ഗൾഫിലുള്ള ചില കൂട്ടുകാരുടെ മക്കളും ഈ സ്കൂൾ അവധിക്കാലത്ത് നാട്ടിലുണ്ടായിരുന്നു. പക്ഷെ നാട്ടിൽ വേനലവധി കഴിഞ്ഞ് സ്കൂളൊക്കെ തുറന്ന സമയവും. ബന്ധുക്കളും കൂട്ടുകാരും ആയ കുട്ടികൾ ഒക്കെ സ്കൂളിന്റെയും റ്റ്യൂഷന്റെയും തിരക്കിൽ. ഇവർക്കൊക്കെയോ വല്ലാത്ത ബോറടിയും. അങ്ങനെയാണ് അവരെയെല്ലാം കൂട്ടി ഒരു ചെറിയ പകൽയാത്ര ആവാമെന്ന് കരുതിയത്. കുഞ്ഞുകാറിന്റെ പിൻസീറ്റിൽ എല്ലാവരെയും മത്തി അടുക്കുന്നത് പോലെ അടുക്കിയിരുത്തി രാവിലെ തന്നെ നെയ്യാർ ഡാമിലേയ്ക്ക് യാത്രതിരിച്ചു...
|
നെയ്യാർ അണക്കെട്ട് |
തിരുവനന്തപുരം നഗരത്തില്‍ നിന്നും അധികം അകലെയല്ലാത്തതിനാല്‍ പെട്ടെന്ന് തട്ടികൂട്ടാവുന്ന, ഒരു ദിവസം നീണ്ടുനില്‍ക്കുന്ന വിനോദസഞ്ചാരത്തിന് ഉതകും ഈ അണക്കെട്ടിന്റെ കാഴ്ചകളും പരിസരത്തായി നിര്‍മ്മിച്ചിരിക്കുന്ന ഉദ്യാനവും പാര്‍ക്കും, കുട്ടികള്‍ക്ക് പ്രത്യേകിച്ചും. പട്ടണത്തിൽ നിന്നും ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
|
കുട്ടികൾക്കുള്ള പാർക്കിന്റെ ഒരു ഭാഗം |
പ്രവൃത്തി ദിവസം ആയതിനാലാവും ഞങ്ങളവിടെ എത്തുമ്പോൾ തീരെ തിരക്കുണ്ടായിരുന്നില്ല. അണക്കെട്ടും പരിസരവും ഞങ്ങൾക്ക് മാത്രമായി എന്നതുപോലെ വിജനമായി കിടന്നു. ഉദ്യാനപാലകരായി ഒന്നുരണ്ട് ആൾക്കാരെ മാത്രം അവിടവിടെ കണ്ടു.
ജീവിതത്തിൽ ആദ്യമായി കാണുന്ന അണക്കെട്ട് നെയ്യാർഡാമാണ്. ചെറിയ ക്ളാസിൽ ആയിരിക്കുമ്പോൾ സ്കൂളിൽ നിന്ന് എക്സ്കർഷനു പോയപ്പോഴാണ് ആദ്യമായി ഇവിടെ വരുന്നത്. അണക്കെട്ടിനൊപ്പം അന്നുമുതൽ മനസ്സില് ഇടംപിടിച്ച ഒന്നാണ് ഉദ്യാനത്തിലെ 'ജീവൻ തുടിക്കുന്ന' വർണ്ണശില്പങ്ങൾ.
|
അണക്കെട്ടിന്റെ മറ്റൊരു കാഴ്ച |
കുട്ടികൾ പാർക്കിലും ഉദ്യാനത്തിലുമായി കളി തുടങ്ങിയപ്പോൾ ഭാര്യയും ഞാനും അല്പംമാറി ബെഞ്ചിലിരുന്നു. ആകാശം മേഘാവൃതമാണ്, വെയിലില്ല. അധികം അകലെയല്ലാതെ നിബിഡമാകുന്ന മരശിഖരങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന കിളികളുടെ ചിലമ്പൽ മനോഹരമായ പരിസരം ഉണ്ടാക്കിയെടുക്കുന്നു.
അവളും ഞാനും ഇവിടെ ആദ്യമായല്ല വരുന്നത്. പ്രണയ സൗഭഗമായ യൗവ്വനത്തിന്റെ തുടക്കത്തിൽ ഞങ്ങൾ ഇവിടെ ഒന്നിലേറെ തവണ വന്നിട്ടുണ്ട്. ഞാൻ അന്നത്തെ മാനസികാവസ്ഥ ഓർത്തെടുക്കാൻ ശ്രമിച്ചു. കാലം തടാകമല്ല. ആഹ്ളാദങ്ങളും ഉന്മാദങ്ങളുമൊക്കെ കാലത്തിന്റെ പുഴയിലൂടെ ഒഴുകിപോകും. അവയെ എത്രയോ കാലം കഴിഞ്ഞു തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് വ്യർത്ഥവ്യയമാണ്. ഇന്നിന് ഇന്നിന്റെ വൈകാരികതകളെ സൃഷ്ടിക്കാനാവൂ...
|
ഉദ്യാനത്തിലെ ഒരു ശിൽപം |
അഗസ്ത്യകൂടത്തിന്റെ ശൈലഗർഭത്തിലെവിടെയോ ഉത്ഭവിക്കുന്ന നെയ്യാർ, താഴ് വാരത്തിലേയ്ക്ക് ഇറങ്ങുമ്പോൾ, ഇവിടെ വച്ച് സ്വാഭാവിക ഗമനം തടയപ്പെടുന്നു. 1959 - ലാണ് ഈ അണക്കെട്ട് സാക്ഷാത്കരിക്കപ്പെടുന്നത്. സ്വാതന്ത്ര്യ ഇന്ത്യയിലെ അമ്പലങ്ങൾ അണക്കെട്ടുകളാവണം എന്ന നെഹ്രുവിന്റെ സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഉയർന്നുവന്ന ആധുനിക ഇന്ത്യയുടെ മുഖം. ഇന്ന് അണക്കെട്ടുകളെക്കുറിച്ച് നമ്മൾ ഒരു പുനർവിചിന്തനത്തിന്റെ വഴിയിലാണ്. നെഹ്രുവിന്റെ കാലത്ത്, ഇന്ത്യയിൽ, പരിസ്ഥിതിചിന്ത ഒരു വിഷയമേ ആയിരുന്നില്ല. അതിനുള്ള സാമൂഹിക സാഹചര്യം സന്നിഹിതവുമായിരുന്നില്ല. പുതിയ രാഷ്ട്രത്തിന്റെ സ്വയംപര്യാപ്തയായിരുന്നു അന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നം. ആ ലക്‌ഷ്യം കുറച്ചെങ്കിലും നേടിയെടുക്കുന്നതിന് അക്കാലത്ത് അണക്കെട്ടുകളും അനുബന്ധ ജലവൈദ്യുതപദ്ധതികളും വഹിച്ച പങ്ക് കുറച്ചൊന്നുമല്ല.
|
അണക്കെട്ടിന്റെ ജലസംഭരണി |
കുട്ടികൾ കുറേയേറെ നേരം കളിച്ചു. അതിവിസ്തൃതമായ ഒരു ഉദ്യാനം ഇത്ര വിജനമായി കളിക്കാൻ എപ്പോഴും കിട്ടില്ലല്ലോ. തിരക്കൊന്നുമില്ലാത്തതിനാലും സ്വച്ഛസുന്ദരമായ പരിസരം സ്വയം നഷ്ടപ്പെടാൻ ഏറ്റവും ഉചിതമായി തോന്നിയതിനാലും ഞങ്ങളും ഉദ്യാനത്തിന്റെ ഒരുഭാഗത്ത് അലസരായി ഇരുന്നു.
കുട്ടികളുടെ കളി കഴിഞ്ഞപ്പോൾ അടുത്തു തന്നെയുള്ള മുതലവളർത്തൽ കേന്ദ്രം കാണാനായി പോയി. 1977 - ൽ ആണ് ഈ മുതലവളർത്തൽ കേന്ദ്രം ഇവിടെ ആരംഭിക്കുന്നത്. ചെറിയ ജലസംഭരണികളുള്ള കോണ്‍ക്രീറ്റ് കളങ്ങളിലാണ് ഇവയെ വളർത്തുന്നതായി കണ്ടത്. ഏഷ്യൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന 'മഗ്ഗർ' മുതലകളെയാണ് ഇവിടെ വളർത്തുന്നത്. അണക്കെട്ട് കാണാൻ എത്തുന്നവർക്ക് മറ്റൊരു കൗതുകം എന്ന നിലയ്ക്ക് വളർത്തി തുടങ്ങിയതാണോ അതോ മറ്റെന്തെങ്കിലും ഉദ്ദേശ്ശ്യം ഈ കേന്ദ്രത്തിന് ഉണ്ടോ എന്ന് അറിയാൻ സാധിച്ചില്ല.
|
മുതലവളർത്തൽ കേന്ദ്രത്തിലെ മുതലകൾ |
ഏതാണ്ട് തൊണ്ണൂറു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ജലസംഭരിയുടെ കരയിലെ വനമേഖലയിൽ പല ആദിവാസി ഗ്രാമങ്ങളും ഉണ്ട്. ഇവിടുത്തെ മുതലവളർത്തൽ കേന്ദ്രവുമായി ബന്ധപ്പെട്ടു ഈ ജനങ്ങൾ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നാണു പത്രവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്. മുതലകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുമ്പോൾ അവയെ ജലസംഭരണിയിലേയ്ക്ക് തുറന്നു വിടാറുണ്ടത്രേ. ജലസംഭരണിയെ പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന പ്രദേശവാസികൾ അങ്ങനെ മുതലഭീഷണിയിലായി. ഒന്നിലധികം പേരെ മുതല പിടിക്കുകയും ചെയ്തു...
|
വാച്ച് ടവ്വർ |
അപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു. വിനോദസഞ്ചാര വകുപ്പിന്റെ 'ടാമറിന്റ് ഈസി ഹോട്ടൽ' ശ്രിംഖലയിൽ ഒരെണ്ണം അണക്കെട്ടിനോട് ചേർന്നുതന്നെയുണ്ട്. അവിടെ നിന്നും കഴിച്ചതിനു ശേഷമാണ് അണക്കെട്ടിന് മുകളിലൂടെയുള്ള നടത്തത്തിന് മുതിർന്നത്. ഈ വശത്തുനിന്നും അണക്കെട്ടിലേയ്ക്കുള്ള പ്രവേശനഭാഗത്ത് സന്ദർശകർക്ക് കയറിനിന്ന് പ്രദേശം ആകമാനം വീക്ഷിക്കാനായി ഒരു വാച്ച് ടവ്വർ ഉണ്ട്. ഇവിടെ നിന്നാൽ അണകെട്ടിന്റെയും ജലാശയത്തിന്റെയും അതിനപ്പുറമുള്ള വനമേഖലയുടെയും ആകാശവീക്ഷണം നന്നായി ലഭിക്കും.
|
വാച്ച് ടവ്വറിനു മുകളിൽ നിന്ന് അണക്കെട്ട് കാണുമ്പോൾ |
നെയ്യാർ അണക്കെട്ടിൽ ജലവൈദ്യത പദ്ധതികൾ ഇല്ല. നെയ്യാര്‍നദിയുടെ ജലം തിരുവനന്തപുരം ജില്ലയുടെയും തമിഴ്നാടിന്റെയും സമീപപ്രദേശങ്ങളിലെ കൃഷിയാവശ്യങ്ങള്‍ക്കായി വഴിതിരിച്ചുവിടാന്‍ 1959 മുതല്‍ ഈ അണക്കെട്ട് ഉപയുക്തമാകുന്നു. അത്തരം ആവശ്യങ്ങൾ കഴിഞ്ഞ് ഇവിടെ നിന്നും തുറന്നുവിടുന്ന ജലം നെയ്യാർ നദിയായി അതിന്റെ സ്വാഭാവിക പ്രവാഹം തുടരുന്നത്, പേര് സൂചിപ്പിക്കുന്നതുപോലെ, നെയ്യാറ്റിൻകര പ്രദേശത്തു കൂടിയാണ്. ഒടുവിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം മുപ്പതു കിലോമീറ്റർ തെക്കുമാറി പൂവാറിൽ വച്ച് അത് അറബിക്കടലിൽ ചേരുന്നു.
|
അണക്കെട്ടിനു മുകളിലേയ്ക്കുള്ള പ്രവേശനഭാഗം |
ഏത് അണക്കെട്ടിന് മുകളിലൂടെയുള്ള നടത്തവും അപാരതയുമായുള്ള ലയനം കൂടിയാണ്. മുകളിൽ നിന്ന് ജലാശയത്തിലേയ്ക്ക് നോക്കുമ്പോൾ മനുഷ്യഗർവ്വുകളെ തല്ലിക്കെടുത്തുന്ന പ്രകൃതിയുടെ ആഴവും അപാരതയും ആവേശിക്കും. ഇടുക്കിയും മലമ്പുഴയും ഒക്കെയായി താരതമ്യം ചെയ്യുമ്പോൾ ഈ അണക്കെട്ട് അത്ര വലുതല്ല. എങ്കിൽകൂടിയും അണക്കെട്ടിന് നടുവിൽ നിന്ന് ജലാശയത്തിന്റെ വിസ്തൃതിയും അതിനപ്പുറം അടുക്കുകളായി നിരക്കുന്ന പശ്ചിമഘട്ടത്തിന്റെ തെക്കൻ നിരകളുടെ ഹരിതവന്യതയും അനുഭവിക്കുമ്പോൾ വളരെ പ്രകൃത്യവും അവാച്യവുമായ ചില അനുഭൂതികൾ നമ്മെ പൊതിയും.
|
ജലാശയം - മറ്റൊരു കാഴ്ച |
അതുപോലെ, ഏത് അണക്കെട്ടിലെ ജലാശയത്തിലേയ്ക്ക് നോക്കിനിൽക്കുമ്പോൾ മറ്റൊരു ചിന്തയും ഉണരാറുണ്ട്. ഈ ജലമെടുത്തുപോയ സ്ഥലങ്ങൾ, അണക്കെട്ട് വരുന്നതിനു മുൻപ് എങ്ങനെയായിരുന്നിരിക്കും. എത്ര ഗ്രാമങ്ങൾ ഈ ജലാശയത്തിനടിയിലായിട്ടുണ്ടാവും. എത്രത്തോളം വനഭൂമി ഹത്യചെയ്യപ്പെട്ടിരിക്കാം. ഏതാണ്ട് തൊണ്ണൂറ് ചതുരശ്രകിലോമീറ്ററോളം കാടും നാടും ഈ അണക്കെട്ടിന്റെ നിര്‍മ്മാണത്തോടെ ജലസംഭരണിയുടെ അടിയിലായി എന്നത് വരുത്തിവച്ച പരിസ്ഥിതിനാശത്തിന്റെ തോത് അണക്കെട്ടില്‍ നിന്നും നോക്കിയാല്‍ അതിമനോഹരമായി കാണപ്പെടുന്ന കായലിന്റെയും മലനിരകളുടെയും ദൃശ്യത്തിനുള്ളിൽ ഗോപ്യമാക്കപ്പെട്ടിരിക്കുന്നു.
|
അണക്കെട്ടിൽ നിന്നുള്ള ജലം കൊണ്ടുപോകുന്ന പല വഴികളിൽ ഒന്ന് |
ജലാശയത്തിലൂടെ ബോട്ട് സവാരിയ്ക്ക് സൗകര്യമുണ്ട്. ബോട്ടിൽ കയറി മറുകരയിലെവിടെയോ ഉള്ള സഫാരി പാർക്കിലേയ്ക്ക് പോകാമത്രേ. കുട്ടികൾ എണ്ണത്തിൽ കൂടുതൽ ആയതിനാലും, മതിമറന്നു കളിക്കുന്ന അവരെ നിയന്ത്രിക്കാൻ ഈയവസരത്തിൽ ഞങ്ങൾ രണ്ടുപേർ മാത്രം മതിയാവില്ല എന്ന് തോന്നിയതിനാലും ബോട്ടുയാത്ര ഒഴിവാക്കി.