2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ആൽപൈൻ കലൈഡെസ്കോപ് - പതിനൊന്ന്

ഒരല്പം ഇച്ഛാഭംഗത്തോടെ ഞാൻ ആ ചെറിയ വഴിയോരക്കെട്ടിടത്തിൽ നിന്നും ഇറങ്ങി മഴനനഞ്ഞു വന്ന് കാറിൽകയറി, പുതിയൊരു രാജ്യത്തിന്റെ മണ്ണിലൂടെ ഡ്രൈവുചെയ്യാൻ തുടങ്ങി. സ്വിറ്റ്സർലാൻഡിൽ നിന്നും ഇറ്റലിയിലേയ്ക് കടക്കുന്ന ഭാഗത്താണ് ഞങ്ങൾ. ഷെങ്കൻ വിസയുടെ പരിധിയിൽ വരുന്ന രാജ്യങ്ങൾ തമ്മിൽ യാത്രാവിലക്കുകൾ ഇല്ലെന്ന് അറിയാമായിരുന്നു. എങ്കിലും വെറുതേയങ്ങ് ഓടിച്ചുപോയാൽ പ്രശ്‌നമായെങ്കിലോ എന്ന് കരുതിയാണ് അതിർത്തിയിൽ കണ്ട ഓഫീസ് കെട്ടിടത്തിലേയ്ക് കയറിച്ചെന്നത്. അത് കസ്റ്റംസിന്റെ ഓഫീസായിരുന്നു. വിസ സംബന്ധിയായ ഒരു കാര്യവും അവിടെ നടക്കുന്നുണ്ടായിരുന്നില്ല. ഞാൻ പാസ്പോർട്ട് കാണിച്ചപ്പോൾ ആ ഓഫീസർ ആദ്യം അന്തംവിട്ടൊന്നു നോക്കി. പിന്നെ സഹതാപത്തോടെയുള്ള ഒരു പുഞ്ചിരി സമ്മാനിച്ച്, "നേരേ വിട്ടുപൊയ്‌ക്കോളൂ" എന്ന് ദ്യോതിപ്പിക്കുന്ന രീതിയിൽ ഞങ്ങൾക്ക് പോകാനുള്ള ഭാഗത്തേയ്ക്ക് കൈ നീട്ടിക്കാണിച്ചു...

കുറച്ചു വർഷങ്ങൾക്ക് മുൻപ് മറ്റു ചില രാജ്യാതിർത്തികൾ ഭൂപ്രതലത്തിലൂടെ മുറിച്ചുകടന്നത് ഓർമ്മവന്നു. കുവൈറ്റിൽ നിന്നും വണ്ടിയോടിച്ച് സൗദി അറേബ്യയിലേയ്ക്കും അവിടെ നിന്നും ബഹ്‌റൈനിലേയ്ക്കും പോയപ്പോഴായിരുന്നു അത്. ആ അതിർത്തികളിൽ എത്രയോ സമയം അന്ന് നഷ്ടപ്പെട്ടിരുന്നു എന്നതും ഓർത്തു. മദ്ധ്യ, ഉത്തര യൂറോപ്യൻ രാജ്യങ്ങളുടെ  അതിർത്തികളിൽ ഇമിഗ്രെഷൻ നടപടികൾ തീരെയില്ല എന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെങ്കിലും, കിഴക്കൻ യൂറോപ്പിൽ നിന്നും ഈ ഭാഗങ്ങളിലേയ്ക്ക് കടക്കുന്ന അതിർത്തികൾ ഇതുപോലെ ലളിതമായിരിക്കുമോ എന്ന് സംശയിച്ചു.

മഴ..., സ്വിറ്റ്സർലാൻഡ് - ഇറ്റലി അതിർത്തിയിൽ
ആൽപ്സിനെ മുറിച്ചുകടന്ന് ആ ശൈലപംക്തിയുടെ തെക്കൻ ചരിവിലൂടെ ഇറ്റലിയുടെ ഭൂമിയിലേയ്ക്കിറങ്ങുമ്പോൾ  ഇടയ്ക്കിടയ്ക്ക് പെരുമഴ വീണുകൊണ്ടിരുന്നു. മഴപെയ്യുമ്പോൾ തന്നെ വേണം ഒരു രാജ്യത്തേയ്ക്ക് ആദ്യമായി പ്രവേശിക്കാൻ...

തെക്കൻ ചരിവിലേയ്ക്ക് മലയിറങ്ങുമ്പോൾ ഭൂപ്രകൃതിയുടെ വ്യത്യസ്ഥത ഒട്ടൊക്കെ തെളിഞ്ഞു കാണപ്പെട്ടു. വടക്കൻ ഭാഗത്തെ സ്വിസ്സ് പ്രകൃതിയുടെ ലളിതവും സുതാര്യവുമായ രീതിയല്ല ഇവിടെ. കുറച്ചുകൂടി വന്യമായ പച്ചപ്പാണ്. കേരളത്തിലെ മലഞ്ചരിവുകൾ ഓർമ്മവരും.

കാറിന്റെ ജാലകച്ചില്ലു താഴ്ത്തി. കാറ്റിന്റെ സ്വഭാവത്തിനും മണത്തിനും ഇതുവരെയില്ലാതിരുന്ന എന്തൊക്കെയോ സവിശേഷഭാവങ്ങൾ. ബോഡിനായകനൂരിൽ നിന്നും പൂപ്പാറയിലേയ്ക്ക് മലകയറുമ്പോൾ കാറ്റിനൊരു വരണ്ടഗന്ധമാണ്. എന്നാലോ അതേ വഴിയുടെ പടിഞ്ഞാറൻ ചരിവിൽ, നേര്യമംഗലത്തുനിന്നും മൂന്നാർ മലകളിലേയ്ക്ക് കയറാൻതുടങ്ങുമ്പോൾ മറ്റൊരു മണമാണ് - മഴക്കാടുകളുടെ സസ്യഗന്ധം. ആൽപ്സിന്റെ തെക്കൻ ചരിവിലെ നിബിഡപച്ചയിലൂടെ മലയിറങ്ങുമ്പോൾ അതേ മണം! 

ആൽപ്സിന്റെ ഇറ്റാലിയൻ ചരിവിലൂടെ...
ഇറ്റലിയുടെ ആൽപൈൻ മലമടക്കുകളിലെ ഒരു ദേശീയോദ്യാനം യാത്രാവഴിയിൽ കാണണമെന്ന് പദ്ധതിയിട്ടിരുന്നു - വൽ ഗ്രാൻഡെ ദേശീയോദ്യാനം (Val Grande National Park). ആ ഭാഗത്തെത്തിയപ്പോൾ ആകാശം പിളർന്നതുപോലെ മഴ തകർക്കുകയായിരുന്നു. ജി. പി. എസ് വീണ്ടും വീണ്ടും വഴിതെറ്റിച്ചുകൊണ്ടിരുന്നു. തികച്ചും വിജനമായ മലയോരപ്രദേശമാണ്. പെരുമഴയിൽ, ഇറങ്ങിയന്വേഷിക്കാൻ പറ്റിയ ഒരു സ്ഥലവും കണ്ടില്ല. കുറച്ചുനേരം ആ ഭാഗത്ത് കറങ്ങി സമയം നഷ്ടപ്പെട്ടപ്പോൾ, അത് വ്യർത്ഥവ്യയമാണെന്ന് മനസ്സിലാക്കി, ആ ശ്രമമുപേക്ഷിച്ച് പെരുവഴിയിൽ കയറി മിലാനിലേയ്ക്കുള്ള യാത്രതുടർന്നു.

യാത്രകളിൽ ഇത്തരം നഷ്ടങ്ങളൊന്നും പുതിയതല്ല, അപ്രതീക്ഷിതവുമല്ല. അവിചാരിതമായി ചില അസുലഭസ്ഥലങ്ങൾ, പദ്ധതികൾക്കും ആസൂത്രണങ്ങൾക്കും വെളിയിൽ നിന്നും യാത്രാവഴിയിൽ കയറിവരാറുണ്ട് എന്നതുപോലെ തന്നെ നമ്മൾ ആഗ്രഹിച്ചുപോകുന്ന ചില ഭാഗങ്ങളിൽ ചെന്നെത്താൻ പറ്റാതെ പോവാറുമുണ്ട്. എങ്കിലും, ആൽപൈൻ പ്രദേശത്തെ വ്യതിരിക്തതയുള്ള, ദേശീയോദ്യാനം എന്ന നിലയ്ക്ക് പ്രാതിനിധ്യസ്വഭാവമുള്ള ഒരു പ്രദേശം കാണാനാവാതെ പോയതിൽ പക്ഷേ ഒട്ടും നിരാശ തോന്നിയില്ല എന്നല്ല.

ഇറ്റലിയുടെ പെരുവഴിയിലൂടെ...
മിലാൻ പട്ടണത്തിൽ നിന്നും കുറച്ചകലെ വിമാനത്താവളത്തിനടുത്തയാണ് താമസസ്ഥലം ഏർപ്പാടാക്കിയിരുന്നത്. ഞങ്ങൾ പോകുന്ന വഴിക്കാണ് ഈ സ്ഥലം. അതിനാൽ നഗരത്തിൽ കയറി ചുറ്റിതിരിയാതെ കഴിക്കാം എന്നതും വിമാനത്താവളത്തിൽ നിന്നും പട്ടണമദ്ധ്യത്തിലേയ്ക്ക് എപ്പോഴും തീവണ്ടികൾ ഓടുന്നുണ്ട് എന്നതുമാണ് അവിടം തിരഞ്ഞെടുക്കാൻ കാരണമായത്.

ആൽപ്സിന്റെ തെക്ക് ഭാഗത്തേയ്ക്ക് കൂടി സഞ്ചരിക്കണം എന്ന ആഗ്രഹമാണ് ഞങ്ങളെ മിലാനിലെത്തിച്ചത്. മിലാനോ എന്ന് ഇറ്റാലിയൻ ഭാഷയിൽ അറിയപ്പെടുന്ന ഈ പട്ടണം ആൽപ്സിൽ നിന്നും ഒട്ടൊന്ന് അകലെയാണ്. ആൽപ്സിനോട് ചേർന്നുകിടക്കുന്ന ട്യൂറിനും കോമോയും പോലുള്ള ഇറ്റാലിയൻ സുഖവാസപട്ടണങ്ങൾ ഒന്നിലേറെ വേറെയുണ്ടെങ്കിലും കുറച്ചുകൂടി ഉള്ളിലേയ്ക്ക് സഞ്ചരിച്ച് മിലാനിലെത്തിയത് ഈ ചരിത്രപട്ടണത്തോടുള്ള മമത കൊണ്ടുകൂടി തന്നെയാണ്. പ്രമുഖമായ മറ്റ് ഇറ്റാലിയൻ പട്ടണങ്ങൾ ആൽപ്സിന്റെ പരിസരത്തു നിന്നും വളരെ അകലെയാണ്. ലഭ്യമായ സമയത്തിലുള്ളിൽ അവയെ യാത്രാപദ്ധതിയിൽ ഉൾകൊള്ളിക്കാൻ സാധിക്കുമായിരുന്നില്ല. ഇത്തരം അവസരങ്ങളിൽ എപ്പോഴും കരുതാറുള്ളതുപോലെ; എന്നെങ്കിലുമൊരിക്കൽ ഇറ്റലിയുടെ മറ്റ് പ്രദേശങ്ങളിലേയ്ക്കും പോകാനാവും എന്ന് പ്രതീക്ഷിക്കാം. ഇറ്റലിയുടെ മെഡിറ്ററേനിയൻ തീരങ്ങളോ മോഹമായി എന്നുമുണ്ട്...

മിലാൻ തീവണ്ടിനിലയത്തിനു മുന്നിലെ നിരത്തിൽ നിന്നും...
മിലാൻ പട്ടണത്തിലെ തീവണ്ടിനിലയത്തിൽ ചെന്നിറങ്ങിയപ്പോൾ ഒരുകാര്യം പെട്ടെന്ന് പിടികിട്ടി. സ്വിറ്റ്സർലാൻഡ് പോലെ നിശിതമായും യുറോപ്യനല്ല ഇറ്റലിയുടെ ഭാവസ്വഭാവങ്ങൾ. തീവണ്ടിനിലയത്തിന്റെ ചുമരുകളിൽ അഴുക്കുപടർന്നിട്ടുണ്ട്. കുറച്ചായിരിക്കുന്നു നിറം പൂശിയിട്ടെന്ന് തോന്നുന്നു. ഫുഡ് കോർട്ടിലെ തീൻശാലയിൽ നിന്നും  ആരോ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടം വെയ്സ്റ്റ്ബാസ്‌ക്കറ്റിനു പുറത്ത് ചിതറികിടപ്പുണ്ട്. മൂത്രപ്പുരയ്ക്ക് തിളക്കമൊന്നുമില്ല, ദുർഗന്ധവുമുണ്ട്. ഇതിനെല്ലാം പുറമേ തീവണ്ടിയിൽ വച്ച് അരോഗദൃഢഗാത്രനായ ഒരു വെള്ളക്കാരൻ യുവാവ് നോട്ടീസ് വിതരണംചെയ്ത് ഭിക്ഷയെടുക്കുന്നുമുണ്ടായിരുന്നു. പെട്ടെന്ന് നാട്ടിലെത്തിയതുപോലെ തോന്നി. ആ പരിചിതത്വം സന്തോഷിപ്പിക്കുന്നതും അറിഞ്ഞു.

മിലാൻ നിരത്തിൽ നിന്നും മറ്റൊരു കാഴ്ച...
തീവണ്ടി നിലയത്തിൽ നിന്നും ഇറങ്ങുമ്പോൾ തിരക്കധികമായ വഴിവക്കിലിരുന്ന് ഒരു യുവതി ഗിറ്റാർമീട്ടി പാടുന്നുണ്ടായിരുന്നു. അവരുടെ തന്നെ സംഗീത ആൽബങ്ങൾ സി. ഡിയിൽ വിൽക്കാനും വച്ചിട്ടുണ്ട്.

അവരെ കടന്നു നടക്കുമ്പോഴാണ് പെട്ടെന്ന് പിന്നിലൊരു ബഹളം കേട്ടത്. തിരിഞ്ഞുനോക്കുന്നതിന് മുൻപുതന്നെ മുഷിഞ്ഞവസ്ത്രങ്ങൾ ധരിച്ച ഒരു ചെറുപ്പക്കാരൻ ഞങ്ങളെ തൊട്ടുതൊട്ടില്ല എന്നമട്ടിൽ ഓടിപ്പോയി. അവനോട് നിൽക്കാൻ ആക്രോശിച്ചു കൊണ്ട് അല്പം പിറകിലായി ഒരു പട്ടാളക്കാരനും ഏതാനും പോലീസുകാരും ചില സെക്യൂരിറ്റി ജീവനക്കാരുമൊക്കെ ഓടുന്നുണ്ടായിരുന്നു. പട്ടാളക്കാരൻ തോക്കുചൂണ്ടിക്കൊണ്ടാണ് ഓടുന്നത്. അയാൾ ഇപ്പോൾ ആ ചെറുപ്പക്കാരനെ വെടിവച്ചുവീഴ്ത്തും എന്ന് ഞങ്ങൾ ഭയപ്പെട്ടു. ചെറുപ്പക്കാരൻ തളർന്നിരിക്കുന്നു. അയാൾ വേച്ചുവേച്ചാണ് ഓടുന്നത്. നിമിഷങ്ങൾക്കകം തന്നെ പട്ടാളക്കാരനും പരിവാരങ്ങളും അയാളെ പിടികൂടി. അടുത്തുള്ള കെട്ടിടത്തിന്റെ ചുമരിൽ ചാരിനിർത്തി കൈകൾ പിറകിൽ ചേർത്ത് വിലങ്ങിട്ടു. ഞങ്ങൾക്കു മുന്നിലൂടെ തീവണ്ടിനിലയത്തിനുള്ളിലേയ്ക്ക് നടത്തിച്ചുകൊണ്ടുപോയി. അപ്പോഴാണ് അയാളെ ഞങ്ങൾ നന്നായി കണ്ടത്. ഖേദകരം - ഇന്ത്യാക്കാരനാണ്. അല്ലെങ്കിൽ പാക്കിസ്ഥാനിയോ ബംഗ്ളാദേശിയോ ആവാം...

പോലീസ് പിടിയിലായ ആ ഏഷ്യക്കാരൻ...
പിന്നീട്, അന്നത്തെ ദിവസം മുഴുവൻ ഭാര്യ "അയ്യോ, കഷ്ടം. ആ പയ്യന്റെ കാര്യം എന്താവുമോ ആവോ? അയ്യോ, കഷ്ടം..." എന്നിങ്ങനെ ആത്മഗതം പോലെ ആവർത്തിച്ചു കൊണ്ടിരുന്നു. എനിക്ക് ദേഷ്യംവരാൻതുടങ്ങി. അവളോട് പറയാൻ തോന്നി; നമ്മൾ അനിതസാധാരണ വിനോദസഞ്ചാരികളാണ്. ഭൂപ്രകൃതികൾ കാണുക, ജനപദങ്ങൾ കാണുക... യാത്രയുടെ ഏറ്റവും സ്ഥൂലവും ലളിതവും ഏകമാനവുമായ അനുഭവങ്ങൾ മാത്രമാണ് നമ്മുടെ നിയോഗം. അതിനപ്പുറം ആഴത്തിലുള്ള യാത്രാനുഭവങ്ങൾ സ്വാംശീകരിക്കാൻ കെല്പുള്ള അവധൂത സഞ്ചാരികളല്ല നമ്മൾ. അതിനപ്പുറമുള്ള പ്രതിബദ്ധത, യാത്രാവഴിയിൽ വന്നുപെടുന്ന സംഭവങ്ങളോട് കാണിക്കരുത്...

വർഷത്തിൽ എട്ടോ പത്തോ ദിവസം മാത്രം യാത്രയ്ക്ക് നീക്കിവയ്ക്കുന്ന നമുക്ക് സഞ്ചാരങ്ങൾ ക്ഷണികവിഭ്രമങ്ങൾ മാത്രമാണ്, ജീവിതമല്ല. നമ്മുടെ ജീവിതം മറ്റൊന്നാണ്. ഈ ഏതാനും ദിവസത്തെ യാത്രകഴിഞ്ഞു മടങ്ങിച്ചെന്ന് ഒരു മേശയ്ക്ക് പിന്നിലിരുന്ന് വർഷം മുഴുവൻ ഗുമസ്തപ്പണി ചെയ്യേണ്ടതുണ്ട്. മക്കളുടെ പഠനകാര്യങ്ങൾ ആലോചിച്ച് മസ്തിഷ്കപ്രക്ഷാളനം നടത്തേണ്ടതുണ്ട്. ടെലിവിഷൻ തുറന്നുവച്ച് സാംസ്കാരിക വിശാരദന്മാരുടെ അന്തിച്ചർച്ചകൾ കണ്ടും കേട്ടും അന്തംവിട്ടിരിക്കേണ്ടതുണ്ട്. രാത്രിയിൽ അവസാന പാത്രവും മോറിവച്ചുവന്ന് ഇണചേരേണ്ടതുണ്ട്... അതാണ് നമ്മുടെ ജീവിതം. യാത്രകൾ നമ്മുടെ ജീവിതമല്ല, സ്വപ്നാടനമാണ്. ഉറക്കമുണരുമ്പോൾ അത് കഴിഞ്ഞുപോകുന്നു...!

മിലാനിലെ തെരുവിൽ...
തീവണ്ടിനിലയത്തിൽ നിന്നും ഇടത്തേയ്ക്ക് നടന്നാൽ ഒട്ടും അകലെയല്ല മിലാൻ പട്ടണത്തിലെ ഏറ്റവും പ്രശസ്തമായ വാസ്തുനിർമ്മിതികളിലൊന്നായ സ്‌ഫോർസ കോട്ടസൗധം (Sforza Castle). അവിടം ജനനിബിഢമായിരുന്നു. നഗരത്തിന്റെ ഹൃദയം എന്ന് പറയാവുന്നിടത്താണ് ഈ കാസിലുള്ളത്. അതിനു ചുറ്റുമായാണ് അതിവിശാലമായ ഈ ഇറ്റാലിയൻ നഗരത്തിന്റെ മറ്റ് സവിശേതകൾ വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

ചുടുകല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന തവിട്ട് നിറത്തിലുള്ള നിർമ്മിതിയാണ് സ്‌ഫോർസ കോട്ടസൗധം. ഏതാണ്ടൊരു ദീർഘചതുരാകൃതിയാണ് കോട്ടസൗധത്തിനുള്ളത്. നടുവിൽ വിശാലമായ നടുമുറ്റം. നിരീക്ഷണഗോപുരങ്ങളും ഘടികാരഗോപുരവുമൊക്കെ പല ഭാഗങ്ങളിലും ഉയർന്നുനിൽപ്പുണ്ട്. പല കോട്ടകളിലും കാണാറുള്ളതു പോലെ ഇവിടെയും മതിൽക്കെട്ടിന്‌ പുറത്തായി ഒരു കിടങ്ങുകാണാം. ഇന്നതൊരു പുൽത്തകിടിയാണ്. ഒരുകാലത്ത് അന്നത്തെ സവിശേഷ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ നിർമ്മിക്കുന്ന സഗൗരവനിർമ്മിതികളുടെ ഗുണകാംക്ഷകൾ പലതും പിൽക്കാലത്ത്, ചരിത്രപാഠങ്ങൾ മാറ്റിനിർത്തിയാൽ, ഫലിതാത്മകമായി അനുഭവപ്പെടാം.

സ്‌ഫോർസ കോട്ടസൗധം
നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു ജനകീയ വിപ്ലവത്തിന്റെയും തുടർന്നുണ്ടായ രാഷ്ട്രീയ ആട്ടിമറിയുടെയും അധ്യായങ്ങളുണ്ട് ഈ കോട്ടസൗധത്തിന്റെ ചരിത്രപുസ്തകത്തിൽ...

പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഈ ഭാഗത്തെ പ്രശസ്ത പ്രഭുകുടുംബമായിരുന്ന വിസ്കോന്റിയുടെ അവശ്യപ്രകാരമാണ് ഈ കോട്ടസൗധത്തിന്റെ നിർമ്മാണമാരംഭിക്കുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം വിസ്കോന്റി പ്രഭുക്കന്മാരുടെ താമസസ്ഥലമായിരുന്നു സ്‌ഫോർസ.

മദ്ധ്യകാലത്തിന്റെ അവസാന ദശകങ്ങളിൽ യൂറോപ്പിൽ, വിശിഷ്യാ ഇന്നത്തെ ഇറ്റലിയുടെ ഭാഗങ്ങളിൽ, അതിസങ്കീർണമായ രാഷ്ട്രീയകാലാവസ്ഥയാണ് നിലനിന്നിരുന്നത്. ഒരുപാട് പ്രാദേശിക ഭരണകൂടങ്ങൾ പ്രവർത്തിച്ചിരുന്നു. അവയ്‌ക്കെല്ലാം മുകളിലായി മാർപാപ്പയുടെ അധികാരപ്രയോഗവും ശക്തമായിരുന്നു. എന്നാൽ എല്ലാ ഭരണകൂടങ്ങളും മാർപാപ്പയെ പൂർണ്ണമായി അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്തിരുന്നുമില്ല. ഇത് നിരന്തരമായ സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും ഇടവരുത്തിയിരുന്നു.

കോട്ടസൗധം - മറ്റൊരു ഭാഗത്ത് നിന്ന് കാണുമ്പോൾ... 
അങ്ങനെയാണ്, വളരെ പഴയൊരു ഭൂതകാലത്തിലെ അറിയപ്പെടുന്ന ഒരു ജനകീയ വിപ്ലവം മിലാനിൽ അരങ്ങേറുന്നത് - 1447 - ൽ. മിലാനിൽ നിന്നും അധികം ദൂരെയല്ലാതുള്ള പവിയ സർവകലാശാലയിലെ (University of Pavia) വിദ്യാർത്ഥികളും ബുദ്ധിജീവികളുമാണ് വിസ്കോന്റി പ്രഭുക്കന്മാരുടെ പേപൽ വിധേയത്വത്തെ നിരാകരിച്ചുകൊണ്ടുള്ള ഈ ജനകീയ മുന്നേറ്റത്തിന് നേതൃത്വംനൽകിയത്. വിവാഹം വഴി വിസ്കോന്റി കുടുംബത്തിനോട് ചാർച്ചയുണ്ടായിരുന്ന മറ്റൊരു ചെറുകിട പ്രഭുവായ ഫ്രാഞ്ചെസ്‌കോ സ്‌ഫോർസ (Francesco Sforza) ഈ ജനകീയ മുന്നേറ്റത്തിന് സൈനിക സഹായം നൽകുകയും ചെയ്തു. ഗോൾഡൻ അബ്രോസിയൻ റിപ്പബ്ളിക്ക് എന്ന പേരിൽ ഈ ജനകീയ മുന്നണി മൂന്നു വർഷത്തോളം ഭരണം നടത്തി. എന്നാൽ അതിനുശേഷം, താൻ തന്നെ അവരോധിച്ച ജനകീയ ഭരണകൂടത്തെ അട്ടിമറിച്ച് സ്‌ഫോർസ ഭരണം പിടിച്ചെടുക്കുകയായിരുന്നു.

1450 - ൽ ജനകീയ ഭരണം തുടച്ചു നീക്കിയതിനു ശേഷം സ്‌ഫോർസ ആദ്യമായി ചെയ്തത്, ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന ഈ കോട്ടസൗധം വിപുലപ്പെടുത്തി തന്റെ ഭവനമാക്കി മാറ്റുകയാണ്. അങ്ങനെയാണിത് സ്‌ഫോർസ കോട്ടസൗധം എന്ന് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് സ്‌ഫോർസ പ്രഭുകുടുംബത്തിന്റെ ഭരണതുടർച്ചയിൽ പലകാലങ്ങളിൽ ഈ കോട്ടസൗധത്തിൽ പല തരത്തിലുമുള്ള കൂട്ടിച്ചേർക്കലുകളും മോടിപിടിപ്പിക്കലുമൊക്കെ നടക്കുകയുണ്ടായി.

കോട്ടസൗധത്തിന്റെ, പച്ചപടർന്ന മറ്റൊരു ഭാഗം...
മദ്ധ്യകാലത്തിനു ശേഷം, ഒരുപാട് ഭരണകൂടങ്ങൾ, അധിനിവേശങ്ങൾ മിലാനിലൂടെ കടന്നുപോയി. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ആസ്ട്രിയ തുടങ്ങിയ അധിനിവേശശക്തികൾ കാലാകാലങ്ങളിൽ മിലാനെ കീഴടക്കുകയുണ്ടായി. അതിന്റെയെല്ലാം ഗുണദോഷഭോക്താവായി സ്‌ഫോർസ കോട്ടസൗധം മാറുകയുംചെയ്തു. സംയുക്തഇറ്റലിയുടെ രൂപീകരണത്തിനു ശേഷം, രണ്ടാംലോകമഹായുദ്ധ കാലത്ത് സഖ്യസേനയുടെ ബോംബാക്രമണത്തിൽ ഇതിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. യുദ്ധാനന്തരം പുനർനിർമ്മിച്ച കോട്ടസൗധമാണ് ഇന്ന് കാണുന്നത്. ഒരു കാഴ്ചബംഗ്ളാവായി ഇതിപ്പോൾ പ്രവർത്തിക്കുന്നു.

ജനങ്ങൾ, അധികവും വിനോദ സഞ്ചാരികൾ, നിരനിരയായി ഒഴുകുന്ന സൗധത്തിന്റെ നടുമുറ്റത്ത് നിൽക്കുമ്പോൾ ഈ ചരിത്രമൊക്കെ സാവകാശം സ്വാംശീകരിക്കാൻ പ്രയാസമാണ്. ഇതിന് മുൻപ് ഞങ്ങൾ കണ്ടിരിക്കുന്ന, യൂറോപ്യൻ പ്രദേശത്തെ ഇത്രയും ജനസാന്ദ്രമായ ഒരു പട്ടണം ലണ്ടനാണ്. സ്വിറ്റസർലാൻഡിലെ പട്ടണങ്ങളിലൊന്നും ഇത്രയും തിരക്കില്ല തന്നെ.

നടുമുറ്റത്ത് കാഴ്ചകൾ കണ്ട് അങ്ങനെ നിൽക്കവേയാണ്, ചെറുസിംഹത്തെ പോലെ തോന്നിക്കുന്ന നാലഞ്ച് പട്ടികളെയും കൊണ്ട് ചിലർ നടന്നുപോകുന്നത് കണ്ടത്. ആൾക്കൂട്ടത്തിന് അതുമൊരു കൗതുകം.

കോട്ടസൗധത്തിലെ ശ്വാനസഞ്ചാരികൾ...
സ്‌ഫോർസ കോട്ടസൗധത്തിനു പിന്നിലായാണ് മിലാനിലെ ഏറ്റവും പ്രശസ്ത ഹരിതോദ്യാനമായ പാർക്കോ സെംപിയോനെ (Parco Sempione). ഉദ്യാനത്തിലേയ്ക്ക് കടക്കുന്നതിനു മുൻപ് പാഠസംബന്ധിയല്ലാത്ത ഒരുകാര്യം സൂചിപ്പിക്കാൻ തോന്നുന്നു...

വിനോദസഞ്ചാരികൾ എന്ന പരികല്പനയിൽപ്പെടുത്തി വ്യവഹരിക്കുന്ന സാധാരണക്കാരായ യാത്രികരൊന്നും തങ്ങളുടെ യാത്രാവഴിയിൽ ശ്രമകരമായ ഉദ്യമങ്ങൾക്കോ സാഹസികമായ വിനോദങ്ങൾക്കോ മുതിരാറില്ല. അതാവശ്യപ്പെടുന്ന മനോനിലയോ ശാരീരികക്ഷമതയോ പലർക്കും ഉണ്ടാവാറില്ല.

ഇങ്ങനെയാണെങ്കിലും ഏത് അനിതസാധാരണ യാത്രികനും പാലിച്ചിരിക്കേണ്ട ഏറ്റവും കുറഞ്ഞ ശാരീരികക്ഷമതയുണ്ട്. തികച്ചും ദുർബലമായ ശരീരം നമ്മളെ പെട്ടെന്ന് തളർച്ചയിലേയ്ക്കും തദ്വാര മടുപ്പിലേയ്ക്കും കൊണ്ടുപോകും. സ്‌ഫോർസ കോട്ടസൗധവും ചേർന്നുകിടക്കുന്ന ഉദ്യാനവും രണ്ടിലധികം ചതുരശ്രകിലോമീറ്റർ വലിപ്പമുള്ളതാണ്. പല ഭാഗങ്ങളിലേയ്ക്ക് നീണ്ടുപോകുന്ന വഴികളിലൂടെ കാഴ്ചകൾ കണ്ടുനടക്കുമ്പോൾ, വൈവിധ്യസുരഭിലമായ ആ കാഴ്ചകളുടെ മനോഹാരിത ആസ്വാദ്യകരമായിരിക്കണമെങ്കിൽ തളർച്ച വന്നുഭവിക്കാൻ പാടില്ലാത്ത വിധത്തിൽ ഏറ്റവും കുറഞ്ഞ ശാരീരികക്ഷമതയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

ഇതിപ്പോൾ കിട്ടിയ വെളിപാടല്ല. വലിയ ആഗ്രഹത്തോടെ ചെന്നെത്തിയ സ്ഥലങ്ങളിലെ, ഒരു ശൈലാഗ്രത്തിലുള്ള സവിശേഷകാഴ്ച..., അല്ലെങ്കിൽ നടവഴിയുടെ കിലോമീറ്ററുകൾ അപ്പുറത്തുള്ള അപൂർവ്വനിർമ്മിതി..., തളർന്നുപോയത് കൊണ്ടുമാത്രം കാണാനാവാതെ മടങ്ങിയ അവസരങ്ങളുണ്ട്. ഏത് ലളിതസഞ്ചാരിക്കും എത്രയും കൂടുതൽ സ്റ്റാമിന ഉണ്ടായിരിക്കുന്നോ അത് യാത്രകളെ അത്രയും കൂടുതൽ സന്തോഷകരമാക്കും.

പാർക്കോ സെംപിയോനെ. പിന്നിൽ സ്‌ഫോർസ കോട്ടസൗധം
നിരത്തിന്റെ ഇരുഭാഗങ്ങളിലും മറ്റ് ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിലും പുൽത്തകിടി വച്ചുപിടിപ്പിച്ചിട്ടുണ്ട്, മരങ്ങൾ വൃത്തിയായി നട്ടുവളർത്തിയിട്ടുമുണ്ട്. എങ്കിലും മിലാൻ പട്ടണമദ്ധ്യത്തിലൂടെ നടക്കുമ്പോൾ അതൊന്നും നമ്മൾ ശ്രദ്ധിക്കില്ല. അത്രയ്ക്ക് ബഹുലമാണ് ഇവിടുത്തെ പൗരാണികനിർമ്മിതികൾ. ഇറ്റലിയുടെ മറ്റു പല പട്ടണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അധികം ചരിത്രഗരിമയുള്ള നഗരമൊന്നുമല്ല മിലാൻ എന്നതും ഓർക്കണം. ഗംഭീരമായ ഈ വാസ്തുനിർമ്മിതികളുടെ ഇടയ്ക്ക് വിസ്തൃതമായി കിടക്കുന്ന പാർക്കോ സെംപിയോനെ അതുകൊണ്ടുതന്നെ സവിശേഷമാണ് - പൗരാണിക നഗരത്തിന്റെ ഹരിതപുളിനം!

ഉദ്യാനതടാകത്തിലെ താറാവ് (Mallard Duck)
വിനോദസഞ്ചാരികളല്ല ഈ ഉദ്യാനത്തിന്റെ പ്രമുഖമായ ഉപയോക്താക്കൾ എന്ന് അതിനുള്ളിലൂടെ നടക്കുമ്പോൾ മനസ്സിലാവും - പട്ടണവാസികൾ തന്നെയാണ്. വൃക്ഷനിബിഢമാണ് ഉദ്യാനം. പുൽത്തകിടിയിൽ അതീവഹൃദ്യമായി വളർന്നുനിൽക്കുന്ന വലുതും ചെറുതുമായ മരങ്ങൾ, പുഷ്പലാസ്യമായ ഇടച്ചെടികൾ...

ഒരു വലിയ മരത്തിന്റെ സമീപത്ത് കൂടെ കടന്നുപോകുമ്പോൾ, ലളിതമായ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീതം ഉയരുന്നത് കേട്ടു. ഏതാനും ചെറുപ്പക്കാർ ആ മരത്തിന്റെ ശിഖരങ്ങളിലിരുന്ന് ഗിറ്റാർമീട്ടി പാടുകയാണ്. കാഴ്ചക്കാരോ കേൾവിക്കാരോ ഇല്ല. എങ്കിലും അവർ അവരുടെ സർഗ്ഗോന്മാദങ്ങളിൽ മഗ്നരായി, ഈ ലോകത്തെ മറന്ന് പാടിക്കൊണ്ടിരിക്കുന്നു...

മരക്കൊമ്പിലിരുന്ന് പരിസരംമറന്ന് പാടുന്ന യുവാക്കൾ...
ചെറിയ തടാകങ്ങളും അരുവികളുമൊക്കെ ഉദ്യാനത്തിൽ കൃത്രിമമായി ഉണ്ടാക്കിവച്ചിട്ടുണ്ട്. അതിനു കുറുകേ ചെറിയ തടിപ്പാലങ്ങളും കാണാം. തടാകത്തിലും അരുവികളിലുമായി അരയന്നങ്ങളും താറാവുകളും ജലസാമീപ്യമാഗ്രഹിക്കുന്ന മറ്റ് പക്ഷികളും വിഹരിക്കുന്നു. കാണാൻ ചേലുള്ള ആമകൾ അതിലൂടെ നീന്തുന്നതും, നീന്തിത്തളരുമ്പോൾ കരയിൽ കയറി വിശ്രമിക്കുന്നതും കാണാമായിരുന്നു. മരക്കൊമ്പുകളിലും കിളികുലത്തിന്റെ സംഗീതജാലം...

തടാകതീരത്തെ ആമകൾ
അലച്ചിലിന്റെ ക്ഷീണമകറ്റാൻ ഞങ്ങളും ഒരു മരത്തണലിലെ പുൽത്തകിടിയിൽ കുറച്ചു സമയമിരുന്നു. അങ്ങനെയിരുന്നപ്പോൾ ക്ഷീണത്തിന്റെ ആലസ്യത്തിൽ, നേർത്ത തണുപ്പിന്റെ സ്പർശമുള്ള കാറ്റേറ്റ് അവിടെ കിടക്കാൻ തോന്നി...

തിരുവനന്തപുരം പട്ടണമദ്ധ്യത്തിലെ മ്യൂസിയം വളപ്പ് അപ്പോൾ ഓർമ്മവന്നു. പാർക്കോ സെംപിയോനെയുടെ വലിപ്പമില്ലെങ്കിലും മ്യൂസിയം വളപ്പിലെ ഉദ്യാനം വിഭാവന ചെയ്ത നിലനിർത്തുന്നത് തിരുവനന്തപുരം പട്ടണത്തിന് സവിശേഷ ചാരുത നൽകുന്നുണ്ട് എന്ന് പറയാതെ വയ്യ. മ്യൂസിയം വളപ്പിലുള്ളതിനേക്കാൾ വൈവിധ്യമാർന്നതും ഭീമാകാരങ്ങളുമായ മരങ്ങൾ, അതിനോട് ചേർന്നുകിടക്കുന്ന മൃഗാശാലയ്ക്കുള്ളിലാണുള്ളത്. ഏതാണ്ടൊരു ഉഷ്ണമേഖലാവനം പോലെ കാണപ്പെടുന്ന ആ ഭാഗത്ത് ഒരു തടാകവും ഉള്ളതോർക്കുന്നു. എനിക്ക് തോന്നാറുള്ളത്, മൃഗശാല ഇന്നും പട്ടണമദ്ധ്യത്തിൽ നിലനിർത്തുന്നത് ഒരു ആർഭാടമാണ് എന്നാണ്. ഇപ്പോൾ തന്നെ അവിടെയുള്ള സിംഹങ്ങളെയും മറ്റും നെയ്യാർ വനമേഖലയിലെ തുറന്ന മൃഗശാലയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അതുപോലെ മറ്റ് മൃഗങ്ങളേയും, കുടുസ്സു മുറികളിലിട്ട് ദയനീയമായൊരു കാഴ്ചവസ്തുവാക്കാതെ, നെയ്യാർപോലുള്ള പ്രാന്തവനപ്രദേശത്തെ വിശാലമായ തുറന്ന കൂടുകളിലേയ്ക്ക് മാറ്റുന്നതായിരിക്കും ഉചിതം. അതിനുശേഷം അവിടുത്തെ കോൺക്രീറ്റ് കൂടുകളെല്ലാം ഇടിച്ചുകളഞ്ഞ്, ആ ഹരിതനിബിഢതയെ കൂടി ചേർത്ത് മ്യൂസിയം വളപ്പ് വിശാലമായ ഒരു ഉദ്യാനമാക്കി മാറ്റണം.

മരക്കൊമ്പിലെ പ്രാവ്...
പടിഞ്ഞാറൻ ഭാഗത്ത് ടൈറേനിയൻ കടലും കിഴക്കു ഭാഗത്ത് ആഡ്രിയാറ്റിക് സമുദ്രവും തെക്ക് മെഡിറ്ററേനിയനും അതിർത്തിതിരിക്കുന്ന, മൂന്നുഭാഗവും കടലിനാൽ ചുറ്റപ്പെട്ട ഒരു ഉപദ്വീപാണ്‌ ഇറ്റലി. അതിനാൽ തന്നെ ഒരുപാട് കടൽത്തീരങ്ങളുള്ള രാജ്യവും. എന്നാൽ രാജ്യത്തിന്റെ വടക്ക്-മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന മിലാനിൽ കടൽസ്പർശമില്ല. അതുകൊണ്ട്, മറ്റുള്ള പ്രദേശങ്ങളിൽ കടൽത്തീരത്ത് ചെന്നിരുന്നു ചെയ്യാറുള്ള വിനോദവൃത്തികളിൽ പലതും പ്രദേശവാസികൾ ആചരിക്കാറുള്ളത് ഈ ഉദ്യാനത്തിൽ വച്ചാണ്. പുൽത്തകിടിയിൽ അർദ്ധനഗ്‌നരായി വെയിൽകാഞ്ഞ് കിടക്കുന്ന ഒരുപാടുപേരെ കാണാമായിരുന്നു...

പാശ്ചാത്യനാടുകളിലും വസ്ത്രധാരണ രീതി, അല്ലെങ്കിൽ വസ്ത്രത്തിന്റെ അഭാവം ഉദ്ദീപനഹേതു തന്നെയാണ്. അവരുടെ സിനിമകളും സാഹിത്യവും ഇതിന് തെളിവുതരും. അങ്ങനെയൊക്കെയാണെങ്കിലും പൊതുവിടങ്ങളിലെ നഗ്നത സവിശേഷ ശ്രദ്ധയാകർഷിക്കേണ്ടുന്ന ഒരു സംഗതിയായി ഇവിടങ്ങളിലെ സമൂഹം കരുതുന്നില്ല. വികസിതമായ പൗരബോധം, വ്യക്തിസ്വാതന്ത്രത്തെക്കുറിച്ചുള്ള പരിഷ്കൃതമായ അവബോധം, ഇതൊക്കെ ഇത്തരം കാഴ്ചകളെ നിരുപാധികം കവച്ച് കടന്നുപോകാനുള്ള ഉപാധിയാകുന്നു എന്നുവേണം അനുമാനിക്കാൻ. ഈ ഉദ്യാനത്തിൽ ഏതാണ്ട് നഗ്‌നരായി വെയിൽകാഞ്ഞ് കിടക്കുന്ന ചില ശരീരങ്ങളെ കണ്ടില്ലെന്ന് നടിച്ച് നടന്നുപോയ അവസരത്തിൽ തന്നെയാണ്, തേക്കിൻകാട് മൈതാനത്ത് ഏതാനും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നു എന്നതിന്റെ പേരിൽ മറ്റൊരുകൂട്ടം ചെറുപ്പക്കാരുടെ സദാചാരമർദ്ദനമേറ്റത് എന്ന വാർത്ത വായിച്ചതും...

ഉദ്യാനത്തിൽ വെയിൽകായുന്നവർ...
ഈ ഉദ്യാനത്തിന്റെ ഒരു ഭാഗത്തെ അതിർത്തി സ്‌ഫോർസ കോട്ടസൗധമാണെങ്കിൽ മറുഭാഗം അവസാനിക്കുന്നത് ആർച് ഓഫ് പീസ് എന്ന വലിയൊരു കമാനത്തിനു മുന്നിലാണ്. മിലാൻ എന്ന പട്ടണം ചരിത്രത്തിലേയ്ക്ക് കടന്നുനിൽക്കാൻ തുടങ്ങിയ കാലം മുതൽ ഈ കമാനത്തിന്റെ ചരിത്രവും ആരംഭിക്കുന്നു എന്ന് സ്ഥൂലാർത്ഥത്തിൽ പറയാം, ഇന്ന് കാണുന്ന കമാനത്തിന് ആ പൗരാണിക ചരിത്രവുമായി ഒരു വസ്തുപ്രതിരൂപമെന്ന നിലയ്ക്ക് ബന്ധമില്ലെങ്കിലും. റോമൻ കാലഘട്ടത്തിൽ ഇവിടെ ഉയർന്നിരുന്ന, ഇന്ന് നാമാവശേഷമായ, ഒരു കോട്ടമതിലിന്റെ ഉത്തരഭാഗപ്രവേശിക ഇവിടെ നിന്നായിരുന്നു എന്ന് കരുതപ്പെടുന്നു.

എന്നാൽ ഇന്ന് കാണുന്ന മനോഹരമായ, ഇറ്റാലിയൻ വാസ്തുകലയുടെ എല്ലാ ഭംഗിയും പ്രകാശിപ്പിക്കുന്ന, ഈ കമാനത്തിന്റെ നിർമ്മാണമാരംഭിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, നെപ്പോളിയന്റെ ഭരണകാലത്താണ്. ഇപ്പോൾ ഈ കമാനവും കടന്ന് പട്ടണം പ്രാന്തങ്ങളിലേയ്ക്ക് വളരെയധികം വളർന്നുപോവുകയും, ആ പ്രദേശങ്ങളിലെ നിരത്തുകളുടെ വൈപുല്യം അതിസങ്കീർണ്ണമാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഫ്രാൻസിൽ നിന്നും ആൽപ്സ് കടന്നെത്തുന്ന ഒരു പ്രധാനപാത വന്നവസാനിക്കുക ഈ കമാനത്തിനു മുന്നിലാണ് എന്നുപറയാം. നെപ്പോളിയന്റെ കാലത്ത് ഉത്തരസഞ്ചാരം നടത്തുന്ന ഈ ഏക പെരുവഴിയുടെ അസ്തിത്വം അതീവ പ്രാധാന്യമുള്ളതായിരുന്നു. പക്ഷേ നെപ്പോളിയന്റെ കാലത്ത് ഈ കമാനം കെട്ടി തീരുകയുണ്ടായില്ല. ഓസ്ട്രിയൻ ഭരണത്തിന്റെ കീഴിൽ 1838 - ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാവുന്നത്.

ആർച് ഓഫ് പീസ്
ഒരു പട്ടണത്തെ കണ്ടുതീർക്കുക ഒരിക്കലും സാധ്യമല്ല, അനുഭവിച്ചു തീർക്കുക ഒട്ടുമല്ല... എങ്കിലും ഒരുപാട് ദൂരം സഞ്ചരിച്ച് ഒരു പട്ടണത്തിലെത്തുമ്പോൾ അതിനെ എങ്ങനെയാവും സർഗാത്മകമായി സ്വാംശീകരിക്കാനാവുക? കാഴ്ച മാത്രമല്ല, അതൊരു തുടർപ്രക്രിയകൂടിയാണ്. എന്നെപ്പോലെ, സഞ്ചരിച്ച സ്ഥലങ്ങളെക്കുറിച്ചൊക്കെ എഴുതിവയ്ക്കുന്ന ഏർപ്പാടുള്ള ഒരാൾക്ക് അനസ്യൂതമായ ആ മനോസഞ്ചാരം കുറച്ചുകൂടി ശ്രമകരവും, അത്രയും കൂടുതൽ ആഹ്ലാദജന്യവുമാണ്.

മിലാനിൽ ഇനിയും കുറെയേറെ കാണാനുണ്ട്. നാളെയും ഈ പട്ടണത്തിൽ തന്നെയാണ് അലയാനുള്ളത്...!

- തുടരും -