തിരുവനന്തപുരത്തു നിന്നും തെന്മല-ചെങ്കോട്ട-മധുര-തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിക്ക് യാത്രപോയത്. നേരംവെളുക്കുന്നതിന് മുൻപുതന്നെ യാത്രതുടങ്ങി, കിഴക്ക് വെള്ളികീറുന്ന നേരമായപ്പോഴേയ്ക്കും തെന്മല-ചെങ്കോട്ടചുരം കയറിയിറങ്ങി തെങ്കാശിയെത്തിയിരുന്നു.
|
തെന്മല-ചെങ്കോട്ട ചുരത്തിൽ നിന്നും ഒരു പുലർകാല കാഴ്ച |
എങ്ങും നിർത്താതെയുള്ള യാത്രയായിരുന്നു. മലമടക്കുകളെ അങ്ങ് പടിഞ്ഞാറ് വിദൂരത്തിലാക്കി തമിഴ്നാടിന്റെ വിജനമായ പുലർകാലത്തിലൂടെ, പ്രഭാതഭക്ഷണത്തിന്റെ സമയമായപ്പോഴേയ്ക്കും മധുരയിലെത്തി. ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് വേളാങ്കണ്ണിയുടെ പ്രാന്തത്തിലുള്ള ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്തു.
|
തമിഴ്നാടിന്റെ സമതലത്തിൽ നിന്നും സഹ്യനെ കാണുമ്പോൾ... |
ഒന്ന് കുളിച്ച് ഫ്രെഷ് ആയതിനു ശേഷം പള്ളിയിലേയ്ക്കിറങ്ങി. ('കുളിച്ചു ഫ്രെഷാവുക' എന്നത് പൊതുവേയുള്ള ചൊല്ലെന്ന നിലയ്ക്ക് പറഞ്ഞെന്നേയുള്ളൂ. തരക്കേടില്ലാത്ത ഒരു താമസസ്ഥലമായിരുന്നിട്ടും ഷവറിൽ നിന്നും വന്നത് കടുത്ത ഉപ്പുരസമുള്ള സാന്ദ്രജലമായിരുന്നു. അതിൽ കുളിച്ചാൽ നവ്യമായ ഒരനുഭൂതിയും ലഭിക്കില്ല.) പെരുന്നാൾ സമയമായിരുന്നതിനാൽ പള്ളിയിലേയ്ക്കുള്ള വഴികളെല്ലാം ഭക്തരാലും വാണിഭക്കാരാലും നിറഞ്ഞുകവിയുന്നു.
|
പള്ളിയിലേയ്ക്കുള്ള വഴി |
തെക്കേയിന്ത്യയിലെ ഒരു പ്രധാന കൃസ്ത്യൻ തീര്‍ത്ഥാടനകേന്ദ്രമായ വേളാങ്കണ്ണി എല്ലാവരാലും അറിയപ്പെടുന്ന ഒരു സ്ഥലമാണ്. പ്രശസ്തമായ ആരോഗ്യമാതാവിന്റെ ദേവലായമാണ് ഇവിടുത്തെ പ്രഭാവകേന്ദ്രം. പതിനാറാം നൂറ്റാണ്ടു മുതൽ തന്നെ റോമൻ കത്തോലിക്കാ ലത്തീൻ റൈറ്റിലുള്ള ഈ പള്ളി ഒരു തീർഥാടനസ്ഥലമായി മാറിയിട്ടുണ്ട് എന്നാണ് ചരിത്രസൂചനകൾ.
|
വേളാങ്കണ്ണി പള്ളി - പെരുന്നാളിന്റെ ജനക്കൂട്ടം ചുറ്റും |
പതിനാറാം നൂറ്റാണ്ടില്‍ ക്രിസ്തുമാതാവായ മേരി പ്രത്യക്ഷപെട്ടതായി കരുതുന്ന ചില അത്ഭുതങ്ങളില്‍ നിന്നാണ് വേളാങ്കണ്ണി ഒരു തീര്‍ത്ഥാടനസ്ഥലമായി മാറുന്നത്. നാഗപട്ടണത്തിലേയ്ക്ക് പാലുമായി പോയ ഒരു ബാലൻ ഈ പ്രദേശത്തുവച്ച് ഉറങ്ങിപോകുന്നു. ഉറക്കത്തിൽ നിന്നും ഉണർന്ന അവൻ കാണുന്നത് പ്രഭാപൂരിതയായ ഒരു സ്ത്രീ കുഞ്ഞുമായി അടുത്തുനിൽക്കുന്നതാണ്. ബാലൻ പാലിന്റെ നല്ലൊരു ഭാഗം ആ കുഞ്ഞിന് കൊടുക്കുന്നു. അത് കഴിഞ്ഞു നാഗപട്ടണത്തിലെത്തിയപ്പോൾ ഏതാണ്ട് ഒഴിഞ്ഞിരുന്ന പാൽപാത്രം നിറഞ്ഞുതുളുമ്പുകയായിരുന്നുവത്രേ. അന്ന് ആ ബാലന് മുന്നിൽ പ്രത്യക്ഷപ്പെട്ടത് മേരിയും ഉണ്ണീശോയുമാണെന്ന് വിശ്വസിക്കപ്പെടുന്നു.
|
പള്ളി - മറ്റൊരു കാഴ്ച |
മറ്റൊരു പ്രധാന അത്ഭുതം പറങ്കിനാവികരുമായി ബന്ധപ്പെട്ടാണ്. ഏതോ ശ്രീലങ്കൻ തുറമുഖത്തേയ്ക്ക് സഞ്ചരിക്കുകയായിരുന്ന 'സ്റ്റാർ ഓഫ് ദി സീ' എന്ന പറങ്കികപ്പൽ കടൽക്ഷോഭത്തിൽപ്പെടുകയും നാവികർ യേശുമാതാവായ മേരിയെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്തുവത്രേ. താമസംവിനാ കടൽ ശാന്തമാവുകയും യാനപാത്രം വേളാങ്കണ്ണി തീരത്ത് നങ്കൂരമിടുകയും ചെയ്തു. പ്രദേശത്തുണ്ടായിരുന്ന ചെറിയ പള്ളി, നന്ദി സൂചകമായി, പറങ്കിനാവികർ വിപുലപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്. ഇതിലെ അത്ഭുതത്തിന്റെ ഭാഗം മാറ്റിവച്ചാലും വിശ്വസനീയമായ ചരിത്രപശ്ചാത്തലം സന്നിഹിതമാണ്. അക്കാലത്ത് പറങ്കികൾ ഈ ഭാഗത്തെ കടലിൽ അധികാരത്തോടെ ഒരുപാട് കപ്പലുകൾ തുഴഞ്ഞിരുന്നു. കത്തോലിക്കരായ പറങ്കികളോ കടുത്ത മേരിഭക്തരും - നാവികരുടെ കാര്യം പറയാനുമില്ല. കടൽക്കലിയിൽ നിന്നും രക്ഷപെട്ട അവർ ഈ പള്ളിയെ വിപുലപ്പെടുത്തിയതിലും അറിയപ്പെടുന്ന തീർത്ഥാടനസ്ഥലമാക്കി മാറ്റിയതിലും അത്ഭുതപ്പെടാനൊന്നുമില്ല.
|
ദീപാലങ്കൃതമായി പെരുന്നാൾ പള്ളി |
വേളാങ്കണ്ണി പോലെ പ്രശസ്തമായ ഒരു തീർഥാടന സ്ഥലത്ത് പെരുന്നാളിന്റെ സമയത്തെ തിരക്ക് ഊഹിക്കാവുന്നതേയുള്ളൂ. പള്ളിയും പള്ളിയുടെ പരിസരവും വേളാങ്കണ്ണി പട്ടണമാകെയും ജനസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു. തിക്കിതിരക്കി വേണം അതിനിടയിലൂടെ നടക്കാൻ. പള്ളിയുടെ അടുത്തായി, പള്ളിയുമായി ബന്ധപ്പെട്ട് തന്നെയുള്ള വ്യാപാരശാലകളിലും പലവിധ നേർച്ചകൾക്കും മറ്റുമുള്ള കൌണ്ടറുകളിലും നീണ്ടനിരകൾ.
|
ജനസാന്ദ്രം പള്ളിയുടെ പരിസരം |
ഇത് ആദ്യമായിട്ടോ രണ്ടാമതോ അല്ല വേളാങ്കണ്ണിയിൽ എത്തുന്നത്. ബാല്യകാലം മുതൽ അനേകതവണ വന്നിട്ടുള്ള സ്ഥലമാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും വരുന്നത് എന്നുമാത്രം. കേരളത്തിലെ കൃസ്ത്യാനികളുടെ, പ്രത്യേകിച്ചു കത്തോലിക്കരുടെ, സാധ്യമായ പരമതീർഥാടനസ്ഥാനം എത്രയോകാലം വേളാങ്കണ്ണിയായിരുന്നു. ഇസ്രയേൽ എന്ന 'വിശുദ്ധനാട്' കുറച്ചുപേർക്കെങ്കിലുമൊക്കെ പ്രാപ്യമാവാൻ തുടങ്ങിയത് ഈയടുത്ത കാലത്താണല്ലോ. പണ്ടത്തേതിൽ നിന്നും ഇപ്പോഴത്തെ ഒരു പ്രത്യേകതയായി തോന്നിയത് ഗോവക്കാരുടെയും മാഗ്ലൂരികളുടേയും അധികസാന്നിധ്യമാണ്.
|
വേളാങ്കണ്ണിമാതാവ് |
പള്ളിയോ പള്ളിയുടെ ചുറ്റുപാടുകളോ ഭക്തിയുടെ, ആദ്ധ്യാതമികതയുടെ ഭൌതികപ്രഭ ഏതെങ്കിലും തരത്തിൽ ഉളവാക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം സംശായസ്പദമാണ്. പ്രശസ്തമായിക്കഴിഞ്ഞ തീർത്ഥാടസ്ഥലങ്ങൾ ഇത്തരം ഭൗതികാന്തരീക്ഷം ആവശ്യപ്പെടുന്നുണ്ടാവുമോ? ഒരുപക്ഷെ തീർഥാടനം എന്ന യാത്ര തന്നെയാവാം ഭക്തരുടെ ആദ്ധ്യാത്മികലക്ഷ്യം. ചെന്നെത്തുന്ന ഇടം ആ ലക്ഷ്യത്തിനു വേണ്ടിയുള്ള ഹേതു മാത്രവും.
|
കുരിശിന്റെവഴി നടക്കുന്ന സ്ഥലം |
അടുത്ത ദിവസം രാവിലെ മലയാള കുർബാന ഉണ്ടെന്നറിഞ്ഞതിനാൽ ഒന്നുകൂടി പള്ളിയിലെത്തി. രണ്ടു നിലകളിലായാണ് പള്ളി. മുകളിലെ ദേവാലയത്തിലായിരുന്നു മലയാള കുർബാന. രാവിലെ ആയതിനാലും മലയാളത്തിൽ ആയതിനാലും തിരക്ക് കുറവ്. ഇപ്പോൾ, ഇതുപോലുള്ള എതെങ്കിലുമൊക്കെ പ്രത്യേക അവസരങ്ങളിൽ കുർബാനയ്ക്ക് കൂടേണ്ടിവരുമ്പോൾ ഒരുതരം ഗൃഹാതുരത്വമാണ് തോന്നുക. ബാല്യത്തിൽ പള്ളിയും കുർബാനയുമൊക്കെ ദൈനംദിനത്തിന്റെ ഭാഗമായിരുന്നു. പിന്നീട് വ്യവസ്ഥാപിതവും അല്ലാത്തതുമായ എല്ലാ മതരൂപങ്ങളിൽ നിന്നും അകന്നുപോയി എന്നതുകൊണ്ടൊന്നും ഒരു കാലത്തിന്റെ തരളമായ ഓർമ്മകൾ ഉണർത്തുന്ന പ്രതിരൂപങ്ങളുടെ മനോഹാരിതയെ, ഈ പുലർകാലത്തിലെന്നതുപോലെ, ഉപേക്ഷിക്കേണ്ടതുണ്ടാവില്ല.
|
രണ്ടാംനിലയിലെ പള്ളിയിൽ നിന്നും വേളാങ്കണ്ണി പട്ടണം കാണുമ്പോൾ... |
2004-ൽ ക്രിസ്തുമസിന്റെ അടുത്ത ദിവസം രാവിലെ ഒൻപതരമണിക്ക് ഇതുപോലെ മലയാളം കുർബാന നടക്കുന്ന സമയത്താണ് കടൽ, സുനാമിതിരമാലകളുമായി വന്ന് പള്ളിമുറ്റത്തും പരിസരത്തുമായി നിന്നവരെ തൂത്തുവാരിക്കൊണ്ട് പോയത്. അന്ന് ഇവിടെനിന്നും കടലെടുത്ത മനുഷ്യജീവനുകളുടെ കണക്ക് കൃത്യമായി ലഭ്യമല്ലെങ്കിലും, അടുത്ത ദിവസങ്ങളിലായി ഈ പ്രദേശത്തുനിന്നും മുന്നൂറിലധികം മൃതദേഹങ്ങൾ വീണ്ടെടുക്കുകയുണ്ടായി.
|
കടൽ തീരത്തേയ്ക്കുള്ള വഴി |
കുർബാന കഴിഞ്ഞ് ഞങ്ങൾ കടൽത്തീരത്തേയ്ക്ക് നടന്നു, ഉടനേ അടുത്തൊരു സുനാമി വരാൻ സാധ്യതയില്ല എന്നങ്ങ് വിശ്വസിച്ചുകൊണ്ട്. ആ വഴിയുടെ ഇരുവശത്തും തട്ടികൂട്ടുകടകളുടെ നീണ്ടനിര. വഴിനിറഞ്ഞു നടക്കുന്ന സന്ദർശകരുടെ തിരക്ക്. കടകളിലേയ്ക്ക് വിളിച്ചു കയറ്റാൻ ദല്ലാളന്മാരുടെ ശബ്ദകോലാഹലം.
|
വേളാങ്കണ്ണി കടൽത്തീരം |
തെക്കേ ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ പട്ടണങ്ങൾ തമിഴ്നാട്ടിലാണെന്ന് തോന്നുന്നു. അത് കൃത്യമായി മനസ്സിലാവും വേളാങ്കണ്ണിയിലെ കടൽത്തീരത്തേയ്ക്ക് ഇറങ്ങിയാൽ. കാല് തറയിൽ കുത്താൻ പോലും തോന്നാത്തവിധം മാലിന്യങ്ങൾ. എപ്പോഴും ഇതാവണം അവസ്ഥ എന്നില്ല - ഉത്സവകാലമായതു കൊണ്ട് മാലിന്യങ്ങൾ വർദ്ധിച്ചതാവാം. സന്ദർശകരിൽ ബഹുഭൂരിപക്ഷംപേരും തങ്ങളുടെ കുളിയും തേവാരവും മറ്റ് പ്രഭാതകൃത്യങ്ങളും നിർവഹിക്കുന്നത് കടത്തീരത്ത് തന്നെയാണെന്ന് തോന്നുന്നു. പെരുന്നാൾകാലത്തെ സന്ദർശകരുടെ ബാഹുല്യത്തിനനുസരിച്ചുള്ള ശൌചാലയങ്ങൾ ഇവിടെയില്ല എന്നതുറപ്പ്.
|
വേളാങ്കണ്ണി കടൽത്തീരം - മറ്റൊരു കാഴ്ച |
വേളാങ്കണ്ണിയുടെ തീരത്ത് കാവേരിയുടെ ഒരു ചെറിയ കൈവഴി ബംഗാൾ ഉൾക്കടലിൽ വീഴുന്നുണ്ട് . കുറച്ചുമാറി മറ്റൊരെണ്ണം നാഗപട്ടണത്തും. വേളാങ്കണ്ണിയിലെ അഴിമുഖവും ഒരു ചെറുകിട മത്സ്യബന്ധന തുറമുഖമാണ്. കടലിലേയ്ക്ക് വീഴുന്ന കാവേരിയെ നോക്കി നിൽക്കുമ്പോൾ ഞാൻ ആ നദിയുടെ യാത്രാപഥം ഓർക്കുകയായിരുന്നു. കൊടക് മലനിരകളിലെ ബ്രഹ്മഗിരിയിൽ നിന്നും യാത്രയാരംഭിച്ച ഒരു ജലകണികയാവുമല്ലോ കാനനമലകൾ താണ്ടി ഡെക്കാൻപീഡഭൂമിയുടെ തെക്കൻ മുനമ്പിലെ ചുമന്ന മണൽപ്രതലങ്ങളിൽ പച്ചപൊടിപ്പിച്ച് തമിഴ്നാടിന്റെ സമതലങ്ങളിലേയ്ക്കിറങ്ങി, ഇതിനിടയ്ക്ക് എത്രയെത്ര ജനപഥങ്ങളെ നനച്ചുതഴുകി, ഇവിടെ ഈ കൊറമാണ്ടൽ തീരത്തുവന്ന് കടലിൽവീഴുന്നത്. പ്രകൃതിയുടെ അത്ഭുതകരമായ വൈവിധ്യങ്ങളുടെ വ്യാപ്തിയറിയാൻ ഈ നദീയാത്രയെ കുറിച്ചുമാത്രം ആലോചിച്ചാൽ മതിയാവും.
|
ആഴിമുഖം |
ഒരു ഭക്തന്റെ മനോനിർമ്മലതയോടെയൊന്നുമല്ല ഈ യാത്ര ആരംഭിച്ചതും അവസാനിപ്പിച്ചതും. എന്നാൽ ഒരു യാത്രികനെ സംബന്ധിച്ച് ഓരോ യാത്രയും മറ്റൊരു തരത്തിലുള്ള തീർത്ഥാടനം തന്നെയാണ്. ഗോപ്യവും അവ്യക്തവുമായ ഏതോ അന്തർജ്ഞാനങ്ങൾ ഒരു പവിത്രീകരണ പ്രക്രിയ എല്ലാ യാത്രകളിലും സംഭവിപ്പിക്കുന്നുണ്ട്. അതാണ് യാത്രയുടെ സാഫല്യം!
- അവസാനിച്ചു -
ചിത്രങ്ങൾ വളരെ നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂkrishnakumar, thanks
മറുപടിഇല്ലാതാക്കൂnice photos
മറുപടിഇല്ലാതാക്കൂvery good photos mother mary pray for us
മറുപടിഇല്ലാതാക്കൂ