2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ചാമുണ്ഡീ താഴ് വാരം; കാവേരി ഭരിതം - രണ്ട്

ഭാഗം ഒന്ന്

നേരിട്ട് സന്ദർശിക്കുന്ന സ്ഥലങ്ങൾ പിന്നീടുള്ള കാലങ്ങളിൽ ഒരു വൈകാരികാനുഭവമായി നമ്മളെ പിന്തുടരാറുണ്ട്. വ്യക്തിപരമായ ഒരുദാഹരണം സൂചിപ്പിക്കാമെങ്കിൽ; എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ് ഞാൻ ലക്ഷദ്വീപ് സമൂഹത്തിലെ മിനിക്കോയ് ദ്വീപ് സന്ദർശിക്കുന്നത്. വർഷങ്ങൾ എത്രയോ കടന്നുപോയി. ഇപ്പോഴും ലക്ഷദ്വീപിനെ കുറിച്ചുള്ള വാർത്തകൾ, പ്രത്യേകിച്ച് പ്രകൃതിക്ഷോഭസംബന്ധമായതും മറ്റും, വായിക്കുമ്പോൾ അവിടെ ഞാൻ ഇടപെട്ട ജീവിതങ്ങളുമായ് പെട്ടെന്ന് അബോധമായി തന്നെ ഒരു താദാത്മ്യാവസ്ഥ സംജാതമാവുകയും ചെറിയരീതിയിലെങ്കിലും എന്നിൽ മനോക്ഷോഭം ഉളവാകുകയും ചെയ്യും. എന്നാൽ ഒരിക്കലും ചെന്നെത്തിയിട്ടില്ലാത്ത ഒരിടത്ത് നടക്കുന്ന വലിയ സംഭവങ്ങൾ പോലും ഇത്രയും വ്യക്തിനിഷ്ഠമായ ഒരനുഭവമായി നമ്മിൽ പ്രതിഫലിക്കാറില്ല. യാത്രകൾ മാത്രം നൽകുന്ന പ്രധാനമായ ഒരു മാനുഷികതലമായി ഇതിനെ മനസ്സിലാക്കാം.

ഇതിന്റെ ധൈഷണികമായ മറ്റൊരു വകഭേദമായി, ചെന്നെത്തുന്ന പ്രദേശങ്ങളിലെ ചരിത്രാനുഭവം നമ്മളിൽ സന്നിവേശിക്കും. ക്ളാസ് മുറികളിലിരുന്നു കേട്ട പാഠങ്ങൾ പോലെയല്ല ആ സ്ഥലത്ത് ചെന്നുനിൽക്കുമ്പോൾ അവിടുത്തെ ചരിത്രം അനുഭവപ്പെടുക. കേട്ടതും പഠിച്ചതുമായ ചരിത്രസംഭവങ്ങൾക്ക് സവിശേഷ നിറപകർച്ച സംഭവിക്കുംവിധം നേരിട്ടുള്ള കാഴ്ചകൾ നമ്മളെ മറ്റൊരു തലത്തിലേയ്ക്ക് മാറ്റിനിർത്തും. കാലം വടുക്കൾ വീഴ്ത്തിയതാണെങ്കിൽ പോലും, ചരിത്രസംഭവങ്ങൾ അരങ്ങേറിയ ഭൂമിയുടെ കാഴ്ചാസാന്ദ്രത മനോവിശകലനത്തിന്റെ, വൈകാരികാനുഭവത്തിന്റെ ഭൂമികയെ വ്യതിരക്തമാക്കും. മൈസൂറിന്റെ പ്രാന്തത്തിലുള്ള കാവേരിയാൽ ചുറ്റപ്പെട്ട ദ്വീപായ ശ്രീരംഗപട്ടണത്തിൽ ചെല്ലുമ്പോൾ കാലാകാലങ്ങളിൽ പഠിച്ചിട്ടുള്ളതും വായിച്ചിട്ടുള്ളതുമൊക്കെയായ വലിയ ചരിത്രസഞ്ചയത്തിന്റെ പ്രയോഗഭൂമിയിലേയ്ക്കാണ് പ്രവേശിക്കുന്നതെന്ന ബോധം ഉള്ളിൽ ഓളംവെട്ടികൊണ്ടിരുന്നു.              

ശ്രീരംഗപട്ടണത്തിലേയ്ക്കുള്ള കോട്ടവാതിൽ / പ്രവേശന കവാടം
ടിപ്പുവിന്റെ ആസ്ഥാനം എന്ന നിലയ്ക്കാണ് ശ്രീരംഗപട്ടണം ചരിത്രത്തിൽ മൂർത്തത നേടുന്നത്. എന്നാൽ അതിനുമുൻപുള്ള ഒരുകാലത്ത് ഈ ദ്വീപിന്റെ പ്രധാന ചാലകശക്തിയായിരുന്ന, ഈ സ്ഥലത്തിന് ഈ പേര് സമ്മാനിച്ച, ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിലേയ്ക്കാവും ആദ്യമായി ശ്രദ്ധ പോവുക. നാലാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ടുവരെ കർണ്ണാടകത്തിന്റെ ഈ ഭാഗം ഭരിച്ചിരുന്ന ഗംഗന്മാർ ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഈ വൈഷ്ണവക്ഷേത്രം. തുടർന്നുവന്ന ഹൊയ്സാല, വിജയനഗര സാമ്രാജ്യങ്ങളും ക്ഷേത്രത്തിന്റെ ഉദ്ധാരണത്തിലും പരിപോഷണത്തിലും കാര്യമായ പങ്കുവഹിച്ചു.

ഗംഗന്മാരുടെ ഭരണത്തിന്റെ അവസാന കാലത്തായാണ് ഈ ക്ഷേത്രത്തിന്റെ ആദ്യ നിർമ്മാണം നടന്നതായി അനുമാനിക്കുന്നതെങ്കിലും ആ രാജഭരണത്തിന്റെ വലിയ ക്ഷേത്രനിർമ്മിതി പട്ടികയിലൊന്നും ശ്രീരംഗനാഥസ്വാമിക്ഷേത്രത്തിന്റെ പേര് കാണുകയില്ല. ഗംഗന്മാർ എല്ലാ മതങ്ങളേയും ഏതാണ്ട് ഒരുപോലെ കരുതിയിരുന്നു എന്ന് പറയപ്പെടുന്നു. എങ്കിലും പല രാജാക്കന്മാരും കടുത്ത ജൈനമതാനുയായികളായിരുന്നു. ഗംഗന്മാരുടെ കാലം തെക്കേ ഇന്ത്യയിൽ ജൈനമതവും ബുദ്ധമതവും വളരെ സജ്ജീവമായി നിലനിന്ന കാലം കൂടിയാണെന്നത് ഓർക്കേണ്ടതുണ്ട്. എങ്കിൽകൂടിയും ഹിന്ദു ബ്രാഹ്മണസമൂഹം, പുരോഹിതന്മാരും രാജാവിനെ അഭിഷിക്തരാക്കേണ്ടവരും എന്ന നിലയ്ക്ക്, സമൂഹത്തിൽ വലിയ സ്ഥാനവും ബഹുമാനവും ആർജ്ജിച്ചിരുന്നു.

മതസഹിഷ്ണുത വളരെ പ്രകടമായിരുന്നെങ്കിലും ഹൊയ്സാല രാജാക്കന്മാരുടെ കാലമാവുമ്പോഴേയ്ക്കും ശങ്കര പ്രഭാവത്തിൽ ഹിന്ദുമതം അതിന്റെ പ്രതാപം കാണിച്ച് തുടങ്ങിയിരുന്നു. വൈഷ്ണവമതം വളരെ ശക്തമായി ഈ പ്രദേശത്ത് പുനരവതരിച്ച കാലമായിരുന്നു അത്. ആയതിനാൽ തന്നെ ഇന്ന് കാണുന്ന രീതിയിൽ ഈ ക്ഷേത്രത്തിന്റെ വാസ്തുരൂപം പ്രാഥമികമായി സാക്ഷാത്കരിക്കപ്പെട്ടിരിക്കുക ഹൊയ്സാല ഭരണത്തിൻ കീഴിലായിരിക്കും എന്ന് അനുമാനിക്കാം. എല്ലാ മതങ്ങളെയും ഏറെക്കൂറെ ഒരുപോലെ പരിപോഷിപ്പിച്ചിരുന്ന വിജയനഗര സാമ്രാജ്യവും ശ്രീരംഗനാഥക്ഷേത്രത്തിന് അതിന്റേതായ സംഭാവനകൾ നൽകിയിരുന്നിരിക്കണം.

ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന്റെ അറ്റകുറ്റപണികൾ നടക്കുന്ന ഗോപുരം
ക്ഷേത്രമുറ്റത്ത് വണ്ടിനിർത്തി ഇറങ്ങിയപ്പോൾ തന്നെ ഭിക്ഷക്കാരുടെയും ലൊട്ടുലൊടുക്ക് വില്പനക്കാരുടെയും ഒരുകൂട്ടം ഞങ്ങളെ പൊതിഞ്ഞു. മൈസൂറിലും പ്രാന്തങ്ങളിലും ഞങ്ങൾ സന്ദർശിച്ച ഒരുവിധം എല്ലാ സ്ഥലങ്ങളിലും ഈ നാടകം അരങ്ങേറി. ദാരിദ്രം, ദൈന്യത, ഭിക്ഷാടനം ഇതൊക്കെ ഇന്ത്യയുടെ പതിവ് കാഴ്ചകളാണ്. ജനിച്ചപ്പോൾ മുതൽ നമ്മളിത് കണ്ടുകൊണ്ടിരിക്കുന്നു. ഇന്നുപക്ഷേ ഇവയ്ക്കുപോലും ഒരു സംഘടിതസ്വഭാവം വന്നതുപോലെ. സന്ദർശകരുടെ വസ്ത്രധാരണവും പെരുമാറ്റരീതികളുമൊക്കെ നോക്കി മനസ്സിലാക്കി, നല്ല ഇരകളാണെന്ന് തോന്നിയാൽ, പേടിപ്പെടുത്തും വിധം അവർ നമ്മളെ വളഞ്ഞു ശല്യപ്പെടുത്തുന്നു. ദാരിദ്ര്യത്തിന്റെ മാത്രം പ്രശ്നമാണോ ഇതെന്ന് ന്യായമായും സംശയിക്കണം. ശ്രീലങ്ക ഇന്ത്യയെക്കാൾ സാമ്പത്തിക ഭദ്രതയുള്ള  രാജ്യമല്ലാതിരുന്നിട്ടും അവിടെ വിനോദസഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നും ഇത്തരത്തിലുള്ള അവസ്ഥ കണ്ടില്ല. ഇത് ഒരു രാഷ്ട്രം അതിന്റെ ജനതയ്ക്ക് നൽകുന്ന / നൽകാതിരിക്കുന്ന ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും കൂടി പ്രശ്നമാണെന്ന് തോന്നുന്നു.

തെക്കേ ഇന്ത്യയിൽ രംഗനാഥന് (വിഷ്ണു) സമർപ്പിക്കപ്പെട്ട പ്രധാനപ്പെട്ട അഞ്ച് ക്ഷേത്രങ്ങളിൽ - പഞ്ചരംഗ ക്ഷേത്രങ്ങളിൽ - ഒന്നാണ് ശ്രീരംഗപട്ടണത്തിലേത്. മറ്റു നാലെണ്ണം കാവേരിയുടെ തീരത്തും ദ്വീപുകളിലുമായി തമിഴ്നാടിലാണ്. ഈ ക്ഷേത്രങ്ങളെല്ലാം കാവേരിയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നതെന്നുള്ളത് നദികൾക്ക് പുരാതനകാലത്തുണ്ടായിരുന്ന മതപരമായ അതിപ്രാധാന്യത്തെ ഒന്നുകൂടിൽ വെളിപ്പെടുത്തും.

ക്ഷേത്രത്തിന്റെ പ്രവേശനഭാഗത്തെ കൽമണ്ഡപം
മകരസംക്രാന്തിയിൽ ആയിരക്കണക്കിന് ദീപങ്ങളാൽ അലംകൃതമാവുന്ന ക്ഷേത്രത്തിന്റെ ചരിത്രവൈചിത്ര്യം ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലത്തെത്തുമ്പോൾ മറ്റൊരു തലംകൂടി ആർജ്ജിക്കുന്നുണ്ട്. ഇസ്ലാമിൽ അടിയുറച്ച വിശ്വാസം കാണിച്ചിരുന്ന ഈ ഭരണാധികാരികൾ മതസഹിഷ്ണുതയോട് അധികം പ്രതിപത്തിയൊന്നും കാണിച്ചിരുന്നവരല്ല. വടക്കൻ കേരളത്തിലേയ്ക്ക് അവരുടെ പടയോട്ടം ഉണ്ടായപ്പോഴൊക്കെയും നടന്നിട്ടുള്ള മതധ്വംസനങ്ങൾ കേരള ചരിത്രത്തിന്റെ കൂടി ഭാഗമാണ്. എന്നാൽ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിൽ അങ്ങിനെയല്ല സംഭവിച്ചത്. തങ്ങളുടെ ആസ്ഥാനത്ത്, കൊട്ടാരത്തിന് വളരെയടുത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തെ പരിപോഷിപ്പിച്ചു എന്ന് മാത്രമല്ല അവർ ശ്രീരംഗനാഥന്റെ ഭക്തർ കൂടിയായിരുന്നു എന്നും പറയപ്പെടുന്നു.

ബ്രിട്ടീഷുകാർക്കെതിരെ നിരന്തരം യുദ്ധംചെയ്ത ഏറ്റവും പ്രധാനിയായ ഒരിന്ത്യൻ ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ. കേരളത്തിൽ പഴശ്ശിയേയും നമ്മൾ ഇപ്പോൾ അങ്ങനെയൊരു ദേശാഭിമാനിയാക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. ടിപ്പു ചെയ്ത യുദ്ധങ്ങളുടെ വ്യാപ്തികൊണ്ടും ഉദ്ദേശശുദ്ധിയുടെ ആഴം കൊണ്ടും അദ്ദേഹത്തോട് ഏതെങ്കിലും തരത്തിൽ താരതമ്യം ചെയ്യാൻ പറ്റുന്ന വ്യക്തിയല്ല പഴശ്ശി, ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തു എന്ന ഒറ്റ കാരണത്താൽ. തന്റെ ഭരണത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ ബ്രിട്ടീഷുകാരുടെ ഇന്ത്യൻ മോഹങ്ങളേ കുറിച്ചു മനസ്സിലാക്കി, അത്തരം ഒരു മനോനിലയിൽ നിന്നുതന്നെയാണ് ടിപ്പു അവർക്കെതിരെ പടനയിച്ചതെന്ന് ആ സംഭവബഹുലമായ ജീവചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാകാതിരിക്കില്ല. ഒരു ചെറിയ നാട്ടുരാജ്യത്തിന്റെ ഭരണം കയ്യിൽകിട്ടുക എന്നതിനപ്പുറമുള്ള മോഹങ്ങളൊന്നും പഴശ്ശിക്ക്‌ ഉണ്ടായിരുന്നില്ല. ഫ്രെഞ്ചുകാരുമായും മറ്റു പല വിദേശശക്തികളുമായും (തുർക്കി, അഫ്ഗാനിസ്ഥാൻ തുടങ്ങിയവ) നയതന്ത്രബന്ധങ്ങൾ നിലനിർത്തുകയും അവരുടെ സൈനികശക്തി സ്വരാജ്യത്ത് ആവശ്യപ്പെടുകയും ചെയ്ത ടിപ്പുവിനെതിരെ, ആ നിലയ്ക്കുള്ള ദേശീയവിരുദ്ധ വാദങ്ങൾ ഉന്നയിക്കാവുന്നതാണ്. സംഭവിച്ചേക്കുമായിരുന്ന അവസ്ഥകളെ കുറിച്ചുള്ള ഊഹങ്ങൾ മാത്രമാണത്. മറിച്ച് സൈനിക നിപുണനായ ഭരണാധികാരിയുടെ നയതന്ത്രപ്രാപ്തിയായി ഫ്രെഞ്ച് ചങ്ങാത്തത്തെയൊക്കെ കാണുന്നതാവും കൂടുതൽ വിശ്വസനീയം.
 
കേണൽ ബെയ്ലിയുടെ തടവറ
ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് ഒട്ടും അകലെയായല്ല 'കേണൽ ബെയലിയുടെ തടവറ' (Colonel Bailey's Dungeon) എന്നറിയപ്പെടുന്ന ഭൂനിരപ്പിന് താഴെയായി നിർമ്മിച്ചിരിക്കുന്ന കാരാഗൃഹം. കേണൽ ബെയ്ലി നിർമ്മിച്ചതുകൊണ്ടല്ല മറിച്ച്‌ അദ്ദേഹം ഇവിടെ കിടന്നു മരിച്ചതുകൊണ്ടാണ് ഈ പേര് വന്നത്.

ഹൈദരലിയായാലും ടിപ്പു സുൽത്താനായാലും രാജാധികാരം കയ്യിലുണ്ടെങ്കിലും എപ്പോഴെങ്കിലും സ്വസ്ഥമായിരുന്നു രാജ്യം ഭരിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. രാജാധികാരം കയ്യാളിയിരുന്നെങ്കിലും അവർ പാരമ്പര്യവഴിയിലൂടെ വന്ന രാജാക്കന്മാരായിരുന്നില്ല എന്നത് ഇതിന്റെ അടിസ്ഥാനകാരണമായി കണ്ടെത്താം. ഏതെങ്കിലും ഒരു രാജകുടുംബത്തിന് ആകാശത്തിരിക്കുന്ന ഏതോ ദൈവം ചാർത്തികൊടുക്കുന്നതല്ല രാജാധികാരം എന്നും, ഏതോ ഒരു പൂർവ്വികൻ തികച്ചും മാനുഷികമായ കാരണങ്ങളാൽ ഒരുകാലത്ത് ജനനായകനാവുകയും അങ്ങിനെ ആ കുടുംബം പിന്നീട് അത്തരമൊരു ഔദാര്യം അനുഭവിച്ച് വരികയാണെന്നതും അറിയാം. എന്നാൽ ഇവിടെ ഹൈദരലിയിൽ തുടങ്ങി പുത്രനായ ടിപ്പുവിൽ അവസാനിച്ച ഒരു താൽക്കാലിക പ്രതിഭാസം മാത്രമായി നിൽക്കുന്നു ശ്രീരംഗപട്ടണം ആസ്ഥാനമായുണ്ടായ ഈ രാജഭരണം. അവർ അടിമുടി പടയാളികളായിരുന്നു. ഒരു സാധാരണ പടയാളിയായി മൈസൂർ പട്ടാളത്തിൽ എത്തിയ ഹൈദരലി, പടിപടിയായി മുകളിലേയ്ക്ക് കയറി മൈസൂർ പട്ടാളത്തിന്റെ സർവ്വസൈന്യാധിപനായി മാറുകയും തുടർന്ന് വോഡയാർ രാജകുടുംബത്തിന്റെ അന്ത:ഛിദ്രങ്ങൾ മുതലെടുത്ത്‌ സ്വയം മൈസൂർ സുൽത്താനായി അവരോധിക്കുകയുമായിരുന്നു.

കേണൽ ബെയ്ലിയുടെ തടവറയ്ക്ക് മുകളിൽ നിന്നും കാണുന്ന കാവേരിയുടെ ഒരു ഭാഗം
'രണ്ടാം ആംഗ്ലോ - മൈസൂർ യുദ്ധം' (1780) എന്നറിയപ്പെടുന്ന,  തമിഴ്നാടിലെ കാഞ്ചിപുരത്തിനടുത്തുവച്ച് നടന്ന ഒരു യുദ്ധത്തിലാണ് കേണൽ ബെയ്ലിയെ ടിപ്പു തടവുകാരനായി പിടിക്കുന്നത്. മൈസൂറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഫ്രെഞ്ചുകാരുടെ പടിഞ്ഞാറൻ തീരത്തുള്ള താവളമായ മാഹി ബ്രിട്ടീഷുകാർ പിടിച്ചെടുത്തതിന്റെ തിരിച്ചടിയായാണ് ഈ യുദ്ധം നടക്കുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷ് പട്ടാളം ആദ്യകാലത്ത് നേരിട്ട ഏറ്റവും വലിയ തോൽവികളിലൊന്നായിരുന്നു ഇത്.

സർ മൻറോയുടെ നേതൃത്വത്തിൽ ഹൈദരലിയുടെ പടയെ നേരിടാൻ തയ്യാറാക്കി നിർത്തപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തിനോട് ചേരാൻ വേണ്ടി യാത്രതിരിച്ച ബെയ്ലിക്കും കൂട്ടർക്കുമാണ് വഴിക്കുവച്ച് ടിപ്പുവിന്റെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്. കാഞ്ചിപുരത്തു നിന്നും മൻറോയുടെ പിന്തുണയെത്തുമെന്ന പ്രതീഷയിൽ ടിപ്പുവിനെ നേരിട്ട ബെയ്ലിക്ക് ആ സഹായം എത്തിച്ചേർന്നില്ലെന്ന് മാത്രമല്ല, മൻറോ തന്റെ ആയുധങ്ങളും മറ്റും ഉപേക്ഷിച്ച് മദ്രാസിലേയ്ക്ക് രക്ഷപ്പെടുകയും ചെയ്തു.

കാരാഗൃഹത്തിനുള്ളിൽ തടവുപുള്ളികളെ ചങ്ങലയ്ക്കിട്ടിരുന്നത് ഇങ്ങനെ...
കാവേരിയുടെ കരയിൽ ഭൂനിരപ്പിൽ നിന്നും താഴേയ്ക്കായാണ് ഈ കാരാഗൃഹം ഉണ്ടാക്കിയിരിക്കുന്നത്. ഏതാനും പടവുകൾ ഇറങ്ങിവേണം ഇവിടെയ്ക്കെത്താൻ. വലിയ നിർമ്മാണചാരുതയുള്ള കെട്ടിടമല്ല. എന്തായാലും, തടവറയല്ലേ. കമാനാകൃതിയിലുള്ള തൂണുകളുമായി ഒരു ഹാൾ. ചുമരുകളിൽ തടവുപുള്ളികളെ ചങ്ങലയ്ക്കിടാൻ പാകത്തിന് ദ്വാരമുള്ള കരിങ്കൽ കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കാരാഗൃഹത്തിന്റെ പ്രത്യേകതയായി പറയുന്നത് ഇതിലേയ്ക്ക് കാവേരിയുടെ ജലം കടത്തിവിടാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നുവത്രേ. അതായത് തടവുപുള്ളികളെ ചങ്ങലയ്ക്കിട്ടതിനു ശേഷം കഴുത്തൊപ്പം വെള്ളത്തിൽ മുക്കിനിർത്താനോ മുക്കികൊല്ലാനോ സാധിക്കുമായിരുന്ന ഒരു ശിക്ഷാരീതി.

ഭൂമിയിലെ ജീവജാലങ്ങളെ സൃഷ്ടിക്കുന്ന സമയത്ത് ദൈവത്തിന് കയ്യബദ്ധം പറ്റിയ ആറാം ദിവസത്തെ കുറിച്ച് സച്ചിദാനന്ദൻ ഒരു കവിതയിൽ പറയുന്നുണ്ട്. തിന്നാനല്ലാതെ കൊല്ലുന്ന ഒരു മൃഗത്തെ, മനുഷ്യനെ ഉണ്ടാക്കിയ ദിവസം. ഇതുപോലുള്ള തടവറകളിൽ വന്നുനിന്ന്, ചരിത്രത്തിന്റെ ഇരുട്ടറകളിലൂടെ മനസഞ്ചാരം ചെയ്യുമ്പോൾ, മനുഷ്യൻ സ്വകുലത്തിനെതിരെ ചെയ്തുകൂട്ടിയ അനന്യക്രൂരതകളുടെ രക്തലോകം തലതിരിയ്ക്കും. നമ്മുടെ കാലവും ഒരിക്കൽ ചരിത്രമാവും. അന്ന് ഇക്കാലത്തെ വായിക്കുന്നവർക്കും നമ്മൾ ശുഭകരമായ ഒന്നുമല്ല ബാക്കിവയ്ക്കുന്നത് എന്ന സത്യം ദുഃഖകരമാണ്. നമ്മുടെ കാലത്തും എത്രമാത്രം യുദ്ധങ്ങൾ, ആക്രമണങ്ങൾ, വംശഹത്യകൾ...

കാരാഗൃഹത്തിന്റെ ഉൾഭാഗം
തടവറയുടെ നടുവിലായി ഒരു പീരങ്കി വച്ചിരിക്കുന്നത് കാണാം. ബ്രിട്ടീഷുകാരുമായുള്ള അവസാന യുദ്ധത്തിന്റെ സമയത്ത് എന്തോ കാരണത്താൽ മേൽക്കൂര പൊളിച്ച് അകത്തേയ്ക്ക് വീണതാണ് ഈ കൂറ്റൻ പീരങ്കിയെന്നന്ന് പറയപ്പെടുന്നു. മേൽക്കൂരയിൽ ഇത് വീണപ്പോൾ സംഭവിച്ചത് എന്ന് കരുതപ്പെടുന്ന ഒരു ദ്വാരവും കാണാം. കാര്യകാരണ സഹിതം ചിന്തിച്ചുനോക്കുമ്പോൾ ഇക്കഥ വിശ്വസനീയമായി തോന്നുന്നില്ല.

1780 - ൽ തടവുകാരനായി പിടിക്കപ്പെട്ട കേണൽ ബെയ്ലി 1782 - ലാണ് ഇവിടെ വച്ച് മരണപ്പെടുന്നത്. അദ്ദേഹം എങ്ങനെ മരിച്ചു എന്നതിന് വ്യക്തതയില്ല. ഇന്ന് ഒരു വിനോദസഞ്ചാരിയായി ഈ തടവറയിൽ വന്നുനിൽക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. ഭൂനിരപ്പിന് താഴെയാണെങ്കിൽ പോലും അത്യാവശ്യം നല്ല രീതിയിൽ കാറ്റും വെളിച്ചവും കടക്കുന്ന വിശാലമായ ഒരു അറ. എന്നാൽ കഴുത്തൊപ്പം നദീജലത്തിൽ മുക്കിനിർത്തപ്പെട്ടിരിക്കുന്ന ചങ്ങലയ്ക്കിട്ട യുദ്ധതടവുകാരുടെ ദുരിതജീവിതവുമായി ചേർത്തുവച്ച് സങ്കൽപ്പിക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു ചൂണ്ട കോർത്ത് വലിക്കുന്നതുപോലെ അനുഭവപ്പെടും.

കേണൽ ബെയ്ലിയുടെ തടവറ - മറ്റൊരു കാഴ്ച
മൈസൂർ - ബംഗലൂരു ഹൈവേ ശ്രീരംഗപട്ടണത്തിലൂടെയാണ് കടന്നുപോകുന്നത്. എങ്കിലും ദ്വീപ് പൊതുവേ ഒരു പഴയ ലോകമായാണ് അനുഭവപ്പെടുന്നത്. എവിടെയും ടിപ്പുവിന്റെ കാലത്ത് നിന്നും ഇന്നിലേയ്ക്ക് നീണ്ടുകിടക്കുന്ന വസ്തുപ്രതിരൂപങ്ങൾ കാണാം. കോട്ടകളുടെ അവശിഷ്ടങ്ങൾ, മണ്ണിനോട് ചേരാൻ തയ്യാറായി കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങൾ... ഹൈവേയുടെ വശങ്ങളിലായി ഒരു ചെറിയ പട്ടണത്തിന്റെ തിരക്കുകൾ കാണാമെങ്കിലും ഉള്ളിലേയ്ക്ക് കടക്കുമ്പോൾ ഏതൊരു കന്നഡ ഗ്രാമത്തെയും പോലെ മരത്തണലുകളിൽ അലസമിരിക്കുന്നവർ, അലഞ്ഞുനടക്കുന്ന പശുക്കൾ, കാവേരിയുടെ ഈർപ്പവുമായി വരുന്ന കാറ്റ് ആരവമുണ്ടാക്കുന്ന ഹരിതപത്രങ്ങളുടെ നിഴൽവീണ ചെറിയ പാതകൾ...

ബംഗലൂരു ഭാഗത്തു നിന്നും വരുമ്പോൾ, ശ്രീരംഗപട്ടണത്തിലേയ്ക്ക് പ്രവേശിക്കുന്നത് പ്രൗഡമായ കോട്ടവാതിൽ കടന്നാണ്. ഈ പാത നേരെ വരുന്നത് 'മസ്ജിദ് ഇ അല' എന്നപേരിൽ അറിയപ്പെടുന്ന ടിപ്പു നിർമ്മിച്ച പള്ളിയിലേയ്ക്കാണ്. 1784 - ൽ ഉണ്ടാക്കിയ ഈ പള്ളിയിൽ ആദ്യമായി പ്രാർത്ഥന നടത്തിയത് ടിപ്പു തന്നെയാണെന്ന് പറയപെടുന്നു. മഞ്ഞനിറം പൂശിയ, രണ്ടു മീനാരങ്ങളുല്ല ഈ പള്ളി ഗൾഫിൽ ഞാൻ ജീവിക്കുന്ന പ്രദേശത്തെ ഇസ്ലാമിക ആരാധാനാലയങ്ങളുടെ നിർമ്മാണരീതിയെ കുറച്ചൊക്കെ ഓർമ്മിപ്പിക്കും. രണ്ടു നിലകളിലായുള്ള മീനാരങ്ങളിൽ ചെറിയ ചെറിയ കിളിവാതിലുകലുണ്ട്. അവയിലൊക്കെയും കുറുകുന്ന പ്രാവുകളുടെ ബഹളം...

ടിപ്പുവിന്റെ പള്ളി - മസ്ജിദ് ഇ അല
ടിപ്പുവിന്റെ മതസഹിഷ്ണുതയെ കുറിച്ച് എല്ലാകാലത്തും വിരുദ്ധാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പാഠപുസ്തകങ്ങൾ എന്തുതന്നെ പറഞ്ഞാലും ടിപ്പുവിന്റെ പടയോട്ടത്തിന്റെ രൂക്ഷതകൾ നേരിട്ടനുഭവിച്ച മലയാളികളുടെ പിൻതലമുറ ആ ഓർമ്മകളിൽ ഇന്നും സജീവമായിരിക്കുമ്പോൾ കേരളത്തിലെങ്കിലും രക്ഷാപുരുഷനോ ധീരദേശാഭിമാനിയോ മാത്രമായി അദ്ദേഹം അറിയപ്പെടുമെന്ന് തോന്നുന്നില്ല. വടക്കൻ കേരളത്തിലെ ബേക്കലിൽ ഗവർണ്ണറായി നിയോഗിച്ചിരുന്ന ബുദ്രുസ് സുമൻ ഖാന് ടിപ്പു എഴുതിയ ഒരു കത്തിൽ ഇങ്ങിനെ കാണാം: "മലബാറിൽ ഏകദേശം നാല് ലക്ഷം ഹിന്ദുക്കളെ ഞാൻ ഇസ്ലാമിലേക്ക് മതംമാറ്റിയത് താങ്കൾ അറിഞ്ഞിട്ടില്ലേ? ആ ശപിക്കപ്പെട്ട രാമൻ നായരുടെ ('ധർമ്മരാജാ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്) നേർക്ക്‌ ഉടൻ തന്നെ പടനയിക്കാൻ ഞാൻ ഉറപ്പിച്ചിട്ടുണ്ട്. അയാളെയും അയാളുടെ പ്രജകളെയും മതപരിവർത്തനം നടത്താനാവുമല്ലോ എന്നത് അത്യധികം സന്തോഷിപ്പികയാൽ ഞാൻ ശ്രീരംഗപട്ടണത്തിലേയ്ക്ക് മടങ്ങിപോകാനുള്ള പരിപാടി ഉപേക്ഷിച്ചിരിക്കുന്നു."

എന്നാൽ ടിപ്പുവിന്റെ ആ സന്തോഷം ഫലവത്തായില്ല എന്ന് ചരിത്രം പറയുന്നു. പെരിയാർ കടന്ന് തിരുവിതാംകൂറിലേയ്ക്ക് പ്രവേശിക്കാൻ ടിപ്പുവിനായില്ല. കേരളത്തിലെ വർഷപാതത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്ന മൈസൂർ പടയ്ക്ക് അക്കൊല്ലം തകർത്തുപെയ്ത മഴയേയും തുടർന്ന് കുത്തിയൊഴുകിയ പെരിയാറിനെയും അത് വിതച്ച വെള്ളപ്പൊക്കത്തെയും കവച്ചുകടക്കാനാവാതെ മടങ്ങിപോകേണ്ടിവന്നു. ആ കൊടും മഴക്കാലത്ത്, കവടിയാറിലെ കൊട്ടാരകാര്യക്കാർ അഴകൻപിള്ള കാടും മേടും കടന്ന് സഹ്യമുടിയിൽ ചെന്ന് ചില സ്വാഭാവിക ചിറകൾ കായബലത്താൽ തകർത്ത്, ആയതിൽ ആത്മാഹൂതി ചെയ്ത് സംഭവിപ്പിച്ചതാണ് പെരിയാറിന്റെ അതുവരെയില്ലാത്ത കുത്തൊഴുക്കെന്ന് സി. വി. രാമൻപിള്ള 'രാമാരാജാബഹദൂറിൽ' കഠിനകാല്പനികമായി വിവരിക്കുന്നത് ഈ സംഭവത്തെയാണല്ലോ.

പള്ളിയുടെ ഒരു മീനാരം
എന്നാൽ ടിപ്പുവിനെ ഇത്തരത്തിൽ മതഭ്രാന്തൻ എന്ന ഗണത്തിൽ മാത്രം പെടുത്തിയെടുക്കുകയാണെങ്കിൽ, ശ്രിംഗേരിമഠം അധിപതിയുമായി അദ്ദേഹം അനേകവർഷം പുലർത്തിയ അടുത്ത ബന്ധത്തെ എങ്ങിനെ നോക്കികാണും. 1791 - ൽ ചില മറാത്താ പടയാളികൾ ശ്രിംഗേരി മഠം ആക്രമിച്ച് പല അന്തേവാസികളെയും കൊല്ലുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്തു. വാർത്ത അറിഞ്ഞ ഉടനെ തന്നെ ടിപ്പു, മഠത്തിന്റെ സംരക്ഷണത്തിന് ഉത്തരവിടുകയും പുനർനിർമ്മാണത്തിനുള്ള പണവും സാമഗ്രികളും എത്തിക്കുകയും ചെയ്തു.

രാജഭരണ വ്യവസ്ഥിതിയിൽ മാത്രമല്ല, മറ്റു പല ഭരണരീതികളിലും മതം ഇന്നും ഒരനിവാര്യതയായി തുടരുന്നു, ജനാധിപത്യം പോലുള്ള ആധുനിക ഭരണക്രമങ്ങളും മതേതരത്വം പോലുള്ള സാമൂഹ്യാശയങ്ങളും ഉരുത്തിരിഞ്ഞ്‌ വന്നതിനുശേഷവും. ആ നിലയ്ക്ക് നോക്കിയാൽ അക്കാലത്തെ ഏകാധിപത്യഭരണങ്ങൾ മതാതീതമായിരിക്കണം എന്ന് ശഠിക്കുന്നതിൽ അർത്ഥമില്ലല്ലോ. ടിപ്പുവിന് മതപരമായ താല്പര്യങ്ങൾ ഉണ്ടായിരുന്നിരിക്കണം. എങ്കിലും അതിനപ്പുറത്തുള്ള രാജഭരണതന്ത്രജ്ഞതയുടെ ചില ആവേശങ്ങളായിരുന്നിരിക്കാം ടിപ്പുവിനെ പ്രാഥമികമായി നയിച്ചിരുന്നത് എന്നുംകൂടി അനുമാനിക്കാം.

- തുടരും -