2014, ജൂൺ 24, ചൊവ്വാഴ്ച

ചാമുണ്ഡീ താഴ്‌വാരം; കാവേരീ ഭരിതം - ആറ്

യാത്ര ഉണർത്തുക പ്രാചീന നദീതടങ്ങളുടെ സ്മൃതി കൂടിയാണ്. ആഹാരനീഹാരമൈഥുനങ്ങളുടെ പ്രേരണകളിൽ നിന്ന് തത്ക്കാലമായെങ്കിലും വിമുക്തനാക്കപ്പെടുന്നുവെന്നതു മാത്രമല്ല, ഒരു യാത്രയിൽ സംഭവിക്കുന്നത്‌. അപരിചിതമായ ദേശങ്ങളിൽ, അപരിചിതമായ ജനപഥങ്ങളിൽ, നാം നമ്മുടെ ചെറിയ അഹന്തകളിൽ നിന്ന് വിടർത്തപ്പെടുന്നു. മാനസികാവസ്ഥകളിൽ മഞ്ഞുപൊഴിയുന്നതു പോലെ, സമഭാവനയ്ക്ക് കുളിർമ അനുഭവപ്പെടുക, ഇത്തരുണത്തിലാണ്. അഹന്തയുള്ള ഒരു മനസ്സിന് ഒരിക്കലും യാത്ര ഗാഡമായൊരനുഭവമാക്കിത്തീർക്കാൻ കഴിയുന്നതല്ല. അത്തരം യാത്രാകുറിപ്പുകൾ ഒരു നിമിഷം കൊണ്ട് നമ്മെ മടുപ്പിക്കുകയും ചെയ്യും. അത്തരമൊരു മനസ്സിന് പുതുതായൊരനുഭവം, അത് ക്ളേശമാവട്ടെ, ആഹ്ളാദമാവട്ടെ, വിസ്മയമാവട്ടെ ഏറ്റു വാങ്ങാനോ പകുത്തു തരാനോ കഴിയില്ല.
-ഹിമാചലിന്റെ നിസ്സാന്ത്വനങ്ങൾ, ആഷാമേനോൻ  

അഴിമുഖത്തു നിന്നും പ്രഭവത്തിലേയ്ക്ക്  ഒരു നദിയുടെ പ്രവാഹത്തിന് എതിരേ നടക്കുക എന്നത് എക്കാലത്തേയും ആഗ്രഹമാണ്. ഒരുപക്ഷേ അത് ഈ ജന്മത്തിൽ നടക്കാത്ത സ്വപ്നമായി അവശേഷിച്ചേയ്ക്കാം. എങ്കിലും യാത്രാവഴികളിൽ വന്നുപെടുന്ന നദീസംബന്ധമായ വിശേഷസ്ഥലങ്ങളിൽ കഴിവതും ചെന്നുനില്ക്കാൻ ശ്രമിക്കാറുണ്ട്.

തിരിഞ്ഞു നോക്കുമ്പോൾ ആശ്ചര്യകരമായി തോന്നുക, ഏറ്റവും കൂടുതൽ ഇടങ്ങളിൽ വച്ച് കണ്ടുമുട്ടുകയും മുറിച്ചുകടക്കുകയും ചെയ്ത നദി കേരളത്തിലൂടെ ഒഴുകുന്ന ഒന്നല്ല. അത് കർണ്ണാടകയിലൂടെയും തമിഴ്നാടിലൂടെയും ഒഴുകുന്ന കാവേരിയാണ്. ഈ യാത്രാകുറിപ്പിന്റെ മറ്റുചില ഭാഗങ്ങളിൽ കാവേരി തീരത്തുള്ള ശ്രീരംഗപട്ടണത്തിലും രംഗനതിട്ടിലും വൃന്ദാവനത്തിലും എത്തപ്പെട്ടതിനെ കുറിച്ച് എഴുതിയിരുന്നല്ലോ. അവിടെ നിന്നും കാവേരീ തീരത്തുകൂടി ഒഴുക്കിനെതിരേ മുകളിലേയ്ക്ക് കയറിയാൽ എത്തപ്പെടുന്ന കൊടക് ജില്ലയിലെ നിസർഗദാമയും ദുബാരയും സന്ദർശിച്ചത്തിന്റെ വിവരണം മറ്റൊരു കുറിപ്പിലും വായിക്കാം. കൊടകിൽ പോയപ്പോൾ കാവേരിയുടെ ഉത്ഭവസ്ഥാനമായ തലക്കാവേരിയിൽ പോകാനാവത്തതിന്റെ സങ്കടം മാറുകയുമില്ല.

ശ്രീരംഗപട്ടണത്തിൽ നിന്നും കാവേരീ തീരത്തുകൂടി അതിന്റെ ഒഴുക്കിനൊപ്പം ഏകദേശം നാല്പതു കിലോമീറ്റർ നടന്നാൽ എത്തപ്പെടുന്ന സവിശേഷമായ മറ്റൊരു സ്ഥലമാണ് ടി എൻ പുര എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തിരുമകുടൽ നരസിപുര. ഇവിടെ വച്ചാണ് നമ്മുടെ സ്വന്തം കബനീനദി കാവേരിയിൽ ചേരുന്നത്. ഈ രണ്ടു നദികളെ കൂടാതെ ഗുപ്തഗാമിനി എന്ന അദൃശ്യമായ മറ്റൊരു അരുവിയും ഇവിടെ വച്ച് ഈ പ്രവാഹത്തിൽ ലയിക്കുന്നു എന്നാണ് വിശ്വാസം.

ടി എൻ പുരയിലെ കാവേരി - കബനി സംഗമം.
ഇടതു വശത്ത്‌ നിന്നും ഒഴുകിവരുന്നത് കബനിയും വലതു വശത്ത് നിന്നും ഒഴുകിവരുന്നത് കാവേരിയും
നാൽപ്പത്തിനാല് നദികളാണ് കേരളത്തിൽ നിന്ന് ഉത്ഭവിക്കുന്നത്. ഇതിൽ ഏതാണ്ട് എല്ലാം തന്നെ പശ്ചിമഘട്ട മലനിരകളിലെ ഉറവകളിൽ നിന്നാണ് യാത്രയാരംഭിക്കുന്നത്. ഇതിൽ നാല്പത്തിയൊന്ന് നദികൾ പടിഞ്ഞാറോട്ട്, കേരളത്തിലൂടെ ഒഴുകി അറബി കടലിൽ വീഴുന്നു. മൂന്നു നദികൾ മാത്രമാണ് കിഴക്കോട്ടൊഴുകുന്നത്‌. പ്രകൃതി കേരളത്തിന് നല്കിയ ഔദാര്യത്തിന്റെ വ്യാപ്തി നമ്മൾ വ്യക്തമായി മനസ്സിലാക്കിയോ എന്നത് സംശയമാണ്...

കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന നദികളിൽ ഒന്നാണ് ഇവിടെ വച്ച് കാവേരിയുമായി സംഗമിക്കുന്ന കബനി. കേരളത്തിൽ കബനിക്ക് അണക്കെട്ടുകൾ ഒന്നുമില്ലെങ്കിലും കബനിയിലേയ്ക്ക് വന്നുചേരുന്ന രണ്ട് കൈവഴികളിലാണ് ഇന്ത്യയിലെ രണ്ടു വലിയ മണൽചിറകൾ (Earth Dam) നിർമ്മിച്ചിരിക്കുന്നത്. കരമനത്തോടിന് കുറുകേ ബാണാസുരസാഗർ ഡാമും കരാപ്പുഴയ്ക്ക് കുറുകേ കാരാപ്പുഴ ഡാമും. രണ്ടും വയനാട് ജില്ലയിൽ. കബനിയാൽ ചുറ്റപ്പെട്ട ജൈവസമ്പുഷ്ട പുളിനമാണ് പ്രശസ്തമായ കുറുവാദ്വീപ്. കേരളത്തിന്റെ അതിർത്തി കഴിഞ്ഞാൽ ഉടനേ കബനിക്ക് കുറുകേ കർണ്ണാടകയുടെ വിസ്തൃതമായ കബനി അണക്കെട്ട് ഉയരുന്നു. അവിടെ നിന്നും ആവശ്യാനന്തരം തുറന്നുവിടുന്ന ജലമാണ് ടി എൻ പുരയിൽ വന്ന് കാവേരിയിൽ ലയിക്കുന്നത്.

സംഗമമുനമ്പിലെ കാഴ്ചകൾ...
ഇന്ത്യൻ സംസ്കൃതിയിൽ നദികൾക്കും സമുദ്രങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. അതിൽ നദീസംഗമങ്ങളും സാഗരസംഗമങ്ങളും വളരെ സവിശേഷമായ സ്ഥാനവും കയ്യാളുന്നു. ഈ സംഗമസ്ഥാനങ്ങൾ പുണ്യപ്രദേശങ്ങളായി കണക്കാക്കപ്പെടുന്നു. അതിനുള്ള മുഖ്യകാരണം സംഗമജലത്തിൽ മുങ്ങിനിവർന്നാൽ പാപങ്ങളിൽ നിന്നും മുക്തിലഭിക്കും എന്ന വിശ്വാസമാണ്. ഇതിന്റെ യുക്ത്യായുക്തിയെക്കുറിച്ചൊന്നും ആലോചിക്കേണ്ടതില്ല. ആഴത്തിൽ, എല്ലാ യുക്തികളും വിശ്വാസങ്ങളാണ്. ഏതു വിശ്വാസനിരാസവും മറ്റൊരു വിശ്വാസത്തെ പുണരുന്നു. വിശ്വസിക്കാതിരിക്കുക എന്നത് അല്ലെങ്കിൽ അഭാവത്തിന്റെ പൂർണ്ണത എന്നത് അത്മാന്വേഷണത്തിന്റെ ഏറ്റവും ഉയർന്ന തലത്തിലെ ഏറെക്കൂറെ യുട്ടോപ്യനായ മാനസികാവസ്ഥയാണ്. അതിനാൽ വിശ്വാസങ്ങളുടെ മൂല സൗന്ദര്യം നിരുപാധികം ആസ്വദിക്കുക. നദീസംഗമത്തിലേയ്ക്ക് ഒഴുകിയെത്തുന്ന ജലത്തിൽ മുങ്ങിനിവരുമ്പോൾ വ്യഥിതജീവിതം സിരകളിൽ തേയ്ച്ചുചേർത്ത പാപവ്യഗ്രതകൾ കഴുകിപോകുന്നു എന്ന മനോഹര പരികല്പനയുടെ സുഭഗത ഉൾക്കൊള്ളുക.

തെക്കേ ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളും അവകാശപ്പെട്ടു കാണാറുള്ളതുപോലെ ഇവിടവും ദക്ഷിണകാശി എന്ന് അറിയപ്പെടുന്നു. പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. നദീസംഗമം സൃഷ്ടിക്കുന്ന മുനമ്പിൽ അഗസ്ത്യേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന. കബനി വന്നുചേരുന്ന ഭാഗത്തുള്ള തീരത്താണ് ഇവിടുത്തെ ഏറ്റവും പ്രശസ്തവും ആചാര പ്രാമുഖ്യമുള്ളതുമായ ഗുൻജ നരസിംഹസ്വാമി ക്ഷേത്രം ഉള്ളത്.

സംഗമമുനമ്പിലെ അഗസ്ത്യേശ്വര ക്ഷേത്രം
പേരിൽ സൂചിതമാവുന്നതു പോലെ അഗസ്ത്യമുനിയാൽ സ്ഥാപിതമായതാണ് അഗസ്ത്യേശ്വര ക്ഷേത്രം എന്നാണ് ഐതീഹ്യം. നദിയുടെ കരയിലുള്ള ഒരു ഗുൻജ മരത്തിന്റെ (കുന്നിമരം) ചുവട്ടിൽ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട നരസിംഹ വിഗ്രഹത്തിന് ചുറ്റുമായാണ് ഗുൻജ നരസിംഹസ്വാമി ക്ഷേത്രം ഉണ്ടായിവന്നിരിക്കുന്നത്. ഇത് വിജയനഗര സാമ്രാജ്യ കാലഘട്ടത്തിൽ സ്ഥാപിതമായതാണ് എന്ന് അനുമാനിക്കപ്പെടുന്നു. സമീപഭൂതകാലത്ത് ഏതാണ്ട് നാശോന്മുഖമായ ക്ഷേത്രം, അമേരിക്കയിൽ സ്ഥിരതാമസമാക്കിയ, സ്ഥലവാസിയായ ഒരു ധനികവണിക്കിന്റെ പൂർണ്ണ സാമ്പത്തിക സഹായത്താൽ 2011 - ൽ പുതുക്കിപ്പണിയുകയായിരുന്നു.

അഗസ്ത്യേശ്വര ക്ഷേത്രവും ഗുഞ്ച നരസിംഹസ്വാമി ക്ഷേത്രവും സംയുക്തമായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന പ്രശസ്തമായ രഥോത്സവമാണ് ഇവിടുത്തെ പ്രധാന വാർഷികോൽസവം. ഉത്തരേന്ത്യയിലെ കുംഭമേളയുടെ ചുവടുപിടിച്ച് ഇവിടെയും 1989 മുതൽ മൂന്നു വർഷത്തിലൊരിക്കൽ പ്രാദേശികമായ ഒരു കുംഭമേള ആരംഭിച്ചിട്ടുണ്ട്. ഗുഞ്ച നരസിംഹസ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള കാവേരീതീരത്താണ് ഇപ്പോൾ വളരെ പ്രസിദ്ധമായി മാറിക്കൊണ്ടിരിക്കുന്ന ഈ ഉത്സവം നടക്കുന്നത്.

ഗുൻജ നരസിംഹസ്വാമി ക്ഷേത്രം
കോഴിക്കോട് നിന്നും ആരംഭിക്കുന്ന ദേശീയ പാത 212 വയനാട്, ഗുണ്ടൽപേട്ട്, മൈസൂർ എന്നീ സ്ഥലങ്ങൾ കടന്ന് കൊല്ലെഗൽ എന്ന പട്ടണത്തിന്റെ പ്രാന്തത്തിലാണ് അവസാനിക്കുന്നത്. മൈസൂറിൽ നിന്നും കൊല്ലെഗലിലേയ്ക്കുള്ള യാത്രയിൽ ഈ രണ്ട് പട്ടണങ്ങൾക്കും ഒത്ത നടുവിലായി വരുന്ന സ്ഥലമാണ് ടി. എൻ. പുര. ദേശീയപാതയുടെ വശത്തായി തന്നെയാണ് ഗുൻജ നരസിംഹസ്വാമി ക്ഷേത്രം. ക്ഷേത്രത്തിന്റെ മറുഭാഗത്ത് ത്രിവേണീസംഗമം.

ക്ഷേത്രമുറ്റത്തെ വിശാലമായ മൈതാനത്തിൽ വാഹനം ഇട്ടതിനു ശേഷം ക്ഷേത്രത്തിലേയ്ക്ക് നടക്കാം. ക്ഷേത്രത്തിന്റെ മുൻഭാഗത്തു നിന്നും നദീസംഗമത്തിലേയ്ക്ക് ഇറങ്ങിപോകുന്ന നെടുനീളത്തിലുള്ള പടവുകൾ. ഞങ്ങൾ എത്തിയ മദ്ധ്യാഹ്നത്തിൽ അവിടെ തിരക്കൊന്നുമുണ്ടായിരുന്നില്ല. പടവുകളിൽ തണൽവിരിച്ച് നിൽക്കുന്ന കൂറ്റൻ മരങ്ങൾ. നദിയുടെ ജലസ്പർശം വിരലുകളിലെടുത്ത് തഴുകിപോകുന്ന ഇളംകാറ്റ്. ഇടവപ്പാതിയുടെ അഹങ്കാരത്തോടെ പുഴ. മുനമ്പിൽ അഗസ്ത്യേശ്വര ക്ഷേത്രം. കബനിക്കും കാവേരിക്കും കുറുകേ ഉയർന്നിരിക്കുന്ന രണ്ടു വലിയ പാലങ്ങളുടെ അവ്യക്തമായ രൂപരേഖയാണ് കാഴ്ചയുടെ അവസാനം.         

ഗുൻജ നരസിംഹസ്വാമി ക്ഷേത്രം - മറ്റൊരു കാഴ്ച
ദേശീയപാത 212 അവസാനിക്കുന്നത് കൊല്ലെഗലിൽ ആണെന്ന് സൂചിപ്പിച്ചുവല്ലോ. അവിടെ നിന്നും ബംഗളൂരുവിലേയ്ക്കുള്ള പാതയിലൂടെ ഏതാണ്ട് ഇരുപതു കിലോമീറ്റർ സഞ്ചരിച്ചാൽ ഇന്ത്യയിലെ തന്നെ വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ ശിവനസമുദ്രയിൽ എത്താം (ഗഗനചുക്കി എന്ന് പ്രാദേശിക നാമം). മൈസൂറിൽ നിന്നും ഇവിടേയ്ക്ക് നേരിട്ടു വരാൻ ഏകദേശം 75 കിലോമീറ്റർ. ബംഗളൂരുവിലേയ്ക്ക് 120 കിലോമീറ്ററും.

മലയാളി എന്ന നിലയ്ക്കും കിട്ടുന്ന അവസരങ്ങളിൽ യാത്രചെയ്യാൻ ശ്രമിക്കുന്ന ആളെന്ന നിലയ്ക്കും അല്പം നാണക്കേടോടെ ഒരുകാര്യം സൂചിപിച്ചുകൊണ്ടേ ഏതൊരു വെള്ളചാട്ടത്തെക്കുറിച്ചും സംസാരിക്കാൻ പറ്റുകയുള്ളൂ. ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നും കേരളത്തിന്റെ സ്വന്തം പ്രകൃതിപ്രതിഭാസവുമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതുവരെ കാണാനായിട്ടില്ല എന്നതാണ് അത്. പല യാത്രികരും ആവർത്തിച്ചു പറയുന്നൊരു സംഗതിയുണ്ട്; നമ്മൾ സ്ഥലങ്ങൾ കാണാൻ പോവുകയല്ല, സ്ഥലങ്ങൾ നമ്മളെ കാണാൻ തീരുമാനിക്കുകയാണ്. എത്രയൊക്കെ അദമ്യമായി ആഗ്രഹിച്ചാലും, ശ്രമിച്ചാലും, പ്രസ്തുത സ്ഥലം വളരെ അടുത്താണെങ്കിൽ കൂടിയും പലവിധ കാരണങ്ങളാൽ - പലപ്പോഴും സാമാന്യയുക്തിക്ക് നിരക്കാത്ത - നമുക്കവിടെ ചെന്നെത്താൻ സാധിക്കാതെ വരുന്നു. എന്നാൽ എന്നെങ്കിലുമൊരിക്കൽ അവിചാരിതമായി ആ സ്ഥലം നമ്മളെ വിളിച്ചുവരുത്തും..., പ്രതീക്ഷയോടെ കാത്തിരിക്കുക!

ശിവനസമുദ്രം വെള്ളച്ചാട്ടം
ഒരു അവധി ദിവസമാണ് ഞങ്ങൾ ശിവനസമുദ്രയിൽ എത്തുന്നത്. പ്രദേശം ജനബഹുലമായിരുന്നു. കൂടുതലും ബംഗളൂരുവിൽ നിന്നും അവധിയാഘോഷിക്കാൻ എത്തിയ ടെക്കികൾ. പ്രകൃതിഗാംഭീര്യം ധൂളികളായി ഉയർന്നുപൊങ്ങുന്ന വെള്ളച്ചാട്ടത്തിന്റെ അപൂർവ്വ കാഴ്ച അവരെ അധികം ഏശിയതായി പക്ഷെ തോന്നിയില്ല. യൗവ്വനത്തിന്റെ ഉന്മാദോന്മുഖമായ മറ്റേതോ ലോകത്തിലൂടെ യാത്രചെയ്ത് അപ്രതീക്ഷിതമായി ഇവിടെ എത്തിയവരെപ്പോലെ കാണപ്പെട്ടു അവരൊക്കെ. യൗവ്വനം അങ്ങനെയാണല്ലോ; തീവ്രസർഗ്ഗാത്മകമായ ബന്ധവൈചിത്ര്യങ്ങളുടെ ഒരുതരം ആത്മനിഷ്ഠയുണ്ട് അതിന്. പ്രകൃതിയുൾപ്പെടെ മറ്റെന്തും പിന്നണിയിലേയ്ക്ക് മാറ്റിനിർത്തപ്പെടുന്നു.

പക്ഷെ ഞങ്ങൾക്ക് ഇത് വളരെ അപൂർവ്വവും അസുലഭവുമായ ഒരു കാഴ്ച തന്നെയായിരുന്നു. അതിരപ്പിള്ളി അല്ലെങ്കിലും, മറ്റ് വെള്ളച്ചാട്ടങ്ങൾ കണ്ടിട്ടില്ല എന്നല്ല. എന്നാൽ വലിപ്പത്തിലും പതനഗാംഭീര്യത്തിലും ശിവനസമുദ്രം ഇതുവരെ കണ്ടിട്ടുള്ള വെള്ളച്ചാട്ടങ്ങളെയെല്ലാം കവച്ചുവയ്ക്കും. പതനഭാഗത്തെത്തുമ്പോൾ പല വഴികളായി പിരിഞ്ഞ്, നദി, പേടിപ്പെടുത്തുന്ന ഹൂങ്കാരശബ്ദത്തോടെ നിപതിക്കുന്നു.

വന്യക്രൗര്യത്തിന് ലാവണ്യമുണ്ടെങ്കിൽ അതിവിടെയാണ്!

വ്യൂപോയിന്റ്
ഈ മനോഹര കാഴ്ചയ്ക്ക് കാരണമാകുന്നത് കാവേരി നദിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കാവേരി - കബനി സംഗമസ്ഥാനമായ ടി. എൻ. പുരയിൽ നിന്നും അമ്പതു കിലോമീറ്റർ കൂടി ഒഴുകിയെത്തുന്ന ജലമാണ് ശിവനസമുദ്രയിൽ വച്ച് അഗാധതയിലേയ്ക്ക് കൂപ്പുകുത്തുന്നത്. ഇവിടെ നിന്നും മറ്റൊരു നൂറുകിലോമീറ്ററോളം സഞ്ചരിച്ചു കഴിയുമ്പോൾ കർണ്ണാടക - തമിഴ്നാട് അതിർത്തിയിൽ കാവേരി വീണ്ടുമൊരു വലിയ വെള്ളച്ചാട്ടത്തിനു കാരണമാകുന്നു - ഹൊഗെനക്കൽ.

പശ്ചിമഘട്ടത്തിന്റെ ചരിവുകളിലൂടെ സമതലത്തിലേയ്ക്ക് ഒഴുകിയിറങ്ങുമ്പോൾ നദികളിൽ സംഭവിക്കുന്നതു മാതിരിയുള്ള ഭൂപ്രത്യേകത കൊണ്ടല്ല ശിവനസമുദ്രത്തിലും ഹൊഗെനക്കലിലുമൊക്കെ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. ഡെക്കാൻ പീഡഭൂമി ഇവിടെ അവസാനിക്കുകയാണ്. ഡെക്കാന്റെ ഉയർന്ന നിരപ്പിൽ നിന്നും ഭൂമിയുടെ പ്രതലം ഈ പ്രദേശങ്ങളിൽ വച്ച് താഴ്ന്നു തുടങ്ങുകയാണ്. തട്ടുകളായി താഴ്ന്നുവരുന്ന പ്രതലവ്യത്യാസമാണ് ഇത്തരം വെള്ളച്ചാട്ടങ്ങൾക്ക് ഹേതുവാകുന്നത്.

വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം - മറ്റൊരു കാഴ്ച
കാവേരിനദിയിൽ കർണ്ണാടകയുടെ ജലവൈദ്യുതി പദ്ധതി സ്ഥിതിചെയ്യുന്നത് ശിവനസമുദ്രയിലാണ്. 1902 - ൽ അന്നത്തെ മൈസൂർ ദിവാനായിരുന്ന ശേഷാദ്രി അയ്യരുടെ മേൽനോട്ടത്തിൽ കോളാർ സ്വർണ്ണഖനിയുടെ ആവശ്യത്തിനായി വൈദ്യതി ലഭ്യമാക്കാനാണ് ഇവിടെ ജലവൈദ്യതി പദ്ധതി ആരംഭിക്കുന്നത്. ഇത് ഏഷ്യയിലെ തന്നെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായി കണക്കാക്കപ്പെടുന്നു.

വെള്ളച്ചാട്ടം വ്യക്തമായി, ഗാംഭീര്യത്തോടെ കാണാൻ, ഞങ്ങൾ ചെന്നെത്തിയ ഭാഗത്ത്, അതിന്റെ നേരെ എതിർഭാഗത്തായി ഒരു വ്യൂപോയിന്റുണ്ട്. മറുകരയിൽ നദിയുടെ തീരത്ത് എത്തപ്പെടാനാവുന്ന മറ്റൊരു വഴി കൂടിയുണ്ട്. പ്രശസ്തമായ ഹസരത്ത് മർദാന ഗൈബ് എന്ന പള്ളി ഈ തീരത്താണ്. ഇവിടെ നിന്നും വെള്ളച്ചാട്ടത്തിലേയ്ക്ക്, പാറകൾക്കിടയിലൂടെ ഇറങ്ങിപ്പോകാൻ സാധിക്കും, പലപ്പോഴും അത് വലിയ അപകടങ്ങൾക്ക് കാരണമാകാറുമുണ്ടത്രേ.

വെള്ളച്ചാട്ടത്തിന്റെ മറുകരയിലെ ഹസരത്ത് മർദാന ഗൈദ് പള്ളി അവ്യക്തമായി കാണാം 
പ്രകൃതിയുടെ ഇത്തരം പ്രതിഭാസങ്ങൾക്ക് മുന്നിൽ കുറച്ചുനേരം മഗ്നമായി നിലക്കണം. നീണ്ട ധ്യാനനേരത്തിന്റെ ഉണർച്ച നൽകുമത്. എല്ലാവർക്കും അങ്ങനെയാണോ എന്നറിയില്ല. വീണ്ടും വീണ്ടും യാത്രകളിയ്ക്ക് ത്വരിതപ്പെടുത്തുന്ന നിർമ്മലദായകമായ അഭിനിവേശം. നഗരജീവിതത്തിന്റെ ധമനികളിലലിഞ്ഞ്‌ പോകുമ്പോഴും, ഒന്ന് കണ്ണടച്ചാൽ, പൊടിപടലങ്ങൾ നിറഞ്ഞ മനോസിരകളിൽ ശുദ്ധീകരണത്തിന്റെ തെളിനീരൊഴുക്കായി ഈ ഓർമ്മകൾ തെളിഞ്ഞുവരും...!

- തുടരും - 

2 അഭിപ്രായങ്ങൾ: