2018, ഡിസംബർ 23, ഞായറാഴ്‌ച

അഗ്നിദേശം - അഞ്ച്

അയാളുടെ പ്രായം നിർണ്ണയിക്കുക പ്രയാസമായിരുന്നു. അയാളുടെ ലാഡാ കാറിന്റെ പ്രായം നിർണയിക്കുക എന്നതും പ്രയാസമായിരുന്നു. അയാൾ, മദ്ധ്യവയസ്കനോ വൃദ്ധനോ ആവാം. കാറ്, പഴയതോ വളരെ പഴയതോ ആവാം. ഗോബുസ്താനിലെ പോലീസുകാരനും തൈമൂറും തമ്മിൽ നടത്തിയ ഗൂഡാലോചനയുടെ ബാക്കിപത്രമാണ് ഈ മനുഷ്യൻ...

ഗോബുസ്താൻ പ്രദേശത്തു തന്നെയുള്ള സവിശേഷമായ ഒരു ഭൂപ്രതിഭാസം കാണാനുള്ള പോക്കിൽ അയാളുടെ ലാഡാ കാറിലാണ് ഞങ്ങളിപ്പോൾ. മൺജ്വലാമുഖി (Mud Volcano) കാണാൻ. ഭൂമിയിൽ ഒന്നുരണ്ടിടത്തുമാത്രമേ ഈ പ്രതിഭാസം കണ്ടുവരുന്നുള്ളൂ. അതിൽത്തന്നെ, അവ ഏറ്റവും കൂടുതലുള്ളത് അസർബൈജാനിലാണ്.

ഗോബുസ്താൻ ദേശീയോദ്യാനത്തിൽ നിന്നും പത്തിരുപത് കിലോമീറ്റർ അകലെയാണ് മൺജ്വലാമുഖികളുടെ ഈ സമുച്ചയമുള്ളത്. മരുഭൂമിയുടെ ഉള്ളിലാണത്. അവിടേയ്ക്ക് നല്ല റോഡില്ല. മരുഭൂമിയിലൂടെ വണ്ടിയോടിയുണ്ടായ വഴിയിലൂടെ വേണം പോകാൻ. മരുഭൂമി എന്നുപറഞ്ഞാൽ, അറേബ്യയിലെയോ രാജസ്ഥാനിലെയോ പോലെ മണൽമരുഭൂമിയല്ല. കട്ടിയുള്ള ഭൂപ്രതലമാണ്. പൊടിമൂടി നിറംനഷ്ടപ്പെട്ടതോ ഉണങ്ങിയതോ ആയ കുറ്റിച്ചെടികൾ എല്ലായിടത്തുമുണ്ട്. അതിനിടയിലൂടെ തെളിഞ്ഞുകാണപ്പെടുന്ന ഒട്ടും നിരപ്പല്ലാത്ത പ്രതലത്തിൽ, മുന്നേപോയ വാഹനങ്ങളുടെ ചക്രം ഉണ്ടാക്കിയെടുത്ത രണ്ട് സമാന്തരവരകളാണ് മൺജ്വലാമുഖിയിലേയ്ക്കുള്ള പാത.

ആ കഠിനപാതയിലൂടെ തൈമൂറിന്റെ മെഴ്‌സിഡസ് ഓടില്ല. ഓടിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷെ, ആ കാറിന്റെ പല ഭാഗങ്ങളും കയ്യിലെടുത്ത് തിരിച്ചുകൊണ്ടുവരേണ്ടി വന്നേയ്ക്കാം. അതിനാലാവും,  മൺജ്വലാമുഖിയിലേക്കുള്ള വഴിയാരംഭിക്കുന്ന കവലയിൽ, ഇത്തരം മുന്തിയ വാഹങ്ങളിൽ എത്തുന്ന സഞ്ചാരികളെ കാത്ത് ഒരുപാട് ലാഡാ കാറുകൾ കിടപ്പുണ്ടായിരുന്നു...     

മണൽജ്വലാമുഖി കാണാൻ സഞ്ചാരികളുമായി എത്തിയ ലാഡാ കാറുകൾ 
നമ്മുടെ പഴയ ഫിയറ്റ്, പ്രിമിയർ പദ്മിനി എന്നിവയോട് സാദൃശ്യം തോന്നുന്ന റഷ്യൻ നിർമ്മിത കാറാണ് ലാഡാ (ഇന്നീ കമ്പനിയുടെ ഉടമസ്ഥാവകാശം ഫ്രഞ്ച് കാർനിർമ്മാതാക്കളായ റെനോയ്ക്കാണത്രെ). ഫിയറ്റിനോട് സാദൃശ്യം തോന്നുന്നതിൽ കാര്യമില്ലാതില്ല. ഈ കാർ ആദ്യം നിർമ്മിക്കപ്പെട്ടിരുന്നത് ഇറ്റാലിയൻ കാർ കമ്പനിയായ ഫിയറ്റിന്റെ സാങ്കേതികസഹായത്തോടെയാണ്.

സോവ്യയ്റ്റ് കാലത്ത്, റഷ്യയിലും യൂണിയൻ ദേശങ്ങളിലും വ്യാപകമായി വിറ്റഴിക്കപ്പെട്ട കാറാണ് ലാഡ. മറ്റിടങ്ങളിലെ ഇന്നത്തെ അവസ്ഥ അറിയില്ല. എന്നാൽ അസർബൈജാനിൽ, പട്ടണപ്രദേശങ്ങൾ ഒഴിച്ചുനിർത്തിയാൽ, ഇന്നും ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർ ലാഡ തന്നെയാണ്.

ഇവിടെ ഇരുചക്രവാഹനങ്ങൾ ഇല്ലെന്നു തന്നെ പറയാം. രൂക്ഷമായ രണ്ടു ഋതുക്കളിലേയ്ക്ക് കാലാവസ്ഥ മാറുന്ന ദേശങ്ങളിൽ അതങ്ങനെയാണ്. അവിടങ്ങളിൽ  സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങൾ പ്രായോഗികമല്ല. നമ്മുടെ നാട്ടിലെ മലനാടുകളിൽ ജീപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടല്ലോ. എന്നാൽ ഇവിടെ അതും കണ്ടില്ല. ഈ രണ്ടുവാഹനങ്ങളുടെയും കടമ അസർബൈജാനിൽ നിറവേറ്റുന്നത് ലാഡയാണ്. ഈ കാറിന്റെ വിലക്കുറവും, ഏതു ഭൂപ്രദേശത്തിലൂടെയും സഞ്ചരിക്കാനുള്ള കെൽപ്പും, ഈടുനിൽപും തന്നെയാവാം അതിനുള്ള കാരണം.

ഗോബുസ്താൻ മലനിരയിലെ കൊത്തുചിത്രങ്ങൾ കണ്ടതിനുശേഷം കവലയിലെത്തുമ്പോൾ ഈ ലാഡാകാറുകാരൻ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു. പോലീസുകാരൻ ഏർപ്പാടാക്കിയതനുസരിച്ചാണ്, അയാൾ ഞങ്ങളെ പ്രത്യേകമായി കാത്തുനിന്നത്. ആ പോലീസുകാരൻ ഇവിടുള്ള വണ്ടിക്കാരുടെ ദല്ലാളായി പ്രവർത്തിക്കുകയായിരുന്നു. പൊലീസുകാരനുമായി തൈമൂർ ഏറെനേരം നടത്തിയ സംസാരം പ്രധാനമായും ഈ ചെറിയ യാത്രയുടെ വിലപറഞ്ഞുറപ്പിക്കലും മറ്റുമായിരുന്നുവത്രേ. തൈമൂർ തന്നെയാണ് പിന്നീട് ഞങ്ങളോടിത് പറഞ്ഞത്. അത്തരം സംഘാടനമൊക്കെ തൈമൂറിന്റെ മാത്രം തലവേദനയാണ്. അസർബൈജാനിലെ അഞ്ചാറുദിവസം നീളുന്ന യാത്രയ്ക്ക് വേണ്ടുന്ന സാമ്പത്തിക ഇടപാടുകൾ  ടൂർകമ്പനിയുമായി ഞങ്ങൾ മുൻ‌കൂർ കഴിച്ചതാണ്.

മൺജ്വലാമുഖിക്കു സമീപം തൈമൂറിനോടൊപ്പം
ലാഡാകാറുകാരൻ, പ്രായത്തിന് നിരക്കാത്ത ചടുലതയോടെയാണ് കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നത്. വേഗത്തിൽ ഞങ്ങളെ കാറിനകത്തുകയറ്റി നിമ്‌നോന്നമായ വഴിയിലൂടെ അതിവേഗത്തിൽ വണ്ടിയോടിക്കാൻ തുടങ്ങി. നന്നായി ഉയർച്ചതാഴ്ചകളുള്ള വഴിയാണ്. തുള്ളിത്തെറിച്ച് ശകടം പായുന്നു. പലപ്പോഴും അതിന്റെ നാല് ചക്രങ്ങളും ആകാശത്തേയ്ക്കുയർന്ന്, നിപതിച്ചു. തല, കാറിന്റെ മച്ചിൽ ചെന്നിടിക്കാതിരിക്കാൻ, ഒരുവേള, വാതിൽ തുറന്ന് പുറത്തേയ്ക്ക് തെറിച്ചുപോയേക്കാം എന്ന പേടിയിലും, ഞങ്ങൾ രണ്ടുപേരും പിൻസീറ്റിൽ അള്ളിപ്പിടിച്ചിരുന്നു. പിറകിലേയ്ക്ക് അശേഷം ശ്രദ്ധിക്കാതെ, മുന്നിലിരിക്കുന്ന തൈമൂറിനോട് നിർത്താതെ സംസാരിച്ചുകൊണ്ട് അയാൾ കാറ് പറത്തിവിട്ടു. ഞങ്ങളുടെ ഓട്ടം കഴിഞ്ഞിട്ട് അടുത്ത ആളെ പിടിക്കാനുള്ള വെപ്രാളമായിരിക്കാം...

ലാഡാകാറുകാരനും, അയാളെപ്പോലെ അവിടെക്കണ്ട മറ്റു വണ്ടിക്കാരും, തൈമൂറിനെപ്പോലുള്ള, ബാക്കുനിവാസികളായ ആധുനിക അസർബൈജാനികളുടെ പ്രതിനിധികളല്ല. സോവ്യറ്റ് യുഗത്തിൽ നിന്നും പുറത്തുകടക്കാനാവാതെ നിൽക്കുന്ന മറ്റൊരു കാലത്തിന്റെ, ഗ്രാമീണമായ ശേഷിപ്പാണ്. അസർബൈജാന്റെ ഗ്രാമങ്ങൾ, ആ നീണ്ട അധിനിവേശത്തിന്റെ ചില ആഴങ്ങളിൽ നിന്നും പുറത്തുവന്നിട്ടില്ല. സാമൂഹികം/സാംസ്കാരികം എന്നതിനെക്കാളുപരിയായി രാഷ്ട്രീയം/സാമ്പത്തികം എന്ന മൂലകമാവും ഇവിടെ കുറച്ചുകൂടി പ്രസക്തം. സമകാല അസർബൈജാൻ മുന്നോട്ടുവയ്ക്കാൻ ആഗ്രഹിക്കുന്ന ആധുനികവും ലിബറലുമായ രാഷ്ട്രീയസാഹചര്യങ്ങൾ ഗ്രാമജീവിതത്തിലേയ്ക്ക് പ്രകടമായി എത്തിയിട്ടില്ല (പട്ടണജീവിതങ്ങളിലും ഈ വൈരുധ്യം സ്പർശിക്കാനാവുമെങ്കിലും ഇത്രയും സുതാര്യമല്ല). ലാഡാകാറുകാരന്റെ ചടുലവേഗങ്ങളിൽ ദാരിദ്ര്യം സന്നിവേശിപ്പിച്ച, ഏറെക്കൂറെ ദയനീയം എന്ന് വിവക്ഷിക്കാവുന്ന, ഒരുതരം ആർത്തി കാണാനാവും. മൺജ്വലാമുഖിയിലേയ്ക്ക് നല്ലൊരു പാതവെട്ടാൻ അധികാരികൾക്ക് സാധിക്കാത്തതാവില്ല കാരണം. ഇത്തരത്തിൽ അത് നിലനിർത്തുന്നത് പാരിസ്ഥികമായ അവബോധത്തിന്റെ തലത്തിലാണ് എന്നും കരുതാനാവില്ല. ഇതിനോടൊപ്പം പാരിസ്ഥിതിക പ്രാധാന്യമുള്ള ഗോബുസ്താൻ ദേശീയോദ്യാനത്തിനുള്ളിൽ നല്ല റോഡുകളാണ് കണ്ടത്. ഇയാളെപ്പോലുള്ള തദ്ദേശവാസികളായ ഗ്രാമീണർക്ക് വരുമാനം ഉണ്ടാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തിൽ കൂടിയാവണം ഈ സംവിധാനം നിലനിർത്തിയിട്ടുണ്ടാവുക.

മൺജ്വലാമുഖികൾ
ശരീരം നല്ലതുപോലെ ഇളകിത്തെറിച്ച് അവസാനം ഞങ്ങൾ മൺജ്വലാമുഖികളുടെ അടുത്തെത്തി. ഒരുപാട് സഞ്ചാരികൾ മുന്നേ എത്തിച്ചേർന്നിട്ടുണ്ട്. അസർബൈജാൻ സന്ദർശനത്തിന് ബാക്കുവിലെത്തുന്ന ആരും  ഇവിടെ വരാതെ പോകുന്നില്ല. ഗോബുസ്താൻ കൊത്തുചിത്ര സമുച്ചയവും, ഗോബുസ്താൻ മൺജ്വലാമുഖികളും ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽപ്പെടുന്നു. അവയുടെ പ്രാധാന്യം നിസ്തർക്കമാണ്. എന്നാൽ, ബാക്കു പട്ടണത്തിൽ നിന്നും അധികം ദൂരെയല്ല ഇവിടം എന്നതും സാധാരണ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്.

മൺജ്വലാമുഖികളുള്ള, അല്പം ഉയർന്നുകാണപ്പെടുന്ന പീഠഭൂമിയിലേയ്ക്ക് കയറുമ്പോൾ പ്രതലത്തിലെ വ്യതിരിക്തത കാണാനാവും. കുറ്റിച്ചെടികളുമായി വരണ്ട തവിട്ടുനിറത്തിൽ കാണപ്പെട്ടിരുന്ന ഭൂപ്രതലം കടുത്ത ചാരവർണ്ണത്തിലേയ്ക്ക്  പരകായം ചെയ്യുന്നു. എമ്പാടും ചെറിയ മൺകൂനകൾ. അവയിൽ നനഞ്ഞ ചാരമണ്ണ്. മൺകുന്നുകൾക്ക് നടുവിലെ ഗർത്തത്തിലേയ്ക്ക് നോക്കുമ്പോഴാണ് അവയെല്ലാം സജീവമായി തിളച്ചുകൊണ്ടിരിക്കുന്ന മൺജ്വലാമുഖികളാണെന്ന് മനസ്സിലാവുക.

ഒരിടത്ത് കൂട്ടമായി കാണപ്പെടുന്ന ചെറുമൺകുന്നുകൾ. അതിന്റെ ജ്വലാമുഖത്ത് കുമിളകളുയർത്തി കാണപ്പെടുന്ന കുഴമണ്ണ്. ഇടയ്ക്ക് കുമിളകൾ വിസ്ഫോടനങ്ങളായി, നനഞ്ഞ ചാരമണൽ പുറത്തേയ്ക്ക് തെറിച്ച് ലാവപോലെ ഒഴുകിപ്പരക്കുന്നു. അതിനാലാണ് ചുറ്റുമുള്ള  ഭൂമി ചാരനിരത്തിൽ കാണപ്പെടുന്നത്.

മൺജ്വലാമുഖി എന്നാണ് പറയുന്നതെങ്കിലും അഗ്നിപർവ്വതം എന്ന ഭൂപ്രതിഭാസവുമായി ഇതിന് കാര്യമായ ബന്ധമൊന്നുമില്ല. എണ്ണ, പ്രകൃതിവാതക നിക്ഷേപമുള്ള സ്ഥലങ്ങളോട് അനുബന്ധമായാണ് ഇവ കൂടുതലും കാണപ്പെടുന്നത്. അഗ്നിപർവ്വതങ്ങൾ പുറന്തള്ളുന്ന ലാവയോ, അവ ഉൾക്കൊള്ളുന്ന ഭയാനകമായ താപമോ മൺജ്വലാമുഖിയിൽ കാണാനാവില്ല. ഭൂപ്രതലത്തിന് അധികം താഴെയല്ലാതെ നടക്കുന്ന ചില വാതക പ്രതിപ്രവർത്തങ്ങളുടെ ഭാഗമായി ജലവും മണ്ണും കൂടിക്കുഴഞ്ഞ് സുഷിരങ്ങളിലൂടെ പുറത്തേയ്ക്ക് വമിക്കുന്നു. ജലം തിളയ്ക്കാൻ വേണ്ട നൂറു ഡിഗ്രിക്കപ്പുറത്തേയ്ക്ക് ഈ മിശ്രിതത്തിന്റെ ചൂട് പോകാറില്ല. മീഥേൻ പോലുള്ള ചില വാതകങ്ങളും ഒപ്പം ബഹിർഗമിക്കുന്നു.

മൺജ്വലാമുഖി
പലപ്പോഴായി ചലനാത്മകമാവുകയും ഇപ്പോൾ സുഷുപ്തിയിൽ കഴിയുന്നതുമായ മൺജ്വാലാമുഖികളും ഒരുപാടുണ്ട്. എല്ലാംകൂടി ഒരു വലിയ പ്രദേശമാകെ ചാരക്കുന്നുകളായും ചാരഭൂമിയായും കാണപ്പെടുന്നു.

ഉയരംകൂടിയ ഒരു മൺജ്വലാമുഖിയുടെ മുകളിലേയ്ക്ക് കയറി ഞാൻ ചുറ്റും നോക്കി...

ചാരനിറമാണ് ഒരുപാട്  ദൂരം.അതിനപ്പുറം, മഞ്ഞകലർന്ന തവിട്ടിലേയ്ക്ക് പകരുകയാണ് ഭൂമി. ഹരിതരഹിതമായ കുറ്റിച്ചെടികൾ തീർക്കുന്ന നിറഭേദവും. മൺജ്വാലാമുഖികളുടെ പ്രദേശം കഴിഞ്ഞാൽ, അസർബൈജാനിലെ സമതലഭൂപ്രകൃതിയുടെ സ്വാഭാവികതയായ ഉയരംകുറഞ്ഞ കുന്നുകളുടെ അനസ്യൂതത...

ചാരവും, അതിനപ്പുറം തവിട്ടും ലയിച്ച്, നിമ്‌നോന്നമായി നീണ്ടുപോകുന്ന ഭൂമിയിലേയ്ക്ക് നോക്കിനിൽക്കേ, മറ്റൊരു ഗ്രഹത്തിലാണെന്ന് തോന്നി. ചന്ദ്രന്റെ ഉപരിതലം ഇങ്ങനെയായിരിക്കാം എന്ന് സങ്കലിപ്പിച്ചു...

ഉഷ്ണമേഖലാപ്രകൃതിയുടെ പച്ച അനുഭവിച്ച് വളർന്നതിനു ശേഷം, മധ്യപൂർവ്വദേശത്ത് ജീവിക്കാനെത്തിയപ്പോൾ പ്രാഥമികമായി മടുപ്പിച്ചത് ഭൂപ്രകൃതി തന്നെയായിരുന്നു. പച്ചയുടെ അഭാവം വൈകാരികമായ ശൂന്യതയായാണ് ഉള്ളിൽ തൊട്ടത്. അതിനോടിണങ്ങാൻ കുറേ കാലമെടുത്തു. പിന്നീട്, മരുഭൂമിയിലേയ്ക്ക് ഇറങ്ങിനടക്കാൻ തുടങ്ങിയപ്പോഴാണ്, അത് മറ്റൊരു ജൈവലോകമാണെന്ന് അറിയാൻ തുടങ്ങിയത്. അഭാവമെന്നോ ശൂന്യതയെന്നോ ഞാനാദ്യം മനസ്സിലാക്കിയത് ശരിയായിരുന്നില്ല. മരുഭൂമി, വ്യത്യസ്തമായ പ്രകൃതി മാത്രം. ഭൂമിയെ സഹനീയമാക്കി നിർത്തുന്ന വൈവിധ്യങ്ങളുടെ സജീവവും ചലനാത്മകവുമായ മറ്റൊരടര്...

ഇപ്പോഴിതാ അതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ഭൂപ്രകൃതിയിലും. യാത്രയുടെ തൂവൽ കൊണ്ട് ഹൃദയത്തിൽ തലോടപ്പെട്ടവർക്ക് ഈ കാഴ്ചകൾ നൽകുക  ആനന്ദത്തിന്റെ ഉന്മത്തതയാണ്...!

അന്യഗ്രഹപ്രതീതിയിൽ നിന്നും എതിർഭാഗത്തേയ്ക്ക് തിരിഞ്ഞപ്പോൾ,  പെട്ടെന്ന് ഭൂമിയിലേയ്ക്ക് എത്തിയതുപോലെ. അവിടെ കാസ്പിയൻ കടലുണ്ട്. കടലിന്റെ കാഴ്ച ലോകത്തെവിടെയും സ്ഥിരപരിചിതം. ഏത് വിദൂരദേശത്തുവച്ച് കടൽ കണ്ടാലും,  ജന്മഗ്രാമത്തിന്റെ പകർച്ച പോലെയെ അനുഭവപ്പെടാറുള്ളൂ, തീരഭൂമി എത്രയൊക്കെ വ്യത്യസ്തമായാലും...

മൺജ്വാലാമുഖി
ഗോബുസ്താനിൽ നിന്നും ഞങ്ങൾ ബാക്കുവിലേയ്ക്ക് മടങ്ങി...

ബാക്കു പട്ടണത്തെ കുറിച്ച് ഒരുപാട് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. എങ്കിലും, തൈമൂർ ഞങ്ങളെ അപ്‌-ലാൻഡ് പാർക്കിലേയ്ക്ക് കൊണ്ടുപോയപ്പോൾ, അനേകം അടരുകളുള്ള ഒരു മഹാനഗരമാണ് ബാക്കുവെന്ന് വീണ്ടും അറിയുകയായിരുന്നു, ഇനിയും കാണാനും പറയാനും ഈ പട്ടണത്തിൽ ഒരുപാടുണ്ടെന്നും...

സോവ്യറ്റാനന്തരം അസർബൈജാൻ അതിന്റെ തലസ്ഥാനത്തെ എത്തരത്തിൽ ആധുനികവും സൗന്ദര്യാത്മകവുമായി നിർമ്മിച്ചെടുത്തിരിക്കുന്നു എന്നതിന്റെ മറ്റൊരു നിദർശനമാണ് അപ്-ലാൻഡ് പാർക്ക്.

കാസ്പിയൻ തീരത്തു നിന്നും ഉയർന്നുപോകുന്ന ഒരു കുന്നിനെ ഉദ്യാനമാക്കി മാറ്റിയിരിക്കുകയാണിവിടെ. ബാക്കു ബൊളിവാഡിന്റെ ഒരറ്റത്തു നിന്നാണ് ഇവിടേയ്ക്കുള്ള കയറ്റം ആരംഭിക്കുന്നത്. ആ കടൽത്തീര ഉദ്യാനത്തിന്റെ തുടർച്ച എന്നു വേണമെങ്കിൽ പറയാം. താഴെ നിന്നും കുന്നിൻ മുകളിലേയ്‌ക്കെത്താൻ ഫണിക്കുലർ തീവണ്ടി സേവനമുണ്ട്. എന്നാൽ തൈമൂർ ഞങ്ങളോട് അത് പറഞ്ഞിരുന്നില്ല. നിർഭാഗ്യവശാൽ, അങ്ങനെയൊരു സംവിധാനമുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ ഞങ്ങളും വിട്ടുപോയിരുന്നു. തൈമൂർ കാറിൽ തന്നെ ഞങ്ങളെ മുകളിലേയ്ക്ക് കൊണ്ടുപോയി. അവസാനത്തെ കുറച്ചുഭാഗം നടന്നുകയറുകയും ചെയ്തു.

ഫണിക്കുലർ ഉപയോഗിക്കാൻ പറ്റാത്തതിനാൽ ഞങ്ങൾ നിരാശരായി. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, അങ്ങനെയൊരു സംവിധാനത്തിൽ ഞങ്ങൾ ഇതുവരെ കയറിയിട്ടുണ്ടായിരുന്നില്ല. രണ്ട്, ഒരു സവിശേഷസ്ഥലത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇത്തരം വ്യവസ്ഥാപിത സംവിധാനങ്ങളാണ് യാത്രികരെ അവിടുത്തെ ഏറ്റവും പ്രധാനമായ കാഴ്ചകളിലേയ്ക്ക് കൊണ്ടിറക്കുക. ക്രമത്തോടെ എല്ലാം കാണാൻ അതുപകരിക്കും.

എന്തായാലും തൈമൂർ ഞങ്ങളെ പറ്റിച്ചു...!

ബാക്കു പട്ടണം അപ്-ലാൻഡ് പാർക്കിൽ നിന്നും കാണുമ്പോൾ
ബാക്കു പട്ടണത്തിലെ ഏറ്റവും ഉയരംകൂടിയ ഇടമാണിവിടം. കുന്നുകയറിയെത്തി, വിശാലമായി ഒരുക്കിയിട്ടിരിക്കുന്ന തട്ടിൽ നിന്നാൽ, കാസ്പിയൻ തീരത്തായി പട്ടണം എങ്ങനെയാണ് വിന്യാസിതമായിരിക്കുന്നതെന്ന ആകാശവീക്ഷണം കിട്ടും. ഒരു സ്ഥലത്തെ മറ്റൊരു സ്ഥലവുമായി താരതമ്യം ചെയ്യുന്നതിൽ ക്രിയാത്മകമായി ഒന്നുമില്ലെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. എങ്കിലും മറ്റേതൊരു പട്ടണത്തിലെത്തിയാലും, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലെ  പട്ടണങ്ങളിലെത്തിയാൽ, അതിനെ എന്റെ മാതൃനഗരമായ തിരുവനന്തപുരവുമായി അബോധമായി തന്നെ തുലനംചെയ്തുപോകും. അപ്-ലാൻഡ് പാർക്കിലെ ഗാംഭീര്യത്തിൽ മഗ്നമായി, താഴേയ്ക്ക്, ബാക്കു പട്ടണത്തിലേയ്ക്ക് നോക്കിനിൽക്കെ തിരുവനന്തപുരത്തെ പ്രതി സങ്കടവും നിരാശയും തോന്നി. വെറും മൂന്നു ദശാബ്ദങ്ങൾക്ക് മുൻപുമാത്രം സ്വതന്ത്രമായ ചെറിയൊരു രാജ്യം അതിന്റെ ഒരു പട്ടണം എത്ര ഭംഗിയോടെയും ആസൂത്രണത്തോടെയമാണ് പുനർനിർമ്മിച്ചെടുത്തിരിക്കുന്നത്. അളവുചാരുതയോടെ, പ്രൗഢലാവണ്യത്തോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന പട്ടണം ഒരളവുവരെ അവിടെ ലീനമായിരിക്കുന്ന മനുഷ്യാവസ്ഥയുടെയും അനുഭവത്തിന്റെയും പ്രതിഫലനം കൂടിയാണ്.

കുന്നിനു മുകളിൽ നിവർത്തിച്ചിരിക്കുന്ന ഹരിതാഭമായ പ്രദേശമാണെങ്കിലും ഇത് വെറുമൊരു ഉദ്യാനം മാത്രമല്ല. ഏറ്റവും പുതിയ നഗരഭാഗമായി തന്നെയാണ് ഇവിടം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.  ബാക്കുവിലെ ഏറ്റവും പ്രധാനമായ പല സർക്കാർ സ്ഥാപനങ്ങളും മറ്റും സ്ഥിതിചെയ്യുന്നത് അപ്-ലാൻഡ് പാർക്കിലാണ്. നാഷണൽ അസംബ്ലി കെട്ടിടവും അതിൽപ്പെടുന്നു.

എന്നാൽ ഇവിടുത്തെ ഏറ്റവും പ്രധാനമായ വാസ്തുനിർമ്മിതി ലോകപ്രശസ്തമായ 'ഫ്‌ളെയിം ടവേഴ്‌സാ'ണ്. അതിധൃതം വളരുന്ന ഒരാധുനിക പട്ടണം എന്ന നിലയ്ക്ക് ബാക്കു മുന്നിലേയ്ക്ക് വയ്ക്കുന്ന ഏറ്റവും സവിശേഷമായ നിർമ്മിതിയാണ് ഈ 'തീനാള ഗോപുരങ്ങൾ'. ബാക്കുവിലെ എന്നല്ല, രാജ്യത്തെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടം. തീനാളത്തിന്റെ ആകൃതിയിലുള്ള മൂന്ന് കെട്ടിടങ്ങളുടെ സമുച്ചയം. അഗ്‌നിദേശം എന്നറിയപ്പെടുന്ന ഒരു രാജ്യം അതിന്റെ ഐക്കോണിക്ക് വാസ്തുനിർമ്മിതി തീനാളങ്ങളുടെ ആകൃതിയിൽ ആവിഷ്കരിച്ചതിന്റെ സൗന്ദര്യബോധവും ഔചിത്യവും നിസ്തർക്കം. സ്വതേവയുള്ള ഉയരത്തിനൊപ്പം കുന്നിനു മുകളിൽ സ്ഥാപിതമായതിനാൽ, ബാക്കു പട്ടണത്തിന്റെ ഏതുഭാഗത്ത് നിന്നാലും ഈ പ്രൗഢനിർമ്മിതി, ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ കാഴ്ച്ചയിൽ ഉടക്കികിടക്കും.

ഫ്‌ളെയിം ടവേഴ്സ്
പ്രസ്താവം പോലെ പറഞ്ഞുപോകാം എന്നതിനപ്പുറം ഒരു നഗരത്തിന്റെ സൗന്ദര്യത്തെ കൃത്യമായി നിർവ്വചിക്കുക പ്രയാസമാണ്. നിയതമായ കല്പനകളില്ലാത്ത ഭൂമികയാണത്. അപ്-ലാൻഡ് പാർക്കിന് മുകളിൽ ബാക്കുവിനെ നോക്കിനിൽക്കുമ്പോൾ ആ സന്ദിഗ്‌ദ്ധത ഞാൻ അറിയുന്നുണ്ട്. രണ്ടു ദിവസത്തെ താമസത്തിനിടയ്ക്ക് ഈ നഗരം കാഴ്ച്ചയിൽ മനോഹരമാണെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു. പക്ഷെ അതെങ്ങനെയൊക്കെ അടയാളപ്പെടുത്തണം എന്നത് ശ്രമകരമാണ്. എങ്കിലും കഴിഞ്ഞ അദ്ധ്യായങ്ങളിൽ വിശദമായി ചിത്രീകരിക്കാൻ ശ്രമിച്ച നിസാമി തെരുവും ഇചേരി ഷെഹറും ബാക്കു ബൊളിവാഡും ഒക്കെ പ്രസ്തുത നഗരലാവണ്യത്തിന് നിദാനമാകുന്നു. കല്ലുകൾ അടുക്കി കെട്ടിപ്പൊക്കുന്ന ഇത്തരം ഭൗതികതകൾ മാത്രമാണോ ഒരു നഗരത്തെ സുന്ദരമാക്കുന്നത്? അല്ല എന്നത് നിസ്തർക്കമാണ്.

നഗരത്തെ വിർവ്വചിക്കാനുതകുന്ന ആത്മീയഘടകം അവിടെ ജീവിക്കുന്ന മനുഷ്യനാണ്!

ജന്തുജാലങ്ങൾ, ഭൂമിയിൽ, അനുയോജ്യമായ പ്രകൃതിയും ആവാസവ്യവസ്ഥയും കണ്ടെത്തി ജീവിച്ചുപോകുന്നു. സ്വയം ഒരു ആവാസവ്യവസ്ഥ ഉണ്ടാക്കിയെടുക്കാൻ അവ തുനിയുന്നില്ല. മനുഷ്യൻ മാത്രമാണ് നഗരങ്ങൾ സൃഷ്ടിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ലോകത്തിലെ പകുതിയോളം മനുഷ്യർ ജീവിക്കുന്നത് നഗരങ്ങളിലാണ്. 2050 - ആകുമ്പോഴേയ്ക്കും അത് എഴുപത് ശതമാനമായി വർദ്ധിക്കുമത്രേ.

ആ മനുഷ്യർ കെട്ടിപ്പൊക്കുന്ന മാനവസംസ്കൃതിയുടെ വൃത്താന്തമാണ് ഏതൊരു നഗരത്തിന്റെയും അതീതലാവണ്യം...!

ലണ്ടൻ ടാക്സി
കുന്നിൻമുകളിലെ ഉദ്യാനത്തിൽ നിന്നും താഴേയ്ക്ക് ഇറങ്ങിവരുമ്പോൾ, പാർക്കിംഗിൽ ചില 'ലണ്ടൻ ടാക്‌സി'കൾ കിടപ്പുണ്ടായിരുന്നു. ഈ അദ്ധ്യായത്തിന്റെ തുടക്കത്തിൽ 'ലാഡാ' കാറുകളെക്കുറിച്ച് പരാമർശിച്ചിരുന്നുവല്ലോ. അവയുടെ ഗ്രാമീണമായ സാമൂഹികപരിസരം എന്താണോ പ്രകാശിപ്പിക്കുന്നത് അതിന്റെ വിപരീതത്തിൽ വയ്ക്കാവുന്ന രൂപകമാണ് ലണ്ടൻ ടാക്‌സികൾ. അസർബൈജാനിലെ ഗ്രാമ-നഗര ദ്വന്ദത്തിന്റെ കൃത്യമായ ബിംബങ്ങൾ.

ലണ്ടൻ ടാക്‌സി എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷാകാരമുള്ള ഈ കാറ് ആർഭാടത്തിന്റെ അവസാനവാക്കൊന്നുമല്ല. പക്ഷെ അവ നാഗരികതയുടെയും ആധുനികതയുടെയും സമകാലരൂപകമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട  നഗരങ്ങളിലൊന്നായ ലണ്ടനിൽ, കുതിരവണ്ടിക്കാലത്താരംഭിച്ച ടാക്സി സർവീസിൽ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ് ഗരിമയുള്ള ഈ വാഹനം. നഗരപ്രൗഢിയുടെ ഭാഗമായി ലണ്ടനിലെ നിരത്തുകളിൽ അവയിന്നും വിഹരിക്കുന്നു. ബാക്കു എന്തായിരിക്കുന്നു, എങ്ങനെയായിരിക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ മറ്റൊരു പ്രത്യക്ഷതയാണ് ഈ ഭൗതീകാശയത്തിന്റെ ഇറക്കുമതി എന്ന് കരുതാം.

പാർക്കിങ്ങിൽ ഉണ്ടായിരുന്ന ലണ്ടൻ ടാക്സികളിൽ ഒന്നിന്റെ ബോണറ്റിൽ ഇൻഡ്യൻ പതാക പാറുന്നു. ഞങ്ങളെ കണ്ടിട്ട് ഒരു ഓട്ടം കിട്ടും എന്നുകരുതി അതിന്റെ ഡ്രൈവർ കാട്ടിയ വികൃതിയാവുമോ? അങ്ങനെയാവാൻ വഴിയില്ല. പല രാജ്യക്കാരായ വിനോദസഞ്ചാരികൾ എത്തുന്നിടത്ത് ഞങ്ങൾക്ക് മാത്രമായി എന്ത് പ്രത്യേകത? മാത്രവുമല്ല, അയാൾ ഞങ്ങളെ കണ്ടതായും തോന്നിയില്ല.

എന്തായാലും, അയാൾക്കടുത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു:
"എന്തുകൊണ്ടാണ് ഇൻഡ്യൻ പതാക?"
"ഐ ലൈക് ഇൻഡ്യ...!"
അതെന്നെ സന്തോഷിപ്പിച്ചു.
അതിനുശേഷം പറഞ്ഞത് അത്ര സന്തോഷിപ്പിച്ചില്ല:
"ഐ ഡോന്റ് ലൈക് പാക്കിസ്ഥാൻ...!"

- തുടരും -   

2018, നവംബർ 3, ശനിയാഴ്‌ച

അഗ്നിദേശം - നാല്

ഗോബുസ്താൻ കുന്നിലേയ്ക്കുള്ള പ്രവേശനഭാഗം അടഞ്ഞുകിടക്കുകയാണ്. പത്തുമണിക്കേ ഗേറ്റ് തുറക്കുകയുള്ളുവത്രെ. ഞങ്ങൾ കുറച്ചു നേരത്തേ എത്തിയിരിക്കുന്നു. ഇവിടുത്തെ കാവൽക്കാരനായ പോലീസുകാരനും ഞങ്ങളുടെ വഴികാട്ടി തൈമൂറും പിന്നെ ഞങ്ങൾ രണ്ടുപേരും - മരുഭൂസമാനമായി കാണപ്പെടുന്ന ഈ വിജനപ്രദേശത്ത് ഇപ്പോൾ ഈ നാലുപേർ മാത്രമേയുള്ളൂ.

അങ്ങകലെ ഞങ്ങൾക്ക് പോകേണ്ട ഗോബുസ്താൻ കുന്നുകളുടെ നീണ്ടനിര കാണാം. അതിന് മുകളിൽ ആകാശത്തിന്റെ നീലിമ, തീക്ഷ്ണമായിത്തുടങ്ങുന്ന വെയിലിൽ വിളറുന്നു...

അടഞ്ഞുകിടക്കുന്ന ഗേറ്റിനുമുന്നിൽ വണ്ടികൊണ്ട് നിർത്തിയ സമയം മുതൽ പൊലീസുകാരനുമായി ഗൗരവമായ ചർച്ചയിലാണ് തൈമൂർ. പോലീസുകാരൻ തന്റെ നിരീക്ഷണമുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങി വന്നിരിക്കുന്നു. ആ ചെറിയ കെട്ടിടത്തിന്റെ ഓരത്ത് ഒരു മരുമരം ഒറ്റപ്പെട്ട് നിൽപ്പുണ്ട്. തൈമൂർ സമ്മാനിച്ച സിഗററ്റുമായി പോലീസുകാരൻ ആ മരത്തണലിൽ നിന്ന് പുതിയ കൂട്ടുകാരനുമായുള്ള സംസാരം തുടരുന്നു...

ഗോബുസ്താൻ ഒരു സംരക്ഷിതപ്രദേശമാണ്. അതിന്റെ വേലിക്കെട്ടിനു പുറത്തുകൂടി, വരണ്ട വിജനതയിലൂടെ ഞങ്ങൾ കുറച്ചുസമയം വെറുതേ നടന്നു. ഇനി ഒരിക്കൽ കൂടി വന്നെത്താൻ ഇടയില്ലാത്ത പ്രദേശം.

ഗോബുസ്താൻറെ ഭൂപ്രകൃതി
രാവിലെ പറഞ്ഞുറപ്പിച്ച സമയത്തു തന്നെ തൈമൂർ ഹോട്ടൽ ലോബിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്രയിലുടനീളം ഈ ചെറുപ്പക്കാരൻ കൃത്യനിഷ്ഠപാലിച്ചിരുന്നു എന്നത് പരാമർശമർഹിക്കും. 

ബാക്കു പട്ടണത്തിൽ നിന്നും ഏകദേശം എഴുപത് കിലോമീറ്റർ തെക്കുമാറിയുള്ള തീരദേശപ്രദേശമാണ് ഗോബുസ്താൻ. കാസ്പിയന് സമാന്തരമായി നീണ്ടുപോകുന്ന പാതയിലൂടെയാണ് സഞ്ചാരം. യാത്രയിലുടനീളം കാസ്പിയൻ കാഴ്ചയിൽ തന്നെയുണ്ടായിരുന്നു. ഇറാനിലേയ്ക്ക് നീളുന്ന പെരുവഴിയാണ്. ഗോബുസ്താനിൽ നിന്നും, ഈ വഴി, ഇറാൻ അതിർത്തിയിലേയ്ക്ക് ഏകദേശം ഇരുന്നൂറ് കിലോമീറ്ററാണ് ദൂരം.

തെളിഞ്ഞ ദിവസമാണ്. വെയിലുണ്ട്. കാറിന്റെ സ്‌ഫടികജാലകം തുറന്നിരിക്കുന്നു. അതിലൂടെ അടിച്ചുകയറുന്ന കാറ്റിന് ഇപ്പോൾ സുഖകരമായ കുളിര്. എന്നാൽ വരാനിരിക്കുന്ന പകൽ തീക്ഷ്ണമാകുമെന്ന സൂചന വെയിലിന്റെ നിറത്തിലുണ്ട്...

ബാക്കു വിട്ട് അസർബൈജാന്റെ ഉൾനാടുകളിലേയ്ക്കുള്ള ആദ്യത്തെ പോക്കാണ്. ബാക്കുവിന്റെ പ്രധാന നഗരഭാഗം കഴിഞ്ഞും, ഈ പെരുവഴിയുടെ ഇരുഭാഗത്തും ആധുനികതയുടെ സ്പർശമുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഉയർന്നുവന്നരിക്കുന്നത് കാണാം. ബാക്കു അതിന്റെ അതിരുകൾ കടന്ന് വളരുന്നു...

ഇത്തരം നാഗരിക നിർമ്മിതികൾ സാവധാനം വഴിമാറുന്നത് ഒറ്റപ്പെട്ടു നിൽക്കുന്ന  വ്യവസായശാലകൾക്കാണെന്ന് കുറച്ചുകൂടി ചെല്ലുമ്പോൾ അറിയാനാവും. എണ്ണ  അനുബന്ധമായ വ്യവസായങ്ങളാവണം. പാതയ്ക്ക് സമാന്തരമായുള്ള കാസ്പിയൻ കടൽഭാഗം എണ്ണക്കിണറുകളാൽ സമ്പന്നമാണ്. കാറിലിരിക്കുമ്പോൾ കടലകലത്തിൽ അവ്യക്തമായി അത് കാണാനാവും. ബാക്കു പട്ടണത്തിന് മുകളിലൂടെ വിമാനം താഴ്ന്നുപറക്കുമ്പോൾ, കഴിഞ്ഞ ദിവസം, ആ ഭൂമിശാസ്ത്രം കുറച്ചുകൂടി വ്യക്തമായി കണ്ടുമനസ്സിലാക്കിയിരുന്നു. കരയിലൂടെ സഞ്ചരിക്കുമ്പോൾ ഭൂമിയുടെ കിടപ്പ് സ്ഥൂലാവസ്ഥയിൽ മനസ്സിലാക്കാൻ പ്രയാസമാണ്. അതിനെ ഒട്ടൊന്ന് മറികടക്കാൻ വിമാനക്കാഴ്ച സഹായിക്കും. എന്നാൽ ഇന്ന്, ആ കാഴ്ചയ്ക്കും അറിവിനും പ്രസ്തുതപ്രദേശത്തിന്റെ മുകളിലൂടെ വ്യോമസഞ്ചാരം നടത്തേണ്ട കാര്യമില്ല. വീട്ടിലിരുന്നാലും ആ വിഗഹവീക്ഷണം സാധിക്കും - ഗൂഗിൾ എർത്ത് ഉണ്ടല്ലോ.

സമകാലത്ത് യാത്രകളെ ആയാസരഹിതവും ഭദ്രവും സർഗാത്മകവുമാക്കാൻ ഒരുപാട് സംവിധാനങ്ങൾ വ്യാപകമായി, തുച്ഛമായ ചിലവിൽ ലഭ്യമാണ്. ജി. പി. എസ്സും ഗൂഗിൾ മാപ്പും ഗൂഗിൾ എർത്തുമൊക്കെ ഒരു വശത്ത് വഴികാട്ടിയായുണ്ട്. ട്രിപ്പ് അഡ്വൈസറും മറ്റും പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള വൈവിധ്യമുള്ള അഭിപ്രായങ്ങൾ നിങ്ങൾക്കുമുന്നിൽ എത്തിക്കുന്നു. പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ, അത് ലോകത്തിന്റെ ഏത് മൂലയിലുള്ള കുഗ്രാമമായാലും, ചിത്രങ്ങളും ചലച്ചിത്രങ്ങളും, സേർച്ച് എൻജിനുകൾ നൽകുന്നു. യാത്രയ്ക്ക് മുൻപുള്ള ഇത്തരം തയ്യാറെടുപ്പുകൾ തന്നെ വളരെ സന്തോഷം നൽകുന്ന ഒരു വ്യായാമമാണ്...

ഗോബുസ്താനിലേയ്ക്കുള്ള വഴി. ബാക്കുവിന്റെ പ്രാന്തപ്രദേശം
'എണ്ണ വ്യവസായത്തിന്റെ ജന്മദേശം' എന്നാണ് അസർബൈജാൻ അറിയപ്പെടുന്നത്. 'അഗ്‌നിദേശം' എന്ന വിളിപ്പേര് വന്നതും എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അസുലഭത കൊണ്ടാണ്. ഭൂമിയിൽ നിന്നും സ്വാഭാവികമായി ബഹിർഗമിക്കുന്ന വാതകം, ഒരുകാലത്ത്, പ്രദേശത്തിന്റെ പലഭാഗങ്ങളെയും അഗ്നിഭരിതമാക്കിയിരുന്നു. അതിനാൽ തന്നെ ഈ രണ്ട് വിശേഷണങ്ങളും പരസ്പരപൂരകമാണ്.

എണ്ണയിൽ നിന്നും മാറി മറ്റൊരസ്തിത്വം അസർബൈജാന് ഒരുകാലത്തും ഉണ്ടായിരുന്നില്ല, പുരാതനമായ നാളുകളിൽ പോലും. ഈ രാജ്യത്തിന്റെ ഭാഗധേയം, ഭാഗ്യദൗർഭാഗ്യങ്ങൾ, അന്നും ഇന്നും നിർണ്ണയിച്ചുകൊണ്ടിരിക്കുന്നത് എണ്ണയാണ്. ഇന്ന് കാണുന്ന പല ഉപയോഗങ്ങളും അന്ന് എണ്ണയ്ക്കുണ്ടായിരുന്നില്ലെങ്കിലും മൂന്നും നാലും നൂറ്റാണ്ടുകളിൽ തന്നെ ഈ പ്രദേശത്തു നിന്നും എണ്ണ ഖനനം ചെയ്തിരുന്നു. ഇന്ന് എണ്ണ ഉപയോഗിച്ചുമാത്രം പ്രവർത്തനക്ഷമമാകുന്ന പല യന്ത്രങ്ങളും അന്ന് കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. തീകത്തിക്കാനുള്ള ഇന്ധനമായും ചില ത്വക് രോഗങ്ങൾക്കുള്ള മരുന്നുമായാണ് എണ്ണ കൂടുതലും ഉപയോഗിക്കപ്പെട്ടിരുന്നത്. എണ്ണയുടെ സാന്നിധ്യം അത്രയും കൂടുതലാവുകയാൽ, ശ്രമകരമായ സാങ്കേതികദൗത്യം ഒന്നുമില്ലാതെ, സ്വാഭാവികമായി തന്നെ ഭൂപ്രതലത്തിലേയ്ക്ക് അത് പുറന്തള്ളപ്പെട്ടുകൊണ്ടിരുന്നുവത്രേ, അക്കാലത്ത്. ലോകയാത്രികനായ മാർക്കോ പോളോയുടെ സഞ്ചാരകുറിപ്പിൽ, ജോർജിയയുടെ അതിരിൽ എണ്ണവമിക്കുന്ന ദേശങ്ങൾ കാണാം എന്ന് പറയുന്നുണ്ട്. (എന്തൊരു സഞ്ചാരിയാണീ മാർക്കോ പോളോ...?! അയാൾ കാണാത്തതും പറയാത്തതുമായി എന്താണിനി ബാക്കിയുള്ളത്...?!)

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അസർബൈജാൻ റഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലാവുന്നതോടെയാണ് കുറച്ചുകൂടി വ്യാപകമായും വ്യാവസായികമായും എണ്ണഖനനം വിപുലപ്പെടുന്നത്. പിന്നീട് സോവ്യറ്റ് കാലമാവുമ്പേഴേയ്ക്കും അതിന്റെ ഏറ്റവും സാന്ദ്രമായ തലത്തിലേയ്ക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞിരുന്നു. വാതക ബഹിർഗമനത്താൽ പ്രകൃത്യാ കത്തിക്കൊണ്ടിരുന്ന പല ഭാഗങ്ങളിലെയും തീ അണഞ്ഞുപോയതും ഇക്കാലത്താണ്. അനിയന്ത്രിതമായ ചൂഷണത്താൽ, ഭൂഗർഭത്തിലെ എണ്ണ, പ്രകൃതിവാതക നിക്ഷേപത്തിൽ കാര്യമായ കുറവുവന്നതാണ് കാരണം. സമകാലത്തും ഈ രാജ്യത്തിന്റെ സാമ്പത്തികാടിത്തറ പെട്രോളിയം ഉത്പന്നങ്ങളിൽ ഊന്നിയാണ് നിൽക്കുന്നത്. ഗോബുസ്താനിലേക്കുള്ള വഴിയിൽ, കാസ്പിയൻ കടലിൽ ഉയർന്നു കാണപ്പെടുന്ന എണ്ണഖനനത്തിനായുള്ള നിർമ്മിതികളും, തീരത്തുള്ള വ്യവസായശാലകളും അതിന്റെ പ്രത്യക്ഷവത്കരണമാകുന്നു.

ഗോബുസ്താനിലേക്കുള്ള വഴിയിൽ കണ്ട പള്ളി 
ഇറാനിലേയ്ക്ക് നീളുന്ന പ്രധാനപാതയിലൂടെ ഏതാണ്ട് എഴുപത് കിലോമീറ്റർ സഞ്ചരിച്ചുകഴിഞ്ഞപ്പോൾ ഗോബുസ്താൻ കുന്നുകളിലേയ്ക്ക് പോകുന്ന ഗ്രാമീണപാതയിലേയ്ക്ക് തൈമൂർ കാർ തിരിച്ചു. ബാക്കുവല്ല അസർബൈജാന്റെ ഗ്രാമങ്ങൾ എന്ന് പെട്ടെന്നുതന്നെ മനസ്സിലാക്കാനാവും. ഇടയ്ക്കിടയ്ക്ക് കുഴികളുള്ളതും കാര്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതുമായ റോഡ്. അത്രയൊന്നും മോടിയില്ലാത്ത നിരത്തോരങ്ങൾ. ഉയർത്തിക്കെട്ടിയ മതിലുകൾക്കുള്ളിൽ തകരംമേഞ്ഞ ഗ്രാമഭവനങ്ങളുടെ മേൽക്കൂര കാണാം. എങ്കിലും, നിരത്തുവക്കിലൂടെ, അവിടം വൃത്തിയാക്കികൊണ്ട് ഒരു ജോലിക്കാരൻ സാവധാനം നടന്നുപോകുന്നത് ഇടയ്ക്ക് കാണുകയുണ്ടായി. എന്നാൽ, പൊതുവേ, ബാക്കു പട്ടണം പ്രകാശിപ്പിക്കുന്ന ആർഭാടത്തിന് അനുസാരിയായല്ല അസർബൈജാന്റെ ഗ്രാമങ്ങൾ നിലനിൽക്കുന്നത്. ആ മനസ്സിലാക്കലിലൂടെയാണ്, ഗോബുസ്താൻ കുന്നിന്റെ അടഞ്ഞുകിടക്കുന്ന കവാടത്തിനു മുന്നിൽ ഞങ്ങൾ എത്തിയത്.

പത്തുമണി നേരമായപ്പോൾ ഒന്നിനു പിറകേ ഒന്നായി ടൂറിസ്റ്റുവാഹനങ്ങൾ, ഗ്രാമപാതയിലൂടെ പൊടിപറത്തി എത്താൻ തുടങ്ങി. ഗേറ്റിനു മുന്നിൽ അവ നിരന്നു. അസർബൈജാനിലെത്തുന്ന സന്ദർശകരെല്ലാവരും തന്നെ ഗോബുസ്താനിലുമെത്തുന്നു. ഈ രാജ്യം ലോകത്തിനു മുന്നിൽ സാഭിമാനം പ്രദർശനത്തിനു വച്ചിരിക്കുന്ന പ്രൈതൃകസ്ഥാനമാണ് ഗോബുസ്താൻ ദേശീയോദ്യാനം (Gobustan National Park). കൃത്യം പത്തുമണിയായപ്പോൾ പോലീസുകാരൻ ഗേറ്റ് തുറന്നു. വാഹനങ്ങൾ ഒന്നൊന്നായി അകത്തേയ്ക്ക് പ്രവേശിച്ചു. പക്ഷെ അപ്പോഴും തൈമൂറും പോലീസുകാരനുമായുള്ള സംസാരം അവസാനിച്ചിരുന്നില്ല. അവസാനം തൈമൂർ കാറിൽ വന്നുകയറി. ആ പോലീസുകാരൻ തന്റെ അച്ഛന്റെ കൂട്ടുകാരനാണെന്ന് അയാൾ ഞങ്ങളെ അറിയിച്ചു. തൈമൂറിന്റെ അച്ഛൻ പോലീസുകാരനും അമ്മ അധ്യാപികയുമാണെന്ന് അയാൾ മുൻപ് പറഞ്ഞിരുന്നതോർത്തു. എന്നാൽ ആ പോലീസുകാരനായി തൈമൂർ മറ്റുചില ഗൂഡാലോചനകൾ കൂടി നടത്തുകയായിരുന്നു എന്ന് പിന്നീട് ഞങ്ങൾക്ക് അറിയാനായി.

ഗോബുസ്താൻ ദേശീയോദ്യാനത്തിലേയ്ക്കുള്ള പ്രവേശനഭാഗം
കവാടം കടന്ന് ഏതാണ്ട് ഒരു കിലോമീറ്റർ പോയിക്കഴിയുമ്പോൾ കുന്നിന്റെ താഴ്വാരത്തിലെത്തും. അവിടെ നിന്നാണ് മുകളിലേയ്ക്ക് കയറാനുള്ള ചീട്ടെടുക്കേണ്ടത്. പ്രദേശത്തിന്റെ പൗരാണികമായ ചരിത്രം വിശദീകരിക്കുന്ന ഒരു മ്യൂസിയം ഈ ഭാഗത്തുണ്ട്. അത് മടങ്ങിവരവിൽ കാണാം, ഇപ്പോൾ കുന്നിൻ മുകളിലേയ്ക്ക് വണ്ടിവിടൂ എന്ന് തൈമൂറിനോട് ആവശ്യപ്പെട്ടു. വെയിൽ കടുത്തിരിക്കുന്നു. അസഹ്യമായി ചൂടുള്ള വെയിലല്ലെങ്കിലും, ഇനിയും താമസിച്ചാൽ കുന്നിന് മുകളിലൂടെയുള്ള നടത്തം ആയാസകരമാക്കാൻ അതുമതിയാവും. വീണ്ടുമൊരു രണ്ടു കിലോമീറ്റർ കൂടി കാറിൽ തന്നെ മുകളിലേയ്ക്ക് കയറിപ്പോകാനാവും. അവിടെ നിന്നു വേണം പാറമുഖങ്ങളിൽ വരയപ്പെട്ടിരിക്കുന്ന ചരിത്രാതീതകാലത്തെ ചിത്രസമുച്ചയത്തിലേയ്ക്ക് പ്രവേശിക്കാൻ.

ചുണ്ണാമ്പുപാറയുടെ വലിയ കഷണങ്ങൾ ഭീകരരൂപികളായി എമ്പാടും ചിതറിക്കിടക്കുന്ന കുന്നിൻപുറം. നമ്മുടെ നാട്ടിൽ കാണുന്ന കറുത്ത പാറയല്ല. തവിട്ടു നിറമുള്ള, മരുഭൂമണം പേറുന്ന പാറക്കൂട്ടങ്ങൾ. ഡെക്കാന്റെ ചില ഭാഗങ്ങളിലെ  വരണ്ടകുന്നുകളിൽ സമാനമായ ഭൂപ്രതലം കണ്ടിട്ടുണ്ട്.  എങ്കിലും അവിടെയുള്ള ഉരുണ്ട പാറക്കൂട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി കൂർത്ത അരികുകളുള്ള കൂറ്റൻ കൽപ്പാളികളാണ് ഗോബുസ്താൻ കുന്നുകളെ മുഖരിതമാക്കുന്നത്. ഒരുപക്ഷെ ഏതോ അതിപ്രാചീനകാലത്ത് കാസ്പിയൻ കടൽ എന്ന ബൃഹത് തടാകം ഈ കുന്നുകളെ സ്പർശിച്ച് വ്യതിരിക്തമായി രൂപപ്പെടുത്തിയതാവാം.

വിസ്തൃതമായി നീണ്ടുപോകുന്ന പാറക്കുന്നിനു മുകളിൽ നിൽക്കുമ്പോൾ അനുഭവിക്കാനാവുന്ന ഒരുതരം വിജനനിഗൂഢത... പാറകൾക്കിടയിലെ നേർത്ത മണൽപ്രതലത്തിൽ, ആ അനുഭവത്തിന് കുറച്ചുകൂടി വന്യത നൽകി, വരണ്ട രൂപമുള്ള കുറ്റിച്ചെടികളും. അതിനിടയിലൂടെ കാണപ്പെടുന്ന നടവഴി. ഞങ്ങൾ മുന്നോട്ട് നടന്നു...

ഗോബുസ്താനിലെ പാറകൾ
പാറമുഖങ്ങളിൽ വരഞ്ഞ കൊത്തുചിത്രങ്ങൾ ഒന്നിനു പിറകേ ഒന്നായി ഈ പ്രദേശത്താകമാനം ചിതറിക്കിടക്കുന്നു. ഏകദേശം ആറായിരത്തോളം ചിത്രങ്ങളുണ്ടാവും എന്ന് കണക്കാക്കപ്പെടുന്നു. ഇരുപതിനായിരം വർഷങ്ങൾക്ക് മുൻപ് നിന്ന് തുടങ്ങി അയ്യായിരം വർഷം മുൻപുവരെ നീണ്ടുകിടക്കുന്ന വിസ്തൃതമായ  കാലയളവിനിടയ്ക്ക് പലപ്പോഴായി കൊത്തിയെടുക്കപ്പെട്ടതാണ് ഈ ചിത്രങ്ങൾ എന്നാണ് അഭിജ്ഞമതം. ഹിമയുഗം അവസാനിക്കുമ്പോൾ കോക്കസസ് പ്രദേശത്ത് ഉയർന്നുവന്ന പ്രാചീനമനുഷ്യരുടെ സാമൂഹ്യാവസ്ഥ ഏറെക്കൂറെ മനസ്സിലാക്കാൻ ഉതകുംവിധം വിപുലമായ ചിത്രവിന്യാസം. തെളിമയുള്ള പകലിൽ, പാറകളിൽ കൊത്തപ്പെട്ട ചിത്രങ്ങൾ എമ്പാടും കാണുമ്പോൾ, പക്ഷെ, അവയൊക്കെയും ഇന്നലെ വരയപ്പെട്ടവ എന്നപോലെ അനുഭവപ്പെടുന്നു...

പാറകൾക്കിടയിലെ ചില ഇടുക്കുകളിലൂടെ നടക്കുകയാണ്. ഇരുഭാഗങ്ങളിലും ചിത്രങ്ങൾ. അവയിൽ നിഴലിന്റെ കാളിമ. അതിൽ അവനവന്റെ ശ്വാസോഛ്വാസം പ്രതിധ്വനിക്കുമ്പോൾ ഒരു പ്രാചീനമനുഷ്യനെ നമ്മൾ കാണും. അവന്റെ കൈകളിൽ, ഒരു പാറക്കഷണത്തിൽ മിനുക്കിയെടുത്ത പണിയായുധം കാണും. വേട്ടയാടിക്കൊന്ന ഏതോ മൃഗത്തിന്റെ തോൽ അതേപടി ഉരിഞ്ഞെടുത്ത വസ്ത്രത്തിന്റെ പ്രാക്തനഗന്ധം. തറനിരപ്പിൽ നിന്നും ഉയരത്തിലെത്താൻ, ചെറുപാറയിൽ കയറി നിന്ന്, കാട്ടുപോത്തുപോലിരിക്കുന്ന അക്കാലത്തെ ഏതോ ഒരു വന്യമൃഗത്തിന്റെ ചിത്രം അവൻ കൊത്തിയെടുക്കുന്ന സർഗ്ഗവാസന അത്ഭുതത്തോടെ നോക്കിനിൽക്കാം. ഇരുപതിനായിരം വർഷങ്ങൾ..., എത്രയോ തലമുറകൾ..., കാലത്തിന്റെ എന്തെന്ത് വിസ്ഫോടനങ്ങൾ...?! എങ്കിലും ഇതാ ലോകത്തിന്റെ മറ്റേതോ കോണിൽ നിന്നും വന്ന ഒരാൾ ആ കൊത്തുചിത്രം കാണുന്നു. ഹിമയുഗത്തിലെ മഞ്ഞുപോലെ കാലം ഘനീഭവിക്കുന്നു...!

മനുഷ്യരൂപങ്ങൾ, മൃഗങ്ങൾ, നൃത്തം, വേട്ടയാടൽ, മത്സ്യബന്ധനം - അങ്ങനെ അക്കാലത്തെ മനുഷ്യജീവിതത്തിന്റെ, പ്രദേശത്തിന്റെ, ചരിത്രവും പ്രകൃതിയും തന്നെയാണ് ഈ കൊത്തുചിത്രങ്ങളിൽ നിവർത്തിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യപരിണാമത്തിലെ ഒരേട്‌. പ്രാക്തനമായ ഗോത്രജീവിതം എത്തരത്തിലായിരുന്നു എന്ന് കുറച്ചൊക്കെ മനസ്സിലാക്കിയെടുക്കാൻ ഈ ചിത്രങ്ങൾ സഹായിച്ചേയ്ക്കാം. എന്നാൽ എല്ലാ ചിത്രങ്ങളും വേർതിരിച്ച് വിശദമായി കാണാനും, അവയ്ക്കു പിന്നിലെ അനുഭവനേരങ്ങൾ സങ്കല്പത്തിൽ മെനഞ്ഞ് ആമഗ്നനാവാനും ഇവിടെ ഒരുപാട് ദിവസങ്ങൾ ചിലവഴിക്കേണ്ടിവരും. ആവുന്നത്രയും ചിത്രങ്ങൾ ഇപ്പോൾ ക്യാമറയിൽ പകർത്തുക. എന്നെങ്കിലുമൊരു രാത്രിയിൽ, നാഗരികവ്യഥയുടെ ദൈനംദിന മടുപ്പിൽ ഉറക്കംവരാതെ കിടക്കുന്ന നേരത്ത്, ഈ ചിത്രങ്ങളിലേയ്ക്ക് മടങ്ങിവരാം. ഒരു പ്രാചീന ഗോത്രമനുഷ്യനാവാം. നൂറ്റാണ്ടുകളും സംസ്കാരങ്ങളും സമകാല മനുഷ്യനിൽ തുന്നിച്ചേർത്ത പ്രാകൃത്യരഹിതമായ ഉടയാടകൾ അഴിച്ചുകളഞ്ഞ് നഗ്നനായി നിൽക്കാം...

ഗോബുസ്താനിലെ കൊത്തുചിത്രങ്ങൾ
ഗോബുസ്താനിൽ നിൽക്കുമ്പോൾ എടക്കൽ ഗുഹയെ ഓർക്കാതിരിക്കാനാവില്ല. ഗോബുസ്താനിൽ അവസാനം വരയപ്പെട്ട ചിത്രങ്ങളും എടക്കലിൽ ആദ്യം വരയപ്പെട്ട ചിത്രങ്ങളും ഏതാണ്ട് ഒരേ കാലഘട്ടത്തിൽ നിന്നാണ്. ചിത്രം വരഞ്ഞിരിക്കുന്ന പാറകളും, അവയെ ഉൾക്കൊള്ളുന്ന ഭൂപ്രദേശവും തമ്മിൽ പക്ഷെ പ്രകടമായ വ്യത്യാസമുണ്ട്. അർദ്ധമരുഭൂസമാനമായ ഇടത്തിലെ അല്പം മാർദ്ദവം തോന്നിക്കുന്ന ഇളം നിറമുള്ള പാറയിലാണ് ഗോബുസ്താനിലെ ചിത്രങ്ങൾ കൊത്തപ്പെട്ടിരിക്കുന്നത്. എന്നാൽ എടക്കലിലെ പ്രകൃതി മറ്റൊന്നാണല്ലോ. ഉഷ്ണമേഖലാമഴക്കാടിന്റെ നിബിഢമായ പച്ച. അതിൽ മറഞ്ഞിരിക്കുന്ന കാഠിന്യമേറിയ കൃഷ്ണശിലകൾ. അവയുടെ പ്രതലത്തിലാണല്ലോ എടക്കലിലെ ചിത്രങ്ങൾ...

അവ കൊത്തിയിരിക്കുന്നതിലും ചില സാങ്കേതികഭേദങ്ങൾ കാണാനാവും. അധികം ആഴത്തിൽ കൊത്തിയെടുക്കാതെ ഏതാണ്ട് കോറിവരച്ചതുപോലെയാണ് ഗോബുസ്താനിലെ ചിത്രങ്ങൾ. എടക്കലിൽ കുറച്ചുകൂടി ആഴത്തിൽ കൊത്തിയെടുത്ത ചിത്രങ്ങളാണെന്ന് തോന്നും. എന്നിരുന്നാലും ഗോബുസ്താനെ സവിശേഷമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇരുപതിനായിരം വർഷത്തിലധികം നീളുന്ന പ്രാചീനത. മറ്റൊന്ന് ബൃഹത്തായ ഒരു ജനസമൂഹം നിലനിന്നിരുന്നു എന്ന് തെളിവ് തരും വിധം വിസ്തൃതവും വിപുലവുമായ വിന്യസിക്കപ്പെട്ടിരിക്കുന്ന കലാവിഷ്കാരസമുച്ചയം. എടക്കലിൽ ഇവ രണ്ടും തുലോം പരിമിതമാണ്. ഗോബുസ്താനിലെ ചിത്രകാലം അവസാനിക്കുമ്പോൾ മാത്രമാണ് എടക്കലിൽ അത് ആരംഭിക്കുന്നത്. വിസ്തൃതിയോ അമ്പുകുത്തി മലയ്ക്ക് മുകളിലുള്ള ഒരർദ്ധ ഗുഹയ്ക്കുള്ളിൽ മാത്രമായി ചുരുക്കപ്പെട്ടുമിരിയ്ക്കുന്നു.

കൊത്തുചിത്രം - മറ്റൊരു ഭാഗം
കുന്നിന് മുകളിലെ ചില പാറകൾ മുനമ്പു പോലെ അന്തരീക്ഷത്തിലേയ്ക്ക് തള്ളിനിൽപ്പുണ്ട്. അവിടേയ്ക്ക് കയറാം. കാസ്പിയൻ കാറ്റിന്റെ ചിറകടിയിൽപ്പെട്ട് പറന്നുപോകാതെ സൂക്ഷിക്കണം. അനേകമടി താഴെയാണ് ഭൂനിരപ്പ്. അർദ്ധമരുഭൂമി. അതങ്ങനെ കാസ്പിയൻ കടലോളം നീണ്ടുപോകുന്നു. കര, കടലിലേയ്ക്ക് അലിയുന്ന ഭാഗത്ത് ചിതറിയ പൊട്ടുകൾ പോലെ ഗോബുസ്താനിലെ ഗ്രാമങ്ങൾ. അതിനപ്പുറം നീലിച്ചുകിടക്കുന്ന കാസ്പിയൻ. അതിരിലെ ചക്രവാളം അവ്യക്തമാണ്. വെയിലും ധൂളിയാർദ്രതയും ആ കടലകലത്തെ ശുഭ്രമായൊരു തിരശ്ശീലകൊണ്ട് അതാര്യമാക്കിയിരിക്കുന്നു.

കാസ്പിയൻ ഒരു കടലല്ല. ലോകത്തിലെ ഏറ്റവും വലിയ തടാകമാണ്. സ്‌കൂളിലെ ഭൂമിശാസ്ത്രം ക്ലാസിൽ പഠിച്ചിട്ടുള്ളതാണ്. ഒരു പാഠ്യവിഷയം എന്ന നിലയ്ക്ക് ഭൂമിശാസ്ത്രം ആകർഷകമായി അനുഭവപ്പെട്ടിരുന്നില്ല. എങ്കിലും അക്കാദമികമായ  താല്പര്യത്തിന് പുറത്ത് ഭൂമി എക്കാലത്തും ഇഷ്ടവിഷയമായിരുന്നു. ഓർമ്മയുള്ള കാലം മുതൽ വീട്ടിൽ കണ്ടിരുന്ന 'അറ്റ്ലസു'കൾ ഈ താല്പര്യത്തിലേയ്ക്ക് അത്യധികം പ്രചോദിപ്പിച്ചിരുന്നു. അതിവിദൂരമായ ദേശങ്ങളിലേയ്ക്കുള്ള സഞ്ചാരത്തെ കുറിച്ച് ആലോചിക്കാനാവുന്നതിനും വളരെ മുൻപുതന്നെ ആ അപരിചിതമായ ദേശങ്ങളൊക്കെ ഭൂഗോളത്തിന്റെ ഏത് ഭാഗങ്ങളിലായാണ് വിന്യാസിതമായിരിക്കുന്നത് എന്ന ഏകദേശമായ ധാരണയുണ്ടായിരുന്നു. കാസ്പിയൻ കടലിന്റെ കിടപ്പുവശവും അപരിചിതമായിരുന്നില്ല.

എന്നാൽ കാസ്പിയൻ തീരത്ത് ഒരിക്കൽ എത്തുമെന്ന് അക്കാലത്തെ സ്വപ്നങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ഗോബുസ്താനിലെ ഈ ക്ലിഫിൽ നിന്ന്, വിദൂരമായൊരു നീലവരയാകുന്ന കാസ്പിയനെ കാണുന്ന ഒരു പകൽ ഉണ്ടാവുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപുപോലും കരുതിയിരുന്നതല്ല. ജീവിതം തന്നെ ആകസ്മികതകളുടേതാണ്, അപ്പോൾ യാത്രയുടെ കാര്യം പറയാനുണ്ടോ...?!

ഗോബുസ്താൻ കുന്നിന്റെ മുനമ്പിൽ
ഭൂമിശാസ്ത്രപരമായി തികച്ചും വ്യത്യസ്തവും സവിശേഷവുമായ തടാകമാണ് കാസ്പിയനെന്ന് ഇവിടെനിന്ന് നോക്കിക്കാണുമ്പോൾ തോന്നുകയില്ല. ഏതൊരു കടലും കാണുന്ന അനുഭവം മാത്രം. ഒരു യാത്രികന്റെ അനുഭവങ്ങളെ വ്യതിരിക്തമാക്കുന്നത് അവന്റെ ആർജ്ജിത ജ്ഞാനസഞ്ചയം കൂടിയാണ്. കാസ്പിയൻ, കടലല്ല എന്ന അറിവ് ഈ കാഴ്ചയെ വ്യത്യസ്തമാക്കുന്നു.

അസർബൈജാനെ കൂടാതെ ഇറാൻ, കസഖ്സ്ഥാൻ, റഷ്യ, തുർക്‌മെനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് കൂടി തീരം സമ്മാനിക്കുന്നുണ്ട് കാസ്പിയൻ. ഇതൊരു ഉപ്പുജലതടാകമാണ്. അതിനാൽ ഭൂമിശാസ്ത്രം വികസിക്കുന്നതിന് മുൻപ് കടൽത്തന്നെയാണെന്നാണ് പ്രദേശവാസികൾ കരുതിയിരുന്നത്. കടൽനിരപ്പിൽ നിന്നും താഴ്ന്നു കാണപ്പെടുന്ന ജലാശയം കൂടിയാണ് കാസ്പിയൻ. ദശലക്ഷം വർഷങ്ങൾക്ക് മുൻപ് കടൽഭാഗം തന്നെയായിരുന്ന കാസ്പിയൻ ചില ഭൂഗർഭപ്രതിഭാസങ്ങളുടെ ഫലമായി, ഒറ്റപ്പെട്ടുപോയ ഉപ്പുജലതടാകമായി പരിണമിക്കുകയായിരുന്നുവത്രെ.

കാസ്പിയനിൽ നിന്നും പുറപ്പെട്ടുപോകുന്ന നദികൾ ഒന്നും തന്നെയില്ല. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന നിലയിലായതിനാൽ അത് സംഭവ്യവുമല്ലല്ലോ. എന്നാൽ നമുക്ക് പരിചിതമായ ചില നദീനാമങ്ങൾ കാസ്പിയനുമായി ബന്ധപ്പെട്ടിരിക്കുന്നു. റഷ്യയുടെ ദേശീയ നദിയും യൂറോപ്പിലെ ഏറ്റവും നീളംകൂടിയ നദിയുമായ വോൾഗ അതിന്റെ ഒഴുക്ക് അവസാനിപ്പിക്കുന്നത് കാസ്പിയൻ കടലിലാണ്. യൂറോപ്പിന്റെയും ഏഷ്യയുടെയും അതിർവരയായി കണക്കാക്കപ്പെടുന്ന യൂറാൾ നദിയും വന്നലിയുക കാസ്പിയനിലാണ്. ചെറുതും വലുതുമായ ഏതാണ്ട് നൂറ്റിമുപ്പത് നദികൾ ഈ ജലാശയത്തിലേയ്ക്ക് വന്നുചേരുന്നുണ്ട്. കൂടുതൽ നദികളും എത്തുന്നത് തടാകത്തിന്റെ വടക്കൻ പ്രദേശങ്ങളിലാണ്. അതിനാൽ ആ ഭാഗത്ത് കാസ്പിയൻ ജലത്തിന് ഉപ്പുരസം തുലോം കമ്മിയാണ്.

ദിഗന്തസീമയിലെ കാസ്പിയൻ അനുഭവത്തിൽ മുങ്ങി ഗോബുസ്താൻ കുന്നിന് മുകളിൽ നിൽക്കുമ്പോൾ മൊബൈൽ അടിക്കാൻ തുടങ്ങി. കുവൈറ്റിൽ നിന്നും കൂട്ടുകാരനാണ്. അവിടെ അത്യാവശ്യമായി വന്നുപെട്ട ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് വിളിച്ചത്. സഹസ്രാബ്ദങ്ങൾക്ക് അകലെനിന്നുള്ള കൊത്തുചിത്രങ്ങൾക്കരികിൽ, മഞ്ഞവെയിലിൽ, സവിശേഷ ഭൂപ്രതിഭാസമായ വിസ്തൃതതടാകം നോക്കിനിന്ന്, നിത്യജീവിതത്തിന്റെ സമകാലവൃത്താന്തം കൂട്ടുകാരനുമായി പങ്കുവയ്ക്കുമ്പോൾ, അയാഥാർത്ഥമായ ഒരു ലോകത്താണ് ഞാനുള്ളത് എന്നുതോന്നി.

യാത്ര, ഭ്രമാത്മകമാവുന്ന നേരങ്ങളുണ്ട്...!

പ്രാചീനനൃത്തരൂപത്തിന്റെ ചിത്രീകരണം - ഗോബുസ്താൻ മ്യൂസിയം
കുന്നിറങ്ങി ഞങ്ങൾ മ്യൂസിയത്തിലേയ്‌ക്കെത്തി. ഗോബുസ്താനിലെ പ്രാചീനജീവിതം ചെറുമാതൃകകളുണ്ടാക്കി പ്രദർശിപ്പിച്ചിരിക്കുകയാണിവിടെ. പ്രകൃതിയും മനുഷ്യനും തിര്യക്കുകളും ഉൾപ്പെടുന്ന രൂപങ്ങൾ നാടകീയമായ പ്രകാശവിന്യാസത്തോടെ ആവിഷ്കരിച്ചിരിക്കുന്നു. പുറത്തുനിന്ന് കെട്ടിടം കാണുമ്പോൾ അങ്ങനെ തോന്നില്ലെങ്കിലും രണ്ടുമൂന്ന് നിലകളിൽ വളരെ വിസ്തൃതവും ശാസ്ത്രീയവുമായാണ് കാഴ്ചകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരം ചിത്രീകരണങ്ങൾ സംവദിക്കുക വളരെ പ്രാഥമികമായ വിവരവിശേഷങ്ങൾ മാത്രമാണ്. ഗോബുസ്താൻ കുന്നിലെ ചരിത്രാതീതമായ കൊത്തുചിത്രസമുച്ചയം കാണാൻ, കാര്യമായ മുൻധാരണയൊന്നുമില്ലാതെ എത്തുന്ന അനിതാസാധാരണ വിനോദസഞ്ചാരിക്ക് പ്രദേശത്തെക്കുറിച്ച് ഒരു ഏകദേശരൂപം നൽകുക എന്നതാവണം ഉദ്ദേശ്യം.

ആകർഷകമായി തോന്നിയ ഒന്ന് ഗോബുസ്താനിലെ പാറമുഖത്ത് കണ്ട ഒരു ചിത്രത്തെക്കുറിച്ചുള്ള വിവരണമാണ്. ഏതാനും ആളുകൾ കൈകൾ ചേർത്തുപിടിച്ച് നിരന്നുനിൽക്കുന്ന ചിത്രം. സംഘനൃത്തത്തെ ഓർമ്മിപ്പിക്കുന്ന ഒന്ന്. പ്രാചീനമനുഷ്യരുടെ ഏറ്റവും ജനകീയവും ആചാരപരവുമായ ആവിഷ്കാരരൂപം നൃത്തമായിരുന്നു. ലോകത്ത് എവിടെ നിന്നും വീണ്ടെടുക്കപ്പെട്ടിട്ടുള്ള  ആദിമമനുഷ്യരുടെ ചരിത്രം നോക്കിയാൽ ഇത് കാണാനാവും. "ഒരു തെങ്ങിൻമടലോ പനമടലോ ഓലകളഞ്ഞ് പിടിച്ചുകൊണ്ട് മുഖംമൂടിയോടും ഉഷ്ണീഷത്തോടും കൂടി തുള്ളുന്ന ഒരു മനുഷ്യന്റെ ചിത്രവും എടക്കൽ ഗുഹയിൽ കൊത്തിയിട്ടൂണ്ട്." എന്ന് കേസരി നമ്മുടെ പൗരാണികതയെ നിരീക്ഷിച്ചിട്ടുള്ളത് ഇപ്പോൾ ഓർമ്മിക്കാം.

ഇന്ന് അസർബൈജാനിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമായ 'യെല്ലി'യുമായി പാറമുഖത്തെ നൃത്തചിത്രത്തിനുള്ള അപൂർവ്വമായ സാമ്യമാണ് ഇവിടെ വിശദീകരിക്കുന്നത്. ഗുഹാമനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേയ്ക്ക് നീണ്ടെത്തുന്ന കലാവിഷ്കാരത്തിന്റെ നിഗൂഢമായ നൈരന്തര്യം.

മ്യൂസിയത്തിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ജർമ്മൻ തത്വചിന്തകനായ ഏൺസ്റ്റ് കാസ്സിറെറുടെ (Ernst Cassirer) ഒരു ദർശനം ചുമരിൽ എഴുതിവച്ചിരിക്കുന്നത് കണ്ടത്. ഈ മ്യൂസിയവുമായോ, ഗോബുസ്താൻ പ്രദേശവുമായോ ആ ചിന്താശകലത്തിനുള്ള സൂക്ഷ്മബന്ധം പിടികിട്ടിയില്ല. എങ്കിലും മനുഷ്യസംസ്കൃതിയുടെ അതിപ്രാചീനമായ വിത്തുവീണ സ്ഥലങ്ങളിലൊന്ന് എന്ന നിലയ്ക്ക്, സ്ഥൂലമായൊരു നിഗൂഢഭാവം ഈ സവിശേഷഭൂമികയ്ക്ക് നൽകാൻ ആ വരികൾക്ക് കഴിയുന്നുണ്ട്: "മനുഷ്യന് അവന്റെ നേട്ടങ്ങളിൽ നിന്നും ഒരിക്കലും മോചനം നേടാനാവില്ല. ഭൗതികലോകത്ത് മാത്രമല്ല ഇന്ന് അവൻ ജീവിക്കുന്നത്, അവൻ തന്നെ നിർമ്മിച്ചെടുത്ത ഒരു ബിംബാത്മകവിശ്വത്തിൽ കൂടിയാണ്. ഭാഷ, മിത്ത്, കല, മതം ഒക്കെ അതിലെ ഘടകങ്ങളാണ്. ഇത്തരത്തിലുള്ള വൈവിധ്യമാർന്ന ഇഴകൾകൊണ്ട് നെയ്തെടുത്ത ആ ബിംബാത്മകവലയിൽ കുടുങ്ങിക്കിടക്കുകയാണ് മനുഷ്യാനുഭവം...!"

- തുടരും -

2018, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

അഗ്‌നിദേശം - മൂന്ന്

അലസരായിരിക്കുന്ന പുരുഷന്മാരെ അസർബൈജാനിൽ പലയിടത്തും കാണാനാവും. അവരുടെ ഇഷ്ടവിനോദം 'നർഡ്' എന്ന ഡൈസ് കളിയാണ്. ക്യാരംബോർഡ് പോലുള്ള ഒരു സംഭവം. ഏത് കവലയിലും നർഡിന് ചുറ്റുമിരിക്കുന്ന പുരുഷന്മാരെ കാണാം. നഗര - ഗ്രാമ വ്യത്യാസമൊന്നുമില്ല. ഇതിന് അല്പംകൂടി മിഴിവേകും വിധം, റഷ്യൻ അധിനിവേശം ഇവർക്ക് മറ്റൊരു ശീലം കൂടി നൽകിയിട്ടുണ്ടെന്ന് കാണാം. ഇസ്ളാം മതവിശ്വാസികൾ ആയിരിക്കുമ്പോൾ തന്നെ, നന്നായി മദ്യപിക്കുന്നവരുമാണ് അസീറികൾ. നർഡിന് ചുറ്റുമിരിക്കുന്നവരുടെ അരികിൽ ചായക്കോപ്പയും സമോവറും കാണാമെങ്കിലും ബീറിന്റെ കുപ്പികളും കുറവല്ല.

തുർക്കിക്ക് വംശപാരമ്പര്യം പേറുന്ന അസർബൈജാനികൾ പൊതുവെ സുന്ദരികളും സുന്ദരന്മാരുമാണ്. എന്നാൽ യൗവ്വനാരംഭം പിന്നിട്ട പുരുഷന്മാർക്ക് അത്യാവശ്യം കുടവയർ ഉണ്ടായിവന്നിട്ടുണ്ട്. റഷ്യക്കാരെ പോലെ തന്നെ. വെള്ളം കുടിക്കുന്നതു പോലെ ബീർ കുടിക്കുന്നതിന്റെ പ്രത്യക്ഷവത്കരണമായി ഇതിനെ കാണാം.

ഇചേരി ഷെഹറിലെ ഇടുങ്ങിയതും പ്രാക്തനവുമായ തെരുവിലൂടെ നടക്കുമ്പോഴാണ് വഴിയോരത്ത് നർഡ് കളിച്ചിരിക്കുന്നവരെ ആദ്യമായി കാണുന്നത്.
"അവരെന്താണ് ചെയ്യുന്നത്?"
എന്ന് ചോദിച്ചപ്പോൾ തൈമൂർ ചിരിച്ചു.
"അവർ നർഡ് കളിക്കുകയാണ്. ഇനിയും ഒരുപാടിടങ്ങളിൽ നമ്മളിവരെ കണ്ടുമുട്ടാനിരിക്കുന്നതേയുള്ളൂ..."

ഇചേരി ഷെഹറിലെ നർഡ് കളിക്കാർ...
ഇരുപത്തിയഞ്ചിനും മുപ്പത്തിനുമിടയ്ക്കാണ് അന്തരീക്ഷതാപനില. ഈർപ്പമില്ല. വെയിലുണ്ട്. സാധാരണ നിലയ്ക്ക് എന്തുകൊണ്ടും നല്ല കാലാവസ്ഥ. എന്നാൽ നിസാമി തെരുവിലൂടെയും ഇചേരി ഷെഹറിലൂടെയും വെയിലത്ത് നടന്നപ്പോൾ തളർന്നു. മൊബൈലിലെ ആപ്പ്, ഞങ്ങൾ ഏകദേശം എട്ട് കിലോമീറ്റർ നടന്നുകഴിഞ്ഞു എന്ന് കാണിക്കുന്നുണ്ട്.

കയ്യിലുണ്ടായിരുന്ന വെള്ളം കഴിഞ്ഞിരിക്കുന്നു. വഴിവക്കിലെ പെട്ടിക്കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി, ഷിർവൻഷാ കൊട്ടാരത്തിനു മുന്നിലെ അരമതിലിലിലിരുന്ന് കുറച്ചു സമയം വിശ്രമിച്ചു. അൽച പഴത്തിന്റെ ചവർപ്പും വെള്ളത്തിന്റെ കുളിരും ക്ഷീണത്തിന് മരുന്നായി.

ഇചേരി ഷെഹറിനുള്ളിൽ ഇനി ഷിർവൻഷാ കൊട്ടാരം കൂടിയാണ് കാണാനുള്ളത്...

ആധുനിക അസർബൈജാന്റെ ചിലഭാഗങ്ങൾ ഉൾപ്പെട്ടിരുന്ന ഒരു പൗരാണിക രജസ്വരൂപമാണ് ഷിർവാൻ. ഒൻപതാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടുവരെയാണ് ഷിർവൻഷാ ഭരണം ഉണ്ടായിരുന്നത് (ഷിർവൻ-ഷാ എന്നാൽ ഷിർവനിലെ ഭരണാധികാരി എന്ന് അർത്ഥം). അറബ് പ്രദേശത്തു നിന്നും എത്തി സാവധാനം പേർഷ്യൻ വംശീയതയിലേയ്ക്ക് അലിഞ്ഞുചേർന്ന ഒരു യസീദി കുടുംബം ആരംഭിച്ചതാണ് ഈ രാജസ്വരൂപം. അധികം വിസ്തൃതമോ ശക്തമോ ആയിരുന്നില്ല ഇത് ഒരു കാലത്തും. കാലാകാലങ്ങളിൽ പ്രബലമായ അയൽരാജ്യങ്ങളാൽ ആക്രമിക്കപ്പെടുകയും, സംവത്സരങ്ങളോളം സാമന്തന്മാരായി കഴിയുകയും ചെയ്ത ചരിത്രമാണ് ഷിർവാൻ രാജ്യത്തിനുള്ളത്. തുർക്കികളും ജോർജിയക്കാരും മംഗോളിൽ നിന്നുള്ള ആക്രമണകാരികളായ നാടോടി ഗോത്രങ്ങളും ഒക്കെ ഷിർവാനെ ആക്രമിക്കുകയും കീഴടക്കുകയും ഭരിക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴൊക്കെയും സാമന്തന്മാരായോ സമാന്തരമായോ ഷിർവൻഷാ ഭരണം രൂപഭാവ വ്യതിയാനങ്ങളോടെ തുടർന്നുവന്നു.

ഷിർവൻഷാ കൊട്ടാരത്തിലേക്കുള്ള ഒരു പ്രവേശനകമാനം
ഇചേരി ഷെഹറിനകം കയറ്റിറക്കങ്ങളുടെ ഭൂപ്രകൃതിയാണ്. ഇവിടം മാത്രമല്ല ബാക്കുവിനാകമാനം നിമ്‌നോന്നമായ പ്രതലമാണ്. കോക്കസസ് പർവ്വതനിര കാസ്പിയൻ കടലിറങ്ങി അവസാനിക്കുന്നത് ഇവിടെയാണല്ലോ. മലനിരയിലെ ചെറുഗിരിശിഖരങ്ങളുടെ താഴ്വാരത്തിലാണ് ബാക്കു. അതിനാലാവും, ഏതാനുമടിയുടെ താഴ്ചയിലാണ് ഷിർവൻഷാ കൊട്ടാരത്തിന്റെ ഭാഗങ്ങൾ.

ബാക്കുവിൽ നിന്നും ഏകദേശം നൂറ്റമ്പത് കിലോമീറ്റർ പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന ഷമാക്കി എന്ന പട്ടണം ആസ്ഥാനമാക്കിയാണ് ഷിർവൻഷാമാർ ഭരണം നടത്തിയിരുന്നത്. (പിന്നീട്, വിദൂരമായ കോക്കസസ് പ്രദേശങ്ങളിലേയ്ക്കുള്ള യാത്രയിൽ ഞങ്ങൾ ഷമാക്കി വഴി കടന്നുപോവുകയുണ്ടായി.) നേരത്തെ സൂചിപ്പിച്ചതു പോലെ, സമാധാനപൂർവ്വം ഭരണം നടത്തിക്കൊണ്ടുപോകാൻ പല അവസരങ്ങളിലും അവർക്ക് സാധിച്ചിരുന്നില്ല. ഷമാക്കി നിരന്തരമായ വൈദേശികാക്രമണത്തിനും അധിനിവേശത്തിനും വിധേയമായിക്കൊണ്ടിരുന്നു. അതിൻറെ കാരണം, സിൽക്ക് റൂട്ടിൽ പെടുന്ന ഈ ഭാഗം കച്ചവടങ്ങളാൽ സമ്പന്നമായിരുന്നു എന്നതുമാത്രമല്ല. ഷിർവാൻഷാമാർ സൂഫി പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്ന, ലിബറലായ രാജാക്കന്മാരായിരുന്നു എന്നതിനാൽ കൂടിയാണ്. കലയിലും സാംസ്കാരിക വിഷയത്തിലും അഭിരമിച്ചിരുന്ന അവർ സൈനികശക്തിയിൽ പ്രബലരായിരുന്നിരിക്കില്ല. നിസാമി ഗഞ്ചാവിയെ പോലുള്ള ഒരു മഹാകവി ജീവിച്ചത്  ഇവിടെയാണെന്നോർക്കുക. അദ്ദേഹത്തിൻറെ കവിതകളിലൂടെ കടന്നുപോകുമ്പോൾ ഈ ദേശത്തിന്റെ അക്കാലത്തെ കാല്പനികലോകം വിഭ്രമിപ്പിക്കും വിധം നമ്മളെ ആവേശിക്കും.

നിരന്തരമായ ഈ വിദേശാക്രമണം മാത്രമായിരിക്കില്ല ഷമാക്കിയിൽ നിന്നും പതിനഞ്ചാം നൂറ്റാണ്ടിൽ തലസ്ഥാനം ബാക്കുവിലേയ്ക്ക് മാറ്റാനുണ്ടായ കാരണം എന്ന് കരുതപ്പെടുന്നു. ഷമാക്കി പട്ടണത്തെ അപ്പാടെ തകർത്തുകളഞ്ഞ ഒരു ഭൂകമ്പം അക്കാലത്ത് സംഭവിക്കുകയുണ്ടായി. ഇതായിരിക്കാം, ഇബ്രാഹിം ഒന്നാമൻ രാജാവിനെ തലസ്ഥാനം ബാക്കുവിലേയ്ക്ക് മാറ്റാൻ പെട്ടെന്ന് നിർബന്ധിതനാക്കിയത്. ബാക്കുവിൽ, കടൽത്തീരത്ത്, അക്കാലത്ത് നിലനിന്ന ഒരു സൂഫി ആരാധനാസ്ഥലിയോട് ചേർന്നാണ് പുതിയ കൊട്ടാരം നിർമ്മിക്കപ്പെട്ടത്.

ഷിർവൻഷാ കൊട്ടാരത്തിലെ ചില പടവുകൾ
ഷിർവൻഷാ ഭരണത്തിന്റെ നാൾവഴികൾ, കൊട്ടാരത്തിന്റെ നിർമ്മാണത്തിന് ശേഷം തികച്ചും മങ്ങിയാണ് കാണപ്പെടുന്നത്. കാര്യമായ ലിഖിതങ്ങളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. വൈദേശിക ആക്രമണങ്ങളും ഭരണങ്ങളും അനസ്യൂതം തുടർന്നിരുന്ന കാലമായിരുന്നു. അതിനാൽ തന്നെ, ഷിർവൻഷാമാർ എന്നെങ്കിലും ഇവിടെ സ്ഥിരമായി താമസിച്ചിരുന്നോ എന്ന കാര്യം സംശായപദമായി അവശേഷിക്കുന്നു.

ഇടുങ്ങിയ നടവഴികളും അല്പം വിസ്തൃതമായ നടുമുറ്റങ്ങളും ഗുഹാസമാനമായി നീളുന്ന കൽപ്പടിക്കെട്ടുകളും ഒക്കെയാണ് കൊട്ടാരത്തിലുള്ളത്. ഇചേരിഷെഹറിൽ ആകമാനം അതങ്ങനെ തന്നെയാണ്. മദ്ധ്യകാലത്ത്, പട്ടുപാതയിലെ ഒരു കാസ്പിയൻ കടൽത്തീര പട്ടണം എത്തരത്തിലായിരുന്നു എന്ന് മനസ്സിലാക്കാൻ ഉതകുന്ന തരത്തിലാണ് ഇവിടമാകമാനം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. അതീവ കാര്യക്ഷമതയോടെയും സർഗ്ഗാത്മകതയോടെയും കൈകാര്യംചെയ്തിരിക്കുന്നു. അതിന് അസർബൈജാനിലെ ഇപ്പോഴത്തെ ഭരണാധികാരികളെ അഭിനന്ദിക്കുക തന്നെവേണം. ഒരു പൗരാണികപട്ടണം അതിന്റെ തനത് രുചിഭേദങ്ങൾ നിലനിർത്തി പ്രദർശിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ആർക്കെങ്കിലും അറിയാൻ ആഗ്രഹമുണ്ടെങ്കിൽ അവർ ഇചേരിഷെഹർ വന്ന് കാണേണ്ടതാകുന്നു.

ഷിർവൻഷാ കൊട്ടാരത്തിന്റെ കവാടകമാനങ്ങൾ സൂക്ഷ്മമായ കൊത്തുപണികൊണ്ട് അലങ്കരിച്ചിട്ടുണ്ടെങ്കിലും, കൊട്ടാരമപ്പാടെ ബൃഹത്താണെന്നോ കലാവിന്യാസിതമാണെന്നോ കരുതേണ്ടതില്ല. താരതമ്യേന ചെറിയ നിർമ്മിതി.  മദ്ധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ പൊതുവേ കണ്ടുവരുന്ന വാസ്തുരീതിയായ ഇളം തവിട്ട് നിറമുള്ള കല്ലുകളിൽ ഉയർത്തിയ ലളിതമായ കൊട്ടാരം. ഉള്ളിലെ പ്രധാനഭാഗങ്ങൾ ഇപ്പോൾ ഒരു മ്യൂസിയമായി പ്രവർത്തിക്കുന്നു. മദ്ധ്യകാലത്തെ ചില രാജകീയ വസ്തുക്കളും മറ്റുമാണ് അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്‌. മറ്റൊരു ഭാഗത്ത് രാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും ശവക്കല്ലറകൾ കാണാം. തൊട്ടപ്പുറത്ത് ഒരു പള്ളിയും. പള്ളിമീനാരത്തിൽ നിന്നും ആകാശത്തേയ്ക്ക് പറന്നുയരുന്ന പറവകൾ...

ഈ കൊട്ടാരത്തിൽ ഒരിക്കൽ പ്രതാപത്തോടെ ജീവിച്ചിരുന്ന രാജാവും ഒരു ദിവസം മരിക്കുക തന്നെ ചെയ്തു എന്നതിന്റെ തെളിവായി ഇതാ ഈ ഖബറുകൾ. ഇപ്പോൾ അത് നോക്കിനിൽക്കുന്ന ഞാനും ഒരിക്കൽ മരിക്കും. മരണത്തെ അതിജീവിക്കാൻ രാജാവ് കൊട്ടാരവും, ശവക്കല്ലറയ്ക്ക് മുകളിൽ ഗുംബസും പടുത്തുയർത്തി. അതിന് പാങ്ങില്ലാത്തതിനാൽ, മരണത്തെ കവച്ചുകടക്കാൻ, ഞാൻ യാത്രചെയ്യുന്നു. അനശ്വരതയെക്കുറിച്ചുള്ള നിർവ്വചനം അനുവാചകന്റെ സ്വാതന്ത്ര്യമാണ്...!

കൊട്ടാരത്തിനുള്ളിലെ ഖബറുകൾ
ഷിർവൻഷാ കൊട്ടാരം കണ്ടിറങ്ങുമ്പോൾ വൈകുന്നേരമായിരുന്നു. ഇതോടുകൂടി ഇചേരി ഷെഹർ എന്ന പുരാതന പട്ടണത്തിലൂടെയുള്ള യാത്ര അവസാനിക്കുകയാണ്. വന്ന വഴിയിലൂടെയല്ല തിരിച്ചുനടക്കുന്നത്. മിനുസമായ പാറക്കല്ലുകൾ പാകിയ വഴിയുടെ ഇരുഭാഗവും സന്ദർശകരെ പ്രതീക്ഷിച്ചുള്ള ഭക്ഷണശാലകളാണ് കൂടുതലും. പുരാതനമായ കെട്ടിടങ്ങളാണെങ്കിലും, അവിടെയൊക്കെയും പ്രവർത്തിക്കുന്നത് ആധുനികമായ രൂപഭാവങ്ങളുള്ള തീൻശാലകളാണ്. എന്നാൽ ഉള്ളലങ്കാരത്തിൽ തനത് അഭിരുചികൾ മുഴുവനായും ഉപേക്ഷിക്കാതെയും ആണ് ഈ സ്ഥാപനങ്ങൾ കാണപ്പെടുന്നത്. ചില കടകളുടെ കവാടത്തിൽ അവാന്ത്-ഗാഡ് ഗ്രാഫിറ്റികളുടെ ഭ്രമിപ്പിക്കുന്ന വേഷപ്പകർച്ച...

അപ്പോഴാണ് ആ വഴിയിലൂടെ ഒരു 'മസറാറ്റി' കയറിവന്നത്. സാധാരണ നിലയ്ക്ക് വാഹനങ്ങൾ പോകുന്ന വഴിയല്ല. എങ്കിലും, സന്ദർശകരുടെ വലിയ കാൽനട സംഘങ്ങളെ അലോസരപ്പെടുത്തികൊണ്ട് ഇടയ്ക്ക് കടന്നുപോകുന്ന വണ്ടികൾ ഇചേരി ഷെഹറിനുള്ളിൽ താമസിക്കുന്നവരുടെയോ, കച്ചവടസ്ഥാപനം നടത്തുന്നവരുടെയോ ആവാം. അത്ഭുതപ്പെടുത്തുന്നത് ബാക്കു പട്ടണനിരത്തുകളിൽ കാണുന്ന ആഡംബര വാഹനങ്ങളുടെ ബാഹുല്യമാണ്. ലോകത്തിൽ, ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ഒരു രാജ്യത്താണ് ഞങ്ങളുടെ സ്ഥിരതാമസം. അവിടെനിന്നും വന്ന ഞങ്ങൾക്ക് പോലും ബാക്കുവിലെ വിലകൂടിയ വാഹനങ്ങളുടെ ധാരാളിത്തം ആശ്ചര്യമുളവാക്കി എന്നതാണ് വാസ്തവം.   

ഇന്നത്തെ യാത്രാപദ്ധതിയിൽ ഒരു സ്ഥലം കൂടി സന്ദർശിക്കേണ്ടതുണ്ട്. ലോകപ്രശസ്തമായ ബാക്കു ബുളെവാഡ് എന്നറിയപ്പെടുന്ന കാസ്പിയൻ കടൽത്തീരമാണത്. ഞങ്ങളെ അവിടെ കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം തൈമൂറിൽ നിക്ഷിപ്തമാണ്. അതുംകൂടി കഴിഞ്ഞിട്ടുവേണം അയാൾക്ക് ഇന്നത്തെ ജോലിയവസാനിപ്പിച്ച് മടങ്ങാൻ. റംസാൻ പെരുന്നാൾ ആരംഭിക്കുന്ന ദിവസമാണ്. വൈകുന്നേരത്തെ അയാളുടെ ആഘോഷങ്ങൾ മുടക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. ഞങ്ങളെ ഹോട്ടലിൽ കൊണ്ടുവിട്ടിട്ട് മടങ്ങിപ്പോകാൻ അയാളെ അനുവദിച്ചു. ഹോട്ടലിൽ നിന്നും നടന്നുപോകാനുള്ള ദൂരമേയുള്ള ബുളെവാഡിലേയ്ക്ക്. ഒരു കടൽത്തീരത്തുകൂടി, സായാഹ്‌നം ആസ്വദിച്ച് അലസമായി നടക്കാൻ ഒരു സഹായിയുടെ ആവശ്യമെന്ത്? പ്രത്യേകിച്ച് തൈമൂറിനെപ്പോലെ വിഷയദരിദ്രനും സർഗ്ഗശൂന്യനുമായ ചെറുപ്പക്കാരന്റെ സഹയാത്ര അലോസരമാവുകയേയുള്ളൂ.

നടവഴിയിൽ ഗ്രാഫിറ്റി
ബാക്കു ബുളെവാഡ് വെറുമൊരു കടൽത്തീരമല്ല. ആറേഴ് കിലോമീറ്റർ നീളത്തിൽ കിടക്കുന്ന സവിശേഷമായ ഒരുദ്യാനം കൂടിയാണ്. ഹോട്ടലിൽ നിന്നും അവിടേയ്ക്ക് നടക്കുമ്പോൾ, ആ ചെറിയ ദൂരത്തിനുള്ളിൽ മറ്റു ചില ഉദ്യാനങ്ങളിൽ കൂടിയും കടന്നുപോവുകയുണ്ടായി. അതിലൊന്നിൽ കുറച്ചുസമയം ഇരിക്കുകയും ചെയ്തു. എത്രമാത്രം ഉദ്യാനങ്ങളും ചത്വരങ്ങളുമാണ്...! കഷ്ടിച്ച് മൂന്ന് പതിറ്റാണ്ടിന് മുൻപു മാത്രം സ്വതന്ത്രമായ ഒരു രാജ്യത്തിന് ഇത്രയും ആസൂത്രിതമായും മനോഹരമായും തലസ്ഥാനപട്ടണം നിർമ്മിച്ചെടുക്കാൻ സാധിച്ചു എന്നത് അനല്പമായ നേട്ടം തന്നെ.

ബാക്കു പട്ടണത്തെ ഇത്തരത്തിൽ ലോകോത്തര നിലവാരത്തിലേയ്ക്ക് ആവിഷ്കരിക്കാൻ മേൽനോട്ടം വഹിച്ചത് 1993 മുതൽ 2003 വരെ അസർബൈജാന്റെ പ്രസിഡന്റായിരുന്ന ഹൈദർ അലിയാണ് (Hyder Aliyev). സോവ്യറ്റ് പോളിറ്റ് ബ്യുറോ അംഗമായിരുന്ന അദ്ദേഹം കറകളഞ്ഞ  കമ്മ്യൂണിസ്റ്റായിരുന്നു. സോവ്യറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്രമായതിനു ശേഷം, ഒരിടക്കാലം അസർബൈജാനെ സംബന്ധിച്ച് പരീക്ഷണഘട്ടമായിരുന്നു. അരാജകത്വത്തിലേയ്ക്ക് നീങ്ങിയ അക്കാലത്തെ  സാമൂഹികപരിസരത്തെ തന്റെ ഭരണകാലത്തിനിടയ്ക്ക് വെടിപ്പാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

കറകളഞ്ഞ കമ്മ്യുണിസ്റ്റ് എന്നുപറയുമ്പോൾ, സോവ്യറ്റ് കളരിയിൽ പൂഴിക്കടകൻ രാഷ്ട്രീയം വരെ അഭ്യസിച്ച കമ്മ്യുണിസ്റ്റ് എന്നുവേണം വായിക്കാൻ. സോവ്യറ്റാനന്തരം മാഫിയാരീതികളിലേയ്ക്ക് വഴുതിപ്പോയ അസർബൈജാനെ ശുദ്ധീകരിക്കാൻ ശക്തമായ പട്ടാള-പോലീസ് മുറകളാണ് ഹൈദർ അലി ഉപയോഗപ്പെടുത്തിയത്. ജനാധിപത്യത്തിന്റെ നേർത്ത കവചത്തിനുള്ളിൽ, സോവ്യറ്റ് യൂണിയൻ നടപ്പാക്കിയ അതേ ഫാസിസ്റ്റ് ഭരണരീതിയാണ് അദ്ദേഹം അവലംബിച്ചത്. അന്താരാഷ്‍ട്രസമൂഹം, ഒരുപക്ഷെ അസർബൈജാനികളിൽ ഒരുകൂട്ടരും, ഈ ഭരണരീതിയെ ഏകമാനമായ  സന്തോഷത്തോടെ വിലയിരുത്തുന്നില്ല. എതിർശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന, ഭരണകാര്യങ്ങളിൽ പൊതുവികാരം ഏറ്റവും കുറവ് പ്രതിധ്വനിക്കുന്ന, അധികാരകേന്ദ്രിതമായ ഭരണക്രമമാണ് ഹൈദർ അലി നിർമ്മിച്ചെടുത്തത്. അദ്ദേഹത്തിന്റെ മകനിലൂടെ വലിയ മാറ്റമൊന്നുമില്ലാതെ അതിപ്പോഴും തുടരുന്നു.

എന്നാൽ തകർന്നുപോകുമായിരുന്ന ഒരു രാജ്യത്തെ അതിധൃതം പുരോഗതിയിലേയ്ക്ക് നയിക്കാൻ മറ്റൊരു ഭരണനീതിക്കും സാധിക്കുമായിരുന്നില്ല എന്ന് കരുതുന്നവരാണ് കൂടുതലും. അതിനാൽ തന്നെ ഈ ജനാധിപത്യധ്വംസനവും അധികാരകേന്ദ്രീകരണവും ഒന്നും സാധാരണജനങ്ങൾ പൊതുവേ കാര്യമാക്കുന്നില്ല. അടുത്ത ഭൂതകാല ചരിത്രത്തിലൊന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സമാധാനാന്തരീക്ഷത്തിലൂടെയും ജീവിതനിലവാരത്തിലൂടെയുമാണ് അസർബൈജാൻ ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ തന്നെയാവും ഹൈദർ അലിക്ക് ഏതാണ്ടൊരു രാഷ്ട്രപിതാവിന്റെ പരിഗണന ലഭിച്ചുവരുന്നതായി കാണുന്നു. അദ്ദേഹത്തിൻറെ മകൻ പ്രസിഡന്റാല്ലാതായി തീരുന്ന കാലത്ത് അതെങ്ങനെയായിത്തീരും എന്നറിയില്ല.

ഒരുദ്യാനത്തിൽ കണ്ട ഹൈദർ അലിയുടെ പ്രതിമ
പെരുന്നാളിന്റെ ആദ്യത്തെ ദിവസമായതുകൊണ്ടാണോ എന്നറിയില്ല ബുളെവാഡിലും ഉദ്യാനത്തിലും അത്യാവശ്യം തിരക്കുണ്ട്. ഒരുപക്ഷെ എല്ലാ സായാഹ്നങ്ങളിലും ഇങ്ങനെതന്നെയായിരിക്കാം. ആരെയും ആകർഷിക്കും വിധം മനോഹരവും വൃത്തിഭദ്രവുമാണ് കടൽത്തീരവും പാർക്കും. അതിന് പ്രഭയേകുന്ന ജനക്കൂട്ടമാണ് ഇതിലേ ഉല്ലാസചിത്തരായി നടന്നുനീങ്ങുന്നതും...

ഒരു ജനസമൂഹത്തിന്റെ ആരോഗ്യമാപിനിയിൽ പൊതുവിടങ്ങൾക്ക് അനല്പമായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് അവരുടെ ഊർജ്ജം സർഗാത്മകമായും ക്രിയാത്മകമായും ചെലവഴിക്കാൻ പ്രസാദാത്മകമായ പൊതുപരിസരങ്ങൾ വേണം. കടൽത്തീരം വേണം, ഉദ്യാനം വേണം. ചത്വരവും നൃത്തവേദിയും വേണം. ഇവിടെ, കാസ്പിയൻ കടലിന്റെ, കാറ്റുചേക്കേറുന്ന കുഞ്ഞോളങ്ങളിലേയ്ക്ക് നോക്കി ലോകംമറന്ന് ചേർന്നിരിക്കുന്ന പ്രണയിതാക്കൾ അസംഖ്യം. നിരുപാധിക സ്വാതന്ത്ര്യത്തിന്റെ സ്വപ്നസമുദ്രത്തിൽ  മനോഹരമായി സ്നേഹംതുഴയുന്ന ആ കുട്ടികളെയും കടന്ന് നടക്കുമ്പോൾ, കൊച്ചി മറൈൻഡ്രൈവിൽ ചേർന്നിരുന്നതിന്റെ പേരിൽ ചൂരലടിയേറ്റ് ഓടിരക്ഷപെടേണ്ടി വന്ന കുട്ടികളെ ഓർമ്മവന്നു. അവരനുഭവിച്ച ആത്മാഭിമാനക്ഷതം ഒരു സിവിലൈസ്‌ഡ്‌ സമൂഹത്തിന്റെ പ്രത്യക്ഷവത്കരണമായി കാണാനാവില്ല. അവരെയോർത്തുള്ള ദുഃഖം ഇപ്പോൾ അധികരിക്കുന്നു...

ബാക്കു കടൽത്തീരം
ബാക്കുവിലെ ഈ കടൽത്തീരസൗകര്യങ്ങളും അനുബന്ധമായ ഉദ്യാനവും പുതിയ നിർമ്മിതിയല്ല. റഷ്യൻ സാമ്രാജ്യകാലത്തും തുടർന്നുവന്ന സോവ്യറ്റ്നാളുകളിലും കടൽത്തീരത്തിന്റെ പലഭാഗങ്ങളും ഇത്തരത്തിൽ ഉല്ലാസകേന്ദ്രങ്ങളായി വികസിച്ചു തുടങ്ങിയിരുന്നു. എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിക്കഴിഞ്ഞപ്പോൾ, അതിന്റെ കച്ചവടത്തിലൂടെ പ്രഭുക്കളായി മാറിയ ഒരു ന്യൂനപക്ഷ അതിസമ്പന്ന ഉപരിവർഗ്ഗം ബാക്കുവിൽ ഉണ്ടായിവന്നു. അവരുടെ ബംഗ്ളാവുകളാണ് കടൽത്തീരത്തിനഭിമുഖമായി ഉയർന്നത്. ആ സമ്പന്ന സമൂഹത്തിന്റെ ഉല്ലാസാവശ്യങ്ങൾക്കായാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ വിപുലമായ മോടിപിടിപ്പിക്കൽ പദ്ധതികൾ ഈ ഭാഗത്ത് തുടങ്ങിയത്.

ഇത്തരത്തിൽ അതിവിസ്തൃതമായി, അതിമനോഹരമായി ഒരുദ്യാനം നിർമ്മിച്ച് സംരക്ഷിക്കാൻ ഉതകുന്ന തരത്തിൽ ചെടികളും മരങ്ങളും വളരാൻ സാധ്യമായ ഊർവ്വരഭൂമിയായിരുന്നില്ല ബാക്കുവിലേത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തായി, വളരെ കൗതുകകരമായ ഒരു നിയമത്തിലൂടെയാണ് ബാക്കുവിന്റെ  കടൽത്തീരം ഫലഭൂയിഷ്ഠമായ ഭൂമിയാക്കി മാറ്റിയെടുക്കാൻ നഗരഭരണാധികാരികൾക്ക് സാധിച്ചത്. വിപുലമായ രീതിയിൽ എണ്ണക്കയറ്റുമതി നടക്കുന്ന കാലമായിരുന്നു അത്. എണ്ണകയറ്റാൻ വരുന്ന കപ്പലുകളെല്ലാം ജൈവസമൃദ്ധമായ മണ്ണ് നിശ്ചിതമായ അളവിൽ കൊണ്ടുവന്നാൽ മാത്രമേ ബാക്കു തുറമുഖത്തേയ്ക്ക് കടക്കാൻ ഭരണകൂടം അനുവദിച്ചിരുന്നുള്ളു. ആ എണ്ണക്കപ്പലുകളാണ് ബാക്കുവിന്റെ കടൽത്തീരം ഹരിതാഭമാക്കിയത് എന്ന് വേണമെങ്കിൽ  പറയാം. പിൽക്കാലത്ത് ഗൾഫ് മേഖലയിലെ പല നഗരങ്ങളും പച്ചയണിഞ്ഞത് ഇത്തരത്തിലുള്ള കൃത്രിമരീതികൾ അവലംബിച്ചാണ്. എന്നാൽ ഒന്നര നൂറ്റാണ്ടിനു മുൻപുതന്നെ ഒരുദ്യാനത്തിനായി, നഗരസൗന്ദര്യവത്കരണത്തിനായി ഒരിടത്ത് ഇത്തരത്തിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടിരുന്നു എന്നത് സവിശേഷം തന്നെയാണ്.

ഉദ്യാനം
അബ്ഷറോൺ മുനമ്പിന്റെ തെക്കൻ തീരത്താണ് ഈ കടൽത്തീരവും ബാക്കു പട്ടണവും. ഭൂമിശാസ്ത്രപരമായി സവിശേഷമായ പ്രദേശമാണ് അബ്ഷറോൺ മുനമ്പ്. കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയിലുള്ള ഭൂഭാഗത്തിലൂടെ ഏതാണ്ട് ആയിരത്തിയഞ്ഞൂറ് കിലോമീറ്റർ നീളത്തിൽ കിടക്കുന്ന മലനിരയാണ് കോക്കസസ്. അസർബൈജാൻ, അർമേനിയ, തുർക്കി, ജോർജിയ, റഷ്യ എന്നി രാജ്യങ്ങളുടെ ഭൂമിയേയും ജീവിതത്തെയും ആഴത്തിൽ സ്പർശിച്ചുപോകുന്ന മലനിരയാണ് കോക്കസസ്. കോക്കസസിന്റെ കിഴക്കൻ അതിര് അബ്ഷറോൺ മുനമ്പിലൂടെ കാസ്പിയൻ കടലിലേയ്ക്കിറങ്ങി അപ്രത്യക്ഷമാവുകയാണ്. കോക്കസസ് മലനിരയുടെ ഒരതിര് എന്ന നിലയ്ക്കാണ് അബ്ഷറോൺ മുനമ്പ് ഭൂമിശാസ്ത്രപരമായി പ്രാധാന്യമുള്ള ഭൂഭാഗമായി മാറുന്നത്.

ഒരു മലനിര അതേപടി കടലിലേയ്ക്ക് വന്നവസാനിക്കുന്നത് ഇവിടെ നിൽക്കുമ്പോൾ പ്രകടമായി മനസ്സിലാക്കാനാവില്ല. അബ്ഷറോൺ പെനിൻസുലയിലേയ്‌ക്കെത്തുമ്പോൾ കോക്കസസ് മലനിരകളുടെ ഉയരം കാര്യമായി കുറയുന്നതാണ് കാരണം. എന്നാൽ ബാക്കുവിന്റെയും പരിസരപ്രദേശങ്ങളുടെയും നിമ്‌നോന്നമായ ഭൂപ്രതലം ഈ യാഥാർത്ഥ്യം, ഓർമ്മപ്പെടുത്താതിരിക്കില്ല. എന്നാൽ ഒരു മല, അപ്പാടെ കടലിലേയ്ക്ക് മുങ്ങാങ്കുഴിയിട്ട് അപ്രത്യക്ഷമാകുന്ന ഒരു പെനിൻസുലയിൽ ചെന്നെത്താനായിരുന്നു, കുറച്ചു മാസങ്ങൾക്ക് മുൻപ്. ഒമാനിലെ മുസൻഡം മുനമ്പ്. അറേബ്യൻ മരുഭൂമിക്ക് വ്യതിരിക്തത നൽകുന്ന ഹജാർ മലനിരയുടെ ഒരതിരാണ് മുസൻഡം. മുസൻഡത്തിലെ പോലെ നഗ്നപ്രകൃതിയുടെ അസുലഭതയും അപൂർവ്വതയും നേരിട്ടനുഭവിക്കാൻ എന്തായാലും ബാക്കു കടൽത്തീരത്ത് നിൽക്കുമ്പോൾ സാധിക്കില്ല.

കടൽത്തീരത്തെ ശില്പം
കടൽത്തീരത്തുകൂടി, ഉദ്യാനത്തിലൂടെ കൂറേദൂരം നടന്നു. അപ്പോൾ സന്ധ്യ വന്നു. ഒപ്പം കോക്കസസ് മലയിറങ്ങി തണുത്തകാറ്റും. പകൽനേരം ഇചേരിഷെഹറിലൂടെ നടക്കുമ്പോൾ, വെയിൽ ഞങ്ങളെ തളർത്തിയിരുന്നു. അതിനാൽ തന്നെ കടൽത്തീരത്തേയ്ക്ക് വന്നത് ലളിതവസ്ത്രധാരികളായാണ്. തെറ്റായ തീരുമാനപ്പോയി അത്. വെയിൽ വറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത രീതിയിൽ ശീതക്കാറ്റ് കാസ്പിയൻ തീരത്തെ വിറങ്ങലിപ്പിക്കുന്നു. അലസനടത്തം അനുവദിക്കാത്ത വിധം ഞങ്ങളെയും വിറപ്പിക്കുന്നു.

കടൽത്തീരത്ത് പരദശം ഭക്ഷണശാലകളുണ്ട്. അവയുടെ തീന്മേശകൾ ഒക്കെയും കെട്ടിടത്തിനുള്ളിലല്ല, പുറത്താണ്. വർണ്ണവെട്ടം ചിതറിക്കിടക്കുന്ന കടൽത്തീരത്ത്, ആകാശത്തെ നക്ഷത്രങ്ങളെ കണ്ട് അത്താഴം. അങ്ങനെയൊന്ന് കരുതിയാണ് ഞങ്ങളും വന്നത്. കാസ്പിയൻ തീരത്തെ ഒരു ഓപ്പൺ എയർ റെസ്റ്റോറന്റിൽ അലസമായ രാത്രിഭക്ഷണം. പക്ഷെ ശീതക്കാറ്റ് ഞങ്ങളെ പരിക്ഷീണരാക്കി. ഏത് കാലാവസ്ഥയും അതിജീവിക്കാൻ പറ്റുന്ന പ്രായവുമല്ലല്ലോ. അതിനാൽ ആ ആഗ്രഹമുപേക്ഷിച്ച്, ഒരു ടാക്സി പിടിച്ച്, താമസിക്കുന്ന ഹോട്ടലിന്റെ ഏറ്റവും മുകൾനിലയിലുള്ള  തീൻശാലയിലേയ്ക്ക് മടങ്ങി.

അവിടെയിരിക്കുമ്പോൾ ബാക്കുവിന്റെയും കാസ്പിയന്റെയും രാത്രി ജാലകക്കാഴ്ചയാവുന്നു. വലിയൊരു ഭോജനശാല. പക്ഷെ ഒരു ജോഡി യുവമിധുനങ്ങളും വൃദ്ധമിഥുനങ്ങളായ ഞങ്ങളും മാത്രമേ അത്താഴത്തിനുള്ളു. അസർബൈജാന്റെ രുചിഭേദമുള്ള സ്റ്റീക്കിനും, കോക്കസസ് ഗ്രാമങ്ങളിലെ മുന്തിരിത്തോട്ടങ്ങളുടെ സവിശേഷ ലഹരിപേറുന്ന 'സവാലൻ' വീഞ്ഞിനും മുന്നിൽ ഞങ്ങളിരുന്നു. മങ്ങിയ താളത്തിൽ അപരിചിതമായ സംഗീതം. അങ്ങകലെ ബാക്കുവിന്റെ ഐക്കോണിക് ലാൻഡ്മാർക്കായ 'ഫ്‌ളെയിം ടവേഴ്സ്' അഗ്നിനാളം പോലെ കാറ്റത്തുലയുന്നത് ദൂരക്കാഴ്ചയാവുന്നു...                                              

വിദൂരദേശങ്ങളിലെ ആർദ്രനേരങ്ങളിൽ, ജീവിതം പ്രതിഫലിക്കുന്ന വിചാരക്കാഴ്ചകളിൽ ആമഗ്നനാവുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്; ഒരിക്കലും എഴുതാതെ പോയ ആ കവിതകളെ കുറിച്ച്...!

- തുടരും -

2018, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

അഗ്‌നിദേശം - രണ്ട്

പാരഡോക്സ് - വൈരുദ്ധ്യം!

അസർബൈജാന്റെ സാമൂഹ്യജീവിതത്തെ കുറിച്ച സംസാരിക്കുമ്പോൾ, പിന്നീട്, തൈമൂർ തന്നെയാണ് ഈ ഒരു വാക്കിൽ അതിനെ ശരിയായി നിർവ്വചിച്ചത്.

നിസാമി തെരുവിൽ നിന്നും ഇചേരി ഷെഹറിലേയ്ക്കുള്ള ഇടുങ്ങിയ പടവുകൾ കയറുമ്പോഴാണ് ഞങ്ങൾക്കത് ആദ്യമായി അനുഭവപ്പെട്ടത്. കൈവരിയുടെ നിഴൽമറവിൽ ഒരു വൃദ്ധ ഇരിക്കുന്നു. പച്ചനിറത്തിലുള്ള, പ്ലം പോലുള്ള ഒരു ഫലം ചെറിയ പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച് വിൽക്കുകയാണവർ. നിസാമി തെരുവിലെ ആധുനികമായ പുളപ്പിൽ നിന്നും, നഗരം അതിന്റെ ഇരുണ്ടഗഹ്വരങ്ങളിൽ  മറച്ചുവച്ചിരിക്കുന്ന ഇല്ലായ്മയുടെ സാക്ഷ്യം. അവർ പേരിനുവേണ്ടി പഴം വിൽക്കുകയായിരുന്നു. ഭിക്ഷാടനമായിരുന്നു അത്. കാരണം, 'അൽച' എന്നറിയപ്പെടുന്ന ആ പഴം തൊട്ടപ്പുറത്തെ ഒരു മരത്തിൽ കായ്ച്ചുനിൽപ്പുണ്ട്. ആർക്കും അതിൽ നിന്നും പറിച്ചു കഴിക്കാവുന്നതേയുള്ളൂ. അവരിൽ നിന്നും ഒരു കവർ വാങ്ങി, അല്പം കഴിഞ്ഞ്, ഒരു മരത്തണലിൽ വിശ്രമിക്കുമ്പോഴാണ്, അതൊരു അൽചമരമാണെന്നും അത് കായ്ച്ചുനിൽക്കുകയാണെന്നും ഞങ്ങൾ കാണുന്നത്.

അൽച, നല്ല പുളിയും ചവർപ്പുമുള്ള ഫലമാണ്. വൃദ്ധയുടെ കയ്യിൽ നിന്നും വാങ്ങിയ അൽച, അസർബൈജാൻ വിടുന്നവരെ കൂടെക്കരുതിയിരുന്നു. അസർബൈജാനിലെ പരിചിതമല്ലാത്ത ഭക്ഷണങ്ങൾക്ക് ശേഷം വായിലെ ചുവ മാറ്റാൻ ഇതിന്റെ പുളിരുചി സഹായിച്ചു. ബാക്കിയുണ്ടായിരുന്ന ഏതാനുമെണ്ണം അവസാനം തങ്ങിയ ഹോട്ടൽ മുറിയിൽ ഉപേക്ഷിച്ചു.

അൽചമരത്തണലിൽ...
നിസാമി ഗഞ്ചാവിയുടെ പ്രതിമയിരിക്കുന്ന ചത്വരത്തിന്റെ ഒരു ഭാഗത്തുകൂടി, അൽച വിൽക്കുന്ന വൃദ്ധയിരിക്കുന്ന പടവുകൾ കയറിച്ചെല്ലുമ്പോൾ, ഇചേരി ഷെഹർ തുടങ്ങുകയാണ്.

നഗരസത്തയുടെ ഭാവമാറ്റം ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും...!

ഇചേരി ഷെഹർ (Icheri Sheher) എന്ന അസർബൈജാനി വാക്കിന്റെ മൊഴിമാറ്റം  'ഉൾപ്പട്ടണം' (Inner City) എന്നാണ്. പണ്ട് കാലം മുതൽ പറഞ്ഞുവരുന്നത്  അങ്ങനെയാണെങ്കിലും 'പുരാതന നഗരം' എന്ന് അർത്ഥമെടുക്കുന്നതാവും ഇന്ന് കൂടുതൽ അനുരൂപം. ആധുനിക ബാക്കു പട്ടണത്തിന്റെ മധ്യത്തിൽ അതീവശ്രദ്ധയോടെ സംരക്ഷിച്ചുവരുന്ന പൗരാണിക നഗരമാണ് ഇചേരി ഷെഹർ. വൃത്തിയും വെടിപ്പും മുഖമുദ്ര.

ഇടുങ്ങിയ തെരുവുകളുടെ ഇരുവശത്തുമായി സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള വാസ്തുനിർമ്മിതികൾ ഏറെക്കൂറെ അതുപോലെ തന്നെ സംരക്ഷിക്കപ്പെട്ടുണ്ട്. എന്നാൽ എല്ലാ കെട്ടിടങ്ങൾക്കും അത്രയും പൗരാണികത തോന്നുകയും ഇല്ല. റഷ്യൻ സാമ്രാജ്യത്തിന്റെ ഭരണകാലത്ത് ഉയർന്നുവന്ന, അക്കാലത്തെ യൂറോപ്യൻ മാതൃകയിലുള്ള മട്ടുപ്പാവ് (balcony) കെട്ടിടങ്ങളും കൂട്ടത്തിലുണ്ട്. പക്ഷെ അവയും ഒന്നുരണ്ട് നൂറ്റാണ്ടിന് മുമ്പുള്ളതാണെന്ന് ഓർക്കണം. അതിനാൽ തന്നെ ആ പൗരാണികമായ നഗരത്തിന്റെ ഭാവവ്യാപ്തിക്ക് അവ ലോപത്വം ഉണ്ടാക്കുന്നില്ല എന്നുകാണാം.

ഇചേരി ഷെഹറിന്റെ തെരുവ്...
ഒരു വിദൂരദേശത്ത് ചെല്ലുമ്പോൾ, നമ്മുടെ നാടിനെ അവിടവുമായി താരതമ്യം ചെയ്യാൻ നിശിതമായി ശ്രമിക്കാറില്ല. സംസ്‌കാരങ്ങൾ വ്യത്യസ്തമാണ്. ജീവിതാവബോധവും ജീവിതനിലവാരവും വ്യത്യസ്തമാണ്. അതിനാൽ ഒന്നിനെ മറ്റൊന്നിനോട്  താരതമ്യപ്പെടുത്തി വ്യവഹരിക്കുന്നതിൽ അർത്ഥമില്ല. എന്നാൽ ഇചേരി ഷെഹർ എന്ന, ഇന്നും സജീവമായിരിക്കുന്ന, നൂറ്റാണ്ടുകൾക്ക് മുൻപുള്ള പട്ടണത്തിലൂടെ നടക്കുമ്പോൾ എനിക്ക് നഷ്ടബോധം തോന്നാതിരുന്നില്ല. ഒരു നൂറ്റാണ്ടിന് മുൻപുള്ള കേരളത്തിലെ ജനപദങ്ങൾ എങ്ങനെയായിരുന്നു എന്നതുപോലും ഇപ്പോൾ  സങ്കൽപ്പിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

ജന്മനാടായ തിരുവനന്തപുരത്ത്, കോട്ടയ്ക്കുള്ളിലും അതിന് ചുറ്റുമായും, പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പ്രതാപകാല ഓർമ്മപ്പെടുത്തൽ പോലെ, ഏതാനും കൊട്ടാരങ്ങളും മറ്റുചില വാസ്തുനിർമ്മിതികളും ഉണ്ട്. കോട്ടയ്ക്കകമെങ്കിലും, ഒരു പൗരാണികസ്ഥാനമായി കണ്ട്, സർക്കാർ അതൊക്കെ സംരക്ഷിച്ചിരുന്നെങ്കിൽ എന്ന് ഇവിടം കാണുമ്പോൾ ആഗ്രഹം തോന്നുന്നു.

പടിഞ്ഞാറേ കോട്ടയുടെ ഭാഗത്ത്, മുത്തൂറ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു തീൻശാലയിൽ ഇടയ്ക്ക്  കയറിയിരുന്നു. അപ്പോഴാണ് ആ സ്ഥാപനമിരിക്കുന്നത് രാജഭരണകാലത്തെ ഒരു അമ്മച്ചിവീട്ടിലാണെന്ന് മനസ്സിലായത്. പ്രശസ്തനായ ബിജുരമേശിന്റെ ബാറും, അത്രയൊന്നും പ്രശസ്തമല്ലാത്ത കുതിരമാളികയും ഒരേ അതിരുപങ്കിടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ നോക്കുമ്പോൾ എന്റെ ആഗ്രഹം അത്രകണ്ട് പ്രായോഗികമല്ലെന്ന് മനസ്സിലാക്കാൻ ചെറിയ ബുദ്ധിമതിയാവും.

ഇചേരി ഷെഹറിലെ വഴിയോര കച്ചവടം
കോട്ടയ്ക്കുള്ളിലെ നഗരമാണ് ഇചേരി ഷെഹർ. ഏഴാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലായിട്ടാണ് ഈ ജനപദം ഉണ്ടായിവന്നത്. കൃത്യമായ ഒരു കാലഗണനയിലേയ്ക്ക് ചരിത്രകാരന്മാർ എത്തിയിട്ടില്ല എന്നതാണ് വാസ്തവം. പട്ടുപാതയിൽ (Silk Road) പെടുന്ന ഒരു കാസ്പിയൻ തുറമുഖം എന്ന നിലയ്ക്കാണ് പട്ടണം വികസിച്ചത്. ഇന്ന് കാണുന്ന സവിശേഷമായ നിർമ്മിതികളിൽ ബഹുഭൂരിപക്ഷവും ആ നാളുകളുടെ ശേഷിപ്പാണ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ സാമ്രാജ്യം ഈ പ്രദേശം കീഴടക്കുമ്പോഴാണ് കുറച്ചുകൂടി ആധുനികമായ ഒരു തലത്തിലേയ്ക്ക് പ്രദേശം മാറുന്നത്. വ്യാപാരത്തിന്റെയും വർത്തകസഞ്ചാരത്തിന്റെയും ചലനാത്മക കൂടുകയും പട്ടണവ്യാപ്തി വർദ്ധിക്കുകയും ചെയ്തു. നാഗരികതയുടെ ഉപോല്പന്നമായി ആദ്യം സംഭവിക്കുക കുടിയേറ്റമാണല്ലോ. ഗ്രാമങ്ങളിൽ നിന്നും വിദൂരദേശങ്ങളിൽ നിന്നും പട്ടണത്തിലേക്കെത്തിയവർ തമ്പടിച്ചത് കോട്ടമതിലിന് പുറത്താണ്. ആ പ്രദേശങ്ങളും ജനവാസമേഖലയായി മാറാൻ തുടങ്ങി. കഴിഞ്ഞ അദ്ധ്യായത്തിൽ വിസ്തരിച്ച നിസാമി തെരുവു പോലുള്ള ഭാഗങ്ങളുടെയൊക്കെ പ്രഭവം ഇക്കാലത്താണ്.

ഈ പരിണാമം സമൂഹത്തിൽ ചില ശ്രേണിബദ്ധതകളും ഉളവാക്കുകയുണ്ടായി. കോട്ടമതിലിനുള്ളിൽ താമസിക്കുന്നവർ യഥാർത്ഥ നഗരവാസികളും, പുറത്തുള്ളവർ വന്നുചേർന്നവരുമായി മാറി. അക്കാലം മുതലാണ് കോട്ടമതിലിനുള്ളിലുള്ള പ്രദേശം ഇചേരി ഷെഹർ എന്നറിയപ്പെടാൻ തുടങ്ങിയത്. പുറത്തുള്ള ഭാഗം ബായിർ ഷെഹർ (Outer City) എന്നും വിളിക്കപ്പെട്ടു. ഇചേരി ഷെഹർ നിവാസികൾ സമൂഹത്തിൽ ഉന്നത ശ്രേണിയിലുള്ളവരായി കരുതപ്പെടാൻ തുടങ്ങി.

ഇചേരി ഷെഹർ
ഇചേരി ഷെഹറിലും പാശ്ചാത്യരായ അധികം സഞ്ചാരികളെ കാണുകയുണ്ടായില്ല. സ്വദേശികൾ എന്ന് തോന്നിച്ചവർ തന്നെയായിരുന്നു കൂടുതലും. പക്ഷെ അതിൽ നല്ലൊരു പക്ഷവും റഷ്യക്കാരാണെന്ന് മനസ്സിലാക്കിയത് പിന്നീടാണ്. അസർബൈജാനികളെയും റഷ്യക്കാരെയും വേർതിരിച്ചറിയാൻ നമുക്ക് പ്രയാസമാണ്.

തങ്ങളുടെ പഴയ അംഗസംസ്ഥാനത്തിൽ ഇപ്പോൾ ഒരുപാട് റഷ്യക്കാർ വിനോദസഞ്ചാരികളായി എത്തുന്നുണ്ട്.

സോവ്യറ്റ് യൂണിയൻ ഇല്ലാതായപ്പോൾ പിരിഞ്ഞുപോയി സ്വതന്ത്രരാജ്യങ്ങളായ പ്രദേശങ്ങൾ എല്ലാംതന്നെ, യൂണിയന്റെ  സ്ഥാപനകാലത്ത് ചെമ്പടയുടെ സൈനികശക്തിയാൽ കൂട്ടിച്ചേർക്കപ്പെട്ടവയായിരുന്നു എന്നാണ് ഒരുപാടുകാലം ഞാൻ കരുതിയിരുന്നത്. എന്നാൽ അസർബൈജാനെ പോലുള്ള രാജ്യങ്ങൾ അതിനുമൊക്കെ എത്രയോ മുൻപു തന്നെ ഇമ്പീരിയൽ റഷ്യയുടെ ഭാഗമായിരുന്നു എന്നതാണ് വാസ്തവം.

പതിനെട്ടാം നൂറ്റാണ്ടിൽ, റഷ്യൻ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും തമ്മിൽ നിരന്തരമായ യുദ്ധങ്ങൾ നടന്നിരുന്നു. ഇന്നത്തെ ജോർജിയ, അർമേനിയ, അസർബൈജാൻ തുടങ്ങി അതിർത്തിയിലുള്ള രാജ്യങ്ങൾ അക്കാലത്ത് ഈ രണ്ട് വലിയ സാമ്രാജ്യത്വശക്തികളുടെ ബലപരീക്ഷണസ്ഥലിയായി മാറിയിരുന്നു.

അത്തരത്തിൽ നടന്ന യുദ്ധങ്ങളുടെ ഉപോല്പന്നമായി പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് (1806) ഇന്നത്തെ അസർബൈജാൻ ഉൾപ്പെടുന്ന പ്രദേശം റഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലാവുന്നത്. സോവ്യറ്റ് യൂണിയൻ സ്ഥാപിതമാവുന്നത് 1922 - ൽ മാത്രമാണ്. സ്വാഭാവികമായും അസർബൈജാനും അതിന്റെ ഭാഗമായി മാറുകയാണുണ്ടായത്.

സാമ്രാജ്യത്വ ദുർമോഹത്തിന്റെ കണക്കെടുപ്പാണ് പലപ്പോഴും ചരിത്രം...!

വീടുകളിലെ തടികൊണ്ടുള്ള മട്ടുപ്പാവ്...
മദ്ധ്യാഹ്നത്തിന്റെ വെയിൽ, ഇടുങ്ങിയ തെരുവുകളുടെ പാകിയ തറയിൽ ചൂടുവിരിക്കുന്നുണ്ട്. വീടുകളെ മറച്ചുപിടിക്കുന്ന വലിയ മതിൽക്കെട്ടിനകത്തു നിന്നും നിരത്ത് കാണാനെന്നോണം ആഞ്ഞുനിൽക്കുന്ന ലളിതമായ വൃക്ഷരാജികൾ. അവ അവിടവിടെ തണൽതീർക്കുന്നു. നേരിട്ട് വെയിലടിക്കുമ്പോൾ ചൂടനുഭവപ്പെടുന്നുണ്ടെങ്കിലും, തണലിൽ ആശ്വാസത്തിന്റെ നേരിയ തണുപ്പ് പതിഞ്ഞുകിടപ്പുണ്ട്...

ഞങ്ങൾ കന്യകാഗോപുരത്തിലേയ്ക്ക് നടക്കുകയാണ്...

ബൈബിൾ ചലച്ചിത്രങ്ങളിൽ കണ്ടുപരിചയിച്ച മദ്ധ്യപൂർവേഷ്യൻ പരിസരത്തെ ഓർമ്മിപ്പിക്കുന്ന, മഞ്ഞിച്ച, ഗഹ്വരസമാനമായ ചെറുവഴിയിലൂടെ നടക്കുമ്പോൾ വെറുതെ ആലോചിച്ചു; ഈ സ്ഥലത്തേയ്ക്ക് ഒരിക്കലും വന്നില്ലായിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു? പൊതുവേ ജീവിതത്തിന് വ്യതിയാനമൊന്നും ഉണ്ടാവില്ല. ഇവിടെ നിന്നും മടങ്ങിച്ചെന്നാലും ദൈനംദിനവൃത്തിയുടെ മങ്ങിയ വഴിയിലൂടെ രാപ്പകലുകൾ കടന്നുപോകും...

പക്ഷെ ഒരു വ്യത്യാസം ഉണ്ടാവും. ഇടയ്‌ക്കൊക്കെ, ഞാൻ അസർബൈജാൻ ഓർക്കും, ബാക്കു ഓർക്കും, കന്യകാഗോപുരത്തിലേയ്ക്കുള്ള, ഇപ്പോൾ നടക്കുന്ന ഈ ചെറിയ വഴി ഓർക്കും. അപ്പോൾ, അകാരണമായ ഒരു സന്തോഷം തോന്നും. ഒരിക്കൽ മാത്രം പോയ വഴികളിലൂടെ സ്വപ്നസമാനമായി വീണ്ടും വീണ്ടും യാത്രചെയ്യും. ഓർമ്മകളുടെ സാന്ദ്രതടാകത്തിൽ ആരോ തൊട്ടതുപോലെ ഹർഷവീചികൾ പരന്നൊഴുകും...

ഒന്ന് കഴിയുമ്പോൾ മറ്റൊന്നിലേയ്ക്ക് ആവേശിപ്പിക്കുന്ന യാത്രയുടെ രസതന്ത്രം ഈ സന്തോഷോന്മാദമാണ്...!

ശീതകാലത്തെ തൊപ്പികൾ. ഇചേരി ഷെഹറിലെ വഴിയോരക്കച്ചവടം...
അങ്ങനെ നടക്കവേ, വഴിയുടെ അങ്ങേത്തലയ്ക്കൽ കന്യകാഗോപുരം കാണായി...

ഇചേരി ഷെഹറിലെ സവിശേഷവും അതിപുരാതനവുമായ ഒരു നിർമ്മിതിയാണ് കന്യകാഗോപുരം (Maiden Tower). വിസ്താരമേറിയ ഒരു വൃത്തഗോപുരമാണിത്. അസർബൈജാൻ സാംസ്കാരത്തിന്റെ പ്രതിരൂപകമായി, വ്യാപകമായി ഉപയോഗിച്ചുവരുന്നത് ഈ ഗോപുരമന്ദിരമാണ്. അസർബൈജാന്റെ കടലാസുനാണയത്തിലും സ്റ്റാമ്പിലുമൊക്കെ ഇതിന്റെ ചിത്രം കാണാവുന്നതാണ്. രാജ്യത്തിന്റെ ഏതുഭാഗത്തു പോയാലും, കൗതുകവസ്തുക്കളുടെ കടയിൽ കന്യകാഗോപുരത്തിന്റെ കുഞ്ഞുശില്പങ്ങൾ വില്പനയ്ക്കുണ്ടാവും.

കന്യകാഗോപുരത്തിന്റെ ചരിത്രവും പുരാവൃത്തവും വളരെ മങ്ങിയാണ് കാണപ്പെടുന്നത്. നിർമ്മാണകാലം കൃത്യമായി നിർണ്ണയിച്ചിട്ടില്ലെങ്കിലും രണ്ടു കാലഘട്ടങ്ങളിലായാണ് നിർമ്മാണം നടന്നിരിക്കുക എന്ന് ചരിത്രകാരന്മാർ പൊതുവേ അനുമാനിക്കുന്നു. 3-4 നൂറ്റാണ്ടുകളിലാണ് ആദ്യത്തെ നിർമ്മാണം നടന്നിരിക്കുക.  പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടോടെ നിലവിലുള്ള സ്തൂപത്തിന്റെ ഉയരം കൂട്ടിയിരിക്കാം എന്നും കരുതുന്നു. ഈ രണ്ടു കാലങ്ങളിലും നിർമ്മിക്കപ്പെട്ട ഭാഗങ്ങൾ പുറംകാഴ്ചയിൽ തന്നെ വ്യത്യസ്തമാണെന്ന് മനസ്സിലാക്കാനാവും. ഉപയോഗിച്ചിരിക്കുന്ന ഇഷ്ടികകൾ പോലും നിറരൂപങ്ങളിൽ വ്യതിരിക്തത പുലർത്തുന്നതായി കാണാം. എന്നാൽ അങ്ങനെയല്ല, ഈ സ്തൂപം പൂർണ്ണമായും പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉയർത്തിയതാണ് എന്നുകരുതുന്ന ചരിത്രകാരന്മാരുമുണ്ട്.

കന്യകാഗോപുരം
ചുറ്റുഗോവണിയിലൂടെ ഞങ്ങൾ ഗോപുരത്തിന് മുകളിലേയ്ക്ക് കയറി. ആയാസകരമായിരുന്നു ആ കയറ്റം എന്ന് പറയാനാവില്ല. നമ്മുടെ ചില തുറമുഖങ്ങളിലും കടൽത്തീരത്തും സംരക്ഷിച്ചുവരുന്ന പഴയ വിളക്കുമാടങ്ങളുടെ ഉയരവുമായി താരതമ്യംചെയ്യുമ്പോൾ, കന്യകാഗോപുരത്തിന്റെ ഉയരം കുറവാണ്.

നിലവിൽ, വിവിധ തട്ടുകളിലായി പ്രവർത്തിക്കുന്ന ചെറിയ ഒരു പ്രദർശനശാലയാണ്  ഇതിനുള്ളിലുള്ളത്. എന്നാൽ നിർമ്മാണകാലത്ത് ഗോപുരത്തിന്റെ ഉപയോഗം ഇതായിരുന്നിരിക്കാൻ വഴിയില്ലല്ലോ. ഇതൊരു നിരീക്ഷണഗോപുരമായിരുന്നു എന്നും കരുതപ്പെടുന്നില്ല. ചരിത്രകാരന്മാർ എത്തിയിരിക്കുന്ന നിഗമനം, ഇവിടം ഒരു ആരാധനാലയം ആയിരുന്നിരിക്കാം എന്നാണ്.

ഒരു സൗരാഷ്ട്രിയൻ അഗ്നിക്ഷേത്രം!

പുരാതനകാലത്ത് പൗരസ്ത്യ-പാശ്ചാത്യ രാജ്യങ്ങൾ തമ്മിൽ കരമാർഗ്ഗം നിലനിന്ന വാണിജ്യവഴിയിലെ പ്രധാനപ്പെട്ട ഇടത്താവളം എന്ന നിലയ്ക്ക് ഈ പ്രദേശം സംസ്കാരങ്ങളുടെ സംഗമസ്ഥാനം കൂടിയായിരുന്നു. ഇൻഡ്യൻ വണിക്കുകൾ അതിൽ ഒട്ടും ചെറുതല്ലാത്ത നിലയിൽ സന്നിഹിതമായിരുന്നു. അക്കൂട്ടത്തിൽ പാഴ്‌സി വണിക്കുകളുടെ പ്രബലമായ സമൂഹവും ഉൾപ്പെട്ടിരുന്നു. പാഴ്‌സികളുടെ സൗരാഷ്ട്രിയൻ മതം അഗ്നിയെ ആരാധിക്കുന്നു.

ഭൂമിയിൽ നിന്നും അഗ്നിനാളമുയരുന്ന ഈ കാസ്പിയൻതീരം അവർക്ക് പുണ്യഭൂമിയായി തോന്നിയതിൽ അത്ഭുതമില്ല. ഭൂഗർഭത്തിലെ പ്രകൃതിവാതകം അന്തരീക്ഷത്തിലേക്ക് ബഹിർഗമിക്കുമ്പോഴാണ് അണയാതെ തീകത്തിക്കൊണ്ടിരിക്കുന്നതെന്ന ശാസ്ത്രതത്വമൊക്കെ ഉണ്ടായിവരുന്നത് പിന്നീടാണല്ലോ. അന്ന് ഭൂപ്രതലത്തിൽ വെറുതെ ഉയരുന്ന അഗ്നി, ദൈവമല്ലാതെ മറ്റൊന്നായിരുന്നില്ല.

അത്തരത്തിൽ പ്രകൃത്യായുള്ള ഒരു അഗ്നിസ്ഥാനത്തിനെ ചുറ്റിയാണ് ഈ ഗോപുരം ഉയർന്നതത്രെ. ഗോപുരമുകളിലെ വിസ്തൃതമായ സുഷിരങ്ങളിലൂടെ അഗ്നിനാളങ്ങൾ ആകാശത്തേയ്ക്ക് തുളുമ്പുന്ന ചില പുരാതന ചിത്രങ്ങൾ ലഭ്യമായിട്ടുണ്ട്. ചിത്രങ്ങളിൽ വന്യഭാവനയ്ക്കും ഇടമുണ്ടെന്നിരിക്കെ അതിന്റെ ചരിത്രഗുണം കൃത്യമാവണമെന്നില്ല.

ഗോപുരമുകളിൽ നിന്നും കാസ്പിയൻ തീരത്തേയ്ക്ക് നോക്കുമ്പോൾ
ഞങ്ങൾ ഗോപുരമുകളിൽ നിന്ന് ചിത്രമെടുത്തുകൊണ്ടിരുന്നു. ബാക്കുപട്ടണത്തിന്റെ വിശാലമായ വിഗഹവീക്ഷണം കിട്ടുന്ന ഇടമാണ്. എല്ലാഭാഗത്തേയ്ക്കും കാഴ്ച ലഭിക്കുകയും ചെയ്യും...

ആ സമയം, തികച്ചും ആധുനികമായി വേഷംധരിച്ച രണ്ട് അസർബൈജാനി പെൺകുട്ടികളും അവിടെയുണ്ടായിരുന്നു. അവരും ആഹ്ളാദത്തോടെ സെൽഫിയെടുക്കുകയും മറ്റും ചെയ്തുകൊണ്ട് പുരപ്പുറത്ത് ചുറ്റിക്കറങ്ങുകയായിരുന്നു. ഞങ്ങളുടെ ചിത്രമെടുപ്പിനെ അലോസരപ്പെടുത്തുന്നു എന്നുതോന്നിയതിനാലാവാം, തൈമൂർ ആ പെൺകുട്ടികളോട് അവിടെ നിന്നും മാറിപ്പോകാൻ ആവശ്യപ്പെട്ടു, അല്പം പരുഷമായി. ആ കുട്ടികൾ, ഒന്നും മിണ്ടാതെ, സന്തോഷത്തിന്റെ ഉടയാടകൾ അഴിച്ചുവെച്ച് പെട്ടെന്നുതന്നെ അവിടെ നിന്നും നിഷ്ക്രമിച്ചു. അത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുകയും ലേശം അലോസരപ്പെടുത്തുകയും ചെയ്തു.

അപ്പോൾ മാത്രമല്ല പിന്നീടും ഇത്തരം ഒന്നുരണ്ട് ചെറിയ സംഭവങ്ങളിൽ നിന്നും ഒരുകാര്യം തോന്നാതിരുന്നില്ല. വളരെ ആധുനികമായി കാണപ്പെടുന്ന അസർബൈജാനി പരസ്യജീവിതത്തിന്റെ ഉൾമുറികളിൽ, പക്ഷെ, ശക്തമായ പെയ്ട്രിയാർക്കൽ മൂല്യങ്ങൾ നിഗൂഢവാസം ചെയ്യുന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന റഷ്യൻ ഭരണം അതിന്റെ അംഗസംസ്ഥാനങ്ങളിൽ, ആഴത്തിലുള്ള  സാമൂഹ്യപരിവർത്തനം  കൊണ്ടുവന്നു എന്നുകരുതാൻ ഇത്തരം തോന്നലുകൾ അനുവദിക്കുന്നില്ല. അധിനിവേശത്തിന്റെ സാമൂഹ്യനിയോഗം ഉപരിപ്ലവമാണ്.

ഈ നിരീക്ഷണത്തെ സാമാന്യവത്കരിച്ചു കാണേണ്ടതില്ല.  ഒരു രാജ്യത്തിന്റെ അടിയൊഴുക്കായി തുടരുന്ന സാമൂഹ്യധാരകളെ നാലഞ്ച് ദിവസത്തേയ്ക്ക് വന്നുപോകുന്ന വിനോദസഞ്ചാരിക്ക് നിശിതമായി മനസിലാക്കാനാവും എന്ന് കരുതുക വയ്യല്ലോ...

കന്യകാഗോപുരത്തിന് മുകളിലെ പെൺകുട്ടികൾ
എവിടെനിന്നോ പരദേശം കാണാനിറങ്ങിയ സഞ്ചാരികളെക്കാൾ ഈ ഗോപുരത്തിന്റെ അവകാശികൾ ആ പെൺകുട്ടികളായിരിക്കും. കാരണം, ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ട കഥയാണ് കന്യകാഗോപുരത്തെ പ്രതി സജീവമായി നിലനിൽക്കുന്ന പുരാവൃത്തം. അതിനെ ഉപലംഭിച്ച് പ്രശസ്തമായ ബാലേകളും സാഹിത്യവും  ഉണ്ടായിട്ടുണ്ട്. 'കന്യകാഗോപുരം' എന്ന പേരു തന്നെ, ഈ പുരാവൃത്തം അസർബൈജാന്റെ പോപ്യുലർ സംസ്കൃതിയിൽ എത്ര ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷതയാണ്.

അഗ്നിനാളംപോലെ മുടിയുള്ള ഒരു പെൺകുട്ടിയുടെ കഥയാണത്...

പുരാതനകാലത്ത് ഒരിക്കൽ, അല്പംമുൻപ് ഞങ്ങൾ കടന്നുവന്ന ബാക്കുകോട്ടയെ ശത്രുസൈന്യം ആക്രമിച്ചു. അവർ കോട്ടയെ വളഞ്ഞ് ഉപരോധം സൃഷ്ടിച്ചു. കോട്ടയ്ക്കുള്ളിലേയ്ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെയായി. പരിഭ്രാന്തരായ ജനം ഈ ആരാധനാലയത്തിന്റെ മുറ്റത്തെത്തി അവരുടെ ദേവനായ എഹൂറെ മെസ്ഡെയെ (Ahura Mazda) വിളിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. (സൗരാഷ്ട്രിയൻ ദേവനാണ് എഹൂറെ മെസ്ഡെ. ഇസ്‌ലാമിന്റെ വ്യാപനത്തിന് മുൻപ്, ഈ ഭാഗത്ത് സൗരാഷ്ട്രിയൻ മതം പ്രമുഖവും വ്യാപകവുമായിരുന്നു.) അവരുടെ പ്രാർത്ഥന, ദേവൻ കേട്ടു. അഗ്നിഗോപുരത്തിന് മുകളിൽ നിന്നും ഒരു തീക്കഷ്ണം താഴേക്ക് നിപതിച്ചു. അതിൽ നിന്നും അഗ്നിനാളങ്ങൾ പോലെ മുടിയുള്ള ഒരു പെൺകുട്ടി ഉണ്ടായിവന്നു. അവൾ ശത്രുസൈന്യവുമായി നേരിട്ട് പോരാടുകയും തന്റെ ദിവ്യശക്തിയാൽ അവരെ പരാജയപ്പെടുത്തുകയും ചെയ്തു...

പുരാവൃത്തങ്ങളുടെ യുക്തി അന്വേഷിക്കരുത്. യുക്ത്യാതീതമായിരിക്കുക എന്നതാണ് പുരാവൃത്തങ്ങളുടെ സൗന്ദര്യക്കൂട്ട്...

നഗരഭാഗം - ഗോപുരമുകളിൽ നിന്നും...
എന്നാൽ തൈമൂർ പറഞ്ഞത് മറ്റൊരു കഥയാണ്. ആ പഴയ കഥ തന്നെ. ദരിദ്രനെ പ്രണയിച്ച രാജകുമാരിയുടെ കഥ. ഷാ - രാജാവ് - ആ  പ്രണയം അനുവദിക്കാത്തത്തിനാൽ അദ്ദേഹത്തിന്റെ മകൾ, രാജകുമാരി, ഈ ഗോപുരത്തിൽ നിന്നും ചാടി ആത്മഹത്യചെയ്തുവത്രെ. അതിനാലാണത്രെ കന്യകാഗോപുരം എന്ന പേരുവന്നത്...

ഇരുപത്തിമൂന്നുകാരനായ തൈമൂറിന് ഈ പ്രണയകഥ പറയാനും വിശ്വസിക്കാനും അവകാശമുണ്ട്. പക്ഷെ, തൈമൂർ ഒരു പ്രൊഫഷണൽ ഗൈഡല്ലെന്ന് അയാളുടെ ഇത്തരം സംസാരത്തിൽ നിന്നും മനസ്സിലാക്കാനായി. ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന ഗൈഡിനെ കിട്ടാനുള്ള പ്രയാസം ടൂർ കമ്പനി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. അത്യാവശ്യം ഇംഗ്ലീഷ് അറിയുന്ന തൈമൂറിനെ അവർ താൽക്കാലികമായി സംഘടിപ്പിച്ചതാണെന്ന് തോന്നുന്നു. ഒരു സാധാരണ ചെറുപ്പക്കാരന്റെ പൊതുവിവരങ്ങൾക്കപ്പുറം അയാൾ അക്കാര്യത്തിൽ ശിക്ഷിതനായിരുന്നില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് ആവശ്യാനുസരണം പോകാൻ സഹായം വേണ്ടിയിരുന്നു; അതിനപ്പുറം ഒരു ഗൈഡിനെ ഞങ്ങളും ആഗ്രഹിച്ചിരുന്നില്ല. പ്രത്യേകിച്ച് ലോകവിവരം വിരൽത്തുമ്പിലുള്ളപ്പോൾ...

കന്യകാഗോപുരത്തിന്റെ ചുറ്റുഗോവണിയിറങ്ങുമ്പോൾ, ഈ വഴിയിലൂടെ ഒരുകാലത്ത് അഗ്നിനാളങ്ങൾ ആകാശത്തേയ്ക്ക് ഉയരുകയായിരുന്നുവല്ലോ എന്നത് ഞാൻ സങ്കൽപ്പിക്കാൻ ശ്രമിച്ചു..., എഹൂറെ മെസ്ഡെ എന്ന, ഇതിനുമുൻപ് കേട്ടിട്ടില്ലാത്ത ദൈവരൂപത്തെ മനസ്സിൽ വരഞ്ഞെടുക്കാൻ ശ്രമിച്ചു...

- തുടരും -

2018, ജൂലൈ 6, വെള്ളിയാഴ്‌ച

അഗ്നിദേശം - ഒന്ന്

കഠിനമായിരുന്നു ഇമിഗ്രെഷൻ നടപടികൾ.

'ഭൂതക്കണ്ണാടി വച്ച് നോക്കുക' എന്നൊരു പ്രയോഗമുണ്ടല്ലോ. അക്ഷരാർത്ഥത്തിൽ അതും സംഭവിച്ചു. വാച്ചുനന്നാക്കുന്നവർ ഉപയോഗിക്കുന്ന മാതിരിയുള്ള ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് അവർ എന്റെയും ഭാര്യയുടെയും പാസ്സ്പോർട്ടുകൾ താളോടുതാൾ പരിശോധിച്ചു. ഇത്രയും നാളത്തെ ലോകയാത്രയ്ക്കിടയിൽ ഒരു വിമാനത്താവളത്തിലും നേരിടേണ്ടിവരാത്ത മാതിരിയുള്ള  ചോദ്യംചെയ്യലിനും വിധേയമാവേണ്ടി വന്നു.

കുവൈറ്റിൽ നിന്നും നേരിട്ടുള്ള വിമാനത്തിൽ, കുവൈറ്റിൽ സ്ഥിരതാമസത്തിന് അനുമതിയുള്ള ഞങ്ങൾ, അസർബൈജാനിലേയ്ക്കുള്ള വിസയും കയ്യിൽപിടിച്ച് വന്നിട്ടും ഇത്രയും നീണ്ട ഇമിഗ്രെഷൻ പരിശോധനകൾ വേണ്ടിവന്നതിനുള്ള കാരണം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

എണ്ണ, പ്രകൃതിവാതക സമ്പന്നമായ രാജ്യം. അടിസ്ഥാനസൗകര്യങ്ങളും നഗരാസൂത്രണവും ഏറ്റവും ആധുനികമായി വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യം. വിനോദസഞ്ചാരമേഖലയിൽ അതിവേഗത്തിലുള്ള വളർച്ച. ഇത്തരത്തിൽ പൊലിമയുള്ള പലകാരണങ്ങളും അസർബൈജാനിലേയ്ക്കുള്ള യാത്രയ്ക്ക് ത്വരകമായി.

എന്നാൽ വിമാനം റൺവേയിലൂടെ ഓടുന്ന സമയത്ത്, പുറത്ത് അവിടിവിടെയായി യന്ത്രവേധതോക്കേന്തി കാവൽനിൽക്കുന്ന പട്ടാളക്കാരെ കണ്ടപ്പോൾ തന്നെ അല്പം പന്തികേട് തോന്നാതിരുന്നില്ല. ഇക്കാലത്ത് ആധുനിക വിമാനത്താവളങ്ങളിൽ ഇത്തരം കാഴ്ച പതിവല്ലല്ലോ.

തീവ്രമായ ഇമിഗ്രെഷൻ പരിശോധനകൾ കൂടിയായപ്പോൾ തുടക്കത്തിൽ തന്നെ മടുപ്പുതോന്നി. വിനോദസഞ്ചാരസൗഹൃദമാവാൻ ശ്രമിക്കുന്ന ഒരു രാജ്യത്തിന് അഭികാമ്യമായ രീതിയായി തോന്നിയില്ല ഇതൊന്നും.

ബാക്കു - അസർബൈജാന്റെ തലസ്ഥാനപട്ടണം
പുറത്ത് തൈമൂർ കാത്തുനിൽപ്പുണ്ടായിരുന്നു. ഇരുപത്തിമൂന്ന് വയസ്സുള്ള നവയുവാവ്. ഏകദേശം എന്റെ മകന്റെ പ്രായം. ഇനിയുള്ള ദിവസങ്ങളിൽ അയാളാവും ഞങ്ങളുടെ ഒപ്പം ഉണ്ടാവുക. അസർബൈജാന്റെ വിദൂരമായ പല പ്രദേശങ്ങളിലേയ്ക്കും ഞങ്ങളെ കൊണ്ടുപോവുക അയാളാണ്.

തൈമൂറിന്റെ കാറിൽ കയറിപ്പോകുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി. ആധുനികമായ വിമാനത്താവളം തന്നെയാണ് അസർബൈജാൻ തലസ്ഥാനമായ ബാക്കുവിലെ ഹൈദർ അലി അന്താരാഷ്ട വിമാനത്താവളം. (Heydar Aliyev എന്നാണ് എഴുതുന്നതെങ്കിലും, നിവാസികൾ ഉച്ചരിക്കുക ഹൈദർ അലി എന്നുതന്നെ.) ഈയടുത്തകാലത്തായി ഗൾഫ് മേഖലയിൽ ഉയർന്നുവന്നിരിക്കുന്ന അതിഗംഭീരമായ വിമാനത്താവളങ്ങളോടോ, ഇൻഡ്യയിലെ ഡൽഹി, മുംബൈ വിമാനത്താവളങ്ങളോടെ ഇതിനെ വലിപ്പത്തിന്റെ കാര്യത്തിൽ താരതമ്യം ചെയ്യേണ്ടതില്ല.

ഇമിഗ്രെഷനിലെ അനാവശ്യ പരിശോധനയെക്കുറിച്ച് തൈമൂറിനോട് സൂചിപ്പിച്ചു. അയാൾ അല്പം അത്ഭുതം അഭിനയിച്ചു. എങ്കിലും തന്റെ രാജ്യത്ത് ശക്തമായ ഭരണക്രമം നിലനിൽക്കുന്നു എന്നറിയുന്നതിൽ യഥാർത്ഥത്തിൽ അയാൾ ഉള്ളാലെ സന്തോഷിക്കുന്നുണ്ട് എന്നാണ് തോന്നിയത്. പരിശോധന കർശനമാവാനുള്ള  ഹേതുവായി അയാൾ കണ്ടെത്തിയത് ഞങ്ങൾ  പ്രതീക്ഷിക്കാത്ത മറ്റൊരു കാര്യമാണ്. അസർബൈജാന്റെ പരമ്പരാഗത ശത്രുരാജ്യമാണ് അർമേനിയ. ആ രാജ്യക്കാരുടെ  പേരിനോട് സാമ്യമുള്ള എന്തുകണ്ടാലും ശക്തമായ പരിശോധന നേരിടേണ്ടിവരുമത്രെ. ഞങ്ങളുടെ പേരുകൾക്ക് എന്ത് അർമേനിയൻ സാമ്യം എന്നുമാത്രം മനസ്സിലായില്ല...?!

എന്തായാലും, 'ലാൻഡ് ഓഫ് ഫയർ' - അഗ്നിദേശം - എന്ന് വിളിപ്പേരുള്ള അസർബൈജാനിലൂടെ ഞങ്ങളുടെ യാത്ര തുടങ്ങുകയാണ്... 

ബാക്കു അന്താരാഷ്ട്ര വിമാനത്താവളം
വിമാനത്താവളത്തിൽ നിന്നും പട്ടണമധ്യത്തിലുള്ള ഹോട്ടലിലേയ്ക്ക് സഞ്ചരിക്കുമ്പോൾ ഒരു കാര്യം വ്യക്തമായി അറിയാനായി:

ബാക്കു ഗംഭീരമായ ഒരു പട്ടണമാണ്!

സോവ്യറ്റ് യൂണിയനിൽ നിന്നും വേർപെട്ടതിനു ശേഷം, അസർബൈജാൻ അതിന്റെ തലസ്ഥാനത്തെ ഒരു ആധുനിക പട്ടണമായി വളർത്തിയെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ നഗരത്തിന്റെ പൗരാണികഭാവത്തിന് മങ്ങലേൽപ്പിക്കാതെയുമാണ് ഈ പരിണാമം എന്നതാണ് കൂടുതൽ സന്തോഷകരമായി അനുഭവപ്പെടുക. പൗരാണികതയും ആധുനികതയും ഹൃദ്യമായി ബാക്കുവിൽ ലയിച്ചിരിക്കുന്നു.

ഏത് രാജ്യത്തു ചെന്നാലും, അതിനെ വിലയിരുത്താനുതകുന്ന ആദ്യത്തെ അളവുകോൽ റോഡാണ്. ബാക്കുവും പരിസരപ്രദേശങ്ങളും ഒന്നാംതരം റോഡുകളാൽ മുഖരിതമാണ്. എട്ടും ആറും  ലെയ്‌നുള്ള, ലോകോത്തര നിലവാരമുള്ള  നിരത്തുകൾ. വൃത്തിയും വെടിപ്പുമുള്ള റോഡും നടപ്പാതയും. നിരത്ത് മുറിച്ചുകടക്കാൻ തുരങ്കവഴി. ആ ഭൂഗർഭ നടപ്പാതയിൽ  വെട്ടംചിതറി നിൽക്കുന്ന കടകൾ.

വേറെവിടെയും ഇതുവരെ കണ്ടിണ്ടിട്ടില്ലാത്ത ഒരു സംഗതിയും ഒരുദിവസം രാവിലെ കണ്ടു. ശക്തിയുള്ള ഹോസ് ഉപയോഗിച്ച് വെള്ളംചീറ്റിച് നിരത്തോരത്തെ വിളക്കുകാലുകൾ ഒന്നിനു പിറകേ ഒന്നായി കഴുകിപ്പോകുന്ന വണ്ടി. വിളക്കുകാലുകൾ ഓട്ടുനിർമ്മിതമായ കലാവിഷ്കാരം പോലെ, നഗരപ്രൗഢിക്ക് ചാരുതനൽകി  തിളക്കത്തോടെ നിരന്നുനിൽക്കുന്നു. (കുവൈറ്റ് പട്ടണത്തിലെ ചില നടപ്പാതകളോട് ചേർന്നുനിൽക്കുന്ന, കലാത്മകമായി നിർമ്മിക്കപ്പെട്ട വിളക്കുകാലുകൾ പൊടിയടിച്ചു കാണുമ്പോൾ, അവ ഇടവേളകളിൽ കഴുകിയിരുന്നെങ്കിൽ എന്ത് നന്നായിരുന്നേനെ എന്നുതോന്നിയിട്ടുണ്ട്. അതിനാൽ തന്നെ ഈ കാഴ്ച ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു.)

ഒരു പട്ടണം എത്ര മനോഹരമായി നിർമ്മിക്കപ്പെടാം, സംരക്ഷിക്കപ്പെടാം എന്നതിന് നിസ്സംശയം ഉദാഹരിക്കാനാവുന്ന ഒരിടമാണ് ബാക്കു.

ബാക്കു
തൈമൂർ ഞങ്ങളെ ഹോട്ടലിൽ കൊണ്ടാക്കി. "കുറച്ചുസമയം ക്ഷീണം മാറ്റൂ, ഉച്ചയ്ക്കു വരാം" എന്നുപറഞ്ഞ് അയാൾ പോയി. സമയം പത്തുമണി ആയിട്ടില്ല. യാത്രയുടെ തിരക്കിൽ ഇന്നലെ അധികം ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

കുവൈറ്റിൽ നിന്നും അധികം ദൂരത്തൊന്നുമല്ല അസർബൈജാൻ. വെറും രണ്ടുമണിക്കൂർ വിമാനദൂരം. കുവൈറ്റിൽ നിന്നും പൊങ്ങി, ഇറാനെ കവച്ചുകടന്നാലുടൻ കാസ്പിയൻ തീരമായ ബാക്കുവിലെത്തും.

കുറച്ചുസമയം കിടന്നുവെങ്കിലും കാര്യമായി ഉറങ്ങാനായില്ല. എന്തുകൊണ്ടോ ചെറിയൊരു വിരസത അനുഭവപ്പെട്ടു. ഒരുപക്ഷെ, മക്കൾ കൂടെയില്ലാത്തതുകൊണ്ടാവും. അവരില്ലാതെ ഇത്തരത്തിലുള്ള ഒരു യാത്ര ആദ്യമായിട്ടാണ്. കൂടെക്കൂട്ടണം എന്ന് കരുതിയിരുന്നതാണ്. എന്നാൽ നാട്ടിൽ പഠിക്കുന്ന അവരുടെ അവധിയും ഞങ്ങളുടെ അവധിയും ഒത്തുവരാത്തതിനാൽ, ഞങ്ങൾ രണ്ടുപേരും  മാത്രമായി പുറപ്പെടുകയായിരുന്നു.

അല്ലെങ്കിൽ തന്നെ കുട്ടികൾ അവരുടെ ജീവിതം സ്വന്തമായി ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി അച്ഛനമ്മമാരുടെ സൗകര്യത്തിന് അവരെ എപ്പോഴും കിട്ടിയെന്ന് വരില്ല. ഗൾഫിലെ ഒരു ചെറിയ അപ്പാർട്മെന്റിന്റെ ഇട്ടാവട്ടത്തിൽ, അവരുടെ ജനനം മുതൽ, അധികം തുറവുകളൊന്നുമില്ലാതെ ഒന്നിച്ചു കഴിഞ്ഞതുകൊണ്ടാവാം, ഇത്തരം മനസ്സിലാക്കലുകൾ, അനിവാര്യതകൾ, നേർത്ത വിഷാദം കൊണ്ടുവരുന്നു. താമസിയാതെ ശീലമായിക്കോളും എന്നുകരുതാം...

ബാക്കു
ഉച്ചയ്ക്ക്, പറഞ്ഞ സമയത്തു തന്നെ തൈമൂർ എത്തി. പട്ടണത്തിലെ ചില ഭാഗങ്ങൾ നടന്നുകാണണം എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. പഴയ പട്ടണത്തിന്റെ ഭാഗങ്ങളും പ്രശസ്ത കച്ചവടത്തെരുവായ നിസാമി സ്ട്രീറ്റും കടൽത്തീരവുമൊക്കെ...

അതിനുമുൻപ് തൈമൂർ ഞങ്ങളെ ഒരു ഇന്ത്യൻ തീൻശാലയിൽ  കൊണ്ടുപോയി. അസർബൈജാന്റെ തനതുവിഭവങ്ങൾ പരീക്ഷിക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ, ആദ്യദിവസം തന്നെ അതൊക്കെ കാട്ടി പേടിപ്പിക്കേണ്ടതില്ല എന്നയാൾ കരുതിയിട്ടുണ്ടാവും.

നഗരമധ്യത്തിൽ, നിസാമി തെരുവിനടുത്തായിരുന്നു ആ ഭക്ഷണശാല. ഒരു പഞ്ചാബിയുടെതാണത്രേ ഹോട്ടൽ. പക്ഷെ ഓർഡർ എടുക്കാനും മറ്റും വന്ന അസർബൈജാനി പെൺകുട്ടിയോടൊപ്പം കാര്യക്കാരനായി കണ്ടത് ഒരു പാക്കിസ്ഥാൻ സ്വദേശിയെ ആണ്.

ഭക്ഷണത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ. ആ പാക്കിസ്ഥാൻ സ്വദേശിയുമായി സംസാരിക്കുമ്പോഴും പിന്നീട് അസർബൈജാന്റെ ഗ്രാമപ്രദേശങ്ങളിലൂടെ  സഞ്ചരിക്കുമ്പോഴും ഒരുകാര്യം വ്യക്തമായി; അസർബൈജാനും പാകിസ്ഥാനും തമ്മിൽ അടുത്ത ബന്ധം നിലനിൽക്കുന്നു. പലരും ഞങ്ങളെ "പാക്കിസ്ഥാനിൽ നിന്നാണോ...?" എന്ന് ചോദിച്ചാണ് പരിചയപ്പെട്ടത്. ഇൻഡ്യാക്കാരാണോ എന്ന് ആരും ചോദിക്കുകയുണ്ടായില്ല.

നിസാമി തെരുവിന് മുന്നിലെ ചത്വരം
എന്റെ തോന്നൽ അസ്ഥാനത്തായിരുന്നില്ല. വളരെ അടുത്ത രാഷ്ട്രീയബന്ധമാണ് അസർബൈജാനും പാക്കിസ്ഥാനും തമ്മിലുള്ളത്. സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞതിനു ശേഷം പ്രസിഡൻറ് - പ്രധാനമന്ത്രി തലത്തിലുള്ള അസംഖ്യം  കൂടിക്കാഴ്ചകളാണ് അസർബൈജാൻ പാക്കിസ്ഥാനുമായി നടത്തിയിട്ടുള്ളത്. ആണവശക്തിയായ പാക്കിസ്ഥാനുമായി പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ സഹകരിക്കുന്ന രാജ്യമാണ് അസർബൈജാൻ. എണ്ണ- പ്രകൃതിവാതക സമ്പുഷ്ട രാജ്യമെന്ന നിലയ്ക്ക് അസർബൈജാനുമായുള്ള ബന്ധം പാക്കിസ്ഥാന് വിലപ്പെട്ടതാണ്. എന്നുമാത്രമല്ല, രാജ്യാന്തരതലത്തിൽ, കാശ്മീർ പാകിസ്ഥാന്റെ അഭിഭാജ്യഘടകമാണെന്ന് നിലപാടെടുത്തിരിക്കുന്ന രാജ്യം കൂടിയാണ് അസർബൈജാൻ.

ഞങ്ങളവിടെ എത്തിയ ദിവസങ്ങളിൽ, അടുത്ത് നടക്കാനിരിക്കുന്ന പ്രതിരോധ വ്യോമാഭ്യാസത്തിന്റെ പരീക്ഷണപറക്കലുകളാൽ ബാക്കുവിന്റെ ആകാശം മുഖരിതമായിരുന്നു. അതുകണ്ട് തൈമൂർ പുളകിതനാവുന്നുണ്ടായിരുന്നു. ആ സംയുക്ത അഭ്യാസപ്രകടനത്തിൽ പാക്കിസ്ഥാനും ഭാഗഭാക്കാവുന്നുണ്ട് എന്നയാൾ പറഞ്ഞു. പിന്നീടൊരു ദിവസം മറ്റൊരാളോട് സംസാരിക്കുമ്പോൾ, ഭൂരിപക്ഷം ഇസ്‌ലാം മതസ്ഥർ താമസിക്കുന്ന കാശ്മീർ എന്തുകൊണ്ടാണ് പാകിസ്ഥാന് നൽകാതെ ഇൻഡ്യ പിടിച്ചുവച്ചിരിക്കുന്നതെന്ന് അയാൾ ചോദിച്ചു. കാശ്മീരിനെ മാറ്റിനിർത്തിയാൽ പോലും ലോകത്തിൽ ഏറ്റവും കൂടുതൽ ഇസ്‌ലാം മതസ്ഥർ താമസിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇൻഡ്യ എന്നു ഞാൻ പറഞ്ഞത് അയാൾ പക്ഷെ വിശ്വസിക്കുകയുമുണ്ടായില്ല.

പറയാൻ വന്നത് ഇത്രയുമാണ്: പാകിസ്ഥാനുമായി നിലനിൽക്കുന്ന ഊഷ്മളമായ  രാഷ്ട്രീയബന്ധത്തെ കുറിച്ച് അസർബൈജാനിലെ ഏത് സാധാരണക്കാരനും അറിയാം. അതവർ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ചത്വരം - മറ്റൊരു ഭാഗം
ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ച തീൻശാലയിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്താണ് നിസാമി തെരുവ് ആരംഭിക്കുന്ന 'ഫൗണ്ടൈൻ സ്‌ക്വയർ' എന്ന വിശാലമായ ചത്വരം. അതിധൃതം വളരുന്ന ഒരു സാമ്പത്തികശക്തി എന്ന നിലയ്ക്ക് അസർബൈജാൻ ലോകത്തിനു മുന്നിലേയ്ക്ക് വയ്ക്കുന്ന അനേകം ഉത്കൃഷ്ടവിന്യാസങ്ങളിലൊന്നാണ് നിസാമി തെരുവ്. അവിടേയ്ക്ക് കടക്കുമ്പോൾ തന്നെ, ഏറ്റവും ആധുനികമായ ഒരു ദേശത്തിന്റെ നഗരവീഥിയിലേയ്ക്കാണ് എത്തുന്നതെന്ന് അറിയാനാവും. പോർച്ചുഗീസ് ഫ്ലോറിങ്ങിന്റെ ലളിതലാവണ്യം തറയിൽ. അവിടവിടെ ജലധാരകൾ. തണൽമരങ്ങളും പുൽത്തകിടികളും. കാറ്റേറ്റ് തണലത്തിരിക്കാൻ എമ്പാടും ഇരിപ്പിടങ്ങൾ. പരിസരത്തിന് ഇണങ്ങുംവിധം പ്രൗഡവസ്ത്രധാരികളായി കടന്നുപോകുന്ന സുന്ദരികളും സുന്ദരന്മാരും...

ഏത് യൂറോപ്യൻ ചത്വരത്തോടും കിടപിടിക്കുന്ന മനോഹരമായ നഗരഭാഗം. ഒരുപക്ഷെ, അവയെക്കാൾ ഒരുപടി മുന്നിൽനിൽക്കും നഗരനിർമ്മിതിയുടെ ഈ പരിച്ഛേദം.

യൂറോപ്പിനെക്കുറിച്ച് പറഞ്ഞപ്പോൾ, മറ്റൊരു കാര്യം ചിന്തയിൽ വരുന്നു. അസർബൈജാൻ യൂറോപ്പിലാണോ, ഏഷ്യയിലാണോ? കൃത്യമായ ഒരുത്തരം ഇല്ല എന്നുള്ളതാണ് വാസ്തവം. കാസ്പിയൻ കടലിന് പടിഞ്ഞാറുള്ളതെല്ലാം യൂറോപ്പാണ് എന്ന് കരുതിയാൽ അസർബൈജാനും യൂറോപ്പിലാണ്. അതേസമയം കരിംകടലിന് ഇപ്പുറത്തുള്ളതൊന്നും യൂറോപ്പല്ല എന്ന് കരുതുന്നവരാണ് മുഖ്യധാരാ യൂറോപ്പുകാർ. കരിങ്കടലിന് ഇപ്പുറത്തുകിടക്കുന്ന തുർക്കിയുടെ ഭാഗങ്ങളെ ഏഷ്യാമൈനർ എന്നാണല്ലോ അവർ വിളിച്ചിരുന്നത്.

യൂറോപ്പിന്റെ രാഷ്ട്രീയബദ്ധമായ പ്രമുഖ സംഘടനകളിലൊന്നും തൽക്കാലം അസർബൈജാന് അംഗത്വമില്ല. അവർ അതിനു ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും തങ്ങൾ യൂറോപ്പുകാരാണ് എന്ന് പറയാനും വിശ്വസിക്കാനുമാണ് അസർബൈജാനികൾക്ക് ഇഷ്ടം.       

ചത്വരത്തിലെ ജലധാരകളിൽ ഒന്ന്
പട്ടണമധ്യത്തിലെ പ്രധാനനിരത്തിന് ഈ പേര് നൽകിയിരിക്കുന്നത് പ്രശസ്ത പേർഷ്യൻ കവി നിസാമി ഗഞ്ചാവിയുടെ (Nisami Ganjavi) ഓർമ്മയ്ക്കായാണ്.  ചത്വരത്തിന്റെ ഒരതിരിലാണ് നിസാമി ഗഞ്ചാവിയുടെ പ്രതിമയുള്ളത്. മനോഹരമായാണ് അവിടവും നിർമ്മിച്ചിരിക്കുന്നത്. വൃക്ഷങ്ങൾ ഹരിതനിഴൽ വീഴ്‌ത്തുന്ന നീളൻ പടവുകൾക്ക്  മുകളിൽ അദ്ദേഹം തലയെടുപ്പോടെ നിൽക്കുന്നു.

അസർബൈജാനിലേയ്ക്ക് വരാൻ തീരുമാനിക്കുന്നത് വരെ നിസാമി ഗഞ്ചാവി എന്ന ക്ലാസ്സിക് പേർഷ്യൻ കവിയെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. ഓർമ്മയുള്ള കാലം മുതൽ ഏതെങ്കിലുമൊക്കെ തരത്തിൽ ഒരു സാഹിത്യകുതുകിയായി ജീവിച്ചുപോന്നതിനാൽ, ക്ലാസിക് പേർഷ്യൻ കവിതാലോകത്ത്  അനിഷേധ്യസ്ഥാനമുള്ള അദ്ദേഹത്തെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല എന്നത്, എന്നെ നിരാശനാക്കി. പ്രത്യേകിച്ച് അമീർ ഖുസ്രൊവിനെപ്പോലുള്ള കവികൾ നിസാമിയുടെ കാവ്യലോകമാണ് പിന്തുടർന്നത് എന്നുവരുമ്പോൾ.

കാല്പനികതയുടെ തെരുവിൽ, ആത്മീയതയുടെ മോക്ഷമധുശാലകൾ തിരക്കിനടന്ന കവിയായിരുന്നു നിസാമി...

"ഇന്നലെ രാതി ഞാൻ ഒരു മദ്യശാലയിൽ പോയി
അവരെന്നെ അകത്തുകടക്കാൻ അനുവദിച്ചില്ല.
ഞാൻ ഉറക്കെവിളിച്ചിട്ടും ആരുമെന്നെ കേട്ടില്ല.
ഒരുപക്ഷെ മദ്യവില്പനക്കാർ ഉറക്കത്തിലായിരുന്നിരിക്കാം.
ആരുമല്ലാത്ത ഒരുവനാണ് ഞാൻ.
ആരുമല്ലാത്തവന് ആരും കതകു തുറന്നുതരാത്തതുമാവാം.

പകുതിരാത്രിയും കടന്നുപോയപ്പോൾ
ഒരു കൗശലമുഖം പുറത്തേയ്ക്ക് നീണ്ടു.
ഞാൻ അവനോട് പറഞ്ഞു: "വാതിൽ തുറക്കൂ"
അവൻ എന്നോട് പറഞ്ഞു:"കടന്നുപോകൂ അസംബന്ധം പറയാതെ,
ഈ നേരത്ത് ആരും ആർക്കും വാതിൽ തുറന്നുകൊടുക്കാറില്ല.
ഇത് പള്ളിയല്ല, ഏതുനേരത്തും വാതിൽ തുറന്നുതരാൻ,
ഏറ്റവും താമസിച്ചുവന്ന്, ഏറ്റവും മുന്നിലെ നിരയിലേക്ക് കടന്നുനിൽക്കാൻ.
ഇത് വണിക്കുകൾക്കുള്ള മധുശാലയാണ്.
ഇവിടെ സുന്ദരികളുണ്ട്,
മെഴുതിരികളും മദ്യവും മധുരവുമുണ്ട്,
ഇവിടെ ഓടക്കുഴലും പാട്ടുമുണ്ട്.
ലോകത്തിലെ അത്ഭുതങ്ങൾ മുഴുവൻ ഇവിടെയുണ്ട്...
ഇവിടെ മുസ്ലീങ്ങളും അർമേനിയക്കാരുമുണ്ട്,
ഇവിടെ ക്രിസ്ത്യാനികളും ജൂതന്മാരുമുണ്ട്,
ഇവരുടെ ഒപ്പമിരിക്കാനാണ് നീ നോക്കുന്നതെങ്കിൽ
എല്ലാവരുടെയും കാൽക്കീഴിലെ പൊടിയാവണം നീയാദ്യം .

ഓ, നിസാമി!,
രാത്രിയെന്നും പകലെന്നുമില്ലാതെ ഈ വാതിലിൽ എത്ര മുട്ടിയാലും
ഇവിടെ കത്തുന്ന തീയിൽ നിന്നുള്ള പുകയല്ലാതെ
മറ്റൊന്നും നിനക്ക് ലഭിക്കുകയില്ല."

നിസാമി ഗഞ്ചാവിയുടെ പ്രതിമ 
പന്ത്രണ്ടാം നൂറ്റാണ്ടാണ് നിസാമിയുടെ ജീവിതകാലം. 1209 - ൽ നിസാമി മരിച്ചു. (ഏതാണ്ട് അൻപത് കൊല്ലത്തിനു ശേഷം 1253 - ൽ അമീർ ഖുസ്രൊ ജനിച്ചു.) ഇന്നത്തെ അസർബൈജാന്റെ വടക്കുപടിഞ്ഞാറായുള്ള ഗഞ്ച പട്ടണത്തിലാണ് നിസാമി ജനിച്ചതും ജീവിച്ചതും. അദ്ദേഹത്തിൻറെ ഗഞ്ചാവി എന്ന നാമഭാഗം ജന്മസ്ഥലത്തിന്റെ വിശേഷണമായാണ് വന്നിരിക്കുന്നത്.

പേർഷ്യൻ ഭാഷ സജീവമായിരിക്കുന്ന, സജീവമായിരുന്ന ദേശങ്ങളെല്ലാം ഇന്ന് നിസാമിയുടെ പൈതൃകത്തിൽ അവകാശം ആഗ്രഹിക്കുന്നുണ്ട്. അസർബൈജാൻ കൂടാതെ ഇറാൻ, അഫ്‌ഗാനിസ്ഥാൻ, കുർദിസ്ഥാൻ, തജികിസ്ഥാൻ തുടങ്ങി പല രാജ്യങ്ങളും അതിൽപ്പെടുന്നു. നിലവിൽ പേർഷ്യൻ ഭാഷയുടെ മൂലസ്ഥാനമായ ഇറാൻ, നിസാമിയെ തങ്ങളുടെ കവിയായാണ് കാണുന്നത്. എന്നാൽ ഒരു അസർബൈജാനി ഇതിനെ കാര്യമായിഎതിർക്കുകയാണുണ്ടായത്: "അദ്ദേഹം അസർബൈജാനിൽ ജനിച്ച്, അസർബൈജാനിൽ ജീവിച്ച്, അസർബൈജാനിൽ മരിച്ച വ്യക്തിയാണ്. ഈ ഭാഗങ്ങളിലാകമാനം വ്യാപകമായിരുന്ന, അക്കാലത്തെ സാഹിത്യബദ്ധമായ ഭാഷയെന്ന നിലയ്ക്ക് പേർഷ്യനിൽ എഴുതിയെന്നേയുള്ളൂ. അദ്ദേഹം അസർബൈജാനി മാത്രമായ കവിയാണ്."

എനിക്കതിൽ തർക്കം തോന്നേണ്ട കാര്യമില്ല. വംശീയമായി നിസാമി ഗഞ്ചാവി കലർപ്പില്ലാത്ത അസർബൈജാനിയായിരുന്നോ എന്ന്, അദ്ദേഹത്തിൻറെ ജീവചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ സംശയം തോന്നിയേക്കാം എന്നേയുള്ളൂ. അച്ഛൻ, അസർബൈജാൻ ജനതയുടെ ജനിതകധാരയായ തുർക്കിക് വംശത്തിൽ നിന്നുതന്നെയാണെങ്കിലും, അമ്മ കുർദിഷ് ആണെന്ന് കാണുന്നു. പക്ഷെ അടിസ്ഥാനത്തിൽ, തന്റെ തുർക്കിക് പാരമ്പര്യത്തിൽ അഭിമാനിച്ചിരുന്നു നിസാമി എന്നാണ് അദ്ദേഹത്തിൻറെ കവിതകൾ തെളിവുതരുക.

അതൊക്കെ എന്തായാലും, കവിതയുടെ രാഷ്ട്രവും വംശവും കവിത തന്നെ!

നിസാമി തെരുവ്
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായാണ് നിസാമി തെരുവിലെ കെട്ടിടങ്ങൾ പലതും നിർമ്മിക്കപ്പെട്ടത്. കൃത്യമായ ഒരു തുടക്കകാലം കണ്ടെത്തണമെങ്കിൽ 1859 - ൽ പ്രദേശത്തെ തകർത്ത ഒരു ഭൂകമ്പത്തിലേയ്ക്ക് അതെത്തും. അതിനുശേഷമാണ് കൃത്യമായ ആസൂത്രണത്തോടെ ഈ ഭാഗത്ത് ഒരു പട്ടണം ഉയർന്നുവരാൻ തുടങ്ങിയത്. അപ്പോഴാണ് ഈ തെരുവും ഇത്തരത്തിൽ വിഭാവനം ചെയ്യപ്പെടുന്നത്. പല കാലങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്നു ഈ തെരുവും പരിസരവും.

പത്തൊൻപതാം ശതകത്തിന്റെ തുടക്കത്തിൽ അസർബൈജാനിൽ സംഭവിച്ച റഷ്യൻ ഭരണത്തിന്റെ പ്രതിഫലനം ഈ കെട്ടിടങ്ങളുടെ വാസ്തുപ്രകാശനത്തിൽ ലീനമായിട്ടുണ്ട്. പല യൂറോപ്യൻ പട്ടണങ്ങളിലെയും ക്ലാസിക് തെരുവിലൂടെ നടക്കുന്ന അനുഭവമാണ് ഇവിടെ നിന്നും കിട്ടുക. കെട്ടിടങ്ങളുടെ സാമ്യം മാത്രമല്ല അതിനെ നിർണ്ണയിക്കുക എന്നുതോന്നും. തെരുവിൽ കാണപ്പെടുന്ന, ഏറ്റവും ആധുനികമായ ഒരു ജനതതിയുടെ നിലവാരമുള്ള പരസ്യജീവിതം കൂടിയാവും. നാട്ടുകാർ തന്നെയാണ് ഈ ഭാഗത്ത് കാണപ്പെടുന്നവരിൽ കൂടുതലും. വിനോദസഞ്ചാരികളുണ്ടെങ്കിലും, കുറവാണ്.

രണ്ടും മൂന്നും നിലകളിലായി കാണപ്പെടുന്ന കെട്ടിടങ്ങൾക്കെല്ലാം കൃത്യമായ ക്ലാസിക്ക് ചാരുത. മണൽ നിറത്തിൽ കാണപ്പെടുന്ന ഇവയ്ക്ക് സൗന്ദര്യം നൽകുന്നത് സാരൂപ്യമാണ്. ഏത് കാലഘട്ടത്തിൽ നിർമ്മിച്ചതായാലും, മുഴച്ചുനിൽക്കുന്ന രൂപങ്ങളോ നിറങ്ങളോ കാണാനില്ല. കെട്ടിടങ്ങളുടെ താഴത്തെ നില കച്ചവടസ്ഥാപനങ്ങളാണ്. മുകളിലെ നിലകളിൽ  ഓഫീസുകളോ താമസയിടങ്ങളോ ആവണം. തെരുവിന് ഒരു അന്താരാഷ്ട്ര നിലവാരം നൽകുന്ന മറ്റൊരു ഘടകം കടകളുടെ കുലീനത്വമാണ്. ലോകോത്തര ബ്രാൻഡുകളുടെ അനസ്യൂതമായ നിരയാണ് ഈ കാൽനടത്തെരുവിന്റെ ഇരുഭാഗത്തും. ഏറ്റവും കുറഞ്ഞത് സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും എങ്ങനെ ജീവിക്കുന്നു എന്ന് ഈ തെരുവ് തെളിവുതരും.

- തുടരും -