ഒന്നാം ഭാഗം,
രണ്ടാം ഭാഗം,
മൂന്നാം ഭാഗം,
നാലാം ഭാഗം,
അഞ്ചാം ഭാഗം,
ആറാം ഭാഗം,
ഏഴാം ഭാഗം, എട്ടാം ഭാഗം
"കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഫ്രഞ്ച് ടൂറിസ്റ്റ് എന്റെയൊപ്പം ഉണ്ടായിരുന്നു. രാജപക്സയുടെ വഴിനീളെയുള്ള ചിത്രങ്ങള്‍ കണ്ട് അയാള്‍ പറയുകയായിരുന്നു ഇതത്ര നല്ല പോക്കല്ലല്ലോ എന്ന്. ഞങ്ങള്‍ക്കുമൊക്കെ ഇത് തോന്നിതുടങ്ങിയിട്ട് ഏറെ നാളായിട്ടുണ്ട്" കാന്‍ഡിയിലേക്കുള്ള യാത്രയില്‍ വഴിയോരത്തുകണ്ട രാജപക്സയുടെ ഫ്ലക്സിലേക്ക് നോക്കി സാം പറഞ്ഞു. ശ്രീലങ്കയില്‍ ഉണ്ടായിരുന്ന ദിവസങ്ങളിലെല്ലാം ഞങ്ങളുടെ ഗൈഡ് സമരവീര എന്ന സാം ആയിരുന്നു. ശ്രീലങ്ക കണ്ടിട്ടുള്ള, ഏറ്റവുംകൂടുതല്‍ സ്വാഛാധിപത്യപ്രവണതകകള്‍ പ്രകടിപ്പിക്കുന്ന പ്രസിഡന്റാണ് രാജപക്സ എന്നാണ് സിംഹളവംശീയതയെ കുറിച്ച് ഏകപക്ഷീയമായ ധാരണകളുള്ള സാമിന്റെ പോലും അഭിപ്രായം. അതിനെ ശരിവയ്ക്കുന്ന രീതിയിലാണല്ലോ തമിഴര്‍ക്കെതിരെയുള്ള ശ്രീലങ്കന്‍ പട്ടാളത്തിന്റെ വംശഹത്യാപരമായ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആ പട്ടാളനീക്കത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ അക്കാലത്തെ പട്ടാളമേധാവി സരത്ത് ഫോന്‍സെക പോലും പിന്നീട് രാജപക്സയുടെയും അദ്ദേഹത്തിന്‍റെ ബന്ധുക്കളുടെയും നേരിട്ടുള്ള ഇടപെടല്‍ തമിഴ് കൂട്ടക്കൊലകളില്‍ ഉണ്ടായിട്ടുണ്ടെന്ന് ഏറ്റുപറഞ്ഞിരുന്നുവല്ലോ (അതിനാലാവാം ആ പഴയ പട്ടാളമേധാവിക്ക് രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടതായും വന്നത്).
 |
രാജപക്സയുടെ ചിത്രം പതിപ്പിച്ച ഫ്ലക്സ്. കൊളംബോ - കാന്‍ഡി റോഡില്‍ നിന്ന് |
ശ്രീലങ്ക - തമിഴ് പ്രശ്നത്തില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായിരുന്നു, എന്നും. ശ്രീലങ്കയിലെ പട്ടാളത്തിന് വിജയം നല്‍കിയ അവസാന യുദ്ധത്തില്‍ ഇന്ത്യ വെറും കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു എന്നുമാത്രമല്ല തികഞ്ഞ അലംഭാവത്തോടെയുള്ള നിസ്സംഗത കാണിക്കുകയും ചെയ്തു. ഈ അവസരത്തില്‍ ചൈന ആ രാജ്യത്ത് തങ്ങളുടെ തന്ത്രപ്രധാനമായ ആധിപത്യം ഉറപ്പിച്ചു എന്നത് സാധാരണക്കാരുടെ വ്യവഹാരങ്ങള്‍ക്ക് അപ്പുറത്തുള്ള രാജ്യതന്ത്രജ്ഞതയുമായി ബന്ധപ്പെട്ടുവരുന്ന സംഗതിയാവുകയാല്‍ വിട്ടുകളയാം. എന്നാല്‍ വംശീയമായി ഇന്ത്യയില്‍ വേരുകളുള്ള ഒരു ജനതതിയെ, ആ ഐഡന്റിറ്റിയുടെ പേരില്‍ കൊന്നൊടുക്കുമ്പോള്‍ തികച്ചും നിശ്ശബ്ദമായി നിന്നത് ക്ഷന്തവ്യമായ കഴിവുകേടല്ല. രാജീവ്‌ഗാന്ധിയുടെ രകതത്തിന്റെ അതേ വില തന്നെയാണ് അവിടെ എന്തിനെന്നറിയാതെ മരിച്ചുപോയ ഒരോ സാധാരണക്കാരന്റേതും എന്ന് ഭരണകൂടത്തിന് മനസ്സിലാക്കാനാവാതെ പോയത് ആ വ്യക്തിയുടെ അധികാരത്തുടര്‍ച്ച വൈരാഗ്യബുദ്ധിയോടെ ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്നതുകൊണ്ടാണെന്ന് കരുതാനേ നിവൃത്തിയുള്ളൂ.
 |
കൊളംബോ - കാന്‍ഡി റോഡിലെ മറ്റൊരു കാഴ്ച |
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഞങ്ങള്‍ കാന്‍ഡിയിലേക്കുള്ള യാത്രയിലായിരുന്നു. ദ്വീപിലെ രാജഭരണകാലത്തിന്റെ അവസാനത്തെ തലസ്ഥാനം കാന്‍ഡിയായിരുന്നു. കാന്‍ഡിക്കുശേഷം ചരിത്രം കൊളോണിയല്‍ അധിനിവേശത്തിന്റെ മറ്റൊരുവഴിയിലേക്ക് ചുവടുമാറുന്നു. സങ്കീര്‍ണമാണ് ശ്രീലങ്കയിലെ രാജഭരണത്തിന്റെ പിന്തുടര്‍ച്ചകള്‍ . വ്യത്യസ്ഥ രാജകുടുംബങ്ങളില്‍ നിന്നുമുള്ള പ്രബലന്മാര്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നുവരുകയും അതിനനുസരിച്ച് രാജാക്കന്മാര്‍ മാറുകയും ചെയ്തുകൊണ്ടിരുന്നതിനോടൊപ്പം തെക്കേഇന്ത്യയില്‍ നിന്നുള്ള ഭരണകര്‍ത്താക്കളും ദ്വീപ് കീഴടക്കിയോ ബന്ധുത്വംവഴിയോ ഒക്കെ അവിടം ഭരിച്ചിരുന്നു എന്നുകാണാം. 1815 - ല്‍ ബ്രിട്ടീഷുകാര്‍ പട്ടണം പൂര്‍ണ്ണമായും കീഴടക്കുമ്പോള്‍ ഭരണത്തിലുണ്ടായിരുന്നത് തെക്കേ ഇന്ത്യയില്‍ നിന്നുള്ള നായിക്കര്‍ രാജാവായ വിക്രമരാജസിന്‍ഹയായിരുന്നു. അതുകൊണ്ട് തന്നെ സിംഹള പൗരപ്രമുഖര്‍ ബ്രിട്ടീഷുകാരെ സ്വീകരിക്കുകയും അധികാരം അവര്‍ക്ക് കൈമാറുന്നതായുള്ള ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു (Kandyan Convention). തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ രാജാവിനെ തടവുകാരനാക്കി ഇന്ത്യയിലെ വെല്ലൂര്‍ കോട്ടയില്‍ കൊണ്ടുവന്ന് കാരാഗൃഹത്തില്‍ അടച്ചു. ശ്രീലങ്കയിലെ രാജഭരണത്തിന്റെ അവസാനത്തെ അദ്ധ്യായം അവിടെ കഴിയുന്നു.
 |
കാന്‍ഡിയിലെ ഒരു നിരത്ത് |
ഇടനാടിന്റെ ഹരിതാഭമായ ഭൂപ്രകൃതിയാണ് കാന്‍ഡിയുടേത്, ചൂടില്ലാത്ത കാലാവസ്ഥയും. കാന്‍ഡിയില്‍ നിന്നും തെക്കോട്ടേയ്ക്ക്
നുവറാഏലിയായിലേക്ക് മലകയറുമ്പോള്‍ , തേയില തോട്ടങ്ങളിലൂടെയുള്ള യാത്ര മൂന്നാറിലൂടെയോ മറ്റോ ഉള്ള സഞ്ചാരംപോലെ തോന്നിക്കും. കൊളോണിയല്‍ കാലഘട്ടത്തിലാണ് കാന്‍ഡി താവളമാക്കി മദ്ധ്യശ്രീലങ്കയുടെ ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ കാപ്പി/തേയിലകൃഷി ആരംഭിക്കുന്നതും വ്യാപകമാവുന്നതും. തോട്ടംതൊഴിലുകള്‍ ചെയ്യാന്‍ സിംഹളര്‍ തയ്യാറാവാതിരുന്നതിനാല്‍ ബ്രിട്ടീഷുകാര്‍ ഒരുപാട് തമിഴ്തൊഴിലാളികളെ ഇന്ത്യയില്‍ നിന്നും ഈ പ്രദേശങ്ങളിലേക്ക് കൊണ്ടുവരികയുണ്ടായി. എന്നാല്‍ താരതമ്യേന സമീപഭൂതകാലത്ത് എത്തപെട്ട ഇവരിലല്ല തമിഴ് ഭൂരിപക്ഷമേഖലയായ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലെ തമിഴ്വംശജര്‍ തങ്ങളുടെ സ്വത്വസംബന്ധിയായ വേരുകള്‍ പടര്‍ത്താന്‍ ശ്രമിക്കുക. അത് ബി. സി. രണ്ടാം നൂറ്റാണ്ടിലേയ്ക്ക് നീണ്ടുകിടക്കുന്ന പാരമ്പര്യവഴിയാണെന്നുള്ള തമിഴ്വാദത്തെ കുറിച്ച് ഒരു മുന്‍അധ്യായത്തില്‍ വിശദമാക്കിയിരുന്നതില്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
 |
കാന്‍ഡിയിലെ റോയല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ |
ബ്രിട്ടീഷ് അധിനിവേശം, മറ്റുപലയിടത്തും എന്നത് പോലെ തന്നെ ഇവിടെയും ശക്തമായ ചെറുത്തുനില്‍പ്പുകളിലേക്കും തുടര്‍ന്നുള്ള നിരന്തര രക്തരൂക്ഷിത ഏറ്റുമുട്ടലുകളിലേക്കും നീണ്ടുപോവുകയുണ്ടായി. 'മലബാറി' രാജാവായ വിക്രമരാജയെ പുറത്താക്കി രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രധാനമായ ഒരു സ്വാതന്ത്ര്യസമരം അവിടെ ആരംഭിച്ചു. കാന്‍ഡിപ്രദേശവുമായി അതിര്‍ത്തിപങ്കിടുന്ന ഉവ എന്ന സ്ഥലത്തുനിന്നാണ് ഈ കലാപം ആരംഭിക്കുന്നത് (Uva Rebellion).പതിവുപോലെ ബ്രിട്ടീഷുകാര്‍ ഈ സമരത്തെ അടിച്ചമര്‍ത്തി. ബ്രിട്ടീഷ് കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത് ഈ കലാപത്തിന് ശേഷം ഉവയിലെ ജനസംഖ്യയില്‍ അഞ്ചില്‍ നാലും കുട്ടികളും സ്ത്രീകളും വൃദ്ധന്മാരും ആയിരുന്നുവെന്നാണ്. കലാപത്തില്‍ മരണപ്പെട്ട പുരുഷന്മാരുടെ എണ്ണത്തിന്റെ വ്യാപ്തി കാണിക്കും ഇത്.
 |
ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ - മറ്റൊരു കാഴ്ച |
കാന്‍ഡിയുമായി അതിര്‍ത്തിയുള്ള മാതലെയിലാണ് മറ്റൊരു കലാപം നടന്നത് (Matale Rebellion). 1848 - ലാണ് ഇത്. സാമൂഹികഘടനയിലുള്ള വ്യത്യാസങ്ങളില്‍ നിന്നുടലെടുക്കുന്ന ചെറിയ ഏറ്റകുറച്ചിലുകള്‍ ഉണ്ടാവാമെങ്കിലും അധിനിവേശത്തിന് എതിരേയുള്ള കലാപങ്ങള്‍ക്ക് എല്ലായിടത്തും ഒരേ സ്വഭാവമാണ്. മാതലെ കലാപത്തിന്റെ പ്രസക്തി, അത് ശ്രീലങ്കയിലെ ആദ്യത്തെ ജനകീയസമരമായിരുന്നു എന്നതാണ്. ഉവ കലാപത്തിന്റെ അടിച്ചമര്‍ത്തലോടെ രാജാക്കന്മാരും രാജകുടുംബാംഗങ്ങളും പ്രഭുകുടുംബങ്ങളും ഒക്കെ അന്യംനിന്ന് കഴിഞ്ഞിരുന്നു. തങ്ങളുടെ ഭൂമി പിടിച്ചെടുത്ത് തോട്ടങ്ങള്‍ ഉണ്ടാക്കുകയും തങ്ങളെ അവിടെ കൂലിപ്പണിക്കാര്‍ ആക്കാന്‍ മുതിരുകയും ചെയ്ത ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളുടെ ഇടയില്‍ നിന്നും അനിവാര്യമായി ഉയര്‍ന്നുവന്ന ആദ്യത്തെ സ്വാതന്ത്ര്യസമരമായി മാതലെ കലാപത്തെ കാണാം. ഇതും പ്രത്യക്ഷത്തില്‍ ഒരു പരാജിതകലാപം തന്നെയായി പരിണമിച്ചു എന്ന് പ്രത്യേകംപറയേണ്ടതില്ലലോ.
 |
ഗാര്‍ഡനില്‍ നിന്ന്... |
കാന്‍ഡിയില്‍ ആദ്യം പോയത് റോയല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ കാണാനാണ്. ശ്രീലങ്കയിലെ ഏറ്റവും വലിയ ബോട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഒന്നാണിത്. ഊട്ടിയിലെ ഇതേപോലുള്ള ഉദ്യാനത്തില്‍ പോയ അവസരങ്ങള്‍ ഓര്‍മ്മവരും ഇവിടെ നില്‍ക്കുമ്പോള്‍ . കാല്‍പനികസുരഭിലമായ പ്രായത്തില്‍ ഇത്തരം ഉദ്യാനങ്ങളുടെ പിന്നണിചാരുതകള്‍ വര്‍ണ്ണപ്പകര്‍ച്ചകള്‍ നല്‍കും. കലാലയകാലത്തും വിവാഹാനന്തരവും ആണ് ഊട്ടിയിലെ ഗാര്‍ഡനില്‍ എത്തുന്നത്. ഓര്‍മ്മകളുടെ തടാകത്തില്‍ തോണിയിറക്കുമ്പോള്‍ പ്രായമഞ്ഞിന്റെ ധൂമപാളികള്‍ വകഞ്ഞ് മനോപ്രതലത്തില്‍ ജലപുഷ്പങ്ങള്‍ തെളിഞ്ഞുവരും...
 |
ഗാര്‍ഡന്റെ മറ്റൊരു ഭാഗം |
നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ഏറ്റകുറച്ചിലുകളോടെയും വകഭേദങ്ങളോടെയും ഒരു തോട്ടം നിലനിന്നിരുന്നുവെങ്കിലും, വ്യവസ്ഥാപിതമായ രീതില്‍ ഒരു ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇവിടെ സ്ഥാപിതമാവുന്നത് കൊളോണിയല്‍ കാലഘട്ടത്തില്‍ , 1843-ലാണ്. ഈ മരങ്ങളൊക്കെ വച്ചുപിടിപ്പിച്ച് പ്രകൃതിയോട് ഒരുതരം ആരാധനാ മനോഭാവത്തോടെ പെരുമാറിയ കൊളോണിയല്‍ പൌരന്മാര്‍ തദ്ദേശവാസികളോട് കാണിച്ചിട്ടുള്ള വിവേചനം പലപ്പോഴും വിചിത്രമായ ഒരു വൈരുദ്ധ്യമായി അനുഭവപ്പെടും.
 |
ഗാര്‍ഡനില്‍ നിന്ന്... |
1934-ല്‍ രബീന്ദ്രനാഥ ടാഗോര്‍ ശ്രീലങ്കയില്‍ ഒരു സന്ദര്‍ശനത്തിനെത്തുകയുണ്ടായി. അന്നത്തെ ഒരു പ്രഭാഷണത്തില്‍ അദ്ദേഹം തദ്ദേശിയമായ കലകളുടെ ഉദ്ധാരണത്തെകുറിച്ച് വളരെ ആഴത്തില്‍ സംസാരിക്കുകയുണ്ടായത്രേ. പ്രഭാഷണം കേള്‍ക്കാനുണ്ടായിരുന്ന ചില റാഡിക്കല്‍ കലാപ്രവര്‍ത്തകര്‍ ആ നിലയ്ക്കുള്ള അന്വേഷണങ്ങളില്‍ തല്പരരാവുകയും അത്തരം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും ചെയ്തു. കൊളോണിയല്‍ വഴികളില്‍ വിസ്മൃതമായി കഴിഞ്ഞിരുന്ന കാന്‍ഡിയന്‍ നൃത്തം പുനരുജ്ജീവിക്കപ്പെടുന്നത് അങ്ങിനെയാണ്.
 |
കാന്‍ഡിയന്‍ നൃത്തത്തില്‍ നിന്ന്... |
പല നൃത്തരൂപങ്ങളേയും പോലെതന്നെ കാന്‍ഡിയന്‍ നൃത്തത്തിന്റെയും പ്രഭവം അനുഷ്ഠാനപരമാണ്. ഒരു മദ്ധ്യകാലരാജാവിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്‍റെ മാനസികക്ഷീണമകറ്റാന്‍ ചികിത്സാവിധിയെന്ന നിലയ്ക്ക് ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നവരുടെ ആചാരപരമായ ആട്ടമാണ് പില്‍ക്കാലത്ത് ഈ നൃത്തരൂപമായി മാറുന്നത്. നൃത്തത്തിന്റെ അതീതബോധതലത്തില്‍ ദൈവവുമായി സംവദിക്കാനാവുന്ന അല്ലെങ്കില്‍ ദൈവംതന്നെയായി മാറുന്ന നര്‍ത്തകര്‍ തെയ്യത്തിന്റെ നാട്ടില്‍നിന്ന് വരുന്നവര്‍ക്ക് അപരിചിതമാവാന്‍ വഴിയില്ലല്ലോ (തിരുവിതാംകൂര്‍കാരനായ എനിക്ക് തെയ്യം കേട്ടറിവ് മാത്രമാണെന്നത് ഒരേ ഭാഷാദേശക്കാരന്‍ എന്ന സ്വാതന്ത്ര്യത്തില്‍ കാര്യമാക്കുന്നില്ല). തെയ്യത്തിന്റേതുമാതിരി ദൈവഭാവപരമായ സ്വഭാവവിശേഷങ്ങള്‍ ഉണ്ടായിരുന്ന ഒന്നായിരുന്നത്രേ ആദ്യകാലത്തെ കാന്‍ഡിയന്‍ നൃത്തം. എന്നാല്‍ അരങ്ങിലേയ്ക്ക് കയറിയ ഈ നൃത്തം, ഭാവപരമായും രൂപപരമായും തെയ്യത്തെപോലുള്ള അനുഷ്ഠാനസ്വഭാവങ്ങളൊന്നും ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ല.
 |
കാന്‍ഡിയന്‍ നൃത്തത്തില്‍ നിന്ന്... |
തൊള്ളായിരത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ശ്രീലങ്കയിലെ നാടകലോകത്ത് പ്രശസ്തനായിരുന്ന സീബെത് ഡയസിനെ (Seebert Dias) പോലുള്ള പല ഇന്റലെക്ച്വലുകളും ടാഗാറിന്റെ ആശയത്തില്‍ ആകൃഷ്ടരായി തങ്ങളുടെ സാംസ്കാരികപൈതൃകങ്ങള്‍ സമകാലകലകളിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതൊരു ജീവിതവ്രതം പോലെ ഏറ്റെടുത്ത് ആധുനികശ്രീലങ്കയുടെ കലാലോകത്തിന് പുനര്‍സംഭാവന ചെയ്യുന്നത് അദ്ദേഹത്തിന്‍റെ പുത്രനായ ചിത്രസേനയാണ് (അമരതുംഗ ഡയസ്). കൗതുകകരമായി തോന്നുക ഇന്ത്യന്‍ പുരാണസന്ദര്‍ഭങ്ങളിലേക്കും മറ്റുമുള്ള ചിത്രസേനയുടെ അവിരാമസഞ്ചാരമാണ്. അദ്ദേഹത്തിന്റെ നൃത്താവിഷ്കാരങ്ങളുടെ/നാടകങ്ങളുടെ ശീര്‍ഷകമായ 'രാമനും സീതയും', 'രാവണ', 'നളദമയന്തി', 'ശിവനൃത്തം' തുടങ്ങിയവയൊക്കെ ഇതിനെ സൂചിപ്പിക്കും.
 |
കാന്‍ഡിയന്‍ നൃത്തത്തില്‍ നിന്ന്... |
വിനോദസഞ്ചാരികളുടെ നഗരിയായ കാന്‍ഡിയില്‍ എത്തുന്നവര്‍ , ദിനേന അവിടെ സംഘടിപ്പിക്കുന്ന ഈ നൃത്തങ്ങളും മറ്റും അവതരിപ്പിക്കുന്ന ഒരു സാംസ്കാരികപരിപാടിയില്‍ പങ്കെടുക്കാന്‍ ആനയിക്കപ്പെടുന്നു. ചിത്രസേനയെപോലുള്ളവര്‍ ഉദ്ധരിച്ച പാരമ്പര്യകലകള്‍ അതിന്റെ സൂക്ഷ്മതലത്തിലാണോ ഇത്തരം സാംസ്കാരികപരിപാടികളില്‍ അവതരിപ്പിക്കപ്പെടുന്നത് എന്ന കാര്യത്തില്‍ ഉറപ്പായും സംശയംതോന്നും. തെയ്യം പോലെ അരങ്ങിനു പുറത്തുവച്ച് നടക്കുന്ന തികച്ചും അനുഷ്ഠാനപരമായ നൃത്തങ്ങളുടെ ഊര്‍ജ്ജം സൌന്ദര്യതലത്തിലെ സൂക്ഷ്മതയെക്കാളുപരി സ്ഥൂലമായ അതിന്റെ പ്രാകൃതരൂപഭാവങ്ങളാണ്, ഭക്തിസന്നിവേശിതമായ അതീതപരിസരവും. അരങ്ങിലുള്ള കഥകളിയേയും ഭരതനാട്യത്തേയും പോലുള്ള പാരമ്പര്യകലകള്‍ പക്ഷെ അസാധാരണമാംവിധം സൌന്ദര്യസംബന്ധിയായ സൂക്ഷ്മപ്രകാശനങ്ങളിലേയ്ക്ക് പരിണമിച്ചു കഴിഞ്ഞു. ഇതിനു രണ്ടിനും ഇടയ്ക്കുപെട്ടുപോയ അനുധാവനതയില്ലാത്ത കച്ചവടനൃത്തങ്ങള്‍ പോലെയാണ് ഈ സാംസ്കാരികപരിപാടി കണ്ടപ്പോള്‍ അനുഭപ്പെട്ടത്. വിനോദസഞ്ചാരികള്‍ക്ക് വേണ്ടി തട്ടികൂട്ടി ദിനേനയെന്നോണം അരങ്ങേറുന്നത് കൊണ്ട് ഈ പ്രത്യേക പരിപാടിക്ക് മാത്രം വന്നുചേര്‍ന്ന ച്യുതിയുമാവാം.
 |
സാംസ്കാരിക പരിപാടിയില്‍ നിന്ന്... |
നൃത്തങ്ങളോടൊപ്പം തീപ്പന്തം കൊണ്ടും മറ്റുമുള്ള, പഴയ 'സൈക്കിള്‍യജ്ഞ' പരിപാടികള്‍ നിന്നുള്ള ചില പ്രകടനങ്ങളും മേമ്പോടിക്ക് ഉണ്ടായിരുന്നു. കാണികളായ സായിപന്മാരും മദാമ്മമാരും അത്ഭുതാധിക്യത്താല്‍ കരഘോഷം മുഴക്കുന്നുണ്ടായിരുന്നു. യൗവ്വനാരംഭകാലത്തെ 'നിശാഗന്ധി' സന്ധ്യകളുടെ ഓര്‍മ്മ, നൃത്തങ്ങളെപ്രതി സംജാതമാക്കിയിട്ടുള്ള സൌന്ദര്യബോധകാമനകളെ ഒരു സവിശേഷനിലയില്‍ മാത്രമേ തൃപ്തമാക്കാറുള്ളൂ. പരിപാടി കഴിഞ്ഞിറങ്ങുമ്പോള്‍ കലാകാരന്മാരില്‍ ചിലര്‍ സംഭാവനയ്ക്കായി കൈനീട്ടുക കൂടി ചെയ്തപ്പോള്‍ അത് ഒത്തുപോകുന്ന പരിസമാപ്തിയുമായി.
 |
ടെംമ്പിള്‍ ഓഫ് ടൂത്ത് |
ശ്രീലങ്ക, ബുദ്ധമതത്തിന്റെ അടരുകളില്‍ ശക്തമായ ഒരു സാന്നിധ്യമായിരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശ്രീബുദ്ധന്റെ പല്ല് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത് അവിടെയായതിനാലത്രേ. കാന്‍ഡിതടാകത്തിന് കരയിലുള്ള മനോഹരമായ ക്ഷേത്രസമുച്ചയത്തിലാണ് (ശ്രീദലദ മലിഗാവ - Sree Dalada Maligawa) ഇപ്പോള്‍ ബുദ്ധന്റെ പല്ലുള്ളത്. അതിനാല്‍ തന്നെ ഇവിടം ഭക്തരുടെയും സഞ്ചാരികളുടെയും ബാഹുല്യത്താല്‍ മുഖരിതമാണ്.
 |
ക്ഷേത്രമുറ്റത്തെ തടാകത്തിന്റെ സാന്ധ്യഭംഗി |
ബുദ്ധന്റെ പല്ല് ശ്രീലങ്കയില്‍ എത്തുന്നത് കലിംഗയില്‍ നിന്നാണെന്ന് പറയേണ്ടതില്ലല്ലോ. കലിംഗയിലെ ഗുഹശീവ രാജാവിന്റെ കൈവശമായിരുന്നു ആദ്യകാലത്ത് ഈ പല്ല്. ഇത് കൈവശമുള്ള രാജാക്കന്മാര്‍ക്ക് പല അതീതഗുണങ്ങളും സാധ്യമാവും എന്നൊരു വിശ്വാസമുണ്ടായിരുന്നതിനാല്‍ മറ്റു പല രാജാക്കന്മാരും ഇത് കൈക്കലാക്കാനോ നശിപ്പിക്കാനോ ശ്രമിച്ചിരുന്നു. അത്തരത്തിലുള്ള ആക്രമണങ്ങള്‍ പല ഭാഗത്തുനിന്നും ഗുഹശീവ രാജാവിനെതിരേയുണ്ടായി. ബ്രാഹ്മണിക്കല്‍ ഹിന്ദുമതം ഒരു തിരിച്ചുവരവിനായി പരിശ്രമിച്ചുകൊണ്ടിരുന്ന സാമൂഹ്യസാഹചര്യത്തില്‍ ബുദ്ധമതത്തിന്റെ ഇത്തരം വിശുദ്ധബിംബങ്ങളെ നശിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായിക്കൂടി ഇത്തരം യുദ്ധങ്ങളെ കാണേണ്ടതുണ്ടാവും. പല്ലിനെ രക്ഷിക്കാന്‍ രാജാവ് തന്റെ മകളായ ഹേമമാലയേയും ഭര്‍ത്താവിനേയും ആ വിശുദ്ധവസ്തുവിനോടൊപ്പം ഒരു നൗകയില്‍ കയറ്റി ശ്രീലങ്കയിലേക്ക് അയച്ചു. ബ്രാഹ്മണസ്ത്രീയായി വേഷംമാറിയ ഹേമമാല തന്റെ മുടിയില്‍ ഒളിപ്പിച്ചാണത്രേ ബുദ്ധന്റെ പല്ല് സുരക്ഷിതമായി ദ്വീപിലെത്തിച്ചത്.
 |
രാത്രിയില്‍ ദീപാഭിഷിക്തമായി ടെംബിള്‍ ഓഫ് ടൂത്ത് |
ദ്വീപിലും വിശുദ്ധപല്ലിന്റെ നിയോഗം ആദ്യകാലങ്ങളില്‍ മതപരം എന്നതിനും ഉപരിയായി അധികാര സംബന്ധിയായിരുന്നു. പല്ല് കൈവശമുള്ള ആള്‍ക്ക് രാജാധികാരത്തിന് അവകാശം ഉന്നയിക്കാന്‍ സാധ്യമാവും വിധമുള്ള ഒരു സാമൂഹ്യസാഹചര്യം നിലവിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാജാധികാരത്തിന് വേണ്ടിയുള്ള ഏതു യുദ്ധത്തിലും ഈ പല്ലും ഒരു മുഘ്യഹേതുവായി കടന്നുവന്നുകൊണ്ടിരുന്നു.
 |
ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്ന അറ |
പതിനാറാം നൂറ്റാണ്ടോടു കൂടിയാണ് പല്ല് കാന്‍ഡിയില്‍ എത്തുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനവും പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യവുമായി കാന്‍ഡി ഭരിച്ചിരുന്ന വിമലധര്‍മ്മസൂരിയ എന്ന ഒരു രാജാവാണ് പല്ല് സൂക്ഷിക്കാനായി, ഇന്ന് ഈ ക്ഷേത്രമിരിക്കുന്ന ഭാഗത്ത് ഒരു രണ്ടുനില കെട്ടിടം നിര്‍മ്മിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കാന്‍ഡിയിലെ രാജാവായിരുന്ന വീരനരേന്ദ്രസിന്‍ഹയുടെ കാലത്താണ് ഇന്നുകാണുന്ന ക്ഷേത്രം ഉണ്ടാക്കപ്പെടുന്നത്.
 |
ക്ഷേത്രത്തിന്റെ ഉള്‍ഭാഗം - മറ്റൊരു കാഴ്ച |
വീരനരേന്ദ്ര രാജാവിന് ദ്വീപിന്റെ ചരിത്രത്തില്‍ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ശ്രീലങ്കയിലെ അവസാനത്തെ സിംഹളരാജാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പത്നി മധുരയിലെ നായിക്കര്‍ രാജകുടുംബത്തില്‍ നിന്നായിരുന്നു. പുത്രലബ്ധിയില്ലാതെ രാജാവ് മരിച്ചപ്പോള്‍ രാജ്ഞിയുടെ സഹോദരന്‍ അധികാരത്തിലേയ്ക്ക് വന്നു. അങ്ങിനെ രാജഭരണം വീണ്ടും ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രബലകുടുംബത്തിന്റെ കൈകളിലേയ്ക്ക് എത്തി. അധികം കഴിയുന്നതിന് മുന്‍പുതന്നെ ദ്വീപ് പൂര്‍ണ്ണമായും കൊളോണിയല്‍ അധിനിവേശത്തിലേയ്ക്ക് വീഴുകയും ചെയ്തു.
 |
ക്ഷേത്രത്തിനകത്തെ ചില ബുദ്ധശില്പങ്ങള്‍ |
കാര്യമായ ആള്‍നാശവും കേടുപാടുകളും ഉണ്ടാക്കിയ രണ്ട് ബോംബുസ്ഫോടനങ്ങള്‍ ഇവിടെ നടന്നിട്ടുള്ളതിനാല്‍ കൂടിയാവും പ്രവേശനഭാഗത്ത് ദേഹപരിശോധനയും മറ്റും ഉണ്ടായിരുന്നു. ഷോര്‍ട്ട്സ് ധരിച്ചു വന്നതിനാല്‍ മകന്‍ വാതില്‍ക്കല്‍ തടയപ്പെട്ടു. അത് സുരക്ഷയുമായി ബന്ധപ്പെട്ടല്ല മറിച്ച് അനുഷ്ഠാനപരമാവും. വാഹനത്തില്‍ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് കൈലിപോലെ ചുറ്റി പ്രശ്നം പരിഹരിച്ചു.
പുറത്തുനിന്ന് നോക്കുമ്പോള്‍ മുഖ്യകെട്ടിടത്തിന്റെ മുന്‍ഭാഗത്തായുള്ള ഒക്ടോഗണല്‍ ആകൃതിയില്‍ കാണപ്പെടുന്ന ക്ഷേത്രഭാഗം പ്രത്യേക വാസ്തുഭംഗിക്ക് കാരണമാകുന്നുണ്ട്. ശ്രീലങ്കയിലെ അവസാന രാജാവായ വിക്രമരാജയുടെ കാലത്താണ് 'പത്തിരിപ്പുവ' (patthirippuwa) എന്ന് പേരുള്ള ഈ പ്രത്യേക ഭാഗം നിര്‍മ്മിക്കപ്പെടുന്നത്. ഇന്നിത് ബുദ്ധമതസംബന്ധിയായ പഴയ താളിയോലകളും മറ്റും സൂക്ഷിക്കുന്ന ഒരു ലൈബ്രറി ആക്കിയിരിക്കുകയാണ്.
 |
പത്തിരിപ്പുവ |
ശ്രീലങ്കയിലെ ഏറ്റവും വലിയ ഉത്സവമായ എസല പെരാഹെര (Esala Perahera) കാൻഡിയിലാണ് നടക്കുന്നത്. ജൂലൈ-ആഗസ്റ്റ്= മാസങ്ങളിലായി നടക്കുന്ന ഈ പ്രദക്ഷിണോത്സവം രണ്ടു പ്രധാനസംഭവങ്ങളുടെ അനുഷ്ഠാനപരമായ സംയോജനമാണ്. ഊർവരതയ്ക്ക് വേണ്ടിയുള്ള പ്രാർഥനാനിരതമായ ആഘോഷങ്ങളും ബലികളും പ്രാക്തനസമൂഹങ്ങളിൽ സജീവസന്നിഹിതമായിരുന്നുവല്ലോ (ഇന്നും അത്തരം പ്രാർഥനകൾ ഇല്ലെന്നല്ല). അത്തരത്തിൽ മഴദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള, ബി. സി. മൂന്നാം നൂറ്റാണ്ടിലേക്കോളം പ്രഭവകാലം നീണ്ടുകിടക്കുന്ന ആഘോഷമാണ് ഇതിലൊന്ന്. പതിനെട്ടാം ശതകത്തിന്റെ മദ്ധ്യത്തിലായി കാൻഡി ഭരിച്ചിരുന്ന കീർത്തിശ്രീ രാജസിൻഗെ എന്ന രാജാവ്, രാജകുടുംബത്തിലെ ഏറ്റവും വിശുദ്ധവസ്തുവായ ബുദ്ധന്റെ പല്ല്, വർഷത്തിൽ ഒരു ദിവസം പ്രജകൾക്ക് ദർശിക്കാനായി എഴുന്നെള്ളിക്കാൻ തീരുമാനിച്ചു. അതിനായി നിലവിലുള്ള ഉത്സവകാലം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ ഈ രണ്ടു കാരണങ്ങളും കൂടിചേർന്ന് പരിണമിച്ച് വന്നതാണ് ഇന്നത്തെ പെരാഹെര.
 |
സ്വർണ്ണചിത്രങ്ങൾ പാകിയ മച്ച് |
കേരളത്തിൽ ഊർവരതോത്സവങ്ങൾ ഉണ്ടോ? പ്രാദേശികമായി മഴപെയ്യിക്കാൻ വേണ്ടി നടക്കുന്ന യാഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. ഒരിടക്കാലത്തെ ശോഷണത്തിനുശേഷം അത്തരം യാഗങ്ങളൊക്കെ ഈയടുത്തായി കൂടിവരുന്നതും പത്രവാർത്തകളിൽ നിന്ന് മനസ്സിലാക്കാം. എങ്കിൽകൂടിയും കേരളത്തെ മുഴുവനായി ഉൾക്കൊള്ളുന്ന തരത്തിൽ ഊർവ്വരതയുമായി ബന്ധപെട്ട ഉത്സവങ്ങൾ നമുക്കില്ല എന്നുതന്നെ കരുതാം. അതിനുള്ള കാരണമായി കണ്ടെത്താനാവുക കേരളത്തിന്റെ ഭൂപ്രകൃതി എല്ലാകാലത്തും ഊർവ്വരമായിരുന്നു എന്നതാവും. നമ്മുടെ ഉത്സവങ്ങൾ കൂടുതലും വിളവെടുപ്പുമായും കൃഷിയാരംഭവുമായും ഒക്കെ ബന്ധപ്പെട്ടാണല്ലോ. കേരളത്തിന്റെ ഇടനാടോളം ഹരിതാഭപുഷ്ടിയുള്ള ഭൂമിയാണ് കാൻഡിയും. അതുകൊണ്ട് തന്നെ പെരാഹെരയുടെ ഊർവ്വരസംബന്ധിയായ ഭാഗം കാൻഡിയുടെ ജീവിതവുമായി ബന്ധപ്പെട്ടതല്ല. ആദ്യം രാജ്യതലസ്ഥാനങ്ങൾ നിലനിന്ന അനുരാധപുരവും പോളോന്നാറുവായും ഒക്കെ ഉൾപ്പെടുന്ന വരണ്ടസമതലങ്ങളിൽ നിന്നും പിൽകാലത്ത് രാജ്യതലസ്ഥാനം കാൻഡിയിലേക്ക് മാറിയതിനോടൊപ്പം ഈ ഉത്സവവും മലകയറിയതാവാം.
 |
ക്ഷേത്രത്തിന്റെ ഉൾഭാഗം - മറ്റൊരു കാഴ്ച |
ബുദ്ധന്റെ വിശുദ്ധപല്ലും വഹിച്ചുകൊണ്ടുള്ള വർണ്ണാഭമായ ഘോഷയാത്രയാണ് പെരാഹെരയുടെ പ്രധാന ആകർഷണം (പെരാഹെര എന്ന വാക്കിന്റെ അർത്ഥം തന്നെ ഘോഷയാത്ര എന്നത്രേ). ആനപ്പുറത്താണ് പല്ല് നിക്ഷേപിച്ച പെട്ടകം എഴുന്നെള്ളിക്കുക. അലങ്കരിച്ച ആനകളുടെ ഒരു വ്യൂഹം അതിനെ അനുഗമിക്കുന്നു. നെറ്റിപ്പട്ടത്തിൽ നിന്നും വ്യത്യസ്തമായി ആനയെ മുഴുവനായുംമൂടിയിട്ടുള്ള വർണ്ണാലംകൃതമായ കവചമാണ് അവയെ ധരിപ്പിക്കുക. ഇത്തരം ആനരൂപങ്ങളുടെ മിനിയേച്ചറുകൾ ഒരു പ്രധാന വില്പനവിഭവമായി സഞ്ചാരികളെ ഉദ്ദേശ്ശിച്ച് എല്ലാ കടകളിലും കാണാം. കാൻഡിയൻ നർത്തകരും ഘോഷയാത്രയുടെ പ്രധാന ഘടകമാണ്. കാൻഡിയൻ നൃത്തം, മാറ്റൊരു രീതിൽ ആണെങ്കിലും, കുറച്ചൊക്കെ അനുഷ്ഠാനപരമായി പ്രത്യക്ഷപ്പെടുന്ന ഇക്കാലത്തെ ഏക അവസരം ഇതാണെന്നുവേണം കരുതാൻ.
 |
കാന്‍ഡിയുടെ ഭൂപ്രകൃതി |
ഈ ക്ഷേത്രത്തിനകത്ത് സൂക്ഷിച്ചിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഗൗതമബുദ്ധന്റെ പല്ല് തന്നെയാണോ? 'മാതൃഭൂമി യാത്ര'യില്‍ , ഈ ക്ഷേത്രത്തെ കുറിച്ച് കെ. വിശ്വനാഥ് എഴുതിയ കുറിപ്പില്‍ ഇങ്ങനെ കാണാം. "ബി. സി. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബുദ്ധന്റെ പല്ല് തന്നെയതെന്ന് എങ്ങിനെ ഉറപ്പിക്കാനാവുമെന്ന എന്റെ ചോദ്യം പൊതുവേ ശാന്തശീലനായ ബന്ധുകയെ പ്രകോപിപ്പിച്ചെന്ന് തോന്നുന്നു. 'വെറുതെ എതെങ്കിലുമൊരാളുടെ പല്ലെടുത്തു വച്ച് ഇങ്ങനെ ക്ഷേത്രത്തിനകത്ത് വച്ച് ആരാധിക്കാന്‍ മാത്രം മണ്ടന്മാരാണ് ഞങ്ങളെന്നാണോ നിങ്ങള്‍ കരുതുന്നത്?'-അയാളുടെ ചോദ്യത്തിന് മുന്നില്‍ എനിക്ക് ഉത്തരം മുട്ടി" (ഡിസംബര്‍ 2012). ആ ധാര്‍മ്മികരോഷം പുതിയതല്ല. മതപരമായ വിശ്വാസങ്ങളെ യുക്തികൊണ്ട് അളക്കാന്‍ നോക്കുന്നത് അര്‍ത്ഥമില്ലായ്മയാണ് - അതുകൊണ്ടാണല്ലോ ആ സംഗതിയെ 'വിശ്വാസം' എന്ന് അഭിസംബോധന ചെയ്യുക.
- തുടരും -
read with much interest , or with a 'teeth" and with the festivals :)
മറുപടിഇല്ലാതാക്കൂമരതകദ്വീപിലൂടെയുള്ള യാത്ര സന്തോഷകരമായിരിയ്ക്കുന്നു
മറുപടിഇല്ലാതാക്കൂതുടരുക.
പ്രഭാകരന്റെ മകന്റെ നോട്ടം ഇപ്പോളും ഉള്ളിലിരുന്ന് കുത്തുന്നുണ്ടെങ്കിലും ദ്വീപെത്ര സുന്ദരം
Good one. informative. thanks..
മറുപടിഇല്ലാതാക്കൂഈ ഭാഗം വായിച്ചു. ഇഷ്റ്റമായി. മറ്റ് ഭാഗങ്ങളുടെ വായനക്കായി വീണ്ടും വരാം......സസ്നെഹം
മറുപടിഇല്ലാതാക്കൂമിഴിവുറ്റ മനോഹരമായ ചിത്രങ്ങളും ചരിത്രാവലംബിയായ ലളിതമായ വിവരണവും കൂടി ഇതൊരു നവ്യാനുഭവമാക്കിയ എഴുത്തുകാരാ..നന്ദി, അഭിനന്ദനങ്ങൾ...
മറുപടിഇല്ലാതാക്കൂകരുണ്, അജിത്, മുല്ല, ഒരു യാത്രികൻ,ചീരാമുളക്,
മറുപടിഇല്ലാതാക്കൂസന്ദർശനത്തിനും അഭിപ്രായങ്ങൾക്കും വളരെ നന്ദി!
സ്നേഹത്തോടെ,
ലാസർ
കുറച്ചു നാളുകൾക്കു മുന്പ് എന്റെ മരുമകളും അവളുടെ മാതാപിതാക്കളും ഈ സ്ഥലത്തൊക്കെ ഒരാഴ്ചയിലേറെ താമസിച്ചു; കണ്ടു.
മറുപടിഇല്ലാതാക്കൂചില അസൌകര്യങ്ങൾ കാരണം ആ പ്രിയപ്പെട്ട യാത്ര ഞാൻ മാറ്റിവച്ചു .
.
ടെംബിള്‍ ഓഫ് ടൂത്ത് കണ്ടപ്പോൾ ഗോള്ടെൻ ടെമ്പ്ൾ രാത്രിയിൽ കാണുന്ന പോലെ തോന്നി.
ബുദ്ധന്റെ പല്ല് കൊഴിഞ്ഞു പോയിരുന്നോ?
മറുപടിഇല്ലാതാക്കൂ:-) , തരപ്പെടുമ്പോൾ പോകൂ, ഏതു ദേശത്തേയും പോലെ വ്യതിരക്തമായ ഒരുപാട് കാഴ്ചകൾ ഇവിടെയും... സന്ദർശനത്തിന് നന്ദി!
ഇല്ലാതാക്കൂപ്ിയപ്പെട്ട ലാസര്‍ താങ്കളുടെ യാത്രാവിവരണം താല്‍പര്യപൂര്‍വ്വം വായിക്കുന്നു. മുഖം ഡോട്ട് കോം http://mukham.com/ പ്രസദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു സമ്മതമാണെങ്കില്‍ അറിയിക്കുക. ramesh898@gmail.com
മറുപടിഇല്ലാതാക്കൂവായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഇ-മെയിലിൽ ബന്ധപ്പെടാം...
ഇല്ലാതാക്കൂ