2019, മാർച്ച് 9, ശനിയാഴ്‌ച

അഗ്നിദേശം - ആറ്

"നിങ്ങളെന്തിനാണ് അഗ്നിയെ ആരാധിക്കുന്നത്?"
"ഞങ്ങൾ അഗ്നിയെ ആരാധിക്കുന്നില്ല. അഗ്നി ഒരു ബിംബം മാത്രമാണ്. അമൂർത്തനായ സ്രഷ്ടാവിനെ പ്രതിനിധീകരിക്കുന്ന ശുദ്ധവും മൂർത്തവുമായ ബിംബം!" 
കരൈറ്റ്  ജൂഡായിസത്തിലെ പ്രമുഖപണ്ഡിതനും പുരാവസ്തുഗവേഷകനുമായിരുന്ന അബ്രഹാം ഫിർക്കോവിച്ചാണ് (1786 - 1874) ചോദ്യകർത്താവ്. അസർബൈജാൻ ഭാഗത്തുനിന്നുവന്ന അഗ്നിയാരാധകനായ സൗരാഷ്ട്രൻ വണിക്കാണ് അദ്ദേഹത്തിനോട് മറുപടിപറയുന്നത് .

** 

വിശാലമായ മൈതാനത്തിന്റെ വിജനതയിൽ ഒരു മരം ഒറ്റപ്പെട്ട് നിൽക്കുന്നു. ഏതോ പുരാതനകാലത്ത് ഇതുവഴി കടന്നുപോയ ഒരു വണിക്കിന്റെ കൈത്തെറ്റുപോലെ തോന്നിച്ചു ആ മരത്തിന്റെ ഏകാന്തത...!

ഉച്ചനേരമായിരുന്നു. കല്ലോട് പാകിയ മൈതാനത്തറയിൽ വെള്ളവെയിൽ തീക്ഷ്ണമായി പ്രതിധ്വനിക്കുന്നു...

ബാക്കുപട്ടണത്തിന്റെ വടക്കു പടിഞ്ഞാറൻ അതിരിലെ അത്രയൊന്നും ആർഭാടമില്ലാത്ത ചില പാതകളിലൂടെ സഞ്ചരിച്ചാണ് ഞങ്ങളിവിടെ എത്തിയിരിക്കുന്നത്. കോട്ടമതിൽപോലെ കാണപ്പെട്ട നിർമ്മിതിയുടെ പ്രവേശനഭാഗത്തായി തൈമൂർ കാർ നിർത്തി. കമാനകവാടമുള്ള ആ വലിയ  മതിൽക്കെട്ടിനുള്ളിലാണ് മൈതാനം. മതിലിന് അപ്പുറത്തെ പട്ടണോപാന്ത വീടുകളുടെ ചുമന്ന ചായംപൂശിയ മേൽക്കൂരകൾ പുറംകാഴ്ചയിലെത്തുന്നുണ്ട്. തിരക്കുള്ള ആ ജനവാസപ്രദേശത്തിന്റെ സാമീപ്യത്തെ നിരാകരിക്കുന്ന വിജനതയാണ് ഉള്ളിലെ ചത്വരവിശാലതയിൽ...

അസർബൈജാനിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്ഥലിയായ അതേഷ്-ഗാഹ് - അഗ്നിക്ഷേത്രം - ഇവിടെയാണ്.

മൈതാനത്തിന്റെ ഒരതിരിലായി കാണപ്പെടുന്ന പ്രാക്തനവടുക്കൽ പേറുന്ന മറ്റൊരു കവാടവും മതിൽക്കെട്ടും കടന്നുവേണം അതേഷ്-ഗാഹിലേയ്ക്ക് പോകാൻ. മറ്റൊരതിരിലായി, നീളത്തിൽ കെട്ടിയിരിക്കുന്ന പീടികമുറികൾ. സഞ്ചാരികളെ കാത്തിരിക്കുന്ന കൗതുകവസ്തുക്കൾ. ഒരു തീൻശാലയിലേക്കുള്ള ചൂണ്ടുപലകയും കണ്ടു...

ഒറ്റപ്പെട്ട് നിൽക്കുന്ന ആ മരത്തിന്റെ തണലിൽ ഞങ്ങൾ ഇരുന്നു. തൈമൂർ ചീട്ടെടുക്കാനായി പോയി. എന്താണിവിടെ അധികം സന്ദർശകരൊന്നും ഇല്ലാത്തതെന്ന് ചെറിയ ആശ്ചര്യം തോന്നാതിരുന്നില്ല. ഉച്ചഭക്ഷണത്തിന്റെ നേരമായതിനാലാവും. വെയിൽ കത്തുകയാണ്. നടന്നുകാണാൻ പറ്റിയ സമയമല്ല...

അതേഷ്-ഗാഹ്
തൈമൂർ വരാൻ വൈകിയപ്പോൾ മരത്തണലിലിരിക്കുന്ന ഭാര്യയുടെ ഏതാനും ചിത്രങ്ങൾ എടുക്കാൻ തുടങ്ങി ഞാൻ. കുറച്ചകലെ നിന്ന് സൂം ലെൻസിലൂടെ മുഖം ഫോക്കസ് ചെയ്യുമ്പോൾ എന്തുകൊണ്ടോ അവൾ മറ്റേതോ ഒരാളെ പോലെ അനുഭവപ്പെട്ടു...

ഉച്ചച്ചൂട് അവളുടെ മുഖത്തെ ചുമപ്പിച്ചിരിക്കുന്നു...

അപരിചിതത്വം തോന്നിയെന്നത് ഫലിതവിചാരമായി, തൊട്ടടുത്ത നിമിഷം തന്നെ. വിവാഹിതരായി ഇരുപത്തിയഞ്ച് വർഷമായിരുന്നു. അതിനുമുൻപ്, പ്രണയിതാക്കളായും കുറച്ചുവർഷം. വിവാഹത്തിന്റെ കാൽനൂറ്റാണ്ട് എന്നതിന് മൂർത്തത നൽകാനാണ് ഒരു ദിവസം പെട്ടെന്നെണീറ്റ് അസർബൈജാനിൽ പോകാൻ തീരുമാനിക്കുന്നതും, ഈ ഉച്ചനേരത്ത് അതേഷ്-ഗാഹിൽ എത്തുന്നതും.

സത്യത്തിൽ, കാൽനൂറ്റാണ്ടായുള്ള സഹജീവിതത്തിന്റെ ഓർമ്മയ്ക്കായി ഇരുപത്തിയഞ്ചു ദിവസം നീളുന്ന, ഇൻഡ്യയിലൂടെയുള്ള ഡ്രൈവ് ഞങ്ങൾ ആഗ്രഹിച്ചിരുന്നതാണ്. റൂട്ട്-പ്ലാൻ തയ്യാറാക്കിയതായിരുന്നു. നടന്നില്ല. ആ നിരാശയിലാണ് ഞങ്ങൾ രണ്ടുപേരും ഒരാഴ്ചത്തേയ്ക്ക് എവിടേയ്‌ക്കെങ്കിലും രക്ഷപ്പെടാം എന്ന് തീരുമാനിക്കുന്നത്.

നഗരവികസനത്തിന്റെ അനിവാര്യതപോലെ ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞ,  തിരുവനന്തപുരം പട്ടണത്തിലെ ഒരു ചെറിയ തീൻശാല. അവിടെ വച്ച് പ്രണയം പറഞ്ഞതിന് ശേഷം, ഞങ്ങൾ ഒരുപാട് സമുദ്രങ്ങൾ താണ്ടിയിരിക്കുന്നു..., ഹിമശൈലങ്ങളിൽ ചെന്നെത്തിയിരിക്കുന്നു..., വനഗഹ്വരങ്ങളിൽ അലഞ്ഞിരിക്കുന്നു...

അവയെല്ലാം സഹജീവിതത്തിന്റെ നിമ്‌നോന്നമായ ദിനവൃത്താന്തങ്ങൾ കൂടിയാകുന്നു...!

വെയിൽമുറ്റത്തെ വിജനതയും ഒറ്റമരത്തിന്റെ വിവശമായ തണലും, പിന്നണിയിൽ തിരശ്ശീല തീർത്തതുകൊണ്ടാവാം, വ്യൂഫൈൻഡറിലൂടെ കണ്ട അവളുടെ മുഖത്തിന് ക്ഷണികാപരിചിതത്വം തോന്നിയത്.

ജീവിച്ചിരിക്കുന്നു എന്നതുതന്നെ ഭ്രമാത്മകമായിത്തീരുന്ന ചില നേരങ്ങളുണ്ടല്ലോ...

അതേഷ്-ഗാഹിലെ മരത്തണലിൽ...
അസർബൈജാന്റെ പൗരാണിക ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ് അതേഷ്-ഗാഹ്. ഒരുകാലത്ത്, കാസ്പിയൻ തീരത്ത് സജീവവും ശക്തവുമായിരുന്ന ഇൻഡ്യൻ സമൂഹത്തിന്റെ, ഇൻഡ്യൻ സംസ്കാരത്തിന്റെ സവിശേഷമായ നീക്കിയിരിപ്പു കൂടിയാണ് ഈ സ്ഥലം. അതിനു ത്വരകമായ മൂലകം, നിസ്സംശയം പറയാം, പട്ടുപാതയാണ് (Silk Road). കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മധ്യത്തിലായിവരുന്ന അസർബൈജാനിലെ പല പട്ടണങ്ങളും അക്കാലത്ത് ദേശാന്തരവണിക്കുകളെക്കൊണ്ട് മുഖരിതമായിരുന്നു...

പട്ടുപാത ഒരു കച്ചവടവഴി മാത്രമായിരുന്നില്ലല്ലോ. അതൊരു സാംസ്കാരികപാത  കൂടിയായിരുന്നു. പല വിതാനങ്ങളിൽ നടന്ന അതിസൂക്ഷ്മമായ കൊടുക്കൽ വാങ്ങലുകളുടെ നീളൻപാത. വഴികളും ഉപവഴികളുമായി മദ്ധ്യകാലത്തെ നിർണ്ണയിച്ച പാരമ്യഘടകം...!

ഇന്ത്യൻ ശില്പകലയുടെ പ്രഭവം സ്തൂപങ്ങളിലാണ്. തുടർന്നാണ് ക്ഷേത്രനിർമ്മിതികൾ ഉണ്ടാവുന്നത്. ദൈവത്തെ മനുഷ്യരൂപത്തിൽ സങ്കല്പിക്കാൻ അന്നത്തെ ശിൽപികൾ തയ്യാറായിരുന്നില്ല. പ്രകൃതിയുടെ അസുലഭതയും സജീവതയുമായാണ് ദൈവം ശില്പങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഏറ്റവും പുരാതനമായ ശില്പപാരമ്പര്യത്തിൽ കണ്ടുവരുന്ന രീതി, പ്രകൃതിരൂപങ്ങൾക്ക് നടുവിലായി പ്രതിഷ്ഠിക്കപ്പെട്ട സിംഹമുഖവും അതിൽ നിന്നും ഭൂമിയിലേയ്ക്ക് നിപതിച്ചുപരക്കുന്ന മധുവുമാണ്. ദൈവത്തിന്റെ, പ്രകൃതിയുടെ നിർലോഭതയാണ് അതുവഴി പ്രകാശിപ്പിക്കപ്പെട്ടത്. രണ്ടാം നൂറ്റാണ്ടിൽ മധ്യേൻഡ്യയിൽ നിർമ്മിക്കപ്പെട്ട സ്തൂപങ്ങളിൽ ഇത്തരം പ്രകൃതിശില്പങ്ങൾ കാണാം (സാഞ്ചി, ഭർഹുത് - മധ്യപ്രദേശ്). അത്ഭുതമെന്ന് പറയട്ടെ, മധ്യകാലത്ത് ഇറ്റലിയിലും സ്പെയിനിലും പോർച്ചുഗലിലും ഒക്കെ ഉയർന്ന പള്ളികളുടെ കമാനകവാടത്തിലും ഇവയുടെ കൃത്യമായ അനുകരണമുണ്ട്. ഇൻഡ്യൻ കലകളെക്കുറിച്ച് വേണ്ടരീതിയിൽ പഠനം നടക്കാത്ത പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും യൂറോപ്യൻ കലാനിരൂപകർ കരുതിയിരുന്നത് ഈ പള്ളിചിത്രങ്ങൾ പേഗൻ കലയുടെ ശേഷിപ്പാവാം എന്നാണ്. എന്നാൽ ഇന്ന്, താരതമ്യപഠനം സാധ്യമാവുമ്പോൾ, പൗരാണിക ഇൻഡ്യൻ ശില്പകല താണ്ടിയ ദൂരം മനസ്സിലാവുന്നു. ഈ കലാസഞ്ചാരത്തിന്റെ കാരണം മറ്റൊന്നുമല്ല - കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ച പട്ടുപാത തന്നെയാണ്.

ഇപ്പോൾ ആ പുരാതന സംസ്കാരവാഹിനിയുടെ പ്രധാനപ്പെട്ടൊരു കവലയിൽ നിൽക്കുമ്പോൾ, ആ സർഗ്ഗാവ്യാപാരത്തിന്റെ നിഗൂഢവഴികൾ ഒരുദാഹരണം പോലെ ഓർമ്മവരുന്നു എന്നുമാത്രം...!

അതേഷ്-ഗാഹ്
അപ്പോഴേയ്ക്കും തൈമൂർ ചീട്ടുമായി വന്നു. അതേഷ്-ഗാഹിന്റെ കവാടം കടന്നെത്തുമ്പോൾ, ഉള്ളിൽ മറ്റുചില സന്ദർശകർ കൂടി എത്തിയിട്ടുണ്ടെന്ന് കാണുന്നു. ചുറ്റുമതിൽ പോലെ കാണപ്പെട്ട നിർമ്മിതി, വിശാലമായ നടുമുറ്റമുള്ള കെട്ടിടസമുച്ചയം തന്നെയാണ്. ഓരോ മുറികളായി തിരിച്ചിരിക്കുന്നു. ചെറുതും ഉയരംകുറഞ്ഞതും  ഇരുണ്ടതുമായ മുറികൾ. അക്കാലത്ത് ഒരു സത്രമായി പ്രവർത്തിച്ച കെട്ടിടമാവാം. അഗ്നിക്ഷേത്രത്തിലെ പുരോഹിതന്മാരും കാര്യക്കാരുമൊക്കെ ഇതിൽ പാർത്തിരുന്നിരിക്കാം. ചില ഭാഗങ്ങളിൽ, ഇടനാഴിയിൽ നിന്നും പടവുകളിലൂടെ താഴേയ്ക്കിറങ്ങണം. ഭൂനിരപ്പിൽ നിന്നും ഏതാനുമടി താഴ്ചയിൽ നിർമ്മിച്ചിരിക്കുന്ന നീളൻ അറകളാണ് ഇവിടെയുള്ളത്. സത്രത്തിലെത്തുന്ന തീർത്ഥാടകരും വണിക്കുകളും, കച്ചവടസാധനങ്ങളും മറ്റും സൂക്ഷിച്ചിരുന്ന ഗുദാമായിരുന്നിരിക്കണം. അഗ്നിക്ഷേത്രത്തിന്റെ നാല് ചുറ്റിനുമായി നിർമ്മിച്ചിരിക്കുന്ന ഈ കോട്ടസൗധം ഇപ്പോൾ ഒരു മ്യൂസിയമായാണ് പ്രവർത്തിച്ചുവരുന്നത്.

ഇതിന്റെ മധ്യത്തിലായാണ് അഗ്നിക്ഷേത്രം. പ്രൗഢമായ നിർമ്മിതിയെന്ന് പറയാനാവില്ല. അനിതാസാധാരണമായ ഒരു മണ്ഡപത്തിനു നടുവിലായി തീ കത്തിക്കൊണ്ടിരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇന്നുകാണുന്ന മണ്ഡപം നിർമ്മിക്കപ്പെടുന്നത്. എന്നാൽ അതേഷ്-ഗാഹിന്റെ ജീവിതം അത്ര പുതിയതല്ല. ക്രിസ്താബ്ദത്തിന്റെ തുടക്കം മുതൽ അതേഷ്-ഗാഹ് ചരിത്രത്തിലേയ്ക്ക് കടന്നുനിന്നിരുന്നു. അത് സൗരാഷ്ട്രിയനിസവുമായി ബന്ധപ്പെട്ടാണ്. ഇന്ന് ആ സമൂഹം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഇൻഡ്യയിലാണല്ലോ. പക്ഷെ അതുമാത്രമാവില്ല അതേഷ്-ഗാഹിന് ഇൻഡ്യയുമായുള്ള ചാർച്ച. സൗരാഷ്ട്രിയൻ സമൂഹം അബ്ഷറോൺ മുനമ്പിൽ നിന്നും കുടിയിറങ്ങിപ്പോയതിനു ശേഷം പട്ടുപാതയിലൂടെ ഇവിടെയെത്തിയ പ്രബലമായ വർത്തകസമൂഹം ഹിന്ദുക്കളുടെയും സിക്കുകാരുടെയും ആയിരുന്നു. ഇൻഡോ-ആര്യൻ വംശത്തിന്റെ ആരാധനാസ്ഥലികളിൽ അഗ്നിയോളം ശുദ്ധപുണ്യം മറ്റൊരു പ്രപഞ്ചപ്രതിഭാസത്തിനും ഉണ്ടായിരുന്നില്ലല്ലോ. അതിനാൽ തന്നെ, പ്രകൃത്യാ തീ കത്തിക്കൊണ്ടിരുന്ന അബ്ഷറോൺ മുനമ്പ്, ഇന്ത്യയിൽ നിന്നെത്തിയ വർത്തകരെ അത്ഭുതപ്പെടുത്തുകയും മതബോധത്തിന്റെ ഗോത്രസ്മൃതിയിലേയ്ക്ക് ആവേശിപ്പിക്കുകയും ചെയ്തിരിക്കണം...

എന്നാൽ അങ്ങനെ കൃത്യമായി ഒരു കാലഘട്ടം പതിച്ചുനൽകി ഓരോ വിഭാഗങ്ങൾ ഇവിടെ ആരാധന നടത്തിയിരുന്ന എന്ന തീർപ്പിൽ ചില ചരിത്രകാരന്മാർ മമതകാണിക്കുന്നില്ല. 'ജ്വാലാജി' എന്ന പേരിൽ ഒരഗ്നിദേവൻ ഇവിടെ ആരാധിക്കപ്പെട്ടിരുന്നു. അഗ്നിയാരാധന ആധ്യാത്മിക സ്വത്വത്തിൽ പേറുന്ന എല്ലാ വിഭാഗങ്ങളും, എല്ലാകാലത്തും, ഏറ്റക്കുറച്ചിലുകളോടെ ഇവിടെ ആരാധന നടത്തിവന്നിരിക്കാം എന്നവർ കരുതുന്നു.

ഏകമാനമായ കണിശതയോടെ നീണ്ടുപോകുന്ന ഒറ്റവഴിയല്ലല്ലോ ചരിത്രം...!

അതേഷ്-ഗാഹ്
മണ്ഡപത്തിലേയ്ക്ക് കയറി, നിതാന്തമായി കത്തിക്കൊണ്ടിരിക്കുന്ന അഗ്നികുംഭത്തിലേയ്ക്ക് നോക്കി കുറച്ചുസമയം നിന്നു. എന്തുകൊണ്ടോ ഭക്തിനിർഭരമായ പരിസരമായി അനുഭവപ്പെട്ടില്ല. ചരിത്രകൗതുകമുള്ള കാഴ്ചയ്ക്കപ്പുറം മറ്റെന്തെങ്കിലും തരത്തിലുള്ള അനുഭൂതി നൽകുന്ന ഒരിടമല്ല അതേഷ്-ഗാഹ്.

പുഷ്‌പാലംകൃതമായ കറുത്ത മാർബിൾ തട്ടിൽ തീകത്തിക്കൊണ്ടിരിക്കുന്ന രാജ്ഘട്ടാണ് ഓർമ്മയിൽ വന്നത്. "ഹേ, രാം..." എന്ന ചിലമ്പിയ ശബ്ദവും കേട്ടതുപോലെ. കലാലയ പഠനകാലത്താണ് ആദ്യമായും അവസാനമായും ഡൽഹിയിലെത്തുന്നത്. എത്ര ദശാബ്ദങ്ങൾ കടന്നുപോയിരിക്കുന്നു. ഇപ്പോൾ അതേഷ്-ഗാഹിന് മുന്നിൽ നിന്ന്, അന്ന് സന്ദർശിച്ച രാജ്ഘട്ട് ഓർമ്മിക്കുമ്പോൾ കാലം മൂർത്തമാവുന്നു.

ഒരിക്കൽ പ്രകൃത്യാ തീകത്തിക്കൊണ്ടിരിക്കുകയും, അതിൽ ഭയഭക്തി തോന്നിയ സൗരാഷ്ട്രന്മാർ ആരാധാനാലയമാക്കി മാറ്റുകയും ചെയ്ത അതേഷ്-ഗാഹിന്റെ ഇന്നത്തെ നിയോഗം കുറച്ചുകൂടി ലൗകികമാണ്. ഇന്നിവിടെ തീ സ്വയംഭൂവല്ല, രാജ്ഘട്ടിലെ പോലെ തന്നെ കൃത്രിമമായി കത്തിച്ചു നിർത്തിയിരിക്കുകയാണ്. ലക്ഷ്യമോ ടൂറിസ്റ്റുകളും.

റഷ്യൻ സാമ്രാജ്യത്തിന്റെ പതനത്തോടെ 1922 - മുതൽ അസർബൈജാനിൽ ആരംഭിച്ച സോവ്യറ്റ് ഭരണം 1991 - വരെ തുടർന്നിരുന്നു. റഷ്യയ്ക്ക് പുറത്തുള്ള എല്ലാ സോവിയറ്റുകളും മോസ്‌കോയെ സംബന്ധിച്ച് വിഭവസമാഹരണത്തിനുള്ള പ്രദേശങ്ങൾ മാത്രമായിരുന്നു. അബ്ഷറോൺ മുനമ്പിലെ എണ്ണയും പ്രകൃതിവാതകവും അനിയന്ത്രിതമായി ചൂഷണം ചെയ്യപ്പെട്ടു. അതിനാൽ തന്നെ, അതേഷ്-ഗാഹുപോലെ സ്വയം തീകത്തിക്കൊണ്ടിരുന്ന പ്രദേശങ്ങളിലെ വാതകബഹിർഗമനം നിന്നുപോയി. സ്വാഭാവികമായും തീ അണഞ്ഞു. തൊള്ളായിരത്തി മുപ്പതുകളിൽ സോവിയറ്റ് യൂണിയൻ എന്ന ബൃഹത് രാജ്യത്തിന് ആവശ്യമായ എണ്ണയുടെ അറുപത് ശതമാനവും അസർബൈജാനിൽ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത് എന്നറിയുമ്പോൾ ചൂഷണത്തിന്റെ വ്യാപ്തി മനസ്സിലാവും.

എണ്ണവ്യാപാരത്തിലൂടെ, തികച്ചും ന്യൂനപക്ഷമായ റഷ്യൻ / അസർബൈജാനി വ്യവസായികളുടെ ഒരതിസമ്പന്ന വിഭാഗം ബാക്കു കേന്ദ്രീകരിച്ച് വളർന്നുവന്നു. എങ്കിലും ഇത്രയും വിഭവസമ്പത്തുള്ള പ്രദേശത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദരിദ്രമായിരുന്നു എന്നുള്ളത് റഷ്യൻ ചൂഷണത്തിന്റെ സാമൂഹ്യവശം വെളിപ്പെടുത്തും. സോവ്യറ്റ് കാലത്തെ ദുരിതജീവിതാവസ്ഥയിൽ നിന്നും ഇന്നും കരയറാനാവാതെ കുതറുന്ന ഗ്രാമീണജീവിതത്തെ ഈ യാത്രയിൽ പലയിടത്തും കണ്ടുമുട്ടുകയുണ്ടായി. 'സോവിയറ്റ് നാട്' പോലുള്ള മാസികകൾ കാണിച്ചുതന്ന ഒന്നായിരുന്നില്ല യഥാർത്ഥ സോവിയറ്റ് യുഗം എന്ന് മനസ്സിലാക്കുന്ന ആദ്യ യാത്രയുമല്ല ഇത്.

അതേഷ്-ഗാഹ്
മണ്ഡപത്തിന് ചുറ്റുമുള്ള കോട്ടസൗധത്തിലെ മുറികൾ ഇപ്പോൾ ഒരു പ്രദർശനശാലയായി മാറ്റിയിരിക്കുകയാണ്. ഗോബുസ്താനിലെ മ്യൂസിയം പോലെ തന്നെ. അവിടെ ചരിത്രാതീതകാലത്തെ ഗുഹാമനുഷ്യരുടെ ജീവിതമാണ് ചിത്രീകരണമെങ്കിൽ, ഇവിടെ കുറച്ചുകൂടി അടുത്ത്, മധ്യകാലത്തെ പ്രാദേശികജീവിതത്തിന്റെ ശില്പവിന്യാസമാണ് കാണുന്നത്. വളരെ പ്രൈമറിയായാണ് മ്യൂസിയത്തിന്റെ സാക്ഷാത്കാരം.

ഒരു മുറിയിൽ ശിവനൃത്തത്തിന്റെ ചെറിയൊരു ലോഹശിൽപം, വെട്ടവും നിഴലും സമന്വയിപ്പിച്ച് പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നണിയിൽ പതിഞ്ഞ താളത്തിൽ കേൾക്കുക പക്ഷെ "ഓം ഗണപതായ നമഹേ..." എന്ന മന്ത്രത്തിന്റെ ആവർത്തനമാണ്. ഒരുകാലത്ത് ഇവിടെ സജീവമായിരുന്ന ഹിന്ദുസമൂഹത്തെ സ്ഥൂലതയിൽ പ്രതിനിധീകരിക്കുക എന്നതിനപ്പുറമുള്ള സൂക്ഷ്മത ഈ പ്രദർശനം പുലർത്തുന്നില്ല.

അസർബൈജാന്റെ ചരിത്രത്തിലെ മതങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ മുൻപും സൂചിപ്പിച്ചിട്ടുള്ളത് പോലെ പുരാതന ഇൻഡ്യയിൽ നിന്നും പട്ടുപാത വഴി ഇവിടേയ്ക്ക് വന്ന ഹിന്ദുവണിക്കുകളാണ് പ്രധാനമായും അതേഷ്-ഗാഹിൽ ആരാധന നടത്തിയിരുന്നത്. അവിഭക്ത ഇൻഡ്യയിൽ നിന്നും കച്ചവടത്തിനായി വന്നുപോകുന്നവരെ കൂടാതെ, സ്ഥിരതാമസമാക്കിയ ഹിന്ദുക്കളുടെ വലിയൊരു സമൂഹവും അക്കാലത്ത് ഇവിടെയുണ്ടായിരുന്നു. റഷ്യയിലെ സർ ചക്രവർത്തിയായിരുന്ന അലക്‌സാണ്ടർ മൂന്നാമൻ ആയിരത്തി എണ്ണൂറുകളുടെ രണ്ടാം പകുതിയിൽ അതേഷ്-ഗാഹിൽ നടന്ന ഒരു ഹൈന്ദവോത്സവത്തിൽ പങ്കെടുത്തതായി രേഖകളുണ്ട്.

സ്വാഭാവികമായ കാരണങ്ങളാൽ, സിൽക്ക് റോഡ് എന്ന കച്ചവടവഴി തുടർകാലങ്ങളിൽ അപ്രസക്തമാവുകയാണുണ്ടായത്. അതിനാൽ തന്നെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേയ്ക്കും അതേഷ്-ഗാഹിൽ നിന്നും ഹിന്ദുസമൂഹം പൂർണ്ണമായും അപ്രത്യക്ഷമായി. മുതിർന്ന തലമുറ മരിക്കുകയും, മാറിയ സാഹചര്യത്തിൽ, അവശേഷിച്ച ഹിന്ദുക്കൾ ഇൻഡ്യയിലേയ്ക്ക് മടങ്ങുകയുമാണ് ഉണ്ടായത്. ഇൻഡ്യയിലേയ്ക്ക് എന്നുപറയുമ്പോൾ, ഡൽഹിയിലേയ്‌ക്കോ, അഹമ്മദാബാദിലേയ്‌ക്കോ മുംബയിലേയ്‌ക്കോ അല്ല അവർ പോയത് എന്നോർക്കുക. അവരുടെ മൂലദേശങ്ങളായ മുൽത്താനിലേയ്ക്കും സിന്ധിലേയ്ക്കും ഒക്കെയാണ്. അന്ന് ഇൻഡ്യയിലായിരുന്ന ആ ദേശങ്ങൾ ഇന്ന് ഇൻഡ്യയിലല്ല എന്നത് കുറച്ചുകൂടി സമകാലമായ ചരിത്രം. മറ്റൊരു ദശാസന്ധിയിൽ,  ഹിന്ദുക്കൾക്ക് അവിടെ നിന്നും വീണ്ടും പലായനം ചെയ്യേണ്ടിവന്നു എന്നത് ഇൻഡ്യൻ ചരിത്രത്തിലെ രക്തരൂക്ഷിതമായ മറ്റൊരദ്ധ്യായം.

മ്യൂസിയത്തിലെ ശിവനൃത്തരൂപം
ഞങ്ങൾ അതേഷ്-ഗാഹിന്റെ ഉൾക്കോട്ടയിൽ നിന്നും പുറത്തുകടന്നു. നേരം ഉച്ചതിരിഞ്ഞിരിക്കുന്നു. അതിനാൽ ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കാം എന്നുകരുതി.

പുറത്തുള്ള മൈതാനത്തിന്റെ ഒരതിര് മുഴുവൻ സഞ്ചാരികളെ പ്രതീക്ഷിച്ചുള്ള കച്ചവടസ്ഥാപനങ്ങളാണ്. അതിലെ വലിയൊരു ഭാഗം വിശാലമായൊരു തീൻശാല അപഹരിച്ചിരിക്കുന്നു. ഞങ്ങൾ അതിനുള്ളിലേയ്ക്ക് കയറി. ഈ സമയത്ത് സൂചിപ്പിക്കാവുന്ന ഒരു കാര്യം, പകൽയാത്രയ്ക്കിടയിൽ, ഏത് ഭക്ഷണശാലയിലേയ്ക്ക് ചെല്ലുമ്പോഴും, ഞങ്ങളെ പുറത്തിരുത്തി, തൈമൂർ ആദ്യം അകത്തേയ്ക്ക് പോകും എന്നുള്ളതാണ്. മിക്കവാറും അതിന്റെ അടുക്കളഭാഗത്തേയ്ക്ക് തന്നെയെന്ന് തോന്നുന്ന ഉള്ളറകളിലേയ്ക്ക്. അയാൾ മടങ്ങിവന്നിട്ടാണ് അവിടെനിന്നും  കഴിക്കുന്നത് ഉചിതമാവുമോ എന്ന് പറയുക. ഒരു ഗൈഡ് എന്ന നിലയ്ക്ക്, ടൂർകമ്പനി നിഷ്കർഷിച്ച  കടമ നിറവേറ്റുകയായിരുന്നിരിക്കാം അയാൾ. അതുമല്ലെങ്കിൽ ഈ ഭാഗങ്ങളിലെ സ്വാഭാവികശീലമായിരിക്കാം. എന്നാൽ, ഒട്ടൊന്ന് രഹസ്യാത്മകമായി തോന്നിയ ആ രീതി ഞങ്ങൾക്ക് അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല...

തീൻശാലയുടെ അകത്തളം പേർഷ്യൻ സ്വഭാവം പേറുന്നതായിരുന്നു. അസർബൈജാൻ വീടുകളുടെ ഉള്ളലങ്കാരങ്ങൾ ഇങ്ങനെ തന്നെയായിരിക്കാം. എനിക്ക് പരിചയമുള്ളത് ഇറാനിയൻ രീതിയായതിനാൽ താരതമ്യത്തിൽ അങ്ങനെ അനുഭപ്പെടുന്നതാവാം. അസർബൈജാന്റെ സംസ്കാരത്തിൽ പേർഷ്യൻ ധാര ഗാഢമായി ലയിച്ചിട്ടുണ്ട് എന്നതും നിസ്തർക്കമാണ്. അസർബൈജാന്റെ ദേശീയ കവിയായ നിസാമി ഗഞ്ചാവി എഴുതിയിരുന്നത് പേർഷ്യനിലായിരുന്നു എന്നോർക്കുക.

'സാഷ്' (Sach / Saj) എന്ന സവിശേഷവിഭവമാണ് തൈമൂർ ഞങ്ങൾക്കായി പറഞ്ഞത്. മാംസവിഭവമായ സാഷ് ചില അറബിക് രുചികളോട് വിദൂരസാമ്യം കാണിക്കുന്നുണ്ട്. അറബിക് തീൻശാലകളിൽ പോയാൽ ഏത് വിഭവത്തോടൊപ്പവും 'ഖുബൂസ്' എന്ന റൊട്ടി ലഭിക്കും. അതുപോലെ അസർബൈജാനിൽ ഏത് വിഭവം ഓർഡർ ചെയ്താലും, ആദ്യം രണ്ടുമൂന്ന് തരം ബ്രെഡ് എത്തും. അറബിക് ഖുബൂസിന്റെയും യൂറോപ്യൻ ബ്രെഡിന്റെയും സങ്കലനം. വെവ്വേറെ ബാസ്കറ്റുകളിൽ കൊണ്ടുവയ്ക്കും. വളരെ രുചികരം. മാത്രവുമല്ല, ഒരാൾക്ക് വയറുനിറച്ച് കഴിക്കാൻ പറ്റുന്നതിനെക്കാൾ അധികവും. മുഖ്യവിഭവം എത്തുന്നതിന് മുൻപ് ഈ റൊട്ടികൾ കഴിച്ച് വയറുനിറഞ്ഞുപോയ അവസരങ്ങളും ഉണ്ടായി എന്ന് പറഞ്ഞുകൊള്ളട്ടെ.

വകഭേദങ്ങൾ ഉണ്ടെങ്കിലും മട്ടൻ, ചിക്കൻ, പച്ചക്കറികൾ എന്നിവ മസാല ചേർക്കാതെ വേവിച്ചെടുത്ത വിഭവങ്ങളുടെ പ്ലാറ്ററാണ്‌ പൊതുവേ സാഷ്. അറബിക് മാംസവിഭവങ്ങളെക്കാൾ കുറച്ചുകൂടി ജ്യൂസിയാണ്. തീർച്ചയായും, ഒരു അറബിക് പ്ലാറ്റർ നൽകുന്ന രുചിസാഫല്യം സാഷ് നൽകിയില്ല. അതിൽ അത്ഭുതമില്ല. വിദേശവാസത്തിൽ നിന്നും, യാത്രകളിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. രുചിയെ നിർണ്ണയിക്കുന്നത് ശീലമാണ്. ഒരു ആഹാരവിഭവത്തിന് സ്വതവേയെന്ന രുചിയസ്തിത്വമില്ല. അത് കഴിക്കുന്നയാളിന്റെ രുചിശീലമാണ് ആ വിഭവത്തിന്റെ സ്വത്വം നിർണ്ണയിക്കുന്നത്.

സാഷ്
അതേഷ്-ഗാഹിൽ നിന്നും ഞങ്ങൾ അബ്ഷറോൺ മുനമ്പിൽ തന്നെയുള്ള മറ്റൊരു സവിശേഷ സ്ഥലത്തേയ്ക്ക് പോയി. അതേഷ്-ഗാഹിൽ നിന്നും ഏകദേശം ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ, ബാക്കു പട്ടണത്തിന്റെ മറ്റൊരു പ്രാന്തഗ്രാമം. അസർബൈജാന്റെ അലങ്കാരവിശേഷണമായ 'അഗ്നിദേശം' എന്ന വിളിപ്പേരിനെ അന്വർത്ഥമാക്കാൻ, ഒരുപക്ഷെ, ഇന്ന് ബാക്കിയായ ഏക പ്രദേശം - 'യാനാർ ദാഗ്'. ആ വാക്കിന്റെ അർത്ഥം 'തീകത്തുന്ന മല' എന്നാണ്.

യാനാർ ദാഗ് അല്പം ഉയർന്ന ഭൂപ്രദേശത്താണ് ഉള്ളതെന്ന് കാറ് കുന്നുകയറാൻ തുടങ്ങിയപ്പോൾ മനസ്സിലായി. കുന്നിന് മുകളിലൂടെ പോകുമ്പോൾ കുറച്ചകലെയായി ഗ്രാമങ്ങൾ കാണാം. എങ്കിലും യാനാർ ദാഗ് ഏറെക്കൂറെ വിജനമായ പ്രദേശമാണ്.

അവിടെ, പുൽമേടുകൾ നിറഞ്ഞ ഒരു കുന്നിന്റെ ചെരിവിൽ നീളത്തിൽ തീകത്തിക്കൊണ്ടിരിക്കുന്നു. മണൽക്കുന്നാണ്. അതിന്റെ സുഷിരങ്ങളിലൂടെ പുറത്തേയ്ക്ക് വരുന്ന പ്രകൃതിവാതകത്തിന്റെ ഫലത്താൽ കുറച്ചുകാലമായി ഈ കുന്നിൻചെരിവ്‌ കത്തിക്കൊണ്ടിരിക്കുകയാണ് എന്ന് പറയപ്പെടുന്നു. പ്രകൃതിവാതക ബഹിർഗമനം കാലാതീതമായി ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രനിഗമനമെങ്കിലും  തികച്ചും വിജനമായി കിടന്നിരുന്ന ഇവിടെ തീകത്താൻ തുടങ്ങിയത് അത്രയും പഴയൊരു കാലത്തല്ല എന്ന് കരുതുന്നു. 1950 - കളിൽ എന്നോ ഇതുവഴി കടന്നുപോവുകയായിരുന്ന ഒരാട്ടിടയൻ, മറ്റെന്തോ ആവശ്യത്തിന് തീകത്തിക്കുകയും അത് പടർന്നുപിടിക്കുകയുമായിരുന്നത്രെ.   

യാനാർ ദാഗ്
ലോകസന്ദർഭത്തിൽ തന്നെ, പ്രകൃതിവാതകത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശമാണ് അബ്ഷറോൺ മുനമ്പ്. എങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന അമിതമായ  മനുഷ്യോപയോഗത്താൽ അതിന്റെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തദ്വാരാ ഇന്ന് അസർബൈജാനിൽ പ്രകൃത്യാ തീകത്തിക്കൊണ്ടിരിക്കുന്നത് യാനാർ ദാഗിൽ മാത്രമാണ്. യാനാർ ദാഗിന്റെ സവിശേഷത നിസ്തർക്കമാണെന്ന് ഇതിനാൽ സൂചിതം.

യാനാർ ദാഗിൽ നിന്നും മടങ്ങി, മൂവന്തിനേരത്ത് ബാക്കുവിലേയ്ക്ക് കടക്കുമ്പോൾ ഞാനാ പട്ടണത്തെ ഒന്നുകൂടി നോക്കിക്കണ്ടു. ബാക്കുവിലെ അവസാന രാത്രിയാണ് കടന്നുവരുന്നത്. നാളെ അതിരാവിലെ, ഈ പട്ടണം വിട്ട്, കോക്കസസ് മലനിരയുടെ താഴ്വാരത്തിലുള്ള വിദൂരദേശങ്ങളിലേയ്ക്ക് പോവുകയാണ്. അവിടങ്ങളിലെ സഞ്ചാരത്തിനുശേഷം, ഏതാനും ദിവസങ്ങൾ കഴിഞ്ഞ്, ബാക്കു പട്ടണത്തിലേക്ക് വരാതെ തന്നെ ഞങ്ങൾ കുവൈറ്റിലേയ്ക്ക് മടങ്ങുകയും ചെയ്യും...!

- തുടരും -