2011, ഡിസംബർ 29, വ്യാഴാഴ്‌ച

കബനിയുടെ കരയില്‍ - ആറ്

ഒന്നാം ഭാഗം
അഞ്ചാം ഭാഗം

"ഹൃദയത്തെ കുതിച്ചുചാടിക്കുന്ന ഒരു പ്രകൃതിദൃശ്യത്തിന് മുന്‍പിലെത്തിയാല്‍, ചുറ്റും നോക്കി "എന്താണിവിടെ?" എന്ന് ചോദിക്കുന്നവര്‍ ധാരാളമുണ്ട്. അതവരുടെ കുറ്റമല്ല. അവരുടെ മനസ്സില്‍ അങ്ങിനെയൊരു വാതില്‍ തുറന്നിട്ടില്ല - അത്രതന്നെ. അവരുടെ ജീവിതങ്ങള്‍ സന്തോഷകരമായി മുന്നോട്ടു പോവുകയും ചെയ്യും. പക്ഷെ, ആ വാതില്‍ തുറന്നു കിട്ടുന്നവരുടെ ജീവിതങ്ങള്‍ക്ക് ഒരു പ്രത്യേക ഐശ്വര്യം ലഭിക്കുന്നു"
- സക്കറിയ (മാതൃഭൂമി ആഴ്ചപതിപ്പ് - പുതുവത്സര പതിപ്പ്, 2012) 

മഴ പെയ്തു തോര്‍ന്ന പ്രഭാതങ്ങള്‍ക്ക് ഒരു മാസ്മരികതയുണ്ട്. നനവിന്റെ പച്ചയിലൂടെ ഊര്‍ന്നുവരുന്ന സുവര്‍ണ്ണ രശ്മികള്‍ വിരിച്ചിടുന്ന ഒരഭൌമ ലോകം. മുത്തങ്ങ വന്യജീവിസങ്കേതത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ രാവിലെ അവിടെ എത്തേണ്ടതുണ്ട്. മഴനനവുമാറാത്ത നിരത്തിലൂടെ, സുല്‍ത്താന്‍ ബത്തേരിയും കടന്നു ദേശീയപാതയിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. കോഴിക്കോട് - മൈസൂർ ദേശിയപാതയിൽ, സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റർ യാത്രചെയ്താൽ മുത്തങ്ങ സാങ്ച്വറിയുടെ കവാടത്തിലെത്താം. മുത്തങ്ങ എന്ന പേര് പൊതുസമൂഹത്തിന്റെ മുന്നില്‍ സുപരിചിതമാകുന്നത് ജാനുവിന്റെ സമരത്തോടെയാണ്. രണ്ടു പേരുടെ മരണത്തിനിടയാക്കിയ ആ ഭൂമി കയ്യേറ്റത്തിന്റെ ഏതാനും നാളുകളില്‍ ജാനുവും ഗീതാനന്ദനും മാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപെട്ടിരുന്നെങ്കിലും ഇന്ന് അവരെകുറിച്ച് കേള്‍ക്കാനില്ല. കേരളത്തിന്റെ സിവില്‍സമൂഹം, തങ്ങളെ നേരിട്ട് ബാധിക്കാത്ത, ഏതു വിപ്ലവത്തേയും വികടമന്ദഹാസത്തോടെ കവച്ചുകടക്കാന്‍ പര്യാപ്തമാംവിധം ഒരു സ്യൂഡോ ആധുനികതയുടെ ഇടക്കാല സുഖലോലുപതയിലൂടെ കടന്നുപോവുകയാണെന്ന് ആ ഒറ്റ സമരം കൊണ്ട് ജാനുവും മനസ്സിലാക്കിയിരിക്കുന്നു എന്ന് വേണം കരുതാന്‍.

പടിഞ്ഞാറത്തറയില്‍ നിന്നും മുത്തങ്ങയിലേക്ക് ഞങ്ങള്‍ ഓടിയെത്തുമ്പോഴേക്കും പ്രവേശനകവാടത്തില്‍ അത്യാവശ്യത്തിനു തിരക്കൊക്കെ ആയി കഴിഞ്ഞിരിക്കുന്നു. ടിക്കറ്റെടുത്ത്, ഒരു ജീപ്പും വാടകയ്ക്കെടുത്ത് ഞങ്ങള്‍ സങ്കേതത്തിനുള്ളിലേക്ക് കടന്നു. അവിടെ ലഭ്യമായ ജീപ്പില്‍, ഡ്രൈവറോടൊപ്പം മാത്രമേ അകത്തേക്ക് യാത്ര അനുവദിക്കുകയുള്ളു. അതെന്തായാലും നന്നായി, വനംവകുപ്പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഉള്ളിലെ റോഡിലൂടെ സ്വകാര്യ വാഹനവുമായി പോകുന്നത് വണ്ടിക്കും അതില്‍ സഞ്ചരിക്കുന്ന ആള്‍ക്കാര്‍ക്കും ആത്മഹത്യാപരമായിരിക്കും. യാത്ര തുടങ്ങുമ്പോള്‍ തന്നെ തൊട്ടുമുന്നില്‍ ഒരാന. ഇത്രയും ലഘവത്തോടെയോ കാട്ടാനകള്‍ ഇവിടെ വിഹരിക്കുന്നത് എന്ന് ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഡ്രൈവര്‍ പറഞ്ഞു "ഇതിവിടെ വളര്‍ത്തുന്ന നാട്ടാനയാണ്".1973-ലാണ് മുത്തങ്ങവനമേഖല വന്യജീവിസങ്കേതമായി പരിണമിക്കുന്നത്. ഈ വനത്തിനുള്ളിലെവിടെയോ ആണ് കേരളം കര്‍ണ്ണാടകയുമായും തമിഴ്നാടുമായും ഒന്നിച്ച് അതിര്‍ത്തി പങ്കിടുന്നത്. തമിഴ്നാടിന്റെ മുതുമല സംരക്ഷിതവനമേഖലയും കര്‍ണ്ണാടകയുടെ ബന്ദിപ്പൂര്‍ വനമേഖലയും ഇവിടെ നിന്ന് ആരംഭിക്കുന്നു.

നിരത്തിലൂടെ സഞ്ചരിക്കുന്ന വണ്ടിയിലിരുന്നു വനത്തെ ആസ്വദിക്കുക എന്നത് ലളിതകാല്പനീകവും ഉപരിപ്ലവവുമായ ഒരനുഭവമായാണ് തോന്നുക. മുത്തങ്ങയുടെ നിരത്തോരകാഴ്ചകള്‍ ഒരു കൊടുംകാടിന്റെ വന്യതയൊന്നും നല്‍കുകയുമില്ല. ഹരിതവന്യതയുടെ ഉള്ളിടങ്ങളിലെ സൂക്ഷ്മജീവിതങ്ങളിലാണ് കാടുള്ളത്. നാഗരികതയുടെ സ്പര്‍ശമുള്ള ജീവിതരീതികളുമായി കാട് ഇണങ്ങുകയില്ല. കാടിന്റെ അന്തര്‍ലോകത്ത് ജീവിച്ച് പരിചയിച്ചതുകൊണ്ടല്ല ഈ ദ്വന്ദങ്ങളെ കുറിച്ചുള്ള വിചാരമുണ്ടാവുക. നാഷണല്‍ ജിയോഗ്രഫിക്കിന്റെ ലേഖകരോ നമ്മുടെ എന്‍. എ. നസീറോ ഒക്കെ അനുഭവിച്ച കാടിന്റെ ചിത്രവിവരണാത്മക കണ്ടും വായിച്ചും അറിഞ്ഞതൊന്നും എന്റെ പാര്‍ശ്വവീക്ഷണങ്ങളില്‍ വന്നുപെടുന്നില്ല എന്നതില്‍ നിന്നുമാണ് ഈ ചിന്തയുണ്ടാവുക. കാടിന്റെ വന്യഗര്‍ഭങ്ങളില്‍ ആമഗ്നനാവാനുള്ള ഊര്‍ജ്ജം ഇനി എന്നെങ്കിലും എന്നില്‍ ഉണ്ടാവുമെന്ന് കരുതാനും വയ്യ. ഈ കാട്ടില്‍ ആനയും പുലിയും കാട്ടുപോത്തും മയിലും മാനും മാത്രമല്ല ഉള്ളത്. ഒരു സാധാരണ വഴിയാത്രക്കാരന് കാണാന്‍ സാധിക്കാത്ത ഏതെല്ലാം സൂക്ഷ്മജീവികള്‍, ഇലകള്‍, പൂക്കള്‍, ഉരഗങ്ങള്‍, വള്ളികള്‍, മരംകൊത്തികള്‍ - എണ്ണിയാലൊടുങ്ങാത്ത ജൈവലോകം. ജീപ്പിലിരുന്നു ഞാന്‍ ഇതൊന്നും കണ്ടില്ല. കാടിന്റെ സ്ഥൂലമായ കാഴ്ചയിലൂടെ ജീപ്പ് ഒരു മണിക്കൂറിലധികം കറങ്ങി, കയറിയ സ്ഥലത്ത് തിരിച്ചെത്തി. ഏതാനും മയിലും മാനും മിന്നായം പോലെ നിരത്തുമുറിച്ച് പാഞ്ഞുപോയി. കുറച്ചകലെ കുറ്റികാടുകള്‍ക്ക് മുകളില്‍ ഏതാനും ആനകളുടെ മുകള്‍ ശരീരഭാഗം കണ്ടതായി ഭാര്യയും മക്കളും ഡ്രൈവറും പറഞ്ഞു. കണ്ണടയില്ലാത്താതുകൊണ്ടാവും എനിക്കാഭാഗത്ത് നിശബ്ദമായ കാടിന്റെ പച്ചിലകളും മരത്തണ്ടുകളും മാത്രമേ കാണാന്‍പറ്റിയുള്ളൂ.വയനാട് ജില്ലയിലെ വലിയ പട്ടണമാണ് സുല്‍ത്താന്‍ബത്തേരി. ടിപ്പുസുല്‍ത്താന്‍ ഇവിടുത്തെ പ്രമുഖ ജൈനക്ഷേത്രം തന്റെ ആയുധപുരയായി ഉപയോഗിച്ചതിനാലാണ് ഈ പേര് വന്നതെന്നാണ് ചരിത്രമതം (sultan's battery). ബി. സി. മൂന്നാം നൂറ്റാണ്ടോടെയാണ്‌ ജൈനമതം ദക്ഷിണേന്ത്യയില്‍ എത്തുന്നത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഈ ഭാഗത്ത് ജൈനമതത്തിന് ഏറ്റവും വേരോട്ടമുണ്ടായിരുന്നത് കര്‍ണ്ണാടകത്തിലാണ്. ശ്രാവണബലഗോള ഇന്നും അതിനുള്ള ഉത്തമതെളിവായി ബാക്കിയാവും. പതിനാലാം നൂറ്റാണ്ടോടു കൂടി ജൈനമതത്തിന്റെ പ്രഭാവം ഏറെക്കൂറെ അസ്തമിച്ചു. ഹിന്ദുമതം അതിന്റെ വിവിധങ്ങളായ താത്വിക താര്‍ക്കിക ബലശിഖരങ്ങളോടെ ദക്ഷിണേന്ത്യയെ ഏറെക്കൂറെ അപ്പോഴേക്കും പൂര്‍ണ്ണമായി തന്നെ അധിനിവേശിച്ചു കഴിഞ്ഞിരുന്നു. ഇപ്പോള്‍ കര്‍ണ്ണാടകത്തിനോട് ഏറ്റവും അടുത്തുകിടക്കുന്നതും, ചരിത്രവഴിയിലെ പല രാജഭരണകാലങ്ങളിലും ഇന്ന് അതിര്‍ത്തിക്കപ്പുറത്തുള്ള സ്ഥലങ്ങങ്ങളുടെ ഭാഗവുമായിരുന്ന വയനാടന്‍ പ്രദേശങ്ങളില്‍ ജൈനക്ഷേത്രങ്ങളുടെ ശേഷപത്രങ്ങള്‍ ചിതറികിടക്കുന്നതില്‍ അത്ഭുതമില്ലതന്നെ.

സുല്‍ത്താന്‍ബത്തേരി പട്ടണത്തില്‍ തന്നെയുള്ള, ടിപ്പുസുല്‍ത്താന്‍ തന്റെ ആയുധപ്പുരയാക്കിയ ജൈനക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതുന്നു. മൈസൂറിൽ നിന്നും പശ്ചിമഘട്ടം താണ്ടി കേരളത്തിന്റെ സമതലങ്ങൾ പിടിച്ചടക്കാനിറങ്ങിയ ഹൈദരലിയും ടിപ്പുസുൽത്താനുമൊക്കെ മനുഷ്യമോഹത്തിന്റെ പാരമ്യത വെളിവാക്കും. ആ പടയോട്ടവഴി ആയിരുന്നിരിക്കാവുന്ന ഇന്നത്തെ മൈസൂർ - കോഴിക്കോട് ദേശിയപാതയിൽ നിന്നും ഏതാനും അടിമാത്രം അകലെയായാണ് ഈ ചരിത്രസ്മാരകം താരതമ്യേന ഭേദപ്പെട്ടരീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. എങ്കിലും വലിപ്പമുള്ള ഒരു ദിശാസൂചിക കൃത്യമായി കാണാനാവാത്തതുകൊണ്ട് അതിന്റെ തൊട്ടുമുന്നിൽ നിന്നൽ‌പ്പം ചുറ്റിതിരിഞ്ഞു. ഉച്ചതിരിഞ്ഞ് ഞങ്ങളവിടെ ചെല്ലുമ്പോള്‍ കോളേജു വിദ്യാര്‍ഥികളെന്നു കരുതാവുന്ന ഒരാണ്‍കട്ടിയും പെണ്‍കുട്ടിയും അപ്പുറത്തെ മൂലയ്ക്ക് സല്ലപിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു. അവസരം കാത്തിരുന്നത് പോലെ, ഞങ്ങളെ കണ്ടതും സ്മാരകംസൂക്ഷിപ്പുകാരന്‍ അവരെ അവിടെനിന്നും പറഞ്ഞയച്ചു. സ്വൈര്യസല്ലാപം തടസ്സപ്പെടുത്തിയ ഞങ്ങളെ അവജ്ഞയോടെ നോക്കി കമിതാക്കള്‍ പുറത്തേക്ക് പോയി. ഈ അവധികാലത്ത് വിമാനം പിടിച്ച് നാട്ടിലെത്തിയതിന്റെ മുഖ്യപ്രലോഭനങ്ങളിലൊന്നു വയനാട് കാണുക എന്നതുതന്നെയായിരുന്നു - അതിനാല്‍ യുവസുഹൃത്തുക്കളെ ശല്ല്യമായത് ക്ഷമിക്കുക!


2011, നവംബർ 22, ചൊവ്വാഴ്ച

കബനിയുടെ കരയില്‍ - അഞ്ച്

ഒന്നാം ഭാഗം
നാലാം ഭാഗം

കേരളത്തില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപെട്ടു നടന്നിട്ടുള്ള സമരങ്ങളില്‍ ആദ്യമായി ഉയര്‍ന്നുവരുന്ന പേരുകളില്‍ ഒന്നാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേത്. ബ്രിട്ടീഷുകാരോട് പൊരുതിമരിച്ച ധീരദേശാഭിമാനിയായാണ് പഴശ്ശിരാജ ഓര്‍മ്മിക്കപ്പെടുന്നത്. സര്‍ദാര്‍ കെ. എം. പണിക്കരുടെ 'കേരള സിംഹം' എന്ന നോവല്‍ പഴശ്ശിരാജയുടെ ജീവിതത്തെ അധാരമാക്കിയുണ്ടായ ഒരു കലാസൃഷ്ടിയാണ്. എം. ടി. വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'കേരളവര്‍മ്മ പഴശ്ശിരാജ' എന്ന സിനിമയും ഈ അടുത്തകാലത്ത് വെട്ടംകാണുകയുണ്ടായല്ലോ. പഴശ്ശിരാജയുടെ ചരിത്രത്തിന്റെ പൂര്‍വ്വഭാഗം പക്ഷെ ബ്രിട്ടീഷുകാരുമായുള്ള ചങ്ങാത്തത്തിന്റെ കൂടിയായിരുന്നു എന്നത് പലപ്പോഴും നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കാറുണ്ട്. സി. വി. രാമന്‍പിള്ളയുടെ ചരിത്രാഖ്യായികകള്‍ തിരുവിതാംകൂറിന്റെ ചരിത്രമായി പൊതുസമൂഹത്തിന്റെ ജാഗ്രത്തല്ലാത്ത ഇടങ്ങളില്‍, അവയുടെ പ്രസിദ്ധീകരണത്തിനുശേഷം എക്കാലത്തും നിലനിന്നുപോരുന്നുണ്ട്. ചരിത്രത്തോട് കാര്യമായ പ്രതിബദ്ധത പുലര്‍ത്താത്ത സര്‍ദാര്‍ കെ. എം. പണിക്കരും എം. ടി. വാസുദേവന്‍ നായരും അത്തരത്തില്‍ ഒരു വക്രീകരണം പഴശ്ശിരാജയുടെ കാര്യത്തിലും ബോധപൂര്‍വം ഉണ്ടാക്കിയെടുത്തു എന്നുവേണം അനുമാനിക്കാന്‍. അമാനുഷികമായ ബിംബങ്ങളെ സൃഷ്ടിക്കുക എന്നത് പോപ്പുലര്‍ കലാപ്രവര്‍ത്തനത്തിന്റെ ഭൂമിക കൂടിയാവും.

മാനന്തവാടിയിലെ പഴശ്ശി സ്മാരകം. ഇവിടെയാണ്‌ പഴശ്ശിയെ അടക്കിയിരിക്കുന്നത് 
ഏതെങ്കിലും തരത്തില്‍ പഴശ്ശിരാജയുടെ ജീവിതത്തെയും സമരത്തെയും ലോപമായി കാണുന്നു എന്നൊരു വിവക്ഷ ഈ പറഞ്ഞതിന് ഇല്ലതന്നെ. ഹൈദരലിയുടെ പടയോട്ടകാലത്ത്, രാജാക്കന്മാരും രാജകുടുംബങ്ങളും പ്രഭുക്കന്മാരുമൊക്കെ തിരുവിതാംകൂറിലേക്ക് പലായനം ചെയ്തപ്പോള്‍ നാടുവിട്ട് ഓടിപോകാതെ സാധാരണ ജനങ്ങളോടൊപ്പംനിന്ന്, ഇരുപത്തിയൊന്നാമത്തെ വയസ്സില്‍, അവര്‍ക്ക് നേതൃത്വം കൊടുത്ത ധീരനായിരുന്നു പഴശ്ശിരാജ. പില്‍ക്കാലത്ത് ബ്രിട്ടീഷുകാരെപ്പോലും അമ്പരപ്പിക്കും വിധം താഴേതട്ടിലുള്ള ജനവിഭാഗത്തിന്റെ ക്രമാതീതമായ പിന്തുണ പഴശ്ശിരാജയ്ക്ക് ലഭിച്ചതിന്റെ കാരണം ആപല്‍ഘട്ടത്തില്‍ അവരോടൊപ്പം നിന്ന് എല്ലാ ദുരന്തങ്ങളെയും നേരിടാനും അതിനെതിരെ സമരം ചെയ്യാനും കാണിച്ച ധൈര്യം തന്നെയായിരുന്നു. ടിപ്പുവിനെതിരെ പൊരുതാന്‍ ബ്രിട്ടീഷുകാരെ കൂട്ടുപിടിച്ച പഴശ്ശി (തിരിച്ചും) ടിപ്പുവിന്റെ കാലശേഷം അവര്‍ക്കെതിരെ തിരിയുന്നതിന്റെ വ്യക്തിപരവും സാമൂഹികവും ആയ അന്വേഷണങ്ങള്‍ ആഴത്തിലേക്ക് പോയിട്ടില്ല. യൌവ്വനാരംഭത്തില്‍ തന്നെ യുദ്ധത്തിലേക്കും ഒളിപ്പോരുകളിലേക്കും എടുത്തെറിയപ്പെട്ട പഴശ്ശിയുടെ ജീവിതം മുഴുവന്‍ ആ അവസ്ഥ തുടരുന്നത് കാണാം. ചെറിയ കാരണങ്ങള്‍കൊണ്ട് തന്നെ സമരരീതിയിലേക്ക് തിരിയുന്ന മാനസികാവസ്ഥ ഒരു war loard - ന്റെതാണ്. മൈസൂര്‍ പടയ്ക്കെതിരെ തങ്ങളോടൊപ്പം നിന്ന പഴശ്ശിക്കു യുദ്ധാനന്തരം അധികാരം നല്‍ക്കാതെ, അദ്ദേഹത്തിന്റെ അമ്മാവന് നല്‍കിയതില്‍ ബ്രിട്ടീഷുകാര്‍ക്ക് സാമൂഹികമായ ചില ന്യായവാദങ്ങള്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. വില്യം ലോഗന്‍ 'മലബാര്‍ മാന്വലി'ല്‍ കേരളത്തിലെ ശിക്ഷാരീതികളെ കുറിച്ച് എഴുതുന്നിടത്ത് ഇങ്ങിനെ പരാമര്‍ശിച്ചു കാണുന്നു: "ആളുകളെ ജീവനോടെ കഴുവില്‍ കയറ്റുന്നതും അപൂര്‍വ്വമായിരുന്നില്ല. 1795  ജൂണില്‍ ബ്രിട്ടീഷ് വിരുദ്ധ ലഹളകളുടെ തലവനായിരുന്ന പഴശ്ശി(പൈച്ചി)യുടെ ഉത്തരവിന്‍ പ്രകാരം, കോട്ടയം താലൂക്കില്‍ പെട്ട വെങ്ങോട് ഒരു നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുറ്റമാരോപിച്ചു, നാമമാത്രമായ വിചാരണ നടത്തി രണ്ടു മാപ്പിളമാരെ ഈ വിധത്തില്‍ കഴുവേറ്റുകയുണ്ടായി".

സ്മാരകത്തിൽ ആലേഖനം ചെയ്തിരിക്കുന്ന പഴശ്ശിയുടെ രൂപം
പുല്‍പ്പള്ളിക്കടുത്ത് മാവിലത്തോട്‌ എന്ന ചെറിയ നദിയുടെ കരയില്‍ വച്ചാണ് 1805 നവംബര്‍ 30-നു ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ്‌ പഴശ്ശിരാജ മരിക്കുന്നത്. പഴശ്ശിക്കെതിരെ പടനയിച്ച തോമസ്‌ ബാബര്‍ എന്ന പരന്ത്രീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്‍റെ ശവശരീരം മാനന്തവാടിയില്‍ കൊണ്ടുവന്ന് രാജകീയ ബഹുമതികളോടെ സംസ്കരിച്ചു. പഴശ്ശിയോടൊപ്പം ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ രോഗിണിയായ ഭാര്യയേയും ബാബര്‍ വേണ്ടുന്ന പരിഗണനകള്‍ നല്‍കിയാണ് ആനയിച്ചതെന്നു ചരിത്രം സൂചിപ്പിക്കുന്നു.  പഴശ്ശിരാജയുടെ ആദ്യഭാര്യയാണ് അപ്പോള്‍ കൂടെ ഉണ്ടായിരുന്നതെന്ന് പല ചരിത്രപരാമര്‍ശനങ്ങളും ഉണ്ടെങ്കിലും എം. ടി. യുടെ കഥയില്‍ അത് രണ്ടാം ഭാര്യയായ കൈതേരി മാക്കം ആയി മാറുന്നു.

പഴശ്ശിയെ സംസ്കരിച്ച സ്ഥലത്ത് നട്ട മരം നിന്നിരുന്ന ഭാഗം
മാനന്തവാടി പട്ടണത്തില്‍ തന്നെ ജില്ലാ ആശുപത്രിക്കടുത്തായി ഒരു ചെറിയ കുന്നിനു മുകളില്‍ പഴശ്ശിയെ സംസ്കരിച്ച സ്ഥലത്താണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്. പഴശ്ശിയെ സംസ്കരിച്ചിടത്ത് ഒരു മരംനട്ടിരുന്നുവത്രേ. ഇന്ന് ആ മരം ഇല്ല. ആ മരം നിന്ന ഭാഗം വെട്ടുകല്ലുകള്‍ കൊണ്ടുള്ള ഒരു വൃത്തനിര്‍മ്മിതിയില്‍ മണ്‍ഡപത്തിനകത്തായി സംരക്ഷിച്ചിരിക്കുന്നത് കാണാം, ചുറ്റും വൃത്തിയുള്ള ചെറിയൊരു ഉദ്യാനവും. മണ്‍ഡപത്തിന്റെ ചുമരില്‍ ആലേഖനം ചെയ്തിരിക്കുന്ന പഴശ്ശിരാജയുടെ ചിത്രത്തിന് പക്ഷെ യഥാര്‍ത്ഥ ചരിത്രവ്യക്തിയുമായി സാമ്യം ഉണ്ടോ എന്നത് സംശയാസ്പദമാണ്. മീശയും താടിയും വച്ച ഒരു കുറിയ മനുഷ്യനായാണ് പഴശ്ശിരാജയെ നേരിട്ട് കണ്ടിട്ടുള്ളവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മമ്മൂട്ടിയുടെ ആകാരസൌഷ്ടവത്തിലേക്ക് അതിനെ വിന്യസിപ്പിക്കാന്‍ വയ്യ.    

വീരക്കല്ല്
'കേരള സിംഹം' എന്ന നോവലില്‍ ഒരു ഭാഗത്ത് ഇങ്ങിനെ കാണാം: "വഴിയോ പകല്‍ തന്നെ വളരെ ആപല്‍ക്കരമായത്. രാത്രിയാണെങ്കില്‍ ചോദിക്കേണ്ടതുണ്ടോ? കയ്യില്‍കിട്ടുന്നവരെ പിടിച്ച് അടിമകളായി വില്‍ക്കുന്ന ഏര്‍പ്പാട് അക്കാലത്ത് നിലനിന്നിരുന്നു. കുഞ്ഞിക്കോയ എന്ന പ്രബലനായ മരയ്ക്കാരുടെ ആളുകള്‍ ഇതിലേയ്ക്കായി നാട്ടുംപുറങ്ങളില്‍ സഞ്ചരിച്ചു വിജനപ്രദേശങ്ങളിലോ രാത്രിയിലോ കാണുന്നവരെ പിടിച്ചുകൊണ്ട് പോകുന്ന ഭയങ്കര വൃത്താന്തം എല്ലാവര്‍ക്കും അറിയാവുന്നതായിരുന്നു". അക്കാലഘട്ടത്തിലെ വഴിയാത്രകള്‍ എത്തരത്തിലുള്ളതായിരുന്നു എന്ന് സൂചനതരും ഈ വരികള്‍. വിജനപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന യാത്രാസംഘങ്ങളെ ആയുധധാരികളായ നായര്‍പടയാളികള്‍ അനുഗമിച്ചിരുന്നു. യാത്രാമദ്ധ്യേ കൊള്ളക്കാരുമായുള്ള ഏറ്റുമുട്ടലുകള്‍ കുറവായിരുന്നില്ല. അത്തരം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന നായര്‍പടയാളികളുടെ സ്മരണാര്‍ത്ഥം ചെറിയ ശിലകള്‍ നാട്ടുമായിരുന്നത്രേ. അവയെ വീരക്കല്ലുകള്‍ എന്നാണ് പറഞ്ഞിരുന്നത് - നമ്മുടെ കാലത്തെ രക്തസാക്ഷിമണ്‍ഡപങ്ങളുടെ പൂര്‍വ്വരൂപങ്ങള്‍ എന്ന് പറയാന്‍ സാധിക്കുമായിരിക്കും. പഴശ്ശികുടീരത്തിന് താഴെയായി സജ്ജീക്കരിച്ചിട്ടുള്ള ചെറിയൊരു മ്യൂസിയത്തിനുള്ളില്‍ ഇത്തരം വീരകല്ലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

(തുടരും)

2011, നവംബർ 14, തിങ്കളാഴ്‌ച

കബനിയുടെ കരയില്‍ - നാല്

ഒന്നാം ഭാഗം

ചിലര്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നേയില്ല. ചിലര്‍ യാത്രകളും ദേശാന്തരകാഴ്ചകളും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അതിനു വേണ്ടിവരുന്ന മുന്നൊരുക്കങ്ങളുടെ ബുദ്ധിമുട്ടുകളും മറ്റു മുന്‍ഗണനാപരിഗണനകളും മൂലം അധികം യാത്രചെയ്യുന്നില്ല. വളരെ കുറച്ചുപേര്‍ മാത്രമാണ് ഒരു ഉള്‍വിളിപോലെ വീണ്ടും വീണ്ടും ഭാണ്ഡവും പാഥേയവും എടുത്തു ദേശങ്ങള്‍ താണ്ടുന്നത്. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുവന്ന അവധിക്ക് മലയാറ്റൂര്‍ പള്ളിയിലേക്ക് പെരുന്നാളുകൂടാന്‍ പോയതാണ് ഒറ്റയ്ക്കുള്ള ആദ്യത്തെ ദൂരസഞ്ചാരം. കൌമാരത്തിന്റെയും യൌവ്വനാരംഭത്തിന്റെയും സ്വാതന്ത്ര്യാവേശങ്ങളില്‍ പിന്നെ ഏറെ അലഞ്ഞു. അവയൊന്നും പക്ഷെ യാത്രയ്ക്കുവേണ്ടിയുള്ള യാത്രകളായിരുന്നില്ല. സൌഹൃദത്തിന്റെ തീവ്രവൈകാരികതയില്‍ കുടിച്ചും മദിച്ചും ചെയ്ത യാത്രകളായിരുന്നു പലതും, പ്രണയവും ലഹരിയും കവിതയും പാട്ടുമൊക്കെയായി സമ്മിശ്രമായ വൈകാരികതകള്‍ വഴിനടത്തിച്ചുകൊണ്ടുപോയവ. മരണത്തിന്റെ വക്കോളമെത്തുന്ന അപകടങ്ങളില്‍ അവിചാരിതമായി ചെന്നുചാടിയിട്ടുണ്ടെങ്കിലും, ഇത്രയും ആമുഖമായിപ്പറഞ്ഞത്‌, ഞാന്‍ ഒരു കാലത്തും സാഹസികനായ സഞ്ചാരി ആയിരുന്നിട്ടില്ല എന്ന് സൂചിപ്പിക്കാനാണ്. തിരുനെല്ലിക്കുള്ള വഴിയില്‍ കാടിന്റെ നിബിഡതയില്‍ ഒരു കൊമ്പനെ ഒറ്റയ്ക്ക് കണ്ടപ്പോള്‍, കുറച്ചുകൂടി അടുത്തേയ്ക്കുചെന്ന് ഫോട്ടോ എടുക്കാം എന്ന് ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും പിന്‍വലിഞ്ഞത് ഞാനാണ്. ഈ ആന വളരെ ദൂരെയായിരുന്നു. പക്ഷെ കണ്ണില്‍ പെടാതെ മറ്റൊരെണ്ണം, അല്ലെങ്കില്‍ ഒരു കൂട്ടം തന്നെ, അടുത്തെവിടെയെങ്കിലും ഞങ്ങളുടെ ചലനങ്ങള്‍ നോക്കി നില്‍പ്പുണ്ടെങ്കില്‍..., വേണ്ട, ഞാന്‍ വണ്ടിയുടെ വേഗതകൂട്ടി. വയനാടന്‍കാടിന്റെ വന്യതകള്‍ എന്‍. എ. നസീറിനു തന്നെ...!

അങ്ങ് ദൂരെ ഒരു കൊമ്പൻ...
മാനന്തവാടിയിൽ നിന്നും തോൽപെട്ടിയിലേക്കുള്ള വഴിയിലൂടെ ഇരുപതുകിലോമീറ്ററോളം സഞ്ചരിച്ചതിനു ശേഷം ഇടത്തേയ്ക്ക് തിരിയണം തിരുനെല്ലിയിലേക്ക്. പരിസരം പരിചയമില്ലാത്ത, ദൂരയാത്രചെയ്തുവരുന്ന സഞ്ചാരികൾക്ക് സംരക്ഷിതവനത്തിനുള്ളിലുള്ള ഈ കവലയിൽ വഴിതെറ്റുക സ്വാഭാവികം. അതിനാൽ ഈ കവലയുടെ പേര് ‘തെറ്റ് ജങ്ക്ഷൻ’ എന്നത്രേ. കുറച്ചുനാളുകൾക്ക് മുൻപ്, മടിക്കേരിയിലേക്കുള്ള യാത്രയിൽ ഞങ്ങളും ഇവിടെ വഴിതെറ്റി തിരുനെല്ലി ഭാഗത്തേയ്ക്ക് സഞ്ചരിച്ചിരുന്നു. ചില ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തമായ, അതിരുചികരമായ ഉണ്ണിയപ്പം ഉണ്ടാക്കുന്ന ചായക്കട ഈ കവലയിലാണ്. വനമധ്യത്തിലുള്ള ഏകസ്ഥാപനമാണത്.

തിരുനെല്ലി ക്ഷേത്രം
ബ്രഹ്മഗിരിയുടെ ചാരേ, ശരണാര്‍ദ്ധികള്‍ക്ക് പാപനാശിനിയായി തിരുനെല്ലി ക്ഷേത്രം. ക്ഷേത്രത്തിന്റെ കാലപ്പഴക്കം അവ്യക്തമത്രേ. എന്നാല്‍ ഒരുകാലത്ത് തിരുനെല്ലിക്ഷേത്രത്തിന് ചുറ്റും സജീവമായ ഒരു ജനപഥം ഉണ്ടായിരുന്നു എന്നാണു ചരിത്രമതം. ഇന്ന് വയനാടിലെ പട്ടണങ്ങള്‍ ആയി അറിയപ്പെടുന്ന പല സ്ഥലങ്ങളും ഉരുത്തിരിഞ്ഞുവരുന്നതിന് മുന്‍പ് തിരുനെല്ലി ഈ ഭാഗത്തെ പ്രധാനപ്പെട്ട ഒരു ദേശമായിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നുണ്ട്. എ. ഡി പത്താം നൂറ്റാണ്ടിൽ ചേര രാജാവായിരുന്ന ഭാസ്കരരവിവർമ്മ ഒന്നാമന്റെ കാലത്ത് ഇവിടം ജനനിബിഡമായ ഒരിടമായിരുന്നതായി സൂചനകളുണ്ട്. പതിനാറാം നൂറ്റാണ്ടുവരെ ഈ നില തുടർന്നിരുന്നുവത്രെ. ക്ഷേത്രവുമായി ബന്ധപെട്ടുള്ള ഐതീഹ്യങ്ങളും കഥകളും ഒക്കെ തന്നെ ഈ പ്രദേശത്തിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നുണ്ട്. മണ്മറഞ്ഞ ഏതാനും സമീപഗ്രാമങ്ങളുടെ അവശിഷ്ടങ്ങള്‍ ഉല്ഖനനത്തിലൂടെ കണ്ടെടുത്തിട്ടുമുണ്ട്. പതിനഞ്ചു നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്തേയ്ക്ക് ക്ഷേത്രചരിത്രം നീട്ടാമെങ്കിൽ അക്കാലത്ത് കേരളത്തിന്റെ പ്രദേശത്ത്‌ സമ്പുഷ്ടമായിരുന്ന ജൈന, ബുദ്ധ മതങ്ങളുടെ ആവേശം ഈ ആരാധനാലയത്തെ ബാധിച്ചിരുന്നില്ല എന്ന് കരുതാനാവുമോ? ക്ഷേത്രത്തിന്റെ ഒരു ഭാഗമായ കരിങ്കല്‍നിര്‍മ്മിതി സമീപദേശങ്ങളിലുള്ള ജൈനക്ഷേത്രങ്ങളോട് സാമ്യം പ്രകടിപ്പിക്കുന്നതുപോലെ അനുഭവപ്പെടും. സനാതനധര്‍മ്മത്തിന്റെ വ്യാപനം ഉണ്ടായത് എന്തായാലും അതുകഴിഞ്ഞാണല്ലോ.

ഒരു ഭാഗത്തെ കൽനിർമ്മിതി ജൈനക്ഷേത്രങ്ങളോട് സാമ്യംകാണിക്കുന്നതു പോലെ...
ഞങ്ങള്‍ ചെല്ലുമ്പോള്‍ ക്ഷേത്രപരിസരം ഏറെക്കൂറെ വിജനമായിരുന്നു. ഒരു ചെറുപ്പക്കാരന്‍ മാത്രം ക്യാമറയും തൂക്കി അലസമായി അലയുന്നുണ്ടായിരുന്നു. ക്ഷേത്രപുനരുദ്ധാരണത്തിന് സംഭാവന ഉണ്ടെന്ന് എഴുതിവച്ചിരിക്കുന്നത് കണ്ടെങ്കിലും കൊടുത്ത കാശില്‍നിന്നും ക്യാമറയ്ക്കുള്ള തുച്ഛമായ തുക എടുത്തിട്ട് ബാക്കി തിരിച്ചുതരികയാണുണ്ടായത്. പ്രശസ്തമായ ക്ഷേത്രത്തിന് അല്‍പ്പം പുനരുദ്ധാരണം ആവാം എന്നുതന്നെ തോന്നി, അതിന്റെ ശോച്യാവസ്ഥ പുറത്തു നിന്ന് കണ്ടപ്പോള്‍. ചരിത്രപരമായി ഏറെ വിവക്ഷകളുള്ള പഴയതെല്ലാം ഇടിച്ചുനിരത്തി ആധുനികമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക എന്നതല്ല, സംസ്ക്കാരത്തിന്റെ സ്മാരകങ്ങള്‍ നശിച്ചുപോകാതെ തനിമയോടെ സൂക്ഷിക്കുക എന്നതായിരിക്കണം ഉദ്ധാരണങ്ങള്‍.

ബ്രഹ്മഗിരിക്കുന്നിന്റെ താഴെ...
ക്ഷേത്രത്തിന് ഉള്ളിലേക്ക് ഹിന്ദുമതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് പ്രവേശനമില്ല എന്ന് പറഞ്ഞുകേട്ടിട്ടുള്ളതിനാല്‍, ക്ഷേത്രത്തെ ഒന്ന് പ്രദക്ഷിണംവച്ച് കണ്ടതിനുശേഷം പഞ്ചതീര്‍ത്ഥ, നിമഞ്ജന, പാപനാശിനി കടവുകളിലേക്ക് നടന്നു. ഒര്‍ഹാന്‍ പാമുക്കിന്റെ 'സ്നോ' എന്ന നോവലില്‍, പഴയ കമ്മ്യൂണിസ്റ്റും, ജര്‍മ്മന്‍ ജീവിതകാലത്ത് ലിബറലും, തുര്‍ക്കിയിലേക്കുള്ള മടങ്ങിവരവില്‍ ഇസ്ലാമിസ്റ്റുകളോട് അനുഭാവത്തോടെ പെരുമാറുകയും ചെയ്യുന്ന നായകനായ കായുടെ സങ്കീര്‍ണമായ സ്വഭാവം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ കാമുകിയായ ഐപെക്കിന്റെ അച്ഛന്‍ അയാളോട് ചോദിക്കുന്നുണ്ട് - എന്താണ് താങ്കളുടെ വിശ്വാസം? കായെ ഏറെക്കൂറെ മനസ്സിലാക്കികഴിഞ്ഞ ഐപെക്കാണ് അതിനു മറുപടി പറയുന്നത് - കാ ഒന്നിലും വിശ്വസിക്കുന്നില്ല. പോപ്പുലറായ ഏതെങ്കിലുമൊക്കെ ദര്‍ശനങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്ക് പ്രവേശനംലഭിക്കുന്ന സ്ഥലങ്ങളുടെ വൃത്തം എക്കാലത്തും ചെറുതായിരുന്നു എന്ന് തോന്നുന്നു.

ക്ഷേത്രത്തിന്റെ മുൻഭാഗം
പ്രദേശത്ത് സുലഭമായിരുന്ന നെല്ലിമരങ്ങളാവാം സ്ഥലനാമത്തിന്റെ മൂലഹേതു എന്നു കരുതാം. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ പായല്‍പിടിച്ച കൈവരികളുള്ള കരിങ്കല്‍പടവുകളിലൂടെ ഞങ്ങള്‍ സ്നാനഘട്ടങ്ങളിലേക്ക് നടന്നു. പടികളില്‍, സംഭാവന നല്കിയവരുടെതാവും, പേരുകള്‍ കൊത്തിവച്ചിട്ടുണ്ടായിരുന്നു. പടവുകള്‍ ഇറങ്ങിചെന്നാല്‍ ആദ്യം കാണുന്നത് പഞ്ചതീര്‍ത്ഥമാണ്. മുന്‍കാലത്ത് ബ്രഹ്മഗിരിയില്‍ നിന്നും വന്നുചേരുന്ന അഞ്ചു ഉറവകള്‍ കൊണ്ടാണത്രേ ഈ കുളം ജലസമൃദ്ധമായിരുന്നത്‌ - അതിനാല്‍ ഈ പേര്. ഇന്നിപ്പോള്‍ അതില്‍ ഒരെണ്ണം മാത്രമേ കടമ നിറവേറ്റുന്നുള്ളൂ. അതുകൊണ്ട് തന്നെയാവാം കടും പച്ചനിറത്തിലെ പായല്‍ കലര്‍ന്ന തെളിമയില്ലാത്ത ജലം ഈ മഴക്കാലത്തും. മൂലദേവനായ വിഷ്ണുഭഗവാന്റെ പാദപത്മങ്ങള്‍ ആലേഖനം ചെയ്ത ഒരു ശില പഞ്ചതീര്‍ത്ഥത്തിനു നടുവിലായി കാണാം.

വിഷ്ണുഭഗവാന്റെ പാദം
ആത്മബന്ധമുള്ളവര്‍ മരിക്കുക എന്നാല്‍ നമ്മുടെ തന്നെ ആത്മാവിന്റെ ഒരു ചെറുഭാഗം അടര്‍ന്നു പോകുന്നു എന്നാവും. ഒരാളും ഒറ്റയ്ക്ക് നില്‍ക്കുന്നില്ല. അടുത്തുള്ളവരുടെ ജീവിതങ്ങള്‍ കൂടിയാണ് അയാളുടെ അസ്തിത്വത്തെ നിര്‍ണയിക്കുന്നത്. വ്യക്തിസത്ത എന്നത് ആര്‍ജ്ജിതബോധത്തിന്റെ പ്രതിസ്ഫുരണം എന്നതിനോടൊപ്പം നമ്മള്‍ കണ്ടെത്തുന്ന വ്യക്തികളുമായുള്ള ആത്മബന്ധത്തിന്റെ സംപ്രേക്ഷണം കൂടിയാണ്. പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള individualism യുട്ടോപ്പിയയാണ്. അടര്‍ന്നു പോയ സ്വന്തം ആത്മാവിനെ നിമഞ്ജനം ചെയ്യാനെത്തിയവര്‍ അവശേഷിപ്പിച്ച, ദു:ഖഭാരമുള്ള കുടങ്ങള്‍ ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്നു. കാടുതാണ്ടി, ഈ ജലപാതത്തിനരുകിലെത്തി പൊയ്പ്പോയ ആത്മാവിനെ മോക്ഷത്തിലേക്കുയര്‍ത്തിയവരൊക്കെയും ഇപ്പോള്‍ മടങ്ങി വീടുകളില്‍ എത്തിയിട്ടുണ്ടാവും. ദൈനംദിനത്തിന്റെ തിരക്കുകളിലേക്ക് ആഴ്ന്നുപോയിട്ടുണ്ടാവും. എത്രയൊക്കെ നിമഞ്ജനം ചെയ്താലും, ഏതൊക്കെ സംസാരവ്യഗ്രതകളില്‍ വീണുപോയാലും, തീവ്രനഷ്ടത്തിന്റെ നൊമ്പരങ്ങള്‍ കാലത്തിനു മായ്ക്കാനാവാതെ മനസ്സിന്റെ ജലപ്രതലത്തിലേക്ക് വരാലുകളെപ്പോലെ ഇടയ്ക്കൊക്കെ ഉയര്‍ന്നുവരും, ഹൃദയത്തിന്റെ ധമനികളില്‍ കൊത്തിവലിക്കും....

നിമഞ്ജനത്തിന്റെ അവശിഷ്ടങ്ങൾ...
പാപനാശിനി വലിയൊരു നദിയൊന്നുമല്ല. ചെറിയൊരു കാട്ടുചോല. അതില്‍ മുങ്ങികുളിച്ചാല്‍ ഇതുവരെയുള്ള പാപങ്ങളൊക്കെ കഴുകികളയാം. ഗംഗ മുതല്‍ കന്യാകുമാരി വരെ, മുങ്ങികുളിച്ചാല്‍ അറ്റുപോകുന്ന പാപങ്ങളുടെ പുണ്യവുമായി നദികളും കടലുകളുമുണ്ട് . ഹൈന്ദവ ആധ്യാത്മികതയുടെ പാപപരിഹാരബലിയാണ് ഈ മുങ്ങികുളികൾ. അതില്‍ അപാരമായ പ്രകൃതിയോടുള്ള ആരാധനയും ഭയവും നിഴലിക്കുന്നു. പ്രവാചകന്മാരില്‍ നിന്നും ഉത്ഭവിക്കാത്ത എല്ലാ നോൺ-സെമറ്റിക് മതങ്ങളിലും ഇത്തരം പ്രകൃത്യോപാസനയുടെ ആചാരങ്ങള്‍ കാണാം. പ്രകൃതിയേയും ദൈവത്തെയും സമപ്പെടുത്തുന്ന ഒരുപാട് ആചാരവിശ്വാസങ്ങൾ. ഇവിടെ പക്ഷെ മുങ്ങികുളിക്കുള്ള ആഴമൊന്നും കണ്ടില്ല. വേണമെങ്കില്‍ ഒന്ന് കാലുനനയ്ക്കാം എന്നുമാത്രം. നന്മതിന്മകളുടെ അതിര്‍ത്തി പലപ്പോഴും അവ്യക്തമാവുകയാൽ, പാപനാശിനിയുടെ കടവിലേക്കിറങ്ങാന്‍ ബദ്ധപ്പെട്ടില്ല. കുപ്പിച്ചില്ലുകള്‍ ഉണ്ട്, കാല് മുറിയാതെ സൂക്ഷിക്കണം എന്ന അപായസൂചനയും. അത് വകവയ്ക്കാതെ ഭാര്യ നഗ്നപാദയായി തന്നെ കടവിലെ ഒഴുക്കിലേക്കിറങ്ങി, പ്രതീക്ഷിച്ചതുപോലെ കാലുമുറിച്ച് ഏതാനും തുള്ളി രക്തം കൂടി ആ പ്രവാഹത്തിലര്‍പ്പിച്ചു. അവധി കഴിഞ്ഞു മടങ്ങുന്നതു വരെ ആ മുറിവ് അവളെ അലോസരപ്പെടുത്തികൊണ്ടിരുന്നു.

പാപനാശിനി
മടക്കയാത്ര. കാട്ടിലെ വഴി വിജനമാണ്. അപൂര്‍വമായി പോലും വാഹനങ്ങള്‍ കടന്നു പോകുന്നില്ല. മുളങ്കാടുകളില്‍ കാറ്റുപിടിക്കുന്ന ശബ്ദവീചികൾ. കിളികളുടെ കലപില. ഞങ്ങളുടെ വാഹനം കടന്നുപോകുന്നതിന്റെ പ്രതിധ്വനി അതിനെല്ലാം മുകളില്‍ അരോചകമായി... പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കാടിന്റെ ഏകാന്തത ഓര്‍ക്കാവുന്നതേയുള്ളൂ. നക്സലൈറ്റുകള്‍ തിരുനെല്ലിക്കാടുകള്‍ തിരഞ്ഞെടുത്തതില്‍ അത്ഭുതമില്ല. അന്ന് ഈ കാടുകള്‍ക്കുള്ളിലിരുന്ന് വിപ്ലവം സ്വപ്നംകണ്ടവരൊക്കെ ഇന്ന് താഴ്വാരങ്ങളിലെ നാട്ടിടങ്ങളില്‍ ജനാധിപത്യത്തിന്റെയും മതപ്രബോധനങ്ങളുടെയും വ്യവസ്ഥാപിത സാമൂഹികപ്രവര്‍ത്തനങ്ങളുടെയും സ്നാനപ്പെട്ട പ്രവാചകരായി മാറികഴിഞ്ഞിരിക്കുന്നു. പക്ഷെ മറ്റൊരു തലമുറ മറ്റൊരു കാലത്തില്‍ നിന്നും ഈ കാട്ടിടവഴികളില്‍ അലയുന്നുണ്ടാവുമോ? ചില പത്രവാര്‍ത്തകള്‍ അങ്ങിനെ ചില സൂചനകള്‍ ഇടയ്ക്കിടയ്ക്ക് തരുന്നുണ്ട്. ഒന്നിനും വ്യവസ്ഥയില്ലാത്ത ഈ കാലത്ത് പക്ഷെ ഒരു വിപ്ലവചിന്തയും മോഹിപ്പിക്കുന്നില്ല...

മടക്കയാത്രയിൽ, ഒരു കുരങ്ങൻ ഞങ്ങുടെ പിറകേ...
സാധാരണ വഴിയരുകില്‍ കാണുന്നവയില്‍ നിന്നും വ്യത്യസ്തനായ കപ്പൂച്ചിന്‍ വിഭാഗത്തില്‍ പെട്ടെത് എന്ന് തോന്നിക്കുന്ന ഒരു കുരങ്ങന്‍ തനിച്ച് കുറച്ചുദൂരം ഞങ്ങളെ പിന്തുടര്‍ന്നു...

(തുടരും)

2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

കബനിയുടെ കരയില്‍ - മൂന്ന്

ഒന്നാം ഭാഗം
രണ്ടാം ഭാഗം

കോഴിക്കോട് ജില്ലയുടെയും കണ്ണൂര്‍ ജില്ലയുടെയും ഭാഗങ്ങള്‍ സംയോജിപ്പിച്ച് 1980 - ല്‍ രൂപികരിച്ചതാണ് വയനാട് ജില്ല. തമിഴ്നാടുമായും കര്‍ണ്ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല എന്ന പ്രത്യേകത വയനാടിനുണ്ട്. 'മായക്ഷേത്രം' എന്ന പുരാതനമായ പേര് 'മായനാടെന്നും' പിന്നീട് 'വയനാടെ'ന്നും പരിണമിച്ചു എന്നതാണ് സ്ഥലനാമത്തെ കുറിച്ചുള്ള ഒരു വിശദീകരണം. വയലുകളുടെ നാട് എന്ന അര്‍ത്ഥത്തില്‍ വയനാട് എന്നതും ലളിതമായ മറ്റൊരു വിശദീകരണമാവുന്നു. ക്രിസ്തുവിനു 5000 വര്‍ഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന നവീനശിലായുഗത്തിലെ ഗോത്രസമൂഹങ്ങളുടെ ലിഖിതങ്ങള്‍ ഈ മണ്ണില്‍ ചരിത്രകാരന്‍ കണ്ടെത്തിയിട്ടുണ്ടത്രേ. ഹൊയ്സാല, വേദാര്‍ രാജാക്കന്മാരില്‍ തുടങ്ങി കോട്ടയം, കുറുംബ്രനാട്, മലബാര്‍ രാജാക്കന്മാരുടെ അധീനതയിലൂടെ വയനാടിന്റെ ചരിത്രം സമകാലത്തിലേക്കെത്തുന്നു. ടിപ്പുവിന്റെ അധിനിവേശ നാളുകളില്‍ കുറുംബ്രനാട് ബ്രിട്ടീഷുകാരോടൊപ്പം നിന്നു. ടിപ്പുവിന്റെ പതനാനന്തരം വയനാട് ശീമക്കാരുടെ കയ്യിലായപ്പോള്‍ അതില്‍ വിയോജിച്ച കേരളവര്‍മ്മ പഴശ്ശിരാജയുടെ വിപ്ലവകഥ അനേകം സാഹിത്യ കലാ സംപൂരണങ്ങളിലൂടെ ഇന്നൊരു മിത്തായി മാറിയിട്ടുണ്ട്.

മാനന്തവാടി - കാട്ടികുളം വഴിയാവും കുറുവ ദ്വീപിലേക്ക് പോകാന്‍ നല്ല റോഡുള്ളതെന്ന മുന്നറിവു കിട്ടിയിരുന്നെങ്കിലും, ആ വഴിക്ക് മുന്‍പ് സഞ്ചരിച്ചിട്ടുള്ളതിനാല്‍ പനമരത്ത് നിന്നും തിരിഞ്ഞ് ദസനക്കര വഴി പോകാമെന്ന് തീരുമാനിച്ചു - ഗൂഗിള്‍ എര്‍ത്തിന് നന്ദി. വിചാരിച്ചതിനേക്കാള്‍ മോശമായിരുന്നു വഴി എന്നത് വേറെ കാര്യം. സമയബന്ധിതമായി മുന്‍കൂട്ടി പദ്ധതിചെയ്ത് യാത്രപോകുമ്പോള്‍ മോശം റോഡുകളില്‍ നഷ്ടപ്പെടുന്ന സമയം വിഷമിപ്പിക്കാറുണ്ട്. എങ്കിലും ഇതുവഴി വന്നതുകൊണ്ട് വളരെ ആള്‍താമസം കുറഞ്ഞ വയനാടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാനായി. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല വയനാടാണെന്ന് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ കണക്കുകളുടെ ആവശ്യമൊന്നും ഇല്ലതന്നെ. പനമരത്ത് നിന്നും അധികം അകലയല്ലാതെ പുഞ്ചവയല്‍ എന്ന സ്ഥലത്ത്, റോഡരികില്‍ ഉപേക്ഷിക്കപ്പെട്ടത് പോലൊരു ജൈനക്ഷേത്രം അവിചാരിതമായി കാണുകയുണ്ടായി. ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന സമയത്തിനിടയ്ക്ക് ആ റോഡിലൂടെ ഏതെങ്കിലും വാഹനം കടന്നുപോവുകയോ ആ പ്രദേശത്തേക്ക് ആരെങ്കിലും വരുകയോ ഉണ്ടായില്ല. ഞങ്ങള്‍ക്ക് വേണ്ടി മാത്രമെന്നതുപോലെ ആ പുരാതന ശിലാസമുച്ചയം വിജനതയില്‍ തനിച്ചുനിന്നു. ഈ പൈതൃകസ്മാരകം അവഗണിക്കപ്പെട്ടു കിടക്കുന്നതിനെ കുറിച്ച് ഞാന്‍ പരാതി പറയുന്നില്ല. ഉപേക്ഷിക്കപ്പെട്ട ചരിത്രസ്മാരകങ്ങളെ കുറിച്ച് നിരക്ഷരനെ പോലുള്ള നിരന്തരയാത്രികര്‍ ഒരു പാട് മഷി കളഞ്ഞിട്ടുണ്ട്. എന്നിട്ടോ? നമ്മള്‍ നന്നാവില്ല - അത്ര തന്നെ!

 
വയനാടിലൂടെ തലങ്ങും വിലങ്ങും ഉള്ള യാത്രക്കിടയില്‍ കബനിയേയും അതിന്റെ കൈവഴികളേയും പലയിടത്തുംവച്ച് പിന്തുടരുകയും മുറിച്ചുകടക്കുകയും ഒക്കെ ചെയ്തു. എങ്കിലും കബനിയെ അടുത്തറിയാന്‍ ഏറ്റവും നല്ലത് കുറുവദ്വീപ് തന്നെയാവും എന്നതിന് തര്‍ക്കമുണ്ടാവില്ല. തന്റെ ജലഗര്‍ഭത്തില്‍ ഉരവംകൊണ്ട ഈ ദ്വീപിന്റെ തീരങ്ങളിലാവുമല്ലോ കബനി പൂര്‍ണ്ണരൂപിണിയാവുക. ഒരു നദിക്കു നടുവിലുള്ള ദ്വീപ് ഇതിനു മുന്‍പ് കണ്ടിട്ടുള്ളത്‌ കാവേരിയിലെ നിസര്‍ഗദാമയാണ്. 

ഏകദേശം നാല് ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന കുറുവദ്വീപ് ജനവാസമില്ലാത്തതിനാല്‍ തന്നെ അപൂര്‍വ്വയിനം വൃക്ഷലതാദികളുടെയും പക്ഷിമൃഗങ്ങളുടെയും ആവാസസ്ഥലം കൂടിയത്രേ. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഇതൊന്നും കാണാനും അനുഭവിക്കാനും പറ്റാതെപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. മഴക്കാലത്ത് കുറുവദ്വീപിലേക്ക് പ്രവേശനം ഇല്ലത്രെ. അങ്ങിനെയൊരു നിയമം നിലവിലുള്ളതിനു മതിയായ കാരണം അതുണ്ടാക്കിയവര്‍ക്ക് കാണുമായിരിക്കും. എങ്കിലും മണ്‍സൂണ്‍ വിനോദസഞ്ചാരത്തെ കുറിച്ച് സംസാരിക്കുന്ന ടൂറിസംവിഭാഗത്തിന് ഒരു പുനരാലോചന ആവാം എന്നുതോന്നുന്നു. നദി കവിഞ്ഞ് ഒഴുകുന്നതാണ് കാരണമെങ്കില്‍, അത്തരത്തിലുള്ള കുത്തൊഴുക്കൊന്നും കണ്ടില്ലെന്നതാണ് വാസ്തവം. ദുബാരെ ആനവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് കുതിച്ചുപായുന്ന കാവേരിക്ക് കുറുകനെയാണ് രണ്ടുവര്‍ഷം മുന്‍പത്തെ മണ്‍സൂണ്‍ കാലത്ത് സഞ്ചരിച്ചത്. ആ ഒഴുക്ക് മുതലെടുത്ത്‌ കര്‍ണാടക ടൂറിസം സാഹസികസഞ്ചാരികള്‍ക്കായി റാഫ്റ്റിങ്ങും അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ അപകടങ്ങള്‍ ഏറ്റവും കുറയ്ക്കുക എന്ന ഉദ്ദേശ്യശുദ്ധിയോടുകൂടി ചെയ്ത കാര്യമാവുകയാല്‍ എന്റെ നഷ്ടത്തിന് സാംഗത്യമില്ല. ഇനിയൊരിക്കലാവാം എന്ന വിശ്വാസത്തില്‍ ഇക്കരെനിന്ന് ദ്വീപിന്റെയും നദിയുടേയും പാര്‍ശ്വകാഴ്ചകള്‍ കണ്ടുമടങ്ങി.

മടങ്ങുമ്പോള്‍ അടുത്തായി തന്നെ 'വാല്‍മീകം' എന്ന പേരില്‍ ആകര്‍ഷണീയമായ ഒരു നിര്‍മ്മിതി കണ്ടു. സൊവനീറുകളും മറ്റും വില്‍ക്കുന്ന ഒരു കടയും, മണല്‍ശില്‍പങ്ങളുടെ ഒരു തുറന്ന പ്രദര്‍ശനശാലയും, ഒരു ചെറിയ മ്യൂസിയവുമാണ് അവിടെ ഉണ്ടായിരുന്നത്. സ്വകാര്യസ്ഥാപനം ആണെന്ന് അനുമാനിക്കുന്നു. ആധുനികതയുടെ സ്പര്‍ശമുള്ള ശില്‍പ്പങ്ങളെ അങ്ങിനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ സാംഗത്യം വ്യക്തമായില്ലെങ്കിലും സമയമുണ്ടായിരുന്നതുകൊണ്ട് നടന്നുകണ്ടു. 'ഗാന്ധിഗ്രാമം' പോലുള്ള വയനാടിന്റെ തനതു(?)വ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന പല കടകളും വിനോദസഞ്ചാരികള്‍ എത്താറുള്ള ഇടങ്ങളില്‍ ഇപ്പോള്‍ അധികമായി കാണുന്നുണ്ട്. ആദിവാസികളുടെ ജീവിതവുമായി ഇവയെ ബന്ധിപ്പിച്ചുചെയ്യുന്ന കച്ചവടവിദ്യകളുടെ നിജസ്ഥിതി അവയുടെ ബാഹുല്യം കൊണ്ടുതന്നെ സംശയാസ്പദമാണ്. എങ്കിലും 'ഗാന്ധിഗ്രാമ'ത്തിലെ നാടന്‍ വ്യഞ്ജനങ്ങള്‍ ഭാര്യയുടെ ഒബ്സെഷനാണ്. രാമച്ചത്തിന്റെയും ചന്ദനത്തിന്റെയും സമ്മിശ്രമായ സുഗന്ധലേപനം ഓരോ തവണയും ശരീരത്തില്‍ പുരട്ടുമ്പോള്‍, കാല്പനീകമായ മൂവന്തിയുടെ  ചുമപ്പുവീണ നാട്ടിടവഴികളിലൂടെ നടക്കുന്നനേരത്ത് ശരീരത്തെ ത്രസിപ്പിച്ചിരുന്ന ഇലമണങ്ങളുടെ കൌമാരകാല ഓര്‍മ്മകള്‍ ഉണരും...


2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

കബനിയുടെ കരയില്‍ - രണ്ട്

യാത്രയിലുടനീളം തെറ്റിയും തെറിച്ചും മഴപെയ്തുകൊണ്ടിരുന്നു. ഇടവപ്പാതിയുടെ മദ്ധ്യത്തിലാണ് പലപ്പോഴും നാട്ടിലേക്കുള്ള അവധിയാത്രകള്‍. മക്കള്‍ സ്കൂള്‍വിദ്യാര്‍ഥികള്‍ ആയിരിക്കുന്ന കാലത്തോളം ഈ പതിവ് തെറ്റിക്കാനാവുമെന്നു തോന്നുന്നില്ല. ഗള്‍ഫ് പ്രദേശത്തെ സ്കൂളുകള്‍ക്ക് വേനലവധി ജൂണ്‍-ജൂലായി-ആഗസ്ത് മാസങ്ങളിലാവുകയാല്‍ ആ സമയത്തേയ്ക്ക് മാത്രമേ നാട്ടിലേക്കുള്ള യാത്രകള്‍ നിജപ്പെടുത്താന്‍ സാധിക്കാറുള്ളൂ. സഞ്ചാരത്തിന് നേരിയ തടസ്സങ്ങള്‍ ഉണ്ടായേക്കുമെങ്കിലും നാട്ടിലായിരിക്കാന്‍ ആഗ്രഹിക്കുക മഴക്കാലത്ത് തന്നെയാണ്. മരുഭൂമിയിലിരുന്നു നാടിനെ ഓര്‍ക്കുമ്പോള്‍ ഒക്കെയും മഴനനഞ്ഞുനില്‍ക്കുന്ന പച്ചയുടെ ഓര്‍മ്മകള്‍ മാത്രമേ തെളിയാറുള്ളൂ . തെങ്ങിന്‍ തലപ്പുകള്‍ക്കപ്പുറം, ചക്രവാളസീമയില്‍ കാളക്കൂറ്റന്മാരെപ്പോലെ കരിമേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിന്റെ കാഴ്ച, ഹരിതമണവുമായി എത്തുന്ന നനഞ്ഞ കാറ്റിന്റെ കുളിരുള്ള തഴുകലായി കടലുകള്‍ കടന്നും ശരീരത്തില്‍ പടരും.

മഴപെയ്യുന്ന വയനാടൻ മലനിരകൾ
ബാണാസുരസാഗര്‍ അണക്കെട്ട് കാണുക എന്നതായിരുന്നു വയനാടിലെ ആദ്യ പരിപാടി. കോഴിക്കോട് നിന്ന് വരുകയാണെങ്കില്‍ വൈത്തിരിയില്‍ ഇടത്തേയ്ക്കു തിരിഞ്ഞ് തരുവണയ്ക്കുള്ള വഴിയിലൂടെ ഏതാണ്ട് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാണാസുരസാഗര്‍ അണക്കെട്ടില്‍ എത്താം. പടിഞ്ഞാറത്തറയാണ് അടുത്തുള്ള പ്രമുഖ സ്ഥലം. ഇന്ത്യയിലെ ഏറ്റവും വലിയ മണല്‍ചിറയത്രേ (earth dam) ബാണാസുരസാഗര്‍. മറ്റു അണക്കെട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം വ്യത്യസ്ഥമാണ്‌ കാഴ്ചയില്‍ തന്നെ ഈ ഡാം. ഒരു വശത്തുനിന്ന് ചെളിമണല്‍ ഭീമാകാരമായ രീതിയില്‍ ഉയര്‍ത്തിപ്പൊക്കി നദിയുടെ സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ് ഇവിടെ. കബനിയുടെ കൈവഴിയായ കരമനത്തോട് പുഴയ്ക്കാണ് ഇവിടെവച്ച് അതിന്റെ സ്വാഭാവിക സഞ്ചാരം അവസാനിപ്പിക്കേണ്ടി വന്നത്. കക്കയം ജലവൈദ്യുത പദ്ധതിക്കും ജലസേചനത്തിനും ഒക്കെ ഇവിടെ നിന്നുള്ള വെള്ളം ഉപയുക്തമാകുന്നുണ്ടത്രേ. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ഒഴിവാക്കി ഭൂമിയില്‍ വെട്ടിയ സ്വാഭാവിക ചാലുകളിലൂടെയാണ് ഇവിടെ നിന്നുള്ള ജലം കൊണ്ടുപോകുന്നത്. സാധാരണ അണക്കെട്ടുകളില്‍ കാണുന്ന വലിയ കോണ്‍ക്രീറ്റ് പാളികള്‍ ഒഴിവാക്കിയും പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ഉപയോഗിക്കാതെയും കുറച്ചൊക്കെ പരിസ്ഥിതി സൌഹൃദമായ നിര്‍മ്മാണപ്രവര്‍ത്തനമാണ് ഈ അണക്കെട്ടിന്റേത് എന്ന് ആശ്വസിക്കാം. എന്നാല്‍ അണക്കെട്ടില്‍ നിന്നും അല്‍പ്പംമാറി സ്ഥിതിചെയ്യുന്ന ഷട്ടറുകളുടെ ഭാഗത്ത് കോണ്‍ക്രീറ്റ് എടുപ്പുകള്‍ കാണാം.

ബാണാസുരസാഗർ അണക്കെട്ട് - ഷട്ടർ 
പക്ഷെ അത്തരം ആശ്വാസങ്ങളൊക്കെ ഒരുപാട് പുനര്‍വിചിന്തനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. തീവ്രവാദസ്വഭാവമുള്ള പരിസ്ഥിതിവാദം അഭികാമ്യമല്ലാതിരിക്കുമ്പോള്‍ തന്നെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള അനിയന്ത്രിതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അനുവദിച്ചുകൊടുക്കാവുന്നതല്ല. ഇവ തമ്മിലുള്ള അതിര്‍ത്തി എവിടെയാണ്? സാമൂഹികമായി ചിന്തിക്കുന്ന ഒരു സാധാരണക്കാരനെ കുഴയ്ക്കുന്ന പ്രശ്നപ്രദേശം തന്നെയാണത്. ജലവൈദ്യുതി പദ്ധതികളെ ഒന്നടങ്കം തള്ളികളയാന്‍ ഇതെഴുതികൊണ്ടിരിക്കുന്ന ഈ നിമിഷത്തിന്റെ ആവേശത്തിലും സാധ്യമാവില്ല. ഈ കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ തെളിയാന്‍ വൈദ്യുതി വേണം തന്നെ. സാമൂഹികമായ ഒരു അവബോധത്തിന്റെ വ്യക്തിപരമായ പ്രതിബദ്ധതയില്‍ വിശ്വസിക്കുക എന്നതാണ് പലപ്പോഴും ബാക്കിയാവുന്ന പോംവഴി - എഴുതി കഴിയുന്ന ആ നിമിഷത്തില്‍ തന്നെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുക എന്നതുമാതിരിയുള്ള ചെറിയ ചില വീണ്ടുവിചാരങ്ങള്‍. അത്തരം ചെറിയ പ്രവൃത്തികള്‍ ലോകത്തെ വലിയരീതിയില്‍ സഹനീയമാക്കും എന്ന് കരുതാനാണ്‌ എനിക്കിഷ്ട്ടം.

ബാണാസുരസാഗർ അണക്കെട്ട്
ഡാമിന് താഴെ ഒന്ന് രണ്ടു പെട്ടികടകള്‍ . പലയിടത്തും തേനില്‍ ചാലിച്ച നെല്ലിക്ക കണ്ണാടികുപ്പികള്‍ക്കുള്ളില്‍ കണ്ടു. ഈ ഭാഗത്ത് മാത്രമുള്ളതാണോ, അതോ കേരളത്തിന്റെ ദൈനംദിനങ്ങളില്‍നിന്ന് ഞാന്‍ മാറിപ്പോയതിനുശേഷം ഉണ്ടായിവന്ന തെരുവോര ഭക്ഷണരീതികളില്‍ ഒന്നാണോ എന്നറിയില്ല. പണ്ട്, പറമ്പില്‍ തേങ്ങയിടുമ്പോഴാണ് കരിക്ക് ഒരാഘോഷമാക്കുന്നത്. ഇപ്പോള്‍ ഏതു നിരത്തുവക്കിലും കരിക്കുവില്‍പ്പന തകൃതിയായി നടക്കുന്നത് കാണാം.  ഇളനീരുകൊണ്ട് ദാഹംതീര്‍ക്കുക യാത്രകളിലെ പതിവാണിപ്പോള്‍. നഗരജീവിതത്തിന്റെ രുചിഭേദങ്ങളില്‍ കുട്ടികള്‍ ഇളനീരിനോട് താല്‍പ്പര്യം കാണിക്കാറില്ല. ശീലങ്ങള്‍ രുചിയെ നിര്‍വചിക്കുന്നുണ്ട്. അതില്‍ കാല്പനീകമാകുന്നതില്‍ അര്‍ത്ഥമില്ലെന്നുതോന്നും കുട്ടികള്‍ ഇളനീര്‍ ഒഴിവാക്കി പെപ്സി കുടിക്കുന്നത് കാണുമ്പോള്‍ .

അണക്കെട്ടിൽ നിന്നുള്ള വയനാടൻ മലകളുടെ ദൃശ്യം
ആ കടകള്‍ക്കടുത്തായി അണക്കെട്ടിലേക്കുള്ള പ്രവേശനടിക്കറ്റ് കൊടുക്കുന്ന സ്ഥലം. വേണമെങ്കില്‍ അണക്കെട്ടിന്റെ വശത്തുള്ള പടവുകളിലൂടെ മുകളിലേക്ക് നടന്നുകയറാം. അതിനു പ്രയാസമുള്ളവര്‍ക്ക് മറ്റൊരു വഴിയിലൂടെ ജീപ്പിലും പോകാം, പ്രത്യേകം ടിക്കറ്റ് എടുക്കണമെന്ന് മാത്രം. മഴചാറുകയായിരുന്നതിനാല്‍ ഞങ്ങള്‍ ജീപ്പിലാക്കി യാത്ര. അണക്കെട്ടിനു മുകളിലൂടെ സഞ്ചരിച്ച് അത് നമ്മളെ മറുകരയില്‍ എത്തിക്കുന്നു. അവിടെ ചെറിയ പാര്‍ക്കോ പൂന്തോട്ടമോ എന്നപോലെ ചില നിര്‍മ്മതികള്‍ കണ്ടു. മഴക്കാലം ആയതിനാലാവും അധികം സന്ദര്‍ശകരൊന്നും ആ ഭാഗത്ത് ഉണ്ടായിരുന്നില്ല. അതിനുമപ്പുറം ബോട്ടുജെട്ടി. ഞങ്ങള്‍ക്ക് മുന്‍പേ ജീപ്പില്‍ അവിടെയെത്തിയ കര്‍ണ്ണാടക സംഘം ബോട്ടില്‍ കയറിപോകുന്നത് കണ്ടു. രണ്ട് സ്പീഡ് ബോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരെണ്ണം മാത്രമേ അന്ന് യാത്ര നടത്തുന്നുണ്ടായിരുന്നുള്ളൂ. അതിനാല്‍ പോയ ബോട്ട് മടങ്ങിവരാന്‍വേണ്ടി അരമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു, പൊട്ടിപൊളിഞ്ഞ് വേണ്ടുവോളം അഴുക്കുപിടിച്ച ലൈഫ് ജാക്കറ്റും ധരിച്ച്. (ഇവിടെ ലൈഫ് ജാക്കറ്റ് ലഭിച്ചു എന്ന് ആശ്വസിക്കാം. കൊച്ചിയില്‍ വേമ്പനാട് കായലില്‍ ഒരു ബോട്ടുസവാരിക്ക് മുന്‍പ് അതിന്റെ നടത്തിപ്പുകാരനോട് ലൈഫ് ജാക്കറ്റ് ആവശ്യപെട്ടപ്പോള്‍ പുച്ഛം പടര്‍ന്ന ചിരിയായിരുന്നു മറുപടി.)

അണക്കെട്ട് - മറ്റൊരു കാഴ്ച
ചാറ്റല്‍ മഴയിലൂടെ സ്പീഡ് ബോട്ടിലുള്ള സഞ്ചാരം ത്രസിപ്പിക്കുന്നതായിരുന്നു. കായികമായി സാഹസികത ആവശ്യപ്പെടുന്ന ഒന്നിലും രസംപിടിക്കുന്ന സ്വഭാവം ഇല്ല. വേഗതയുടെ സാഹസികതയെക്കാളുപരി ആകര്‍ഷിച്ചത് നേര്‍ത്ത മഴയുടെ ആവരണത്തിനപ്പുറം ഉയര്‍ന്നുതാഴുന്ന വയനാടന്‍ മലനിരകളുടെ ഹരിതമായ നിമ്നോന്നതകള്‍ തന്നെ. അതിനും മുകളില്‍ മഴമേഘങ്ങളുടെ മഷിപടര്‍ന്ന ആകാശം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ബോട്ടുജെട്ടിയും തീരവും അകലെയായി. ജലാശയത്തിന്റെ പ്രതലത്തെ പിളര്‍ന്നു, ചെറുദ്വീപുകളുടെ ഇടയിലൂടെ ബോട്ട് അകലേക്ക്‌ അകലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരുന്നു, ചുറ്റും മലകള്‍ നിറഞ്ഞ കായലിന് നടുവില്‍ മനുഷ്യമണമുള്ള ഏകാന്തമായ ഒരു തുരുത്ത് പോലെ. ബോട്ടിന്റെ മുരളിച്ച മാത്രം മലകളില്‍ തട്ടി പ്രതിധ്വനിക്കുന്നു...

തടാകത്തിലെ ബോട്ടുസവാരി
അണക്കെട്ട് വരുന്നതിനു മുന്‍പ് ഇവിടം കരയായിരുന്നു. മനുഷ്യനും മൃഗങ്ങളും കിളികളും ഇവിടെ  ജീവിച്ചിരുന്നു. അവരുടെ കൂടുകള്‍ ഉണ്ടായിരുന്നു. അവരുടെ വിളനിലങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ഒരു ദിവസം അവയെല്ലാം ജലമെടുത്തു. കുട്ടിക്കാലത്ത് താന്‍ ഓടിക്കളിച്ചിരുന്ന, നാരങ്ങാമിഠായി വാങ്ങിക്കാന്‍ വന്നിരുന്ന കവലയെ കുറിച്ച് ഗൃഹാതുരതയോടെ ഒരു നാട്ടുകാരന്‍ ഓര്‍ത്തു. ആ ജനപഥമിപ്പോള്‍ ഈ ജലാശത്തിനടിയിലെവിടെയോയാണ്. ഒരുപക്ഷെ മത്സ്യക്കുഞ്ഞുങ്ങള്‍ അവിടെ ഓടികളിക്കുന്നുണ്ടാവും, ജലസസ്യങ്ങള്‍ക്കിടയില്‍ നിന്ന് നാരങ്ങാമിഠായികള്‍ പെറുക്കി തിന്നുന്നുണ്ടാവും...