2015, ഡിസംബർ 1, ചൊവ്വാഴ്ച

ആൽപൈൻ കലൈഡെസ്കോപ് - മൂന്ന്

മലമ്പാതയാണ്‌, വളരെ ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞു പോകുന്നതും വൃക്ഷനിബിഡമായ മലഞ്ചരിവിലൂടെ ഉള്ളതും. ഇരുവശത്ത് നിന്നും ഒരേസമയം വരുന്ന വണ്ടികൾകൾക്ക് ആയാസരഹിതമായി കടന്നു പോകാനാവില്ല. ഒരു വളവു തിരിഞ്ഞതും തൊട്ടുമുന്നിൽ എതിർവശത്തു നിന്നും ഒരു കാർ. രണ്ടു കാറുകളും പെട്ടെന്ന് നിർത്തി. ഞാൻ ഒന്ന് പകച്ചു. എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുന്നതിന് മുൻപുതന്നെ എതിർഭാഗത്ത് നിന്നും വന്ന കാർ പിറകിലേയ്ക്ക് നീങ്ങുകയും റോഡിന് അല്പം വീതിയുള്ള ഭാഗത്ത് എനിക്ക് കടന്നുപോകാൻ പാകത്തിന് ഒതുക്കി നിർത്തിതരുകയും ചെയ്തു.

ഇത്തരം ഉപാധിരഹിതമായ പൗരബോധം എന്തുകൊണ്ട് ഇന്ത്യയിലോ കേരളത്തിലോ പൊതുവേ കാണാനാകുന്നില്ല എന്ന് യൂറോപ്പിലേയ്ക്ക് സന്ദർശനം നടത്തുന്നവർ ചോദിക്കാറുള്ളള്ളതാണ് (സന്തോഷ്‌ ജോർജ്ജ് കുളങ്ങര തന്റെ ഓരോ എപ്പിസോഡിലും രണ്ടു തവണയെങ്കിലും ചോദിക്കുന്നു). ലളിതദ്വന്ദമായി കണ്ട് വ്യവഹരിക്കാനാവുന്ന ഒരു പ്രശ്നമല്ലത്. സാമൂഹ്യജീവിതത്തിന്റെ ഏറ്റവും പുറത്തുള്ള ഒരു വൃത്തമാണ് പൗരബോധം. അകത്തുള്ള, കൂടുതൽ പ്രാധാന്യമുള്ള അടരുകൾ വേണ്ടരീതിയിൽ ക്രമപ്പെട്ടാൽ മാത്രമേ ഈ പുറംതോടിന്റെ ശരിവിന്യാസവും സാധ്യമാവുകയുള്ളു. അതിലും ഒരു ലളിതവത്കരണമുണ്ട്. സാമൂഹ്യജീവിതം വ്യക്തിജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ജനിതകവും വൈകാരികവുമായ ഒരുപാട് സങ്കീർണ്ണതകളുള്ള വ്യക്തിജീവിതത്തിന്റെ അവസ്ഥകളാണ് സാമൂഹ്യജീവിതത്തിന്റെ പുറംതലങ്ങളിലേയ്ക്ക് നിശിതമായി പ്രതിഫലിക്കുന്നത് എന്ന് പറയാനാവില്ല. ഓരോ പുറംവൃത്തത്തിൽ വച്ചും ബാഹ്യമായ ഹേതുക്കൾ ചേർക്കപ്പെടുകയും അങ്ങനെ ഒരു പ്രത്യേക ദേശത്തെ ജനതതിയിൽ വ്യതിരിക്തമായ പൊതുബോധം ഉണ്ടായിവരുകയുമാണ് ചെയ്യുന്നത്. ഏറ്റവും പുറത്തുള്ള പൗരബോധത്തെ പ്രതി ഒരു ജനസമൂഹത്തിന്റെ സൂക്ഷ്മമായ ജീവിതാവസ്ഥയെ പ്രശനവൽക്കരിക്കുന്നത്, അതുകൊണ്ട് തന്നെ, കൃത്യമാവില്ല.

അൽപ്സിനോട് ചേർന്നുകിടക്കുന്ന ഉൾനാടൻ ഭൂപ്രകൃതി
ഞങ്ങൾ ബ്രോക്കിൽ നിന്നും ഇന്റർലേക്കനിലേയ്ക്കുള്ള ഏതാണ്ട് നൂറ്റിയിരുപത്തിയഞ്ച് കിലോമീറ്റർ നീളുന്ന യാത്രയിലാണ്. ആൽപ്സിന്റെ വടക്കൻ താഴ്‌വാരത്തിലുള്ള ചെറുമലകൾ ഭൂപ്രകൃതിയെ ഹരിതനിമ്നോന്നമായ മനോഹാരിതകൊണ്ട് അസുലഭ കാഴ്ച്ചയാക്കുന്ന ഉൾനാടുകളിലൂടെയാവാം ഈ യാത്ര എന്ന് ബോധപൂർവ്വം തീരുമാനിക്കുകയായിരുന്നു. ബ്രോക്കിൽ നിന്നും ബോൾറ്റിജെൻ എന്ന ചെറുപട്ടണത്തിൽ ചെന്ന് ഒരു പ്രധാന പാതയിലേയ്ക്ക് കയറുന്നതുവരെയുള്ള എണ്‍പത് കിലോമീറ്റർ ദൂരം മലമ്പാതയാണ്‌. മലയുടെ ചരിവുകളിലൂടെയും തുരങ്കങ്ങളിലൂടെയും രണ്ടു മലകൾക്കിടയിലെ ചെറുസമതലങ്ങളിലൂടെയും ഒക്കെ കടന്നുപോകുന്ന വളരെ വീതികുറഞ്ഞ റോഡിലൂടെ, യഥാർത്ഥ സ്വിസ്സ് ഉൾപ്രദേശങ്ങളിലൂടെ സ്വപ്നാടനം പോലൊരു യാത്ര.

കടൽ സ്പർശമേൽക്കാനാവാത്ത നാടാണ് സ്വിറ്റ്സർലാൻഡ്. മറ്റ് അഞ്ച് രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്വിറ്റ്സർലാൻഡ് കേരളത്തെപ്പോലെ തികച്ചും നീളത്തിൽ അല്ലെങ്കിൽ പോലും ഏറെക്കൂറെ അത്തരം ഒരാകൃതിയിൽ കിഴക്ക് - പടിഞ്ഞാറ് നീണ്ടുകിടക്കുന്ന രാജ്യമാണ്. കേരളത്തിന്റെ കിഴക്കനതിരായി പശ്ചിമഘട്ടം ട്രോപ്പിക്കൽ വനസാന്ദ്രതയുമായി നിൽക്കുമ്പോൾ സ്വിറ്റ്സർലാൻഡിന്റെ ദക്ഷിണാതിരായി ആൽപ്സെന്ന ഹിമശൈലം. ആൽപ്സിന്റെ മറുപുറത്ത് ഇറ്റലി.

ആൽപ്സിനോട് ചേർന്നുകിടക്കുന്ന ഇടനാടുകൾ തികച്ചും മലമ്പ്രദേശങ്ങൾ തന്നെയാണ്. വടക്കോട്ട്‌ മാറുന്തോറും സ്വിസ്സ്പീഡഭൂമി കുറച്ചുകൂടി നിമ്നോന്നരഹിതമാകുന്നുവെങ്കിലും സമതലമായ ഭൂപ്രദേശം എന്ന് പറയാനാവില്ല. അവിടെയും ചെറുകുന്നുകളും കയറ്റിറക്കമുള്ള ഭൂവിഭാഗങ്ങളുമാണ് പൊതുവേ കാണാനാവുക. രാജ്യത്തെ പ്രധാനപ്പെട്ട പട്ടങ്ങളായ സൂറിക്കും ബേണും ബാസലുമൊക്കെ ആൽപ്സിൽ നിന്നും അകന്നുമാറിയുള്ള ഈ ഉത്തരപ്രദേശങ്ങളിലാണ്. തെക്കുപടിഞ്ഞാറായി ഫ്രാൻസിനോട് ചേർന്നുകിടക്കുന്ന പട്ടണമാണ് ജെനീവയെങ്കിലും അതും അൽപ്സിന് തൊട്ടടുത്തല്ല.

ഒരു ഉൾനാടൻ പാത
ഞങ്ങളിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്ന ഈ ഉൾനാടൻ മലമ്പ്രദേശമാകെ വളരെ ഹരിതാഭമായി കാണപ്പെടുന്നുവെങ്കിലും ശൈത്യകാലത്ത് ഇവിടം മുഴുവൻ മഞ്ഞുമൂടി കിടക്കുമത്രേ. നമ്മുടെ നാട്ടിൽ വേനൽക്കാലവും മഴക്കാലവും തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ നൽകും എന്നതുപോലെയോ അതിനേക്കാളേറെയോ വ്യതിരിക്തമാണ് യൂറോപ്പിലെ വേനൽക്കാലവും തണുപ്പുകാലവും എന്നാണ് കേട്ടിട്ടുള്ളത്.

കുന്നുകളുടെ ചരിവിലൂടെയും അവയുടെ താഴ്‌വാരങ്ങളിലൂടെയും വളവുതിരിവുകളോടെ നീണ്ടുകിടക്കുന്ന ചെറുപാതയിലൂടെ സഞ്ചരിക്കുമ്പോൾ, കുറേ കിലോമീറ്ററുകൾ കഴിയുമ്പോൾ ഒരു ചെറിയ കവല പ്രത്യക്ഷപ്പെടും. മരനിർമ്മിതമായ ഒന്നോ രണ്ടോ ചെറുകെട്ടിടങ്ങൾ അവിടങ്ങളിൽ കാണാനാവുമെങ്കിലും ഏറ്റവും വിചിത്രം ഈ കവലകളിൽ ഒരു മനുഷ്യരേയും കാണാനാവില്ല എന്നതാണ്. ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളല്ലെന്ന് കെട്ടിടങ്ങളുടെ ജനൽതട്ടിലിരുന്ന് കൈവീശുന്ന ആരോഗ്യമുള്ള പൂച്ചെടികൾ തെളിവുതരും. റോഡിനും കെട്ടിടങ്ങൾക്കും ഇടയിലൂടെ, ചില സ്ഥലങ്ങളിൽ തെളിമയാർന്ന ജലവുമായി ചെറിയ നീർച്ചാലുകൾ ഒഴുകുന്നുണ്ടാവും. അതിലെ വെള്ളം അടുത്തുള്ള വീടുകളിലേയ്ക്കും മറ്റും ചാലുകീറി തേവാൻ പ്രാകൃതമായ വലിയ ചക്രങ്ങൾ നിർമ്മമതയോടെ തിരിയുന്നുണ്ടാവും. ഗ്രാമങ്ങൾ ഒന്നടങ്കം എവിടെയോ വിരുന്നുപോയിരിക്കുകയാണെന്ന് തോന്നുന്നു.

ഈ വഴിക്കാണ് ജൂൻ പാസ് (Jaun Pass) എന്ന ചുരം. റോഡ്‌ ചെറുതാണെങ്കിലും, മലകളിലൂടെ ഹെയർപിൻ വളവുകളുമായി വെട്ടിയുണ്ടാക്കിയതാണെങ്കിലും, നമ്മുടെ നാട്ടിലെ കൊടും ചുരങ്ങൾ കയറിയിറങ്ങിയിട്ടുള്ളവരെ ഇത് അത്രയൊന്നും ബാധിക്കില്ല. കണ്ടില്ലാത്ത ഭൂപ്രകൃതിയുടെ മനോഹാരിത യാത്രികരെ ആ കാഴ്ചകളിൽ ലീനമാകയാൽ മറ്റൊന്നും ഏശുകയുമില്ല. പക്ഷേ ഇത് വേനൽക്കാലത്തെ കാര്യമാണ്. ശീതകാലത്ത് ഈ റോഡൊക്കെ മഞ്ഞുമൂടി പോവുകയും മലയുടെ ഭാഗമാവുകയും ചെയ്യും. ചുരത്തിന്റെ പാർശ്വത്തിൽ ജൂൻ പാസ് എന്ന പേരിൽ തന്നെയുള്ള ചെറിയ ഗ്രാമം കഴിഞ്ഞാൽ പിന്നെ ചുരത്തിലൂടെയുള്ള യാത്ര അക്കാലത്ത് നിരോധിക്കപ്പെടും. വേനൽക്കാലത്ത് മാത്രം ഉപയോഗിക്കപ്പെടുന്ന പാതയാണിത്. ഇപ്പോൾ വിജനമായി കിടക്കുന്ന ജൂൻ പാസ് എന്ന ഗ്രാമവും പരിസരങ്ങളും അക്കാലത്ത് സജീവമായ സ്കീയിംഗ് ലൊക്കേഷനായി മാറും.

ഒരു ബൈക്ക്സംഘം കടന്നുപോകുന്നു. 
വർഷത്തിൽ അധികവും അടഞ്ഞുകിടക്കുന്നത് കൊണ്ടും അതിന്റെ ഹൃദ്യവന്യതകൊണ്ടുമാവും ഈ വേനൽക്കാല ഇടവേളയിൽ, പരിസരത്തിന്റെ നിശബ്ദതയെ ആകമാനം കുടഞ്ഞുവിരിച്ചുകൊണ്ട്, ഇടയ്ക്കിടയ്ക്ക് വലിയ ബൈക്കുകളിലുള്ള റൈഡിംഗ് സംഘങ്ങൾ കടന്നുപോകുന്നത് കാണാമായിരുന്നു. കൗമാരത്തിലും യൗവ്വനാരംഭത്തിലും ഹോളിവുഡ് സിനിമകളിൽ ഇത്തരം സംഘങ്ങളെക്കണ്ട് അവേശപ്പെട്ടിട്ടുള്ളത് ഓർമ്മവന്നു. എങ്കിലും അമേരിക്കൻ വെസ്റ്റേണ്‍ ജോണർ സിനിമകളിലെ ബൈക്ക്സംഘങ്ങൾ സംപ്രേക്ഷണം ചെയ്ത വന്യതയൊന്നും ഇവരിൽ കണ്ടില്ല. അമേരിക്കൻ വെസ്റ്റ്‌ മരുഭൂമിയിൽ നിന്നും തുലോം വ്യത്യസ്തമായ ഭൂപ്രകൃതിയുടെ പിന്നണിക്കാഴ്ച ഈ വ്യതിരിക്തതയുടെ വലിയൊരു കാരണമാവാം.

രണ്ടു മലകൾക്കിടയിലൂടെ റോഡ്‌ കടന്നുപോകുന്ന ഭൂമിയുടെ ഇടനാഴിയിൽ ഒരിടത്ത് കാർ നിർത്തി ഇറങ്ങി. പൈൻമരങ്ങളും പുൽമേടുകളും നിറഞ്ഞ പച്ചചൂടിയ ഭീമാകാരൻമാരായ മലനിരകൾ ഇരുപുറവും ആകാശത്തിന്റെ സുതാര്യനീലിമയിലേയ്ക്ക് ഉയർന്നുപോകുന്ന അജ്ഞാതദേശത്തിന്റെ വിജനതയിൽ നിൽക്കുമ്പോൾ സ്ഥലവും കാലവും ഒരുപോലെ മിഥ്യയാണെന്ന് തോന്നി. സഹയാത്രികരായ മറ്റ് മൂന്നുപേരും ഓരോ ഭാഗത്ത് പ്രകൃതി സൃഷ്‌ടിച്ച നേർത്ത വരാന്തയുടെ ആഴമുള്ള ദുർഗത്തിൽ, ആ അപാരതയിൽ, അണുമാത്രരൂപികളായി മലകളെ നോക്കിനിൽക്കുമ്പോൾ, പരിസരം ആവിഷ്കരിച്ചുകൊണ്ടിരുന്ന ഭൂമിയുടെ എല്ലാ നിറവിലും പക്ഷേ ഒരുതരം അഭാവമാണ് അനുഭവപ്പെട്ടത്. അതെന്താണ് എന്ന് വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഈ ഭൂമിയിൽ മനുഷ്യരായി ഞങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ എന്ന് തോന്നിപ്പിക്കും വിധം വിശാലമായി കിടക്കുന്ന വന്യവിജനതയാവാം ഒരു കാരണം. മനുഷ്യരുടെ അഭാവം അത്രയ്ക്ക് നമ്മളെ നിസ്സഹായരാക്കുന്ന ലോകക്രമത്തിലാണല്ലോ സമകാല ദൈനംദിനങ്ങൾ. അതിനുമപ്പുറം ശുദ്ധമായ നിശബ്ദതയായിരുന്നു ആ ശൂന്യതാബോധത്തിന് ഹേതു. ഞങ്ങളുടെ പാദപതനശബ്ദങ്ങൾ പോലും അവിടെ വല്ലാതെ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. മറ്റെന്തെങ്കിലും ഒരു ശബ്ദത്തിനായി ഞാൻ കാതോർത്തു. അൽപനേരം ഏകാഗ്രതയോടെ മഗ്നമായപ്പോൾ പൈൻമരങ്ങളിൽ കാറ്റുപിടിക്കുന്ന നേർത്ത ഹൂങ്കാരശബ്ദം കേൾക്കാമെന്നായി, കാഴ്ചയിലില്ലാത്ത ഏതോ അപരിചിതകിളികളുടെ അവ്യക്തമായ മർമ്മരവീചികളും...

ബോൾറ്റിജെൻ എന്ന ഗ്രാമത്തിൽ വച്ച് മലമ്പാത ഒരു പ്രധാന റോഡിലേയ്ക്ക് ചേരുന്നു. സ്വിറ്റ്സർലാൻഡിന്റെ ഹൈവേകളിലൂടെയും പ്രധാനപാതകളിലൂടെയും വണ്ടിയോടിക്കുക, വഴിക്കാഴ്ചയുടെ നവ്യതയ്ക്കുപരി നിരത്തുകളുടെ അപൂർവ്വതകൊണ്ട് വലിയ അനുഭവമൊന്നും ആവുകയില്ല, ഗൾഫിലെ റോഡുകൾ പരിചയമുള്ളവർക്ക്. റോഡും റോഡിലെ ലെയ്നുകളും വീതി കുറഞ്ഞവയാണ്. എങ്കിൽക്കൂടിയും റോഡ്‌ പരിചയമുള്ള ഇവിടുത്തുക്കാർ വളരെ വേഗത്തിൽ ഓടിച്ചുപോകുമ്പോൾ അത്ര പരിചയമില്ലാത്ത നമുക്ക് ആദ്യം ചെറിയൊരു അങ്കലാപ്പ് തോന്നും. മറ്റൊരു കാര്യം ശ്രദ്ധിച്ചത്, ഇവിടെ പകൽനേരത്തും ലൈറ്റിട്ടാണ് ആളുകൾ വണ്ടിയോടിക്കുക. അതെന്തിനാണെന്ന് വ്യക്തമായില്ല. വർഷത്തിന്റെ  അധികവും അപഹരിക്കുന്ന ശൈത്യകാലത്ത് സൂര്യവെട്ടം അത്രയൊന്നും ഉണ്ടാവാത്തതിനാൽ വന്നുഭവിച്ച ശീലമാവാം. അതുകൂടാതെ ഓരോ തിരിവിലും ഒരു നീളൻ തുരങ്കം എന്നാണ് ഇവിടുത്തെ റോഡുകളുടെ നിർമ്മാണരീതി. അതും ഒരു കാരണമാവാം.

തടാകക്കാഴ്ച 
ബോൾറ്റിജെനിൽ നിന്നും പത്തിരുപത് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ തുണ്‍തടാകം (Lake Thun) കണ്ടുതുടങ്ങും. ഞങ്ങളുടെ യാത്രാലക്ഷ്യമായ ഇന്റർലേക്കൻ തുണ്‍തടാകക്കരയിലാണ്. മനോഹരമായ തടാകക്കാഴ്ചകളും കണ്ട് പിന്നെയും ഒരു പത്ത് കിലോമീറ്റർ സഞ്ചരിക്കണം ഇന്റർലേക്കനിലെത്താൻ.

വലുതും ചെറുതുമായ നൂറിലധികം തടാകങ്ങളുള്ള രാജ്യമാണ് സ്വിറ്റ്സർലാൻഡ്. സ്വാഭാവികമായും ഈ രാജ്യത്തെ വലിയ പട്ടണങ്ങളെല്ലാം തടാകങ്ങളുടെ കരകളിലാണ് വികസിച്ചുവന്നിട്ടുള്ളത്. ജെനീവ, സൂറിക്ക്, ലുസേണ്‍ തുടങ്ങിയ പേരുകളൊക്കെ അതാത് പട്ടണങ്ങൾക്ക് ലഭിച്ചത് അവയുടെ ജീവഹേതുവായ തടാകങ്ങളുടെ മൂലനാമത്തിൽ നിന്നാണ്. കിലോമീറ്ററുകളോളം നീളത്തിലും വീതിയിലും, അനേകം ജനപദങ്ങൾക്ക് തുടിപ്പേകി സമുദ്രവലിപ്പത്തിൽ കിടക്കുന്ന തടാകങ്ങളാണ് ഇവയിൽ പലതും. അത്തരത്തിലുള്ള രണ്ടു തടാകങ്ങളുടെ, തുണ്‍ തടാകത്തിന്റെയും ബ്രീയെന്റ്സ് തടാകത്തിന്റെയും (Lake Brienz) നടുവിലായുള്ള പട്ടണമാണ് ഇന്റർലേക്കൻ. രണ്ട് ലേയ്ക്കുകളുടെ നടുവിലായുള്ള പട്ടണം എന്ന അർഥത്തിൽ ഇന്റർലേക്കൻ എന്ന പേര്. ഈ രണ്ട് തടാകങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ആരേ നദി (Aare River) ഒഴുകുന്നു. ഈ നദിയുടെ ഇരുകരകളിലുമായാണ് ഇന്റർലേക്കൻ വികസിച്ചുവന്നിരിയ്ക്കുന്നത്.

പ്രതീക്ഷിച്ചതിൽ നിന്നും അല്പം നേരത്തേ ഇന്റർലേക്കനിൽ എത്തി. ജി.പി.എസ് ഉണ്ടായിരുന്നുവെങ്കിലും പട്ടണത്തിൽ കയറിയപ്പോൾ എങ്ങനെയോ വഴിതെറ്റി ചില ഇടറോഡുകളിൽ ചെന്നുപെട്ടു. പ്രദേശവാസികളുടെ താമസസ്ഥലങ്ങളിലാണ് എത്തപ്പെട്ടത്. ഒരു പട്ടിയുമായി വഴിയരുകിലൂടെ നടക്കാനിറങ്ങിയ ദമ്പതികളോട് ഞങ്ങൾക്ക് പോകേണ്ട ഹോട്ടലിലേയ്ക്കുള്ള വഴിയന്വേഷിച്ചു. അവർ ഒട്ടും തിരക്കുകൂട്ടാതെ സൗമനസ്യത്തോടെ നിന്ന് കൃത്യമായി വഴിപറഞ്ഞുതന്നു. പൊതുവേ സ്വിസ്സ്ജനത സൗമ്യരീതിക്കാരും സമാധാനപ്രിയരും ആയാണ് കാണപ്പെട്ടത്. ലോകത്തിൽ ക്രൈംറേറ്റ് അധികം കുറഞ്ഞിരിക്കുന്ന രാജ്യമാണ് സ്വിറ്റ്സർലാൻഡ് എന്നാണല്ലോ അഭിമതം.

അൽപനേരം ഇന്റർലേക്കനിൽ കഴിഞ്ഞപ്പോൾ, വഴിതെറ്റേണ്ട കാര്യമുള്ളത്രയും സങ്കീർണ്ണമായ പട്ടണമല്ല അതെന്നു മനസ്സിലായി. ഒരു തടാകക്കരയിൽ നിന്നും മറ്റേ തടാകതീരത്തേയ്ക്ക് ആരേ നദിക്ക് സമാന്തരമായി കിഴക്ക് - പടിഞ്ഞാറ് ദിശയിൽ നീളത്തിൽ പ്രധാനപാത. അതിന്റെ വശങ്ങളിലാണ് ഹോട്ടലുകളും കടകളും ഭോജനശാലകളും ഒക്കെ. അത്രയേ പ്രധാന പട്ടണഭാഗമുള്ളൂ. മുംബേയും ഡെൽഹിയും നിൽക്കട്ടെ, കൊച്ചിയും തിരുവനന്തപുരവും ആയിപ്പോലും വലിപ്പത്തിന്റെ കാര്യത്തിൽ താരതമ്യം ചെയ്യാൻ പറ്റുന്നവയല്ല പല സ്വിസ്സ് പട്ടണങ്ങളും.

ഇന്റർലേക്കണ്‍ (വെസ്റ്റ്‌) - ഒരു പട്ടണക്കാഴ്ച
അതിപുരാതന ചരിത്രമുള്ള പ്രദേശമല്ല ഇന്റർലേക്കൻ. മദ്ധ്യകാലത്തിന്റെ രണ്ടാംപകുതി മുതലാണ്‌ ഈ ദേശത്തെക്കുറിച്ചുള്ള പരാമർശങ്ങൾ  തുടങ്ങുന്നത്. ഒരു പള്ളിയും അതിന് അനുബന്ധമായ ആശ്രമങ്ങളും ചെറിയൊരു കൃഷീവലസമൂഹവുമാണ് ഇവിടെ ഉണ്ടായിരുന്നത്. അതിനുമുൻപ് ഇവിടെ ജനവാസമുണ്ടായിരുന്നതായി തെളിവുകളില്ല.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് യഥാർത്ഥത്തിൽ ഇന്റർലേക്കൻ സജീവമായ ഒരു ജനപദമായി രൂപപരിണാമം നേടുന്നത്. അതിന് കാരണമായത്‌ വിനോദസഞ്ചാരവും. അൽപ്സിന്റെ താഴ്‌വാരത്തിലുള്ള തടാകസമ്പുഷ്ടമായ മനോഹരഭൂപ്രകൃതിയുള്ള സ്ഥലം എന്നനിലയ്ക്ക് യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഈ പ്രദേശം അറിയപെടാൻ തുടങ്ങുകയും അവിടങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ ഇന്റർലേക്കനിലേയ്ക്ക് എത്താൻ തുടങ്ങുകയും ചെയ്തു. സ്വാഭാവികമായി അതിനോട് അനുബന്ധമായി ഹോട്ടലുകളും യാത്രാസൗകര്യങ്ങളും വർദ്ധിക്കാനും തുടങ്ങി.

സ്വിറ്റ്സർലാൻഡിന്റെ വിനോദസഞ്ചാര ചരിത്രം പരിശോധിച്ചാൽ, അതിന്റെ പ്രഭവകേന്ദ്രം ഇന്റർലേക്കനാണെന്ന് മനസ്സിലാക്കാം. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അപ്പോഴേയ്ക്കും ആൽപ്സും ആൽപ്സിലെ മഞ്ഞുമലകയറ്റവും യൂറോപ്പിൽ ആകമാനം ഒരു സാഹസികാവേശമായി മാറാൻ തുടങ്ങി എന്നതായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ലണ്ടനിൽ സ്ഥാപിച്ച 'ആൽപൈൻ ക്ലബ്'  ഈ വിനോദത്തിന്റെ മൂർത്തമായ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. മറ്റൊരു സവിശേഷകാരണം അക്കാലത്ത് പ്രതിവിധി ലഭ്യമല്ലാതിരുന്ന ക്ഷയം എന്ന രോഗമായിരുന്നു. ക്ഷയത്തിനുള്ള മരുന്നല്ലെങ്കിൽപ്പോലും ജീവൻ കുറച്ചുകാലംകൂടി നിലനിർത്താനുള്ള മാർഗ്ഗം തണുപ്പുള്ള ശുദ്ധകാലാവസ്ഥയിൽ താമസിക്കുക എന്നതായിരുന്നു. ഇതും അക്കാലത്ത് വലിയ അനുപാതത്തിൽ മറ്റു ദേശക്കാരെ സ്വിറ്റ്സർലാൻഡിലേയ്ക്ക്, വിശിഷ്യ ആൽപൈൻ അടിവാരമായ ഇന്റർലേക്കനിലേയ്ക്ക് കൊണ്ടുവരാനുള്ള കാരണമായി.

വിനോദസഞ്ചാരം ക്രമാനുഗതമായി വളർന്നുവെങ്കിലും, രണ്ടാം ലോകമഹായുദ്ധ കാലത്ത്, സ്വാഭാവികമായും ആ മേഖലയ്ക്ക് കാര്യമായ തിരിച്ചടിയുണ്ടായി. എങ്കിലും യുദ്ധാനന്തരം വീണ്ടും ഉണർവ്വുണ്ടാവുകയും ഇന്നും അത് തുടരുകയും ചെയ്യുന്നു.       

ഇന്റർലേക്കണ്‍ (ഈസ്റ്റ്)
നഗരമദ്ധ്യത്തെ ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്ത് യാത്രാക്ഷീണം ഒട്ടൊന്ന് മാറ്റിയതിനു ശേഷം ഉച്ചതിരിഞ്ഞ നേരത്ത് ഞങ്ങൾ വീണ്ടു പുറത്തേയ്ക്കിറങ്ങി. വെറുതേ പട്ടണനിരത്തിലൂടെ നടക്കുമ്പോൾ തന്നെ ഈ പ്രദേശം ടൂറിസ്റ്റുകളുടെ വിഹാരകേന്ദ്രമാണെന്ന് മനസ്സിലാക്കാനാവും. നേരത്തേ സൂചിപ്പിച്ചതു പോലെ അതിനുള്ള പ്രധാന കാരണം ആൽപ്സ് മലനിരകൾക്ക് അടുത്തു കിടക്കുന്ന സ്ഥലം എന്നതാണ്. തീവണ്ടിയിലും കേബിൾകാറിലും ഒക്കെയായി ആൽപ്സിന്റെ ഹിമശൈലങ്ങളിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്ന ഒരു പ്രധാനതാവളമാണ് ഇവിടം. ഹൈക്കിങ്ങിനുള്ള ട്രെയിലുകളും ശീതകാലത്ത് സ്കീയിങ്ങിനുള്ള മലഞ്ചരിവുകളുമൊക്കെയായി വളരെ സജീവമായ ഒരു മലയാടിവാരമാണ് ഇന്റർലേക്കനെന്ന് പെട്ടെന്നുതന്നെ മനസ്സിലാവും.

നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ സ്വദേശികൾ കുറവാണ്. എന്ന് മാത്രമല്ല സഞ്ചാരികൾ അധികവും ഏഷ്യക്കാരുമാണ്. ഈ യാത്രയിൽ മാത്രമല്ല, പൊതുവേ വിദേശത്ത് യാത്രചെയ്യുമ്പോൾ മനസ്സിലാക്കിയിട്ടുള്ള കാര്യം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന ജനത ചീനക്കാർ ആണെന്നതാണ്. ലഭ്യമായ ഏതെങ്കിലും കണക്കുവച്ചല്ല പറയുന്നത് - കാണുന്നതിൽ നിന്നും അങ്ങിനെയാണ് തോന്നുന്നത്. ചീനക്കാരുടെ വലിയ സംഘങ്ങളെ എവിടെയും കാണാമായിരുന്നു. ചൈനയിലെ നഗരകേന്ദ്രിതമായ മദ്ധ്യവർഗ്ഗം എത്തിയിരിക്കുന്ന സാമ്പത്തിക ഉന്നമനത്തിന്റെ പ്രതിസ്ഫുരണമായി ഇതിനെക്കാണാം. ചീനക്കാരുടെ ഒരു പ്രത്യേകത, അവർ എവിടെപ്പോയാലും ചൈനയും കൂടെക്കൊണ്ടുനടക്കുന്നു എന്നതാണ്. എത്തുന്ന സ്ഥലത്തിന്റെ പെരുമാറ്റരീതികളൊന്നും അവരെ ബാധിക്കുന്നതായി തോന്നിയിട്ടില്ല. എല്ലാ പൊതുവിടങ്ങളിലും അവർ അവരുടേതായ രീതിയിൽ പെരുമാറുകയും, യൂറോപ്പ് സ്വതവേ പ്രകടിപ്പിക്കുന്ന ലീനമായ ക്രമങ്ങളെ തകിടംമറിക്കുകയും ചെയ്യുന്നു.

വിദൂരമായ ഒരു സ്വിസ്സ് ഗ്രാമത്തിന്റെ ഉൾവഴികളിലൂടെ കടന്നുപോകുകയായിരുന്നു, യാത്രാമദ്ധ്യേ ഒരിക്കൽ. ടൂറിസ്റ്റുകൾ വരാൻ സാധ്യതയില്ലാത്ത ആ ഉൾനാട്ടിൽ എത്തിപ്പെട്ടതിന്റെ ഉൽകർഷം ഞങ്ങൾ പങ്കുവയ്ക്കാതിരുന്നില്ല. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിൽക്കാൻ അനുവദിക്കാതെ, അപ്പുറത്തെ ഗ്രാമീണവഴിയിലൂടെ ചീനക്കാരായ ഭാര്യയും ഭർത്താവും അലസം നടന്നുവരുന്നുണ്ടായിരുന്നു...        

പട്ടണത്തിലൂടെ ഒരു തീവണ്ടി കടന്നുപോകുന്നു...
ചീനക്കാർ കഴിഞ്ഞാൽ പിന്നെ അധികം കണ്ട സഞ്ചാരികൾ ഇന്ത്യാക്കാരും അറബികളുമാണ്. സമ്പന്നമായ ഗൾഫ് മേഖലയിൽ നിന്നുള്ള അറബികൾ ചൂടുകാലത്ത് യൂറോപ്പിലേയ്ക്ക് സഞ്ചരിക്കുന്നതും, അതിൽ പലരും അവിടെ മാസങ്ങളോളം താമസിക്കുന്നതും സാധാരണമാണ്. അങ്ങിനെ യാത്രപോകുന്ന പലരേയും അറിയാം. ഗൾഫ് രാഷ്ട്രങ്ങളിലെ പൗരന്മാരെ കൂടാതെ അവിടെ നിന്നുള്ള മറ്റൊരുതരം അറബി സഞ്ചാരികളുമുണ്ട്. ലെബനോൻ, സിറിയ, പലസ്തീൻ തുടങ്ങിയ ദേശങ്ങളിൽ നിന്നും ഗൾഫിലെത്തി രണ്ടുമൂന്ന് തലമുറകളായി അവിടെ ജോലിചെയ്ത് ജീവിക്കുന്നവർ. അവരാരും അവധിക്കാലത്ത്‌, കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങളുള്ള തങ്ങളുടെ മാതൃരാജ്യങ്ങളിലേയ്ക്ക് പോകാറില്ല. അവധിയാഘോഷിക്കാൻ അവർ മറ്റ് വിദേശരാജ്യങ്ങളിലേയ്ക്ക് യാത്രചെയ്യുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ഇന്ത്യൻ തലമുറയ്ക്ക് ഏറെക്കൂറെ പൂർണ്ണമായും അന്യമായ പ്രവാസവ്യസനത്തിന്റെ മറ്റൊരടര്...

ചീനക്കാരുടെ കാര്യം പറഞ്ഞതുപോലെ, അത്രയും വരില്ലെങ്കിലും, ഇന്ത്യക്കാരായ സഞ്ചാരികളുടെ വലിയ സംഘങ്ങളെയും പല സ്ഥലങ്ങളിലും കാണാനാവുന്നത് യാത്രകൾ ഇഷ്ടപ്പെടുന്ന ആളെന്ന നിലയ്ക്ക് സന്തോഷം തരുന്ന സംഗതിയാണ്. ഇന്ത്യയിലും കഴിഞ്ഞ രണ്ടു ദശകത്തിനിടയിൽ ഉണ്ടായി വന്ന മിഡിൽക്ലാസ്സിന്റെ സാമ്പത്തിക സജീവത ഇത്തരം യാത്രകൾക്ക് ത്വരകമാവുന്നുണ്ട് എന്ന് ന്യായമായും അനുമാനിക്കാം. കാൽനൂറ്റാണ്ടിന് മുൻപ് സ്വിറ്റ്സർലാൻഡിലേയ്ക്ക് പോകണമെന്നത് ഞങ്ങൾക്ക് വിദൂരമായ ഒരാഗ്രഹം മാത്രമായിരുന്നു. ഇപ്പോൾ ഇവിടെ നിൽക്കുമ്പോൾ, ആ സാക്ഷാത്കാരം വ്യക്തിനിഷ്ഠമാണെന്ന് കരുതുന്നില്ല. പൊതുവിൽ നമ്മുടെ സാമൂഹ്യസാഹചര്യം മാറിയതിന്റെ പ്രത്യക്ഷവത്കരണമായാണ് ഞങ്ങളുടെ ഇത്തരം ദീർഘയാത്രകളേയും കാണാനാവുക.

ചീനക്കാരുടെ സ്വഭാവത്തിന് വിപരീതമായി നമ്മൾ ചെന്നെത്തുന്ന സ്ഥലത്തിന്റെ രീതികളുമായി ആവുംവിധം താദാത്മ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. വേഷത്തിലും പൊതുവിടങ്ങളിലെ പെരുമാറ്റരീതികളിലും ഒരു ന്യൂട്രൽ സ്വഭാവം നിലനിർത്താൻ ഇന്ത്യക്കാരായ സഞ്ചാരികൾ ശ്രമിക്കുന്നതായി കാണാം. പൊതുസ്ഥലങ്ങളിൽ വ്യവസ്ഥാരഹിതമായ രീതികൾ വേണ്ടുവോളമുള്ളതാണല്ലോ ഇന്ത്യൻ സാഹചര്യം. പാശ്ചാത്യരാജ്യത്തിന്റെ തെരുവോരത്ത് നിന്ന് ആരെങ്കിലും മൂത്രമൊഴിക്കുന്നുവെങ്കിൽ അത് ഇന്ത്യാക്കാരനായിരിക്കും എന്ന് തമാശപറയാറുമുണ്ടല്ലോ. എന്നാൽ, മറ്റുപല ദേശക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ആവുംവിധം ഇവിടുത്തെ രീതികളെ അലോസരപ്പെടുത്താതെ സഞ്ചരിക്കുന്നവരാണ് പൊതുവേ ഇന്ത്യാക്കാർ എന്നാണ് യഥാർത്ഥത്തിൽ അനുഭവപ്പെടുക.   

ഒരു പാതയോര കെട്ടിടം
താമസിക്കുന്ന ഹോട്ടലിൽ നിന്നും അധികം ദൂരെയല്ല ഇന്റർലേക്കൻ ഓസ്റ്റ് (ഈസ്റ്റ്) തീവണ്ടിനിലയം. അൽപ്സിന്റെ ശിലാഗ്രത്തിലേയ്ക്ക് യാത്രനടത്തുന്ന തീവണ്ടി പുറപ്പെടുന്നത് അവിടെ നിന്നാണെന്ന് മനസ്സിലാക്കിയിരുന്നതിനാലാണ് അടുത്തുള്ള താമസസ്ഥലം തന്നെ തിരഞ്ഞെടുത്തത്. നാളെ രാവിലെ ആ യാത്ര ചെയ്യാനുള്ളതാണ്. അതിനാൽ റെയിൽവേ സ്റ്റേഷനിൽ ചെന്ന് ടിക്കറ്റുകൾ മുൻകൂട്ടി എടുത്തുവച്ചു.

അതിനുശേഷം ബസ്സിൽ കയറി ഇന്റർലേക്കൻ വെസ്റ്റിലേയ്ക്ക് പോയി. ഹോട്ടലിലെ റെസിപ്ഷനിൽ നിന്നും ഈ പ്രദേശത്തെവിടെയും ബസ്സിൽ സഞ്ചരിക്കാനുള്ള പാസ്സുകൾ കോംബ്ലിമെന്ററിയായി നൽകിയിരുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള ഓരോരോ രീതികൾ. വെസ്റ്റിലെ ബോട്ടുജെട്ടിയിൽ നിന്നാണ് തുണ്‍ തടാകത്തിലൂടെയുള്ള ബോട്ടുകൾ സർവീസ് തുടങ്ങുക. അവിടെ നിന്നും ഒരു ബോട്ടുപിടിച്ച് തുണ്‍ തടാകത്തിന്റെ വടക്കൻ തീരത്തുള്ള സെന്റ്‌. ബിയാതുസ് ഗുഹയിലേയ്ക്ക് പോകാം എന്ന് കരുതിയാണ് ഞങ്ങൾ വെസ്റ്റിലേയ്ക്കുള്ള ബസ്സിൽ കയറിയിരിക്കുന്നത്...

- തുടരും - 

2015, നവംബർ 1, ഞായറാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - രണ്ട്

ചിത്രാലങ്കൃതമായ ഒരു ചുവരിനു മുന്നിൽ ഏതാനും നിമിഷങ്ങളായി കാത്തുനിൽക്കുകയാണ് - ഇംഗ്ലിഷിൽ വിവരണം ആവശ്യമുള്ള എട്ടുപത്തുപേരുടെ ഒരു സംഘം. ഇവിടെ എവിടെ നിന്നോ ആണ് ഒരു മൾട്ടിമീഡിയ ഷോ തുടങ്ങുക. ഞങ്ങൾ നെസ് ലെയുടെ ബ്രോക്കിലുള്ള മെയ്സണ്‍ ക്യേയ് (Maison Cailler) ചോക്ലേറ്റ് നിർമ്മാണ ഫാക്ടറിയിൽ, സ്വിസ്സ് ചോക്ലേറ്റുകളുടെ ചരിത്രവും മറ്റ് വിശേഷങ്ങളും അറിയാനുള്ള പുറപ്പാടിലാണ് ഈ കാത്തുനിൽപ്പ് തുടരുന്നത്. സ്വിറ്റ്സർലാൻഡിൽ വന്നിട്ട് ഒരു ചോക്ക്ലേറ്റ് നിർമ്മാണശാല  കാണാതെ പോകുന്നത് എങ്ങനെ? അതിനാലാണ് ബ്രോക് (Broc) എന്ന പ്രദേശത്തുള്ള ഈ ഉത്പാദനശാലയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറിപ്പിൽ പറഞ്ഞ ഗ്രൂയേസ് കോട്ടസൗധം നിൽക്കുന്ന സ്ഥലത്തു നിന്നും അധികം അകലെയല്ല ബ്രോക്.

മെയ്സണ്‍ ക്യേയ് ചോക്ലേറ്റ് ഫാക്ടറി
ആൽപ്സിന്റെ വടക്കുപടിഞ്ഞാറൻ മലയടിവാരത്തിലെ ഹരിതനിമ്നോന്നമായ, ഗ്രാമീണമുഖമുള്ള ചെറുപട്ടണങ്ങളാണ് ബ്രോക്കും അടുത്തുള്ളവകളും. സഞ്ചാരികൾ എത്തുന്ന സവിശേഷമായ ചില സ്ഥലങ്ങൾ ഒഴിച്ചാൽ ഏറെക്കൂറെ വിജനമായി കിടക്കുന്ന, പുൽമേടുകളും പാടങ്ങളും ഒറ്റപ്പെട്ട വീടുകളുടെ ഏകാന്തതയുമൊക്കെയാണ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണാനാവുക. ഗ്രൂയേസ് ജില്ലയിൽ ഏതാണ്ടൊരു പത്തു ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ കിടക്കുന്ന സ്ഥലമാണ് ബ്രോക്ക്. രണ്ടായിരം അടുപ്പിച്ച് ആളുകൾ മാത്രമേ ഇവിടെ ജീവിക്കുന്നുള്ളു.

മനുഷ്യരെയോ വാഹനങ്ങളെയോ കാണാത്ത ഒരു കവലയിൽ നിന്നും തിരിഞ്ഞ് വിജനമായ ഗ്രാമീണപാതയിലൂടെ ഓടിയാണ് ഫാക്ടറിക്ക് മുന്നിലെത്തിയത്. പാർക്കിങ്ങിനുള്ള സ്ഥലത്ത് വണ്ടിയിട്ട് ഇറങ്ങുമ്പോൾ, ഫാക്ടറിയുടെ എതിർഭാഗത്തായി കാണുന്നത് വിശാലമായ പ്രകൃതിയുടെ വിജനതയാണ്. നീണ്ടുകിടക്കുന്ന പുൽമേടുകളും അതിനപ്പുറം കടുംപച്ചയുടെ ചെറുകുന്നുകളും...

ഫാക്റ്ററിക്കു മുന്നിലെ കാർപാർക്കിൽ നിന്നൊരു കാഴ്ച
വേനൽക്കാലമാണ്. വെയിലുണ്ട്.  പക്ഷേ അസഹ്യമായ ചൂടൊന്നുമില്ല. വലിയ പട്ടണങ്ങൾ വിട്ടുകഴിഞ്ഞാൽ അന്തരീക്ഷത്തിലെ ശുദ്ധത കണ്ടുതന്നെയും അറിയാം എന്നപോലെ സ്ഫടികമായ കാഴ്ചകളാണ് ചുറ്റും. പൊടിപടലങ്ങൾ ഇല്ല എന്നതിനൊപ്പം ഹ്യുമിഡിറ്റി കുറഞ്ഞിരിക്കുന്നതും അന്തരീക്ഷത്തിന് ഈ ശുദ്ധസുതാര്യത നൽകുന്ന കാരണമായിരിക്കാം.

സന്ദർശകർക്കുള്ള പ്രവേശനഭാഗത്ത് മാത്രം തിരക്കുണ്ടായിരുന്നു. ടിക്കറ്റെടുത്ത് ഞങ്ങളുടെ ഊഴംവരുന്നതും കാത്തിരുന്നു. ആദ്യമായി ഒരു മൾട്ടിമീഡിയ പ്രദർശനമത്രേ. അതിനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒരു ചോക്കലേറ്റ് ഫാക്ടറിയിൽ വിനോദസഞ്ചാരികൾക്ക് രസകരമായി അനുഭവപ്പെടാൻ അധികമൊന്നും ഉണ്ടാവില്ല എന്നതിനാലാവും ഇത്തരം സംഗതികളൊക്കെ ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്ന് അനുമാനിക്കാം. ഇത് ഇവിടുത്തെ മാത്രം കാര്യമല്ല. സ്വിറ്റ്സർലാൻഡിൽ വിനോദസഞ്ചാരികൾ എത്തുന്ന ഭാഗങ്ങളിലെല്ലാം, തീരെ ചെറിയ കാഴ്ചകളാണെങ്കിൽ പോലും അതൊക്കെ വൃത്തിയായൊന്നു പൊലിപ്പിച്ചെടുത്ത്, ഈടാക്കുന്ന വിലയ്ക്ക് സേവനം നൽകാനുള്ള ശുഷ്കാന്തി പൊതുവേ കാണാനാവും.

മൾട്ടിമീഡിയ പ്രദർശനത്തിന് കാത്തിരിക്കുമ്പോൾ മുന്നിൽ കാണുന്ന ചുമർ
അപ്പോൾ ഞങ്ങളുടെ കാത്തിരിപ്പ്‌ മുറിയുടെ ഒരു ഭാഗത്തെ ചുമർ തുറക്കപ്പെടുകയും  അടുത്ത മുറിയിലേയ്ക്ക് ആനയിക്കപ്പെടുകയും ചെയ്തു. നാടകീയമായ മൾട്ടിമീഡിയ പ്രദർശനങ്ങളിലൂടെ ചോക്ലേറ്റിന്റെ ചരിത്രവിവരണം ആരംഭിക്കുകയാണ്. പ്രകാശത്തിന്റേയും ശബ്ദത്തിന്റേയും ചിത്രരൂപങ്ങളുടേയും മറ്റു പല സങ്കേതങ്ങളുടെയും വിന്യാസത്തിലൂടെയാണ് ഈ അവതരണം ഒരുക്കിയിരിക്കുന്നത്. ഒരു മുറിയിലെ പ്രദർശനം കഴിയുമ്പോൾ എതെങ്കിലുമൊരു ചുമർ തെന്നിമാറുകയും നമ്മൾ അതിലൂടെ അടുത്ത ഭാഗത്തേയ്ക്ക് പ്രവേശിക്കുകയും വേണം. ഒരു മുറിയിൽ നിന്നും അടുത്ത മുറിയിലേയ്ക്കും അങ്ങിനെ ചോക്ലേറ്റിന്റെ അടുത്ത പരിണാമഘട്ടത്തിലേയ്ക്കും... കുട്ടികൾക്ക് ഇഷ്ടപ്പെടാൻ പരുവത്തിനുള്ള ഒരു അവതരണമായിരുന്നു അത്.

പ്രദർശനം നടക്കുന്ന മുറികളിലൊന്ന്
ചോക്കലേറ്റിന്റെ പ്രാക്തനമായ ഉപയോഗങ്ങൾ ക്രിസ്താബ്ദത്തിനും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നുവെങ്കിലും അതിന്റെ രൂപവും രുചിയും അടിമുടി വ്യത്യസ്തമായിരുന്നു. ചോക്ലേറ്റെന്ന പേരൊക്കെ വളരെ ആധുനികമാണ്. മെസോഅമേരിക്കൻ പ്രദേശത്താണ് (മദ്ധ്യ-അമേരിക്ക) ഈ വിഭവം പിറവിയെടുക്കുന്നത്. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോ എന്ന സസ്യഫലം/കുരു ഭക്ഷണയോഗ്യമാണെന്ന കണ്ടുപിടുത്തം നടത്തിയത് ഈ പ്രദേശത്തെ പുരാതന സമൂഹമായ ടോൾറ്റെക് ജനതതിയാണെന്ന് അനുമാനിക്കപ്പെടുന്നു. കുറച്ചുകൂടി ആധുനികമാകുമ്പോൾ ഇതേ പ്രദേശങ്ങളിൽ തന്നെ നിലനിന്ന മായൻ സംസ്കാരത്തിലും ആസ്റ്റെക്ക് സംസ്കാരത്തിലും കൊക്കോ സ്വാഭാവികമായ പാരമ്പര്യ തുടർച്ചയായി ഉപയോഗിക്കപ്പെട്ടിരുന്നു.

എന്നാൽ അന്നും അതിനുശേഷം ഒരുപാട് കാലവും കൊക്കോയിൽ നിന്നും ഉണ്ടാക്കിയെടുത്തിരുന്ന പാനീയം സാധാരണക്കാരന് ലഭ്യമാവുന്ന ഒരു ആഹാരവസ്തു ആയിരുന്നില്ല. (ചോക്ലേറ്റിന്റെ പൂർവ്വരൂപം പാനീയമായിരുന്നു. ഇന്നത്തെ ബാർചോക്ലേറ്റുകളും മറ്റും ഉണ്ടായിവരുന്നത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്.) കൊക്കോയും പാനീയവും ദൈവത്തിൽ നിന്നും ലഭിച്ച സവിശേഷ വസ്തുവായും അത്ഭുതഗുണങ്ങൾ പേറുന്ന ആഹാരമായും കരുതപ്പെട്ടിരുന്നതിനാൽ അതിന്റെ മൂല്യം രാജകീയമായിരുന്നു. വാറ്റിയെടുക്കുന്ന പാനീയത്തിൽ മദ്യഗുണവും ഉണ്ടായിരുന്നതിനാൽ അത് കൂടുതൽ ദൈവീകവും മൂല്യവത്തും ആയിത്തീരുകയാണ് ഉണ്ടായത്. ഇത്തരം വിശ്വാസങ്ങളിൽ ഒഴിച്ചുകൂട്ടാനാവത്ത ഘടകമായ, സ്ത്രീകളെ വശീകരിക്കാനും കീഴടക്കാനുമുള്ള ചേരുവകളും ഈ ദ്രാവകത്തിലുണ്ടെന്ന് അക്കാലത്ത് കരുതപ്പെട്ടിരുന്നു.

പ്രദർശനം - മറ്റൊരു ഭാഗം
മായൻ സംസ്കാരത്തിൽ നിന്നാണ് ചോക്ലേറ്റ് എന്ന പേരിന്റെ ആരംഭം. കൊക്കോ ഒരു അവശ്യ ഭക്ഷണവസ്തു എന്ന നിലയിൽ മനസ്സിലാക്കി അതിന്റെ കൃഷിയിലേയ്ക്ക്  തിരിഞ്ഞ മായൻ ജനതതിയാണ്‌ ആദ്യമായി Xocolatl എന്ന പേരിൽ, അവരുടെ ഭാഷയിൽ, പ്രസ്തുത പാനീയത്തെ വിളിക്കാൻ തുടങ്ങിയത്. പിൽക്കാലത്ത് ഈ പാനീയത്തിന്റെ യൂറോപ്യൻ അധിനിവേശകാലത്ത് ചോക്ലേറ്റ് എന്ന പേരിലേയ്ക്ക് അതിന് രൂപമാറ്റം സംഭവിക്കുന്നത്‌ ഈ മൂലനാമത്തിൽ നിന്നാണ് എന്ന് കരുതപ്പെടുന്നു.

അമേരിക്ക 'കണ്ടുപിടിച്ച' കൊളംബസ് തന്നെയാണ് യൂറോപ്പിലേയ്ക്ക് ആദ്യമായി കൊക്കോ കൊണ്ടുവരുന്നത്. എന്നാൽ അന്ന് സ്പെയിനിലെ രാജാവിനും രാജ്ഞിക്കും അതിൽ വലിയ   കൗതുകം തോന്നിയില്ല. പത്തുമുപ്പത് വർഷങ്ങൾക്ക് ശേഷം, അസ്റ്റെക് സാമ്രാജ്യത്തെ കീഴടക്കി അമേരിക്കയിൽ യൂറോപ്യൻ കുടിയേറ്റത്തിന്റെ നിണാങ്കിതമായ അദ്ധ്യായം തുറന്ന സ്പാനിഷ് നാവികനായ എർനങ്ങ് കോർറ്റെസാണ് (Hernan Cortes) ചോക്ലേറ്റിന്റെ സമഗ്രമായ യൂറോപ്യൻ അധിനിവേശത്തിന് ബീജാവാപം നടത്തിയത്. കൊക്കോ മാത്രമല്ല കോർറ്റെസ് കൊണ്ടുവന്നത്, അതിനെ ഒരു എക്സോട്ടിക് പാനീയമാക്കി മാറ്റുന്നതിനുള്ള സാങ്കേതികതയും ചേരുവകളും കൂടിയായിരുന്നു.

ചോക്ലേറ്റ് നിർമ്മാണശാലയുടെ ഉൾഭാഗം
സ്പെയ്നിൽ നിന്നും ഫ്രാൻസിലേയ്ക്കും അവിടെ നിന്ന് ഇറ്റലിയിലേയ്ക്കും ജെർമ്മനിയിലേയ്ക്കും അവിടുന്ന് മറ്റ് യൂറോപ്യൻ പ്രദേശങ്ങളിലേയ്ക്കും എന്നതായിരുന്നു പൊതുവായുള്ള അതിന്റെ യാത്രാപഥം. പക്ഷേ രാജസദസ്സുകളിലും പ്രഭുഗൃഹങ്ങളിലും മാത്രമാണ് ആദ്യകാലങ്ങളിൽ ചോക്ലേറ്റിന്റെ ഉപയോഗം നിലനിന്നിരുന്നത്. സാധാരണ ജനങ്ങൾക്ക്‌ അങ്ങനെ ഒരു പാനീയത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. അക്കാലത്തെ ഏറ്റവും ശക്തമായ ഒരു പ്രഭുവർഗ്ഗം ക്രിസ്തുസഭയായിരുന്നുവല്ലോ. സഭയുടെ ഉപരിതലങ്ങളിൽ ഇഷ്ടപാനീയമായി തുടർന്ന ചോക്ലേറ്റ് വിശേഷമായ പെരുന്നാൾ അവസരങ്ങളിൽ സഭാവിശ്വാസികൾക്കു കൂടി നൽകാൻ തുടങ്ങിയതോടെയാണെന്ന് ചോക്ലേറ്റ് സാധാരണ ജനങ്ങളിലേയ്ക്ക് ഇറങ്ങിവരുന്നതെന്ന് കരുതപ്പെടുന്നു.

ദ്വീപ് രാഷ്ട്രമായ ബ്രിട്ടന്റെ തലസ്ഥാനത്ത് പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ തന്നെ കോഫി ഹൗസുകൾ പോലെ ചോക്ലേറ്റ് ഹൗസുകളും നിലവിൽ വന്നിരുന്നുവത്രേ. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റലിയിലെ പ്രമുഖ പട്ടണങ്ങളായ ഫ്ലോറെൻസിലും വെനീസിലും ഇത്തരം ചോക്ലേറ്റ്പാനീയ കടകൾ അനവധി സ്ഥാപിക്കപ്പെട്ടു. ചോക്ലേറ്റിന്റെ ജനകീയതയുടെ തുടക്കം ഇത്തരം സംരഭങ്ങളിലൂടെയാണെന്ന് ചരിത്രം. എന്നാൽ ഇതിനനുബന്ധമായി പരസ്പരപൂരകങ്ങളായ മറ്റു ചില കാരണങ്ങളും ചോക്ലേറ്റ് ജനകീയമാകുന്നതിന് കാരണമായി. അതിൽ പ്രധാനം മദ്ധ്യ-അമേരിക്കയിൽ കൊക്കോയുടെ കൃഷി വ്യാപകമായതും യൂറോപ്പിലേയ്ക്കുള്ള കയറ്റുമതി വർദ്ധിച്ചതുമായിരുന്നു. ലഭ്യത കൂടിയതോടെ വിലയിലും കാര്യമായ ഇടിവ് സംഭവിച്ചു. ഹൈഡ്രോളിക്ക്, നീരാവി യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടതും ചോക്ലേറ്റിന്റെ ഉപഭോഗം വർദ്ധിക്കാൻ കാരണമായി. കാറ്റിനേയും കുതിരകളേയും ഉപയുക്തമാക്കി കൊക്കോ പൊടിച്ചുകൊണ്ടിരുന്ന മില്ലുകളിൽ നിന്നും വലിയൊരു മുൻപോക്കാണ് ഈ പുതിയ സാങ്കേതികവിദ്യകൾ സാധ്യമാക്കിയത്.

ഒരു നിർമ്മാണഘട്ടം
1819 - ലാണ് ഫ്രാൻസ്വാ ലുയിസ് ക്യേയ് (Francois Louis Cailler) സ്വിറ്റ്സർലാൻഡിലെ ആദ്യത്തെ ചോക്ലേറ്റ് ഫാക്ടറി ബ്രോക്കിൽ നിന്നും അധികം ദൂരെയല്ലാത്ത വെവാ പട്ടണത്തിൽ ആരംഭിക്കുന്നത്. ഇന്ന് നെസ് ലെ എന്ന മറ്റൊരു അന്താരാഷ്‌ട്ര കമ്പനിയുടെ ഭാഗമാണെങ്കിലും  ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ചോക്ലേറ്റ് ബ്രാൻഡായ Cailler ഉത്പാദിപ്പിക്കപ്പെടുന്ന, ഈ രാജ്യത്തിലെ ആ വ്യവസായത്തിന്റെ ഉപജ്ഞാതാവ് സ്ഥാപിച്ച കമ്പനിയുടെ ഒരു നിർമ്മാണശാലയിലാണ് ഞങ്ങൾ നിൽക്കുന്നത്.

ആദ്യമായി ബാർ ചോക്ലേറ്റ് ഉണ്ടാക്കിയത് ബ്രിട്ടണിലായിരുന്നുവെങ്കിലും ഈ ആഹാരവിഭവത്തിന്റെ എല്ലാത്തരം പരീക്ഷണങ്ങളും പിന്നീട് നടന്നത് സ്വിറ്റ്സർലാൻഡിലായിരുന്നു. ചോക്ലേറ്റിനെ അവർ തങ്ങളുടെ തനതു വിഭവമാക്കി വളർത്തിയെടുത്ത് ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയാണ് ഉണ്ടായത്. മിൽക്ക് ചോക്ലേറ്റും ഫ്രൂട്ട് ചോക്ലേറ്റും തുടങ്ങി ഈ മധുരവിഭവത്തിന്റെ നൂറുകണക്കിന് വകഭേദങ്ങൾ അവർ നിർമ്മിച്ചെടുത്ത് ലോകത്തിന് നൽകി. ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ചോക്ലേറ്റ് നിർമ്മാണം നടക്കുന്നുണ്ടെങ്കിലും അതിനെപ്രതി ആദ്യം ഓർക്കപ്പെടുന്ന രാജ്യനാമം സ്വിറ്റ്സർലാൻഡ് തന്നെയാണ്.

വില്പനശാല
ചരിത്രവിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രദർശനം കഴിഞ്ഞാൽ ചോക്ലേറ്റിന്റെ നിർമ്മാണഘട്ടങ്ങൾ നേരിട്ട് കാണാനാവുന്ന ഭാഗത്തെത്തുന്നു. ഇത്തരം യന്ത്രസാമഗ്രികളും അവയുടെ പ്രവർത്തനവും വലിയ താല്പര്യം തോന്നാത്ത ഒരു കൗതുകത്തോടെ കണ്ടുതീർക്കാം എന്നല്ലാതെ അതൊക്കെ വ്യക്തമായി മനസ്സിലാക്കുക എന്നത് ആവശ്യമുള്ള സംഗതിയല്ലല്ലോ. മാത്രവുമല്ല, ഇവിടെ നിർമ്മാണശാലയായി കാണുന്ന ഭാഗം ശരിക്കും വ്യാപാരാടിസ്ഥാനത്തിൽ ചോക്ലേറ്റുകൾ ഉണ്ടാക്കുന്നിടമാണോ എന്ന് സംശയം തോന്നാതിരുന്നില്ല. വലിയ യന്ത്രങ്ങളൊക്കെ കണ്ടെങ്കിലും ഒന്നോ രണ്ടോ ജോലിക്കാർ മാത്രമേ ആ പരിസരത്തുണ്ടായിരുന്നുള്ളൂ. മാത്രമല്ല എൻഡ് പ്രോഡക്റ്റായി വളരെ കുറച്ചു ചോക്ലേറ്റുകൾ ഉണ്ടായിവരുന്നതേ കണ്ടുമുള്ളൂ. സന്ദർശകർക്ക് മാത്രമായുള്ള ഒരു സെറ്റപ്പായാണ് അനുഭവപ്പെട്ടത്. ഒട്ടും പിടിപാടുള്ള മേഖലയല്ലാത്തതിനാൽ എന്റെ നിരീക്ഷണം ശരിയാവണമെന്നുമില്ല.

അടുത്തതായി എത്തുന്നത് ചോക്ലേറ്റുകൾ രുചിച്ചു നോക്കാൻ സാധിക്കുന്ന ഒരു സ്ഥലത്താണ്. അവിടെ ഒരു ട്രേയിൽ മൂന്നാല് തരം ചോക്ലേറ്റുകൾ നിരത്തിവച്ചിരിക്കുന്നു. എത്ര വേണമെങ്കിലും എടുത്തുതിന്നാം. പാത്രം ഒഴിയുന്നതിനനുസരിച്ച് അടുത്തത്‌ എത്തിക്കൊണ്ടിരിക്കും. ഈ സ്ഥാപനം ഇതിന് മുൻപ് സന്ദർശിച്ചിരുന്ന ചില ബ്ലോഗർമാരുടെ കുറിപ്പുകൾ വായിച്ചതിനു ശേഷം ഞാൻ കരുതിയിരുന്നത് ഈ ഭാഗത്ത് നല്ല തിരക്കുമായിരിക്കും എന്നാണ്. ഞങ്ങൾ എത്തിയ സമയത്തിന്റെ ആണോ എന്നറിയില്ല, അങ്ങനെ തിരക്കൊന്നും കണ്ടില്ല എന്നുമാത്രമല്ല ഒന്നുരണ്ടുപേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ താനും. സാധാരണ കടകളിൽ നിന്നും ലഭിക്കുന്ന ചോക്ലേറ്റിനെ അപേക്ഷിച്ച് അപ്പപ്പോൾ ഉണ്ടാക്കിയെടുക്കുന്നവയ്ക്ക് എന്ത് വ്യത്യാസമമാണുള്ളത് എന്ന് പരീക്ഷിക്കുന്ന മാതിരി വളരെ ആസ്വദിച്ച് ഒന്നോ രണ്ടോ കഷണം എടുത്ത് രുചിച്ചുനോക്കുന്നവർ. മധുരം ഇഷ്ടപ്പെടുന്ന, കഴിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ സൂക്ഷ്മമായ രുചിവ്യതിയാനം മനസ്സിലാക്കാൻ കെല്പുള്ള രസമുകുളങ്ങൾ എനിക്കില്ല.

ഒരു ക്യേയ് ചോക്ലേറ്റ് പായ്ക്കറ്റ്
പിന്നീടുള്ളത് ക്യേയ് ബ്രാൻഡ് ചോക്ലേറ്റുകളും അനുബന്ധ വസ്തുക്കളും വില്പനയ്ക്കുവച്ചിട്ടുള്ള കടയാണ്. സ്വാഭാവികമായും സന്ദർശകരുടെ ഏറ്റവും തിരക്ക് ഇവിടെയാണ്‌. യൂറോപ്പിന് പുറത്ത് അധികം കയറ്റുമതി ഇല്ലാത്ത, മറ്റിടങ്ങളിൽ ഉല്പാദനമില്ലാത്ത ഒരു ബ്രാൻഡാണ് ക്യേയ്. കണ്‍ഡെൻസ്ഡ് മിൽക്ക് നേരിട്ട് ഉപയോഗിച്ചുണ്ടാക്കുന്ന അപൂർവ്വം ചോക്ലേറ്റുകളിൽ ഒന്നത്രേ ഇത് (ബാക്കിയുള്ളവയിൽ പാൽപ്പൊടിയാണ് ചേരുവ).

മടങ്ങിയെത്തുമ്പോൾ കൂട്ടുകാരും സഹപ്രവർത്തകരുമൊക്കെ സ്വാഭാവികമായും ചോദിക്കുക സ്വിസ്സ് ചോക്ലേറ്റെവിടെ എന്നായിരിക്കുമല്ലോ. അത് സത്യത്തിൽ ഒരു സ്നേഹാന്വേഷണം മാത്രമാണ്. പ്രത്യേകിച്ച് ഗൾഫിലെ ചുറ്റുപാടിൽ തൊട്ടപ്പുറത്തെ സൂപ്പർ മാർക്കറ്റിൽ ലോകത്തിലെ ഏതുതരം ചോക്ലേറ്റുകളും ലഭ്യമെന്നിരിക്കേ, ഈ വില്പനശാലയിലുള്ളവ അവിടെ തികച്ചും നൂതനമായി തോന്നുകയൊന്നുമില്ല. എങ്കിലും ക്യേയ് ചോക്ലേറ്റുകൾ മറ്റു നാടുകളിൽ അധികം ഇല്ലെന്നു കേട്ടതിനാൽ, സമ്മാനമായി നൽകാൻ വൈവിധ്യമുള്ള രുചിയിലും നിറത്തിലും പൊതിയിലുമൊക്കെയുള്ള കുറേ ചോക്ലേറ്റുകളും സുവനീറുകളും ഭാര്യയും മകളും അവരുടെ ഭാവനയ്ക്കനുസരിച്ച് വാങ്ങി.

ഫാക്ടറിയുടെ മറ്റൊരു ഭാഗം
ഫാക്ടറിയിലെ സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങി. ഇപ്പോൾ തിരക്കൽപ്പം കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. ഉച്ചവെയിൽ തിളങ്ങുന്ന മുറ്റത്തെ പുൽത്തകിടിയിലും അതിന്റെ മദ്ധ്യത്തുള്ള ജലധാരയിലും കളിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടം കുട്ടികൾ. മഞ്ഞുനാടായ സ്വിറ്റ്സർലാൻഡ് പോലുള്ള സ്ഥലങ്ങളിൽ വേനൽക്കാലം ഉത്സവങ്ങളുടേയും വിനോദങ്ങളുടേയും സമയമാണ്. മുൻപൊക്കെ സ്വിസ്സ് തണുപ്പുകാലം അതിരൂക്ഷമായിരുന്നുവത്രേ. ഇപ്പോൾ അൽപ്സിന്റെ പരിസരങ്ങളിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഒഴിച്ച് സമതലങ്ങളിൽ തണുപ്പുകാലം അത്രയൊന്നും ഏശാറില്ല എന്നാണ് അറിയുന്നത്. ആഗോളതാപനം കുറച്ചുകൂടി മൂർത്തമായി ഇവിടങ്ങളിൽ അനുഭവപ്പെടുന്നുണ്ടാവാം.

പുൽത്തകിടിയിലെ ബെഞ്ചിൽ ഞങ്ങളും അൽപസമയം വിശ്രമിച്ചു. ലോണിനപ്പുറം നിർമ്മാണശാലയുടെ ഒരുഭാഗം. അതിന് പിറകിൽ നിന്നും ഹരിതാഭമായി ഉയർന്നുപോകുന്ന ചെറിയ മലകൾ. അതിനും മുകളിൽ സൂതാര്യമായ നീലാകാശം. ആകാശത്തിൽ പഞ്ഞി വാരിയിട്ട പോലെ അവിടവിടെ ശുഭ്രമേഘങ്ങൾ. അങ്ങനെ നോക്കിയിരിക്കേ ഈ കാഴ്ച ഞാൻ മുൻപെപ്പോഴോ അനുഭവിച്ചിട്ടുള്ളതു പോലെ ഒരു തോന്നൽ. ആദ്യമായെത്തുന്ന പ്രദേശത്തെ, എത്രയോ കടലുകൾക്കിപ്പുറം കിടക്കുന്ന ഈ കാഴ്ച ഇതിനുമുൻപ് എങ്ങനെ അനുഭവിക്കാൻ? ആലോചിച്ച് ബുദ്ധിമുട്ടേണ്ടതില്ല; ഭ്രമാത്മകമായ മന:സഞ്ചാരങ്ങളെ അതിന്റെ വഴിക്ക് വിടുക...

- തുടരും -

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - ഒന്ന്

വൈകിപ്പറന്ന ഒരു വിമാനത്തിൽ മഴചാറുന്ന ജെനീവാ വിമാനത്താവളത്തിൽ ഞങ്ങൾ ചെന്നിറങ്ങുമ്പോൾ നേരം രാത്രിയിലേയ്ക്ക് കടന്നിരുന്നു.

പറന്നത് മുഴുവൻ മേഘരഹിതമായ പകലിലൂടെയായിരുന്നതിനാൽ വിമാനക്കാഴ്ച സമ്പൂർണ്ണമായിരുന്നു. ആറേബ്യൻ കടലിടുക്കിന്റെ നേർത്തവര കടന്ന് ഇറാന്റെ മരുമലകളിലൂടെ തുർക്കിയിലേയ്ക്ക്. പിന്നീട് കരിംകടലിന്റെ നീലിമ മാത്രം കുറേനേരം. ബൾഗേറിയ/റൊമാനിയയിലൂടെ യൂറോപ്പിലേയ്ക്ക് കടക്കുമ്പോൾ ഭൂപ്രകൃതിക്ക് പ്രകടമായും പച്ച പടരുന്നതും, ഓസ്ട്രിയയുടേയും ജെർമ്മനിയുടേയും പ്രതലങ്ങളിൽ അത് ഇരുണ്ട ഹരിതമാവുന്നതും അറിയാനാവും. ഇടയ്ക്ക്, ഭൂപ്രതലത്തിന്റെ അബ്സ്ട്രാക്റ്റ് ചിത്രത്തിൽ, ഉരഗജന്മം പോലെ ഒരു കൂറ്റൻ നദിയുടെ പ്രയാണപഥം കാണാമായിരുന്നു. അത് ഡാന്യൂബ് അല്ലാതെ മറ്റൊന്നാവാൻ വഴിയില്ല, യൂറോപ്പിന്റെ ജീവിതം നിലനിർത്തുന്ന മുഖ്യധമനിയായ ഡാന്യൂബ്!

ജെർമ്മനിയിലെ ഫ്രാങ്ക്ഫെർട്ട് വിമാനത്താവളത്തിൽ കുറച്ചുനേരം തങ്ങിയതിന് ശേഷമാണ് വിമാനം ജെനീവയിൽ എത്തിയത്.

ജെനീവാ വിമാനത്താവളം - ഹോട്ടൽ മുറിയിൽ നിന്നുള്ള ഭാഗിക കാഴ്ച
പത്തിരുപത്തിയഞ്ച് കൊല്ലങ്ങൾക്ക് മുൻപാണ്: ആയിടയ്ക്ക് പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത പെണ്‍കുട്ടി അവളുടെ വലിയ സ്വപ്നങ്ങളിലൊന്ന് സ്വിറ്റ്സർലാൻഡ് കാണുക എന്നതാണ് എന്ന് പറഞ്ഞു. നമുക്ക് പോകാം എന്ന് വളരെ ലാഘവത്തോടെ ഞാൻ വാക്കുകൊടുക്കുകയും ചെയ്തു. അങ്ങനെയുള്ള വലിയ സ്വപ്നങ്ങളും വലിയ വാക്കുകളും ഒന്നും നടക്കാൻ പോകുന്ന കാര്യങ്ങളല്ലെന്ന് അന്നത്തെ ലളിതമായ സാഹചര്യങ്ങളിൽ ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമായിരുന്നു. പ്രണയം പക്ഷേ അത്തരം മനസ്സിലാക്കലുകളെ വർണ്ണാഭമായി മറച്ചു പിടിക്കുകയും എന്തും സഹനീയമാക്കുകയും ചെയ്യുമല്ലോ...!

എന്നിരുന്നാലും അവസരം കിട്ടുമ്പോഴൊക്കെ ആവുന്ന തരത്തിലുള്ള ചെറിയ യാത്രകൾ ഞങ്ങൾ മുടങ്ങാതെ ചെയ്തുകൊണ്ടിരുന്നു. വായനയും സിനിമയും യാത്രയും, ജീവിതത്തിന്റെ നിമ്നോന്നതകളിൽ, ഒരിക്കലും ഞങ്ങളുടെ പാഷൻ അല്ലാതായി മാറിയില്ല.

അതുകൊണ്ടു തന്നെ, ഇരുപത്തിയഞ്ച് കൊല്ലങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേരും കൂടി മെയിൻലാൻഡ് യൂറോപ്പിലേയ്ക്കുള്ള ആദ്യത്തെ യാത്ര തീരുമാനിക്കുമ്പോൾ അത് സ്വിറ്റ്സർലാൻഡ് ആവാതെ തരമില്ലല്ലോ...!

ഗ്രൂയേസ് ഗ്രാമം
വിമാനത്താവളത്തിൽ  നിന്നു തന്നെ ഒരു കാറ് മുൻകൂട്ടി ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ മെയിൻലാൻഡ് യൂറോപ്പിൽ ആദ്യമായിട്ടാണെങ്കിലും, പ്രദേശത്തെ ദ്വീപ് രാഷ്ട്രമായ യു. കെയിൽ നാലഞ്ച് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ പോവുകയും ഏതാണ്ട് ഇരുപത് ദിവസത്തോളം താമസിക്കുകയും ചെയ്തിരുന്നു. (അന്ന് ഞാൻ ബ്ലോഗിങ്ങ് തുടങ്ങിയിരുന്നില്ല.) അത്തവണ വണ്ടിയോടിച്ച് സ്ഥലങ്ങൾ കാണാൻ പോകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഇത്തവണത്തെ യൂറോപ്യൻ യാത്രയിൽ, നഗരങ്ങളിൽ നിന്നും നഗരങ്ങളിലേയ്ക്കുള്ള യാത്ര സ്വന്തമായി ഡ്രൈവ് ചെയ്താവാം എന്ന് തീരുമാനിക്കുകയായിരുന്നു.

ആദ്യരാത്രിയിലെ താമസത്തിന് തിരഞ്ഞെടുത്തിരുന്നത് വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടൽ തന്നെയായിരുന്നതിനാൽ വഴി കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

ജെനീവ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴും അതിനു ശേഷം രാത്രിനിരത്തിലൂടെ വണ്ടിയോടിച്ച് ഹോട്ടലിലേയ്ക്ക് പോകുമ്പോഴും പെട്ടെന്ന് അനുഭവിക്കാനാവുന്ന വ്യത്യാസം കാലാവസ്ഥയോ ഭൂപ്രകൃതിയോ ഒന്നുമല്ല; ജനക്കൂട്ടത്തിന്റെ അഭാവമാണ്. വൈകിയെത്തിയതു കൊണ്ടാണോ എന്നറിയില്ല വിമാനത്താവളത്തിന്റെ പല ഭാഗങ്ങളും പ്രേതഭവനം പോലെ വിജനമായി കിടന്നു. കൃത്യമായ സൈൻബോർഡുകൾ ഉള്ളതുകൊണ്ട് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഇമിഗ്രേഷൻ കൌണ്ടറിലെ ഒന്നുരണ്ട് ജീവനക്കാരെ കണ്ടതൊഴിച്ചാൽ മറ്റു ജോലിക്കാരെയൊന്നും കണ്ടതുമില്ല.

ഗ്രൂയേസ് കോട്ടസൗധത്തിലേയ്ക്കുള്ള പാത
പിറ്റേന്ന് രാവിലെ തന്നെ ടൂറിസ്റ്റുകളുടെ സ്ഥിരം സന്ദർശന പ്രദേശമായ ഇന്റർലേക്കണ്‍ എന്ന സ്ഥലത്തേയ്ക്ക് യാത്രയാരംഭിച്ചു. എന്നാൽ അങ്ങോട്ട്‌ പോകുന്നപോക്കിൽ വഴിമാറി സഞ്ചരിച്ച് രണ്ട് സ്ഥലങ്ങൾ കൂടി കാണാനുണ്ടായിരുന്നു. അതിൽ ഒന്ന് ഗ്രൂയേസ് കോട്ടസൗധമായിരുന്നു (Gruyeres Castle). ജെനീവയിൽ നിന്നും ബേണിലേയ്ക്കുള്ള വഴിയിലൂടെ ഏതാണ്ട് നൂറ്റിയിരുപത്തിയഞ്ച് കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം വഴിതിരിഞ്ഞ് ചില സ്വിസ്സ് ഗ്രാമങ്ങളിലൂടെ വേണം ഗ്രൂയേസിൽ എത്താൻ.

കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ഒരു മദ്ധ്യകാല നിർമ്മിതിയാണ്‌ ഗ്രൂയേസ് കോട്ടസൗധം.

ഗ്രൂയേസ് കോട്ടസൗധത്തിലേയ്ക്കുള്ള പ്രവേശനഭാഗം 
വണ്ടി പാർക്കുചെയ്ത് മുകളിലേയ്ക്ക് നടക്കുമ്പോൾ, പഴമയെ തൊടുന്ന, മനോഹരമായ തെരുവിലേയ്ക്കാണ് ആദ്യം പ്രവേശിക്കുന്നത്. നിരത്തിന്റെ അങ്ങേയറ്റത്ത്‌ ഒരു ചെറിയ പള്ളിയും അതിനു പിറകിലായി കോട്ടസൗധത്തിന്റെ എടുപ്പുകളും കാണാം. നിരത്തോരത്തെ കെട്ടിടങ്ങളെല്ലാം വൃത്തിയും വെടിപ്പും ഉള്ളവകളാണ്. സ്വിസ്സ് ഗ്രാമങ്ങളുടെ മുഖമുദ്രയാണ് വൃത്തിഭദ്രമായ ലാളിത്യം. ജനാലത്തട്ടുകൾ പൂച്ചെടികളാൽ അലങ്കരിക്കപ്പെട്ട കെട്ടിടങ്ങൾ മിക്കവയും വിനോദസഞ്ചാരികൾക്കു വേണ്ടിയുള്ള ചെറിയ ഭോജനശാലകളായും, കൗതുകവസ്തുക്കളുടെ വില്പനശാലകളായും രൂപാന്തരപ്പെട്ടിരിക്കുന്നു.

നടുത്തളത്തിൽ നിന്നും കോട്ടസൗധം കാണുമ്പോൾ...
ഗ്രൂയേസ് കോട്ടസൗധത്തിലും വിനോദസഞ്ചാരികൾ ഉണ്ടായിരുന്നുവെങ്കിലും സ്വിറ്റ്സർലാൻഡിന്റെ മറ്റു പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കാണുന്ന മാതിരിയുള്ള തിരക്ക് അനുഭവപ്പെട്ടില്ല. കോട്ടസൗധങ്ങൾ ചരിത്രമാണ്. ലളിതസഞ്ചാരങ്ങൾക്ക് ചരിത്രം വിരസവും. അതുകൊണ്ട് സാവകാശത്തിലും അവധാനതയോടെയും കാണാനും ചിത്രങ്ങൾ പകർത്താനും കഴിഞ്ഞു.

കോട്ടമതിലിന്റെ ഒരു ഭാഗം
"നത്തിംഗ് ഈസ്‌ ഫ്രീ ഇൻ സ്വിറ്റ്സർ ലാൻഡ്" പിന്നീട് സൂറിക്കിൽ വച്ച് ഒരു സ്വദേശി അല്പം അഭിമാനം കലർത്തി ഫലിതാത്മകമായി പറഞ്ഞു. സ്വിറ്റ്സർലാൻഡ് ലോകത്തിലെ ഏറ്റവും ജീവിതനിലവാരം കൂടിയ, അതുകൊണ്ട് തന്നെ ചിലവേറിയതുമായ രാജ്യങ്ങളിലൊന്നായിരിക്കുന്നത് പെട്ടെന്നുതന്നെ അനുഭവിക്കാനാവും. ഗ്രൂയേസ് കോട്ടസൗധം പോലുള്ള, വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിലേയ്ക്കെല്ലാം അത്യാവശ്യം വിലയുള്ള പ്രവേശനടിക്കറ്റുകൾ വേണ്ടതുണ്ട്. വെള്ളത്തിനോ ബീറിനെക്കാളും വിലയും.

കോട്ടസൗധത്തിന്റെ ജനൽത്തട്ടുകളും പുഷ്പസസ്യങ്ങളാൽ മുഖരിതമാണ്
ഈ കോട്ടസൗധത്തിന്റെ പൂർവ്വചരിത്രം അത്രയൊന്നും വ്യക്തമല്ല. ഗ്രൂയേസ് പ്രഭുകുടുംബം പന്ത്രണ്ട് - പതിമൂന്നു നൂറ്റാണ്ടുകളിലായി ഈ പ്രദേശത്ത്‌ അവരുടെ ഭവനനിർമ്മാണം ആരംഭിച്ചിരിക്കണം എന്ന് കരുതപ്പെടുന്നു. എങ്കിലും ഈ കോട്ടസൗധത്തിന്റെ പ്രമുഖമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് 1270-1282 കാലഘട്ടത്തിലാണെന്ന് ഇപ്പോൾ ഏറെക്കൂറെ നിജപ്പെടുത്തിട്ടുണ്ട്.

കോട്ടസൗധത്തിനുള്ളിലെ ഒരു മുറി
പരാമർശയോഗ്യമായ വലിയ സംഭവങ്ങൾ ഈ കോട്ടസൗധത്തെ മുൻനിർത്തി ഉണ്ടായതായി തെളിവുകളില്ല. അനുബന്ധമായി നോക്കിയാൽ, സ്വിറ്റ്സർലാൻഡ് ഒരിക്കലും സജീവമായി ചരിത്രത്തിലേയ്ക്ക് കടന്നുനിന്നിട്ടുള്ള പ്രദേശവുമല്ല. സമാധാന പ്രിയരായ ജനങ്ങൾ ചരിത്രത്തിലേയ്ക്ക് നിശിതമായി പ്രവേശിക്കാതെ തങ്ങളുടെ ലളിതമായ ഗ്രാമീണജീവിതങ്ങളുമായി ഓരംചേർന്ന് നടന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ, മറ്റു യൂറോപ്യൻ രാജ്യങ്ങളെ ബാധിച്ച രൂക്ഷതയോടെ സ്വിറ്റ്സർലാൻഡിൽ ഏശിയിട്ടില്ല, ഈ യുദ്ധങ്ങളുടെ മുഖ്യ പ്രായോഗികരായ ജർമ്മനി, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ് എന്നീ വലിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുമ്പോൾ പോലും. രണ്ടു ലോകമഹായുദ്ധകാലത്തും ചേരിചേരാനയം പിന്തുടർന്ന സ്വിറ്റ്സർലാൻഡ് അക്കാലത്ത്, ഒരുപോലെ, അഭയാർദ്ധികളുടേയും വിപ്ലവകാരികളുടേയും കിനാഭൂമിയായി മാറിയിരുന്നു.

കോട്ടസൗധത്തിന്റെ മറ്റൊരു ഭാഗം
യൂറോപ്യൻ മദ്ധ്യകാല നിർമ്മിതികളുടെ ലളിതമായ ഒരു ഉദാഹരണമായി ഗ്രൂയേസ് കോട്ടസൗധത്തെ കാണാം. ഇതിന്റെ നിർമ്മാണകാലത്തിന് മുൻപും പിൻപും ഇറ്റലിയിലും മറ്റും നഗരകേന്ദ്രിതമായി ഉണ്ടായിവന്ന കൂറ്റൻ വാസ്തുശില്പങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും അക്കാലത്ത് യൂറോപ്പിലെ നാടുവാഴി പ്രഭുകുടുംബങ്ങൾ ഇത്തരത്തിലുള്ള കോട്ടസൗധങ്ങൾ അനേകം ഉണ്ടാക്കിയിട്ടുള്ളതായി കാണാം. പിന്നീട് വടക്കൻ ഇറ്റലിയിലെ പട്ടണമായ മിലാനിൽ നിന്നും ജെനീവയിലേയ്ക്കുള്ള മടക്കയാത്രയിൽ കുന്നുകൾക്ക് മുകളിലായി ഇത്തരത്തിലുള്ള മൂന്നാല് ചെറു കോട്ടസൗധങ്ങൾ ഞങ്ങളുടെ ദൂരക്കാഴ്ചയിൽ പെടുകയുണ്ടായി.

കോട്ടസൗധത്തിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മദ്ധ്യകാലത്തെ പടച്ചട്ടകൾ
ഗ്രൂയേസ് കോട്ടസൗധത്തെ കുറിച്ച്  ചരിത്രവാസ്തവികത എന്ന നിലയ്ക്ക് ആദ്യമായി ലഭ്യമാവുന്ന തെളിവ് ഗ്രൂയേസ് പ്രഭുകുടുംബത്തിൽ നിന്നുള്ള ഇവിടുത്തെ അവസാനത്തെ താമസക്കാരനായ മൈക്കൾ പ്രഭുവിന്റെ ഈ കൊട്ടാരത്തെ പ്രതിയുള്ള ഒരു കരാറാണ്. ജീവിതകാലം മുഴുവൻ സാമ്പത്തിക പരാധീനതകളാൽ വലഞ്ഞ മൈക്കൾ പ്രഭു തന്റെ നാട്ടുരാജ്യവും കോട്ടസൗധവും താൻ കടപ്പെട്ടിരിക്കുന്ന ബേണിലേയും ഫിബ്രോയിലേയും പ്രഭുക്കന്മാർക്ക്‌ അടിയറവച്ച് വീതിച്ചുകൊടുക്കുന്നതാണ് ഈ കരാർ. 1572 - ൽ ബ്രസ്സൽസിൽ വച്ച് ജർമ്മൻ ഭാഷയിൽ സാക്ഷാത്കരിച്ച ഈ കരാർ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീടൊരിക്കലും ഗ്രൂയേസ് പ്രഭുക്കന്മാർക്ക്‌ ഇവിടേയ്ക്ക് മടങ്ങിവരാനായിട്ടില്ല, മൈക്കൾ പ്രഭു കരാറിൽ അങ്ങനയൊക്കെ സ്വപ്നം കാണുന്നുണ്ടെങ്കിലും. നിഗൂഡതകൾ നിറഞ്ഞ മൈക്കൾ പ്രഭുവിന്റെ തിരോധാനത്തോടെ ആ പാരമ്പര്യം അലിഞ്ഞുപോയി. അദ്ദേഹത്തിന്റെ മരണവും സംസ്കരിക്കപ്പെട്ട സ്ഥലവും ഒക്കെ ഇന്നും അജ്ഞാതമായി തുടരുന്നു.

കോട്ടസൗധം തീറെഴുതിക്കൊടുക്കുന്ന കരാറും അക്കാലത്തെ നാണയങ്ങളുടെ പകർപ്പും
1572 - ന് ശേഷം ഏതാണ്ട് രണ്ട് രണ്ടര നൂറ്റാണ്ടു കാലം, കൈവശാവകാശം ലഭിച്ച പ്രഭുക്കന്മാരും അവരുടെ ദൂതന്മാരും കാര്യക്കാരും ഒക്കെയായിരുന്നു ഇവിടുത്തെ താമസക്കാരും സംരക്ഷകരും. അവരെല്ലാവരും തന്നെ ഈ കൊട്ടാരത്തിന്റെ അകംപുറം നിർമ്മാണങ്ങൾക്കായും മോടിപിടിപ്പിക്കലുകൾക്കായും തങ്ങളുടേതായ സംഭാവനകൾ നല്കിയിട്ടുണ്ട്. കോട്ടസൗധത്തിലെ പല മുറികളേയും വർണ്ണാഭമാക്കുന്ന ചുമർച്ചിത്രങ്ങളിൽ പലതും ഇക്കാലത്ത് വരയപ്പെട്ടതത്രേ...

ചിത്രാലങ്കൃതമായ ഒരു മുറി
പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഈ കോട്ടസൗധം സ്വകാര്യ വ്യക്തികൾക്ക് വിറ്റുപോയി. രണ്ട് ധനിക കുടുംബങ്ങളാണ് വാങ്ങിയത്. വേനൽക്കാലത്തെ തങ്ങളുടെ വിനോദങ്ങൾക്കുള്ള വസതിയായി അവരിതിനെ ഉപയോഗിച്ചുവന്നു. പ്രദേശത്തെ ഉന്നതരായ പലരും ഇവിടെ സമ്മേളിച്ചിരുന്നു. അക്കൂട്ടത്തിൽ അനേകം കലാകാരന്മാരും ചിത്രകാരന്മാരും ഒക്കെ ഉൾപ്പെട്ടിരുന്നുവത്രേ. അവരുടെയൊക്കെ കലാസ്പർശവും ഈ കോട്ടസൗധത്തെ പലതരത്തിൽ അലങ്കരിക്കാൻ ഉപയുക്തമായി.

പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്
ഒരുപാട് കൈകളിലൂടെ, ഒരുപാട് നവീകരണ പ്രവർത്തനങ്ങളിലൂടെ ഒക്കെ കടന്നുപോയിട്ടുണ്ടെങ്കിലും, ഗ്രൂയേസ് കോട്ടസൗധത്തിന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കുമ്പോൾ മദ്ധ്യകാലത്തിലേയ്ക്ക് കടന്നുനിൽക്കുന്നതിന്റെ പ്രതീതിയനുഭവം വേദ്യമാവും. യൂറോപ്യൻ മദ്ധ്യകാലത്തെ കുറിച്ചുള്ള ലളിതവൈവിധ്യമാർന്ന വായനകൾ സാധിച്ചിട്ടുണ്ട്. അതുണ്ടാക്കിയെടുത്ത കൊട്ടാരങ്ങളേയും കോട്ടകളേയും പ്രതിയുള്ള ഒരു സങ്കല്പപരിസരം മന:സംജാതമാണ്. അതിലേയ്ക്ക് അനായാസം വിളക്കിച്ചേർക്കാനാവുന്ന അന്തരീക്ഷമാണ് കോട്ടസൗധത്തിനുള്ളിൽ. പൗരാണികമായ കമാനങ്ങളെ വകഞ്ഞ് കയറുകയും ഇറങ്ങുകയും ചെയ്യുന്ന കോവണികളിൽ മങ്ങിയ വെളിച്ചവും നിഴലും നിഗൂഡമായ സങ്കലനത്തിൽ. എവിടെനിന്നോ ഒരു പാദപതന ശബ്ദം ഉയരുന്നുണ്ട്. ഏതോ കാലത്തെ താമസക്കാരനായ പ്രഭു തന്റെ മുൻജന്മ ഓർമ്മകളിൽ ഉലാത്താനിറങ്ങിയതാവും; ഞങ്ങൾക്ക് മുൻപേ കോവണി കയറിപ്പോയ സന്ദർശകന്റേതാവാനും മതി...!

അക്കാലത്തെ തീൻപാത്രങ്ങളുടെ ചെറുശേഖരവും പ്രദർശിപ്പിച്ചിട്ടുണ്ട്
ചരിത്രത്തെ കൃത്യതയോടെ പുനർനിർമ്മിക്കുക സാധ്യമല്ല. മനുഷ്യജീവിതത്തിന്റെ സങ്കീർണത പോലെ കുഴമറിഞ്ഞതാണ് ചരിത്രവും. അമൂർത്തമായ ഒരു ബോധ്യം മാത്രമാണത്. നമ്മുടെ നാട്ടിലെ പള്ളികളിൽ ഒരുപാട് കണ്ടിരിക്കുന്ന സെബസ്ത്യാനോസ് പുണ്ണ്യവാളന്റെ രൂപം കണ്ടപ്പോൾ പക്ഷേ വിചാരം പോയത് നമ്മുടെ നാടുമായി യാതൊരു ബന്ധവുമില്ലാത്ത, മദ്ധ്യകാലത്ത് യൂറോപ്പിനെ ആകമാനം ഗ്രസിച്ച ഒരു വലിയ ദുരന്തത്തിന്റെ ഓർമ്മയിലേയ്ക്കാണ്. ബ്ലാക്ക്ഡെത്ത് എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന, യൂറോപ്പിന്റെ ജനസംഖ്യ പകുതിയാക്കി കുറച്ച പ്ലേഗിന്റെ ഓർമ്മപ്പെടുത്തലാണ് ഈ വിശുദ്ധന്റെ രൂപം. ആ പ്ലേഗിനെ പ്രതിരോധിക്കാൻ അക്കാലത്ത് മരുന്നുകൾ ഉണ്ടായിരുന്നില്ല, സെബസ്ത്യനോസ് പുണ്ണ്യവാളൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ ദുരന്തം ഗ്രൂയേസ് കോട്ടസൗധത്തിലെ അന്തേവാസികളിൽ എത്രപേരെ ഹനിചിട്ടുണ്ടാവും എന്ന് ചരിത്രപരാമർശങ്ങളൊന്നുമില്ല. എന്നാൽ ഇവിടങ്ങളിലൂടെ ആ കറുത്ത മരണം കടന്നുപോയിരുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലായി, ചരിത്രത്തിന്റെ അമൂർത്തമായ വെളിപ്പെടുത്തലായി മദ്ധ്യകാലത്തെ ഈ പുണ്ണ്യവാളരൂപം കാലത്തിന്റെ തിരശ്ശീലകൾ വകഞ്ഞ് ഇന്നും ബാക്കിയാവുന്നു.   

സെബസ്ത്യാനോസ് പുണ്ണ്യവാളൻ
ആധുനിക സ്വിറ്റ്സർലാൻഡിന്റെ ഒരു പ്രാദേശിക ഭരണപ്രദേശമായ ഫിബ്രോ കാന്റൻ (സംസ്ഥാനം) 1938 - ൽ ഈ കോട്ടസൗധം ഏറ്റെടുക്കുകയും പിന്നീട് പൊതുജനങ്ങൾക്ക്‌ തുറന്നുകൊടുക്കുകയും ചെയ്തു. ഇന്ന് ഒരു ഫൌണ്ടേഷനാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. കോട്ടസൗധത്തിന്റെ പൗരാണികതയോടൊപ്പം വളരെ സമകാലികമായ ചിത്രങ്ങളുടേയും ശില്പങ്ങളുടേയും പ്രദർശനവും ഇവിടെ കാണാം.

ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മുറി
കോട്ടസൗധത്തിന്റെ പിന്നിലെ ഒരു നീളൻ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ്, മക്കൾ കൗതുകകരമായ ആ കാഴ്ച കാണിച്ചു തന്നത്. ചെറുവിമാനങ്ങളിൽ നിന്നും പാരച്യൂട്ടിൽ എടുത്തുചാടുന്ന സാഹസികർ. കുറച്ചുനേരത്തേയ്ക്ക് ആകാശം മുഴുവൻ വർണ്ണക്കുടകൾ നിറഞ്ഞു. ആകാശത്തിന്റെ നീല ക്യാൻവാസിൽ, കാറ്റത്തുലഞ്ഞുലഞ്ഞ് പിന്നീട് അവ താഴ്‌വാരത്തിലെ പുൽമേട്ടിൽ സാവധാനം നിപതിച്ചു...

ഈ സ്വിറ്റ്സർലാൻഡ് യാത്രയിൽ ഞങ്ങൾ ആദ്യമായി കാണുകയും അനുഭവിക്കുകയും ചെയ്ത കുറേ കൗതുകങ്ങളുണ്ടായിരുന്നു. അവയിലൊന്നാണ് ഈ പാരച്യൂട്ട് ചാട്ടത്തിന്റെ കാഴ്ച. ഇതുപക്ഷേ ഇവിടുത്തെ പതിവായ വേനൽക്കാല വിനോദമത്രേ. പിന്നീട് പല സ്ഥലങ്ങളിലും ആകാശത്തിലൂടെ തെന്നിനടക്കുന്ന പാരച്യൂട്ട് കിളികളെ കണ്ടു. ഇത്തരം സാഹസികരെ ആകർഷിക്കാൻ, ഇവ സംഘടിപ്പിക്കുന്ന കമ്പനികളുടെ പരസ്യങ്ങളും പലയിടങ്ങളിലും ഉണ്ടായിരുന്നു.

താഴവാരത്തിലെ പാരച്യൂട്ട് സാഹസികർ
പാരച്യൂട്ട് സാഹസികരുടെ വിനോദങ്ങൾ നടക്കുന്നതിന് അല്പംകൂടി അടുത്തായി ഗ്രൂയേസ് ഗ്രാമത്തിന്റെ ഒരു ഭാഗവും അതിനോട് ചേർന്നുള്ള പള്ളിയും കാണാൻ സാധിക്കുന്നുണ്ടായിരുന്നു. പള്ളിയുടെ ഒരു വശത്തായി മരിച്ചവരുടെ ലോകം. വ്യത്യസ്തമായ ഈ രണ്ടു കാഴ്ചകളും ഒരല്പം വിഷാദം പകരുന്ന വിചാരലോകം ഉണ്ടാക്കി. ജീവിതത്തിന്റെ സാഹസികമായ ഉന്മാദങ്ങൽ ഏറ്റെടുത്ത ആ വർണ്ണാഭമായ വിനോദത്തിന് തൊട്ടിപ്പുറം, ജീവിതവ്യർഥതയുടെ ഓർമ്മപ്പെടുത്തൽ പോലെ ആരവങ്ങളൊഴിഞ്ഞ് വിജനമായ ശവപ്പറമ്പും. മുകളിൽ നിന്നും താഴേക്കുള്ള കാഴ്ചകൾ പലപ്പോഴും നിങ്ങളെ ഒരു ഫിലോസഫർ ആക്കും, ആന്തരിക ജീവിതത്തിലും!

കോട്ടസൗധത്തിന്റെ അപ്പുറത്തായി കണ്ട പള്ളിയും ഗ്രാമവീടുകളും
സ്വിറ്റ്സ്സർലാൻഡ് വളരെ സമ്പന്നരാജ്യം എന്നതുപോലെ തന്നെ ഏറ്റവും സന്തോഷമുള്ള ജനങ്ങൾ വസിക്കുന്ന സ്ഥലം കൂടിയാണ് എന്ന് ഈയടുത്ത് എവിടെയോ വായിക്കുകയുണ്ടായി. അത് ശരിയുമായിരിക്കാം എന്ന് തോന്നിക്കുന്ന തരത്തിലുള്ള ജീവിതരീതികളാണ് പൊതുവേ കാണാനും അനുഭവിക്കാനും ആയത്.

മടങ്ങാനായി കാറിട്ടിരിക്കുന്നിടത്തേയ്ക്ക് നടക്കുമ്പോൾ, വഴിവക്കിലിരുന്ന് ഒരു ബാലൻ വേണുവൂതുന്നുണ്ടായിരുന്നു. കാശിട്ടുകൊടുക്കാനായി ഒരു പാത്രവും മുന്നിൽ വച്ചിട്ടുണ്ട്. നല്ല വൃത്തിയായി വസ്ത്രമൊക്കെ ധരിച്ച് സുമുഖനായ ഒരു ബാലൻ. ലണ്ടനിലെ തെരുവോരങ്ങളിലും ഭൂഗർഭനടപ്പാതകളിലും ഇതുപോലെ പാട്ടുപാടിയും ചിത്രം വരച്ചുമൊക്കെ കാശുപിരിക്കുന്ന മുതിർന്നവരെ കണ്ടിട്ടുണ്ട്. ഒരു ബാലനെ ആദ്യമായി കാണുകയാണ്.

എത്രയൊക്കെ മാറി വിചാരിക്കാൻ നോക്കിയിട്ടും, കുറച്ച് വൃത്തിവർണ്ണാഭമാണ് രീതികൾ എന്നതൊഴിച്ചാൽ, നമ്മുടെ തീവണ്ടികളിൽ പാട്ടുപാടി ഭിക്ഷയാചിക്കുന്ന കുട്ടികളുടെ ദയനീയ രൂപം തന്നെയാണ് ആ ബാലനെ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്.

വഴിവക്കിലിരുന്ന് വേണുവൂതുന്ന ബാലൻ
ആദ്യം സൂചിപ്പിച്ചതു പോലെ പഴയൊരു ആഗ്രഹത്തിന്റെ വഴിയിലൂടെയാണ് സ്വിറ്റ്സർലാൻഡിൽ എത്തിയതെങ്കിലും യാത്രയുടെ തീമാറ്റിക്കായ പശ്ചാത്തലം ആൽപ്സ് ആയിരിക്കണം എന്ന് കരുതിയിരുന്നു. ആൽപ്സിന്റെ പരിസരങ്ങളിൽ നിന്നും അധികം അകലേയ്ക്ക് പോകാതെ, പറ്റുന്നിടങ്ങളിലെല്ലാം ആ മഞ്ഞുമലകളെ തൊട്ടും, ഗിരിശൃംഗങ്ങളിലേയ്ക്ക് കയറിയും, മലമടക്കുകളിലെ തുരങ്കങ്ങളും ചുരങ്ങളും വകഞ്ഞ് ആ ഹിമശുഭ്രതയുടെ കുറുകേ സഞ്ചരിച്ചും..., അങ്ങനെയൊരു യാത്രയാവണം ഇത് എന്ന് ആഗ്രഹം.

- തുടരും - 

2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഓർമ്മകളുടെ മലമുകൾ ദേശം...

പൊന്മുടിക്ക് പകരം വയ്ക്കാവുന്ന വാക്ക് എന്നെ സംബന്ധിച്ച് ഓർമ്മകൾ എന്നാണ്.

നവയൗവ്വന കാലം മുതൽ, പ്രായത്തിന്റെ കാല്പനിക മനവുമായി ഒരുപാട് തവണ പൊന്മുടിമല കയറിപ്പോയിട്ടുണ്ട്. കോടപുതഞ്ഞ പുൽമേടുകളിൽ സൗഹൃദത്തിന്റെ ഉന്മാദങ്ങളെ കെട്ടഴിച്ച് വാരിവിതറിയിട്ടുണ്ട്. പ്രണയാതുരമായ മാനസങ്ങളുടെ മൂവന്തിയിയിൽ കവിതയും കള്ളും കാറ്റും കൂടി പ്രകൃതിയെ ലാസ്യവതിയായ നർത്തകിയാക്കുന്നത് കണ്ടിരുന്നിട്ടുണ്ട്...

പൊന്മുടി എന്റെ ഉള്ളിൽ ഘനീഭവിച്ചുപോയ ഒരു കാലമാണ്.

ഇപ്പോൾ ഞാൻ നിൽക്കുന്ന ഈ പൊന്മുടി ആ കാലത്തെ പുനരാനയിക്കാൻ പര്യാപ്തമല്ല. ഇന്നീ മലമുകൾ ദേശം അത്രയേറെ മാറിപ്പോയതു കൊണ്ട് മാത്രമാവില്ല അത്, ആ കാലത്തിന്റെ കോടമഞ്ഞലകളിൽ തരളകുതുകിയായി നിന്ന ഞാൻ ഇന്ന് ഇല്ല എന്നതുമാവാം.

പൊന്മുടി മലനിരകൾ
ഭാര്യാ സഹോദരിയും കുടുംബവും വിരുന്നെത്തിയപ്പോൾ ആണ് എത്രയോ വർഷങ്ങൾക്ക് ശേഷം വീണ്ടും പൊന്മുടിയിലേയ്ക്ക് ഈ യാത്ര നടത്തുന്നത്...

കഴിഞ്ഞ യാത്ര, കുട്ടികൾ തീരെ കുഞ്ഞായിരിക്കുമ്പോൾ, ഒരു കൂട്ടുകാരനും കുടുംബത്തിനും ഒപ്പമായിരുന്നു. കുട്ടികൾ ഇപ്പോൾ അവരവരുടെ വഴിക്ക് പോവാൻ തുടങ്ങിയിരിക്കുന്നു. വളരെ അടുത്ത സൗഹൃദമായിരുന്ന കൂട്ടുകാരനും കുടുംബവും ലോകത്തിന്റെ മറ്റേതോ കോണിലേയ്ക്കു കുടിയേറി, എനിക്ക് തികച്ചും അന്യമായ മറ്റേതോ ജീവിതവ്യവഹാര മേഖലകളിൽ. ദൂരം സൗഹൃദങ്ങളുടെ കടലാഴങ്ങളിൽ പായലുകൾ വളർത്തുന്നു...!

വർഷത്തിന്റെ തിരശ്ശീലകൾ എത്ര പെട്ടന്നാണ് ഒന്നൊന്നായി പ്രജ്ഞയ്ക്ക് മുന്നിൽ വന്നുവീണ് ഒരിക്കൽ വേണ്ടപ്പെട്ടതായിരുന്ന പലതിനേയും അവ്യക്തമായ ഓർമ്മകളാക്കി മാറ്റുന്നത്....

നിരീക്ഷണഗോപുരത്തിലേയ്ക്കുള്ള വഴി
മഴക്കലമായിരുന്നുവെങ്കിലും മഴയുണ്ടായിരുന്നില്ല. നെടുമങ്ങാട്, വിതുര വഴി പൊന്മുടിയുടെ താഴ്‌വാര ഗ്രാമമായ കല്ലാർ ലക്ഷ്യമാക്കി, വെയിൽ വീണ വഴിയിലൂടെ വണ്ടിയോടി...

മനോരമ ബുക്സ് പ്രസിദ്ധീകരിച്ച '40 ഇക്കോടൂറിസം യാത്രകൾ' എന്ന പുസ്തകത്തിൽ പൊന്മുടിയുടെ സ്ഥലനാമപുരാണം ഇങ്ങനെ കാണുന്നു: "മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന സ്ഥലങ്ങളാണ് പൊന്മുടി മലകൾ എന്നാണു ഇവിടത്തെ ആദിവാസി വിഭാഗമായ കാണിക്കാർ വിശ്വസിക്കുന്നത്. അതിനാലാണത്രേ ഇത് പൊന്മുടി എന്ന് വിളിക്കപ്പെടുന്നത്. എന്നാൽ പുരാതനകാലത്ത് ഇവിടെ നിലനിന്നിരുന്ന ബുദ്ധമതക്കാരും ജൈനമതക്കാരും തങ്ങളുടെ ദൈവങ്ങളെ പൊന്നെയിർ ദേവൻ, പൊന്നെയിർ കോൻ എന്ന് വിളിച്ചിരുന്നതിനാലാണ് പൊന്മുടി എന്ന പേരു വന്നത് എന്നും അഭിപ്രായമുണ്ട്. വേനലിൽ പൊൻനിറത്തിൽ കാണുന്നതാണ് പേരിനു നിദാനമെന്നും കരുതപ്പെടുന്നു."

വിശാലമായ പുൽമേടുകളും അവയ്ക്കിടയിലെ വൃക്ഷനിബിഡതയുടെ തുരത്തുകളുമായി പൊന്മുടിയിലെ ഷോലവനപ്രകൃതി
കല്ലാർ കഴിഞ്ഞാൽ കുറച്ചുദൂരം മഴക്കാടുകളുടെ ഹരിതനിബിഡതയിലൂടെയാണ് ഹെയർപിൻ വളവുകളെടുത്ത് വണ്ടി പോവുക. കുറച്ചുകൂടി  ചെല്ലുമ്പോൾ, പണ്ടുണ്ടായിരുന്ന പോലെ തേയിലതോട്ടങ്ങളുടെ പച്ചപുതച്ച മലംചെരിവുകൾ പ്രതീക്ഷിച്ചു. പൊന്മുടി മേഖലയിലെ തേയിലത്തോട്ടങ്ങൾ നേരിടുന്ന തൊഴിൽപ്രശ്നങ്ങളെ കുറിച്ചൊക്കെ ഇടയ്ക്ക് വാർത്തകൾ വായിക്കാറുണ്ടായിരുന്നുവെങ്കിലും അവയൊക്കെ ഇത്തരത്തിൽ തികച്ചും അനാഥമായിക്കഴിഞ്ഞു എന്ന് കരുതിയിരുന്നില്ല. ഒരേ അളവിൽ വെട്ടിനിർത്തി ആരോഗ്യകരമായി കാണപ്പെട്ടിരുന്ന തേയിലത്തോട്ടങ്ങൾ എല്ലാം ഇന്ന് കാടുപോലെ വളർന്നും കളകയറിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നു.

നിരീക്ഷണഗോപുരം
മുൻപ് കല്ലാറിൽ നിന്നും മല കയറുമ്പോൾ ഒരു ഹരം തോന്നിയിരുന്നു. ഒരു വശത്ത്‌ ചെങ്കുത്തായ കൊല്ലിയും മറുവശത്ത്‌ ഉയർന്നുപോകുന്ന മലയും അതിനിടയിലൂടെ സർപ്പരൂപത്തിൽ തെളിയുന്ന ചെറിയ റോഡും. അതിലൂടെ ബൈക്കോടിച്ചു കയറുമ്പോൾ, ഇടയ്ക്കിടയ്ക്ക് സ്വർഗ്ഗസ്പർശവുമായി കോടമഞ്ഞ്‌ ഇറങ്ങിവന്ന് കാഴ്ച അവ്യക്തമാകുമ്പോൾ ഭയം കലർന്ന ഒരുതരം ആവേശം അനുഭവിച്ചിരുന്നു. ഇപ്പോൾ അതൊന്നുമില്ല. പ്രായം പല ഉന്മാദങ്ങളുടെയും മുനയൊടിക്കുന്നു. കേരളത്തിലേയും അയൽ സംസ്ഥാനങ്ങളിലേയും വലിയ പല ചുരങ്ങളും ഇതിനിടയ്ക്ക് പലപ്പോഴും കയറിയിറങ്ങാൻ അവസരം കിട്ടിയതിനാൽ വന്നുഭവിച്ച തഴക്കവുമാവാം.

മറ്റൊരു കാഴ്ച
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിലാണ് പൊന്മുടിയുടെ ശിലാഗ്രം (5200 അടി ഉയരത്തിലാണ് മൂന്നാർ). പശ്ചിമഘട്ട മലനിരകളുടെ ഏറ്റവും തെക്കുള്ള അഗസ്ത്യകൂടത്തിന്റെ ഒപ്പം ഉൾപ്പെടുത്തി വ്യവഹരിക്കാവുന്ന ഷോലക്കാടുകൾ നിറഞ്ഞ പ്രദേശമാണ് പൊന്മുടി എന്ന് പറയാം. കേരളത്തിലെ പേപ്പാറ, നെയ്യാർ എന്നിവിടങ്ങളിലേയും തമിഴ്നാട്ടിലെ മുണ്ടൻതുറയിലേയും വന്യമൃഗസംരക്ഷണ പ്രദേശങ്ങൾ പക്ഷേ ഇതിനും തെക്കായുള്ള പശ്ചിമഘട്ട മലനിരകളുടെ വനഭാഗങ്ങളിലാണ്.

അപ്പർ സാനട്ടോറിയത്തിലെ പാർക്കിംഗ് പ്രദേശം
മലകയറി ചെന്നാൽ  ആദ്യമെത്തുക സർക്കാർ വക ഗെസ്റ്റ്ഹൗസും ഭക്ഷണശാലയും കെ. റ്റി. ഡി. സിയുടെ താമസസ്ഥലവുമൊക്കെയുള്ള ഭാഗത്താണ്. ഇവിടെ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ കൂടി മുകളിലേയ്ക്ക് കയറണം പൊന്മുടിയുടെ ശിലാഗ്രമായ അപ്പർ സാനട്ടോറിയം എന്ന് അറിയപ്പെടുന്ന പ്രദേശത്തേയ്ക്ക്.

താഴെയുള്ള ഭക്ഷണശാലയിൽ ഉച്ചഭക്ഷണത്തിനുള്ള ഏർപ്പാടുകൾ ചെയ്ത്, അംഗശുദ്ധി വരുത്തി യത്രാക്ഷീണമൊക്കെ ഒട്ടൊന്നു മാറ്റിയതിനു ശേഷമാണ് ഞങ്ങൾ അപ്പർ സാനട്ടോറിയത്തിലേയ്ക്ക് പോയത്...

വയർലെസ്സ് സ്റ്റേഷൻ ശിലാഗ്രത്ത്‌ ചെറുതായി കാണാം
മുകളിലേയ്ക്ക് പോകാൻ ഇപ്പോൾ ടിക്കറ്റെടുക്കണം. മുൻപ് അതൊന്നും ഉണ്ടായിരുന്നില്ല. കുറേ നിർമ്മാണ പ്രവർത്തനങ്ങളുമൊക്കെ അവിടെ നടന്നിരിക്കുന്നു. ഒരു നിരീക്ഷണഗോപുരവും ഇരിക്കാനുള്ള സജ്ജീകരണവുമൊക്കെ പുതിയ നിർമ്മിതികളാണ്. എന്നാൽ ആ വയർലെസ്സ് സ്റ്റേഷൻ നേരത്തേ ഉള്ളതു തന്നെ.

മുകളിൽ നല്ല കാറ്റ്. ഞാൻ ഉടുത്തിരുന്ന മുണ്ട് പറന്നുപോവാതിരിക്കാൻ നന്നായി ശ്രമപ്പെടേണ്ടി വന്നു. എന്നാൽ മലമടക്കുകളുടെ നിഗൂഡമായ കാനനഗർഭങ്ങളിൽ നിന്നും വഴുതിയിറങ്ങി വന്ന് പൊതിയാറുണ്ടായിരുന്ന കോടമഞ്ഞിന്റെ അഭാവം പൊന്മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തി.

ചില പുതിയ നിർമ്മിതികൾ
പൊന്മുടിയുടെ എല്ലാ ഭാവങ്ങളും അനുഭവിച്ചിട്ടുണ്ട്...

ഒരിക്കൽ അപ്പർ സാനട്ടോറിയത്തിൽ നിൽക്കുമ്പോൾ ആർത്തലച്ച് പെരുമഴ വന്നു. മഴ നനഞ്ഞുകൊണ്ട് ഗെസ്റ്റ്ഹൗസ് പ്രദേശത്തേയ്ക്ക് സാവധാനം മലയിറങ്ങി. മഴയുടെ അർദ്ധസുതാര്യ തിരശ്ശീലയ്ക്കപ്പുറം, മാൻപാർക്കിലെ പുള്ളിമാനുകൾ തുള്ളിക്കളിച്ച്‌ മലയുടെ ചരിവിലൂടെ ഓടിമറയുന്നത് കാണാമായിരുന്നു...

മഴ മാറി വെയിൽ പരക്കുമ്പോൾ, സൂര്യരശ്മികൾ പുൽമേടുകളിൽ സ്വർണ്ണം വിതറും. ആ ദൃശ്യത്തിൽ പുളകിതരായെന്നപോലെ ഷോലമരങ്ങൾ കാറ്റത്തിളകുന്നുണ്ടാവും...

മറ്റൊരിക്കൽ ഗെസ്റ്റ് ഹൗസിലെ മുറിയുടെ ബാൽക്കണിയിലിരിക്കുകയായിരുന്നു. രാത്രിയുടെ കാളിമയിൽ സഹ്യഗിരിയുടെ സീമകൾ അവ്യക്തമായി കാണാം. ഇടയ്ക്കിടയ്ക്ക് കോട എല്ലാ കാഴ്ചകളെയും മറച്ചുകൊണ്ട്‌ കുളിരിന്റെ മൂടുപടമായി കടന്നുവരും. അങ്ങനെ കുറേനേരം നോക്കിയിരിക്കേ കോട പതുക്കെ തെന്നിമാറുകയും ആകാശത്ത്‌ ചന്ദ്രമുഖം തെളിഞ്ഞുവരുകയും ചെയ്തു. ആകാശത്തിനും മലനിരകൾക്കും അവയിലെ കാനനനിബിഡതയ്ക്കും അഭൗമമായ ഒരു നീലനിറം പകർന്നുവന്നു. ജീവിതവ്യഗ്രതകൾ മനസ്സിൽ നിറച്ചിരുന്ന കാലുഷ്യസാന്ദ്രത ആ ദൃശ്യത്തിന്റെ അപൂർവ്വതയിൽ നിമിഷാർദ്ധം കൊണ്ട് അലിഞ്ഞുപോയി. സ്വർഗ്ഗം അവിടെ എവിടെയോ സത്യമാണെന്ന് തോന്നി...!

യാത്രാസംഘത്തിലെ ചെറുപ്പക്കാർ പുൽമേടുകളിലൂടെ...
പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യങ്ങൾ വളരെ സജീവമായി പൊന്മുടിയും അതിനോട് ചേർന്നുള്ള മറ്റ് മല/വന പ്രദേശങ്ങളും ഉൾക്കൊള്ളുന്നുണ്ട്. അനേകം പക്ഷി വർഗ്ഗങ്ങളും ചിത്രശലഭങ്ങളും ഉരഗങ്ങളും ഈ പ്രദേശത്തെ ജീവഭരിതമാക്കുന്നു. അതിൽ ചിലതെങ്കിലും വംശനാശ ഭീഷണി നേരിടുന്നവയുമാണ്. പച്ചിലപാറനും (Malabar Flying Frog) ട്രാവൻകൂർ ആമയുമൊക്കെ ഇത്തരത്തിലുള്ള ചിലതത്രേ.

പൊന്മുടിമലയുടെ അല്പം തെക്കുമാറിയുള്ള വരയാടുമൊട്ട മലയുടെ ചരിവുകൾ, പേര് സൂചിപ്പിക്കുന്നതു പോലെ, വരയാടുകളുടെ വിഹാരപ്രദേശമത്രേ. പശ്ചിമഘട്ടത്തിന്റെ ഏതാനും ചില പോക്കറ്റുകളിൽ മാത്രമേ ഇപ്പോൾ വരയാടുകളുള്ളൂ. അതിൽ നമുക്ക് വളരെ സാധാരണമായി അറിയാവുന്നത് ഇരവികുളം ദേശീയോദ്യാനമാണ്. സ്ഥിരമായി സന്ദർശകർ എത്തുന്നതുകൊണ്ട് അവിടുത്തെ വരയാടുകൾ മനുഷ്യരുമായി വളരെ ഇണക്കം കാണിക്കുന്നവയാണ് എന്ന് പറയപ്പെടുന്നു. എന്നാൽ ആ പരിസരത്തു നിന്നും ഏറെമാറി വിഘടിതമായി കിടക്കുന്ന വരയാടുമൊട്ട കാനനപ്രദേശത്തെ വരയാടുകൾ നേരെമറിച്ച് സ്വാഭാവികമായ വന്യത ഉൾക്കൊള്ളുന്നവയാണെന്ന് അവയുടെ ഏറെ ചിത്രങ്ങൾ പകർത്തുകയും സ്വഭാവവിശേഷങ്ങൾ പഠിക്കുകയും ചെയ്ത സാലി പലോടിനെപ്പോലുള്ളവർ രേഖപ്പെടുത്തുന്നു.
   
നിർമ്മാണസമയത്ത് ഒരുപാട് വിവാദങ്ങളിൽപ്പെട്ട ഐ. എസ്. ആർ. ഒ - യുടെ കെട്ടിടം ഒരു ഭാഗത്ത് കാണാം
ഞങ്ങൾ നിരീക്ഷണഗോപുരം വരെ നടന്നു. അതിലേയ്ക്ക് കയറിനിന്ന് ചുറ്റും വീക്ഷിച്ചു. കാറ്റ് വന്യതയോടെ വീശിയടിച്ചുകൊണ്ടിരുന്നു...

പിന്നെ സംഘത്തിലെ മറ്റുള്ളവർ പുൽമേടുകളിലൂടെയും പാറപ്പരപ്പുകളിലൂടെയും അകലേയ്ക്ക് നടന്നു. ഭാര്യയും ഞാനും  പതിറ്റാണ്ടുകൾക്ക് മുൻപ് ഇരുന്ന ഒരു ചെറിയ പാറയിൽ ഞങ്ങളുടെ തന്നെ ലോകങ്ങളിൽ, ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് വെറുതേയിരുന്നു...

രണ്ടു കാറുകളിലായി എത്തിയ കുറേ കോളേജ് വിദ്യാർത്ഥികൾ, അതിൽ ഒരു കാറിന് ചുറ്റുമായി കൂടിനിൽപ്പുണ്ട്. താക്കോൽ അകത്തുവച്ച് കാറ് പൂട്ടിപ്പോയി എന്നുതോന്നുന്നു. ജനൽവിടവിലൂടെ കമ്പിയോ മറ്റോ ഇട്ട് വാതിൽ തുറക്കാനുള്ള ശ്രമത്തിലാണ്...

ഈയടുത്ത് കല്യാണം കഴിഞ്ഞതാവണം ഒരു യുവതിയും യുവാവും. യുവതിയുടെ അച്ഛനും അമ്മയും ആണെന്ന് തോന്നുന്നു കൂടെയുള്ളത്. യുവതി അച്ഛനും അമ്മയ്ക്കുമൊപ്പം ആഹ്ലാദത്തോടെ വിനോദയാത്ര ആസ്വദിക്കുമ്പോൾ യുവാവ് അതിലൊന്നും അശേഷം ശ്രദ്ധിക്കാതെ തന്റെ എസ്. യു. വി - യുടെ ഭംഗി ആസ്വദിച്ചും അതിനെ തൊട്ടുതലോടിയും ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേയ്ക്ക്‌ മാറ്റി പാർക്കുചെയ്തും ഒക്കെ അവരിൽ നിന്നും അകന്നുനിൽക്കുന്നു. "ചേട്ടാ ഇവിടെ വന്നേ, ഇതു നോക്കിയേ..." എന്ന് ഭാര്യ വിളിക്കുമ്പോഴോ മറ്റോ അവരുടെ അടുത്തേയ്ക്ക് പോയി ഒരല്പനേരം കൂടെക്കൂടുന്നുമുണ്ട്...

ഒരു ആരവം. കുട്ടികൾ കാറ് തുറന്നിരിക്കുന്നു. പിന്നെ പത്തുപതിനഞ്ച് പേരടങ്ങുന്ന യുവസംഘം രണ്ടു ചെറുകാറുകളിലുമായി ചാടിക്കയറുകയും ശരവേഗത്തിൽ മലയിറങ്ങിപ്പോവുകയും ചെയ്തു...

പാറപ്പുറത്ത് ഒരല്പ വിശ്രമം...
ഇത്തരം ലളിതയാത്രകൾ ആഹ്ലാദജന്യമാണ്. കുടുംബവും ബന്ധുക്കളുമായി വല്ലപ്പോഴും സാധ്യമാവുന്ന ഇതുപോലുള്ള യാത്രകൾ പിന്നീട് ഒരുപാടുകാലം ദൈനംദിനങ്ങളുടെ വിരസതയിൽ, കഴിഞ്ഞുകൂടാനുള്ള ഊർജ്ജം നൽകും.

എന്നാൽ കാടെന്നാൽ പ്രകൃതിയുടെ പ്രാഥമികമായ ഘടകമാണല്ലോ, കാടിലെ യാത്രകൾ പ്രകൃതിയെ അറിയാനുള്ളതും. ഇത്തരം ലളിതയാത്രകൾ കാടിന്റെ ദൂരെനിന്നുള്ള പാർശ്വക്കാഴ്ച മാത്രമേ നൽകുകയുള്ളൂ. ഒരു പൂവോ പൂമ്പാറ്റയോ പോലും ഞങ്ങളുടെ വഴിക്ക് വന്നില്ലല്ലോ... 

ഈ പൊൻ‌മുടിയിലേയ്ക്ക് തന്നെ മറ്റൊരുതരം യാത്രയുണ്ടത്രേ. ബ്രൈമൂറിൽ നിന്നും ഇങ്ങോട്ട് കാനനപാതയിലൂടെ മല നടന്നുകയറാം. അങ്ങനെ കാടിനെ ആഴത്തിൽ അറിയാം. പൂവിനേയും പൂമ്പാറ്റകളേയും കാണാം, പച്ചിലപാറനേയും വരയാടുകളേയും കാണാം... അത്തരം നീണ്ട കാനന ട്രെക്കിംഗ് ഒന്നും ഇതുവരെ നടത്താനായിട്ടില്ല. സമയവും സൗകര്യവും ഒത്തുവന്നിട്ടില്ല എന്നതു മാത്രമാവില്ല അതിനുള്ള കാരണം - ഒരു വിനോദസഞ്ചാരിയുടെ മനവും മാനവും മാത്രമായിരിക്കാം എന്റെ യാത്രാനക്ഷത്രം.

മറ്റൊരു കാഴ്ച
ആവശ്യത്തിന് സമയം അപ്പർ സാനട്ടോറിയത്തിൽ ചെലവഴിച്ചതിനു ശേഷം, അല്പം വൈകിയുള്ള ഉച്ചഭക്ഷണത്തിനായി ഗസ്റ്റ്ഹൗസിന്റെ ഭോജനശാലയിലെത്തി...

പൊന്മുടി മലയിറങ്ങുമ്പോഴും കോടമഞ്ഞ്‌ വന്നില്ല. ആകാശത്തിന്റെ ചെരുവിൽ മഴക്കാറുണ്ടായിരുന്നുവെങ്കിലും വെയിലിന്റെ വീചികളാവും കോടമഞ്ഞിനെ അകറ്റിനിർത്തി.

ഷോലവനപ്രകൃതി വന്യമായി വളർന്നുകയറിയ തേയിലമരങ്ങളിലേയ്ക്കും പിന്നീട് ട്രോപ്പിക്കൽ മഴക്കാടുകളിലേയ്ക്കും വേഷപ്പകർച്ച നടത്തുന്നതും കണ്ടുകൊണ്ട്‌, ആ പച്ചയുടെ ഓരംപറ്റി ഞങ്ങൾ സമതലത്തിലേയ്ക്ക് പതുക്കെ മലയിറങ്ങി...

- അവസാനിച്ചു - 

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ബുദ്ധസ്പർശം

ആ വഴിയൊരു യാത്ര കരുതിയിരുന്നതല്ല.

എം. സി. റോഡുവഴി ചങ്ങനാശ്ശേരിയിൽ എത്തി അവിടെ നിന്നും ആലപ്പുഴ പിടിച്ച് കൊച്ചിക്ക്‌ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വഴിക്കുവച്ചാണ് കോട്ടയം ജില്ലയിൽ ഹർത്താലാണല്ലോ എന്ന് ഓർത്തത്. അതിനാൽ ചങ്ങനാശ്ശേരി ഒഴിവാക്കി തിരുവല്ലയിൽ നിന്നു തന്നെ തിരിഞ്ഞ് അമ്പലപ്പുഴ ചെന്ന് ദേശീയപാതയിൽ കയറാം എന്ന് കരുതി. ഇതുപോലൊരു നിർഭാഗ്യകരമായ തീരുമാനം ഈയടുത്തൊന്നും എടുത്തിട്ടില്ല്ല. തിരുവല്ല - അമ്പലപ്പുഴ റോഡ്‌ സംസ്ഥാന ഹൈവേ എന്നാണ് പറയപ്പെടുന്നത്. എങ്കിലും പകുതിയിലധികം ഭാഗത്തും റോഡു തന്നെയില്ല. പണ്ടെന്നോ പാകിയ പാറയിലൂടെയും മെറ്റലുകളിലൂടെയുമായിരുന്നു യാത്ര. വിഷയം റോഡല്ലാത്തതിനാൽ ധാർമ്മികരോഷത്തിന്റെ ഭാഗത്തേയ്ക്ക് കടക്കുന്നില്ല.

നട്ടുച്ച നേരം. കത്തുന്ന സൂര്യൻ, നല്ല  പുഴുക്കലും. എത്രയും പെട്ടെന്ന് കൊച്ചിയിലെത്തേണ്ട ആവശ്യവുമുണ്ട്. എങ്കിലും ഒരുപാട് കാലമായി വഴുതിമാറിപ്പോകുന്ന കരുമാടിക്കുട്ടനെ ഒന്ന് കണ്ടുപോകാം എന്നുതന്നെ തീരുമാനിച്ചു. ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ അമ്പലപ്പുഴയിൽ നിന്നും തിരിഞ്ഞാൽ ഒരു കിലോമീറ്റർ  മാത്രമേയുള്ളൂ ചരിത്രപരമായി സവിശേഷതകളുള്ള കരുമാടി എന്ന സ്ഥലത്തേയ്ക്ക്. ആ വഴിക്കുള്ള അനസ്യൂത യാത്രകളിലൊന്നും, എങ്കിലും, ദേശീയപാത വിട്ട് അകത്തേയ്ക്ക് കയറാൻ സാധിച്ചിട്ടില്ല്ല. എന്തായാലും, കരുമാടിയിലൂടെ കടന്നുപോകുന്ന ഇത്തവണ, അവിടെ ഇറങ്ങാതിരുന്നാൽ ഒരു ചരിത്രകുതുകി ആ വിഷയത്തോട് കാണിക്കുന്ന അനാസ്ഥ കൂടിയാവും എന്ന് തോന്നി.   

കരുമാടിക്കുട്ടന്റെ വാസസ്ഥലം
ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ എപ്പോഴോ കറുത്ത കരിങ്കല്ലിൽ കൊത്തിയെടുത്ത, ഇന്ന് പകുതി മാത്രം അവശേഷിക്കുന്ന, ഒരു ബുദ്ധപ്രതിമയുടെ പ്രാദേശികമായ പേരാണ് കരുമാടിക്കുട്ടൻ എന്നത്. കരുമാടി എന്ന ഗ്രാമത്തിൽ ആയതിനാലാണ് ശില്പത്തിന് ഈ പേരു വന്നത് എന്ന് കരുതപെടുന്നു. പക്ഷെ കരുമാടി എന്ന ഈ ഗ്രാമത്തിനു എങ്ങനെയായിരിക്കും അതിന്റെ പേര് ലഭിച്ചിരിക്കുക. ഈ ബുദ്ധപ്രതിമയുടെ പിൽക്കാലത്തെ അനാഥമായ ചരിത്രസഞ്ചാരത്തിന്റെ ഏതോ ഘട്ടത്തിൽ ഈ കറുത്ത ശില്പത്തിന്റെ ഗുണവിശേഷത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതുമാവാം ഈ ഗ്രാമനാമം. കരുമാടി എന്ന് ഒരു ദേശത്തിന് പേരുണ്ടാവുന്നതിനേക്കാൾ എളുപ്പം, ഒരു കറുത്ത ശില്പത്തിന് കരുമാടിക്കുട്ടൻ എന്ന് പേര് ഉരുത്തിരിയിക എന്നതാവുമല്ലോ.

ബുദ്ധമതാസ്തമയത്തിനു ശേഷം അവരുടെ പല ആരാധനാലയങ്ങളും ഹിന്ദുമതത്തിലേയ്ക്ക് അവാഹിക്കപ്പെട്ടു എന്നത് വസ്തുതയാണല്ല്ലോ. കുട്ടനാടൻ ചതുപ്പുപ്രദേശത്തിന്റെ വിഘടിതമായ ദേശസ്വത്വത്തിൽ, ആ സംക്രമണകാലത്ത്, ഈ പ്രതിമ കരുമാടികുട്ടൻ എന്ന തികച്ചും ദ്രാവിഡമായ പേരിൽ വിശേഷിപ്പിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിരിക്കാം (ഇന്നും ഇവിടെ ആരാധന നടക്കുന്നതിന്റെ ലക്ഷണങ്ങൾ കാണാൻ സാധിക്കും). അങ്ങനെ കരുമാടികുട്ടൻ ഇരിക്കുന്ന സ്ഥലം കാലാന്തരത്തിൽ കരുമാടി ആയതാവാനും മതി.

ഞങ്ങൾ ചെല്ലുമ്പോൾ കരുമാടിക്കുട്ടൻ ഏകനായിരുന്നു. ചുറ്റും, ഉപേക്ഷിക്കപ്പെട്ട പാടങ്ങളും ചതുപ്പും നിറഞ്ഞ പ്രദേശത്തിന്റെ നടുവിലായി പുതിയതായി നിർമ്മിച്ച ഒരു ചെറിയ സ്തൂൂപത്തിനുള്ളിൽ അവൻ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

കരുമാടിക്കുട്ടന്റെ ചുറ്റുമുള്ള ഭൂപ്രകൃതി
പ്രതിമയുടെ സംരക്ഷണത്തിനായി നിർമ്മിക്കപ്പെട്ട സ്തൂപം ഔചിത്യമുള്ളതാണ്. കേരളത്തിൽ പൊതുവേ പരിചിതമല്ലെങ്കിലും ബുദ്ധമത പ്രാധാന്യമുള്ള മറ്റുപല പ്രദേശങ്ങളിലുമുള്ള സ്തൂപങ്ങളോട് ഇത് കാഴ്ചയിൽ സാമ്യം പുലർത്തുന്നു, പ്രത്യേകിച്ച് ശ്രീലങ്കയിൽ കാണാനാവുന്ന നൂറുകണക്കിന് ബുദ്ധസ്തൂപങ്ങളോട്. എന്നാൽ അന്ത:സത്തയിൽ വ്യത്യാസമുണ്ട്. കാണാനാവുന്ന തരത്തിലുള്ള ബുദ്ധരൂപമോ അതുപോലുള്ള എന്തെങ്കിലും ആരാധനാ രൂപങ്ങളെയോ സംരക്ഷിക്കാനുള്ള ഒന്നായിട്ടല്ല അവിടെ സ്തൂപങ്ങൾ ഉയരുക. മറ്റൊരുതരം സാങ്കേതികതയാണ്‌ അതിനു പിന്നിലുള്ളത്. ആദ്യകാലങ്ങളിൽ ബുദ്ധനുമായി നേരിട്ട് ബന്ധമുള്ള എന്തെങ്കിലും തിരുശേഷിപ്പുകൾ ഉള്ളിൽ വച്ച് പൂർണ്ണമായും കെട്ടിയടയ്ക്കുന്ന തരത്തിലാണ് ഇത്തരം സ്തൂപങ്ങൾ നിർമ്മിച്ചിരുന്നത്. മൂന്നാം നൂറ്റാണ്ടിനോട് അടുപ്പിച്ച് നിർമ്മിക്കപ്പെട്ട, അനുരാധാപുരത്തെ ജേതാവന സ്തൂപത്തിനുള്ളിൽ ബുദ്ധന്റെ അരപ്പട്ടയാണ് അന്തർലീനമാക്കപ്പെട്ടിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് പിരമിഡ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും ഉയരമുണ്ടായിരുന്ന വാസ്തുനിർമ്മിതിയായിരുന്നുവത്രേ ജേതാവന സ്തൂപം.

പിൽക്കാലത്ത്  ഇത്തരം തിരുശേഷിപ്പുകൾ ലഭ്യമല്ലാതായപ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ ഉള്ളിൽ വച്ച് സ്തൂപങ്ങൾ ഉയരാൻ തുടങ്ങി. മദ്ധ്യകാലത്തും മറ്റും രാജമേൽനോട്ടത്തിൽ ശ്രീലങ്കയിൽ ഉയർന്നുവന്ന സ്തൂപങ്ങളിൽ പലതിലും, ആ സ്വരൂപങ്ങളുടെ സമ്പന്നതയുടെ സാക്ഷ്യമായി വലിയ നിധിശേഖരങ്ങൾ ഉൾച്ചേർത്തിട്ടുണ്ടത്രേ. ഇൻഫ്രാറെഡ് തുടങ്ങിയ ആധുനികമായ സാങ്കേതികതകൾ ഉപയോഗിച്ച് ഉള്ളിലുള്ള ശേഖരങ്ങളുടെ വ്യാപ്തി മനസ്സിലാക്കിയതിനു ശേഷം, പുനരുദ്ധാരണത്തിന്റെയും പുനർനിർമ്മാണത്തിന്റെയും മറവിൽ രജപക്സയുടെ സിൽബന്ധികൾ സ്തൂപങ്ങൾക്കുള്ളിലെ വലിയ സമ്പദ്ശേഖരങ്ങൾ കടത്തിക്കൊണ്ട് പോകുന്നതായി ഒരു ശ്രുതി അവിടം സന്ദർശിച്ച സമയത്ത് കേട്ടിരുന്നു.

സ്തൂപം
കർണ്ണാടകത്തിലോ തമിഴ്നാടിലോ സംഭവിച്ചിട്ടുള്ളതു പോലെ, സമഗ്രമായൊരു ബുദ്ധവത്കരണം ക്രിസ്താബ്ദത്തിന്റെ തുടക്കകാലത്ത് കേരളത്തിലും അതേ തോതിൽ നടന്നിട്ടുണ്ട് എന്നതിന് ശക്തമായ തെളിവുകളൊന്നും ലഭ്യമാല്ലെങ്കിൽ കൂടിയും അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് തീർത്തുപറയാനും നിർവ്വാഹമില്ല. കേരളത്തിന്റെ ഏറ്റവും പുരാതന ചരിത്രശേഷിപ്പായ ഇടയ്ക്കൽ ഗുഹയിലെ ചില എഴുത്തുകൾ കേസരി വായിച്ചെടുക്കുന്നത് "ബുദ്ധന്റെ ആരാധനയ്ക്കുള്ള ഗുഹയായി ദാനംചെയ്യപ്പെട്ടിരിക്കുന്നു" എന്നാണ്. അശോകന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കേവ് എന്ന ബ്രഹ്മി ലിപിയിലാണ്‌ എഴുത്ത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അതിനാൽ കേരളം തികച്ചും ബുദ്ധമത മുക്തമായിരുന്നു അക്കാലത്ത് എന്ന് കരുതാനാവില്ല, പ്രത്യേകിച്ച് കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ.

കേരളത്തിന്റെ സമതലങ്ങള്ളിൽ പക്ഷേ കുറച്ചുകൂടി വ്യാപകമായി ബുദ്ധമതവ്യപനം സംഭവിക്കുന്നത് മറ്റ് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ആ മതം അവസാനിച്ചു തുടങ്ങുന്ന കാലത്താണ് എന്ന് അനുമാനിക്കപ്പെടുന്നു. ഹിന്ദു ധർമ്മത്തിലേയ്ക്ക് ചുവടുമാറിയ തമിഴ് ഭരണാധികാരികളുടെ അപ്രീതിക്ക് പാത്രമായ ബുദ്ധമതാനുയായികൾ അഞ്ചാം നൂറ്റാണ്ടോടു കൂടിയും മറ്റും പശ്ചിമഘട്ടം കടന്ന് കേരളത്തിലേയ്ക്ക് പലായനം ചെയ്തു. തൃശൂരിലെ വടക്കുംനാഥക്ഷേത്രം തുടങ്ങി ഇന്ന് കേരളത്തിൽ പ്രശസ്തമായ പല ഹിന്ദു അമ്പലങ്ങളും അക്കാലത്ത് നിർമ്മിക്കപ്പെട്ട ബുദ്ധക്ഷേത്രങ്ങളായിരുന്നു എന്നുകരുതുന്ന ചരിത്രകാരന്മാരുണ്ട്.

ഏഴാം നൂറ്റാണ്ടു മുതൽ ഒൻപതാം നൂറ്റാണ്ടുവരെ ബുദ്ധമതം കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്നുവത്രേ. അതിനുശേഷം ഹിന്ദുമതത്തിന്റെ ശക്തമായ വിന്യാസം സംഭവിക്കുന്നതോടെ ബുദ്ധമതം സാവകാശം ക്ഷയിക്കുകയാണുണ്ടായത്. ഇത്തരത്തിൽ കേരളത്തിന്റെ മുഖ്യധാരയിലെ ഒരു മതമായി ബുദ്ധമതം നിലനിന്നിരുന്ന കാലത്തിന്റെ ഏതെങ്കിലും അടരിൽ വച്ച് നിർമ്മിക്കപ്പെടുകയും പിന്നീട് ഹിന്ദുമത പ്രഭാവകാലത്ത് പൂർണ്ണമായി നശിപ്പിക്കപ്പെടാതിരിക്കുകയും ചെയ്ത ഒരു വിഗ്രഹമാവാം ഈ ബുദ്ധരൂപം.

കരുമാടിക്കുട്ടൻ
കേരളത്തിലെ പുരാതനമായ പല സവിശേഷ ചരിത്രവസ്തുക്കളും വീണ്ടെടുക്കുകയും അടയാളപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തിട്ടുള്ളത് ബ്രിട്ടീഷുകാരാണ് എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് കരുമാടിക്കുട്ടൻ. 1930 - ൽ റോബർട്ട്‌ ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് കരുമാടിക്കുട്ടന്റെ ബുദ്ധപാരമ്പര്യം തിരിച്ചറിയുന്നതും അതിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കി സംരക്ഷണം ഏർപ്പെടുത്തുന്നതും. കരുമാടിക്കുട്ടനെ കണ്ടെടുത്തതിന്റെ പേരിലല്ല പക്ഷേ കേരളത്തിലെ കൊളോണിയൽ ചരിത്രം സർ റോബർട്ട് ബ്രിസ്റ്റോയെ പ്രാഥമികമായും അടയാളപ്പെടുത്തുക, ആധുനിക കൊച്ചി തുറമുഖത്തിന്റെ നിർമ്മാതാവ് എന്ന നിലയ്ക്കാവും.

മടക്കയാത്രയ്ക്കായി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ, ശബ്ദം കേട്ടിട്ടാവും, പാടത്ത് വെയിൽ കാഞ്ഞിരുന്ന ഒരുകൂൂട്ടം കൊറ്റികൾ പറന്നുയർന്നു. നിശബ്ദമായ അന്തരീക്ഷത്തിൽ അവയുടെ ചിറകടിശബ്ദം ചെറിയ അലകളുണ്ടാക്കി. കടുത്ത വെയിലിന്റെ രൂക്ഷതയാൽ വിളറിപ്പോയ ആകാശത്തിന്റെ നീലയിൽ അല്പനേരം തങ്ങിനിന്നതിനു ശേഷം അവ പഴയ സ്ഥാനങ്ങളിലേയ്ക്ക് മടങ്ങിവന്ന് വീണ്ടും ധ്യാനമഗ്നമാവുന്നത് റിയർവ്യൂ മിററിലൂടെ കണ്ടുകൊണ്ട് ഞങ്ങൾ ദേശീയപാത പിടിക്കാൻ യാത്ര തുടർന്നു...

- അവസാനിച്ചു -