2014, ജൂൺ 1, ഞായറാഴ്‌ച

ചാമുണ്‍ഡീ താഴ്‌വാരം; കാവേരീ ഭരിതം - അഞ്ച്

"ദേ അവിടെ ഏതോ ഒരു ജീവി..."
മകൾ ചൂണ്ടികാട്ടിയ ഭാഗത്തേയ്ക്ക് ഞാൻ നോക്കി.
ഉച്ചയിലേയ്ക്ക് കടക്കുന്ന വെയിലിന്റെ മറവില്ലാത്ത രൂക്ഷതയിൽ, തവിട്ടുനിറം ചിതറുന്ന പാറയിൽ, എന്റെ കാഴ്ച വേണ്ടവണ്ണം പിടിച്ചില്ല.
"എവിടെ?"
അവൾ വീണ്ടും ചൂണ്ടി കാണിച്ചു.
അപ്പോഴാണ്‌ ആ അരണയെ കണ്ടത്. അത്തരത്തിൽ നിറവൈവിധ്യമുള്ള അരണയെ മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. കറുപ്പും തവിട്ടും കൂടാതെ മഞ്ഞയും ചുമപ്പും ഒക്കെ വാരിപ്പൂശി ഒരു അരണ. Peninsular Rock Agama എന്ന പേരുള്ള ഇവൻ തെക്കേ ഇന്ത്യയിലെ ഉയർന്ന പാറക്കുന്നുകളിൽ കാണപ്പെടുന്ന ഒരു തദ്ദേശിയ ഉരഗജീവിയാണ്.

ഞങ്ങളപ്പോൾ ശ്രാവണബേലഗോളയിലെ വിന്ധ്യാഗിരി കുന്നിനു മുകളിലായിരുന്നു. ഇവിടേയ്ക്ക് വരുമ്പോൾ വിചിത്രവർണ്ണങ്ങളുള്ള ഒരു അരണയുടെ ദർശനം ഞങ്ങളുടെ യാത്രാപദ്ധതിയിൽ ഉണ്ടായിരുന്നില്ല. ശ്രാവണബേലഗോള ചില ചരിത്രനിറങ്ങളുടെ നിറവുകൊണ്ടാവും പൊതുവേ സഞ്ചാരികളെ ആകർഷിക്കുക. ഞങ്ങളും ആ വഴി സഞ്ചരിച്ചെത്തിയതായിരുന്നു ഇവിടെ...

(ശ്രാവണബേലഗോള സന്ദർശിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ്, ഇപ്പോൾ, ഈ കുറിപ്പ് എഴുതാനിരിക്കുന്നത്. ഇക്കാലത്തിനിടയ്ക്ക്, ഈ സന്ദർശനത്തെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെയും ആദ്യമായി ഓർമ്മയിൽ വരുക, ആ പ്രദേശത്തിന്റെ അന്ത:സത്തയുമായി യാതൊരു സാംഗത്യവുമില്ലാത്ത, എന്തിലേയ്ക്കോ ദത്ത:ശ്രദ്ധനായി അനങ്ങാതിരിക്കുന്ന വിചിത്രവർണ്ണങ്ങളുള്ള ഈ അരണയുടെ രൂപമാണ്. ഈ യാത്ര ഓർമ്മയിലുള്ള കാലത്തോളം അതങ്ങിനെതന്നെയായിരിക്കും എന്നും ഉറപ്പുണ്ട്. ഹൃദയത്തിലോ തലച്ചോറിലോ ഇങ്ങനെ ക്രമരഹിതമായി ഓർമ്മകളെ അടുക്കിവയ്ക്കുന്നത് ഏതു ദേവതയായിരിക്കും...?)

നിറവൈവിധ്യമുള്ള ഒരു അരണ - Peninsular Rock Agama. ശ്രാവണബേലഗോളയിൽ നിന്നുള്ള കാഴ്ച
ഈ ജൈനകേന്ദ്രത്തിൽ എത്തുന്നവർ സാധാരണ ബേലുരും ഹാളേബീഡുവും കൂടി സന്ദർശിക്കാറുണ്ട്. അവയും കൂടി കണ്ടാലേ ഈ പ്രദേശത്തെ ജൈന സംസ്കാരത്തിലേയ്ക്കുള്ള ചരിത്രതീർത്ഥാടനം പൂർത്തിയാവുകയുള്ളൂ എന്നാണ്. മൈസൂറിൽ താമസിച്ചുകൊണ്ട് പരിസരപ്രദേശങ്ങളിലേയ്ക്കുള്ള യാത്രകളാണ് ആസൂത്രണം ചെയ്തിരുന്നതെന്നതിനാൽ, ഏറ്റവും അടുത്തുള്ള, ഏതാണ്ട് തൊണ്ണൂറു കിലോമീറ്റർ വടക്കുമാറി കിടക്കുന്ന ശ്രാവണബേലഗോള മാത്രമേ ഇത്തവണ കാണാൻ ഉദ്ദേശിച്ചിരുന്നുള്ളു. അവിടെ നിന്നും പിന്നെയും പത്തു തൊണ്ണൂറു കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന, ബംഗളൂരു - മംഗലാപുരം ദേശീയ പാതയ്ക്കപ്പുറത്തുള്ള ബേലുരും ഹാളേബീഡുവും മറ്റൊരു അവസരത്തിലേയ്ക്ക് മാറ്റിവച്ചു - ആ മറ്റൊരവസരം എപ്പോൾ എന്നത് വലിയൊരു ചോദ്യചിഹ്നത്തിൽ അവസാനിപ്പിച്ചു കൊണ്ട്...

മൈസൂർ - ബംഗളൂരു പാതയിലൂടെ ഏകദേശം പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം കിറങ്ങൂർ എന്ന സ്ഥലത്ത് നിന്നും വടക്കോട്ട്‌ തിരിഞ്ഞു സംസ്ഥാന ഹൈവേയിലൂടെ കൃഷ്ണരാജപേട്ട വഴി കിക്കേരി എന്ന ചെറിയ പട്ടണത്തിലെത്തണം. ഇവിടെ നിന്നും വലത്തേയ്ക്ക് തിരിഞ്ഞു പോകുന്ന ചെറിയ റോഡ്‌ അവസാനിക്കുന്നത് ശ്രാവണബേലഗോളയിലാണ്. കിക്കേരി മുതൽ ശ്രാവണബേലഗോളവരെയുള്ള പത്തു പതിനഞ്ചു കിലോമീറ്റർ കന്നഡ ഗ്രാമങ്ങളുടെ നെടുകേയുള്ള പരിച്ചേദമാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് കേരളം ഇന്ത്യയിലെ വ്യത്യസ്തമായ ഒരു പ്രദേശമാണെന്ന് തോന്നുക. ഗ്രാമീണതയുടെ ശുദ്ധദൈന്യത ഇത്രയും തീവ്രമായി കേരളത്തിൽ ഇല്ല. കേരളത്തിലെ ഏത് സാമ്രാജ്യത്വവിരുദ്ധ തൊഴിലാളിയും കർഷകനും ലൈഫ്ബോയ്‌ എങ്കിലും ഉപയോഗിച്ച് കുളിക്കുന്നവനായിരിക്കും, ലൈഫ്ബോയ്‌ യൂണിലിവർ ഉല്പന്നമാണെന്നത് അറിഞ്ഞാലും അറിയില്ലെങ്കിലും. 

വിന്ധ്യാഗിരി - ഒരു ദൂരകാഴ്ച
കർണ്ണാടകയുടെ തെക്ക്-മദ്ധ്യ പ്രദേശത്തുള്ള ഹാസൻ ജില്ലയിലാണ് ശ്രാവണബേലഗോള. ബാംഗളൂരു - മംഗലാപുരം ദേശിയ പാതയിലുള്ള ചന്നരായപട്ടണയാണ് അടുത്തുള്ള പ്രമുഖ നഗരം. മൈസൂറിൽ നിന്ന് വരുമ്പോൾ പക്ഷേ ചന്നരായപട്ടണയിലേയ്ക്ക് എത്തേണ്ടതില്ല.

അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരിയും വിന്ധ്യാഗിരിയും, അവയ്ക്ക് നടുവിലായുള്ള സമതലത്തിൽ ഒരു കുളവും അതിനു ചുറ്റും വികസിച്ചുവന്ന ചെറിയ ജനപഥവും - അതാണ്‌ ശ്രാവണബേലഗോള. 'വെളുത്ത കുളം' എന്നത്രേ ബേലഗോളയുടെ അർത്ഥം. പട്ടണത്തിന്റെ പ്രധാന സ്ഥാനമായ, ജലസ്ത്രോതസായ കുളത്തിൽ നിന്നാണ് പ്രദേശത്തിന് ഈ പേര് ഉണ്ടായിവന്നത് എന്ന് അനുമാനിക്കുന്നു. എന്തായാലും വെളുത്ത നിറത്തിലുള്ള, കുറഞ്ഞത്‌ സ്ഫടിക സുതാരത്യയെങ്കിലുമുള്ള കുളമല്ല ഇപ്പോൾ ഇവിടെയുള്ളത്. എങ്കിലും ജന്മനാട്ടിലെ ശ്രീപത്മനാഭ പത്മതീർത്ഥത്തിന്റെ മലിനസാന്ദ്രത തോന്നിയില്ല ജലത്തിന് എന്നത് വേറെ കാര്യം.

ബേല-ഗോള അഥവാ 'വെളുത്ത കുളം'
'ബേലഗോള'യുടെ അടുത്തായി വണ്ടിയിട്ട് വിന്ധ്യാഗിരിയിലേയ്ക്ക് ഞങ്ങൾ നടന്നു. വിന്ധ്യാഗിരി കയറാം എന്നാണ് ഉദ്ദേശിച്ചിരുന്നത്. അപ്പുറത്തുള്ള ചന്ദ്രഗിരി കൂടി കയറാനുള്ള ഊർജ്ജം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നതിനാൽ ആ പരിപാടി ഈ യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഭൂനിരപ്പിൽ നിന്നും ഏകദേശം 450 അടി ഉയരമുള്ള വിന്ധ്യാഗിരിയുടെ നെറുകയിലെത്താൻ 550 ഓളം പടികൾ കയറേണ്ടതുണ്ടായിരുന്നു. ചെരിപ്പിട്ട് കയറാൻ പാടില്ല. വെയിലുകൊണ്ട് മഞ്ഞിച്ചു കിടക്കുന്ന പാറയിലൂടെ നഗ്നപാദരായി കയറുക അത്ര സുഖകരമായിരിക്കില്ല എന്നറിയാമായിരുന്നു. പ്രതിവിധിയായി, സോക്സുമായി ഉടൻ തന്നെ ഒരു കച്ചവടക്കാരൻ മുന്നിലെത്തി. ദൈവം ഇങ്ങനെയൊക്കെ ഓരോ പുണ്യസ്ഥലത്തും പ്രത്യക്ഷപ്പെടുന്നു...

വിന്ധ്യാഗിരിക്ക് മുകളിലേയ്ക്കുള്ള പടികൾ
ബ്രിട്ടീഷ് അധിനിവേശമാണ് ചിതറികിടന്ന ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് ഏകമാനമായ ഒരവസ്ഥ ഉണ്ടാക്കിക്കൊണ്ടുവന്നതെന്നും അതാണ്‌ ഇന്ത്യയുടെ അസ്തിത്വമെന്നുമുള്ള വാദം കേൾക്കാറുണ്ട്. അത് അത്രകണ്ട് ശരിയായി കൊള്ളണമെന്നില്ല. ഒരു പാൻ ഇന്ത്യൻ സാംസ്കാരിക അവബോധം നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ സന്നിഹിതമാണ് എന്നുവേണം കരുതാൻ. അതിന്റെ വളരെ പഴയ, അതിവിപുലമായ രാഷ്ട്രീയ പരീക്ഷണമായി മൗര്യസാമ്രാജ്യം നമ്മുടെ മുന്നിലുണ്ട്.

മൗര്യസാമ്രാജ്യത്തിന്റെ തുടക്കത്തിൽ തന്നെ ചരിത്രത്തിലേയ്ക്ക് കയറി നിൽക്കുന്ന ഒരു സ്ഥലമാണ് ശ്രാവണബേലഗോള. ക്രിസ്തുവിനും മൂന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന, മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു ചരിത്രവും സങ്കല്പവുമൊക്കെ കൂടികുഴഞ്ഞ ശ്രാവണബേലഗോളയുടെ അതിപുരാതന കഥ.

വിന്ധ്യാഗിരി കയറുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി. താഴ് വാരത്തെ പട്ടണത്തിനപ്പുറം കൂറ്റൻപാറകളുടെ കൊളാഷ് ചിത്രം പോലെ ചന്ദ്രഗിരി കാണാം. വിജനവും വന്യവുമായ പാറക്കൂട്ടത്തിന്റെ വിടവുകളിൽ ഒറ്റപ്പെട്ട് വളർന്നുനിൽക്കുന്ന പച്ചപടർപ്പുകൾ. പൗരാണികതയുടെ ദൃശ്യഗന്ധം... ജൈനമതം ഈ പ്രദേശത്ത് ആദ്യമായി എത്തുന്നത് ചന്ദ്രഗിരിയുമായി ബന്ധപ്പെട്ടാണ്.

ചന്ദ്രഗിരി - വിന്ധ്യാഗിരിയിൽ നിന്നും കാണുമ്പോൾ...
നാല്പത്തി രണ്ടാമത്തെ വയസ്സിൽ ചന്ദ്രഗുപ്ത മൗര്യ തന്റെ വലിയ സാമ്രാജ്യത്തിന്റെ ഭരണം മകനെ ഏൽപ്പിച്ച് സന്യാസിയുടെ ജീവിതം തിരഞ്ഞെടുത്തു എന്നാണു പറയപ്പെടുന്നത്‌. അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരവിശേഷണങ്ങൾ ഒക്കെയും ഐതീഹ്യത്തിന്റെ തലത്തിലേ ചരിത്രകാരന്മാർ കാണുന്നുള്ളൂ.

ജൈനമത വിശ്വാസമനുസരിച്ച് ചന്ദ്രഗുപ്ത മൗര്യ രാജ്യം ത്യജിച്ച് ജൈനമതം സ്വീകരിച്ച് തെക്കേ ഇന്ത്യയിലേയ്ക്ക് സഞ്ചരിച്ചു എന്നാണ്. ശ്രാവണബേലഗോളയിലെത്തി ഒരു കുന്നിന് മുകളിൽ അദ്ദേഹം ധ്യാനനിരതനാവുകയും അവിടെ വച്ചുതന്നെ മരണപ്പെടുകയും ഉണ്ടായി എന്നാണ് ജൈനവിശ്വാസം. ആ കുന്നാണ്‌ ചന്ദ്രഗിരി. ഈ ചന്ദ്രഗുപ്ത കഥയ്ക്ക്‌ കാര്യമായ ചരിത്രസാധുതയില്ലെങ്കിലും വളരെ ശക്തമായ ഒരു വിശ്വാസമായി അത് നിലനിൽക്കുന്നു, പ്രത്യേകിച്ചു ജൈനവിശ്വാസത്തിന്റെ തെക്കേ ഇന്ത്യയിലെ ഈറ്റില്ലമായ കർണ്ണാടകയുടെ ഈ പ്രദേശങ്ങളിൽ. ആ നിലയ്ക്ക് നോക്കുമ്പോൾ കുറഞ്ഞത്‌ ക്രിസ്തു വർഷം ആരംഭിക്കുന്നതിനും ഏതാണ്ട് മുന്നൂറു വർഷങ്ങൾക്ക് മുൻപ് തന്നെ ശ്രാവണബേലഗോളയിൽ ജൈനമതം എത്തിയിരുന്നു എന്ന് കരുതേണ്ടി വരും.

ചന്ദ്രഗുപ്ത ബസതി - വിന്ധ്യാഗിരിയിൽ നിന്നുള്ള കാഴ്ച
തന്റെ ഗുരുവായ ഭദ്രബാഹു എന്ന ജൈനസന്യാസിയോടൊപ്പം സഞ്ചരിച്ചെത്തി ഈ പ്രദേശത്തു കഴിഞ്ഞ ചന്ദ്രഗുപ്ത മൗര്യയുടെ സ്മരണാർത്ഥമാണ് ചന്ദ്രഗിരിയിൽ ചന്ദ്രഗുപ്ത ബസ്തി എന്ന ജൈനക്ഷേത്രം ഉയരുന്നത് (ജൈനക്ഷേത്രങ്ങളെയാണ് ബസതി എന്ന് പറയുക). അശോകനാണ് തന്റെ പൂർവ്വികന്റെ ഓർമ്മയ്ക്ക് ഇവിടെ ആദ്യമായി ഒരു സ്മാരകം പണിയുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എങ്കിൽ തന്നെയും ഇന്ന് കാണുന്ന നിലയ്ക്കുള്ള ചന്ദ്രഗുപ്ത ബസതിയുടെ നിർമ്മാണം, അതിന്റെ വാസ്തുരീതികളെ അവലംബമാക്കി, ആറാം നൂറ്റാണ്ടിനോട് അടുപ്പിച്ചായിരിക്കും എന്നാണ് നിജപ്പെട്ടിരിക്കുന്നത്. ഗംഗസാമ്രാജ്യത്തിന്റെ പുഷ്ടി ആരംഭിക്കുന്ന ഇക്കാലത്ത്, രാജ്യത്ത് ഒരുപാട് ജൈനക്ഷേത്രങ്ങൾ ഉയർന്നുവന്നിരുന്നു. ചില വിപരീതവാദങ്ങൾ ഉണ്ടെങ്കിലും, ഗംഗന്മാർ പൊതുവെ ജൈനമത വിശ്വാസികളായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

കുന്നുകയറുമ്പോൾ പുരാതനമായ ഒരുപാട് നിർമ്മിതികൾ ഓരോ തലങ്ങളിലും കാണാം
ചന്ദ്രഗിരിയിലും വിന്ധ്യാഗിരിയിലുമായി ഒരുപാട് ജൈനനിർമ്മിതികൾ ഇന്നും പലതരത്തിലും ഉപയുക്തമായിരിക്കുന്നത് കുന്നുകയറുമ്പോൾ കാണാം. ഇതിൽ പലതും ഗംഗൻമാരുടെ കാലത്ത് നിർമ്മിച്ചതാണ്. മൂന്നാം ശതകത്തിന്റെ പകുതി മുതൽ പത്താം നൂറ്റാണ്ടു വരെ തെക്കൻ കർണ്ണാടകയുടെ മുഖ്യഭാഗവും ഭരിച്ചിരുന്ന രാജവംശമാണ് ഗംഗന്മാർ. ജൈനകേന്ദ്രങ്ങളായ ശ്രാവണബേലഗോളയും ബേലുരും ഹാളേബീഡുവും ഒക്കെ അവരുടെ ഏഴു നൂറ്റാണ്ടോളം നീണ്ട ഭരണത്തിൻ കീഴിൽ മതകേന്ദ്രങ്ങൾ എന്ന നിലയ്ക്ക് വളരെയധികം പ്രസിദ്ധി നേടുകയുണ്ടായെങ്കിലും ഗംഗന്മാരുടെ തലസ്ഥാനം ഇവിടെ നിന്നും ഏകദേശം നൂറ്റൻപത് കിലോമീറ്റർ തെക്കുകിഴക്ക് മാറിയുള്ള കാവേരീ തീരമായ തലക്കാട് എന്ന സ്ഥലത്തായിരുന്നു. മൈസൂറിൽ നിന്നും അമ്പത് കിലോമീറ്റർ അകലെ കിടക്കുന്ന തലക്കാട് എന്ന നദീതീരം ഇന്ന് ചില ഭൂമിശാസ്ത്ര പ്രത്യേകതകളാൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന സ്ഥലമാണ്. ഇവിടെ വച്ച് കാവേരി ഒരു വലിയ വളവെടുക്കുകയും, ആ പ്രവാഹശക്തിയിൽ കരയിലേയ്ക്ക് പുഴമണൽ ക്രമാതീതമായി അടിഞ്ഞുകൂടുകയും ചെയ്യുന്നു. മണലിന്റെ ഈ കരയേറൽ പ്രതിഭാസം നമുക്ക് ഊഹിക്കാൻ സാധിക്കുന്നതിനെക്കാൾ അധികമാവുകയാൽ, ഗംഗന്മാരുടെ കാലത്തെ പല ക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളും ഈ കാലയളവിനിടയ്ക്ക് ആ മണൽക്കാടിന് അടിയിലായിപ്പോയത്രേ. ഈ യാത്രയിൽ തലക്കാട് കാണാനായില്ല എന്നത് നഷ്ടം തന്നെ.

മറ്റൊരു മണ്ഡപം
കാറ്റ് ഞങ്ങളോടൊപ്പം മലകയറി വന്നു. വിയർത്തുകൊണ്ടുള്ള മലകയറ്റത്തിനിടയ്ക്ക് വിശ്രമിക്കുമ്പോൾ വിയർപ്പുപൊടിഞ്ഞ ശരീരത്തിൽ കാറ്റുപടർന്ന് തണുപ്പിക്കുന്ന ഒരുതരം സുഖമുണ്ട്. ആദിമമായ ഒരുണർച്ചയാണ് അപ്പോൾ തോന്നുക.

ദിഗംബര ജൈനസന്യാസിമാർ ഇവിടെ ഉണ്ടാവാറുണ്ട് എന്ന് വായിച്ചിട്ടുണ്ട്. ഞാൻ ഒരാൾക്കായി തിരഞ്ഞു. നഗ്നത, നഗ്നതയെ പ്രതി, കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല അത്. പരസ്യമായ നഗ്നത അസാമാന്യമായ ധൈര്യമാണ്. ലൈംഗീകതയുമായി ബന്ധപ്പെട്ട എക്സിബിഷനിസം പോലുള്ള സ്വഭാവങ്ങളുമായി ബന്ധപ്പെടുത്തേണ്ട ഒന്നായിരിക്കില്ലല്ലോ ഒരു ദിഗംബര സന്യാസിയുടേത്. ആ മനോനിലയിലേയ്ക്കെത്തുന്ന ആത്മീയതയുടെ നിർമമതലം എന്തായിരിക്കും? അതിന്റെ നേരിയ ലാഞ്ചനയെങ്കിലും കിട്ടുക എന്നതായിരുന്നു എന്റെ ആഗ്രഹത്തിന്റെ കൗതുകം. പക്ഷെ അങ്ങിനെ ആരും പരിസരത്തുണ്ടായിരുന്നില്ല.

വഴിമദ്ധ്യേ മറ്റൊരു ബസതി
വിന്ധ്യാഗിരിയുടെ നെറുകയിലെത്തുമ്പോൾ ആദ്യം കാണുക ഒരുപാട് തലങ്ങളിലായി കിടക്കുന്ന, പടവുകളും ചുറ്റുമതിലായുള്ള ശിലകളും അവയിലെ അനേക ശില്പങ്ങളും ഒക്കെയായി സങ്കീർണ്ണ നിർമ്മിതിയായ പ്രധാന ബസതിയാണ്. ഒരു തലം കടക്കുമ്പോൾ പെട്ടെന്ന്, ആകാശം മറച്ചുകൊണ്ട് ഗോമദ്ദേശ്വരൻ തെളിഞ്ഞുവരും. ചിതറിക്കിടക്കുന്ന പൗരാണിക നിർമ്മിതികൾ നൂറുകണക്കിനുണ്ടെങ്കിലും ശ്രാവണബേലഗോള ഏറ്റവും പ്രശസ്തമായിരിക്കുന്നത്, വിന്ധ്യാഗിരിക്ക് മുകളിലുള്ള, ലോകത്തിന്റെ ഏറ്റവും വലിയ ഒറ്റക്കൽ ശില്പമായി കരുതപ്പെടുന്ന ഗോമദ്ദേശ്വര പ്രതിമയെ പ്രതിയാണ്. വിന്ധ്യാഗിരിയുടെ നെറുകയിൽ നിൽക്കുന്ന പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഈ ശില്പത്തിന് ഏതാണ്ട് അറുപതടി ഉയരമുണ്ട്.

ഈ കുന്നിനു മുകളിൽ എങ്ങിനെയാവും ഇത്തരത്തിലുള്ള കൂറ്റൻ പ്രതിമ സാക്ഷാത്കരിച്ചിരിക്കുക, അക്കാലത്ത്. മറ്റെവിടെയെങ്കിലും വച്ച് നിർമ്മിച്ചതിനു ശേഷം മുകളിലേയ്ക്ക് കൊണ്ടുവന്നതാവാൻ വഴിയില്ല. ഇവിടെ തന്നെയുണ്ടായിരുന്ന പാറയിൽ ശില്പികൾ ഇവിടെവച്ച് തന്നെ കൊത്തിയെടുത്തതാവാനേ വഴിയുള്ളൂ. മദ്ധ്യകാലത്ത് തെക്കേ ഇന്ത്യയിൽ ഉയർന്നുവന്ന ശില്പങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ഭീമാകാര ആകാരമുള്ള ഈ പ്രതിമയുടെ അളവുചാരുതകൾ സവിശേഷമെന്നു തന്നെ പറയേണ്ടിവരും.

വിന്ധ്യാഗിരി നെറുകയിലെ ഗോമദ്ദേശ്വര പ്രതിമ 
1865 - ൽ ഈ ഭാഗത്ത് ഭൂസർവേ നടത്തുകയായിരുന്ന ബ്രിട്ടീഷ് ഉദോഗസ്ഥൻ ലെഫ്റ്റനന്റ് ക്യാംബെൽ ഗോമദേശ്വര ശില്പത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: "ശില്പത്തിന്റെ അനുപാതങ്ങൾ മോശമെന്ന് പറയുകവയ്യ. എന്നാൽ തിരശ്ചീന അളവുകൾ കൂടുതലാണ്. ദേഹത്തിന്റെ മുകൾഭാഗം വെച്ച് നോക്കിയാൽ കാലുകൾ കുള്ളമാണ്. കൈകൾ തോൾ മുതൽ അര വരെ ശരീരം തൊടാതെ തൂങ്ങികിടക്കുന്നു. ചെത്തിമിനുസപ്പെടുത്തിയ കല്ലുകൊണ്ടുണ്ടാക്കിയ ശിൽപം ഭാഗികമായി പോളിഷ് ചെയ്തിരിക്കുന്നു. ചാരം കലർന്ന വെള്ളയാണ് നിറം. 34 മെയിലുകൾക്കപ്പുറത്തു നിന്നു കാണുമ്പോൾ വെള്ളവലിച്ചതുപോലെ തോന്നും. ഞാൻ ചെറിയ ഒരു തിയോഡലൈറ്റ് കൊണ്ട് പ്രതിമയുടെ അളവുകളെടുത്തു.

മുകൾ ഭാഗത്തിന്റെ ഉയരം: 39' 0"
കീഴ്ഭാഗം (ഭാഗികമായി കൊത്തിയ ഭാഗം): 21' 6"
പൂർണ്ണമായ ഉയരം: 60' 6"
തോൾ വീതി: 27' 0"
ശിരസ്സിന്റെ വീതി: 10' 0"
ഇടുപ്പിന്റെ വീതി: 10' 4"
കക്ഷങ്ങൾ തമ്മിലുള്ള അകലം: 14' 2" "
(സി. എസ്. മീനാക്ഷിയുടെ 'ഭൗമചാപം' എന്ന പുസ്തകത്തിൽ നിന്നും).

മലമുകളിൽ യാത്രികർ വിശ്രമത്തിൽ...
ജൈനമത സംസ്കൃതിയിൽ ഏറെ പ്രാധാന്യമുള്ള ബാഹുബലിയാണ് ഗോമദ്ദേശ്വരൻ എന്നും അറിയപ്പെടുന്നത്. ഈ ശില്പനിർമ്മാണം നടക്കുന്ന കാലത്തിന് തൊട്ടുമുൻപായി ജീവിച്ചിരുന്ന കന്നഡ കവിയായ ആദികവി പമ്പയുടെ 'ആദിപുരാണം' എന്ന കൃതിയിലാണ് ബാഹുബലിയുടെ ചരിത്രം പ്രകാശിപ്പിക്കപ്പെടുന്നത്.

അയോധ്യ കേന്ദ്രമാക്കി ഋഷഭദേവ എന്ന ഒരു രാജാവ് ഭരിച്ചിരുന്നുവത്രേ (ഏത് കാലത്ത് എന്നത് തികച്ചും അവ്യക്തം). ഋഷഭദേവ, മൂത്തപുത്രനായ ഭരതനെ രാജാവായി വാഴിക്കുകയും മറ്റൊരു പുത്രനായ ബാഹുബലിയെ യുവരാജാവാക്കുകയും ചെയ്തു. ഭരതൻ തലസ്ഥാനമായ അയോദ്ധ്യയും പരിസരങ്ങളും, ബാഹുബലി പൗദാനപുരയെന്ന മറ്റൊരു പ്രദേശവും ഭരിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ ഭരതരാജാവ് ദ്വിഗ്വിജയത്തിനിറങ്ങി. സമീപസ്ഥ രാജാക്കന്മാരൊക്കെയും താമസംവിനാ ഭരതന്റെ മേൽക്കോയ്മ അംഗീകരിച്ചു, ബാഹുബലി ഒഴിച്ച്. ഇത് സഹോദരന്മാർ തമ്മിലുള്ള യുദ്ധത്തിലേയ്ക്ക് വഴിവച്ചു. എങ്കിലും വലിയ യുദ്ധമൊഴിവാക്കാനുള്ള വിദഗ്ധോപദേശം സ്വീകരിച്ച രണ്ടു രാജാക്കന്മാരും അവർ തമ്മിൽ മാത്രമായുള്ള മത്സരങ്ങളിൽ ഏർപ്പെടാൻ തീരുമാനിച്ചു. എന്തായാലും ഒടുവിൽ ബാഹുബലി ജയിച്ചു. എന്നാൽ വിജയത്തിന്റെ നിമിഷത്തിൽ ബാഹുബലിക്ക് ഇവ്വിധ ലൗകികവ്യവഹാരങ്ങളുടെ അന്ത:സാരമില്ലായ്മയെക്കുറിച്ചോർത്ത് വല്ലാത്ത വിരക്തി തോന്നി. രാജ്യം ഭരതന് നല്കി ബാഹുബലി സന്യാസത്തിന് പോവുകയും ജൈനമത കഥകളിലെ ആദ്യത്തെ മോക്ഷഗാമിയായി മാറുകയും ചെയ്തു.

ഗോമദ്ദേശ്വര പ്രതിമയുടെ ചുവട്ടിലെ ജൈനപൂജാരി
കാലഗണന അസാധ്യമായ ബാഹുബലിയുടെ കാലത്തു നിന്നും ആദികവി പമ്പയുടെ കാലത്തേയ്ക്ക് എത്തുമ്പോൾ, ജൈനമതത്തിന്റെ സജീവത വ്യവസ്ഥാപിതമായ തലങ്ങളിലേയ്ക്ക് കടന്നിരുന്നു. അതുകൊണ്ടാവണമല്ലോ ആ കവി തന്റെ കവിതയിൽ ബാഹുബലീ ചരിതം സാരമായി വർണ്ണിച്ചിരിക്കുന്നത്. ബാഹുബലി, പ്രാധാന്യത്തോടെ അക്കാലത്ത് ആരാധിക്കപ്പെട്ടിരുന്നിരിക്കണം. ഗംഗസാമ്രാജ്യത്തിലെ വളരെ പ്രശസ്ത വ്യക്തിത്വമായ ചാമുണ്ഡരായരാണ് ബാഹുബലിയുടെ ഈ സവിശേഷ പ്രതിമ നിർമ്മിക്കുന്നത്. രച്ചമല്ല നാലാമന്റെയും അഞ്ചാമന്റെയും കാലത്ത് ഗംഗന്മാരുടെ സാമ്രാജ്യം നയിച്ചിരുന്നത് പ്രധാനമന്ത്രിയും സൈന്യാധിപനും കവിയും കലാകാരനും ഒക്കെയായ ചാമുണ്ഡരായർ ആയിരുന്നു.

ഒരിക്കൽ ബാഹുബലി ഭരിച്ചിരുന്ന പട്ടണമായ പൗദാനപുരത്ത്, ആദ്ദേഹം മോക്ഷഗാമിയായതിനു ശേഷം, സഹോദരൻ ഭരതൻ ഒരു ബാഹുബലി പ്രതിമ നിർമ്മിച്ചിരുന്നുവത്രേ. ചാമുണ്ഡരായരുടെ അമ്മ കലാലദേവിക്ക് ഈ പ്രതിമ കണ്ട് വണങ്ങി പ്രാർത്ഥിക്കണമെന്ന ആഗ്രഹമുണ്ടായി. ഇന്നത്തെ പോലെ, ചാമുണ്ഡരായരുടെ കാലത്തും ബാഹുബലി കഥ ഒരു ഐതീഹ്യമായിരുന്നു. പൗദാനപുരം എന്നൊരു സ്ഥലം ഉള്ളതായോ അവിടെ ഭരതൻ നിർമ്മിച്ച ഒരു ബാഹുബലി പ്രതിമ ഉള്ളതായോ ആർക്കും നേരിട്ടുള്ള അറിവ് ഉണ്ടായിരുന്നില്ല. ചാമുണ്ഡരായർ പലവഴിക്കും ചില അന്വേഷണങ്ങൾ നടത്തി നോക്കിയെങ്കിലും അവയൊക്കെ നിഷ്ഫലമായി തീരുകയാണ് ഉണ്ടായത്. അങ്ങനെയാണ് അമ്മയുടെ ആഗ്രഹപൂർത്തീകരണത്തിനായി അദ്ദേഹം ഒരു ബാഹുബലി പ്രതിമ സ്വയം ഉണ്ടാക്കാൻ തീരുമാനിക്കുന്നത്. അമ്മയ്ക്ക് ഒരു തീർത്ഥയാത്രയുടെ സാഫല്യം കൂടി നല്കാനായിരിക്കാം ചാമുണ്ഡരായർ ഈ പ്രതിമ തലസ്ഥാനമായ തലക്കാടു നിന്നും വളരെ അകലെ വിന്ധ്യാഗിരിക്ക് മുകളിൽ നിർമ്മിക്കാൻ തീരുമാനിച്ചത്. (ചാമുണ്ഡരായർക്ക് ഗോമദൻ എന്നൊരു പേരുണ്ടായിരുന്നുവെന്നും, അതിനാൽ ഗോമദന്റെ ഈശ്വരൻ എന്ന അർത്ഥത്തിലാണ് ഗോമദ്ദേശ്വരൻ എന്ന പേരുണ്ടായതെന്ന ഒരു ഭാഷ്യവും വായിക്കുകയുണ്ടായി.)          

ഗോമദ്ദേശ്വരൻ 
നൂറ്റാണ്ടുകൾക്ക് മുൻപത്തെ ചരിത്രം കേൾക്കുകയും വായിക്കുകയും എഴുതുകയും ചെയ്യുമ്പോൾ ഒരുതരം വിവശതയും നിഷ്ഫലതയും തോന്നാറുണ്ട്. സ്വന്തം ഓർമ്മകൾ പോലും പലപ്പോഴും വഞ്ചനാത്മകമാണ്. ഇന്നിന്റെ അനുഭലോകത്തേയ്ക്ക് എടുത്തുവച്ചേ ഓർമ്മകളെ സാക്ഷ്യപ്പെടുത്താനാവൂ. ആ ഓർമ്മകൾ ജീവിച്ച കാലത്തിന്റെ അനുഭവവും ഭാവവും അനുഭൂതിയും അന്നുതന്നെ അന്യംനിന്നിരിക്കുന്നു.

ബാഹുബലിയെ ഐതീഹ്യത്തിന്റെ തലത്തിലേയ്ക്ക് മാറ്റി നിർത്താം. ഗണനാതീതമായ കാലത്ത് നിന്നും അതിശയോക്തിപരമായി ബാക്കിയാവുന്നവയെ അങ്ങിനെയേ സാധിക്കുകയുള്ളൂ, ദേശാസ്തിത്വത്തിന് ചരിത്രത്തെക്കാൾ സഫലലാവണ്യം നൽകുന്നത് മിത്തുകളാണെങ്കിലും. എന്നാൽ ചാമുണ്ഡരായരുടെ കാലത്തെ അങ്ങനെ ഉപേക്ഷിക്കാൻ വയ്യ. ഈ ഗോമദ്ദേശ്വരശില്പത്തിന്റെ നിർമ്മാണ ഗുണങ്ങളെല്ലാം ചാർത്തിക്കൊടുത്തിരിക്കുന്നത് അദ്ദേഹത്തിനാണല്ലോ. എന്നാൽ ഈ കലാസൃഷ്ടിയുടെ ശില്പി ആരായിരുന്നിരിക്കും? അതിനെ കുറിച്ച് പരാമർശമൊന്നും കാണുന്നില്ല. പലപ്പോഴും ചരിത്രം അങ്ങിനെയാണ്; യഥാർത്ഥ നായകന്മാരെ സംവത്സരങ്ങളുടെ തിരശ്ശീലയ്ക്കപ്പുറം അത് എന്നെന്നേയ്ക്കുമായി മറച്ചുപിടിക്കും. ചരിത്രം നിർമ്മിക്കുന്നത് ചരിത്രപുരുഷന്മാരവണമെന്നില്ല. അവർ പിൽക്കാലത്തിന്റെ അഭിരുചികളിൽ ഭൂതകാലത്തിന്റെ പ്രതിനിധാനങ്ങളായി അവരോധിതരാവുകയാണ്. ചരിത്രത്തിന്റെ യഥാർത്ഥ അവകാശികൾ വീണ്ടെടുക്കാനാവാതെ വിസ്മൃതരാവുന്നു.

ചുറ്റമ്പലത്തിലെ ശില്പങ്ങൾ
ഇത്തരത്തിൽ ചരിത്രവും മിത്തുകളും ഒക്കെ കൂടികുഴഞ്ഞ പുരാതനമായ ഭൂതകാലത്തിന്റെ ഇഴകളെ നോവലിസ്റ്റായ സി. ആശറഫ് പ്രശ്നവൽക്കരിക്കുന്നത് ഇങ്ങനെയാവും: "നമുക്ക് തീർത്തും അപ്രാപ്യമായ ആയിരത്തിൽപരം വർഷങ്ങളുടെ അകൽച്ചയുള്ള ഒരു കാലത്തെ ഇന്നത്തെ ഭൗതീക സാഹചര്യങ്ങളുടെ സാധ്യതകളുമായി നിരീക്ഷണം നടത്തുന്നത് ഒട്ടുംതന്നെ യുക്തിക്ക് നിരക്കുന്നതല്ല. ഇന്നത്തെ ലോകസാഹചര്യങ്ങൾ വച്ച് അക്കാലത്തങ്ങനെ സംഭവിച്ചിട്ടില്ല എന്നെങ്ങനെ പറയാൻ സാധിക്കും? അതോടൊപ്പം തന്നെ അക്കാലത്ത് അങ്ങനെ സംഭവിച്ചു എന്ന് വാദിച്ച് സ്ഥാപിക്കേണ്ട ഉത്തരവാദിത്വവും നമുക്കില്ല." (പറയിപെറ്റ പന്തിരുകുലം, മാതൃഭൂമി യാത്ര, മേയ് 2014).

ഗോമദ്ദേശ്വരനെ നോക്കി നിൽക്കുമ്പോൾ ഞാൻ മലമ്പുഴയിലെ യക്ഷിശിൽപം ഓർത്തു. ആയിരം വർഷങ്ങൾക്ക് ശേഷം, അന്നും ബാക്കിയുണ്ടെങ്കിൽ, ആ ശില്പത്തെ അന്നത്തെ മനുഷ്യൻ എങ്ങനെയാവും നോക്കുക. തീർച്ചയായും അന്ന് അതിന്റെ പരിസരം വ്യത്യസ്ഥമായിരിക്കും. അണക്കെട്ട് അവിടെ ഉണ്ടാവാൻ വഴിയില്ല. അണക്കെട്ട് ഇല്ലെങ്കിൽ പുഴയുടെ പ്രവാഹപ്രദേശങ്ങൾ മറ്റ് രൂപഭാവങ്ങൾ ആർജ്ജിച്ചിട്ടുണ്ടാവും. അന്നും യക്ഷിയുണ്ടാവും എന്ന് കരുതിയാൽ തന്നെ കാനായി കുഞ്ഞിരാമൻ എന്ന പേര് ബാക്കിയുണ്ടാവുമോ?

ശ്രാവണബേലഗോള പട്ടണം വിന്ധ്യാഗിരിയിൽ നിന്നും കാണുമ്പോൾ
ഗോമദ്ദേശ്വരനു ചുറ്റും വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. പ്രതിമയുടെ കാൽക്കലായി ശുഭ്രവസ്ത്രധാരിയായ ഒരു പൂജാരി ചില പൂജാസാമാഗ്രികളുമായി നിൽക്കുന്നു. ഭക്തർ അയാളെ വണങ്ങുകയും അയാളിൽ നിന്നും എന്തോ സ്വീകരിക്കുകയും ചെയ്യുന്നു. അവർ ദക്ഷിണയും നൽകുന്നുണ്ട്. കഴുത്തിലെ വലിയ സ്വർണ്ണമാലയും കയ്യിലെ സ്വർണ്ണവളയും വാച്ചും ഒക്കെ ആളൊരു ധനികനാണ് എന്ന് എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

വലിയ ഗോമദ്ദേശ്വര പ്രതിമ മാത്രമല്ല ഈ ബസതിയുടെ പ്രത്യേകത. വൈവിധ്യത്തോടെ കൊത്തിയെടുത്ത ഒരുപാട് മറ്റ് ശില്പങ്ങളും ചിത്രപണികൾ ചെയ്ത കൽതൂണുകളും ഒക്കെ അനവധി കാണാം. ജൈനമതത്തിന്റെ സജീവമായ സമകാല തീർഥാടനസ്ഥലം എന്നതിനുപരിയായി പ്രദേശത്തെ മധ്യകാല ജീവിതത്തിന്റെ ഇഴകൾ പിരിച്ചെടുക്കാനാവുന്ന വാസ്തുനീക്കിയിരിപ്പുകളുടെ ബഹുലസാന്ദ്രമായ ഇടമായിക്കൂടി ശ്രാവണബേലഗോള പ്രാധാന്യമർഹിക്കുന്നു.

വിന്ധ്യാഗിരിയുടെ മുകളിൽ നിന്നും മറ്റൊരു താഴ്‌വാരക്കാഴ്ച
തിരിച്ചിറങ്ങുമ്പോൾ താഴെ ഒരു കൊളാഷ്ചിത്രം പോലെ ശ്രാവണബേലഗോള പട്ടണം കെട്ടിടമേൽക്കൂരകളുടെ വർണ്ണവൈവിധ്യത്തോടെ പരന്നുകിടക്കുന്നു. അതിനുമപ്പുറം ചന്ദ്രഗിരി. ചന്ദ്രഗിരിക്കപ്പുറം ഡെക്കാൻ പീഡഭൂമിയുടെ തെക്കൻ പ്രദേശങ്ങൾ, ചില തടാകങ്ങളുടെ ഊർവ്വരതയും തെങ്ങിൻതോപ്പുകളുടെ ഹരിതനിമ്നോന്നതയുമായി നീണ്ടുപോകുന്നു...

മൈസൂറിലേയ്ക്കുള്ള മടക്കയാത്രയിൽ ശ്രാവണബേലഗോളയുടെ അസ്തിത്വതലങ്ങളെ ഞാൻ നാലായി ക്രോഡീകരിച്ച് സ്വാംശീകരിക്കാൻ ശ്രമിക്കുകയായിരുന്നു. ബാഹുബലിയുടെ ഐതീഹ്യം, ചന്ദ്രഗുപ്തമൗര്യന്റെ ഐതീഹ്യം കലർന്ന ചരിത്രപുരാവൃത്തം, ചാമുണ്ഡരായരുടെ മധ്യകാലചരിത്രം, പിന്നെ ഞങ്ങളെ ഇവിടെയെത്തിച്ച സമകാലവും...!

-തുടരും- 

4 അഭിപ്രായങ്ങൾ:

 1. യാത്രാവിവരണം വായിക്കയാണെങ്കില്‍ ഈ സൈറ്റില്‍ വന്ന് വായിക്കണം എന്ന് തോന്നുന്ന തരത്തിലുള്ള എഴുത്ത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രോത്സാഹജനകമായ അഭിപ്രായത്തിന് നന്ദി, അജിത്‌

   ഇല്ലാതാക്കൂ
 2. ശ്രാവണബളുഗൊളയിലെ രണ്ട് മലകളിലും, ബേലൂരും, ഹലേബീഡിലുമൊക്കെ ഈ അടുത്ത കാലത്ത് പോയിരുന്നു. കുറേ ചിത്രങ്ങളും എടുത്തു. യാത്ര എഴുതണമെന്ന ഉദ്ദേശത്തിൽ ചന്ദ്രഗുപ്തമൗര്യന്റെ കാലം മുതലുള്ള ശ്രാവണബളുഗൊളയുടേയും, തെക്കേ ഇന്ത്യയുടേയുമൊക്കെ ചരിത്രം അന്നുമുതൽ പഠിച്ചുവരികയായിരുന്നു. ഈ പോസ്റ്റ് വായിച്ചതോടെ ഇനി ആ സാഹസത്തിനു മുതിരേണ്ട എന്നു തീരുമാനിച്ചു- കാരണം ഇവിടെ പറഞ്ഞതിൽ കൂടുതലൊന്നും എനിക്കും പറയാനില്ല....

  ലേഖനം നന്നായിരിക്കുന്നു.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രദീപ്‌, നല്ല അഭിപ്രായത്തിന് നന്ദി.

   നമ്മൾ ചെന്നെത്തുന്ന ഇടങ്ങളെ മറ്റു യാത്രികർ എങ്ങനെ നോക്കിക്കാണുന്നു എന്ന് അറിയുക നല്ല അനുഭവമാണ്. എഴുതാതിരിക്കരുത്...

   ഇല്ലാതാക്കൂ