2014, ജനുവരി 30, വ്യാഴാഴ്‌ച

ചാമുണ്ഡീ താഴ്വാരം; കാവേരീ ഭരിതം - ഒന്ന്

നേർത്ത ചാറ്റൽ മഴയുടെയും ഇരുട്ടിന്റെയും തിരശ്ശീലകൾ വകഞ്ഞാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. നേരംവെളുക്കാൻ ഇനിയും സമയം ഏറെ. ഒരുപാട് ദൂരം യാത്ര ചെയ്യാനുള്ളതാണ്; നാടുണരുന്നതിന് മുൻപ് പുറപ്പെടാതെ വയ്യ. യു. എ. ഇ സന്ദർനം ഒഴിച്ചാൽ ഈയടുത്ത് നടത്തിയ യാത്രകളിലെല്ലാം ഏതെങ്കിലുമൊരു ഹിൽസ്റ്റേഷനിൽ താമസിച്ചിരുന്നു. അതുകൊണ്ടാവാം കുട്ടികൾ മറ്റൊരു തരത്തിലുള്ള എന്തെങ്കിലും യാത്രയാവാം എന്നുപറഞ്ഞത്. മലകയറ്റവും മലയിറക്കവുമൊക്കെ സഞ്ചാരപഥത്തിലുണ്ടെങ്കിലും, മൈസൂർ ചിത്രത്തിലേയ്ക്ക് വരുന്നത് അങ്ങിനെയാണ്.

തിരുവനന്തപുരത്തു നിന്നും യാത്രയാരംഭിച്ച് പ്രഭാതഭക്ഷണത്തിന് ആലുവയിലും ഉച്ചയൂണിന്റെ സമയത്ത് നിലമ്പൂരിലും എത്തി. നിലമ്പൂരിലെ കെ. ടി. ഡി. സിയുടെ ഭക്ഷണശാലയിൽ കഴിക്കാൻ കയറുമ്പോൾ മഴ കടുത്തു തുടങ്ങിയിരുന്നു. രണ്ടുദിവസം മുൻപത്തെ മഴയിൽ നാടുകാണിചുരത്തിൽ മരംവീണ് പകുതി ദിവസത്തോളം ഗതാഗതം മുടങ്ങിയ കാര്യം അവിടുത്തെ ജീവനക്കാരനാണ് പറഞ്ഞത്. ഇത്തവണ ഇടവപ്പാതി തിമിർത്ത് പെയ്യുകയായിരുന്നുവല്ലോ. മഴയുടെ ശക്തി വർദ്ധിക്കുകയും ചുരത്തിൽ കടപുഴകാൻ സാധ്യതയുള്ള ഒരുപാട് മരങ്ങൾ റോഡരുകിലുണ്ടെന്ന വിവരവും കൂടിയായപ്പോൾ ഒരൽപം ആശങ്ക തോന്നാതിരുന്നില്ല.

മുതുമലകാട്ടിലെ പുള്ളിമാൻ
വഴിക്കടവ് കഴിഞ്ഞാൽ നാടുകാണിചുരം തുടങ്ങുകയാണ്. അതിഭീകരമായ മഴയാണ് ചുരം കയറുന്ന സമയത്ത് തകർത്തുപെയ്തത്. വഴിക്കടവിൽ നിന്നും ഇരുപത് കിലോമീറ്ററിലധികം വരുന്ന നാടുകാണി വരെയുള്ള ദൂരം മുഴുവനും അല്പംപോലും ശമിക്കാതെ മഴ ഞങ്ങളെ പിന്തുടർന്നു. റോഡോ മഹാമോശവും. മഴയും കാടും കൂടി തീർത്ത ഇരുട്ടിലൂടെ, കാഴ്ച ഏതാണ്ട് മുഴുവനും മറയ്ക്കുന്ന വർഷതിമിരത്തിലൂടെ ആ ചുരം വണ്ടിയോടിച്ച് കയറ്റിയ അനുഭവം പെട്ടെന്ന് മറക്കാനാവുന്ന ഒന്നല്ല. മറ്റു വാഹനങ്ങൾ തീരെയില്ലാത്ത വിജനതയിലൂടെ, റോഡിനോട് ചേർന്നുള്ള ചെരുവിൽ എപ്പോഴും മുന്നിലേയ്ക്ക് കടപുഴകി വീഴാൻ പാകത്തിന് വേരുകാണിച്ച് നിൽക്കുന്ന കൂറ്റൻകാട്ടുമരങ്ങൾക്കിടയിലൂടെ പെരുമഴയത്ത് സഞ്ചരിക്കുമ്പോൾ നേർത്ത ഉൾക്കിടിലം തോന്നാതിരുന്നില്ല. എന്തായാലും വലിയ ഹെയർപിൻവളവുകളൊന്നും ഇല്ലാതിരുന്നത് അല്പം ആശ്വാസമായി. പശ്ചിമഘട്ടത്തിന്റെ ഹൈറേഞ്ചിൽ താമസിക്കുന്നവർക്കും അതിലൂടെ സ്ഥിരം കടന്നുപോകുന്നവർക്കും ഇത്തരം യാത്രകൾ സവിശേഷമായ ഒരനുഭവമാകില്ലായിരിക്കാം. എന്നാൽ സമതലവാസികൾക്ക് അതങ്ങിനെയല്ല...

മുതുമലയിലെ കാട്ടുപോത്തുകൾ
പശ്ചിമഘട്ടത്തിലൂടെ കടന്നുപോയതിനെക്കുറിച്ചുള്ള ഈ കുറിപ്പ് എഴുതികൊണ്ടിരിക്കുമ്പോൾ കസ്തൂരി രംഗൻ റിപ്പോർട്ടിനെ പ്രതി കേരളത്തിൽ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. പശ്ചിമഘട്ടത്തെ കുറിച്ച് ഈയടുത്ത് സുഗതകുമാരി പറഞ്ഞത് എടുത്തെഴുതാൻ അനുവദിക്കുക: "മറ്റൊന്നുമില്ലെങ്കിലും നമുക്ക് കുറച്ച് നന്ദിയുണ്ടായിരിക്കണം. വാരിത്തരുന്ന കാരുണ്യത്തിന്‌ മുന്നിൽ വിനയം വേണം, മര്യാദ വേണം, ആദരവു വേണം. ഇതിനൊക്കെ കുറച്ച് ശാസ്ത്രബോധവും ആവശ്യമാണ്‌. ഇതൊന്നുമില്ലെങ്കിൽ, കഠിനചൂഷണം തുടന്നുകൊണ്ടിരിക്കാനാണ് ഭാവമെങ്കിൽ കളിമ്പക്കാരികളായ കാട്ടുചോലകൾ ഉഗ്രഭാവംപൂണ്ട് ഉരുൾപൊട്ടലുകളാവും, സാന്ദ്രമായ പ്രാണവായു കൊടുങ്കാറ്റായി മാറും, മഴയും മണ്ണും മരങ്ങളും കലിതുള്ളിയലറിക്കൊണ്ട് മലയിറങ്ങി വരും. നമ്മുടെ സ്വാർത്ഥമായ അനാസ്ഥയ്ക്ക് നാം കനത്ത വില, എണ്ണമറ്റ ബലി, നൽകേണ്ടി വരും. നാടിന്റെ സംരക്ഷകനാണ് പശ്ചിമഘട്ടം എന്ന സത്യം അംഗീകരിച്ചേ മതിയാകൂ" (കൂട് മാസിക, സെപ്തംബർ 2013).

മുതുമലയിലെ ആനകൾ
നാടുകാണി കഴിഞ്ഞ് ഗൂഡല്ലൂർ എത്തിയപ്പോഴേയ്ക്കും മഴ മുഴുവനായും മാറി. ഗൂഡല്ലൂർ തരളമായ ചില ഓർമ്മകളുടെ താഴ്വാരം കൂടിയാണ്. കലാലയ കാലത്ത് ഊട്ടിയിൽ നിന്നും മലയിറങ്ങി ഗൂഡല്ലൂർ വഴി മൈസൂറിലേയ്ക്ക് കുറേ വിനോദയാത്രകൾ നടത്തിയിട്ടുണ്ട്. അത്തരമൊരു യാത്രയിൽ ഗൂഡല്ലൂരിലേയ്ക്ക് മലയിറങ്ങവേ പെട്ടെന്നൊരു മഴപെയ്തു. വന്നതുപോലെ തന്നെ മഴ ധൃതിയിൽ മടങ്ങുകയും ചെയ്തു. അപ്പോൾ, ഹരിതപത്രങ്ങൾ ജലംപൊഴിക്കുന്ന മരങ്ങൾക്കിടയിൽ ചുവപ്പ് പരവതാനി വിരിച്ചതുപോലെ കാട്ടുചെമ്പരത്തികൾ നെടുകേ പൂത്തുനിൽക്കുന്ന അസുലഭ കാഴ്ച. ചെമ്പരത്തിയുടെ രക്തരാശി കവിളുകളിൽ ഏറ്റെടുത്ത്, ബസ്സിന്റെ ജനലിലൂടെ വീശുന്ന തണുത്ത നീലഗിരിക്കാറ്റിൽ മുഖത്തേയ്ക്ക് വീഴുന്ന മുടിയിഴകളൊതുക്കി, അടുത്തിരുന്ന്, വിചിത്രമായ സ്വപ്നങ്ങൾ പങ്കുവച്ച സഹപാഠിയായ ആ പെണ്‍കുട്ടി ഇപ്പോൾ എവിടെയായിരിക്കും...?

മുതുമലയിലെ മാൻകൂട്ടം
ഗൂഡല്ലൂരിൽ നിന്നും മൈസൂറിലേയ്ക്കുള്ള യാത്രയിൽ രണ്ട് വന്യജീവിസങ്കേതങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട് - തമിഴ്നാടിന്റെ മുതുമലയും കർണ്ണാടകയുടെ ബന്ദിപ്പൂരും. ഈ പേരും അതിർത്തിയുമൊക്കെ മനുഷ്യരുണ്ടാക്കിയതാണ്. വനം ഒന്നു തന്നെ, വനജീവികൾക്ക് അതിർത്തിയുമില്ല. ഈ രണ്ട് സങ്കേതങ്ങളോടും ചേർന്നുകിടക്കുന്ന കേരളത്തിന്റെ പ്രദേശമാണ് മുത്തങ്ങ (വയനാട്) വന്യജീവിസങ്കേതം. കർണ്ണാടകയിലെ നഗർഹോളെയും കൂടി ചേർത്ത് ഏതാണ്ട് 2200 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ വനമേഖലയാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സംരക്ഷിതവനം.

ഈ വനമേഖലയിലൂടെ ഞങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്ന തരത്തിലുള്ള പാതകൾ, വനത്തെ തുണ്ടുതുണ്ടുകളായി വിഭജിച്ച്‌, കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ചും മറ്റും വന്യജീവികൾ നടത്തുന്ന സ്വാഭാവിക ദേശാന്തരഗമനങ്ങളെ തടസ്സപ്പെടുത്തുകയും അങ്ങിനെ അവയുടെ നിലനിൽപ്പിന് ഭീഷണിയാവുകയും ചെയ്യുന്നത്രേ. അതെന്തായാലും ഈ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ കുരങ്ങൻ, ആന, കാട്ടുപോത്ത്, പുള്ളിമാൻ തുടങ്ങിയ ജീവികളെ വഴിവക്കിൽ കാണാം. എന്നാൽ കടുവ, പുലി, കരടി, വേഴാമ്പൽ തുടങ്ങി മറ്റനേകം പക്ഷിമൃഗാദികളെ ഒരിക്കലും കാണുന്നുമില്ല. അവയൊക്കെ വനാന്തരങ്ങളിലെവിടെയോ മനുഷ്യഗന്ധമെത്താത്തിടത്ത് ഒളിച്ചിരിക്കുന്നു...

മുതുമലയിലെ മാൻകൂട്ടം - മറ്റൊരു കാഴ്ച
ഇത്തരത്തിൽ വഴിവക്കിൽ കണ്ട ചില മൃഗങ്ങളുടെ ചിത്രം വണ്ടിയിലിരുന്ന് തന്നെ പകർത്തി, നേരമിരുട്ടുന്നതിന് മുൻപ് മൈസൂറിൽ എത്തണമെന്ന ആഗ്രഹത്തിൽ അധികസമയം മുതുമലയിലോ ബന്ദിപ്പൂരിലോ നഷ്ടപ്പെടുത്താതെ ഞങ്ങൾ വേഗത്തിൽ യാത്രതുടർന്നു. എന്നാൽ എത്ര വേഗത്തിൽ സഞ്ചരിച്ചാലും ഒരിക്കലും കാഴ്ചയിൽ നിന്ന് വിട്ടുപോകാൻ പറ്റാത്ത സ്ഥലമാണ് ഗുണ്ടൽപേട്ട്. എല്ലാവർക്കും അറിയുന്നതുപോലെ ഈ പ്രദേശത്തിന്റെ പ്രത്യേകത റോഡരികുമുതൽ ഏക്കറുകളോളം നീണ്ടു കാണപ്പെടുന്ന സൂര്യകാന്തിതോട്ടങ്ങൾ തന്നെ. പൂക്കളോടും പൂന്തോട്ടങ്ങളോടും അത്യാഭിനിവേശമുള്ള ഭാര്യയുടെ, പല സിനിമകളിലും കണ്ടതിനുശേഷമുള്ള, വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപാടങ്ങൾ.

വഴിവക്കിൽ കണ്ട ഒരു തോട്ടത്തിലേയ്ക്കിറങ്ങി. പടർന്നുകിടക്കുന്ന തോട്ടങ്ങൾക്കപ്പുറം അങ്ങകലെ പടിഞ്ഞാറേ അതിർത്തിയായി സഹ്യനിരകൾ കണ്ടപ്പോൾ മറ്റൊരു കാര്യമാണ് ഓർത്തത്. ആ മലകൾക്കപ്പുറം ഇപ്പോൾ ഇടവപ്പാതി അണമുറിയാതെ ചൊരിയുകയാണ്. പശ്ചിമഘട്ടത്തിന്റെ ഒരു മഴനിഴൽ പ്രദേശമായ ഇവിടെ മഴയുടെ സൂചനകളൊന്നും തന്നെയില്ലാത്ത തികച്ചും വ്യത്യസ്ഥമായ മറ്റൊരു കാലാവസ്ഥയും. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രകൃതിയുടെ വൈവിധ്യപ്രതിഭാസം അറിയുകയായിരുന്നു. കേരളത്തിൽ തന്നെയുള്ള മറയൂരും കാന്തല്ലൂരുമൊക്കെ സഹ്യന്റെ കിഴക്കൻ ചെരുവിലുള്ള മഴനിഴൽപ്രദേശങ്ങളാണ്. മൂന്നാറിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലയുള്ള ഈ പ്രദേശത്ത്‌ മൂന്നാറുമായി ഒരു തരത്തിലും താരതമ്യം സാധിക്കാത്ത വരണ്ട കാലാവസ്ഥയത്രേ (മൂന്നാറിൽ നിന്നും മറയൂർ, കാന്തല്ലൂർ ഭാഗത്തേയ്ക്ക് ഇതുവരെ യാത്രചെയ്തിട്ടില്ല).

ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടം 
എവിടെ തിരിഞ്ഞാലും സൂര്യകാന്തി പാടങ്ങളുടെ മഞ്ഞനിറം മാത്രം. പൂവുകൾ കൊണ്ട് നിറഞ്ഞ ഗ്രാമകാഴ്ചയ്ക്ക് അതിന്റേതായ കാല്പനികഭംഗിയുണ്ട്. പക്ഷെ അതൊരു സന്ദർശകന്റെ മായക്കാഴ്ച മാത്രമാണ്. പാടം വളർത്തുന്നവർക്ക് അതൊരു ഉപജീവനമാർഗം മാത്രം. അതിന്റെ ചിത്രഭംഗി അവരുടെ വിഷയമേയല്ല. സൂര്യകാന്തിപാടങ്ങളിലെ ഗ്രാമീണകർഷകജീവിതം ദൈന്യതയോടെ തുടരുന്നത് അവിടെ ഇറങ്ങി നിൽക്കുമ്പോൾ അറിയാതെ പോവില്ല.

തമിഴ്നാടിന്റെ തീരദേശപട്ടണമായ നാഗപട്ടിണത്തിൽ നിന്ന് തുടങ്ങി ആ സംസ്ഥാനത്തിന്റെ നടുവിലൂടെ കുറുകേ സഞ്ചരിച്ച് മലമുകൾ പട്ടണമായ ഊട്ടിയും കടന്ന് ദേശീയപാത 67 അവസാനിക്കുന്നത് ഗുണ്ടൽപേട്ടിലാണ് (ഇന്ത്യയിലെ ദേശീയപാതകളുടെ നമ്പറുകൾ ഇപ്പോൾ പുനക്രമീകരിച്ചുകൊണ്ടിരിക്കുകയാണത്രെ. റോഡ്‌ നമ്പറുകൾ നോക്കി യാത്രചെയ്യുന്ന പലർക്കും ഈ സംക്രമണകാലം ഒരുതരം താളഭ്രംശം സംഭവിപ്പിക്കുന്നുണ്ട്). ഗൂഡല്ലൂർ മുതൽ ഈ ദേശീയപാതയിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചത്. ഗുണ്ടൽപേട്ടിൽ വച്ച് കോഴിക്കോട് - കൊല്ലെഗൽ ഹൈവേയിലേയ്ക്ക് കയറി. സൂര്യകാന്തികളെ വിട്ട് മൈസൂർ പട്ടണത്തിലേയ്ക്ക് യാത്രതുടരുമ്പോൾ നേരം ഇരുട്ടിതുടങ്ങിയിരുന്നു. മുൻകൂട്ടി മുറി പറഞ്ഞിരുന്ന ഹോട്ടൽ ദേശീയപാതയുടെ വശത്ത്‌ തന്നെയായിരുന്നതിനാൽ രാത്രിയായിട്ടും അധികം ബുദ്ധിമുട്ടില്ലാതെ കണ്ടുപിടിക്കാൻ സാധിച്ചു.

ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപാടം - മറ്റൊരു കാഴ്ച
യാത്രാക്ഷീണത്താൽ ഗാഡമായി ഉറങ്ങിയ രാത്രിക്കുശേഷം, മഞ്ഞിന്റെ നേർത്ത ആവരണം പൊതിഞ്ഞ പ്രഭാതത്തിലൂടെ ഞങ്ങൾ രംഗനത്തിട്ട് പക്ഷിസങ്കേതത്തിലേയ്ക്ക് പോയി. മൈസൂർ പട്ടണത്തിൽ നിന്നും വെറും പതിനാറ് കിലോമീറ്റർ മാത്രം അകലെയുള്ള രംഗനത്തിട്ട് പക്ഷെ മൈസൂർ ജില്ലയിലല്ല, മാൻഡ്യ ജില്ലയിലാണ്. ഇവിടെ നിന്നും വളരെ അടുത്താണ് ചരിത്രപരമായി, മലയാളികളെ സംബന്ധിച്ചുകൂടി, സവിശേഷസാംഗത്യമുള്ള ശ്രീരംഗപട്ടണം. നാൽപ്പത് ഏക്കർ മാത്രം വിസ്തീർണ്ണം വരുന്ന, കാവേരിയാൽ നിർമ്മിതമായ ചെറുദ്വീപുകളും മറ്റും ഉൾക്കൊള്ളുന്ന പ്രദേശമാണ് രംഗനത്തിട്ട് പക്ഷിസങ്കേതം.

തൊപ്പികൊക്ക് - രംഗനത്തിട്ട് പക്ഷിസങ്കേതത്തിൽ നിന്ന്...
മുൻപ് മറ്റൊരു യാത്രയിൽ, കാവേരിയുടെ തന്നെ കൈവഴിയായ കബനീനദിയുടെ സൃഷ്‌ടിയായ കുറവദ്വീപ് കാണാൻ ചെന്നപ്പോൾ, മഴക്കാലമായതിനാൽ, നദിക്ക് അപ്പുറം കടന്ന് ദ്വീപിൽ പോകാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. കബനിയുടെ ഒഴുക്കിനെ പേടിച്ച് ബോട്ടുയാത്ര റദ്ദാക്കിയിരിക്കുകയായിരുന്നു. അതുതന്നെ ഇവിടെ കാവേരിയിലും സംഭവിച്ചു - നദി നിറഞ്ഞൊഴുകുന്നതിനാൽ ബോട്ടുയാത്ര തൽക്കാലത്തേയ്ക്ക് നിർത്തിവച്ചിരിക്കുന്നു. എങ്കിലും ഇവിടെവരെ വന്നസ്ഥിതിക്ക് കാവേരിയുടെ കരയിലൂടെ കുറേദൂരം നടക്കാം എന്നുതന്നെ ഞങ്ങൾ തീരുമാനിച്ചു. ബോട്ടിൽ കയറി ഉൾപ്രദേശങ്ങളിലേയ്ക്ക് പോയാൽ കാണാനാവുന്ന അത്രയും പക്ഷികളെ കാണാൻ സാധിച്ചില്ലെങ്കിൽ കൂടി നദീതീരത്തെ പച്ചപടർപ്പുകളിലൂടെയുള്ള യാത്ര ഉന്മേഷം തരാതിരിക്കില്ല.

രംഗനത്തിട്ടിലെ ആമ്പൽപൂവ്
ഇന്ത്യയിൽ പക്ഷികളെയും പക്ഷിസങ്കേതങ്ങളെയും കുറിച്ചൊക്കെ ആലോചിക്കുമ്പോൾ, ഇക്കാര്യത്തിൽ സാമാന്യമായ അറിവുള്ള ആരുടെയും മനസ്സിൽ ആദ്യം കടന്നുവരുന്ന പേര് സാലിം അലിയുടെയാണ്. രംഗനത്തിട്ടും അദ്ദേഹത്തിന്റെ പരിശ്രമസംഭാവനയാണ്. ഈ പ്രദേശത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ് 1940 - ൽ വോഡയാർ രാജാവിനെക്കൊണ്ട് ഇവിടം പക്ഷിസങ്കേതമായി പ്രഖ്യാപിപ്പിക്കുന്നത് സാലിം അലിയാണ്. സൈബീരയിൽ നിന്നും ലത്തീൻ അമേരിക്കയിൽ നിന്നും ഒക്കെയുള്ള ദേശാടനപക്ഷികൾ ഉൾപ്പെടെ, ചില വർഷങ്ങളിൽ ഒരേ സമയത്ത് 40,000 ത്തോളം പക്ഷികൾ ഇവിടെ സമ്മേളിക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രംഗനത്തിട്ട് വലിപ്പത്തിൽ ചെറുതാണെങ്കിലും ഗുണത്തിൽ ചെറുതല്ല എന്ന് കരുതാം.

ഞാറപക്ഷികളുടെ കൂട്ടം
മൈസൂറും പൂർണ്ണമായും മഴ മുക്തമായിരുന്നില്ല ഈ മണ്‍സൂണ്‍ കാലത്ത്. ചാറ്റൽമഴ വന്നുംപോയുമിരുന്നു. ഇടയ്ക്ക് തൂവുന്ന ചാറ്റൽധൂളികളേറ്റ് നദീതീരത്തെ വൃക്ഷബാഹുല്യത്തിനിടയിൽ കണ്ട ചെറിയ വഴിയിലൂടെ ഞങ്ങൾ നടന്നു. വിജനമായിരുന്നു പ്രദേശം. മരങ്ങളിൽ കാറ്റുപിടിക്കുന്ന ഹൂങ്കാര ശബ്ദം. കുറച്ചകലെ എവിടെ നിന്നോ കേൾക്കുന്ന പക്ഷികളുടെ വിചിത്രമായ ശബ്ദങ്ങൾ. പ്രഭാതങ്ങളിൽ വീട്ടുപറമ്പിൽ ഉയർന്നുകേൾക്കാറുള്ള കിളികളുടെ ലളിതശബ്ദങ്ങൾ പോലുള്ളവയല്ല ഇത്. പേടിപ്പെടുത്ത തരത്തിലുള്ള നീണ്ട നിലവിളികൾ വരെയുണ്ട്. ശബ്ദംകൊണ്ട് കിളികളെ തിരിച്ചറിയാനുള്ള അറിവ് ഉണ്ടായിരുന്നെങ്കിൽ എന്ന് അപ്പോൾ ആഗ്രഹിച്ചു.

പക്ഷികളെ അധികം കാണാൻ പറ്റിയില്ലെങ്കിലും മറ്റ് സാധാരണക്കാർ
വേലിത്തൂണിന് മുകളിലും മറ്റും പ്രഭാതപ്രാർത്ഥനയിൽ മുഴുകിയിരിപ്പുണ്ടായിരുന്നു 
കുറച്ച് ഉള്ളിലേയ്ക്ക്‌ പോയി നദീതീരത്ത്‌ നിന്നും അക്കരേയ്ക്ക് നോക്കുമ്പോൾ ചെറിയ ദ്വീപുകളിലെ മരങ്ങളിലും പടർപ്പുകളിലും തിക്കിതിരക്കുന്ന ഞാറപക്ഷികളെയും കൊക്കുകളെയും ഒക്കെ കാണാം. എങ്കിലും വളരെ പണ്ടൊരിക്കൽ കുമരകം പക്ഷിസങ്കേതത്തിൽ പോയപ്പോൾ കണ്ടത്ര വൈവിധ്യം ഇവിടെ ഉണ്ടെന്നു തോന്നിയില്ല. ഓരോ യാത്രയും മറ്റൊരു ഓർമ്മയെ കൊണ്ടുവരും. മുഹമ്മയിലെ തണുപ്പിച്ച കള്ളിനും കപ്പയ്ക്കും ഞണ്ടുകറിക്കും ശേഷം വേമ്പനാട്ട് കായലിലൂടെ കുമരകത്തേയ്ക്ക് നടത്തിയ സ്വപ്നസമാനമായ ഒരു ബോട്ടുയാത്ര. കാൽനൂറ്റാണ്ടിന് മുന്നിലെ ആ ഓർമ്മയിൽ റിസോർട്ടുകൾ കൊണ്ട് നിറഞ്ഞ ഇന്നത്തെ കുമരകമല്ല ഉള്ളത്. കന്യാശുദ്ധമായ കായൽതീരത്ത് അത്ഭുതപരതന്ത്രതയോടെ കണ്ടുനിന്ന കിളികുലജാലത്തിന്റെ ഓർമ്മ ഇന്നലെ സംഭവിച്ചത് എന്നതുപോലെ...

രംഗനത്തിട്ടിലെ കുളകൊക്ക്
ഇന്ന് സാമൂഹിക ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമായി മാറിയിരിക്കുന്ന പ്രവാചകമതങ്ങൾക്ക് മുൻപ് പ്രകൃതിയെ ദൈവമായി ആരാധിച്ചിരുന്ന ഒരു കാലം മനുഷ്യകുലത്തിന് ഉണ്ടായിരുന്നു. സൗന്ദര്യവും അപാരതയും ക്ഷോഭങ്ങളും ഒക്കെ ചേർന്ന, മനുഷ്യന്റെ ചലനചിന്തകൾക്ക് അപ്പുറം പോകുന്ന, പ്രകൃതിയുടെ അസ്തിത്വമാവും പ്രകൃത്യാരാധനയിലേയ്ക്ക് അവനെ എത്തിച്ചിരിക്കുക. ഇന്ന് പ്രകൃത്യാരാധാനയുടെ ഇടം മറ്റൊന്നാണ്. ഒരാളുടെ ലാവണ്യബോധത്തിന്റെയും ധൈഷണികതയുടെയും ചില ഗതിവേഗങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. സുന്ദരമായ ഒരു സ്ഥലം കാണുമ്പോൾ, ആ പ്രകൃതിഭംഗി എല്ലാവരും ആസ്വദിക്കാറുണ്ട്. എന്നാൽ അതിനപ്പുറത്തേയ്ക്ക് പോകുന്ന അനുഭവത്തിന്റെയും താദാത്മ്യത്തിന്റെയുമൊക്കെ ഒരു തലമുണ്ട്‌. പ്രകൃതിയുടെ പ്രത്യക്ഷമായ സ്ഥൂലതയിൽ നിന്നും നിഗൂഡമായ സൂക്ഷ്മതയിലേയ്ക്ക് നീളുന്ന സജീവവിസ്തൃതമായ വിളനിലം.

കാടും മലയും വനജീവികളും പൂക്കളും പൂന്തോട്ടങ്ങളും ഒക്കെ കടന്നുവന്ന ഒരു യാത്രയും അതിനുശേഷം രംഗനത്തിട്ടിലെ നദിയും നിബിഡമായ പച്ചപടർപ്പും കിളികളും ഒക്കെ ചേർന്ന പ്രഭാതവും പ്രകൃതിയെക്കുറിച്ചുള്ള പ്രാഥമികമായ ചില ഉള്ളറിവുകളിലേയ്ക്ക് മനസ്സിനെ ത്വരിതപ്പെടുത്തികൊണ്ടിരുന്നു...

- തുടരും -