2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

കബനിയുടെ കരയില്‍ - ഒന്ന്

എഴുപതുകളിലും എണ്‍പതുകളിലുമായി  ബാല്യ, കൌമാര, യൌവ്വനാരംഭങ്ങള്‍ ജീവിച്ച അഭ്യസ്തവിദ്യനായ മലയാളിക്ക് കബനി കാല്പനീകമായ ഒരു ആവേശമാണ്. കബനിയുടെ കരയിലാണ് അക്കാലത്ത് തീവ്രവിപ്ലവത്തിന്റെ പ്രയോഗങ്ങള്‍ ഏറെയും നടന്നത്. പുല്‍പ്പള്ളി പോലിസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പിറ്റേന്നാണ് എന്റെ നാട്ടുകാരന്‍ ആന്‍ഡ്രൂസ് നക്സലൈറ്റായതായി സ്വയം പ്രഖ്യാപിച്ചത്. തിരുനെല്ലി കാടുകളിലേക്ക് വണ്ടി പിടിക്കാനും അജിതയോടൊപ്പം മറ്റു പോലിസ്  സ്റ്റേഷനുകള്‍ ആക്രമിക്കാനും പല ചെറുപ്പക്കാരെയും പോലെ അയാളും ആഗ്രഹിച്ചു. എന്നാല്‍ ഒരു തെക്കന്‍ തിരുവിതാംകൂറുകാരന് തിരുനെല്ലി നക്സല്‍ബാരി പോലെ തന്നെ അതിവിദൂരമായ ദേശമായിരുന്നു അക്കാലത്ത്. ഒരു പക്ഷെ അത് മാത്രമായിരുന്നില്ല കാരണം എന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലാവുന്നുണ്ട്. വിപ്ലവങ്ങള്‍ എക്കാലത്തും കാല്പനികമായ സ്വപ്നങ്ങളാണ്. അവയുടെ പ്രയോഗം ജീവിതത്തോളം, അല്ലെങ്കില്‍ മരണത്തോളം പ്രതിബദ്ധമാണെന്ന് വര്‍ഗ്ഗീസും രാജനുമൊക്കെ ഉദാഹരിക്കും. അതിനുമപ്പുറം, വിപ്ലവം കൊണ്ടുവരുന്ന സമത്വരാജ്യത്തിന്റെ അസ്തിത്വം തന്നെ യുട്ടോപ്പിയയാണെന്നു തകര്‍ന്നുപോകുന്ന വിപ്ലവഫലങ്ങള്‍ നമ്മോടു പറയും. കാരണങ്ങള്‍ എന്തായാലും ആന്‍ഡ്രൂസ് ഞങ്ങളുടെ ഗ്രാമം വിട്ട് പുറത്തുപോയില്ല. ഒപ്പം സ്വപ്നംകണ്ടവരൊക്കെ അവയുപേക്ഷിച്ച് എണ്ണപാടത്തേക്ക് കപ്പല്‍ കയറിയപ്പോഴും തകര്‍ന്ന സ്വപ്നങ്ങളുടെ ഇടവഴികളിലൂടെ അയാളൊരു മദ്യപാനിയായി നടന്നു. ആ കാലത്തിന്റെ അനിവാര്യത പോലെ വഴിയില്‍ കിടന്നു മരിച്ചു!

കാലം മാറി. ജീവിതത്തിന്റെ വേഗം കൂടുന്നതിനനുസരിച്ച് സ്ഥലങ്ങളുടെ ദൂരം കുറഞ്ഞു വന്നു. താമരശ്ശേരി ചുരം കയറുന്ന ഓരോ വട്ടവും ഞാന്‍ ആന്‍ഡ്രൂസിനെ ഓര്‍ത്തു. അയാള്‍ യാത്രചെയ്ത് എത്താത്ത സ്വപ്നങ്ങളുടെ ദൂരമോര്‍ത്തു. ഒരുവേള, ഞാന്‍ എന്റെ തന്നെ കാല്പനീകകാലം ഓര്‍ക്കുകയായിരുന്നിരിക്കാം. അതേ സ്വപ്‌നങ്ങള്‍ പങ്കുവച്ചിരുന്ന മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞ ഫലിതവും ഓര്‍മ്മ വരും - "തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകയാണെങ്കില്‍ സഖാവ് വര്‍ഗ്ഗീസിന് കൂടി ഒരു ബലിയിട്ടേക്ക് ".

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം
പതിവുപോലെ ഒരു ഇടത്താവളത്തില്‍ നിന്നാണ് ഇത്തവണയും യാത്ര ആരംഭിച്ചത് - വടക്കുംനാഥന്റെ മുന്നില്‍ നിന്നും. തൃശ്ശൂരില്‍ നേരത്തെ എത്തി ചേര്‍ന്നിരുന്നു. ഗള്‍ഫു നല്‍കിയ പല നന്മകളില്‍ ഒന്നാണ് കേരളത്തിന്റെ, ഇന്ത്യയുടെ, ലോകത്തിന്റെ തന്നെ പല ഭാഗത്ത് നിന്നുമുള്ള കൂട്ടുകാരും പരിചയക്കാരും. ഏതു സ്ഥലത്തേക്കുള്ള യാത്ര ആരംഭിക്കുമ്പോഴും കടന്നുപോകുന്ന വഴികളില്‍ നിന്നുള്ള സൌഹൃദങ്ങള്‍ ഓര്‍മ്മ വരും. ഒരു പക്ഷെ ഇനി ഒരിക്കലും കാണാന്‍ സാധ്യതയില്ല എന്നുകരുതി പിരിഞ്ഞുപോയവരും അക്കൂട്ടത്തില്‍ കണ്ടേക്കും. യാത്രാവഴിയില്‍ നിന്നും ഒരു ഇടറോഡു കയറി അഞ്ചു കിലോമീറ്റര്‍ മാറി സഞ്ചരിക്കുന്നതിന്റെ ത്യാഗം. അല്ലെങ്കില്‍ ഉറങ്ങി കഴിഞ്ഞുപോകാവുന്ന ഒരു മണിക്കൂറിന്റെ നഷ്ടം. അതിനു തയ്യാറാണെങ്കില്‍ ഈ സൌഹൃദങ്ങളുടെ വീട്ടുമുറ്റത്ത് നമുക്ക് ചെന്നുനില്‍ക്കാം. ഊഷ്മളമായ മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ പ്രാര്‍ഥന എന്നറിയുന്ന ആര്‍ക്കും ഈ വികാരം മനസ്സിലാവും. തൃശ്ശൂരിലെ പഴയ ചില പരിചയക്കാരെയൊക്കെ കണ്ടു ഒരു രാത്രി അവിടെ തങ്ങിയതിനുശേഷമാണ് നേരംവെളുക്കുന്നതിനു മുന്‍പേ വയനാടിലേക്ക് യാത്ര തുടങ്ങിയത്.

വടക്കുംനാഥ ക്ഷേത്രം - മറ്റൊരു കാഴ്ച 
ഇന്ന് ചുരങ്ങള്‍ വലിയ സംഭവങ്ങളല്ല. വീതിയുള്ള നിരത്തുകളും ബാഹുല്യമേറിയ വാഹനഗതാഗതവും ഒക്കെയായി ചുരങ്ങള്‍ ഏറെക്കൂറെ നാട്ടുപാതകള്‍ ആയിക്കഴിഞ്ഞു. മലകയറിയതിനു ശേഷം താഴേക്ക്‌ നോക്കുമ്പോള്‍ കാണുന്ന താഴ്വരയുടെയും കാടിന്റെയും ഭംഗി കുറച്ചുനേരം പ്രകൃതിയുടെ അപാരതയും ആഴവും അനുഭവിപ്പിച്ചേക്കാം. കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലൂടെ ഇടയ്ക്കെങ്കിലും സഞ്ചരിക്കുന്നവര്‍ക്ക് അത് അത്രത്തോളം പ്രലോഭിപ്പിക്കുന്ന ഒരു കാഴ്ചയുമാവില്ല. എന്നാല്‍ ഇതിലൂടെ ആദ്യമായി വഴിവെട്ടി കാട് കയറിയവരെ കുറിച്ച് ഓര്‍ത്താല്‍ തീര്‍ച്ചയായും അത് ഭയപ്പെടുത്തും. അതിജീവനത്തിന്റെ വഴികളിലൂടെ മനുഷ്യന്‍ കയറി കയറി പോയ ഇടങ്ങള്‍. അതിനും പിറകിലേക്ക് സഞ്ചരിച്ചാല്‍, മലയും നാടും എല്ലാം കാടായിരുന്ന കാലത്ത് മലയിലെ കാടുകള്‍ക്ക് വേറിട്ടൊരു അസ്തിത്വം ഉണ്ടായിരുന്നിരിക്കില്ല എന്നുമാവാം. ആദിമ ഗോത്രസമൂഹങ്ങളുടെ ആവാസസ്ഥലങ്ങള്‍ കൂടുതലും ഉയര്‍ന്ന പ്രദേശങ്ങളിലെ കാടുകള്‍ ആവുകയാല്‍, അക്കാലത്ത് മലയിറങ്ങുക എന്നതായിരുന്നിരിക്കാം സാഹസികം. ചരിത്രാതീതകാലം മുതല്‍ തന്നെ ഇതുവഴി കാട്ടുപാതകള്‍ ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ക്രിസ്തുവര്‍ഷാരംഭത്തിന് മുന്‍പ് തന്നെ കേരളത്തില്‍ ജൈനമതവും ബുദ്ധമതവും പ്രബലമായിരുന്നു എന്നാണു കരുതപ്പെടുന്നത്. വയനാടന്‍ പ്രദേശത്തു ചിതറി കിടക്കുന്ന പഴയ ജൈനക്ഷേത്രങ്ങളും ഇന്നും പ്രബലമായി നില്‍ക്കുന്ന ജൈനമത സാന്നിദ്ധ്യവും അതിനു തെളിവുതരും. സമതലങ്ങളിലെ ജനപഥങ്ങളിലേക്ക് ഈ കാട്ടുവഴികളിലൂടെ ഈ മതങ്ങളുടെ വേരുകള്‍ ഇറങ്ങിചെന്നിട്ടില്ല എന്ന് കരുതാനാവില്ല. അറേബ്യയില്‍ നിന്നും ചൈനയില്‍ നിന്നും ഒക്കെ അക്കാലത്ത് കച്ചവട കപ്പലുകള്‍ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളില്‍ നങ്കൂരമിട്ടത് സഹ്യന്റെ ഹൃദയത്തില്‍ നിന്നും ഇറങ്ങിവരുന്ന വനവിഭവങ്ങള്‍ക്ക് വേണ്ടിയായിരുന്നുവല്ലോ.

താമരശേരി ചുരം
ലഭ്യമായ ചരിത്രത്തിന്റെ കാട്ടുപാതകളിലൂടെ പിന്നീട് അധിനിവേശങ്ങള്‍ ചുരമിറങ്ങി. ഹൈദരലിയും ടിപ്പുവും ബ്രിട്ടീഷുകാരുമൊക്കെ അവരുടെ പട്ടാളവുമായി ഈ മലമ്പാതകള്‍ ഇറങ്ങുകയും കയറുകയും ചെയ്തുകൊണ്ടിരുന്നു ഒരുകാലത്ത്. രണ്ടായിരം കുതിരപ്പട്ടാളവും പതിനായിരത്തോളം കാലാള്‍ പടയാളികളുമായി ഹൈദരാലി ഈ വഴികളിലൂടെ സഞ്ചരിച്ചതിന്റെ കാഴ്ച സങ്കല്‍പ്പത്തിന്റെ അതിരുകള്‍ക്ക് പോലും പുറത്തുനില്‍ക്കുന്നു. ടിപ്പുവിന്റെ കാലത്തേയ്ക്ക് മൈസൂര്‍ പട്ടാളം കൂടുതല്‍ ആധുനികവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവരോടൊപ്പം പുത്തന്‍ ആയുധങ്ങളും താമരശ്ശേരിചുരം ഇറങ്ങി. സുല്‍ത്താന്‍ ബത്തേരിക്ക് ആ പേര് വന്നതുപോലും ടിപ്പുവിന്റെ ആയുധപ്പുരയായതിനാല്‍ (sultan's battery) ആണെന്നൊരു വാദമുണ്ടല്ലോ. സ്വാതന്ത്ര്യാനന്തരം, യുദ്ധങ്ങള്‍ ഒഴിഞ്ഞ കാലത്ത് ഈ വഴിയിലെ തിരക്കുകള്‍ കുറവായിരുന്നിരിക്കണം. ബസ്സ് യാത്രകള്‍ വലിയൊരു സംഭവമായിരുന്ന നാട്ടിന്‍പുറത്തെ കുട്ടിക്കാലം എനിക്കോര്‍മയുണ്ട്. അപ്പോള്‍ ചുരം കയറിയിറങ്ങിയ വാഹനങ്ങളുടെ എണ്ണം എത്രത്തോളം കുറവായിരുന്നിരിക്കാം. എന്നാല്‍ ഇക്കാലത്ത്, കേരളത്തിന്റെ മറ്റു മലയോര മേഖലകളില്‍ നടന്നതുപോലെ തന്നെ നിശബ്ദമായൊരു അധിനിവേശം ഈ പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. തിരുവിതാംകൂറില്‍ നിന്നുള്ള കര്‍ഷകരുടെ കുടിയേറ്റമാണത്. കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ സമഗ്രവും ദൂരവ്യാപകവുമായ ഫലങ്ങള്‍ ഉളവാക്കിയ ഒരു പ്രയാണം. സര്‍ക്കാരിന്റെ അധികാരമുള്ള കൈകള്‍ നീണ്ടെത്താന്‍ പ്രയാസമുള്ള ഇടങ്ങളിലേക്ക് നക്സലൈറ്റുകള്‍ എത്തിചേര്‍ന്നതും സാമൂഹികമായ അസന്തുലിതങ്ങള്‍ വളരാന്‍തുടങ്ങിയ ഈ ഭൂമിയിലേക്കാണല്ലോ.

താമരശേരി ചുരം - മറ്റൊരു കാഴ്ച
തന്റെ ബാല്യകാലത്തെ ചുരംയാത്ര അര്‍ഷാദ് ബത്തേരി ഓര്‍ത്തെടുക്കുന്നത് ഇങ്ങിനെയാണ്‌; "... കുട്ടിക്കാലത്തുതന്നെ ചുമന്ന സര്‍ക്കാര്‍ ബസ്സില്‍ ഉമ്മയുടെ മടിയിലിരുന്ന് ചുരമിറങ്ങാന്‍ തുടങ്ങി ...... വയനാടില്‍ നിന്നും സ്കൂളവധിക്ക് തറവാട്ടിലേക്കുള്ള യാത്ര എല്ലാ വര്‍ഷവും ഉണ്ടാവും. അന്ന് ചുരമെനിക്ക് ഭയത്തിന്റെ മഹാസഞ്ചാരമായ ഇറക്കവും കയറ്റവുമാണ്. ചുരമെത്തുന്നതിന്റെ തൊട്ടുമുന്‍പില്‍ വരെ അതായത് ലക്കിടിയില്‍ എത്തുംവരെയുള്ള ആഹ്ലാദവും പുറംകാഴ്ചയിലേക്കുള്ള എത്തിനോട്ടവും അവസാനിക്കും. ഭയം ഉരുണ്ടുമറയുന്ന അവസ്ഥയും താങ്ങി കണ്ണുകളെ ഇറുക്കിഅടച്ച് പൂച്ചകുഞ്ഞിനെപ്പോലെ ചുരുണ്ട് ഉമ്മയെ ചേര്‍ത്തുപിടിച്ചിരിക്കും. ബസ്സിന്റെ വേഗത ചുരത്തിലെത്തുമ്പോഴേക്കും കുറയും. അത് ഭയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും..." (മാതൃഭൂമി ഓണപ്പതിപ്പ് 2011 ).

താമരശേരി ചുരം - മറ്റൊരു കാഴ്ച
സൂര്യനുദിക്കുന്നതിനുമുന്‍പ് സ്വരാജ് റൌണ്ടില്‍ നിന്ന് ആരംഭിച്ച യാത്ര, പ്രഭാതഭക്ഷണത്തിന് സമയമാവുമ്പോഴേക്കും  ചുരം താണ്ടി ലക്കിടിയില്‍ എത്തി. ഈ വഴി വയനാടിലേക്കുള്ള പ്രവേശനകവാടം ലക്കിടിയാണല്ലോ. കബനി നനച്ച് ഒഴുകുന്ന ഈ മലമുകളില്‍ ഇനി ഏതാനും ദിവസം ...

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

പൗരാണികതയുടെ ചെറുനീക്കിയിരിപ്പ്

പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയ്ക്കടുത്ത് കവിയൂരിൽ പുരാതനമായൊരു ഗുഹാക്ഷേത്രമുണ്ടെന്ന് കുറച്ചുനാളായി കേട്ടറിവുണ്ട് - കേരളത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നായി കരുതാവുന്ന കവിയൂര്‍ തൃക്കകുടി ഗുഹാക്ഷേത്രം! പത്തനതിട്ടയുടെ മരുമകനായതിനു ശേഷം തിരുവല്ല - പത്തനതിട്ട വഴിയിലൂടെ, അവധിക്കാലനാളുകളിൽ, നിരന്തരം യാത്രചെയ്യാറുണ്ട്. അതൊക്കെ തന്നെ പലവിധ ആവശ്യങ്ങൾക്കായി തിരക്കുപിടിച്ച് നടത്തുന്ന യാത്രകളായതിനാൽ ഒരിക്കൽപോലും വഴിതിരിഞ്ഞ് അധികം ദൂരെയല്ലാത്ത കവിയൂരിലേയ്ക്ക് പോകാൻ സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ എന്തായാലും അതിനുള്ള സാവകാശം ലഭിക്കുക തന്നെ ചെയ്തു.

കവിയൂർ. ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്ന പാറ ദൂരെ കാണാം
മഴപെയ്ത് തോർന്ന ഉച്ചതിരിഞ്ഞ നേരത്താണ് ഞങ്ങൾ അവിടെ എത്തിയത്. പ്രധാനപാതയിൽ നിന്നുതന്നെ ഗുഹാക്ഷേത്രമിരിക്കുന്ന പാറക്കെട്ട് കാണാം. അവിടേയ്ക്കുള്ള നാട്ടുവഴി മഴവെള്ളം നിറഞ്ഞ് ചതുപ്പുനിലം പോലെയായിട്ടുണ്ട്. പാറയുടെ വശങ്ങളിലായുള്ള ഒന്നുരണ്ട് ചെറുവീടുകളിലെ കുട്ടികൾ കളിച്ചുനടക്കുന്നത് കണ്ടതൊഴിച്ചാൽ പരിസരം വിജനവും ഉപേക്ഷിക്കപ്പെട്ട നിലയിലുമാണ്.

പാറയുടെ മറ്റൊരു പാർശ്വക്കാഴ്ച 
പാറയുടെ താഴ് വശത്തും ഗുഹയിലേയ്ക്കുള്ള പടവുകളിലും ആകമാനം പുൽക്കാടുകൾ പടർന്നുകിടക്കുകയാണ്. ഈ പച്ചപടർപ്പും മഴമേഘങ്ങൾ സൃഷ്‌ടിച്ച നിഴൽവീണ അന്തരീക്ഷവും കൂടി ഒരുതരം അഭൗമവും നിഗൂഡവുമായ ഭാവം ആ പ്രദേശത്തിന് പ്രദാനം ചെയ്യുന്നുണ്ടായിരുന്നു.

ക്ഷേത്രത്തിലേയ്ക്കുള്ള കാടുപിടിച്ച പടവുകൾ
ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ ഗുഹാക്ഷേത്രം ഒരു പാറമുഖം കൊത്തിയെടുത്ത് സാക്ഷാത്കരിച്ചതാണ്. അതേ പാറയിൽ തന്നെ കൊത്തിയതാണ് ഉള്ളിലെ ശിവലിംഗവും വശങ്ങളിലെ ദ്വാരപാലകശില്പങ്ങളും. ശിവലിംഗത്തിന് പിന്നിലായി കാണുന്ന പുഷ്പാകൃതിയിലുള്ള കണ്ണാടി ഒരു പിൽക്കാല നിർമ്മിതിയാവാനാണ് സാധ്യത.

ഗുഹാക്ഷേത്രം
ഈ കാലഗണനയ്ക്ക് നിദാനമായ കാരണങ്ങളിൽ പ്രധാനം ഈ ഗുഹാക്ഷേത്രത്തിന്റെ നിർമ്മാണരീതികൾ അക്കാലത്ത് തെക്കേയിന്ത്യയിൽ പ്രബലമായിരുന്ന പല്ലവ വാസ്തുസൃഷ്ടികളോട് അടുത്ത സാമ്യം പുലർത്തുന്നു എന്നതാണ്. പല്ലവ സാമ്രാജ്യത്തിൽ കേരളത്തിന്റെ ഈ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നതായി കരുതനാവില്ലെങ്കിലും അക്കാലത്തെ വാസ്തുനിർമ്മിതികളൊക്കെയും തെക്കേയിന്ത്യയിൽ ആകമാനം സാമാന്യമായ ഒരു രീതിശാസ്ത്രം പിന്തുടന്നിരുന്നതായി ന്യായമായും അനുമാനിക്കാം - കലാവൃത്തിക്ക് ദേശാതിരുകൾ ഇല്ലല്ലോ.

ക്ഷേത്രത്തിനുള്ളിലെ ശിവലിംഗവും ദ്വരപാലക ശില്പവും
മാമല്ലപുരത്തും (മാഹാബലിപുരം) പരിസരങ്ങളിലുമുള്ള പല്ലവ ക്ഷേത്ര, ശില്പ സമുച്ചയങ്ങളോട് ഈ ക്ഷേത്രം പ്രകടിപ്പിക്കുന്ന മമത ഒട്ടും കുറവല്ല. പ്രവേശനഭാഗത്ത് പാറയിൽ കൊത്തിനിർമ്മിച്ചിരിക്കുന്ന ദ്വാരപാലകരുടെ ശില്പങ്ങൾക്ക് പല്ലവകാലത്ത് പണി കഴിപ്പിക്കപ്പെട്ട ക്ഷേത്രശില്പങ്ങളോട് അസാമാന്യമായ സാമ്യമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ക്ഷേത്രനടയിലെ മരം
1967 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത ഈ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. അത് പറയുമ്പോൾ കുറച്ചു് സബ്ജെക്റ്റീവ് ആവാതെ തരമില്ല എന്നാവുന്നു. പുരാവസ്തു വകുപ്പ് ഇവിടെ സംരക്ഷിക്കുന്നത് എന്താണെന്ന് സന്ദർശകർ അത്ഭുതപ്പെടാതിരിക്കില്ല. അത്രയ്ക്ക് അവഗണിക്കപ്പെട്ടിരിക്കുന്നു ഈ ക്ഷേത്രവും പരിസരവും. പ്രകൃത്യാലഭ്യമായിരുന്ന പാറയിൽ കൊത്തിയുണ്ടാക്കിയത് കൊണ്ടുമാത്രമാണ് ചരിത്രത്തിന്റെ ഈ തുണ്ട് ഇന്നും നിലനിൽക്കുന്നത് തന്നെ. ചരിത്ര സംബന്ധിയായ അവബോധമില്ലാത്ത ഒരു ജനതയാവുകയാണോ മലയാളികളും? ഏതു നിലയ്ക്കും ഏറെ പ്രാധാന്യമുള്ള ഈ ഗുഹാക്ഷേത്രം പോലുള്ള പൈതൃകശേഷിപ്പുകൾ കാടുപിടിച്ച് സന്ദർശനയോഗ്യം അല്ലാതായി പൊടിഞ്ഞുനശിക്കുമ്പോൾ അങ്ങ് ദൂരെ അഫ്ഗാനിസ്ഥാനിൽ ബുദ്ധപ്രതിമകൾ തകരുന്നതിൽ ധാർമ്മികരോഷം കൊള്ളുന്നതിന്റെ കാപട്യം നമ്മൾ സ്വയം തിരിച്ചറിയേണ്ടതുണ്ട്.

മറ്റൊരു ദ്വാരപാലക ശിൽപം
മൂന്ന് തലത്തിലായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന തദ്ദേശ്ശഭരണസ്ഥാപനങ്ങളിൽ എതെങ്കിലുമൊന്ന് ഒരു കാവൽക്കാരനെയെങ്കിലും ഏർപ്പെടുത്തി പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് നന്നായിരിക്കും. അധികം അകലെയല്ലാതെ കുട്ടനാട് ഭാഗത്ത് കൊഴുക്കുന്ന കായൽ വിനോദസഞ്ചാരത്തിനോട് ബന്ധപ്പെടുത്തി ഈ ഗുഹാക്ഷേത്രവും അമ്പലപ്പുഴയിലെ കരുമാടികുട്ടനുമൊക്കെ കുറച്ചുകൂടി വെട്ടത്തിലേയ്ക്ക് കൊണ്ടുവരാൻ വിനോദസഞ്ചാര വകുപ്പ് കൂടി മുൻകൈ എടുത്തെങ്കിൽ എന്ന് തോന്നിപോകുന്നു, അങ്ങിനെയെങ്കിലും അതൊരു സംരക്ഷണമാകുമെങ്കിൽ. ദേവസ്വത്തിനും ഇതുപോലുള്ള മൗലികമായ പുരാതന ആരാധനാലയങ്ങളിൽ, ചരിത്രബോധത്തോടെയുള്ള അല്പം ശ്രദ്ധ കൊടുക്കാവുന്നതാണ്. ഈ അവഗണന ഒറ്റപ്പെട്ടതാണെന്ന് കരുതുന്നില്ല. സർക്കാരും പുരാവസ്തു വകുപ്പും ഏറ്റെടുത്ത പല സ്മാരകങ്ങളും ഇതുപോലെ നാശോന്മുഖമായി ക്കൊണ്ടിരിക്കുന്നു എന്ന് ഓരോ യാത്രയും തെളിവു തരുന്നുണ്ട്.

ഇങ്ങനെയൊരു ഫലകവും അവിടെ കണ്ടു
ഈ പ്രദേശത്തെ കുറിച്ചുള്ള കുറച്ചുകൂടി വിശദമായ വിവരണം കവിയൂർകാരാൻ കൂടിയായ സുഹൃത്ത് ഷിബു ഫിലിപ്പിന്റെ ബ്ലോഗില്‍ കാണാം - http://ezhuthintelokam.blogspot.com/2011/09/blog-post.html 

00