2016, നവംബർ 15, ചൊവ്വാഴ്ച

ആൽപൈൻ കലൈഡെസ്കോപ് - പന്ത്രണ്ട്

മിലാനിലെ ഓരോ ഇടവഴിയിലും, നിരത്തിലേയ്ക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന ഓരോ ചായപ്പീടികയിലും, ഞാൻ പരിചയമുള്ള ഒരാളെ തിരഞ്ഞുകൊണ്ടിരിന്നു - ഉംബേർത്തോ എക്കോയെ (Umberto Eco). (ഞങ്ങൾ ഈ മിലാൻ യാത്ര നടത്തുന്ന 2015 ജൂൺ മാസത്തിൽ അദ്ദേഹം മരിച്ചിരുന്നില്ല. അത് സംഭവിക്കുന്നത് 2016 ഫെബ്രുവരിയിലാണ്.) അദ്ദേഹം പാർക്കുന്ന പട്ടണം എന്ന നിലയിലാണ് മിലാൻ എന്റെ ബോധത്തിലേക്ക് ആദ്യം കടന്നുവരുന്നത്. യൂറോപ്യൻ മദ്ധ്യകാലത്തിന്റെ ചരിത്രത്തിലേയ്ക്ക്, ജീവിതങ്ങളിലേയ്ക്ക് അദമ്യമായി ആവേശിപ്പിച്ചത് എക്കോയാണ്. മദ്ധ്യകാലത്തിന്റെ വാസ്തുപരിസരങ്ങൾ ഇന്നും പേറുന്ന അനേകം ഇറ്റാലിയൻ പട്ടണങ്ങളിൽ ഒന്നിൽ ജീവിക്കുന്ന അദ്ദേഹം ആ കാലഘട്ടത്തിന്റെ ആരാധകനും ആവിഷ്‌കാരകനും ആയതിൽ ആശ്ചര്യം തോന്നേണ്ടതില്ല. മിലാനിലൂടെ നടക്കുമ്പോൾ എക്കോയെ കാണാനാവും എന്നുതന്നെ ഞാൻ കരുതി. വഴിയോരത്തെ കഫേകളിൽ പൈപ്പും പുകച്ചിരിക്കുന്ന യൂറോപ്പിലെ സാഹിത്യകാരന്മാരുടെയും ബുദ്ധിജീവികളുടെയും ബ്ളാക്ക് ആൻഡ് വൈറ്റ് കാഴ്ച എങ്ങനെയോ മനസ്സിൽ പതിഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യമുഖരിതമായ ഈ നിരത്തുകളിലെവിടെയെങ്കിലും വച്ച് ഉംബേർത്തോ എക്കോ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടും എന്നുതന്നെ പ്രതീക്ഷിച്ചു...

മിലാനിലെ ഒരു കവല
സ്‌ഫോർസ കോട്ടസൗധത്തിന്റെ ഒരു ഭാഗത്ത് നിന്നും  ഇറങ്ങിച്ചെല്ലുന്നത് പാർക്കോ സെംപിയോനെ എന്ന വിശാലമായ ഉദ്യാനത്തിലേയ്ക്കാണെങ്കിൽ മറുഭാഗത്തെ കവാടം ഒരു ജലധാരയിലേക്കാണ് തുറക്കുന്നത്. മിലാന്റെ ചരിത്രസ്പർശമുള്ള പട്ടണഭാഗങ്ങൾ ഇതിനു മുന്നിൽ നിന്നും ആരംഭിക്കുന്ന അനേകം നിരത്തുകളിലായി ചിതറിക്കിടക്കുന്നു. കുറച്ച് ആയാസപ്പെടുമെങ്കിലും എല്ലാം നടന്നുപോകാവുന്ന ദൂരവൃത്തത്തിനുള്ളിൽ തന്നെയാണ്.

വട്ടാകാരത്തിലുള്ള ഈ ജലധാരയുടെ പരിസരത്ത് നിൽക്കുമ്പോൾ ഗംഭീരമായ നഗരനിർമ്മിതിയുടെ സമ്പുഷ്ടത തെളിഞ്ഞുവരും. കെട്ടിടങ്ങളൊക്കെയും പുരാതനകാലത്ത് നിർമ്മിച്ചവയായിക്കൊള്ളണമെന്നില്ല. എങ്കിലും ഇവിടെ നിലനിൽക്കുന്ന ചരിത്രനിർമ്മിതിയുടെ ലാവണ്യത്തിന് യാതൊരു കോട്ടവും തട്ടാതെ, അവയ്ക്ക് അനുബന്ധമെന്ന നിലയ്ക്ക്, ലയിച്ചുചേർന്നിരിക്കുന്നു ഈ പുതിയകാലത്തെ കെട്ടിടങ്ങളും. പൗരാണികത പ്രദാനംചെയ്യുന്ന പൊതുവായ വാസ്തുലാവണ്യത്തിൽ നിന്നും വിഘടിച്ചുനിൽക്കുന്ന ഒരു നിർമ്മിതിയും ഈ പരിസരത്ത് കാണാനാവില്ല.

സ്‌ഫോർസ കോട്ടസൗധ മുറ്റത്തെ ജലധാര
ജലധാരയുടെ പരിസരത്തു നിന്നും പ്രശസ്തമായ മിലാൻ കത്തീഡ്രലിലേയ്ക്കുള്ള നടപ്പാതയിലേയ്ക്ക് കയറുമ്പോൾ ഇരുഭാഗത്തും ലോകരാജ്യങ്ങളുടെ കൊടികൾ തൂക്കിയ തൂണുകൾ നിരന്നുനിൽക്കുന്നത് കാണാം. മിലാൻ എന്താണ് എന്നതിന്റെ സൂചകമാണത്. റോം, ഇറ്റലിയുടെ രാഷ്ട്രീയ തലസ്ഥാനമാണെങ്കിൽ മിലാൻ, ഇറ്റലിയുടെ വാണിജ്യ തലസ്ഥാനമാണ്, ഇന്ത്യയ്ക്ക് മുംബൈ എന്നതുപോലെ. ഇറ്റലിയുടെ തന്നെ ഒരുപാട് വ്യവസായസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് മിലാനിലും പരിസരങ്ങളിലുമായാണ്. വർഷത്തിന്റെ പല സമയങ്ങളിലും ഏതെങ്കിലുമൊക്കെ ലോകോത്തരമായ ഉല്പന്നങ്ങളുടെ പ്രദർശനം ഇവിടെ നടന്നുകൊണ്ടിരിക്കും. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും വ്യവസായികളും വണിക്കുകളും അതിൽ പങ്കെടുക്കാനായി ഇവിടെയെത്തുന്നു. അവരെയൊക്കെ ആഹ്ലാദിപ്പിക്കുന്നതിന്റെ ഭാഗമായിക്കൂടിയാവണം ഈ കൊടികൾ ഉയർത്തിയിരിക്കുന്നത്.

എങ്കിലും ഇന്ത്യയുടെ കൊടി കണ്ട് ഞങ്ങൾക്ക് അധികം സന്തോഷിക്കാനായില്ല. കടുത്ത ദേശീയവാദിയല്ലെങ്കിലും തലതിരിച്ചുകെട്ടിയ കൊടിയുടെ കാഴ്ച അലോസരമുണ്ടാക്കി.

തലതിരിച്ചുകെട്ടിയ ഇന്ത്യൻ പതാക
അതിനുമുൻപ് തന്നെ ജനവാസമുള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, റോമാസാമ്രാജ്യത്തിന്റെ ആവിർഭാവത്തോടെ മിലാനും, ഇറ്റലിയുടെ മറ്റുഭാഗങ്ങൾ എന്നതുപോലെ, ചരിത്രത്തിലേയ്ക്ക് പ്രത്യക്ഷമായി തെളിയിക്കപ്പെടുകയായിരുന്നു. ക്രിസ്താബ്ദത്തിന് രണ്ടു നൂറ്റാണ്ട് മുൻപ് റോമൻ സാമ്രാജ്യത്തിലേയ്ക്ക് ചേർക്കപ്പെട്ടു മിലാൻ. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം മിലാനിലെയും അംഗീകരിക്കപ്പെട്ട പ്രധാനമതമായി മാറി. മദ്ധ്യകാലത്തും അതിനുശേഷവും അനേകം പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും കൈകളിലൂടെ, അതിലധികം യുദ്ധങ്ങളിലൂടെയും മിലാൻ കടന്നുപോവുകയുണ്ടായി. ഏറെ സങ്കീർണ്ണമായ, യൂറോപ്പിന്റെ സമഗ്രമായ ചരിത്രത്തോടൊപ്പം ചേർത്തു വ്യവഹരിക്കാനാവുന്ന ആ കാലഘട്ടത്തിന്റെ വായന ഒരു സാധാരണ യാത്രികന് വിരസം കൂടിയാവും.

മറ്റൊരു നഗരഭാഗം
പ്രതീക്ഷിച്ചത് ഉംബേർത്തോ എക്കോയെയാണെങ്കിലും ആദ്യമായി കണ്ടുമുട്ടിയത് ഗിസപ്പെ പരിനി (Guiseppe Parini) എന്ന നിയോക്ലാസിക് കാലഘട്ടത്തിലെ മിലാന്റെ സ്വന്തം കവിയെയാണ്. ഒരു ചെറുചത്വരത്തിൽ ആ ശില്പം ചാരുതയാർന്ന എടുപ്പോടെ നിൽക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ മിലാൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കലാകാരനാണ് പരിനി. അദ്ദേഹത്തിന്റെ കവിതകൾ, കലാജീവിതം ഒക്കെ അവിടെ നിൽക്കട്ടെ - ഈ ശിൽപം തന്നെ മനോഹരമായ ഒരു കലാനിർമ്മിതിയാണ്. ഇറ്റാലിയൻ പൗരുഷത്തിന്റെ കരിസ്മ മുഴുവൻ പ്രകാശിപ്പിക്കുന്ന ശിൽപം.

ഏത് കാലഘട്ടത്തിലും, ഇറ്റലിയുടെ ജനതതി ആകാരത്തിൽ മറ്റ് യൂറോപ്യൻ പ്രദേശങ്ങളിലെ ആളുകളിൽ നിന്നും വ്യതിരിക്തത നിലനിർത്തിയിരുന്നു. സൂക്ഷ്മതയിൽ ഇന്നും അത് തിരിച്ചറിയാനാവും. ആൽപ്സിന്റെ വടക്കുഭാഗത്തുള്ള ശൈത്യലോകത്തിന് വിപരീതമായി മെഡിറ്ററേനിയൻ പ്രദേശത്തെ മിതോഷ്ണ കാലാവസ്ഥയോടുള്ള സാമീപ്യം ഈ ഭാഗത്തുള്ള ജനങ്ങളുടെ ശരീരപ്രകൃതിയിൽ, അത്രയും തന്നെ സംസ്കാരത്തിലും, സവിശേഷതകൾ ഉണ്ടാക്കിയിട്ടുണ്ട്.

പട്ടണത്തിന്റെ ചരിത്രസ്പർശമുള്ള ഈ ഭാഗത്ത്, വിശിഷ്ടവ്യക്തികളുടെ, ഇതുപോലുള്ള മറ്റനേകം മനോഹരശില്പങ്ങളും കാണാനായി.

ഗിസപ്പെ പരിനി
അങ്ങനെ ഞങ്ങൾ നടന്നെത്തിയത് മിലാൻ കത്തീഡ്രലിനു മുന്നിലെ ചത്വരത്തിലാണ്.

പ്റതിറ്റാണ്ടുകൾക്ക് മുൻപ് ടിയാനെൻമെൻ സ്‌ക്വയർ എന്ന ഏതോ ഒരു സ്ഥലത്ത് നടന്ന പ്രതിവിപ്ലത്തിന്റെ വാർത്തകളാണ് 'സ്‌ക്വയർ' എന്ന പരികല്പനയെ ആദ്യമായി ബോധത്തിലേക്ക് കൊണ്ടുവരുന്നത്. (കൗമാരവിഹ്വലതകളിൽ ഇഷ്ടപൂർവ്വം ചെന്നുചാടിയിരുന്ന ഒരു ആശയത്തിന്റെ പ്രയോഗത്തെ കുറിച്ച് അന്നുതന്നെ പുനർവിചിന്തനം നടത്താൻ ഉപയുക്തമായ ഒരു സംഭവമായിരുന്നു അതെന്നത് പാഠവ്യത്യാസത്തോടെ ഓർത്തുകൊള്ളട്ടെ.) 'ചത്വരം' എന്ന വാക്ക് അതിന്റെ മലയാളഭാഷാന്തരമായി അക്കാലത്ത് ഉപയോഗിച്ചിരുന്നതായി തോന്നുന്നില്ല.

പിന്നീട് ചത്വരം, ചത്വരം എന്ന് പലപ്പോഴും കേൾക്കേണ്ടിവന്നുവെങ്കിലും അതിനെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ ടെലിവിഷൻ ചിത്രങ്ങൾ മതിയാവുമായിരുന്നില്ല. മിലാൻ കത്തീഡ്രലിനു മുന്നിൽ ചെന്നുനിൽക്കുമ്പോൾ ഇപ്പോൾ കൃത്യമായി അതിന്റെ അർത്ഥവൈപുല്യം അറിയാനാവുന്നുണ്ട്.

യൂറോപ്പിന്റെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും ഇത്തരം ചത്വരങ്ങൾ, നഗരമധ്യത്തിലെ വലിയ തുറസ്സുകൾ, കാണാനാവും. പട്ടണത്തിന്റെ ഹൃദയമായി അതിനെ വിഭാവന ചെയ്യാം. ജനങ്ങൾക്ക് ഒന്നിച്ചു ചേരാനുള്ള ഒരിടം. അതുകൊണ്ട് തന്നെയാവും, ജനകീയ വിപ്ലവങ്ങളെല്ലാം ചത്വരങ്ങളിൽ ആരംഭിക്കുന്നത്.

നമ്മുടെ പട്ടണങ്ങളിൽ ചത്വരങ്ങൾ ഇല്ല എന്നല്ല. അവയ്ക്ക് നിയതമായ രൂപ, നിർവ്വചനങ്ങൾ കണ്ടെത്താൻ പ്രയാസമാണെന്ന് മാത്രം. സ്വരാജ് റൗണ്ടും തേക്കിൻകാട് മൈതാനവുമൊക്കെ അത്തരത്തിലുള്ളവ ആണെങ്കിലും അവയൊന്നും യൂറോപ്യൻ ചത്വരങ്ങൾ പോലെ തുറസ്സല്ല എന്ന വ്യത്യാസം മാത്രമല്ല പറയാനാവുക, രണ്ടു ലോകങ്ങൾ പ്രകാശിപ്പിക്കുന്ന ഭാവങ്ങളുടെ വ്യതാസംകൂടി അവ ഉൾപ്പേറുന്നുണ്ട്.

മിലാൻ കത്തീഡ്രലിന് മുന്നിലെ ചത്വരം. കത്തീഡ്രലിന്റെ പടിക്കെട്ടിൽ നിന്നും കാണുമ്പോൾ...
ചത്വരത്തിൽ ഉത്സവത്തിന്റെ ആൾക്കൂട്ടം. എല്ലാവരും വിനോദസഞ്ചാരികൾ ആണെന്നു വേണം കരുതാൻ. ഈ തിരക്കിലേയ്ക്ക് വരേണ്ട കാര്യം നാട്ടുകാർക്കുണ്ടാവില്ലല്ലോ.

തിരക്കാർന്ന ആ ചത്വരത്തിനപ്പുറം അപൂർവ്വമായ ഒരു കാഴ്ചയായി മിലാൻ കത്തീഡ്രൽ നിൽക്കുന്നു...!

ഒരുപാട് പള്ളികളുടെ അകംപുറം കണ്ടിട്ടുണ്ട്. ഗോഥിക്, നിയോഗോഥിക് പള്ളികളുടെ വാസ്തുപരമായ ഗാംഭീര്യം സവിശേഷമായ അനുഭവതലം പ്രദാനംചെയ്യും. അത്തരത്തിലുള്ള പള്ളികൾ നമ്മുടെ നാട്ടിൽ കുറവാണ്. നിയോഗോഥിക് നിർമ്മിതിയുടെ വാസ്തുസ്വഭാവം കാണിക്കുന്ന ഒരു പള്ളി കേരളത്തിൽ കണ്ടിട്ടുള്ളത് കോട്ടയത്തെ വിജയപുരം രൂപതയുടെ കീഴിലുള്ള വിമലഗിരി കത്തീഡ്രലാണ്. എങ്കിലും ഈ നിലയ്ക്കുള്ള ഗംഭീരമായ പള്ളി മൈസൂറിലെ വിശുദ്ധ ഫിലോമിനാ ദേവാലയമാണെന്നത് നിസ്തർക്കം.

കേരളത്തിൽ നിയോഗോഥിക് മാതൃകയിലുള്ള പള്ളികൾ അധികം ഉണ്ടാവാത്തതിന്റെ കാരണം സാമ്പത്തികം എന്നതിനുപരി, കേരളത്തിലെത്തിയ കൊളോണിയൽ ശക്തികൾ പിന്തുടർന്നിരുന്ന പള്ളിമാതൃകകൾ വ്യത്യസ്തമായതിനാൽ കൂടിയാവും. (നാട്ടിൽ വലിയ പള്ളികൾ ഉയരാൻ കാലമായപ്പോഴേയ്ക്കും ഗോഥിക് എന്ന് വിശേഷിപ്പിക്കുന്ന വാസ്തുരീതിയുടെ കാലം കഴിഞ്ഞിരുന്നു എന്ന് പൊതുവേ പറയാം.)

മിലാൻ കത്തീഡ്രൽ
പറങ്കികളും ലന്തക്കാരും തങ്ങളുടെ കിഴക്കൻ അധിനിവേശ മേഖലകളിൽ പള്ളികൾ നിർമ്മിക്കാൻ സവിശേഷമായ ഒരു നിർമ്മാണരീതി അവലംബിച്ചിരുന്നതായി കാണാം. കേരളത്തിന്റെ തീരദേശങ്ങളിൽ ഉണ്ടായിരുന്ന ആദ്യകാല പള്ളികളിൽ ഈ വാസ്തുരീതി കാണാനാവുമായിരുന്നു. ഞങ്ങളുടെ നാട്ടിലെ, ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുൻപ് ഇടിച്ചുകളഞ്ഞ, പള്ളിക്കെട്ടിടം അതുപോലുള്ള ഒന്നായിരുന്നു. പകരം ഉണ്ടാക്കിയ വലിയ പള്ളി, ഗോഥിക് വാസ്തുകലയുടെ വികൃതമായ അനുകരണം മാത്രമായി മാറുകയും ചെയ്തു.

ബ്രിട്ടീഷുകാർ എന്നാൽ തങ്ങളുടെ മാതൃരാജ്യത്തിലെ പള്ളികളുടെ ചെറുരൂപങ്ങളാണ് ഉണ്ടാക്കിയത്. അവർ എത്തുമ്പോഴേയ്ക്കും കേരളത്തിൽ, മറ്റ് കൊളോണിയൽ ശക്തികളുടെ പ്രവർത്തനത്താൽ, ഒരു നല്ലകൂട്ടം ക്രിസ്ത്യാനികൾ കത്തോലിക്കാ മതത്തിലേയ്ക്ക് അടിയുറച്ചു കഴിഞ്ഞിരുന്നു, ബാക്കിയുള്ളവർ നിലവിലുള്ള പൗരസ്ത്യസഭകളിലും. ശീമക്കാരുടെ അധിനിവേശരീതി പരിശോധിച്ചാൽ, രാഷ്ട്രീയവും സാമ്പത്തികവും ആയ താല്പര്യങ്ങൾക്കപ്പുറം നിശിതമായ രീതിയിൽ മതപ്രവർത്തനം നടത്താൻ ആഗ്രഹിച്ചിരുന്നില്ല എന്നും കാണാം. അതിനാലാവും വ്യത്യസ്തമായ പള്ളിനിർമ്മാണരീതികൾ പരീക്ഷിക്കാനൊന്നും അവർ തുനിയാതിരുന്നത്. തിരുവനന്തപുരം നഗരമദ്ധ്യത്തിൽ തന്നെയുള്ള എൽ. എം. എസ് ദേവാലയം, ഇംഗ്ലീഷ് പള്ളിമാതൃകയുടെ കൃത്യമായ ഉദാഹരണമാവും.

പള്ളിച്ചുമരിലെ ഒരു ശിൽപം
മിലാനിലെ ഏറ്റവും മനോഹരവും വ്യതിരിക്തവുമായ നിർമ്മിതി മിലാൻ കത്തീഡ്രൽ തന്നെയാണ്. ചിത്രങ്ങൾക്ക് അതിന്റെ ഗാംഭീര്യം മുഴുവനായും പകർത്താനാവില്ല.

ദൂരക്കാഴ്ചയിൽ തന്നെ ബൃഹൃത്തായ മാർബിൾ നിർമ്മിതിയുടെ വൈപുല്യം അനുഭവസ്ഥമാകുമെങ്കിലും അടുത്തേയ്ക്ക് ചെല്ലുമ്പോഴാണ് അതിന്റെ സങ്കീർണ്ണത കൂടുതൽ വ്യക്തമാവുക, മുകളിലേയ്ക്ക് കെട്ടിയുയർത്തിയ ഒരു കെട്ടിടം മാത്രമല്ലെന്ന് അറിയുക. ചുമരുകളിൽ മുഴുവൻ ചാരുതയുള്ള വെണ്ണക്കൽ ശില്പങ്ങൾ. നൂറുകണക്കിന് വരും അവ. ഒക്കെയും ഒന്നിനൊന്ന് ലക്ഷണം തികഞ്ഞവ. ശില്പരൂപങ്ങളുടെയും ചിത്രപ്പണികളുടെയും ഒരു വലിയ മാർബിൾ സഞ്ചയമാണ് ചുമരുകൾ. ചുമരുകളേയും ഗോപുരങ്ങളേയും പൊതിഞ്ഞിരിക്കുന്ന അവ ഓരോന്നിനേയും ഒരു ബൈനാക്കുലർ ഉപയോഗിച്ച് നന്നായൊന്ന് കണ്ടുതീർക്കണമെങ്കിൽ ഒന്നുരണ്ട് ദിവസം മതിയാവില്ല.

ഏതൊരു ഗോത്തിക് പള്ളിയുടെയും ഉൾഭാഗം എന്നതുപോലെ, വളരെ ഉയരത്തിൽ, കമാനാകൃതിയിൽ, പടുകൂറ്റൻ മാർബിൾ തൂണുകളും, ചിത്രാങ്കിതമായ മച്ചുമായി തന്നെയാണ് മിലാൻ കത്തീഡ്രലിന്റെയും സാക്ഷാത്കാരം. മൊത്തത്തിൽ നല്ല വിസ്താരമുണ്ടെങ്കിലും, നിരയൊത്തു നിൽക്കുന്ന തൂണുകളുടെയും ഉയരത്തിന്റെയും വാസ്തുനിലകൊണ്ടാവാം ഒരു നീണ്ട ഇടനാഴി പോലെയാണ് പള്ളിയുടെ ഉൾഭാഗം അനുഭവപ്പെടുക. ആ വാസ്തുഗാംഭീര്യത്തിൽ മഗ്നമായി നിൽക്കുമ്പോൾ തീർച്ചയായും ദൈവത്തെ ഓർമ്മവരും; ജ്യാമിതീയ സൗന്ദര്യത്തെ സാക്ഷാത്ക്കരിക്കാൻ മനുഷ്യന് ഭാവന നൽകിയ ദൈവത്തെ!

പള്ളിയുടെ ഉൾഭാഗം
ഏതാണ്ട് ആറ് നൂറ്റാണ്ടെടുത്ത് പൂർത്തിയാക്കിയ പള്ളിയാണ് മിലാൻ കത്തീഡ്രൽ. പതിനാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇതിന്റെ നിർമാണം ആരംഭിക്കുന്നത്. ശതാബ്ദങ്ങൾ കഴിഞ്ഞ് നെപ്പോളിയൻ ബോണപാർട്ടിന്റെ ഇറ്റാലിയൻ അധിനിവേശകാലത്താണ് പള്ളി ഒരുവിധം പൂർത്തിയായതെന്ന് പറയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, നെപ്പോളിയൻ ഇറ്റലിയുടെ അധിപനായി അഭിഷിക്തനായത് ഈ പള്ളിയിൽ വച്ചാണ്. എങ്കിലും, തുടർന്നും അനുബന്ധനിർമ്മാണങ്ങൾ നടന്നുകൊണ്ടുതന്നെയിരുന്നു. ഒന്നാം ലോകയുദ്ധവും രണ്ടാം ലോകയുദ്ധവുമൊക്കെ കടന്നുപോയി. അവസാനത്തെ ഗേറ്റും ഘടിപ്പിച്ച 1965 ജനുവരി 6 - നെയാണ് പള്ളിയുടെ നിർമാണം ഔദ്യോഗികമായി അവസാനിച്ച ദിവസമായി കണക്കാക്കുന്നത്.

സൂക്ഷ്മതയിൽ, നമുക്ക് യാതൊരു രൂപവുമില്ലാത്ത മദ്ധ്യകാലത്ത് നിർമ്മാണമാരംഭിച്ച്, നമുക്കൊക്കെ ഏറെക്കൂറെ സ്വാംശീകരിക്കാനാവുന്ന ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് മാത്രം നിർമാണം പൂർത്തിയായ ഒരു സവിശേഷ നിർമ്മിതി. അതിന്റെ സങ്കീർണ്ണമായ ചരിത്രപഥം - കൗതുകകരമാണ് അതൊക്കെ ആലോചിക്കാൻ.

ഒരുപാട് കാലഘട്ടങ്ങളിലൂടെ, വാസ്തുസംബന്ധിയായ ഒരുപാട് പ്രസ്ഥാനങ്ങളിലൂടെ, വ്യത്യസ്തമായ ലാവണ്യപ്രതിബദ്ധതയുള്ള ഒരുപാട് ശില്പികളിലൂടെ, ഒക്കെ കടന്നുപോയതു കൊണ്ടാവാം, ഗോഥിക്ക് പള്ളിനിർമ്മാണത്തിന്റെ ഉത്തമോദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ള ജർമ്മനിയിലെ കൊളോൺ കത്തീഡ്രലുമായി പുറംകാഴ്ചയിൽ ഈ പള്ളിക്ക് വലിയ സാമ്യം തോന്നാത്തത്‌, അകംകാഴ്ച അങ്ങനെയല്ലെങ്കിലും. (കൊളോൺ കത്തീഡ്രൽ നേരിട്ട് കണ്ടിട്ടില്ല; ചിത്രങ്ങളിൽ നിന്നുള്ള അറിവ്.)       

പള്ളി, മറ്റൊരു കോണിൽ നിന്നും...
പള്ളിയുടെ ഒരു വശത്ത് ഗലേറിയ വിറ്റോറിയോ ഇമ്മാന്വലെ II (Galleria Vittorio Emanuele II) എന്ന പേരിലുള്ള ലോകത്തിലെ ഏറ്റവും പഴയ ഷോപ്പിംഗ് മാളുകളിൽ ഒന്നാണ് കാണുന്നത്.

അക്കാദമികമോ വസ്തുതാപരമോ അല്ലാത്ത തരത്തിൽ വംശീയമായ പരാമർശങ്ങൾ ഒരഭിപ്രായം പോലെ ഉന്നയിക്കാതിരിക്കാൻ കഴിവതും ശ്രമിക്കാറുണ്ട്. പക്ഷേ, ഈ മാളിനുള്ളിൽ വച്ച് മക്കളെ അതിക്രമിക്കും വിധം പിടിച്ചുനിർത്തി കയ്യിൽ ഒരു ചരട് കെട്ടിക്കൊടുത്തതിനുശേഷം, അതിനുള്ള വിലയെന്നോണം ഏതാനും ഡോളറുകൾ നിർബന്ധപൂർവം വാങ്ങിയ കറുത്തവർഗ്ഗക്കാർ, ഈ യാത്രയിലെ ഏക അലോസരമായി എന്നത് പറയാതിരിക്കാനാവില്ല. ജനക്കൂട്ടത്തിനിടയിൽ അപ്പോൾ ഞങ്ങൾ കുട്ടികളുടെ ഒപ്പം ആയിരുന്നില്ല എന്നത് ആ ആഫ്രിക്കൻ കുടിയേറ്റക്കാർക്ക് കുറച്ചുകൂടി സൗകര്യമായി. പിന്നീട് ഇന്റർനെറ്റിൽ പരിശോധിച്ചപ്പോൾ ഈ ഭാഗത്ത് ആഫ്രിക്കൻ വംശജരുടെ അതിക്രമങ്ങൾ പതിവാണെന്ന് മനസ്സിലായി.

1877 - ലാണ് ഈ കച്ചവടസമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. രണ്ടു ഭാഗങ്ങളായി നീണ്ടുപോകുന്ന മൂന്നു നിലകളിലുള്ള ഒരു ആർക്കേഡാണിത്. നടുവിലായി വിശാലമായ നടവഴി, ഇരുഭാഗങ്ങളിലും കടകൾ, മുകളിൽ ചില്ലുകൊണ്ടുള്ള കമാനം. ഇന്ന് ഇത്തരം കച്ചവടസമുച്ചയങ്ങൾ അത്ഭുതംകൊണ്ടുവരുന്ന സംഗതിയല്ല. എന്നാൽ, ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പ് ഈ വ്യാപാരകേന്ദ്രം ഒട്ടൊക്കെ ആശ്ചര്യജനകമായിരുന്നിരിക്കണം.

ഗലേറിയ വിറ്റോറിയോ ഇമ്മാന്വലെ II എന്ന പൗരാണിക ഷോപ്പിംഗ് മാൾ
ലണ്ടനും മിലാനും പോലുള്ള (ഞങ്ങൾ കണ്ടിട്ടുള്ള) വലിയ യൂറോപ്യൻ നഗരങ്ങൾ ഒക്കെത്തന്നെയും ജനനിബിഡമാണ്. വർഷകാല സമുദ്രം പോലെ ജനക്കൂട്ടം ഇളകിക്കൊണ്ടിരിക്കും. ലോകത്തിന്റെ പല ഭാഗത്ത് നിന്നും എത്തിയവർ, പല ഭാഷകൾ, പല വേഷവിധാനങ്ങൾ. അവരുടെ ആവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ട കോസ്മോപോളിറ്റനായ ഭൗതികസൗകര്യങ്ങളും ക്രയവിക്രയങ്ങളും. അവരെ പട്ടണത്തിലെത്തിക്കുന്ന വിവിധതരത്തിലുള്ള വാഹനസൗകര്യങ്ങൾ. ആ നിലയ്ക്ക് അതീവ ചലനാത്മകമാണ് ഇത്തരം പട്ടണങ്ങൾ.

എന്നാൽ ഇവിടങ്ങളിൽ നിൽക്കുമ്പോൾ മറ്റൊരുതരത്തിലുള്ള വിചാരം കൂടി ചില നേരങ്ങളിൽ മനസ്സിൽ വരും. ജനക്കൂട്ടത്തെയും അനുസാരിയായ സംഗതികളെയും മാറ്റിനിർത്തിയാൽ ഈ പട്ടണങ്ങളിൽ കാലം മുന്നോട്ട് ചലിക്കുന്നുണ്ടോ എന്ന് സംശയമാവും. ഏതോ ഒരു കാലത്ത് വികസിച്ച്, അതിന്റെ സാന്ദ്രതയിലേക്കെത്തിച്ചേർന്ന് ചലനരഹിതമായിത്തീർന്ന നഗരങ്ങൾ. പട്ടണവാസികളും സന്ദർശകരും അനുബന്ധസൗകര്യങ്ങളും മാറുന്നതല്ലാതെ പട്ടണം ദശാബ്ദങ്ങളായി അതുപോലെ തന്നെ തുടരുന്നു.

മറിച്ച്, ഇന്ത്യയിലെ ഒരു പട്ടണം ഉദാഹരണമായി എടുത്താൽ, മാറുന്നതും ചലിക്കുന്നതും ജനങ്ങൾ മാത്രമല്ല എന്നറിയും. പട്ടണം തന്നെ വീണ്ടും വീണ്ടും നിർമ്മിക്കപ്പെടുന്നത് കാണാം. ഇവിടങ്ങളിലെപ്പോലെ എല്ലാം കൃത്യമായി അടുക്കിവച്ചിട്ടില്ല. ഇന്ന് കാണുന്ന കല്ല് നാളെ കാണുന്നില്ല..., ഇന്നത്തെ പാർപ്പിടനിര നാളത്തെ പെരുവഴിയാവുന്നു... എപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗോളത്തിനുള്ളിലെ കട്ടകൾ പോലെ പട്ടണം അപ്പാടെ ഒരുതരം ചലനാത്മകതയിൽ പെട്ടുപോയിരിക്കുന്ന അനുഭവം.

വികസിത - വികസ്വര രാഷ്ട്രങ്ങൾ തമ്മിലുള്ള അന്തരമാവാമത്!

നഗരം - മറ്റൊരു കാഴ്ച
ചരിത്രകുതുകികൾക്ക് ഇറ്റലിയെപ്പോലെ സന്തോഷം നൽകുന്ന മറ്റനേകം രാജ്യങ്ങളുണ്ടാവില്ല. ശില്പകലയുടെ, ചിത്രകലയുടെ, വാസ്തുകലയുടെ ഒക്കെ ലോകചരിത്രം അന്വേഷിക്കുന്നവർ ആദ്യം തിരിയുക ഇറ്റലിയിലേയ്ക്കാണല്ലോ. അന്നേരം നിസ്തർക്കമായും പ്രജ്ഞയിൽ ആദ്യം പതിയുന്ന പേര് ലിയൊനാർഡോ ഡാ വിഞ്ചിയുടേതാവും. അദ്ദേഹത്തിന്റെ പ്രമുഖമായ പ്രവർത്തനപ്രദേശം മിലാൻ ആയിരുന്നില്ലെങ്കിലും, ഈ പട്ടണത്തെ തന്റെ പ്രതിഭകൊണ്ട് തൊടാതെപോയ ആളല്ല ലിയൊനാർഡോ. അദ്ദേഹത്തിന്റെ പ്രശസ്തമായ 'അവസാനത്തെ അത്താഴം' വരയപ്പെട്ടിരിക്കുന്നത് ഇവിടുത്തെ ഒരു സന്യാസാശ്രമത്തോട് ചേർന്നുള്ള തീൻശാലയുടെ ചുമരിലാണ്.

ആ വിശ്വോത്തരമായ ചിത്രം കാണാൻ ചെല്ലുമ്പോൾ, അവിടുത്തെ തിരക്ക് പ്രതീക്ഷിച്ചതിലും അധികമായിരുന്നു. ഓരോ സംഘങ്ങളായി കുറച്ചുപേരെ മാത്രമേ ഒരു സമയത്ത് അകത്തേയ്ക്ക് കയറ്റിവിടുകയുള്ളൂ. എല്ലാവരും തന്നെ മാസങ്ങൾക്ക് മുൻപേ ഓൺലൈൻ വഴിയും മറ്റും ടിക്കറ്റെടുത്തവർ. ഇപ്പോൾ ടിക്കറ്റ് ലഭിക്കുക അസംഭവ്യമെന്നറിഞ്ഞ ഞങ്ങളുടെ നിരാശ കണ്ടിട്ടാണോ അതോ വിദൂരദേശങ്ങളിൽ നിന്നും വരുന്ന ചില സന്ദർശകർക്കെങ്കിലും നൽകുന്ന സ്ഥിരം ഔദാര്യമാണോ എന്നുമറിയില്ല, ഏറ്റവും അവസാനത്തെ സംഘത്തിനോടൊപ്പം കയറാൻ ഞങ്ങൾക്ക് നാല് ടിക്കറ്റുകൾ നൽകാൻ അവർ തയ്യാറായി.

ലിയൊനാർഡോ ഡാ വിഞ്ചിയുടെ പ്രതിമ
എന്നാൽ അവസാനത്തെ സംഘം അകത്തേയ്ക്ക് കയറാൻ ഇനിയും സമയമുണ്ട്. ഞങ്ങൾ കുറച്ചുനേരം കൂടി അടുത്തുള്ള പട്ടണഭാഗങ്ങൾ കണ്ട് അലസം നടന്നു. പള്ളികൾ, സ്മരണികാസ്തൂപങ്ങൾ, പഴമയും പ്രൗഢിയും ലയിക്കുന്ന അനേകം കെട്ടിടങ്ങൾ, അവയിൽ പ്രവർത്തിക്കുന്ന മ്യൂസിയങ്ങളും തിയേറ്ററുകളും, ഏതു ചെറുകവലയിലും കാണുന്ന സവിശേഷ ലാവണ്യമാർന്ന ശില്പങ്ങൾ... ഒരു വ്യാവസായിക നഗരമായി കരുതുന്ന മിലാനിലെ സ്ഥിതി ഇതാണെങ്കിൽ, ശതാബ്ദങ്ങളുടെ ചരിത്രവുമായി കൂടുതൽ ചേർന്നുനിൽക്കുന്ന മറ്റ് ഇറ്റാലിയൻ നഗരങ്ങളായ റോമിന്റെയും ഫ്ലോറൻസിന്റെയും വെനീസിന്റെയും ഒക്കെ പൗരാണിക ഗാംഭീര്യവും വൈപുല്യവും എത്രമാത്രമായിരിക്കും എന്നത് പ്രലോഭനീയമാകുന്നു.

യാത്രയിലേയ്ക്കുള്ള ആന്തരികമായ പ്രലോഭനം ജനിതകം മാത്രമെന്ന് കരുതാനാവില്ല. എന്നാൽ, അങ്ങനെ യാത്ര ഒരു ഭ്രാന്താക്കി അലയുന്നവർ ഉണ്ടായിരിക്കാം; അല്ല, ഉണ്ട്. പക്ഷേ ഒരനിതസാധാരണ സഞ്ചാരിയായ എനിക്ക്, വ്യക്തിപരമായി, അത് ഇരിക്കപ്പൊറുതിതരാത്ത മാനസികാവസ്ഥയൊന്നുമല്ല. കാലം കഴിയുന്തോറും വളർന്നുവന്ന ഒരിഷ്ടം മാത്രമാണ്. ഭാര്യ, അവളുടെ നിലയ്ക്ക് യാത്രകളോട് പുലർത്തുന്ന മമതാഭാവം ഞങ്ങളുടെ യാത്രാമോഹങ്ങളെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മുൻഗണനാക്രമങ്ങൾ എല്ലാം തകർക്കുന്ന ഒരഭിനിവേശമല്ല യാത്ര ഞങ്ങൾക്കെന്നുമാത്രം.

അതുകൊണ്ടു തന്നെ, പ്രലോഭനീയമായ റോമും ഫ്ലോറെൻസും വെനീസും പിന്നെ മെഡിറ്ററേനിയൻ സിസിലിയും ഒക്കെ കാണാൻ ഇനിയൊരിക്കൽ കൂടി ഇറ്റലിയിലേക്ക് വരാനാവും എന്ന് ഒട്ടും ഉറപ്പോടെ പറയാനാവുകയില്ല...      

ടെംപിൾ  ഓവ് വിക്ടറി
ഞങ്ങൾ മടങ്ങിയെത്തുമ്പോൾ 'അവസാനത്തെ അത്താഴം' കാണാനുള്ള അവസാനത്തെ സംഘം തയ്യാറായി നിൽപ്പുണ്ട്...

ഇന്ന് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ട ഹോളി മേരി ഓവ് ഗ്രേസ് പള്ളിയോട് ചേർന്നുള്ള ഡൊമിനിക്കൻ സന്യാസാശ്രമത്തിലെ ഭക്ഷണശാലയുടെ ചുമരിലാണ് ഈ ചിത്രം വരയപ്പെട്ടിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഈ ആശ്രമം, 1490 - ൽ പള്ളിയുടെ നിർമ്മാണവും പൂർത്തിയായി.

'അവസാനത്തെ അത്താഴം' കഴിഞ്ഞാൽ ഈ പള്ളിയോടനുബന്ധിച്ച് നടന്ന പ്രധാനസംഭവം, രണ്ടാംലോകമഹായുദ്ധകാലത്ത്, 1943 - ൽ ഇതിനുമേൽ സഖ്യസേന നടത്തിയ ഭീകരമായ ബോംബാക്രമണമാണ്. അൾത്താരയിരിക്കുന്ന ഗോപുരസമാനമായ ഭാഗമൊഴിച്ച് പള്ളി ഏതാണ്ട് പൂർണ്ണമായും തകർന്നു. ഇന്ന് കാണുന്ന പള്ളിക്കെട്ടിടം പുനർനിർമ്മിച്ചതാണ്. വ്യോമാക്രമണം പ്രതീക്ഷിച്ചിരുന്നതിനാൽ, 'അവസാനത്തെ അത്താഴം' വരയപ്പെട്ടിരുന്ന ചുമരിനെ സംരക്ഷിക്കാനായി ആവുന്ന തരത്തിലുള്ള പ്രതിരോധമതിലുകൾ നിർമ്മിച്ചിരുന്നു. അത് ഫലംകണ്ടു എന്നതിന്റെ നിദർശനമാണ് ഈ ആൾക്കൂട്ടത്തോടൊപ്പം ഞങ്ങളിപ്പോൾ ഇവിടെ നിൽക്കുന്നത്...  

'അവസാനത്തെ അത്താഴം' ഈ പള്ളിയോടു ചേർന്നുള്ള ആശ്രമച്ചുമരിലാണുള്ളത് 
കാലം കൊണ്ടുവരുന്ന ആശ്ചര്യകരമായ അവിചാരിതങ്ങൾ നോക്കു...

നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കാറുള്ള കലാമത്സരത്തിൽ കുട്ടിക്കാലത്ത് ഞാനൊരു മോണോആക്ട് അവതരിപ്പിച്ചിരുന്നു. 'അവസാനത്തെ അത്താഴം' എന്ന ചിത്രത്തിന് മോഡലുകളെ അന്വേഷിച്ചു നടക്കുന്ന ലിയൊനാർഡോ ഡാ വിഞ്ചിയായിരുന്നു അതിലെ മുഖ്യകഥാപാത്രം. യേശുവിന്റെയും പതിനൊന്നു ശിഷ്യന്മാരുടെയും ചിത്രങ്ങൾ വരച്ചുകഴിഞ്ഞ് വർഷങ്ങൾ കടന്നുപോയിട്ടും ലിയൊനാർഡോയ്ക്ക് യൂദാസിന് മുഖം കൊടുക്കാൻ പറ്റിയ ഒരാളെ കണ്ടെത്താനായില്ല. അവസാനം ഒരു തടവുപുള്ളിയിൽ അദ്ദേഹം യൂദാസിനെ കണ്ടെത്തുന്നു. ആ കാരാഗൃഹവാസിയും ലിയൊനാർഡോയും തമ്മിലുള്ള സംഭാഷണമാണ് അഭിനയശകലം. അവസാനമാണ് ചിത്രകാരൻ മനസ്സിലാക്കുന്നത് വർഷങ്ങൾക്ക് മുൻപ് താൻ യേശുവായി വരയ്ക്കാൻ തിരഞ്ഞെടുത്ത ആള് തന്നെയാണ് ഇന്ന് വിരൂപനായ യൂദാസായി തന്റെ മുന്നിലിരിക്കുന്നതെന്ന്. കാലം മനുഷ്യനിൽ ഏൽപ്പിക്കുന്ന ആഘാതം എന്ന നിലയ്ക്കായിരുന്നിരിക്കണം ആ നടനശകലം എഴുതപ്പെട്ടിരിക്കുക. (അക്കാലത്ത് സ്‌കൂളുകളിലും മറ്റും സ്ഥിരമായി അവതരിപ്പിക്കപ്പെട്ടിരുന്നതാണ് ഈ പ്രമേയം - ഞാൻ എവിടെയോ കണ്ടത് എടുത്തുപയോഗിക്കുകയായിരുന്നു.)

'അവസാനത്തെ അത്താഴം' വരഞ്ഞിരിക്കുന്ന ചുമരിനു താഴെ ആ വിശ്രുതചിത്രം നോക്കിനിൽക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു; ഭാവനാനിർഭരമായ ആ കഥാഭൂമിക ഇതാണല്ലോയെന്ന്. ഇവിടെ നിന്നായിരിക്കും ലിയൊനാർഡോയും ആ കാരാഗൃഹവാസിയും സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുക. അന്നത് അഭിനയിക്കുമ്പോൾ, കുട്ടിക്കാലത്തിന്റെ നിഷ്കളങ്കവിഹ്വലതകളിൽ ആ കഥാശകലം മനസ് മഥിക്കുമ്പോൾ, അതിനു പശ്ചാത്തലമായ ഇടത്തിൽ വന്നുനിൽക്കുന്ന കാലംവരും എന്നത് എത്രമാത്രം അജ്ഞാതവും അസംഭവ്യവുമായിരുന്നു...

പള്ളി, പിറകിൽ നിന്ന് കാണുമ്പോൾ (ബോംബാക്രമണത്തിൽ തകരാത്ത ഭാഗം) ...
എന്റെ ക്യാമറയിൽ 'അവസാനത്തെ അത്താഴത്തിന്റെ' ഒരു ഫോട്ടോ എടുത്ത് ഇവിടെ പ്രകാശിപ്പിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. ആ മുറിയിൽ ക്യാമറ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

1495 - ൽ ആരംഭിച്ച് 1498 - ലാണ്, ലിയൊനാർഡോ ഈ ചിത്രം പൂർത്തിയാക്കുന്നത്. ചിത്രകലയുടെ സങ്കേതങ്ങളെയോ പ്രസ്ഥാനങ്ങളെയോ കുറിച്ച് കാര്യമായി പിടിപാടുള്ള ഒരാളല്ല ഞാൻ. എന്നാൽ ചിത്രങ്ങൾ പ്രകാശിപ്പിക്കുന്ന സൗന്ദര്യാനുഭൂതിയുടെ അനുരണനങ്ങൾ സ്വാംശീകരിക്കാൻ പലപ്പോഴുമായിട്ടുണ്ട്. പെയിന്റിങ്ങുകൾ നൽകിയിട്ടുള്ള ലഹരിദായകമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആ നിലയ്ക്ക് മാനസികമായി ഉണർച്ച നൽകിയ ഒരു കാഴ്ചയായിരുന്നില്ല 'അവസാനത്തെ അത്താഴത്തി'ന്റേത്. കാലത്തിന്റെയും മനുഷ്യാതിക്രമങ്ങളുടേയും താണ്ഡനമേറ്റ് ചിത്രം മങ്ങിക്കാണപ്പെടുന്നു. പിന്നെ ലിയൊനാർഡോയുടെ ഒരു ചിത്രം നേരിട്ട് കാണാനായി എന്ന സ്‌നോബിഷായ സംതൃപ്തി മാത്രമേ ആ ചിത്രം നല്കിയുള്ളൂ.

'അവസാനത്തെ അത്താഴം' പ്രദർശിപ്പിച്ചിരിക്കുന്ന റിഫെക്ടറി ഇടതുവശത്ത്
മിലാനിൽ നിൽക്കുമ്പോൾ മറ്റൊരാളെക്കൂടി ഓർക്കേണ്ടതുണ്ട്. ഫാസിസം എന്ന വാക്ക് വീണ്ടും വീണ്ടും എടുത്തുപയോഗിക്കേണ്ടിവരുന്ന ലോകക്രമത്തിൽ ജീവിക്കുമ്പോൾ, താൻ പ്രയോഗത്തിൽ വരുത്തിയ ആ പ്രത്യയശാസ്ത്രത്തിന്റെ ഉടയാടകൾ അഴിച്ചുവച്ച്, എല്ലാ സ്വേച്ഛാധിപതികളെയും പോലെ ജീവനുംകൊണ്ട് ഓടിരക്ഷപെടാൻ ശ്രമിക്കുമ്പോൾ, ഇവിടെ വച്ച് കൊല്ലപ്പെട്ട ബെനിഞ്ഞോ മുസ്സോളിനിയെ ഓർക്കാതിരിക്കുന്നത് മര്യാദയല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് ഇറ്റലിയിൽ മുസ്സോളിനിക്കും ജർമ്മൻ സഖ്യത്തിനുമെതിരെ പൊരുതുന്ന വിപ്ലവകാരികളുണ്ടായിരുന്നു. അവരാണ്, സ്വിറ്റസർലാൻഡിലേയ്ക്ക് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു മുസ്സോളിനിയേയും ഭാര്യയേയും മറ്റുചില പ്രമുഖ ഫാസിസ്റ്റ് ഉദ്യോഗസ്ഥരെയും മിലാന് വടക്കുള്ള കോമോ പട്ടണത്തിൽ വച്ച് പിടികൂടി  വെടിവച്ചുകൊന്നത്. അതിനു ശേഷം ആ ശരീരങ്ങൾ മിലാനിൽ കൊണ്ടുവന്ന് ഒരു പെട്രോൾസ്റ്റേഷന്  മുന്നിൽ കെട്ടിത്തൂക്കി.

കയ്പുള്ള ചരിത്രത്തിന്റെ പ്രതിരൂപം ആവശ്യമില്ലെന്ന് തോന്നിയതിനാൽ കൂടിയാവാം, മുസ്സോളിനിയെ കെട്ടിത്തൂക്കിയ ഭാഗം ഇന്ന് വ്യക്തമായി തിരിച്ചറിയാനാവാത്ത വിധം പട്ടണവികസനത്തിന്റെ ഭാഗമായി പുനർനിർമ്മിക്കപ്പെട്ടിരിക്കുന്നു.

പ്രശസ്തമായ 'കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് മിലാൻ'
മിലാൻ പട്ടണത്തിൽ നിന്നും കുറച്ചേറെ അകലെയുള്ള മാൽപെൻസ എന്ന സ്ഥലത്താണ് ഞങ്ങൾ താമസിച്ചിരുന്നത്. ചെറിയ അങ്ങാടികളൊക്ക കാണാമെങ്കിലും അവിടേക്കുള്ള തീവണ്ടിക്കാഴ്ച കൂടുതലും ഹരിതാഭമാണ്, കൃഷിയിടങ്ങളും മറ്റുമാണ്. മിലാനിൽ നിന്നും മടങ്ങുമ്പോൾ, ആ പച്ചയുടെ വിശാലതയിലേയ്ക്ക് മൂവന്തി ഇറങ്ങിവന്ന് കുങ്കുമം വിതറുന്നു. തീവണ്ടി ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി ഞങ്ങൾ നാലുപേരും, ഞങ്ങളുടെ ലോകങ്ങളിൽ വിമൂകരായിരുന്നു. അലച്ചിലിന്റെ ക്ഷീണമുണ്ടായിരുന്നു..., അതിലേറെ ഈ പട്ടണം, ഈ രാത്രി ഇരുട്ടിവെളുക്കുമ്പോൾ, ഓർമ്മകളിൽ മാത്രം എന്ന ബോധമുണർത്തുന്ന ലളിതമായ ഒരുതരം വിഷാദവുമുണ്ടായിരുന്നു.

ഉംബേർത്തോ എക്കോയെ കാണുകയുണ്ടായില്ലല്ലോ എന്നോർത്തു, അപ്പോൾ. എനിക്ക് ചിരിയും വന്നു; അല്ലെങ്കിലും അതൊരു ഭ്രാന്തൻ ആഗ്രഹമാണെന്ന് അറിയായ്കയല്ലല്ലോ...!

- തുടരും -