2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ആരോഗ്യമാതാവിന്റെ പെരുന്നാള് കൂടാൻ...

തിരുവനന്തപുരത്തു നിന്നും തെന്മല-ചെങ്കോട്ട-മധുര-തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിക്ക് യാത്രപോയത്. നേരംവെളുക്കുന്നതിന്  മുൻപുതന്നെ യാത്രതുടങ്ങി, കിഴക്ക് വെള്ളികീറുന്ന നേരമായപ്പോഴേയ്ക്കും തെന്മല-ചെങ്കോട്ടചുരം കയറിയിറങ്ങി തെങ്കാശിയെത്തിയിരുന്നു.

തെന്മല-ചെങ്കോട്ട ചുരത്തിൽ നിന്നും ഒരു പുലർകാല കാഴ്ച
എങ്ങും നിർത്താതെയുള്ള യാത്രയായിരുന്നു. മലമടക്കുകളെ അങ്ങ് പടിഞ്ഞാറ് വിദൂരത്തിലാക്കി തമിഴ്നാടിന്റെ വിജനമായ പുലർകാലത്തിലൂടെ, പ്രഭാതഭക്ഷണത്തിന്റെ സമയമായപ്പോഴേയ്ക്കും മധുരയിലെത്തി. ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് വേളാങ്കണ്ണിയുടെ പ്രാന്തത്തിലുള്ള ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്തു.

തമിഴ്നാടിന്റെ സമതലത്തിൽ നിന്നും സഹ്യനെ കാണുമ്പോൾ...
ഒന്ന് കുളിച്ച് ഫ്രെഷ്‌ ആയതിനു ശേഷം പള്ളിയിലേയ്ക്കിറങ്ങി. ('കുളിച്ചു ഫ്രെഷാവുക' എന്നത് പൊതുവേയുള്ള ചൊല്ലെന്ന നിലയ്ക്ക് പറഞ്ഞെന്നേയുള്ളൂ. തരക്കേടില്ലാത്ത ഒരു താമസസ്ഥലമായിരുന്നിട്ടും ഷവറിൽ നിന്നും വന്നത് കടുത്ത ഉപ്പുരസമുള്ള സാന്ദ്രജലമായിരുന്നു. അതിൽ കുളിച്ചാൽ നവ്യമായ ഒരനുഭൂതിയും ലഭിക്കില്ല.) പെരുന്നാൾ സമയമായിരുന്നതിനാൽ പള്ളിയിലേയ്ക്കുള്ള വഴികളെല്ലാം ഭക്തരാലും വാണിഭക്കാരാലും നിറഞ്ഞുകവിയുന്നു.

പള്ളിയിലേയ്ക്കുള്ള വഴി
തെക്കേയിന്ത്യയിലെ ഒരു പ്രധാന കൃസ്ത്യൻ തീര്‍ത്ഥാടനകേന്ദ്രമായ വേളാങ്കണ്ണി എല്ലാവരാലും അറിയപ്പെടുന്ന ഒരു സ്ഥലമാണ്. പ്രശസ്തമായ ആരോഗ്യമാതാവിന്റെ ദേവലായമാണ് ഇവിടുത്തെ പ്രഭാവകേന്ദ്രം. പതിനാറാം നൂറ്റാണ്ടു മുതൽ തന്നെ റോമൻ കത്തോലിക്കാ ലത്തീൻ റൈറ്റിലുള്ള ഈ പള്ളി ഒരു തീർഥാടനസ്ഥലമായി മാറിയിട്ടുണ്ട് എന്നാണ് ചരിത്രസൂചനകൾ.

വേളാങ്കണ്ണി പള്ളി - പെരുന്നാളിന്റെ ജനക്കൂട്ടം ചുറ്റും
പതിനാറാം നൂറ്റാണ്ടില്‍ ക്രിസ്തുമാതാവായ മേരി പ്രത്യക്ഷപെട്ടതായി കരുതുന്ന ചില അത്ഭുതങ്ങളില്‍ നിന്നാണ് വേളാങ്കണ്ണി ഒരു തീര്‍ത്ഥാടനസ്ഥലമായി മാറുന്നത്. നാഗപട്ടണത്തിലേയ്ക്ക് പാലുമായി പോയ ഒരു ബാലൻ ഈ പ്രദേശത്തുവച്ച് ഉറങ്ങിപോകുന്നു. ഉറക്കത്തിൽ നിന്നും ഉണർന്ന അവൻ കാണുന്നത് പ്രഭാപൂരിതയായ ഒരു സ്ത്രീ കുഞ്ഞുമായി അടുത്തുനിൽക്കുന്നതാണ്. ബാലൻ പാലിന്റെ നല്ലൊരു ഭാഗം ആ കുഞ്ഞിന് കൊടുക്കുന്നു. അത് കഴിഞ്ഞു നാഗപട്ടണത്തിലെത്തിയപ്പോൾ ഏതാണ്ട് ഒഴിഞ്ഞിരുന്ന പാൽപാത്രം നിറഞ്ഞുതുളുമ്പുകയായിരുന്നുവത്രേ. അന്ന് ആ ബാലന് മുന്നിൽ പ്രത്യക്ഷപ്പെട്ടത് മേരിയും ഉണ്ണീശോയുമാണെന്ന് വിശ്വസിക്കപ്പെടുന്നു.

പള്ളി - മറ്റൊരു കാഴ്ച
മറ്റൊരു പ്രധാന അത്ഭുതം പറങ്കിനാവികരുമായി ബന്ധപ്പെട്ടാണ്. ഏതോ ശ്രീലങ്കൻ തുറമുഖത്തേയ്ക്ക് സഞ്ചരിക്കുകയായിരുന്ന 'സ്റ്റാർ ഓഫ് ദി സീ' എന്ന പറങ്കികപ്പൽ കടൽക്ഷോഭത്തിൽപ്പെടുകയും നാവികർ യേശുമാതാവായ മേരിയെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്തുവത്രേ. താമസംവിനാ കടൽ ശാന്തമാവുകയും യാനപാത്രം വേളാങ്കണ്ണി തീരത്ത് നങ്കൂരമിടുകയും ചെയ്തു. പ്രദേശത്തുണ്ടായിരുന്ന ചെറിയ പള്ളി, നന്ദി സൂചകമായി, പറങ്കിനാവികർ വിപുലപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്. ഇതിലെ അത്ഭുതത്തിന്റെ ഭാഗം മാറ്റിവച്ചാലും വിശ്വസനീയമായ ചരിത്രപശ്ചാത്തലം സന്നിഹിതമാണ്. അക്കാലത്ത് പറങ്കികൾ ഈ ഭാഗത്തെ കടലിൽ അധികാരത്തോടെ ഒരുപാട് കപ്പലുകൾ തുഴഞ്ഞിരുന്നു. കത്തോലിക്കരായ പറങ്കികളോ കടുത്ത മേരിഭക്തരും - നാവികരുടെ കാര്യം പറയാനുമില്ല. കടൽക്കലിയിൽ നിന്നും രക്ഷപെട്ട അവർ ഈ പള്ളിയെ വിപുലപ്പെടുത്തിയതിലും അറിയപ്പെടുന്ന തീർത്ഥാടനസ്ഥലമാക്കി മാറ്റിയതിലും അത്ഭുതപ്പെടാനൊന്നുമില്ല.               

ദീപാലങ്കൃതമായി പെരുന്നാൾ പള്ളി 
വേളാങ്കണ്ണി പോലെ പ്രശസ്തമായ ഒരു തീർഥാടന സ്ഥലത്ത് പെരുന്നാളിന്റെ സമയത്തെ തിരക്ക് ഊഹിക്കാവുന്നതേയുള്ളൂ. പള്ളിയും പള്ളിയുടെ പരിസരവും വേളാങ്കണ്ണി പട്ടണമാകെയും ജനസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു. തിക്കിതിരക്കി വേണം അതിനിടയിലൂടെ നടക്കാൻ. പള്ളിയുടെ അടുത്തായി, പള്ളിയുമായി ബന്ധപ്പെട്ട് തന്നെയുള്ള വ്യാപാരശാലകളിലും പലവിധ നേർച്ചകൾക്കും മറ്റുമുള്ള കൌണ്ടറുകളിലും നീണ്ടനിരകൾ.

ജനസാന്ദ്രം പള്ളിയുടെ പരിസരം
ഇത് ആദ്യമായിട്ടോ രണ്ടാമതോ അല്ല വേളാങ്കണ്ണിയിൽ എത്തുന്നത്. ബാല്യകാലം മുതൽ അനേകതവണ വന്നിട്ടുള്ള സ്ഥലമാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും വരുന്നത് എന്നുമാത്രം. കേരളത്തിലെ കൃസ്ത്യാനികളുടെ, പ്രത്യേകിച്ചു കത്തോലിക്കരുടെ, സാധ്യമായ പരമതീർഥാടനസ്ഥാനം എത്രയോകാലം വേളാങ്കണ്ണിയായിരുന്നു. ഇസ്രയേൽ എന്ന 'വിശുദ്ധനാട്' കുറച്ചുപേർക്കെങ്കിലുമൊക്കെ പ്രാപ്യമാവാൻ തുടങ്ങിയത് ഈയടുത്ത കാലത്താണല്ലോ. പണ്ടത്തേതിൽ നിന്നും ഇപ്പോഴത്തെ ഒരു പ്രത്യേകതയായി തോന്നിയത് ഗോവക്കാരുടെയും മാഗ്ലൂരികളുടേയും അധികസാന്നിധ്യമാണ്. 

വേളാങ്കണ്ണിമാതാവ്
പള്ളിയോ പള്ളിയുടെ ചുറ്റുപാടുകളോ ഭക്തിയുടെ, ആദ്ധ്യാതമികതയുടെ ഭൌതികപ്രഭ ഏതെങ്കിലും തരത്തിൽ ഉളവാക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം സംശായസ്പദമാണ്. പ്രശസ്തമായിക്കഴിഞ്ഞ തീർത്ഥാടസ്ഥലങ്ങൾ ഇത്തരം ഭൗതികാന്തരീക്ഷം ആവശ്യപ്പെടുന്നുണ്ടാവുമോ? ഒരുപക്ഷെ തീർഥാടനം എന്ന യാത്ര തന്നെയാവാം ഭക്തരുടെ ആദ്ധ്യാത്മികലക്ഷ്യം. ചെന്നെത്തുന്ന ഇടം ആ ലക്ഷ്യത്തിനു വേണ്ടിയുള്ള ഹേതു മാത്രവും. 

കുരിശിന്റെവഴി നടക്കുന്ന സ്ഥലം
അടുത്ത ദിവസം രാവിലെ മലയാള കുർബാന ഉണ്ടെന്നറിഞ്ഞതിനാൽ ഒന്നുകൂടി പള്ളിയിലെത്തി. രണ്ടു നിലകളിലായാണ് പള്ളി. മുകളിലെ ദേവാലയത്തിലായിരുന്നു മലയാള കുർബാന. രാവിലെ ആയതിനാലും മലയാളത്തിൽ ആയതിനാലും തിരക്ക് കുറവ്. ഇപ്പോൾ, ഇതുപോലുള്ള എതെങ്കിലുമൊക്കെ പ്രത്യേക അവസരങ്ങളിൽ കുർബാനയ്ക്ക് കൂടേണ്ടിവരുമ്പോൾ ഒരുതരം ഗൃഹാതുരത്വമാണ് തോന്നുക. ബാല്യത്തിൽ പള്ളിയും കുർബാനയുമൊക്കെ ദൈനംദിനത്തിന്റെ ഭാഗമായിരുന്നു. പിന്നീട് വ്യവസ്ഥാപിതവും അല്ലാത്തതുമായ എല്ലാ മതരൂപങ്ങളിൽ നിന്നും അകന്നുപോയി എന്നതുകൊണ്ടൊന്നും ഒരു കാലത്തിന്റെ തരളമായ ഓർമ്മകൾ ഉണർത്തുന്ന പ്രതിരൂപങ്ങളുടെ മനോഹാരിതയെ, ഈ പുലർകാലത്തിലെന്നതുപോലെ, ഉപേക്ഷിക്കേണ്ടതുണ്ടാവില്ല.

രണ്ടാംനിലയിലെ പള്ളിയിൽ നിന്നും വേളാങ്കണ്ണി പട്ടണം കാണുമ്പോൾ...
2004-ൽ ക്രിസ്തുമസിന്റെ അടുത്ത ദിവസം രാവിലെ ഒൻപതരമണിക്ക് ഇതുപോലെ മലയാളം കുർബാന നടക്കുന്ന സമയത്താണ് കടൽ, സുനാമിതിരമാലകളുമായി വന്ന് പള്ളിമുറ്റത്തും പരിസരത്തുമായി നിന്നവരെ തൂത്തുവാരിക്കൊണ്ട് പോയത്. അന്ന് ഇവിടെനിന്നും കടലെടുത്ത മനുഷ്യജീവനുകളുടെ കണക്ക് കൃത്യമായി ലഭ്യമല്ലെങ്കിലും, അടുത്ത ദിവസങ്ങളിലായി ഈ പ്രദേശത്തുനിന്നും മുന്നൂറിലധികം മൃതദേഹങ്ങൾ വീണ്ടെടുക്കുകയുണ്ടായി.

കടൽ തീരത്തേയ്ക്കുള്ള വഴി
കുർബാന കഴിഞ്ഞ് ഞങ്ങൾ കടൽത്തീരത്തേയ്ക്ക് നടന്നു, ഉടനേ അടുത്തൊരു സുനാമി വരാൻ സാധ്യതയില്ല എന്നങ്ങ് വിശ്വസിച്ചുകൊണ്ട്. ആ വഴിയുടെ ഇരുവശത്തും തട്ടികൂട്ടുകടകളുടെ നീണ്ടനിര. വഴിനിറഞ്ഞു നടക്കുന്ന സന്ദർശകരുടെ തിരക്ക്. കടകളിലേയ്ക്ക് വിളിച്ചു കയറ്റാൻ ദല്ലാളന്മാരുടെ ശബ്ദകോലാഹലം.

വേളാങ്കണ്ണി കടൽത്തീരം
തെക്കേ ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ പട്ടണങ്ങൾ തമിഴ്നാട്ടിലാണെന്ന് തോന്നുന്നു. അത് കൃത്യമായി മനസ്സിലാവും വേളാങ്കണ്ണിയിലെ കടൽത്തീരത്തേയ്ക്ക് ഇറങ്ങിയാൽ. കാല് തറയിൽ കുത്താൻ പോലും തോന്നാത്തവിധം മാലിന്യങ്ങൾ. എപ്പോഴും ഇതാവണം അവസ്ഥ എന്നില്ല - ഉത്സവകാലമായതു കൊണ്ട് മാലിന്യങ്ങൾ വർദ്ധിച്ചതാവാം. സന്ദർശകരിൽ ബഹുഭൂരിപക്ഷംപേരും തങ്ങളുടെ കുളിയും തേവാരവും മറ്റ് പ്രഭാതകൃത്യങ്ങളും നിർവഹിക്കുന്നത് കടത്തീരത്ത് തന്നെയാണെന്ന് തോന്നുന്നു. പെരുന്നാൾകാലത്തെ സന്ദർശകരുടെ ബാഹുല്യത്തിനനുസരിച്ചുള്ള ശൌചാലയങ്ങൾ ഇവിടെയില്ല എന്നതുറപ്പ്. 

വേളാങ്കണ്ണി കടൽത്തീരം - മറ്റൊരു കാഴ്ച
വേളാങ്കണ്ണിയുടെ തീരത്ത് കാവേരിയുടെ ഒരു ചെറിയ കൈവഴി ബംഗാൾ ഉൾക്കടലിൽ വീഴുന്നുണ്ട്‌ . കുറച്ചുമാറി മറ്റൊരെണ്ണം നാഗപട്ടണത്തും. വേളാങ്കണ്ണിയിലെ അഴിമുഖവും ഒരു ചെറുകിട മത്സ്യബന്ധന തുറമുഖമാണ്. കടലിലേയ്ക്ക് വീഴുന്ന കാവേരിയെ നോക്കി നിൽക്കുമ്പോൾ ഞാൻ ആ നദിയുടെ യാത്രാപഥം ഓർക്കുകയായിരുന്നു. കൊടക് മലനിരകളിലെ ബ്രഹ്മഗിരിയിൽ നിന്നും യാത്രയാരംഭിച്ച ഒരു ജലകണികയാവുമല്ലോ കാനനമലകൾ താണ്ടി ഡെക്കാൻപീഡഭൂമിയുടെ തെക്കൻ മുനമ്പിലെ ചുമന്ന മണൽപ്രതലങ്ങളിൽ പച്ചപൊടിപ്പിച്ച് തമിഴ്നാടിന്റെ സമതലങ്ങളിലേയ്ക്കിറങ്ങി, ഇതിനിടയ്ക്ക് എത്രയെത്ര ജനപഥങ്ങളെ നനച്ചുതഴുകി, ഇവിടെ ഈ കൊറമാണ്ടൽ തീരത്തുവന്ന് കടലിൽവീഴുന്നത്. പ്രകൃതിയുടെ അത്ഭുതകരമായ വൈവിധ്യങ്ങളുടെ വ്യാപ്തിയറിയാൻ ഈ നദീയാത്രയെ കുറിച്ചുമാത്രം ആലോചിച്ചാൽ മതിയാവും.

ആഴിമുഖം
ഒരു ഭക്തന്റെ മനോനിർമ്മലതയോടെയൊന്നുമല്ല ഈ യാത്ര ആരംഭിച്ചതും അവസാനിപ്പിച്ചതും. എന്നാൽ ഒരു യാത്രികനെ സംബന്ധിച്ച് ഓരോ യാത്രയും മറ്റൊരു തരത്തിലുള്ള തീർത്ഥാടനം തന്നെയാണ്. ഗോപ്യവും അവ്യക്തവുമായ ഏതോ അന്തർജ്ഞാനങ്ങൾ ഒരു പവിത്രീകരണ പ്രക്രിയ എല്ലാ യാത്രകളിലും സംഭവിപ്പിക്കുന്നുണ്ട്. അതാണ്‌ യാത്രയുടെ സാഫല്യം!

- അവസാനിച്ചു -

2010, മേയ് 16, ഞായറാഴ്‌ച

ബ്രഹ്മഗിരിക്കപ്പുറം

കണ്ണൂരിനോടും വയനാടിനോടും ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടകയിലെ ഒരു ജില്ലയാണ് കൊടക് (കൂർഗ്). വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊടക് സുപരിചിതമാണെങ്കിലും തെക്കന്‍കേരളത്തില്‍ അത്ര അറിയപെടുന്ന ഒന്നല്ല ഈ സ്ഥലം. സഹ്യമലനിരയുടെ മടക്കുകളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ഹരിതഭംഗിയാണ് കൊടക്. വയനാട് ജില്ലയുടെയും കൊടക് ജില്ലയുടെയും അതിർത്തിയായി ബ്രഹ്മഗിരി നിൽക്കുന്നു. കൊടകിന്റെ ജില്ലാ ആസ്ഥാനം ആണ് മടിക്കേരി (മെര്‍ക്കാറ). മെര്‍ക്കാറ എന്ന പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് പത്മരാജന്റെ കാല്പനീക സൌഭഗമുള്ള 'ഇന്നലെ' എന്ന സിനിമയാണ്.

താമരശേരി ചുരത്തിൽ നിന്നും ഒരു കാഴ്ച
അതിരാവിലെ തിരുവനന്തപുരത്തു നിന്നും യാത്രതിരിച്ച് കോഴിക്കോട് വഴി സന്ധ്യയോടെ കല്‍പ്പറ്റയിലെത്തി, രാത്രി അവിടെ താമസിച്ചു. മുന്‍പും താമരശ്ശേരി ചുരം കയറിയിട്ടുണ്ടെങ്കിലും, ഇപ്പോള്‍ പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇതുവഴി ആദ്യമായിട്ടാണ്. മഴക്കാലം ആയതിനാല്‍ ചുരം കയറുമ്പോള്‍ റോഡിലേക്ക് ഒഴുകിവരുന്ന അരുവികളെ ഒരുപാട് കാണാന്‍ സാധിച്ചു.

ചുരത്തിലെ വനസമൃദ്ധി
കല്‍പ്പറ്റയില്‍ നിന്നും അടുത്ത ദിവസം രാവിലെ വിരാജ്പേട്ട് വഴി മടിക്കേരിയിലേക്ക് യാത്രതിരിച്ചു. യാത്രയിലുടനീളം മഴ വന്നുംപോയുമിരുന്നു. കല്‍പ്പറ്റയുടെ പ്രാന്തപ്രദേശങ്ങളിലെ ഭൂപ്രകൃതി ഏറെ മനോഹരവും ഫലഭൂയിഷ്ടവും ആണ്. കാട്ടികുളം കഴിഞ്ഞാൽ റിസേർവ് വനത്തിന്റെ നിശബ്ദതയിലൂടെയാണ് സഞ്ചാരം ഏറിയ ദൂരവും. എല്ലാവർക്കും സംഭവിക്കാറുള്ളതു പോലെ തിരുനെല്ലിക്ക് തിരിയുന്ന ഭാഗത്ത് ഞങ്ങൾക്കും വഴിതെറ്റി. കുറേദൂരം തിരുനെല്ലി ഭാഗത്തേക്ക് സഞ്ചരിച്ചു. ഒരിക്കൽ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം തന്നെയാണ് തിരുനെല്ലിയും. യാത്രയെ പ്രതിയുള്ള എല്ലാ ആഗ്രഹങ്ങളും ഈ വിശാലലോകത്ത് അസാധ്യം എന്നറിയാതെയല്ല ആഗ്രഹങ്ങൾ!   

ചാറ്റൽമഴയിൽ കാടിലൂടെ...
വൈകുന്നേരത്തോട് കൂടി മടിക്കേരിയില്‍ എത്തി. മഞ്ഞിന്റെ തിരശ്ശീലയ്ക്കുള്ളിൽ, കുന്നിൻ  മടക്കുകളിൽ ബഹളങ്ങൾ അധികമില്ലാത്ത ചെറുപട്ടണം. മടിക്കേരിയുടെ ചരിത്രം കൊടകിന്റെ ചരിത്രം തന്നെയാണ്. വ്യതിരക്തയോടുകൂടി അടയാളപ്പെടുന്ന ഒരു സ്വദേശിഭരണം മടിക്കേരി ആസ്ഥാനമായി ഉണ്ടാവുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹലേരി രാജാകന്മാരുടെ അധികാരാരംഭത്തോടെയാണ്. പൂർവ്വകാലത്ത് സ്വദേശികളായ നാടുവാഴികൾ ചോളന്മാരുമായി സന്ധിയിലും കലാപത്തിലും ഒക്കെയായി അവരുടെ സാമന്തന്മാരായി കഴിഞ്ഞുവന്നു. അതിനു ശേഷം ഹൊയ്സാല രാജാക്കന്മാരുടെയും തുടർന്ന് വിജയനഗര സാമ്രാജ്യത്തിന്റെ കയ്യിലുമൊക്കെയായി കൊടകിന്റെ ചരിത്രം അവ്യക്തമായി തുടർന്നു. ഹലേരി രാജാക്കന്മാരുടെ കയ്യിൽനിന്നും, പ്രദേശത്തെ അക്കാലത്തെ എതിരില്ലാത്ത ശക്തിയായ ഹൈദര്‍അലിയുടെയും ടിപ്പുസുല്‍ത്താന്റെയും വരുതിയിലേക്ക് ഈ മലമുകൾപട്ടണം താമസംവിനാ ചെന്നുചേർന്നു. പിന്നെ 1834-ല്‍ കൊടക് പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലുമായി.

മടിക്കേരിയുടെ പ്രാന്തം-ഒരു പാർശ്വകാഴ്ച
മറാത്ത സ്ത്രീകള്‍ കഴിഞ്ഞാല്‍ പിന്നെ തന്‍റെ ചിത്രങ്ങള്‍ക്ക് മോഡലുകളായി രാജാരവിവര്‍മ്മ തിരഞ്ഞെടുത്തിരുന്നത് കൊടവ സ്ത്രീകളെ ആണെന്ന് പറയപ്പെടുന്നു. കൊടകിലെ പ്രധാന ജനവിഭാഗം കൊടവ ആണ്. കൊടവ പുരുഷന്മാരും സ്ത്രീകളും അകാരഭംഗി ഉള്ളവരായി കണക്കാക്കപ്പെടുന്നു. ഫീല്‍ഡ്മാര്‍ഷല്‍ കരിയപ്പയും അശ്വിനി നച്ചപ്പയും ഒക്കെ കൊടകിന്റെ അഭിമാനം ആയി ആദരിക്കപ്പെടുന്നു. വംശീയമായി ഏറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന കൊടവവിഭാഗം ഇറാക്കിലെ കുര്‍ദ് ഭാഗത്ത് നിന്നും വന്നവരാണെന്ന ഒരു വാദം എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.

രാജാസ് സീറ്റ്
മടിക്കേരി പട്ടണത്തില്‍ തന്നെയുള്ള, വിനോദസഞ്ചാരികള്‍ ഏറെ എത്താറുള്ള ഒരു സ്ഥലമാണ് രാജാസ് സീറ്റ് (രാജാവിന്റെ ഇരിപ്പിടം). ഇതൊരു മുനമ്പാണ്. ഇവിടെ വന്ന് പച്ചമൂടിയ താഴ്വാരം നോക്കിയിരിക്കാം. രാജഭരണകാലത്ത് രാജാവും കുടുംമ്പാംഗങ്ങളും പ്രകൃതി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നത്രേ. രാജാസ് സീറ്റില്‍ നിന്നും താഴ്വാരത്തിലേക്ക് നോക്കിനില്‍ക്കുക സമതലവാസികള്‍ക്ക് അപൂര്‍വമായ അനുഭവം തന്നെയാണ്. മലനിരകളിലൂടെ കോടമഞ്ഞ്‌ ഒഴുകിപോകുന്നത് കാണാം. വൈകി ഞങ്ങള്‍ ചെല്ലുമ്പോള്‍ താഴ്വാരകാഴ്ചകളെ മായ്ച്ച്‌ മലമടക്കുകളെ കമ്പിളി പുതപ്പിച്ചു കഴിഞ്ഞിരുന്നു മഞ്ഞ്.

താഴ്വാരം മറച്ച് മഞ്ഞ്
മടിക്കേരി പട്ടണത്തില്‍ തന്നെയാണ് ഓംകരേശ്വരക്ഷേത്രവും. ഈ ശിവക്ഷേത്രം 1820-ല്‍ ലിംഗരാജേന്ദ്ര രണ്ടാമന്‍ പണികഴിപ്പിച്ചതാണ് എന്ന് കരുതപ്പെടുന്നു. ഒരു ബ്രാഹ്മണഹത്യക്ക് ശേഷം പരിഹാരമെന്ന നിലയ്ക്ക് രാജാവ് കാശിയിൽ നിന്നും ഒരു ശിവലിംഗം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതിന് ശേഷം അവിടെ ഈ ക്ഷേത്രം നിർമ്മിക്കുകയായിരുന്നുവത്രേ. ക്ഷേത്രത്തിലെ രണ്ട് പ്രധാന കെട്ടിടങ്ങൾക്ക് ഇടയ്ക്കായി മത്സ്യങ്ങൾ നിറഞ്ഞ ഒരു തടാകവും അതിനു നടുവിൽ ഒരു മണ്ഡപവുമുണ്ട്.

ഓംകരേശ്വര ക്ഷേത്രം 
ഈ ക്ഷേത്രത്തിന്റെ വാസ്തുകലയില്‍ പ്രത്യേകം ശ്രദ്ധിക്കപെടുക അതിന്റെ ഇസ്ലാമിക സ്പര്‍ശമാണ്. വശങ്ങളില്‍ മീനാരങ്ങളോട് കൂടി നിര്‍മ്മിക്കപെട്ട ക്ഷേത്രം ഇസ്ലാമിക വാസ്തുകലയുടെ പ്രകടമായ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ചരിത്രാതീതകാലം മുതല്‍ വടക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്നും സുഗന്ധവ്യഞ്ജന, മലഞ്ചരക്ക് വ്യാപാരത്തിനായി മുസ്ലീങ്ങള്‍ കൊടകില്‍ എത്തിയിരുന്നു. പില്‍ക്കാലത്ത് ഹൈദര്‍അലിയുടെയും ടിപ്പുസുല്‍ത്താന്റെയും അധിനിവേശ സമയത്ത് കൊടവവംശജര്‍ തന്നെ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇസ്ലാം, കൊടകിലെ പ്രബലമായ ഒരു മതവിഭാഗമാണ്.

ഓം കരേശ്വര ക്ഷേത്രം-മറ്റൊരു കാഴ്ച
ഈ പ്രദേശത്തെ മറ്റൊരു പ്രധാന നിർമ്മിതിയാണ്‌ മടിക്കേരി കോട്ടയും അതിനുള്ളിലെ കൊട്ടാരവും. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നിര്‍മ്മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ കോട്ടയില്‍ കാലാകാലങ്ങളില്‍ ഭരിച്ചിരുന്നവര്‍ പല മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും വരുത്തിയിട്ടുണ്ട്. ടിപ്പുസുൽത്താനും വോഡയാർ രാജാക്കന്മാരും ബ്രിട്ടീഷുകാരുമൊക്കെ അവരവരുടേതായ വാസ്തുസംഭാവനകൾ ഈ കോട്ടയ്ക്ക് നൽയിട്ടുണ്ട്.

മടിക്കേരി കോട്ട
ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ മഴയും മഞ്ഞുംകൂടി കോട്ടയെ നിഗൂഡമായ ഒരു കാഴ്ചയാക്കി മാറ്റിയിരുന്നു. നനഞ്ഞ നിരത്തിനും പുൽത്തകിടിക്കും അപ്പുറം കോട്ട ചില ചലച്ചിത്രങ്ങളിൽ കാണുന്നതുപോലെ അവ്യക്തമായി ഒരു പ്രേതഗൃഹത്തിന്റെ പരിസരവശ്യതയുമായി നിന്നു. പായൽ പടർന്ന പടവുകളിലൂടെ കോട്ടയ്ക്കു മുകളിലേക്ക് കയറി, വിശാലമായ കോട്ടമതിലിന് മുകളിലൂടെ ഞങ്ങൾ നടന്നു. കോട്ടയ്ക്കുള്ളിലെ കൊട്ടാരത്തേയും കോട്ടയ്ക്കു പുറത്തെ പട്ടണത്തേയും പൊതിഞ്ഞ് മഞ്ഞും മഴയും ഞങ്ങളോടൊപ്പം സഞ്ചരിച്ചു.  

കോട്ടയ്ക്കുള്ളിലെ കൊട്ടാരം ഇപ്പോൾ ഏതോ സർക്കാർ സ്ഥാപനമായി പ്രവർത്തിക്കുന്നു
കോട്ടയ്ക്കുള്ളിലേക്ക് കടക്കുമ്പോൾ കാണുന്ന നടപ്പാതയുടെ അങ്ങേ തലയ്ക്കലായി രണ്ടു വലിയ ആനരൂപങ്ങൾ കാണാം. അവയ്ക്ക് പിറകിൽ നിന്നാണ് കോട്ടമതിലിന് മുകളിലേക്ക് കയറാനുള്ള പടവുകൾ. വിസ്താരമുള്ള കോട്ടമതിലിന് മുകളിലൂടെ തണുത്തുവിറച്ച് നടക്കുമ്പോൾ ചരിത്രംവന്ന് മുന്നിൽനിൽക്കുന്നതായി തോന്നി. യുദ്ധത്തിന്റെ മുഖ്യഭാഗങ്ങളും ആകാശത്തിലൂടെ നടക്കുന്ന ഇക്കാലത്ത് കോട്ടകൾക്കും മതിൽകെട്ടുകൾക്കുമൊക്കെ അതിർത്തി തിരിക്കാനുള്ള ഉപയോഗം മാത്രമേയുള്ളൂ. ഒരിക്കൽ പടയാളികൾ ഉലാത്തിയിരുന്ന കോട്ടമതിലിന്റെ ചരിത്രനീളം ഇന്ന് അനാഥമായി കിടക്കുന്നത് മൂടൽമഞ്ഞിന്റെ വിഷാദനനവിലൂടെ കാണാനാവും.

കോട്ടയ്ക്കുള്ളിലെ ആനശില്പങ്ങൾ
മടിക്കേരി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വെള്ളച്ചാട്ടമാണ് അബി ഫാള്‍സ്. പട്ടണംവിട്ട് ഞങ്ങൾ ആദ്യമായി പോയത് ഇവിടേക്കാണ്. കാവേരിയുടെ ഒരു കൈവഴിയാണ് ഇവിടെ താഴേക്ക്‌ പതിക്കുന്നത്. ഒരു സ്വകാര്യതോട്ടത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം. വാഹനം പാർക്ക് ചെയ്തതിനുശേഷം കാപ്പിചെടികൾക്കിടയിലൂടെ കുറച്ചുദൂരം നടക്കണം. അടുത്തേക്കെത്തുമ്പോൾ ജലപതനത്തിന്റെ ഹൂങ്കാരശബ്ദം തോട്ടത്തിലെ മരങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് വർദ്ധിതവീര്യത്തോടെ ചെവിയിൽവീഴും. വേനൽകാലത്ത് ഈ ജലപാതം ഒരു നൂലിഴപോലെ നേർത്തതായിരിക്കുമത്രേ. എന്നാൽ ഞങ്ങളെത്തുമ്പോൾ ഇടവപ്പാതിയുടെ തിമിർപ്പേറ്റെടുത്ത് സാമാന്യം ശക്തിയോടെ നിപതിക്കുന്നുണ്ടായിരുന്നു നദി. എതിർ വശത്തായുള്ള തട്ടിൽ ഈ കാഴ്ച കാണാൻ നിൽക്കുമ്പോൾ പതനഭാഗത്തുനിന്നും ഉയരുന്ന ധൂളികൾ ശരീരത്തെ നനച്ച് കുളിരുപടർത്തും. 

അബി ഫാൾസ്
മടിക്കേരിയില്‍ നിന്നും ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ കിഴക്ക്-തെക്ക് ദിശയിൽ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന കാവേരിയുടെ തീരത്തുള്ള ഒരു ആനസംരക്ഷണ കേന്ദ്രമാണ് ദുബാരെ. മണ്‍സൂണ്‍ കാലമായതിനാൽ കാവേരി നിറഞ്ഞൊഴുകുകയായിരുന്നു. കരകവിഞ്ഞൊഴുകുന്ന നദിയുടെ പ്രവാഹം പ്രകൃതിയുടെ ഉന്മാദമാണ്‌ . ഭൂമിയുടെ നിഗൂഡഭാവപകർച്ചകളിലേക്ക് അത് കാഴ്ചക്കാരെ വിനയാന്വിതരാക്കും.

ദുബാരയിലെ കാവേരി
ഇവിടെ നിന്നും കാവേരിയിലൂടെ റാഫ്റ്റിംഗ് നടത്താനുള്ള സൌകര്യമുണ്ട്. പതഞ്ഞൊഴുകുന്ന നദിയിലൂടെ അതിന്റെ പ്രവാഹത്തിനൊത്ത് ആടിയുലഞ്ഞ് സഞ്ചരിക്കാം. കുതിച്ചുകുത്തിപായുന്ന കാവേരിയിലൂടെ അത്തരത്തിലൊരു സാഹസത്തിന് എന്തായാലും ഞങ്ങൾ സന്നദ്ധരായിരുന്നില്ല. ബംഗലൂരുവിൽ നിന്നും മറ്റും ഉള്ള ചെറുപ്പക്കാരുടെ സംഘങ്ങൾ റാഫ്റ്റിംഗ് ആഘോഷിക്കുന്നുണ്ടായിരുന്നു.

ദുബാരെയിലെ ആനകൾ 
വണ്ടിയില്‍ ചെന്നെത്തുന്ന ഇടത്തില്‍ നിന്നും കാവേരിക്ക് കുറുകെ ബോട്ടില്‍ സഞ്ചരിച്ചു വേണം ദുബാരെ ആനസംരക്ഷണകേന്ദ്രത്തിൽ എത്താൻ . കുതിച്ചുപായുന്ന കാവേരിയിലൂടെ ചാഞ്ചാടിയാണ് ബോട്ട് മറുകരയിലേക്ക് സഞ്ചരിച്ചത്. ഒഴുക്കിന് കുറുകേ ബോട്ടിന്റെ സഞ്ചാരപഥം നിലനിർത്താൻ ഡ്രൈവർ പലവിധ അഭ്യാസങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. ലൈഫ് ബെൽറ്റ്‌ ധരിച്ചിരുന്നുവെങ്കിലും അത് യാത്രികരുടെ ഭയം മാറ്റാൻ അത്രയ്ക്കങ്ങ് ഉതകുന്നുണ്ടായിരുന്നില്ല.

നീരാട്ടിനിറങ്ങിയ ആനകൾ
കർണ്ണാടക വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ക്യാമ്പാണിത്. വനംവകുപ്പിന്റെ കീഴിൽ ഏതാണ്ട് നൂറ്റിയൻപത് ആനകളുണ്ടത്രേ. അതിലെത്രയെണ്ണമാണ് ദുബാരെയിലുള്ളത് എന്നതിന് വ്യക്തത കിട്ടിയില്ല. ഒരു പത്തുപതിനഞ്ചെണ്ണത്തിൽ കൂടുതൽ ആനകളെയൊന്നും നേരിട്ട് കാണാനായില്ല. അകലെ കാട് തുടങ്ങുന്ന ഭാഗത്തും ചിലവ അലഞ്ഞുനടക്കുന്നത് കണ്ടതിനാൽ, കാണാനായതിൽ കൂടുതൽ കാടിനുള്ളിലായും മറ്റും ഉണ്ടാവും എന്ന് അനുമാനിക്കുന്നു. 

പിടിക്കപ്പെട്ട കാട്ടാനയെ മെരുക്കാൻ കൂട്ടിലിട്ടിരിക്കുന്നു
മൈസൂറിലെ ദസറ മഹോത്സവത്തിന് എഴുന്നെള്ളിക്കുന്ന ആനകളെ പരിശീലിപ്പിക്കുന്നത് ഇവിടയത്രേ. ഒപ്പം തടിപിടിത്തത്തിനും മറ്റും ഇവിടെ നിന്നുള്ള ആനകളെ ഏറെ ഉപയോഗിച്ചിരുന്നു. ആനകളെ കൊണ്ടുള്ള തടിപിടിത്തമൊക്കെ ഏറെക്കൂറെ നിലച്ചമട്ടിലാവുകയാൽ ഇപ്പോളിവിടെയുള്ള ആനകൾക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. വിനോദസഞ്ചാരികൾക്ക് വേണ്ടി വല്ലപ്പോഴും നടത്തുന്ന ആനസവാരി മാത്രമാണ് ഇപ്പോൾ അവ ഏറ്റെടുക്കുന്ന ജോലി. ഞങ്ങൾ ചെല്ലുമ്പോൾ മഴക്കാലമായതിനാൽ ആനസവാരിയും നിർത്തിവച്ചിരിക്കുകയായിരുന്നു.

ദുബാരെ - മറ്റൊരു കാഴ്ച
മടിക്കേരി-മൈസൂർ സംസ്ഥാന പാതയിൽ കുശാൽനഗറിന് അടുത്തയാണ് കാവേരീസ്പർശമുള്ള മറ്റൊരു സ്ഥലമായ നിസർഗദാമ. നാലുഭാഗവും കാവേരിയാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണ് നിസര്‍ഗദാമ. അറുപത്തിനാല് ഏക്കറിൽ പരന്നുകിടക്കുന്ന ഈറ്റകാടുകളാൾ നിബിഡമായ ദ്വീപ്. തേക്കുമരങ്ങളും ചന്ദനമരങ്ങളും ഒപ്പമുണ്ട്. 

നിസർഗദാമ - ഈറ്റമരത്തിലെ കുരങ്ങന്മാർ 
ഇവിടുത്തെ പ്രധാന ആകര്‍ഷണം ദ്വീപിലേക്ക് കടക്കുന്ന തൂക്കുപാലം തന്നെയാണ്. ആടിയുലഞ്ഞ് പായുന്ന കാവേരിക്ക് മുകളിൽ ആടിയുലയുന്ന തൂക്കുപാലം. പഴയ തൂക്കുപാലം കുറച്ചുമാറി കാണാം. അത് നന്നായി - പുതിയ പാലം സുരക്ഷിതമാണെന്ന തോന്നലുളവാക്കാൻ അത് ഉതകും.

തൂക്കുപാലം
ജീവിതം ഗള്‍ഫിലായതിനാല്‍ അവധിയാത്രകള്‍ കുട്ടികളുടെ സ്കൂള്‍ അവധിയെ പ്രതി മിക്കവാറും ജൂണ്‍-ജൂലൈ മാസങ്ങളിലാണ് നടക്കുക. അതുകൊണ്ട് തന്നെ നാട്ടിലെ യാത്രകള്‍ മുഴുവന്‍ ഇടവപ്പാതി മഴയിലൂടെ കഴിക്കേണ്ടി വരും. അസൌകര്യങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ അതും ഒരു ശീലമായിരിക്കുന്നു.

പഴയ തൂക്കുപാലവും അതിനു കീഴെ നിറസാന്നിദ്ധ്യമായി കാവേരിയും 
മഴക്കാലമായതിനാൽ ഇവിടെയും ആനസവാരിക്ക് അവധിയാണ്. ദുബാരെയിൽ നിന്നും കൊണ്ടുവരുന്ന ആനകളാണ് ഇവിടെ സേവനം നടത്തുന്നത്. ഇപ്പോൾ അവയെ തിരിച്ച്  കൊണ്ടുപോയിരിക്കുന്നു. ദ്വീപിനുള്ളിലെ ഹരിതചാർത്തുകൾക്കിടയിലെ മഴകുതിർത്ത വഴിയിലൂടെ കുറേദൂരം നടന്നു. ഒരു മാൻ പാർക്ക് ഉണ്ടെങ്കിലും സുലഭമായി കണ്ടത് കുരങ്ങന്മാരെ മാത്രമാണ്. എന്റെ കയ്യിലെ കപ്പലണ്ടി തട്ടിപറിക്കാനെത്തിയ ഒരു കൂട്ടം ചീറിഭയപ്പെടുത്തി. കപ്പലണ്ടിപ്പൊതി അവയ്ക്ക് നൽകി ഞാൻ തടി രക്ഷപ്പെടുത്തി.

നിസർഗദാമ - മറ്റൊരു കാഴ്ച
മടിക്കേരിയില്‍ നിന്നും പോയി സന്ദര്‍ശിച്ച കുശാല്‍നഗറിലുള്ള തിബത്തന്‍ കോളനിയെ കുറിച്ച് മുന്‍പത്തെ പോസ്റ്റില്‍ എഴുതിയല്ലോ. രണ്ടു ദിവസത്തെ താമസത്തിന് ശേഷം കൊടക് വിടുമ്പോള്‍ തലക്കാവേരി എന്ന കാവേരിയുടെ ഉത്ഭവസ്ഥാനം കാണാന്‍ പറ്റിയില്ല എന്ന നിരാശ ബാക്കിയായി. പക്ഷെ അതിനേക്കാൾ, ദൂരദേശങ്ങള്‍ കാണാന്‍ പോകുമ്പോള്‍ പലപ്പോഴും മഥിക്കുക കേട്ടും വായിച്ചുമൊക്കെ അറിഞ്ഞ പ്രധാനസ്ഥലങ്ങള്‍ക്ക് ഉപരിയായി ആ പ്രദേശത്തിന്റെ സംസ്ക്കാരവുമായി ഇഴപിരിയാതെ കിടക്കുന്ന എത്രയോ സ്ഥലങ്ങള്‍ വഴികളില്‍ നമ്മള്‍ അറിയാതെ ഉപേക്ഷിച്ചു പോകുന്നുണ്ടാവും എന്ന ബോധമാണ്.

- അവസാനിച്ചു - 

2010, മേയ് 15, ശനിയാഴ്‌ച

വർണ്ണമുഖരിതം ബുദ്ധം

ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ തിബത്തന്‍ കോളനി സ്ഥിതിചെയ്യുന്ന സ്ഥലമാണ് കര്‍ണാടകയിലെ കുശാല്‍നഗർ എന്ന പട്ടണത്തിനടുത്തുള്ള ബൈലകുപ്പെ (Bylakuppe). കൊടക് ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയില്‍ നിന്നും ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ കിഴക്കുമാറി മൈസൂര്‍ പാതയിലാണ് ഈ സ്ഥലം. മടിക്കേരിയിലെ മലനിരകള്‍ നിറഞ്ഞ ഭൂപ്രകൃതിക്ക് വിപരീതമായി ഏതാണ്ട് സമതലമായ ഭൂവിഭാഗമാണ് കുശാല്‍നഗറും സമീപപ്രദേശങ്ങളും.

നമ്രോലിംഗ് ബുദ്ധവിഹാരത്തിലേയ്ക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് ഈ ക്ഷേത്രഗോപുരമാണ്
യാത്രതിരിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് വായിച്ചറിഞ്ഞ തിബത്തുകാരുടെ പാലായനത്തിന്റെ അര നൂറ്റാണ്ടാണ്. 1950 - ലെ ചൈനാ അധിനിവേശത്തിനു ശേഷം ഏതാണ്ട് ഒന്നരലക്ഷം തിബത്തുകാര്‍ ഇന്ത്യയിലേയ്ക്ക്‌ അഭയാര്‍ത്ഥികളായി എത്തി എന്നാണ് കണക്കുകൾ. പിന്നീടുകണ്ട ഒരു ഡോക്കുമെന്‍ററിയില്‍ തിബത്തില്‍ നിന്നും ഹിമാലയ മലനിരകളിലൂടെ ഇന്ത്യയിലേക്ക്‌ കടക്കാന്‍ ശ്രമിക്കുന്ന സംഘത്തിലെ ഒരു പെണ്‍കുട്ടിയെ ചൈനീസ് പട്ടാളം വെടിവച്ചുകൊല്ലുന്നത് കാണിക്കുന്നുണ്ട്. പര്‍വതാരോഹകരായ ചില വിദേശികള്‍ ദൂരെയിരുന്ന് പകര്‍ത്തിയ ആ ചിത്രം ഞെട്ടലോടെയാണ് കണ്ടത്.

വിഹാരത്തിന് മുന്നിലെ പുൽത്തകിടിയിൽ അലസസഞ്ചാരം നടത്തുന്ന അരയന്നങ്ങൾ
ഊട്ടിയിലും മറ്റും പോകുമ്പോള്‍ കൌതുകവസ്തുക്കള്‍ വിറ്റുനടക്കുന്ന തിബത്തുകാരെ കാണാം. എം. ടി യുടെ തിരക്കഥയില്‍ പവിത്രന്‍ സംവിധാനം ചെയ്ത 'ഉത്തരം' എന്ന, യൌവനാരംഭത്തില്‍ ഒരുപാട് കാലം മനസ്സിനെ മഥിച്ച, സിനിമയില്‍ കഥാഗതി തിരിച്ചുവിടുന്നത് തിബത്തന്‍ അഭയാര്‍ത്ഥികളായ ചില കഥാപാത്രങ്ങളാണ്. മഴയും മഞ്ഞും ഇടകലര്‍ന്നു പെയ്തുകൊണ്ടിരിക്കുമ്പോൾ, കുശാല്‍നഗറിലേക്ക് വണ്ടിയോടിക്കേ ഇത്തരം ഒരുപാട് ചിന്തകള്‍ ഉള്ളില്‍ ഓളംവെട്ടുന്നുണ്ടായിരുന്നു. കുശാല്‍നഗറിലെ നമ്രോലിംഗ് (Namdroling) ബുദ്ധവിഹാരവും, സുവര്‍ണക്ഷേത്രവും ആയിരുന്നു ലക്‌ഷ്യം.

സുവർണ്ണക്ഷേത്രം
ബുദ്ധവിഹാരത്തിനടുത്തേയ്ക്ക് എത്തുമ്പോൾ തന്നെ പരിസരം മാറുന്നത് നമുക്ക് അനുഭവിക്കാനാവും. മെറൂണും മഞ്ഞയും ധരിച്ച ബുദ്ധസന്യാസിമാരേയും വിഹാരത്തിലെ വിദ്യാർത്ഥികളേയും എമ്പാടും കാണാം. എല്ലാം തിബത്തുകാർ. ഹിമാലയത്തിനപ്പുറത്തുള്ള മംഗോളിയൻ വശജരുടെ ഏതോ നാട്ടിലെത്തിയതുപോലെ തോന്നും. ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെ അക്കൂട്ടത്തിലുണ്ട്. തല മുണ്ഡനംചെയ്ത യുവതികളേയും കണ്ടു. നൂറുകണക്കിന് വരുന്ന ഈ യുവതീയുവാക്കൾ ഒക്കെയും ഭിക്ഷുക്കളാകാൻ വേണ്ടി ഈ വിഹാരത്തിൽ വന്ന് പാർത്ത് പഠിക്കുകയായിരിക്കും എന്നത് അത്ഭുതം തന്നെ.

സുവർണ്ണക്ഷേത്രത്തിന് ഉൾവശം
വലിയ കമാനമുള്ള കവാടത്തിലൂടെ അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ കേരളത്തിൽ നമുക്ക് സുപരിചിതമല്ലാത്ത ഒരു പരിസരത്തിലേയ്ക്കാണ് എത്തിചേരുന്നത്. മറ്റുമതക്കാർ ആണെങ്കിൽ പോലും ഹിന്ദു അമ്പലങ്ങളും മുസ്ലീം, കൃസ്ത്യൻ പള്ളികളും അതിന്റെ പരിസരങ്ങളും നമുക്ക് ഏറെക്കൂറെ പരിചിതമാണ്. എന്നാലൊരു ബുദ്ധവിഹാരത്തിന്റെ കാര്യത്തിൽ അതങ്ങിനെയല്ല. സമകാലത്ത് കേരളത്തിൽ സജീവമായ ഒരു ബുദ്ധവിഹാരവും ക്ഷേത്രവും ഉണ്ടോ എന്നറിയില്ല; സാമാന്യ അറിവിൽ ഇല്ല. പത്തുപതിനഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപ് എന്തൊക്കെയോ സങ്കീർണ്ണമായ സാമൂഹികഹേതുക്കളാൽ ബുദ്ധമതം കേരളത്തിൽ അന്യംനിന്നു എന്നാണല്ലോ അനുമാനിക്കപ്പെടുന്നത്.

സുവർണ്ണക്ഷേത്രത്തിനുള്ളിലെ വർണ്ണമുഖരിതമായ ചുമരുകൾ 
വിഹാരത്തിനുള്ളിൽ ക്ഷേത്രമായും പാഠശാലകളായും താമസസ്ഥലങ്ങളായും അനേകം നിർമ്മിതികൾ കാണാം. ക്ഷേത്രങ്ങളെല്ലാം തന്നെ വ്യതിരക്തമായ വാസ്തുശില്പങ്ങലാണ്. കിഴക്കനേഷ്യൻ രാജ്യങ്ങളിലെ ബുദ്ധക്ഷേത്രങ്ങൾ പ്രകടിപ്പിക്കുന്ന (ചിത്രങ്ങളിൽ കണ്ടിട്ടുള്ള) അതേ നിർമ്മാണരീതിയും വർണ്ണപകിട്ടുമാണ് ഇവിടെയും കാണാനാവുക. തിബത്തൻ ബുദ്ധിസത്തിന്റെ സമകാല ബിംബമാണെന്നു തോന്നുന്നു ഇത്തരം വർണ്ണസാന്ദ്രമായ ക്ഷേത്രങ്ങൾ.

ക്ഷേത്രത്തിനകത്തെ മറ്റൊരു ഭാഗം
പുറത്തെ സ്വർണ്ണഗോപുരങ്ങൾ എന്നതുപോലെ തന്നെ സുവർണ്ണക്ഷേത്രത്തിനകത്തേയ്ക്ക് കയറിയാലും പേരിനെ  അന്വർത്ഥമാക്കും വിധം സ്വർണ്ണശില്പങ്ങളും കടുംവർണ്ണങ്ങളും എമ്പാടും കാണാം. രൂപങ്ങൾക്കും ചുമർചിത്രങ്ങൾക്കും ഉറപ്പായും അർത്ഥങ്ങളും ഉദ്ദേശ്ശ്യങ്ങളും കാണും. ബുദ്ധമതത്തേയും അതിന്റെ ആരാധാചാരങ്ങളേയും കുറിച്ച് യാതൊരു രൂപവുമില്ലാതത്തിനാൽ എനിക്കുമുന്നിൽ അവ കടുംവർണ്ണങ്ങളിൽ ചാലിച്ച ശില്പ, ചിത്രങ്ങൾ മാത്രമായി നിരന്നുനിന്നു.

ഒരു ബുദ്ധസന്യാസിനിയോടൊപ്പം യാത്രാ സംഘത്തിലെ ചിലർ
ഏതു മതവും അതിന്റെ വ്യവസ്ഥാപിത രൂപത്തിൽ സന്ദേഹങ്ങൾ ഉണ്ടാക്കും, സെമറ്റിക് മതങ്ങൾ പ്രത്യേകിച്ചും. പ്രവാചകന്മാർ തങ്ങളുടെ ആശയങ്ങൾ ഇത്തരമൊരു രൂപത്തിൽ വളർന്നുപടരാൻ ആഗ്രഹിച്ചിരുന്നിരിക്കുമോ? സ്നേഹത്യാഗങ്ങളുടെ ബുദ്ധദർശനം ഇതുപോലുള്ള വർണ്ണചാലിത ക്ഷേത്രങ്ങൾ കാംക്ഷിച്ചിരുന്നിരിക്കുമോ? പക്ഷേ ഇന്നിലൂടെ സഞ്ചരിക്കുന്ന ഒരു യാത്രികനെ ഇത്തരം വിചാരങ്ങൾ അധികം ആലോസരപ്പെടുത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല. സമകാലികതയുടെ കാഴ്ചകളെ തുറന്ന ആവേശത്തോടെ അനുഭവിക്കാൻ ശ്രമിക്കുക എന്നതാവും ഏതു യാത്രയുടെയും പ്രാഥമികകാമന. അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള തത്വവിചാരങ്ങളൊക്കെ, തുടർന്നുവരുന്ന അനേകം അടരുകളിൽ ഒന്നുമാത്രമാണ്.   

ഒരു ക്ഷേത്രഗോപുരം 
'ജീവിതചിന്തകൾ' എന്ന തന്റെ പുസ്തകത്തിൽ കെ. പി. കേശവമേനോൻ ബുദ്ധനെ കുറിച്ച് പറയുന്നത് ഓർത്തുകൊണ്ട്‌ ഈ യാത്രാക്കുറിപ്പ് അവസാനിപ്പിക്കുന്നത് അഭികാമ്യമാവും: "... ബുദ്ധനെ പോലെയുള്ള ഒരു മഹാമനുഷ്യന്റെ കഥ ആലോചിച്ചു നോക്കുക. അദ്ദേഹത്തിന്റെ അനുകമ്പയ്ക്ക് പാത്രമാകാത്ത ജീവിയില്ല. അരിക്കുന്ന ഉറുമ്പിനും ഭരിക്കുന്ന രാജാവിനും ആ മഹാഹൃദയത്തിൽ ഒരുപോലെ സ്ഥാനമുണ്ടായിരുന്നു. ലോകരുടെ ദുഃഖം തന്റെ ദുഃഖം; അവരുടെ ഭാരം തന്റെ ഭാരം. കരുണാനിധിയായ ആ അവതാരപുരുഷൻ മനുഷ്യന് എത്രമേൽ ഉയരാമെന്ന് നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന ലോകം അതിരില്ലാത്തതായിരുന്നു. അതിന്റെ വിസ്താരം അളവറ്റതായിരുന്നു"

- അവസാനിച്ചു -