2016, ജൂലൈ 9, ശനിയാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - ഒൻപത്

'ഗോത്താബിലെ ഡിസിൽവ' എന്നൊരു കളിയാക്കൽ പേരുണ്ടായിരുന്നു എനിക്ക് കൗമാരകാലത്ത്, കൂട്ടുകാരുടെയിടയ്ക്ക്. നാട്ടിലെ വായനശാല അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന കയ്യെഴുത്തു മാസികയിൽ ഞാനെഴുതിയ ഒരു കഥയുടെ പശ്ചാത്തലം ഗോത്താബായിരുന്നു (കൗമാരത്തിൽ ആരാണ് കഥകളെഴുതാത്തത്...!). ഇന്നും ഗോത്താബ് വളരെ വിദൂരവും ഏറെക്കൂറെ അജ്ഞാതവുമായ ദേശമാണ്‌. ഉത്തരധ്രുവരാജ്യമായ ഗ്രീൻലാൻഡിന്റെ തലസ്ഥാനമാണ്‌ ഗോത്താബ് (നൂക് എന്ന് മറ്റൊരു പേരുമുണ്ടിപ്പോൾ). മഞ്ഞുമലകളുള്ള അപരിചിതമായ ഒരു പാശ്ചാത്യനാട് കഥയ്ക്ക് ആവശ്യമായി വന്നപ്പോൾ എനിക്ക് പക്ഷേ ഗോത്താബ് കണ്ടുപിടിക്കാൻ അധികം പ്രയാസം വന്നിരുന്നില്ല. ഓർമ്മയുള്ള കാലം മുതൽ അതിവിശദമായ ഭൂപടങ്ങളുൾക്കൊള്ളുന്ന വലിയൊരു അറ്റ്ലസ് പുസ്തകം വീട്ടിലുണ്ടായിരുന്നു. ഗൂഗിൾ എർത്തും വിക്കിമാപ്പിയയും പനോരമിയോയും എന്തിനു ഇന്റർനെറ്റു തന്നെ ഒരു വിദൂരസ്വപ്നമായിപ്പോലും ലോകത്തില്ലാതിരുന്ന കാലത്ത് അത്രയും സർഗ്ഗസമ്പുഷ്ടമായ ഒരു പുസ്തകം വീട്ടിൽ കരുതിയ പപ്പയ്ക്ക് നന്ദി!

ഗോത്താബ് ഇപ്പോഴും അകലെത്തന്നെയാണ് - എന്നാൽ സ്വിറ്റ്സർലാൻഡിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ നാലാമത്തേതുമായ ഗോത്താഡ് തുരങ്കത്തിലൂടെ കടന്നുപോകുമ്പോൾ, പേരുകളുടെ സാമ്യംകൊണ്ട് ഞാൻ ഗോത്താബ് ഓർത്തു. അതിന്റെ കഥ ഭാര്യയോടും മക്കളോടും പറഞ്ഞ് കൗമാരകാല ഓർമ്മകളിൽ മഗ്നനായി...

കുളിർപ്രഭാതത്തിലെ സൂറിക്ക് തടാകം... 
നേരം പരപരാ വെളുത്തപ്പോൾ സൂറിക്ക് പട്ടണത്തിൽ നിന്നും യാത്രയാരംഭിച്ചതാണ്. പ്രഭാതത്തിലെ കോടയിൽ മുങ്ങി വിറങ്ങലിച്ചു കിടക്കുന്ന സൂറിക്ക് തടാകത്തിന്റെ കരയിലൂടെ ആ പട്ടണം വിട്ട് അൽപ്സിന്റെ മലമുകൾ പ്രദേശങ്ങളിലേയ്ക്ക് വീണ്ടും മടങ്ങുകയാണ്. ഗോത്താഡ് തുരങ്കം കടന്ന് നുഫെനെൻ ചുരം താണ്ടി ആൽപ്സിന്റെ മലമടക്കുകളിൽ എവിടെയോയുള്ള റ്റാഷ് എന്ന ചെറുഗ്രാമത്തിലേയ്ക്കാണ് മുന്നൂറു കിലോമീറ്ററോളം നീളുന്ന ഈ യാത്രാഖണ്ഡം.

അതിപ്രഭാതത്തിന്റെ കുളിരിൽ അലസമായി നീളുന്ന ഹൈവേയിലൂടെ, സ്വപ്നത്തിലെന്നോണം, വാടകക്കെടുത്ത ആ ഫോക്സ് വാഗെൻ ക്രോസ്സോവർ ഒഴുകിനീങ്ങിക്കൊണ്ടിരുന്നു...

പ്രഭാതഭക്ഷണത്തിന് എവിടെയെങ്കിലും കയറേണ്ടതുണ്ടായിരുന്നു. പെരുവഴിയുടെ ഓരത്ത് പെട്ടെന്ന് വളച്ചുകയറ്റാൻ പരുവത്തിലുള്ള ചായപ്പീടികകൾ ഇവിടുങ്ങളിലെ ദീർഘദൂരയാത്രകളിൽ കാണാനാവില്ല. ഓരോ പത്തുമുപ്പതു കിലോമീറ്ററുകൾ കഴിയുമ്പോഴും, റോഡിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള വലിയ സൂചനാപലക നോക്കി മുഖ്യപാതയിൽ നിന്നും എക്സിറ്റ് എടുത്ത് ചെല്ലുമ്പോൾ, ഹൈവേയിൽ നിന്നും അകലെയായി എല്ലാം തികഞ്ഞ ചെറിയ അങ്ങാടികൾ കാണാനാവും. അങ്ങനെയൊരിടത്തേയ്ക്ക് ഞങ്ങളും ചെന്നുകയറി. പെട്രോൾ സ്റ്റേഷനും സൂപ്പർമാർക്കറ്റും തീൻശാലയും ശൌചാലയവും വിശാലമായ പാർക്കിംഗ് സ്ഥലവും ഒക്കെയായി നല്ലൊരു വിശ്രമകേന്ദ്രം.

ഒരു കുന്നിനു കീഴിലെ മനോഹരമായ പ്രദേശം. രാവിലെ വണ്ടിനിർത്തി പ്രാതൽ കഴിക്കാനും അല്പം വിശ്രമിക്കാനും ഇതുപോലെ പറ്റിയൊരു സ്ഥലം വേറെയുണ്ടാവില്ല. മുന്തിയ ഹോട്ടലിൽ ലഭിക്കുന്ന ബുഫേ വിഭവങ്ങൾ മുഴുവനുമുള്ള ഒന്നാന്തരം പ്രഭാതഭക്ഷണം ആവശ്യാനുസരണം...

ഇതുവഴി കടന്നുപോവുകയായിരുന്ന വിനോദസഞ്ചാരികളുടെ ചെറിയൊരു സംഘം കുറച്ചുസമയം ഉണ്ടായിരുന്നതൊഴിച്ചാൽ പരിസരം ഏറെക്കൂറെ നിശബ്ദമാണ്. ഭക്ഷണശാലയിൽ നിന്നും പുറത്തിറങ്ങി വിശാലമായ പാർക്കിംഗ് ഏരിയയുടെ വിജനതയിൽ കുറച്ചുനേരം വെറുതേയിരുന്നു. സുഖകരമായ കാലാവസ്ഥ. പിറകിൽ പച്ചയുടെ നനുത്ത തലോടലേറ്റ് നിൽക്കുന്ന ചെറുകുന്ന്. മുന്നിൽ, അകലെയായി, ഞങ്ങൾ വന്ന ഹൈവേയിലൂടെ ഇടവിട്ട്‌ കടന്നുപോകുന്ന വാഹനങ്ങളുടെ ദൂരക്കാഴ്ച. അതിനുമപ്പുറം ഹരിതനിമ്നോന്നമായ സ്വിസ് താഴ്വാരഭൂമിയുടെ പ്രകൃതിജാലം...
  
കുട്ടികളുടെ പ്രഭാതഭക്ഷണം അധികം മധുരതരം...
അവിടെ നിന്നാണ് ഞങ്ങൾ ഗോത്താർഡ് തുരങ്കത്തിലേയ്ക്ക് (Gotthard Tunnel) ഓടിയെത്തുന്നത്. 1980 - ൽ പൂർത്തിയാവുമ്പോൾ ലോകത്തിലെ ഏറ്റവും നീളമുള്ള റോഡ്‌ തുരങ്കമായിരുന്നു ഇത്. പതിനേഴ്‌ കിലോമീറ്റർ നീളമുള്ള ഈ ടണൽ ഇന്ന് നീളത്തിന്റെ കാര്യത്തിൽ ലോകത്ത് നാലാം സ്ഥാനത്താണ്. സ്വിറ്റ്സർലാൻഡിൽ എത്തിയതിനു ശേഷം അനേകം തുരങ്കങ്ങളിലൂടെ ഇതിനകം കടന്നുപോയിക്കഴിഞ്ഞു. കാര്യമായ നൂറോളം തുരങ്കങ്ങൾ ഈ രാജ്യത്തുണ്ടത്രേ. അത്രയ്ക്ക് വരാത്ത ചെറുതുരങ്കങ്ങൾ അനേകം വേറെയും. റോഡുകൾ കൊണ്ട്, നിമ്നോന്ന ഭൂപ്രകൃതിയ്ക്ക് അധികം പരിക്കേൽപ്പിക്കാതിരിക്കാൻ ഇവ ഉതകുമ്പോൾ തന്നെ ദീർഘദൂരയാത്രകളെ ആയാസരഹിതവുമാക്കുന്നു.

തെക്കൻ സ്വിറ്റ്സർലാൻഡിലെ പ്രധാനപ്പെട്ട ഒരു ആൽപൈൻ ചുരമായ സെന്റ്‌. ഗോത്താർഡ് ചുരത്തിനടിയിലൂടെയാണ് ഈ തുരങ്കം കടന്നുപോകുന്നത്. ഈ തുരങ്കം മാത്രമല്ല മറ്റ് രണ്ട് തീവണ്ടി തുരങ്കങ്ങൾ കൂടി ഇതുവഴി കടന്നുപോകുന്നുണ്ട്. അതിൽ ഗോത്താർഡ് ബേസ് ടണൽ ഞാനിത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കമ്മിഷൻ ചെയ്യപ്പെടുന്നത് (2016 ജൂൺ 1). അൻപത്തിയെട്ട് കിലോമീറ്റർ നീളമുള്ള ഇതിന്റെ ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കം എന്ന റെക്കോർഡ് ഈയടുത്തെങ്ങും തകർക്കപ്പെടുമെന്ന് തോന്നുന്നില്ല.

ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന തുരങ്കത്തിനുള്ളിലേയ്ക്ക് വായു കടന്നുവരാനും മറ്റും വളരെ ആധുനികമായ സംവിധാനങ്ങൾ ഉണ്ടത്രേ. അത്യാവശ്യം വെട്ടവും ഇടയ്ക്ക് വേണമെങ്കിൽ വാഹനങ്ങൾ ഒതുക്കിയിടാനുള്ള സ്ഥലങ്ങളും. അവിടെ ടെലഫോണുകൾ സ്ഥാപിച്ചിരിക്കുന്നതും കാണാം. ഒന്നുരണ്ടിടത്ത് ചില പടവുകൾ മുകളിലേയ്ക്ക് കയറിപ്പോകുന്നത് കാണുകയുണ്ടായി. അകത്ത് കുടുങ്ങിയാൽ ഒരുപക്ഷേ ഭൂമിയുടെ പ്രതലത്തിലേയ്ക്ക് നടന്നുകയറാനുള്ള വഴിയായിരിക്കുമോ അതെന്ന് ഞാൻ ന്യായമായും സന്ദേഹിച്ചു, ഉറപ്പില്ല.

സംഗതിയൊക്കെ ഇങ്ങനെയാണെങ്കിലും, ആദ്യമായി ഇതിലൂടെ വണ്ടിയോടിക്കുന്ന ഒരാൾക്ക് ഈ പതിനേഴ്‌ കിലോമീറ്റർ ദൂരം ചെറിയൊരു പരിഭ്രമം ഉണ്ടാക്കും. അങ്ങോട്ടും ഇങ്ങോട്ടുമുള്ള വണ്ടികൾ ഒരേ റോഡിലൂടെയാണ് കടന്നുപോകുന്നത്. നടുവിലെ ഇരട്ടവര മാത്രമാണ് ഇരുഭാഗത്തു നിന്നും കടന്നുവരുന്ന വാഹനങ്ങളുടെ ഇടയ്ക്കുള്ള വേർതിരിവ്. ലെയ്നുകളുടെ വീതി താരതമ്യേന കുറവുമാണ്. ഗൾഫിലെ വളരെ വീതിയുള്ള, ഒരു ഭാഗത്തേയ്ക്ക് മാത്രം സഞ്ചരിക്കുന്ന പാതകൾ കൂടുതൽ പരിചയമുള്ള എനിക്ക് ഇതിലൂടെയുള്ള വണ്ടിയോട്ടം അല്പം അയാസകരമായി അനുഭവപ്പെടാതിരുന്നില്ല. എതിർഭാഗത്തു നിന്നും അതിവേഗം പാഞ്ഞുവരുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തൊട്ടുതൊട്ടില്ല എന്നമട്ടിലാണ്‌ കടന്നുപോവുക. അതിലുപരി, മുന്നിലും പിറകിലുമൊക്കെ ഒരേ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുള്ളതിനാൽ തോന്നുംപടി വേഗത കുറയ്ക്കാനോ കൂട്ടാനോ സാധിക്കുകയുമില്ല. നൂലുപിടിച്ച്  പോകുന്നതുപോലെ അതീവശ്രദ്ധയോടെ വണ്ടിയോടിക്കേണ്ടി വന്നു ഈ പതിനേഴ്‌ കിലോമീറ്റർ ദൂരവും.
       
ഗോത്താഡ് തുരങ്കത്തിലൂടെ... 
അല്ലെങ്കിൽ തന്നെ ഇടുങ്ങിയ വഴികളോടും ഗഹ്വരങ്ങളോടും ഒരുതരം ഫോബിയയുണ്ട് എനിക്ക്. തുരങ്കത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ആശ്വാസമായി. ഈ പെരുവഴി ഇറ്റലിയിലേയ്ക്ക് നീളുന്നതാണ്. എന്നാൽ ഞങ്ങൾക്കിപ്പോൾ പോകേണ്ടത് മറ്റൊരു വഴിക്കാണ്. തുരങ്കത്തിൽ നിന്നും ഇറങ്ങിയ ഉടനേ തന്നെ പ്രധാനപാത വിട്ട് വലത്തേയ്ക്കുള്ള ചെറിയ വഴിയിലേയ്ക്ക് തിരിഞ്ഞു. തുരങ്കത്തിൽ നിന്ന് പുറത്ത് കടന്നപ്പോൾ, അപ്പാടെ ഭൂപ്രകൃതി മാറിയത് അറിയാനായിരുന്നു. ചെറുപാതയിലേയ്ക്ക് കയറിയപ്പോൾ അത് കൂടുതൽ വിസ്തൃതമായി...

ലളിതമായ വനപ്രകൃതി. അതിന് നടുവിലൂടെ ഒഴുകിപോകുന്ന ചെറുപാത. വഴി ഏതാണ്ട് പൂർണ്ണമായും വിജനം. അപൂർവ്വമായി എതിർഭാഗത്തേയ്ക്ക് ഒരു കാറോ ബൈക്കോ കടന്നുപോയാലായി. തുരങ്കം കഴിഞ്ഞപ്പോൾ തന്നെ അൽപ്സിന്റെ മദ്ധ്യതലത്തിൽ എത്തിയിരിക്കുന്നു എന്നൊരു തോന്നൽ വന്നിരുന്നു. വണ്ടി മുന്നിലേയ്ക്ക് നീങ്ങുന്നതിനനുസരിച്ച്, പാതയുടെ ഇരുവശവും നിബിഡമായ വൃക്ഷരാജീസുഷിരങ്ങൾ അടുത്തേയ്ക്ക് നീങ്ങിവരുന്ന ഹിമശൈലങ്ങളെ കാഴ്ചയിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരുന്നു.

നുഫെനെൻ ചുരം (Nufenen Pass) തുടങ്ങുകയാണ്...

നുഫെനെൻ ചുരം - താഴ്വാരം
വളവുകളും തിരിവുകളുമായി വഴി മുകളിലേയ്ക്ക് കയറിക്കൊണ്ടിരിക്കേ ഭൂപ്രകൃതി സാവധാനം മാറിവരുകയായി. നിബിഡമായ മരക്കാടുകൾ അപ്രത്യക്ഷമാവാൻ തുടങ്ങി. അതിന്റെ സ്ഥാനത്ത് പുൽമേടുകളുടെ ശൈലസ്ഥലികൾ. മുകളിൽ കാണാനാവുന്ന മഞ്ഞുമൂടിയ കൊടുമുടികൾ ലക്ഷ്യമാക്കി ഹെയർപിൻ വളവുകളുമായി റോഡ്‌ സർപ്പത്തെപ്പോലെ...

ഇപ്പോൾ വഴി ഏതാണ്ട് പൂർണ്ണമായും വിജനമായിരിക്കുന്നു. എതിർഭാഗത്ത് നിന്നുപോലും വാഹനങ്ങൾ വരാതായി. ഈ മലഞ്ചരിവിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ ഞങ്ങൾ മാത്രമായി...

ഭൂമിയുടെ അപരിചിതമായ വിജനതയിലൂടെ മലകയറിക്കൊണ്ടിരിക്കേ, ചരുവിലെ മൂലകളിൽ നിന്നും താഴേയ്ക്ക് ഞാന്നുകിടക്കുന്ന വെള്ളിത്തൊങ്ങലുകൾ പോലുള്ള ഹിമപാളികൾ നിരത്തിന്റെ ഇരുഭാഗങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവയിൽ ചിലത് ഈ വേനൽക്കാലത്തിന്റെ ഊഷ്മളതയിൽ നീർച്ചാലുകളായി പരകായംനടത്തി, നേർത്ത ശുഭ്രപാതങ്ങളായി ആരവത്തോടെ സമതലത്തിലേയ്ക്ക് ഒഴുകുന്നു...

രണ്ടുമൂന്ന് ദിവസങ്ങൾക്ക് മുൻപ് അൽപ്സിലെ ഉയരമുള്ള കൊടുമുടിയായ യൂങ്ങ് ഫ്രോ കാണാൻ പോയിരുന്നു. ആ യാത്ര  ഒരു തീവണ്ടിയിൽ കയറി വിനോദസഞ്ചാരികൾ തിക്കിത്തിരക്കുന്ന മഞ്ഞുപ്രദേശത്തേയ്ക്കായിരുന്നു. നുഫെനെനിൽ പരിസരം തുലോം വ്യത്യസ്തമാണ്. ഈ മഞ്ഞുമലമടക്കുകളിൽ ഇപ്പോൾ ഞങ്ങൾ മാത്രം..., ആൽപ്സ് പർവ്വതപംക്തിയുടെ ഹൃദ്യവിശാലമായ ലളിതവന്യത മാത്രം...!

ചുരം കയറി കുറച്ചുകൂടി മുകളിലെത്തുമ്പോൾ...
സ്വിറ്റ്സർലാൻഡിലെ ഏറ്റവും ഉയരംകൂടിയ ഭൂപ്രദേശത്തിലൂടെ കടന്നുപോകുന്ന രണ്ട് റോഡ്‌ മാർഗ്ഗങ്ങളിലൊന്നാണ് നുഫെനെൻ. 8200 അടി ഉയരത്തിലൂടെയാണ് ഈ മലമ്പാത കടന്നുപോകുന്നത് (ഹിമാചലിലെ മണാലി 6700 അടി ഉയരത്തിലാണ്). 1969 - ലാണ് ഈ പാത യാത്രയ്ക്കായി തുറന്നുകൊടുത്തത്.

ഇതുവഴിയുള്ള യാത്ര കരുതുമ്പോൾ, പക്ഷേ ഇത്രയും ഏകാന്തമായ ഒരു ഭൂഭാഗത്തു കൂടിയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. നാട്ടുകാർ തന്നെ തിരഞ്ഞെടുക്കാത്ത വഴിയായിരിക്കെ ഇതിലൂടെ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ. അറിഞ്ഞുകൂടാതെയോ വഴിതെറ്റിയോ ഒക്കെ എത്തുന്ന ചില പരിസരങ്ങൾ അപൂർവ്വസുന്ദരമായ അനുഭവങ്ങൾ നല്കുന്നത് ഇതാദ്യമല്ല. സ്വിസ്സ് യാത്രയിൽ നിന്നും ഞങ്ങളുടെ ഓർമ്മയിലേയ്ക്ക് ഏറ്റവും ആഴത്തിൽ വരയപ്പെടാൻ പോകുന്നത് നുഫെനെൻ ചുരം വഴിയുള്ള ഹൈറേഞ്ച് സഞ്ചാരമാവും എന്നുതന്നെ തോന്നി.

മഞ്ഞുലോകത്തെ ഈ വിജനത തികച്ചും ആസ്വാദ്യകരമായിരുന്നു. ഇനി ഒരിക്കൽ ഹിമസാന്ദ്രമായ ഒരു മലവഴിയിലൂടെ ഇത്രയും ഏകരായി സഞ്ചരിക്കാനാവും എന്നു തോന്നുന്നില്ല. അത് ഞങ്ങൾ ശരിക്കും ആസ്വദിച്ചു. തോന്നുന്നിടത്തൊക്കെ വണ്ടി നിർത്തി അതിർത്തിയില്ലാത്ത ഹിമപ്പരപ്പിലേയ്ക്കിറങ്ങിയോടി..., മഞ്ഞിന്റെ പഞ്ഞിക്കെട്ടുകൾ വാരിയെറിഞ്ഞു കളിച്ചു..., അടുക്കടുക്കായി നീളുന്ന ഹിമശൈലങ്ങളുടെ കൈലാസപ്രകൃതിയിൽ മഗ്നമായി...

നുഫെനെനിലെ മഞ്ഞുലോകത്ത്...
അങ്ങനെ സാവധാനം സഞ്ചരിക്കെയാണ് റോഡിനു കുറുകേ ഒന്നുരണ്ട് വരയാടുകൾ പാഞ്ഞുപോയത്...

യാത്രയുടെ ആകസ്മികതകളും വൈപരീത്യങ്ങളും നോക്കു...

ഏറെത്തവണ ആസൂത്രണം ചെയ്ത് നടക്കാതെ പോയ യാത്രയാണ് ഇരവികുളം ദേശീയോദ്യാനത്തിലേയ്ക്കുള്ളത്. അവിടെമാണല്ലോ നമ്മുടെ സ്വന്തം വരയാടുകളുടെ സ്ഥലം. തിരുവനന്തപുരം ജില്ലയിലെ വരയാട്ടുമൊട്ടയെന്ന കാനനമേട്ടിലും അവ അധിവസിക്കുന്നുണ്ട്. എങ്കിലും സാധാരണ യാത്രികർക്ക് ബുദ്ധിമുട്ടില്ലാതെ വരയാടുകളെ കാണാൻ സാധിക്കുന്ന പ്രദേശം ഇരവികുളമത്രേ. അവിടുത്തെ വരയാടുകൾ സഞ്ചാരികളുടെ ബാഹുല്യം കൊണ്ട് മനുഷ്യരോട് ഇണക്കമുള്ള സ്വഭാവം കാണിക്കുന്നവയാണ് എന്നാണ് കേട്ടിട്ടുള്ളത്. മൂന്നാറിൽ പോയപ്പോൾ പോലും പക്ഷേ അങ്ങോട്ടു കടക്കാൻ സാധിച്ചിരുന്നില്ല, വരയാടുകളെ  കാണാനും...

എന്നാൽ ഇപ്പോഴിതാ സമുദ്രങ്ങൾക്കും വൻകരകൾക്കും ഇപ്പുറത്തു നിൽക്കുമ്പോൾ, വരയാടുകളെ ആദ്യമായി കാണുകയാണ്...

വരയാട് എന്ന് പൊതുവായി സൂചിപ്പിച്ചതാണ്. ഒരേ ജീവിവർഗമെങ്കിലും പ്രാദേശികമായ വകഭേദം ഉള്ളവയാണ് നമ്മുടെ വരയാടുകളും ഇവിടെയുള്ളവയും. സഹ്യനിരകളിലെ ചില കാനനപുളിനങ്ങളിൽ അധിവസിക്കുന്ന വരയാടുകൾ Nilgiri Tahr എന്നാണ് അറിയപ്പെടുന്നത്. ഇവിടെയുള്ളവ Alpine Ibex എന്നും.

ആൽപ്സിന്റെ ഹിമസാന്ദ്രമായ ഉയരങ്ങളിൽ ജീവിക്കുന്ന ഒരു വന്യജീവി വരയാടാണെന്ന് യാത്രയ്ക്ക് മുൻപ് ഈ മലനിരയെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അറിഞ്ഞിരുന്നു. എങ്കിലും അവ യാത്രയ്ക്കിടെ മുന്നിൽ വന്നുചാടും എന്ന് ഒട്ടും കരുതിയിരുന്നില്ല. മലനിരകളുടെ വിസ്തൃതപ്രകൃതി പകർത്താനായി ക്യാമറയിൽ ഘടിപ്പിച്ചിരുന്നത് ഒരു വൈഡാംഗിൾ ലെൻസായിരുന്നു. അതുമാറ്റി സൂം ലെൻസ് പിടിപ്പിക്കുമ്പോഴേയ്ക്കും വരയാടുകൾ മലമടക്കുകടന്ന്  അപ്രത്യക്ഷമായിരുന്നു. കുട്ടികളിലാരോ ഒരു ചിത്രം മൊബൈലിൽ പകർത്തിയത് മാത്രം ബാക്കിയായി...

അൽപ്സിലെ വരയാടുകൾ
അങ്ങനെ വരയാടുകളെയും കണ്ട് നുഫെനെൻ ചുരത്തിന്റെ നെറുകയിലെത്തി. ഒരൽപ്പം പരന്ന പ്രതലമാണിവിടം. ഒരു ഭാഗത്ത് ചെന്നുനിന്നാൽ ഞങ്ങൾ കയറിവന്ന പാത കാണാം. മറുഭാഗത്തേയ്ക്ക് നോക്കിയാൽ ഞങ്ങൾക്ക് ഇറങ്ങിപ്പോകേണ്ട വഴിയും. ശൈലാഗ്രത്തിന്റെ സൂചനയെന്നോണം ആ ഭാഗത്ത് മൂന്ന് കൊടികൾ നാട്ടിയിട്ടുണ്ട്. അല്പംമാറി ഒരു തീൻശാലയും കാണാം. ഞങ്ങൾ അതിനുള്ളിലേക്ക് കയറിയില്ല; അതിന്റെ പരിസരത്തെവിടെയും ഒരു മനുഷ്യനെയും കണ്ടതുമില്ല.

മലയുടെ മൂർദ്ധാവിൽ നിന്ന് അപ്പുറത്തെയും ഇപ്പുറത്തെയും താഴ്വാരങ്ങളുടെ വിശാലമായ ദൂരക്കാഴ്ചയിൽ ആമഗ്നനാവുമ്പോൾ എം. ടിയുടെ ഒരു തത്വവിചാരം ഓർമ്മവന്നു: പ്രണയം മലകയറ്റം പോലെയത്രേ. മലകയറി മുകളിലെത്തി ഒരു പാറയിലോ മറ്റോ പേരുകൾ കുറിച്ചിട്ടു കഴിഞ്ഞാൽ പ്രേമം അവസാനിക്കുന്നു. എന്നാൽ എനിക്ക് മലകയറ്റം എന്ന രൂപകം പലപ്പോഴും വായനയെ പ്രതിയാണ് മനസ്സിൽ വരുക; വായന മലകയറ്റം പോലെയാണ്. വൈവിധ്യമുള്ള ഓരോ വായനയും ജീവിതമെന്ന താഴ്വാരത്തെ മലമുകളിൽ നിന്നുള്ള ആകാശക്കാഴചയിലൂടെ വിസ്തൃതമായി സ്വാംശീകരിക്കാൻ സന്നദ്ധമാക്കുന്നു. താഴെ നിൽക്കുന്നവർക്ക് പരിസരം കാണാൻ മറവുകളുണ്ട്. എന്നാൽ വായനയുടെ മലകയറിയവർക്ക് ജീവിതക്കാഴ്ച കുറച്ചുകൂടി വിശാലവും സുതാര്യവുമാണ്. എഴുത്തിലെ ദുർഗ്രാഹ്യത എന്ന പരാതിയും ഈ പാഠത്തിൽ അപനിർമ്മിക്കാവുന്നതാണ്. താഴ്വാരങ്ങളിൽ വിഹരിക്കുന്ന ലളിതവായനയുടെ പ്രദേശങ്ങളിൽ ചില എഴുത്തുകൾ ദുർഗ്രഹങ്ങളാവുന്നത്, എഴുത്തുകാരൻ കയറിപ്പോയ കൊടുമുടികൾ നൽകുന്ന കാഴ്ചയുടെ ആവിഷ്കാരം സ്വായത്തമാക്കാനുള്ള പരിമിതി കൊണ്ടാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒരെഴുത്ത് ദുർഗ്രഹമായി അനുഭവപ്പെടുന്നത്, അത് പ്രകാശിപ്പിക്കുന്ന അനുഭവത്തിന്റെ / ആശയത്തിന്റെ / ഭാഷയുടെ / രൂപശൈലികളുടെ കൊടുമുടി തൽക്കാലം നമുക്കന്യമായിരിക്കുന്നു എന്നതിനാൽ മാത്രമാണ്.

നുഫെനെന്റെ നെറുകയിൽ...
വീശിയടിക്കുന്ന മരംകോച്ചും കാറ്റിൽ വിറങ്ങലിച്ചു നിൽക്കേ, മറുഭാഗത്തു നിന്നുള്ള റോഡിലൂടെ ഒരു കാറ് കയറിവന്നു. അതിൽ നിന്നും മദ്ധ്യവയസ്സു കഴിഞ്ഞ ഭാര്യയും ഭർത്താവും അത്യാഹ്ലാദത്തോടെ പുറത്തിറങ്ങി അവിടെയൊക്കെ നടന്ന് കാഴ്ചകൾ കാണുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. കുറച്ചു നേരത്തിനു ശേഷം പരസ്പരം കാണുന്ന മനുഷ്യരായതിനാലാവും ഞങ്ങൾ ഹസ്തദാനം ചെയ്ത് പരിസരം ഭൂമിയാണെന്ന് ഉറപ്പിച്ചു. ഭാര്യയുടെ അഭ്യർത്ഥന പ്രകാരം അയാൾ ഞങ്ങൾ നാലുപേരുടെയും ഒന്നിച്ചുള്ള ചിത്രം പിടിച്ചുതരുകയും ചെയ്തു.

പൊതുവേ പാശ്ചാത്യനാടുകളിൽ വൃദ്ധരായ ജനങ്ങൾ അധികമായി സഞ്ചരിക്കുന്നത് കാണാനാവും. തീരെ നടക്കാൻ കഴിയാതാവുന്നതുവരെ അവർ ചെറുപ്പക്കാരെപ്പോലെ ഊർജ്ജസ്വലതയോടെ പെരുമാറുകയും ചെയ്യുന്നു. ഈ യാത്രാസംബന്ധിയായ വ്യവഹാരം രാഷ്ട്രം നൽകുന്ന സാമൂഹ്യസുരക്ഷയുടെ ഭാഗമായി കൂടി ഉണ്ടാവുന്നതാവണം. നല്ല നിലയിൽ ഉദ്യോഗവും മറ്റും വഹിക്കുന്നവർക്കു പോലും വിരമിച്ചതിനു ശേഷം ദീർഘദൂരയാത്രകൾ ചെയ്യാൻ നമ്മുടെ നാട്ടിൽ സാമ്പത്തികവും സാമൂഹികവുമായ പരിമിതികൾ ഉണ്ടെന്നു തോന്നും. തുടർജീവിതത്തിന്റെ സുരക്ഷിതത്വം പ്രഥമ പരിഗണനയാവുമ്പോൾ യാത്രകൾ മുൻഗണനയുള്ള ഒന്നായി മാറുന്നില്ല.

കൊച്ചുകുട്ടികളെപോലെ യാത്ര ആസ്വദിക്കുന്ന ആ സ്വിസ്സ് ദമ്പതികളെ അവരുടെ വഴിക്കുവിട്ട് ഞങ്ങൾ മറുഭാഗത്തേയ്ക്ക് യാത്രതുടർന്നു...

മലയിറങ്ങി, ആൽപ്സ് പർവ്വതപംക്തികളുടെ നടുവിലായി നീളത്തിൽ ഒരു ഇടനാഴിപോലെ കിടക്കുന്ന ഭൂഭാഗത്തിലൂടെ, സ്വിസ്സ് മലനാടിന്റെ ഹൃദ്യമനോഹരമായ കാഴ്ചകൾ കണ്ട് വീണ്ടും വണ്ടിയോടി. ബ്രിഗ്‌ എന്ന ചെറുപട്ടണം കടന്ന്, ആൽപ്സിലെ പല പ്രശസ്തമായ കൊടുമുടികളും സ്ഥിതിചെയ്യുന്ന ഭാഗത്തേയ്ക്ക് വീണ്ടും മലകയറാൻ തുടങ്ങി. ഈ വഴി, റോഡിലൂടെ ഇന്ധനവാഹനങ്ങൾക്ക് എത്താനാവുന്ന അവസാന താവളം മലമടക്കുകൾക്കിടയിൽ പതിഞ്ഞുകിടക്കുന്ന റ്റാഷ് (Tasch) എന്ന കൊച്ചു ഗ്രാമമാണ്. അതിനപ്പുറത്തേയ്ക്ക് വണ്ടിയോടിച്ചു പോകാനാവില്ല - ഇന്ധനം നിറച്ച് ഓടുന്ന വാഹനങ്ങൾ തുടർ ആരോഹണത്തിന് നിരോധിച്ചിരിക്കുന്നു. റ്റാഷിൽ നിന്നും തീവണ്ടി പിടിച്ച് മലമുകളിലേക്ക് യാത്ര തുടരാം.

റ്റാഷ്
നീണ്ട യാത്രയ്ക്കു ശേഷം അന്നത്തെ ഇടത്താവളമായ റ്റാഷിലെത്തിച്ചേർന്നു. ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്ത്, കുളിയൊക്കെ കഴിഞ്ഞ് ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോൾ, അലച്ചിലിന്റെ എല്ലാ ക്ഷീണവും നൊടിയിടയിൽ അലിഞ്ഞുപോയി. കഴിഞ്ഞ രാത്രി ഞങ്ങൾ താമസിച്ച സൂറിക്ക് പട്ടണത്തെ വിദൂരമായ ഒരോർമ്മയാക്കി മാറ്റിക്കൊണ്ട് കൊതിപ്പിക്കുന്ന ഒരു കുഞ്ഞു സ്വിസ്സ് ഗ്രാമം ഞങ്ങൾക്ക് മുന്നിൽ വിസ്തൃതമാവുകയാണ്.

ഒരു തീവണ്ടിനിലയവും ഏതാനും ചെറുകിട ഹോട്ടലുകളും മാത്രമാണ് പൊതുവായി ഈ ഗ്രാമത്തിലുള്ളത്. തീവണ്ടിപ്പാതയ്ക്ക് സമാന്തരമായി പോകുന്ന പെരുവഴിയുടെ മറുവശത്തെ കുന്നിൻ ചരുവിലേയ്ക്ക് തിരശ്ചീനം നീളുന്ന ഒന്നുരണ്ട് നാട്ടുവഴികളുടെ ഇരുഭാഗത്തുമായി വിമൂകമായി നിൽക്കുന്ന ഏതാനും ഗ്രാമഭവനങ്ങൾ. മലമുകളിൽ നിന്നും മഞ്ഞുരുകി ഒഴുകിയെത്തുന്ന ശുഭ്രവർണ്ണമായ അരുവിയെ വൃത്തിയായി ചാലുകീറി ഗ്രാമമദ്ധ്യത്തിലൂടെ കൊണ്ടുപോയിരിക്കുന്നു. അത്രയുമായാൽ റ്റാഷെന്ന ഗ്രാമം പൂർണ്ണമായി എന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലാവുക.

ഗ്രാമഹൃദയത്തിലേക്ക് നീളുന്ന നാട്ടുപാത...
ഹൈറേഞ്ച് പ്രദേശമാണ് റ്റാഷ് - കടൽനിരപ്പിൽ നിന്നും 5000 അടി ഉയരത്തിൽ (മൂന്നാർ ഏകദേശം 5500 അടി ഉയരത്തിലാണ്). ഇരുഭാഗങ്ങളിലേയ്ക്കും ഉയർന്നുപോകുന്ന മലനിരകൾക്കിടയിലായി ഒരു ചെറു താലാകൃതിയിൽ പരന്നുകിടക്കുന്ന ഭൂഭാഗം.

റ്റാഷെന്ന ഗ്രാമത്തിന്റെ വിശാല അതിർത്തിക്കുള്ളിൽ സ്ഥിരതാമസക്കാരായി ആകെയുള്ളത് 1200 ആളുകൾ മാത്രമാണ്. അതിൽ പകുതിയിലധികം പേരും വിദേശികളത്രേ - റ്റാഷിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടരായി ഇവിടെ വന്ന് താമസമാക്കിയരാവും എന്നുറപ്പ്.

മലയടിവാരത്തിലെ പട്ടണങ്ങളിൽ നിന്നും തീവണ്ടിയിൽ കയറി ഈ ഭാഗത്തെ പർവതശിഖരങ്ങൾ കാണാൻ പോകുന്ന ആർക്കും റ്റാഷിൽ ഇറങ്ങേണ്ടതില്ല. വഴിക്കുള്ള ഒരു സ്റ്റേഷൻ മാത്രമാണിത്. ഇതിനും കുറച്ചുകൂടി മുകളിൽ സ്ഥിതിചെയ്യുന്ന സെർമാത്താണ് (Zermatt) വലിയ അങ്ങാടിയും സഞ്ചാരികളുടെ ഇടത്താവളവും. കാറിലോ ബസ്സിലോ ഒക്കെ വരുന്നവർക്ക് പക്ഷേ ഇവിടെ യാത്ര മുറിക്കേണ്ടതുണ്ട്. ഇതിനപ്പുറം മലമുകളിലേക്ക് ഇന്ധനവാഹനങ്ങൾ അനുവദനീയമല്ല. പൊതുവേ യാത്രികർ താഴ്വാരത്തിലെ വലിയ പട്ടണങ്ങളിൽ നിന്നും തീവണ്ടി പിടിച്ച് മലമുകളിലേക്ക് പോയി കാഴ്ചകൾ കണ്ടു മടങ്ങുകയാണ് പതിവ് എന്നതിനാൽ റ്റാഷ് തികച്ചും വിജനമായ ഒരു പ്രദേശമായി കാണപ്പെട്ടു ഞങ്ങൾ ചെന്നെത്തിയ ഈ വൈകുന്നേരം.

റ്റാഷിലെ തീവണ്ടിനിലയം
മലമുകളിൽ നിന്നും രാത്രിയുടെ ശ്യാമരൂപികൾ താഴേയ്ക്കിറങ്ങി വരവേ ഞങ്ങൾ വിജനമായ നിരത്തിലൂടെ വെറുതേ നടന്നു. ജനങ്ങൾ ഒഴിഞ്ഞുപോയ ഏതോ അജ്ഞാതദേശം പോലെ കാണപ്പെടുന്ന, അതീവ ഹൃദ്യമായ ലളിതമനോഹാരിതയോടെ, തൊട്ടറിയാവുന്ന ശുദ്ധകുളിരോടെ ഈ ആൽപൈൻ ഗ്രാമം എന്നോ കണ്ടുമറന്ന ഒരു ലാൻഡ്സ്കേപ് ചിത്രം പോലെ ഞങ്ങൾക്കു മുന്നിൽ...

പ്രധാനപാതയുടെ ഒരുഭാഗത്തായി കാണുന്ന ഏതാനും ഹോട്ടലുകൾ അനിതസാധാരണമായ സ്വിസ്സ് ഭവനനിർമ്മാണ രീതിയിൽ ഉള്ളവകളാണ്. രണ്ടോ മൂന്നോ നിലകളിൽ കൂടുതലായി തടിയുപയോഗിച്ച് ഉണ്ടാക്കിയവ. ഗ്രാമീണവും പൗരാണികവുമായ ആംബിയൻസ് അകത്തും പുറത്തും നിലനിർത്തുന്നവ. ഒരു നാടൻ ഗ്രാമഭവനത്തിൽ താമസിക്കുന്നതിന്റെ അനുഭവം നൽകുന്ന മുറികൾ.

പ്രധാനമായ ഒരു റോഡ് ഒഴിവാക്കിയാൽ ബാക്കിയെല്ലാം ചെറുപാതകളാണ്. ചെറിയ കനാലിന്റെ ഇരുഭാഗത്തുമായി സമാന്തരമായി മലമുകളിലേയ്ക്ക് നീളുന്ന നാട്ടുവഴികൾ. അവയുടെ ഇരുഭാഗത്തും വെടിപ്പായി വിന്യസിക്കപ്പെട്ടിരിക്കുന്ന പുഷ്പസസ്യങ്ങൾ. ചിലയിടങ്ങളിൽ തടികൊണ്ട് തീർത്ത ഇരിപ്പിടങ്ങൾ. ഈ വഴികളുടെ ഇരുഭാഗത്തുമായി ഗ്രാമഭവനങ്ങൾ. വീടുകൾ തമ്മിൽ അതിർത്തി തിരിക്കുന്ന  മരങ്ങൾ, അവിടവിടെ തടികൊണ്ട് തീർത്ത പ്രാകൃതരൂപമുള്ള വേലികളും കാണാം...

ഗ്രാമത്തെ പകുത്തൊഴുകുന്ന കനാൽ...
അങ്ങനെ നടക്കവേയാണ്, തീവണ്ടിപ്പാത കടന്നുപോകുന്നതിന് അപ്പുറത്തായുള്ള കുത്തനെയുള്ള മലഞ്ചരിവിൽ നിയോൺ വെട്ടത്തിലുള്ള ഒരു കുരിശ് കണ്ടത് - ഗ്രാമത്തിന്റെ ദൈവക്കാവലാൾ! അവിടെയുമിവിടെയുമൊക്കെ ദൈവബിംബങ്ങൾ കൊണ്ടുനാട്ടുന്ന പതിവ് നമ്മുടെ നാട്ടിലെ മാത്രം പ്രശ്‌നമല്ലെന്നു തോന്നുന്നു.

ഒരു മതത്തെയും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള രാജ്യമല്ല സ്വിറ്റ്സർലാൻഡ്. എങ്കിൽ തന്നെയും മറ്റു പല യൂറോപ്പ്യൻ രാജ്യങ്ങളെയും പോലെ ഇവിടെയും പ്രമുഖമായുള്ളത് ക്രിസ്തുമതമാണ്. പുരാതനമാണ് ക്രിസ്തുമതത്തിന്റെ ഈ പ്രദേശത്തെ അസ്തിത്വം. റോമൻ കാലഘട്ടത്തിൽ തന്നെ (ക്രിസ്താബ്ദത്തിന്റെ തുടക്കം മുതൽ അഞ്ചാം നൂറ്റാണ്ടു വരെ) ഇവിടെ ക്രിസ്തുമതം സജീവതയോടെയും വൈവിധ്യത്തോടെയും നിലനിന്നിരുന്നു. റോമൻ കത്തോലിക്കാരാണ് കൂടുതലെങ്കിലും, പതിനാറാം നൂറ്റാണ്ടുമുതൽ പ്രൊട്ടസ്റ്റൻറ് വകഭേദമായ സ്വിസ്സ് റിഫോമ്ഡ്  ചർച്ച് എന്നൊരു അവാന്തര വിഭാഗവും പ്രമുഖമായ അദ്ധ്യാത്മികാസ്തിത്വമാകുന്നു. മറ്റ് ക്രിസ്തുമത വിഭാങ്ങളും ജൂത, ഇസ്ളാം, ബുദ്ധ, ഹിന്ദു മതങ്ങളും ചെറിയ തോതിൽ ഇവിടെയില്ലാതില്ല.

എങ്കിലും സൂചനാർഹമായ കാര്യം കാലാന്തരേണ മതങ്ങൾക്കുള്ള പ്രാമുഖ്യം സ്വിറ്റ്സർലാൻഡിൽ കുറഞ്ഞുവരുന്നു എന്നതാണ്. 1980 - ൽ ഏതാണ്ട് തൊണ്ണൂറ്റഞ്ച് ശതമാനം ആളുകളും ഏതെങ്കിലും മതത്തിൽ ഉൾപ്പെടുന്നവർ ആയിരുന്നുവെങ്കിൽ 2013 ആയപ്പോൾ അത് എഴുപത് ശതമാനത്തിനും താഴെയായി. ഇപ്പോൾ മതമില്ലാത്തവരുടെ മതമാണ് ഈ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതം.

സ്വിറ്റ്സർലാൻഡിലെ മതങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിലവിൽ ഈ രാജ്യത്ത് കാര്യമായി ആവശേഷിക്കുന്നില്ലെങ്കിലും, ഇവിടെ ജനിച്ച അമിഷ് എന്ന ക്രിസ്തുമത വകഭേദത്തെ ഓർക്കാതെ വയ്യ. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്വിറ്റ്സർലാൻഡിൽ ഉടലെടുത്ത തീവ്ര പാരമ്പര്യവാദികളായ ഒരു വിഭാഗമാണ് അമിഷുകൾ. പക്ഷേ പല കാരണങ്ങളാൽ, പ്രധാനമായും റോമൻ കത്തോലിക്കാ വിഭാഗത്തിന്റെ പീഡനങ്ങളാൽ അവർ അമേരിക്കൻ ഐക്യനാടുകളിലെ പെനിസിൽവേനിയ സംസ്ഥാനത്തിലേക്ക് കുടിയേറുകയാണുണ്ടായത്. ഇന്നും അവിടെ തങ്ങളുടെ പാരമ്പര്യങ്ങളിൽ ഉറച്ച, ആധുനിക വിമുഖമായ സാമൂഹിക ജീവിതം നയിച്ച് പൊതുധാരയിൽ നിന്ന് അകന്നു ജീവിക്കുന്നു, അമിഷുകൾ.        

മലഞ്ചരിവിലെ നിയോൺ കുരിശ്
ഗ്രാമത്തിലൂടെയുള്ള രാത്രിനടത്തം കഴിഞ്ഞപ്പോൾ താമസിക്കുന്ന ഹോട്ടലിന്റെ തന്നെ ഭക്ഷണശാലയിൽ അത്താഴത്തിനായി കയറി. മറ്റ് റെസ്റ്റോറന്റുകളൊന്നും അങ്ങാടിയിൽ കാണുകയുണ്ടായില്ല.

നേരത്തെ മുറിയുടെ അടുത്ത് കണ്ടിരുന്ന ഹോട്ടലിലെ താമസക്കാരായ യുവദമ്പതികളേയും അവരുടെ ചെറിയ കുട്ടിയേയും മാത്രമേ ഭക്ഷണശാലയിൽ കണ്ടുള്ളു. മറ്റൊരാൾ ബാർകൗണ്ടറിലിരുന്ന് മദ്യപിക്കുന്നുണ്ട്. ഇവിടെയെന്നല്ല ഈ ഭാഗത്തുള്ള എല്ലാ തീൻശാലകളിലും മദ്യം ലഭ്യമാണ്. അത് ബോധംകെടാനുള്ള ഒരുപാധിയായി ആരും കാണുന്നുണ്ടെന്ന് തോന്നുന്നില്ല.

എങ്കിൽക്കൂടിയും മദ്യപിക്കാൻ വേണ്ടി യാത്രചെയ്യുന്നവരെയും യാത്രചെയ്യുമ്പോൾ മദ്യപിക്കുന്നവരെയും, യാത്രയുടെ ലഹരിയെ പ്രതി, ഞാൻ ഇഷ്ടപ്പെടുന്നില്ല. ശരിയാണ്, ഏകമാനമായ ഇഷ്ടാനിഷ്ടങ്ങൾക്ക് വലിയ പ്രസക്തിയൊന്നുമില്ല. മാത്രവുമല്ല മദ്യം ചില അവസ്ഥകളെ വർണ്ണാഭവും പ്രകാശമാനവും ആക്കാറുമുണ്ട്. എങ്കിലും യാത്രയുടെ ലഹരിയെ മദ്യത്തിന്റെ ലഹരികൊണ്ട് കവച്ചുകടക്കാൻ വയ്യ. ഉന്മാദത്തിന്റെ ചെറിയൊരു തൂവൽസ്പർശം ഉള്ളിലുള്ള ഒരാൾക്ക് യാത്രയെപ്പോലൊരു ലഹരി മറ്റൊന്നുണ്ടാവില്ല...

പരിചിതമെങ്കിലും സ്വിസ്സ് രുചിവ്യതിരിക്തതയുള്ള ഭക്ഷണത്തിനുശേഷം ഞങ്ങൾ മുറികളിലേയ്ക്ക് മടങ്ങി...

റ്റാഷിലെ സ്റ്റീക്
മഞ്ഞിന്റെ സാന്ദ്രതയിൽ മുനിഞ്ഞുകത്തുന്ന പാതവിളക്കുകളുടെ മഞ്ഞവെളിച്ചത്തിൽ, പതിഞ്ഞതാളത്തിൽ നിശ്വസിച്ചു മയങ്ങുന്ന വിജനമായ ഗ്രാമനിരത്തിലേയ്ക്ക് നോക്കി ഒന്നാം നിലയിലെ ബാൽക്കണിയിൽ ഭാര്യയും ഞാനും രാത്രി വൈകിയും ഉണർന്നിരുന്നു. ഇരുട്ട് മേയുന്ന മലയുടെ ചരുവിലേയ്ക്ക് കയറിനിൽക്കുന്ന ചില വീടുകളിൽ വെട്ടത്തിന്റെ ജാലകത്തുരുത്തുകൾ മിന്നുന്നുണ്ട്. അതിനും അകലെ ആൽപ്‌സും ആകാശവും പങ്കിടുന്ന ചക്രവാളസീമയുടെ ഇരുണ്ട നിമ്‌ന്നോന്നരേഖ അവ്യക്തമായി കാണാനാവുന്നു. അപ്പുറത്തുകൂടി ഒഴുകുന്ന അരുവിയുടെ നേർത്ത മർമ്മരം ഏതോ രാപ്പാടിയുടെ വിദൂരഗീതം പോലെ...

നല്ല തണുപ്പാണ്. ജാക്കറ്റും പുതപ്പും ഉണ്ട്. എങ്കിലും ശീതകാറ്റ് വിറപ്പിക്കുന്നു. മുറിയുടെ ഊഷ്മളതയിലേയ്ക്ക് കയറാൻ പക്ഷേ വിമൂകസുന്ദരമായ ശ്യാമരാത്രി അനുവദിച്ചില്ല...

പ്രണയകാലത്ത് ഞങ്ങൾ ഒറ്റയ്ക്കിരുന്നു കടൽത്തീരങ്ങളും കായൽക്കരകളും ഓർത്തെടുക്കാൻ ശ്രമിച്ചു ഞാൻ. താഴ്വാരങ്ങളും മലമേടുകളും ഓർത്തെടുക്കാൻ ശ്രമിച്ചു, പ്രണയത്തിന്റെ യൗവ്വനമുഗ്ധമായ അക്കാല ഉന്മാദങ്ങളെ ഓർത്തെടുക്കാൻ ശ്രമിച്ചു. കാലം ഒരു പരികല്പന മാത്രമാണ്. മനുഷ്യൻ ഉണ്ടാക്കിയ കോലുകൾ ഉപയോഗിച്ച് കാലത്തെ അളക്കാൻ ശ്രമിക്കുന്നത് അതിഭൗതീകമായ വ്യയവും മനുഷ്യന്റെ മാത്രം ബാധ്യതയുമാണ്. ഭൂമിയിൽ മറ്റൊരു ജീവിയും കാലത്തെ അളക്കുന്നില്ല. കാലം എന്നൊരു പരികല്പന തന്നെ അവയ്ക്കില്ല. ദിവസങ്ങളെന്നും വർഷങ്ങളെന്നുമൊക്കെ മനുഷ്യൻ അടുക്കിവയ്ക്കുന്ന കാലം എത്ര അയുക്തികമാണ്. കാലത്തിന്റെ കുറച്ചുകൂടി യുക്തിഭദ്രമായ അളവുകോൽ അനുഭവമാണ്, അനുഭവത്തിന്റെ ഋതുഭേദങ്ങളാണ്. യൗവ്വനാരംഭത്തിലെ പ്രണയത്തിന്റെ തുടിപ്പുകൾ ഈ മദ്ധ്യവയസ്സിൽ, ഈ വിമൂകരാവിൽ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ കാലത്തെ ഞാൻ തൊട്ടറിയുന്നു, കാലത്തിന്റെ വിഷാദാർദ്രമായ സംക്രമസന്ധികൾ അനുഭവിച്ചറിയുന്നു...!

റ്റാഷ് - രാത്രി
കാല്പനിക വിചാരങ്ങളുടെ മലയടിവാരത്തിൽ അങ്ങനെയിരിക്കെ, കവലയിൽ നാലഞ്ചാളുകൾ പ്രത്യക്ഷപ്പെട്ടു. അവസാനത്തെ തീവണ്ടിയിലോ ബസ്സിലോ വന്നിറങ്ങിയവരാവാം. താഴ്വാരത്തെ ഏതോ പട്ടണത്തിൽ നിന്നും ജോലികഴിഞ്ഞെത്തിയവരെപ്പോലെ തോന്നിച്ചു. ഹസ്തദാനം ചെയ്തും കൈ ഉയർത്തിക്കാണിച്ചും അവരൊക്കെ പലവഴിക്ക് പിരിഞ്ഞു. സ്വന്തം വീടുകളിരിക്കുന്ന നാട്ടുപാതകളിലേയ്ക്ക് കയറി നടന്നുപോയി...

അതിൽ രണ്ടുപേർ ഞങ്ങളിരിക്കുന്ന ബാൽക്കണിയിൽ നിന്നും അധികം അകലെയല്ലാതെ, അരുവിക്ക്‌ സമാന്തരമായി പോകുന്ന നാട്ടുവഴിയിലൂടെ നടന്നുവന്നു. അവരങ്ങനെ ഞങ്ങളെ കടന്നുപോകവേ എന്തോ ഉറക്കെ പറഞ്ഞു പൊട്ടിച്ചിരിച്ചു. ഭാര്യയും ഞാനും അവിശ്വസനീയതയോടെ പരസ്പരം നോക്കി - അവർ സംസാരിച്ച ഭാഷ മലയാളമായിരുന്നു.

ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഇതുവഴി തീവണ്ടിയിൽ ദിനേന എത്രയോ മലയാളികൾ ആൽപ്സിന്റെ ഗിരിശിഖരങ്ങളിലേയ്ക്ക് കടന്നുപോകുന്നുണ്ടാവും. ഞങ്ങളെപ്പോലെ ഇവിടുത്തെ ഹോട്ടലുകളിൽ വന്നു താമസിക്കുന്ന മലയാളികളും അനേകം ഉണ്ടാവാം. പക്ഷെ ഈ രാത്രിയിൽ, നഗരത്തിലെ ജോലികഴിഞ്ഞു എത്തിയ മാതിരി രണ്ടു മലയാളികൾ ഇത്തരമൊരു വിദൂര സ്വിസ്സ് ഗ്രാമത്തിന്റെ ഇടവഴിയിലൂടെ മലഞ്ചരിവിലെ വീട്ടിലേയ്ക്ക് നടന്നുപോവുക എന്നത് അയഥാർത്ഥമായ സംഭവം പോലെ അനുഭവപ്പെട്ടു.

ഭ്രമാത്മകമായ ഒരു രാതി തന്നെ...!

- തുടരും -