2013, മേയ് 6, തിങ്കളാഴ്‌ച

അശോകവനം - പതിനൊന്ന്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം, അഞ്ചാം ഭാഗം, ആറാം ഭാഗം, ഏഴാം ഭാഗം, എട്ടാം ഭാഗം, ഒൻപതാം ഭാഗം, പത്താം ഭാഗം

'സ്ഥലം' എന്നൊരു മലയാള സിനിമ ഈയടുത്ത് കാണുകയുണ്ടായി. ശിവപ്രസാദ് സംവിധാനം ചെയ്ത ഈ സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു എന്ന് തോന്നുന്നില്ല. കല്ലേൻ പൊക്കുടൻ, പൊക്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ, അദ്ദേഹത്തെ കേരളത്തിന്റെ സംസ്കാരികലോകത്ത് പരിചിതമാക്കിയ കണ്ടൽകാട് സംരക്ഷണം എന്ന വിഷയവും പ്രമേയത്തിൽ സജ്ജീവമാവുന്നുണ്ട്. മാദുഗംഗ (Maduganga) എന്ന വലിയ കായലിലൂടെയുള്ള ബോട്ടുസവാരിയെ കുറിച്ച് എഴുതാനിരിക്കുമ്പോൾ ആ സിനിമ ഓർമ്മവരും. മാദുഗംഗയുടെ ഏറ്റവും വലിയ ആകർഷണം കണ്ടൽകാടുകളുടെ വന്യസാമീപ്യം തന്നെയാണ്.

മാദുഗംഗ
കൊളംബോയിൽ നിന്നും ഗോളിലേയ്ക്കുള്ള വഴിയിൽ ഏതാണ്ട് എണ്‍പത് കിലോമീറ്റർ അകലെയായാണ് മാദുഗംഗ. വിചിത്രമായ കാലാവസ്ഥയിലാണ് ഞങ്ങൾ അവിടെ എത്തുന്നത് - വെയിലത്ത് മഴചാറുന്നുണ്ടായിരുന്നു. കായൽസവാരി സംഘടിപ്പിക്കുന്ന സ്ഥാപനത്തിന്റെ സെറ്റപ്പൊക്കെ തരക്കേടില്ലായിരുന്നെങ്കിലും ഒരു കൗമാരപ്രായക്കാരനാണ് ബോട്ടിന്റെ കപ്പിത്താനായി വന്നത്. കായലിന്റെ വലിപ്പത്തെയും പ്രകൃതിയേയും കുറിച്ച് യാത്ര തുടങ്ങുന്ന സമയത്ത് അറിവില്ലായിരുന്നതിനാൽ അതത്ര കാര്യമാക്കിയില്ല. എന്നാൽ യാത്ര പുരോഗമിക്കവേ, കര വിദൂരമായ കായലിന്റെ അപാരതയിലേയ്ക്ക് കടന്നപ്പോൾ പയ്യന്റെ കാർമ്മികത്വത്തിൽ ഈ ജലയാത്രയ്ക്കിറങ്ങിയത് സാഹസികമായിപ്പോയി എന്ന് തോന്നാതിരുന്നില്ല. പ്രത്യേകിച്ച് കായലിന്റെ നടുവിൽവച്ച് ബോട്ട് ഒന്നുരണ്ട് തവണ പണിമുടക്കുക കൂടി ചെയ്തപ്പോൾ...

മാദുഗംഗയിലെ കണ്ടൽമരങ്ങൾ
മാദുഗംഗയിലേക്ക് ഏതാനും ചില ചെറുനദികൾ വന്നുചേരുന്നുണ്ടെങ്കിലും ബലപിറ്റിയ എന്ന സ്ഥലത്തെ അഴിമുഖത്തിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലേയ്ക്ക് വീഴുന്ന വലിയ കായൽ തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. തുറമുഖത്തിനടുത്ത് നിന്നും ബോട്ടിൽ കയറി കണ്ടൽകാടാൽ നിബിഡമായ ചെറിയ ജലവഴികളിലൂടെ കായലിന്റെ ഇരുണ്ട ഉൾദേശങ്ങളിലേയ്ക്ക്...

മാദുഗംഗ - മറ്റൊരു കാഴ്ച
ആൾതാമസം ഉള്ളതും ഇല്ലാത്തതുമായ നാല്പതോളം ചെറുദ്വീപുകൾ ഈ കായലിന്റെ വിശാലതയിൽ ചിതറികിടക്കുന്നു. മാദുഗംഗയുടെ പരിസ്ഥിതി പ്രാധാന്യം അതിന്റെ ജൈവവൈവിധ്യം തന്നെ. സസ്യജന്തുജാലങ്ങളുടെ ആകർഷണീയമായ ഒരു സമൂഹത്തെ ഈ കായൽ ഉൾക്കൊള്ളുന്നു.

വാട്ടർമോണിട്ടർ എന്ന വെള്ളത്തിലെ ഉടുമ്പ് (മലയാളത്തിൽ ഇതിന് വേറെ പേരുണ്ടോ എന്നറിയില്ല)
ജലയാത്രകൾ ജനജീവിതത്തിന്റെ അഭിഭാജ്യരീതിയായിരുന്ന കാലത്ത് മാദുഗംഗ യാനപാത്രങ്ങളാൽ മുഖരിതമായിരുന്നുവത്രേ. എന്നാൽ ഇന്ന്, കരയെ നേർത്ത ഹരിതവരയാക്കുന്ന കായലകലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ചൂഴ്ന്നുനിൽക്കുന്ന പരിസരം വിജനതയാണ്. ദൂരെ ഏതോ ദ്വീപിനപ്പുറത്ത് കൂടി പോകുന്ന ബോട്ടിന്റെ ചിലമ്പിയ ശബ്ദം ഇടയ്ക്കൊന്ന് പ്രതിധ്വനിച്ചു.

ഒരു ചെറുദ്വീപിൽ കണ്ട ഉപേക്ഷിക്കപ്പെട്ട അരാധാനലയമോ മറ്റോ...
ഇത്തരം ജലയാത്രകൾ കേരളത്തിലെയും നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു, നാലഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപുവരെയും. നാട്ടിലെ പറമ്പിനോട് ചേർന്നാണ് പാർവ്വതീപുത്തനാർ ഒഴുകുന്നത്. ഇപ്പോൾ അതൊരു ചെറിയ തോട് മാത്രമാണെങ്കിലും കേരളത്തിലെ ഒരു കാലത്തെ പ്രധാന ജലപാതയായിരുന്ന ടി. എസ് കനാലിന്റെ ഭാഗമായിരുന്നു മനുഷ്യനിർമ്മിതമായ പാർവ്വതീപുത്തനാർ. കെട്ടുവള്ളങ്ങളാൽ നിബിഡമായിരുന്ന പാർവ്വതീപുത്തനാർ എന്റെ ബാല്യകാല ഓർമ്മകളിലുണ്ട്.

വെയിലുകായുന്ന നീർകാക്ക - മാദുഗംഗയിൽ നിന്ന് മറ്റൊരു കാഴ്ച
മാദുഗംഗയിലെ ഒരു ചെറുദ്വീപിലാണ് ചരിത്രപ്രാധാന്യമുള്ള കൊത്ത്ഡൂവാ രാജമഹാവിഹാരയാ എന്ന ബുദ്ധക്ഷേത്രം. ക്ഷേത്രനിർമ്മിതി പിൽക്കാലത്ത് സംഭവിച്ചതാണെങ്കിലും, ക്രിസ്താബ്ദത്തിനും അപ്പുറത്തേയ്ക്ക് നീളുന്ന ചരിത്രമോ കഥയോ ഒക്കെ ഈ ദ്വീപിനെയും അലങ്കരിക്കുന്നു. ബി. സി. നാലാം നൂറ്റാണ്ടിനോടടുപ്പിച്ച് കലിംഗയിൽ നിന്നും ബുദ്ധന്റെ പല്ലുമായി രക്ഷപെട്ടെത്തിയ ഹേമമാലരാജകുമാരി ശ്രീലങ്കയിലേക്ക് ആദ്യമായി പ്രവേശിക്കുന്നത് ഈ അഴിമുഖത്തിലൂടെയത്രേ (1). ഇന്ത്യയുടെ കീഴക്കൻ തീരത്തുള്ള കലിംഗയിൽ നിന്നും ഒരു കപ്പൽ, വഴിക്കുള്ള മറ്റ് ശ്രീലങ്കൻ തുറമുഖങ്ങളും സ്ഥലങ്ങളും എല്ലാം കടന്ന് ഈ തെക്കുപടിഞ്ഞാറൻ അഴിമുഖത്ത് എങ്ങിനെ അല്ലെങ്കിൽ എന്തിന് വന്നുചേർന്നു എന്ന യുക്തിയൊക്കെ അലിയിച്ചുകളയും പക്ഷെ നൂറ്റാണ്ടുകളുടെ അവ്യക്തമായ അകലം.

കൊത്ത്ഡൂവാ രാജമഹാവിഹാരയാ 
'വിശുദ്ധപല്ലിന്റെ വൃത്താന്തം' എന്ന പഴയ ഒരു പുസ്തകത്തിലാണ് ഈ പരാമർശമുള്ളത്. സുരക്ഷിതമായി രാജാവിന് കൈമാറുന്നതിന് മുൻപ് കുറച്ചുകാലം പല്ല് ഇവിടെ കുഴിച്ചിട്ടിരുന്നുവത്രേ. അതിനുശേഷം ഉപേക്ഷിക്കപ്പെട്ട ഈ പ്രദേശം വീണ്ടും ചരിത്രത്തിലേക്ക് വരുന്നത് പതിനാലാം നൂറ്റാണ്ടിൽ പരാക്രമബാഹു നാലാമന്റെ കാലത്താണ്. വിശദ്ധപല്ല് കുഴിച്ചിട്ടതായി അക്കാലത്ത് പറഞ്ഞുകേട്ടിരുന്ന അജ്ഞാതമായ സ്ഥലം വീണ്ടും കണ്ടുപിടിച്ച് അവിടെ അനുരാധപുരത്തെ ശ്രീമഹാബോധി വൃക്ഷത്തിൽ നിന്നും ഒരു തൈ കൊണ്ടുവന്ന് നടുന്നത് ഈ രാജാവിന്റെ മന്ത്രിയായിരുന്ന ദേവപതിരാജയാണ്.

പതിവുപോലെ കൊത്ത്ഡൂവായിലും ഒരു സ്തൂപം
വീണ്ടും കൊത്ത്ഡൂവാ ചരിത്രത്തിന്റെ വെട്ടത്തിലേക്ക് കയറുന്നത് രണ്ട് നൂറ്റാണ്ടുകൾ കൂടി കഴിഞ്ഞ്‌ കൊളോണിയൽ അധിനിവേശത്തിന്റെ തുടക്കകാലത്ത് ശ്രീലങ്ക അഭ്യന്തര അന്ത:ഛിദ്രങ്ങളിൽ ഉലയുന്ന സാഹചര്യത്തിലാണ്. അക്കാലത്ത് പല്ല് കൈവശമുണ്ടായിരുന്ന രാജാവ് കുറച്ചുകാലം അത് സൂക്ഷിക്കാനായി ഈ ദ്വീപ് വീണ്ടും തിരഞ്ഞെടുത്തിരുന്നുവത്രേ. എങ്കിലും താമസംവിനാ ഈ വിദൂരപ്രദേശം വീണ്ടും വിസ്മൃതമായി. കൊത്ത്ഡൂവായുടെ കാര്യത്തിൽ എന്നും സംഭവിച്ചിട്ടുള്ളതുപോലെ, ചരിത്രചാക്രികതയിൽ ഈ ദ്വീപിനെ വീണ്ടും കണ്ടെത്തി, ബോധിവൃക്ഷത്തിന്റെ പരിസരത്ത് ഇന്ന് കാണുന്ന ക്ഷേത്രം ഉണ്ടാക്കാനുള്ള നിയോഗം സിദ്ധിച്ചത് സാംസണ്‍ രജപക്സേ എന്ന കച്ചവടക്കാരനാണ്, പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ.

കൊത്ത്ഡൂവായിലെ ബുദ്ധശില്പം
ആ ഉച്ചതിരിഞ്ഞ നേരത്ത് ഞങ്ങളെ കൊത്ത്ഡൂവായിലേയ്ക്ക് സ്വാഗതം ചെയ്തത് പത്തുപന്ത്രണ്ട് വയസ്സുള്ള ഒരു ബാലനാണ്. അവനും ഒരു ബുദ്ധസന്യാസിയും മാത്രമാണ് അന്നേരം ആ കൊച്ചുദ്വീപിൽ ഉണ്ടായിരുന്നത്, ഒപ്പം ആ ബാലന്റെ കളിക്കൂട്ടുകാരനായ ഒരു മലയണ്ണാനും. മൂന്നാറിലെ ടോപ്‌സ്റ്റേഷനിൽ വച്ച് ഒരു മലയണ്ണാനെ ഒരിക്കൽ കണ്ടിരുന്നു - അവൻ പാഞ്ഞുപോകുന്ന പോക്കിൽ ഒരു മാത്ര. അതിനു ശേഷം ഒരു മലയണ്ണാനെ കാണുന്നത് ഇപ്പോഴാണ്.

കൊത്ത്ഡൂവായിലെ മലയണ്ണാൻ
ബുദ്ധവിഹാരത്തിന് ആവശ്യമായ സാധനങ്ങളും മറ്റുമായി കരയിൽ നിന്നും വഞ്ചിതുഴഞ്ഞ് വരുന്നവനാണ് ബാലൻ. ഏകാന്തമായ തുരുത്തിൽ ഒറ്റപ്പെട്ടുപോയ മലയണ്ണാൻ അവന്റെ കൂടുകാരനായതിൽ അത്ഭുതമില്ല. അവന്റെ തോളിലേറി സഞ്ചരിക്കുന്ന മലയണ്ണാൻ പക്ഷെ ഞങ്ങളെ കണ്ടതും സുരക്ഷിതമായ അകലത്തിലേയ്ക്ക് മാറിനിന്ന് അപരിചിതരുടെ ചെയ്തികളൊക്കെ നിരീക്ഷിച്ചുകൊണ്ടിരുന്നു.

നൂറ്റാണ്ടുകൾ പ്രായമുള്ള ബോധിവൃക്ഷത്തിന്റെ കൊമ്പിൽ ഞാന്നുകിടന്ന്
കൂട്ടുകാരനോട് എന്തോ സംസാരിക്കുന്ന മലയണ്ണാൻ
ബുദ്ധവിഹാരവും പരിസരവുമൊക്കെ നടന്നുകണ്ടുകഴിഞ്ഞപ്പോൾ അവിടെ താമസമുണ്ടായിരുന്ന ഭിക്ഷു ഞങ്ങൾക്കുവേണ്ടി എന്തോ പ്രാർത്ഥനകൾ ചൊല്ലുകയും കയ്യിൽ വെളുത്ത ഒരു ചരട് കെട്ടിത്തരുകയും ചെയ്തു. അന്നേരം ഞാൻ നാട്ടിലെ ചെറുപ്പക്കാരുടെ കൈകളിൽ ഈയടുത്തായി വർദ്ധിച്ചുവരുന്ന വിവിധ നിറങ്ങളിലുള്ള ചരടുകൾ ഓർത്തു. അതിന് ജാതിമതവ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല. നവോത്ഥാനം വ്യാപനംചെയ്യാനാഗ്രഹിച്ച സെക്യുലറിസത്തിന്റെ ആഴാർത്ഥങ്ങളെ വളരെ പ്രതിലോമമായി പുനർനിർണ്ണയിക്കുകയാണ് നമ്മൾ. മതപരമായ ബിംബങ്ങൾ ശരീരത്തെ അലങ്കരിക്കുന്നത് സെക്യുലറിസത്തിന്റെ അന്തസത്തയെ പ്രാഥമികതയിൽ തന്നെ നിരാകരിക്കുന്നു.

മലയണ്ണാൻ - മറ്റൊരു കാഴ്ച
മടക്കയാത്രയ്ക്ക് ബോട്ടിൽ കയറാൻനേരം ആ ബാലനെയും അവന്റെ കൂട്ടുകാരനെയും പരതിയെങ്കിലും അവർ രണ്ടുപേരും ആ പരിസരത്ത് നിന്ന് അപ്രത്യക്ഷമായിരുന്നു. ബോട്ടുജെട്ടിയിൽ പാർക്കുചെയ്തിരുന്ന അവന്റെ വള്ളവും പോയിരുന്നു. കായലിന്റെ വിശാലതയിലെവിടെയും ആ വള്ളത്തെ കണ്ടതുമില്ല. ഇത്ര പെട്ടെന്ന് അകലെയുള്ള മറുകര പിടിച്ചോ?

കൊളംബോയിൽ നിന്നും എണ്‍പത് കിലോമീറ്റർ തെക്കോട്ട്‌ യാത്രചെയ്താലാണ് മാദുഗംഗയിൽ എത്തുന്നതെങ്കിൽ കൊളംബോയിൽ നിന്ന് ഏതാണ്ട് അത്രയുംദൂരം കിഴക്കോട്ടുപോകുമ്പോൾ എത്തപ്പെടുന്ന സ്ഥലമാണ് പിന്നവല (Pinnawala). കാൻഡിയിലേയ്ക്കുള്ള വഴിക്ക് കെഗല്ല എന്ന പട്ടണത്തിനടുത്തായാണ് പിന്നവല. സർക്കാർ സംരക്ഷണയിൽ നടത്തപ്പെടുന്ന ആനകളുടെ ഒരു അനാഥാലയമാണ് ഇവിടുത്തെ പ്രത്യേകത.

പിന്നവാലയിലെ ആനകളുടെ അനാഥാലയത്തിന്റെ പ്രവേശനഭാഗം 
വനത്തിൽ കൂട്ടംതെറ്റിയും അപകടത്തിൽ മുറിവേറ്റും മറ്റും ഒറ്റപ്പെട്ടുപോകുന്ന കുട്ടിയാനകളെ സംരക്ഷിക്കാനെന്ന നിലയ്ക്ക് ആരംഭിച്ചതാവുകയാലാണ് അനാഥാലയം എന്ന പരികല്പന വന്നത്. 1975-ൽ ആരംഭിച്ച സ്ഥാപനം ഇന്ന് പക്ഷെ ആനകളുടെ അനാഥാലയം എന്ന നിലയിൽ നിന്നൊക്കെ മാറി ലോകത്തിലെ തുറസ്സല്ലാത്ത ഏറ്റവും വലിയ ആന സംരക്ഷണകേന്ദ്രമായി പരിണമിച്ചിരിക്കുന്നു. അന്തേവാസികളായ ആനകളുടെ പ്രജനനം വഴിയായി ഇന്നിവിടെ മൂന്നു തലമുറകൾ വസിക്കുന്നുണ്ടത്രേ.

ആനകളുടെ അനാഥാലയത്തിന് മുന്നിലെ വഴിവാണിഭം
വലിയ ആനപ്രേമിയൊന്നുമല്ല ഞാൻ. മാത്രവുമല്ല ആനയെ ഒരു വന്യജീവിയായി കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷേ അത്തരം പ്രകൃതി/മൃഗസ്നേഹവാദങ്ങൾ ചിലപ്പോഴെങ്കിലും ആയിത്തിരുന്ന ഏകപക്ഷികമായ മൌലീകവാദസരണികളോട് മമതയും പോര. ഏത് ആശയവും ആശയപ്രയോഗവും വൈവിധ്യങ്ങളുടെ സജീവത ഉൾപ്പേറണം. മൃതപ്രായരായ കുട്ടിയാനകളെ സംരക്ഷിക്കാനെന്ന നിലയ്ക്ക് ആരംഭിച്ച ഈ സ്ഥാപനത്തിന്റെ അത്തരത്തിലുള്ള മാനുഷികകാരണങ്ങൾ അതിന്റെ പ്രഭവത്തെ സാധൂകരിക്കുന്നു. യുദ്ധപ്രദേശങ്ങളിൽ മൈൻ പൊട്ടിത്തെറിച്ച് കാല് നഷ്ടപ്പെട്ട, വന്യതയിൽ എന്നേ മരിച്ചുപോകുമായിരുന്ന ആനകൾ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നു.

പിന്നവാലയിലെ ഒരു ആനക്കൂട്ടം
കൊളംബോയിൽ നിന്നും കാൻഡി എന്ന പ്രശസ്ത വിനോദസഞ്ചാര പട്ടണത്തിലേയ്ക്കുള്ള വഴിക്കായതിനാൽ പിന്നവല ഒഴിവാക്കാനാവാത്ത ഒരു സ്ഥലമായി ശ്രീലങ്കയുടെ യാത്രാമാപ്പിൽ ഇടംപിടിച്ചിട്ടുണ്ട്. കൊളംബോ-കാൻഡി-നുവറാഏലിയ സഞ്ചാരപഥമാണ് സാധാരണയായി പലരും തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ആ വഴിക്കുള്ള പിന്നവല സന്ദർശകരാൽ നിബിഡമാണ്. യാത്രക്കാർ ആവശ്യപ്പെട്ടില്ലെങ്കിലും അവിടേയ്ക്ക് കൊണ്ടുപോകാൻ ടൂർ നടത്തിപ്പുക്കാർ ഉത്സുകരാണ്. അവർക്ക് അര ദിവസത്തോളം വലിയ പ്രയത്മില്ലാതെ മാറികിട്ടും എന്നതുതന്നെയാവും അതിനുള്ള കാരണം.

കുപ്പിപാൽ കുടിക്കുന്ന ഒരെണ്ണം
നമ്മുടെ നാട്ടിലെ ആനകളുടെ വലിപ്പം ഇവിടുത്തെ ആനകൾക്കുണ്ടോ എന്നൊരു സംശയം. ഒത്തിരിയെണ്ണത്തിനെ ഒന്നിച്ച് കണ്ടതുകൊണ്ടുള്ള വിഭ്രാന്തിയുമാവാം. ആനസംരക്ഷണത്തിന്റെ വിവിധതലങ്ങൾ കാണുകയും കുറച്ചൊക്കെ അതിൽ ഭാഗഭാക്കാവുകയും ചെയ്യാം. ആനയെ തൊട്ടുനിന്ന് ഫോട്ടോപിടിക്കുകയും കുട്ടിയാനകൾക്ക് കുപ്പിപാൽ കൊടുക്കുകയും ഒക്കെചെയ്യാം. "സംഭാവനകൾ കുന്നുകൂടിയാൽ പരിപാടികൾ ഗംഭീരമാക്കാം" എന്ന ശ്രീലങ്കയിലെ പൊതുനിലപാട് പാപ്പാന്മാർ തീരെ തെറ്റിക്കുന്നുമുണ്ടായിരുന്നില്ല.

നീരാട്ടിനായി പോകുന്ന ആനകൾ
ഇവിടെ ഒരാന പൂർണ്ണവളർച്ചയെത്തിയാൽ ആവശ്യാനുസരണം സ്വകാര്യവ്യക്തികൾക്ക് വിൽക്കാറുണ്ട്. പിന്നവലയിലെ ആനസംരക്ഷണം താരതമ്യേന നല്ലരീതിയിലാണ് നടക്കുന്നതെങ്കിലും ഇത്തരത്തിൽ വിറ്റുപോകുന്ന ആനകളുടെ അവസ്ഥയെ കുറിച്ച് പിന്നീട് യാതൊരു അന്വേഷണവും ഉണ്ടാകുന്നില്ല എന്ന പരാതി നിലനിൽക്കുന്നു. ആനപീഡനത്തിന്റെ അനേകം കഥകളറിയാവുന്ന നമ്മൾ മലയാളികൾക്ക് അതിലെന്തത്ഭുതം തോന്നാൻ.

കുളിക്കാൻ നദിയിലിറങ്ങിയ ഒരു കൂട്ടം
ആനകളെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നത് കാണുക എന്നത് ഇവിടുത്തെ സന്ദർശനത്തിന്റെ മുഖ്യഭാഗമാണ്. പത്തുനൂറ് ആനകളെ വരിവരിയായി തെളിയിച്ചുകൊണ്ടുപോകുന്നത് ഏതുനിലയ്ക്കും അപൂർവ്വമായൊരു കാഴ്ചതന്നെയാണ്. നല്ല ഗതാഗതസഞ്ചാരമുള്ള ഒരു പാത മുറിച്ചുകടന്നാണ് ആനകൾ മഹാഓയ നദിയിൽ കുളിക്കാൻ പോകുന്നത്. ഇത്രയും ആനകൾ ഒന്നിച്ചുണ്ടായിരുന്നില്ലെങ്കിലും കർണ്ണാടകയിലെ ദുബാരെയിൽ ഇതുപോലൊരു ആനക്യാമ്പ് ഒരിക്കൽ സന്ദർശിച്ചിരുന്നു. ഒരിടവപ്പാതിക്കാലത്ത് ദുബാരെയിൽ എത്തുമ്പോൾ അവിടുത്തെ ആനകളുടെ കുളി നിറഞ്ഞുകവിഞ്ഞൊഴുകുന്ന കാവേരിയിലായിരുന്നു. ശ്രീലങ്കയിലെ വലിയൊരു നദിയാണ് മഹാഓയ എങ്കിലും അന്ന് കണ്ട കാവേരിയുടെ രൗദ്രതയുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. ഇന്ന് നീർചാലുപോലെ ഒഴുകുന്ന നിളയുടെ രൂപമാണ് മഹാഓയയ്ക്ക്.

മഹാഓയയിലെ ആനകൾ - മറ്റൊരു കാഴ്ച
നദിയുടെ കരയിലേക്കുള്ള തെരുവിന്റെ ഇരുഭാഗങ്ങളിലും ഒരു ഉത്സവപറമ്പിലെന്നപോലെ കൗതുകവസ്തുക്കളുടെ വഴിവാണിഭ ബഹളമാണ്. നദിയുടെ കരയിലേക്ക് ഇറക്കികെട്ടിയ ഒരുപാട് ഭോജനശാലകളും ഇവിടെ കാണാം. അതിന്റെ ബാൽക്കണിയിലേക്ക് ഇറങ്ങിയിരുന്ന് ആനകളുടെ നീരാട്ടുംകണ്ട് ആഹാരംകഴിക്കാം എന്നതത്രേ അതിന്റെ ആകർഷണം.

സന്ദർശകരുമായി സൗഹൃദം പങ്കിടുന്ന ഒരാന
ഒരിക്കൽ തിരുനെല്ലിയിലേയ്ക്കുള്ള യാത്രയിൽ വന്യതയിൽ കണ്ട ഒരാനയെ ഓർക്കുകയായിരുന്നു, നദീതീരത്തെ ഭോജനശാലയിലിരുന്നു ആനക്കൂട്ടത്തിന്റെ ജലകേളി വീക്ഷിക്കുമ്പോൾ. കാട്ടിൽ ഒരാനയെ കാണുന്നതും ജനക്കൂട്ടത്തിനു നടുവിൽ ആനയെ കാണുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വനവന്യത സൃഷ്ടിക്കുന്ന അഭൗമപരിസരം മനസ്സിലുളവാക്കുന്ന ഉണർച്ചകളോടൊപ്പം അത് വനജീവികളുടെ സ്വഛവിഹാരചടുലതകൾ നൽകുന്ന ദൃശ്യോന്മാദം കൂടിയാണ്.    

1. ബുദ്ധന്റെ പല്ലിനെ കുറിച്ചുള്ള ഭാഗം ഇവിടെ.

- തുടരും -