...
സന്ദർശകർക്കുള്ള ഇടപാടുകൾ എങ്ങനെയാണെന്ന് അറിയുമായിരുന്നില്ലെങ്കിലും ഇവിടേയ്ക്ക് വരാൻ തീരുമാനിച്ചപ്പോൾ രണ്ടു കാര്യങ്ങളാണ് ഉദ്ദേശിച്ചിരുന്നത്: ഒന്ന്, വനയാത്ര. മറ്റൊന്ന് വനത്തിനുള്ളിലെവിടെയോ സ്ഥിതിചെയ്യുന്ന കൻഹേരി ഗുഹകൾ (Kanheri Caves) കാണുക. വനയാത്രയുടെ ഇടയ്ക്ക് ഗുഹാസന്ദർശനം എന്ന നിലയ്ക്കായിരിക്കാം ഇവിടുത്തെ സജ്ജീകരണം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ആ വിചാരമൊക്കെ അപ്പാടെ തെറ്റിപ്പോയി.

ഇവിടെ ചെയ്യാൻ രണ്ടു കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് മുകളിൽ സൂചിപ്പിച്ച വിനോദങ്ങളിലേയ്ക്ക് പോവുക. അല്ലെങ്കിൽ കൻഹേരി ഗുഹയിലേക്ക് പോവുക. ആദ്യത്തെ സംഗതി ഞങ്ങളുടെ അജണ്ടയിൽ ഇല്ലാതിരുന്നതിനാലും അതിൽ താല്പര്യമില്ലാത്തതിനാലും നേരെ ഗുഹാസമുച്ചയമുള്ള ഭാഗത്തേയ്ക്ക് പോകാം എന്ന് തീരുമാനിച്ചു. ഏതാണ്ട് ഏഴെട്ട് കിലോമീറ്റർ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഗുഹകളിലേക്കുള്ള യാത്ര എന്തായാലും കാടിനുള്ളിലൂടെയല്ലേ സാധിക്കൂ എന്നതും ഒരാശ്വസമായി കരുതി.

എന്നാൽ കൻഹേരിയിലേക്ക് പോകാനുള്ള വാഹനം കണ്ടപ്പോൾ പന്തികേട് തോന്നി - ഒരു പഴയ മിനിബസ്. യാത്ര തുടങ്ങിയപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ചീട്ടെടുത്ത് അകത്തു പ്രവേശിച്ച വണ്ടികൾ മുഴുവൻ പോകുന്നത് ഗുഹാപ്രദേശത്തേയ്ക്കാണ്. റോഡിലാകമാനം ഒരിടത്തരം വഴിയുടെ വാഹനബാഹുല്യം. വഴിയോരത്ത് വണ്ടികൾ ഒതുക്കി ഒറ്റയ്ക്കും കൂട്ടമായും നിൽക്കുന്ന മനുഷ്യർ.  ഇതെന്തുതരം ദേശീയോദ്യാനം? കാടിന്റെ ഇത്രയും ഉള്ളിലേയ്ക്ക് സ്വകാര്യവാഹനങ്ങൾ അനുവദിച്ചിരിക്കുന്നത് സംരക്ഷിത വനമേഖലയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ അപകടപ്പെടുത്തുന്ന അസംബന്ധമാണ്.

കൻഹേരി ഗുഹയിലേയ്ക്കുള്ള പടവുകൾ...
ഗുഹയ്ക്ക് മുന്നിലെ പാർക്കിങ്ങിലും മറ്റും ഉത്‌സവത്തിന്റെ മേളം. യഥാർത്ഥത്തിൽ ഇത് ഗണേശോൽസവത്തിന്റെ കാലമാണ്. അതുകൊണ്ടു തന്നെ ഈ തിരക്ക് അതിന്റെ കൂടിയാവും എന്ന് കരുതാം. മറ്റുള്ള അവസരങ്ങളിൽ ഇത്രയും തിരക്ക് കാണില്ലായിരിക്കാം.

അവിടെ നിന്നും ഏതാനും പടവുകൾ കയറി വേണം ഗുഹാപ്രദേശത്തേയ്‌ക്കെത്താൻ. പടികൾ കയറിയെത്തുന്നത്, ഇതുവരെ മനസ്സിനെ നിരാശപ്പെടുത്തികൊണ്ടിരുന്ന പ്രതിലോമമായ കാഴ്ചകളെയും ചിന്തകളെയും മുഴുവനായും കുടഞ്ഞുകളയാൻ പര്യാപ്തമായ, വിശാലമായി കിടക്കുന്ന പൗരാണികമായ ചരിത്രഭൂമിയുടെ സമകാല ശേഷപത്രങ്ങളിലേക്കാണ്. സഞ്ജയ് ഗാന്ധി ദേശീയോദ്യാനവും അതിന്റെ പച്ചവിചാരങ്ങളും ബോധത്തിൽ നിന്നും ഒഴിഞ്ഞുപോയി. ഇത്, ആ വനഭൂമിക്ക് നടുവിലുള്ള മറ്റൊരു ലോകമാണ്. വർണ്ണചേലചുറ്റി ഉറക്കെ സംസാരിച്ച് അലോസരമുണ്ടാക്കുന്ന ആളുകളെ പ്രജ്ഞയിൽ നിന്നും കാഴ്ച്ചയിൽ നിന്നും പതുക്കെ മായിച്ചുകളഞ്ഞാൽ ഒരു സമയസഞ്ചാരിയായി ഇവിടെ നിൽക്കാം. അജ്ഞാതമായ ഏതോ വിദൂരഭൂതകാലത്തിന്റെ പ്രാക്തനമായ ഇടവഴികളിലൂടെ നടക്കാം...

കൻഹേരി ഗുഹ - ഒരു ഭാഗം
ഇന്ത്യയിലെ ബൗദ്ധസംസ്കൃതിയുടെ ചരിത്രശേഷിപ്പുകളായ ഗുഹാസമുച്ചങ്ങൾ ഇതിനുമുൻപ് അധികം കണ്ടിട്ടില്ല (ശ്രീലങ്കയാത്രയിൽ അവിടുത്തെ ബുദ്ധമതപ്രാമുഖ്യമുള്ള ചില പുരാതനഗുഹകൾ സന്ദർശിച്ചിരുന്നു). അതിനുള്ള പ്രധാനകാരണം ദക്ഷിണേന്ത്യയ്ക്ക് പുറത്ത് ഞങ്ങൾ കൂടുതൽ സഞ്ചരിച്ചിട്ടില്ല എന്നതാണ്. ദക്ഷിണേന്ത്യയിലെ ബൗദ്ധകാലത്തിന്റെ വ്യാപ്തിയും സജീവതയും എന്നും സംശയത്തിന്റെ നിഴലിലായിരുന്നു. അത്തരം ചരിത്രനിഗമനങ്ങളിലേയ്ക്ക് നിശിതമായി എത്തിച്ചേരാൻ സാധിക്കുന്ന പുരാവസ്തുപ്രദേശങ്ങൾ വേണ്ടരീതിൽ ഇവിടങ്ങളിൽ നിന്നും കണ്ടെടുക്കാനായിട്ടില്ല എന്ന വസ്തുതയുണ്ട്. എന്നാൽ ഇതിന് വിപരീതമായി ജൈനമതസംബന്ധിയായ ഏറെ ചരിത്രപ്രദേശങ്ങൾ ദക്ഷിണേന്ത്യയിൽ ഉണ്ടുതാനും. ബുദ്ധമതത്തിന്റെ ആലയങ്ങളെ സ്വന്തം അസ്തിത്വത്തിലേയ്ക്ക് സ്വാംശീകരിച്ചുകൊണ്ട്, അങ്ങനെ ആ മതത്തിന്റെ വസ്തുപ്രതിരൂപങ്ങളെ നിശ്ശേഷം ഇല്ലാതാക്കിക്കൊണ്ടാണ് ഹിന്ദുമതം ദക്ഷിണേന്ത്യയിൽ വ്യാപനം നടത്തിയത് എന്ന വാദവും നിലനിൽക്കുന്നു.

ഇടയ്‌ക്കൽ ഗുഹയുടെ കാര്യമെടുത്താൽ, അവിടുത്തെ കൊത്തുപണിയിൽ കാണുന്ന ചില പിൽക്കാല ലിപികൾ ബുദ്ധസ്പർശമുള്ളതാണെന്ന് കേസരിയുടെ ഒരു ലേഖനത്തിൽ വായിച്ചിട്ടുണ്ട് (വയനാടിന്റെ ചരിത്രം സമഗ്രമായി പകർത്തിയിട്ടുള്ള ഓ. കെ. ജോണിയുടെ പുസ്തകങ്ങൾ ഇതുവരെ വായിക്കാനായിട്ടില്ല). എങ്കിൽ തന്നെയും, അവിടുത്തെ കൊത്തുചിത്രങ്ങൾ അധികവും നവീനശിലായുഗ കാലത്തുനിന്നുള്ളതാണെന്ന് ഏറെക്കൂറെ ഉറപ്പിച്ചിട്ടുള്ളതിനാൽ, ആ ഗുഹയ്ക്ക് ബൗദ്ധപാരമ്പര്യത്തിന്റെ പരിവേഷം കൊടുക്കാനാവില്ല.

അതിനാൽ തന്നെ കൻഹേരിയിലെ ഗുഹാജന്യമായ ബുദ്ധവിഹാരങ്ങളുടെ വിസ്തൃതിയും സങ്കീർണ്ണതയും, ലളിതഗാത്രികളായ ഒന്നോ രണ്ടോ ഗുഹകൾ പ്രതീക്ഷിച്ചുവന്ന എന്നെ അത്യധികം അത്ഭുതപ്പെടുത്തി...

ഗുഹ - മറ്റൊരു കാഴ്ച...
ബൗദ്ധസംസ്കാരത്തിന്റെ പ്രഭവകേന്ദ്രം ഉത്തരേന്ത്യയാണല്ലോ. ഇന്ത്യയിൽ ഒരുകാലത്ത് വളരെ സജീവമായി നിലനിന്ന ബുദ്ധമതത്തിന്റെ അസ്തിത്വത്തിന് കൃത്യമായി തെളിവുനൽകാൻ അനേകം പുരാവസ്തുശേഷിപ്പുകൾ ഇവിടങ്ങളിൽ ബാക്കിയാക്കിയാണ് ആ മതത്തിന്റെ പ്രഭാവകാലം കടന്നുപോയത്. (ഇന്ത്യ ആകമാനം എടുക്കുമ്പോഴുള്ള ഒരു നിരീക്ഷണമാണിത്. രാജ്യത്തിന്റെ ഹിമാലയൻ മേഖലയിൽ ഇന്നും ബുദ്ധമതം പ്രബലമായി തുടരുന്നുണ്ട് എന്നത് മറക്കാവതല്ല.) മധ്യദേശമായ മറാത്തയിലും ഈ സംസ്ക്കാരത്തിന്റെ നീക്കിയിരിപ്പുകൾ അനേകം കണ്ടെത്താനാവും. ഒരുപക്ഷേ, ബൗദ്ധസംസൃതിയുടെ ഏറ്റവും പൊലിമയുള്ള ചരിത്രശേഷിപ്പുകൾ - അജന്തയും എല്ലോറയും - മഹാരാഷ്ട്രയിലെ പ്രമുഖപട്ടണമായ ഔറംഗാബാദിന് അടുത്താണല്ലോ സ്ഥിതിചെയ്യുന്നത്.

ഇവ കൂടാതെ ബുദ്ധമതസംബന്ധിയായ അനേകം ചരിത്രപ്രദേശങ്ങൾ മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കണ്ടെത്താൻ സാധിക്കും. അവയെക്കുറിച്ചൊന്നും കേരളത്തിലെ ചരിത്രപാഠപുസ്തകങ്ങളിൽ വേണ്ടവിധം പരാമർശിക്കപ്പെട്ടിട്ടില്ലാത്തതിനാൽ നമുക്ക് കാര്യമായ പരിചയമില്ല എന്നുമാത്രം. സജ്ജീവമായിരുന്ന ഇന്ത്യയിലെ ബുദ്ധസംസ്കൃതിയുടെ സവിശേഷമായ ചരിത്രബാക്കികളാണവ. കൻഹേരി അതിൽ ഒന്നുമാത്രമാണ്...                        

ഗുഹയിലെ ശില്പകൗതുകങ്ങളിൽ ഒരു കുട്ടി...
കൃഷ്ണഗിരി എന്ന കാല്പനികനാമം ലോപിച്ചുണ്ടായ കൻഹേരിയിൽ നിൽക്കുമ്പോൾ, ഈ സ്ഥലത്തെക്കുറിച്ച് ഇതിനുമുൻപ് പരാമർശയോഗ്യമായി എവിടെയെങ്കിലും കേട്ടിരുന്നോ എന്നെനിക്ക് ഓർത്തെടുക്കാനായില്ല. മുംബൈയെക്കുറിച്ച് കേട്ടിട്ടുള്ള നാഗരികമായ എല്ലാ കഥാപൊലിമകൾക്കുമപ്പുറം ചരിത്രഗന്ധിയായ ഒരു വിസ്തൃത ഗുഹാസമുച്ചയം തട്ടുതട്ടുകളായി ഇവിടെ നിവർന്നുകിടക്കുന്നു...

ലാവാകല്ലുകളാൽ നിർമ്മിതമായ ശൈലമുഖത്ത് മനുഷ്യൻ കൊത്തിയെടുത്തിരിക്കുന്ന നൂറ്റിയൊൻപത് ഗുഹകളാണിവിടെയുള്ളത്. ബി. സി. ഇ. ഒന്നാം നൂറ്റാണ്ടു മുതൽ സി. ഇ. പത്താം നൂറ്റാണ്ടുവരെയുള്ള ഏതാണ്ട് പതിനൊന്ന് ശദാബ്ദങ്ങളിലായാണ് ഈ ഗുഹകൾ കൊത്തിയെടുക്കപ്പെടുന്നത്. ആദ്യകാല ഗുഹകൾ അത്രയൊന്നും ആർഭാടമുള്ളവയല്ലെങ്കിലും, കാലം കടന്നുപോകവേ, ഇവിടുത്തെ അന്തേവാസികൾ അതീവ സങ്കീർണ്ണമായ ശില്പചിത്രങ്ങൾ കൊണ്ട് ഗുഹാചുമരുകളെ മുഖരിതമാക്കാൻ അത്യധികം പരിശ്രമിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം.

മലമുകളിലെ സെൽഫി
ഭൂപ്രതലത്തിൽ ഒരു വാസ്തുനിർമ്മിതി സാക്ഷാത്കരിക്കുന്നതുപോലെ എളുപ്പമല്ല പാറ തുരന്നുണ്ടാക്കുന്ന ആവിഷ്കാരങ്ങൾ. പാറയിൽ ഒരു ഗുഹ ആദ്യം തുരന്നിട്ട്, അതിലൊരു ശില്പമോ തൂണോ ഉണ്ടാക്കിവയ്ക്കുകയല്ല ചെയ്തിരിക്കുന്നത്. പാറ തുരക്കുന്നതും കലാനിർമ്മിതികളും ഒന്നിച്ചു സംഭവിക്കുകയാണ്. ബുദ്ധമത പ്രാമുഖ്യമുള്ള അത്യനേകം ശില്പങ്ങളും ഭീമാകാരമായ തൂണുകളും സ്തൂപങ്ങളും കൊത്തുലിപികളും ഒക്കെ ഇവിടെ കാണാൻ സാധിക്കും. അതിന്റെ സങ്കീർണ്ണമാനങ്ങൾ വ്യക്തമാകണമെങ്കിൽ അവിടെ ചെന്നുനിന്ന് ആ കലാപ്രകാശനങ്ങളെ സൂക്ഷ്മമായി സ്വാംശീകരിക്കാൻ ശ്രമിച്ചാൽ മാത്രമേ സാധ്യമാവുകയുള്ളു. എന്റെ പദ, ഭാവനാ സമ്പത്ത് അത്രയും കൃത്യമായി അതിനെ ഇവിടെ പുനരാവിഷ്കരിക്കാൻ പര്യാപ്തമല്ല എന്ന് പറഞ്ഞുകൊണ്ട് ഈ ഗുഹകളിലെ കലാവിവരണങ്ങളിൽ നിന്ന് ഞാൻ പിന്മാറുന്നു...

പരാമർശിതമായ നൂറ്റാണ്ടുകളിലൂടെ ഈ പ്രദേശങ്ങൾ, ഈ ഗുഹകൾ, സജീവമായ ബുദ്ധവിഹാരങ്ങളായി തുടരുകയായിരുന്നു. പല തലത്തിലുള്ള ചൈതന്യകളും (പ്രാർത്ഥനാലയം) സന്യാസാശ്രമങ്ങളും പാഠശാലകളും ധ്യാനകേന്ദ്രങ്ങളും അനുബന്ധമായ വർത്തകസഞ്ചാരങ്ങളും ഒക്കെയായി വൈവിധ്യമാർന്ന ജനസഞ്ചയം അക്കാലത്ത് ഈ പ്രദേശത്തെ ചലനാത്മകമാക്കിയിരുന്നു. ഉജ്ജയിനിയും നാസിക്കും പോലുള്ള വലിയ വാണിജ്യകേന്ദ്രങ്ങളുമായി കൻഹേരിക്ക് നേരിട്ട് കച്ചവടബന്ധങ്ങളുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.

ഭീമാകാരമായ ബുദ്ധശിൽപം
ഗുഹാസമുച്ചയങ്ങൾക്കും മുകളിൽ കുന്നിന്റെ നെറുകയിൽ കയറിനിന്ന് പടിഞ്ഞാറോട്ട് നോക്കുമ്പോൾ മഹാനഗരത്തിന്റെ എടുപ്പുകൾ കാണാം. ഹ്യുമിഡിറ്റിയുടെ സാന്ദ്രത തീർക്കുന്ന നേർത്ത മൂടലിന്റെ തിരശ്ശീലയ്ക്കപ്പുറം, അങ്ങകലെ നഗരം, അവ്യകതമായ ലംബരൂപങ്ങളായി വിന്യസിക്കപ്പെട്ടിരിക്കുന്നു. അതിനെ താങ്ങുന്ന തളിക പോലെ, ഇപ്പുറം കാട്. കാടിന്റെ ഇരുണ്ടപച്ചയിൽ വേർതിരിച്ചറിയാനാവാത്ത വൃക്ഷത്തലപ്പുകളുടെ വന്യത...

ഇത്തരത്തിൽ, സുലഭമല്ലാത്ത കാഴ്ചകൾ കണ്ടുനിൽക്കുമ്പോൾ ഉള്ളിൽ നിർവ്വചിക്കാനാവാത്ത ആഹ്ലാദത്തിന്റെ തിരയനക്കമുണ്ടാവും. വീട്ടുകാര്യങ്ങളും ജോലിയുമൊക്കെയായി കഴിയുന്ന വർഷത്തിന്റെ മറ്റു ദിനങ്ങളിൽ ഒരിക്കലും, എത്രയൊക്കെ ശ്രമിച്ചാലും കരഗതമാവാത്ത മന:ലാഘവത്തിന്റെ ഒരു സുതാര്യതലം. കുട്ടിയായിരിക്കുമ്പോൾ സൂക്ഷിച്ചുവച്ചിരുന്ന വളപ്പൊട്ടുകൾ എന്നോ നഷ്ടപ്പെട്ടുപോവുകയും, പൂഴിയിൽ പുതഞ്ഞുപോയ ആ വർണ്ണത്തുണ്ടുകൾ അപ്രതീക്ഷിതമായി മണൽപ്പരപ്പിൽ പ്രത്യക്ഷമാവുകയും ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ബാല്യകാലസന്തോഷത്തിന്റെ അത്രയും നിഷ്കളങ്കാനന്ദനം, ഈ മധ്യവയസ്‌ക ജീവിതത്തിന്റെ നേരങ്ങളിൽ പകരും...

അത് യാത്രകൾക്ക് മാത്രം നൽകാനാവുന്ന അനുഭവത്തിന്റെ ഒരടരാണ്...!

കുന്നിന്റെ മുകളിൽ നിന്നും നഗരം കാണുമ്പോൾ...
കിഴക്കോട്ട് നോക്കുമ്പോൾ പക്ഷെ മറ്റൊരു കാഴ്ചയാണ്. അനന്തമായി നീളുന്ന കാട്. ഞങ്ങൾ നിൽക്കുന്ന മലയെക്കാളും അല്പംകൂടി ഉയർന്ന ഭൂപ്രതലത്തിൽ ആയതിനാലാവാം ചക്രവാളത്തിന്റെ അതിർത്തിയോളം കാട് മാത്രം. ആ കാടിനപ്പുറം മുംബൈയുടെ ഉപഗ്രഹജില്ലയായ താനെ പട്ടണം വിന്യസിക്കപ്പെട്ടിരിക്കുന്നു എന്നറിയാം. പക്ഷെ അത് ഇവിടെ നിന്ന് കാണാനാവുന്നില്ല; കുത്തുന്ന പച്ച മാത്രം കണ്ണിൽ നിറയുന്നു. തെക്ക് പവായി പ്രദേശവും വടക്ക് ഉൽഹാസ് നദിയും വനഭൂമിക്ക് അതിർത്തിയാവുന്നു.

ഞാൻ മഴക്കാടിന്റെ നിബിഡമായ പച്ചയിലേയ്ക്ക് നോക്കിനിന്നു. ഒരേ നിറത്തിന്റെ നേർത്ത വകഭേദങ്ങളോടെ കാടങ്ങനെ കിടക്കുന്നു. ഓരോ മരത്തിന്റെയും സൂക്ഷ്മതകളെ വേർതിരിച്ചറിയാൻ ശ്രമിച്ചുകൊണ്ട് ഞാൻ കുറേനേരം അതിലേയ്ക്ക് നോക്കിനിന്നു. ഒരു കിളി പോലും പറക്കുന്നത് കാണുന്നില്ല. ഈ മദ്ധ്യാഹ്നം അവയുടെ ഉച്ചമയക്കത്തിന്റെ  നേരമാവാം. വൃക്ഷമേലാപ്പിന്റെ താഴെ വനനിഗൂഢതയിൽ, തന്റെ സ്ഥായിവിശ്രമഭാവത്തിൽ കിടന്ന്, ഇലകച്ചാർത്തുകളുടെ വിടവിലൂടെ ഒരു കടുവ എന്നെയും നോക്കുന്നുണ്ടാവുമോ? സഫാരി ഭാഗത്തെ മൃഗശാലയിൽ കടുവയുണ്ടെങ്കിലും, ഈ കാട്ടിൽ സ്വതന്ത്രവിഹാരം നടത്തുന്ന മറ്റൊരു കടുവ ഉള്ളതായി തെളിവുകളില്ലത്രേ... എങ്കിലും മരത്തലപ്പിലിരുന്ന്, തങ്ങളുടെ ലോകത്ത് അതിക്രമിച്ചുകയറി, പാറപ്പുറത്തുകൂടി ഗുഹകൾ തേടിനടക്കുന്ന മനുഷ്യരൂപങ്ങളെ അവജ്ഞയോടെ വീക്ഷിക്കുന്ന പുള്ളിപ്പുലികൾ ഉണ്ടായേക്കാം. ഈ കാടിനോട് ചേർന്ന് കിടക്കുന്ന അരയാ മിൽക്ക് കോളനി എന്ന ഗ്രാമഭാഗത്തേയ്ക്ക് പുലിയിറങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കാട്...
കൻഹേരി മലയിറങ്ങി അടിവാരത്തിലെത്തുമ്പോൾ, ദേശീയോദ്യാനത്തിന്റെ കവാടത്തിലേയ്ക്ക് എത്തിക്കുന്ന അവസാനത്തെ ബസാണ് എന്നുപറഞ്ഞ് ഒരെണ്ണം തയ്യാറായി നിൽപ്പുണ്ട്. അതിലെ തിരക്കിലേയ്ക്ക് എങ്ങനെയോ കയറിപ്പറ്റി. മടക്കയാത്രക്കാരുടെ വാഹനങ്ങളാൽ അത്യാവശ്യം ശബ്ദമുഖരിതമായ പാതയിലൂടെ ഞങ്ങൾ കയറിയ പുരാതനമായ ശകടം ഓടുമ്പോൾ പക്ഷേ, അങ്ങോട്ട് പോകുമ്പോൾ ഉണ്ടായിരുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ...

കവാടത്തിനടുത്തായി ഏതാണ്ട് അഞ്ച് ചതുരശ്രകിലോമീറ്റർ ഭാഗം ഒരു വിനോദോദ്യാനമാക്കി മാറ്റിയിട്ടുണ്ട്, ഗുഹയിലേയ്ക്കുള്ള എട്ട് കിലോമീറ്റർ ദൂരം ഏറെക്കൂറെ വാഹനബഹുലവുമാണ്. പക്ഷേ ഇത്രയും ഒഴിച്ചുനിർത്തിയാൽ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ നൂറ് ചതുരശ്രകിലോമീറ്റർ ചുറ്റളവ് മനുഷ്യസ്പർശമേൽക്കാത്ത നിബിഡമായ ഉഷ്ണമേഖലാ മഴക്കാടാണ്. മുംബൈ പോലൊരു വലിയ നഗരത്തിന്റെ ഉള്ളിൽ ഇത്രയും ബൃഹൃത്തായ വനമേഖല നിലനിർത്തിയിരുന്നു എന്നത് അഭിനന്ദനാർഹമായ സംഗതി തന്നെ.

മറ്റൊരദ്ധ്യായത്തിൽ സൂചിപ്പിച്ചതുപോലെ, മുൻപൊരിക്കൽ, ഒരു പെരുമഴക്കാലത്ത്, ഞങ്ങൾ മുംബൈയിൽ വരുകയും, വലിയൊരു  ചതുപ്പുപോലെ അനുഭവപ്പെട്ട നഗരത്തിൽ കാലുകുത്താതെ, ഈ ദേശത്തെക്കുറിച്ച് പ്രതിലോമമായ വിചാരങ്ങളുമായി മടങ്ങുകയുമാണുണ്ടായത്. അതുകഴിഞ്ഞ് ഒന്നുരണ്ട് തവണ ചില ആവശ്യങ്ങൾക്കായി തിരക്കിട്ട് വന്നുപോയപ്പോഴും ഈ സ്ഥലം അഭികാമ്യമായി അനുഭവപ്പെട്ടിരുന്നില്ല.

എന്നാൽ ഇപ്പോൾ തോന്നുന്നു, ആദ്യകാഴ്ചയുടെ അവ്യവസ്ഥയ്ക്കുള്ളിൽ, ഈ മഹാനഗരത്തിൽ, ആകർഷണീയമായ സൂക്ഷമവൈവിധ്യങ്ങൾ ലീനമായിട്ടുണ്ട്. അതിന്റെ ചെറുസ്പർശങ്ങൾ ഈ യാത്രയിൽ അനുഭവവേദ്യമാവുന്നുണ്ട്. എങ്കിലും കുറച്ചുകൂടി ആഴത്തിലറിയാൻ ഇവിടെയിനി അധിക ദിവസങ്ങൾ അനുവദിക്കപ്പെട്ടിട്ടില്ല. നാളെ ഒരു ദിനം കൂടി മാത്രമാണ് ബാക്കിയുള്ളത്...!

- തുടരും - 

4 അഭിപ്രായങ്ങൾ:

 1. മഹാനഗരത്തിന്‍റെ മറ്റൊരു മുഖം! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 2. വീണ്ടും കലക്കനൊരു സഞ്ചാര വിവരണം ...

  ഇത്തരത്തിൽ, സുലഭമല്ലാത്ത കാഴ്ചകൾ കണ്ടുനിൽക്കുമ്പോൾ
  ഉള്ളിൽ നിർവ്വചിക്കാനാവാത്ത ആഹ്ലാദത്തിന്റെ തിരയനക്കമുണ്ടാവും.
  വീട്ടുകാര്യങ്ങളും ജോലിയുമൊക്കെയായി കഴിയുന്ന വർഷത്തിന്റെ മറ്റു ദിനങ്ങളിൽ ഒരിക്കലും,
  എത്രയൊക്കെ ശ്രമിച്ചാലും കരഗതമാവാത്ത മന:ലാഘവത്തിന്റെ ഒരു സുതാര്യതലം. കുട്ടിയായിരിക്കുമ്പോൾ
  സൂക്ഷിച്ചുവച്ചിരുന്ന വളപ്പൊട്ടുകൾ എന്നോ നഷ്ടപ്പെട്ടുപോവുകയും, പൂഴിയിൽ പുതഞ്ഞുപോയ ആ വർണ്ണത്തുണ്ടുകൾ
  അപ്രതീക്ഷിതമായി മണൽപ്പരപ്പിൽ പ്രത്യക്ഷമാവുകയും ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ബാല്യകാലസന്തോഷത്തിന്റെ
  അത്രയും നിഷ്കളങ്കാനന്ദനം, ഈ മധ്യവയസ്‌ക ജീവിതത്തിന്റെ നേരങ്ങളിൽ പകരും...

  അത് യാത്രകൾക്ക് മാത്രം നൽകാനാവുന്ന അനുഭവത്തിന്റെ ഒരടരാണ്...!

  ഇതൊക്കെ വായിക്കുമ്പഴാണ് ,ഇത്തരം യാത്രകളെല്ലാം കയ്യെത്തി പിടിച്ച ഭായിയോടുള്ള അസൂയ കൂടി വരുന്നത് ..!

  മറുപടിഇല്ലാതാക്കൂ