2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

പട്ടണത്തിന്റെ കാവൽക്കാരൻ ഈ കുന്ന്, പ്രണയത്തിന്റെയും...!

ഇന്ന് അതൊരു സ്വപ്നം പോലെയാണ് തോന്നുക. അവിചാരിതമായി മഴ പെയ്തുകൊണ്ടിരുന്ന ഒരു ക്രിസ്തുമസ് അവധിക്കാലത്താണ്‌ ഞാൻ ആ മലയോര പട്ടണത്തിലേയ്ക്ക് ആദ്യമായി യാത്ര ചെയ്യുന്നത്. കാലത്തിന്റെ അർദ്ധസുതാര്യ തിരശ്ശീലയ്ക്കപ്പുറം അവ്യക്തമായി കിടക്കുന്ന ഒരു കാല്പനികകിനാവ്‌. യൗവ്വനാരംഭത്തിൽ പ്രണയാതുരത വഴിനടത്തിച്ചു കൊണ്ടുപോയ ഒരു ബസ്സ്‌ യാത്ര.

ചുട്ടിപ്പാറ
മണ്ഡലകാലം. ബസ്സിൽ മുഴുവൻ തീർത്ഥാടകർ. ശരണംവിളികളാൽ മുഖരിതം. മഴയുടെ തണുപ്പും ഇരുട്ടും ബസ്സിനകത്ത്. ശരണംവിളികളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം. മനസ്സ് പ്രണയത്തിന്റെ നിറവിലും. എല്ലാം കൊണ്ടും അഭൗമമായ ഒരു യാത്ര. ചന്നംപിന്നം പെയ്യുന്ന മഴയിൽ, ആ സായാഹ്നത്തിൽ, പത്തനംതിട്ട ബസ്സ്‌സ്റ്റാൻഡിൽ ചെന്നിറങ്ങുമ്പോൾ, നിറഞ്ഞ ആകാശത്തിന്റെ കാളിമയിൽ, പെട്ടെന്ന് കണ്ണിൽപ്പെട്ടത് ബസ്സ്‌സ്റ്റാൻഡിന് തൊട്ടുപിറകിലെന്ന പോലെ കാണപ്പെട്ട ഏകാന്തമായി നിൽക്കുന്ന ആ പാറക്കുന്നാണ്.

ചുട്ടിപാറയിലേയ്ക്കുള്ള കയറ്റം
മഴ പെയ്തും തോർന്നും നിന്ന ആ ഇരുണ്ട സന്ധ്യയിൽ പട്ടണനിരത്തുകളിലൂടെ നടക്കുമ്പോൾ ഒക്കെയും, പട്ടണത്തിന്റെ കിഴക്കൻ അതിരായി ആ ഒറ്റയാൻ കുന്ന് കാഴ്ചയിൽ ഒഴിയാതെ കുടുങ്ങികിടന്നു. ആദ്യമായി എത്തുന്ന ആരും കുറച്ചുനേരം അതു നോക്കി നിന്നുപോകും. അന്ന് ആ കുന്നിന്റെ പേര് ചുട്ടിപ്പാറ എന്നറിയില്ലായിരുന്നു. അനിശ്ചിതമായ കാലമായിരുന്നു. സാഹസികമായ ദൈനംദിനങ്ങളായിരുന്നു. ഇനി ഒരിക്കൽകൂടി ഈ പട്ടണത്തിലേയ്ക്ക് വരുമോ എന്നും അറിയില്ലായിരുന്നു...

മൂവന്തിവെട്ടത്തിൽ പത്തനംതിട്ട പട്ടണം. ചുട്ടിപ്പാറയ്ക്ക് മുകളിൽ നിന്നുള്ള കാഴ്ച
എന്നാൽ കാലം കാത്തുവച്ചത് മറ്റെന്തോ ആയിരുന്നു. വീണ്ടും വീണ്ടും ആ പട്ടണത്തിലേയ്ക്ക് തിരിച്ചുപോയി. ഭാര്യയുടെ ജന്മനാട് എന്ന നിലയ്ക്ക് പത്തനംതിട്ടയും പരിസരങ്ങളും പിന്നീട് സുപരിചിതമായി. ജന്മനാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന പ്രദേശമായി. സമതലം മാത്രം പരിചയമുണ്ടായിരുന്ന ഭൂവറിവുകളിൽ മലയോരത്തിന്റെ വ്യതിരക്ത ഭൂപ്രകൃതിയും കടന്നുവന്നു. ആ ദേശത്തിന്റെ മുക്കിലും മൂലയിലുമൂടെ അനിവാര്യമായ സഞ്ചാരങ്ങൾ നടത്തി. പണ്ട് അത്ഭുതത്തോടെ നോക്കി നിന്ന ആ കുഞ്ഞുമല സ്ഥിരപരിചിതത്വം മൂലം കാഴ്ച്ചയുടെ കൂതുഹലങ്ങളിൽ നിന്നും പിന്നണിയിലേയ്ക്ക് മാറി.

ചുട്ടിപാറയ്ക്ക് മുകളിൽ നിന്നും അച്ചൻകോവിലാർ കാണുമ്പോൾ...
ഇക്കഴിഞ്ഞ അവധിക്കാലത്ത് ഭാര്യയുടെ കുടുംബവീട്ടിൽ, പല ഭാഗത്ത് നിന്നും വന്ന സഹോദരങ്ങൾ എല്ലാം ഒത്തുകൂടിയിരുന്നു. വല്ലപ്പോഴും പരസ്പരം കാണുന്ന കുട്ടികൾക്ക് ഒരു ഉത്സവകാലം... റംസാൻ ദിവസം കുട്ടികളെ കസിൻസിന്റെ കൂടെ അവരുടെ വഴിക്ക് വിട്ട്  ഞാനും ഭാര്യയും ചില വീട്ടുസാമാനങ്ങൾ വാങ്ങാനും ചില ഭവനസന്ദർശനങ്ങൾക്കുമായി പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു. പട്ടണമധ്യത്തിൽ നിൽക്കുമ്പോൾ വീട്ടിൽ നിന്നും ഭാര്യാസഹോദരന്റെ വിളി: ഞങ്ങൾ കുട്ടികളുമായി ചുട്ടിപ്പാറ കയറാൻ പോകുന്നു. വരുന്നോ? ആദ്യമായി കണ്ടതിനു ശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞ് അങ്ങിനെ ഞാൻ ചുട്ടിപ്പാറ കയറാൻ തുടങ്ങി.

കുന്നിന് മുകളിൽ നിന്നും കുമ്പഴ ഭാഗത്തേയ്ക്കുള്ള കാഴ്ച
പട്ടണത്തിൽ നിന്നും കിഴക്കോട്ട്, കുമ്പഴയ്ക്കുള്ള റോഡിലൂടെ അല്പം ചെന്നാൽ വലതുവശത്തായി ഫയർസ്റ്റേഷൻ കാണാം. അവിടെ നിന്നാണ് ചുട്ടിപ്പാറയ്ക്ക് മുകളിലേയ്ക്കുള്ള നടപ്പാത ആരംഭിക്കുന്നത്. ആദ്യ കുറച്ചുഭാഗത്ത് പടവുകളും വ്യക്തമായ നടപ്പാതയും ഉണ്ട്. അതിനുശേഷം പുൽപ്പടർപ്പുകൾക്കിടയിലൂടെ ഉരുളൻ പാറകളിൽ ചവിട്ടി കയറണം. കുറച്ചുദൂരം വശങ്ങളിലായി ജനവാസകേന്ദ്രമാണ്. വീടുകളും മറ്റും കാണാം.

പട്ടണത്തിലെ പ്രൈവറ്റ് ബസ്സ്സ്റ്റാന്റ് പ്രദേശം മുകളിൽ നിന്ന് കാണുമ്പോൾ 
മുകളിലെത്തിക്കഴിഞ്ഞാൽ രണ്ട് വ്യത്യസ്ത പ്രതലങ്ങളായി വിശാലമായ പാറപ്പുറം. അവിടെ നിന്നാൽ നാല് ദിക്കുകളും വ്യക്തമായി കാണാം. കിഴക്കൻ പ്രദേശത്തു നിന്നും ഒഴുകിവന്ന് പട്ടണത്തെ തഴുകി കടന്നുപോകുന്ന അച്ചൻകോവിലാറ്. നദിയുടെ കരയിലുള്ള (തിട്ട) പട്ടണം (പത്തനം) എന്ന അർത്ഥത്തിലാണ് പത്തനംതിട്ട എന്ന പേരു വന്നത് എന്നൊരു വ്യാഖ്യാനം കേട്ടിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ അച്ചൻകോവിൽ മലകളിൽ നിന്നും ഉത്ഭവിച്ച് മദ്ധ്യതിരുവിതാംകൂറിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് ഈ നദി കാരിച്ചാലിനടുത്ത് വിയ്യപുരം എന്ന ഗ്രാമത്തിൽ വച്ച് പമ്പയിൽ ലയിക്കുന്നു.

കാതോലിക്കേറ്റ് കോളേജ് ഭാഗത്തേയ്ക്കുള്ള കാഴ്ച
1982 - ലാണ് പത്തനംതിട്ട ജില്ല സ്ഥാപിതമാവുന്നത്. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ കുറച്ചു ഭാഗങ്ങൾ വീതം അടർത്തിമാറ്റി സ്ഥാപിച്ച ഈ ജില്ലയുടെ ആസ്ഥാനം പത്തനംതിട്ട പട്ടണവുമായി നിജപ്പെടുത്തി. എങ്കിൽ തന്നെയും ഈ ജില്ലയിലെ ഏറ്റവും വലിയ പട്ടണം എം. സി. റോഡ്‌ കടന്നുപോകുന്ന തിരുവല്ലയായിരിക്കും. അമേരിക്കൻ / ഗൾഫ് സ്വാധീനമാവാം, വനപ്രദേശം ഒഴിച്ചുനിർത്തിയാൽ, ഈ ജില്ലയുടെ ഓരോ പത്തു കിലോമീറ്ററിലും തരക്കേടില്ലാത്ത ഒരു പട്ടണം കാണാനാവും.

താഴ് വാരത്തിലേയ്ക്ക് ഒരു നോട്ടം
ശബരിമലയത്രേ പത്തനംതിട്ടയുടെ തുറുപ്പുചീട്ട്. തെക്കേ ഇന്ത്യയിലെ വലിയ തീർത്ഥാടന സ്ഥലമായ ശബരിമലയ്ക്കടുത്തുള്ള പ്രധാനപട്ടണം എന്ന നിലയ്ക്ക് പത്തനംതിട്ടയുടെ ചലനവേഗങ്ങൾ വർദ്ധിതമായിരിക്കും, പ്രത്യേകിച്ച് മണ്ഡലകാല സമയത്ത്. എങ്കിലും മറ്റുള്ള നേരങ്ങളിൽ ശബരിമലയുടെ സാമീപ്യം പത്തനതിട്ട പട്ടണത്തിൽ ചെറിയ രീതിയിൽപ്പോലും ചലനം ഉണ്ടാക്കുന്നതായി എനിക്കനുഭവപ്പെട്ടിട്ടില്ല. യാത്രാസൗകര്യങ്ങളും മറ്റും ഏറെ മാറിക്കഴിഞ്ഞ ഇക്കാലത്ത് പത്തനംതിട്ട പട്ടണത്തിൽ വരാതെ തന്നെ പമ്പയിലെത്താൻ പല ഭാഗത്തു നിന്നും അനേകം വഴികളുണ്ട്.

മുത്തൂറ്റ് ആശുപത്രിയും 'മലയാള മനോരമ'യും മറ്റും...
കൃത്യമായി പറഞ്ഞാൽ 1992 - ൽ ഞാൻ ആദ്യമായി എത്തുമ്പോൾ പത്തനംതിട്ട ഒരു ചെറിയ പട്ടണമായിരുന്നു. വളരെ ചുരുങ്ങിയ ഒരു ചുറ്റളവിൽ പരിമിതപ്പെട്ടിരുന്ന സ്ഥലം. പത്തനംതിട്ട പട്ടണത്തിന്റെ സമഗ്രമായ മാറ്റത്തിന് കാരണമായത്‌ പിൽകാലത്ത് സാക്ഷാത്കരിക്കപ്പെട്ട റിംഗ്റോഡാണ്. അതിനോട് ബന്ധപ്പെട്ടാണ് പിന്നീട് പട്ടണം വളർന്നതും വിസ്തൃതമാക്കപ്പെട്ടതും. അബാൻ ജംഗ്ഷൻ പോലുള്ള കച്ചവടകേന്ദ്രങ്ങളും പുതിയ പ്രൈവറ്റ് ബസ്സ്‌സ്റ്റാന്റും മുത്തൂറ്റ് ആശുപത്രിയും മലയാള മനോരമ പത്രത്തിന്റെ പ്രാദേശിക കാര്യാലയവും അതുപോലുള്ള മറ്റു പല സ്ഥാപനങ്ങളും ഈ റോഡിന്റെ വശത്തായാണ് ഉയർന്നു വന്നിരിക്കുന്നത്.

അബാൻ ജംഗ്ഷൻ
ചുട്ടിപ്പാറയുടെ മുകളിലെത്തുമ്പോൾ മരത്തിന്റെ കീഴിലായി ഒരു ശിവലിംഗ പ്രതിഷ്ഠയും തീരെ ചെറിയ മറ്റു ചില ഭക്തനിർമ്മിതികളും കാണാം. ഇതൊരു ശിവക്ഷേത്രമത്രേ. കുറച്ചുനാളുകൾക്ക് മുൻപ് ജില്ലാ വിനോദസഞ്ചാര വകുപ്പ് ചുട്ടിപ്പാറയെ ഒരു ടൂറിസം മേഘലയായി വികസിപ്പിക്കാനുള്ള ആലോചനയിട്ടപ്പോൾ സ്ഥലത്തെ ഹിന്ദുസംഘടനകളും മറ്റും ഈ അമ്പലത്തിന്റെ കാര്യം മുന്നോട്ടുവച്ച് അത്തരമൊരു വികസനം അനുവദിച്ചില്ല. ഒരു ശിവലിംഗമോ കുരിശോ കൊണ്ട് നാട്ടിയതിന് ശേഷം അത്തരം പൊതുസ്ഥലങ്ങൾ വളച്ചെടുക്കുന്ന മതസംഘടനകൾക്ക് നാട്ടിൽ അല്ലെങ്കിലും കുറവൊന്നുമില്ലല്ലോ.

ശിവലിംഗ പ്രതിഷ്ഠ
വ്യക്തിപരമായി, ടൂറിസം വകുപ്പിന്റെ വികസനം നടക്കാതെ പോയതിൽ സന്തോഷമേയുള്ളൂ. മനുഷ്യന്റെ അനാവശ്യമായ ഇടപെടലുകൾ, അത് എന്തുതന്നെയായാലും, സ്വാഭാവികതയുടെ വക്രീകരണമാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങൾ അങ്ങനെതന്നെ നിൽക്കട്ടെ. അതിനാണ് ചാരുത. പക്ഷെ ഞങ്ങൾ അവിടെ ചെല്ലുമ്പോൾ, ആ ശിവലിംഗ പ്രതിഷ്ഠയ്ക്ക് അടുത്തായി ചില നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികളും തയ്യാറെടുപ്പുകളും കണ്ടു. ഇനിയൊരിക്കൽ ഇവിടെ വരികയാണെങ്കിൽ ഇന്നത്തെ സ്വാഭാവികത ഉണ്ടാവില്ലായിരിക്കും എന്ന് ന്യായമായും അനുമാനിക്കാം.

മൈലപ്ര ഭാഗത്തേയ്ക്കുള്ള കാഴ്ച
ചുട്ടിപ്പാറയുടെ ശൈലാഗ്രത്തിലിരുന്ന് ഞാൻ പത്തനംതിട്ട പട്ടണത്തിലേയ്ക്ക് നോക്കി. എന്തുമാത്രം അവിചാരിതങ്ങളുടെ ശേഷപത്രമാണ്‌ ഓരോ ജീവിതവും, ആ ജീവിതത്തിലെ ഓരോ നിമിഷവും. ഈ കുന്നുകയറുമെന്നോ, ജീവിതത്തിന്റെ ഗതിനിർണ്ണയിച്ച അവിചാരിതങ്ങളുടെ അരങ്ങായ ആ പട്ടണത്തിലേയ്ക്ക് ഇങ്ങനെയിരുന്ന് ഒരു അകാശകാഴ്ച സാധ്യമാവുമെന്നൊ ഏതാനും മണിക്കൂറുകൾക്കു മുൻപ് കരുതിയിരുന്നില്ലല്ലോ. അതുപോലെ, പിറകിലേയ്ക്ക് പിറകിലേയ്ക്ക്..., ആകസ്മികതകളുടെ കോർന്നുകിടക്കുന്ന വർണ്ണാഭവും നിറംമങ്ങിയതുമായ സമ്മിശ്രമുത്തുകളുടെ വിചിത്രമാല...

കുമ്പഴ ഭാഗത്തേയ്ക്കുള്ള കാഴ്ച
പത്തനംതിട്ട പട്ടണത്തിനു മുകളിലൂടെ സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞ്, മൂവന്തി, കുന്നിൻമുകളിലേയ്ക്ക് ഇറങ്ങി വരുന്നതുവരെ ഞങ്ങൾ അവിടെ കഴിഞ്ഞു. കൂട്ടത്തിലെ കൗമാരക്കാർക്ക് അസുലഭമായ ഒരു കളിയവസരമായി അത്. ഒരു പാറയിൽ നിന്നും അടുത്ത പാറമുകളിലേയ്ക്ക് ഓടിയും തിമിർത്തും അവധിക്കാലത്തിലെ അപൂർവ്വമായ ഈ ഏതാനും മണിക്കൂറുകളുടെ സാഹോദര്യം അവർ ആസ്വദിച്ചു.

യാത്രാസംഘത്തിലെ ഇളമുറക്കാർ പട്ടണം നോക്കി ഇരിക്കുന്നു..., കുന്നിനുമുകളിൽ
കുന്നിറങ്ങി താഴെ എത്തുമ്പോഴേയ്ക്കും നേരം ഇരുട്ടികഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് അതികാല്പനികതയുടെ പ്രായത്തിൽ പ്രണയാർദ്രമായി അനുഭവിച്ച ചുട്ടിപ്പാറയുടെ ആ വിദൂരക്കാഴ്ച ഇനി ഇല്ല. അവിടെ എന്താണെന്ന് ഇപ്പോൾ എനിക്കറിയാം. പക്ഷേ ഓരോ മലകയറ്റവും മുന്നിലേയ്ക്ക് വച്ചുതരുന്ന താഴ് വാരക്കാഴ്ചയുടെ അനുഭവം ഒന്നുണ്ട്: മനുഷ്യന്റെ നിസ്സാരതയും പ്രകൃതിയുടെ അപാരതയും!

- അവസാനിച്ചു -

10 അഭിപ്രായങ്ങൾ:

  1. പ്രകൃതിയുടെ പ്രതിഭാസങ്ങൾ അങ്ങനെതന്നെ നിൽക്കട്ടെ. അതിനാണ് ചാരുത.
    ഗംഭീരമായിട്ടുണ്ട്, ചുട്ടിപ്പാറയും അതിൽനിന്നുള്ള കാഴ്ചകളും.

    മറുപടിഇല്ലാതാക്കൂ
  2. മനോഹരമായ ചിത്രങ്ങള്‍ . നല്ല സ്ഥലം. ആദ്യമായ കേള്‍ക്കുന്നേ

    മറുപടിഇല്ലാതാക്കൂ
  3. എന്തായാലും ഇവിടെ ഒന്ന് പോകുക തന്നെ വേണം ..

    മറുപടിഇല്ലാതാക്കൂ
  4. ലാസ്സറേട്ടാ... മനോഹരമായിരിയ്ക്കുന്നു ചുട്ടിപ്പാറ വിശേഷങ്ങളൂം, ചിത്രങ്ങളും.. ഇത്തരത്തിലുള്ള പല സ്ഥലങ്ങളും പലപ്പോഴും ഗ്രാമങ്ങളുടെ ഉൾവശങ്ങളിൽ മറഞ്ഞുകിടക്കുന്നതിനാൽ പലപ്പോഴും യാത്രാസ്നേഹികൾക്ക് അവയേക്കുറിച്ച് അറിയുവാനോ, എത്തിച്ചേരുവാനോ സാധിയ്ക്കാറില്ല.. ഇത്ത‌രം പോസ്റ്റുകളിലൂടെ ആ സ്ഥലങ്ങൾ വായനക്കാരിലേയ്ക്ക് എത്തിയ്ക്കുവാനുള്ള ഈ ശ്രമത്തിന് പ്രത്യേക അഭിനന്ദനങ്ങൾ. സ്നേഹപൂർവ്വം ഷിബു തോവാള.

    മറുപടിഇല്ലാതാക്കൂ
  5. പ്രിന്‍സ്, കണ്ണന്‍, നിസ്സാരന്‍, മഹേഷ്‌, കൃഷ്ണകുമാര്‍ , ഷിബു,
    സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
    സ്നേഹപൂര്‍വ്വം,
    ലാസര്‍

    മറുപടിഇല്ലാതാക്കൂ
  6. ചുട്ടിപ്പാറ യിൽ ചുറ്റിപ്പറന്നു പോയ ഒരു അനുഭവം. നന്നായിരുന്നു

    മറുപടിഇല്ലാതാക്കൂ
  7. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്കൂള്‍ കാലഘട്ടത്തില്‍ ചുട്ടിപ്പാറ കയറിയതാണ്. മനോഹരമായ വിവരണം. നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി!

      ഇല്ലാതാക്കൂ