2017, ഫെബ്രുവരി 1, ബുധനാഴ്‌ച

ഹരിതമാദകം, കന്യാപാതം

മീൻമുട്ടി എന്ന പേരിൽ കേരളത്തിൽ പല വെള്ളച്ചാട്ടങ്ങൾ ഉണ്ട്. വയനാടിലേത് പ്രശസ്തമാണ്. തിരുവനന്തപുരം ജില്ലയിലും അതേ പേരിൽ ഒരെണ്ണമുണ്ട്. ഇതുകൂടാതെ പ്രാദേശികമായി അറിയപ്പെടുന്ന വേറേയും മീൻമുട്ടികളുണ്ടെന്ന് മനസ്സിലാക്കുന്നു. രസകരമായ ഈ പേരുവന്നതിന് കാരണമായി പറയപ്പെടുന്നത് ഇതാണ്: എല്ലാ നദികളിലും മീനുകളുണ്ടല്ലോ. ഇവയിൽ ചിലവ നദികളുടെ പ്രഭവം തേടി ഒഴുക്കിനെതിരേ യാത്രയാവുമത്രേ. അങ്ങനെയുള്ള മീൻസഞ്ചാരങ്ങൾ ചെന്ന് വഴിമുട്ടി നിൽക്കുക വെള്ളച്ചാട്ടങ്ങളിലാണല്ലോ. അതിനാലത്രേ പല വെള്ളച്ചാട്ടങ്ങൾക്കും മീൻമുട്ടി എന്ന പേര് വന്നത്.

സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ പല സ്ഥലങ്ങൾക്കും ഇതുപോലെ വിചിത്രവും കൗതുകകരവുമായ പേരുകൾ ശ്രദ്ധിച്ചിട്ടിണ്ട്; ഇലവിഴാപൂഞ്ചിറ, പാണിയേലിപ്പോര്, കോലാഹലമേട്...

വെള്ളച്ചാട്ടത്തിലേയ്ക്കുള്ള നടപ്പാത
ഒരു ഇരുണ്ട മഴമേഘം ഭൂമിയിൽ കാളിമ പടർത്തിയ നേരത്താണ് ഞങ്ങൾ തിരുവനന്തപുരം ജില്ലയിലെ കല്ലാറിനടുത്തുള്ള മീൻമുട്ടി വെള്ളച്ചാട്ടം കാണാനെത്തിയത്. കല്ലാർ എന്നത് ഒരു നദിയുടേയും ആ നദീതീരത്തുള്ള ചെറിയൊരു ഗ്രാമത്തിന്റേയും പേരാണ്. പൊന്മുടി മലനിരകളുടെ വനനിഗൂഡതകളിലെവിടെയോ ആണ് കല്ലാർ ഉത്ഭവിക്കുന്നത്. മലയിറങ്ങി അടിവാരത്തെത്തുമ്പോൾ ആ നദി കാണുന്ന ആദ്യത്തെ ഗ്രാമത്തിന്റെ പേരും കല്ലാർ എന്നുതന്നെ. ഈ നദീസഞ്ചാരത്തിനിടയ്ക്കെവിടെയോ ആണ് മീൻമുട്ടി വെള്ളച്ചാട്ടം.

കല്ലാർ
വിതുരയിൽ നിന്നും പൊന്മുടി ഭാഗത്തേയ്ക്ക് സഞ്ചരിക്കുമ്പോൾ കല്ലാർ പാലം കടക്കുന്നതിന് തൊട്ടുമുൻപായി വലതുവശത്തേയ്ക്ക് മീൻമുട്ടിയിലേയ്ക്കുള്ള വഴിയും വനംവകുപ്പിന്റെ ചൂണ്ടുപലകയും കാണാം. ആ വഴിയിലേയ്ക്ക് കയറുമ്പോൾ തന്നെ വെള്ളച്ചാട്ടത്തിലേയ്ക്കുള്ള വനംവകുപ്പിന്റെ പ്രവേശന കവാടവും ടിക്കറ്റ്കൌണ്ടറും ഒക്കെ കാണാനാവും. അവിടെ നിന്നും കുറച്ചുദൂരം കൂടി വണ്ടിയിൽ സഞ്ചരിക്കാം. അതിനു ശേഷം ഏതാണ്ട് രണ്ടു കിലോമീറ്റർ വനവഴിയിലൂടെ നടക്കണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ.

മഴക്കാടിന്റെ പച്ച...
കാട്ടുവഴിയുടെ ഇരുപുറവും മഴക്കാടിന്റെ ഇരുണ്ട പച്ച. മരങ്ങളുടെ ഒരു നിരയ്ക്കപ്പുറം ഇടതുവശത്ത് അല്പം താഴത്തായി കല്ലാറൊഴുകുന്നത് ഹരിതനിബിഡതയുടെ വിടവുകളിലൂടെ കാണാം. പല വലിപ്പത്തിലുള്ള മിനുസമാർന്ന ഉരുളൻ പാറക്കല്ലുകളിൽ തട്ടിത്തെറിച്ച് ഹൂങ്കാരശബ്ദമുയർത്തി പതഞ്ഞൊഴുകുന്ന സ്പടിക ജലമാർന്ന കല്ലാർ!

വണ്ടി പാർക്ക് ചെയ്യുന്ന ഭാഗത്ത്, കാട്ടിടവഴിയിലൂടെ താഴേക്കിറങ്ങി, മലമുകളിലെ മേഘങ്ങളുടേയും കാടിന്റേയും കുളിരും മണവും രുചിയുമായി പതഞ്ഞെത്തുന്ന നദീജലത്തിൽ കുളിക്കാം. സ്ത്രീകൾക്ക് കുളികഴിഞ്ഞ് വസ്ത്രം മാറാനും മറ്റുമുള്ള സൗകര്യങ്ങൾ ഇവിടെ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

കല്ലാർ - മറ്റൊരു ഭാഗം
യാത്രകൾക്കെല്ലാം ലക്ഷ്യമുണ്ട്. ഒരു ലക്ഷ്യവുമില്ലാത്ത യാത്ര എന്നത് അതികാല്പനികമായ പരികല്പനയാണ്. എങ്ങോട്ടെന്ന് തിട്ടമില്ലാതെ ഒരാൾ നടക്കാൻ തുടങ്ങിയാലും വേഗം തന്നെ അതൊരു ലക്‌ഷ്യം ആഗ്രഹിക്കാൻ തുടങ്ങും - ഒന്നിരിക്കാൻ ഒരു തണൽ, വെള്ളംകുടിക്കാൻ ഒരു കിണർ..., അങ്ങനെ പ്രജ്ഞയുള്ള ഏത് യാത്രയിലും ലക്ഷ്യങ്ങൾ അബോധമായി തന്നെ സന്നിഹിതമാവുന്നു. എന്നാൽ യാത്രകൾ രസകരമാവുന്നത് ലക്ഷ്യങ്ങളുടെ അപൂർവ്വത കൊണ്ടോ ചാരുത കൊണ്ടോ മാത്രമല്ല. വലിയൊരു അളവുവരെ യാത്രയുടെ സൗന്ദര്യസാക്ഷാത്കാരം സംഭവിക്കുന്നത്‌ വഴികളിലാണ്...

കല്ലാറിന്റെ പ്രവാഹശബ്ദം മുഖരിതമാക്കുന്ന പൊന്മുടിക്കാടിന്റെ ഇരുണ്ട ഉള്ളറകളിലേയ്ക്ക് കാട്ടുപാത നീളുമ്പോൾ, വഴി തന്നെ ലക്ഷ്യമായി മാറുന്നതറിഞ്ഞു...    

ആകാശം തൊടാനായുന്ന മരങ്ങൾ
പാത വെട്ടിയുണ്ടാക്കിയിട്ടുണ്ടെങ്കിലും മുന്നിലേയ്ക്ക് ചെല്ലുംതോറും വഴിയുടെ നനവുള്ള പ്രതലങ്ങളെ ഇരുണ്ടതാക്കി കാട് നിബിഡമായി മാറിക്കൊണ്ടിരുന്നു. ഇരുപുറവും വലിയ മരങ്ങൾ മനുഷ്യന്റെ നിസ്സാരതയുടെ ആഴം ബോധ്യപ്പെടുത്തികൊണ്ട് ഭീമാകാരമായി വളർന്നുനിൽക്കുന്നു. അവയിൽ നിന്നും ഞാന്നുവീണ് അവ്യക്തമായ വഴികളിൽ സർപ്പരൂപങ്ങൾ സൃഷ്ടിക്കുന്ന വേരുകൾ. പന്നലുകളും പേരറിയാത്ത അനേകം ചെടികളും വളർന്ന് പച്ചയെ ഇരുട്ടാക്കുന്ന അടിക്കാടുകളുടെ വന്യഭാവം. ക്രമാനുഗതമായ ആരോഹണാവരോഹണങ്ങളിലേയ്ക്ക് നീങ്ങുന്ന ചീവിടുകളുടെ സംഗീത സദസ്സ്...

കുറച്ചു മുൻപ് പെയ്തൊരു മഴയുടെ ഓർമ്മയിൽ വൃക്ഷപത്രങ്ങൾ ഇപ്പോഴും ജലകണങ്ങൾ ഉതിർക്കുന്നുണ്ട്. അടിക്കാടിന്റെ ഇലകളിൽ നിന്നും കരിയിലകളിലേയ്ക്ക്‌ ഇറ്റുവീഴുന്ന വെള്ളത്തുള്ളികളുടെ മർമ്മരവീചികൾ. വലിയ മരങ്ങളുടെ തായ്ത്തണ്ടിലൂടെ നനവ്‌ ഒലിച്ചിറങ്ങുന്നുണ്ട്. തൊലി വിണ്ട മരത്തിന്റെ നനഞ്ഞ പ്രതലത്തിലൂടെ കയ്യോടിക്കുമ്പോൾ പ്രാക്തനമായ ഗോത്രാനുഭവത്തിന്റെ വനജീവിതകാമനകൾ ജന്മാന്തരങ്ങളുടെ വർഷത്തിരശ്ശീലകൾ വകയുന്നത് അബോധമായി പകർന്നുവരും.

വേരുകളുടെ സർപ്പരൂപം
വെട്ടിയിട്ട വഴിയിൽ നിന്നും മാറി, മരങ്ങളെ സ്പർശിച്ചും പാദങ്ങളിലും കണങ്കാലുകളിലും അടിക്കാടിന്റെ ഉരുമ്മലേറ്റും അധികനേരം നിൽക്കാനാവില്ല - കാടിന്റെ കാവലാളായ അട്ടകൾ പൊതിയും. നാഗരികതയുടെ കുടഞ്ഞുകളയാനാവാത്ത വിഹ്വലതയായി ഇത്തരം പേടികൾ കാടിലൂടെ സഞ്ചരിക്കുമ്പോൾ എപ്പോഴും ബാക്കിയാവുന്നു. ആനയും കടുവയും പുലിയും പോലുള്ള വലിയ വന്യമൃഗങ്ങൾ അത്രയൊന്നും ചിന്തയിൽ വരാറില്ല. അവ പൊതുവേ മനുഷ്യരെ ഒഴിവാക്കും എന്നാണു കേട്ടിട്ടുള്ളത്. എന്നാൽ ഉരഗങ്ങളും ചെറുജീവികളും അങ്ങനെയല്ല. പാമ്പുകളും വലിയ വിഷമുള്ള ചിലന്തികളും രക്തദാഹികളായ അട്ടകളും എന്തുകൊണ്ടോ കാനനയാത്രകളിൽ അബോധമായ ഭയമായി കൂടെയുണ്ടാവും. അപൂർവ്വമായി കാടിലേയ്ക്കിറങ്ങുന്ന നഗരവാസിയുടെ പേടികൾ എന്നാൽ കാടിന്റെ ബാധ്യതയല്ല തന്നെ...!

കാട്ടുവഴി നീളുന്നു
അപ്രതീക്ഷിതമായിരുന്നില്ല, മഴ തുടങ്ങി. ആദ്യം, മുകളിൽ കാടൊരുക്കിയ ഹരിതമേലാപ്പിൽ ജലപതന ശബ്ദം. പിന്നെ കഠിനപാതം ഇലകളെ വകഞ്ഞ് ഭൂമിയിലേയ്ക്ക് വീഴാൻ തുടങ്ങി. കുറച്ച് മുന്നിലേയ്ക്ക് നടന്നപ്പോൾ മഴനനയാതെ കയറിനിൽക്കാൻ പ്രകൃതിയൊരുക്കിയ, ഒരു പാറമുഖത്തിന്റെ മുകൾഭാഗം മേൽക്കൂര പോലെ വളഞ്ഞ, സുരക്ഷിത താവളം കണ്ടു. ക്യാമറ ഉള്ളതുകൊണ്ട് പെരുമഴ നനയുക എന്നത് അല്പം സാഹസികമായിപ്പോവും എന്നറിയാമായിരുന്നു.

ആ പാറവിടവിൽ മഴനനയാതെ ഒതുങ്ങിനിൽക്കുമ്പോൾ വർഷംപെയ്തിറങ്ങുന്ന അടിക്കാട് ശ്രദ്ധിക്കുകയായിരുന്നു. പേരറിഞ്ഞുകൂടാത്ത ചെടികളുടെ സാന്ദ്രസങ്കലനം. ഇത്തരം ചെടികളിൽ ചിലതൊക്കെ ഔഷധഗുണമുള്ളതാവും, ഒരുപാടെണ്ണം അങ്ങനെ അല്ലാത്തവയും. ഔഷധഗുണമില്ലാത്തവയെ പാഴ്ചെടികൾ എന്ന് പൊതുവേ പറയാം. എന്നാൽ കുറേ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവയിൽ ഒരു ചെടിയും ഔഷധഗുണമുള്ളതായിരുന്നില്ല. കാരണം അവയ്ക്ക് ഔഷധഗുണമുണ്ടെന്ന് കണ്ടുപിടിക്കാനുള്ള കഴിവ് മനുഷ്യനുണ്ടായിരുന്നില്ല. അതുകൊണ്ട്, ഇന്നത്തെ പാഴ്ച്ചെടികൾ അങ്ങനെയായിരിക്കുന്നത് മനുഷ്യന്റെ ബുദ്ധിക്കുറവ് കൊണ്ടാണ്, അല്ലാതെ അവയുടെ സ്വത്വഗുണം കൊണ്ടല്ല.

മഴപെയ്യുമ്പോൾ നനയാതെ നിൽക്കാം...
ഒരു പത്തുമിനിട്ട് നന്നായി പെയ്ത മഴ അടങ്ങിയപ്പോൾ ഞങ്ങൾ വീണ്ടും നടത്തം തുടർന്നു...

വെള്ളച്ചാട്ടം എത്തുന്നതിനു കുറച്ചു മുൻപായി കല്ലാർ മുറിച്ചു കടക്കേണ്ടതുണ്ട്. ജലപാതത്തിലേയ്ക്കുള്ള വഴി തുടരുന്നത് മറുകരയിൽ നിന്നാണ്. ആഴംകുറഞ്ഞ ഒരു ഭാഗത്തു കൂടിയാണ് നദി കടക്കേണ്ടത്. പാറകളിലും, വനംവകുപ്പ് ഇട്ടിരിക്കുന്ന മണൽ ചാക്കുകളിലും ചവിട്ടി, കുളിരുള്ള പ്രവാഹത്തിന്റെ സ്പർശം അനുഭവിച്ച് അപ്പുറം പോകാം. കമ്പുകൾ നാട്ടി അതിൽ കയറുപിടിപ്പിച്ചിട്ടുണ്ട്. അതിൽ പിടിച്ചുനടന്നാൽ പാറയിൽ തെന്നിവീഴാതെ കഴിക്കാം.

രണ്ടു ദിവസം മുൻപ് വരെ വെള്ളച്ചാട്ടത്തിലേയ്ക്കുള്ള യാത്ര അനുവദിക്കുന്നുണ്ടായിരുന്നില്ല എന്ന് കവാടത്തിൽ വച്ച് വനംവകുപ്പിലെ ജോലിക്കാർ ആരോ പറഞ്ഞിരുന്നു. മുൻപത്തെ ആഴ്ച്ച വൃഷ്ടി പ്രദേശത്ത്‌ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് കല്ലാർ ശക്തമായി ഒഴുകുകയായിരുന്നു. അതുകൊണ്ടു തന്നെ സന്ദർശകർ ഈ ഭാഗത്ത് നദി മുറിച്ചുകടക്കുന്നത് അപകടകരമായി മാറുകയായിരുന്നു. ഒരുപാട് ജീവനുകൾ പൊലിഞ്ഞ സ്ഥലമാണ് കല്ലാർ - മീൻമുട്ടി പ്രദേശം. അതുകൊണ്ട് മുൻകരുതലുകൾ നല്ലതുതന്നെ.

ഒരുഭാഗത്ത് നദി കടന്നുവേണം വെള്ളച്ചാട്ടത്തിലേയ്ക്ക് പോവാൻ...
മീൻമുട്ടി വെള്ളച്ചാട്ടത്തിനും കിഴക്കായി മലമുകളിലെ കന്യാവനങ്ങളിലെവിടെയോ കല്ലാർ ഉറവയെടുക്കുന്നു. മലയുടെ ഉരുളൻ പാറകളിൽ തട്ടിത്തെറിച്ച് കാട്ടിലെ ഹരിതലോകത്തിന് നനവേകി അത് സമതലത്തിലേയ്ക്ക് കടക്കുന്നു. യാത്ര തുടരവേ, കല്ലാറിന് വാമനപുരം നദി എന്ന് പേരുമാറ്റം സംഭവിക്കുന്നു. മദ്ധ്യ-തെക്കൻ കേരളത്തിന്റെ നടുവിലൂടെ തെക്ക്-വടക്ക് പോകുന്ന എം. സി റോഡിനെ ഈ നദി കുറുകനേ കടക്കുക വാമനപുരം എന്ന സ്ഥലത്തുവച്ചാണ് - അതിനാൽ ഈ പേര്. വീണ്ടും പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ആറ്റിങ്ങലിൽ വച്ച് ദേശീയപാതയേയും മുറിച്ചുകടന്ന് അറബിക്കടൽ തേടി യാത്രതുടരുന്നു. വടക്ക് താഴംപള്ളിയും തെക്ക് പെരുമാതുറയും അതിർത്തിയിടുന്ന മുതലപ്പൊഴിയിലൂടെ ഈ നദി കടൽ കണ്ടെത്തുന്നു.

മുതലപ്പൊഴി എന്ന അഴിമുഖം രണ്ട് കായലുകൾക്കും പ്രഭവമാകുന്നുണ്ട്. വടക്കുഭാഗത്ത് അഞ്ചുതെങ്ങ് കായലും തെക്ക് കഠിനംകുളം കായലും. എന്റെ വീടിന്റെ പിറകിലൂടെ ഒഴുകുന്ന പാർവ്വതീ പുത്തനാർ എന്ന കനാലിലൂടെ രണ്ടു മൂന്നു കിലോമീറ്റർ പോയാൽ കഠിനംകുളം കായലിലെത്താം. അങ്ങനെ നോക്കുമ്പോൾ വീട്ടുമുറ്റത്ത് നിന്നും ഒരു വഞ്ചിതുഴഞ്ഞ് കഠിനംകുളം കായലിലെത്തുകയും അവിട നിന്ന് വാമനപുരം നദി പിടിക്കുകയും ചെയ്‌താൽ, കരതൊടാതെ ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന കല്ലാർ പ്രദേശത്ത്‌ എത്താം, തത്വത്തിൽ.

മീൻമുട്ടി വെള്ളച്ചാട്ടം
കല്ലാറിന് കുറുകനേ കടക്കുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാരേയും ആട്ടിത്തെളിച്ചുകൊണ്ട് എതിർഭാഗത്തു നിന്നും വനംവകുപ്പിന്റെ ഒരു വാച്ചർ വരുന്നുണ്ടായിരുന്നു. "മഴ പെയ്തതുകൊണ്ട് അങ്ങോട്ട്‌ പോകാൻ സമ്മതിക്കുന്നില്ല. തിരിച്ച് പൊയ്ക്കോളൂ..." അതിൽ ഒരു പയ്യൻ ഞങ്ങളോടായി പറഞ്ഞു. എന്നാൽ ഞങ്ങളോട് മടങ്ങിപോകാൻ പറയാതെ വാച്ചർ ചെറുപ്പക്കാരുടെ ആ കൂട്ടത്തെ നദികടത്തി മടക്കിയയയച്ചു.

കല്ലാർ കടന്ന് ഒരു നേർത്ത കാട്ടുവഴിയിലൂടെ കുറച്ചുകൂടി നടന്നപ്പോൾ, മരങ്ങളുടെ വിടവിലൂടെ പെട്ടെന്ന് പ്രത്യക്ഷപെട്ട തുറസ്സിൽ വെള്ളച്ചാട്ടം ദൃശ്യമായി...

ഇതിന് മുൻപ് കണ്ടിട്ടുള്ള വലിയ വെള്ളച്ചാട്ടങ്ങളായ ശിവനസമുദ്രവും അതിരപ്പള്ളിയും വച്ച് മീൻമുട്ടിയെ താരതമ്യം ചെയ്യുന്നത് അർത്ഥശൂന്യമാണ്. മഴക്കാലത്ത് സന്ദർശിച്ചിട്ടുള്ള തെക്കൻ കേരളത്തിലെ ചെറിയ വെള്ളച്ചാട്ടങ്ങളായ പാലരുവിയും ഗവിയും ഒക്കെ ആയി തട്ടിച്ചുനോക്കിയാൽ പോലും മീൻമുട്ടി അതിലും ചെറിയ വെള്ളച്ചാട്ടമാണ്.

വെള്ളച്ചാട്ടം - മറ്റൊരു ദൃശ്യം
ഓരോ യാത്രയും മറ്റുചില ഓർമ്മകൾ കൊണ്ടുവരും. ഈ വനവിജനതയിൽ, ഗിരിമുകളിലെ ഉറവകളിൽ എവിടെനിന്നോ നിർമ്മലമനവുമായി ഒഴുകിയിറങ്ങി കന്യാശുദ്ധമായി നിപതിക്കുന്ന കല്ലാറിനെ നോക്കിനിൽക്കുമ്പോൾ, ഗവിയിലെ വെള്ളച്ചാട്ടം കാണാൻ മഴചാറിവീഴുന്ന തടാകത്തിലൂടെ തോണി തുഴഞ്ഞുപോയ ആ പ്രഭാതം ഓർത്തു. അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ്, കലാലയ പഠനകാലത്ത്, തീവണ്ടിനിലയത്തിൽ എത്താൻ വൈകിപ്പോയതിനാൽ കൂട്ടുകാരോടൊപ്പം യാത്രതിരിക്കാനാവാതെ ബസ്സിൽ തനിച്ച് വച്ചുപിടിച്ചതും, ആര്യങ്കാവിൽ നിന്നും പാലരുവിവരെയുള്ള കാട്ടുപാതയിലൂടെ (ഇന്നത്തെ വഴിയല്ല കാൽ നൂറ്റാണ്ടിന് മുൻപ്) ഏകനായി നടന്ന്, വെള്ളച്ചാട്ടത്തിൽ എത്തുമ്പോൾ കൂട്ടുകാർ ഇതുവരെ എത്തിയിട്ടില്ലെന്നറിഞ്ഞ്, സൂര്യമുഖത്തു നിന്നും നിപതിക്കുന്ന ശുഭ്രജലപ്രവാഹത്തിൽ അവരേയും കാത്ത്, പ്രകൃതിയും മനുഷ്യനും ഒന്നെന്ന യൗവ്വനചോദനയിൽ മഗ്നമായി ഒറ്റയ്ക്ക് നിന്നതും....

മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ജലപതനഭാഗം ഒറ്റനോട്ടത്തിൽ അഴമുള്ളതായി തോന്നുകയില്ലെങ്കിലും ഒറ്റപ്പെട്ട അപകടകരമായ കയങ്ങൾ ആ ഭാഗങ്ങളിൽ ഉണ്ടത്രേ. പതിമ്മൂന്ന് പേരാണ് ഈ ഭാഗത്ത് മരിച്ചതെന്ന് എഴുതിവച്ച ഒരു പലക വനംവകുപ്പ് അവിടെ സ്ഥാപിച്ചിട്ടുണ്ട്. മഴപെയ്തു വഴുക്കുന്ന പാറകളുള്ള ആ ഭാഗത്തേയ്ക്ക് പോകാനനുവദിക്കാതെ ചെറുപ്പക്കാരെ വാച്ചർ മടക്കിവിട്ടതിന്റെ കാരണം അപ്പോഴാണ് മനസ്സിലായത്‌. ജീവനെക്കാൾ വലുതല്ല ചെറുപ്പത്തിന്റെ സാഹസങ്ങൾ എന്ന്, അതിൽ ചില മരണങ്ങൾക്കെങ്കിലും സാക്ഷിയാവേണ്ടി വന്ന ആ വാച്ചർ മനസ്സിലാക്കിയിരുന്നിരിക്കണം.

വഴി തന്നെ ലക്‌ഷ്യം!
ഒരു ചെറിയ അവസരം ഒത്തുവന്നാൽ എങ്ങോട്ടേയ്ക്കെങ്കിലും യാത്ര പോകുന്നവരാണ് ഞങ്ങൾ. ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരുകാര്യം, ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. ഉദ്ദേശിക്കുന്നത് ലോകത്തിന്റെ വിദൂരഭാഗങ്ങളിൽ കാണാൻ കിടക്കുന്ന സ്ഥലങ്ങളെ കുറിച്ചല്ല. അതിന് ഒരു ജന്മം എന്തായാലും മതിയാവില്ല. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങളെ കുറിച്ചാണ് ഉദ്ദേശിച്ചത്. അത് ഇപ്പോൾ ഓർക്കാൻ കാരണം, ജനനം മുതൽ ഈ പരിസരത്തൊക്കെ തന്നെയുണ്ടായിരുന്ന ഞാൻ, ഇതിനടുത്തുള്ള സ്ഥലങ്ങളിലൂടെ അനേകം തവണ സഞ്ചരിച്ചിട്ടുള്ള ഞാൻ, മീൻമുട്ടിയിലേയ്ക്ക് വരുന്നത് ആദ്യമായിട്ടാണ് എന്നതിനാലാണ്.

ഇവിടെയെവിടെയെങ്കിലുമൊക്കെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ, യാത്രികന്റെ ആ നിലയ്ക്കുള്ള അസംതൃപ്തമായ ഉള്ളവുമായി, കാടും നാട്ടിൻപുറവും കടന്ന് തിരുവനന്തപുരം നഗരത്തിലേയ്ക്ക് വണ്ടിയോടി...

- അവസാനിച്ചു -