2016, മാർച്ച് 6, ഞായറാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - ആറ്

പ്രധാനപാതയിൽ നിന്നും വണ്ടികൾ വഴിതിരിച്ചുവിടുന്ന പോലീസുകാരന്റെ മുന്നിൽ തന്നെ മൂന്നാം തവണയും എത്തപ്പെട്ടു. ഇനി ഇങ്ങനെ വട്ടംചുറ്റുന്നതിൽ അർത്ഥമില്ല. ഞാൻ കാറ് ആ പോലീസുകാരന്റെ അടുത്തേയ്ക്ക് ചേർത്തുനിർത്തി ജനാലയുടെ ചില്ലുതാഴ്ത്തി:
"ഓഫീസർ, ഞങ്ങൾ ഈ പട്ടണത്തിൽ ആദ്യമായിട്ടാണ്. ഞങ്ങൾക്ക് പോകേണ്ട ഹോട്ടൽ ഈ ഭാഗത്തെവിടെയോ ആണ്. നിങ്ങൾ വഴിതിരിച്ചു വിടുന്നതുകൊണ്ട് അവിടെ എത്താൻ സാധിക്കുന്നില്ല"
"ഓഹ്, ആ കാണുന്ന നാലാമത്തെ കെട്ടിടമാണ് നിങ്ങൾ പറയുന്ന ഹോട്ടൽ. ഇതുവഴി തന്നെ പൊയ്ക്കോളൂ."
പ്രധാനാപാത അടച്ചുവച്ചിരുന്ന ബാരിക്കേഡിന്റെ ഒരു ഭാഗം മാറ്റി ഞങ്ങൾക്ക് വഴിയുണ്ടാക്കി തന്നുകൊണ്ട് അയാൾ പറഞ്ഞു.
അയാളോട് നേരത്തെ കാര്യംപറയാതെ ചുറ്റിത്തിരിഞ്ഞ അല്പബുദ്ധിയിൽ കുണ്ഠിതപ്പെട്ടുകൊണ്ട് വാഹനങ്ങൾ ഒഴിഞ്ഞ പ്രധാനനിരത്തിലേയ്ക്ക് കാറെടുത്തു.

വാഹനങ്ങൾ ഇല്ലെന്നേയുള്ളൂ, നിരത്തിലൂടെ ജനക്കൂട്ടം ഒഴുകുകയാണ്. എല്ലാം ചെറുപ്പക്കാർ. എല്ലാവരുടെയും കയ്യിൽ ബീറിന്റെ കുപ്പികളും ക്യാനുകളും. അവർക്ക് ഈവഴി കടന്നുപോകാൻ വേണ്ടിയാണ് വാഹനങ്ങളെ നിരത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. അതിനിടയിലൂടെ അലോസരമുണ്ടാക്കി നുഴഞ്ഞുവരുന്ന ഏക വാഹനമായ ഞങ്ങളുടെ കാറിനുള്ളിലേയ്ക്ക് അവർ ഈർഷ്യയോടെ നോക്കുന്നുണ്ട്. ആരെങ്കിലും ഒരു കുപ്പി കാറിനുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞേക്കും എന്നു ഞങ്ങൾ ഭയപ്പെട്ടു.

ഒരു പ്രത്യേക സ്ഥലത്ത് അവിടുത്തെ ഏറ്റവും മോശപ്പെട്ട നേരത്ത് ചെന്നെത്തണമെങ്കിൽ ഇങ്ങനെ വേണം!

പ്രഭാതത്തിലെ വിജനമായ സൂറിക്ക് നിരത്ത്
നഗരത്തിൽ തന്നെയുള്ള താമസസ്ഥലം തിരഞ്ഞെടുത്തത് അടുത്ത ദിവസങ്ങളിൽ നടത്തേണ്ട പ്രദേശത്തെ യാത്രകൾക്ക് അത് ഉപകാരപ്രദമാകും എന്ന് കരുതിയാണ്. എന്നാൽ ആ ഹോട്ടലിന്റെ നേരെ എതിർവശത്താണ് ഇവിടുത്തെ ഏറ്റവും വലിയ സ്റ്റേഡിയമെന്നതും അവിടെ ഞങ്ങൾ എത്തുന്ന ദിവസം രാത്രി പ്രശസ്തമായ ഏതോ യൂറോപ്യൻ ബാൻഡിന്റെ സംഗീതനിശ നടക്കുകയാണെന്നും അറിയാനുള്ള ദിവ്യശക്തി ഇല്ലാതെ പോയതതിനാലാണ് കൃത്യം ആ സന്ധ്യക്കു തന്നെ അവിടെ എത്തിച്ചേർന്നത്.

സ്റ്റേഡിയത്തിലേയ്ക്കുള്ള റോഡുകൾ വാഹനങ്ങൾക്ക് നിരോധിച്ചിരിക്കുന്നു. അല്പംകഴിഞ്ഞ് ആരംഭിക്കാനിരിക്കുന്ന സംഗീതനിശ ആസ്വദിക്കാനായി പ്രദേശത്തെ ചെറുപ്പക്കാർ മുഴുവൻ കൂട്ടംകൂട്ടമായി നടന്നെത്തുകയാണ്....

സ്റ്റേഡിയത്തിന് എതിർവശത്തുള്ള ഹോട്ടലിന്റെ ചെറിയ ലോണും വഴിയുമൊക്കെ താൽകാലിക ഭക്ഷണശാലകളും ബിയർ വില്പനകേന്ദ്രമായും മാറിയിരിക്കുന്നു. ഹോട്ടലിന്റെ മുന്നിലെ മതിലിനു മുകളിലും വാതിൽക്കലുമൊക്കെ കലപിലകൂട്ടുന്ന യുവജനങ്ങൾ. റിസപ്ഷൻ ഏരിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കാർ പാർക്കിങ്ങിന് സ്ഥലംകിട്ടാൻ തന്നെ ഏറെ പ്രയാസപ്പെടേണ്ടി വന്നു. (ഹോട്ടലിന്റെ പ്രൈവറ്റ് പാർക്കിംഗ് സംഗീതനിശയ്ക്ക് എത്തുന്നവർക്കായി തുറന്നുകൊടുക്കണം എന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നതായി ഹോട്ടലുകാർ - എന്ത് നല്ല ആചാരങ്ങൾ!)

എങ്ങനെയോ മുറിയിലെത്തി കുളിയൊക്കെ കഴിഞ്ഞു നിരത്തിലേയ്ക്ക് തുറക്കുന്ന ജനാലയ്ക്കലേയ്ക്ക് എത്തുമ്പോൾ പുറത്ത് മൂവന്തി രാത്രിക്ക് വഴിമാറുകയാണ്. നിരത്തിനപ്പുരം സ്റ്റേഡിയം പ്രകാശത്തിൽ കുളിച്ചുനിൽക്കുന്നു. കാണികൾ നിരനിരയായി അകത്തേയ്ക്ക് പ്രവേശിക്കുന്നു...

എന്തൊരു കോലാഹലത്തോടെയാണ് സൂറിക്ക് നഗരം ഞങ്ങളെ സ്വാഗതം ചെയ്തിരിക്കുന്നത്!

സൂറിക്ക് ബസ് സ്റ്റാൻഡ് 
ഏതാണ്ട് നൂറ്റിയൻപതോളം കിലോമീറ്റർ വരുന്ന ദൂരം, ഇന്റർലേക്കനിൽ നിന്നും വടക്കോട്ട്‌ സഞ്ചരിച്ച് സൂറിക്കിൽ എത്തിയിരിക്കുകയാണ്. അൽപ്സിന്റെ പരിസരത്തു നിന്നും ഏറ്റവും ദൂരത്തേയ്ക്ക് ഞങ്ങളെത്തുന്ന സ്വിസ് പട്ടണമാണ് സൂറിക്ക്. ഈ രാജ്യത്തെ ഏറ്റവും വലിയ പട്ടണമാണ് സൂറിക്ക് എന്നതിനാൽ തന്നെ ഈ പ്രദേശത്ത് എത്തേണ്ടതുണ്ട് എന്ന് കരുതിയിരുന്നു. കന്യാപ്രകൃതിയുടെ പച്ചയോളം പ്രധാനമാണ് ജനപദങ്ങളും - മനുഷ്യനെ മാറ്റിനിർത്തിയുള്ള പ്രകൃതിവാദങ്ങൾ ജൈവമല്ല.

വരുന്ന വഴിക്കായിരുന്നു അതിമനോഹരമായ ലുസേൺ പട്ടണം. എങ്കിലും ഏതാനും ദിവസത്തെ യാത്രയിൽ എല്ലാ സ്ഥലങ്ങളിലും കഴിയുക അസാധ്യമാണ്. പ്രാതിനിധ്യസ്വഭാവമുള്ള ഏതാനും പ്രദേശങ്ങൾ തിരഞ്ഞെടുക്കുക എന്നതേ നടക്കുകയുള്ളൂ.

സഞ്ചാരിയും (Traveller) വിനോദസഞ്ചാരിയും (Tourist) തമ്മിലുള്ള വ്യത്യാസം കൂടിയാണത്. സഞ്ചാരി തന്റെ ഭാണ്ഡവുമെടുത്ത് യാത്രതിരിക്കുന്നു. വഴികൾ വഴികാട്ടികളുമാവുന്നു. വഴിക്കിണറുകൾ ദാഹവും തെരുവോരത്തെ തീൻശാലകൾ വിശപ്പും മാറ്റുന്നു. രാത്രികളിൽ എത്തിച്ചേരുന്നിടത്തെ സത്രത്തിൽ അന്തിയുറങ്ങുന്നു... കല്പനാപൂർണ്ണമായ ഇത്തരം യാത്ര നടത്തുന്ന ഒരു സഞ്ചാരി ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. എങ്കിലും അതാണ്‌ സഞ്ചാരിയുടെ യാത്രാപർവ്വം.

വിനോദസഞ്ചാരി തന്റെ യാത്രാപദ്ധതികൾ നേരത്തേ തയ്യാറാക്കുന്നു. അതിനനുസരിച്ചുള്ള നീക്കങ്ങൾ മാത്രം നടത്തുന്നു. യാത്രാകാലത്തേയ്ക്കുള്ള പാഥേയം ഒരുക്കിക്കൊണ്ടുപോകുന്നു. വഴിയെക്കാളേറെ ലക്ഷ്യം പ്രാധാന്യമുള്ളതായി മാറുന്നു. അവിചാരിതങ്ങളുടെ അപൂർവ്വാഹ്ലാദങ്ങളെക്കാൾ തീരുമാനിക്കപ്പെട്ട വിനോദങ്ങളുടെ ക്ഷിപ്രസന്തോഷങ്ങൾ മാത്രം അവർക്ക് പ്രാപ്യം.

വിനോദസഞ്ചാരത്തിന്റെ രാശിയിലാണ് ഞങ്ങളെന്ന് ഓരോ യാത്രയും കൂടുതൽ കൂടുതൽ വെളിപ്പെടുത്തുന്നുണ്ട്...

രാത്രിവൈകിയും സ്റ്റേഡിയത്തിൽ നിന്നും ജാലകസുഷിരങ്ങളിലൂടെ കടന്നുവരുന്ന പാശ്ചാത്യസംഗീതത്തിന്റെ അലകളും കാണികളുടെ ആഘോഷാരവങ്ങളും ഉറക്കത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു...
 
സൂറിക്കിലെ പട്ടണോപാന്ത കാഴ്ചകൾ...
രാവിലെ ഹോട്ടലിന്റെ മുറ്റത്തേയ്ക്കിറങ്ങിയപ്പോൾ അത്ഭുതംതോന്നി. കഴിഞ്ഞ രാത്രിയുടെ ഒരോർമ്മയും അവശേഷിപ്പിക്കാത്തവിധം വിജനവും നിശ്ശബ്ദവുമായി കിടക്കുന്നു സ്റ്റേഡിയം പരിസരവും അതിനു മുന്നിലെ നിരത്തും...

ഞങ്ങൾക്ക് റൈൻ വെള്ളച്ചാട്ടത്തിലേയ്ക്ക് (Rhine Falls) പോകേണ്ടതുണ്ടായിരുന്നു.

ഞങ്ങളുടെ ആവശ്യാനുസരണം ഹോട്ടലുകാർ കഴിഞ്ഞ രാത്രിയിൽ തന്നെ സൂറിക്കിലെ യാത്രകൾക്കുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് അതിനു വേണ്ടുന്ന സൗകര്യങ്ങൾ ഏർപ്പാടാക്കിയിരുന്നു.

ടാക്സിയിൽ സൂറിക്ക് ബസ് നിലയത്തിലെത്തി. അവിടെ നിന്നാണ് റൈൻ വെള്ളച്ചാട്ടത്തിലേയ്ക്കുള്ള ഞങ്ങളുടെ ടൂറിസ്റ്റ്ബസ് പുറപ്പെടുന്നത്. യൂറോപ്പിലെ പല പട്ടണങ്ങളിലേയ്ക്കും ഇവിടെ നിന്നും ബസ്സുകൾ പോകുന്നുണ്ടെന്ന് അവിടെ നിൽക്കുമ്പോൾ മനസ്സിലായി. എന്നാൽ നമ്മുടെ ഒരു മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ അത്രപോലും വലിപ്പമില്ലാത്ത മൈതാനം. ബസ് കമ്പനികളുടെ ഒന്നുരണ്ട് ചെറിയ കിയോസ്ക്കുകളല്ലാതെ മറ്റു കെട്ടിടങ്ങളൊന്നുമില്ല. നിരന്നുകിടക്കുന്ന ബസുകൾ എല്ലാം ആധുനികം തന്നെ. സ്വകാര്യമേഖലയിൽ, ആർഭാടകരമായ യാത്രാസൗകര്യങ്ങളുള്ള, ഇവിടെ കാണുന്നതിനെക്കാൾ മെച്ചപെട്ട ബസുകൾ നമ്മുടെ നാട്ടിലും അന്തർസംസ്ഥാന ഓട്ടങ്ങൾ നടത്തുന്നുണ്ട് എന്നറിയാം. അത്തരത്തിൽ ഒന്നിൽ കയറി യാത്രചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല പക്ഷേ.

പ്രാന്തഗ്രാമത്തിലെ കൃഷിയിടങ്ങൾ
പറഞ്ഞ സമയത്തിനും കുറച്ചുനേരത്തേയാണ് ബസ് നിലയത്തിൽ എത്തിയത്. യാത്രയ്ക്ക് ഉദ്ദേശിച്ചിരിക്കുന്ന ബസ് കമ്പനിയുടെ കിയോസ്ക് അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ രാത്രിയിലെ സംഗീതനിശ കഴിഞ്ഞുപോയ ചെറുപ്പക്കാർ ഉപേക്ഷിച്ചതാവും, എവിടെയും ചപ്പുചവറുകൾ. ഒരു കാര്യം മനസ്സിലായി; ഇന്ത്യയിലെ പട്ടണങ്ങളൊന്നും അത്ര വൃത്തിയിലും വെടിപ്പിലും കാണപ്പെടാത്തതിന്റെ കാരണം ജനബാഹുല്യമാണ്. ഇത്തരം കാര്യങ്ങളിൽ നല്ല പൗരബോധം കാണിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു രാജ്യത്തുപോലും നാലാളുകൂടിയപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ നൂറ്റിമുപ്പതു കോടിയോളം ജനങ്ങളുള്ള ഇന്ത്യയിൽ പൊതുസ്ഥങ്ങളിലെ വൃത്തിയെക്കുറിച്ച് വല്ലാതങ്ങ് അപകർഷിതനാവുന്നതിൽ കാര്യമില്ല തന്നെ. (വൈകുന്നേരം ഇതേ ബസ് നിലയത്തിൽ തിരിച്ചെത്തുമ്പോൾ, രാവിലെ കണ്ട വൃത്തിഹീനതയുടെ പൊടിപോലും കാണാനുണ്ടായിരുന്നില്ല എന്നതും സൂചനാർഹം.)

അടുത്തുള്ള സ്റ്റാർബക്സിന്റെ തീൻശാലയിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ചെത്തുമ്പോഴേയ്ക്കും ബസും ഗൈഡും തയ്യാറായി നിൽപ്പുണ്ട്.

സരസനായ ഗൈഡിന്റെ നർമ്മഭാഷണങ്ങൾ - സ്വിസ് ദേശാഭിമാനം അല്പം കൂടുതലാണെങ്കിലും - കേട്ടുകൊണ്ട് സൂറിക്കിന്റെ പട്ടണോപാന്തങ്ങളിലൂടെ ഞങ്ങൾ റൈൻ വെള്ളച്ചാട്ടത്തിലേയ്ക്കുള്ള യാത്രതുടങ്ങി...

വേറൊരു ഗ്രാമക്കാഴ്ച...
സൂറിക്കും പരിസരങ്ങളും ഏറെക്കൂറെ സമതലമാണ്. അൽപ്സിന്റെ കയറ്റിറക്കങ്ങളിൽ നിന്നും അകലെ, രാജ്യത്തിന്റെ വടക്കേയറ്റത്തുള്ള സ്ഥലങ്ങളിലൊന്നാണ് സൂറിക്ക്. പട്ടണത്തിൽ നിന്നും ഏതാണ്ട് അൻപത് കിലോമീറ്റർ വീണ്ടും വടക്കോട്ട്‌ യാത്രചെയ്യണം റൈൻ വെള്ളച്ചാട്ടത്തിലെത്താൻ. സമതലഗ്രാമങ്ങളിലൂടെയും പരശതം ഏക്കറുകൾ നീണ്ടുപോകുന്ന കൃഷിയിടങ്ങളിലൂടെയുമാണ് ഈ യാത്ര.

സൂറിക്ക് പോലുള്ള വടക്കൻ സമതലപ്രദേശങ്ങളിലാണ് സ്വിറ്റ്സർലാൻഡിലെ കൃഷിവല സമൂഹങ്ങൾ സാന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ പതിനൊന്ന് ശതമാനം ഭാഗത്ത് നടക്കുന്ന കൃഷികൊണ്ട് രാജ്യത്തെ അറുപത് ശതമാനത്തോളം പേർക്ക് ആഹാരം എത്തിക്കാൻ കഴിയുന്നു എന്നതിന്റെ സമവാക്യവും ജനസംഖ്യയിലെ കുറവ് തന്നെയാവും. ഗോതമ്പും മധുരക്കിഴങ്ങും ഉരുളക്കിഴങ്ങും ബാർലിയും ഓട്സുമൊക്കെയാണ് ഇവിടുത്തെ പ്രധാന കൃഷികൾ.

ഈ പ്രദേശത്തെ ഗ്രാമീണസമൂഹങ്ങളുടെയും കൃഷിയിടങ്ങളുടെയും മറ്റും ജാലകക്കാഴ്ച ലഭിക്കുന്നതിനായാവും ബസ് പ്രധാനപാത വിട്ട് പലപ്പോഴും ഉൾഭാഗങ്ങളിലെ വളഞ്ഞവഴികളിലൂടെ സഞ്ചരിക്കുന്നന്നതെന്ന് മനസ്സിലായി. കഴിഞ്ഞ ദിവസങ്ങളിൽ പല സ്വിസ്സ്ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു കഴിഞ്ഞിരുന്നതിനാൽ വാസ്തുരീതിയിലും അങ്ങാടികളുടെ സ്വഭാവഭാവങ്ങളിലും ഏറെക്കൂറെ ഏകമാനത കാണിക്കുന്ന അത്തരം കാഴ്ചകളിലെ ആശ്ച്ചര്യങ്ങൾ അസ്തമിച്ചിരുന്നു.

ഷഫ്ഫൗസെൻ പട്ടണത്തിലെ മുനോറ്റ് കോട്ട
ഷഫ്ഫൗസെൻ (Schaffhausen) എന്ന പട്ടണത്തോട് ചേർന്നാണ് റൈൻ വെള്ളച്ചാട്ടം. ഈ പട്ടണവും അതുൾക്കൊള്ളുന്ന അതേ പേരിൽ തന്നെയുള്ള സംസ്ഥാനവും സ്വിറ്റ്സർലാൻഡിന്റെ ഏറ്റവും വടക്കേയറ്റത്ത് ജെർമ്മനിയിലേയ്ക്ക് കയറിനിൽക്കുന്ന പ്രദേശമാണ്. ഇന്ത്യയുടെ ഭൂപടമെടുത്താൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസ്സാം, അരുണചൽപ്രദേശ്‌, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങൾ മുഖ്യപ്രദേശത്തു നിന്നും വിഘടിച്ച് ചൈനയിലേയ്ക്കും മ്യാന്മാറിൽലേയ്ക്കും തള്ളിനിൽക്കുന്നതു പോലെ.

പട്ടണത്തിലെയ്ക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ കുന്നിനു മുകളിലായി വൃത്താകൃതിയിലുള്ള മുനോറ്റ് കോട്ട (Munot Fort) ഉയർന്നുനിൽക്കുന്നത് കാണാം. ഷഫ്ഫൗസെൻ പട്ടണത്തിന്റെ ലാൻഡ്മാർക്കാണ് പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട. മദ്ധ്യകാലത്തിന്റെ അവസാന നാളുകളിലും അതു കഴിഞ്ഞ ഉടനെയുമായി നിർമ്മിക്കപ്പെട്ട ഇത്തരം ചെറിയ കോട്ടകളും കോട്ടസൗധങ്ങളും പ്രാദേശികമായ നാടുവാഴിമുദ്രകൾ പേറിക്കൊണ്ട് നിൽക്കുന്നത് യൂറോപ്പിന്റെ പലഭാഗങ്ങളിലും കാണാനാവും.

റൈൻ നദിക്കരയിൽ ഷഫ്ഫൗസെൻ പട്ടണം
റൈൻനദിയുടെ ഇരുകരയിലുമായാണ്‌ ഷഫ്ഫൗസെൻ പട്ടണം ഉണ്ടായി വന്നിരിക്കുന്നത്. യൂറോപ്പിലെ രണ്ടാമത്തെ വലിയ നദിയാണ് റൈൻ (ഡാന്യൂബ് ഏറ്റവും വലുത്). സ്വിസ് ആൽപ്സിന്റെ കിഴക്കൻ ശൈലങ്ങളിൽ നിന്നും ആരംഭിക്കുന്ന ഈ നദി പ്രധാനമായും സ്വിറ്റ്സർലാൻഡിലൂടെയും ജെർമ്മനിയിലൂടെയും നെതർലാൻഡ്സിലൂടെയുമാണ് ഒഴുകുന്നത്. എങ്കിലും ഇതുകൂടാതെ ഓസ്ട്രിയ, ലിക്റ്റിൻസ്റ്റിൻ (Liechtenstein), ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ കുറച്ചുഭാഗങ്ങളിൽ അവയുടെ അതിർത്തിയായും റൈൻ നദി മാറുന്നു. ഏതാണ്ട് 1200 കിലോമീറ്ററാണ് നദീനീളം. സ്വിസ് ആൽപ്സിൽ ഉറവയെടുക്കുന്ന റൈൻ നെതർലാൻഡ്‌സിലെ പടിഞ്ഞാറൻ തീരത്തുള്ള ഹേഗ് പട്ടണത്തിനടുത്തുവച്ച് ഉത്തരസമുദ്രത്തിൽ (North Sea) വിലയിക്കുന്നു. നെതർലാൻഡ്‌സിലെ വിശാലമായ ഡെൽറ്റാപ്രദേശത്ത് റൈൻ പല കൈവഴികളായി വിഭജിച്ച് വിവിധ പേരുകൾ ആർജ്ജിച്ച് ഒന്നിലേറെ പ്രദേശങ്ങളിലൂടെയാണ് കടലിലേയ്ക്ക് ചേരുക.

എല്ലാ നദികളെയും പോലെ സാംസ്കാരികവാഹിനിയാണ് റൈനും. സജീവമായ ജലഗതാഗത സംവിധാനമായി പുരാതകാലം മുതൽ ഈ നദിയും ചരിത്രത്തിൽ കടന്നുനിൽക്കുന്നുണ്ട്. ഷഫ്ഫൗസെൻ പട്ടണം വളർന്നതും വികസിച്ചതും റൈൻ നദിയുടെ ഈ പ്രദേശത്തെ പ്രത്യേകത കൊണ്ടാണ് - റൈൻ വെള്ളച്ചാട്ടം. സഞ്ചാരത്തിനും ചരക്കുനീക്കത്തിനും വിപുലമായി നദി ഉപയോഗിച്ചിരുന്ന കാലത്ത് യാനപാത്രങ്ങളുടെ സ്വാഭാവികഗമനത്തിന് വെള്ളച്ചാട്ടം തടസ്സമായി. ഇരുഭാഗത്തു നിന്നും വരുന്ന നൗകകൾക്ക് ഇവിടെ യാത്ര അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. ആയതിനാൽ ഈ ഇടത്തവളം തരക്കേടില്ലാത്ത പട്ടണമായി അക്കാലത്ത് തന്നെ വികസിച്ചതിൽ അത്ഭുതമില്ല.

റൈൻ നദി
ഷഫ്ഫൗസെൻ പട്ടണത്തിൻറെ നടുവിലൂടെ റൈൻ നദി മുറിച്ചുകടന്ന് ഏതാനും വാര കൂടി ഓടിയതിനു ശേഷം ബസ് വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ വാഹനങ്ങൾ കിടക്കുന്ന ഭാഗത്ത് ഞങ്ങളെ ഇറക്കി.

ആകാശം മേഘാവൃതമാണ്. പരിസരത്തിനാകെ നമ്മുടെ ഇടവപ്പാതിയുടെ കാളിമ. തണുത്ത കാറ്റ്. പട്ടണത്തിനോട് ചേർന്നാണെങ്കിലും പച്ചയുടെ മേളം. വണ്ടയിറങ്ങിയ സ്ഥലത്തു നിന്നും നദിക്കരയിലേയ്ക്ക് അല്പദൂരം നടക്കേണ്ടതുണ്ട്. നടവഴിയിൽ സൂക്ഷവും സ്ഥൂലവുമായ ഹരിതപ്രകൃതിയുടെ നിറയുന്ന ലാസ്യം. വഴിവക്കിലാകെ നാട്ടുപൂവുകൾ വിരിഞ്ഞു നിൽക്കുന്നു. ആ വഴിയിലൂടെ, വെള്ളച്ചാട്ടം ഉണ്ടാക്കുന്ന അഭൗമമായ ആ ഹൂങ്കാരശബ്ദത്തിന്റെ അകമ്പടിയിൽ, നദിക്കരയിലേയ്ക്ക് നടക്കുമ്പോൾ ഭൂമി വളരെ മനോഹരമായ ഒരു ഗ്രഹം തന്നെ എന്ന തോന്നലുണ്ടാവും. കലുഷമായ ചിന്തകൾ സർപ്പപടം പോലെ മനോചർമ്മത്തിൽ നിന്നും പൊഴിഞ്ഞുപോകും.

വഴിയോരത്താകെ നാട്ടുപൂവുകൾ...
ബോട്ടുജെട്ടിയിൽ എത്തുമ്പോൾ നേരേ എതിർഭാഗത്ത് കുറച്ചകലെയായി, ഷഫ്ഫൗസെൻ പട്ടണത്തെ പിന്നണിയിൽ ഒരു ചിത്രതിരശ്ശീലയായി വിരിച്ചിട്ട്, റൈൻ വെള്ളച്ചാട്ടം ദൃശ്യമാവും. പതനാനന്തരം, നദി ഇടത്തേയ്ക്ക് ഒരു വലിയ വളവെടുത്ത്‌ സഞ്ചാരം തുടരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് റൈനെങ്കിലും, സവിശേഷമായ ഒരുതരം വന്യസൗന്ദര്യം ഈ ജലപാതത്തിനുണ്ടെങ്കിലും നമ്മുടെ അതിരപ്പിള്ളിയോടും മറ്റും താരതമ്യപ്പെടുത്തുമ്പോൾ ജലപതനത്തിന് ആഴംകുറവാണ് എന്ന് തോന്നും. വെള്ളച്ചാട്ടങ്ങളെ പരാമർശിക്കുന്ന പല മുൻകുറിപ്പുകളിലും സൂചിപ്പിച്ചിട്ടുള്ളതു പോലെ, ജലപാതങ്ങളെ പ്രതി 'വലുത്' എന്ന സംജ്ഞ ഏകമാനതയോടെ ഉപയോഗിക്കാൻ ആവില്ല. പതനത്തിന്റെ ആഴം, പതനപ്രദേശത്തിന്റെ വ്യാപ്തി, പതിക്കുന്ന ജലത്തിന്റെ തോത് തുടങ്ങി പല അളവുകോലുകളും ഒറ്റയ്ക്കും സംയോജിതമായും ഉപയോഗിച്ച് നിഗമനങ്ങളിൽ എത്താമെന്നിരിക്കെ, അത്തരത്തിലുള്ള അനുമാനങ്ങൾക്ക് നിശിതമായ തീർപ്പുകൾ സാധ്യമാവില്ല.

റൈൻ വെള്ളച്ചാട്ടം
ബോട്ടുജെട്ടി ഭാഗം റൈൻ നദിയിലേയ്ക്കും വെള്ളച്ചാട്ടത്തിലേയ്ക്കും വിശാലമായി തുറന്നിരിക്കുന്ന തട്ട് കൂടിയാണ്. ചെറുകിട ഭക്ഷണശാലകളും കൗതുകവസ്തുക്കൾ വില്ക്കുന്ന കടയും ഇവിടെയുണ്ട്. എന്തെങ്കിലും പാനീയം നുണഞ്ഞ് അലസമായിരിക്കാം. അകലെ പതഞ്ഞുവീഴുന്ന വെള്ളച്ചാട്ടം കാണാം. പതനശക്തിയുടെ ഓളങ്ങളുമായി കലങ്ങിമറിഞ്ഞ് ഒഴുകുന്ന റൈൻനദി തന്റെ യാത്രാപഥം തുടരുന്നത് കാണാം...

ജലപ്രവാഹത്തിന്റെ ശക്തിക്ക് കീഴടങ്ങാതെ ഏതോ ശിലായുഗസ്മരണകളുടെ പ്രാക്തനമായ പ്രതീകം പോലെ വെള്ളച്ചാട്ടത്തിന് നടുവിലായി ഏതാനും പാറകൾ കുത്തനേ മുകളിലേയ്ക്ക് ഉയർന്നുനിൽക്കുന്നത് കാണാം. ഈ ജെട്ടിയിൽ നിന്നും അവിടേയ്ക്കാണ് ബോട്ടുകൾ പോകുന്നത്. ആകാശത്തിലേയ്ക്ക് ധൂളികൾ പടർത്തി ശക്തമായി ജലം വന്നുവീഴുന്ന ഭാഗത്തിലൂടെ ഓളങ്ങളിൽ ആടിയുലഞ്ഞ് യാനപാത്രങ്ങൾ തെറിച്ചുനീങ്ങുന്ന കാഴ്ച പേടിപ്പെടുത്തും...

വെള്ളച്ചാട്ടത്തിനു നടുവിലെ പാറ
പക്ഷേ എന്റെ പേടി ഇവിടെ സംഗതമായില്ല. ഗൈഡ് തിരക്ക് കൂട്ടിക്കൊണ്ടിരുന്നു. ഭാര്യയും മക്കളും ബോട്ടിലേയ്ക്ക് ചാടിക്കയറിയപ്പോൾ എനിക്ക് മറ്റൊരു വഴിയുണ്ടായിരുന്നില്ല. എന്നാൽ പ്രതീക്ഷിച്ചതു പോലെ ആടിയുലയുന്ന ജലയാത്രയായിരുന്നില്ല അത്. കലുഷമായ ജലപ്രതലത്തിൽ ഉലച്ചിലില്ലാതെ ഒഴുകിനീങ്ങാൻ പാകത്തിനുള്ള എന്തോ സാങ്കേതികതയിൽ നിർമ്മിക്കപ്പെട്ടിരുന്ന ആ ജലവാഹനം ഞങ്ങളെയും കൊണ്ട് വെള്ളചാട്ടത്തിന്റെ നേരെ അടിയിലേയ്ക്ക് ഓടിച്ചെന്നു.

ദൂരെനിന്ന് കണ്ടപ്പോൾ കരുതിയിരുന്നതു പോലെ ചെറുതായിരുന്നില്ല പക്ഷെ അടുത്തേയ്ക്ക് ചെന്നപ്പോൾ വെള്ളച്ചാട്ടം. കാതടപ്പിക്കുന്ന ഹൂങ്കാരശബ്ദവും ജലധൂളികളുടെ മേളവും. വെള്ളച്ചാട്ടത്തിനു കുറുകേ ജലവാഹനം നീങ്ങുമ്പോൾ, ജലപ്രതലത്തിലൂടെ നീന്തിപ്പോകുന്ന ഒരു ചെറുമത്സ്യത്തെയെന്നപോലെ ബോട്ടിനെ കൃശമാക്കുന്ന ജലപാതത്തിന്റെ വന്യവ്യാസത്തിലേയ്ക്ക്‌ മുഖമുയർത്തി നോക്കിയിരിക്കുമ്പോൾ, പ്രകൃതി അതിന്റെ അസുലഭവും ഗംഭീരവുമായ അപൂർവ്വതകളോടെ വന്നുപൊതിയുന്നത് അറിയാനായി. അനന്യമായ അനുഭവത്തിന്റെ കവാടമാണ് ഓരോ യാത്രയും തുറന്നുതരുന്നത്!

ബോട്ടിൽ...
ഏതാണ്ട് 450 അടി വിസ്തൃതിയിലും 75 അടി ആഴത്തിലും വീഴുന്നു റൈൻ വെള്ളച്ചാട്ടം. അതിരപ്പിള്ളിയുടെ പതനാഴം 82 അടി എന്നാണ് ലഭ്യമായ വിവരങ്ങളിൽ കാണുന്നത്. എന്തുകൊണ്ടോ ഈ കണക്കിൽ പൊരുത്തക്കേടുള്ളതുപോലെ തോന്നും. ഒറ്റനോട്ടത്തിൽ റൈൻ വെള്ളച്ചാട്ടത്തിന്റെ ഇരട്ടി ഉയരമെങ്കിലും അതിരപ്പിള്ളിക്ക്‌ തോന്നും. റൈൻ വെള്ളച്ചാട്ടത്തിന്റെ പതനവിസ്തൃതി അതിരപ്പിള്ളിയെക്കാൾ 100 അടിയോളം കൂടുതലാണ് എന്നതിനാൽ കാഴ്ചയുടെ പറ്റിക്കലുമാവാം ആഴത്തെ പ്രതിയുള്ള ഈ വിഭ്രമം.

ഹിമയുഗകാലത്തെന്നോ ഉണ്ടായിവന്ന ഈ വെള്ളച്ചാട്ടം ജലവന്യതയുടെ പ്രകൃതിമോഹങ്ങളുമായി കലിയുഗത്തിൽ ഞങ്ങൾക്ക് മുന്നിലും വിസ്തൃതമാവുന്നു...   

വെള്ളച്ചാട്ടത്തിനു നടുവിലെ പാറയിലേയ്ക്ക് ബോട്ടടുക്കുന്നു...
വെള്ളച്ചാട്ടത്തിനു നടുവിലെ പാറക്കെട്ടിൽ ബോട്ടടുത്തു. പ്ലാറ്റ്ഫോമിലേയ്ക്ക് ഇറങ്ങിയതിനു ശേഷം പടവുകളിലൂടെ കുത്തനേ മുകളിലേയ്ക്ക് കയറണം. പാറക്കെട്ട് എന്ന് പറയാമെങ്കിലും പച്ചയുടെ തുരുത്തു തന്നെയാണ് അതും. അതിനിടയിലൂടെ ലോഹഗോവണി ശൈലാഗ്രത്തിലേയ്ക്ക് നീളുന്നു. കയറുമ്പോൾ വെള്ളച്ചാട്ടം ഉയർത്തിവിടുന്ന ധൂളീപടലം, ഇരുവശങ്ങളിലും പന്തലിച്ചുനിൽക്കുന്ന ചെടിയിലകളോടൊപ്പംവന്ന് മുഖത്തുരസി കുളിരാക്കുന്നു.

പറക്കെട്ടിലെ പടവുകളിൽ...
പടവുകൾ കയറി മുകളിലെത്തുമ്പോൾ അവിടെ ഒരു തട്ടുണ്ട്. വെള്ളച്ചാട്ടത്തിനു നടുവിൽ, പാറയുടെ മുകൾമുനമ്പിലെ ആ തട്ടിൽ നിൽക്കുമ്പോൾ ചുറ്റുമുള്ള എല്ലാ കാഴ്ചകളും വ്യക്തമായി കാണാം. കിഴക്കു നിന്നും ഒഴുകിയെത്തുന്ന റൈൻ നദി ആടിയുലയുന്ന ശുഭ്രതിരശ്ശീലകൾ പോലെ വെള്ളച്ചാട്ടത്തിലേയ്ക്ക് ആവാഹിക്കപ്പെടുന്നതിന്റെ അഭൗമദൃശ്യം വളരെയടുത്ത്. ഒഴുകിവരുന്ന നദിക്ക് പുരാതനത്വത്തിന്റെ പരിവേഷം നൽകി, വെള്ളച്ചാട്ടത്തിന് തൊട്ടുമുൻപായി റൈനിന് കുറുകേ നൂറ്റാണ്ടുകളുടെ പഴക്കമുള്ള നിർമ്മിതി എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരു പാലമുണ്ട്. അത് പക്ഷെ ഷഫ്ഫൗസെൻ പട്ടണത്തിലേയ്ക്കുള്ള പ്രധാന തീവണ്ടിപ്പാലമാണ്. ആ പാലത്തിലേയ്ക്ക് കയറിനിന്നാലും നദിയുടേയും വെള്ളച്ചാട്ടത്തിന്റെയും വ്യത്യസ്തമായ കാഴ്ച ലഭിക്കുമത്രേ. പക്ഷെ ഞങ്ങൾ ആ ഭാഗത്തേയ്ക്ക് പോവുകയുണ്ടായില്ല.

ശൈലാഗ്രത്ത് നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച
അവിടെ നിന്ന് മുന്നിലേയ്ക്ക് നോക്കുമ്പോഴുള്ള മറ്റൊരു കാഴ്ച മറുകരയിൽ ഒരു ചെറുകുന്നിന് മുകളിലായി സ്ഥാപിതമായിരിക്കുന്ന കോട്ടസൗധമാണ്. ആയിരം വർഷത്തിലധികം ചരിത്രമുള്ള ലൗഫെൻ കോട്ടസൗധമാണത് (Laufen Castle). ഒൻപതാം നൂറ്റാണ്ടുമുതൽ ഈ കോട്ടസൗധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ലഭ്യമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ നടന്ന, പ്രദേശത്തെ പ്രമുഖ സംഭവമായ 'പഴയ സൂറിക്ക് യുദ്ധം' എന്നറിയപ്പെടുന്ന നാടുവാഴിക്കലാപത്തിന്റെ നാൾവഴികളിൽ ലൗഫെൻ കോട്ടസൗധവും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. അതിനുശേഷം പല അവകാശികളുടെ കൈകളിലൂടെ കടന്നുപോയ ഈ പൗരാണിക വാസ്തുനിർമ്മിതി സൂറിക്ക് സംസ്ഥാനഭരണത്തിന്റെ കീഴിലാണ് ഇപ്പോൾ ഉള്ളത്.

ഷഫ്ഫൗസെൻ പട്ടണവും സംസ്ഥാനവുമാണ്‌ ഞങ്ങൾ നിൽക്കുന്ന ഭാഗമെങ്കിലും ലൗഫൻ കോട്ടസൗധം ഉൾക്കൊള്ളുന്ന ഇടതുവശത്തെ നദിക്കര സൂറിക്ക് സംസ്ഥാനത്തിൽ പെടുന്ന പ്രദേശമാണ്.

ഇന്ന് ലൗഫെൻ കോട്ടസൗധം ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. കൂടാതെ ഒരു യൂത്ത്ഹോസ്റ്റലും ചില ഭക്ഷണശാലകളും ഇവിടെ പ്രവർത്തിക്കുന്നു. കോട്ടസൗധത്തിന്റെ പരിസരത്തും വെള്ളച്ചാട്ടം നന്നായി കാണാനാവുന്ന രീതിയിൽ, പല തലങ്ങളിൽ വ്യൂപോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ടത്രേ. നേരത്തേ സൂചിപ്പിച്ച തീവണ്ടിപ്പാത ഈ കോട്ടസൗധത്തിനു നേരേതാഴെയുള്ള ഒരു തുരങ്കത്തിലൂടെ കടന്നുപോകുന്നു എന്ന സവിശേഷതയുമുണ്ട്.

വെള്ളച്ചാട്ടത്തിന്റെ ഒരു കരയിലുള്ള ലൗഫെൻ കോട്ടസൗധത്തിന്റെ പാർശ്വകാഴ്ച
താഴേയ്ക്ക് നിപതിക്കുന്ന ജലപ്രവാഹം ഉയർത്തുന്ന ധൂളിപടലത്തിന്റെ അവ്യക്തയിലൂടെ, പിന്നിലേയ്ക്ക് നോക്കുമ്പോൾ റൈൻ നദി ഒരു വലിയ വളവെടുത്ത്‌ ഇരുകരകളിലും നിബിഡമാവുന്ന ഹരിതാഭയിലേയ്ക്ക് ഒഴുകിമറയുന്നത് കാണാം. ആ വളവിന്റെ മറുകരയിൽ, അങ്ങകലെയായി, ഞങ്ങൾ ഈ പാറക്കെട്ടിലേയ്ക്ക് ജലയാത്രയാരംഭിച്ച ബോട്ടുജട്ടി കാണാം. ആ വളവുതിരിഞ്ഞ് ഒരു കിലോമീറ്ററിനുള്ളിൽ തന്നെ നദിയുടെ ഒരു കരയിൽ ജെർമ്മനിയുടെ മണ്ണാവും. അങ്ങനെ സ്വിറ്റ്സർലാൻഡിനേയും ജെർമ്മനിയേയും തൊട്ടുതലോടിയും ആ ദേശങ്ങളുടെ മണ്ണിലേയ്ക്ക് കയറിയുമിറങ്ങിയും ഒഴുകുന്ന റൈൻ, ഏതാണ്ട് നൂറ്റിയിരുപത്തിയഞ്ച് കിലോമീറ്റർ (നദീപഥത്തിലൂടെയുള്ള ദൂരം) കൂടി സഞ്ചരിച്ച്  ബാസൽ എന്ന പ്രശസ്തമായ മറ്റൊരു സ്വിസ് പട്ടണം കഴിയുന്നതോടെ പൂർണ്ണമായും ജെർമ്മനിയിലേയ്ക്ക് കടക്കുന്നു.

ബോട്ടുജെട്ടി ഭാഗം
അവിടുത്തെ കാഴ്ചകൾ കണ്ടു കഴിഞ്ഞപ്പോൾ ജലപാതത്തിനു നടുവിലെ പാറക്കൂട്ടത്തിൽ നിന്നും ഇറങ്ങി കരയിലെ ജെട്ടിയിലേയ്ക്കുള്ള ബോട്ടിൽ കയറി. കലുഷജലാശയത്തിലൂടെ തുഴയുന്ന യാനപാത്രത്തിലിരുന്ന് ഭീകരമായി താഴേയ്ക്ക് പതിക്കുന്ന നദീജലത്തെ നോക്കുമ്പോൾ ഞാൻ ഈൽ മത്സ്യങ്ങളെ ഓർക്കുകയായിരുന്നു. ഒഴുകിവരുന്ന നദിയിൽ നിന്നും മീനുകൾ വെള്ളച്ചാട്ടത്തിലൂടെ താഴേയ്ക്ക് വീഴുക സ്വാഭാവികം. എന്നാൽ അതിശക്തമായ ഈ പതനവഴിയിലൂടെ, മനഞ്ഞിൽ, ആരൽ എന്നൊക്കെ മലയാളത്തിൽ വിളിപ്പേരുള്ള ഈൽ മത്സ്യങ്ങൾ മുകളിലേയ്ക്ക് നീന്തിക്കയറും എന്നത് ആശ്ച്ചര്യകരം തന്നെ. ജലാന്തർഭാഗത്തെ പാറകളിലൂടെ, വെള്ളച്ചാട്ടത്തിന് എതിരായി  മുകളിലേയ്ക്കുകയറി അവ നദിയുടെ പ്രഭവത്തിലേയ്ക്ക് യാത്രപോകുമത്രേ.

അത്ഭുതങ്ങളുടെ എത്രമാത്രം അടരുകളാണ് പ്രകൃതി അതിന്റെ ഓരോ പുസ്തകത്തിലും അടച്ചുവച്ചിരിക്കുന്നത്. വ്യഗ്രനാഗരികതയുടെ പകർന്നാട്ടങ്ങളിൽ പലപ്പോഴും നമുക്കാ പുസ്തകങ്ങൾ തുറന്നുനോക്കാനാവുന്നില്ല...!

കലുഷ ജലാശയത്തിലൂടെ യാനപാത്രം മടങ്ങുന്നു...
ഭൂപടത്തിൽ വ്യത്യസ്തമായ നിറങ്ങളിൽ അടയാളപ്പെടുത്തുകയാൽ രാജ്യങ്ങളുടെ അതിർത്തികൾ സുവ്യക്തമാണ്. എന്നാൽ മേഘലോകത്തിലൂടെ പറന്നുനടക്കുന്ന കിളികൾക്കോ ഭൂമിയിലിഴയുന്ന ഉരഗങ്ങൾക്കോ വസന്തത്തിൽ വിരിയുന്ന പൂക്കൾക്കോ ഈ അതിർത്തികൾ അറിയില്ല. എന്തിനധികം ഒരു വിമാനത്തിലിരുന്നു താഴേയ്ക്ക് നോക്കുമ്പോൾ അത് ഉണ്ടാക്കിയ മനുഷ്യനുപോലും രാജ്യാതിർത്തികൾ അറിയാനാവില്ല. ഇത്തരത്തിൽ മനസ്സിലാക്കാനാവാതെ പോയ, അല്ലെങ്കിൽ തെറ്റായി മനസ്സിലാക്കിയ അതിർത്തിയാൽ ദുരന്തം അനുഭവിക്കേണ്ടി വന്ന ഒരു പ്രദേശമാണ് ഷഫ്ഫൗസെൻ സംസ്ഥാനം.

രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഈ പ്രദേശത്തെ ജെർമ്മൻ അതിർത്തിയായി സഖ്യസേന കണ്ടിരുന്നത് റൈൻ നൈദിയാണ് - നദിക്ക് വടക്കുള്ളതെല്ലാം ജെർമ്മൻ പ്രദേശം. നിർഭാഗ്യവശാൽ നദിക്കപ്പുറം ജെർമ്മൻ പ്രദേശത്തേയ്ക്ക് തള്ളിക്കിടക്കുന്ന ഷഫ്ഫൗസെൻ പ്രദേശത്തെ, സ്ഥൂലവും പ്രാകൃതവുമായി നടന്ന ആ യുദ്ധത്തിൽ, ജെർമ്മൻ ഭാഗമായി കരുതി സഖ്യസേനയുടെ യുദ്ധവിമാനങ്ങൾ ബോംമ്പുകൾ കൊണ്ട് അക്രമിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ചേരിചേരാനയം സ്വീകരിച്ച്, യുദ്ധപ്രദേശത്തിന്റെ നടുവിൽ ഏറെക്കൂറെ നിഷ്പക്ഷവും സമാധാനപൂർവ്വവും കഴിഞ്ഞ സ്വിറ്റ്സർലാൻഡിനു ഇത്തരത്തിൽ ഒരു ദുരനുഭവം ഷഫ്ഫൗസെൻ സമ്മാനിക്കുകയുണ്ടായി.

ബോട്ടിറങ്ങി, ബസിൽ കയറാൻ, ഇപ്പോൾ പച്ചപടർന്ന് പുഷ്പമുഖരിതമായിരിക്കുന്ന വഴിയിലൂടെ നടക്കുമ്പോൾ ഈ പ്രദേശത്തിന്റെ ചരിത്രത്തിൽ രക്തപങ്കിലമായി കാണപ്പെടുന്ന മറ്റൊരു വഴി പ്രജ്ഞയിൽ അങ്ങനെ മിന്നിമാഞ്ഞുപോയി...

വഴികൾ പുഷ്പ മുഖരിതം
മടക്കയാത്ര ജെർമ്മനി വഴിയായിരുന്നു. ഇവിടുന്ന് സൂറിക്കിലേയ്ക്കുള്ള ഒരു പ്രധാനവഴി ജെർമ്മനിയിലൂടെ കയറിയിറങ്ങുന്നുണ്ട്‌, ഏകദേശം പത്തു കിലോമീറ്റർ ദൂരം. "സ്വന്തം  നാടുകളിൽ മടങ്ങിച്ചെന്ന് ജെർമ്മനിയും സന്ദർശിച്ചിട്ടുണ്ട് എന്ന് നിങ്ങൾക്ക് പറയാനാവും" അതുവഴി കടന്നുപോകുമ്പോൾ ഗൈഡ് ചിരിച്ചുകൊണ്ട് പറഞ്ഞു. യാത്രക്കാരൊന്നും പക്ഷേ ആ ഫലിതത്തിൽ പങ്കുചേർന്ന് കണ്ടില്ല. സന്ദർശിക്കുന്ന രാജ്യങ്ങളുടെ എണ്ണംപറഞ്ഞു സന്തോഷിക്കുന്ന യാത്രികരുടെ തലമുറ കഴിഞ്ഞുപോയി എന്നുതോന്നുന്നു.

തിരിച്ച് സൂറിക്കിലെത്തുമ്പോൾ മഴക്കോളൊഴിഞ്ഞിരുന്നു.

- തുടരും -