2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

അലാവുദ്ദീന്റെ അത്ഭുതലോകം - നാല്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം

മറുനാട്ടിലെത്തുമ്പോൾ അവിടുത്തെ ജീവിതനിലവാരം ഒരാൾ ആദ്യമായി അളക്കുന്നത് യാത്രാസൗകര്യങ്ങൾ നോക്കിയായിരിക്കും. റോഡുകൾ, തീവണ്ടി പാതകൾ, നിരത്തിലെ വാഹനങ്ങൾ, വണ്ടിയോടിക്കുന്നതിലെ മര്യാദയും പരിപാലന നിയമങ്ങളും ഒക്കെ അതിൽ ഘടകങ്ങളായി വരുന്നു. ഇതൊക്കെ കേരളത്തിൽ എങ്ങിനെ എന്ന തികച്ചും വിരസമായിക്കഴിഞ്ഞ വിമർശന വിചാരങ്ങളിലേയ്ക്കൊന്നും പോകുന്നില്ല. ഒന്നറിഞ്ഞിരിക്കാൻ വേണ്ടി 'ദുബായ് മെട്രോ'യിൽ കയറാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അത് ഓർത്തെന്നു മാത്രം. പ്രത്യേകിച്ച് 'കൊച്ചി മെട്രോ' എന്നൊരു ഭീകരജീവി ഫലപ്രാപ്തിയില്ലാതെ കേരളത്തിൽ ചുറ്റികറങ്ങാൻ തുടങ്ങിയിട്ട് കുറയേറെ വർഷങ്ങൾ കഴിഞ്ഞ പശ്ചാത്തലത്തിൽ കൂടി.

ഒരു 'ദുബായി മെട്രോ' സ്റ്റേഷൻ 
അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദുബായിയുടെ യാത്രാ സംബന്ധിയായ ആവശ്യങ്ങൾ താങ്ങാൻ നിലവിലുള്ള സംവിധാനങ്ങൾക്കാവില്ല എന്ന കൃത്യമായ, മുൻകൂട്ടിയുള്ള തിരിച്ചറിവാണ് ദുബായ് ഭരണകൂടത്തെ മെട്രോറെയിൽ സംരംഭത്തെ കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിച്ചത്. സാമ്പത്തികമാന്ദ്യവും മറ്റും കുറച്ചൊക്കെ ബാധിച്ചെങ്കിലും 2006-ൽ പണിയാരംഭിച്ച മെട്രോയുടെ ആദ്യഭാഗം 2009-ൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു.

കരാമയിലെ ഞങ്ങളുടെ താമസസ്ഥലത്ത് നിന്നും അഞ്ചുമിനിറ്റിലധികം നടക്കേണ്ടിവന്നില്ല സ്റ്റേഷനിലെത്താൻ. എല്ലാ സ്റ്റേഷനുകളും അകംപുറം ഏതാണ്ട് ഒരേ വാസ്തുരീതിയിലാണ് പണിതിരിക്കുന്നത്. എല്ലായിടത്തെയും പോലെ വൃത്തിയും വെടിപ്പുമുള്ള പരിസരം.

മെട്രോസ്റ്റേഷന്റെ ഉൾഭാഗത്തെ ഒരു കാഴ്ച
നഗരമേഖലകളിൽ ഭൂമിയുടെ അടിയിൽക്കൂടിയും മറ്റുള്ള ഇടങ്ങളിൽ പാലങ്ങളിലൂടെയുമാണ് വണ്ടിയുടെ സഞ്ചാരം. ഭൂമിയുടെ പ്രതലം ഈ ആവശ്യത്തിനായി വളരെ കുറച്ചേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് കാണാം. ലണ്ടനിലെ മെട്രോയിൽ യാത്രചെയ്തിട്ടുണ്ട്. സഞ്ചാരത്തിന്റെയും സൗകര്യത്തിന്റേയും വൃത്തിയുടേയും ഒക്കെ തലത്തിൽ മെച്ചം ദുബായ് മെട്രോ തന്നെ. പക്ഷെ ലണ്ടൻ മെട്രോ കൈകാര്യം ചെയ്യുന്ന വണ്ടികളുടെ ബാഹുല്യവുമായി ഒരു താരതമ്യം സാധ്യമല്ലെന്ന് തോന്നുന്നു.

പാളം
കരാമയിൽ നിന്നിറങ്ങി ദേരയിലെ 'സിറ്റിസെന്റർ' ഷോപ്പിംഗ്‌ മാളിൽ ഒന്ന് കറങ്ങിയതിന് ശേഷം മെട്രോയിൽ തന്നെ തിരിച്ചുവരുക എന്നതായിരുന്നു പരിപാടി. 1993-ൽ കരാമയിൽ നിന്നും ബസ്സിൽ കയറി ചുറ്റികറങ്ങി ക്രീക്കിന് മുകളിലൂടെയുള്ള പാലംകടന്ന് ദേരയിൽ എത്തിയിരുന്നത് ഞാൻ ഓർത്തു. ഇപ്പോൾ ഭൂമിക്ക് അടിയിലൂടെ പത്തുമിനിട്ട് കൊണ്ട് ദേരയിലെത്തി. അവിടെയെത്തിയപ്പോൾ ഒരുകാര്യം മനസ്സിലായി - ഇരുപത് വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട ദേര ഇന്നില്ല.

ഇപ്പോൾ നിലവിലുള്ളത് പച്ച, ചുമപ്പ് എന്നിങ്ങനെ രണ്ട് മെട്രോ ലൈനുകളാണ്. നീല, പിങ്ക് തുടങ്ങി മറ്റു ചില ലൈനുകൾ കൂടി താമസംവിനാ ആരംഭിക്കും എന്ന് കേൾക്കുന്നു. ഇപ്പോൾതന്നെ ഏറ്റവും കൂടുതൽ ദൂരം, പൂർണ്ണമായും ഓട്ടോമെറ്റഡായി ഓടുന്ന മെട്രോ ശൃംഖല എന്ന ഗിന്നസ് റെക്കോർഡ് ലഭിച്ചിരിക്കുന്നത് ഇതിനത്രേ. മറ്റ് ലൈനുകൾ കൂടി വന്നുകഴിഞ്ഞാൽ പിന്നെ ആ നേട്ടത്തെ മറികടക്കുക എളുപ്പമായിരിക്കില്ല.

പാലത്തിലൂടെ മെട്രോട്രെയിൻ പോകുന്നത് കാണാം
ട്രെയിനിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ തിരക്കുണ്ടായിരുന്നു. നിൽക്കാൻ പോലും ഇടമില്ലാത്ത വിധം തിക്കുംതിരക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇരിക്കാൻ സ്ഥലം കിട്ടിയില്ല. കാലം കഴിയുന്തോറും മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണത്രേ. രാവിലെ ഓഫീസുകൾ തുടങ്ങുന്ന സമയത്തൊക്കെ നല്ല തിരക്കുണ്ടാവാറുണ്ട് എന്നാണു പറഞ്ഞുകേട്ടത്. ഏതോ പ്രശസ്തൻ പറഞ്ഞതായി ഈയടുത്ത് വായിച്ചതോർമ്മവന്നു: ഒരു ദേശത്തിന്റെ വികസനമാനദണ്ഡം അവിടുത്തെ പാവപ്പെട്ടവരും കാറോടിക്കുക എന്നതല്ല മറിച്ച് പണക്കാരും പൊതുഗതാഗത സംവിധാനകൾ ഉപയോഗിക്കുക എന്നതാണ്.

മെട്രോട്രെയിനിന്റെ ഉൾഭാഗം
മുകളിലെ ഭാഗം എഴുതുന്ന നേരത്ത് ഒരു വാക്ക് പ്രശ്നമുണ്ടാക്കി കൊണ്ടിരുന്നു - തീവണ്ടി. ട്രെയിനിനെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തുക തീവണ്ടി എന്നാണല്ലോ. മെട്രോ ട്രെയിനുകളെപ്പോലെയുള്ള പുതിയകാല സംഗതികളെ തീവണ്ടിയെന്ന വാക്കുപയോഗിച്ച് വ്യവഹരിക്കാനാകുമോ - തീ പോയിട്ട് പുകപോലും ഇല്ലാത്ത സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ. എങ്കിലും എല്ലാത്തരം ട്രെയിനുകളെയും ഏതുകാലത്തും തീവണ്ടി എന്ന് വിളിച്ചുകേൾക്കാനാണ്‌ ഭംഗിയെന്ന്‌ തോന്നുന്നു. എന്തായാലും അത് ഭാഷാവിശാരദന്മാർ കൈകാര്യം ചെയ്യട്ടെ.

മെട്രോ സഞ്ചാരം കഴിഞ്ഞ് ഞങ്ങൾ പോയത് പാം ജുമെയ്റയിലെയ്ക്കാണ്. ദുബായി പട്ടണത്തിന്റെ പ്രാന്തത്തിലുള്ള ഒരു മനുഷ്യനിർമ്മിത ദ്വീപസമൂഹമാണ് പാം ജുമെയ്റ. ആകാശവീക്ഷണത്തിൽ, ഇത് നിർമ്മിച്ചിരിക്കുന്നത് പനയോലയുടെ ആകൃതിയിലാണെന്ന് മനസ്സിലാവും. എങ്കിലും റോഡിലൂടെ യാത്രചെയ്ത് പ്രവേശിക്കുമ്പോൾ ഈയൊരു രൂപം പിടികിട്ടാൻ പ്രയാസമാണ്.

പാം ജുമേയ്റയിലേയ്ക്കുള്ള പ്രവേശനം
പാം ജുമെയ്റ, പാം ദേര, പാം ജെബേൽ അലി എന്നിങ്ങനെ മൂന്ന് മനുഷ്യനിർമ്മിത ദ്വീപസമൂഹങ്ങളാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നക്കീൽ എന്ന കമ്പനി ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിൽ പാം ജുമെയ്റ മാത്രമേ സാക്ഷാത്കരിക്കാൻ സാധിച്ചിട്ടുള്ളൂ. സാമ്പത്തിക മാന്ദ്യത്തിൽ മറ്റ് രണ്ട് പ്രോജക്റ്റുകളും മുടങ്ങിപോവുകയും ഇനി ഈയടുത്തെങ്ങും പുനരാരംഭിക്കാനുള്ള സാധ്യത ഇല്ല എന്നുമാണ് അറിയുന്നത്.

പാം ജുമെയ്റയിലെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ
പാം ജുമെയ്റയിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ വ്യത്യാസം അറിയാനാവും. നിരത്തിന്റെ ഇരുവശത്തും ചാരുതയോടെ പരിപാലിച്ചിരിക്കുന്ന പുഷ്പവിഭൂഷിതമായ അലങ്കാരസസ്യങ്ങൾ. വിളക്കുതൂണുകളിലും സൈൻ ബോർഡുകളിലും ഒക്കെ വ്യതിരക്തമായ കലാസ്പർശം കാണാം. അതിനുമപ്പുറത്ത് സവിശേഷമായ നിലവാരത്തിലുള്ള ജീവിതപരിസരം ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തും വിധം ഉയർത്തിയിരിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ.

ടൂറിസ്റ്റുകളെയും കൊണ്ട് ജുമെയ്റ ഭാഗത്തുകൂടി കടന്നുപോകുന്ന ഇരുനില വാഹനം 
സ്വകാര്യ താമസസ്ഥലങ്ങളോടൊപ്പം തന്നെ അനേകം ഹോട്ടലുകളും മറ്റും ഈ ദീപിലുണ്ട്. ഈന്തപനയോലയുടെ ആകൃതിയിലുള്ള ദ്വീപസമൂഹത്തിന്റെ മുകളിലായി കിരീടംപോലെ അർദ്ധവൃത്താകൃതിയിൽ കാണുന്ന ഭാഗത്താണ് ഈ ഹോട്ടലുകൾ. കരയിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുന്ന ഈ ഭാഗത്തേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് കടലിടുക്കിനടിയിലൂടെയുള്ള ഒരു തുരങ്കത്തിലൂടെയാണ്.


പാംജുമെയ്റയിലെ തുരങ്കം
ഈ ഭാഗത്തേയ്ക്കുള്ള മറ്റൊരു യാത്രാമാധ്യമം അറ്റ്ലാന്റിസ് ഹോട്ടലിനേയും കരയേയും ബന്ധിപ്പിക്കുന്ന, ഏതാണ്ട് അഞ്ച് കിലോമീറ്റർ നീളമുള്ള മോണോറെയിലാണ്. ഇവിടേയ്ക്കുള്ള മെട്രോപാതയും താമസംവിനാ സാക്ഷാത്കരിക്കപ്പെടും എന്നാണ് അനുമാനം.


മുകളിലൂടെയുള്ള മോണോറെയിൽ പാതയും ദൂരെ അറ്റ്ലാന്റിസ് ഹോട്ടലും
വ്യതിരക്തമായ വാസ്തുനിർമ്മിതിയാണ് അറ്റ്ലാന്റിസ് ഹോട്ടലിന്റേത്. പാംജുമെയ്റയിലേയ്ക്കു കടക്കുമ്പോൾ തന്നെ ദൂരെ വലിയ കോട്ട പോലെ അറ്റ്ലാന്റിസ് കാഴ്ചയിൽ തെളിഞ്ഞു വരും, നടുവിൽ വിശാലമായ കോട്ടവാതിലും. പിങ്ക് നിറത്തിലുള്ള ഈ കെട്ടിടം വ്യക്തമായും അറബ് വാസ്തുകലയുടെ ദൃശ്യാനുഭവം ഒറ്റനോട്ടത്തിൽ സംക്രമിപ്പിയ്ക്കും.


അറ്റ്ലാന്റിസ്
നഗരകേന്ദ്രിതമാണ് ഗൾഫ് ജീവിതം, വിദേശികളായ തൊഴിലാളികൾക്ക് പ്രത്യേകിച്ചും. സഞ്ചാരികളെ സംബന്ധിച്ച് ദുബായ് യാത്ര എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന ഒരു സ്വപ്നലോകത്തിലേയ്ക്കുള്ള യാത്രയാണ്. എങ്കിലും ദുബായിയും അബുദാബിയും മാത്രമല്ല യു. എ. ഈ എന്നും നമുക്കറിയാം. ഈ നഗരങ്ങൾക്ക് അപ്പുറത്ത്, ഇവിടെയും, ഭൂമിയും പ്രകൃതിയും ജീവിതവും ഉണ്ട്. അവിടേയ്ക്ക്, വടക്കൻ എമിറേറ്റുകളിലൂടെയുള്ള ഒരു പാർശ്വയാത്രയാകാം തുടർന്നുള്ള ഭാഗങ്ങളിൽ...

- തുടരും - 

6 അഭിപ്രായങ്ങൾ:

 1. ദുബായ്
  ഹോ, ദുബായ്
  എന്താല്ലേ?

  മറുപടിഇല്ലാതാക്കൂ
 2. ലാസര്‍ ഭായ് വിവരണം വളരെ നന്നായിരിക്കുന്നു. ബാക്കി ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പ്‌ തുടരുന്നു.

  ദുബായിയില്‍ ഒരു കാഴ്ച്ചക്കാരനായിട്ടുള്ള സന്ദര്‍ശന ഭാഗ്യം ഇത് വരെ ലഭിച്ചിട്ടില്ലാ. എങ്കിലും ഒരു പ്രാവശ്യം ഷാര്‍ജ എയര്‍പോര്‍ട്ട് വഴി സൌദിഅറേബ്യായിലെ യാമ്പുവിലേക്കുള്ള യാത്രാമധ്യേ പാം ജുമെയ്റ ആകാശത്തിരുന്നു കാണാനുള്ള ഭാഗ്യം ലഭിച്ചു.

  ഇത് പോലുള്ള യാത്രാവിവരണങ്ങള്‍ ഇനിയും നല്ല രീതിയില്‍ എഴുതാനും പ്രസിദ്ധീകരിക്കാനും വേണ്ടി എന്‍റെ ഒരായിരം ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. റിയാസ്, സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി!

  മറുപടിഇല്ലാതാക്കൂ
 4. ദുബൈയിൽ മെട്രോ ട്രെയിനിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും പനയോല നഗരം ഞാൻ കണ്ടിട്ടില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ നളിനകുമാരി,
   സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി!

   ഇല്ലാതാക്കൂ